സ്വാതന്ത്ര്യ സമര സേനാനികളുടെ മണ്ണിൽ
ഭാഗം 3
സമുദ്ര മദ്ധ്യത്തിലെ നിഷ്കളങ്കേശ്വരനും , ,വെരാവലിലെ സോമ
നാഥ ക്ഷേത്രവും , ഗീർവനങ്ങളും
രാഷ്ട്ര ശിൽപ്പിയുടെ ഗാംഭീര്യവും ,സ്വാതന്ത്ര്യ സമരവും സ്വപ്നം കണ്ട് പള്ളിയുറങ്ങിയ ഞങ്ങൾ അതിരാവിലെ തന്നെ പള്ളിയുണർന്നു. തലേ ദിവസം പതിവ് പോലെ തന്നെ അടുത്ത ദിവസത്തെ കാര്യ പരിപാടികള്‍ ഫോണില്‍ കിട്ടിയിരുന്നു. അതനുസരിച്ച് പ്രഭാത ഭക്ഷണവും ചെക്ക് ഔട്ട് പരിപാടികളും കഴിഞ്ഞ് പെട്ടി പ്രമാണങ്ങളും ബസിൽ കയറ്റി എല്ലാവരും നിഷ്കളങ്കേശ്വരനെ കാണാൻ തയ്യാറായി..വഡോദരയിൽ നിന്ന് കുറേ അധികം ദൂരം യാത്ര ചെയ്ത് വേണമായിരുന്നു ഭവനഗറിലെ സമുദ്രമദ്ധ്യത്തിലുള്ള മഹാദേവക്ഷേത്രത്തിൽ ദർശനത്തിനെത്തുവാൻ .
നിഷ്കളങ്കേശ്വര ക്ഷേത്രം
നിഷ്കളങ്കം എന്നാൽ കളങ്കമില്ലാത്തത്,അല്ലെങ്കിൽ മാലിന്യമില്ലാത്തത് ,പവിത്രമായത് എന്നൊക്കെയാണ് അർത്ഥമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ . കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് പാപങ്ങൾ നീക്കുവാനായി പാണ്ഡവർ ഭഗവാൻ കൃഷണനെ സമീപിച്ചെങ്കിലും അദ്ദേഹം അവർക്ക് ഒരു കറുത്ത കൊടി കൊടുത്തിട്ട് മഹാദേവനെ അഭയം പ്രാപിക്കാൻ പറഞ്ഞയച്ചു . എവിടെ എത്തുമ്പോഴാണോ കൊടിയുടെ കറുപ്പ് നിറം മാറി വെളുപ്പാകുന്നത് അവിടെ വച്ചായിരിക്കും അവർക്ക് പാപ മോചനം ലഭിക്കുക എന്ന് കൂടി ഭഗവാൻ അരുളിച്ചെയ്തുവത്രെ. അങ്ങനെ പാണ്ഡവർ കൊടിയുമായി ബഹു ദൂരം സഞ്ചരിച്ച്. “കോളിയാക്” എന്ന ഭവനഗറിലെ കടൽത്തീര പ്രദേശത്ത് എത്തിയപ്പോൾ കൊടി വെള്ള നിറമാകുകയും മഹാദേവനായ ശിവൻ അവർക്ക് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടതായും പറയപ്പെടുന്നു.പാണ്ഡവര്‍ക്ക് പൂജിക്കുന്നതിനായി അഞ്ച് സ്വയംഭൂ ശിവലിംഗങ്ങൾ കടലിന് നടുവിലെ വലിയ പാറയുടെ മുകളിൽ നന്ദി വിഗ്രഹങ്ങളോടൊപ്പം കാണപ്പെട്ടുവെന്നും അവര്‍ അവിടെ വച്ച് മഹാദേവനെ പൂജിച്ച് പാപ വിമുക്തരായി എന്നുമാണ് ഒരു കഥ . മറ്റൊരു കഥ കേട്ടത് പാണ്ഡവർ ഈ പ്രദേശത്ത് വന്ന സമയത്ത് ശിവൻ പെട്ടെന്ന് അപ്രത്യക്ഷനായെന്നും ,പിന്നീട് കേദാർനാഥിൽ ഒരു കാളയുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടതെന്നും , അദ്ദേഹത്തെ കാണുവാനായി അങ്ങോട്ടേക്ക് പോകുന്നതിന് മുൻപ് ശിവ പ്രീതിയ്ക്കായി അവർ അഞ്ചു ശിവലിംഗങ്ങൾ ഇവിടെ വച്ച് പൂജിച്ചിരുന്നു എന്നുമാണ്. നിഷ്കളങ്കേശ്വരനെ വന്നു തൊഴുതാൽ ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ ചെയ്തിട്ടുള്ള എല്ലാ പാപങ്ങളില്‍ നിന്ന് നമുക്കും മോചനം ലഭിക്കുമെന്നാണ് വിശ്വാസം. വേലിയേറ്റ സമയത്ത് ക്ഷേത്രം സമുദ്ര ജലത്താൽ മൂടിപ്പോകും ,അതു കൊണ്ട് വേലിയിറക്കമാകുമ്പോൾ മാത്രമേ സമുദ്ര മദ്ധ്യത്തിലുള്ള മഹാദേവ ക്ഷേത്ര ദർശനം സാദ്ധ്യമാകൂ .
രാവിലെ എട്ട് മണി കഴിഞ്ഞ് പുറപ്പെട്ട ഞങ്ങൾ വഴിയിൽ ഒരിടത്ത് ഫ്റഷാകാനും, ചായ കുടിക്കാനും മാത്രമാണ് ഒന്നിറങ്ങിയത്. പുകയിലത്തോട്ടങ്ങളും ,നെല്ല് ,ഗോതമ്പ്,മല്ലി ,റാഗി ,ചോളം,കോളിഫ്ലവർ ,കാബേജ് എന്നിങ്ങനെയായ ഗുജറാത്തിലെ മാത്രം കാഴ്ചകളായ കൃഷിപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള യാത്ര രസകരമായിരുന്നു. സമയം പോകാൻ വേണ്ടി ടീം തിരിഞ്ഞ് അന്താക്ഷരി കളിച്ചിരുന്നത് കൊണ്ട് യാത്രയുടെ വിരസതയും മുഷിപ്പും ഉണ്ടായില്ല. ഭവനഗറിനോട് അടുത്തടുത്തു ചെന്നപ്പോൾ പലയിടത്തും ഉപ്പളങ്ങൾ കണ്ടു തുടങ്ങി. കൂടാതെ ചില സ്ഥലങ്ങളിൽ കാലിക്കൂട്ടങ്ങളെയും , അവയ്ക്കുള്ള പുല്ല് കെട്ടുകളായി വെട്ടി ട്രാക്ടറുകളിൽ കൊണ്ടു പോകുന്നതായും കണ്ടു. കേദാർനാഥ് ക്ഷേത്രത്തിന്‍റെ മാതൃകയിൽ നിർമ്മാണത്തിലിരിക്കുന്നതും പൂർത്തീകരിച്ചതുമായ ധാരാളം ക്ഷേത്രങ്ങൾ വഴിയരികിൽ അവിടവിടെ കാണാമായിരുന്നു. ഏതാണ്ട് ഉച്ച കഴിഞ്ഞതോടെ ഞങ്ങൾ നിഷ്കളങ്കേശ്വര ക്ഷേത്രത്തിനടുത്തുള്ള ഒരു ഹോട്ടലിലെത്തി ഉച്ചഭക്ഷണം കഴിച്ചു. മോരും,സാധാരണ ഉത്തരേന്ത്യൻ വിഭവങ്ങളുമായിരുന്നു അവിടെ നിന്ന് ലഭിച്ചത്. മൂന്നു മണിയോടെ വേലിയേറ്റം തുടങ്ങുമെന്നതിനാൽ എല്ലാവരും ധൃതിയിൽ ഭക്ഷണം കഴിച്ച് കടൽത്തീരത്തെത്തി . ..ബീച്ചിൽ ഉരുണ്ട് കൊഴുത്ത നല്ല ഭംഗിയുള്ള ഒരു വലിയ കാള ഒറ്റയ്ക്ക് നിൽക്കുന്നത് ഞാൻ കണ്ടിരുന്നു. ഇവിടെ നിന്ന് അപ്രത്യക്ഷനായ മഹാദേവനോ മറ്റോ വീണ്ടും കാളയുടെ രൂപത്തിൽ വന്നതാണോ എന്നറിയാൻ ഞാനൊന്ന് നിന്നു ,അതിനെ നല്ലവണ്ണം ഒന്ന് നോക്കി ഒരു ഫോട്ടോയുമെടുത്തു . എന്‍റെ പ്രവർത്തി തീരെ ഇഷ്ടപ്പെടാത്തത് പോലെ അതൊന്ന് ചിറഞ്ഞ് എന്‍റെ നേരെ നോക്കി അതോടെ ഞാൻ ജീവനും കൊണ്ട് നിഷ്കളങ്കേശ്വര മഹാദേവ സന്നിധിയിലേക്ക് കടലിലൂടെ ഓടി.
