സ്വാതന്ത്ര്യ സമര സേനാനികളുടെ മണ്ണിൽ
ഭാഗം 5
രാജ്കോട്ടിലെ
ഗാന്ധി മ്യൂസിയവും പാവക്കൊട്ടാരവും
അഹമ്മദാബാദിലെ അട് ലജ് കിണറും,അക്ഷർധാമും
ദ്വാരകയിലെ തണുത്ത
പ്രഭാതത്തിൽ ലിഫ്റ്റിലെ പുല്ലാങ്കുഴൽ സംഗീതം കേട്ട് കൊണ്ട് രാജ്കോട്ട്
യാത്രയ്ക്കായി ഞങ്ങള്‍ ബസിൽ കയറി. മോഹനമായ കൃഷ്ണ രൂപം നിറഞ്ഞ മനസുമായി രാവിലെ ഒന്‍പത്
മണിയോടെ ദ്വാരകാ പുരിയോട് വിട പറഞ്ഞു . ഇരു വശങ്ങളിലും ഹരിതാഭമായ കൃഷിയിടങ്ങളും
,ആകാശം മുട്ടെയുള്ള കൂറ്റൻ കാറ്റാടികൾ
നിരന്ന പാടങ്ങളും , കാലിക്കൂട്ടങ്ങളും ആയിരുന്നു കാഴ്ച . നല്ല കൊഴുത്തുരുണ്ട
പശുക്കൾ മേഞ്ഞു നടക്കുന്നത് കണ്ടപ്പോൾ
അവയുടെ സമീപത്ത് ഗോപാലകനായ കൃഷ്ണനെ ഞാൻ മനതാരിൽ സങ്കൽപ്പിച്ചു നിർവൃതിയടഞ്ഞു. പക്ഷേ പാതയോരങ്ങളിൽ മനുഷ്യർ അലസമായി
വലിച്ചെറിഞ്ഞിരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ആ സാധുക്കൾ ഭക്ഷിക്കുന്നത്
കണ്ടപ്പോൾ എന്‍റെ സന്തോഷം പെട്ടെന്ന് അസ്തമിച്ചു പോയി. മൃഗങ്ങൾ എന്ന് നാം
വിളിക്കുന്ന ആ സാധു ജീവികളെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്ന മനുഷ്യരല്ലേ
യഥാർത്ഥത്തിൽ മൃഗങ്ങൾ ?? കന്നുകാലികളും കൃഷിയും പരസ്പര പൂരകങ്ങളായി
സമ്പന്നമാക്കുന്ന ഗുജറാത്ത് സംസ്ഥാനത്തിലെ , ഈ കാഴ്ച ആരെയും വേദനിപ്പിക്കും എന്നുള്ളതിന് സംശയമില്ല . ചെന്നിറങ്ങിയ ദിവസം
മുതൽ എല്ലാ പാതയോരങ്ങളിലും നിരന്നു
കിടന്നിരുന്ന പ്ലാസ്റ്റിക് കൂനകളെയും അവ
ഭക്ഷിക്കുന്ന കാലിക്കൂട്ടങ്ങളെയും ശ്രദ്ധിച്ചിരുന്നു. ഇതൊന്നും കാണാൻ ഇവിടെയൊന്നും
ആരുമില്ലേ എന്ന് അപ്പോഴൊക്കെ ഞാൻ സ്വയം ചോദിച്ചിരുന്നു നമ്മുടെ ഭാരതഭൂമിയെ മാലിന്യ മുക്തമായി കാണണമെന്നാണല്ലോ നമ്മുടെ എല്ലാവരുടെയും ആഗ്രഹവും സ്വപ്നവും . ആ ആഗ്രഹ പൂര്‍ത്തീകരണത്തിനും ,സ്വപ്ന സാഫല്യത്തിനുമായി സാക്ഷാൽ ദ്വാരകാ പതിയോട് തന്നെ നമുക്ക് അപേക്ഷിക്കാം .
ഇടത്തെ തോളിലൂടെ സാരിത്തുമ്പ് വലത് ഭാഗത്തേക്ക് പിടിച്ചു കുത്തി ,ശിരസ്സും മറച്ച് കൃഷിയിടങ്ങളിലേക്ക് കലപില കൂട്ടിക്കൊണ്ട് ട്രാക്ടറിൽ യാത്ര ചെയ്യുന്ന ഗുജറാത്തിപ്പെണ്ണുങ്ങളും ,തലയിൽ വലിയ കെട്ടു കെട്ടി ,പാളത്താറുടുത്ത പുരുഷന്മാരും ഹരിതാഭമായ പാടങ്ങളും എല്ലാം ചേര്‍ന്ന ഗുജറാത്തിന്‍റെ ഗ്രാമ നന്മ ! നൈര്‍മ്മല്യം തുളുമ്പുന്ന ഗ്രാമ സൗന്ദര്യം നുകര്‍ന്ന് കൊണ്ട് യാത്ര ചെയ്യുമ്പോൾ ഈ കാഴ്ചകൾ നീളെ നില നിൽക്കണേ എന്നായിരുന്നു പ്രാർത്ഥന .
രാജ് കോട്ട്
യാത്രയ്ക്കിടെ പതിവ് പോലെ പതിനൊന്ന് മണിയോടെ ഇടത്താവളത്തിൽ ഇറങ്ങി ചായ കുടിച്ച്
ഫ്രഷ് ആയിട്ട് എല്ലാവരും ബസിൽ കയറി. ജീവിതത്തിൽ അമ്മമാരുടെ സ്വാധീനം, പ്രകൃതി
സംരക്ഷണം , യാത്രാനുഭവങ്ങൾ തുടങ്ങി പല
വിഷയങ്ങളും ഞങ്ങൾ ചർച്ചയ്ക്ക് എടുത്തിരുന്നു. എല്ലാവരും ഊർജ്ജസ്വലരായി ഇരിക്കുവാനും അറിവ് നേടാനും ഈ
ചർച്ചകൾ പ്രയോജനപ്പെട്ടു എന്നത് കൂടാതെ യാത്രയുടെ വിരസത ഒഴിവായിക്കിട്ടി എന്നതും എടുത്തു പറയേണ്ട
കാര്യമാണ് . ഇടയ്ക്ക് ഒരിടത്തിറങ്ങി ഉച്ച
ഭക്ഷണം കഴിച്ച് യാത്ര തുടർന്നപ്പോൾ “നയാര” ഏറ്റെടുത്ത എസ് ആർ പവ്വർ പ്ലാൻറ് , റിലയൻസിന്‍റെ വൻ വ്യവസായ സ്ഥാപനങ്ങൾ
എന്നിവയായിരുന്നു റോഡിനിരു വശങ്ങളിലുമുണ്ടായിരുന്ന കാഴ്ചകൾ . വൈകുന്നേരം നാലു മണി കഴിഞ്ഞപ്പോഴാണ്
രാഷ്ട്ര പിതാവിന്‍റെ സ്മരണകളുണർത്തുന്ന മ്യൂസിയം
കെട്ടിടത്തിനടുത്തേക്ക് ഞങ്ങൾ ചെന്നെത്തിയത് .
ഗാന്ധി മ്യൂസിയം
ലോകം ആദരിക്കുന്ന ഒരു മകനെ തന്‍റെ മടിയിലിരുത്തി പഠിപ്പിച്ചു വലുതാക്കി ഉയരങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞതിന്‍റെ സൗഭാഗ്യത്തിളക്കത്തോടെ തല ഉയര്‍ത്തി നിന്നിരുന്ന "കത്തിയവാർ സ്കൂളിന്‍റെ " മുറ്റത്തേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ പഴം കഥകളുടെ മധുരം നിറച്ച തളികകളുമായി ആ വിദ്യാലയ മുത്തശ്ശി ഞങ്ങളെ സ്വീകരിച്ചു. ഭാരതത്തിന്‍റെ ചരിത്ര പുസ്തകത്തില്‍ സുവര്‍ണ്ണ ലിപികളില്‍ ആലേഖനം ചെയ്തിട്ടുള്ള ഒരു വ്യക്തി പഠിച്ചിരുന്ന ആ സരസ്വതി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചപ്പോള്‍ മറ്റൊരു കാലഘട്ടത്തില്‍ എത്തിയതായിട്ടാണ് തോന്നിയത്. കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ദാസ് എന്ന ഒരു ബാലന്‍ ഈ സ്കൂളില്‍ പഠിച്ചിരുന്നു. അന്ന് പഠിപ്പിച്ചിരുന്ന അദ്ധ്യാപകരോ, സഹപാഠികളോ ചിന്തിച്ചിരിക്കില്ല ഒരു മഹാത്മാവ് അവരുടെ പാഠശാലയില്‍ വളര്‍ന്നു വരുന്നുണ്ടെന്ന്. രാജ്കോട്ടിലെ ആൽഫ്രഡ് ഹൈസ്കൂൾ അഥവാ കത്തിയവാർ സ്കൂൾ 2017 ൽ അടച്ചു പൂട്ടുകയും പിന്നീട് ഗാന്ധിജിയുടെ ബഹുമാനാർത്ഥം “ഗാന്ധി മ്യൂസിയമാക്കി” മാറ്റുകയും ചെയ്യുകയാണുണ്ടായത് . ഗാന്ധിജിയുടെ ജീവിത പാതയിൽ ഉണ്ടായ സംഭവ പരമ്പരകളുടെ ഒരു നേർക്കാഴ്ചയാണ് ഈ മ്യൂസിയത്തിലെത്തുന്നവർക്ക് ലഭിക്കുന്നത്..
ആൽഫ്രഡ് ഹൈസ്കൂൾ/ കത്തിയവാർ സ്കൂള്‍
ബസിൽ നിന്നിറങ്ങി പ്രവേശന കവാടത്തിലെത്തിയ ഞങ്ങളോട് ചെറിയ ബാഗുകളടക്കം ഒന്നും അകത്തേക്ക് കൊണ്ടു പോകാൻ പറ്റില്ലെന്ന് സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു.
നിശബ്ദത തളംകെട്ടി നിന്നിരുന്ന ഒരു ഹാളിലേക്കാണ് കയറിച്ചെന്നത് അവിടെ ഒരു ചെറിയ ആശ്രമത്തിന്‍റെ പശ്ചാത്തലത്തിനു മുന്നില്‍ ഉയർന്ന പ്ലാറ്റ് ഫോമിൽ ധ്യാന നിരതനായിരിക്കുന്ന ബാപ്പുജിയുടെയും താഴെ യൂണിഫോമിട്ട് അദ്ദേഹത്തോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്ന കുറച്ചു കുട്ടികളുടെ ശിൽപ്പവുമായിരുന്നു ഉണ്ടായിരുന്നത്. രാമ മന്ത്രം മുഴങ്ങുന്നത് പോലെ തോന്നിയ ആ ഹാളിൽ ഇട്ടിരുന്ന കസേരകളിൽ ഉപവിഷ്ടരായ ഞങ്ങളോട് അവിടത്തെ വനിത ഗൈഡ് മ്യൂസിയത്തെപ്പറ്റിയും ,ഗാന്ധിജിയെപ്പറ്റിയും രണ്ടു മൂന്നു വാചകങ്ങൾ പറഞ്ഞിട്ട് ഒപ്പം ചെല്ലുവാൻ പറഞ്ഞു. മ്യൂസിയം സ്കൂളിലെ 39 മുറികളെ ഗാലറികളായി തിരിച്ച് അതിൽ ഗാന്ധിജിയുടെ ചെറുപ്പകാലം മുതലുണ്ടായ ഓരോ സംഭവങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും, അദ്ദേഹത്തിന്റെ 3 D മോഡലുകളുമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. . ഓരോ മുറികളിലും കാര്യങ്ങൾ വിശദീകരിച്ചു തരാൻ ഒരു ഗൈഡിനെ കൂടാതെ ടച്ച് സ്ക്രീൻ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടായിരുന്നു . രാഷ്ട്ര പിതാവിന്‍റെ ബാല്യ ,കൌമാര ,യവ്വന വാർദ്ധക്യ കാലഘട്ടങ്ങളിലെ ചിത്രങ്ങളും, മാതാ പിതാക്കളുടെയും കസ്തൂർബായുടെയും ചിത്രങ്ങളും അവിടെ കാണാന്‍ കഴിഞ്ഞു..സ്കൂള്‍ കാലഘട്ടങ്ങള്‍ കഴിഞ്ഞ് ദക്ഷിണാഫ്രിക്കയില്‍ പോയി അവിടെ വച്ച് വര്‍ണ്ണ വിവേചനത്തിനെതിരെ പോരാടിയ ചിത്രങ്ങള്‍ ,സ്വാതന്ത്ര്യ സമര കാലത്തെ സത്യഗ്രഹങ്ങളുടെയും ,സമരങ്ങളുടെയും, ചിത്രങ്ങള്‍ ഇതെല്ലാം കണ്ടു നടന്നപ്പോള്‍ ആ മുറികളില്‍ ഗാന്ധിജി നിറഞ്ഞു നില്‍ക്കുന്നതായി തോന്നി . കാഴ്ചകള്‍ കണ്ടു നടന്നപ്പോള്‍ ഒരു നൂറ് നൂറ്റി അന്‍പത് വര്‍ഷം മുന്‍പുള്ള അദ്ദേഹത്തിന്‍റെ സ്കൂള്‍ പഠന കാലത്തെ കുറിച്ചാണ് ഞാന്‍ ചിന്തിച്ചത് .
രാജ്കോട്ട് - ഗാന്ധി മ്യൂസിയത്തിലെ ആദ്യത്തെ ഹാള്‍
ഒരിക്കല്‍ സ്കൂള്‍ ഇന്‍സ്പെക്ടര്‍
പരിശോധനയ്ക്ക് വന്നപ്പോള്‍ കേട്ടെഴുത്ത് കൊടുത്തതും പഠനത്തില്‍ മുന്‍പന്തിയില്‍
അല്ലായിരുന്ന മോഹന്‍ദാസ് “Kettle” എന്ന ഇംഗ്ലിഷ് വാക്കിന്‍റെ സ്പെല്ലിംഗ്
തെറ്റിച്ചത് കണ്ട അദ്ധ്യാപകന്‍ അടുത്ത നിന്ന കുട്ടി എഴുതിയത് നോക്കി
കോപ്പിയടിക്കാന്‍ പ്രേരിപ്പിച്ച
സംഭവവുമൊക്കെ നമ്മള്‍ പണ്ട് സ്കൂളില്‍ പഠിച്ചിരുന്ന കാര്യങ്ങളാണല്ലോ കോപ്പിയടിച്ച് ജയിക്കുന്നതിലും ഭേദം തോല്‍ക്കുന്നതാണെന്ന് പറഞ്ഞത്
വഴി ജീവിതത്തില്‍ സത്യത്തോടുള്ള അദ്ദേഹത്തിന്‍റെ നിലപാടാണ് നമുക്ക് മനസ്സിലാകുന്നത് .അത്ര
ചെറുപ്പത്തില്‍ തന്നെ സത്യസന്ധതയില്‍ നിന്ന് വ്യതിചലിക്കാത്ത ആ വിദ്യാര്‍ത്ഥി ഭാരതത്തിന്‍റെ
ഭാവി ഭാഗധേയം നിര്‍ണ്ണയിക്കാന്‍ പോകുന്ന
ഒരാളായി വരുമെന്ന് അന്ന് സ്കൂളില്‍ ഉണ്ടായിരുന്ന ഒരാളു പോലും
ചിന്തിച്ചിട്ടുണ്ടാവില്ല ലജ്ജാ ശീലനായിരുന്ന മോഹന്‍ദാസ് എന്ന കുട്ടി തന്‍റെ ഇരിപ്പിടത്തില്‍
മാത്രം ഒതുങ്ങി ഇരുന്നിരുന്ന കാഴ്ചയായിരുന്നു ഞാന്‍ മനസ്സില്‍ കണ്ടത് പൊതുവേ
നിശബ്ദനായിരുന്ന അദ്ദേഹം മറ്റ് കുട്ടികള്‍ക്കൊപ്പം
ഈ സ്കൂളിന്‍റെ വരാന്തകളിലും ഗ്രൗണ്ടിലുമൊന്നും അധികം ഓടിക്കളിച്ചിരിക്കാന്‍
ഇടയില്ലെന്നാണ് എനിക്ക് തോന്നിയത്.
അടച്ചിട്ടിരുന്ന പഴയ മുറികളിലെ ചരിത്രത്തിന്‍റെ ഏടുകളിലൂടെ
കുറച്ചു നേരം തുടര്‍ച്ചയായി നടന്നു കഴിഞ്ഞപ്പോള്‍ പൊടിയുടെ ആധിക്യം കൊണ്ട് എനിക്ക് കാഴ്ചകള്‍
അവസാനിപ്പിച്ച് ഇറങ്ങിപ്പോരേണ്ടി വന്നു. ഞങ്ങളുടെ കൂടെയുള്ളവര്‍ മ്യൂസിയത്തിലെ
കാഴ്ചകള്‍ എല്ലാം കണ്ട് പുറത്തിറങ്ങുന്നത് വരെ ബാലനായ ഗാന്ധിജിയെ കണ്ടിട്ടുള്ള വന്മരങ്ങളുടെ ശീതളച്ഛായയില്‍
വിശ്രമിച്ചു ഗാന്ധിജിയുടെ ജീവ ചരിത്രവും സ്വാതന്ത്ര്യ സമരകാല സംഭവങ്ങളും,
സന്ദേശങ്ങളും വിവരിക്കുന്ന ലൈറ്റ് ആന്റ് സൌണ്ട് ഷോ കാണുവാനുള്ള സമയം
ഇല്ലാഞ്ഞതിനാല്‍ എല്ലാവരും എത്തിയതോടെ ആ ചരിത്ര സ്മാരകത്തിനോട് യാത്ര പറഞ്ഞ് അടുത്ത
സ്ഥലം കാണുന്നതിനായി ബസില്‍ കയറി
റോട്ടറി ഇന്റർനാഷണൽ ഡോൾ മ്യൂസിയം
നമ്മുടെ രാഷ്ട്ര ശില്‍പ്പിയായിരുന്ന
ഗാന്ധിജിയുടെ സംഭവ ബഹുലമായ ജീവ ചരിത്രങ്ങളുടെ കാലഘട്ടത്തില്‍ നിന്ന് കുഞ്ഞുങ്ങളുടെ
ഇഷ്ട കഥാപാത്രങ്ങളായ പാവകളുടെ കൂടാരത്തിലേക്കാണ് ഞങ്ങള്‍ കയറിച്ചെന്നത് 100 ലധികം രാജ്യങ്ങളിൽ നിന്നുള്ള 1600 ലധികം പാവകളെ ഒരു മേൽക്കൂരയ്ക്കടിയിൽ കൊണ്ടു വന്ന് പ്രദർശിപ്പിച്ചിരിക്കുന്ന അതി
മനോഹരമായ കാഴ്ചയായിരുന്നു അവിടെ ഞങ്ങളെ കാത്തിരുന്നത് ഈ പാവകളെല്ലാം പല രാജ്യങ്ങളില്‍ നിന്ന് വന്നവരായിരുന്നതിനാല്‍ ലോക
രാഷ്ട്രങ്ങളുടെ വ്യത്യസ്ത സംസ്കാരങ്ങൾ മനസ്സിലാക്കാനുള്ള അവസരമായിരുന്നു മ്യൂസിയത്തിൽ
നിന്ന് ലഭിച്ചത് . കുറച്ചു സമയത്തേക്ക്
ഞങ്ങളെല്ലാം പാവകള്‍ ഇഷ്ടപ്പെടുന്ന കൊച്ചു കുട്ടികളായി മാറുകയായിരുന്നു . ലിംക
ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം നേടിയിട്ടുള്ള ഈ മ്യൂസിയത്തിലെ പാവകൾ ഓരോ രാജ്യത്തിന്‍റെയും, ദേശത്തിന്‍റെയും സംസ്കാരവും
പാരമ്പര്യവുമാണ് പ്രതിഫലിപ്പിക്കുന്നത് . വളക്കച്ചവടക്കാരനായിരുന്ന
“ദീപക് അഗർവാൾ” എന്ന വ്യക്തി തന്‍റെ കുട്ടിയായ മകൾ “കാജലിന്‍റെ “പാവകൾ വേണമെന്ന
നിർബന്ധത്തിന് വഴങ്ങി വിദേശ രാജ്യങ്ങളിലെ റോട്ടറി ക്ലബ്ബുകളുമായി ബന്ധപ്പെട്ട് വരുത്തിയതാണ് ഈ പാവകൾ എന്നാണ് മ്യൂസിയത്തിലെ
ഗൈഡ് ഞങ്ങളോട് പറഞ്ഞത്. ലോകമെമ്പാടുമുള്ള റോട്ടറി ക്ലബ്ബുകൾ ഈ പാവകളെ
മ്യൂസിയത്തിന് സംഭാവന ചെയ്തതാണെന്നും ,കാജൽ ഇപ്പോൾ വളർന്ന് വലുതായി
വിവാഹിതയായെന്നും അവർ വിശദീകരിച്ചു തന്നു . കണ്ണാടിക്കൂടുകളിൽ വച്ചിരുന്ന പല
വലിപ്പത്തിലും പല നിറങ്ങളിലുമുള്ള പാവകളുടെ വസ്ത്രങ്ങളും മുഖഭാവവും എല്ലാം വളരെ
വ്യത്യസ്തമായിരുന്നു. കുട്ടിപ്പാവകളും ,അവരോടൊപ്പം കളിക്കുന്ന മുയൽ പാവകളും
തുടങ്ങി ഗർഭിണികളായ പാവകളെ വരെ അവിടെ കാണാൻ കഴിഞ്ഞു . ഒരു കൂട്ടം പാവകളെ കറങ്ങുന്ന
പ്ലാറ്റ്ഫോമിൽ വച്ചിരിക്കുന്നത് കാണാൻ നല്ല രസമായിരുന്നു . നല്ല ഭംഗിയുള്ള ഫ്രോക്കുകളുമിട്ട്
ഒരു പാർക്കിലെന്ന പോലെ കറങ്ങിക്കളിക്കുന്ന പാവകൾ കൊച്ചു കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും കൌതുകം
ഉണർത്തുമെന്നതിൽ സംശയമില്ല. ഓരോ പാവക്കൂടിന് മുന്നിലും അവര്‍ ഏത് ദേശക്കാരാണെന്ന്
എഴുതി വച്ചിട്ടുണ്ടായിരുന്നു. അതത്
ദേശങ്ങളിലെ മനുഷ്യരുടെ മുഖ
ഭാവങ്ങളും വസ്ത്രധാരണ രീതികളും ഈ പാവക്കുട്ടികളില്‍ പ്രതിഫലിച്ചു കണ്ടപ്പോള്‍ അവര്‍ക്ക്
ജീവന്‍ തുടിച്ചിരുന്നത് പോലെ തോന്നി. ഒന്നോ രണ്ടോ ഫോട്ടോകളിൽ കൂടുതൽ
എടുക്കരുതെന്ന് കയറുമ്പോൾ തന്നെ പാവ മ്യൂസിയത്തിലെ ജീവനക്കാർ പറഞ്ഞിരുന്നതിനാൽ
എല്ലാ പാവകളെയും ക്യാമറയിലാക്കാനുള്ള ത്വര ഉപേക്ഷിച്ചു കൊണ്ട് ഞങ്ങള്‍
പുറത്തേക്കുള്ള പടികളിറങ്ങി.
പാവക്കൊട്ടരത്തിലെ പാവക്കുട്ടികള്‍
പാവക്കുട്ടികള്‍
പാവക്കുട്ടികള്‍
രണ്ടു മൂന്നു നിലകളുള്ള കൊട്ടാരത്തില്‍ താമസിക്കുന്ന
പാവക്കുട്ടികളോട് യാത്ര പറഞ്ഞു കൊണ്ട് ഞങ്ങള്‍
താമസത്തിന് ഏർപ്പാട് ചെയ്തിരുന്ന സരോവർ
പോർട്ടിക്കൊ ഹോട്ടലിലേക്ക് പോയി രാജ്കോട്ട് നഗരത്തിന്‍റെ ഹൃദയ ഭാഗത്തെ തിരക്കുകൾ
കൊണ്ടായിരിക്കാം കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ ഹോട്ടലിന്‍റെ മുറ്റവും ലോബിയും ഒന്നും ഒട്ടും
വിശാലമല്ലായിരുന്നു . കല്യാണ പരിപാടികൾ കാരണം ഹോട്ടലിൽ മുറികൾ തികയാഞ്ഞത് കാരണം
ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു കുടുംബത്തിന് അടുത്ത് തന്നെയുള്ള മറ്റൊരു ഹോട്ടലിലേക്ക് പോകേണ്ടി വന്നിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മുഴുവനും
യാത്രകള്‍ മാത്രമായിരുന്നതിനാല്‍ ആര്‍ക്കും
ഷോപ്പിംഗ് പരിപാടികളൊന്നും നടത്താന്‍ സാധിച്ചിരുന്നില്ല .അതു കൊണ്ട്
ഹോട്ടലിലെ ചെക്കിൻ പരിപാടികള്‍ കഴിഞ്ഞ് പെട്ടികളൊക്കെ
മുറിയിൽ വച്ചിട്ട് ഒന്നു ഫ്രഷായി എല്ലാവരും കൂടി അടുത്തുള്ള ധർമ്മേന്ദ്ര ക്ലോത്ത് മാർക്കറ്റിലേക്ക് പോകാന്‍
തീരുമാനിച്ചു ഹോട്ടല്‍ കൌണ്ടറില്‍ ചെന്ന് വഴിയൊക്കെ ചോദിച്ച് മനസ്സിലാക്കിയിട്ട് എല്ലാവരും
കൂടി സന്തോഷമായി വഴിയോര കാഴ്ചകളും കണ്ടു കൊണ്ട് മാര്‍ക്കറ്റിലേക്ക് നടന്നു. പക്ഷേ
ഞങ്ങൾ ഉദ്ദേശിച്ച സ്ഥലം കണ്ടു കിട്ടാതെ നടന്നു
ക്ഷീണിച്ചപ്പോള്‍ സാത്വിക്കിനെ ഫോണിൽ വിളിച്ചു . ഞങ്ങളുടെ ഹോട്ടലിൽ മുറി ലഭിക്കാതിരുന്ന കുടുംബത്തോടൊപ്പം മാർക്കറ്റിൽ ഉണ്ടായിരുന്ന സാത്വിക് പെട്ടെന്ന്
തന്നെ വന്ന് ,വഴി തെറ്റിയ ഞങ്ങളെ ശരിയായ സ്ഥലത്തേക്ക്
നയിച്ചത് കൊണ്ട് അല്പ സ്വൽപം ഷോപ്പിങ്
ഒക്കെ നടത്താന്‍ സാധിച്ചു . ഇത്ര ദിവസവും കിട്ടാതിരുന്ന ഷോപ്പിംഗ് സൗഭാഗ്യം
കൊണ്ടുണ്ടായ സംതൃപ്തിയുമായി എല്ലാവരും ഹോട്ടലിൽ
തിരിച്ചെത്തി അത്താഴം കഴിച്ച് വിശ്രമിച്ചു.
പിറ്റേ ദിവസം ഞങ്ങളുടെ കാഴ്ചകളുടെ അവസാന
ദിവസവും ,നാട്ടിൽ നിന്ന് ആദ്യം വന്നിറങ്ങിയ അഹമ്മദാബാദിലേക്കുള്ള
യാത്രയുമായിരുന്നു.
ഗുജറാത്ത് യാത്രയുടെ ഏഴാം ദിവസം
പ്രഭാതത്തിൽ എല്ലാ ദിവസത്തെയും പോലെ അതിരാവിലെ പുറപ്പെടേണ്ടി വന്നില്ല. ഒൻപത് മണി
കഴിഞ്ഞാണ് ഞങ്ങൾ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് യാത്ര ആരംഭിച്ചത് . എല്ലാ
ദിവസവും പ്രഭാത ഗീതം കഴിഞ്ഞ് ഒന്നുകിൽ
പാട്ട് ,അല്ലെങ്കിൽ അന്താക്ഷരി , സിനിമാപ്പേരുകൾ അഭിനയിച്ചു കാണിച്ച്
ബാക്കിയുള്ളവരെക്കൊണ്ട് പറയിപ്പിക്കുക , ഏതെങ്കിലും ഒരു വിഷയം ചർച്ചയ്ക്ക്
എടുക്കുക ഇതൊക്കെ പതിവായിരുന്നെന്ന് മുൻപ്
പറഞ്ഞിരുന്നല്ലോ . അതിന് നേതൃത്വം നൽകാനും
ചർച്ചകൾ വളരെ രസകരമായി നയിച്ചു കൊണ്ടു
പോകാനും,ഓരോരോ വിഷയങ്ങളെ പറ്റി ആധികാരികമായി
സംസാരിക്കാനും , അവരവരുടെ അനുഭവങ്ങൾ പങ്ക് വയ്ക്കാനും, നിർദ്ദേശങ്ങൾ നൽകാനും
എല്ലാവരും വളരെ ഉത്സാഹം കാണിച്ചു എന്നത് ഏറ്റവും സന്തോഷകരവും അഭിനന്ദനാർഹവുമായ കാര്യമായിരുന്നു .
മുൻപൊരിക്കലും കാണുകയോ, പരിചയപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഈ 28 പേരും വെറും ഏഴു
ദിവസം കൊണ്ട് തമ്മിൽത്തമ്മില്‍ വളരെയധികം അടുത്തു എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. നാട്ടിൽ
നിന്ന് പോകുന്നതിന് മുൻപ് എട്ട് ദിവസത്തെ യാത്ര വലിയ ബോറായിരിക്കുമെന്ന് കരുതിയിരുന്നവർ
ഏഴാം ദിവസം ബസിൽ കയറിയപ്പോൾ മുതൽ, നമ്മള്‍
ഒരുമിച്ച് ഇന്നും കൂടിയേ ഉള്ളൂ എന്ന്
പറഞ്ഞ് മുഖം ചുളിച്ച് ഇരിക്കാൻ തുടങ്ങി. കളിയും,ചിരിയും കളിയാക്കലും, കാഴ്ച കാണലും എല്ലാവരെയും അത്രമേല്‍ അടുപ്പിച്ചിരുന്നു എന്നതിന്‍റെ ലക്ഷണമായിരുന്നു ആ വിഷമം,
പക്ഷേ അതൊക്കെ എത്ര നേരത്തേക്ക് ,?യാത്രയ്ക്കൊടുവില്‍ പിരിഞ്ഞു കഴിഞ്ഞാല്‍ ഒരു
മാസത്തിനുള്ളില്‍ ഈ വേര്‍പാടിന്‍റെ വേദനയൊക്കെ പമ്പ കടക്കും,
കടക്കണം അല്ലേ!!!
ബസിലെ ചർച്ചകളിലൂടെ തുടർന്ന യാത്രയ്ക്കിടെ
11 മണിയ്ക്കുള്ള ചായ ബ്രേക്ക് എടുത്തപ്പോള്‍
നാട്ടിലേക്ക് കൊണ്ടു പോകാൻ വാങ്ങിയ മധുര
പലഹാരങ്ങൾ ,കുറെയൊക്കെ ബസിലും വിതരണം ചെയ്തിരുന്നതിനാൽ ഉച്ച ഭക്ഷണം കഴിക്കാൻ എല്ലാവർക്കും
താത്പര്യം കുറവായിരുന്നു എങ്കിലും
ചടങ്ങിന് വേണ്ടി വഴിയില്‍ ഒരിടത്ത് ഇറങ്ങി ഭക്ഷണം കഴിച്ചു. 34 ജില്ലകളുള്ള വലിയ സംസ്ഥാനമായ ഗുജറാത്തിന്‍റെ ഇപ്പോഴത്തെ തലസ്ഥാനമായ ഗാന്ധിനഗറിലേക്ക് പ്രവേശിച്ചതോടെ ഏഴു ദിവസം കൊണ്ട് 14 ജില്ലകളിൽ കൂടിയാണ് ഞങ്ങൾക്ക് സഞ്ചരിക്കാൻ കഴിഞ്ഞത്. ബസിന് വേഗത
കുറവായിരുന്നെങ്കിലും ദിവസങ്ങള്‍ പെട്ടെന്ന് കടന്നു പോയിക്കഴിഞ്ഞിരുന്നു . വൈകുന്നേരം
ആയതോടെ അന്നത്തെ ആദ്യ സന്ദർശന സ്ഥലമായ “അട് ലജ് സ്റ്റെപ്പ് വെൽ ” എന്ന
പടിക്കിണറിന് സമീപം ബസ് നിർത്തി. .
അട് ലജ് സ്റ്റെപ്പ് വെൽ
ഗാന്ധിനഗർ
പട്ടണത്തിനടുത്തുള്ള മനോഹരമായ പടിക്കിണർ ഒരു ദുരന്ത കഥയുടെ മൂക സാക്ഷിയായി
നിലകൊള്ളുന്നു. ജലക്ഷാമം അനുഭവപ്പെട്ടിരുന്ന വരണ്ട പ്രദേശങ്ങളായ ഇവിടത്തെ ജനങ്ങളുടെ ദുരിതം ശമിപ്പിക്കുന്നതിനായി പതിനഞ്ചാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന റാണ വീർ
സിംഗ് ഒരു കിണർ നിർമ്മിക്കാൻ പദ്ധതിയിട്ടു. മഴയെ മാത്രം ആശ്രയിച്ചു കഴിയുന്ന തന്‍റെ പ്രജകളുടെ നന്മയ്ക്കായി പ്രവർത്തിച്ച അദ്ദേഹത്തെ, പദ്ധതി പൂർത്തിയാകും മുൻപ് അയൽ രാജ്യത്തെ മുസ്ലീം ഭരണാധികാരി ആയിരുന്ന
മുഹമ്മെദ് ബെഗ്ഡ ആക്രമിച്ച് കൊലപ്പെടുത്തി. ഭർത്താവിന്‍റെ മരണത്തിൽ മനം നൊന്ത്
അദ്ദേഹത്തിന്‍റെ സുന്ദരിയായ ഭാര്യ റുദാ ബായ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. റൂദാ
ബായിയുടെ സൌന്ദര്യത്തിൽ ആകൃഷ്ടനായ ബെഗ് ഡ, അവരെ ആത്മ ഹത്യയിൽ നിന്ന് പിന്തിരിപ്പിച്ച് വിവാഹം കഴിക്കാമെന്ന്
വാഗ്ദാനം ചെയ്തു. റാണിയാകട്ടെ തന്റെ ഭർത്താവിന്‍റെ ആഗ്രഹം നടപ്പിലാക്കാൻ വേണ്ടി കിണറിന്‍റെ പണി പൂർത്തിയായി കഴിയുമ്പോൾ ബെഗ്ഡയെ വിവാഹം കഴിക്കാമെന്ന് വിവേക പൂർവ്വം.. സമ്മതിച്ചു.
അങ്ങനെ ബെഗ് ഡ വളരെ ത്വരിത ഗതിയിൽ കിണറു പണി പൂർത്തിയാക്കിയതിന് ശേഷം റാണിയെ കണ്ട്
വിവാഹക്കാര്യം ഓർമ്മിപ്പിച്ചു,. എന്നാൽ കിണർ കാണണമെന്ന ആഗ്രഹവുമായി ചെന്ന റാണി
കിണറിലേക്ക് എടുത്ത് ചാടി ആത്മഹത്യ ചെയ്ത് തന്‍റെ പ്രിയതമനോടൊപ്പം ചേർന്നു എന്നാണ്
ആ ദുരന്ത കഥ .
സ്നേഹത്തിന്‍റെ
ആഴങ്ങളില്‍ ഒന്നായ ആ ദമ്പതിമാരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു പിടി സുഗന്ധ
പുഷ്പങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് കിണറിന്‍റെ കാഴ്ചകളിലേക്ക് പോകാം . അസാദ്ധ്യമായ
വാസ്തു വിദ്യാ മികവാണ് ഈ കിണറിനുള്ളത്. അഞ്ചു നിലകളുള്ള കിണറിനെ സങ്കീർണ്ണമായി കൊത്തിയെടുത്ത വലിയ തൂണുകളാണ് താങ്ങി നിർത്തുന്നത് . പ്രണയ നൊമ്പര
സ്മരണകളുണർത്തുന്ന പടിക്കിണറിന്‍റെ വലിയ പടികളിലൂടെ താഴേയ്ക്ക് താഴേക്ക് ഇറങ്ങിച്ചെന്നപ്പോൾ
ഉള്ളിൽ അറിയാതെ ഒരു ഭയം കടന്നു കൂടി. വളരെ വിസ്താരമേറിയ കിണറിലേക്ക് പലരും
നാണയത്തുട്ടുകൾ വലിച്ചെറിയുന്നുണ്ടായിരുന്നു. അഗാധമായ കിണറിന് സമീപത്തേയ്ക്കുള്ള ഇരുണ്ടു തണുത്ത പടികളിറങ്ങി ചെന്നപ്പോൾ ചിത്രങ്ങളിൽ കണ്ടിട്ടുള്ള റൂദാ ബായ് റാണിയുടെ സ്നേഹമുള്ള
മനസ്സും ധൈര്യം സ്ഫുരിയ്ക്കുന്ന മുഖവുമാണ് ഓർമ്മ വന്നത്. എന്തോ അവിടെ അധിക നേരം
നിൽക്കാൻ തോന്നിയില്ല . പെട്ടെന്ന് പടിക്കെട്ടുകൾ കയറി മുകളിലെത്തി. പച്ച നിറമുള്ള വെള്ളം നിറഞ്ഞ ആ കിണര്‍ റാണ വീർ സിംഗിന്‍റെയും റുദാ ബായി റാണിയുടെയും
ഉദാത്തമായ പ്രേമത്തിന്‍റെ മൂക സാക്ഷിയായി എന്നെന്നും നില നില്‍ക്കട്ടെ എന്ന്
ആശംസിച്ചുകൊണ്ട് ബസിനടുത്തേക്ക് നടന്നു.
അട് ലജ് പടിക്കിണർ
അഗാധമായ സ്നേഹത്തിന്‍റെയും
ത്യാഗത്തിന്‍റെയും പടിക്കെട്ടുകൾ
കയറിയെത്തിയ ഞങ്ങൾ , ഗുജറാത്ത് യാത്രയിലെ
അവസാനക്കാഴ്ചയായ അക്ഷർധാം ക്ഷേത്രത്തിലേക്കായിരുന്നു തുടർന്ന്
പോയത് . വേദനകളുടെ ചുമടിറക്കി വയ്ക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം ആത്മീയതയുടെ
മേച്ചില്‍പ്പുറങ്ങളാണല്ലോ! ഭാരതത്തില്‍ പല സ്ഥലങ്ങളിലും സ്വാമി നാരായണന്‍റെ പേരിലുള്ളതും അദ്ദേഹം സ്ഥപിച്ചതുമായ ക്ഷേത്രങ്ങള്‍ ഉള്ളതായി അറിയാന്‍
കഴിഞ്ഞിട്ടുണ്ട്
ബസ് പാർക്ക് ചെയ്ത
സ്ഥലത്ത് നിന്നും കുറച്ച് നടന്ന് വേണമായിരുന്നു അക്ഷര്‍ധാം ക്ഷേത്ര പരിസരത്തെത്താൻ . സ്ത്രീ പുരുഷന്മാരെ
രണ്ടു വരിയായി തിരിച്ച് സുരക്ഷാ പരിശോധനകൾ
നടത്തിയതിന് ശേഷം മാത്രമേ ഉള്ളിലേക്ക് പ്രവേശിപ്പിക്കുകയുളളു. ക്യാമറയോ ഫോണോ അതു പോലെയുള്ള എലക്ട്രോണിക് ഉപകരണങ്ങളോ,ഭക്ഷ്യ
വസ്തുക്കളോ ഒന്നും ക്ഷേത്ര പരിസരത്ത് പോലും അനുവദിക്കുകയില്ല . വളരെ നല്ല ഭംഗിയായി
പരിപാലിച്ചിരുന്ന ഉദ്യാനങ്ങള്‍ക്ക് നടുവില്‍ ക്ഷേത്രം ഉയര്‍ന്ന് നില്‍ക്കുന്നത്
കണ്ടപ്പോള്‍ തന്നെ ഒരു സമാധാനം തോന്നി. ഗീതോപദേശം പോലെയുള്ള നിരവധി മനോഹരമായ ശില്‍പ്പങ്ങള്‍
ഉദ്യാനത്തിന്‍റെ അഴകിന് മാറ്റ് കൂട്ടിയിരുന്നതായി തോന്നി. കൈകള്‍ മേലോട്ട് ഉയര്‍ത്തി
,ഒറ്റക്കാലില്‍ നിന്ന് തപസ്സ് ചെയ്യുന്ന സ്വാമി നാരായണ്‍ന്‍റെ ഒരു വലിയ ശില്‍പ്പം
മനസ്സിനെ വല്ലാതെ ആകര്‍ഷിച്ചു.
ക്ഷേത്ര സമുച്ചയത്തിലെ. പ്രധാന മന്ദിരത്തിൽ നിന്ന് കുറച്ച് അകലെയായി ചായ/ കാപ്പി സ്നാക്സ്
ഇവ ലഭിക്കുന്ന സ്ഥലങ്ങളും ടോയലെറ്റ് സൌകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ടായിരുന്നു
. ഫോട്ടോഗ്രഫി അനുവദിച്ചിട്ടില്ലാത്തതിനാൽ ക്ഷേത്രത്തിനുള്ളിലെ കാഴ്ചകൾ ഓർമ്മയിൽ
നിന്നാണ് എഴുതിയിട്ടുള്ളത്
അക്ഷർ ധാം ക്ഷേത്രം
സ്വാമി നാരായണയുടെ
ആത്മീയ പിൻഗാമികളാൽ പതിമൂന്ന് വർഷം മുൻപ് ഗാന്ധിനഗറിൽ സ്ഥാപിക്കപ്പെട്ട
ക്ഷേത്രമാണിത്. 23 ഏക്കർ വിസ്തൃതമായ സ്ഥലത്ത് ഉദ്യാനങ്ങളുടെ നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കൊത്തുപണികളുള്ള തൂണുകളും, ശിൽപ്പങ്ങളും അലങ്കരിക്കുന്ന ഈ ക്ഷേത്രത്തിന്‍റെ നിർമ്മിതിക്കായി ഇരുമ്പും ഉരുക്കും ഒന്നും ഉപയോഗിച്ചിട്ടില്ലെന്നാണ്
പറയപ്പെടുന്നത് . ഉദ്യാന പരിസരത്ത് ചെരുപ്പുകൾ മാറ്റി വച്ചിട്ട് പടികൾ കയറി
മുകളിലേക്ക് ചെന്നപ്പോള്‍ ധാരാളം സന്ദര്‍ശകര്‍ ഉണ്ടായിരുന്നിട്ടും ആത്മീയതയുടെ
ചൈതന്യം തുളുമ്പുന്ന നിശബ്ദതയായിരുന്നു അവിടെ തളം കെട്ടി നിന്നിരുന്നത്. കയറിച്ചെന്നപ്പോള്‍
ക്ഷേത്രത്തിന്‍റെ മദ്ധ്യ ഭാഗത്തെ മുറിയിൽ അനുയായികൾ ദൈവമായി ആരാധിക്കുന്ന സ്വാമി
നാരായണയുടെ സ്വർണ്ണ വർണ്ണമുള്ള വലിയ
പ്രതിമ ഉജ്ജ്വല പ്രഭ തൂകി ഇരിക്കുന്ന കാഴ്ചയായിരുന്നു ലഭിച്ചത് . അതിന് കുറച്ചകലെയായി അദ്ദേഹത്തിന്‍റെ ആത്മീയ
പിൻഗാമികളുടെയും ,രാധയുടെയും
കൃഷണന്‍റെയും ,സീതാ ,രാമ ഹനുമാൻമാരുടെയും
വിഗ്രഹങ്ങളായിരുന്നു സ്ഥാപിച്ചിരുന്നത് . ഉത്തർ പ്രദേശിൽ ഒരു ദിവ്യ ശിശുവയായി
ജനിച്ച “ഘനശ്യാം പാണ്ഡേ” എന്ന സ്വാമി
നാരായണയുടെ ബാല്യ കൗമാര കാലങ്ങളെയും, അതിന് ശേഷം ആദ്ധ്യാത്മിക പാതയിലേക്ക് തിരിഞ്ഞ സമയത്തെ
അത്ഭുത പ്രവർത്തികളെയും പറ്റിയായിരുന്നു ഒന്നാം നിലയിൽ ചിത്രീകരിച്ചിരുന്നത്
. മാതാപിതാക്കള്‍ക്കും ,ഗുരുക്കന്മാര്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ കൂടാതെ സന്യാസ
ജീവിതത്തിനിടയില്‍ സഞ്ചരിച്ചിരുന്ന
സ്ഥലങ്ങളും , ധ്യാനത്തില്‍ ഇരുന്ന പ്രദേശങ്ങളും
സത് സംഗങ്ങളുടെ ചിത്രങ്ങളുമായിരുന്നു
ക്ഷേത്രത്തിന്‍റെ ബേസ്മെന്റിൽ പ്രദർശിപ്പിച്ചിരുന്നത് വർഷങ്ങൾക്ക്
മുൻപ് ദില്ലിയിലെ വളരെ ഗംഭീരവും വിസ്തൃതവുമായ അക്ഷർ ധാം ക്ഷേത്രം സന്ദർശിച്ചത്
ഇപ്പോഴും ഓർമ്മയിലുണ്ട് . ജീവൻ
തുടിയ്ക്കുന്ന പ്രതിമകൾ കൊണ്ടായിരുന്നു അവിടെ സ്വാമി നാരായണയുടെ ജീവിത കാലം വിശദീകരിച്ചിരുന്നത്
. അവിടത്തെ ക്ഷേത്ര സമുച്ചയത്തിനുള്ളിൽ സജ്ജമാക്കിയിരുന്ന ഒരു ബോട്ട് യാത്രയിലൂടെ ഭാരതീയ സംസ്കാരം ഓരോ കാലത്തും എങ്ങിനെയായിരുന്നു എന്ന് മനസ്സിലാക്കി തന്നിരുന്നത് അവിസ്മരണീയമായ
അനുഭവമാണ്. . നളന്ദയും ,തക്ഷശിലയും , ഗുരുകുല വിദ്യാഭ്യാസവും ,ആര്യഭടനും എല്ലാം
അതിൽ ഉൾപ്പെട്ടിരുന്നു .
ക്ഷേത്രത്തിലെ
കാഴ്ചകൾ കണ്ടു കഴിഞ്ഞ് എല്ലാവരും ചായ കുടിച്ചിട്ട് ഒന്ന് ഫ്രഷ് ആയി ഏഴര
മണിയ്ക്കുള്ള ലേസർ വാട്ടർ ഷോ ആസ്വദിക്കുന്നതിനായി അവിടേയ്ക്കുള്ള ഗേറ്റിന് മുന്നിൽ കാത്തു
നിന്നു . ആറര മണി കഴിഞ്ഞപ്പോൾ ജീവനക്കാരെത്തി ഗേറ്റ് തുറന്ന് ടിക്കറ്റ്
പരിശോധിച്ച് അകത്തേയ്ക്ക് കയറ്റി വിട്ടപ്പോഴാണ് ക്ഷേത്രം നിന്നിരുന്ന പ്രദേശത്തിന്‍റെ
വിസ്തൃതി മനസ്സിലായത് ,അത്രയധികം നടന്ന് വേണമായിരുന്നു ഷോ നടക്കുന്ന ഗാലറിയിലേക്കെത്താൻ
. കുട്ടികളും ചെറുപ്പക്കാരും സൗകര്യമുള്ള ഇരിപ്പിടങ്ങൾക്കായി ഓടുന്നത് കണ്ടപ്പോള്‍
നടന്നു ചെല്ലുമ്പോഴേക്കും സീറ്റ് കിട്ടാതെ വരുമോ എന്ന് സംശയിച്ചു. .
ഗാലറിയ്ക്കടുത്ത് ചെന്നപ്പോഴാണ് ഓട്ടവും ചാട്ടവും ഒന്നും ആവശ്യമില്ലെന്നറിഞ്ഞത്,
അത്രയധികം ഇരിപ്പിടങ്ങളുള്ള വലിയ ഒരു ഗാലറി തന്നെയായിരുന്നു അത് . ഏഴര മണി മുതൽ
എട്ടേകാൽ വരെ നീണ്ടു നിന്ന ഷോയില്‍ ഉപനിഷത്തുകളില്‍ പരാമര്‍ശിക്കപ്പെടുന്ന പുരാണ
കഥാപാത്രമായ നചികേതസിന്‍റെ കഥയായിരുന്നു പ്രമേയം .
സത് -ചിത് -ആനന്ദ് വാട്ടർ ഷോ
യജ്ഞ ശ്രശസ് (ഷോയില്‍ ഉദാലകൻ എന്നാണ് പേര് പറഞ്ഞത് ) എന്ന മഹർഷി ഒരു യജ്ഞം നടത്തുകയും,യജ്ഞത്തിന് ശേഷം, ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുന്നതിനായി രോഗബാധിതരും തീരെ മോശവുമായിരുന്ന പശുക്കളെയാണ് തിരഞ്ഞെടുത്തത് . പാപ പൂരിതമായ ഈ പ്രവര്‍ത്തിയെ സാത്വികനായ മകൻ നചികേതസ് ചോദ്യം ചെയ്തു. നമുക്ക് വേണ്ടാത്തതിനെ അല്ലല്ലോ ഇഷ്ടമുള്ളതിനെ അല്ലേ ദാനം ചെയ്യേണ്ടതെന്ന കുട്ടിയുടെ ചോദ്യത്തിൽ കോപാകുലനായ പിതാവ് ഏറ്റവും ഇഷ്ടമുള്ളത് മകൻ തന്നെയാണെന്ന് പറഞ്ഞപ്പോൾ എന്നാൽ പിന്നെ അങ്ങനെ ആകട്ടെയെന്ന് സന്തോഷത്തോടെ നചികേതസ് സമ്മതിച്ചു . ആർക്കാണ് തന്നെ ദാനം ചെയ്യാൻ പോകുന്നതെന്ന് കുട്ടി ചോദിച്ചപ്പോൾ . അനിയന്ത്രിതമായ കോപത്തോടെ “നിന്നെ ഞാൻ മൃത്യു ദേവന് കൊടുക്കാൻ പോകുന്നുവെന്ന്” മഹര്‍ഷി പറഞ്ഞു. ഭയ ലേശമില്ലാതെ നചികേതസ് മൃത്യു ദേവനെ കാണാനായി പുറപ്പെട്ടു,അതിനായി മൂന്ന് രാത്രികള്‍ അദ്ദേഹം കാത്തു നിന്നു . കുട്ടിയുടെ അചഞ്ചലമായ മനസും ധൈര്യവും സത്യസന്ധതയും മനസ്സിലാക്കി യമദേവൻ അവന് പ്രത്യക്ഷനായി. സാധാരണയായി ആരും കാണാൻ ഇഷ്ടപ്പെടാത്ത തന്നെ എന്തിനാണ് കാണുന്നതെന്ന ചോദ്യങ്ങൾക്കെല്ലാം നചികേതസ് തൃപ്തികരമായ ഉത്തരം കൊടുത്തു.വളരെ ക്ഷമയോടെ തന്‍റെ ലക്ഷ്യപ്രാപ്തിയ്ക്കായി ,ഭയരഹിതനായി മൂന്നു ദിന രാത്രങ്ങള്‍ തപസ്സ് അനുഷ്ടിച്ച ആ ബാലന്‍ നിസാരക്കാരന്‍ അല്ലെന്ന് മനസ്സിലാക്കിയ ധർമ്മ ദേവൻ അദ്ദേഹത്തിന് 3 വരങ്ങൾ വാഗ്ദാനം ചെയ്തു. പിതാവിന് തന്നോടുള്ള കോപം ഇല്ലാതെയാക്കി അദ്ദേഹത്തിന് നല്ല മനസ്സ് കൊടുക്കണമെന്നായിരുന്നു നചികേതസ്സ് ആദ്യമായി ആവശ്യപ്പെട്ടത്. ജരാ മരണങ്ങള്‍ ഇല്ലാത്ത സ്വർഗ്ഗത്തിൽ ജീവിക്കാൻ യോഗ്യനാകാനുള്ള വിദ്യയാണ് രണ്ടാമതായി ചോദിച്ചത് .ഇതെല്ലം സസന്തോഷം മൃത്യു ദേവന്‍ നല്‍കി. നശ്വരങ്ങളായ ലൌകിക സുഖങ്ങള്‍ക്ക് അപ്പുറം ഹൃദയത്തിന്‍റെ അദൃശ്യ ബിന്ദുവില്‍ മറഞ്ഞിരിക്കുന്നതും ,മരണത്തെ മറികടക്കുന്ന നിത്യമായ ആത്മാവിനെ കുറിച്ചുള്ള അറിവാണ് മൂന്നാമത്തെ വരമായി ബാലനായ നചികേതസ് യമദേവനോട് ചോദിച്ചത്. കുട്ടിയാണെങ്കിലും അതിനുള്ള യോഗ്യതയുണ്ടെന്ന തിരിച്ചറിഞ്ഞ യമദേവൻ നചികേതസിന് ആത്മ തത്വം വളരെ വിശദമായി ഉപദേശിച്ചുകൊടുത്തു. വിദ്യയുടെ മങ്ങാത്ത തിരിനാളമായി നചികേതസ് സ്വഗൃഹത്തിൽ തിരിച്ചെത്തിയപ്പോള്‍ കോപലേശമില്ലാതെ അച്ഛന്‍ മകനെ സ്വീകരിച്ചു. ഇതായിരുന്നു ഞങ്ങള്‍ സ്വാമി നാരായണ്‍ ക്ഷേത്രത്തില്‍ കണ്ട ഷോയിലെ പ്രമേയം. മനുഷ്യരാശിയ്ക്കാകെ അനുവർത്തിക്കാവുന്ന കാര്യങ്ങളാണ് ഈ ഷോയിലൂടെ അവിടെ കാണാൻ കഴിഞ്ഞത് ജലധാരകളിൽ പ്രകാശവീചികൾ അയയ്ക്കുന്നതോടൊപ്പം ,സംഭാഷണങ്ങളും സംഗീതവും, സന്നിവേശിപ്പിച്ച് ആളിപ്പടരുന്ന അഗ്നിയുടെയും അനിമേഷന്‍റെയും സഹായത്തോടെ നടത്തിയ ആ ഷോ എല്ലാവര്‍ക്കും ജീവിതത്തില്‍ പകര്‍ത്താന്‍ പറ്റിയ ഒരു ഗുണപാഠം തന്നെയാണ് നല്‍കിയത്.
ഗാലറിയിലുള്ള ജനസഹസ്രങ്ങൾ കുറച്ചെങ്കിലും ഇറങ്ങിത്തീരുന്നത് വരെ ഞങ്ങൾ കാത്തിരുന്നു,കാരണം ഇങ്ങനെയുള്ള ഉന്തിലും തള്ളിലും പെട്ടാണ് പലപ്പോഴും വലിയ അപകടങ്ങൾ സംഭവിക്കുന്നത്. തണുപ്പുള്ള ആ രാത്രിയിൽ തിരക്കിനിടയിലൂടെ പുറത്തേക്ക് കടക്കുന്ന സമയത്ത് കുറച്ച് മലയാളികളെ കണ്ട് സംസാരിക്കാനും പരിചയപ്പെടാനും സാധിച്ചു . അങ്ങനെ ഗുജറാത്തിലെ അവസാനത്തെ കാഴ്ചയും കണ്ട് ഞങ്ങൾ ബസിൽ കയറി ഹോട്ടലിലേക്ക് പുറപ്പെട്ടു .
അഹമ്മദാബാദില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചരിത്ര പ്രസിദ്ധമായ കുറെയധികം സ്ഥലങ്ങളുണ്ടെന്നാണ് ആ സ്ഥലത്തെ പറ്റി കൂടുതല്‍ അറിവുള്ള സഹയാത്രികരില്‍ ഒരാള്‍ അഭിപ്രായപ്പെട്ടത് .” ജീവന്‍റെ വൃക്ഷം” ഡിസൈന്‍ ചെയ്തിരിക്കുന്ന ലോക പ്രശസ്തമായ ഒരു “ജാളി” അല്ലെങ്കില്‍ “വാതില്‍” ഉള്ള “സിദ്ദി സയെദ് മസ്ജിദ്” അതില്‍ ഒന്നാണ് അതുപോലെ ശത്രുക്കളാല്‍ നശിപ്പിക്കപ്പെട്ട മിനാരങ്ങളും അവയുടെ അവശിഷ്ടങ്ങളായ ‘കുലുങ്ങുന്ന മിനാരങ്ങളും “ ലോക ശ്രദ്ധ പിടിച്ചു പറ്റിയവയാണെന്നും അതൊക്കെ കണ്ടിരിക്കേണ്ടതും ആണെന്നാണ് അദ്ദേഹം പറഞ്ഞത് . വിസ്താര ഭയത്താലും ,കാണാത്ത കാഴ്ചകളായതിനാലും അതിനെപ്പറ്റിയൊന്നും ഇവിടെ കൂടുതല്‍ പ്രതിപാദിക്കുന്നില്ല ഏതായാലും യാത്രാ പരിപാടിയില്‍ (itinery)ഉള്‍പ്പെടുത്തിയിരുന്നത് തന്നെ നന്നായി കാണാന്‍ സാധിച്ചില്ല, പിന്നെ മറ്റുള്ളവയുടെ കാര്യം പറയാനില്ലല്ലോ ...ഭാവിയില്‍ എപ്പോഴെങ്കിലും സാധിച്ചാല്‍ കാണാം ..അത്ര തന്നെ .
കാഴ്ചകളുടെ കൊട്ടിക്കലാശം കഴിഞ്ഞ് ഞങ്ങൾ റിവേര സരോവർ പോർട്ടിക്കൊ ഹോട്ടലിലെത്തി പിറ്റേ ദിവസത്തെ മടക്ക യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു എല്ലാവരും. യാത്രാരംഭത്തിൽ താമസിച്ച അതേ ഹോട്ടലിൽ തന്നെയാണ് അവസാന ദിവസവും താമസിച്ചതെങ്കിലും ഇത്തവണ ഞങ്ങൾക്ക് കുറച്ചുകൂടി നല്ല മുറിയും സേവനങ്ങളുമാണ് ലഭിച്ചത്. രാത്രി വിശ്രമിക്കുമ്പോൾ അതുവരെ കണ്ട കാഴ്ചകളുടെയും ഒരിക്കൽ മാത്രം കണ്ട് പിരിഞ്ഞ മുഖങ്ങളുടെയും ഒരു വേലിയേറ്റം തന്നെയായിരുന്നു മനസ്സിൽ. ഇനി ഈ സ്ഥലങ്ങളിൽ വരുമോ, ഇല്ലയോ ഒന്നുമറിയില്ല . ഹോട്ടലിലും മറ്റ് പല സ്ഥലത്തും വച്ച് കണ്ടതും പരിചയപ്പെട്ടതുമായ മുഖങ്ങളെ ഇനി കാണുമോ.. കണ്ടാൽ തന്നെ ഓർക്കുമോ.. ഇതെല്ലാം ആലോചിച്ച് എപ്പോൾ ഉറങ്ങിയെന്നറിയില്ല .
പിറ്റേ ദിവസം ഭാരതത്തിന്‍റെ എഴുപത്തിയാറാം റിപ്പബ്ലിക്ക് ദിനമായിരുന്നു. പ്രാതൽ കഴിച്ച് പെട്ടികൾ പായ്ക്ക് ചെയ്ത് തയ്യാറെടുത്ത് ഇരിക്കുമ്പോഴാണ് ഹോട്ടൽ മുറ്റത്ത് ദേശീയ പതാക ഉയർത്തുന്ന ചടങ്ങിന് എല്ലാവരെയും ക്ഷണിച്ചത് . തണുപ്പുള്ളതെങ്കിലും ഏറ്റവും അഭിമാനകരമായ ആ പ്രഭാതം എന്നും ഓർമ്മയിലുണ്ടാകും,അത്ര മനോഹരവും ലളിതവുമായ ഒരു ചടങ്ങായിരുന്നു അവിടെ നടന്നത്. ഞങ്ങൾ എല്ലാവരും പതാക ഉയര്‍ത്തി കെട്ടിയിരുന്ന പ്ലാറ്റ്ഫോമിന് ചുറ്റും ദേശ ഭക്തിയോടെ നിന്നു . അപ്പോഴാണ് ഹോട്ടൽ ജീവനക്കാർ ഞങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും പ്രായം കൂടിയ ശശിയേട്ടനെ പതാക വിടര്‍ത്താന്‍ വേണ്ടി ക്ഷണിച്ചത്. അനുഭവ സമ്പത്ത് കൊണ്ടും ,മന:ശക്തി കൊണ്ടും , പ്രായത്തിന്‍റെ പക്വത കൊണ്ടും മറ്റുള്ളവരെ ആത്മീയതയുടെ സന്മാർഗ്ഗത്തിലേക്ക് നയിക്കുന്ന മനുഷ്യ സ്നേഹിയെന്ന നിലയിലും പതാക വിടർത്താൻ ഏറ്റവും അർഹനായ ഒരു വ്യക്തിയായിരുന്നു ശശിയേട്ടൻ അദ്ദേഹം പതാക വിടർത്തിയപ്പോൾ ഉണ്ടായ പുഷ്പ വൃഷ്ടി ഞങ്ങളെ കോരിത്തരിപ്പിച്ചു. സർവ്വോപരി ഭാരതാംബയുടെ ഏറ്റവും തെക്കേയറ്റത്തുള്ള കൊച്ചു മലയാളക്കരയുടെ മക്കളായ ഞങ്ങളെ ഇത്രയും ശ്രേഷ്ഠമായ ഒരു കാര്യത്തിനായി ക്ഷണിക്കുക വഴി നമ്മുടെ നാടിനെയും നാട്ടുകാരെയും അവർ ബഹുമാനിച്ചതായി തോന്നി. “ജനഗണമന” പാടി നമ്മുടെ ത്രിവർണ്ണ പതാക നീല വാനിൽ ഉയർന്ന് മന്ദ മാരുതനിൽ പാറിക്കളിച്ചപ്പോൾ ഞങ്ങളുടെ എല്ലാവരുടെയും ശിരസ്സും ഉയർന്നു . ഭാരതാംബയുടെ മക്കളായതിൽ എപ്പോഴും അഭിമാനം കൊള്ളുന്നവരാണെങ്കിലും , ആ പൊൻ പുലരിയിൽ അന്തരംഗം അഭിമാനപൂരിതമായ ധന്യ നിമിഷങ്ങളാണ് ഞങ്ങൾക്ക് ചാർത്തിത്തന്നത് . മാതൃ രാജ്യത്തിന്‍റെ ഉയര്‍ച്ചയുടെ മാധുര്യത്തിനൊപ്പം ഹോട്ടലുകാര്‍ വിളമ്പിയ മധുരപലഹാരങ്ങള്‍ കൂടി ആയപ്പോള്‍ അതിമധുരമായി അനുഭവം .
