2026 മാർച്ച് 7, ശനിയാഴ്‌ച

 സ്വാതന്ത്ര്യ സമര സേനാനികളുടെ മണ്ണിൽ

ഭാഗം 4   

രാഷ്ട്ര പിതാവിന്‍റെ  ജന്മ ഗൃഹവും ശ്രീകൃഷ്ണ രാജധാനി യായിരുന്ന ബെറ്റ് ദ്വാരകയും

ഇരുളിന്‍റെ കനത്ത മൂടുപടങ്ങള്‍ മെല്ലെ മാറ്റിക്കൊണ്ട്  ബാലാര്‍ക്കന്‍ തന്‍റെ പൊന്‍ കിരണങ്ങളുമായി ജാലകങ്ങളിലൂടെ എത്തി നോക്കിയപ്പോള്‍ ഞങ്ങള്‍ പതുക്കെ ഉണര്‍ന്നു . സോമനാഥ ദര്‍ശന പുണ്യത്താല്‍ ശാന്തമായ മനസ്സോടെ ഉറങ്ങിയെഴുന്നേറ്റപ്പോള്‍  മിഴികളും ,മനസും ഒന്നുകൂടി തെളിഞ്ഞതായി തോന്നി. ഇന്നേ ദിവസം ദ്വാരകാ ദര്‍ശനം കൂടി ലഭിക്കുമല്ലോ എന്ന് ചിന്തിച്ചപ്പോള്‍ തെളിച്ചം പതിന്മടങ്ങ്‌ വര്‍ദ്ധിച്ചു.     

 പ്രാതൽ കഴിഞ്ഞ് ബസിൽ കയറി, പ്രാർത്ഥനയോടെ രാഷ്ട്ര പിതാവിന്‍റെ ജന്മ ഗൃഹ സന്ദര്‍ശനത്തിനായി   ഞങ്ങളുടെ പോർബന്തറിലേക്കുള്ള യാത്ര തുടങ്ങി. ഗുജറാത്ത് എന്ന വിസ്താരമേറിയ  സംസ്ഥാനത്തിൽ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുവാൻ വളരെയധികം സമയം യാത്ര ചെയ്യേണ്ടതുണ്ട് ,പോരാത്തതിന് ബസിന്‍റെ   വേഗത കുറവും . ബസ് ഒന്നു മാറ്റിക്കിട്ടിയാൽ നന്നായിരുന്നെന്ന ഞങ്ങളുടെ ആവശ്യം സാത്വിക് ആരെയൊക്കെയോ വിളിച്ചു പറഞ്ഞെങ്കിലും പ്രയോജനം ഉണ്ടായില്ല . സാധാരണ ദിവസങ്ങളിലെ പോലെ  പതിനൊന്ന് മണിയ്ക്ക് മുൻപായി എല്ലാവർക്കും ഫ്രഷ് ആകാനും ചായ കുടിക്കാനും വേണ്ടി നീലക്കടലിന്‍റെ  ഓരം ചേർന്നുള്ള  ഒരു ഡാബയ്ക്കടുത്ത്  വണ്ടി നിർത്തി. ബീച്ചിലെ വെള്ള മണൽപ്പരപ്പിൽ മുതുകിൽ മഞ്ചൽ വച്ച് അലങ്കരിച്ച ഒട്ടകങ്ങളും ,കുതിരകളും സവാരിക്കാരെ പ്രതീക്ഷിച്ച് കിടക്കുന്നുണ്ടായിരുന്നു. കൂടാതെ കുറേ കരിക്ക് കച്ചവടക്കാരും സഞ്ചാരികളെ പ്രതീക്ഷിച്ച് അവിടെയുണ്ടായിരുന്നു. കരിക്കും ചായയുമൊക്കെ  കുടിച്ച് ഫ്രഷ് ആയി ബീച്ചിന്‍റെയും ഒട്ടകങ്ങളുടെയും ഫോട്ടോകളും  എടുത്തിട്ട് ബസിൽ കയറി ഞങ്ങൾ  പോർബന്തർ ലക്ഷ്യമാക്കിയുള്ള യാത്ര തുടർന്നു. 


             മുതുകിലേറാന്‍ വരുന്നവരെ കാത്ത് ....

പലവിധ വിനോദ പരിപാടികളും പാട്ടുമൊക്കെയായി പതിനൊന്നരയോടെ പോർബന്തറിൽ എത്തി. മഹാത്മജിയുടെ ജന്മ ഗൃഹമായിരുന്നു ആദ്യ സന്ദർശന സ്ഥലം. അങ്ങോട്ടേക്കുള്ള വഴി ഇടുങ്ങിയ ഗല്ലികളിൽ കൂടി ആയിരുന്നതിനാൽ ബസ് അൽപ്പം അകലെയുള്ള ഒരു സ്ഥലത്ത് സൗകര്യമായി പാർക്ക് ചെയ്തിട്ട് പല ഓട്ടോ റിക്ഷകളിലായിട്ടാണ്  പോയത്. ധാരാളം സന്ദർശകർ വന്ന് പോകുന്ന സ്ഥലമായ ഗാന്ധിജിയുടെ ജന്മ ഗൃഹത്തിന് മുന്നിലുള്ള പാതയിൽ ഗതാഗത തടസ്സമുണ്ടാകുക എന്നത് തികച്ചും  സ്വാഭാവികമായ കാര്യമാണല്ലോ .അതു കൊണ്ടായിരിക്കാം കുറച്ച് ദൂരെ മാറിയുള്ള ഒരു തെരുവിനുള്ളിലാണ്  ഓട്ടോ റിക്ഷകൾ  ഞങ്ങളെ കൊണ്ടു വിട്ടത് , 

പച്ചക്കറിയുടെയും  പഴങ്ങളുടെയും  അവശിഷ്ടങ്ങൾ  വീണ് മലിനമായ ആ തെരുവിൽ നിറയെ കച്ചവടക്കാരായിരുന്നു . വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളും, മല്ലി ,മുളക് തുടങ്ങിയ കറിപ്പൊടികളും  എല്ലാം അവിടെ തുറന്ന് നിരത്തി വച്ചിരിക്കുന്നത് കാണാമായിരുന്നു.  ഗല്ലികളിലെ  വൃത്തി ഹീനമായ പരിസരത്ത് കൂടി നടന്ന് വേണം നമ്മുടെ രാഷ്ട്ര പിതാവിന്‍റെ   ജന്മ ഗൃഹത്തിലേക്ക് പോകുവാൻ . ലോകം ഏറെ ആദരിക്കുന്ന ഭാരതത്തിന്‍റെ  രാഷ്ട്ര ശിൽപ്പിയുടെ വസതിയിലേക്കുള്ള മാർഗ്ഗവും പരിസരവും  ഇങ്ങനെ ആയാൽ മതിയോ എന്നാണ് ഞാൻ ചിന്തിച്ചത്.  വിദേശ രാജ്യങ്ങളിൽ ചരിത്ര പ്രാധാന്യമുള്ള എത്രയോ സ്ഥലങ്ങൾ സംരക്ഷിച്ചിരിക്കുന്നത് നമ്മൾ കണ്ടു തന്നെ പഠിക്കേണ്ടതാണ് !