"ഞാന്‍ മാത്രേ കണ്ടുള്ളൂ !!!!! " കോളിയാക് ബീച്ചില്‍ കണ്ട ഋഷഭം
കടല്‍ക്കരയില്‍ നില്‍ക്കുമ്പോള്‍ പരന്നു കിടക്കുന്ന പാരാവാര മദ്ധ്യത്തിലുള്ള
ക്ഷേത്രം ഒരു പൊട്ടു പോലെ മാത്രമേ കാണപ്പെടുന്നുണ്ടായിരുന്നുള്ളൂ . ഒരു ക്ഷേത്രത്തിന്‍റെ കെട്ടും മട്ടും തിക്കും
തിരക്കും ഒന്നും അവിടെ കാണാനില്ലായിരുന്നു . ബീച്ചിനടുത്ത് കടൽ ഇറങ്ങിപ്പോയ സ്ഥലത്തെ ചെളിയില്‍ തെളിഞ്ഞ
വഴിത്താരയിലൂടെ ഒന്നര കിലോ
മീറ്റർ ദൂരം നടന്ന് വേണമായിരുന്നു ക്ഷേത്രത്തിലെത്താൻ . കുറച്ചു
ദൂരം നടന്നപ്പോള്‍ അങ്ങകലെ ഒരു സ്തംഭവും അതിന് മുകളില്‍ പാറിപ്പറക്കുന്ന ഒരു
കൊടിയും ദൃഷ്ടി ഗോചരമായി.ചെളി കെട്ടി കിടന്ന വഴുക്കലുള്ള ആ വഴിയിലൂടെ
നടക്കുവാൻ നല്ല ബുദ്ധിമുട്ടായിരുന്നു. എങ്കിലും കുറച്ചു പേരൊഴികെ ബാക്കി എല്ലാവരും
അങ്ങോട്ടേക്ക് വച്ചു പിടിച്ചു ഞങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും മുതിർന്ന ശശിയേട്ടനെ
ഒരു ഡോളിയിൽ എടുത്തായിരുന്നു അവിടേക്ക്
കൊണ്ടു പോയതും മടക്കി കൊണ്ടു വന്നതും . സമുദ്രജലത്താൽ ക്ഷേത്രം അഭിഷിക്തമാകാൻ വളരെ കുറച്ച് സമയം
മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ എന്നത്
കൊണ്ടാണ് ഡോളിയുടെ ആവശ്യം വന്നത് തന്നെ .
കടലിനു നടുവിലുള്ള ഒരു വലിയ പാറയുടെ മുകളിലാണ് നിഷ്കളങ്കേശ്വര ക്ഷേത്ര സങ്കേതമുള്ളത് .പഞ്ച പാണ്ഡവര്‍ പൂജിച്ചിരുന്നെന്നു പറയപ്പെടുന്ന അഞ്ച് ശിവ ലിംഗങ്ങളും അവയ്ക്കഭിമുഖമായി അഞ്ച് നന്ദി വിഗ്രഹങ്ങളും കൂടാതെ ഒരു വലിയ ധ്വജ സ്തംഭത്തില്‍ കടല്‍ക്കാറ്റിന്‍റെ താളത്തിനൊപ്പം നൃത്തം വയ്ക്കുന്ന ധ്വജവുമായിരുന്നു അവിടെ ആകെയുണ്ടായിരുന്നത് ഏതായാലും ആഴിയുടെ അലകൾ ക്ഷേത്ര ശിലകളെ ആലിംഗനം ചെയ്തു തുടങ്ങുന്നതിനു മുൻപ് ഞങ്ങളെല്ലാം അവിടെയെത്തി, പൂജാരി തന്ന ശുദ്ധ ജലത്താൽ ശിവലിംഗത്തിൽ അഭിഷേകം ചെയ്തു തൊഴുതു. അനന്തമായ നീലക്കടൽ അങ്ങകലെ ചക്രവാളത്തിൽ നീലാകാശവുമായി സല്ലപിക്കുന്ന മനോഹരമായ കാഴ്ച കുറച്ചു നേരം കണ്ടു നിന്നു ഫോട്ടോ എടുപ്പും സമുദ്ര സൌന്ദര്യം ആസ്വദിക്കലും മറ്റുമായി അങ്ങനെ നിന്നപ്പോൾ, കടൽ അതിന്‍റെ തിരമാലകളുമായി ഞങ്ങളെ വിഴുങ്ങാനെന്ന പോലെ പാഞ്ഞടുക്കുന്ന കാഴ്ചയാണ് കണ്ടത്. പിന്നെ ഒന്നും നോക്കിയില്ല തിരിഞ്ഞു നോക്കാതെ ഓട്ടമായിരുന്നു . കത്തി ജ്വലിച്ചു നിന്ന സൂര്യൻ എല്ലാവരുടെയും ഓട്ടം കണ്ട് ആർത്ത് ചിരിക്കുന്നത് പോലെ തോന്നി.
നിഷ്കളങ്കേശ്വര
ക്ഷേത്രം
പ്രകൃതി തന്നെ സമയക്രമം ഏര്‍പ്പെടുത്തി
പൂജയും അഭിഷേകവും നടത്തുന്ന ക്ഷേത്രത്തില്‍ കാല കാലനായ കൈലാസേശ്വരനെ വണങ്ങി പാപ
വിമുക്തരായെന്ന സമാധാനത്തോടെ സന്തോഷത്തോടെ
ഞങ്ങള്‍ കരയിലേക്ക് തിരിച്ചു വന്നു. അപ്പോള്‍
നിഷ്കളങ്കതയുടെ നിറമുള്ള വെളുത്ത കടല്‍പക്ഷികള്‍ വെണ്‍ കൊടിക്കൂറകള്‍ പോലെ
ആകാശത്തേക്ക് പറന്നുയര്‍ന്നു കൊണ്ട് ഞങ്ങള്‍ക്ക് യാത്രാ മംഗളങ്ങള്‍ നല്‍കി . ഈ
സമയം കൊണ്ട് ഞങ്ങള്‍ വണങ്ങിയ ശിവലിംഗങ്ങള്‍
ഉണ്ടായിരുന്ന സ്ഥലമാകെയും സമുദ്രജലത്താല്‍
മുങ്ങിപ്പോയിരിക്കാം, പക്ഷേ നിറയെ നീല നിറമുള്ള എണ്ണയൊഴിച്ച വിളക്കില്‍ ഒരു തിരി
കത്തുന്നത് പോലെ മഹാദേവ ചൈതന്യം നിറഞ്ഞ കൊടിയും
സ്തംഭവും മാത്രം കരകാണാക്കടലിനു നടുവില്‍ കെടാവിളക്കായി കത്തി നില്‍ക്കുന്നുണ്ടായിരുന്നു പവിത്രവും മാലിന്യ രഹിതവുമായ നിഷ്കളങ്കേശ്വര ദര്‍ശനത്താല്‍
ആത്മീയതയുടെ ധ്വജങ്ങളുയര്‍ത്തിയ മനസുമായി ഞങ്ങള്‍ ആ തീരത്തോട് വിട പറഞ്ഞു.
