2026 സെപ്റ്റംബർ 30, ബുധനാഴ്‌ച

 

പൈതൃകത്തിന്റെ പാരമ്യം -അജന്ത- എല്ലോറ

ഭാഗം 1

കാലത്തെ മറികടന്ന അജന്ത ശിൽപ്പങ്ങളും, ശ്രീബുദ്ധ സന്ദേശങ്ങളും

     സംഗീതത്തിന്റെ മാസ്മരികതയും,നൃത്തത്തിന്റെ വശ്യതയും,താള വാദ്യങ്ങളുടെ ഹൃദയത്തുടിപ്പുകളും ഒത്തു ചേർന്ന ബൌദ്ധ ദർശനങ്ങളുടെ അത്യപൂർവ്വ ശിൽപ്പ ദൃശ്യ വിസ്മയ കാഴ്ചകൾ !!! അതേ ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ മകുടോദാഹരണങ്ങളായ അജന്ത ,എല്ലോറ ഗുഹകളെ പറ്റിയാണ് പറഞ്ഞു വരുന്നത്  --- ബോധ മണ്ഡലത്തിന്റെ അഗാധ തലങ്ങളെ സ്പർശിക്കുന്ന ,ജീവൻ തുടിക്കുന്ന ശിലാവസന്തം  വിടർന്നു നിൽക്കുന്ന അജന്തയുടെയും എല്ലോറയുടെയും ഇരുൾ മൂടിയ തണുപ്പുള്ള ഗുഹകളിൽ കഥകൾ മന്ത്രിച്ചു നിൽക്കുന്ന ശിൽപ്പങ്ങളോടൊപ്പം  അൽപ്പ നേരം ചിലവഴിക്കാൻ പോയാലോ !!!

     ലോകത്തെ ആദ്യ പൈതൃക സ്മാരകമായ അജന്തയും രണ്ടാം സ്ഥാനത്തുള്ള എല്ലോറയും, ഭാരതത്തിന്റെ പടിഞ്ഞാറൻ തീരത്തുള്ള മറാത്താ സംസ്ഥാനത്തിന്റെ ശിരസ്സിലെ പൊൻ തൂവലുകളായി പരിലസിക്കുന്നു . ബുദ്ധ ,ജൈന ,ഹിന്ദു മതങ്ങളുടെ ദാർശനിക സന്ദേശങ്ങളും സന്മാർഗ്ഗ ,സദാചാര ഗുണപാഠങ്ങളുടെ കഥകളും  പറയുന്ന ഗുഹാ മുഖങ്ങളിലേക്കുള്ള യാത്ര എത്രയോ നാളായി  കാംക്ഷിച്ചിരുന്ന ഒരു കാര്യമായിരുന്നു . ഏതായാലും ഇപ്പോൾ അതിന് ദൈവഗത്യാ  ഒരവസരം ലഭിച്ചു.

     കൊച്ചി ആസ്ഥാനമായുള്ള “ബെന്നീസ് “എന്ന ടൂർ കമ്പനി നടത്തിയ “അജന്ത, എല്ലോറ” യാത്രയ്ക്കായി പത്തൊൻപത് പേരടങ്ങുന്ന സംഘം നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പതിനാറാം നമ്പർ തൂണിന് സമീപം ഒന്നാം ഓണ ദിവസമായ ഉത്രാടത്തിന് രാവിലെ പത്ത് മണിയോടെ ഒത്തുകൂടി. ടൂർ മാനേജർ “അസർ” ഗ്രൂപ്പ് അംഗങ്ങൾക്ക്   എല്ലാവർക്കും തൊപ്പി വിതരണവും ഒപ്പം ചെക്കിൻ പരിപാടികൾക്കുള്ള നിർദ്ദേശങ്ങളുമായി പരിചയപ്പെടൽ തുടരുമ്പോൾ ഞങ്ങൾ കാഴ്ചകൾ കണ്ടു നടന്നു . എയർപോർട്ട് അങ്കണത്തിലെ ചെടികൾക്ക് നടുവിൽ മഹാബലി കുട ചൂടിക്കൊണ്ട് തിരുവോണത്തിന്റെ വരവറിയിച്ചു  നിൽക്കുന്നത് കാണാമായിരുന്നു . ഓണ സ്മരണകൾ അയവിറക്കിക്കൊണ്ട് മുന്നോട്ട് നടക്കുമ്പോൾ ഇത്തവണ ഗൌതമ ബുദ്ധ ദർശനങ്ങൾ കോറിയിട്ടിരിക്കുന്ന അജന്ത ഗുഹകൾക്ക് സമീപമായിരിക്കുമല്ലോ  ഞങ്ങൾ ഓണം ആഘോഷിക്കുക എന്ന സന്തോഷമായിരുന്നു മനസ്സിൽ . പരമാർത്ഥ സത്യത്തെ മറയ്ക്കുന്ന “മായ” എന്ന മിഥ്യയിൽ നിന്ന് നിത്യമായ സത്യത്തിലേക്ക് പടി കടന്നെത്താൻ ,ബുദ്ധ സന്ദേശങ്ങൾ ലോകർക്ക്  പ്രാപ്തി നൽകട്ടെ എന്നും  അതുവഴി ലോകത്തിൽ ശാന്തിയുടെ പൊൻ പുലരികൾ പുലരട്ടെ എന്നുമായിരുന്നു ആ സമയത്ത് ആത്മാർത്ഥമായി ആഗ്രഹിച്ചത് .

 ബാഗേജ് അയയ്ക്കലും  സെക്യൂരിറ്റി പരിശോധനകളും എല്ലാം പൂർത്തിയാക്കി ഞങ്ങൾ ഗേറ്റിനടുത്ത് സമയമാകാൻ കാത്തിരുന്നു.  പന്ത്രണ്ട് മണിയ്ക്ക് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ  ബാംഗ്ലൂരിൽ ഇറങ്ങിയിട്ട് ,അവിടെ നിന്ന് ഛത്രപതി മഹാരാജ് സംഭാജി നഗറിലേക്കുള്ള  (ഔറംഗാബാദ് ) കണക്ഷൻ ഫ്ലൈറ്റ് വഴിയായിരുന്നു  യാത്ര ക്രമീകരിച്ചിരുന്നത് . അര മണിക്കൂർ വൈകി പുറപ്പെട്ട വിമാനം ഒന്നേ മുക്കാലോടെ  ബാംഗളൂരിലെ “കെമ്പെഗൌഡ ഇന്റർ നാഷണൽ എയർ പോർട്ടിലേക്ക്” ഞങ്ങളെ എത്തിച്ചു . ട്രാവൽ കമ്പനിയുടെ വകയായി ഉച്ച ഭക്ഷണത്തിന് ഒരു തുക എല്ലാവർക്കും ലഭിച്ചു. ഞങ്ങൾ  ലോഞ്ചിൽ നിന്ന് ഉച്ച ഭക്ഷണം കഴിച്ചിട്ട് 3.40 ന് പുറപ്പെടുന്ന അടുത്ത വിമാനത്തിന്റെ പരിശോധനകൾക്കായി മുന്നോട്ട് നീങ്ങി . മുൻപേ തന്നെ പരിചയമുണ്ടായിരുന്ന കൊല്ലം സ്വദേശികളായ പുഷ്പയും ,ഭർത്താവ് മോഹൻ  സാറും യാത്രയിൽ കൂടെ ഉണ്ടായിരുന്നത് ഏറെ സന്തോഷ പ്രദമായ കാര്യമായി തോന്നിയിരുന്നു.

രണ്ടു മണിക്കൂർ നീണ്ട ആ വിമാന യാത്രയിൽ, ഔറംഗസീബ് ,ഷാജഹാൻ, അക്ബർ, തുടങ്ങിയ മുഗൾ ചക്രവർത്തിമാരുടെയും, ഗുപ്ത ,മൌര്യ രാജാക്കന്മാരുടെയും ഭരണ കാലങ്ങളും പരിഷ്ക്കാരങ്ങളും പഠിച്ച കാലങ്ങൾ ഓർത്തു പോയി . മറാത്തയിലെ ഗർജ്ജിക്കുന്ന സിംഹമായിരുന്ന ഛത്രപതി ശിവജിയുടെയും ,മകൻ സംഭാജിയുടെയും ഒളി യുദ്ധങ്ങളും രാജ്യ സ്നേഹവും തുടങ്ങി സ്കൂളിലെ സാമൂഹ്യ പാഠം പുസ്തകത്തിന്റെ താളുകൾ ഓരോന്നായി  മനസ്സിൽ മിന്നി മറഞ്ഞു. അന്നൊന്നും ഈ വീര പുരുഷ കേസരികൾ വിരാജിച്ചു നടന്ന മണ്ണിലേക്ക് വരാൻ സാധിക്കുമെന്ന് ഒരിക്കലും  വിചാരിച്ചിരുന്നില്ല!!

 കുറച്ച് സമയത്തിനകം വിമാനം ലാൻഡ് ചെയ്യുമെന്ന അറിയിപ്പ് വന്നപ്പോൾ ജാലകങ്ങളിലൂടെ പുറത്തേക്ക് നോക്കി. അപ്പോഴും  സോപ്പ് പത പോലെയുള്ള മേഘങ്ങൾക്ക് മുകളിലൂടെ ഒരു കൊതുകിനെ പോലെ മൂളിക്കൊണ്ട് ആ ഇൻഡിഗോ വിമാനം പറക്കുകയായിരുന്നു . താമസിയാതെ നഗരത്തിന്റെ പച്ചപ്പും, കെട്ടിട സമുച്ചയങ്ങളും ദൃശ്യമായി തുടങ്ങി  വൈകുന്നേരം അഞ്ചര മണിയോടെ സംഭാജി നഗർ എയർ പോർട്ടിലേക്ക്  ആ ആകാശയാനം ചിറകു വിരിച്ചിറങ്ങി .  ബാഗുകളെടുക്കാൻ ബെൽറ്റിനടുത്തേക്ക് ചെന്നപ്പോൾ സിംഹാസനസ്ഥനായ സംഭാജി മഹാരാജിന്റെ സുവർണ്ണ നിറത്തിലുള്ള ഗംഭീരമായ പ്രതിമ യാത്രികരെ നോക്കിയിരിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത് .


             സംഭാജി മഹാരാജ് 

വിമാനയാത്ര കഴിഞ്ഞ് ബസിലായി യാത്ര . എല്ലാവരുടെയും ബാഗുകൾ തന്റെ ആമാശയത്തിലേക്ക് കയറ്റിയ ബസ് ,ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച നിരത്തുകളിലൂടെ ഞങ്ങൾക്ക്  ചേക്കേറാനുള്ള “ലെമൺ ട്രീ” ഹോട്ടലിലേക്ക് പതിനെട്ട് മിനിറ്റ് കൊണ്ട് ഓടിയെത്തി . ഹോട്ടൽ ജീവനക്കാർ ലഗ്ഗേജ് എടുക്കുന്ന സമയം കൊണ്ട് ഞങ്ങൾ ,നാരങ്ങ മണക്കുന്ന ലെമൺ ട്രീ ഹോട്ടലിന്റെ സ്വീകരണ ഏരിയയിലെത്തി മുറിയുടെ താക്കോൽ വാങ്ങി നടന്നു. നല്ല വൃത്തിയും വെടിപ്പുമുള്ള  മുറികളായിരുന്നു അവിടത്തേത് . എല്ലാവരും ഒന്ന് ഫ്രഷ് ആയ ശേഷം  രാത്രി ഭക്ഷണം കഴിക്കുവാനായി റെസ്റ്റോറൻറിന് സമീപത്തേക്ക് നടന്നു. നല്ല പ്രസന്നമായ കാലാവസ്ഥയും ,പുഷ്പങ്ങൾ ചൂടിയ വൃക്ഷങ്ങളും, നീല നിറത്തിലുള്ള നീന്തൽ  കുളങ്ങളും, കൃത്രിമ വെള്ളച്ചാട്ടവും എല്ലാം കൂടിച്ചേർന്ന്  ഒരു ഉന്മേഷം തരുന്ന സ്ഥലത്തായിരുന്നു ഭക്ഷണശാല. താത്പര്യമുള്ളവർക്ക് സൈക്കിൾ ചവിട്ടുന്നതിനുള്ള സൌകര്യവും , തുറന്ന സ്ഥലത്തിരുന്നു ഭക്ഷണം കഴിക്കണമെന്നുണ്ടെങ്കിൽ കുളത്തിനരികിലായി കസേരകളും മേശകളും എല്ലാം അവിടെ ക്രമീകരിച്ചിട്ടുണ്ടായിരുന്നു . എത്ര സമയം വേണമെങ്കിലും വെറുതെ ഇരിക്കാൻ  പറ്റിയ ഒരു സ്ഥലം !!!.

                    ലെമൺ ട്രീ ഹോട്ടൽ പൂൾ  


ഗ്രൂപ്പിലുള്ള  രണ്ടു പേരുടെ ജന്മ ദിനമായിരുന്നതിനാൽ അന്നത്തെ  ആദ്യ ചടങ്ങായി കേക്ക് കട്ടിങ്ങും പാട്ടുമായിരുന്നു പരിപാടി. പിന്നീട് ഡിന്നർ കഴിച്ചു . സൂപ്പ് ,റോട്ടി ,പുലാവ്, മസാലക്കറികൾ ,പഴങ്ങൾ ,മധുര പലഹാരങ്ങൾ ,കേക്ക് മുതലായവയായിരുന്നു വിഭവങ്ങൾ. എല്ലാം നല്ല രുചികരമായിരുന്നു. ഭക്ഷണ ശേഷം കുളക്കരയിൽ കുറച്ചു സമയം വർത്തമാനം പറഞ്ഞിരുന്നിട്ട് എല്ലാവരും മുറികളിലേക്ക് പോയി.  ഒരു പകലിന്റെ യാത്രാ ക്ഷീണം മുഴുവൻ കിടക്കയെ ഏൽപ്പിച്ച് ഞങ്ങൾ നന്നായി വിശ്രമിച്ചു.

  പണ്ട് പാഠ പുസ്തകത്തിൽ പഠിച്ചിട്ടുള്ള “അജന്ത ഗുഹകൾ “ എന്ന വിസ്മയം കാണുക എന്നതായിരുന്നു യാത്രയുടെ രണ്ടാം ദിവസമായ തിരുവോണപ്പുലരിയിലെ ആദ്യ പരിപാടി .  അതിനു മുൻപായി എല്ലാവരും പ്രഭാത ഭക്ഷണം കഴിച്ചു . ഇഡ്ഡലി ,ദോശ,സാമ്പാർ,ചട്ണി തുടങ്ങിയ ദക്ഷിണേന്ത്യൻ പലഹാരങ്ങൾക്കൊപ്പം ,ബട്ടൂര പോലെയുള്ള മറ്റനേകം ഉത്തരേന്ത്യൻ വിഭവങ്ങളുമായിരുന്നു ഭക്ഷണശാലയിൽ ഞങ്ങളെ കാത്തിരുന്നത് . ഭക്ഷണ ശേഷം ബസിൽ കയറിയ ഞങ്ങളെ സ്വാഗതം ചെയ്തത് “ആമോദ് “ എന്ന ഗൈഡ് ആയിരുന്നു. അജന്ത എല്ലോറ പോലെ ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം ഉറഞ്ഞു കൂടിയിട്ടുള്ള ഒരു സ്ഥലത്തെ പറ്റി വിശദീകരിക്കാൻ അദ്ദേഹത്തെ പോലെ ഒരാളിനെ കിട്ടിയത് ഞങ്ങളുടെ മഹാഭാഗ്യം എന്ന് ഒറ്റവാക്കിൽ പറയാം. ഇതു പോലെയുള്ള ചരിത്ര വഴികളിൽ വെളിച്ചം പകരാൻ പരിജ്ഞാനമുള്ള ഒരു മഹദ് വ്യക്തിയെ കണ്ടു പിടിച്ച് ഞങ്ങൾക്ക് നല്കാൻ കഠിന പ്രയത്നം ചെയ്ത  “ബെന്നീസിന്” നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ !!!!  എത്ര പ്രശംസിച്ചാലും അധികമാവില്ല !!

ആമോദ്

ഔറംഗാബാദ് സ്വദേശിയായ ആമോദ് ആ പ്രദേശത്തുള്ള  “ഗൈഡുകളുടെ ഗൈഡ്” എന്ന് വിശേഷിപ്പിക്കാവുന്ന ഒരാൾ  മാത്രമല്ല എല്ലാവരാലും ഏറെ ബഹുമാനിക്കപ്പെടുന്ന  ഒരു വ്യക്തിയുമാണ് . അറിവിന്റെ നിറകുടമായ ആ ചെറിയ മനുഷ്യന്റെ ആത്മ വിശ്വാസവും ,ധൈര്യവും, വാക് സാമർത്ഥ്യവും യാത്രയിലുടനീളം ഞങ്ങളെ അതിശയിപ്പിച്ചു എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തി ഇല്ല . മറാഠ സാമ്രാജ്യ ചരിത്രവും മുഗൾ ഭരണവും ,ഗുപ്ത ,മൌര്യ ഭരണ കാലവും ,ബുദ്ധനും, മഹാവീരനും  ,അജന്തയും,എല്ലോറയും , തുടങ്ങി അജന്ത ഗുഹകളിലേക്കുള്ള യാത്രാമദ്ധ്യേ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ പാരവാര സമമാണ് . ചിത്ര,ശില്പ കലകളെ പറ്റി ആഴത്തിൽ പരാമർശിച്ചു കൊണ്ട് അദ്ദേഹം നല്കിയ  ആ പ്രസംഗത്തിന്റെ ഒരംശം പോലും എഴുതി ഫലിപ്പിക്കാൻ എനിക്ക് കഴിവില്ല എന്ന് തുറന്നു പറയട്ടെ . രണ്ട് ദിവസങ്ങൾ  അദ്ദേഹം എത്ര കൃത്യതയോടെയും , ആത്മാർത്ഥതയോടെയുമാണ് അതി സങ്കീർണ്ണമായ ശിൽപ്പ കലയെ പറ്റിയും ,ഗഹനമായ ബുദ്ധ സന്ദേശങ്ങളെ പറ്റിയും ,ചരിത്ര സംഭവങ്ങളെ  കുറിച്ചും വിവരിച്ചു തന്നത് എന്ന് പറഞ്ഞറിയിക്കാൻ വാക്കുകളില്ല ,സത്യം പറഞ്ഞാൽ ഇതിലും വലിയൊരു ഓണസദ്യ വിളമ്പാൻ മറ്റാർക്കെങ്കിലും സാധിക്കുമോ എന്നതാണ് എന്റെ സംശയം ,പക്ഷേ ആ സദ്യ മുഴുവനായി ആസ്വദിച്ച് ദഹിപ്പിച്ചെടുക്കാനുള്ള കെൽപ്പ് എന്റെ മസ്തിഷ്കത്തിന് ഇല്ലായിരുന്നു എന്നതാണ് സത്യം, കൂടെ ഉണ്ടായിരുന്ന ചിലർക്കെങ്കിലും ഇതേ അവസ്ഥ  ഉണ്ടായിക്കാണുമെന്ന് ഞാൻ ഊഹിക്കുന്നു.