“ഭാരതമെന്ന് കേട്ടാലോ അഭിമാന പൂരിതമാകണം
അന്തരംഗം,കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ” എന്ന
വള്ളത്തോളിന്റെ കവിതയിൽ പറഞ്ഞിരിക്കുന്നത്
പോലെ സന്തോഷത്തിരകളടിക്കുന്ന അന്തരംഗവും, ചോര തിളയ്ക്കുന്ന ഞരമ്പുകളുമായി ഞങ്ങൾ
അവിടത്തെ പുൽത്തകിടിയിൽ അൽപ്പനേരം വട്ടം
കൂടിയിരുന്ന് യാത്രാനുഭവങ്ങൾ വിലയിരുത്തി.
റിപബ്ലിക്ക് ദിനത്തിലെ പതാക ഉയര്‍ത്തല്‍
ഏഴു ദിവസത്തെ
യാത്ര അവിസ്മരണീയമാക്കിയ സാത്വിക്കിന്‍റെ സ്നേഹ പൂർണ്ണവും മെച്ചപ്പെട്ടതുമായ സഹായ
സഹകരണങ്ങൾ വിലയിരുത്തി അദ്ദേഹത്തെ ഓരോരുത്തരും മുക്തകണ്ഠം പ്രശംസിച്ചു . കൂടാതെ
സംഘാംങ്ങളുടെ പൂർണ്ണ പങ്കാളിത്തത്തെ പറ്റിയും എല്ലാവരും പുകഴ്ത്തി സംസാരിച്ചു.
പതിനൊന്ന്
മണിയോടെ വിമാനത്താവളത്തിലെത്തിയ ഞങ്ങൾക്ക് കഴിക്കാനുള്ള ഉച്ചഭക്ഷണം ഹോട്ടലിൽ
നിന്ന് പായ്ക്ക് ചെയ്ത് കരുതിയിരുന്നു എയർപ്പോർട്ടിലെ സ്ഥിരം ചടങ്ങുകൾ കഴിഞ്ഞ് ഗേറ്റിനടുത്തിരുന്ന് എല്ലാവരും പായ്ക്ക് ചെയ്തു കൊണ്ടു വന്നിരുന്ന
ബിരിയാണി കഴിച്ചു. അപ്പോഴേക്കും അതി
രാവിലെ ഒരു ബന്ധുവിനെ കാണുവാൻ വേണ്ടി
ഹോട്ടലിൽ നിന്ന് പോയ ഞങ്ങളുടെ
സഹയാത്രികരായ കുടുംബം കൂടി എയർപ്പോർട്ടിലെത്തി . മുംബൈയ്ക്ക് പോകാനായി വന്ന അവരോട്
യാത്ര പറഞ്ഞ് ഞങ്ങൾ ഗേറ്റിലേക്ക് നടന്നു. ഒന്നര മണിയോടെ പുറപ്പെട്ട വിമാനം നാലു മണിയ്ക്ക്
മുൻപേ ഞങ്ങളെ സുരക്ഷിതരായി നമ്മുടെ സ്വന്തം കൊച്ചിയിലെത്തിച്ചു.
യാത്രകൾ നേടിത്തരുന്ന അനുഭവങ്ങൾ എത്രയോ പുസ്തകങ്ങൾ വായിച്ചു കിട്ടുന്നതിനെക്കാൾ വളരെ കൂടുതലാണെന്ന് തോന്നിയിട്ടുണ്ട് മാത്രവുമല്ല പുസ്തകം വായിക്കുന്നതിനേക്കാൾ വേഗതയിലും ആഴത്തിലും ആ അറിവുകൾ മനസ്സിൽ നിൽക്കുമെന്നുമാണ് അനുഭവം ഞങ്ങളെപ്പോലെ എന്നും യാത്ര ചെയ്യാനാകാത്തവർ സന്തോഷ് ജോർജജ് കുളങ്ങര സാറിനെപ്പോലെ ലോകമാകെ ,ക്ലേശങ്ങൾ സഹിച്ച് യാത്ര ചെയ്ത് കാര്യങ്ങൾ വിശദമായി പഠിച്ച് അവിടത്തെയൊക്കെ കാഴ്ചകൾ വളരെ മനോഹരമായി കാണിച്ചു തരുമ്പോൾ സ്വീകരണ മുറിയിലിരുന്നു അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുക പതിവാണ്. S G K സാറിന്‍റെ . സഞ്ചാരം പരിപാടിയുടെ അവതരണ ഗാനത്തിൽ പറയുന്നത് പോലെ ”ഈ ലോകം സ്വന്തം വീടു പോലെ സ്നേഹക്കൂടാരമാക്കി, മായാ സഞ്ചാരത്തിലൂടെ അങ്ങ് ദൂരെ പൂക്കുന്ന കാടും മേടും അടുത്തു കൊണ്ടു വന്ന്” അറിവും ആനന്ദവും പ്രദാനം ചെയ്തു തരുന്ന ആ യാത്രാ വിവരണങ്ങള്‍ ആരാണ് ഇഷ്ടപ്പെടാത്തത് ?? ആർക്കാണ് പ്രയോജനപ്പെടാത്തത് ,പ്രചോദനമാകാത്തത് .!!! അതു പോലെ രസകരമായ പല സഞ്ചാര വ്ളോഗുകളും കാണുക എന്നത് ഒരു ദിനചര്യ ആക്കി മാറ്റിയിട്ടുണ്ട് ഞങ്ങൾ. പക്ഷേ നമ്മൾ സ്വയം യാത്രചെയ്യുമ്പോൾ അറിവും അനുഭവവും മാത്രമല്ല എത്രയോ പുതിയ സുഹൃത് ബന്ധങ്ങളും കിട്ടുന്നുണ്ടല്ലോ . !!, അവരുമായി പങ്കിട്ട നല്ല ദിവസങ്ങൾ, അനുഭവങ്ങൾ ,യാത്ര കഴിഞ്ഞും അവരുമായി തുടരുന്ന സുഹൃത്ത് ബന്ധങ്ങൾ അങ്ങിനെ എന്തെല്ലാമെന്തെല്ലാമാണ് ഒരു യാത്ര കൊണ്ട് നേടാൻ കഴിയുന്നത്.
ഏറെ പ്രതീക്ഷയോടെ ഗുജറാത്ത് കാണുവാനിറങ്ങിയ ഞങ്ങള്‍ക്ക് ഫോർച്യൂണിനൊപ്പമുള്ള യാത്ര മികച്ചതായിരുന്നെന്ന് പറയാന്‍ സാധിക്കുന്നില്ല ,ടൂര്‍ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ ചില ഗുരുതരമായ വീഴ്ചകള്‍ കാരണം പല സ്ഥലങ്ങളും വേണ്ട രീതിയില്‍ ആസ്വദിച്ചു കാണുവാന്‍ ഭാഗ്യമുണ്ടായില്ല . കാര്യങ്ങള്‍ കുറച്ചു കൂടി ഉത്തരവാദിത്തത്തോടു കൂടി പ്ലാന്‍ ചെയ്ത് നടപ്പാക്കിയിരുന്നെങ്കില്‍ നന്നാകുമായിരുന്നു . ഫോർച്യൂണിന്‍റെ ഭാഗ്യമായ സാത്വിക്കിന് ഉയരങ്ങളിൽ എത്താനാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു .
ഗുജറാത്തിൽ ഉടനീളം സുരക്ഷിതമായി ബസ് ഓടിച്ച സാരഥിയ്ക്കും. ബസിൽ നിന്നിറങ്ങുമ്പോൾ
ഓരോ കാൽ വയ്പ്പിനും ഒരു സ്റ്റൂൾ എടുത്തിട്ട് തന്ന് ഇറങ്ങുവാന്‍ സഹായിച്ച പയ്യനും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദി പറയുന്നു. ഏറ്റവും ഒടുവിൽ കൂടെ യാത്ര ചെയ്ത സഹയാത്രികര്‍ക്ക് എല്ലാവര്‍ക്കും നന്മ നേരുന്നു, ഓരോരുത്തരോടുമുള്ള
നന്ദിയും കടപ്പാടും അറിയിക്കുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത നമ്മൾ എത്രയോ പണ്ടേ
അറിയുന്നവരെപ്പോലെയല്ലേ താത്കാലികമായി
പിരിഞ്ഞത്.. നമ്മൾ പിരിയുന്നില്ല ... വീണ്ടും വീണ്ടും കാണും .. കാണണം !!
എല്ലാത്തിനുമുപരി ഇങ്ങനെയുള്ള ഭാഗ്യാതിരേകങ്ങൾ നൽകി അനുഗ്രഹിച്ച ജഗന്നിയന്താവായ സർവ്വേശ്വരന് പൂർണ്ണ
നമസ്കാരം .
ശുഭം ..
26/01/2026










അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