ഭാരതത്തിന്‍റെ സ്വാതന്ത്ര്യ സമര സേനാനികളുടെ മണ്ണിൽ
ഭാഗം 2
ലക്ഷ്മി വിലാസ് പാലസും ,സ്റ്റാച്യൂ ഓഫ് യൂണിറ്റിയും
ആദ്യ ദിവസത്തെ യാത്രാ ക്ഷീണം അകറ്റി അടുത്ത
ദിവസത്തെ യാത്രയ്ക്ക് തയ്യാറായി എല്ലാവരും ഏഴു മണിയോടെ പ്രഭാത ഭക്ഷണവും കഴിച്ച്
പെട്ടികളുമായി കൃത്യ സമയത്ത് തന്നെ ഹോട്ടൽ
ലോബിയിലെത്തി .നല്ല തണുത്ത പ്രഭാതത്തിൽ ചൂടുള്ള പ്രാതലും ചായയും
കഴിച്ചു വളരെ ഉന്മേഷത്തോടെയാണ് ഞങ്ങൾ ബസിൽ കയറിത് .
അടുത്ത ലക്ഷ്യ സ്ഥാനം ബറോഡ എന്ന വഡോദരയായിരുന്നു
. ധാരാളം വ്യവസായ
സ്ഥാപനങ്ങളും,വിദ്യാഭ്യാസ സ്ഥാപനങ്ങളും ,പരന്നു കിടക്കുന്ന കൃഷിപ്പാടങ്ങളും കൊണ്ട്
സമൃദ്ധമായ വളരെ വലിയ സംസ്ഥാനമായ ഗുജറാത്തിലൂടെയുള്ള യാത്രകൾ എല്ലാം വളരെ ദൈർഘ്യമേറിയതായിരുന്നു .എങ്കിലും സംഘാംഗങ്ങളുടെ എല്ലാവരുടെയും സജീവ പങ്കാളിത്തം കൊണ്ട് യാത്ര ഒട്ടും വിരസമായി തോന്നിയില്ലെന്ന് മാത്രമല്ല വളരെ
രസകരമായിരുന്നു താനും.
യാത്രാരംഭത്തിൽ ബസിലുള്ള ഗ്രൂപ്പ്
അംഗങ്ങളുടെ കണക്ക് പരിശോധിച്ച് തിട്ടപ്പെടുത്തി എല്ലാവർക്കും കുടിവെള്ളം വിതരണം
ചെയ്തിട്ട് ഞങ്ങളുടെ ടൂർ മാനേജറും ,വഴികാട്ടിയുമൊക്കെയായിരുന്ന സാത്വിക് മൈക്ക് കയ്യിലെടുത്ത് എല്ലാവർക്കും
സുപ്രഭാതം ആശംസിച്ചു കുശലാന്വേഷണം നടത്തി. അതിന് ശേഷം നല്ലൊരു ഗായകനായ അദ്ദേഹം ഒരു
കീർത്തനം അതി മനോഹരമായി ആലപിച്ചു. വളരെ
ദൂരം യാത്ര ചെയ്യേണ്ടത് കൊണ്ട് എല്ലാവരും തമ്മിൽത്തമ്മിൽ പരിചയപ്പെട്ടതിന് ശേഷം
പാട്ടോ, ഡാൻസോ അറിയാവുന്ന എന്തെങ്കിലുമൊക്കെ വിനോദ പരിപാടികളില്‍ ഏര്‍പ്പെട്ട് യാത്ര രസകരമാക്കണമെന്ന് സാത്വിക് ആഹ്വാനം ചെയ്തു . ചുറുചുറുക്കും
,കാര്യപ്രാപ്തിയും, വിനയ ശീലവും കൈമുതലായുള്ള ചെറുപ്പക്കാരനായ സാത്വിക്കിനെപ്പറ്റി
ഇനി
കുറച്ചു കാര്യങ്ങൾ എഴുതാമെന്ന് തോന്നുന്നു. !
.
കാസറഗോഡ് സ്വദേശിയായ സാത്വിക് സംഗീത
പഠനത്തോടൊപ്പം ടൂറിസവും യാത്രകളും ഇഷ്ടമായിരുന്നതിനാൽ ആ മേഖലയിലേക്ക് കൂടി ശ്രദ്ധ
തിരിക്കുകയായിരുന്നു. കുറച്ചു നാളുകളായി ഫോർച്യൂണിനൊപ്പം ജോലി ചെയ്തു വരുന്ന സാത്വിക്
തന്‍റെ ജോലിയിലുള്ള ആത്മാർത്ഥതയും കൃത്യനിഷ്ഠയും ,പക്വതയും പ്രകടിപ്പിക്കുക വഴി
എല്ലാവരുടെയും ഇഷ്ട കഥാപാത്രമായി മാറി. തമാശകൾ പറഞ്ഞും, പാട്ട് പാടിയും ഗ്രൂപ്പിനെ സജീവമാക്കി
നിർത്തുകയും പരമാവധി കാഴ്ചകൾ കാണിച്ച് കൊടുത്ത് ആസ്വദിപ്പിക്കുകയും ചെയ്യുക വഴി കുറഞ്ഞോരു
സമയം കൊണ്ട് ആ കുട്ടി ഞങ്ങളുടെയെല്ലാം കൊച്ചു മകനായി മാറി.