     ജൈന ക്ഷേത്രത്തിൽ വിവരണം നൽകുന്ന ഗൈഡ് ആമോദ് 

അജന്ത യാത്രയ്ക്കായി ബസിൽ കയറിയ ഗ്രൂപ്പ് അംഗങ്ങൾ ഓരോരുത്തരായി പേരും സ്വദേശവും ,വഹിച്ചിരുന്ന ഔദ്യോഗിക പദവികളും പറഞ്ഞു സ്വയം പരിചയപ്പെടുത്തി . അതിനു മുൻപ് തന്നെ ആമോദ് സ്വയം പരിചയപ്പെടുത്തി കഴിഞ്ഞിരുന്നു. തുടർന്ന് ഏകദേശം  100 കിലോമീറ്റർ  അകലെ സ്ഥിതി ചെയ്യുന്ന അജന്ത ഗുഹകളെ പറ്റിയും, അജന്ത-എല്ലോറ ഗുഹാ ശിൽപ്പങ്ങളെ പറ്റിയും അദ്ദേഹം വാചാലനായി. ആ വാക്ക്ധോരണിയിൽ എന്താണ് കുറിച്ചെടുക്കേണ്ടത് എന്നറിയാതെ ഞാൻ ബസിൽ പേപ്പറും പേനയുമായി വെറുതെ ഇരുന്നു പോയി . ഇടതടവില്ലാതെ ഒഴുകി എത്തിയ ആ പ്രവാഹത്തിലെ ഒന്നോ രണ്ടോ തുള്ളികൾ മാത്രമേ എന്നിലെ മനസിന്റെ ഇലത്താളുകൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞുള്ളൂ എന്ന് പറയുന്നതാകും ശരി. കുറിച്ചു വച്ച അൽപ്പം ചില കാര്യങ്ങൾ മാത്രം എഴുതാൻ ശ്രമിക്കുകയാണ്  ,തെറ്റു കുറ്റങ്ങൾ എല്ലാവരും സദയം ക്ഷമിക്കുക. ഗംഗാ നദിയെ കൈക്കുമ്പിളിൽ ഒതുക്കുവാൻ ശ്രമിക്കുക എന്ന  അതി സാഹസികമായ  പ്രവർത്തിയാണ് ഞാൻ ചെയ്യാനൊരുങ്ങുന്നത് എന്ന് എനിക്ക് നല്ല ബോദ്ധ്യമുണ്ട്.

പണ്ടൊക്കെ ഓണക്കാലത്ത് നമ്മൾ പാടി നടന്നിരുന്ന ഒരു പാട്ടുണ്ടായിരുന്നല്ലോ “ആമോദത്തോടെ വസിക്കും കാലം” എന്ന് , അതിൽ പറയുന്നത് പോലെ ആമോദിന്റെ വിവരണം കേട്ടു കൊണ്ട് തിരുവോണ നാളിൽ ഞങ്ങൾ അജന്തയിലേക്ക് സസന്തോഷം  യാത്ര ചെയ്തു.

അജന്ത ഗുഹകൾ

ഡെക്കാൺ പീഠ ഭൂമിയിലെ വറ്റി വരണ്ടു കിടക്കുന്ന വഗോര നദീ തീരത്ത് കുതിരക്കുളമ്പിന്റെ ആകൃതിയിലുള്ള മലകളിലെ കറുത്ത ലാവ പാറക്കെട്ടുകൾ തുരന്നാണ് അജന്ത ഗുഹകൾ നിർമ്മിച്ചിട്ടുള്ളത്. ബി സി രണ്ടാം നൂറ്റാണ്ട് മുതൽ ഏ ഡി ആറാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടങ്ങളിൽ പലപ്പോഴായി കൊത്തിയെടുത്ത ബൃഹത്തായ ഏക ശിലാ രൂപങ്ങളാണിവ (monolithic ). കൊളോണിയൽ കാലഘട്ടത്തിലെ കുതിരപ്പടയിലെ ജോൺ സ്മിത്ത് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ  കടുവകളെ വേട്ടയാടാൻ പോയ സമയത്ത് പത്താം നമ്പർ ഗുഹയുടെ വാതിൽ കണ്ടെത്തിയതായും തുടർന്ന് സ്ഥല വാസികളുടെ സഹായത്തോടെ ബാക്കി പല ഗുഹകളും കാടിനിടയിൽ കണ്ടെത്തിയെന്നുമാണ് പറയപ്പെടുന്നത്  ഹിംസ്ര മൃഗങ്ങളുടെ ആവാസ കേന്ദ്രമായിരുന്ന ഇവിടെ യാദൃച്ഛികമായി  കണ്ടെത്തിയ ഗുഹകളെ പരി രക്ഷിക്കുവാനും പുനർ നിർമ്മിക്കുവാനുമായി  പല കമ്മീഷനുകൾ രംഗത്തെത്തുകയും തുടർന്ന്  ഇവിടം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ചുമതലയിലാകുകയും ചെയ്തു . അതിനു ശേഷമാണ്  ഗുഹകൾ ഇന്നത്തെ രീതിയിൽ വിനോദ സഞ്ചാര കേന്ദ്രമായി തീർന്നതെന്നാണ്  അറിയാൻ കഴിഞ്ഞത്. പുരാതന ഭാരതീയ കലയുടെ മികച്ച ഉദാഹരണങ്ങളായ ഇവിടെ ബുദ്ധമതവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ,ശിൽപ്പങ്ങളുമാണ് പ്രധാനമായും കാണാനാകുക.  ശതവാഹന രാജ വംശം ,ഗുപ്ത രാജ വംശം എന്നിവരുടെ ഭരണ കാലത്ത് അവരുടെ സഹായ സഹകരണങ്ങളോടെ ബുദ്ധ സന്യാസിമാരും ,ശിൽപ്പികളും ചേർന്നാണ് പൂർണ്ണതയുടെ പര്യായങ്ങളായ ചിത്രങ്ങളും ശിൽപ്പങ്ങളും നിറഞ്ഞ  ലോകോത്തര ഗുഹകളായ അജന്ത ഗുഹകൾ  നിർമ്മിച്ചത്.

ബുദ്ധൻ എന്നത് നമ്മിൽ പലരും കരുതുന്നത് പോലെ ഒരു വ്യക്തിയുടെ  പേരല്ല മറിച്ച് അത് ഉന്നതമായ ബോധാവസ്ഥയിൽ എത്തിയവർക്ക് നൽകുന്ന  പദവിയാണത് . മായയിൽ നിന്നും മോചിതനായി  , ജ്ഞാനോദയം ലഭിച്ച് പരമമായ സത്യത്തെ അറിഞ്ഞ് ബോധം ഉദിച്ചവൻ എന്നാണ് ബുദ്ധൻ എന്ന പേരു കൊണ്ട് ഉദ്ദേശിക്കുന്നത് . പക്ഷേ ആ ഒരവസ്ഥ അത്ര പെട്ടെന്ന് ലഭിക്കുന്നതല്ല, പക്ഷേ അതിനു വേണ്ടി ഏതൊരാൾക്കും  ശ്രമിക്കാവുന്നതാണ്. എത്രയോ ജന്മങ്ങൾ പക്ഷിയായും ,മൃഗമായും ജീവിച്ച് മനുഷ്യ ജന്മം ലഭിക്കുമ്പോഴും പലരും മൃഗ സമാനമായ ജീവിതം നയിക്കുന്നത് നാം സ്ഥിരമായി കാണുന്ന കാഴ്ചകളാണല്ലോ  .. പുനർജന്മത്തിൽ വിശ്വസിക്കുന്ന ബുദ്ധ ഹിന്ദു മതസ്ഥരുടെ വിശ്വാസ പ്രകാരം  അനുഭവങ്ങളുടെയും വാസനകളുടെയും സ്വാധീനം കൊണ്ട് ഒരുവൻ ഓരോ ജന്മത്തിലും പല  തവണ ശുദ്ധീകരിക്കപ്പെടുന്നുവെന്നും  അങ്ങനെ  ഖനിയിൽ നിന്നെടുത്ത ലോഹത്തെ പോലെ തിളക്കം ആർജ്ജിക്കുന്നുവെന്നുമാണ് മഹദ്വചനം . ഉണ്മയുടെയും , പരമാർത്ഥ സത്യത്തിന്റെയും ആ തിളക്കം ആർജ്ജിച്ച വ്യക്തിയാണ് നാമിന്നറിയുന്ന ഗൌതമ ബുദ്ധൻ .മനുഷ്യ ജീവിതത്തിലുണ്ടാകുന്ന ദുഖങ്ങളും അവയുടെ കാരണ പരിഹാരങ്ങളും തേടുന്ന ഗൌതമ ബുദ്ധന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള തത്വ ചിന്താ ധാരയാണ്  ബൌദ്ധ ദർശനം.

ബുദ്ധന്റെ മുൻ ജന്മങ്ങളിലെ അനുഭവങ്ങളും ഗുണപാഠങ്ങളും വിവരിക്കുന്ന ജാതക കഥകളെയും, കാരുണ്യത്തിന്റെയും ധർമ്മത്തിന്റെയും സോദാഹരണ കഥകളെയും  പരാമർശിച്ചു കൊണ്ടുള്ള  ചിത്രങ്ങളും ബുദ്ധ ദേവന്റെ ശിൽപ്പങ്ങളുമാണ് പ്രധാനമായും അജന്ത ഗുഹകളിൽ നമുക്ക് കാണുവാൻ സാധിക്കുന്നത് . ധർമ്മം  ,ദയ സ്നേഹം,ജീവിത  മൂല്യങ്ങളെ പറ്റിയുള്ള അവബോധം ഇതെല്ലാമാണ്  അജന്ത ഗുഹകളിലെ ബുദ്ധ സന്ദേശങ്ങളിൽ നിന്ന് നമുക്ക് പഠിക്കുവാനുള്ളത് . രണ്ടു ഘട്ടങ്ങളായി നിർമ്മിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന മുപ്പതോളം ഗുഹകളിൽ  അഞ്ചെണ്ണം ചൈത്യങ്ങളും ബാക്കിയുള്ളവ വിഹാരങ്ങളുമാണ്. 9,10,19,26,29  ഇവ ചൈത്യങ്ങളും ബാക്കിയുള്ളവ വിഹാരങ്ങളുമാണ് . “ചൈത്യ” ഗുഹകൾ ധ്യാനത്തിനുള്ള സ്ഥലമാണ് , അതായത് ഉള്ളിലെ ചേതനയെ മനസ്സിലാക്കുക എന്നതാണ് ധ്യാനം കൊണ്ട് ഉദ്ദേശിക്കുന്നത് (To realize inner consciousness )അതായത് താത്കാലികവും ,ക്ഷണികവുമായ ബാഹ്യ വിഷയങ്ങളിലുള്ള ശ്രദ്ധയിൽ  നിന്ന്  മനസ്സിനെ വേർതിരിച്ച്  ഏകാഗ്രമാക്കി അവരവരുടെ ഉള്ളിലുള്ള നിശബ്ദനായ നിരീക്ഷകനെ കണ്ടെത്തുക, അതിനുള്ള സ്ഥലമാണ് ചൈത്യ ഗുഹകൾ . എന്നാൽ വിഹാരങ്ങളാകട്ടെ  സന്യാസിമാർക്ക് താമസിക്കുവാനുള്ള സ്ഥലങ്ങളാണ്. (ഏകദേശം നാലു മാസക്കാലമാണ് സന്യാസിമാർ  വിഹാരങ്ങളിൽ താമസിക്കുക എന്നാണ് പറഞ്ഞറിഞ്ഞത് .) ബുദ്ധമതത്തിലെ രണ്ടു പ്രധാനപ്പെട്ട വിഭാഗങ്ങളാണ് “ഹിനയാനവും മഹായാനവും .” ബുദ്ധനെ ജ്ഞാന ദീപ്തനായ ഒരു അദ്ധ്യാപകനായി ഹിനയാന വിഭാഗം കാണുമ്പോൾ ,എല്ലാ അനുഗ്രഹങ്ങളും  നൽകുന്ന ദൈവമായിട്ടാണ് മഹായാനക്കാർ കാണുന്നത് . രണ്ടു വിഭാഗക്കാരുടെയും ലക്ഷ്യം മോക്ഷ പ്രാപ്തി തന്നെ .ഹിനയാന ,മഹായാന കാലങ്ങളിൽ നിർമ്മിച്ച പല ഗുഹകളും ഈ സമുച്ചയത്തിൽ പെടുന്നു.   

അജന്ത ഗുഹകൾക്കുള്ളിൽ നിരവധി പെയിന്റിങ്ങുകൾ കാണാമെങ്കിലും എല്ലാം നാശോന്മുഖമായ അവസ്ഥയിലാണിപ്പോൾ, ശിൽപ്പങ്ങളുടെ പല ഭാഗങ്ങളും അടർന്ന് പോയിട്ട്  രൂപം മാറി യഥാർത്ഥ രൂപം മനസ്സിലാക്കാൻ പറ്റാത്ത രീതിയിലായിട്ടുണ്ട് .  പെയിന്റിനങ്ങുകളെ . പൊതുവേ “ഫ്രെസ്കോ ചിത്രങ്ങൾ” എന്ന് വിളിക്കാമെങ്കിലും യൂറോപ്യൻ ഫ്രെസ്കോ രീതിയിൽ നിന്ന് വളരെ വ്യത്യസ്തമായിട്ടാണ് ഇവിടെ ചെയ്തിട്ടുള്ളത്  .പാറ തുരന്നുണ്ടാക്കിയ പരുക്കൻ ചുവരുകളിൽ , കളിമണ്ണ് ,പശുവിൻ ചാണകം, വൈക്കോൽ ,ഉമി ഇവ ആദ്യ ലെയറായി പൂശിയിട്ട് അതിനു മുകളിൽ ചുണ്ണാമ്പ് തേച്ച് ഉണക്കിയാണ് ചിത്ര രചനയ്ക്കുള്ള പ്രതലം ഒരുക്കിയെടുത്തിട്ടുള്ളത്. അതു പോലെ ചിത്രങ്ങൾക്ക്  നിറം കൊടുക്കാൻ പ്രകൃതി ദത്ത വസ്തുക്കളായ ധാതുക്കൾ ,സസ്യങ്ങൾ ,കാവി മണ്ണ്  തുടങ്ങിയവയാണ്  ഉപയോഗിച്ചിരിക്കുന്നത് .

പ്രഭാത ഭക്ഷണത്തിന് ശേഷം എട്ട് മണിയോടെ 100 കി മീ അകലെയുള്ള അജന്ത ഗുഹകളിലേക്കുള്ള രണ്ടു മണിക്കൂർ യാത്രയ്ക്കിടയിൽ ഗൈഡ് ആമോദ് ,അജന്ത എല്ലോറ ഗുഹകളെ പറ്റിയുള്ള വളരെ വിജ്ഞാന പ്രദങ്ങളായ  കാര്യങ്ങൾ ഞങ്ങൾക്ക്  നൽകിക്കൊണ്ടേയിരുന്നു. വളരെ വിലയേറിയ ആ വിവരണങ്ങൾ കുറിച്ചെടുക്കുമ്പോഴും പുറത്തെ കാഴ്ചകളും ഇടയ്ക്കിടെ ശ്രദ്ധിച്ചിരുന്നു . ആറാമത്തെ മുഗൾ  ചക്രവർത്തിയായിരുന്ന ആലംഗീർ ഒന്നാമൻ  എന്ന ഔറംഗസീബിന്റെ സാമ്രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളുടെ തലസ്ഥാനമായിരുന്നു “ഔറംഗാബാദ്” . “സംഭാജി നഗർ” എന്ന് പുതിയതായി നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന നഗരത്തിലൂടെയുള്ള  യാത്രയിൽ ധാരാളം കൃഷി സ്ഥലങ്ങൾ കാണാമായിരുന്നു. മറാത്തികളും ,മേവാറികളും താമസക്കാരായുള്ള ഇവിടെ ചോളം,പരുത്തി, ,കരിമ്പ്,  സോയാബീൻ ബാജ്റ, എന്നിവയായിരുന്നു പ്രധാനമായും കൃഷി ചെയ്തിരുന്നതായി കണ്ടത് .

 ഇടയ്ക്ക് ഒരിടത്ത് വണ്ടി നിർത്തി എല്ലാവരും ഒന്ന് ഫ്രഷ് ആയതിന് ശേഷം വീണ്ടും യാത്ര തുടർന്നു. ആമോദ് തന്റെ വിവരണവും തുടർന്നു. പ്രശസ്തമായ അജന്ത, എല്ലോറ ഗുഹാ ചിത്രങ്ങളുടെയും ശിൽപ്പങ്ങളുടെയും രചനയുടെ മഹത്വത്തെ പറ്റിയായിരുന്നു പിന്നീടുള്ള വിവരണം . ചിത്ര രചനയിൽ ഏർപ്പെടുന്നതിന് മുൻപ് ഒരാൾ പ്രാഥമികമായി എന്തെല്ലാം  അറിഞ്ഞിരിക്കണം എന്ന വസ്തുതയുടെ അതി ഗഹനങ്ങളായ  കാര്യങ്ങളായിരുന്നു അദ്ദേഹം വിശദീകരിച്ചത് . അവ വിഷ്ണു ധർമ്മോത്തര പുരാണത്തിലെ  “ചിത്ര സൂത്ര “ (Formula of Pictures ) .എന്ന ഷഡംഗങ്ങളാണ്. അവ ഓരോന്നായി താഴെ കൊടുക്കാം .താത്പര്യമുള്ളവർക്ക് വായിച്ച് അറിഞ്ഞു വയ്ക്കാമല്ലോ .  

