തിരുപ്പതി
ബാലാജിയുടെ നാട്ടില്‍
-നന്ദ-
തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്ര
ദര്‍ശനം കഴിഞ്ഞ് സമീപ പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന കുറേ ക്ഷേത്രങ്ങള്‍ കൂടി
കാണുവാനുള്ള ഒരു പദ്ധതി ഞങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. അതില്‍ ഒരു പ്രധാനപ്പെട്ട
ക്ഷേത്രമായിരുന്നു കാളഹസ്തി ശിവക്ഷേത്രം,പക്ഷേ അവിടെ ദര്‍ശനം നടത്തിയാല്‍ തിരികെ സ്വഗൃഹത്തിലേക്ക്
തന്നെ മടങ്ങണമെന്നൊരു പ്രമാണമുണ്ട്. ഞങ്ങളുടെ
യാത്രാ പരിപാടിയില്‍ മറ്റു പല സ്ഥലങ്ങളും കൂടി സന്ദര്‍ശിക്കുവാന്‍ ഉദ്ദേശമുണ്ടായിരുന്നത് കൊണ്ട്
തത്കാലം കാളഹസ്തി യാത്ര ഒഴിവാക്കുവാന്‍ തീരുമാനിച്ചു.
അടുത്ത ദിവസം പ്രഭാതത്തിൽ പതിവ് സ്ഥലമായ സാരംഗില്‍ നിന്ന് പ്രാതല്‍
കഴിച്ചിട്ട് അയ്യപ്പ ഭക്തനായ മണിച്ചേട്ടന്റെ ഇന്നോവയിൽ “ഗോഗര്‍ഭ” ഡാമിനരികില്‍ കൂടി ചിറ്റൂര്‍
ജില്ലയില്‍ തന്നെയുള്ള വേണുഗോപാല സ്വാമി ക്ഷേത്രം കാണുന്നതിനായി പത്തു മണിയോടെ യാത്ര തിരിച്ചു. അഞ്ചു നിമിഷം കൊണ്ട് ക്ഷേത്രത്തിലെത്തി. കുറേയധികം സൂവനീര്‍
കടക്കള്‍ക്കിടയിലൂടെ നടന്നെത്തിയത് വൃക്ഷങ്ങള്‍ തണല്‍ വിരിച്ചു നിന്ന ഒരു ചെറിയ ക്ഷേത്രത്തിന്റെ
മുന്‍വശത്തേക്കാണ്. പ്രധാന പ്രതിഷ്ഠയായ വേണുഗോപാലസ്വാമിയെ കൂടാതെ ഒരു സങ്കടമോചന ഹനുമാന് കൂടി അവിടെയുണ്ടായിരുന്നു .
ശ്രീകോവിലിനു പുറത്ത് അങ്ങിങ്ങ് മരത്തിന് ചുറ്റും കെട്ടിയ തറയില്‍ ഓരോരുത്തര് സന്യാസി വേഷം ധരിച്ച് അനുഗ്രഹം കൊടുത്ത് ദക്ഷിണ വാങ്ങുന്നത് കാണാമായിരുന്നു, ഒരു സ്ഥലം ഒഴിഞ്ഞു കിടക്കുന്നത് കണ്ടപ്പോള്‍ നമ്മളാരെങ്കിലും അവിടെപ്പോയി മുന്നില്‍ ഒരു പട്ടും
വിരിച്ചിരുന്നാല്‍ ദക്ഷിണ കിട്ടുമെന്ന് പറഞ്ഞ് എല്ലാവരും കൂടി ചിരിച്ചു. പുതിയ പുതിയ പ്രതിഷ്ഠകളും ,വഞ്ചിപ്പെട്ടികളും
സ്ഥാപിച്ച് വരുമാനം ഉണ്ടാക്കുന്ന ഒരു പ്രവണത ഇക്കാലത്ത് പൊതുവേ പല ആരാധനാലയങ്ങളിലും കണ്ടു
വരുന്നുണ്ടല്ലോ . ദര്‍ശനം കഴിഞ്ഞ് പ്രസാദം കിട്ടിയപ്പോള്‍ അതില്‍ ഒരു ഇല കൂടി ഉണ്ടായിരുന്നു. അത്
കഴിച്ചാല്‍ അമരത്വം ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. അതറിഞ്ഞതോടെ ആ ഇല കഴിച്ച് എല്ലാവരും അമരത്വം നേടിയതായി കരുതി സന്തോഷിച്ചു !!!എന്തെങ്കിലും ഔഷധ ഗുണം
ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള പ്രസ്തുത വൃക്ഷം പിന്നീടുള്ള യാത്രയില്‍ പലയിടത്തും
കാണുവാന്‍ കഴിഞ്ഞു.
