ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര സേനാനികളുടെ മണ്ണിൽ
ഭാഗം 1
സബർമതിയുടെ തീരങ്ങളിൽ
ഭാരതത്തിന്‍റെ പടിഞ്ഞാറൻ തീരത്ത് അറേബ്യൻ സമുദ്രം തന്റെ വെള്ളിത്തിരമാലകൾ കൊണ്ട് നൂപുരമണിയിക്കുന്ന നാട് , കാലികളുടെയും ഗോപാലകനായ ഭഗവാൻ ശ്രീകൃഷണന്റെ രാജധാനിയായിരുന്ന ദ്വാരകയുമുള്ള പുണ്യ നാട് .. നമ്മുടെ നാടിന് സ്വാതന്ത്ര്യം നേടിത്തന്ന സമര സേനാനികളായ സർദാർ വല്ലഭായി പട്ടേലിന്‍റെയും ,ഗാന്ധിജിയുടെയും ,. ഇപ്പോഴത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെയും ജന്മ ദേശമായ നാട്.... അതേ ആ നാടാണ് ഗുജറാത്ത് .. അവിടേയ്ക്കൊരു യാത്ര പോയാലോ.. !!??
ഞങ്ങളുടെ ഗുജറാത്ത് യാത്രാ സ്വപ്നങ്ങൾക്ക്
ചിറകേകിയത് “ഫോർച്യൂൺ ടൂർസ്” എന്ന
ഏജൻസിയാണ്. വിനോദ സഞ്ചാര രംഗത്ത് നീണ്ട കാലത്തെ സേവന പാരമ്പര്യമുള്ള
ഫോർച്യൂണിനൊപ്പമുള്ള യാത്രകൾ നല്ല അനുഭവമായിരിക്കും സമ്മാനിക്കുക എന്ന് .മുൻപൊരിക്കൽ
നടത്തിയ ഒരു ഉത്തരേന്ത്യൻ യാത്ര കൊണ്ട് ഞങ്ങൾക്കറിയാമായിരുന്നു . ഫോർച്യൂൺ എന്നാൽ ‘ഭാഗ്യം’ എന്നാണല്ലോ അർത്ഥം . അവരോടൊപ്പം
യാത്ര ചെയ്യുവാൻ കഴിഞ്ഞത് വളരെ ഭാഗ്യമായി കരുതുന്നു
പുതുവർഷപ്പിറവിയുടെ പുതു മോടിയിൽ 2026
ജനുവരി മാസം 19 ആം തീയതിയായിരുന്നു എട്ട് പകലും ഏഴ് രാത്രിയും നീണ്ട ഞങ്ങളുടെ
ഗുജറാത്ത് യാത്ര കൊച്ചിയിൽ നിന്ന് ആരംഭിച്ചത്. ഉച്ചയ്ക്ക് 12.30 ന് അഹമ്മദാബാദിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ
പറക്കുവാനായി ജീവിതത്തിൽ ഒരിക്കലും
കണ്ടിട്ടില്ലാത്ത, തികച്ചും
അപരിചിതരായ സംഘാംഗങ്ങൾ വിമാനത്താവളത്തിൽ രാവിലെ പത്തരയ്ക്ക് മുൻപായി എത്തിച്ചേർന്നിരുന്നു
. വിദേശത്തും സ്വദേശത്തും വിവിധ മേഖലകളിൽ
പ്രവർത്തിച്ചിരുന്നവരും വിദേശത്ത് സ്ഥിര
താമസമാക്കിയവരും ,തിരികെ നാട്ടിൽ വന്നവരും , ഏതാണ്ട് സമപ്രായക്കാരുമായ 28 പേരുടെ
ഒരു ഗ്രൂപ്പാണ് യാത്രയ്ക്ക് തയ്യാറായി അവിടെ എത്തിയിരുന്നത് അന്യോന്യം പരിചയപ്പെടലും കാര്യങ്ങളുമായി
നിൽക്കുമ്പോഴാണ് ഫോർച്യൂണിന്റെ പ്രതിനിധിയും ഞങ്ങളെ നയിക്കാൻ നിയുക്തനുമായ
ഒരു ചെറിയ പയ്യൻ യൂണിഫോം അണിഞ്ഞ് ചിരിച്ചു കൊണ്ട് രംഗ പ്രവേശം ചെയ്തത് . ഒരു ചെവിയിൽ കടുക്കനണിഞ്ഞ് വന്ന ആ കുട്ടിയെ
കണ്ടപ്പോൾ ഒരു “ഫ്രീക്കൻ” ആയിരിക്കാമെന്ന് ഞങ്ങളിൽ ചിലരെങ്കിലും വിലയിരുത്തി.