സാത്വിക്
ഞങ്ങളുടെ ഗ്രൂപ്പിലുള്ളവരില്‍ ചിലര്‍
അഹമ്മദാബാദിലും ഗുജാറാത്തിലും പഠിച്ചവരും ,ജോലി ചെയ്തിട്ടുള്ളവരും ആയിരുന്നതിനാല്‍
അവരില്‍ നിന്ന് ഗുജറാത്തിനെ പറ്റിയുള്ള ധാരാളം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ബസ്
യാത്രയ്ക്കിടയില്‍ സാധിച്ചു. പാട്ടും ചര്‍ച്ചകളും ഒക്കെയായി ബസിനുള്ളിലെ
കലാപരിപാടികൾ തുടരവേ പുറത്ത് പച്ചക്കമ്പളം നിവർത്തിയിട്ടത് പോലെ കിടന്ന
കൃഷിപ്പാടങ്ങളുടെ മരതക കാന്തി
ആസ്വദിക്കാതിരിക്കാനായില്ല തക്കാളി,കോളിഫ്ലവര്‍,കാബേജ്
ആവണക്ക് പരുത്തി , വാഴ ഗോതമ്പ് ,കരിമ്പ് തുടങ്ങിയ കൃഷിയിടങ്ങൾക്ക് നടുവിലൂടെയുള്ള
യാത്ര നയനാനന്ദകരവും ,മനസ്സിന് കുളിർമ്മയേകുന്നതും ആയിരുന്നു. കാലി വളർത്തലും
കൃഷിയുമായി ജീവിക്കുന്ന സാധുക്കളായ ഗ്രാമീണരെയും അവരുടെ ചെറിയ വീടുകളും ,
ഗ്രാമങ്ങളും കണ്ടപ്പോൾ അവിടെയൊക്കെ
ഒന്നിറങ്ങിക്കാണണമെന്ന് തോന്നിയിരുന്നു. പക്ഷേ സമയക്കുറവ് മനസ്സിലാക്കി
മിണ്ടാതെയിരുന്നു . 11 മണിയ്ക്ക് മുൻപായി ചായ കുടിക്കാനും ഫ്രഷ് ആകാനുമായി ഹൈവേ
സൈഡിലുള്ള “തുലിപ്” എന്നൊരു ഹോട്ടലിന് മുന്നിൽ ബസ് നിർത്തി . അവിടെ നിന്ന് ചായയും
സ്നാക്സും ഒക്കെ കഴിച്ച് എല്ലാവരും ഉഷാറായി വണ്ടിയിൽ കയറി . ‘കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളേ ,ലജ്ജാവതിയെ
.. അഞ്ജനക്കണ്ണെഴുതി .തുടങ്ങിയ പഴയതും പുതിയതുമായ പല മധുര മനോഹര ചലച്ചിത്ര ഗാനങ്ങളും,ശരണമയ്യപ്പാ
പോലെയുള്ള ഭക്തിഗാനങ്ങളും ബസിലെ ഗായക സംഘം വളരെ മനോഹരമായി ആലപിച്ച്
വഡോദരയിലേക്കുള്ള യാത്ര സന്തോഷകരമാക്കി തീർത്തു.
വഴിയിൽ അവിടവിടെ കുരങ്ങൻമാരെയും,വലിയ
കാലിക്കൂട്ടങ്ങളെയും കണ്ടു കൊണ്ടുള്ള യാത്രയ്ക്കിടയിൽ ചില സ്ഥലത്ത് ഹിമ താഴ്വരകൾ
പോലെ പരന്നു കിടന്നിരുന്ന വെളുത്ത ഉപ്പ്
പാടങ്ങളും കണ്ടു . ഭാരതത്തിലെ ഏറ്റവും വലിയ ക്ഷീരോൽപാദക സംഘമായ ‘അമുൽ’ വഡോദര
റൂട്ടിലെ ‘ആനന്ദ്’ എന്ന സ്ഥലത്താണെന്ന് അറിയാമായിരുന്നെങ്കിലും
അങ്ങോട്ടേക്ക് പോകാൻ സാധിച്ചില്ല . ഏതാണ്ട് പതിനൊന്നര മണിയോടെ ഞങ്ങൾ അന്നത്തെ ആദ്യ
സന്ദർശന സ്ഥലമായ ലക്ഷ്മിവിലാസ് പാലസ് പരിസരത്തെത്തി . ബസ് പാർക്ക് ചെയ്തിട്ട്
പുഷ്പങ്ങൾ വർണ്ണ വിസ്മയമൊരുക്കിയ രാജപാതയിലൂടെ നടക്കുമ്പോൾ മരച്ചില്ലകൾക്ക്
മുകളിൽ നഷ്ടപ്പെടാത്ത പ്രതാപവുമായി തല ഉയർത്തിപ്പിടിച്ച് നിന്നിരുന്ന ആ കൊട്ടാര
ഗോപുരം ഞങ്ങളെ മാടി വിളിക്കുന്നതായി തോന്നി .
ലക്ഷ്മി വിലാസ് പാലസ്
ബറോഡ
സംസ്ഥാനം ഭരിച്ചിരുന്ന മഹാരാജാ സയാജിറാവ് ഗെയ്ക് വാദ് മൂന്നാമൻ
, ഭാര്യ ലക്ഷ്മി ഭായിയ്ക്ക് വേണ്ടി 1890 ൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും
വലിയ സ്വകാര്യ വസതിയാണ് ലക്ഷ്മി വിലാസ് കൊട്ടാരം .ഇന്ത്യൻ പാരമ്പര്യവും
യൂറോപ്യൻ ആധുനികതയും ലയിപ്പിക്കണമെന്ന
ആശയത്തോടെയായിരുന്നു മഹാരാജാവ് ,ബ്രിട്ടീഷ്
വാസ്തു ശിൽപിയെക്കൊണ്ട് ഈ കൊട്ടാരം രൂപ കൽപ്പന ചെയ്യിപ്പിച്ചത്. പത്തൊൻപത്താം നൂറ്റാണ്ടിൽ ഏകദേശം 77 ലക്ഷം രൂപ
ചിലവാക്കി പണി കഴിപ്പിച്ച ഈ കൊട്ടാരം ,ബക്കിംഗ്
ഹാം കൊട്ടാരത്തേക്കാള്‍ നാലിരട്ടി വലുതാണെന്നാണ് പറയപ്പെടുന്നത്. വഡോദര
ജില്ലയുടെയും ബാങ്ക് ഓഫ് ബറോഡയുടെയും സ്ഥാപകനായ സയാജി റാവ് മൂന്നാമൻ ,രാജ വംശത്തിലെ ഏറ്റവും പ്രമുഖനായ
രാജാവായിരുന്നു .