ക്ഷേത്ര ദർശനം കഴിഞ്ഞ് തിരികെ ഊണ് കഴിച്ച സ്ഥലത്ത് വന്ന്
ചായ കുടിച്ച് മടക്കയാത്ര തുടങ്ങുന്നതിനു
മുൻപ് എനിക്ക് സൂര്യാഘാതം കൊണ്ടായിരിക്കാം ചെറിയൊരു ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും
,പെട്ടെന്ന് തന്നെ എല്ലാവരുടെയും പരിചരണത്തിലൂടെ അത് ശരിയാവുകയും ചെയ്തു.
ഈയൊരു ക്ഷേത്ര ദർശനം മാത്രമായിരുന്നു
അന്നത്തെ ഒരു ദിവസത്തെ പരിപാടി. അതിന്‍റെ ഒരു പ്രധാന കാരണമായി തോന്നിയത് ഗുജറാത്തിലെ
സഞ്ചാരത്തിന് ഏർപ്പെടുത്തിയിരുന്ന ബസിന്‍റെ പോരായ്മ തന്നെ ആയിരുന്നു . 100 കി മീ വേഗത വരെ അനുവദനീയമായിരുന്ന നല്ല
ഒന്നാംതരം ഹൈവേയിൽ പോലും 55 കി മീ സ്പീഡിനപ്പുറം അതിന് പോകാൻ കഴിഞ്ഞിരുന്നില്ല. നാല്
മണിക്കൂർ കൊണ്ട് എത്താവുന്ന ഒരു സ്ഥലത്ത്
ആറും ഏഴും മണിക്കൂർ എടുത്താണ് ബസ് എത്തിയിരുന്നത് . കൂടുതൽ സമയം ബസ് യാത്രയും ,കുറച്ചു സമയം നിശ്ചിത സ്ഥലത്തെ കാഴ്ച
കാണലും ഇതെല്ലാം കഴിഞ്ഞ് പലപ്പോഴും വളരെ വൈകിയായിരിക്കും താമസ സ്ഥലത്ത്
എത്തിച്ചേരുന്നതും . അത് പലപ്പോഴും മടുപ്പും, ക്ഷീണവും ,സമയ നഷ്ടവും
ഉണ്ടാക്കിയിരുന്നു എന്ന് പറയാതെ വയ്യ .
ക്ഷേത്ര ദർശനം കഴിഞ്ഞ് നാലരയോടെ താമസിക്കാൻ ബുക്ക് ചെയ്തിരുന്ന ഹോട്ടലിലേക്ക് മടങ്ങി
. “ഇസ്കോൺ ദി ഫേൺ” എന്ന ആ ഹോട്ടൽ വളരെ അടുത്തു തന്നെയായിരുന്നതിനാൽ വൈകുന്നേരം
അഞ്ചര മണിയോടെ അവിടെയെത്തി വിശ്രമിക്കാൻ
കഴിഞ്ഞു . വളരെ നല്ല നിലവാരവുമുള്ള ഒരു ഹോട്ടലായിരുന്നു അത്. രാത്രി
ഭക്ഷണവും കഴിഞ്ഞ് വിശ്രമിച്ച ഞങ്ങൾ പിറ്റേ ദിവസം പതിവു പോലെ സാത്വിക്കിന്‍റെ അറിയിപ്പുകൾക്കനുസരിച്ച് രാവിലെ എട്ട് മണിയോടെ ചെക്ക് ഔട്ട് ചെയ്യാൻ തയ്യാറായി
ലോബിയിലെത്തി.
നല്ല തണുത്ത പ്രഭാതമായിരുന്നു
ലോബിയിലെത്തിയ ഞങ്ങളെ വരവേറ്റത്. മഹാദേവ കൃപയാല്‍ സ്വസ്ഥമായ മനസ്സോടെ ചിന്താ
രഹിതരായി ഉറങ്ങിയെഴുന്നേറ്റപ്പോള്‍ മനസിനും ശരീരത്തിനും നല്ല ഉണര്‍വ്വും
നവയൌവ്വനവും ലഭിച്ച പ്രതീതിയായിരുന്നു . അന്തിയുറങ്ങിയ “ദി ഇസ്കോൺ ക്ലബ് ആന്‍റ് റിസ്സോർട്ട് (ഇസ്കോൺ ദി ഫേൺ )” എന്ന മനോഹരമായ ഹോട്ടലിൽ നിന്ന് ചൂടുള്ള പ്രഭാത
ഭക്ഷണവും കഴിച്ച് പരിസരമൊക്കെ ഒന്നു കാണുവാനായി പുറത്തേക്കിറങ്ങിയപ്പോൾ വളരെ
സന്തോഷമാണ് തോന്നിയത്. വളരെ വിശാലമായ ഒരു പ്രദേശത്ത് നല്ല ഭാവനയോടെ രൂപകൽപ്പന
ചെയ്ത ആർച്ചുകളും ഉദ്യാനങ്ങളും കമനീയാകൃതിയില്‍ വളർന്നു നിന്ന മരങ്ങളും,നികുഞ്ഞ്ജങ്ങളും എല്ലാം
കൂടി ആ ഹോട്ടൽ സമുച്ചയത്തിന് ഒരു പ്രത്യേക ദൃശ്യ ചാരുത നൽകിയിരുന്നതായി തോന്നി. ഹരേ കൃഷ്ണ പ്രസ്ഥാനമായ
ഇസ്കോണുമായി(ISKON) ഇതിന് ബന്ധമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.(ഇത് ISCON ആണ് ,സ്പെല്ലിംഗ് ശ്രദ്ധിച്ചാൽ
അറിയാം).