വേണുഗോപാല സ്വാമി ക്ഷേത്രം
വേണുഗോപാല ക്ഷേത്രത്തില്‍ നിന്ന് അഞ്ചു
കി മീ യാത്ര ചെയ്താല്‍ ‘ആകാശഗംഗ’യിലെത്താം. ധാരാളം പടിക്കെട്ടുകള്‍ കയറിയിറങ്ങി
വേണം ആകാശഗംഗയ്ക്കടുത്തെത്താന്‍. ചുറ്റോടു ചുറ്റും വനപ്രദേശമാണ്. ധാരാളം സന്ദര്‍ശകര്‍
എത്തിയിരുന്ന അവിടെ ഒരു ഹനുമാന് ക്ഷേത്രവുമുണ്ട്.
‘പെരിയ
തിരുമലനമ്പി” എന്ന ഒരു വെങ്കടേശ്വര ഭക്തന് പണ്ട് കാലത്ത് തന്റെ വീട്ടില്‍ നിന്ന്
വളരെ അകലെയുള്ള ‘പാപ വിനാശനം’ എന്ന സ്ഥലത്ത് വന്ന് സ്വാമിയ്ക്ക് സേവ ചെയ്യുവാനായി
വെള്ളം കൊണ്ടു വരിക പതിവായിരുന്നു. വളരെ പ്രായമായിക്കഴിഞ്ഞും അദ്ദേഹം ഈ പതിവ് തുടര്‍ന്നു
പോന്നു . ഒരിക്കല്‍ ഇപ്രകാരം വെള്ളവുമായ വന്ന അദ്ദേഹത്തെ ഒരു വേടന് തടഞ്ഞു നിര്‍ത്തി
വെള്ളം അയാള്‍ക്ക് കൊടുക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ സ്വാമിയുടെ പൂജയ്ക്കുള്ള
വെള്ളം കൊടുക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞു കൊണ്ട് നമ്പി പോകാന്‍ തുടങ്ങുമ്പോള്‍
വേടന് ഒരു അമ്പ് എയ്ത് കുടത്തില്‍ ദ്വാരമുണ്ടാക്കി വെള്ളം കുടിച്ചു. വിഷമത്തിലായ
നമ്പി വീണ്ടും വെള്ളമെടുക്കാന്‍ പാപവിനാശത്തേക്ക് തിരിച്ചു. അപ്പോള്‍ വേടന് തന്റെ
അമ്പെടുത്ത് തൊട്ടടുത്തുള്ള അഞ്ജനാദ്രിയിലേക്ക് തൊടുക്കുകയും അവിടെ നിന്നും നല്ല ഒന്നാംതരം
വെള്ളം ഒഴുകി വരികയും ചെയ്തുവത്രെ . ഒന്നും മനസ്സിലാകാതെ അത്ഭുത പരതന്ത്രനായി നിന്ന നമ്പിയോട്,
വേഷം മാറി വേടന്റെ രൂപത്തിൽ വന്ന സാക്ഷാല്‍ വെങ്കടേശ്വര സ്വാമി സ്വരൂപം കൈക്കൊണ്ടിട്ട് “ ഇനിമേല്‍
എനിക്കുള്ള ജലം ഇവിടെ നിന്നും എടുത്താല്‍ മതി,അങ്ങേക്ക് വാര്‍ദ്ധക്യം ആയല്ലോ’
എന്ന് പറഞ്ഞിട്ട് മറഞ്ഞു. ആ പ്രവാഹമാണ് ആകാശഗംഗയായി ഇന്ന് നാം കാണുന്നത്.