നീല വാനിലേക്ക് ഉയര്‍ന്നു നിന്നിരുന്ന രാജകീയ പ്രതാപങ്ങളുടെ മകുടങ്ങള്‍ക്ക് താഴെ, ജാലകങ്ങളിലൂടെ മുഴങ്ങി കേട്ടിരുന്ന രാജശാസനകള്‍ കേട്ടിട്ടെന്ന പോലെ ഉദ്യാനത്തിലെ പടര്‍ന്നു പന്തലിച്ച വൃക്ഷങ്ങള്‍ തലയാട്ടി നില്‍ക്കുന്നതായി തോന്നി . രഥങ്ങളും ഭടന്മാരും, കുതിരകളും ഒട്ടകങ്ങളും ആനയും അംബാരികളും എല്ലാം ചേര്‍ന്ന് ഒരു കാലത്ത് സജീവമാക്കിയിരുന്ന കൊട്ടാര പരിസരം വളരെ ഗംഭീരമായ ഒരനുഭവമാണ് നല്‍കിയത് . കൊട്ടാരത്തിന്‍റെ പുറമേയുള്ള പ്രൌഡിയും ഗാംഭീര്യവും, ശില്‍പ്പ ചാതുരിയും ആസ്വദിച്ചു കൊണ്ട് അകത്തെ കാഴ്ചകള്‍ കാണുവാന്‍ ഉത്സുകരായി ഞങ്ങള്‍ ഉദ്യാനത്തിലൂടെ മുന്നോട്ട് നടന്നു. അവിടെ ഒരിടത്ത് പൂക്കൾ കൊണ്ടലങ്കരിച്ച സ്റ്റേജും, മറ്റൊരു വശത്ത് പാട്ടും, മേളവും ആൾക്കൂട്ടവും ഒക്കെ കണ്ടപ്പോള്‍ ഇപ്പോഴും അവിടെ താമസമുള്ള രാജ കുടുംബത്തിന്റെ സ്വകാര്യ ചടങ്ങുകളായിരിക്കുമെന്നാണ് കരുതിയത്. പക്ഷേ അതൊരു വിവാഹച്ചടങ്ങായിരുന്നു. ദീപാവലി കഴിയുന്നതോടെ ഉത്തരേന്ത്യയിൽ വിവാഹാഘോഷങ്ങളുടെ തുടക്കമാകും . ഹോളി വരെയാണ് സാധാരണ ആഘോഷങ്ങൾ നടക്കുക . മിക്കവാറും തുറസ്സായ സ്ഥലങ്ങളിലോ ഇതുപോലെയുള്ള വലിയ കൊട്ടാരക്കെട്ടുകളിലോ വച്ച് പാട്ടും ഡാൻസുമൊക്കെയായി രണ്ടോ മൂന്നോ അതിലധികം ദിവസങ്ങളോ നീളുന്ന ആഡംബര ചടങ്ങുകളാണ് വിവാഹങ്ങള്‍ക്ക് ഉണ്ടാവുക പതിവ് .
കൊട്ടാരത്തിന്‍റെ പുറമേയുള്ള ഭംഗി ആസ്വദിച്ചു കൊണ്ട് പ്രവേശന കവാടത്തിലെത്തി . അകത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് , ഉള്ളിലെ കാഴ്ചകളെ പറ്റി വിശദീകരിച്ചു തരുവാനെത്തിയ ഗൈഡിനെ കൊണ്ട് കൊട്ടാരം പശ്ചാത്തലമാക്കി ഞങ്ങൾ ഒരു ഗ്രൂപ്പ് ഫോട്ടോ എടുപ്പിച്ചു.
ഗുജറാത്ത് ടൂര്‍ ഗ്രൂപ് -പാലസിന് മുന്നില്‍
രാജകീയ മനോഹാരിത
നഷ്ടപ്പെടാത്ത പ്രതാപം
ആദ്യം കയറിച്ചെന്നത് ചെറിയ ഒരു സ്വീകരണ മുറിയിലേക്കാണ് . അവിടെക്കണ്ട ശിൽപ്പങ്ങൾ ഇറ്റാലിയൻ മാർബിൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്നും അതിലൊന്ന് മഹാരാജാവിന്‍റെ മുത്തശ്ശിയായ ശാന്തി ദേവിയുടേതാണെന്നും ഗൈഡ് പറഞ്ഞു തന്നു.” ഗായ്” എന്നാൽ ‘പശു’ എന്നും ,”വാദ്” എന്നാൽ ‘രക്ഷിക്കുക’ എന്നാണെന്നും ഗോലോകത്തെ പരി രക്ഷിക്കുന്നതിനാലാണ് ഇവർക്ക് “ഗെയ്ക് വാദ്” എന്ന് പേരു വന്നതെന്നും അടുത്ത മുറിയിലേക്ക് പോകുന്നതിന് മുൻപ് ചുവരിലെ സൂര്യന്‍റെയും പശുവിന്‍റെയും ശില്‍പം ചൂണ്ടിക്കാട്ടി അദ്ദേഹം വിശദീകരിച്ചു തന്നു. അടുത്തതായി രാജ കുടുംബാംഗങ്ങളുടെ ചിത്രങ്ങളും സീനറികളും ,ശിൽപ്പങ്ങളും മനോഹരങ്ങളായ മേശ കസേരകളും ഇട്ട് അലങ്കരിച്ചിരുന്ന മുറിയിലേക്കാണ് ചെന്നത്. അത് കഴിഞ്ഞ് “ആർമറി “ എന്ന ആയുധപ്പുരയിലേക്കാണ് ചെന്നെത്തിയത് . വിവിധ തരത്തിലുള്ള ചെറുതും വലുതുമായ വാളുകളും പരിചകളും കുന്തങ്ങളും എല്ലാം അവിടെ അടുക്കും ചിട്ടയുമായി പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു . ദേവിയുടെ ഒൻപത് രൂപങ്ങൾ കൊത്തിവച്ച മനോഹരമായ വാളും , ഇരുവശങ്ങളിലും മൂർച്ചയുള്ള വാളുകളും എല്ലാവരെയും അത്ഭുതപ്പെടുത്തി. ആയുധപ്പുര കണ്ടു കഴിഞ്ഞ് പാദരക്ഷകൾ മാറ്റിയിട്ട് മനോഹരമായ ഒരു വലിയ മുറിയിലേക്കാണ് ചെന്നത്. അവിടെ രാജാവിന്‍റെ കിരീട ധാരണത്തിന് ഉപയോഗിച്ചിരുന്ന വലിയൊരു സിംഹാസനവും ,വെള്ളിയുടെയും ,സ്വർണ്ണത്തിന്‍റെയും പാളികൾ കൊണ്ട് പൊതിഞ്ഞ പല തരത്തിലുള്ള പല്ലക്കുകളുമാണ് കാണാൻ കഴിഞ്ഞത്. എല്ലാത്തിനുമുപരി ,മലയാളിയുടെ എക്കാലത്തെയും അഭിമാനമായ പ്രശസ്ത ചിത്രകാരൻ രാജാ രവിവർമ്മ തമ്പുരാൻ വരച്ച ദേവീ ദേവന്മാരുടെ വലിയ വലിയ ചിത്രങ്ങൾ ആ മുറിയുടെ ചുവരുകളെ അലങ്കരിച്ചിരുന്നത് കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല . പ്രത്യേകിച്ചും മാവേലിക്കരയുമായി ബന്ധമുള്ള “ആർട്ടിസ്റ്റ് തമ്പുരാൻ’ എന്നറിയപ്പെടുന്ന അദ്ദേഹം വരച്ച ചിത്രങ്ങൾ ആ കൊട്ടാരത്തിൽ കണ്ടപ്പോൾ മാവേലിക്കരക്കാരായ ഞങ്ങൾ അക്ഷരാർത്ഥത്തിൽ അഭിമാന പുളകിതരായിപ്പോയി . ദേവ ചൈതന്യം നിറഞ്ഞു നിന്ന തണുപ്പുള്ള ആ മുറിയിൽ വരകളുടെ രാജകുമാരനായ ആ വലിയ ചിത്രകാരന്‍റെ സാമീപ്യം നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നി. കലകളെയും കലാകാരന്മാരേയും ബഹുമാനിച്ചിരുന്ന രാജാവ് നമ്മുടെ മലയാളക്കരയിൽ നിന്ന് രവി വർമ്മ തമ്പുരാനെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു വരുത്തി രാജ കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ വരപ്പിക്കുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത് . അതിനായി ആര്‍ട്ടിസ്റ്റ് തമ്പുരാന്‍ വളരെക്കാലം കൊട്ടാരത്തിൽ താമസിച്ചിരുന്നതായും പറയപ്പെടുന്നു . സമയക്കുറവ് കാരണം ചിത്രങ്ങൾ വിശദമായി കണ്ട് ആസ്വദിക്കാന്‍ പറ്റിയില്ല .അവിടെ നിന്ന് മനസ്സില്ലാ മനസ്സോടെ പുറത്തേക്കിറങ്ങി ഒരു നടുമുറ്റം കടന്ന് വളരെ വലിയൊരു ഹാളിലേക്കാണ് ചെന്നത് . വലിയ സാങ്കേതിക വിദ്യകളൊന്നും ഇല്ലാതിരുന്ന പണ്ടു കാലത്ത് നിർമ്മിച്ച കൊട്ടാരത്തിലെ ഇത്രയും വലിയൊരു ഹാൾ ഒരു തൂണ് പോലും ഇല്ലാതെ നിർമ്മിച്ചിരിക്കുന്നത് കാണുമ്പോൾ ആർക്കാണ് അതിശയം തോന്നാത്തത് ?!. ഗംഭീരങ്ങളായ കൊത്തുപണികൾ കൊണ്ട് ആകർഷണീയമാക്കിയിരുന്ന മച്ചിൽ വളരെ വലിയ അലങ്കാര തൂക്കു വിളക്കുകളായിരുന്നു സ്ഥാപിച്ചിരുന്നത് ജാലകങ്ങളാകട്ടെ പല നിറങ്ങളിലുള്ള കണ്ണാടിച്ചില്ലുകൾ കൊണ്ട് ദേവീ ദേവന്മാരുടെ ചിത്രങ്ങൾ രചിച്ച് മോടിപിടിപ്പിച്ചവയായിരുന്നു. ഈ ചില്ലുകളുടെ ഒരു പ്രത്യേകത എന്തെന്നാൽ ഗ്ലാസ് ആണെങ്കിലും അകത്തു നിന്ന് പുറത്തേക്കും തിരിച്ചും കാണാനാകില്ല എന്നതാണ് ,അത് മാത്രമല്ല ആ ചില്ലുകൾ ഹാളിൽ പ്രകാശം കടത്തിവിട്ടിരുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ് .
നമ്മുടെ ഭാരതത്തിൽ ഇതുപോലെ എത്രയെത്ര
മഹാനിർമ്മിതികൾ നമുക്ക് അറിയാവുന്നതും അറിയാത്തതുമായി ഉണ്ട് . ഇന്നത്തെ പോലെ
യന്ത്ര സഹായമൊന്നും ഇല്ലാതിരുന്ന അക്കാലത്ത് എത്ര ദീർഘ വീക്ഷണത്തോടെ ആണ് ഭരണ
കർത്താക്കൾ ഓരോ കാര്യങ്ങൾ ചെയ്തിരുന്നതെന്നും ,നടപ്പാക്കിയിരുന്നതെന്നും നാം
ഇനിയും നന്നായി മനസ്സിലാക്കിയിട്ടില്ല എന്നാണ് തോന്നുന്നത് . ഭാരതത്തിൽ
അങ്ങോളമിങ്ങോളം മഹത്തായ എത്രയോ കോട്ടകളും
കൊട്ടാരങ്ങളും നശിച്ചു പോയതും നാശോന്മുഖമായതും ഉണ്ടെന്ന് ആലോചിച്ചു കൊണ്ടും ഇങ്ങനെ ചിലതെങ്കിലും പരി രക്ഷിക്കപ്പെടുന്നല്ലോ
എന്നാശ്വസിച്ചു കൊണ്ടും മുന്നോട്ട് നടന്നു .