തൊപ്പി വിതരണത്തിനിടെ പേരു ചോദിച്ചു
“സാത്വിക് ” . പേരും രൂപവുമായി ഒരു പൊരുത്തം തോന്നിയില്ലെങ്കിലും ആള് മിടുക്കനാണെന്ന്
തോന്നി . അദ്ദേഹത്തെപ്പറ്റിയുള്ള കൂടുതൽ
വിവരങ്ങൾ പിന്നീടുള്ള യാത്രയിലാണ് ചോദിച്ചറിയാൻ കഴിഞ്ഞത് ,അതുകൊണ്ട് ആ
വിവരങ്ങളൊക്കെ പിന്നീട് എഴുതാം . ചെക്കിൻ
,സെക്യൂരിറ്റി ആദിയായ എയർപോർട്ട് ചടങ്ങുകൾ കഴിഞ്ഞ് പന്ത്രണ്ട് മണിയോടെ നീലയും
വെള്ളയും ഉടുപ്പണിഞ്ഞ് ഒരു “സീഗൾ” പക്ഷിയെ പോലെ ചിറകു വിരിച്ചു നിന്ന ഇൻഡിഗോ വിമാനത്തിലേക്ക്
ഞങ്ങൾ കയറിപ്പറ്റി. അര മണിക്കൂർ കാത്തിരിപ്പിനൊടുവിൽ ഗുജറാത്തിന്റെ പഴയ തലസ്ഥാനമായ അഹമ്മദാബാദ്
ലക്ഷ്യമാക്കി ആ വിമാനപ്പറവ ആകാശത്തേക്ക്
ഊളിയിട്ടു. .
ഭാരതാംബയുടെ വീര പുത്രന്മാർക്ക് ജന്മം നൽകിയ ആത്മീയ പരിവേഷമുള്ള ഗുജറാത്തിന് ആ പേര് എങ്ങനെ കിട്ടി അല്ലെങ്കിൽ ആ പേരിന്റെ അർത്ഥമെന്തായിരിക്കും എന്നൊക്കെയായിരുന്നു യാത്രയ്ക്ക് മുന്‍പ് ഞാന്‍ ആലോചിച്ചിരുന്നത് . അഞ്ചാം നൂറ്റാണ്ടിൽ പടിഞ്ഞാറൻ ഭാരതത്തിൽ “ഗുജറാസ്” എന്ന ഗോത്ര വർഗ്ഗം കുടിയേറിയിരുന്ന പ്രദേശമായിരുന്നത് കൊണ്ടാണ് “ഗുജറാത്ത്” എന്ന പേരു വരാൻ കാരണമെന്നാണ് ഗൂഗിള്‍ പേജുകളില്‍ നിന്ന് വായിച്ചറിയാൻ കഴിഞ്ഞത് . അഞ്ചു കോടിയിൽ പരം ജനങ്ങള്‍ വസിക്കുന്ന ഗുജറാത്തില്‍ ഹിന്ദിയോട് സാമ്യമുള്ള “ഗുജറാത്തി” ഭാഷയാണ് ഉപയോഗിക്കുന്നത് . പാക്കിസ്ഥാനുമായി രാജ്യാന്തര അതിർത്തി പങ്കിടുന്ന ഗുജറാത്തിന്റെ അയൽ സംസ്ഥാനങ്ങൾ രാജസ്ഥാൻ ,മഹാരാഷ്ട്ര ,മദ്ധ്യ പ്രദേശ് എന്നിവയാണ് . പെട്രോളിയം , തുണി ,ഫാർമസ്യൂട്ടിക്കൽസ് ഓട്ടോ മൊബൈൽ,അമൂല്‍ പോലെയുള്ള പാല്‍ ഉത്പ്പന്ന ഉത്പാദന കേന്ദ്രങ്ങള്‍ വജ്ര സംസ്കരണം ,ഉപ്പ് ഉത്പാദനം,ബോട്ട് ബിൽഡിങ് മുതലായവ കൂടാതെ കെട്ടിട നിർമ്മാണത്തിൻറെ അവിഭാജ്യ ഘടകങ്ങളായ ടൈൽസ് ,മാർബിൾ എന്നീ വസ്തുക്കളും ഗുജറാത്തിന്റെ സംഭാവനകളാണെന്നറിയുമ്പോൾ ഭാരതത്തിലെ ഏറ്റവും വലിയ വ്യവസായവൽകൃത സംസ്ഥാനമെന്ന പദവി അതിന് ലഭിച്ചതിൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല . സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തിയ ഗുജറാത്തിന് 1600 കിലോ മീറ്ററിലധികം ദൈർഘ്യമുള്ള കടൽത്തീരങ്ങൾ സ്വന്തമാണ് .