ആകാശഗംഗ
ആകാശഗംഗയ്ക്ക് സമീപമുള്ള വനപ്രദേശം
ഹനുമാൻ ക്ഷേത്ര ദർശനം കഴിഞ്ഞ് നിന്ന് തിരിച്ചു പടിക്കെട്ടുകള്‍ കയറുമ്പോള്‍ മുന്‍പ് പറഞ്ഞ ‘അമരത്വ’ വൃക്ഷങ്ങള്‍
അവിടെയൊക്കെ നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞു. കുറച്ച് ഇലകള്‍ ശേഖരിച്ച് നാട്ടില്‍
മറ്റുള്ളവര്‍ക്ക് കൊണ്ടു കൊടുക്കാമെന്ന് കരുതി നോക്കുമ്പോള്‍ കയ്യെത്തുന്ന പൊക്കത്തില്‍ ഒരില പോലും
കാണാന്‍ പറ്റിയില്ല, അങ്ങനെ ചുളുവിനാരും അമരന്മാരകണ്ടാ എന്നായിരിക്കാം ദൈവഹിതം . ആകാശ ഗംഗ
കണ്ടതിനു ശേഷം ‘നമ്പി’ ആദ്യം ജലമെടുത്തിരുന്ന പാപവിനാശനം കാണുവാനായി പോകുമ്പോള്‍
ഒരു ടോള്‍ ഗേറ്റ് കണ്ടു. വെങ്കടേശ്വര വൈല്‍ഡ് ലൈഫ് സാങ്ക്ച്വറിയുടെ ആ പ്രവേശന കവാടത്തിൽ മുപ്പതു രൂപ ടോള്‍ കൊടുത്തു വേണം അകത്തേക്ക് പ്രവേശിക്കാൻ . സാമാന്യം
ചെറിയ ഒരു വനപ്രദേശത്ത് കൂടി മൂന്ന് കി മീ ദൂരം ചെന്നപ്പോള്‍ പാപവിനാശനം ഗംഗാദേവി
ക്ഷേത്രത്തിനടുത്തുള്ള കവാടത്തിനരികിലെത്തി. മരങ്ങള്‍ കുട പിടിച്ചു നില്ക്കുന്ന വഴിയിലൂടെ
കുറച്ചു ദൂരം നടന്ന് പാപവിനാശനം ഗംഗാദേവി ക്ഷേത്രത്തിനടുത്തേക്ക് പോകുമ്പോള്‍ വഴിയ്ക്കിരുവശങ്ങളിലും ധാരാളം കച്ചവടക്കാരെയും , സന്ദര്‍ശകര്‍ക്ക് വെങ്കിടേശ്വര സ്വാമിയുടെ ഗോപി ചാര്‍ത്തി
കൊടുത്ത് കാശ് വാങ്ങുന്നവരെയും ഒക്കെ കാണാമായിരുന്നു. പത്തു രൂപയോ മറ്റോ കൊടുത്ത്
ഞാനും ഒരു ഗോപിക്കുറി ചാര്‍ത്തിയെടുത്തു. പാപവിനാശന ദര്‍ശനം കഴിഞ്ഞ് ഞങ്ങള്‍
തിരുമലയിലേക്ക് മടങ്ങി.
പാപവിനാശനം ഗംഗാദേവി ക്ഷേത്രം
തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രം
ഉണ്ടാവുന്നതിനു മുന്‍പ് മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹമൂര്‍ത്തി വാഹനമായ
ഗരുഡനോടൊപ്പം പുഷ്ക്കരിണി തീര്‍ത്ഥത്തിന്റെ പടിഞ്ഞാറേക്കരയില്‍ കിഴക്കോട്ട് ദര്‍ശനമായി
ഇരുന്നുവെന്നാണ് ഐതീഹ്യം. ആ ക്ഷേത്രം കാണുവാനാണ് പിന്നീട് പോയത്. ഉച്ച സമയമായിട്ടും തുറന്നിരുന്ന
ക്ഷേത്രത്തില്‍ വളരെ നല്ല തിരക്കുണ്ടായിരുന്നു. തിരക്കിനിടയിലൂടെ വരാഹസ്വാമി ദര്‍ശനം നടത്താൻ കഴിഞ്ഞ സന്തോഷത്തോടെ ഞങ്ങള്‍ ഉച്ചഭക്ഷണം കഴിക്കുവാൻ പോയി .
വരാഹസ്വാമി ക്ഷേത്രം
വരാഹസ്വാമി ക്ഷേത്രം
സാരംഗ് ഹോട്ടലിന്റെ ബ്രാന്‍ഡ് അംബാസഡര്‍
ആണെന്നത് പോലെ മണിച്ചേട്ടന് ഞങ്ങളെ ഊണ്
കഴിക്കാന്‍ അങ്ങോട്ട് തന്നെ കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും എല്ലാവരും കൂടി വേറെ
സ്ഥലത്ത് പോകണമെന്ന് വാശി പിടിച്ചു. അവസാനം ശ്രീനിവാസം എന്നൊരു ഹോട്ടലില്‍ പോയി
ആഹാരം കഴിച്ചു. റേറ്റ് കുറവായിരുന്നെങ്കിലും സാരംഗിലെ ഭക്ഷണത്തിന്റെ സ്വാദ് അവിടെ
കിട്ടിയില്ല എന്നതായിരുന്നു സത്യം. അപ്പോഴാണ് മണിച്ചേട്ടന്റെ വില മനസ്സിലായത്.