ക്യാമറയും മൊബൈല്‍ ഫോണും ഒന്നും കൊട്ടാരത്തിനുള്ളിലേക്ക് കൊണ്ടു പോകാന്‍ അനുവാദം ഇല്ലാതിരുന്നതിനാല്‍ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്നാണ് കാഴ്ചകള്‍ വിശദീകരിച്ചിട്ടുള്ളത്. രാജവാഴ്ചയുടെ സ്പന്ദനങ്ങള്‍ നിറഞ്ഞു നിന്ന കൊട്ടാരക്കെട്ടില്‍ നിന്നിറങ്ങി ഉദ്യാനത്തിന്‍റെ വെട്ടിയൊരുക്കിയ പുൽമൈതാനങ്ങൾക്ക് നടുവിലുള്ള വൻ മരങ്ങളുടെ തലോടലേറ്റ് കൊണ്ട് മുന്നോട്ട് നടന്ന് അടുത്ത ലക്ഷ്യ സ്ഥാനമായ സ്റ്റാച്യൂ ഓഫ് യൂണിറ്റി കാണുവാനായി ബസിൽ കയറി. ഗുജറാത്തിനെ പറ്റി വിവരിക്കുന്ന ചരിത്ര പുസ്തകത്തിന്‍റെ നിറമുള്ള പേജുകള്‍ ഓരോന്നായി ഓരോ ദിവസവും ഞങ്ങള്‍ ആവേശത്തോടെ ആസ്വദിച്ചു പഠിക്കുകയായിരുന്നു.
പിന്നീടങ്ങോട്ട് വെള്ളപ്പൂക്കൾ നിറഞ്ഞ പരുത്തിപ്പാടങ്ങൾക്ക് നടുവിലൂടെയായിരുന്നു യാത്ര . എവിടെ നോക്കിയാലും എന്തെങ്കിലുമൊക്കെ കൃഷി ചെയ്തിരിക്കുന്ന കാഴ്ചകളാണ് ഗുജറാത്തിലെവിടെയുമുള്ളത്. ഉഴുത് മറിച്ചു കൃഷിക്കായി ഒരുക്കിയിട്ടിരിക്കുന്ന പാടങ്ങളും, വിളവെടുക്കാറായ നിലങ്ങളും എല്ലാം ചേര്‍ന്ന് ഗുജറാത്തിനെ ഒരു നവോഢയെ പോലെ അണിയിച്ചൊരുക്കിയിരിക്കുന്നതായി തോന്നി .ഉച്ചഭക്ഷണ നേരമായപ്പോൾ ബസ് ഒരിടത്ത് നിർത്തി. “യൂണിറ്റി” എന്ന് പേരുള്ള ഒരു ഹോട്ടലിലേക്കാണ് സാത്വിക് ഞങ്ങളെ കൊണ്ടു പോയത്. ഗുജറാത്തിൽ പൊതുവേ എല്ലായിടത്തും സസ്യ ഭക്ഷണമാണ് ലഭിക്കുക . ഉച്ച സമയത്താണെങ്കിൽ ഒരു ഗ്ലാസ് നിറയെ മോരാണ് ആദ്യം കൊണ്ടു വയ്ക്കുക . പിന്നെ നല്ല ചൂടുള്ള റോട്ടി ,കടലക്കറി ,ചെറുപയറും ഉള്ളിയും ചേർത്തുള്ള തീയൽ പോലെ ഒരു കറി , ദാൽ ,പാപ്പട്, ജീരകച്ചോറ് ഇതൊക്കെയാണ് എല്ലായിടത്തെയും പോലെ അവിടെയും ലഭിച്ചത്.
ഊണ് കഴിഞ്ഞ് ഏതാണ്ട് 66 കിലോമീറ്റർ അകലെയുള്ള ‘ഐക്യത്തിന്‍റെ ഉജ്ജ്വല പ്രതിമ’ കാണുവാനായി ഞങ്ങൾ ഒരേ മനസ്സോടെ യാത്ര തിരിച്ചു . .
