2023, ഏപ്രിൽ 21, വെള്ളിയാഴ്‌ച

 ബാലിയുടെ കൊച്ചുമകൾ "പെനിഡയെ"കാണാൻ  (Part 5)  

                                                                                                            -നന്ദ -

നുസ പെനിഡ

     ബാലി സന്ദർശന  പരിപാടിയിലെ അവസാന ദിവസം  “പെനിഡ” എന്ന് പേരുള്ള ദ്വീപിലേക്ക് യാത്ര ചെയ്യാന്‍ ഉത്സുകരായി എല്ലാവരും പ്രഭാത ഭക്ഷണം കഴിച്ച് ബസില്‍ ഹാജരായി. രാവിലെ ഏഴരയ്ക്കും,എട്ടരയ്ക്കുമാണ് “സനുര്‍ (Sanur)” തുറമുഖത്ത് നിന്ന്  പെനിഡ’ ദ്വീപിലേക്കുള്ള സ്പീഡ് ബോട്ടുകള്‍ പുറപ്പെടുന്നത് .ഞങ്ങളുടെ താമസസ്ഥലത്ത് നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്ത് സനുറിലെത്തിയപ്പോള്‍ ആകെ അമ്പരന്നു പോയി. തുറമുഖത്തിനടുത്തേക്കൊന്നും  ബസിന് പോകാൻ പറ്റാത്ത വിധം   ഏഴു തൃശൂര്‍പൂരത്തിനുള്ള ആളുണ്ട് അവിടെ. ബസിൽ നിന്നിറങ്ങി  ഹാർബർ ലക്ഷ്യമാക്കി  നീലത്തൊപ്പി വച്ച് കൂട്ടം തെറ്റാതെ          ഞങ്ങൾ നടന്നു . അരിച്ചരിച്ച് നീങ്ങുന്ന എറുമ്പുകളെ പോലെ ഒരു വലിയ കെട്ടിടത്തിനടുത്തെത്തിയ  ഞങ്ങള്‍ക്ക് കയ്യില്‍ ബാന്‍ഡും,കഴുത്തില്‍ താലിയും ചാര്‍ത്തിക്കിട്ടി.ഉന്തും തള്ളും ഒക്കെയായി കുറേ  നേരം കൊണ്ട് ഹാര്‍ബറിലേക്കുള്ള ചെക്കിന്‍ പരിപാടികള്‍ ഒരുവിധം പൂര്‍ത്തിയായതോടെ  “ഗംഗാ എക്സ്പ്രസ്” എന്ന ഞങ്ങള്‍ക്ക് പോകേണ്ട സ്പീഡ് ബോട്ടിനടുത്തേക്ക് നടന്നു.കടല്‍ത്തിരകളുടെ ഓളം തള്ളലില്‍ ആടിയുലഞ്ഞു കിടന്ന ബോട്ടുകളുടെ ഒരു വലിയ നിര തന്നെ അവിടെ കാണാമായിരുന്നു.ബോട്ടിൽ യാത്രക്കാർ നിറഞ്ഞതോടെ നീണ്ട ഹോൺ മുഴക്കി ‘ഗംഗാ’ നീലക്കടലിനെ കീറി മുറിച്ചു വെള്ളം തെറിപ്പിച്ചു കൊണ്ട് ദ്വീപ്‌ ലക്ഷ്യമാക്കി കുതിച്ചു.ഒരു മണിക്കൂര്‍ കൊണ്ട് 81 കി മീ ദൂരം താണ്ടി “ടൊയാപകെ(Toyapakeh)” പിയറില്‍ അവൾ  ഞങ്ങളെ കൊണ്ടാക്കി.വിദേശികളടക്കം വളരെ ആളുകൾ  എത്തുന്ന പിയറിൽ സ്നാക്ക് ഷോപ്പുകളും,വാഷ് റൂം സൌകര്യങ്ങളും         ഉണ്ടായിരുന്നു. അവിടെ നിന്ന് ഗൈഡൂകളുൾപ്പടെ ഞങ്ങൾ 47 പേരെ 11 കാറുകളിലായി ദ്വീപിലെ കാഴ്ചകള്‍ കാണിക്കുന്നതിനായി കൊണ്ടു പോയി. ദ്വീപിലെ പാതകള്‍ കുണ്ടും കുഴിയും നിറഞ്ഞതും ഇടുങ്ങിയതും ആയിരുന്നെങ്കിലും വഴിയോരങ്ങളില്‍ വസിച്ചിരുന്ന ഗ്രാമീണ ജനതയുടെ കൃഷിയിടങ്ങളും ശിലാ നിര്‍മ്മിതികളും അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. നമ്മുടെ നാട്ടിലെ പോലെ തേക്കും ,തെങ്ങും,വാഴയും, മാവും,പപ്പായയും ,കപ്പയും എല്ലാം അവിടെ സുലഭമായി കാണാമായിരുന്നു.


            സനുര്‍ തുറമുഖത്തെ ഓഫീസ് കെട്ടിടം 


             സനുര്‍ തുറമുഖം 

 കടലിലേക്ക് തള്ളിനിന്നിരുന്ന ലാവപ്പാറകളില്‍ തിരമാലകളുടെ നിരന്തരമായ പ്രഹരത്തിനാല്‍  ഉണ്ടായ ഗുഹാസമാനമായ ബ്രോക്കണ്‍ ബീച്ചിലേക്കാണ് ആദ്യം പോയത്. ഞങ്ങളുടെ ഗ്രൂപ്പിലുള്ള കാറുകള്‍ക്കെല്ലാം നമ്പര്‍ എഴുതി ഒട്ടിച്ചിരുന്നതിനാല്‍ കൂട്ടുകാരെവിടെയെത്തിയെന്ന് അറിയാന്‍ പ്രയാസമില്ലായിരുന്നു.റോഡിലെ കുഴികളില്‍ വീണുണ്ടാകുന്ന കടകട ശബ്ദത്തിന്‍റെ താളത്തിനനുസരിച്ച് ഞങ്ങളുടെ സാരഥി പയ്യന്‍ ഏതോ ഗാനത്തിന്‍റെ ഇരടികൾ  പാടി രസിച്ചു കൊണ്ട് ശകടത്തെ നയിച്ചു.പുറത്തെ വെയിലിന്‍റെ ചൂടും,റോഡിന്‍റെ നിലവാരവും ഒന്നും അവന് ഒരു വിഷയമായിരുന്നില്ലെന്നു തോന്നി,നിത്യം ഇതല്ലേ അഭ്യാസം. ഏതായാലും ഒരുവിധത്തില്‍ ബീച്ച് പരിസരത്തെത്തി,എല്ലാവരും “പൊട്ടിപ്പോയ ബീച്ച്” കാണാന്‍ ഇറങ്ങി താഴേക്ക് നടന്നു.ബീച്ച് പരിസരങ്ങളിൽ അവിടവിടെ   സെല്‍ഫി പോയിന്‍റുകള്‍ വച്ചിരുന്നെങ്കിലും ഫോട്ടോ എടുക്കണമെങ്കില്‍ മോശമല്ലാത്ത തുക അവര്‍ക്ക് നല്‍കേണ്ടതുണ്ടായിരുന്നു .

                            സെൽഫി ഏരിയ

കുത്തനെയുള്ള ഇറക്കമാണ് സമുദ്ര തീരത്തേക്ക് ,പടവുകളിലൂടെയുള്ള ഇറക്കവും കയറ്റവും ആരോഗ്യമുള്ളവര്‍ക്ക് അഭികാമ്യമായ വ്യായാമമുറ തന്നെയാണ്.അതുകൊണ്ട് തന്നെ കുറച്ചു പേരൊഴികെ മറ്റുള്ളവരെല്ലാം  അടുത്തു കണ്ട ഷീറ്റിട്ട ഒരു കടയില്‍ കയറി ഇരുന്നു വിശ്രമിച്ചു.  ചുറുചുറുക്കുള്ളവര്‍ വെയിലുകൊണ്ട് പടിയിറങ്ങി നടന്ന് സമുദ്രത്തിലേക്ക് നാവ് നീട്ടി നില്‍ക്കുന്ന ബ്രോക്കണ്‍ ബീച്ച് കണ്ട് സന്തോഷമായി തിരിച്ചെത്തിയതോടെ അടുത്ത ലക്ഷ്യമായ കെലിംഗ് കിംഗ് ബീച്ചിലേക്കായി യാത്ര. 