ബാലാജി ക്ഷേത്രത്തിനു സ്വന്തമായി വലിയ
ഉദ്യാനം ഉണ്ടെന്നും അവിടെ നിന്നുള്ള പൂക്കളാണ് പൂജയ്ക്ക് എടുക്കുന്നതെന്നും, അതൊക്കെ
ഒന്നു കാണേണ്ടതാണെന്നും, മുൻപ് പല തവണ ആ സ്ഥലത്ത് പോയിട്ടുള്ള രമ പറഞ്ഞു. അതുകൊണ്ട് ഉച്ചഭക്ഷണം കഴിഞ്ഞ് തിരുപ്പതി ദേവന്റെ ഉദ്യാനം കാണുവാനിറങ്ങി. ക്ഷേത്ര
പരിസരങ്ങളില്‍ നിറയെ പൂക്കള്‍ വിരിഞ്ഞു നില്ക്കുന്ന ഉദ്യാനക്കാഴ്ച്ചകള്‍ മനസ്സില്‍
നിറച്ചു കൊണ്ടാണ് ഇറങ്ങിയത്. പക്ഷെ മുന്‍പുണ്ടായിരുന്ന പല ഉദ്യാനങ്ങളും സമീപ കാലത്ത് ഫ്ലാറ്റുകളും ഹോട്ടലുകളുമായി മാറിപ്പോയതായി കണ്ടപ്പോള്‍ വലിയ നിരാശ തോന്നി. വനങ്ങളും, കുന്നുകളും
ഒക്കെയായി ധാരാളം സ്ഥലം ലഭ്യമായിട്ടുള്ള ഇവിടെ ഉദ്യാനങ്ങള്‍ നശിപ്പിക്കാതെ
പരിരക്ഷിക്കാമായിരുന്നു എന്നാണ് തോന്നിയത്. സന്ദര്‍ശകര്‍ക്ക് താമസ്സിക്കാന്‍ സൗകര്യം
വേണ്ടെന്നല്ല , പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടാകണം വികസനം എന്നേ ഉദ്ദേശിക്കുന്നുള്ളൂ.
രമ മുന്‍പ് വന്നിരുന്ന സമയത്ത് ഉദ്യാനങ്ങള്‍ കണ്ടിരുന്ന പലസ്ഥലത്തും ഞങ്ങള്‍
കാറില്‍ കറങ്ങി, തോട്ടങ്ങളില്‍ ഉണ്ടായിരുന്ന
ശില്പ്പങ്ങള് പലതും റോഡരികില്‍ ഇരിക്കുന്നതായി കണ്ടു. പൂക്കള്‍ ഇഷ്ടപ്പെടുന്ന
എന്നെ പൂന്തോട്ടം കാണിക്കാന്‍ പറ്റാത്തതിന്റെ സങ്കടമായിരുന്നു രമയ്ക്ക്, ഒടുവില്‍ പേരിനൊരു
സ്ഥലം കണ്ടു പിടിച്ചു. കണ്ണഞ്ചിപ്പിക്കുന്ന
ദൃശ്യ വിസ്മയമൊന്നും അവകാശപ്പെടുവാനില്ലാത്ത ഒരു ചെറിയ ഉദ്യാനം. വാനരന്മാര്
വിഹരിച്ചിരുന്ന അവിടെ അല്‍പ്പനേരം ചിലവഴിച്ചു. അവര്‍ മരക്കൊമ്പുകളിലും ഞങ്ങള്‍
സിമന്റ് ബഞ്ചുകളിലും പരസ്പരം നോക്കിയിരുന്നു. ഉദ്യാനക്കാഴ്ച്ചകളില്‍ നിന്ന്
മടങ്ങിയ ഞങ്ങള്‍ വീണ്ടും വെങ്കടേശ്വര ക്ഷേത്രത്തിലേക്ക് പോയി.