ഭാരതത്തിന്‍റെ സ്വാതന്ത്ര്യ സമര സേനാനിയും , നാട്ടു രാജ്യങ്ങളെയെല്ലാം ഒരുമിപ്പിച്ച് ഒരേ ഭരണഘടനയുടെ കീഴില്‍ ഒറ്റ രാജ്യമാക്കാന്‍ കഠിനാദ്ധ്വാനം ചെയ്ത മഹാനുഭാവനുമായ സർദാർ വല്ലഭായി പട്ടേലിന്‍റെ ഗംഭീരമായ പ്രതിമയാണ് “സ്റ്റാച്യൂ ഓഫ് യൂണിറ്റി” എന്നറിയപ്പെടുന്നത് .സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഉപ പ്രധാനമന്ത്രി ആയിരുന്ന അദ്ദേഹം “ഭാരതത്തിന്‍റെ ഉരുക്ക് മനുഷ്യൻ” എന്നാണറിയപ്പെടുന്നത്. അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി ഗുജറാത്തിലെ “കെവാഡിയ” എന്ന സ്ഥലത്ത് നർമ്മദ നദിയിലെ സർദാർ സരോവർ അണക്കെട്ടിന് അഭിമുഖമായിട്ടാണ് ഏകത പ്രതിമ സ്ഥാപിച്ചിട്ടുള്ളത് 182 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ ശില്‍പ്പം കോൺക്രീറ്റും പിച്ചള പൂശും ഉപയോഗിച്ച് ഉറപ്പിച്ച സ്റ്റീൽ ഫ്രെയിമിൽ വെങ്കലം ആവരണം ചെയ്താണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് വായിച്ചറിഞ്ഞത് . അംബര ചുംബിയും ഭീമാകാരവുമായ ഈ സ്മാരകം അദ്ദേഹത്തിനോടുള്ള ഭാരതീയരുടെ സ്നേഹബഹുമാനങ്ങളുടെ പ്രതീകമാണ് . ഉരുക്ക് മനുഷ്യനായ പട്ടേല്‍ജിയുടെ മനസ്സിന്‍റെ ദൃഢതയും ഗാംഭീര്യവും, ഔന്നത്യവും ഉള്‍ക്കൊണ്ട് തന്നെയാണ് ഈ ഏകത സ്മാരകം നിര്‍മ്മിച്ചിരിക്കുന്നതെന്നതില്‍ നമ്മള്‍ ഭാരതീയര്‍ക്കെല്ലാം ഏറെ അഭിമാനിക്കാവുന്നതാണ് . 2018 oct 31 ന് പട്ടേൽജിയുടെ 143 ആം ജന്മദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിജി ഈ പ്രതിമ ഉത്ഘാടനം ചെയ്തത് .
പ്രതിമ നിൽക്കുന്ന സ്ഥലത്തിന് ഏഴെട്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഭാഗങ്ങൾ “ഏക് ത നഗർ” എന്നാണ് അറിയപ്പെടുന്നത് . ഭാരതത്തിന്‍റെ ഏകീകരണ ശിൽപ്പിയുടെ സ്മാരകം നിൽക്കുന്ന സ്ഥലത്തിന് ഇതിലധികം നല്ലൊരു പേരിടാനുണ്ടോ.??!! “ഏക് ത നഗർ “ എന്ന പേരിലൊരു റെയിൽവേ സ്റ്റേഷനും, നല്ല രീതിയിൽ പരിപാലിച്ചിട്ടുള്ള മനോഹരമായ ഉദ്യാനവും .. അതിൽ കലാചാതുര്യത്തോടെ നിർമ്മിച്ച വിളക്ക് കാലുകളും എല്ലാം കൂടി ചേർന്ന് ആ പ്രദേശത്തിന് ഉരുക്ക് മനുഷ്യന് ചേർന്ന ഗാംഭീര്യവും ചാരുതയും നൽകിയിരിക്കുന്നതായി തോന്നി.
റോഡിനടുത്തുള്ള പാർക്കിങ് ഏരിയയിൽ ബസിൽ നിന്നിറങ്ങി ഒരു കെട്ടിടത്തിന്‍റെ വരാന്തയിലെത്തി ഞങ്ങൾ ക്യൂ പാലിച്ച് നിന്നു . അവിടെ നിന്ന് ഒരു അഞ്ചാറ് കിലോമീറ്റർ ദൂരമുണ്ട് പ്രതിമ നിൽക്കുന്ന സ്ഥലത്തേക്ക്. അന്തരീക്ഷ മലിനീകരണം ഉണ്ടാകാതിരിക്കാൻ വേണ്ടി അവിടേക്കുള്ള വാഹനങ്ങളെല്ലാം വൈദ്യുതീകരിച്ചിരിക്കുകയാണ് .സ്റ്റാച്യൂ കാണാൻ പോകാനായി ബസുകളെ കൂടാതെ ധാരാളം ഓട്ടോകളും സന്ദർശകരെ കാത്ത് അവിടെ കിടപ്പുണ്ടായിരുന്നു . അതിൽ പിങ്ക് നിറത്തിലുള്ള ഓട്ടോ റിക്ഷകൾ സ്ത്രീകൾ ഓടിക്കുന്നവയായിരുന്നു. പട്ടേൽജിയുടെ പ്രതിമ വന്നതോടെ ഓട്ടോറിക്ഷകൾ ഓടിക്കുന്നവരും ,കച്ചവടക്കാരും എല്ലാം ഉൾപ്പടെ എത്രയോ കുടുംബങ്ങൾക്ക് തൊഴിലും വരുമാനമാർഗ്ഗവുമായതായി തോന്നി. ഇടതടവില്ലാതെ വന്നു കൊണ്ടിരുന്ന ബസുകളിലൊന്നിൽ ഞങ്ങളുടെ സംഘം