1.  രൂപഭേദ ---വിവിധ വിഷയങ്ങളുടെ തനതായ ശാരീരിക സവിശേഷതകളും ആകൃതികളും നന്നായി മനസ്സിലാക്കി അവ  വേർതിരിച്ച് അറിയാനുള്ള കഴിവ് ഉണ്ടായിരിക്കണം . വരയ്ക്കുമ്പോൾ അവയുടെ  ബാഹ്യ രേഖകളും, ഘടനയും വ്യക്തമായിരിക്കണം .

2.  പ്രമാണം ----അനുപാതത്തെ പറ്റിയുള്ള ഗ്രാഹ്യമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് .  രൂപങ്ങളുടെയും ,വസ്തുക്കളുടെയും അളവ്, അവ തമ്മിലുള്ള ദൂരം എന്നിവ കൃത്യമായി പഠന വിധേയമാക്കണം.

3.  ഭാവം -------- കഥാപാത്രങ്ങളുടെ മുഖഭാവത്തിലൂടെയോ ,ശരീര ഭാഷയിലൂടെയോ വികാരങ്ങൾ , പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണെന്ന് പറയുന്നു .   

4.  ലാവണ്യ യോജന –(Beautification )ചിത്രത്തിന് നൽകേണ്ട സൌന്ദര്യം ,മനോഹാരിത ,ഇവ വേണ്ട രീതിയിൽ കൊടുത്ത് സൃഷ്ടികൾക്ക് കലാപരമായ പൂർണ്ണത നല്കുക .

5.  സാദൃശ്യം ----വരയ്ക്കുന്ന വിഷയം യഥാർത്ഥ വസ്തുവിനോട് അല്ലെങ്കിൽ സങ്കൽപ്പത്തോട് എത്രത്തോളം സാമ്യം ഉണ്ടെന്ന് നിരീക്ഷിക്കേണ്ടതാണ്  .

6.  വർണ്ണികാഭംഗം ----നിറങ്ങൾ മിശ്രണം ചെയ്യുന്നതിലും ബ്രഷുകൾ ഉപയോഗിക്കുന്നതിലും ഉള്ള കഴിവിനൊപ്പം  ഏതൊക്കെ സ്ഥലത്ത് എന്തൊക്കെ നിറങ്ങൾ കൊടുക്കണം എന്നതിനെപ്പറ്റിയുള്ള ഉൾജ്ഞാനവും കലാകാരന് വേണ്ടതാണ് .  

ഈ കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ടല്ലല്ലോ എല്ലാവരും പൊതുവേ ചിത്രരചനയിൽ ഏർപ്പെടുന്നത് എന്ന് നമുക്ക് തോന്നാം . ശരിയാണ് പക്ഷേ  ജന്മ വാസന കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും ,പരമ്പരാഗതമായി വിഷയം പഠിക്കുക കൊണ്ടും മേൽപ്പറഞ്ഞ ഗുണങ്ങൾ തികഞ്ഞ വലിയ ചിത്രകാരന്മാരെ നമുക്ക് കാണാൻ കഴിയും. ചിലപ്പോൾ “ചിത്ര സൂത്ര” പോലെയുള്ള കാര്യങ്ങൾ അവർ പഠിച്ചിട്ടുണ്ടാകാം ,ഇല്ലായിരിക്കാം ഏതായാലും ഇത് പോലെയുള്ള കാര്യങ്ങൾ ഗ്രഹിച്ചിരുന്നാൽ രചനകൾ അതി ഗംഭീരമായിരിക്കുമെന്ന് സാരം . മറ്റൊരു കാര്യം കേട്ടത് ഒരിക്കൽ ഒരു രാജാവ് ചിത്ര രചന പഠിക്കാൻ ഒരു ഋഷിവര്യന്റെ സമീപത്ത് എത്തിയത്രേ .ചിത്രം വരയ്ക്കാൻ തുടങ്ങുന്നതിനു  മുൻപ് സംഗീതവും ,നൃത്ത നാട്യങ്ങളും ,വാദ്യോപകരണങ്ങളും പഠിക്കണമെന്ന് ഗുരു പറഞ്ഞപ്പോൾ രാജാവ് ആശ്ചര്യപ്പെട്ടു പോയി.   അതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് ചിത്രത്തിന് ജീവൻ നൽകാൻ  ഭാവവും രസവും വേണം ,അതിന് സംഗീതം വേണം . ആകർഷകമായ  ചലന രീതികളും  ,മുഖ ഭാവങ്ങളും ശരീര വടിവും കൊടുക്കണമെങ്കിൽ  നൃത്ത നാട്യങ്ങൾ പഠിച്ചേ  മതിയാകൂ .അതു പോലെ വരയ്ക്കുന്ന രേഖകളുടെ ഒഴുക്കിനും,തമ്മിലുള്ള ലയത്തിനും , മൃദുത്വത്തിനും ഒരു താളം ആവശ്യമാണ് അതിനായി വാദ്യോപകരണ സംഗീതവും പഠിക്കണം .ഇതായിരുന്നു ഗുരു ചിത്രകല പഠിക്കാൻ ചെന്ന രാജാവിന് നല്കിയ ഉപദേശം. നൃത്തം ചെയ്തില്ലെങ്കിലും ,പാട്ട് പാടിയില്ലെങ്കിലും, ഉപകരണങ്ങൾ വായിച്ചില്ലെങ്കിലും അവയിലുള്ള അവഗാഹം കൊണ്ട് ഇതൊക്കെ സ്വായത്തമാക്കാവുന്നതെയുള്ളൂ.

    ഇത്രയും വലിയ കാര്യങ്ങൾ ഈ ഗുഹകളിൽ ഒളിഞ്ഞിരിപ്പുണ്ടല്ലോ എന്നോർത്തിരിക്കുമ്പോഴേക്കും ബസ് അജന്ത ഗുഹകൾക്ക് സമീപമുള്ള പാർക്കിംഗ് ഏരിയയിലെത്തി . കറുത്ത മുഖമുള്ള കുരങ്ങുകളുടെ (Black faced langurs )സങ്കേതമായ ആ സ്ഥലത്ത് കൂടി നടക്കുമ്പോൾ ഭക്ഷണ സാധനങ്ങൾ കയ്യിൽ വയ്ക്കരുതെന്ന് ആമോദ് താക്കീത് നൽകിയിരുന്നു . അതു പോലെ ഒരു മാർക്കറ്റിനുള്ളിൽ കൂടി നടന്നാണ് പോകേണ്ടതെന്നും അവിടെ നിന്നും എന്തെങ്കിലും സാധനങ്ങൾ വാങ്ങുന്നതിന് താൻ  ശുപാർശ ചെയ്യില്ലെന്നും,എന്തെങ്കിലും വാങ്ങിയിട്ട് മാദ്ധ്യസ്ഥം വഹിക്കാൻ തന്നെ വിളിക്കേണ്ടതില്ലെന്നും ആമോദ് ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. അറിവിന്റെ കാര്യത്തിലായാലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഷോപ്പിങ് താത്പര്യത്തിലായാലും സാധാരണ ഗൈഡുകളിൽ നിന്ന് വളരെ വ്യത്യസ്തനായ ഒരാളായിരുന്നു ആമോദ്.  

മാർക്കറ്റിൽ കൂടി നടന്നു ചെന്ന്  അവിടത്തെ എലക്ട്രിക് ബസിൽ ഏകദേശം 4 കി മീ വന സമാനമായ ഒരു പ്രദേശത്തു  കൂടി യാത്ര ചെയ്ത് ഗുഹകൾ സ്ഥിതി ചെയ്യുന്ന മലയടിവാരത്തിലെത്തി . സൂവനീർ കച്ചവടക്കാരുടെയും  പഴച്ചാറുകൾ  ,സ്നാക്സ് എന്നിവ വിൽക്കുന്ന ആളുകളുടെയും താവളമായിരുന്ന ആ പ്രദേശത്ത് വാനരവൃന്ദം യഥേഷ്ടം വിഹരിച്ചു നടക്കുന്നത് കാണാമായിരുന്നു ഗുഹകളിലേക്ക് പോകുന്നതിനായി ഗ്രൂപ്പിന് ഒരുമിച്ച് ടിക്കറ്റ് എടുത്തതിന് ശേഷം എയർ പോർട്ടിലെ പോലെ  ദേഹ പരിശോധനയും, ബാഗ് ചെക്കിംഗും എല്ലാം ഉൾപ്പെട്ട സെക്യൂരിറ്റി ചെക്കും  ഉണ്ടായിരുന്നു..

ഒരു വലിയ മലയുടെ വശങ്ങളിലുള്ള ബസാൾട്ട് ശിലകൾ തുരന്ന് നിർമ്മിച്ചിരിക്കുന്ന ഗുഹകളിലേക്ക് പോകണമെങ്കിൽ ധാരാളം പടികളും കുത്തനെയുള്ള കയറ്റങ്ങളും കയറേണ്ടതുണ്ട്. അതിന് സാധിക്കാത്തവരെ മുകളിലേക്ക് ചുമന്നു കൊണ്ടു പോകാൻ “ഡോളിയുമായി” കുറേ ആളുകൾ സഞ്ചാരികളെ സമീക്കുക പതിവാണ്,അത് അവരുടെ ഒരു ഉപജീവന മാർഗ്ഗം . രണ്ടായിരം രൂപയാണ് കൊണ്ടു പോയി തിരിച്ചു കൊണ്ടു വരുന്നതിനുള്ള ചാർജ്ജ്, ആവതില്ലാത്തവർ പലരും ആ രീതിയിൽ മുകളിലേക്ക് പോകുന്നത് കണ്ടു. കുറേ അധികം പടികൾ കയറിയതിന് ശേഷം കുത്തനെയുള്ള  കയറ്റങ്ങളും ,ഇറക്കങ്ങളുമൊക്കെയായി നടന്നു നടന്ന് അജന്തയിലെ ഏറ്റവും പ്രശസ്തമായ ഒന്നാം നമ്പർ ഗുഹയ്ക്ക് മുന്നിലേക്കെത്തി.


    അജന്ത ഗുഹയ്ക്ക് സമീപം കാണപ്പെട്ട വാനരന്മാരിൽ ഒരാൾ 

അജന്ത ഗുഹകളിലേക്ക് കയറുവാനുള്ള ആദ്യ ഘട്ട  പടികൾ


                അജന്ത ഗുഹകൾ ദൂരെ നിന്നുള്ള കാഴ്ച 



അജന്തയിലെ ഒന്നാമത്തെ ഗുഹയുടെ മുൻവശം 


പാദുകങ്ങൾ ഒരു  കവർ. കൊണ്ടു മൂടിയിട്ടാണ് എല്ലാവരും ഗുഹയ്ക്കുള്ളിലേക്ക്. കയറിയത്,കാരണം ക്ഷേത്ര സമാനമായ സ്ഥലങ്ങളാണ് അവയൊക്കെ എന്നത് തന്നെ . അഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ച  ധർമ്മചക്ര മുദ്രയിലിരിക്കുന്ന ഗൌതമ ബുദ്ധന്റെ വലിയ ശിൽപ്പമാണ് ഒന്നാമത്തെ ഗുഹയിലേക്ക്  കയറിച്ചെല്ലുമ്പോൾ ആദ്യം തന്നെ കാണാനാകുക . “ധർമ്മ ചക്ര മുദ്ര” എന്നാൽ ധർമ്മത്തിന്റെ  ചക്രം തിരിച്ചിൽ (Turning the wheel of Dharma) എന്നാണ് അർത്ഥം . ഇത് ഒരു യോഗ മുദ്രയാണ്, ശരിയായ രീതിയിൽ ഇത് നിത്യവും ചെയ്താൽ മനസ്സിന് ഏകാഗ്രതയും ശാന്തതയും സമാധാനവും ലഭിക്കുമെന്നത് കൂടാതെ  ശരീരത്തിലെ ഊർജ്ജ പ്രവാഹം സുഗമമാകുകയും ഹൃദയ ചക്രം ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യുമെന്നാണ് അനുഭവസ്ഥർ പറയുന്നത് .  ബുദ്ധ ശിൽപത്തിന് ഒരു വശത്തായി പ്രശസ്തമായ ഒരു പെയിന്റിങ് ആണുള്ളത് . ഒരിക്കലും വറ്റാത്ത അനന്തമായ കാരുണ്യത്തിന്റെ ദേവൻ, കയ്യിലൊരു നീലത്താമരയുമായി ഇരിക്കുന്ന  ബോധിസത്വനായ അവലോകിതേശ്വരനാണ് ചിത്രത്തിലെ വിഷയം.” പദ്മപാണി, വജ്ര പാണി “എന്നൊക്കെ അറിയപ്പെടുന്ന ഈ പ്രശസ്തമായ ചിത്രം പഴക്കം കൊണ്ട് അടർന്നു നശിച്ചു തുടങ്ങിയിട്ടുണ്ട്. ആ കണ്ണുകളിലെ ഉറവ വറ്റാത്ത കാരുണ്യ ഭാവം നന്നായി നിരീക്ഷിച്ചാൽ മനസ്സിലാകും . അതിനടുത്ത് ഉണ്ടായിരുന്ന മറ്റൊരു ചിത്രത്തിലെ പ്രമേയം ഒരു റാണിയുടെ അഭിഷേകമാണ് . വെള്ളത്തുള്ളികളും ,നനഞ്ഞ വസ്ത്രവും എല്ലാം സൂക്ഷിച്ചു നോക്കിയാൽ കാണാവുന്നതാണ് . നശിച്ചു മങ്ങി തുടങ്ങിയ ആ പെയിൻറിങ്ങിന് മുന്നിൽ ഒരു പച്ച തുണി വലിച്ചു കെട്ടിയിട്ടുണ്ടായിരുന്നു, അത് ചിത്രത്തിന്റെ അറ്റകുറ്റ പണികൾ ചെയ്ത് പുന:സൃഷ്ടിക്കാനായിരിക്കുമെന്നാണ് തോന്നിയത്  


              ധർമ്മ ചക്ര മുദ്രയിൽ ഇരിക്കുന്ന ബുദ്ധ ദേവൻ 

       

     അതി പ്രശസ്തമായ അജന്ത ചിത്രം  പത്മപാണി/ വജ്രപാണി 

            രാജ്ഞിയുടെ  അഭിഷേക ചിത്രം 

വേറെയും അനേകം ചിത്രങ്ങളും ശിൽപ്പങ്ങളും അവിടെ ഉണ്ടായിരുന്നെങ്കിലും വെളിച്ചക്കുറവും ,അവയുടെ രൂപ മാറ്റങ്ങളും കാരണം പലതും വ്യക്തമായിരുന്നില്ല. .ഒരു കഴുകൻ തന്റെ ഇരയായ പ്രാവിനെ ആക്രമിക്കുന്നത് കണ്ടപ്പോൾ  ശിബി ചക്രവർത്തി അതിനെ തടയുകയുണ്ടായി .  തന്റെ ആഹാരം നിഷേധിക്കുന്നത് ധർമ്മമല്ലെന്ന് കഴുകൻ വാദിച്ചപ്പോൾ   സ്വന്തം  തുടയിലെ മാംസം അറുത്ത് കഴുകന് കൊടുത്ത് ചക്രവർത്തി ധർമ്മം രക്ഷിക്കുന്ന സന്ദർഭം ആലേഖനം ചെയ്തിട്ടുള്ള ഒരു  ചിത്രം ഒന്നും മനസ്സിലാകാത്ത വിധം ആയിപ്പോയിരിക്കുന്നു ,അതിനാൽ അത് ഇവിടെ ഇടുന്നില്ല . ആമോദ് പറഞ്ഞു തന്നത് കൊണ്ട് മാത്രമാണ് അത്രയും മനസ്സിലായത്. മനോഹരമായ കൊത്തു പണികൾ  ചെയ്തിട്ടുള്ള  ശക്തമായ തൂണുകൾ കൊണ്ട് അലങ്കരിച്ച രണ്ടാം ഗുഹയുടെ പൂമുഖത്തിനുള്ളിലെ ഹാളിൽ ധർമ്മ ചക്ര യോഗ മുദ്രയിലിരിക്കുന്ന ബുദ്ധ ദേവ ശിൽപ്പം കൂടാതെ ധനത്തിന്റെ ദേവനായ കുബേരന്റെയും , ആയിരം ബുദ്ധന്മാരുടെയും  ചിത്രങ്ങളാണ് ഉണ്ടായിരുന്നത് . ഹാളിന്റെ മേൽ തട്ടിൽ (മച്ച്) വരച്ചിരിക്കുന്ന അതി മനോഹരമായ ജാമിതീയ രൂപങ്ങളുടെയും ,പൂക്കളുടെയും മറ്റും ചിത്രങ്ങൾ ഒന്ന് കാണേണ്ടത് തന്നെയാണ്. പുരാതന ഭാരതീയ കലയുടെ ഔന്നത്യം വിളിച്ചോതുന്ന ആ ചിത്രങ്ങളും ശിൽപ്പങ്ങളും നമ്മെ മറ്റൊരു ലോകത്തേക്ക് ആനയിക്കുന്നു .