ഹോട്ടൽ ഇസ്കോൺ ദി
ഫേൺ
നാലാം ദിവസത്തെ ഞങ്ങളുടെ ലക്ഷ്യ സ്ഥാനം
ഇന്ത്യയിൽ മൃഗ രാജന്മാരായ സിംഹങ്ങൾ സ്വൈര
വിഹാരം നടത്തുന്ന ഒരേയൊരു വനമായ ദേവാലിയ പാർക്ക് എന്ന ഗീർ വനവും, ദ്വാദശ (12)
ജ്യോതിർ ലിംഗങ്ങളിൽ മുഖ്യ സ്ഥാനമുള്ള അതി പുരാതനമായ “സോമ നാഥ” ക്ഷേത്രവും കാണുക എന്നതായിരുന്നു . ഭവനഗറിൽ
നിന്ന് പ്രഭാത ഗീതത്തിന് ശേഷം തുടങ്ങിയ ദേവാലിയ
പാർക്കിലേക്കുള്ള യാത്രയും വളരെ
ദൈർഘ്യമേറിയതായിരുന്നു ഏഴെട്ട് മണിക്കൂർ നീണ്ട ആ യാത്രയും കൃഷിപ്പാടങ്ങൾക്ക് നടുവിലൂടെയായിരുന്നു. 11
മണിക്കുള്ള പതിവ് ബ്രേക്ക് എടുത്തത്തിന് ശേഷം സാത്വിക് ബസിൽ കുറേ അടിപൊളി
പാട്ടുകളിടുകയും എല്ലാവരും പ്രായം മറന്ന് ബസിനുള്ളിൽ ചുവടു വച്ച് നൃത്തം വയ്ക്കുകയും
ചെയ്തതോടെ യാത്രയുടെ മുഷിപ്പ്
മാറിക്കിട്ടി. ഒന്നര മണി കഴിഞ്ഞ് ഒരു സ്ഥലത്തിറങ്ങി ഉച്ച ഭക്ഷണം കഴിച്ചു. അതിന്
ശേഷമുള്ള യാത്രയിൽ തേക്കിൻ തോട്ടങ്ങളും, മാന്തോപ്പുകളുമായിരുന്നു വഴിയോര കാഴ്ചകൾ .
ഇടയ്ക്ക് നമ്മുടെ മാത്രം സ്വന്തമെന്ന്
അഭിമാനിച്ചിരുന്ന കേര വൃക്ഷങ്ങളെയും കണ്ടു. ഒരു നദിയ്ക്ക് കുറുകെയുള്ള പാലം കടന്നു
ചെന്നു കഴിഞ്ഞപ്പോൾ ഉണങ്ങി വരണ്ട ചെറിയ
വനപ്രദേശത്ത് കൂടിയായി യാത്ര. വഴിവക്കിൽ ഒരിടത്ത് ഭയന്നോടി വന്ന ഒരു പുള്ളിമാന്‍ കുഞ്ഞിനെ കണ്ടു.
ഏകദേശം നാലു മണിയോടെ ഞങ്ങൾ ഗിർ ഇന്‍റര്‍പ്രട്ടേഷന്‍ സോണിലേക്ക് പ്രവേശിച്ചു. ( Gir interpretation Zone ).
ഗീർ വനങ്ങൾ
ഭാരതത്തിൽ സിംഹങ്ങളുള്ള ഒരേയൊരു വനം
ഗുജറാത്തിലെ ഗീർ വനങ്ങളാണെന്ന് നമ്മൾ പഠിച്ചിട്ടുള്ളതാണല്ലോ . 412 ഹെക്ടർ വ്യാപിച്ചു കിടക്കുന്ന ഗീർ വനാന്തരങ്ങളിൽ സ്വൈര
വിഹാരം നടത്തുന്ന ഏഷ്യാറ്റിക് സിംഹങ്ങൾ ,പുള്ളിപ്പുലി ,പുള്ളിമാൻ, നീൽ ഗായ്, കരടികൾ,ഗോൾഡൻ ജക്കാൾ ,വംശ നാശ ഭീഷണി നേരിടുന്ന വൾച്ചറുകൾ,പലയിനം പക്ഷികൾ എന്നിവയാണുള്ളത്
.അവയെ കാണുന്നതിനായി മൂന്നു സഫാരി ഗേറ്റുകളാണുള്ളതെന്ന് വന സഞ്ചാരികളുടെ
വ്ളോഗുകളിൽ പറഞ്ഞ് കേട്ടിട്ടുണ്ട് . ഭാഗ്യമുണ്ടെങ്കിൽ മാത്രമേ വന്യ ജീവികളെ അവരുടെ തനതായ ആവാസ വ്യവസ്ഥയിൽ വച്ച് നമുക്ക്
കാണാൻ അവസരം ലഭിക്കുകയുള്ളൂ എന്ന് പല പരിപാടികളിലൂടെയും കണ്ട്
മനസ്സിലാക്കിയിട്ടുണ്ട്.എങ്കിലും പ്രതീക്ഷിക്കുന്നതിന് നമുക്ക് രൂപ ചിലവില്ലല്ലോ
...പ്രധാനമായും മൃഗരാജ ദര്‍ശനമാണല്ലോ ഗീര്‍ വനത്തില്‍ നാം കാംക്ഷിക്കുക , കടുവ,പുലി
കരടി ഇവയെയൊക്കെ നമ്മുടെ കാടുകളിലും പോയി കാണാമല്ലോ എന്നായിരുന്നു മനസ്സില്‍ !
പാർക്കിങ്ങിന് അനുവദിച്ചിരുന്ന സ്ഥലത്ത്
ഞങ്ങളുടെ ബസ് നിർത്തി. സിംഹങ്ങളുടെ വലിയ ശിൽപ്പങ്ങൾ നിര്‍മ്മിച്ചു വച്ചിരുന്ന ഒരു വലിയ
ആർച്ചിനുള്ളിലൂടെ ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചപ്പോൾ പണ്ട് സാമൂഹ്യ പാഠം പുസ്തകത്തിൽ ഗീർ വനങ്ങളെ
കുറിച്ച് പഠിച്ച പാഠങ്ങൾ ഓർത്തു പോയി .
ദേവാലിയ പാര്‍ക്കിലേക്കുള്ള കവാടം
ആര്‍ച്ചിനുള്ളിലെ
കാഴ്ചകള്‍ കണ്ടു നിന്നപ്പോഴേക്കും സഫാരിയ്ക്ക് പോകാനുള്ള ടിക്കറ്റും പാസും ഒക്കെയായി ടൂര്‍
മാനേജര്‍ സാത്വിക് എത്തി . തുറന്നതും പകുതി തുറന്നതുമായ പച്ച സഫാരി
വാഹനങ്ങളുടെയും വലിയ ബസുകളുടെയും ഒരു നിര
തന്നെ അവിടെ സഞ്ചാരികളെ കാത്ത് കിടപ്പുണ്ടായിരുന്നു . അതില്‍ ഞങ്ങളുടെ വന സഞ്ചാരത്തിനായി അനുവദിച്ചു കിട്ടിയ ബസിനുള്ളില്‍
എല്ലാവരും കയറി ഇരിപ്പുറപ്പിച്ചു. നല്ല ഉറപ്പും
കട്ടിയുമുള്ള ഗ്ലാസ് കൊണ്ട് ബസിന്‍റെ വശങ്ങള്‍ സുരക്ഷിതമാക്കിയിരുന്നു .എങ്കിലും സിംഹമെങ്ങാന്‍ ചാടി വീണാല്‍ എന്തു
ചെയ്യണമെന്നൊക്കെ ആലോചിച്ചിരിക്കുമ്പോഴായിരുന്നു “ഡ്രൈവർ സിംഹം” വന്ന് പ്ലാസ്റ്റിക്ക് വെള്ളക്കുപ്പികളെല്ലാം പുറത്ത്
കളയണമെന്ന് ഗര്‍ജ്ജിച്ചത് . നല്ല കാര്യമാണ്, വനങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ഇടാതിരിക്കാൻ
വേണ്ടിയാണ് അങ്ങനെയൊരു നിയമം വച്ചിരിക്കുന്നത് ,എന്നിട്ടും എത്രയൊക്കെ
ബോധവത്കരിച്ചാലും യാതൊരു ബോധവുമില്ലാതെ വാഹനങ്ങളിലിരുന്നു വനങ്ങളിലേക്ക്
പ്ലാസ്റ്റിക്ക് വലിച്ചെറിയുന്ന ആളുകളെ എപ്പോഴും കാണാം .ഇതിനൊക്കെ കര്‍ശനമായ
നിയമവും ശിക്ഷയും അത്യാവശ്യമാണ് .എന്നാലും ഗീര്‍ സഫാരി ബസ് ഡ്രൈവറുടെ സംസാര രീതി കേട്ടപ്പോൾ അയാളെപ്പിടിച്ച് സിംഹത്തിനിട്ടു കൊടുക്കാനാണ്
തോന്നിയത് .