 

രാഷ്ട്ര പിതാവിന്‍റെ  ജന്മ ഗൃഹവും കീർത്തിമന്ദിറും   

 ഹവേലിയുടെ ആകൃതിയിൽ മൂന്നു നിലകളുള്ള ഒരു ഭവനത്തിലാണ് 1869 ഒക്ടോബർ രണ്ടാം തീയതി മോഹൻദാസ് കരം ചന്ദ് ഗാന്ധി ജനിച്ചത് . ഗാന്ധിജിയുടെ മുതുമുത്തശ്ശൻ വാങ്ങിയതെന്ന് പറയപ്പെടുന്ന ഈ ഗൃഹത്തിലാണ്  ഗാന്ധിജിയും ,അദ്ദേഹത്തിന്‍റെ  പിതാവ് കരം ചന്ദും ,പിതാമഹൻ ഉത്തം ചന്ദും താമസിച്ചിരുന്നത്. പാദുകങ്ങൾ പുറത്ത്  മാറ്റി വച്ച് കയറിച്ചെന്നപ്പോൾ  നേരെ മുന്നിൽ കണ്ടത് ഗാന്ധിജിയുടെ സ്മാരകമായ കീർത്തിമന്ദിർ ആണ്. അതിന് തൊട്ടടുത്ത് തന്നെ “ ഗാന്ധിജിയുടെ ജന്മ സ്ഥലം”  (Birth Place of Mahathma Gandhiji)” എന്നെഴുതി വച്ചിരുന്ന ഒരു വാതില്‍ കണ്ടു .വാതിലിലൂടെ  മുന്നോട്ട് നടന്ന് അദ്ദേഹത്തിന്റെ വസതിയ്ക്ക് ഉള്ളിലേക്ക് കയറി. അവിടെ തനി ഗുജറാത്തി ശൈലിയിൽ വെള്ള വസ്ത്രവും തലപ്പാവും ധരിച്ച ഒരാൾ നിൽപ്പുണ്ടായിരുന്നു. ഗാന്ധിജിയുമായി  ഏറെ സാമ്യം തോന്നിയ  അദ്ദേഹം അവിടത്തെ ജീവനക്കാരൻ ആയിരുന്നു എന്നാണ് തോന്നിയത് . ഗൃഹത്തിലെ ചെറിയ മുറികൾ സന്ദർശകരെക്കൊണ്ട് നിറഞ്ഞിരുന്നു .

1869 ഒക്ടോബര്‍ രണ്ടാം തീയതി ഈ ചുവരുകളില്‍  ഒരു കുഞ്ഞിന്‍റെ കരച്ചില്‍ മാറ്റൊലി കൊണ്ടപ്പോള്‍ അത് ഭാവി രാഷ്ട്ര പിതാവിന്‍റെ ശബ്ദമാണെന്ന് ആ കുഞ്ഞിന്‍റെ മാതാവോ പിതാവോ പോലും ചിന്തിച്ചിരുന്നിരിക്കില്ല . ലജ്ജാശീലനായ ഒരു സാധാരണ ബാലനായി ആ ചെറിയ വീട്ടിലെ ഇടുങ്ങിയ മുറികളില്‍ മോഹന്‍ദാസ്‌ കരം ചന്ദ്  ഗാന്ധി വളര്‍ന്നു വന്നപ്പോള്‍ ബ്രിട്ടീഷ് മേധാവിത്തത്തെ തുരത്തി പലായനം ചെയ്യിക്കാന്‍ തക്ക ധീഷണാശാലി ആയിത്തീരുമെന്നൊന്നും ആരും ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല  .പഠനത്തില്‍ വലിയ സാമര്‍ത്ഥ്യമൊന്നും ഇല്ലായിരുന്നെന്നാണ് ഗാന്ധിജി  തന്നെ സ്വയം സാക്ഷ്യപ്പെടുത്തിയിരുന്നത്.  ബാല്യത്തില്‍ മാതാവില്‍ നിന്ന് ഉള്‍ക്കൊണ്ട സത്യത്തിന്‍റെയും അഹിംസയുടെയും പാഠങ്ങളുടെയും  ,അതുവരെയുള്ള അനുഭവങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തില്‍  ആദര്‍ശങ്ങളുടെ  പടികളിലൂടെ ബഹുദൂരം സഞ്ചരിച്ച് യുവാവായ മോഹന്‍ദാസ്‌, മഹാത്മാവ് എന്ന പദത്തിലേക്ക് ഉയരുകയായിരുന്നു .

            ഗാന്ധിജിയുടെ വീട്ടിലേക്കുള്ള കവാടം 

         ഗാന്ധിജിയുടെ മാതാവ് പുത്ലിബായിയും ,പിതാവ് കരം ചന്ദും

                    ഗാന്ധിജി പിറന്ന സ്ഥലം

       ഗാന്ധിജിയുടെ ഗൃഹത്തിലെ ഗുജറാത്തി വേഷക്കാരൻ 

 കയറിച്ചെല്ലുന്ന ആദ്യത്തെ മുറിയിൽ ഗാന്ധിജിയുടെ മാതാവ് പുത്ലി ബായിയുടെയും ,അച്ഛൻ കരംചന്ദ് ഗാന്ധിയുടേയും വലിയ ചിത്രങ്ങൾ വച്ചിട്ടുണ്ടായിരുന്നു. ആ മുറിയുടെ  ഒരു വശത്തായി ഗാന്ധിജിയുടെ ജന്മ സ്ഥലം പ്രത്യേകം സ്വസ്തിക് ചിഹ്നമിട്ട് തിരിച്ചിട്ടുണ്ടായിരുന്നു. താഴത്തെ നിലയിലെ ഒരു  ചെറിയ മുറി കൂടാതെ ,കോണി കയറിച്ചെന്നാല്‍ രണ്ടു മുറികള്‍ കൂടി മാത്രമേ ഉള്ളൂ എന്നും അവിടെ പ്രത്യേകിച്ച് കാണാൻ ഒന്നും തന്നെയില്ലെന്നുമാണ് ഒരു ജീവനക്കാരന്‍ ഞങ്ങളോട് പറഞ്ഞത് .ഇടുങ്ങിയ കോണിപ്പടികളില്‍ നല്ല  തിരക്ക്  ആയിരുന്നത്  കൊണ്ട് മുകളിലേക്ക് പോകാതെ പുറത്തേക്കിറങ്ങി .

ഒരു ചരിത്ര പുരുഷനെ ഏറ്റുവാങ്ങാൻ ഭാഗ്യമുണ്ടായ ആ പുരാതന ചരിത്ര മന്ദിരത്തിൽ നിന്നിറങ്ങി നടക്കുമ്പോൾ.“ഗാന്ധിജി പോർബന്തർ മേം പൈദാ ഹുവാ “ എന്ന് ഹിന്ദി പുസ്തകത്തിൽ പഠിച്ചിരുന്ന കാര്യമാണ് ഓര്‍മ്മ വന്നത് . ഉരുവിട്ട് കാണാതെ പഠിച്ച ആ സ്ഥലമൊക്കെ  നേരിട്ട് വന്ന്  കണ്ടപ്പോള്‍  ഇത് സത്യം തന്നെയെന്ന് എനിക്കെന്നെ തന്നെ പറഞ്ഞു വിശ്വസിപ്പിക്കേണ്ടി വന്നു. എത്രയോ ഉയരത്തില്‍ നില്‍ക്കുന്ന രാഷ്ട്ര പിതാവും, അദ്ദേഹത്തിന്‍റെ കണ്ണെത്താത്ത ദൂരത്തിലുള്ള ജന്മ സ്ഥലവും കാണണമെന്ന് ആഗ്രഹിക്കാന്‍ അന്നത്തെ കാലത്ത് ഒരു  ചെറിയ കുട്ടിയ്ക്ക് സ്വപ്നം കാണാന്‍ പോലും ആകാത്ത കാര്യങ്ങളായിരുന്നു.  അക്കാര്യമൊക്കെ ഓർത്തുകൊണ്ട് പുറത്തേക്കിറങ്ങി  തൊട്ടടുത്തുള്ള സ്മാരക മന്ദിരമായ കീർത്തി മന്ദിറിലേക്കാണ്  പോയത്.