ചണ്ഡിഗഡ് കഴിഞ്ഞാൽ ഭാരതത്തിലെ രണ്ടാമത്തെ ആസൂത്രിത നഗരമായ ഗാന്ധിനഗർ ആണ് ഗുജറാത്തിന്റെ ഇപ്പോഴത്തെ തലസ്ഥാനം . സിന്ധുനദീതട ,ഹാരപ്പൻ സംസ്കാരങ്ങളുടെ അവശിഷ്ടങ്ങൾ ഗുജറാത്തിലെ പല സ്ഥലങ്ങളിൽ നിന്നായി ചരിത്ര ഗവേഷകർ കണ്ടെടുത്തതായി പറയപ്പെടുന്നു. പണ്ട് ചെറിയ ക്ലാസുകളില്‍ ഭാരതത്തിന്റെ ഭൂപടം വരച്ചു സംസ്ഥാനങ്ങളുടെ പേര് അടയാളപ്പെടുത്തി പഠിക്കണമായിരുന്നു “ഞണ്ടിന്‍റെ ഇറുക്ക് കാല്‍” പോലെ ഇടത് വശത്തേക്ക് തള്ളി നില്‍ക്കുന്ന ഒരു സ്ഥല രൂപം വരച്ച് ഒപ്പിച്ചു വച്ചിരുന്നു എന്നല്ലാതെ അത് ഇത്ര മഹത്തായ ഒരു ദേശമാണെന്നോ, ഇറുക്ക് കാലുകള്‍ക്ക് നടുവിലുള്ളത് കച്ച് ഉള്‍ക്കടല്‍ ആണെന്നോ ഒന്നും മനസ്സിലാക്കാതെയാണ് പരീക്ഷകളില്‍ ജയിച്ചു പോന്നിരുന്നത് . ഏതായാലും നമ്മുടെ മാതൃഭൂമിയുടെ അഭിമാന സന്താനമായ ഗുജറാത്തിലേക്ക് ഇത്ര നാളും പോകാന്‍ സാധിക്കാഞ്ഞതില്‍ അനല്‍പ്പമായ ഖേദം തോന്നിയെങ്കിലും ഇപ്പോഴെങ്കിലും അതിനുള്ള ഭാഗ്യം ലഭിച്ചല്ലോ എന്ന് സമാധാനിക്കുകയും ചെയ്യുന്നു .
രണ്ടര
മണിക്കൂർ പറക്കലിന് ശേഷം ഗുജറാത്തിലെ ഏറ്റവും വലിയ നഗരവും വാണിജ്യ തലസ്ഥാനവുമായ അഹമ്മദാബാദിലേക്ക് വിമാനം
താഴ്ന്നു തുടങ്ങിയപ്പോൾ തന്നെ “സബർമതി നദി” ഒരു വലിയ പെരുമ്പാമ്പിനെപ്പോലെ നഗരത്തെ
ചുറ്റി ഒഴുകുന്നത് കാണാമായിരുന്നു . ഗുജറാത്ത് സുൽത്താനായിരുന്ന “അഹമ്മദ് ഷാ” സ്ഥാപിച്ച
നഗരമായതിനാലാണ് നഗരത്തിന് അഹമ്മദാബാദ് എന്ന സ്ഥലനാമം ലഭിച്ചത് .എത്രയോ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഗുജറാത്ത്, ഞങ്ങൾക്കായി കരുതി വച്ചിരിക്കുന്ന അത്ഭുത കാഴ്ചകളുടെ നിറപ്പകിട്ടാര്‍ന്ന സ്വപ്നങ്ങള്‍ കണ്ടു കൊണ്ടാണ് സര്‍ദാര്‍ വല്ലാഭായി പട്ടേല്‍ ഇന്റര്‍ നാഷണല്‍
എയര്‍പോര്‍ട്ടിലേക്ക് കാലു കുത്തിയത്.
എയർപ്പോർട്ടിൽ നിന്ന് ആദ്യ ദിവസത്തെ കാഴ്ചകളിലേക്ക്
കൊണ്ടു പോകുവാനായി ബസ് എത്തിയിട്ടുണ്ടെന്ന് പറഞ്ഞ് സാത്വിക് ഞങ്ങളെ പുറത്തേക്ക്
നയിച്ചു. പക്ഷേ കവാടത്തിൽ സാധാരണ വാഹനങ്ങൾ വരുന്ന സ്ഥലത്തേക്ക് ബസുകളെ
അനുവദിക്കുകയില്ല എന്ന കാരണത്താൽ വലിയ പെട്ടികളും ഉരുട്ടി കടകട ശബ്ദം കേൾപ്പിച്ച് കൊണ്ട് ബസ് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് കുറച്ചു
ദൂരം നടക്കേണ്ടി വന്നപ്പോള്‍ ഞങ്ങളില്‍
പലരും പ്രതിഷേധിച്ചു .