ഗീര്‍ വനത്തിന്‍റെ ചെറിയൊരു ഭാഗം മാത്രം ഒരു "ഓപ്പണ്‍ സൂ" പോലെ വേലി കെട്ടി തിരിച്ച് അതില്‍ കുറേ മൃഗങ്ങളെ പിടിച്ചു കൊണ്ടിട്ട് സന്ദര്‍ശകരെ തൃപ്തിപ്പെടുത്തുന്നതായിട്ടാണ് അനുഭവത്തില്‍ നിന്ന് മനസ്സിലായത് . അടിക്കാടുകള്‍
ഇല്ലാത്തതിനാല്‍ വനങ്ങള്‍ തീരെ ഹരിതാഭമായിരുന്നില്ല കൊയ്ത്തും മെതിയും കഴിഞ്ഞ്
മുറ്റത്ത് വൈക്കോല്‍ ഉണക്കാനിടുന്നത് പോലെ
സിംഹത്തിന്‍റെ നിറത്തിലുള്ള ഉണക്കപ്പുല്ല്
വനത്തിലാകെ നിരന്നു കിടന്നിരുന്നു.
അവിടവിടെ മൃഗങ്ങള്‍ക്ക് ദാഹമകറ്റാനായി നിര്‍മ്മിച്ച കൃത്രിമ ജലാശയങ്ങളും
കാണാമായിരുന്നു ഉണങ്ങിയ കൊമ്പുകളുള്ള ഇടത്തരം
വൃക്ഷങ്ങളല്ലാതെ നമ്മുടെ വനങ്ങളിലേത് പോലെ വന്മരങ്ങള്‍ ഒന്നും തന്നെ അവിടെ
കണ്ടില്ല .
ദേവാലിയ പാര്‍ക്ക് ( ഗീര്‍ വനം )
ഇര പിടിക്കാനിരിക്കുന്ന പുലികളെപ്പോലെ വളരെ പ്രതീക്ഷയോടെ വനത്തിലേക്ക് മിഴികള്‍ പാകി ഇരുന്ന ഞങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വന്നു. ബസിൽ കയറിയ ഞങ്ങളെ സഫാരി എന്നും പറഞ്ഞ് ചുമ്മാതെ കൊണ്ടു പോയി കറക്കി അര മണിക്കൂർ പോലും എടുത്തില്ല തിരിച്ചു കൊണ്ടിറക്കി . ടിക്കറ്റെടുത്ത് ഇത്രയും വലിയ ഒരു വനത്തിൽ മൃഗങ്ങളെ കാണാൻ വരുമ്പോൾ മിനിമം ഒരു അര മണിക്കൂറെങ്കിലും സമാധാനമായി കൊണ്ടു പോയി കാഴ്ചകൾ കാണിച്ച് തരേണ്ടതല്ലേ ? സാധാരണ വനങ്ങൾക്കുള്ളിലെ സഫാരികളിൽ അവിടെയുള്ള മൃഗങ്ങൾക്ക് ശല്യമുണ്ടാകാതെ എന്നാൽ സന്ദർശകർക്ക് പരമാവധി അവരെ കാണാനും ഫോട്ടോ എടുക്കാനുമുള്ള എല്ലാ സഹായ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. പക്ഷേ ഒരു നീൽ ഗായിനെ വഴിയിൽ കണ്ടിട്ട് ഫോട്ടോ എടുക്കാൻ പോലും സമ്മതിക്കാതെ ഡ്രൈവർ വാഹനം ഓടിച്ചു പോകുകയാണുണ്ടായത് . മുന്നിൽ പൊയ്ക്കൊണ്ടിരുന്ന പല വാഹനങ്ങളും മൃഗങ്ങളെ കണ്ടപ്പോൾ സഞ്ചാരികൾക്ക് വണ്ടി നിർത്തി കാണിച്ചു കൊടുക്കുകയും ഫോട്ടോ എടുക്കാൻ സൗകര്യമുള്ള സ്ഥലത്ത് നിർത്തിക്കൊടുക്കുകയും ചെയ്തപ്പോൾ ഇയാൾ അവരുടെ പിറകെ ഓട്ടപ്പാച്ചിലായിരുന്നു . ഒരിടത്ത് മലർന്ന് കിടന്നുറങ്ങിയ രണ്ട് ആൺ സിംഹങ്ങളെയും, മറ്റൊരിടത്ത് മരത്തിലും പാറമേലും കിടന്നിരുന്ന പുള്ളിപ്പുലികളെയും ഭാഗ്യം കൊണ്ടാണ് കാണാൻ പറ്റിയത് . കാട്ടിൽ പലയിടത്തും മൃഗങ്ങളെ കണ്ട് മറ്റ് വാഹനങ്ങൾ നിർത്തിയിട്ടിരുന്നപ്പോൾ ഏറ്റവും പിറകിലായി ,അതായത് ഒരു നാലഞ്ച് വണ്ടികൾക്ക് പിന്നിലായി ബസ് നിർത്തിയിട്ടിട്ട് അവർ മുന്നോട്ട് നീങ്ങുമ്പോള്‍ അവരുടെ പിറകെ ഇയാള്‍ ബസ് വിട്ട് പോകുകയാണുണ്ടായത് . ഇങ്ങനെയായാൽ എങ്ങിനെ വനത്തിലെ മൃഗങ്ങളെ കാണും ? ഇത്രയും യാത്ര ചെയ്ത് വലിയ പ്രതീക്ഷയോടെ ചെല്ലുന്ന സന്ദർശകർക്ക് എത്ര വിഷമവും നിരാശയുമാണ് ഇത് കൊണ്ട് ഉണ്ടാവുക എന്ന് ആർക്കും ഊഹിക്കാവുന്നതേ ഉള്ളൂ . വെറുതെ വഴിപാട് ചെയ്യുന്നത് പോലെ ,ഇങ്ങനെ കൊണ്ടു പോയിട്ട് ആർക്കെന്ത് പ്രയോജനം ??ആരെന്ത് കണ്ടാലും ഇല്ലെങ്കിലും ജീവനക്കാര്‍ക്ക് കിട്ടാനുള്ളത് കിട്ടുമല്ലോ , ഗീർ വനം എന്ന് പറയാനാകില്ല , ദേവാലിയ പാര്‍ക്ക് സന്ദർശനം തീർത്തും നിരാശാ ജനകം തന്നെയായിരുന്നു എന്ന് വളരെ ദു:ഖത്തോടെ പറയട്ടെ . എങ്ങനെയോ സിംഹത്തിന്‍റെയും ,പുലികളുടെയും ഒന്നു രണ്ടു ഫോട്ടോകൾ എടുത്തെങ്കിലും ഒട്ടും ശരിയായില്ല , അവരെ അതിൽ വ്യക്തമായി കാണാൻ സാധിക്കില്ലെന്നതാണ് സത്യം ! ഞാനാണെങ്കിൽ പറ്റിയാൽ നല്ലൊരു സിംഹത്തിനൊപ്പം സെൽഫി എടുക്കണമെന്ന് തീരുമാനിച്ചു കൊണ്ടായിരുന്നു നാട്ടിൽ നിന്ന് പോയത് തന്നെ!!!