കയറിപ്പറ്റി. വൻ മരങ്ങൾ അതിരിട്ടു നിന്നിരുന്ന നല്ല റോഡിലൂടെ ഏതാണ്ട് 15 മിനിറ്റ് നേരം ഞങ്ങള്‍ ബസിൽ യാത്ര ചെയ്തു . ഐക്യത്തിന്‍റെ ശക്തി എത്ര മഹത്തരവും ബൃഹത്തുമാണെന്ന് വിളിച്ചോതിക്കൊണ്ട് ആ മഹാനുഭാവന്‍ ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്നത് ദൂരെ നിന്ന് തന്നെ കാണാമായിരുന്നു . അസ്തമന സൂര്യ കിരണങ്ങളേറ്റ് മനോ വീര്യത്തിന്‍റെ തിളക്കവുമായി നിന്ന ആ ശില്‍പ്പ ദര്‍ശനത്താല്‍ ദേശാഭിമാനം കൊണ്ട് എന്‍റെ അന്തരംഗവും വാനോളം ഉയര്‍ന്നു . വലിയ തിരക്കുള്ള ഒരു സ്ഥലത്ത് ഞങ്ങളെ ഇറക്കി വിട്ടിട്ട് ബസ് വീണ്ടും തിരിച്ചു പോയി. എയർപ്പോർട്ടിലേത് പോലെ കർശന പരിശോധനാ സംവിധാനങ്ങളുള്ള ഇവിടെ , ആഹാര സാധനങ്ങളോ, മൂർച്ചയുള്ള ഉപകരണങ്ങളോ ഒന്നും കൊണ്ടു പോകാൻ അനുവദിക്കില്ലെന്നുള്ള കാര്യം കുറച്ച് വൈകിയാണ് അറിഞ്ഞത് . സ്ത്രീകൾക്കും ,പുരുഷന്മാർക്കും പ്രത്യേകം ക്യൂവും സെക്യൂരിറ്റി പരിശോധനകളും ഉണ്ടായിരുന്നു . ഇതറിയാതെ ചെന്ന എനിക്കും മറ്റ് ചിലർക്കും ചെറിയ അബദ്ധം പറ്റി . യാത്രയ്ക്കിടെ കഴിക്കാനായി ബാഗിൽ കരുതിയിരുന്ന ചോക്ലേറ്റുകളും,കായ വറുത്തതും,ബിസ്ക്കറ്റും ഒന്നും അകത്തേക്ക് കടത്തി വിടില്ലെന്ന് പരിശോധകർ പറഞ്ഞപ്പോൾ സാത്വിക് ഓടി വന്ന് ഞങ്ങളുടെ കയ്യിൽ നിന്ന് അതെല്ലാം വാങ്ങിക്കൊണ്ട് പോയി പുറത്തുള്ള ലോക്കറിൽ വച്ചു രക്ഷിച്ചു . മുൻപ് ഇങ്ങനെയൊരു നിയമം അവിടെ ഇല്ലായിരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴേക്കും മനസ്സിലാകാത്ത ഹിന്ദിയിൽ ദേഷ്യപ്പെട്ട് തല്ലാൻ വരുന്നത് പോലെ വളരെ കർക്കശമായ രീതിയിലാണ് അവിടത്തെ സ്ത്രീ പരിശോധകർ ഞങ്ങളോട് പെരുമാറിയത്. വരുന്നവരെല്ലാം ഓരോരോ സമയത്തും അവിടെ പ്രാബല്യത്തിലുള്ള നിയമങ്ങളെല്ലാം അറിഞ്ഞിട്ടല്ലല്ലോ വരുന്നത് . അറിയാതെ അങ്ങനെയൊരു അബദ്ധം സംഭവിച്ചാല്‍ തന്നെ സന്ദര്‍ശകരോട് ദേഷ്യപ്പെടുന്നത് എന്തിനാണെന്ന് മാത്രം മനസ്സിലായില്ല . ഒരു വലിയ മനുഷ്യന്‍റെ പേരിലുള്ള സ്മാരകം കൊണ്ട് ജീവിക്കുന്ന ചെറിയ ജീവനക്കാർക്ക് എന്തിനാണിത്ര ഹുങ്ക് ?. അതു കൊണ്ടും കഴിഞ്ഞില്ല അങ്കം !!ഉപ്പേരി പാക്കറ്റ് തുറക്കാനായി ഇത്തിരിപ്പോന്ന ഒരു ചെറിയ കത്രിക എന്‍റെ ബാഗിൽ കിടന്നത് ഞാൻ ഓർത്തില്ല എക്സ് റേയിൽ അത് തെളിഞ്ഞതോടെ വീണ്ടും പുലിവാലായി ,അവർ എന്നെ മാത്രം “ക്ലാസ്സിന് പുറത്താക്കി”. ഞാൻ ലോക്കർ അന്വേഷിച്ച് ഓടി നടക്കുമ്പോഴേക്കും എന്നെ കാണാതെ ചേട്ടനും മറ്റും നന്നായി വിഷമിച്ചു. എന്തായാലും ഒരു വിധത്തിൽ എല്ലാം നേരെയാക്കി കൂട്ടത്തിൽ ഓടിയെത്തുക വഴി ഇപ്പോഴും എനിക്ക് ഓടാൻ പ്രയാസമില്ലെന്ന് ഞാൻ തെളിയിച്ചു. പ്രതിമയുടെ അടുത്തേക്കെത്തുവാൻ പിന്നെയും കുറേ ദൂരമുണ്ടായിരുന്നു. ആ ദൂരങ്ങള്‍ താണ്ടുവാനായി ഇലക്ട്രിക് ബഗ്ഗി, വെയിലേല്‍ക്കാതെ നടക്കത്തക്ക വിധം ദൃശ്യ ഭംഗിയോടെ നിര്‍മ്മിച്ചിട്ടുള്ള കുടകള്‍ പോലെയുള്ള മേല്‍ക്കൂരകള്‍ക്ക് താഴെയുള്ള ട്രാവലേറ്ററുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ അവിടെ ഒരുക്കിയിട്ടുണ്ടായിരുന്നു .