ബാഗുകളും പെട്ടികളും ബസിന്‍റെ ആമാശയത്തിലേക്ക് കയറ്റി വച്ചിട്ട് ഞങ്ങൾ .കാഴ്ചകൾ കാണാൻ തയ്യാറായി ബസിൽ കയറി ഇരിപ്പായി . 34 ജില്ലകളുള്ള ഗുജറാത്തിന്‍റെ ഏറ്റവും മദ്ധ്യ ഭാഗത്ത് സ്ഥിതിചെയ്യുന്ന അഹമ്മദാബാദിലെ വിമാനത്താവളത്തിൽ നിന്ന് ഏതാണ്ട് പത്ത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സബർമതി ആശ്രമം ആയിരുന്നു ആദ്യ സന്ദർശന സ്ഥലം. അങ്ങോട്ടേക്കുള്ള യാത്രാ മദ്ധ്യേ ആദ്യം ശ്രദ്ധയില്‍ പെട്ടത് ആർമി ഏരിയായിരുന്നു. അതിന് സമീപത്തായി നല്ല ചിത്രങ്ങൾ വരച്ചു ചേർത്തിട്ടുള്ള മതിലുകളും, മതിലിന് പുറത്തായി നിറക്കൂട്ടുകൾ കൊണ്ട് ചിത്രപ്പണി ചെയ്തലങ്കരിച്ച മരങ്ങളും, മരച്ചില്ലകളെ അലങ്കരിക്കുന്നത് പോലെ കുട്ടികൾ പറത്തി വിട്ട പട്ടങ്ങൾ കുടുങ്ങിക്കിടക്കുന്നതും രസമുള്ള കാഴ്ചകളായിരുന്നു .വൃത്തിഹീനങ്ങളായ പാതയോരങ്ങളിൽ പ്രാവിൻ കൂട്ടങ്ങൾ കൊത്തിപ്പെറുക്കി ഇരിക്കുന്നത് കൌതുകം പകരുന്നുണ്ടായിരുന്നെങ്കിലും, തെരുവുകളില്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആര്‍ത്തിയോടെ ഭക്ഷിക്കുന്ന കാലിക്കൂട്ടങ്ങളെ കണ്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി.
സബർമതി ആശ്രമം
നഗരത്തിലെ തിരക്കുകളിൽ നിന്നകന്ന് പ്രശാന്ത
സുന്ദരമായ സബർമതി നദിയുടെ തീരത്താണ് ഗാന്ധിജി സ്ഥാപിച്ച സബർമതി ആശ്രമം സ്ഥിതി
ചെയ്യുന്നത്. സത്യവും,അഹിംസയും
പടവാളുകളായി എടുത്തു കൊണ്ട് സൂര്യന്‍ അസ്തമിക്കാത്ത നാടിന്റെ അധിപതികളോട് സധൈര്യം
ഏറ്റുമുട്ടി ഭാരതാംബയെ പാരതന്ത്ര്യത്തിന്‍റെ തടവറയില്‍ നിന്ന് മോചിപ്പിച്ച മഹാത്മജി
12 വർഷക്കാലം ചിലവഴിച്ചത് ഈ ആശ്രമത്തിലാണ് . ഭാരത സർക്കാർ ഒരു ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചിട്ടുള്ള. ഇവിടെ
നിന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ
സുപ്രധാന നാഴികക്കല്ലായ ദണ്ഡി യാത്ര ആരംഭിച്ചത്. വേപ്പ് ,പേരാൽ തുടങ്ങിയ നിരവധി വൻമരങ്ങൾ കുട ചൂടി നിൽക്കുന്ന മുറ്റത്തിനരികിലായി അൽപ്പം അകലം വിട്ട് രണ്ട് ചെറിയ മന്ദിരങ്ങളും ഒന്നു രണ്ട് ചെറിയ നിർമ്മിതികളുമാണ്
പ്രധാനമായും കാണാനാകുക. ഗാന്ധിജി താമസിച്ചിരുന്ന ചെറിയ വീടിനുള്ളിലെ മുറികളിൽ കുറെയധികം ചർക്കകളും അദ്ദേഹത്തിന്‍റെ ചിത്രങ്ങളും,പ്രാർത്ഥന ഹാളുമായിരുന്നു കാഴ്ച
. വീടിന് പുറത്ത് ചെടികളും മറ്റും നട്ടു പിടിപ്പിച്ചിരുന്ന മുറ്റത്തു കൂടി അൽപ്പം നടന്നാൽ
തൊട്ടടുത്തുള്ള “സംഗ്രഹാലയ ” എന്ന മ്യൂസിയത്തിലേക്കാണ് എത്തുന്നത് . ഗാന്ധിജിയുടെ കത്തുകൾ, ചിത്രങ്ങൾ,വ്യക്തിപരമായി
ഉപയോഗിച്ചിരുന്ന വസ്തുക്കൾ ഇവയെല്ലാമാണ്