കീർത്തി മന്ദിർ

1944 ൽ ബ്രിട്ടീഷ്കാർ ഗാന്ധിജിയെ ആഗാ ഖാൻ കൊട്ടാരത്തിലെ തടവിൽ നിന്ന് മോചിപ്പിച്ച സമയത്ത് പോർബന്തറിലുള്ള ജനങ്ങൾ അദ്ദേഹത്തിനും ,കസ്തൂർബാ ഗാന്ധിയ്ക്കും  വേണ്ടി ഒരു സ്മാരകം നിർമ്മിക്കാൻ തീരുമാനിച്ചു. ഗാന്ധിജിയുടെ  ജന്മ ഗൃഹത്തിന് സമീപമുള്ള  സ്ഥലം ഗാന്ധി കുടുംബാംഗങ്ങളിൽ നിന്ന് തന്നെ വാങ്ങിയാണ് സ്മാരകം ഉണ്ടാക്കിയിട്ടുള്ളത് . അതിന്‍റെ   രജിസ്ട്രേഷൻ പേപ്പറുകളിൽ ഗാന്ധിജി രേഖാമൂലം ഒപ്പിട്ട് സമ്മതം നൽകിയിരുന്നു, ആ പേപ്പറുകൾ കീർത്തി മന്ദിർ മ്യൂസിയത്തിൽ കാണാവുന്നതാണ്. ഗാന്ധിജിയുടെ മരണ ശേഷം പണി പൂർത്തിയായ സ്മാരകത്തിന്‍റെ സംരക്ഷണ ചുമതല  കേന്ദ്ര സർക്കാരാണ് . വഹിയ്ക്കുന്നത്.  ഹിന്ദു ബുദ്ധ,ജൈന പാഴ്സി,ക്രിസ്തു ,ഇസ്ലാം എന്നീ മതങ്ങളുടെ സാംസ്കാരിക അംശങ്ങളുള്ള വാസ്തു വിദ്യയാണ് സ്മാരകത്തിന്‍റെ    നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. മ്യൂസിയത്തിൽ ഗാന്ധിജിയുടെയും കസ്തൂർബാ ഗാന്ധിയുടേയും പൂർണ്ണകായ എണ്ണച്ഛായാ ചിത്രങ്ങളും അതിന്‍റെ  കാൽക്കൽ അദ്ദേഹത്തിന്‍റെ  ആദർശങ്ങളായ “സത്യം ,അഹിംസ” എന്നീ വാക്കുകളും  സ്ഥാപിച്ചിട്ടുണ്ട്. ആ മുറിയുടെ   ഒരു വശത്തായി  മഗൻ ലാൽ ഗാന്ധിയുടേയും ,മഹാദേവ് ദേശായിയുടെയും സ്മാരകങ്ങളായി രണ്ട് മുറികള്‍ കൂടി ഉണ്ട്  . മറു വശത്ത് ഖാദി സ്റ്റോർ ,കരകൌശല വസ്തുക്കൾ, വിൽപ്പനയ്ക്കുള്ള പുസ്തകങ്ങൾ എന്നിവ കൂടാതെ അദ്ദേഹത്തിന്‍റെ  ജീവിതവുമായി ബന്ധപ്പെട്ട പല വസ്തുക്കളും സൂക്ഷിച്ചിട്ടുള്ള മുറികളാണുള്ളത് . ഗാന്ധിജി  എഴുതിയതും അദ്ദേഹത്തിന്‍റെ   തത്വ ചിന്തകളുമായി ബന്ധപ്പെട്ടതുമായ പുസ്തകങ്ങളുള്ള ലൈബ്രറിയും കീർത്തി മന്ദിറിൽ കാണാൻ സാധിക്കും.

                             കീര്‍ത്തി മന്ദിര്‍

ചരിത്രത്തിന്‍റെ  ഏടുകളിലൂടെയുള്ള നടത്തം അവസാനിപ്പിച്ച്  കീർത്തി മന്ദിറിൽ നിന്നിറങ്ങിയ ഞങ്ങൾ അവിടേയ്ക്ക് വന്ന  ഓട്ടോ റിക്ഷകൾ കണ്ടു പിടിച്ച് അതിൽ കയറി ശ്രീകൃഷണ ഭഗവാന്‍റെ  ബാല്യകാല സുഹൃത്തായ സുദാമയുടെ ക്ഷേത്രത്തിലേക്കാണ് പോയത്.  .

. മഥുരയിൽ ബാല്യകാലം ചിലവഴിച്ച ശ്രീകൃഷ്ണനും സുദാമാവും സാന്ദീപനി മഹർഷിയുടെ  ആശ്രമത്തിൽ ഗുരുകുല വിദ്യാഭ്യാസം ചെയ്തിരുന്ന സമയം മുതല്‍ തന്നെ വളരെ ആത്മാർത്ഥ  സുഹൃത്തുക്കളായിരുന്നു. സാധാരണ ബാലന്മാരെപ്പോലെ കളിയും ചിരിയും കുസൃതികളും പഠനവും ഒക്കെയായി, വളർന്നു കഴിഞ്ഞപ്പോൾ രണ്ടു പേരുടെയും ജീവിതം രണ്ടു രീതിയിലായി . കൃഷ്ണൻ ദ്വാരകയിലെ രാജധാനിയിൽ രുക്മിണീ സത്യഭാമമാരോടൊപ്പം രാജാവായി വാഴുമ്പോൾ സുദാമാവ് പട്ടിണിയും പരിവട്ടവുമായി ബുദ്ധിമുട്ടിൽ കഴിയുകയായിരുന്നു കുബേരൻ എന്നതിന്‍റെ  വിപരീത പദമാണല്ലോ കുചേലൻ, ധനമില്ലാത്തത് കൊണ്ട് സുദാമാവിനെ ജനങ്ങൾ കുചേലൻ എന്ന് വിളിച്ചു തുടങ്ങിയതായിരിക്കാം . കാലം കുറേ കഴിഞ്ഞ് ദാരിദ്ര്യ ദു:ഖത്തിന് അറുതി വരുത്താൻ വേണ്ടി രാജാവും സുഹൃത്തുമായ കൃഷണനെ കണ്ട് സഹായം ചോദിക്കാനായി കുചേല ബ്രാഹ്മണന്‍  അവിൽപ്പൊതിയുമായി ദ്വാരകയിലേക്ക്  പോയതും, അദ്ദേഹത്തെ കണ്ട സന്തോഷത്തിൽ എല്ലാം മറന്നിട്ട് ഒന്നും ചോദിക്കാതെ മടങ്ങിയതും ,സ്വഗൃഹത്തില്‍  തിരിച്ചെത്തിയപ്പോള്‍  വലിയ വീടും സമ്പത്തുമൊക്കെ കൊടുത്ത് ഭഗവാൻ അദ്ദേഹത്തെ അനുഗ്രഹിച്ചതുമൊക്കെ  എല്ലാവർക്കും അറിയുന്ന കഥകളാണല്ലോ . കറ കളഞ്ഞ സുഹൃത്ത് ബന്ധത്തിന്‍റെ  മകുടോദാഹരണമായ കൃഷ്ണ കുചേലന്മാരുടെ ഒരു ചെറിയ പതിപ്പെങ്കിലും ഇന്നത്തെ കാലത്ത് കാണാനാകുമോ .. സങ്കൽപ്പിക്കാനാകുമോ ?