                        ബ്രോക്കണ്‍ ബീച്ച്

കിഴുക്കാം തൂക്കായ പാറക്കെട്ടുകളുള്ള സമുദ്ര തീരമാണിത്.ചെങ്കുത്തായ പാറക്കെട്ടുകള്‍ക്കിടയില്‍ ഒരു ക്ഷേത്ര സമുച്ചയവും, കടുംനീല നിറമുള്ള കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന ദിനോസറിന്‍റെ രൂപസാമ്യമുള്ള കൂറ്റന്‍ പാറയും മനോഹരം തന്നെ. മുനമ്പു വരെ പോകാന്‍ വഴിയുണ്ടായിരുന്നുവെങ്കിലും മുട്ട പൊരിക്കാന്‍ പോന്ന വെയിലും, ശല്യക്കാരായ കുരങ്ങന്മാരുടെ ആക്രമണവും ഭയന്ന് അങ്ങനെയൊരു സാഹസത്തിനു പലരും മൂതിർന്നില്ല . സമുദ്രമദ്ധ്യത്തിലുള്ള ഒരു  ചെറിയ ദ്വീപില്‍ ബീച്ചുകളായിരിക്കുമല്ലോ  പ്രധാന ആകർഷണ കേന്ദ്രം,പക്ഷേ പൊരിയുന്ന വെയിലില്‍ ബീച്ചിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍ ഭൂരിഭാഗം ആള്‍ക്കാര്‍ക്കും  താത്പര്യം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. വിശപ്പും ദാഹവും ,ചൂടും കൊണ്ട് പരവശരായ ഞങ്ങളെയും കൊണ്ട് ഉച്ചഭക്ഷണം കഴിക്കാന്‍ ഒരു ചെറിയ ഹോട്ടലിലേക്കാണ് പിന്നീട് പോയത്.


                കെലിംഗ് കിംഗ് ബീച്ച് 

 ബിരിയാണിയും,പപ്പടവും,മത്സ്യ ,മാംസ വിഭവങ്ങളും ഉൾപ്പെട്ട അവിടത്തെ ഭക്ഷണത്തെ പറ്റിയും ,സര്‍വീസിനെ കുറിച്ചും ആര്‍ക്കും അത്ര നല്ല അഭിപ്രായമില്ലായിരുന്നില്ലെന്ന് പറയാം.കുടിക്കാന്‍ വെള്ളം തരാതിരുന്നത് പലരെയും ചൊടിപ്പിക്കുകയും ,ഇനി മേലില്‍ ഇവിടേയ്ക്ക് വരില്ലെന്ന് നമ്മുടെ ഗൈഡൂകളെ കൊണ്ട് കൂടി പറയിപ്പിക്കുന്ന അവസരം വരെ എത്തിയപ്പോള്‍ ഹോട്ടൽ ജോലിക്കാർ  എവിടെ നിന്നോ കുറെ കുടിവെള്ളം എത്തിച്ചു തന്നു.പൊതുവേ നിലവാരം കുറഞ്ഞ ഭക്ഷണമായി തോന്നിയെങ്കിലും പ്രധാന ദ്വീപില്‍ നിന്ന് സമുദ്രത്തില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ചെറിയ ദ്വീപിന്‍റെ പരാധീനതകളും നാം മനസ്സിലാക്കേണ്ടാതുണ്ടല്ലോ, പക്ഷേ അതൊന്നും വിനോദ സഞ്ചാരികളുടെ വിഷയമല്ലതാനും.നുസ പെനിഡയിലെയും ബാലിയിലെയും അവസാന സന്ദര്‍ശന സ്ഥലമായ  ക്രിസ്റ്റല്‍ ബേയിലെക്കാണ് ഊണ് കഴിഞ്ഞ് പോയത്.


                              ക്രിസ്റ്റല്‍ ബേ

 വൈകുന്നേരം നാലു മണിയോടെ അവിടെ നിന്നും മടങ്ങണമെന്നാണ് അറിയിപ്പ്.വെയില്‍ച്ചൂട് അല്‍പ്പം കുറഞ്ഞെങ്കിലും സൂര്യന്‍ ശാന്തനായിരുന്നില്ല.ഇവിടെ കടല്‍ ആഴം കുറഞ്ഞതും ശാന്തവും ആയിരുന്നതിനാല്‍ എല്ലാവരും വെള്ളത്തിലിറങ്ങി ആറാടി തിമിര്‍ത്തു. സഞ്ചാരികളെ ഉദ്ദേശിച്ച് കടല്‍ത്തീരത്ത് നിരവധി ജൂസ് കടകളും ,കരിക്ക് ,പലഹാര കടകളും നിരന്നിട്ടുണ്ടായിരുന്നു. അസഹനീയമായ ചൂടായിരുന്നതിനാല്‍ എല്ലാവരും കരിക്കും, ഫ്രൂട്ട്  ജൂസും ഒക്കെ വാങ്ങി യഥേഷ്ടം കഴിച്ചിട്ട് ബാലിയിലേക്കുള്ള ബോട്ടിനായി കാത്തിരുന്നു.അവിടെ വച്ച് ഞങ്ങള്‍ക്ക് ചെറിയ ഒരു ആരോഗ്യ  പ്രശ്നമുണ്ടായെങ്കിലും സൂരജിന്‍റെയും ,ഗൈഡുകളുടെയും,ഒപ്പമുണ്ടായിരുന്ന എല്ലാവരുടെയും ,തുറമുഖത്തെ ചുണക്കുട്ടന്മാരുടേയും സ്നേഹപൂ ര്‍ണ്ണമായ പരിചരണത്താല്‍ ബുദ്ധിമുട്ടുണ്ടാകാതെ തിരിച്ചെത്താനായി .അതിന് ഓരോ വ്യക്തിയെയും ഈശ്വരന്‍റെ പ്രതിരൂപമായി കണ്ട് അങ്ങേയറ്റം ബഹുമാനിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു.

     പിറ്റേന്ന് രാവിലെ എല്ലാവരും ഹോട്ടല്‍ ലോബിയില്‍ ഒന്നിച്ചുകൂടി യാത്രാനുഭവങ്ങളും സന്തോഷവും പങ്കു വയ്ക്കുകയും, ടൂര്‍ കോ ഓര്‍ഡിനേറ്റ് ചെയ്ത സൂരജിനോടും,വളരെ വൃത്തിയായും സന്തോഷത്തോടും ബാലിയെ വിശദീകരിച്ചു തന്ന ഗൈഡുമാരായ  അഗൂസിനോടും ശിവയോടും ,ബസുകളില്‍ സുരക്ഷിതരായി ഞങ്ങളെ കൊണ്ടു  പോയ സമര്‍ത്ഥന്മാരായ സാരഥികളോടും,ഇതുമായി ബന്ധപ്പെട്ട മറ്റെല്ലാവരോടും നന്ദി പ്രകാശിപ്പിച്ചിട്ട് മടക്കയാത്രയ്ക്കായി ഡെന്‍പസാര്‍ വിമാനത്താവളത്തിലേക്ക് തിരിച്ചു.ഒരു മണി കഴിഞ്ഞ് പുറപ്പെട്ട വിമാനത്തില്‍ നാലു മണിയോടെ കുലാലമ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തി.  ആറു മണിക്കൂര്‍ ലേ ഓവർ ഉണ്ടായിരുന്ന എയർപ്പോർട്ടിൽ മലേഷ്യൻ  "റിംഗെറ്റ്" കൈവശം ഇല്ലാതിരുന്നതിനാലും,സാധാരണ ഡെബിറ്റ് കാർഡുകൾ  മെഷീനിൽ സ്വീകാര്യമല്ലാതെ വന്നതിനാലും ഒരു കാപ്പി കുടിക്കാൻ പോലും ബുദ്ധിമുട്ടുണ്ടായി. അവിടെയും നല്ല സുഹൃത്തുക്കൾ തുണയ്ക്കെത്തിയത്തോടെ പ്രശ്ന പരിഹാരമാകുകയും ,തുടർന്ന് പത്ത് മണിയോടെ പുറപ്പെട്ട വിമാനത്തില്‍ സുഖമായി കൊച്ചിയില്‍ എത്തുകയും ചെയ്തു .


 മങ്കി ഫോറസ്റ്റിൽ വച്ചെടുത്ത ഗ്രൂപ്പ് ഫോട്ടോ -എല്ലാവരും ഇതിൽ  ഇല്ല 

     ബാലിയാത്ര ഞങ്ങളുടെ ഒരു ചിരകാല സ്വപ്നമായിരുന്നു. പാരമ്പര്യത്തെയും പൈതൃകത്തെയും  ബഹുമാനിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്ന  ആ സുന്ദര ദേശം എപ്പോഴെങ്കിലും പോയിക്കാണാന്‍ സാധിക്കുമെന്ന് വിചാരിച്ചതല്ല.അത്രയേറെ ആഗ്രഹിച്ചിരുന്നത് കൊണ്ടാകാം ദൈവ ദൂതരെ പോലെ മുരളി സാറും ജയയും അങ്ങനെയൊരു ഭാഗ്യത്തിലേക്ക് ഞങ്ങളെ കൈ പിടിച്ചാനയിച്ചത്.യാത്രയില്‍ കൂടെ ഉണ്ടായിരുന്ന എല്ലാ സുഹൃത്തുക്കളെയും പരിചയപ്പെടാനും അറിയാനും ഈ അഞ്ചാറു ദിവസം കൊണ്ട് സാധിച്ചില്ല എങ്കിലും എല്ലാവരുടെയും സ്നേഹത്തോടെയുള്ള ആ കൂട്ടായ്മ ജീവിതത്തിലെ മറഞ്ഞു പോകാത്ത നാഴികക്കല്ലുകളായിരിക്കുമെന്നും,ഞങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും എന്നും ഒപ്പമുണ്ടായിരിക്കുമെന്നും പറഞ്ഞു കൊള്ളട്ടെ.ഇത്ര മനോഹരമായി ഒരു വിനോദ യാത്ര ഒരുക്കിയ ഹോളിഡേ    ഡിസ്കവറേഴ്സിനും ,അതിന്‍റെ കരുത്തനായ സാരഥി സൂരജിനും മേല്‍ക്ക്മേല്‍ ഉയരങ്ങളിലെത്താനാകട്ടെ എന്നും ആശംസിച്ചു കൊള്ളട്ടെ.

     തുടര്‍ന്നും ഇതു  പോലെ അനുയോജ്യമായ യാത്രാ പരിപാടികളില്‍ ഉള്‍പ്പെടുത്തിയാല്‍ സന്തോഷം. എല്ലാവരോടും  ഒരിക്കല്‍ കൂടി നന്ദിയും സ്നേഹവും പ്രകാശിപ്പിച്ചു  കൊണ്ട് ഈ യാത്രാവിവരണം അവസാനിപ്പിക്കട്ടെ .


 - നന്ദ - 11/03/2023

 

  

 

 


ബാലി - ക്ഷേത്രങ്ങളുടെ നാട്  (Part 4)

                                                                                                                          

ഉലുന്‍ദനു ക്ഷേത്രം     

     ബാലിയുടെ ഐക്കണ്‍ എന്ന് വിശേഷിപ്പിക്കാവുന്നതും, കൃഷിയിടങ്ങള്‍ക്ക് പേരു കേട്ടതുമായ ബെഡു ഗുള്‍”  എന്ന സ്ഥലത്തേക്കാണ്‌ പിറ്റേ ദിവസം ആദ്യമായി ഞങ്ങൾ പോയത്. ബാലിയുടെ മദ്ധ്യ ഭാഗത്തുള്ള ഉയരം കൂടിയ ഈ പ്രദേശത്തിന് നമ്മുടെ മൂന്നാര്‍,ഇടുക്കി പ്രദേശങ്ങളുടെ സാമ്യമുള്ളതായി തോന്നി.നല്ല തണുത്ത കാലാവസ്ഥയും, ഹരിതാഭയും, നിറച്ചാര്‍ത്തേകി നില്‍ക്കുന്ന വലിയ പുഷ്പങ്ങളും,വളഞ്ഞുപുളഞ്ഞു കയറിപ്പോകുന്ന വീതി കുറഞ്ഞ നിരത്തുകളും കാണുമ്പോള്‍ നാമറിയാതെ മൂന്നാറില്‍ എത്തിയോ എന്ന് സംശയിച്ചു  പോകും. ”കുട്ട” പ്രദേശത്തു നിന്ന് രണ്ടര മണിക്കൂറോളം യാത്ര ചെയ്യണം മനുഷ്യ നിര്‍മ്മിതമല്ലാത്ത “ബെറാട്ടണ്‍” തടാകം നട്ടു നനച്ച് പരിപാലിക്കുന്ന ബെഡു ഗുളിലെത്താന്‍.തടാകത്തില്‍ നിന്ന് ജലസേചനം പരമാവധി പ്രയോജനപ്പെടുത്തി അവിടെ വന്‍തോതില്‍ സ്ട്രാബെറിയും, മറ്റ് ഫല വര്‍ഗ്ഗങ്ങളും പച്ചക്കറികളും കൃഷി ചെയ്തു വരുന്നു.”സുവാക്ക് “ എന്ന ഒരു സംഘടനയുടെ നേതൃത്വത്തില്‍ കൃഷി കഴിഞ്ഞ് വിളവെടുപ്പ് ഉത്സവം വളരെ ഗംഭീരമായി നടത്തി വരുന്നതായി അഗൂസ് വിവരിച്ചു.യാത്രാ സമയം കൂടുതലുള്ളപ്പോൾ ബസിൽ ഉപ്പേരി പോലുള്ള സാധനങ്ങനങ്ങളുടെ വിതരണവും ,പാട്ട് പാടുക ,അന്താക്ഷരി കളിക്കുക തുടങ്ങിയ വിനോദങ്ങളും പതിവായിരുന്നതിനാൽ യാത്രയുടെ മൂഷിപ്പ് ഉണ്ടായില്ലെന്ന് മാത്രമല്ല പെട്ടെന്ന് എത്തിച്ചേർന്നതായും തോന്നി .

     “ഉലു” എന്നതിന് അറ്റം ,മുകള്‍വശം എന്നൊക്കെ അര്‍ത്ഥം  വരുമ്പോള്‍ ‘ദനു’ എന്നത് തടാകത്തെ സൂചിപ്പിക്കുന്നു.അപ്പോൾ  മലമുകളിലുള്ള  ബെറാട്ടണ്‍ തടാകത്തിനരികെയുള്ള ക്ഷേത്രമാണ് ‘ഉലുന്‍ദനു’ ക്ഷേത്രമെന്ന് മനസ്സിലാക്കാം. ക്ഷേത്രപരിസരത്തിനടുത്ത് ബസ് നിര്‍ത്തിയിട്ട് അവിടെ ചിലവഴിക്കാവുന്ന പരമാവധി സമയവും അനുവദിച്ച് നല്‍കിയിട്ട് അഗൂസ് ഞങ്ങളെ  ക്ഷേത്ര പരിസരത്തേക്ക് കൂട്ടിക്കൊണ്ടു പോയി.വളരെ വിശാലമായ ആ സ്ഥലം  വന്‍ വൃക്ഷങ്ങളാലും,മനോഹരമായ ഉദ്യാനങ്ങളാലും ,ഗംഭീരങ്ങളായ ശില്‍പ വാസ്തുവിദ്യകളാലും ഹൃദ്യമായിരുന്നു.സ്വാഗതമോതുന്ന ബാലിയുടെ തനത് വാതായനങ്ങള്‍ കടന്ന് ലാവക്കല്ലുകള്‍ പാകിയ വഴികളിലൂടെ നടക്കുമ്പോള്‍ കുട പിടിച്ചത് പോലെ നില്‍ക്കുന്ന പതിനൊന്നു തട്ടുകള്‍ വരെയുള്ള മേരുക്കള്‍ ദൃശ്യത്തിന്‍റെ മാറ്റ് കൂട്ടി. കൊത്തു പണികളാലും ചുവര്‍ചിത്രങ്ങളാലും അലംകൃതമായിരുന്ന അടഞ്ഞു കിടന്ന ക്ഷേത്രകവാടത്തിനു മുന്‍പില്‍  ദ്വാരപാലകര്‍ തങ്ങളുടെ ദംഷ്ട്രകള്‍ പുറത്തിട്ട് തുറിച്ച കണ്ണുകളുമായി ഭീകരരൂപികളായി നിലകൊണ്ടിരുന്നു.ക്ഷേത്രം ആരാണ് നിര്‍മ്മിച്ചതെന്ന് കൃത്യമായി അറിവില്ലെന്നാണ് പറഞ്ഞു കേട്ടത്.ഉദ്യാന ഭംഗി നുകര്‍ന്നും ഫോട്ടോയെടുത്തും നടന്നെത്തുന്നത് ബെറാട്ടൺ തടാക തീരത്തേക്കാണ്.  ബെടുഗുള്‍  പര്‍വ്വത നിരകള്‍ പ്രതിഫലിപ്പിച്ചു നിന്നിരുന്ന “ബെറാട്ടണ്‍” തടാകവും അതിന്‍റെ നടുവിൽ ഉണ്ടാക്കിയിരുന്ന  ഉദ്യാന നടുവിലുള്ള മേരുവും എല്ലാം കൂടി ക്ഷേത്രത്തിന് ഒരു അപൂര്‍വ്വ ചാരുതയാണ് നല്‍കിയിരുന്നത്.നല്ല തണുത്ത കാറ്റും ,തെളിഞ്ഞ അന്തരീക്ഷവും,മനം  കവരുന്ന ദൃശ്യ ഭംഗിയും,പാരമ്പര്യത്തിന്‍റെ  മഹത്വവും എല്ലാം കൂടി ഒളി മങ്ങാത്ത ഓർമ്മകളാണ് ബെഡു ഗുൾ പ്രദേശം നമുക്ക് സമ്മാനിക്കുന്നത്. 

                            ഉലുന്‍ദനു ക്ഷേത്രം 

        സമീപത്ത് ലാവ കല്ലുകളാൽ  നിർമ്മിച്ച നടപ്പാതയിൽ                          പോലും ചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത് കാണാം 

  

        ബെറാട്ടൺ തടാകത്തിലെ ഉദ്യാനവും 11 തട്ടുകളുള്ള മേരുവും 



ബെറാട്ടൺ തടാകം 

     അനുവദിച്ച സമയം കഴിഞ്ഞിരുന്നതിനാലും വിശപ്പ് അധികരിച്ചതിനാലും എല്ലാവരും ക്ഷേത്ര ദര്‍ശനവും അതിന്‍റെ സമീപത്തുള്ള ഷോപ്പിംഗ്‌ കാര്യങ്ങളും അവസാനിപ്പിച്ച് ബസില്‍ കയറി.”ജയേയ് ബാലി റെസ്റ്റോ” എന്നൊരു ഹോട്ടലിലാണ് ഉച്ച ഭക്ഷണത്തിനായി എത്തിയത്.നല്ല വൃത്തിയും വെടിപ്പുമുള്ള അവിടെ നിന്നും ലഭിച്ച ഭക്ഷണം രുചികരമായിരുന്നു.അത്യാവശ്യം വ്യായാമം ചെയ്യാനുള്ള ചില ഉപകരണങ്ങളും മറ്റും അവിടെ വച്ചിരുന്നതായി കണ്ടു .

തമന്‍ അയൂണിലെ റോയ ല്‍ ഫാമിലി ടെമ്പി ള്‍  

ബാലി -ക്ഷേത്രങ്ങളുടെയും ശില്‍പ ചാതുരിയുടെയും നാടായ ഒരു ദ്വീപായതിനാല്‍ ബീച്ചുകളും, കൊത്തുപണികളാല്‍ സമ്പന്നമായ ക്ഷേത്രങ്ങളുമാണ് ഒരു സഞ്ചാരിയെ വരവേല്‍ക്കുന്നത് എന്ന കാര്യത്തില്‍ അത്ഭുതപ്പെടാനില്ലല്ലോ.ടൂറിസം കൊണ്ട് അഭിവൃദ്ധി പ്രാപിക്കാന്‍ പ്രയത്നിക്കുന്ന സംസ്കാര സമ്പന്നരും ,വിനയ ശീലരും സര്‍വ്വോപരി കലാകാരന്മാരുമായ ബാലിജനത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പരമാവധി ആകര്‍ഷണീയമായി ഒരുക്കി വയ്ക്കുന്നതില്‍ സദാ ജാഗരൂകരാണെന്ന് പറയാം.

     ബാലിയിലെ രാജവംശത്തിന് വേണ്ടി പരമ്പരാഗത വാസ്തു ശില്‍പ്പ ശൈലിയില്‍ പതിനേഴാം നൂറ്റാണ്ടില്‍ പുനര്‍ നിര്‍മ്മിക്കപ്പെട്ടതാണ്  തമന്‍ അയൂണ്‍ ക്ഷേത്രം. ദുഷ്ടരായ ഒന്‍പത് ശക്തികളാല്‍ വളരെ മോശമായ അവസ്ഥയിലായിരുന്ന ബാലിയെ രക്ഷിക്കുവാനായി ബ്രഹ്മാ, വിഷ്ണു ,മഹേശ്വര ക്ഷേത്രം നിര്‍മ്മിക്കണമെന്ന് ഒരു പുരോഹിതന്‍ പറഞ്ഞുവത്രേ.അപ്രകാരം റോയൽ ഫാമിലിയുടെ നന്മയ്ക്കായി ത്രിമൂർത്തി സങ്കൽപ്പത്തിലുള്ള തമൻ അയൂൺ ക്ഷേത്രം മെന്‍ ഗ്‍വി (Mengwi) രാജാവായ ‘ഇഗുസ്തി അഗൂംഗ് പുട്ടു’ എന്നയാളായിരുന്നു നിർമ്മിച്ചത് . ശിവ പാര്‍വ്വതി (ദുര്‍ഗ്ഗ) സംയോഗം അല്ലെങ്കില്‍ ലിംഗ യോനി സംയോഗം വിഷയീഭവിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലും പ്രതിഷ്ഠ ഇല്ല . ”തമന്‍”  എന്ന വാക്ക്  മനോഹരമായ പൂന്തോട്ടമെന്നും  “അയൂണ്‍” ഹൃദയമെന്നും അര്‍ത്ഥമാക്കുമ്പോള്‍ ഹൃദയനൈര്‍മ്മല്യവും, മനോഹാരിതയും, വിശാലതയും കാത്തു സൂക്ഷിക്കണമെന്നും ലിംഗ വര്‍ഗ്ഗ ഭേദമെന്യേ പരസ്പരം ഒത്തൊരുമയോടെ കഴിയണമെന്നും ആയിരിക്കാം ഉദ്ദേശിക്കുന്നത് എന്നെനിക്ക് തോന്നി. അടച്ചിട്ട വാതിലുകള്‍ ഉള്ള ക്ഷേത്ര സങ്കേതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ഒരു വശത്ത് ടിക്കറ്റും മറ്റും കൊടുക്കുന്ന ഒരു ചെറിയ നിര്‍മ്മിതി കാണാമായിരുന്നു.അവിടെ മേശപ്പുറത്ത് കുരുത്തോലയും പൂക്കളും കൊണ്ട് ദൈവത്തിനായി സമര്‍പ്പിക്കപ്പെട്ട ഒരു കാണിയ്ക്ക കണ്ടു.എത്ര മനോഹരമായും ശ്രദ്ധയോടെയും നിഷ്ടയോടെയുമാണ് ഇതൊക്കെ അവിടെയുള്ളവര്‍  ചെയ്യുന്നത് എന്ന് കാണുമ്പോള്‍ അവരോടുള്ള ബഹുമാനം വര്‍ദ്ധിക്കുകയാണ്.


തമന്‍ അയൂണ്‍ ക്ഷേത്രം

തമന്‍ അയൂണ്‍ ക്ഷേത്രത്തിലെ മേരു നിര 
തമന്‍ അയൂണ്‍ ക്ഷേത്രത്തിനു മുന്നിലുള്ള റിസപ്ഷനിൽ കുരുത്തോലയും പൂക്കളും കൊണ്ട് ഒരുക്കിയിട്ടുള്ള അർച്ചന താലം 
  

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ തേരിനെയും കുതിരയേയും അനുസ്മരിപ്പിക്കുന്ന വലിയ വലിയ മേരുക്കള്‍ ഉയര്‍ന്നു നില്‍ക്കുന്ന ക്ഷേത്രത്തിന് ചുറ്റും നടക്കുമ്പോള്‍ രാജ കുടുംബത്തെയും ബാലി ജനതയെയും കാത്തു രക്ഷിക്കുന്ന ദൈവങ്ങളുടെ സാന്നിദ്ധ്യം അനുഭവപ്പെട്ടതു  പോലെ. മേരുക്കളുടെ ഒന്നാം തട്ടിന് പലിംഗി എന്നും (Palingghi) രണ്ടാം തട്ടിന് ഗെഡോംഗ് സറി (Gedong Sari) എന്നും പറയുന്നു. പരമാവധി 11 തട്ടുകള്‍ വരെയുള്ള മേരുക്കളും,ഒപ്പം ഒന്നും രണ്ടും തട്ടുള്ളവയും കുട നിവർത്തിയത് പോലെ അവിടെ കാണാമായിരുന്നു. മൂന്ന്‍ തട്ടിന് മുകളിൽ വരുമ്പോൾ മാത്രമാണ് അത്  മേരു” ആകുന്നതെന്ന് സംശയത്തിനുത്തരമായി ഗൈഡ് പറഞ്ഞു തന്നു, കൂടാതെ  ഈ തട്ടുകള്‍ ഒറ്റ സംഖ്യ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 പ്രൌഡ ഗംഭീരമായ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കി പടികള്‍ ഇറങ്ങി വരുമ്പോള്‍ ഒരു കെട്ടിടത്തില്‍ ചൈനീസ് വ്യാളീയുടെ മുഖ സാദൃശ്യമുള്ള  “ബെറോംഗ്” എന്നറിയപ്പെടുന്ന  ഭീകരരൂപം വച്ചിരിക്കുന്നത് കണ്ടു. ഇത് ശിവശക്തിയെ പ്രതിനിധാനം ചെയ്യുന്നുവെന്നും, കടുവ, സിംഹം, കാള തുടങ്ങിയവ  ശക്തികേന്ദ്രങ്ങളാണെന്നും , ശക്തിയുടെ ഇരിപ്പിടമായ പ്രകൃതിയെയും ഇവയെയും ആരാധിക്കുക വഴി അവയുടെ അനുഗ്രഹവും,സംരക്ഷണവും ലഭിക്കുമെന്നും ഉള്ള വിശ്വാസമാണ് ഇങ്ങനെ ചെയ്യുന്നതിനാധാരമെന്നും ഗൈഡ് പറഞ്ഞു തന്നു. ഉത്സവങ്ങള്‍ക്കും ,വിശേഷാവസരങ്ങൾക്കും    മറ്റും ഇവയെ പുറത്തെടുക്കുന്ന പതിവുമുണ്ടത്രേ. വിശാലമായ ക്ഷേത്രമുറ്റത്തിന്‍റെ ഒരരികില്‍ കോഴിപ്പോര് നടത്തുന്ന വലിയ ഒരങ്കണം കണ്ടു.നന്മ തിന്മകളുടെ സമന്വയമായി ഉത്സവത്തിന്‍റെ ആദ്യ ദിവസം കോഴിപ്പോര് നടത്തി വരാറുണ്ടത്രേ. ഏതായാലും  രാജപരമ്പരയുടെയും ബാലി ജനതയുടെയും ഐശ്വര്യത്തിനും,നന്മയ്ക്കും വേണ്ടി നടത്തുന്ന മെഡിറ്റേഷന്‍ പോലെയുള്ള കാര്യങ്ങളും സൽ പ്രവർത്തികളും രാജ പരമ്പരയെയും ,ബാലിജനതയെയും  രക്ഷിക്കട്ടെ എന്നാശിച്ചു കൊണ്ട്  അവിടെ നിന്ന് മടങ്ങി.


                                                        ബെറോംഗ്
                     കോഴിപ്പോര് നടക്കുന്ന സ്ഥലം

തന ലോട്ട് വരുണ ക്ഷേത്രം    ( Tanah Lot temple)

     ഇന്ത്യന്‍ മഹാ സമുദ്രത്തിന്‍റെ തീരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന വരുണ ക്ഷേത്രമാണ് തനലോട്ട്. ’തന’ എന്നത് ഭൂതലത്തെയും (Ground) ‘ലോട്ട്’ -സമുദ്രത്തെയും പ്രതിനിധാനം ചെയ്യുന്നു എന്ന് അഗൂസ് പറഞ്ഞു . പ്രധാനപ്പെട്ട ഏഴ് സമുദ്ര തീര ക്ഷേത്രങ്ങളില്‍ ഒന്നായ ഇതിന്‍റെയും നിര്‍മ്മാണത്തിന് കാരണമായത് പ്രാണശക്തി വവ്റോ എന്ന പുരോഹിതന്‍ തന്നെയാണ്. ഒരിക്കല്‍ വവ്റോ ഈ പ്രദേശത്ത് വന്നു ധ്യാന നിരതനായിരിക്കുമ്പോള്‍ ഒരു സൂര്യകിരണം ദൃശ്യമാകപ്പെട്ടു എന്നും രണ്ട് കടല്‍ സര്‍പ്പങ്ങള്‍ നാടിന്‍റെ രക്ഷകരായി ഉണ്ടെന്നും അറിയാന്‍ കഴിഞ്ഞുവത്രേ.സമുദ്ര തീരത്തെ പ്രകൃതിഭംഗിയും, ശുദ്ധവായുവും ആസ്വദിച്ചു കഴിഞ്ഞ അദ്ദേഹം അവിടെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് കുറച്ച് ഉപദേശങ്ങള്‍ കൊടുത്തത്  ഭരണാധികാരിയ്ക്ക് ഇഷ്ടമായില്ലത്രേ.ഒരു ഭരണാധികാരിയുടെ സ്വാധീനം ഉപയോഗിച്ച് പുരോഹിതനെ അവിടെ നിന്ന് ഓടിക്കാന്‍ ശ്രമിച്ചെങ്കിലും , വവ്റോ വിശ്രമിച്ചിരുന്ന “ഗിലിബിയോ”പക്ഷിയുടെ ആകൃതിയിലുള്ള പാറ കടലിലേക്ക് തള്ളി നീക്കപ്പെട്ടു എന്നും,ഉത്തരീയത്തില്‍ നിന്നും ഉഗ്രവിഷമുള്ള സര്‍പ്പങ്ങളെ അദ്ദേഹം ഉയര്‍ത്തി പിടിച്ചു എന്നുമാണ് ഐതീഹ്യം. കടലിലേക്ക് തള്ളിനീക്കപ്പെട്ട “ഗിലിബിയോ”  പിന്നീട് ‘തന ലോട്ട്’ ക്ഷേത്രമായി അറിയപ്പെട്ടുവെന്നും,കടല്‍ സര്‍പ്പങ്ങള്‍ ബാലി ജനതയെ ദുഷ്ട ശക്തികളില്‍ നിന്ന് സംരക്ഷിച്ചു കൊണ്ട് ആ പാറയ്ക്കടിയില്‍ ഇപ്പോഴും വാഴുന്നുണ്ടെന്നും അവിടെയുള്ളവര്‍ വിശ്വസിക്കുന്നുണ്ടത്രേ.

     ബസ് നിര്‍ത്തിയ സ്ഥലത്ത് നിന്നും കുറച്ചു ദൂരം വഴിയോര കച്ചവട സ്ഥാപനങ്ങളുടെ ഇടയിലൂടെ നടന്ന് പടവുകള്‍ ഇറങ്ങി വേണം വരുണ പ്രതിഷ്ഠയും “ഗിലിബിയോ”യും കാണാന്‍ പോകാന്‍. വഴിയോരത്ത് വലിയ പെരുമ്പാമ്പുകളുമായി ചിലര്‍ സഞ്ചാരികളെ വിളിച്ച് പാമ്പിനെ തോളിലിട്ട് കൊടുക്കാമെന്നു പറയുന്നുണ്ടായിരുന്നു,അത് അവരുടെ ഒരു വരുമാന മാര്‍ഗ്ഗം.പടവുകളിറങ്ങി ചെല്ലുമ്പോള്‍ മഞ്ഞ വസ്ത്രമണിഞ്ഞ് സമുദ്രത്തിലേക്ക് നോക്കി നില്‍ക്കുന്ന  കൂറ്റന്‍  വരുണ പ്രതിഷ്ഠ കണ്ടു. വളരെ വലിപ്പമുള്ള ആ ശിൽപ്പത്തിന്  മുന്നിലുള്ള  കടല്‍ത്തീരത്ത് മുനയിട്ടു നില്‍ക്കുന്ന ലാവക്കല്ലുകളിലൂടെ നടന്നാല്‍ ‘ഗലിബിയോ’യിലെത്താം.


         സമുദ്രത്തിലേക്ക് നോക്കി നിൽക്കുന്ന വരുണ പ്രതിഷ്ഠ 

വേലിയിറക്ക സമയത്ത് മാത്രം ചെന്നെത്താൻ കഴിയുന്ന ഒരു ഗുഹാ ക്ഷേത്രമുണ്ട് ഗലിബിയോയിൽ  . ഗുഹയ്ക്കകത്ത് പളുങ്ക് മണി പോലെ ജലമൊഴുകി വരുന്ന  ഒരു ചെറിയ അരുവി കാണാം.കുറച്ചു പേര്‍ പൂജാരികലെപ്പോലെ ചെമ്പക പുഷ്പങ്ങളും അരിയും മറ്റുമായി അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവിടെ എന്തെങ്കിലും ദക്ഷിണ (ഏത് കറന്‍സി ആയാലും മതി) ഇട്ടാല്‍ അരുവിയിലെ വെള്ളം കുടിക്കാന്‍ തരും,ഒരു ചെമ്പകപ്പൂവ് ചെവിയില്‍ വച്ചു തരും ,കൂടാതെ അരി കൊണ്ട് നെറ്റിയില്‍ കുറിയും വരച്ചു തരും . ഈ ചടങ്ങ് കഴിഞ്ഞതിനു ശേഷം മാത്രമേ തള്ളി നീക്കപ്പെട്ട പാറയുടെ മുകളിലേക്ക്  അൽപ്പദൂരമെങ്കിലും കയറാന്‍ അനുവദിക്കൂ എന്നതിനാൽ എല്ലാവരും ചെന്ന് ദക്ഷിണയിട്ട് തീർത്ഥ ജലം സേവിച്ചു പാറപ്പുറത്തേക്ക് കയറി . കടലിലേക്കിറങ്ങി ക്കിടക്കുന്ന പാറയിലെ ഗുഹയിലൂടെ ഒഴുകി വന്ന  വെള്ളത്തിന്‌ ഉപ്പുരസമില്ലാത്തത് എല്ലാവരെയും അത്ഭുതപ്പെടുത്തി..മഹാസമുദ്രത്തിന്‍റെ നീല ജലരാശിയില്‍ എടുത്തുവയ്ക്കപ്പെട്ടത് പോലെയുള്ള അവിടെ   നിന്നാല്‍ കടല്‍ തഴുകി വരുന്ന ഉപ്പുകാറ്റില്‍ പറന്നു പോകും പോലെ തോന്നും. 

 ഗുഹാ ക്ഷേത്രവും അരുവിയും 
                      
   തനലോട്ട് ഗലിബിയോ

‘ഗലിബിയോ’യില്‍ നിന്ന് മടങ്ങുമ്പോള്‍ ഒരു വശത്തായി ഉയര്‍ന്നു തള്ളി നില്‍ക്കുന്ന ഒരു വലിയ പാറക്കെട്ടും അതിനടിയിൽ മാളം പോലെയുള്ള ഒരു സ്ഥലവും  കണ്ടു.അവിടെ കുറച്ചു കാവല്‍ക്കാരുമുണ്ട്.അതിനടിയിലാണ് കടല്‍ സര്‍പ്പങ്ങള്‍,അവയെ കാണണമെങ്കില്‍ കുറവല്ലാത്ത ഒരു സംഖ്യയ്ക്ക് ടിക്കറ്റുമെടുക്കണം. എന്തു കൊണ്ടോ അങ്ങോട്ട് പോകാൻ ആരും താത്പര്യപ്പെട്ടതായി ശ്രദ്ധയിൽ  പെട്ടില്ല . അവിടെ നിന്ന് മുന്നോട്ട് നടന്ന് വരുണ പ്രതിഷ്ഠയ്ക്കരികിലൂടെ പടികൾ കയറി സർപ്പങ്ങളുടെ ആവാസ സ്ഥലമായ പാറയുടെ ഏകദേശം മുകളിലെത്തിയാല്‍ അവിടെ ‘മാസുകി’ (നമ്മുടെ വാസുകി ആയിരിക്കാം ) എന്നെഴുതിയ ഒരു അടച്ചിട്ട ക്ഷേത്രവും,അതിനപ്പുറം സണ്‍ സെറ്റ് വ്യൂ പോയിന്‍റും കാണാം.വളരെ വ്യത്യസ്തമായ ഒരനുഭവം നല്‍കിയ “തനാലോട്ട്”  ക്ഷേത്ര പരിസരത്ത് നിന്ന് മടങ്ങുമ്പോള്‍ പലരും വഴിയുടെ ഇരു വശങ്ങളിലുള്ള  കടകളില്‍ നിന്ന് സൂവനീറുകളും,മറ്റ് കൌതുക വസ്തുക്കളും വാങ്ങി  .അസഹ്യമായ ചൂടില്‍ ബസ് പാര്‍ക്ക് ചെയ്ത സ്ഥലം ലക്ഷ്യമാക്കി നടക്കുമ്പോൾ ദാഹം ശമിപ്പിക്കാന്‍ എല്ലാവരും കരിയ്ക്ക് വാങ്ങി  കുടിക്കാന്‍ തീരുമാനിച്ചു.നമ്മുടേതിനെ  അപേക്ഷിച്ച് നല്ല വലിപ്പമാണ് അവിടത്തെ കരിയ്ക്കുകൾക്ക്, ഒരു കരിയ്ക്ക് മൂന്നു പേര്‍ക്ക് സുഭിക്ഷമായി ഉണ്ടായിരുന്നതു കൊണ്ട് തന്നെ വില അധികമായി തോന്നിയില്ല.

      വരുണ ക്ഷേത്ര ദര്‍ശനത്തോടെ അന്നത്തെ പരിപാടികള്‍ അവസാനിപ്പിച്ച് ബസിൽ മടക്കയാത്ര ആരംഭിച്ചപ്പോൾ അടുത്ത ദിവസത്തെ പരിപാടികളെ പറ്റിയാണ് അഗൂസ് സംസാരിച്ചത് .എല്ലാവരും വെളുപ്പിന് ആറര മണിയോടെ ബസില്‍ ഹാജരാകണമെന്നും കുറച്ച് അകലെയുള്ള ഒരു ദ്വീപിലേക്കാണ് പോകേണ്ടതെന്നും,താമസിച്ചാല്‍ അവിടേയ്ക്കുള്ള ബോട്ട് കിട്ടുകയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ദ്വീപില്‍ നല്ല ചൂടായിരിക്കുമെന്നും അതിനാല്‍  എല്ലാവരും സൺ സ്ക്രീന്‍ ലോഷന്‍ കരുതണമെന്നും ഒക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി ഭക്ഷണവും കഴിഞ്ഞ് അദ്ദേഹം സ്കൂട്ടറില്‍ ഉബൂഡിലേക്കുള്ള വസതിയിലേക്ക് പോയി.

- നന്ദ - 10/03/2023

(തുടർന്ന് വായിക്കുക , "നുസ പെനിഡ "  at Link to Part 05)



2023, ഏപ്രിൽ 20, വ്യാഴാഴ്‌ച

ബാലി-ശിൽപ്പങ്ങളുടെ  നാട്  (Part 3)

                                                  -നന്ദ -                  

ആമ ദ്വീപ്‌ (Turtle Island)

     ബാലി സന്ദർശന പരിപാടിയിലെ  അടുത്ത ദിവസം പ്രഭാതത്തില്‍ പതിവു പോലെ എല്ലാവരും കാപ്പികുടി കഴിഞ്ഞ് അന്നത്തെ യാത്രയ്ക്കായി ബസില്‍ കയറി ഇരിപ്പായി. അഗൂസ് ഒരു ക്ലാസ് ടീച്ചറെ പോലെ ബസിലെ തന്‍റെ വിദ്യാര്‍ഥികളുടെ എണ്ണമെടുത്തിട്ട് മൈക്ക് ഓണാക്കി പ്രഭാത വന്ദനം നല്‍കിയിട്ട് അന്ന് പോകാനിരിക്കുന്ന സ്ഥലങ്ങളെപ്പറ്റിയുള്ള ചെറു വിവരണം നല്‍കി.”തഞ്ചുംഗ് ബെനോആ” എന്ന ബീച്ചിലെത്തിയ ശേഷം ടര്‍ട്ടി ല്‍ ഐലൻഡി ” ലേക്ക് പോയി അവിടത്തെ കാഴ്ചകള്‍ കണ്ട് തിരിച്ചു വന്നതിനു ശേഷം താത്പര്യമുള്ളവര്‍ക്ക് അവരവരുടെ ചിലവില്‍  സ്നോര്‍ക്കലിംഗ് പോലുള്ള സാഹസിക വിനോദങ്ങളില്‍  ഏര്‍പ്പെടാവുന്നതാണെന്നും, ഉച്ച ഭക്ഷണത്തിനു ശേഷം അടുത്ത സ്ഥലത്തേക്ക് പോകാമെന്നും അഗൂസ് അറിയിച്ചു.

     വെയിലിന്‍റെ കാഠിന്യം അധികരിച്ചിരുന്നതിനാല്‍ എല്ലാവരും കടല്‍ത്തീരത്ത് സ്ഥാപിച്ചിരുന്ന ഷീറ്റ് പന്തലിനടിയില്‍  തിരയെണ്ണി ഇരിക്കുമ്പോള്‍ ആമദ്വീപിലേക്ക് പോകുവാനുള്ള ബോട്ടുകള്‍ എത്തിയിട്ടുണ്ടെന്ന് സൂരജും,അഗൂസും വന്നറിയിച്ചു.പത്ത് പേര്‍ വീതം കയറാവുന്ന സ്പീഡ് ബോട്ടിന്‍റെ അടിവശം ഗ്ലാസ് ആയിരുന്നതിനാല്‍  നീന്തിത്തുടിക്കുന്ന നിറപ്പകിട്ടാര്‍ന്ന കടല്‍ മത്സ്യങ്ങളെ കാണാന്‍ കഴിഞ്ഞു.ബോട്ട് ഡ്രൈവര്‍ എറിഞ്ഞു കൊടുക്കുന്ന തീറ്റയെടുക്കാന്‍ കൂട്ടമായെത്തുന്ന വര്‍ണ്ണ മത്സ്യങ്ങളെ കണ്ടു കൊണ്ട് ഏകദേശം ഇരുപത് മിനിറ്റ് യാത്ര ചെയ്ത് ആമകളുടെ ദ്വീപിലെത്തി.ഒരു കാലത്ത് നിരവധി ആമകളെ ഇവിടെയുള്ളവര്‍ കൊന്നു തിന്നിരുന്നു എന്നും അതിനുള്ള പ്രായശ്ചിത്തമായി ഇപ്പോള്‍ അവരെ പരിരക്ഷിക്കുവാനായി ഒരു ദ്വീപ്‌ തന്നെ നീക്കി വച്ചിരിക്കുകയാണെന്നും അഗൂസ് വിശദീകരിച്ചു.കഴിഞ്ഞ ദിവസം ഉബൂഡ് യാത്രയ്ക്കിടയിൽ പന്നികളുടെ പടമുള്ള നിരവധി  ബോർഡുകൾ വഴിയോരങ്ങളിൽ കണ്ടപ്പോൾ ബാലിക്കാരുടെ ഇഷ്ട ഭക്ഷണമായ പന്നിയിറച്ചി കിട്ടുന്ന സ്ഥലങ്ങളാണതൊക്കെ എന്ന് അഗൂ പറഞ്ഞിരുന്നു,ഇക്കണക്കിന് കുറച്ചു നാൾ കഴിയുമ്പോൾ ഏതെങ്കിലും ഒരു ദ്വീപിൽ സ്ഥലമുണ്ടാക്കി ഇവർ പന്നി സംരക്ഷണം തുടങ്ങാനിടയുണ്ടെന്നു തോന്നി. നീലക്കടലിലേക്ക് തള്ളി നില്‍ക്കുന്ന ആമ ദ്വീപില്‍ ആമകളെ കൂടാതെ ഇഗ്വാന,പെരുമ്പാമ്പ്‌ ,പൂച്ചകള്‍, കോഴികള്‍ ഇവയെ എല്ലാം കൂട്ടിലിട്ട് സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

                                ആമയും ഇഗ്വാനയും             


                                            തഞ്ചുംഗ് ബെനോആ ബീച്ച് 
 
കാഴ്ച്ചക്കാരുടെ കൌതുകത്തിനായി അവിടെ സ്ഥാപിച്ചിരുന്ന ഒരു ഭീമന്‍ ആമ പ്രതിമ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.അതിന്‍റെ മുകളിലും,മുമ്പിലും,വശങ്ങളിലും നിന്നും,ഇരുന്നും ചിത്രങ്ങളെടുക്കാന്‍ എല്ലാവര്‍ക്കും വളരെ ഉത്സാഹമായി.ടാങ്കുകളിലെ ജലത്തില്‍ നീന്തുന്ന ഭീമന്‍ ആമകളെയും,ആമക്കുഞ്ഞുങ്ങളെയും കണ്ടുകൊണ്ട് നടന്നെത്തിയത് ശീതളപാനീയങ്ങളും പലഹാരങ്ങളും വില്‍ക്കുന്ന ഒരു കടയിലേക്കാണ്.കടയോട് ചേര്‍ന്ന് ബാലനീസ് സംഗീതോപകരണമായ ഗ്യാമലിനും,താള വാദ്യങ്ങളും കണ്ടതോടെ ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സംഗീത പ്രേമികള്‍  വാദ്യങ്ങളില്‍ കൈ വച്ചു തുടങ്ങി. തൃശൂര്‍പൂരത്തെ അനുസ്മരിപ്പിച്ച ആ പ്രകടനം അവിടെയുണ്ടായിരുന്ന സകലരോടുമൊപ്പം  ആമകളും ആസ്വദിച്ചിരിക്കാം.


        ഗ്യാമലിൻ -ബാലനീസ് സംഗീതോപകരണം 

ഉലുവത്ത് ക്ഷേത്രം

     ആമദ്വീപില്‍ നിന്ന് തിരിച്ച് തഞ്ചുംഗ് ബെനോആ   ബീച്ചിലെത്തുമ്പോള്‍ ഉച്ചഭക്ഷണത്തിനുള്ള സമയം ആയിട്ടുണ്ടായിരുന്നില്ല. എല്ലാവരും  വെറുതെ ഇരുന്നും ഫോട്ടോ എടുത്തും കടല്‍ നോക്കിയും നേരം കളഞ്ഞു.വെയിലേറ്റ് പരവശരായിരുന്ന ഞങ്ങള്‍ക്ക് ഭക്ഷണ കൌണ്ടറുകള്‍ തുറന്നപ്പോള്‍ സന്തോഷമായി.ബിരിയാണിയും,പാനി പൂരിയും ദോശയും,ഗുലാബ് ജാമും  ഒക്കെയായിരുന്നു വിഭവങ്ങളെങ്കിലും പലര്‍ക്കും ആഹാരം അത്ര ബോധിച്ചതായി  തോന്നിയില്ല.ഏതായാലും വിശപ്പടങ്ങിയതോടെ  എല്ലാവരും ബസില്‍ കയറി അടുത്ത സ്ഥലമായ ഉലുവത്ത് ക്ഷേത്രം കാണാന്‍ തയ്യാറായിരുന്നു.

ബാലിയുടെ തെക്കേ അറ്റത്തുള്ള ഒരു ക്ളിഫിനരികെ സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് ഉലുവത്.”ഉലു” എന്നാല്‍ അറ്റം (End) എന്നും “വത് “ എന്നാല്‍ “കല്ല്‌” എന്നും അര്‍ത്ഥം .“ദംഗ് യംഗ് നിരര്‍ത്ഥ”, “ദംഗ് യംഗ് നിരോഷ ,“ പ്രാണശക്തി വവ്വ്രൌ, എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന പുരോഹിതനാണ് പതിനാറാം നൂറ്റാണ്ടില്‍  ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നു പറയപ്പെടുന്നു.അദ്ദേഹം അക്കാലത്ത് ഇവിടെ വന്ന് ധ്യാനത്തിലിരിക്കുമ്പോള്‍ ഒരു പ്രകാശം കണ്ടുവെന്നും അങ്ങനെ ക്ഷേത്രം നിര്‍മ്മിക്കുകയാണുണ്ടായതെന്നും അഗൂസ് വിശദീകരിച്ചു. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിച്ച് സ്വര്‍ണ്ണം വെള്ളി,ഇരുമ്പ്,ചെമ്പ് ,വജ്രം ഇവ ഊര്‍ജ്ജ സ്രോതസ്സായി കുഴിച്ചിട്ടതിനു ശേഷമാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ദുഷ്ട ശക്തികളില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ സാധിക്കുമെന്നും അവിടത്തുകാര്‍ വിശ്വസിക്കുന്നുവത്രേ. ബാലനീസ് വസ്ത്രധാരണവും ,അധികാരികളുടെ അനുവാദവും ഉണ്ടെങ്കില്‍ മാത്രമേ “രുദ്ര” സങ്കൽപ്പമുള്ള ഈ  ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാൻ സാധിക്കൂ,അതാണ് അവിടത്തെ രീതി.പാറക്കെട്ടിനു മുകളിലുള്ള ക്ഷേത്ര സമീപത്തേക്ക് പോകണമെങ്കിലും അരയില്‍ ഒരു തുണി കെട്ടേണ്ടതുണ്ട് അത് അവിടെനിന്ന് തരും.അത് കെട്ടിക്കൊണ്ട് മരച്ചാര്‍ത്തുകള്‍ക്കിടയിലൂടെ പടവുകള്‍  കയറി ഞങ്ങള്‍ ക്ളിഫിലേക്ക് നടന്നു. ഇന്ത്യന്‍ മഹാസമുദ്ര തീരത്ത് തള്ളി നില്‍ക്കുന്ന വലിയ ഒരു പാറയുടെ മുകളിലാണ് ക്ഷേത്രമെന്നതിനാല്‍ മനോഹരമായ ദൃശ്യമാണ് അവിടെ നമുക്ക് ലഭിക്കുന്നത്. ഉച്ച സൂര്യന്‍റെ തീഷ്ണ കിരണ പ്രഭയിൽ തന്‍റെ തിരമാലകളാൽ കരയെ വെള്ളിപ്പാദസരം  അണിയിച്ചിരുന്ന കടുംനീല സമുദ്രം അതീവ സുന്ദരമായി കാണപ്പെട്ടു. ഉത്സവ സമയത്ത് മാത്രം മുഴക്കുന്ന “കുള്‍ കുള്‍” എന്ന തടി കൊണ്ടുള്ള ഒരു മണിയും, ക്ഷേത്ര സങ്കേതത്തിനടുത്ത് നിന്ന് സമുദ്ര തീരത്തേക്ക്  നീണ്ടു പോകുന്ന ഒരു വാക്ക് വേയും അവിടെ കാണാന്‍ കഴിഞ്ഞു. അങ്ങ് ദൂരെ വനമദ്ധ്യത്തില്‍ സമുദ്രത്തെയും ,ക്ഷേത്രത്തെയും നോക്കി നില്‍ക്കുന്ന രീതിയില്‍ ‘ദംഗ് യംഗ് നിരോഷയുടെ’ ഒരു പൂര്‍ണ്ണകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് കാണാമായിരുന്നു . വനമേഖലയും,ക്ഷേത്ര പരിസരവും അക്രമാസക്തരും, ഉപദ്രവകാരികളുമായ വാനരപ്പടയുടെ വിഹാരകേന്ദ്രമായതിനാല്‍ കണ്ണടയും,തൊപ്പിയും, മൊബൈല്‍ ഫോണുകളും മറ്റ് സാധനങ്ങളും സൂക്ഷിച്ചു കൊള്ളണമെന്ന മുന്നറിയിപ്പ് ബസില്‍ നിന്നിറങ്ങും മുന്‍പ് തന്നെ അഗൂസ് നല്‍കിയിരുന്നു.പക്ഷേ ക്ളിഫില്‍ എത്തുന്നത് വരെ വാനരന്മാരെ കാണാത്തിനാല്‍ എല്ലാവരും സുഖമായി ഫോട്ടോയെടുപ്പും മറ്റുമായി രസിച്ചു നില്‍ക്കുകയായിരുന്നു.അതിനിടയില്‍ മരച്ചില്ലയിലൂടെ കുരങ്ങച്ചന്മാര്‍ ഓരോരുത്തരായി വന്ന് തങ്ങളുടെ അഭ്യാസങ്ങള്‍ ആരംഭിച്ചു തുടങ്ങിയിരുന്നു .ഒന്നു രണ്ട് പേരുടെ കണ്ണടയും,ഒരാളുടെ തൊപ്പിയും അവര്‍ തട്ടിയെടുത്തു.ഒരാളുടെ കണ്ണട മുഖത്ത് വച്ചു നോക്കിയിട്ട് തൃപ്തിയാകാതെ ഒരിടി കൊടുത്ത് അതൊന്ന് റിപ്പയര്‍ ചെയ്യാനും ശ്രമിച്ചു.ക്ഷേത്ര സൂക്ഷിപ്പുകാരന്‍റെ ഇടപെടലിലൂടെ സാധനങ്ങള്‍ എല്ലാവര്‍ക്കും തിരികെ കിട്ടിയതോടെ ഇനി കൂടുതൽ  സമയം അവിടെ നില്‍ക്കുന്നത് പന്തിയാകില്ലെന്ന് കണ്ട് എല്ലാവരും ബസ് ലക്ഷ്യമാക്കി നടന്നു. ചടങ്ങിന്‍റെ ഭാഗമായി അരയില്‍ കെട്ടിയിരുന്ന തുണി എല്ലാവരും അവിടെ ഒരു നിര്‍ദ്ദിഷ്ട സ്ഥലത്ത് അഴിച്ചു വച്ചു.