അവിടെ പ്രദർശിപ്പിച്ചിരുന്നത് ,കൂടാതെ ഒരു
നാലുകെട്ടിന് ചുറ്റുമായി രണ്ടു മൂന്നു ചെറിയ മുറികളും കൂടി ഉണ്ടായിരുന്നു അവിടെ . വിനോബാജിയും നെഹ്റുവും,ബാലഗംഗാധര
തിലകനും,ഗോഖലെയും ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ വന്നു പോയിരുന്ന ആ ആശ്രമ പരിസരം കണ്ടപ്പോൾ
എത്രയെത്ര ചർച്ചകളും ഒത്തുകൂടലുകളും നിർണ്ണായക തീരുമാനങ്ങളും എടുത്ത
സ്ഥലമായിരിക്കാം ഇവിടം എന്നാണ് ആലോചിച്ചത് . മുറ്റത്ത് നിൽക്കുന്ന മരങ്ങൾക്കും, മന്ദിരങ്ങളുടെ ചുവരുകൾക്കും എന്തൊക്കെ
കഥകളാകും പറയാനുണ്ടാവുക !! ഇന്നലകളുടെ ഓര്‍മ്മകളുറങ്ങുന്ന സബര്‍മതി ആശ്രമത്തിലെ
നിശബ്ദമായ മുറികളിലൂടെ കയറി ഇറങ്ങുമ്പോള്‍ ഞാന്‍ ഒരു നിമിഷം കണ്ണടച്ചു ചെവിയോര്‍ത്ത്
നിന്നു.ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ഗാന്ധി അപ്പൂപ്പന്‍ വടി കുത്തി നടക്കുന്ന ശബ്ദം അവിടെവിടെയോ മുഴങ്ങിയത്
പോലെ ... അഹിംസാ പാതയിലൂടെ ബ്രിട്ടീഷ്കാരില്‍
നിന്ന് സ്വാതന്ത്ര്യം നേടാനുള്ള അദ്ദേഹത്തിന്‍റെ ആഹ്വാനങ്ങള്‍ കേട്ടത് പോലെ ... നിശ്ചലമായി
കാണപ്പെട്ട ചര്‍ക്കകള്‍ അദ്ദേഹത്തിന്റെ അംഗുലീ സ്പര്‍ശമേറ്റ് കറങ്ങി തുടങ്ങിയത്
പോലെ ..എവിടെയും ത്യാഗത്തിന്റെയും ലാളിത്യത്തിന്റെയും മൂര്‍ത്തിമദ് ഭാവമായിരുന്ന മഹാത്മജിയുടെ
സാന്നിദ്ധ്യമാണ് അനുഭവപ്പെട്ടത് ചരിത്രമുറങ്ങുന്ന ആ
സ്ഥലത്ത് കൂടി .പുറത്തേക്ക് നടക്കുമ്പോൾ ഒരു കൂട്ടം പക്ഷികൾ കലപില കൂട്ടി
ചേക്കേറാൻ പറന്നുയരുന്നതും താഴെ എല്ലാത്തിനും മൂക സാക്ഷിയായി ഗാന്ധിജിയുടെ ഹൃദയത്തുടിപ്പുകള്‍ നെഞ്ചിലേറ്റിയ ഓളങ്ങളുമായി സബർമതി നദി അറബിക്കടലെന്ന ലക്ഷ്യത്തിലേക്ക് പ്രയാണം തുടരുന്നതുമായിരുന്നു
കാഴ്ച . .
സബർമതി നദി
സബര്‍മതി ആശ്രമം
ഗാന്ധിജിയുടെ
ഗൃഹത്തിലെ കാഴ്ച
സബര്‍മതി
ഗാന്ധി മ്യൂസിയം
സബര്‍മതി
ഗാന്ധി മ്യൂസിയം
ഗാന്ധിജി
ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ ( മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നത്)
സ്വാതന്ത്ര്യമെന്ന ജന്മാവകാശം നേടിയെടുക്കാനുള്ള സമര കാഹളം മുഴങ്ങിയിരുന്ന പരിപാവനമായ സബര്‍മതി ആശ്രമ പരിസരത്ത് നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ ചരിത്രത്തിന്‍റെ മായാത്ത ഏടുകളിലൂടെയാണ് ഇത്ര നേരവും സഞ്ചരിച്ചിരുന്നതെന്ന് എനിക്ക് തോന്നി.
രാഷ്ട്ര പിതാവിന്‍റെ ദീപ്ത സ്മരണകളുമായി പുറത്തു വന്ന ഞങ്ങള്‍ അവിടെ ഉണ്ടായിരുന്ന ഒരു ചെറിയ കടയിൽ നിന്ന് ഇരുപത് രൂപയ്ക്ക് “ഒരൌൺസ്” ചായ വാങ്ങി കുടിച്ച് ഊർജ്ജം സംഭരിച്ചു കൊണ്ട് ഇസ്കോൺ ക്ഷേത്രത്തിലേക്കാണ് പോയത് . .