തിരുപ്പതി ഉദ്യാനം
രമ വൈകിട്ട് ക്ഷേത്രത്തില്‍ ‘സഹസ്ര
ദീപാലങ്കാര സേവ’ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. നാലര മണിയോടെ അവിടെയെത്തിയപ്പോള്‍
സ്വാമിയെ ഒരു മഞ്ചലില്‍ ആഘോഷമായി അലങ്കരിച്ച് കുടകളും ആരവവുമായി എഴുന്നള്ളിച്ചു
കൊണ്ട് വരുന്നത് കണ്ടു. ഒരു പന്തലിന് മുന്നിലുള്ള വലിയ സ്റ്റേജില്‍ നിറയെ ദീപങ്ങള്‍
കത്തിച്ചു വച്ചിട്ടുണ്ടായിരുന്നു , ഒത്ത മദ്ധ്യത്ത് അലങ്കരിച്ച വലിയ ഒരു ഊഞ്ഞാലും ഉണ്ട്. മഞ്ചലില്‍
നിന്ന് സ്വാമിയെ ഊഞ്ഞാലില്‍ ഇരുത്തിയിട്ട് പൂജാരിമാര്‍ അത് മെല്ലെ തൊട്ടില്
ആട്ടുന്നത് പോലെ ആട്ടാന്‍ തുടങ്ങി, ഒപ്പം നാഗസ്വര മേളവും ഉണ്ടായിരുന്നു. ദീപങ്ങള്‍
കത്തിച്ചു വച്ചിരിക്കുന്നത് ദീപാലങ്കാര സേവയും സ്വാമിയെ ഊഞ്ഞാലാട്ടുന്നത് ‘ഊഞ്ഞാല സേവ’ യുമാണെന്ന് രമ പറഞ്ഞു തന്നു . ഭക്തര്‍ക്ക് എല്ലാം മുന്‍കൂട്ടി ബുക്ക്
ചെയ്യാവുന്നതാണ്. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ നാഗസ്വര മേളം അവസാനിപ്പിച്ചിട്ട് കര്‍ണ്ണാടക സംഗീത കീര്‍ത്തന ആലാപനം തുടങ്ങി.
ഊഞ്ഞാലസേവ
അര മണിക്കൂര്‍
കൊണ്ട് സേവ അവസാനിക്കുകയും സ്വാമിയെ വീണ്ടും മഞ്ചലില്‍ ഇരുത്തി ക്ഷേത്ര പ്രദിക്ഷണം
തുടങ്ങുകയും ചെയ്തു. എല്ലാവരും സ്വാമിയുടെ കൂടെ പ്രദിക്ഷണം വയ്ക്കാന്‍ പോകുമ്പോള്‍
ഞങ്ങളും കൂട്ടത്തില്‍ കൂടി. .!!.സ്വാമി എഴുന്നള്ളുമ്പോള്‍ മുന്നില്‍ എത്രയോ പേര്
ദീപങ്ങളും കാഴ്ച്ചകളും ഒക്കെയായി സ്വീകരിക്കാന്‍ നില്‍ക്കുന്നത് കാണാമായിരുന്നു. ഓരോ
സ്വീകരണ സ്ഥലത്തും നിര്‍ത്തി ആരതിയും മറ്റും കഴിഞ്ഞ് മേളവും, ദീപങ്ങങ്ങളും
നാമജപങ്ങളുമായുള്ള ആ എഴുന്നള്ളത്ത് അവിസ്മരണീയ കാഴ്ചയാണ് . ഭഗവാനെ അനുഗമിച്ചു നടക്കുമ്പോള്‍ എഴുന്നള്ളത്തിന്റെ
ഭാഗമായ ഒരു കൂടാരം വലിക്കുവാന്‍ ഞങ്ങള്‍ക്കും ഭാഗ്യം കിട്ടി. അവസരം
കിട്ടിയ ഞങ്ങള്‍ സസന്തോഷം കൂടാരം കുറച്ചു നേരം വലിച്ചു കൊണ്ടു നടന്നു. അല്‍പ്പ സമയം
കഴിഞ്ഞപ്പോള്‍ ബന്ധപ്പെട്ടവര്‍ മതിയെന്നു പറയുകയും ഉടനെ തന്നെ അതിന് പ്രതിഫലം ചോദിക്കുകയും ചെയ്തു ,
ഇവിടെയൊക്കെ എല്ലാം ഇങ്ങനെയാണ് എന്തിനും ഏതിനും പണം പണം!!ഒരു പ്രദിക്ഷണം പൂര്‍ത്തിയായപ്പോള്‍
സ്വാമിയെ ഉള്ളിലേക്ക് എഴുന്നെള്ളിച്ചു കൊണ്ട് പോയി.