മൃഗരാജ നിദ്ര
പുള്ളിപ്പുലികള്‍
ഗീർ കാഴ്ചകൾ അവസാനിപ്പിച്ചു കൊണ്ട് ഞങ്ങൾ സോമനാഥ ക്ഷേത്ര ദർശനത്തിനായി യാത്ര പുനരാരംഭിച്ചു .
ഗീര്‍ വന പ്രതീക്ഷകള്‍ അസ്തമിച്ചതില്‍ സങ്കടം തോന്നിയെങ്കിലും തിങ്കള്‍ കലാ മൗലിയായ സോമനാഥ ദര്‍ശനമെന്ന പൂന്തിങ്കള്‍ മനസ്സില്‍ പൂനിലാവായ് പെയ്തു കൊണ്ട് ഉദിച്ചുയര്‍ന്നപ്പോള്‍ അവാച്യമായ ആനന്ദാനുഭൂതിയാല്‍ ഉള്ളം തുടി കൊട്ടിത്തുടങ്ങി . കാലം മായ്ച്ചു കളയാത്ത അനുഭവങ്ങള്‍ ഒന്നുമില്ലെന്നും, ക്ഷണികമായ ഈ ജീവിതത്തില്‍ സുഖ ദു:ഖങ്ങള്‍ എല്ലാം തോന്നലുകളാണെന്നും, ഈ ലോകം തന്നെ മിഥ്യയാണെന്നും, നിത്യമായ യാതൊന്നുണ്ടോ അത് കളങ്കമില്ലാത്ത പരമാത്മാവ് മാത്രമാണെന്നും നിഷ്കളങ്കേശ്വര ദര്‍ശനം നമ്മെ ഓര്‍മ്മിപ്പിച്ചിരുന്നതാണല്ലോ...അതു കൊണ്ട് അറിവുള്ളവര്‍ അനുശോചിക്കരുതെന്ന ഗീതാ വാക്യം ഓര്‍ത്തു കൊണ്ട് യാത്ര തുടര്‍ന്നു .
അസ്തമന
സൂര്യന്‍റെ ചുവന്ന കിരണങ്ങളേറ്റ്
തിളങ്ങിക്കിടക്കുന്ന പാടങ്ങളും, അവയ്ക്കിടയിലൂടെ ഏതോ അജ്ഞാത ഗ്രാമങ്ങളിലേക്ക്
നീളുന്ന പാട വരമ്പുകളും ,പണി കഴിഞ്ഞ്
ട്രാക്ടറിൽ മടങ്ങുന്ന ഗ്രാമീണരും എല്ലാം ചേർന്ന ഗ്രാമീണ വഴികളിലൂടെയുള്ള യാത്ര,
ഏതോ കഴിഞ്ഞു പോയ നല്ല കാലങ്ങളുടെ ഓർമ്മകളാണ് എനിക്ക് സമ്മാനിച്ചത്. എരിക്കിൻ ചെടികൾ
പൂത്തു നിന്ന വഴിയരികുകളിൽ ചെറിയ ചായക്കടകളുടെ മുറ്റത്ത് ഇട്ടിരുന്ന കട്ടിലിൽ ചായ നുണഞ്ഞ് ആളുകൾ വർത്തമാനം
പറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ നമ്മുടെ നാടിന് എന്നോ നഷ്ടപ്പെട്ട ഭൂതകാലമാണ് ഓർമ്മ
വന്നത്. പാവപ്പെട്ട ഗ്രാമീണരായിരുന്നത് കൊണ്ടാകാം അവരാരും ഫോണിൽ തോണ്ടുന്നതായി
കണ്ടില്ല. അവര്‍ക്ക് ഒരു പക്ഷേ സമ്പത്ത് കുറവായിരിക്കാം എങ്കിലും മറ്റുള്ളവരോട്
സംസാരിക്കാന്‍ പറ്റാത്ത അത്ര തിരക്കുകളോ സമാധാനക്കുറവോ ഉള്ളതായി തോന്നിയില്ല .അതി
നൂതന സൗകര്യങ്ങള്‍ എത്തിപ്പെടുന്നതിനു മുന്‍പ് നമ്മുടെ നാടും ഇതു പോലെ
തന്നെയായിരുന്നു .സമീപ ഭാവിയില്‍ ഈ ഗ്രാമങ്ങളും തിരക്കുകളുടെ കുത്തൊഴുക്കില്‍
പെട്ടു പോകുന്ന കാര്യം ആലോചിച്ചിരിക്കുന്നതിനിടയിൽ ബസ് പെട്ടെന്ന് നിര്‍ത്തി .ഞങ്ങള്‍ക്ക്
ഒരു “ഗേറ്റട” കിട്ടിയിരിക്കുന്നു ,എന്ന്
വച്ചാൽ തിന്നുന്ന ‘അട’ അല്ല ട്രെയിൻ പോകാൻ വേണ്ടി ഗേറ്റടച്ച് കുറച്ചു സമയം കിടക്കേണ്ടി വന്നു എന്ന് മാത്രം . ഏതായാലും ഏഴു മണിയ്ക്ക് മുന്‍പായി
ഞങ്ങൾ സോമനാഥ് ക്ഷേത്ര പരിസരത്തെത്തി . ബസ് പാർക്ക് ചെയ്ത സ്ഥലത്ത് നിന്നും ഏകദേശം
ഒന്നര കിലോമീറ്റർ നടന്നു വേണമായിരുന്നു ക്ഷേത്രത്തിലെത്താൻ .ദര്‍ശനത്തിന്
പോകുമ്പോള്‍ ഫോണും ,ബാഗും ഒന്നും കൊണ്ടു
പോകാൻ പാടില്ലാത്തത് കൊണ്ട് എല്ലാം ബസിൽ വച്ചിട്ട് ചാണകം മണക്കുന്ന
വൃത്തിയില്ലാത്ത വഴികളിലൂടെ ഞങ്ങൾ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു. “സോമനാഥന്‍” എന്ന ഒരേയൊരു സാഗരം ലക്ഷ്യമാക്കി പല
വഴികളിലൂടെ ചെറു നദികളായി അനുസ്യൂതം ഒഴുകിയെത്തിയ ജന സഹസ്രങ്ങള്‍ വിശാലമായ വീഥികളിലെത്തി വലിയ നദിയായി
പരിണമിച്ച് മഹാദേവനില്‍ ലയിച്ചു ചേരുന്ന അഭൌമമായ കാഴ്ചയായിരുന്നു മുന്നില്‍. ചന്ദന
നിറമുള്ള കല്ലു കൊണ്ട് നിർമ്മിച്ച ക്ഷേത്രം വൈദ്യുത ദീപങ്ങളുടെ പ്രഭയിൽ ദൂരെ
നിന്ന് തന്നെ കാണാമായിരുന്നു. ഓരോ കാല്‍ വയ്പ്പിലും ഉരുവിട്ടിരുന്ന നമ: ശിവായ
മന്ത്രം അതി കഠിനമായ തണുപ്പിനെ ചെറുക്കാനുള്ള കരുത്ത് നല്‍കി ശരീരത്തിന്
പ്രത്യേകമായ ഊര്‍ജ്ജം പകര്‍ന്നു തന്നു.