                 മച്ചിലെ മനോഹരങ്ങളായ ചിത്രങ്ങൾ    

മൂന്നാമത്തെയും നാലാമത്തെയും ഗുഹകൾ മേൽക്കൂരയിൽ ലാവ പ്രവാഹം ഉണ്ടായതിനാൽ പണി പൂർത്തിയാക്കാതെ കിടക്കുകയാണ് . ഭക്തരെ രക്ഷിക്കുന്ന അവലോകിതേശ്വര ശിൽപ്പം മാത്രമാണ് അതിൽ ഉള്ളത്.  ഭൂമിശാസ്ത്ര പരമായ കാരണങ്ങൾ കൊണ്ട് അഞ്ചാമത്തെ ഗുഹയും അപൂർണ്ണമാണ് ,പക്ഷേ അതിന്റെ വാതിൽ മാനോഹരമായി   അലങ്കരിച്ച രീതിയിലാണ് . ആനയുടെ തുമ്പിക്കരവും,മത്സ്യത്തിന്റെ ഉടലും ,മുതലയുടെ വക്ത്രവും(വായ) സിംഹത്തിന്റെ നഖങ്ങളും ,മയിലിന്റെ വാലും ചേർന്ന ഒരു വിശേഷപ്പെട്ട ഒരു ജീവിയുടെ രൂപം അവിടെ കൊത്തിവച്ചിട്ടുണ്ട്. “മകാറ(മകര) ” എന്നറിയപ്പെടുന്ന ഇത് ജല ദേവതമാരുടെ വാഹനമായി അറിയപ്പെടുന്നു. വാഹനത്തിന് മുകളിൽ പുരുഷ രൂപമാണ് കൊത്തി വച്ചിരിക്കുന്നതെങ്കിൽ അത് വരുണനാണെന്നും ,സ്ത്രീരൂപമാണെങ്കിൽ ഗംഗയാണെന്നും  നാം മനസ്സിലാക്കണമെന്ന് ആമോദ് വിശദീകരിച്ചു തന്നു . വ്യക്തമാകാത്ത ചിത്രമായതിനാൽ അത് ഇവിടെ ഇടാൻ സാധിക്കുന്നില്ല,പക്ഷേ താത്പര്യമുള്ളവർക്ക് ഗൂഗിളിൽ “makara”എന്ന് തിരഞ്ഞാൽ ഇതിന്റെ രൂപം കാണാൻ സാധിക്കും . അജന്തയിലെ ഓരോ ഗുഹകളെക്കുറിച്ചും വിവരിക്കാൻ തുടങ്ങിയാൽ വിവരണം നീണ്ടു പോകുമെന്നതിനാൽ അത്യാവശ്യം പ്രാധാന്യമുള്ള രണ്ടു മൂന്നു ഗുഹകളുടെ കാര്യം കൂടി പറഞ്ഞ് ചുരുക്കുകയാണ് . ബുദ്ധ ദേവന്റെ കഴിഞ്ഞുപോയ ജന്മങ്ങളിലെ കാര്യങ്ങളാണ് ഗുഹ പതിനേഴിൽ ഉള്ളത് (17) .


                ഗുഹ  17 ലെ ചിത്രങ്ങൾ (ജന്മ ജന്മാന്തരങ്ങളിലൂടെ )

അത് കഴിഞ്ഞാൽ 21 മുതൽ 24 വരെയുള്ള ഗുഹകൾ ഭാഗികമായി നിർമ്മിച്ചവയും  28 അപൂർണ്ണവുമാണ് . ഹിനയാന കാലത്ത് നിർമ്മിച്ചുവെന്ന് കണക്കാക്കപ്പെടുന്ന ഇരുപത്തി ആറാമത്തെ (26)  ചൈത്യ ഗുഹയിൽ പിന്നീട് മഹായാന കാലത്ത് ബുദ്ധ പ്രതിമകളും സ്ഥാനം പിടിക്കുകയുണ്ടായി. പരി നിർവ്വണാവസ്ഥയ്ക്ക് (അതായത് സ്വർഗ്ഗാരോഹരണം ) മുൻപ് ധ്യാന നിരതനായിരിക്കുന്ന “ ഉപവിഷ്ടനായ ബുദ്ധ” പ്രതിമയും അതിന് സമീപത്തായി  7 മുതൽ 9 മീറ്റർ വരെ നീളമുള്ള  ശയന ബുദ്ധ ശിൽപ്പവുമാണ് ഉള്ളത് . ഈ ശിൽപ്പത്തിൽ വലത് കൈ തലയെ താങ്ങി നിർത്തിയ രീതിയിൽ ശാന്തമായി കണ്ണുകളടച്ചു കിടക്കുന്ന ദേവന്റെ മഹാ പരിനിർവ്വാണത്തിന്റെ അവസാന നിമിഷങ്ങളെയാണ് ചിത്രീകരിച്ചിരിക്കുന്നത് . ഈ ബുദ്ധ ശിൽപ്പത്തിന് മുകളിലായി ആനന്ദ തുന്ദിലരായ സ്വർഗ്ഗ വാസികളെയും താഴെ ദു:ഖിതരായ ഭൂലോകരെയും  കാണാം ..പിന്നീടുള്ള 29 ,30 എന്നീ ഗുഹകൾ ചെന്നെത്താൻ വളരെ ബുദ്ധിമുട്ടുള്ളവയായതിനാൽ ആരും അങ്ങോട്ട് പോകാറില്ലെന്നാണ് പറഞ്ഞു കേട്ടത് 

ഗുഹ  26 ലെ ഉപവിഷ്ടനായ ബുദ്ധ ദേവൻ(സ്വർഗ്ഗാരോഹണത്തിന്  തൊട്ട് മുൻപ് )

 ഗുഹ  26 ലെ ശയന ബുദ്ധൻ  (പരി നിർവ്വാണ അവസ്ഥയിൽ )

     ആത്മീയതയുടെയും ,ശിൽപ്പ ചിത്ര ചാരുതയുടെയും വർണ്ണ  പ്രഭ ചൊരിഞ്ഞു നിൽക്കുന്ന  അജന്ത ഗുഹകളെ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .      

 ആമോദ് നല്കിയ വിവരണങ്ങളിൽ  ഓർമ്മയിലുള്ളതും ,കുറിച്ചു വച്ചിട്ടുള്ളതും, ഗൂഗിൾ പോലെയുള്ള വഴികാട്ടികളെ  അവലംബിച്ചും ആണ് ഇത്രയും കാര്യങ്ങൾ എഴുതാൻ ശ്രമിച്ചത് . ആമോദിന്റെ സാഗര സമാനമായ അറിവുകളുടെ ഒരു കണം മാത്രമേ  എനിക്ക് ഇവിടെ പ്രസ്താവിക്കാൻ സാധിച്ചിട്ടുള്ളൂ . ആരോഗ്യപരമായ കാരണങ്ങളാൽ പത്താമത്തെ ഗുഹ വരെ മാത്രമേ ഞങ്ങൾക്ക് പോകാൻ സാധിച്ചുള്ളൂ . അതിന് ശേഷമുള്ള ഗുഹകളിലെ ചിത്രങ്ങൾ സുഹൃത്തുക്കൾ പങ്ക് വച്ചവയാണ് .

 കറുത്ത ബസാൾട്ട് ശിലകൾ നിറഞ്ഞ മലയോരത്ത് ഗൌതമ ബുദ്ധ സന്ദേശങ്ങൾ മുഴങ്ങുമ്പോഴും നഷ്ട പ്രതാപ കാലങ്ങളെ ഓർത്ത് കഴിയുന്ന ഗുഹാമുഖങ്ങളെ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കിക്കൊണ്ട് മറ്റൊരു വഴിയിലൂടെ ഞങ്ങൾ മലയിറങ്ങി ഉച്ച ഭക്ഷണം കഴിക്കാൻ പോയി .

യാത്ര തുടങ്ങുന്നതിനു മുൻപ് തന്നെ ടൂർ മാനേജർ അസറിനോട് തിരുവോണ ദിവസം സദ്യ തരപ്പെടുത്താൻ പറ്റുമോ എന്ന് ഞങ്ങൾ ചോദിച്ചിരുന്നു. കേരളീയ രീതിയിലുള്ള കറികൾ മഹാരാഷ്ട്രയിലുള്ളവർക്ക് ഉണ്ടാക്കാൻ സാധിക്കുമോ എന്നറിയില്ലെങ്കിലും  ശ്രമിക്കാമെന്ന് അസർ വാക്ക് തന്നിരുന്നു. ഉച്ച ഭക്ഷണത്തിനായി . പ്രകൃതി സുന്ദരമായ ഒരു സ്ഥലത്തായിരുന്നു ബസ് നിർത്തിയത് . അവിടത്തെ ‘അജന്ത ഗ്രീൻ’ എന്ന ഭക്ഷണ ശാല ഞങ്ങളെ ഒട്ടും നിരാശപ്പെടുത്തിയില്ല , പ്രവേശന കവാടത്തിൽ തന്നെ “ഹാപ്പി ഓണം “ ആശംസകളും, ഇരിപ്പിടങ്ങളിൽ പല നിറങ്ങളിലുള്ള ബലൂണുകളും  ആയി ആകപ്പാടെ ഒരു ആഘോഷത്തിന്റെ  നിറപ്പകിട്ടുള്ള അന്തരീക്ഷമായിരുന്നു കയറിച്ചെന്നപ്പോൾ ഞങ്ങൾക്ക് ലഭിച്ചത് . നല്ല തളിർ വാഴയിലയിൽ ചോറും അവർക്ക് അറിയുന്ന രീതിയിൽ ഉണ്ടാക്കിയ കറികളും, പപ്പടവും, പഴവും, പായസവും വിളമ്പിത്തന്ന്  അവിടെയുള്ളവർ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു., പോരാത്തതിന് അസറും ,ആമോദും ഇടയ്ക്കിടയ്ക്ക് വന്ന് ഞങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ സന്തോഷത്തോടെ അന്വേഷിക്കുന്നുമുണ്ടായിരുന്നു . എല്ലാം കൊണ്ടും 2026 ലെ തിരുവോണം ഗംഭീരമായിരുന്നു . വളരെ കഠിനമായ ഒരു യാത്ര  കഴിഞ്ഞെത്തിയ സമയമായിരുന്നതിനാൽ  എല്ലാവർക്കും നല്ല വിശപ്പുമുണ്ടായിരുന്നു ,ഭക്ഷണത്തിന് അസാദ്ധ്യ രുചിയുമായിരുന്നു. ബെന്നീസിനും അസറിനും ഒത്തിരിയൊത്തിരി നന്ദി !!!

 

ബീബി കാ മഖ്ബറ   

ബീബി എന്ന് കേൾക്കുമ്പോൾ ഭാര്യ എന്നാണല്ലോ പെട്ടെന്ന് നാം അർത്ഥം മനസ്സിലാക്കുക, പക്ഷേ ബീവി ഭാര്യയും ബീബി അമ്മയുമാണെന്ന് ആമോദ് ആദ്യം തന്നെ പറഞ്ഞു തന്നിരുന്നു . ഔറംഗസീബിന്റെ മകൻ “അസം ഷാ” തന്റെ മാതാവിന്റെ സ്മരണയ്ക്കായി നിർമ്മിച്ച ഒരു ശവകുടീരമാണിത്  . ഔറംഗസീബിന്റെ ഭാര്യമാരിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഭാര്യ ആയിരുന്ന “ദിർലാസ് ബാനു ബീഗത്തിന്റെ” സ്മരണയ്ക്കായി  നിർമ്മിച്ച ഈ മഖ്ബറയ്ക്ക് താജ്മഹലുമായി പ്രത്യക്ഷത്തിൽ കുറച്ച് സാമ്യം തോന്നുന്നതിനാൽ അതിനെ “മിനി താജ് മഹൽ” എന്ന് പലരും വിശേഷിപ്പിച്ചു വരുന്നു .



                ബീബി കാ  മഖ്ബറ 

പക്ഷേ താജ്മഹലുമായി തട്ടിച്ചു നോക്കുമ്പോൾ ഭംഗിയുടെ കാര്യത്തിൽ ഇത് വളരെ പിന്നിലാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും . അതിനുള്ള പ്രധാനപ്പെട്ട കാരണമായി തോന്നിയത് നിർമ്മിതിയ്ക്കായി ഗുണ നിലവാരമില്ലാത്ത  വില കുറഞ്ഞ മാർബിൾ ഉപയോഗിച്ചിരുന്നു എന്നതാണ് . അതു കൊണ്ട് അത് ആകെ മങ്ങി കറുത്തു പോയിരിക്കുന്നു  , അതു പോലെ അതിൽ ചെയ്തിരിക്കുന്ന കൊത്തു പണികളുടെ രീതിയും അത്ര നല്ലതായി തോന്നിയില്ല. താജ്മഹലിൽ ചെയ്തിരിക്കുന്ന കൊത്തുപണികൾ വളരെ ആഴത്തിലുള്ളതും, ഭംഗിയുള്ളതും ഇന്നും നിലനിൽക്കുന്നതുമാണ്. പക്ഷേ അതിന് എത്രയോ വർഷങ്ങൾക്ക് ശേഷം നിർമ്മിച്ച ഈ ശവകുടീരത്തിന്റെ ചുമരുകളാകട്ടെ   കൊത്തു പണികൾ അടർന്ന് മോശമായ അവസ്ഥയിലായിരിക്കുന്നു .  മിനാരങ്ങളുടെ വലിപ്പവും,അനുപാതവും എല്ലാം തന്നെ വ്യത്യസ്തമാണ്. താജ്മഹലിന്റെ നടുക്കുള്ള മകുടമല്ലേ ഉയർന്നു നിൽക്കുന്നത് ..  വശങ്ങളിലുള്ള മിനാരങ്ങൾക്ക് അതിനേക്കാൾ ഉയരക്കൂടുതൽ ഇല്ലെന്നുള്ള കാര്യവും ശ്രദ്ധേയമാണ് . നല്ല  അനുപാതത്തിൽ സൌന്ദര്യ ബോധത്തോടെ നിർമ്മിച്ച ഒരു സ്മാരകമാണ് താജ് മഹൽ.. അതിന്റെ മൊത്തത്തിലുള്ള ഘടനയ്ക്ക് നല്ല ചേർച്ചയും വിസ്താരവുമുണ്ട് .മറ്റൊരു പ്രധാനപ്പെട്ട കാര്യം താജ്മഹലിന് മുന്നിൽ പരിശുദ്ധ ഖുറാനിലെ വാക്യങ്ങൾ എഴുതി വച്ചിട്ടുണ്ട്,പക്ഷേ ഇതിൽ അത് കാണാനില്ല . ഇനിയൊന്ന് മഖ്ബറയുടെ  ചിത്രത്തിൽ നോക്കിയാൽ ഇടത് വശത്ത് മിനാരങ്ങൾക്കിടയിൽ ഒരു കെട്ടിടം കാണാം,അത് ഈ നിർമ്മിതിയുടെ ചാരുത മുഴുവനായി നഷ്ടപ്പെടുത്തിക്കളഞ്ഞു എന്ന് പറയാതെ വയ്യ . താജ് മഹലിൽ ഇങ്ങനെയൊന്ന് കാണാനാകില്ല പ്രേമത്തിന്റെ സൌന്ദര്യവും,  വശ്യതയും കൊണ്ട് അഴകിന്റെ പര്യായമായി  വാനിൽ ഉയർന്നു നിൽക്കുന്ന ആ പ്രേമ കുടീരത്തിനെ ഇതുമായി താരതമ്യം ചെയ്യാനാകുമോ എന്ന് സംശയമുണ്ട്,പിന്നെ മൊത്തത്തിൽ ഒരു സാമ്യം തോന്നാം ആത്രേയുള്ളൂ .  

ഉച്ചയൂണ് കഴിഞ്ഞ് ഔറംഗസീബിന്റെ പ്രിയ പത്നിയുടെ ശവകുടീരം കാണാനായി യാത്ര ചെയ്യുമ്പോൾ വഴിയരികിൽ ,കൃഷിപ്പാടങ്ങളും,മിഠായിക്കടകളും,ടയർ റിപ്പയറിംഗ് സ്ഥലങ്ങളുമായിരുന്നു കാഴ്ച. ടൌണിലേക്ക് കയറിപ്പോൾ ഉയർന്ന കമാനങ്ങളുള്ള  ഗേറ്റുകളുടെ ഒരു നിര തന്നെ  കാണാമായിരുന്നു. ഡൽഹി ഗേറ്റിലൂടെ ഔറംഗാബാദ് പട്ടണത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞപ്പോൾ , ’രംഗീല ദർവാസ, ജുമാ മസ്ജിദ്, ഔറംഗസീബിന്റെ കൊട്ടാര സമുച്ചയം ഇതെല്ലാം ആമോദ് കാണിച്ചു തന്നു. കൂടുതലും സുന്നി മുസ്ലീങ്ങൾ  താമസിക്കുന്ന പഴയ ഔറംഗാബാദ് നഗരത്തിന്റെ ഇടുങ്ങിയ വഴിയോരത്തെ കടകളിലും ,കെട്ടിടങ്ങളിലും സംസാരിച്ചു നിൽക്കുന്ന ആളുകളെ കണ്ടപ്പോൾ ചിത്രങ്ങളിൽ കണ്ടു പരിചയമുള്ള ഔറംഗസീബിന്റെ മുഖച്ഛായ തോന്നി. മാത്രവുമല്ല അവിടെയുള്ളവരുടെ തലയിലെ വട്ടത്തിലുള്ള തലക്കെട്ടും ,നീളമുള്ള താടി മീശയും, കുപ്പായവും എല്ലാം കൂടി കണ്ടപ്പോൾ കുറേ വർഷങ്ങൾ പിന്നിലോട്ട് ഞാൻ സഞ്ചരിച്ചു പോയി .ഈ വഴികളിലൂടെ തലപ്പാവ് വച്ച ആ ചക്രവർത്തി ഭരണ നിർവ്വഹണത്തിനിടെ എത്രയോ തവണ കടന്ന് പോയിരിക്കാം . ഒരുപാട് ആരോപണങ്ങൾ നേരിട്ടിരുന്ന അദ്ദേഹം വളരെ ലളിത ജീവിതമാണ് നയിച്ചിരുന്നതെന്നാണ് പറഞ്ഞു കേട്ടത് .  

തെരുവുകളിലൂടെയുള്ള യാത്ര  “മെക്ക ഗേറ്റ് “എന്ന കവാടം പിന്നിട്ടതോടെ പഴയ ഔറംഗാബാദ് നഗരത്തോട് ഞങ്ങൾ വിട പറഞ്ഞു .  വൈകുന്നേരം  അഞ്ചര മണിയോടെ മക്ബറയുടെ മുന്നിലേക്ക്  ഇറങ്ങിച്ചെന്നപ്പോൾ  അവിടെ സന്ദർശകരുടെ നല്ല തിരക്കായിരുന്നു .  കോയിൻ റ്റിക്കറ്റുമായി വന്ന അസറിനും ,ആമോദിനുമൊപ്പം ഞങ്ങൾ കുടീരത്തിന്റെ ഉള്ളിലേക്ക് നടന്നു ഈ നിർമ്മിതിയെ പറ്റി മുകളിൽ പ്രസ്താവിച്ചിരിക്കുന്ന വസ്തുതകൾ അവിടെ നിന്നു കൊണ്ടാണ് ആമോദ് ഞങ്ങളോട് വിശദീകരിച്ചത്  പടിക്കെട്ടുകൾ  കയറി ബീഗത്തെ അടക്കം ചെയ്ത സ്ഥലത്തിന് സമീപത്തു കൂടി  സൌധത്തിന്റെ മട്ടുപ്പാവിൽ ചുറ്റുപാടുകൾ നിരീക്ഷിച്ചു കൊണ്ട് കുറച്ചു നേരം ചിലവഴിച്ചു. മാതൃ സ്നേഹത്തിന്റെ ആ കുടീരത്തിൽ പ്രത്യേകിച്ച് മറ്റൊന്നും കാണാൻ ഇല്ലാഞ്ഞത് കൊണ്ട്  ഞങ്ങൾ സന്ധ്യയോടെ ഹോട്ടലിലേക്ക് മടങ്ങി ഭക്ഷണ ശേഷം വിശ്രമിച്ചു.

2026 ജൂലൈ 10, വെള്ളിയാഴ്‌ച

 

കാനന കുളിർമ്മയിൽ- ഗവി

കാല വർഷത്തിന്റെ ആഗമനവും ഈദ് പെരുന്നാളിൻറെ അവധിക്കാലവും ചേർന്ന മനോഹരമായ ദിവസങ്ങൾ. വർഷ മേഘങ്ങൾ പൊഴിച്ച ഉപ്പ് രസമില്ലാത്ത കണ്ണുനീർ തുള്ളികൾ വീടിന്റെ മേൽക്കൂരയിൽ വീണ് ചിന്നിച്ചിതറിയപ്പോൾ മധുരമായ ഒരാഗ്രഹം!!വീട്ടിൽ കുത്തിയിരിക്കാതെ പ്രകൃതിയുടെ വിശാലമായ വിരിമാറിലൂടെ ഒരു സഞ്ചാരമായലോ എന്ന ആലോചനയിലേക്കാണ്  ആ ആഗ്രഹം ചെന്ന് നിന്നത് . കൂടുതൽ അലച്ചിലില്ലാതെ മനസ്സിന് ഉന്മേഷവും ശരീരത്തിന് ഊർജ്ജവും നൽകുന്ന  രണ്ടോ മൂന്നോ ദിവസം നീണ്ടു നിൽക്കുന്ന ചെറിയൊരു യാത്ര,അത് മതിയെന്നുറപ്പിച്ച് ഞങ്ങൾ തേക്കടിയിലേക്ക് വച്ച് പിടിക്കാൻ തീരുമാനിച്ചു . വർഷങ്ങൾക്ക് മുൻപ് തേക്കടി തടാകത്തിലൂടെ ബോട്ടിൽ സവാരി ചെയ്തപ്പോൾ  തടാകത്തിലിറങ്ങി കുളിച്ചും കുടിച്ചും അർമ്മാദിച്ചു കളിച്ചിരുന്ന ആനക്കൂട്ടത്തെ കണ്ട മനോഹരമായ കാഴ്ചയാണ് പെട്ടെന്ന് മനസ്സിൽ ഓർമ്മ വന്നത്. എന്നാൽ അതൊക്കെ  പഴങ്കഥ അല്ലേ .. തേക്കടിയുടെ പുതിയ മുഖം ഒന്ന് കണ്ടേക്കാമെന്ന് കരുതി കുമിളിയിലെ “വുഡ് നോട്ട്”(Wood note ) എന്ന് പേരുള്ള ഹോട്ടലിൽ രണ്ട് ദിവസത്തെ താമസത്തിന് മുറിയും ബുക്ക് ചെയ്ത് , യൂ ട്യൂബ് ചാനലിലൂടെ “ഇൻഫ്ലുവൻസർ” പദവി കരസ്ഥമാക്കിയ സുഹൃത്തിൻറെ  ടാക്സിയിൽ യാത്ര തിരിച്ചു. ചാനൽ പ്രേക്ഷകരെ സ്വാധീനിക്കാൻ വേണ്ട വൊക്കാബുലറി കൈവശമുണ്ടായിരുന്ന ജിബിൻ എന്ന ഞങ്ങളുടെ സാരഥിയോടൊപ്പമുള്ള യാത്ര ഒട്ടും മടുപ്പിക്കുന്നതായിരുന്നില്ല.

അറബിക്കടലിന് സമാന്തരമായി തലയുയർത്തി നിൽക്കുന്ന സഹ്യ സാനുക്കൾ അണിഞ്ഞിരിക്കുന്ന മരതക പട്ടുടയാടയിൽ തുന്നിപ്പിടിപ്പിച്ച എംബ്രോയിഡറി ഡിസൈനുകൾ പോലെ നുള്ളി നിർത്തിയിരിക്കുന്ന തേയിലച്ചെടികൾ നിരന്ന കുന്നിൻ പുറങ്ങൾ ,.. അതിനിടയിൽ വെള്ളിക്കസ്സവ് കരയുടെ അഴക് ചാർത്തി ഒഴുകിയിറങ്ങി വരുന്ന  ജലപാതങ്ങൾ.. വർണ്ണ കുസുമങ്ങൾ തലയിലണിഞ്ഞ വൃക്ഷ ജാലങ്ങൾ .. കാതുകളിൽ രഹസ്യമോതുന്ന ഇല മർമ്മരങ്ങൾ.. ഇളം കാറ്റിൽ ഊയലാടുന്ന വള്ളികൾ ..  അവയ്ക്കിടയിൽ ചാഞ്ചാടിയാടുന്ന വാനര വൃന്ദങ്ങൾ ..  .. ഇങ്ങനെ വന ഭംഗി നുകർന്നു  കൊണ്ടുള്ള തേക്കടി യാത്ര നല്‍കിയ നവോന്മേഷം എത്രയെന്ന് പറഞ്ഞറിയിക്കാന്‍ പ്രയാസം !!!  അവിടവിടെയുള്ള വ്യൂ പോയിൻറുകളിൽ വണ്ടി നിർത്തി നിര്‍ത്തി പ്രകൃതിയുടെ മാദക സൌന്ദര്യം ആവോളം ആസ്വദിച്ച് , എരുമേലി വന പ്രദേശവും ,അയ്യപ്പ സ്വാമി ക്ഷേത്രവും, വാവര് പള്ളിയും കണ്ടു കൊണ്ട് ഏകദേശം പന്ത്രണ്ടര മണിയോടെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനരികിലെത്തി.. ഉയർന്നു നിൽക്കുന്ന മല മടക്കുകളില്‍ നിന്ന് പാൽ നുര പോലെ ഒഴുകിയെത്തുന്ന ആ ജലപാതം താഴെയുള്ള പാറക്കെട്ടുകളിൽ വീണ് പളുങ്ക് മണികൾ തെറിപ്പിച്ച് ചിരിച്ചു കൊണ്ട് ഒഴുകിപ്പോകുന്ന കാഴ്ച അതി മനോഹരം തന്നെ !

വെള്ളച്ചാട്ടം കാണാൻ ഇറങ്ങുമ്പോൾ പാതയോരത്ത് ഉപ്പിലിട്ട മാങ്ങയും, നെല്ലിക്കയും, തേൻ മിഠായിയും,വന വിഭവങ്ങളും മറ്റും വിൽക്കുന്ന ചെറുകിട കച്ചവട സ്ഥാപനങ്ങളുടെ ഒരു നിര തന്നെ കാണാമായിരുന്നു . സന്ദര്‍ശക തിരക്ക് കാരണം അവിടെ വാഹനം ഒതുക്കിയിടാന്‍ പോലും ഇടമില്ലാത്ത സ്ഥിതിയായിരുന്നു. 


                                വളഞ്ഞങ്ങാനം വെള്ളച്ചാട്ടം 

 ജലപാതത്തിൽ നിന്നുതിർന്ന പനിനീര്‍ത്തുള്ളികൾ സമ്മാനിച്ച കുളിരണിഞ്ഞതോടെ   പിന്നീടുള്ള യാത്രയിൽ കാറിലെ  ഏ സി അധികപ്പറ്റായി തോന്നി. ഹരിതാഭയുള്ള തേയിലക്കുന്നുകളും അവയ്ക്കിടയില്‍ ഉറക്കം തൂങ്ങി നിന്നിരുന്ന സില്‍വര്‍ ഓക്സ് മരങ്ങളും കണ്ടിരിക്കുമ്പോള്‍ ‘പട്ടുമല’ എന്ന സ്ഥലത്ത് ഒരു പള്ളിയുടെ മുന്നില്‍ ജിബിന്‍ പെട്ടെന്ന് കാര്‍ നിര്‍ത്തി . “നല്ല ഭംഗിയുള്ള പള്ളിയാ, ഇറങ്ങി കണ്ടിട്ട് പോകാം ,ഒന്നു ഫ്രഷ് ആകുകയും ചെയ്യാം “എന്നായിരുന്നു  ജിബിൻ പറഞ്ഞതെങ്കിലും ആ പറച്ചിലിൽ ഒരു യൂ ട്യൂബറുടെ  “കണ്ടന്റ് ക്രിയേഷൻ” ഞങ്ങൾ മണത്തു. കോട്ടയം കുമളി പാതയോരത്ത്     തേയിലക്കുന്നുകൾക്ക് മദ്ധ്യത്തിലായി തലയെടുപ്പോടെ നിന്നിരുന്ന ആ ദേവാലയം പരിശുദ്ധ മാതാവിൻറെ  നാമധേയത്തിലുള്ളതായിരുന്നു . ഇടുക്കി ജില്ലയിലെ പീരുമേട് ഗ്രാമ പഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന ഈ “പട്ടുമല മാതാ ദേവാലയം” റോമന്‍ കത്തോലിക്കാ ലാറ്റിന്‍ വിഭാഗങ്ങളുടെ ആചാരപരമായ തീര്‍ത്ഥാടന കേന്ദ്രമാണ് . ഗ്രാനൈറ്റ്  കൊണ്ട് ഗോത്തിക്ക് ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള  ഇന്ത്യയിലെ ഏറ്റവും  വലിയ താഴികക്കുടങ്ങളുള്ള പള്ളികളിലൊന്നായ ഈ ദേവാലയത്തിന്  “കൊച്ചു വേളാങ്കണ്ണി പള്ളി” എന്ന് കൂടി പേരുണ്ടത്രേ . വിശാലമായ പുൽ മേടുകളും  നിരന്നു നിൽക്കുന്ന തേയിലച്ചെടികളും  കൊണ്ട് ഹരിത കമ്പളം അണിഞ്ഞു നിൽക്കുന്ന മല എന്ന അർത്ഥത്തിലാണ്  “പട്ട് പുതച്ച കുന്ന്” അല്ലെങ്കിൽ “പട്ടുമല” എന്ന് ഈ സ്ഥലത്തിന് പേര് വന്നതെന്നാണ് അറിയാൻ കഴിഞ്ഞത് . പട്ടു മലയിൽ നിന്ന് ഏതാണ്ട് 24 കി മീ ദൂരം സഞ്ചരിച്ചാൽ  തേക്കടി ടൌണിലെത്താം .  

                                    പട്ടുമല ദേവാലയം 

    ദേവാലയത്തിനുള്ളിൽ കയറി കാഴ്ചകൾ  കണ്ട് എല്ലാം ദൈവാനുഗ്രഹം മാത്രമാണെന്നോർത്തു കൊണ്ട് . പടിക്കെട്ടുകളിറങ്ങുമ്പോൾ തേയിലച്ചെടികളെ തഴുകി വന്ന കാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു .പള്ളിയുടെ മുന്നിലെ പാതയുടെ മറു വശത്ത് വിവിധ തരം തേയിലകൾ വിൽക്കുന്ന ഒരു ഔട്ട് ലെറ്റും എസ്റ്റേറ്റിലേക്ക് കയറാനുള്ള ടിക്കറ്റ് കിട്ടുന്ന സ്ഥലവുമായിരുന്നു കണ്ടത് . റോഡരികിലാകട്ടെ ഉദ്യാന പ്രേമികളെ മാടി വിളിക്കുന്ന വർണ്ണ പൂച്ചെടികൾ വിൽക്കുന്നവർ നിരന്നിരിക്കുന്ന കാഴ്ചയായിരുന്നു . 

പരിശുദ്ധമായ  ദേവാലയാന്തരീക്ഷത്തിൽ നിന്നിറങ്ങുമ്പോഴേക്കും ഉച്ച ഭക്ഷണത്തിന് സമയമായിരുന്നു . അടുത്ത് തന്നെ ഒരു ഹോട്ടലുണ്ടെന്ന് പള്ളിയിൽ വന്ന ഒരാൾ പറഞ്ഞത് കേട്ട് ഞങ്ങൾ അങ്ങോട്ട് പോയെങ്കിലും അവിടെ ഞങ്ങൾക്ക് വേണ്ട ആഹാരം ലഭ്യമല്ലായിരുന്നു .എന്നാൽ പിന്നെ  ഗൂഗിളിനെ തന്നെ ആശ്രയിച്ചേക്കാമെന്ന് കരുതി തിരഞ്ഞപ്പോൾ കിട്ടിയത്  “കല്യാണി “ എന്ന നല്ല റേറ്റിംഗ് ഉള്ള ഒരു ചെറിയ ഹോട്ടലിൻറെ  പേരാണ്  . ഇതിനിടയിൽ വുഡ് നോട്ടിൽ  വിളിച്ച് അന്വേഷിച്ചപ്പോൾ അവരും കല്യാണിയെ പുകഴ്ത്തി പറഞ്ഞു  ,പിന്നെ അമാന്തിച്ചില്ല നേരെ കല്യാണിയുടെ അടുത്തേക്കായി യാത്ര. ഒരു വീടിനോട് ചേർന്ന് വീട്ടുകാർ തന്നെ നടത്തുന്ന ഒരു ഹോട്ടലായിരുന്നു അത് .വലിയ കെട്ടും മട്ടുമൊന്നും ഇല്ലാത്ത കല്യാണിയിൽ നിന്ന് നല്ല ഒന്നാംതരം ചോറും കറികളുമായിരുന്നു ലഭിച്ചത്,മേമ്പൊടിയായി ജീവനക്കാരുടെ  നല്ല പെരുമാറ്റവും കൂടിയായപ്പോൾ ഉച്ചയൂണ് ഗംഭീരമായി . മേക്കപ്പ് ഇല്ലാത്ത നാടൻ സുന്ദരിയായ കല്യാണിയെ “ക്ഷ ” പിടിച്ച ഞങ്ങളുടെ സാരഥി അവളുടെ ഫോൺ നമ്പർ  വാങ്ങി എപ്പോഴെങ്കിലും ചെന്ന് ഒരു കണ്ടന്റ് ക്രിയേറ്റ് ചെയ്യാൻ അവസരം ഒരുക്കി വച്ചു ,ഒപ്പം നിന്നൊരു  സെൽഫിയും എടുത്തു പോന്നു .കുമിളി പട്ടണത്തിന് വളരെ അടുത്ത് തന്നെയായിരുന്നു  ഞങ്ങൾക്ക് മൃഷ്ടാന്നം നൽകി  സന്തോഷിപ്പിച്ച കല്യാണിയുടെ താവളം .  

ഉച്ച ഭക്ഷണത്തിൻറെ  മേന്മ പറഞ്ഞു തീരും മുൻപ് തന്നെ തേക്കടി ടൌണിലെ താമരക്കണ്ടം റോഡിൽ സ്ഥിതി ചെയ്യുന്ന “വുഡ് നോട്ട് ഹോട്ടലിൽ ”( Wood Note Hotel) ഞങ്ങൾ എത്തിച്ചേർന്നു കഴിഞ്ഞിരുന്നു  . ചെക്കിൻ പരിപാടികൾ പൂർത്തിയാക്കി  ഫ്രഷ് ആയതിന് ശേഷം കാഴ്ചകൾ കാണുവാനായി പുറത്തേക്കിറങ്ങി . തേക്കടി തടാകത്തിലെ ബോട്ട് സവാരിയുടെ കാര്യം ഹോട്ടൽ റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ   ഒരാഴ്ചത്തേക്ക് ടിക്കറ്റ് കിട്ടില്ലെന്ന് അറിഞ്ഞെങ്കിലും നേരിട്ട് ടിക്കറ്റ് കൌണ്ടറിൽ പോയി ഒന്നു തിരക്കാനും ഞങ്ങൾ മടിച്ചില്ല  . കാര്യം നടക്കില്ലെന്ന് സമാധാനിച്ച്  ടൌണിലൂടെ ഒരു കറക്കം കറങ്ങി ജിബിന് താമസിക്കാൻ മുറിയും സംഘടിപ്പിച്ച് ഒരു ചായയും കുടിച്ച് സന്ധ്യ ആയപ്പോഴേക്കും ഹോട്ടലിൽ മടങ്ങിയെത്തി. പെട്ടെന്ന് തീരുമാനിച്ച പരിപാടി ആയിരുന്നത് കൊണ്ട് ഹോട്ടലിലെ അവസാനത്തെ ഒരേയൊരു മുറിയായിരുന്നു ഞങ്ങൾക്ക് കിട്ടിയിരുന്നത്.  

ഹോട്ടൽ ബുക്കിങ് പാക്കേജിൽ മൂന്ന് നേരത്തെ ഭക്ഷണവും ഒരു ഗവി യാത്രയും ഉൾപ്പെട്ടിരുന്നതിനാൽ പിറ്റേ ദിവസം അതി രാവിലെ ഞങ്ങൾ ഗവിയുടെ വന്യതയിലേക്ക് ഊളിയിട്ടിറങ്ങാൻ തയ്യാറായിരുന്നു . ഞങ്ങളുടെ സാരഥി ജിബിനാകട്ടെ ഗവി യാത്രയ്ക്ക് വരാൻ താത്പര്യം കാണിച്ചില്ല . നല്ല തണുപ്പുള്ള  പ്രഭാതത്തിൽ മുറിയിലുള്ള കെറ്റിലിൽ ഒരു ചായയും ഉണ്ടാക്കി കുടിച്ച് പുറത്ത് ചെന്നപ്പോഴേക്കും പോകാനുള്ള ജീപ്പുമായി ഷാഹുൽ ഹമീദ് എന്ന ഡ്രൈവർ കം ഗൈഡ് തയ്യാറായി നിൽപ്പുണ്ടായിരുന്നു. ഗവിയും തേക്കടിയും മാത്രമല്ല ഊട്ടിയും കൊടൈക്കനാലും തുടങ്ങി പല സ്ഥലങ്ങളിലേക്കും പോകാനുള്ള സഞ്ചാര സന്നാഹങ്ങളെല്ലാം അദ്ദേഹത്തിന് സ്വന്തമായുണ്ടെന്നറിഞ്ഞപ്പോൾ ഈ യാത്രയിലെ അനുഭവം നല്ലതാണെങ്കിൽ ഭാവിയിൽ അദ്ദേഹത്തിന്റെ പാക്കേജുകൾ എടുക്കാമല്ലോ എന്നോർത്ത് വളരെ സന്തോഷം തോന്നി. കുമിളിയിൽ നിന്ന് ഗവി വരെ ഏകദേശം 40 കി മീ ദൂരമാണുള്ളതെന്നും അതിൽ 20 കിലോ മീറ്ററോളം വന പ്രദേശമാണെന്നുമുള്ള  ആമുഖത്തോടെ ഹമീദ് ജീപ്പ് ഓടിച്ചു തുടങ്ങി. 

       “ഓർഡിനറി” എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നിത്യ ഹരിത വന പ്രദേശമാണല്ലോ ഗവി .സംരക്ഷിത പ്രദേശമായ ഗവിയിലേക്ക് ഒരു ദിവസം നിശ്ചിത എണ്ണം വാഹനങ്ങൾ മാത്രമേ കടത്തി വിടുകയുള്ളൂ എന്നതിനാൽ  അങ്ങോട്ടേക്കുള്ള പാസ് ലഭിക്കാനും താമസ സൌകര്യം കിട്ടാനും കുറച്ച് പ്രയാസമാണെന്ന് മുൻപേ തന്നെ പറഞ്ഞ് കേട്ടിരുന്നു. വനത്തിൻറെയും ,വന്യ ജീവികളുടെയും വനവാസികളായ ഗോത്ര വർഗ്ഗക്കാരുടെയും ക്ഷേമവും സുരക്ഷയും കണക്കാക്കിയാണ് ഇവിടെ സന്ദർശക ബാഹുല്യം നിയന്ത്രിച്ചിരിക്കുന്നതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് . ഏതായാലും ഞങ്ങൾക്ക് വന പ്രവേശനത്തിനുള്ള പാസും വാഹനവും എല്ലാം ഹോട്ടലിൽ നിന്ന് ശരിയാക്കി തന്നിരുന്നതിനാൽ കാര്യങ്ങൾ സുഗമമായി.  

ഇടുക്കി ,പത്തനംതിട്ട ജില്ലകളിലായി നീണ്ടു നിവർന്നു കിടക്കുന്ന  പെരിയാർ വന്യ ജീവി സങ്കേതത്തിന്റെ ഭാഗമായ  ഗവി വനങ്ങൾ, അത്യപൂർവ്വമായ പുഷ്പ സസ്യ ജാലങ്ങളുടെയും പക്ഷികളുടെയും ,കടുവ ,ആന പുലി,കരടി തുടങ്ങിയ വന്യ മൃഗങ്ങളുടെയും ആവാസ കേന്ദ്രമാണ്.  പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലുള്ള സീതത്തോട് ഗ്രാമ പഞ്ചായത്തിലുള്ള ഇവിടെ  വനം വികസന കോർപ്പറേഷൻ ഒരുക്കിയിട്ടുള്ള നിയന്ത്രിത വിനോദ സഞ്ചാര സൌകര്യങ്ങളാണുള്ളത്.  വനത്തിനുള്ളിലേക്ക് പരിചയ സമ്പന്നരായ ഗൈഡുകൾക്കൊപ്പം  ട്രെക്കിങ്ങുകൾ നടത്താം കൂടാതെ , ഗവി ഡാമിലൂടെ നീർവീഴ്ച വെള്ളച്ചാട്ടത്തിനടുത്ത് വരെ ബോട്ടിൽ പോയി അതും കണ്ട് തിരിച്ചു വരാം . പുൽ മേടുകൾ കൊണ്ട് സമ്പന്നമായ മൊട്ടക്കുന്നുകളിൽ മേഞ്ഞു നടക്കുന്ന ആനക്കൂട്ടങ്ങളെയും ,കാട്ടികളേയും ഭാഗ്യമുണ്ടെങ്കിൽ ദൂരെ നിന്ന് കാണുകയും ചെയ്യാം  ഒന്നര മണിക്കൂറോ അതിനേക്കാൾ കുറച്ചു കൂടി ദൈർഘ്യമുള്ള ട്രെക്കിംഗോ അവരവരുടെ  ആരോഗ്യ സ്ഥിതിയും ധൈര്യവും അനുസരിച്ച് തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്. പ്രഭാത ഭക്ഷണവും ,ഉച്ചയൂണും,വൈകുന്നേരത്തെ ചായയും സ്നാക്സും എല്ലാം അവിടത്തെ ഭക്ഷണ ശാലയിൽ പോയിരുന്നു കഴിക്കാനുള്ള സൌകര്യവും ഉണ്ട് . കൂടാതെ ഒരു ചെറിയ മ്യൂസിയവും അതിനോട് ചേർന്ന് വളരെ കുറച്ചു പേർക്ക് താമസിക്കാനുള്ള സൌകര്യങ്ങളുമാണ് അവിടെയുള്ളത് .

ഗവിയിലേക്ക് പോകുമ്പോൾ വനത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് രണ്ട് ചെക്ക് പോസ്റ്റുകളാണുള്ളത്   അവിടെ എത്തുന്നതിന്  മുൻപായി ഹമീദ് ഒരു ചായ കുടിക്കാൻ വേണ്ടി ഇറങ്ങി. ഗവി കാണാനിറങ്ങിയവരും ,അവരുടെ വാഹനങ്ങളും നിറഞ്ഞ ആ സ്ഥലത്ത് ചായ വേണ്ടായിരുന്നെങ്കിലും ഞങ്ങളും വെറുതെ ഒന്നിറങ്ങി നിന്നു. . കോട മഞ്ഞിൽ വിറങ്ങലിച്ചു നിന്നിരുന്ന അവിടെ അങ്ങു  ദൂരെ തേയില തോട്ടങ്ങൾക്ക് നടുവിലായി ഒരു മ്ലാവ് നിൽക്കുന്ന കാഴ്ച മനോഹരമായ പെയിന്റിങ് പോലെയാണ് തോന്നിയത്. ചായകുടി കഴിഞ്ഞ് കുറച്ച് നേരത്തെ യാത്രയ്ക്ക് ശേഷം ആദ്യത്തെ ചെക്ക് പോസ്റ്റിന് സമീപത്തായി   ജീപ്പ് നിർത്തിയിട്ട് പാസ് കാണിച്ച് വിവരങ്ങൾ നൽകുന്നതിനായി ഹമീദ് അങ്ങോട്ടേക്ക് പോയി . ഗവിയിലെത്തുന്നവരുടെ ആഹാര കാര്യങ്ങളും മറ്റ് സഞ്ചാര പരിപാടികളും പ്രോഗ്രാം ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ ചെക്ക് പോസ്റ്റ് ആയിരുന്നു അത് . അവിടെ നിന്നും കുറച്ചു ദൂരം മുൻപോട്ട്  ചെല്ലുമ്പോഴാണ്  വനത്തിൽ കയറുവാനുള്ള അനുമതി തരുന്ന കേന്ദ്ര സർക്കാരിന്റെ ചെക്ക് പോസ്റ്റ് .രണ്ട് ചെക്ക് പോസ്റ്റുകളിലെയും നടപടി ക്രമങ്ങൾ കഴിഞ്ഞതോടെ നാടും കാടും തമ്മിൽ വേർതിരിക്കുന്ന “ജണ്ട “ (അതിർത്തി അടയാളം )  കാണിച്ചു തന്നു കൊണ്ട് ഹമീദ് തന്റെ വാഹനം വനത്തിലേക്ക് ഓടിച്ചു കയറ്റി. കാനന ഛായയിലൂടെ മൃഗ  സാന്നിദ്ധ്യം  (Animal sighting ) പ്രതീക്ഷിച്ചു യാത്ര ചെയ്യുമ്പോൾ മുന്നിലുള്ള വളവുകൾ ശ്രദ്ധാ പൂർവ്വം നോക്കി തിരിച്ചു കൊണ്ട് ഹമീദ് ഗവി വനങ്ങളുടെ  ഒരു ചെറു വിവരണം ഞങ്ങൾക്ക് തന്നു.

ശ്രീലങ്കയിൽ ഉണ്ടായിരുന്ന സിംഹളരും തമിഴ് വംശജരും തമ്മിലുണ്ടായ കലഹത്തിനൊടുവിൽ അവിടെ നിന്നും കുടിയിറക്കപ്പെട്ട തമിഴ് വംശജർ ഗവിയിൽ വന്ന് പാർക്കുകയുണ്ടായത്രേ  . ഇവിടെയുണ്ടായിരുന്ന ഏലത്തോട്ടങ്ങളിലും ,ഫാക്ടറികളിലും തൊഴിൽ ചെയ്ത് ജീവിച്ചിരുന്ന ഇവർക്ക്  പിന്നീട് മേഖലയിലുണ്ടായ പ്രതിസന്ധി കാരണം വരുമാനം തീരെ ഇല്ലാതെയാകുന്ന അവസ്ഥ ഉണ്ടായി. ആ സമയത്ത്  കേരള വനം വികസന കോർപ്പറേഷൻ (KFDC ,Kerala Forest development Corporation ) വിനോദ സഞ്ചാര രംഗത്തേക്ക് ഇറങ്ങുകയും തൽ ഫലമായി കുടിയേറ്റക്കാരുടെ  പ്രശ്നങ്ങൾക്ക്  പരിഹാരമാകുകയും ചെയ്തുവെന്നായിരുന്നു ഹമീദ് വിശദീകരിച്ചു തന്നത് . വന യാത്രിയ്ക്കിടെ  ഉൾക്കാട്ടിൽ പലയിടത്തും തമിഴരുടെ  സെറ്റിൽമെന്റുകളും അദ്ദേഹം കാണിച്ചു തന്നു . ഇങ്ങനെ വണ്ടി ഓടിച്ചു കൊണ്ട് വിശേഷങ്ങൾ പറയുമ്പോഴും വനത്തിനുള്ളിൽ ഏതെങ്കിലും മൃഗങ്ങളെ ഞങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ എന്ന് ഹമീദ് മിഴികൾ കൂർപ്പിച്ചു നോക്കിക്കൊണ്ടിരുന്നു.

കോടയിറങ്ങിയ കാട്ടിൽ ചാറ്റൽമഴ കൂടി ആയപ്പോൾ സന്തോഷവും ഒപ്പം അൽപ്പം ഭയവും ഉണ്ടാകാതിരുന്നില്ല ,വളവ് തിരിഞ്ഞു ചെല്ലുമ്പോൾ ഏതെങ്കിലും ഒരു കൊമ്പൻ പതുങ്ങി നിന്ന് ഞങ്ങളെ ഓടിക്കുകയോ ആക്രമിക്കുകയോ ചെയ്താലോ എന്നായിരുന്നു ചിന്ത ഇടയ്ക്ക് ഒരു സ്ഥലത്ത് ചെന്നപ്പോൾ നീല ഷീറ്റ് കൊണ്ട് മറച്ച ചെറിയൊരു കുടിൽ കണ്ടു , അത് നാടോടികളായ മല പണ്ടാരങ്ങളുടെ താമസ സ്ഥലമാണെന്നും അവർക്ക് പുറം ലോകവുമായി യാതൊരു  സമ്പർക്കവും ഇല്ലെന്നും അവർ ആരുടെയും മുഖത്ത് നോക്കുകയില്ലെന്നും ഹമീദ് പറഞ്ഞു. പരമ്പരാഗതമായി വന വിഭവ ശേഖരണവും വേട്ടയാടലുമായി ജീവിക്കുന്ന അർദ്ധ നാടോടി വിഭാഗമാണിവർ  . അപ്പോഴാണ് റോഡിന്റെ ഒരു വശത്ത് കൂടി രണ്ടു ചെറിയ കുഞ്ഞുങ്ങൾ മഴ നനഞ്ഞു കൊണ്ട് നടന്നു പോകുന്നത് കണ്ടത് ,ഒരു മൂന്നും അഞ്ചും വയസ്സ് കാണും അവർക്ക് .തോളിൽ നിന്ന് താഴേക്ക് ഇറങ്ങി അയഞ്ഞു തൂങ്ങിയ  ചെമ്മണ്ണിന്റെ നിറമുള്ള പഴയതും അഴുക്ക് പുരണ്ടതുമായ  ഉടുപ്പുകൾ അണിഞ്ഞു കൊണ്ട് തറയിലേക്ക്  കുനിഞ്ഞു നോക്കി നടക്കുന്ന ആ കുഞ്ഞുങ്ങളെ കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി. പാലും ,പോഷകാഹാരങ്ങളും,പരിചരണങ്ങളും നൽകി  വളർത്തുന്ന നമ്മുടെ കുഞ്ഞുങ്ങളുടെയും ഈ കുഞ്ഞുങ്ങളുടെയും ചിത്രം എന്റെ മനസ്സിൽ മാറി മാറി തെളിഞ്ഞു വന്നു  !!! കാടിന്റെ മക്കളായ ഈ കുഞ്ഞുങ്ങൾക്ക് പഠിപ്പും പകിട്ടും സൌകര്യങ്ങളും എത്ര അകലെയാണ് .. പക്ഷേ അവർ ഇതൊന്നും അറിയുന്നില്ല ശ്രദ്ധിക്കുന്നുമില്ല ,ആഗ്രഹിക്കുന്നുമില്ല എന്നാണ് ആ മുഖഭാവങ്ങളിൽ നിന്ന് എനിക്ക് വായിച്ചറിയാൻ കഴിഞ്ഞത്,ഒരു നിസംഗ ഭാവം . വീടില്ലെങ്കിലും പട്ടിണിയാണെങ്കിലും വന്യ മൃഗങ്ങൾക്കിടയിലാണെങ്കിലും , മരുന്നും മന്ത്രവും ഒന്നുമില്ലാതെ പ്രകൃതിയോടിണങ്ങി അവർ കാലം കഴിച്ചു കൂട്ടുന്നു .. അങ്ങനെയും ചില ജീവിതങ്ങൾ !!


                                മല പണ്ടാര കുഞ്ഞുങ്ങൾ   


വനത്തിനുള്ളിൽ വണ്ടി നിർത്തുകയോ പുറത്തിറങ്ങുകയോ ചെയ്യുന്നത് അപകടമാണ്, അങ്ങനെ ചെയ്യാൻ പാടില്ലെന്ന് നിയമവുമുണ്ട്.  ഏതായാലും ഹമീദ് ഒരിടത്ത് ജീപ്പ് നിർത്തി അതിന്റെ വശങ്ങളിലും മുകളിലും ഉള്ള ഷീറ്റുകൾ മാറ്റി ഞങ്ങൾക്ക് ഫോട്ടോ എടുക്കുന്നതിനുള്ള സൌകര്യം ചെയ്തു തരുന്നതിനിടെ  പെട്ടെന്ന് ഒരലർച്ച കേട്ടു , ചെവിയോർത്തപ്പോൾ  ആനയുടേതാണെന്ന് മനസ്സിലായി  ,അടുത്തെവിടെയോ ആൾ ഉണ്ടായിരിക്കാം. അപകടം മണത്ത് .സമയം കളയാതെ  പെട്ടെന്ന് തന്നെ ഹമീദ് വണ്ടിയിൽ കയറി ചുറ്റും നോക്കിക്കൊണ്ട്  യാത്ര തുടർന്നു . വനത്തിലെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴിയുടെ ഒരു വശത്ത് ഉയർന്നു നിൽക്കുന്ന പച്ചക്കുന്നുകളാണെങ്കിൽ  ,മറുവശത്ത് താഴ്ചയിൽ കൊലുസിന്റെ കിലുക്കവുമായി എങ്ങോട്ടോ ഒഴുകിപ്പോകുന്ന കാട്ടരുവികളാണ് , വൃക്ഷരാജന്മാരുടെ നിഴലിൽ ഇരുളണിഞ്ഞ വനത്തിൽ പ്രകൃതി അതിന്റെ രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്നത് പോലെ തോന്നി  . ഒരേ സമയം ഭീതിദവും സുന്ദരവുമായ കാനന പാതയിലൂടെയുള്ള  യാത്രയിൽ മണ്ണിലെ ജലാംശം വലിക്കുന്ന യൂക്കാലിപ്റ്റസ് മരങ്ങളെ ഉണക്കി നിർത്തിയിരിക്കുന്നതു കണ്ടു . ആനയെ നോക്കിയിരുന്ന ഞങ്ങൾക്ക് മരച്ചില്ലയിലിരുന്ന ഒരു കരിം കുരങ്ങിനെയും ഒളിച്ചിരുന്ന് പഴുത്ത ചക്ക തിന്നുന്ന മലയണ്ണാനെയും  കാണാൻ സാധിച്ചപ്പോൾ  ആനിമൽ സൈറ്റിങ് കിട്ടിയതിന്റെ സംതൃപ്തിയായിരുന്നു ,അത്രയും കാണാനായല്ലോ . കാടിന്റെ മക്കളെ കണ്ടതിന്റെ സന്തോഷവുമായി  മുല്ലപ്പെരിയാർ ഡാം തുറന്നു വിടുമ്പോൾ ഒഴുകി വരുന്ന ജലപാത മറികടക്കാൻ നിർമ്മിച്ചിട്ടുള്ള  “കറുപ്പ് പാലത്തി ”ലൂടെയായി യാത്ര . പാലം കടന്ന് ചെന്നപ്പോൾ ശബരിമല കാനന പാതയിലെ പുൽ മേടിന് സമീപത്ത്  കാട്ടിലെ കൊമ്പന്മാർ, വനം വകുപ്പ് സ്ഥാപിച്ചിരുന്ന വെളുത്ത സൈൻ ബോർഡുകളിൽ കൊമ്പു കുത്തിയിറക്കി കലിപ്പ് തീർത്ത്  മറിച്ചിട്ടിരിക്കുന്ന  കാഴ്ച ഹമീദ് കാണിച്ചു തന്നു. നാലാം മൈൽ എന്ന സ്ഥലം കഴിഞ്ഞപ്പോൾ  മൂഴിയാറിലേക്ക് കറണ്ട് ഉൽപാദനത്തിനായി ജലം കൊണ്ടു പോകുന്ന പെൻ സ്റ്റോക്ക് പൈപ്പുകളും ,വനവാസികൾ ആരാധിക്കുന്ന  ശിവ ക്ഷേത്രവുമായിരുന്നു  വഴിയരികിലെ കാഴ്ചകൾ .  വീണു കിടക്കുന്ന വൻ മരങ്ങൾക്കിടയിൽ നിന്നിരുന്ന കുന്തിരിക്ക  മരത്തിന് സമീപത്തായി ജീപ്പിന്റെ വേഗത കുറച്ച് കൊണ്ട് ഹമീദ് അതിനെപ്പറ്റിയും പറഞ്ഞു തന്നു ഈ മരങ്ങളുടെ തടിയിൽ ചെറിയ മുറിവുകളുണ്ടാക്കി അതിലൂടെ ഒലിച്ചിറങ്ങുന്ന കറ എടുത്ത് ഉണക്കിയാണ് നമ്മൾ പുകയ്ക്കാനും ഔഷധങ്ങൾക്കുമായി   ഉപയോഗിക്കുന്ന കുന്തിരിക്കം എടുക്കുന്നതെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത് . കാട്ടു ചോലകളുടെ താള മേളങ്ങൾക്കൊപ്പം ,ചൂളമടിച്ചു പാടുന്ന ചൂളക്കാക്കയെയും കണ്ടു കൊണ്ട് ഗവിയിലേക്കുള്ള യാത്ര പുരോഗമിക്കുന്നതിനിടെ ഒരു വ്യൂ പോയിന്റിൽ ജീപ്പ് നിർത്തി.. വിശാലമായ ആ സ്ഥലത്ത് ഇറങ്ങുന്നതിൽ അപകടമില്ലെന്നും ,അവിടെ നിന്നാൽ ഹരിതാഭയുള്ള കുന്നുകളിൽ യഥേഷ്ടം മേഞ്ഞു നടക്കുന്ന ആനക്കൂട്ടങ്ങളെയും ,കാട്ടികളെയും ഭാഗ്യമുണ്ടെങ്കിൽ കാണാൻ കഴിയുമെന്നും ഹമീദ്  പറഞ്ഞു. പക്ഷേ ആ ഭാഗ്യം അപ്പോൾ ഞങ്ങൾക്ക് കിട്ടിയില്ല ,വനക്കാഴ്ചകൾ എപ്പോഴും പ്രവചനാതീതമാണല്ലോ, പലതും  കാണാം ,കാണാതിരിക്കാം ,അതൊക്കെ നമ്മുടെ സമയം പോലെയിരിക്കും, ഏതായാലും  കോടയണിഞ്ഞ കുന്നുകളുടെ സൌന്ദര്യം മാത്രം കണ്ടാസ്വദിച്ചിട്ട് ഞങ്ങൾ ഗവിയിലേക്ക് പോയി.

 ഗവി ഡാമിന്റെ മുകളിലൂടെയുള്ള പാലം കടന്ന് ഫോറസ്റ്റ് ഓഫീസിനരികിൽ വണ്ടി നിർത്തിയ ഹമീദ് ഞങ്ങളെ അവിടത്തെ  ചെക്കിൻ പരിപാടികളിൽ സഹായിച്ചതിന് ശേഷം പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി ഭക്ഷണശാലയിലേക്ക് കൊണ്ടു പോയി. കാപ്പികുടി കഴിഞ്ഞു ചെന്നപ്പോൾ വനത്തിലെ വഴികാട്ടികളായ കുറേ ചെറുപ്പക്കാർ യൂണിഫോം അണിഞ്ഞു നിൽക്കുന്നത് കണ്ടു . അവരിൽ രാജേഷ് എന്ന ഗൈഡ് ഞങ്ങളെയും  മറ്റൊരു കുടുംബത്തെയും ചേർത്ത് ഒരു ഗ്രൂപ്പാക്കി  കാഴ്ചകളിലേക്ക് കൊണ്ടു പോകാൻ മുന്നോട്ട് വന്നു. അത്രയുമായപ്പോൾ  എല്ലാം കഴിയുമ്പോൾ വിളിച്ചാൽ മതി ജീപ്പുമായി അവിടെത്തന്നെ ഉണ്ടാകുമെന്നറിയിച്ച് ഹമീദ് പാർക്കിങ് ഏരിയയിലെ തന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് പോയി.     


                        കുന്തിരിക്ക മരം 


              വനത്തിനുള്ളിൽ കണ്ട കരിം കുരങ്ങ് 


ഗവിയിലെത്തുന്നതിന് മുൻപുള്ള  വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ച  

വർഷങ്ങളായി കാടിനെ അടുത്തറിഞ്ഞ മിടുക്കനും ചെറുപ്പക്കാരനുമായ രാജേഷ്, പരിചയപ്പെടലിന് ശേഷം  ട്രെക്കിംഗ് പാതയിലേക്കാണ് ഞങ്ങളെ ആദ്യം കൊണ്ടു പോയത് . ഒന്നര മണിക്കൂർ ട്രെക്കിങ്ങായിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തിരുന്നത് . ഒരു ചെറിയ ഇരുമ്പ് ഗേറ്റ് കടന്ന് വന ശീതളിമയിൽ നനഞ്ഞുലഞ്ഞു നാണം കുണുങ്ങി കിടന്ന വന ഭൂമികയിലേക്ക് ബഹുമാനത്തോടെയും അൽപ്പം ഭയത്തോടെയും  ഞങ്ങൾ കാലുകളൂന്നി. കാടിനുള്ളിലേക്ക് കയറിയാൽ അതിന്റെ അധിപതികളായ മൃഗ, സസ്യ ജാലങ്ങളെ അലോസരപ്പെടുത്തുന്ന രീതിയിൽ അധികം ബഹളം വയ്ക്കുകയോ സംസാരിക്കുകയോ,പെരുമാറുകയോ  ചെയ്യുന്നത് ഒട്ടും ശരിയല്ലാത്തതിനാൽ കഴിയുന്നതും മൌനമായിട്ടാണ് ഞങ്ങൾ നടന്നത്.  അന്യരുടെ കടന്നു കയറ്റം വന്യ മൃഗങ്ങളെ പ്രകോപ്പിക്കാനും അതു വഴി എന്തെങ്കിലും അപകടമുണ്ടാകാമെന്നുള്ളതും ഒരു  വസ്തുതയാണല്ലോ  പക്ഷേ ഞങ്ങളുടെ മുന്നിൽ പോയ മറ്റ് പല ഗ്രൂപ്പുകളും ഉറക്കെ ചിരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.  മരങ്ങൾക്കിടയിൽ നിൽക്കുന്ന ആനയോ മറ്റോ ഈ പ്രവർത്തി ഇഷ്ടപ്പെടാതെ ഓടിക്കുകയാണെങ്കിൽ ചെറുപ്പക്കാർക്ക് ചിലപ്പോൾ ഓടി രക്ഷപ്പെടാൻ കഴിഞ്ഞേക്കാം ,പക്ഷേ ഓടാൻ ബുദ്ധിമുട്ടുള്ളവർ പെടും ,അല്ലെങ്കിൽ പേടികൊണ്ട്  ഒരുവളേ മറിഞ്ഞു കൊക്കയിലേക്ക് വീണ് പരലോകം പ്രാപിക്കാനും മതി.  എന്നാൽ ബഹളം ഉണ്ടാക്കാതെ നടന്നാൽ നല്ലതാണെന്ന് ഉപദേശിക്കാൻ   ആരെങ്കിലും ചെന്നാൽ അവർ ആനയേക്കാളും വലിയ അപകടകാരികളായി മാറുമെന്നുള്ളത് ഉറപ്പായത് കൊണ്ട് മിണ്ടാതെ നടന്നു.

തടി ലോഡ് നിറച്ച ലോറി, കയറ്റം കയറുന്നത് പോലെ ഞങ്ങൾ പതുക്കെപ്പതുക്കെ കുന്നിൻ മുകളിലേക്ക് ആയാസപ്പെട്ട് നടന്നു . കുന്നിന്റെ നെറുകയിൽ എത്തുന്നതിന് മുൻപ് വിശാലമായ ഒരു സ്ഥലത്ത് എല്ലാവരും അൽപ്പ നേരം ഇരുന്നു വിശ്രമിച്ചു. കോടയിറങ്ങാഞ്ഞത്  കൊണ്ട് ശബരിമല ക്ഷേത്രത്തിന്റെ ഒരു വിദൂര ദൃശ്യം അവിടെ നിന്നപ്പോൾ  ലഭിച്ചു. ആനച്ചൂര് മണക്കുന്ന ട്രെക്കിംഗ് പാതയിലൂടെ വീണ്ടും നടത്തം തുടർന്നപ്പോൾ  അടുത്തെങ്ങാനും ആനയുണ്ടോ എന്ന് രാജേഷിനോട് ചോദിച്ചു. “ഇന്നലെ ട്രെക്കിങ്ങിന് വന്നവരെ ഇവിടെ വച്ച് കാട്ടാന ഓടിച്ചു,അതു കൊണ്ട് ട്രെക്കിംഗ് തുടർന്നില്ല “ തൊട്ടടുത്ത് ആനപ്പിണ്ഡം കാണിച്ചു തന്നു കൊണ്ട്  അദ്ദേഹം വിശദീകരിച്ചു.


                                 ഗവി വനങ്ങൾ


ശബരിമല ക്ഷേത്രത്തിന്റെ ഒരു വിദൂര ദൃശ്യം -പച്ചക്കുന്നുകൾക്കും മേഘങ്ങൾക്കുമിടയിൽ  


നടന്നു തുടങ്ങിയിട്ട് അപ്പോൾ  ആകെ അര മണിക്കൂർ മാത്രമേ ആയിരുന്നുള്ളൂ, പേടിച്ച് തിരിച്ചു പോകുന്നത് മോശമാണെന്ന് തോന്നി, അത് കൊണ്ട് ധൈര്യം സംഭരിച്ച് നടന്നു. കുന്നു കയറിയതിന്റെ ആയാസം കൊണ്ട് പലരും കിതയ്ക്കുന്നുണ്ടായിരുന്നു, അതിനും മീതെ ഭയം കൊണ്ടുള്ള എന്റെ ചങ്കിടിപ്പ് കേൾക്കുമോ എന്നായിരുന്നു ചിന്ത. ഒരു വലിയ കയറ്റം കൂടി കയറി കുന്നിന്റെ നിറുകയിലെത്തിയിട്ട്  എല്ലാവരും പാറപ്പുറത്ത് കാൽ നീട്ടിയിരുന്ന് കുറച്ചു നേരം വന സൌന്ദര്യം ആവോളം ആസ്വദിച്ചു. അതിനടുത്ത് തന്നെ ഒരു വാച്ച് ടവ്വർ  ഉണ്ടായിരുന്നെങ്കിലും ഈ കയറ്റം തന്നെ മതിയായത് കൊണ്ട് ആരും അങ്ങോട്ടേക്ക് പോകുന്നത് കണ്ടില്ല . തിരിച്ച് കുന്നിറങ്ങുന്ന സമയത്ത്   ഒറ്റയടിപ്പാതകൾക്ക് അപ്പുറവും ഇപ്പുറവും അടഞ്ഞു കിടക്കുന്ന കാട്ടിൽ നിൽക്കുന്ന  കൊമ്പനും,കരടിയ്ക്കും,കടുവയ്ക്കും, പാമ്പുകൾക്കും സൽബുദ്ധി കൊടുക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്  എങ്ങനെയെങ്കിലും നടത്തം പൂർത്തിയാക്കി തിരികെയെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത് .

വനയാനം നല്കിയ ശാരീരിക ക്ഷീണവും അതിലുപരി മനസ്സിലുണ്ടായിരുന്ന ഭീതിയുടെ താപവും , ഭക്ഷണ ശാലയിൽ ചെന്ന്  ഓരോ ജൂസ് കുടിച്ച് തണുപ്പിച്ചു കൊണ്ട് ,കുറച്ചു നേരം ഇരുന്നു. വന മേഖലയിലെ കാലാവസ്ഥ പ്രവചനാതീതമായതിനാൽ എപ്പോൾ വേണമെങ്കിലും ഒരു പെരുമഴ പെയ്യാം,പരിപാടികൾക്ക് തടസ്സം വരാം .    അതുകൊണ്ട് സമയം കളയാതെ ബോട്ടിങ്ങിനുള്ള ലൈഫ് ജാക്കറ്റുകളുമായി രാജേഷ് ഞങ്ങളെ തേടിയെത്തി . ഗവി ഡാമിന് മറുകരയിലുള്ള നിബിഡ വനങ്ങൾക്ക് ഇടയിലുള്ള വെള്ളച്ചാട്ടം കാണുന്നതിനായി ബോട്ടിൽ കയറിയ ഞങ്ങളെ രാജേഷ് തന്നെ തുഴഞ്ഞ് വെള്ളച്ചാട്ടത്തിന് അരികെയുള്ള സ്ഥലത്തെത്തിച്ചു .അവിടെ നിന്നും കുറച്ച് അധിക സമയം നടന്നു വേണം ജലപാതത്തിന് അരികിലെത്താൻ .   ഇതിനിടയിൽ കടുവയോ പുലിയോ ആഹാരമാക്കിയ ഒരു മാനിന്റെ അസ്ഥികൂടം കണ്ടപ്പോൾ ഭയമായി,ഒരു വശത്ത് നിറഞ്ഞു കവിഞ്ഞ ഡാം,മറുവശത്ത് ഇരുളടഞ്ഞ കാട്, മൃഗങ്ങൾ വന്നാൽ ഒന്നും ചെയ്യാനില്ല ,ചെയ്യാനുള്ളതെല്ലാം അവർ ചെയ്തു കൊള്ളുമല്ലോ . ഏതായാലും ലൈഫ് ജാക്കറ്റ് അവിടെ ഒരിടത്ത് വച്ചിട്ട് മറ്റുള്ള ആളുകൾ പോകുന്ന വഴിയേ ഞങ്ങളും നടന്നു . ചെളിയും പാറക്കെട്ടുകളും നിറഞ്ഞ ഒട്ടും സമനിരപ്പല്ലാത്ത വഴിയിൽ കൂടി നടക്കാൻ നല്ല പ്രയാസമായിരുന്നു. മുകളിലെവിടെയോ  നിന്ന് ഇലച്ചാർത്തുകളുടെ കടും പച്ച നിറങ്ങൾക്കിടയിൽ കൂടി രജത പ്രഭയോടെ  ഭൂമിയിലേക്ക് ഒഴുകി വന്ന “നീർവീഴ്ച്ച” വെള്ളച്ചാട്ടം കൺ കുളിരെ കണ്ടപ്പോൾ പ്രയാസങ്ങൾ മറന്ന് മനസ്സ് നിറഞ്ഞു. ഒഴുക്കിന്റെ ശക്തിയിൽ ചിതറിത്തെറിക്കുന്ന  ജലം പ്രദേശത്തെയാകെ കുളിരണിയിച്ചു കൊണ്ട് കരുത്തരായ പാറകളിലൂടെ ഒഴുകി അവയ്ക്ക് പട്ടിന്റെ വഴുവഴുപ്പ് കൊടുത്തു കൊണ്ട് കുണുങ്ങിക്കുണങ്ങി താഴേയ്ക്ക് ഒഴുകിപ്പോയി .വെള്ളച്ചാട്ടത്തിന്റെ സൌന്ദര്യം കണ്ടു നിൽക്കുമ്പോൾ    സാഹസികരായ ചിലർ വഴുക്കലുള്ള പാറകളിലൂടെ ജലപാതത്തിനടിയിലേക്ക് നടന്നു ചെന്ന് നടുവടിച്ചു മറിഞ്ഞു വീഴുന്നതും കാണാമായിരുന്നു.


             ഏതോ മാംസഭുക്കിന്റെ വായിലകപ്പെട്ട സസ്യഭുക്കിന്റെ അസ്ഥികൂടം


                    നീർവീഴ്ച വെള്ളച്ചാട്ടം

വെള്ളച്ചാട്ടം നൽകിയ നവോന്മേഷവും സന്തോഷവുമായി തിരിച്ചു വന്ന ഞങ്ങൾ നേരെ ഊണ് കഴിക്കാനായി ഭക്ഷണ ശാലയിലേക്കാണ് പോയത്. കൂടുതലും തമിഴ് നാട്ടുകാരായ സ്ത്രീകൾ വച്ചു വിളമ്പിയ അവിടത്തെ നാടൻ ഭക്ഷണത്തിന് നല്ല രുചിയുണ്ടായിരുന്നു. ഭക്ഷണ ശേഷം ഗവിയിലെ   അവസാന സന്ദർശന സ്ഥലമായ   മ്യൂസിയത്തിലേക്ക് പോയി. .എന്നോ ഇഹലോക വാസം വെടിഞ്ഞ മൃഗങ്ങളുടെ അസ്ഥികൾ പ്രദർശിപ്പിച്ചിരുന്ന ഒരു ചെറിയ മുറിയാണ് മ്യൂസിയം. വലിയ കൊമ്പുകളുമായി ഒരിക്കൽ  കാട്ടിൽ മേഞ്ഞു നടന്നിരുന്ന ഒരു കാട്ടിയുടെ തലയോടായിരുന്നു മുൻ വാതിലിൽ  അതിഥികൾക്ക്  സ്വാഗതമോതിക്കൊണ്ട് ഇരുപ്പുറപ്പിച്ചിരുന്നത് . കലമാനുകളുടെ കവരക്കൊമ്പുകളുള്ള ശിരോ പഞ്ജരങ്ങളും ,കുറെയധികം കാട്ടികളുടെ തലയോട്ടികളും ആ മുറിയുടെ ചുവരുകളെ അലങ്കരിച്ചിരുന്നു .മുറിയുടെ മദ്ധ്യത്തിൽ പണ്ടെന്നോ വനത്തിൽ വിഹരിച്ചു നടന്നിരുന്ന ഒരു വലിയ കൊമ്പനാനയുടെ അസ്ഥികൂടം ഗംഭീരമായി തലയെടുപ്പോടെ നിൽക്കുന്നത് കണ്ടപ്പോൾ അതിന്  ജീവനില്ലെങ്കിൽ പോലും ഭയം തോന്നി.