ഇസ്കോൺ ക്ഷേത്രം
അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി അല്ലെങ്കിൽ International Society for Krishna Consciousness (ISKCON) ആദ്യമായി രൂപപ്പെട്ടത് അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്കിലാണ് . 5000 വർഷം പഴക്കമുള്ള “ഹരേ കൃഷ്ണ” പ്രസ്ഥാനത്തിന്‍റെ ഭാഗമാണ് ഇസ്കോൺ. ഭക്തി വേദാന്ത സ്വാമി പ്രഭുപാദരാണ് ഈ പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ പാശ്ചാത്യ ലോകത്തിന് ഭക്തി എന്താണെന്നു പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു ഇത് കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചിരുന്നതത്രേ. ഭഗവദ് ഗീതയിലെ ഭക്തിയോഗം പ്രചരിപ്പിക്കുക വഴി പൂർണ്ണ പുണ്യാവതാരമായ ശ്രീകൃഷ്ണനെയാണ് പ്രധാനമായും ഇവർ ആരാധിക്കുന്നത്. അവബോധം എന്ന വാക്ക് കൊണ്ട് തിരിച്ചറിവ് ,ജ്ഞാനം എന്നൊക്കെയാണല്ലോ അര്‍ത്ഥമാക്കേണ്ടത് . യഥാര്‍ത്ഥമായ കൃഷ്ണ സ്വരൂപം മനസ്സിലാകണമെങ്കില്‍ കൃഷണ സന്ദേശങ്ങളിലെക്ക് നാം ആഴത്തില്‍ ഇറങ്ങി ചെല്ലേണ്ടതുണ്ട്. കഥകളുടെ ഉപരിപ്ലവമായ ശ്രവണമല്ലാതെ അവയുടെ ഗഹനമായ ആന്തരാര്‍ത്ഥം അറിഞ്ഞാല്‍ മാത്രമേ കൃഷ്ണ പരമാത്മാവിന്‍റെ വിശ്വരൂപം ദര്‍ശനം നമുക്ക് ലഭിക്കുകയുള്ളൂ . ഭഗവദ് ഗീതയിലെ പതിനെട്ട് അദ്ധ്യായങ്ങളില്‍ കൂടി നമ്മെ പ്രതിനിധീകരിക്കുന്ന നരനായ അര്‍ജ്ജുനന് ,നാരായണനായ കൃഷ്ണന്‍ ജീവിത സാഗരം എങ്ങിനെ സുഗമമായി മറികടക്കാമെന്നുള്ള ഉപായങ്ങള്‍ പറഞ്ഞു കൊടുത്ത് നയിക്കുകയാണ് ചെയ്യുന്നത്. ജീവിതവും,അതില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും എല്ലാവര്‍ക്കുമുണ്ട് ,അതില്‍ ജാതി,മത, ലിംഗ ഭേദങ്ങള്‍ ഒന്നുമില്ല .കൊടുംകാറ്റും പേമാരിയും അഗ്നി പര്‍വത സ്ഫോടനങ്ങളും പോലെ രോഗങ്ങളും, ഭീഷണികളും വഴക്കുകളും, തുടങ്ങി പല പ്രശ്നങ്ങളും ജീവിത യാത്രയില്‍ നമുക്ക് നേരിടേണ്ടതുണ്ടല്ലോ. ഇതൊക്കെ സമചിത്തതയോടെ ,സ്ഥിത പ്രജ്ഞനായി നിന്ന് കൊണ്ട് എങ്ങിനെ നേരിടാമെന്നുള്ള ഒരു സ്റ്റഡി ക്ലാസാണ് ഭഗവദ് ഗീതയിലൂടെ നമുക്ക് ലഭിക്കുന്നത് . അര്‍ജ്ജുനനെ പോലെ നാമും ഗീതയിലെ ഭഗവദ് സന്ദേശങ്ങള്‍ പഠിച്ച് അതിന്‍റെ അന്ത:സത്ത ഉള്‍ക്കൊണ്ടാല്‍ , ജീവിത വിജയം നമുക്കുള്ളതാണ് . ! ഇസ്കോണ്‍ പോലെയുള്ള പ്രസ്ഥാനങ്ങള്‍ കൃഷ്ണ സന്ദേശങ്ങള്‍ ജന മനസ്സുകളിലേക്ക് എത്തിക്കുന്നത് വഴി ലോക സമാധാനം പുലരുമെന്ന് പ്രത്യാശിക്കാം !
സബർമതി
ആശ്രമത്തിൽ നിന്ന് ഏതാണ്ട് ആറ് കി മീ ദൂരമാണ് ക്ഷേത്രത്തിലേക്കെന്ന്
പറഞ്ഞിരുന്നുവെങ്കിലും ഗതാഗത തടസ്സം കാരണം കുറെയധികം സമയമെടുത്തു അവിടെയെത്താൻ .
വഴിയോരങ്ങൾ പൊടി സമൃദ്ധമായിരുന്നതിനാൽ ഇരുചക്ര വാഹന യാത്രക്കാർ, കണ്ണൊഴികെ മുഖം മുഴുവനായി മൂടിയാണ് യാത്ര ചെയ്തിരുന്നത് .
ചില സ്കൂട്ടറുകളുടെ മുന്നിൽ രണ്ട് ഹാൻഡിലുകളുടെയും നടുവിലായി ഏതാണ്ട് “റ” രൂപത്തിൽ
ഒരു കമ്പി വളച്ച് വച്ചിരിക്കുന്നതായി കണ്ടുവെങ്കിലും ,അത് എന്തിനാണെന്ന് മനസ്സിലായില്ല .