സോമ നാഥ ക്ഷേത്രം
അറബിക്കടലിലെ തിരമാലകൾ
അനുനിമിഷം ഓടിയെത്തി വന്ദിച്ചു കൊണ്ടിരിക്കുന്ന ഗുജറാത്തിലെ പ്രഭാസ തീർത്ഥത്തിൽ
സ്ഥിതി ചെയ്യുന്ന അതി പുരാതന ക്ഷേത്രമാണ്
സോമനാഥ ക്ഷേത്രം. 12 ജ്യോതിർ ലിംഗങ്ങളിൽ മുഖ്യ സ്ഥാനമുള്ള ഈ ക്ഷേത്രം സത്യ യുഗത്തിൽ സോമനാൽ അതായത് ചന്ദ്രനാൽ സ്വർണ്ണം കൊണ്ട് നിർമ്മിക്കപ്പെട്ടുവെന്ന്
പറയപ്പെടുന്നു. ത്രേതാ യുഗത്തിൽ ശിവ ഭക്തനായ രാവണൻ വെള്ളി കൊണ്ടും ,ദ്വാപര
യുഗത്തിൽ ഭഗവാൻ കൃഷ്ണൻ ചന്ദനത്തടി കൊണ്ടും,കലിയുഗത്തിൽ ഭീമസേനൻ ഗോതമ്പ് നിറമുള്ള കല്ല്
കൊണ്ടും ഈ ക്ഷേത്രം നിർമ്മിച്ചുവെന്നാണ്
ഐതീഹ്യം . ഹിന്ദു പുരാണ പ്രകാരം ദക്ഷ പ്രജാപതിയുടെ 27 മക്കളായ നക്ഷത്രങ്ങളെയാണ്
ചന്ദ്രൻ വിവാഹം കഴിച്ചത്. അതിൽ രോഹിണി നക്ഷത്രത്തോട് മാത്രം ചന്ദ്രന് അൽപ്പം
അടുപ്പം കൂടിയത് മറ്റ് ഭാര്യമാർക്ക് ഇഷ്ടപ്പെടാതെ വരികയും അവർ അത് പിതാവായ ദക്ഷനോട്
പറയുകയും ചെയ്തു . അതു കേട്ട് കോപിഷ്ഠനായ
ദക്ഷൻ, ചന്ദ്രന്‍റെ പ്രകാശം ക്ഷയിക്കട്ടെ എന്ന് ശപിക്കുകയും ചെയ്തു. ചന്ദ്രൻ തന്‍റെ സങ്കടം ദേവദേവനായ ശിവനെ അറിയിച്ചു . വൃദ്ധി ക്ഷയങ്ങൾ പ്രകൃതി നിയമമാണെന്നും ,
ക്ഷയമില്ലാത്തതായി ലോകത്തിൽ ഒന്നുമില്ലെന്നും അതിനാൽ ഭയപ്പെടേണ്ടെന്നും വീണ്ടും
പ്രാകാശം ഉണ്ടായിക്കൊളളുമെന്നും ചന്ദ്രക്കലാധരനായ ദേവൻ ചന്ദ്രനെ ആശ്വസിപ്പിച്ചു.
പൌർണ്ണമി ,അമാവാസി കാലങ്ങളിൽ ഈ വൃദ്ധി ക്ഷയങ്ങൾ നമ്മൾ സ്ഥിരം കാണുന്നതാണല്ലോ. .അങ്ങനെ സോമൻ തന്‍റെ നാഥനായ മഹേശ്വരനെ ഭജിക്കാൻ
വേണ്ടി ഈ ക്ഷേത്രം നിർമ്മിക്കുകയും ഇതിന് സോമനാഥ ക്ഷേത്രമെന്ന് പേരു വരികയും
ചെയ്തു.
17 തവണ
ആക്രമിക്കപ്പെട്ടിട്ടും ഓരോ തവണയും ആകാശത്തോളം ഉയർന്ന ഈ മഹാ ക്ഷേത്രം ഇന്നേക്ക്
ആയിരം വർഷം മുൻപാണ് മുഹമ്മൂദ് ഗസ്നി ആക്രമിച്ചത്, അല്ലാവൂദീൻ
ഖിൽജി മുസാഫിർ ഷാ തുടങ്ങി ഔറംഗ സേബ് വരെയുള്ളവർ പല തവണ ക്ഷേത്രം
നശിപ്പിച്ചെങ്കിലും അപ്പോഴെല്ലാം അത് പുനർ നിർമ്മിക്കപ്പെട്ടു. 1783 ൽ റാണി അഹല്യ,
ക്ഷേത്രം വീണ്ടും പുതുക്കി നിർമ്മിച്ചു. താഴെയും
മുകളിലുമുള്ള കാന്തിക ശക്തിയാൽ ഭൂമിയിലും മുകളിലും തൊടാതെ നിൽക്കുന്ന ഒരു അത്ഭുത
ശിവലിംഗമാണ് ഇവിടെയുള്ളത്. സങ്കീർണ്ണമായ കൊത്തുപണികളുള്ള ക്ഷേത്ര മുറ്റത്ത് തെക്കോട്ട് ചൂണ്ടി നിൽക്കുന്ന ഒരു ഫലകമുണ്ട്, ആ
ദിശയിൽ പിന്നെ അന്റാർട്ടിക്ക വരെ കര ഇല്ലെന്നാണ് അതു കൊണ്ട് അർത്ഥമാക്കുന്നത്,അന്തമില്ലാത്ത
സമുദ്രം മാത്രം. അതി നൂതന സാങ്കേതിക വിദ്യകൾ ഒന്നുമില്ലാതിരുന്ന പഴയ കാലത്ത് ഇതൊക്കെ എങ്ങനെ നമ്മുടെ പൂർവ്വികർ അറിഞ്ഞു ??..
അതാണ് ചിന്തിക്കേണ്ട വിഷയം . ശാസ്ത്രം
മുന്നേറി എന്ന് പറയുന്നതിന് ഒക്കെ എത്രയോ പണ്ട്
ഭാരതത്തിലെ ഋഷീശ്വരന്മാർക്ക് ഇതെല്ലാം അറിവുള്ളതായിരുന്നു എന്നതിന് എത്രയോ
ഉദാഹരണങ്ങളുണ്ട് !! പക്ഷേ പിൻഗാമികൾ അത് വേണ്ട വിധത്തിൽ പഠിച്ചില്ല
പ്രയോജനപ്പെടുത്തിയില്ല എന്നതാണ്
സങ്കടകരമായ വസ്തുത.
ഭൂമി ഇരുളിന്‍റെ മൂടുപടം
എടുത്തണിയാൻ തുടങ്ങിയ സന്ധ്യാ സമയം . അതിന് ഒരാവരണം എന്ന പോലെ തണുപ്പും ,തണുപ്പിനെ
ആശ്വസിപ്പിക്കാൻ അറബിക്കടലിൽ നിന്ന് കാറ്റും
കൂടി എത്തിയതോടെ ക്ഷേത്ര ദർശനത്തിനെത്തിയവര്‍ തണുത്തു വിറയ്ക്കാൻ തുടങ്ങി. കൈകൾ
കൂട്ടിപ്പിടിച്ച് ഒന്നും സംസാരിക്കാതെ മഹാദേവനെ തന്നെ മനസ്സില്‍ ധ്യാനിച്ച് മുന്നോട്ട് നടന്നു . ദീപാലങ്കാര പ്രഭയില്‍
കുളിച്ചു നില്‍ക്കുന്ന ക്ഷേത്രത്തെ കുറച്ചകലെ
നിന്ന് നോക്കിയപ്പോള്‍ കുറെ നക്ഷത്രങ്ങൾക്ക് നടുവിൽ തിങ്കൾക്കല
ധരിച്ചു വാനിൽ ഉയർന്നു നിൽക്കുന്ന
മഹാദേവനെ കാണുന്ന ഒരനുഭവമാണ് ഉണ്ടായത് .