വന്മരങ്ങള്‍ സതീര്‍ത്ഥ്യരായി സല്ലപിച്ചു നില്‍ക്കുന്ന ഒരു സ്ഥലത്താണ് സുദാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . മരത്തണലിലൂടെ ക്ഷേത്രത്തിനടുത്തേക്ക് നടന്നപ്പോള്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന കൃഷ്ണ കുചേല ശില്‍പ്പങ്ങളായിരുന്നു ആദ്യം കണ്ടത് . ശില്‍പ്പത്തിന് സമീപത്ത് കൂടി  ഞങ്ങള്‍ ക്ഷേത്ര മുറ്റത്തേക്ക് കയറിച്ചെന്നു.  കുറെയധികം കല്‍ത്തൂണുകളുള്ള ഒരു മണ്ഡപത്തിനുള്ളില്‍  കേദാര്‍നാഥ് ശൈലിയില്‍ നിര്‍മ്മിച്ച നല്ല ഭംഗിയുള്ള ആ ക്ഷേത്രം, ഉത്തമ സുഹൃത്ത് ബന്ധത്തിന്‍റെ   ഉജ്ജ്വല ഉദാഹരണം പോലെ ഉച്ച വെയിലില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു. ചങ്ങാതിമാരായ  കുചേലന്‍റെയും കൃഷ്ണന്‍റെയും ചിത്രങ്ങളും വിഗ്രഹങ്ങളം വച്ചിട്ടുള്ള  ഒരു ചെറിയ ക്ഷേത്രമായിരുന്നു അത് . ക്ഷേത്ര മുറ്റത്ത് ആയിരക്കണക്കിന് പ്രാവുകള്‍ കൂട്ടുകാരായി പറന്നു നടക്കുന്ന കാഴ്ച കുറച്ചു നേരം കണ്ടു നിന്നിട്ട്   .ദ്വാപരയുഗ സതീർത്ഥ്യൻമാരായിരുന്ന കൃഷ്ണ-കുചേല പാദ സ്പർശങ്ങളേറ്റ   ആ സങ്കേതത്തില്‍ നിന്ന് പുറത്തേക്കിറങ്ങി.

             സുദാമ ക്ഷേത്രം


ദ്വാരകയിലെത്തിയ കുചേലനെ സ്വീകരിക്കുന്ന കൃഷ്ണനും രുക്മിണിയും -ക്ഷേത്രത്തില്‍ വച്ചിരിക്കുന്ന പെയിന്‍റിംഗ്


രണ്ടു മൂന്നു ദിവസം കൊണ്ട് സുഹൃത്തുക്കളായ  ഞങ്ങള്‍ സഹയാത്രികര്‍ പല ഓട്ടോ റിക്ഷകളിലായി തിരിച്ച് ബസ് പാർക്ക് ചെയ്ത സ്ഥലത്തെത്തി അവിടെയുള്ള ഒരു ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു. ചപ്പാത്തി പനീർ കറി ,പയറു കൊണ്ടുള്ള തീയൽ പോലെയൊരു കറി,മോര് റോട്ടി ,അച്ചാർ ഇതെല്ലാം ചേർന്ന രുചികരമായ ഭക്ഷണം കഴിച്ച് രണ്ട് മണിയ്ക്ക് മുൻപായി ദ്വാരകയ്ക്ക് പുറപ്പെട്ടു.

ബെറ്റ് ദ്വാരകയും, ദ്വാരകാധീശനും

ദ്വാപര യുഗത്തിലെ അവതാര പുരുഷനായ ശ്രീകൃഷ്ണ ഭഗവാന്‍റെ  രാജധാനിയായിരുന്നു ദ്വാരകയെന്ന് പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ  . ശ്രീകൃഷണന്‍റെ  സ്വർഗ്ഗാരോഹണത്തിന് മുന്‍പ് തന്നെ  യാദവ വംശം തമ്മിലടിച്ച് മുടിയുകയും,ദ്വാരക കടലിൽ മുങ്ങിപ്പോയെന്നുമാണ് ഐതീഹ്യം . ശംഖുകളുടെ ഉറവിടമായ ഈ സ്ഥലത്തെ  “ശംഖോധർ അന്തർ ദ്വീപ” എന്നാണ്  മഹാ ഭാരതത്തിൽ  പരാമർശിച്ചിട്ടുള്ളതെന്ന് വായിച്ചറിയാൻ കഴിഞ്ഞു . അതി  പുരാതനമായ ഈ സ്ഥലത്ത് യാദവ വംശവും അവരുടെ രാജാവായ ശ്രീകൃഷണനും വസിച്ചിരുന്നതിനാൽ പവിത്രമായ  ദ്വീപായി കണക്കാക്കപ്പെടുന്നു . പല തവണ മുങ്ങിപ്പോകുകയും വീണ്ടും ഉയർന്നു വന്നതുമായ ഈ ദ്വീപിനെ “സമ്മാനം” ആയി കിട്ടിയ സ്ഥലമെന്നുള്ള അർത്ഥം വച്ചാണ്  “ബെറ്റ് ദ്വാരക” എന്ന് വിളിക്കുന്നതെന്ന് പറയപ്പെടുന്നു . ഗുജറാത്തിന്‍റെ  ഏറ്റവും പടിഞ്ഞാറെ അറ്റത്തുള്ള  ‘ഓഖ’ തീരത്ത് നിന്ന് 2 കി മീ അകലെ, കച്ച് ഉൾക്കടലില്‍  സ്ഥിതി ചെയ്യുന്ന  ജനവാസമുള്ള ദ്വീപായ ബെറ്റ് ദ്വാരകയ്ക്ക് 8 കിമീ നീളവും 2 കിമീ വീതിയുമാണുള്ളത് . 1980 കളിൽ സമുദ്രാന്തർ ഗവേഷകരുടെ ഖനനങ്ങളുടെ ഫലമായി  അതി പുരാതന നഗരങ്ങളുടെ അവശിഷ്ടങ്ങളും  പാത്രങ്ങളും മറ്റും ഇവിടെ നിന്ന് കണ്ടെത്തിയതായി പറയപ്പെടുന്നു.  ധാരാളം മണൽക്കല്ലുകൾ നിരന്നു കിടക്കുന്ന ഈ ദ്വീപിലേക്ക്. ഓഖ തീരത്ത് നിന്ന് ഫെറി സർവീസ് വഴിയായിരുന്നു പണ്ടൊക്കെ സന്ദര്‍ശകര്‍ വന്നു പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ 2024 ൽ പുതുതായി നിർമ്മിച്ച കേബിൾ പാലമായ “സുദർശന സേതു “ വന്നതോടെ അങ്ങോട്ടേക്കുള്ള യാത്ര സുഗമമായി.

                                സുദര്‍ശന സേതു 

ഉച്ച കഴിഞ്ഞതോടെ ബെറ്റ് ദ്വാരകയിലേക്ക് ആരംഭിച്ച ഞങ്ങളുടെ യാത്ര വൈകുന്നേരമായപ്പോൾ സുദർശന സേതു കടന്ന് പാർക്കിംഗ് സ്ഥലത്തെത്തി. ഫോൺ പോലെയുള്ള എലക്ട്രോണിക് ഉപകരണങ്ങളോ പേനയോ, ചീപ്പോ ഒന്നും ക്ഷേത്രത്തിലേക്ക് കൊണ്ടു പോകരുതെന്നും, ഫോൺ കയ്യിലെടുക്കാൻ പറ്റാത്തത്  കൊണ്ട് കൂട്ടത്തിലുള്ളവരെ കണ്ടു പിടിക്കാനായി എല്ലാവരും ഫോർച്യൂണിന്‍റെ  തൊപ്പി തലയിൽ വയ്ക്കണമെന്നും  സാത്വിക് പ്രത്യേകം നിർദ്ദേശിച്ചിരുന്നു .ബസിൽ നിന്നിറങ്ങിയ ഞങ്ങൾ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ട് മണൽക്കല്ലുകൾ നിരന്നു കിടന്ന ബെറ്റ് ദ്വാരകയുടെ മണ്ണിലൂടെ കുറച്ചു നടന്നു. കൃഷ്ണ പാദങ്ങള്‍ സ്പര്‍ശിച്ചിരുന്ന മണ്ണിലൂടെയാണ് നടക്കുന്നതെന്ന് ചിന്തിച്ചപ്പോള്‍ ഭക്തിയും, സന്തോഷവും, കൃഷ്ണ പ്രേമവും എല്ലാം കൂടി ചേര്‍ന്ന് ശരീരമാകെ കോരിത്തരിക്കുന്നത്  പോലെ തോന്നി. എനിക്കായി ഈ തീരത്ത് എന്തെങ്കിലും എന്‍റെ മായക്കണ്ണന്‍ ഒളിപ്പിച്ചു വച്ചിരിക്കണമേ എന്നാശിച്ചു കൊണ്ട് ഞാന്‍ മണ്ണിലേക്ക്  ഉറ്റു നോക്കിക്കൊണ്ട് നടന്നു . പല തവണ മുങ്ങിപ്പൊങ്ങിയ സ്ഥലമായത് കൊണ്ട് ഉള്ളതെല്ലാം സമുദ്രം കൊണ്ടു പോയി ഒളിപ്പിച്ചു വച്ചിരിക്കുകയായിരിക്കാം, എങ്കിലും ആ തിരുമാറില്‍ ധരിച്ചിരുന്ന മാലയിലെ കൃഷ്ണ ചൈതന്യമുള്ള ഒരു മുത്തെങ്കിലും ഈ വെള്ള മണല്‍ക്കല്ലുകള്‍ക്കിടയില്‍ എന്നെ നോക്കി തെളിഞ്ഞു  കിടപ്പുണ്ടെങ്കിലോ ..ഈറന്‍ മിഴികളുമായി നടക്കുമ്പോള്‍ ചുണ്ടിലൊളിപ്പിച്ച  മന്ദസ്മിതവുമായി  ആ കായാമ്പൂ വര്‍ണ്ണന്‍ പുല്ലാങ്കുഴല്‍  ഊതിക്കൊണ്ട് എന്‍റെ ചുറ്റും കറങ്ങി നടക്കുന്നതായി തോന്നി ..

സ്വപ്ന ലോകത്തില്‍ കറങ്ങി നടന്ന എന്നെ ഉണര്‍ത്തിക്കൊണ്ട്  ക്ഷേത്ര സമീപത്തേക്ക്  ഞങ്ങളെ കൊണ്ടു  പോകുവാനായി  പൊടി പറത്തിക്കൊണ്ട് കുറേ ഓട്ടോറിക്ഷകൾ വന്നെത്തി . കുറച്ച് സമയത്തെ യാത്രയ്ക്കൊടുവിൽ  ഓട്ടോയിൽ നിന്നിറങ്ങിയ  ഞങ്ങൾ ദ്വാരകാധീശനെ കാണാൻ സൂവനീർ ഷോപ്പുകൾക്കിടയിലുള്ള ഇടുങ്ങിയ വഴികളിലൂടെ നടന്നു . സുരക്ഷാ പരിശോധനകൾ ഉണ്ടായിരുന്നത് കൊണ്ട് സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്യൂ ഉണ്ടായിരുന്നു. ചെരുപ്പുകൾ വയ്ക്കാൻ പ്രത്യേകം ഇടമൊന്നും  കിട്ടാഞ്ഞതിനാൽ  സാത്വിക്കിന്‍റെ  നിർദ്ദേശ പ്രകാരം ഒരു മരച്ചുവട്ടിലാണ് അവ സൂക്ഷിച്ചത് . അസാധാരണമായ തിരക്കായിരുന്നത് കൊണ്ട് ചെരുപ്പ് കൊണ്ടിട്ടിട്ട് തിരിച്ചു വരുമ്പോൾ അപരിചിതർ നമ്മെ ക്യൂവിൽ കയറ്റിയില്ലെങ്കിലോ എന്ന് കരുതി ഓരോരുത്തരായി വരിയിൽ നിന്നിറങ്ങി ചെരുപ്പുകൾ കൊണ്ട് ഇട്ടിട്ട് തിരിച്ചു വന്ന് വരിയിൽ കയറുകയായിരുന്നു .പരിശോധനകൾ കഴിഞ്ഞ് ഞങ്ങൾ സ്ത്രീകൾ ക്ഷേത്ര കവാടത്തിനരികെ ചെന്ന സമയത്ത് പിന്നിൽ ഒരു ബഹളവും ഒച്ചപ്പാടുമൊക്കെ കേട്ട് തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ തൊപ്പിക്കാരായ ചേട്ടന്മാർ നിന്ന വരിയിലായിരുന്നു സംഭവം എന്ന് മനസ്സിലായി. പക്ഷേ അത്. എന്താണ് ഏതാണ് എന്നൊന്നും അറിയാൻ യാതൊരു നിർവ്വാഹവുമില്ലായിരുന്നു.  പിന്നിൽ നിന്ന് ഗോതമ്പ് ചാക്ക് കെട്ടു പോലെയുള്ള ഗുജറാത്തി പെണ്ണുങ്ങൾ തള്ളി വിട്ടപ്പോൾ ആറ്റിലെ പോള പോലെ നീങ്ങാൻ മാത്രമേ വഴിയുണ്ടായിരുന്നുളളൂ. ഏതായാലും ഉന്തിലും തള്ളിലും പെട്ട് ഏതൊക്കെയോ ശ്രീകോവിലിന് മുന്നിലൊക്കെ ചെന്നു തൊഴുതു ,ആരെയാണ് തൊഴുതത് എന്നൊന്നും മനസ്സിലായില്ല , ഏതായാലും ദ്വാരകാധീശനായ ഭഗവാൻ ശ്രീകൃഷ്ണൻ തന്നെയായിരിക്കുമല്ലോ  പ്രധാന പ്രതിഷ്ഠ എന്ന് കരുതി  ആ രൂപം മനസ്സിൽ വച്ച് എല്ലാ സന്നിധികളിലും തൊഴുതു. ശ്രീകൃഷണനെ കൂടാതെ ഹനുമാൻ ,വിഷ്ണു, ശിവൻ  ലക്ഷ്മി നാരായണൻ, ദേവി, സാക്ഷി ഗോപാലൻ ,ജാംബവതി ,രാധ മയ്യ എന്നിവയായിരുന്നു മറ്റ് പ്രതിഷ്ഠകൾ എന്ന് പിന്നീട് വായിച്ചറിഞ്ഞു . എല്ലാ വിഗ്രഹങ്ങളും ഏതാണ്ട് ഒരുപോലെയാണ് കാണപ്പെട്ടത് . മാർബിൾ കൊണ്ട് ഉണ്ടാക്കിയ പാവകൾ പോലെയുള്ള വിഗ്രഹങ്ങൾ  ഗിൽറ്റ് ആഭരണങ്ങളും ,പാവാടകളും കൊണ്ട് അലങ്കരിച്ചിരുന്നു. തൊഴുതു നടക്കുന്നതിനിടെ ചതഞ്ഞ് ഇഞ്ചപ്പരുവമായപ്പോൾ  എങ്ങനെയെങ്കിലും പുറത്ത് കടന്നാൽ മതിയെന്നായി എനിക്ക് . ഭഗവാന്‍റെ  സാമീപ്യമൊ ചിന്തയോ  തീരെ ഉണ്ടായില്ല എന്നതാണ് സത്യം. അല്ലെങ്കിലും ഭഗവാനോട് എന്തെങ്കിലും പറയണമെന്ന് വിചാരിച്ചു ചെല്ലുന്നവരൊക്കെ ഭഗവദ് സന്നിധിയിലെത്തുമ്പോള്‍ എല്ലാം മറക്കുകയാണല്ലോ പതിവ്, നമ്മുടെ പാവം കുചേല ബ്രാഹ്മണന്‍ തന്നെ അതിന് ഉത്തമ ഉദാഹരണമാണല്ലോ ..!!!. എല്ലാം മറന്ന് സര്‍വ്വാന്തര്യാമിയായ ഭഗവാനില്‍ ലയിക്കണമെന്ന ഉദ്ദേശത്തില്‍ ആ കൈതവശാലി തന്നെ മറവി തന്ന് നമ്മെ അനുഗ്രഹിക്കുന്നതുമായിരിക്കാം...!!!

ഏതൊക്കെയോ വഴിയിലൂടെ പുറത്ത് വന്നപ്പോൾ സാത്വിക് അവിടെ കാത്തു നിൽക്കുന്നതു കണ്ടു. നീണ്ടു മെലിഞ്ഞ സാത്വിക്കിനെ ഏത് ആൾക്കൂട്ടത്തിലും പെട്ടെന്ന് കണ്ടു പിടിക്കാമെന്നുള്ളത് ഒരു ബോണസായിരുന്നു.എല്ലാവരും തൊഴുത് തിരിച്ചെത്തിയപ്പോഴാണ് ചേട്ടന്മാരുടെ വരിയിലെ വഴക്കിന്‍റെ  കാര്യം അറിയാൻ സാധിച്ചത്. ഞങ്ങളെപ്പോലെ അവരും മരച്ചുവട്ടില്‍ ചെരുപ്പ് മാറ്റിയിടാൻ പോയതായിരുന്നു,പക്ഷേ തിരിച്ചെത്തിയപ്പോൾ മറ്റുള്ളവർ അവരെ വരിയിൽ കയറ്റിയില്ല എന്നതായിരുന്നു പ്രശ്നം. അവർ എല്ലാവരും കൂടിയാണ് വരിയിൽ നിന്നിറങ്ങിപ്പോയത് ,പിന്നെ വന്നപ്പോൾ ആരും ഇടയിൽ കയറ്റിയില്ല , അതോടെ ” ഛഗഡയും ദുഷ്മനും” ഒക്കെ ആയിപ്പോയി. ഞങ്ങൾ പെണ്ണുങ്ങൾ ചെയ്തതു പോലെ ആയിരുന്നെങ്കിൽ നമ്മൾ തമ്മിൽ അഡ്ജസ്റ്റ് ചെയ്താൽ മതിയായിരുന്നു.. “പെൺ ബുദ്ധി പിൻ ബുദ്ധി” അല്ലെന്ന് ഒരിക്കലെങ്കിലും തെളിയിക്കാൻ അവസരം ലഭിച്ചതിന്‍റെ   സന്തോഷത്തോടെ തല അൽപ്പം ഉയർത്തിപ്പിടിച്ച് റിക്ഷയിൽ കയറി ബസിനടുത്തേക്ക് പോയി. അല്ലെങ്കിലും ദ്വാരകാപതിയ്ക്ക്  മങ്കമാരോട് അല്‍പ്പം സ്നേഹം കൂടുതലാണെന്ന് ഒരു പറച്ചില്‍ ഉണ്ടല്ലോ !

അസ്തമന സൂര്യന്‍റെ  ചെങ്കതിരുകൾ അറേബ്യൻ കടലിനെ രക്ത വർണ്ണമണിയിച്ച സുന്ദര സായാഹ്നത്തിൽ ഞങ്ങൾ സുദർശന സേതുവിനരികിലെത്തി. ദ്വാരകാധീശന്‍റെ  പാദത്താമരകളിലെ ചുവന്ന നിറം പ്രതിഫലിപ്പിച്ചത് കൊണ്ടാണോ  ആ സമുദ്ര ജലം ഇത്ര മനോഹരമാകാന്‍ കാരണമെന്ന് എനിക്ക് തോന്നി.  .. നന്നായി ദർശിക്കുക എന്നാണല്ലോ . “സുദർശനം’ കൊണ്ട് അര്‍ത്ഥമാക്കുന്നത് .അതു കൊണ്ട്  പാലത്തിന്  സമീപം  ഇറങ്ങി സുദര്‍ശന  സേതുവിന്‍റെയും ,  അസ്തമന സൂര്യന്‍റെയും സൗന്ദര്യം നന്നായി കണ്ടിട്ടാണ് മടങ്ങിയത് . മടക്കയാത്രയിൽ നമ്മുടെയൊക്കെ അടുക്കളയിലെ സ്ഥിരം സാന്നിദ്ധ്യമായ ഉപ്പ് ഉൽപാദിപ്പിക്കുന്ന ടാറ്റയുടെ ഫാക്ടറിയും  ബസിലിരുന്നു  കാണാന്‍ സാധിച്ചു .

ദ്വാരകാധീശ ക്ഷേത്രത്തിനടുത്തുള്ള  “റി ജൻ റ്റാ (Re-Gen-Ta) ആയിരുന്നു അന്നത്തെ താവളം. ചപ്പാത്തി, മസാലക്കറികൾ,സാലഡ് , ഓട്സ് പായസം ,തുടങ്ങിയ വിഭവ സമൃദ്ധമായ അത്താഴം കഴിച്ച് ഞങ്ങൾ മുറിയിലേക്ക് പോയി. ലിഫ്റ്റിനുള്ളിൽ  കയറിയപ്പോൾ   മധുരമായ ഒരു ഓടക്കുഴൽ നാദം ഒഴുകി വന്നു, ഭാവനാ സമ്പന്നരായ ആരെങ്കിലും  ആയിരിക്കാം ദ്വാരകാപതിയുടെ സ്ഥലത്തെ  ഹോട്ടല്‍ ലിഫ്റ്റില്‍ മുരളീ ഗാനം സംഗീതമായി ചേര്‍ത്തിരിക്കുന്നത് എന്ന് തോന്നി  .ഏതായാലും തിരക്കിനിടയിൽ കിട്ടാതിരുന്ന ആ ദ്വാരകാധീശന്‍റെ   സാമീപ്യം അപ്പോഴേനിക്ക് കിട്ടി!!! കിടക്കുന്നതിന് മുന്‍പ് തണുപ്പിന്‍റെ ആവരണം അണിഞ്ഞ ദ്വാരക പുരിയിലെ പാതകളില്‍ കൂടി കുറച്ചു നേരം ഞങ്ങള്‍ നടന്നു.കൂട്ടുകാരില്‍ പലരും ചെറിയ സംഘങ്ങളായി പിരിഞ്ഞ് ക്ഷേത്രത്തിന് സമീപം വരെ പോയി സോവനീറുകള്‍ വാങ്ങിയതായി പിന്നീട് അറിഞ്ഞു.

തലേ ദിവസം തീരുമാനിച്ചിരുന്നത്  പോലെ അടുത്ത  ദിവസം അതി രാവിലെ  ആറ് മണി ആയപ്പോൾ സാത്വിക്കിന്‍റെ  നേതൃത്വത്തിൽ ഞങ്ങൾ ദ്വാരകാധീശ ക്ഷേത്രത്തിലേക്ക് കാൽ നടയായി  പോയി. തണുപ്പിന്‍റെ  ആധിക്യം കൊണ്ട് എല്ലാവരും കമ്പിളി വസ്ത്രങ്ങളും തൊപ്പികളും  അണിഞ്ഞു കൊണ്ടാണ് ദ്വാരകയുടെ അധീശനായ ശ്രീ കൃഷ്ണനെ കാണാൻ പോയത് . അടഞ്ഞു കിടന്ന കടകളുടെ നടുവിലുള്ള ഗല്ലികളിൽ കൂടി വേഗത്തിൽ നടന്നപ്പോൾ തണുപ്പ് ഒന്നകന്നു നിന്നതായി തോന്നി.         

ദ്വാരകാധീശ് ക്ഷേത്രം

കാരാഗൃഹത്തിലെ ജനനം മുതൽ സ്വർഗ്ഗാരോഹണം വരെ ദു:ഖങ്ങളുടെയും,പ്രശ്നങ്ങളുടെയും നടുവിൽ ജീവിക്കുകയും എല്ലാമറിഞ്ഞു കൊണ്ട് സദാ പുഞ്ചിരിക്കുന്ന മുഖവുമായി  വേണുവൂതി എല്ലാവരുടേയും മനസ്സിൽ തേൻ മഴയായി പെയ്ത കൃഷ്ണൻ ! ഗോക്കളും ,കാളിന്ദിയും ,കാനനവും ,കള്ള കുസൃതികളുമൊക്കെയായി നടന്ന മഥുരയിലെ കാലിച്ചെക്കനായ , അമ്പാടിക്കണ്ണൻ ! പ്രിയ  സഖിയായ രാധയെയും ,ഗോപികമാരെയും ,കളിക്കൂട്ടുകാരെയും എല്ലാം വിട്ട് വന്ന സ്ഥലമാണ് ദ്വാരക . മാതുല ഹത്യയുടെ പേരിൽ ജരാസന്ധനുമായുള്ള യുദ്ധത്തിനൊടുവിൽ ,ജരാസന്ധൻ തന്‍റെ  കയ്യാൽ അല്ല മരിക്കേണ്ടത് എന്നറിയാമായിരുന്ന ഭഗവാൻ, യാദവ സംഘവുമായി വന്ന് രാജ്യഭരണം നടത്തിയ സ്ഥലമാണ്  ദ്വാരക ! കുരുക്ഷേത്ര യുദ്ധവും ,ഗീതോപദേശവും തുടങ്ങി എത്രയോ സംഭവ പരമ്പരകൾ .. .. എന്തെല്ലാം പേരുകൾ പിടിച്ചു, എന്തിനെല്ലാം സാക്ഷിയായി ,മദ്ധ്യസ്ഥനായി .. ആരെയെല്ലാം രക്ഷിച്ചു, ആരെയെല്ലാം കൊല്ലാൻ ആഹ്വാനം ചെയ്തു... എല്ലാം ധർമ്മിഷ്ടരായ സാധു സംരക്ഷണത്തിനായി മാത്രം ചെയ്തതായിരുന്നെന്ന് മനസ്സിലാകണമെങ്കില്‍ നമ്മൾ പഠിക്കണം,  കാര്യങ്ങള്‍ ആഴത്തില്‍ അറിയണം . എപ്പോഴെപ്പോൾ ധർമ്മത്തിന് ച്യുതി സംഭവിക്കുന്നുവോ അപ്പോഴപ്പോൾ ധർമ്മ സംസ്ഥാപനത്തിനായി അച്യുതനായ ഭഗവാൻ അവതരിക്കുന്നു എന്ന് ഗീതയിൽ പറയുന്നുണ്ടല്ലോ. അങ്ങനെ അധർമ്മം വർദ്ധിച്ച സമയത്ത് ലോക നന്മയ്ക്കായി ദ്വാപരയുഗത്തിൽ വന്ന പൂർണ്ണ പുണ്യാവതാരമാണ് ശ്രീ കൃഷ്ണ പരമാത്മാവ് .

5000 വർഷം മുൻപ് ശ്രീകൃഷ്ണന്‍റെ  ചെറുമകനായിരുന്ന വജ്രനാഭനാണ് ദ്വാരകപതിയുടെ ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു .  സങ്കീർണ്ണങ്ങളായ  കൊത്തുപണികളുള്ള ദ്വാരകാധീശ് ക്ഷേത്രം ചാർ ധാം തീർത്ഥാടനത്തിന്‍റെ  ഭാഗമാണ്. സന്യാസിയും അദ്വൈത സിദ്ധാന്ത ആചാര്യനുമായിരുന്ന ആദി ശങ്കരൻ  ഈ ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട്.  ഗോമതി നദീ തീരത്ത്  പടിഞ്ഞാറോട്ട് ദർശനമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് 72 തൂണുകളും  രണ്ട് പ്രധാന കവാടങ്ങളും (ദ്വാര) ഉണ്ട് .വടക്കോട്ട്  “ മോക്ഷ  ദ്വാരയും “ തെക്കോട്ട് , “സ്വർഗ്ഗ ദ്വാരയും ”. ആണുള്ളത്. ക്ഷേത്രത്തിന് മുകളിൽ പാറിപ്പറക്കുന്ന ത്രികോണാകൃതിയിലുള്ള പതാക ദിവസേന നാലു തവണയാണ് മാറ്റുന്നത് .പതാകയിൽ  സൂര്യ, ചന്ദ്രന്മാരെയാണ് ആലേഖനം ചെയ്തിരിക്കുന്നത് ,അതായത് സൂര്യ ചന്ദ്രന്മാർ ഉള്ളയിടത്തോളം കാലം ശ്രീകൃഷ്ണൻ ഉണ്ടായിരിക്കുമെന്നർത്ഥം.  

അതിരാവിലെ കൊടും തണുപ്പ് ആയിട്ട് പോലും ക്ഷേത്രത്തില്‍ നല്ല തിരക്കുണ്ടായിരുന്നു  . സാധാരണ എല്ലാ ക്ഷേത്രങ്ങളിലെയും  പോലെ ഇവിടെയും ഫോണും ചെരുപ്പും ഒന്നും ഉള്ളിലേക്ക് പ്രവേശിപ്പിക്കുകയില്ല, (പക്ഷേ നമ്മുടെ നാട്ടില്‍ ചിലയിടത്ത് പൂജാരിമാര്‍ വരെ ക്ഷേത്രത്തിനുള്ളില്‍ നിന്ന് ഫോണില്‍ സംസാരിക്കുന്നത് കാണാറുണ്ട്  ) സ്ത്രീകളും പുരുഷന്മാരും രണ്ടു വരിയായി നടന്ന്  സുരക്ഷാ പരിശോധനകൾ പാസ്സായി  ദ്വാരകാനാഥനെ കണ്ണു നിറയെ കാണാനായി തൊഴു കൈകളുമായി മുന്നോട്ട് നീങ്ങി . ബെറ്റ് ദ്വാരകയില്‍ ചെന്നപ്പോള്‍ ഈ ദ്വാരകാധീശ സമക്ഷത്തിലെങ്കിലും കണ്ണനെ സമാധാനമായി കാണാമെന്നാണ് പ്രതീക്ഷിച്ചിരുന്നത് ,പക്ഷേ ഇവിടെയും തിരക്ക് തന്നെ ,ലോകൈക നാഥനെ അത്ര പെട്ടെന്ന് കാണണ്ട എന്നായിരിക്കും നിയോഗം ,കുറച്ച് ബുദ്ധിമുട്ടും കഷ്ടപ്പാടും ഒക്കെ സഹിച്ചെങ്കിലല്ലാതെ അച്ഞ്ചല ഭക്തി തെളിയിക്കപ്പെടുകയില്ലല്ലോ  ,അതാണല്ലോ കൃഷ്ണ ലീല !!

പടികൾ കയറി ശ്രീകോവിലിന് സമീപത്ത് എത്തിയപ്പോഴേക്കും കുറേ  നുഴഞ്ഞു കയറ്റക്കാരും , സാമർത്ഥ്യക്കാരും ഞങ്ങളിൽ പലരെയും തള്ളിക്കളയാൻ ശ്രമിച്ചു . ഇതെല്ലാം കണ്ടും കേട്ടും ഭഗവാൻ ഉണ്ടല്ലോ എന്തെങ്കിലും പരിഹാരം ഉണ്ടാക്കിത്തരുമെന്ന്  സമാധാനിച്ച് ഭക്തിയോടെ പതുക്കെ നടന്ന്  പ്രധാന ശ്രീകോവിലിന് മുന്നിലെത്തിയപ്പോൾ  ഭാഗ്യം കൊണ്ട് ദ്വാരകാധീശനായ ഭഗവാനെ നന്നായി കണ്ടു  വണങ്ങാൻ സാധിച്ചു . ഗുരുവായൂരും ,ആറന്മുളയും,അമ്പലപ്പുഴയും കണ്ടു പരിചയിച്ച രൂപമല്ല ഇവിടെ നമുക്ക് കാണാന്‍ സാധിക്കുന്നത്,മറിച്ച് വെണ്ണക്കല്ലില്‍ തീര്‍ത്ത ശില്‍പ്പങ്ങളില്‍ ആടയാഭരണങ്ങള്‍ അണിയിച്ച വിഗ്രഹങ്ങളാണ് ഇവിടത്തെ ക്ഷേത്രങ്ങളില്‍ കാണാനാകുക . വിരാട് പുരുഷനായ  ഭഗവാനെ ഏതു രൂപത്തിലും എവിടെ വച്ചും നമുക്ക് പൂജിക്കാമല്ലോ, സങ്കല്‍പ്പിക്കാമല്ലോ !! മനസിലുള്ള വിഗ്രഹം, രൂപം ,പ്രാര്‍ത്ഥന വിശുദ്ധി ഇതെല്ലാമാണല്ലോ എല്ലാത്തിനും ഉപരിയായിട്ടുള്ളതും ഏറ്റവും പ്രധാനവും . തിരക്കിന്‍റെ ആധിക്യം കൊണ്ട്  മോഹനമായ കൃഷ്ണ വിഗ്രഹം അധിക നേരം കണ്ടു നില്‍ക്കാനായില്ല , നടക്കാതെ തന്നെ എന്നെ ആരൊക്കെയോ പുറത്തെത്തിച്ചു ദേവകീ മാതാവിന്‍റെ  സന്നിധിയും തൊട്ടടുത്ത് ഉണ്ടായിരുന്നതായി പറയുന്നത് കേട്ടു . പുറത്തിറങ്ങി വന്നപ്പോൾ കൃഷ്ണന്‍റെ   പൌത്രനും കാമോപനുമായ അഭിമന്യുവിന്‍റെ  ഒരു ക്ഷേത്രവും കണ്ടു. ,അവിടെയും തിരക്കോട് തിരക്കായിരുന്നു.

തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍  താന്ത്രിക് രീതിയിലുള്ള പൂജാ വിധികളാണെങ്കിൽ ഉത്തരേന്ത്യയിൽ  വേദിക് രീതിയിലാണ് പൂജകൾ ചെയ്യുന്നത്. മാത്രമല്ല ഓരോ ദേവീ ദേവന്മാർക്കും പ്രത്യേകം മുഖ ഭാവങ്ങളും അലങ്കാരങ്ങളും ചൈതന്യവുമാണ് നമ്മുടെ അമ്പലങ്ങളിൽ കാണാൻ സാധിക്കുക , അതു കൊണ്ട് തന്നെ  ഭക്തിയുടെ സാന്ദ്രത കുറച്ച് കൂടി  കൂടുതൽ ഉള്ളതു പോലെയാണ് എനിക്ക്  അനുഭവപ്പെടാറുള്ളത് .   



              ദ്വാരകാധീശ  ക്ഷേത്രം 

ഏതായാലും ഭഗവാനെ കാണാൻ അകത്തേക്ക് രണ്ടു വരിയായി കയറിപ്പോയ ഞങ്ങളും ചേട്ടന്മാരും പടികളിറങ്ങി പുറത്ത് വന്ന് രണ്ട് നദികളെപ്പോലെ സംഗമിച്ചു . എല്ലാവരുടെയും എണ്ണമെടുത്ത് തിട്ടപ്പെടുത്തി സാത്വിക് ഞങ്ങളെ തിരികെ ഹോട്ടലിലേക്ക് നയിച്ചു. സമയക്കുറവ് ഉണ്ടായിരുന്നെങ്കിലും  ദ്വാരകയിൽ വന്നതിന്‍റെ  ഓർമ്മയ്ക്കായി വഴിയിരികിലുള്ള കടകളിൽ നിന്ന് കുറച്ച് സോവനീറുകൾ വാങ്ങിയിട്ട്  എല്ലാവരും ഹോട്ടലിൽ തിരിച്ചെത്തി , പ്രഭാത ഭക്ഷണം കഴിച്ച് ചെക്ക് ഔട്ട് ചെയ്ത് അന്നത്തെ യാത്രയ്ക്കൊരുങ്ങി .    

 ഏതായാലും എന്‍റെ  മനസിലുണ്ടായിരുന്ന ദ്വാരക ഇങ്ങനെയേ അല്ല .കൃഷ്ണ രാജധാനിയായിരുന്ന  ദ്വാരകയുടെ ഗംഭീരവും വശ്യ മനോഹരവുമായ ഒരു ചിത്രം ഞാന്‍ മനസ്സില്‍  വരച്ചിട്ടിട്ടുണ്ടായിരുന്നു. അവിടെ പണ്ടൊരു നാള്‍ ഏഴാം മാളിക മുകളില്‍ രുക്മിണീ സത്യഭാമമാരോടൊപ്പം ലക്ഷ്മീ തല്‍പ്പത്തിലിരുന്നു പ്രജാ പരിപാലനം  ചെയ്തിരുന്ന  എന്‍റെ  പൊന്നോമന കണ്ണനെ ഞാന്‍ സ്വപ്നം കണ്ടിരുന്നു ...അതു പോലെ വ്രീളാ വിവശയായി ഒഴുകിയെത്തുന്ന ഗോമതി നദി തന്‍റെ പ്രാണ പ്രിയനായ സമുദ്രവുമായി സംഗമിക്കുന്ന കാഴ്ചയും നഷ്ടമായി . മനോഹരമായ ഗോമതീ നദീതീരവും, ഘട്ടുകളും, ദ്വാരകയുടെ സുന്ദരമായ ബീച്ചും ,പുതിയതായി നിർമ്മിച്ച പ്രൊമാനേടും ഒന്നും കാണാനായില്ല എന്ന് ദു:ഖത്തോടെ പറയട്ടെ .. സിനിമയിൽ ജഗതി ശ്രീകുമാർ പറയുന്നത് പോലെ പറയട്ടെ “എന്‍റെ  ദ്വാരക ഇങ്ങനെയല്ല ” !!!

 ഇനി അഞ്ചാം ഭാഗത്തിലേക്ക് പോയി ...മഹാത്മജി പഠിച്ച സ്കൂളും ,പാവക്കൊട്ടാരവും ,പ്രണയ നൊമ്പത്തിന്‍റെ മൂക സാക്ഷിയായ പടിക്കിണറും, അക്ഷര്‍ധാമും  കണ്ട് നമുക്ക് തിരിച്ചു പോരാം. ...


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