എല്ലാ വിനോദ കേന്ദ്രങ്ങളിലെയും ,താമസ സ്ഥലങ്ങളിലെയും സ്ഥിരം ചടങ്ങായ അനുഭവങ്ങളുടെ വിലയിരുത്തലായിരുന്നു അടുത്തതായി ചെയ്തത് .അതായത്, സന്ദർശകർക്ക് വേണ്ടി അവിടെ ഒരുക്കിയിട്ടുള്ള പരിപാടികളുടെ ക്രമീകരണം ,ഗൈഡിന്റെ സേവനം , ഭക്ഷണ നിലവാരം ,എന്നിവയെ പറ്റിയുള്ള അഭിപ്രായം രേഖപ്പെടുത്തുക എന്ന  ഫോർമാലിറ്റി  കഴിഞ്ഞ്  രാജേഷിനോട് യാത്ര പറഞ്ഞ് പാർക്കിങ് ഏരിയായിലുള്ള ജീപ്പിനടുത്തേക്ക്  നടന്നു.

ഗവിയിലെ കാഴ്ചകൾ കണ്ടു കഴിഞ്ഞ് തേക്കടിയിലേക്കുള്ള മടക്കയാത്രയ്ക്കായി  ജീപ്പിൽ കയറിക്കഴിഞ്ഞപ്പോഴാണ് ഹമീദ് ഉച്ച ഭക്ഷണം കഴിച്ചിട്ടില്ല എന്നറിയുന്നത്. ഗവിയിലെ ഭക്ഷണശാലയിൽ പ്രഭാത ഭക്ഷണം മാത്രമേ അദ്ദേഹത്തിന് ലഭിക്കൂ എന്നും  ,ബാക്കിയുള്ള സമയങ്ങളിലെ ആഹാരം  അവിടെയെത്തുന്ന  അതിഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞപ്പോൾ മാത്രമാണ് അറിയുന്നത് . ഞങ്ങൾ കരുതിയിരുന്ന കുറച്ച് ഭക്ഷണ സാധനങ്ങൾ  അത്യാവശ്യം വിശപ്പടക്കാൻ വേണ്ടി അദ്ദേഹത്തിന് കൊടുത്തിട്ട് യാത്ര തുടർന്നു.

ഉച്ച സൂര്യന്റെ കിരണങ്ങളെ തടഞ്ഞു കൊണ്ട് ഗവി വനങ്ങൾക്ക് നിശയുടെ  ശോഭയും ശൈത്യവും നൽകി  വിരാജിച്ചു നിന്നിരുന്ന വൻ വൃക്ഷങ്ങൾക്കിടയിൽ എവിടെയെങ്കിലും മൃഗങ്ങൾ നിൽക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കുന്നതിനിടയിൽ ഹമീദിന്റെ  ഉദ്വേഗജനകങ്ങളായ  വനയാത്രാ വിവരണങ്ങൾ രസകരമായി തോന്നി. കാട്ടിലെ കൂട്ടുകാരെല്ലാം എവിടെയൊക്കെയോ ഒളിച്ചിരുന്നതു കൊണ്ടാകാം നാട്ടിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്  ആകെ കണ്ടത് “മലബാർ മാർട്ടെൻ” അല്ലെങ്കിൽ “നീലഗിരി മാർട്ടെൻ” എന്നൊക്കെ പേരുള്ള കീരി വർഗ്ഗത്തിൽ പെട്ട ഒരു സസ്തനിയെ മാത്രമാണ് . അതും ഞങ്ങൾക്ക് നേരെ കാണാനും ഫോട്ടോ എടുക്കാനും ഒന്നും സാധിച്ചില്ല, ക്ഷണ നേരം കൊണ്ട് ആ ചെറിയ ജീവി കാടിന്റെ വന്യതയിലേക്ക് മറഞ്ഞു കളഞ്ഞു .  പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന എണ്ണത്തിൽ തീരെ കുറവുള്ള അപൂർവ്വമായി മാത്രം വെളിച്ചപ്പെടുന്ന മാംസഭോജിയായ  ഇതിന് കടും തവിട്ട് നിറവും തൊണ്ടയിൽ നാരങ്ങയുടെ മഞ്ഞ നിറവുമാണുള്ളത്.  ഇതു പോലെയുള്ള എന്തെങ്കിലും കാഴ്ചകൾ ഇനിയും നഷ്ടപ്പെടാതിരിക്കാൻ കണ്ണുകൾ മലർക്കെ തുറന്നു വച്ച് നോക്കിയിരിക്കുമ്പോഴാണ് രാവിലെ കണ്ട കുഞ്ഞുങ്ങളുടെ ഒരു വലിയ പതിപ്പ് പോലെ തോന്നിയ ഒരാൾ പാതയോരത്ത്  കൂടി നിലത്തേക്ക് നോക്കി നടന്നു പോകുന്നത് കണ്ടത് . ചുരുണ്ട മുടിയുള്ള ആ ചെറിയ മനുഷ്യൻ , കുട്ടികളുടെ ബന്ധുവായിരിക്കാമെന്നാണ് തോന്നിയത് .

ഗവിയിൽ നിന്നിറങ്ങിയപ്പോൾ അവിടത്തെ ഫോറസ്റ്റ് ഓഫീസിൽ തിരികെ പോരുന്നതായി  രേഖപ്പെടുത്തിയത് പോലെ വനം കഴിഞ്ഞുള്ള ചെക്ക് പോസ്റ്റിൽ തിരികെ എത്തിയതായും അറിയിച്ചിട്ട് മാത്രമേ നമുക്ക് അവിടം വിട്ട് പോരാൻ സാധിക്കൂ . അത് നമ്മുടേയും ,വനത്തിന്റെയും സുരക്ഷ കരുതി ഉണ്ടാക്കിയിട്ടുള്ള നിയമമാണ്.ഏതായാലും  നാട്ടിലേക്ക് കയറിയതോടെ ഹമീദിന് ഭക്ഷണം  കഴിക്കുവാനായി ഒരു ചെറിയ കടയുടെ മുന്നിൽ ജീപ്പ് നിർത്തി. ഏതെങ്കിലും  തേയില എസ്റ്റേറ്റിനുള്ളിൽ കയറണമെന്ന്  ഒരാഗ്രഹം  നേരത്തെ പറഞ്ഞിരുന്നതിനാൽ അതിനുള്ള സൌകര്യം കൂടി നോക്കി അത്തരമൊരു സ്ഥലത്താണ്  വണ്ടി നിർത്തിയത് . അദ്ദേഹം ഭക്ഷണം കഴിക്കാൻ പോയ സമയം നോക്കി ഞങ്ങൾ എസ്റ്റേറ്റിൽ കയറി തേയില ചെടികളുടെ ഇടയിലൂടെ കുറച്ചു നേരം നടന്നു. അവിടെ കെട്ടിയിട്ടിരുന്ന ഒരു കാളക്കൂറ്റൻ ഞങ്ങളെ നോക്കി ചിറഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ അൽപ്പം വഴി മാറി നടന്ന് തേയിലക്കുരുന്നുകളെ തലോടിക്കൊണ്ട് പ്രകൃതി സൌന്ദര്യം ആസ്വദിച്ചു നിൽക്കുമ്പോൾ എസ്റ്റേറ്റിൽ അതിക്രമിച്ച് കയറിയെന്നും പറഞ്ഞ് ഒരു നായക്കുട്ടൻ കുരച്ചു കൊണ്ട് ഞങ്ങളെ വിരട്ടിയോടിക്കാനും  ശ്രമിച്ചു .

കാളയെയും ,നായയെയും വക വയ്ക്കാതെ ധൈര്യം അഭിനയിച്ച് എങ്ങനെയൊക്കെയോ ഞങ്ങൾ  ജീപ്പിനടുത്തെത്തി യാത്ര തുടർന്നു. വളരെ നല്ലൊരു യാത്രാനുഭവം സമ്മാനിച്ച ഹമീദ് സന്ധ്യയ്ക്ക് മുൻപായി ഞങ്ങളെ തേക്കടിയിലെ ഹോട്ടലിലെത്തിച്ച് വീണ്ടും കാണാമെന്ന് പറഞ്ഞ് മടങ്ങിപ്പോയി. ഭാവിയിൽ പ്രയോജനം ഉണ്ടാകുമെന്ന് കരുതി ആ നല്ല മനുഷ്യന്റെ ഫോൺ നമ്പറും കൂടി വാങ്ങിയിട്ടാണ് അദ്ദേഹത്തെ  യാത്രയാക്കിയത്.

മുറിയിലെത്തി ഒന്ന് ഫ്രഷ് ആയതിന് ശേഷം ജിബിനെ ഫോണിൽ വിളിച്ചപ്പോഴാണ് ഇൻഫ്ലുവെൻസർമാരുടെ ആ ഒരു കഴിവിനെപ്പറ്റി പൂർണ്ണ ബോദ്ധ്യം വന്നത് . ഞങ്ങൾ ഗവി യാത്രയിലായിരുന്നപ്പോൾ നമ്മുടെ  യൂ ട്യൂബർ ആരെയോ വാചകമടിച്ചു വശത്താക്കി തേക്കടി തടാകത്തിലെ ബോട്ട് സവാരിയ്ക്ക് ഇല്ലാത്ത ടിക്കറ്റ് ഒപ്പിച്ചെടുത്തുവത്രെ . വന യാത്രയേക്കാൾ കൂടുതൽ കണ്ടന്റ് ബോട്ട് സവാരിയിൽ നിന്ന് ലഭിക്കുമെന്നുള്ളത്  കൊണ്ടായിരിക്കാം അയാൾ ഞങ്ങളോടൊപ്പമുള്ള ഗവി യാത്ര ബഹിഷ്കരിച്ചതെന്ന് അപ്പോൾ മനസ്സിലായി  !!

വൈകുന്നേരം ജിബിനോടൊപ്പം വിശേഷങ്ങൾ പങ്ക് വച്ച് കൊണ്ട് തേക്കടി പട്ടണത്തിൽ ഒന്ന് ചുറ്റിക്കറങ്ങി. മലയോര പ്രദേശങ്ങൾ എപ്പോഴും സുഗന്ധ വ്യഞ്ജനങ്ങളും തേയില തോട്ടങ്ങളും കൊണ്ട് സമ്പന്നമായിരിക്കുമല്ലോ . അതു കൊണ്ട് തന്നെ ധാരാളം സുഗന്ധ വ്യഞ്ജന കടകളും,തേയില വിൽപ്പന ശാലകളും പൂന്തോട്ടങ്ങളും മിഠായിക്കടകളും എവിടെ നോക്കിയാലും കാണാമായിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലുകാർ പറഞ്ഞു തന്ന ഒരു സ്പൈസ് ഗാർഡൻ സന്ദർശിക്കാൻ കുറച്ചു സമയം ചിലവഴിച്ചത് കൊണ്ട് ചില ഔഷധ സസ്യങ്ങളെ കാണാനും അവയെ പറ്റി ചില കാര്യങ്ങൾ അറിയാനും സാധിച്ചു. ഓരോ സസ്യങ്ങളെ പറ്റിയും വിവരിച്ചു തരാൻ ഒരു ആയൂർവേദ ഡോക്ടറാണ് കൂടെ വന്നത്. ഉദ്യാന സഞ്ചാരം കഴിഞ്ഞ് , ബിസിനസിന്റെ ഭാഗമായി അവരുടെ കുറേ  മരുന്നുകൾ ഞങ്ങളെക്കൊണ്ട് വാങ്ങിപ്പിക്കുകയും ചെയ്തു.

മരുന്നുകളുടെ എരിയുന്ന വിലകൊണ്ട് കുറച്ച് അസന്തുഷ്ടയിയോടെ ഹോട്ടലിലേക്ക് മടങ്ങിയ ഞങ്ങളോട് ജിബിൻ കുറച്ച് കാര്യങ്ങൾ പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലുള്ള ഇത്തരം സ്ഥലങ്ങളിൽ നിന്ന് നാം എന്തെങ്കിലും വാങ്ങിയാൽ പലരുടെയും ഇടപെടലുകൾക്കുള്ള കമ്മീഷൻ കൂടി എടുത്തിട്ടായിരിക്കും വില ഈടാക്കുന്നതെന്നും അത് നമുക്ക് നഷ്ടക്കച്ചവടമായത് കൊണ്ട് ഒന്നും വാങ്ങരുതെന്നുമായിരുന്നു അയാൾ ഉപദേശിച്ചത് .ഏതായാലും വന്നത് വന്നു,ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ ,പിറ്റേ ദിവസം മടക്ക യാത്രയ്ക്ക്  വേണ്ട കാര്യങ്ങൾ ചെയ്യുന്നതിനായി ഞങ്ങൾ മുറിയിലേക്ക് പോയി.

അടുത്ത ദിവസം ചെക്ക് ഔട്ട് സമയത്തിന് മുൻപ് തന്നെ പ്രഭാത ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ റിസപ്ഷനിലെത്തി ചടങ്ങുകൾ  പൂർത്തിയാക്കി പുറത്തേക്ക് നടന്നു. ഹോട്ടലിലെ മുറിയും,ചുറ്റുവട്ടവും , ഭക്ഷണവും എല്ലാം നല്ലതായിരുന്നു,ജീവനക്കാരുടെ പെരുമാറ്റവും മോശമല്ലായിരുന്നു .

മടക്ക യാത്രയിൽ തേക്കടിയിലെ പ്രസിദ്ധമായ കന്നിമാറ (CONNEMARA) തേയില കമ്പനിയുടെ ഔട്ട് ലെറ്റിൽ നിന്ന് കുറച്ച് തേയിലപ്പൊടിയും വാങ്ങി പട്ടുമല പള്ളിയുടെ മുന്നിലെത്തി . അവിടത്തെ തേയില വിൽപ്പന  ശാലയിൽ നിന്ന് കുറച്ച് ഓർത്തോഡോക്സ് തേയില കൂടി വാങ്ങിക്കൊണ്ട്  പീരുമേട് വഴി മുറിഞ്ഞപുഴ ജംഗ്ഷൻ വഴി തിരിഞ്ഞ് പാഞ്ചാലിമേട് കാണുവാൻ പോയി. പാഞ്ചാലിയും ,ഭീമസേനനും, സ്നാനം ചെയ്തുവെന്ന് പറയപ്പെടുന്ന കുളങ്ങൾ ഉള്ള ആ സ്ഥലം വളരെ മനോഹരമാണ്. വളരെ ഉയർന്ന  ആ പ്രദേശത്ത് നിന്നാൽ ഹരിതാഭമായ താഴ്വരകളുടെ സൌന്ദര്യം കോടമഞ്ഞില്ലെങ്കിൽ ആവോളം ആസ്വദിക്കാം. ശ്രീ ഭുവനേശ്വരി ദേവിയുടെ ഒരു ക്ഷേത്രവും അവിടെയുണ്ട്. ക്ഷേത്രത്തിലേക്കുള്ള കയറ്റം കയറുമ്പോൾ നട വഴിയിലുള്ള പുൽച്ചെടികൾ നുള്ളിയെടുത്ത് മണത്തു നോക്കിയപ്പോഴാണ് അവ പുൽത്തൈലമുണ്ടാക്കാൻ ഉപയോഗിക്കുന്ന സസ്യമാണെന്ന് മനസ്സിലായത് . കുറച്ചു സമയം അവിടെ ചിലവഴിച്ചിട്ട് വീട്ടിലേക്ക് മടങ്ങി. വൈകുന്നേരത്തോടെ സുഖമായി വീട്ടിലെത്തിയ ഞങ്ങൾ കൂടുതൽ കൂടുതൽ കണ്ടെന്റ്കൾ ലഭിക്കട്ടെ എന്നാശംസിച്ച് ടാക്സി കാശും കൊടുത്ത് ജിബിനെ യാത്രയാക്കി.

                                    പാഞ്ചലിമേട് 


                    ശ്രീ ഭുവനേശ്വരി ക്ഷേത്രം 

ശുദ്ധവായുവും, ജലവും നല്കി നമ്മെ ഈ ഭൂമിയിൽ ജീവിക്കാൻ അനുഗ്രഹിക്കുന്ന വനങ്ങളെ എന്നും നാം പരിപാലിക്കേണ്ടതിന്റെ ആവശ്യകത പലരും ഇനിയും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലെന്നാണ് തോന്നുന്നത്. കാലൂന്നി നിൽക്കുന്ന ഭൂമിയെയും ,ജീവന്റെ ആധാരമായ ജല സ്രോതസ്സുകളെയും ,അനുനിമിഷം ശ്വസിക്കുന്ന വായുവിനേയും മലിനപ്പെടുത്തുന്നവർ ഓർക്കുന്നില്ല അവർ സ്വയം നശിപ്പിക്കുകയാണെന്ന്.  ഭൂമി അമ്മയാണെന്നും, മറ്റ് ജീവജാലങ്ങൾ ബന്ധുക്കളാണെന്നും ,സസ്യ ജാലങ്ങൾ ജീവൻ തന്നെയാണെന്നും അറിഞ്ഞു ജീവിച്ചാൽ അവരവർക്ക് മാത്രമല്ല ലോകത്തിനു മുഴുവനും ചെയ്യുന്ന വലിയൊരു നന്മയായിരിക്കും അത് ..

30/06/2026

-ശുഭം-