                           ഉലുവത് ക്ഷേത്രം 


പ്രാണശക്തി വവ്വ്രൌ-പുരോഹിതൻ 


 ഉലുവത് ക്ഷേത്ര സമീപത്തുള്ള  ക്ലിഫ് 


ഗരുഡ വിഷ്ണു കഞ്ചന ടെമ്പിള്‍- G W K

     ഏകദേശം പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ വരെ ദൃശ്യമാകുന്ന 125 മീറ്ററോളം ഉയരം വരുന്ന ഗരുഡാരൂഢനായ   മഹാവിഷ്ണുവിന്‍റെ ഭീമാകാരമായ പ്രതിമ കാണുന്നതിനായിട്ടാണ് വാനരന്മാരെ വിട്ട് ഞങ്ങള്‍ പോയത്. ചെമ്പും ,ഓടും കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ഈ ശില്‍പ്പത്തിന്‍റെ നിര്‍മ്മാണം 1996 ല്‍ ആരംഭിച്ച് 2018 കാലഘട്ടത്തില്‍ പൂര്‍ത്തീകരിക്കുകയാണുണ്ടായത്. ടിക്കറ്റ് എടുത്തതിനു ശേഷം നിരവധി പടികള്‍ കയറി മുകളിലെത്തുമ്പോള്‍  പൂര്‍ത്തീകരിക്കാത്ത ഒരു വിഷ്ണു ശില്‍പ്പവും,കുറച്ചകലെ  മാറി കൊക്ക് പിളര്‍ന്നു നില്‍ക്കുന്ന വലിയ ഗരുഡ ശില്‍പ്പവും ,അതിനുമപ്പുറം ദൂരെയായി ഉയരത്തില്‍ ഗരുഡവിഷ്ണു ശില്‍പ്പവും കാണാം.ശില്‍പ്പത്തില്‍ കിരീടവും മാലയുമൊക്കെ സ്വര്‍ണ്ണം പൂശിയിരുന്നതിനാലായിരിക്കാം ഇതിനെ “ഗരുഡവിഷ്ണു കഞ്ചന ടെമ്പിള്‍” എന്ന് വിളിക്കുന്നത്, കുറച്ചു ബുദ്ധിമുട്ടിയാൽ മലമുകളിലുള്ള ശിൽപ്പത്തിന്‍റെ  വളരെ അടുത്തു വരെ നടന്നു പോകാന്‍ സാധിക്കും.,ശിൽപ്പ ചാതുര്യത്തിന്‍റെ മകുടോദാഹരണവും   അസാമാന്യ വലിപ്പവുമുള്ള ഗംഭീരങ്ങളായ    ശിൽപ്പങ്ങൾക്ക് സമീപത്ത് നിന്ന് പടിയിറങ്ങി വരുമ്പോൾ  തിരിഞ്ഞു നോക്കാതിരിക്കാൻ  കഴിഞ്ഞില്ല.


                   ഗരുഡാരൂഢനായ മഹാവിഷ്ണു


                 ഗരുഡ ശിൽപ്പം 


                പൂര്‍ത്തീകരിക്കാത്ത ഒരു വിഷ്ണു ശില്‍പ്പം 

ക്ഷേത്രത്തിന്‍റെ പ്രവേശന  കവാടത്തിനരികിലുണ്ടായിരുന്ന    ആംഫിതീയറ്ററിൽ  നിന്ന്  മധുരമായ  വാദ്യസംഗീതം  കേട്ടപ്പോൾ പൊറ്റക്കാട് സാർ അദ്ദേഹത്തിന്‍റെ യാത്രാ വിവരണത്തിൽ ക്ഷേത്രത്തിൽ നിന്നൊഴുകി വന്ന മധുരമായ  ഗ്യാമലിന്‍ സംഗീതത്തെ പറ്റി വർണ്ണീച്ചതാണ്  ഓർമ്മ വന്നത് . തീയറ്ററിനുള്ളിലേക്ക് കയറി ചെന്നപ്പോൾ മിനുമിനുത്ത വേഷഭൂഷകളണിഞ്ഞ സുന്ദരിയായ ഒരു ബാലനീസ് നര്‍ത്തകി തല പ്രത്യേക രീതിയില്‍ ചലിപ്പിച്ച് ഗ്യാമലിന്‍ സംഗീതത്തിനൊപ്പം ചുവടുവച്ചു കൊണ്ട് അരങ്ങിലേക്ക് വരുന്നതാണ് കണ്ടത് .കുറച്ചു കഴിഞ്ഞപ്പോൾ അവര്‍ കാണികളുടെ ഇടയിലേക്ക് വന്ന് പലരെയും കൂടെ നൃത്തം ചെയ്യാന്‍ ക്ഷണിച്ചു തുടങ്ങി .


                        ആംഫി തീയറ്ററിലെ  നർത്തകി 

അപ്പോഴേക്കും മറ്റൊരു സുന്ദരി നര്‍ത്തകിയും അരങ്ങിലെത്തി അവരും ഇത് പോലെ നൃത്തം ചെയ്ത് ചെയ്ത് കാണികളെയും കൊണ്ട് സ്റ്റേജിലേക്ക് പോയി നൃത്തം തുടർന്നു . കാണികളും ഒട്ടും മോശമായിരുന്നില്ല,ഞങ്ങളുടെ ഗ്രൂപ്പിലെ ഒരു വനിതയെയും അവര്‍ നൃത്തം ചെയ്യാന്‍ പിടികൂടിയപ്പോൾ ഞങ്ങൾ ആവേശത്തോടെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു .കുറച്ചു നേരത്തെ ആസ്വാദനത്തിന് ശേഷം എല്ലാവരും മടക്ക യാത്രയ്ക്കൊരുങ്ങി  .


                വഴിവക്കിലെ ഗീതോപദേശ ശിൽപ്പം 

എവിടെ ചെന്നാലും എല്ലാവര്‍ക്കും ഒരുപോലെ താത്പര്യമുള്ള  കാര്യമാണല്ലോ ഷോപ്പിംഗ്‌, അതറിയാവുന്ന ഞങ്ങളുടെ യാത്രാ സൂത്രധാരന്മാര്‍ ‘കുട്ട’ ഏരിയയിലുള്ള ‘കൃഷ്ണ ഷോപ്പിംഗ്‌ മാളി’ലേക്കാണ് പിന്നീട്  ഞങ്ങളെ കൊണ്ടു വന്നത് .കടക്കാര്‍ എല്ലാവര്‍ക്കും ഒരു അടയാളം ചാര്‍ത്തി കടയ്ക്കുള്ളിലേക്ക് ആനയിച്ചു.അവശ്യ സാധനങ്ങളുടെയും ആര്‍ഭാട വസ്തുക്കളുടെയും, കൌതുക വസ്തുക്കളുടെയും വലിയൊരു ശേഖരം തന്നെ അവിടെ ഉണ്ടായിരുന്നു.നാട്ടിലേക്ക് കൊണ്ടു  പോകുന്നതിനും ബന്ധു മിത്രാദികൾക്ക് സമ്മാനിക്കുന്നതിനും ഒക്കെയായി  എല്ലാവരും  ധാരാളം  സാധനങ്ങള്‍ അവിടെ നിന്ന് വാങ്ങി . പക്ഷേ  കാഷ് കൌണ്ടറില്‍ ചെന്നപ്പോഴാണ് വിഷയം കുഴഞ്ഞത്.അവിടെ ഡോളര്‍ സ്വീകരിക്കില്ല, ബാലനീസ് കറന്‍സിയായ റുപ്പയ തന്നെ വേണം,എന്നാല്‍ റുപ്പയ  കയ്യിലില്ലാത്തവർ  ഇന്റര്‍ നാഷണല്‍ ട്രാന്‍സാക്ഷന്‍ ആക്ടിവേറ്റ് ചെയ്ത നമ്മുടെ പല പ്രമുഖ ബാങ്കുകളുടെയും ഡെബിറ്റ് കാര്‍ഡുകള്‍ കൊടുത്ത് നോക്കി  ഒന്നും ശരിയായില്ല. അതോടെ വാങ്ങിയ സാധനം തിരികെ കൊടുത്ത് മടങ്ങാന്‍ തുടങ്ങുമ്പോള്‍ സ്വീകാര്യമായ ബാങ്ക് കാര്‍ഡുടമകളായ   സുഹൃത്തുക്കൾ സഹായത്തിനെത്തിയത് കൊണ്ട് എടുത്ത  സാധനം വീട്ടിൽ കൊണ്ട് വരാൻ  സാധിച്ചു .ഷോപ്പിംഗ് സന്തോഷം പരസ്പരം പങ്ക് വച്ച് കൊണ്ട്  സ്ഥിരം ഭക്ഷണ ശാലയായ ക്യൂന്‍സില്‍ കയറി ഡിന്നര്‍ കഴിച്ച് എല്ലാവരും മുറിയിലേക്ക് പോയി.

- നന്ദ - 09/03/2023


(തുടർന്ന് വായിക്കുക ,"ബാലി ക്ഷേത്രങ്ങളുടെ നാട് " at Link to Part 04 )