കുറച്ചു സമയത്തെ നടപ്പിനൊടുവിൽ ജന സമുദ്രം തിരയടിച്ചു കൊണ്ടിരുന്ന ക്ഷേത്ര പരിസരത്തെത്തി.. ഞങ്ങളുടെ പാദുകങ്ങൾ എല്ലാം കൂടി ഒരു
ചാക്കിനകത്താക്കി സാത്വിക് ഒരു കൌണ്ടറിൽ കൊണ്ട് ഏല്‍പ്പിച്ചു . സുരക്ഷാ പരിശോധനകൾ ഉണ്ടായിരുന്നതിനാൽ
സ്ത്രീ പുരുഷന്മാർ പ്രത്യേകം പ്രത്യേകം വരിയായിട്ടാണ് ക്ഷേത്രത്തിനകത്തേക്ക് കയറിയത്. വളരെ വലിയ തിരക്കായിരുന്നെങ്കിലും ദീപാരാധന നടക്കുകയായിരുന്ന
ആ സമയത്ത് മഹാദേവനെ വന്ദിക്കാൻ സാധിച്ചപ്പോൾ
ഉണ്ടായ ആത്മ നിർവൃതി പറഞ്ഞറിയിക്കാൻ പറ്റിയ വാക്ക് സാമര്‍ത്ഥ്യം എനിക്ക്
ഇല്ല തന്നെ !. തിരക്ക് നിയന്ത്രിക്കാൻ വേണ്ടി ക്ഷേത്ര ജീവനക്കാർ പിടിച്ച് മുന്നോട്ട് തള്ളിയതു കൊണ്ട് ശ്രീകോവിലിൽ മഹാദേവന്‍റെ വിഗ്രഹം മാത്രമേ
നന്നായി കാണാൻ പറ്റിയുള്ളൂ . കൂടുതലായി ഒന്നും ശരിക്ക് കാണാനും,ശ്രദ്ധിക്കാനും മനസ്സിലാക്കാനും സാധിച്ചില്ല. എന്തായാലും അതി പുരാതനമായ ആ ക്ഷേത്ര സങ്കേതത്തിൽ വന്ന് അഗ്നി സ്വരൂപനായ മഹാദേവനെ
ദീപം കൊണ്ട് ആരാധിക്കുന്നത് കാണാന്‍ കഴിഞ്ഞത് തന്നെ ഏറ്റവും ഭാഗ്യമായി കരുതുന്നു. പന്നഗ ഭൂഷണനും, മംഗള മൂര്‍ത്തിയുമായ പരമേശ്വരനെ കണ്ടതിന്‍റെ സന്തോഷം കൊണ്ടോ,
കൂടുതല്‍ നേരം കാണാന്‍ സാധിക്കാഞ്ഞതിന്‍റെ സങ്കടം കൊണ്ടോ എന്‍റെ മിഴികള്‍
ഈറനണിഞ്ഞിരുന്നു .
പുറത്തേക്കിറങ്ങിയപ്പോൾ
കൈലാസത്തിലെത്തിയോ എന്ന് തോന്നും വിധം അതി കഠിനമായ തണുപ്പായിരുന്നു
അനുഭവപ്പെട്ടത്. പോരാത്തതിന് തൊട്ടടുത്ത് അലയടിച്ചു കൊണ്ടിരുന്ന അറേബ്യൻ കടലില്‍ നിന്ന് വീശിയടിച്ചിരുന്ന കാറ്റ് കൂടിയായപ്പോൾ പല്ല് കൂട്ടിയിടിക്കാൻ തുടങ്ങി . എങ്കിലും ശിവ
പഞ്ചാക്ഷരി മന്ത്ര ജപത്തിന്‍റെ ശക്തിയാല്‍ തണുപ്പിന്‍റെ കാഠിന്യം കുറഞ്ഞ് ഊര്‍ജ്ജസ്വലമായി
ധൈര്യ സമേതം മുന്നോട്ട് നടന്നു. . ക്ഷേത്ര മുറ്റത്ത് തെക്കോട്ട് ചൂണ്ടി
നിന്നിരുന്ന ഫലകം കാണാൻ പറ്റിയില്ല, കാരണം അങ്ങിനെയൊരു അത്ഭുത ഫലകം അവിടെയുള്ളതായി
ആരും പറഞ്ഞു കേട്ടിരുന്നില്ല, മാത്രമല്ല കട്ട പിടിച്ച ഇരുട്ടും , മരം കോച്ചുന്ന
തണുപ്പും ,ഇടതിങ്ങിയ ജനക്കൂട്ടവും കാരണം ക്ഷേത്രത്തിന് ചുറ്റും നടന്ന് എല്ലാമൊന്നു
നിരീക്ഷിച്ചു വരാന്‍ സാധിക്കാത്ത അവസ്ഥയുമായിരുന്നു. അതി പുരാതനമായ ഈ ക്ഷേത്രത്തിനെ
പറ്റിയുള്ള ഐതീഹ്യങ്ങളും ,ആക്രമണ പരമ്പരകളും, പുനർ നിർമ്മാണ ചരിത്രങ്ങളും എല്ലാം വിവരിച്ചു
കൊണ്ടുള്ള ഒരു ലേസർ ഷോയുടെ ടിക്കറ്റുകൾ ഞങ്ങള്‍ ചെന്നപ്പോഴേക്കും
കൊടുത്തു കഴിഞ്ഞിരുന്നെങ്കിലും ഭാഗ്യം
കൊണ്ട് അതു കൂടി കാണാനുള്ള അവസരം ലഭിച്ചു.
ചന്ദ്രന്‍റെ ഈ കഥയില്‍
നിന്ന് വൃദ്ധി ക്ഷയങ്ങള്‍ പ്രകൃതി
നിയമമാണെന്ന ഗുണപാഠം ഉള്‍ക്കൊണ്ടാല്‍ ,ചെറിയ
ഉയര്‍ച്ച താഴ്ചകള്‍ വരുമ്പോള്‍ അമിതാഹ്ലാദത്തിനും , കടുത്ത നൈരാശ്യത്തിനും വശം വദരാകാതെ മനോ നിയന്ത്രണം
കൈവരിക്കാന്‍ നമുക്കും സാധിക്കും .
ചിരകാലമായി മനസില്‍ കൊണ്ടു നടന്ന സോമനാഥ ക്ഷേത്ര ദർശനമെന്ന ആഗ്രഹ സഫലീകരണത്താല്‍ പ്രസന്നമായ മനസ്സുമായി ഞങ്ങൾ അന്നത്തെ കാഴ്ചകൾ അവസാനിപ്പിച്ച് സരോവർ പോർട്ടിക്കൊ ഹോട്ടലിലേക്ക് പോയി ആഹാരം കഴിച്ച് വിശ്രമിച്ചു..
ശ്രീകൃഷ്ണ പാദ സ്പര്‍ശനമേറ്റ പുണ്യ ഭൂമി ദ്വാരകയും ,ഗാന്ധിജിയുടെ ജന്മ ഗൃഹവും കാണണ്ടേ ...കൂടെ വരൂ നാലാം ഭാഗത്തിലേക്ക് പോകാം ....






.jpg)
.jpg)
ഈശ്വരൻ നമ്പൂതിരി
മറുപടിഇല്ലാതാക്കൂമൂന്നാം ഭാഗവും ഗംഭീരം തന്നെ. ദിവസവും കടൽ വെള്ളത്താൽ മുങ്ങി പൊങ്ങുന്ന ഒരു ക്ഷേത്രം, അവിടേക്കുള്ള യാത്ര,നിഷ്കളങ്കനായ മഹാദേവനും, എല്ലാത്തിന്റെയും നാഥനായ സോമനാഥനും അനുഗ്രഹ വർഷം ചൊരിയട്ടെ 🙏🙏🙏
ഈശ്വരൻ നമ്പൂതിരി