എത്താൻ കുറച്ച് താമസിച്ചെങ്കിലും കൃത്യമായി ക്ഷേത്രത്തിലെ ദീപാരാധന കണ്ടു തൊഴാൻ സാധിച്ചത് മഹാഭാഗ്യമായി തോന്നി . മദ്ധ്യ ഭാഗത്തെ പ്രതിഷ്ഠകൾ രാധയും ,കൃഷ്ണനും ,സീതാ രാമ ലക്ഷ്മണ ഹനുമാന്മാരുമായിരുന്നു . കൂടാതെ ഭഗവാനെ വന്ദിച്ചു കൊണ്ടിരിക്കുന്ന രീതിയിൽ സ്വാമി പ്രഭുപാദരുടെ ഒരു പ്രതിമയും ശ്രീകോവിലിന് അഭിമുഖമായി സ്ഥാപിച്ചിട്ടുണ്ടായിരുന്നു നമ്മുടെ ക്ഷേത്രങ്ങളിലേതിൽ നിന്ന് അൽപ്പം വ്യത്യസ്തമാണ് ഉത്തരേന്ത്യൻ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകളും പൂജകളും രീതികളും . നല്ല ഭംഗിയായി അലങ്കരിച്ച മാർബിൾ ദേവതാ ശിൽപ്പങ്ങളാണ് അവിടത്തെ ക്ഷേത്രങ്ങളിൽ കാണാൻ കഴിയുക. ശ്രീകോവിലിൽ ആരതി നടക്കുന്ന സമയത്ത് സ്ത്രീ പുരുഷ ഭേദമെന്യേ മുന്നിലുള്ള ഹാളിൽ വട്ടം കൂടി നിന്ന് സ്തുതി ഗീതങ്ങള്‍ പാടുകയും അതിനൊപ്പം “ഗർബ” നൃത്തം ചെയ്യുന്നതുമായ കാഴ്ച വളരെ മനോഹരമായിരുന്നു . നമ്മുടെ തിരുവാതിരകളി പോലെ ഗുജറാത്തിന്‍റെ തനതായ നൃത്ത രൂപങ്ങളാണ് “ഗർബയും” ,”ഡാൺഡ്യയും”. നവരാത്രി സമയത്തും ,വിളവെടുപ്പിനും ,ആഘോഷങ്ങൾക്കും ഈ നൃത്തങ്ങൾ അനിവാര്യമത്രേ. ആനന്ദ മൂര്‍ത്തിയായ ശ്രീകൃഷ്ണ ദര്‍ശനത്താല്‍ ഹര്‍ഷ പുളകിതരായ ഞങ്ങളും സന്ധ്യാ നേരത്തെ ആ ആനന്ദ നൃത്തത്തിൽ പങ്കെടുത്തു സായൂജ്യമടഞ്ഞു .
ഇസ്കോണ്‍ ക്ഷേത്രം
ഇസ്കോണ്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ
ഇസ്കോണ്‍ ക്ഷേത്രത്തിലെ ഗര്‍ബനൃത്തം
സ്വാമി പ്രഭുപാദ
ക്ഷേത്ര ദർശനം കഴിഞ്ഞ് ആദ്യ ദിവസത്തെ
കാഴ്ചകളുടെ പരിസമാപ്തിയായതോടെ വിശ്രമത്തിനായി ഏർപ്പെടുത്തിയിരുന്ന .“റിവേര സരോവർ
പോർട്ടിക്കൊ” എന്ന ഹോട്ടലിലേക്ക് ഞങ്ങൾ പെട്ടിയും പ്രമാണങ്ങളുമായി ചേക്കേറി. ജീരകാകൃതിയിലുള്ള
ചോറും, ദാലും, ചൂട് റോട്ടിയും
,മസാലക്കറികളും , നോൺ വെജ് മസാലകളും ,
തുടങ്ങി കുറെയധികം ഭക്ഷണ വിഭവങ്ങളുണ്ടായിരുന്നു അത്താഴത്തിന് . ഭക്ഷണ ശേഷം എല്ലാവരും
വിശ്രമത്തിനായി പോയി . ഞങ്ങൾക്ക് ലഭിച്ച മുറികൾ ചെറുതെങ്കിലും
വൃത്തിയുള്ളതായിരുന്നു . ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ രാജസ്ഥാനിലെ ആരവല്ലി പർവ്വത നിരകളിൽ നിന്ന് ഉത്ഭവിച്ച്
ഗുജറാത്തിലെ ഭൂരിഭാഗം ഭൂവിഭാഗങ്ങളെയും ഫലഭൂയിഷ്ടമാക്കി കൊണ്ട് അറബിക്കടലിലേക്ക്
ഒഴുകി പോകുന്ന സബർമതി നദി വൈദ്യുത ദീപാലങ്കാര ശോഭയേറ്റ് തിളങ്ങിക്കിടക്കുന്ന കാഴ്ചയാണ് കണ്ടത്.