അടുത്തടുത്തു ചെല്ലും തോറും പട്ടേൽജിയുടെ മഹത്വവും ഗാംഭീര്യവും പോലെ പ്രതിമയുടെ വലിപ്പവും കൂടിക്കൂടി വരുന്നതായി തോന്നി .പ്രതിമയുടെ താഴെയുള്ള കവാടത്തിലൂടെ ഉള്ളിലേക്ക് കയറി മുകളിലേക്ക് പോകുവാനുള്ള ലിഫ്റ്റില്‍ കയറാന്‍ ഞങ്ങള്‍ ക്യൂ ആയി നിന്നു പ്രതിമയുടെ ഉള്ളിലുള്ള വലിയ ഒരു തളത്തിന് നടുവിലായിരുന്നു ലിഫ്റ്റ്. ലിഫ്റ്റിൽ കയറാൻ ക്യൂ ആയി നില്‍ക്കുമ്പോള്‍ തളത്തിന്‍റെ വശങ്ങളിൽ സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജിക്കും ,നെഹ്റുവിനും മറ്റ് നേതാക്കൾക്കൊപ്പവും പട്ടേല്‍ജി ചർച്ചകളിൽ ഏർപ്പെട്ടിരുന്ന സമയത്തെടുത്ത ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത് കണ്ടു ലിഫ്റ്റിലൂടെ പട്ടേൽജിയുടെ നെഞ്ചിന്‍റെ ഉയരത്തിലെത്തി ഇറങ്ങിച്ചെന്നത് ഒരു “വ്യൂയിങ് ഡെക്കിലേക്കാണ്” . പക്ഷേ സുരക്ഷാ കാര്യങ്ങള്‍ക്കായി സ്ഥാപിച്ചിരുന്ന ഇരുമ്പ് നെറ്റുകളുടെ മറവുകള്‍ കാരണം പുറത്തേക്കുള്ള കാഴ്ചകള്‍ തടസ്സപ്പെട്ടിരുന്നു . അങ്ങകലെ പാറക്കെട്ടുകൾക്ക് നടുവിലൂടെ നര്‍മ്മദ സരോവര്‍ ജല സംഭരണിയില്‍ നിന്ന് ഒഴുകിയെത്തിയ ശോഷിച്ച നർമ്മദ നദി മാത്രമായിരുന്നു കാഴ്ച . തിരിച്ചിറങ്ങി വന്നപ്പോൾ വലിയ തളത്തിന്‍റെ ഒരു വശത്തുള്ള മുറിയിൽ ക്രമീകരിച്ചിരുന്ന ഒരു മിനി തീയറ്ററിലെ സ്ക്രീനിൽ സ്വാതന്ത്ര്യ സമര കാലത്തെ സംഭവങ്ങളുടെ ഒരു വീഡിയോ കാണാൻ സാധിച്ചു . ഷോ കണ്ടു കഴിഞ്ഞ് പുറത്തേക്കിറങ്ങിയിട്ട് പ്രതിമയുടെ കാല്‍പ്പാദം വരെ എത്താന്‍ അഞ്ചോളം എസ്കലേറ്ററുകള്‍ കയറേണ്ടി വന്നു. അവിടെ നിന്നുള്ള കാഴ്ച അതി മനോഹരമായിരുന്നു. അസ്തമന സൂര്യ കിരണങ്ങളേറ്റ് മല നിരകൾക്ക് നടുവിലൂടെ ചുവന്നൊഴുകിയ അലസ മദാലസയായ നർമ്മദയുടെ സൗന്ദര്യം അപ്പോഴാണ് ആവോളം ആസ്വദിക്കാൻ കഴിഞ്ഞത്. സർദാർ വല്ലഭായ് പട്ടേൽ എന്ന മഹാ മനീഷിയുടെ പ്രതിമയെ നെഞ്ചിലേറ്റാൻ ഭാഗ്യമുണ്ടായതിന്‍റെ തിളക്കം അവളുടെ ഓളങ്ങൾ പ്രതിഫലിപ്പിച്ചിരുന്നതായി തോന്നി. കുറച്ചു നേരം കാഴ്ചകൾ ആസ്വദിച്ചിട്ട് പ്രതിമയുടെ പാദങ്ങളുടെ സമീപത്ത് നിന്ന് ഫോട്ടോകളെടുത്തതിന് ശേഷം ഞങ്ങൾ സന്തോഷത്തോടെ മടങ്ങി. ആ മഹാനിർമ്മിതിയുടെ അടുത്ത് ഒരാൾ നിന്നാൽ പ്രതിമയുടെ കാലിലെ നഖങ്ങളുടെ അത്ര പോലും വരില്ല എന്ന് പറയുമ്പോൾ മനസ്സിലാകും അതിന്‍റെ വലിപ്പം .. അതു പോലെ തന്നെ പട്ടേൽജിയുടെയും .. .
അലസ മദാലസയായ നർമ്മദ
പ്രതിമയുടെ വലിപ്പം
രാജ്യത്തിന്‍റെ നന്മയ്ക്കും ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി അക്ഷീണം പ്രവർത്തിച്ച മഹാനുഭാവനായ ഒരു നേതാവിന് വേണ്ടി ഇത്രയും ബൃഹത്തായ ഒരു നിർമ്മിതി നമ്മൾ ഇപ്പോഴെങ്കിലും നിർമ്മിച്ചതിൽ ഓരോ ഭാരതീയനും അഭിമാനിക്കാം .
ലോക്കറിൽ വച്ചിരുന്ന സാധനങ്ങളും തിരിച്ചെടുത്ത് അവിടത്തെ ബസിൽ കയറി .ആറേമുക്കാലോടെ ഞങ്ങളുടെ ബസിനടുത്തെത്തി ഹോട്ടലിലേക്ക് മടങ്ങി. ഏകദേശം ഒൻപതര മണിയോടെ ലക്ഷ്മി വിലാസ് പാലസിന്‍റെ സമീപ പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന “ബറോഡ റസിഡൻസി” എന്ന കൊട്ടാര സമാനമായ ഹോട്ടലിൽ ഞങ്ങളെത്തിച്ചേർന്നു. വൃത്തിയുളള വളരെ നല്ല മുറികളും സൗകര്യങ്ങളുമുള്ള അവിടെ എല്ലാ കാര്യങ്ങൾക്കും ഒരു” റോയൽ ടച്ച്” ഉണ്ടായിരുന്നതായി തോന്നി. റെസ്റ്റോറണ്ടിൽ നിന്ന് നല്ല ചൂടുള്ള ഭക്ഷണം കഴിച്ചതിന് ശേഷം അരികിലെവിടെയോ കുറുകുന്ന പ്രാവുകളുടെ സംഗീതം കേട്ടുകൊണ്ട് മൃദുവായ മെത്തയിൽ രാജകൊട്ടാരത്തിലെന്ന പോലെ കിടന്ന് ഞങ്ങൾ ക്ഷീണമകറ്റി.
സമുദ്രമദ്ധ്യത്തിലെ നിഷ്കളങ്കേശ്വരനെയും,


.jpg)
.jpg)


.jpg)
.jpg)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