ശ്രീനിവാസ സ്വാമിയുടെ ക്ഷേത്ര പ്രദിക്ഷണം
സഹസ്ര ദീപാലങ്കാര സേവ ചെയ്യുന്നവര്‍ക്ക്
ലഡ്ഡു കിട്ടുമെന്ന് അറിഞ്ഞു കൊണ്ട് ഞങ്ങള്‍ ലഡ്ഡു കൌണ്ടറിലേക്ക് പോയി. പക്ഷെ അവിടെ
കമ്പ്യൂട്ടറില്‍ നോക്കിയിട്ട് ഞങ്ങള്‍ ദര്‍ശനം നടത്താഞ്ഞത് കൊണ്ട് ലഡ്ഡു ലഭിക്കില്ലെന്ന് അവര്‍ അറിയിച്ചു. കഴിഞ്ഞ
ദിവസത്തെ ക്യൂ നില്‍പ്പും തിരക്കും ഞങ്ങളെ ദര്‍ശനം നടത്തുന്നതില്‍ നിന്ന്
പിന്തിരിപ്പിച്ചിരുന്നു. സേവ ബുക്ക് ചെയ്തവര്‍ക്ക് സ്പെഷ്യല്‍ ദര്‍ശനം
കിട്ടുമായിരുന്നു എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു, അത് പറഞ്ഞു തരാന്‍ അവിടെ
ആരും ഒട്ടില്ലായിരുന്നു താനും, നിര്‍ദ്ദേശങ്ങള്‍ എഴുതിയ ഫലകങ്ങളും ഇല്ല. ഇത്രയും
ജനങ്ങള്‍ ദര്‍ശനം നടത്തുന്ന ഇത്ര മഹത്തായ ഒരു ക്ഷേത്രത്തില്‍ ഇതൊക്കെ വേണ്ടതല്ലേ,
എന്തുകൊണ്ട് എല്ലാ ബോര്‍ഡുകളും തെലുങ്കില്‍ മാത്രം എഴുതിവയ്ക്കുന്നു? ഭിന്ന
ദേശക്കാരായ ആളുകള്‍ എത്രയോ പേരാണ് അവിടെയെത്തുന്നത് , എല്ലാവരും തെലുങ്ക്
അറിയുന്നവരാണോ, ദേവസ്ഥാനം ഇതൊക്കെ ഒന്ന് ശ്രദ്ധിച്ച് സൗകര്യ പ്രദമായി കാര്യങ്ങള്‍
ക്രമീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നാണ് പറയാനുള്ളത്. ധനത്തിന്
യാതൊരു കുറവില്ല , വിഭവങ്ങളുണ്ട് ചെയ്യുവാന്‍ ആളുകള്‍ ഉണ്ട്, പിന്നെ ആളുകള്‍ക്ക്
ബുദ്ധിമുട്ടില്ലാതെ കാര്യങ്ങള്‍ ചെയ്തു കൊടുത്താല്‍ എന്താണ് കുഴപ്പം? വളരെ
പ്രയാസമേറിയ കാര്യമാണ് മാനേജ്മെന്റ് എന്നത്, ഒരുപാട് നൂലാമാലകളും പ്രതിസന്ധികളും
ഒക്കെയുണ്ടാകും, ശ്രീനിവാസ സ്വാമിയുടെ കൃപാകടാക്ഷങ്ങള്‍ കൊണ്ട് ഇതെല്ലാം
ദൂരികരിച്ച് ഭക്തര്‍ക്ക് ദുരിതങ്ങളില്ലാതെ ദര്‍ശനം നടത്താന്‍ അവസരമുണ്ടാക്കാന്‍
ദേവസ്ഥാനത്തിനു കഴിയട്ടെ, അതിനുള്ള ഭാഗ്യം ഭക്തര്‍ക്കും ലഭിക്കട്ടെ
എന്നാശംസിക്കുന്നു.
26/11/2019 .
തുടര്‍ന്ന് വായിക്കുക --- പത്മാവതി അമ്മവാരു നാട്.....
Good to read and know the stories behind and yes all of them has a lot of inner meaning! Also got a feel of places missed! Presented with humor and sense nice work!
മറുപടിഇല്ലാതാക്കൂഅടുത്ത ഭാഗവും വായിച്ചു. അന്യ സംസ്ഥാനങ്ങളിലെ സംസ്ക്കാരങ്ങളും ആചാരങ്ങളും കൂടി ഇതിലൂടെ അറിയാൻ സാധിച്ചു. ഒപ്പം പുതിയ പുതിയ ഒരോ അറിവുകളും . അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു.
മറുപടിഇല്ലാതാക്കൂ