ഒരു ദിവസത്തെ യാത്രയുടെ മുഴുവൻ ക്ഷീണവും
കിടക്കയെ ഏൽപ്പിക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ അടുത്ത ദിവസത്തെ പരിപാടികളുടെ
വിശദ വിവരങ്ങൾ സാത്വിക് ഗ്രൂപ്പിൽ അയച്ചു
തന്നിരുന്നു .
ഇനി കൊട്ടാരക്കാഴ്ചകളിലേക്കും ഏകതയുടെ മഹാ
പ്രതിമയുടെ കാഴ്ചകളിലേക്കും പോയാലോ.......
.. . .











Mohan Nair Kollam
മറുപടിഇല്ലാതാക്കൂഅറേബ്യൻ സമുദ്രം വെള്ളിത്തിരമാലകൾ കൊണ്ട് നൂപുരമണിയിക്കുന്ന നാട്ടിലൂടെ ശ്രീകൃഷ്ണ
ഭഗവാന്റെ പാദസ്പർശനത്താൽ പുണ്യഭൂമിയായ ചരിത്രവും ഇതിഹാസങ്ങളും കെട്ടു പിണഞ്ഞു കിടക്കുന്ന നാട്ടിലൂടെ നമ്മുടെ നാടിന് സ്വാതന്ത്ര്യം നേടിത്തന്ന ധീര സ്വതന്ത്ര സമര സേനാനനീ കളുടെ നാട്ടിലൂടെ ഗുജറാത്ത് എന്ന സംസ്ഥാനത്തിലൂടെ അതിമനോഹരമായ യാത്ര നടത്താൻ നമ്മളെ കൈ പിടിച്ചു കൊണ്ടു പോകുന്ന ഈ യാത്രാവിവരണം വിജ്ഞാനവും വിനോദവും കാഴ്ചകളുടെ ദർശന സൗഭാഗ്യവും സുഖകരമായ വായനാനുഭവവും പകരുന്നു. യാത്രയുടെ തുടർഭാഗങ്ങൾ വായിക്കാനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു
മോഹനൻ നായർ & പുഷ്പ കൊല്ലം
പുഷ്പ -കൊല്ലം
മറുപടിഇല്ലാതാക്കൂഗുജറാത്ത് യാത്രയുടെ ആദ്യഭാഗം വായിച്ചു . വളരെ മനോഹരം. കാഴ്ചകളുടെ വർണ്ണ ചിത്രങ്ങൾ യാത്രാവിവരണത്തെ കൂടുതൽ ആകർഷണീയമാക്കിയിരിക്കുന്നു. കൂടെ യാത്ര ചെയ്ത ഞാൻ മനസ്സിലാക്കിയതിനും അപ്പുറം വിശദമായ വിവരണങ്ങൾ. ഏറെ ആസ്വാദ്യകരമായ
അനുഭവം.
പുഷ്പ, കൊല്ലം
ഈശ്വരൻ നമ്പൂതിരി
മറുപടിഇല്ലാതാക്കൂഒന്നാം ഭാഗം വളരെ നന്നായി. തുടർന്നു വായിക്കുവാൻ ആകാംക്ഷ നൽകുന്ന എഴുത്തിന്റെ രീതി വളരെ ഗാംഭീര്യം തന്നെ.വാഗ്ദേവതയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏
ഈശ്വരൻ നമ്പൂതിരി
ഭാഗം 1 വായിച്ചു. തുടക്കം തന്നെ മനോഹരം. തുടർന്നു വായിക്കാനുള്ള ആകാംക്ഷ ജനിപ്പിക്കുന്ന വിവരണം. അഭിനന്ദനങ്ങൾ!!
മറുപടിഇല്ലാതാക്കൂരശ്മി കൊല്ലം
മറുപടിഇല്ലാതാക്കൂവായിച്ചു. കൊള്ളാം.
രശ്മി, കൊല്ലം
നെജ്മി, കൊല്ലം
മറുപടിഇല്ലാതാക്കൂഗുജറാത്ത് യാത്രാ വിവരണം ഒന്നാം ഭാഗം വീണ്ടും വായിച്ചു..
നന്നായിട്ടുണ്ട്..👌
ഗാന്ധിജി യുടെ സബർമതി ആശ്രമത്തിൽ ഗീതയോടൊപ്പം ഞാനും ഉള്ളതായിതോന്നി.. 👍🩷
നെജ്മി കൊല്ലം
ജയമണി,
മറുപടിഇല്ലാതാക്കൂഞണ്ടിൻ്റെ iruukku കാൽ 😁😁 നല്ല pada പ്രയോഗം 👌🏽
Bus ൻ്റെ ആമാശയം 😄👏🏽👌🏽
ജയമണി
മറുപടിഇല്ലാതാക്കൂവളരെ നല്ല വിവരണം
Good information 👍
Appreciate your പാട്ടീൻസ്
ജയമണി