2018, ഫെബ്രുവരി 2, വെള്ളിയാഴ്‌ച

ഒരുമ
നന്ദ -
കരിയിലക്കൂനതന്നടിയില്‍ തങ്ങി

ചേനതന്‍ തണ്ടിന്‍റെ ചിത്രമോലും

ഉടലാകെ വര്‍ത്തുളത്തിരികയാക്കി

തലനീട്ടി വാഴുന്നുരഗശ്രേഷ്ഠന്‍ !
     
            കലപിലയോടിര തേടിയെത്തി
     
      കരിയില നിറമുള്ള കിളികളപ്പോള്‍

പലതും ചിലച്ചവര്‍ പരതീടവേ

പറവയുടെ കാലില്‍ പിടിച്ചിടുന്നൂ

പതിയെ പതുങ്ങുന്ന പാമ്പ് വേഗം

ഭയമേറി കുതറിയാപ്പക്ഷിയപ്പോള്‍

കരയുന്നതു കേട്ടു കൂട്ടരെത്തി !                 

ചങ്ങാതിയല്ലാതങ്ങാരു വേറെ

ഇങ്ങനൊരാപത്തു നേരിടാനായ്

കൂട്ടായാപ്പക്ഷികള്‍ ചീറിയാര്‍ത്തൂ,

കൊത്തി മുറിക്കുന്നു പന്നഗത്തെ

പുളയുമാ പാമ്പിന്‍റെ വേദനയില്‍

പിടിവിട്ടു വേഗം പറന്നു പക്ഷി.

ഉടല്‍ നീറിയോടിയ പാമ്പതിനെ

മറയാതെ പക്ഷികളാഞ്ഞു കൊത്തി

ചലനം നിലച്ചവന്‍ ചത്തു വീണു

ചടുലം ചാലിച്ചവര്‍ നൃത്തമാടി

ഒത്തിരി വമ്പനാം പാമ്പിനാമോ

ഒത്തൊരുമ കാണ്‍കെ ചെറുത്തു നില്‍ക്കാന്‍

യന്ത്രങ്ങളായിത്തീര്‍ന്നൊരീ മനുഷ്യര്‍

മന്ത്രം പഠിക്കേണം -ജന്തുതന്ത്രം !



5 അഭിപ്രായങ്ങൾ: