2018 നവംബർ 23, വെള്ളിയാഴ്‌ച


മന്ദസ്മിതം
                                                   -നന്ദ-
മാധവ ചൊല്ലൂ ഒരിക്കലൊരിക്കലും മായില്ലേ നിന്‍ മന്ദഹാസം?
ആവുന്നതില്ലെനിക്കല്‍പ്പം തെളിച്ചിടാന്‍ മന്ദസ്മിതം പോലുമെന്നില്‍!
ദു:ഖങ്ങള്‍ പേറിയും നീറിയും നിത്യവും മങ്ങുന്നിതെന്‍ മനമാകെ
ജീവിതപ്പാതകള്‍ തന്നിലൂടീ യാത്ര വേണ്ടെന്നു തന്നെ തോന്നുന്നു.
ഗാണ്ഡിവ ധാരിയാം അര്‍ജ്ജുനന്‍ താനല്ലോ ഞാനെന്ന മാനവന്‍,കേള്‍ക്കൂ
കുണ്‍ഠിതം മാത്രമെന്‍ ജീവിതപ്പാതയില്‍  മുള്ളുകളായ് കണ്ടിടുന്നൂ
നേര്‍ക്കുനേര്‍ നില്‍ക്കുന്നതാരൊക്കെയാണെന്നു നോക്കുക കേശവാവേശം
പോര്‍ക്കളം പോലുള്ള ജീവിതമെത്രമേല്‍ ദുസ്സഹം ഞാനറിയുന്നു
ഒന്നെനിക്കിപ്പോഴറിയേണമച്യുതാ എങ്ങിനെ നിന്‍റെയീ ദു:ഖം
തിരമാലകള്‍ക്കൊപ്പമാടുന്നു നീയിതാ കളിവഞ്ചിയെന്നപോലെന്നും
കാരാഗൃഹത്തിന്‍റെ ഭിത്തികള്‍ക്കുള്ളില്‍ പിറക്കേണ്ടിവന്നെങ്കിലപ്പോള്‍
പോകേണ്ടി വന്നില്ലേ പെറ്റമ്മയെ വിട്ടിട്ടമ്പാടിയില്‍ തന്നെ വേഗം ?
പിന്നെയും ശൈശവം നോക്കാതെ നിന്നെ ഹനിക്കുവാനെന്തവര്‍ ചെയ്തൂ?
അക്രൂര പൂതനമാരെയുമൊക്കെ അയച്ചില്ലേ മാതുലന്‍ പോലും ?
ബാല്യത്തിലന്ന് നീ കാലിയേം മേച്ചു കാളിയമര്‍ദ്ദനമാടി
ലീലയായ് ചെയ്തിട്ടു കൂട്ടരുമൊത്തു നടന്നതുമോര്‍ക്കുവതില്ലേ ?
രാജ്യ ഭാരത്തിന്‍റെ യൌവ്വനനാളതില്‍ പ്രേയസി രാധയെ കഷ്ടം
ശോകത്തിലാഴ്ത്തി നീ എങ്ങിനെയെപ്പൊഴോ പോയിയെവിടെയെന്‍ കണ്ണാ?
ദൂതും ചതിയും രണവുമതെല്ലാം അറിഞ്ഞു നീയെങ്കിലും ഓര്‍ക്കൂ
ആയുധമെന്യേ ചിരിതൂകി പാര്‍ത്ഥനെ നന്നായ് നയിച്ചതുമില്ലേ!
മായയോ യോഗ സാമര്‍ത്ഥ്യമതാകുമോ നീയറിഞ്ഞെല്ലാമതെന്നാല്‍
നിലകൊണ്ടവസാനമമ്പിന്‍റെ തുമ്പിലും സന്താപലേശമില്ലാതെ
യാദവ വംശമതൊക്കെയും നിന്നുടെ രാജ്യമാം  ദ്വാരക പോലും  
ചിന്നിച്ചിതറി നശിച്ചതങ്ങാഴി തന്‍ ആഴത്തില്‍ പോയതുമില്ലേ?
എല്ലാ ദു:ഖങ്ങളും  നിന്നിലടങ്ങി ആ കണ്ണീര്‍ മണിമാല തന്നെ
എങ്ങനെ ചൊല്ലുക കണ്ണാ നീയപ്പൊഴേ സുന്ദര പ്പൂമാലയാക്കീ
കേവല വൈഷമ്യ വേളയില്‍ തളരുന്നു മാനവലോകമിതെന്നും  
ഖേദത്താല്‍ ഗാണ്ഡിവം കൈവിട്ട് വീഴുന്നു തേരിതില്‍ കാണുന്നതീലേ? .
       

2018 ഓഗസ്റ്റ് 30, വ്യാഴാഴ്‌ച



                        ഓലപ്പാമ്പ്
                                             -നന്ദ-
വടക്കന്‍ കേരളത്തില്‍ ശിവപുരമെന്നു പേരായി ഒരുഗ്രാമം ഉണ്ടായിരുന്നു.
അവിടെ ചിര പുരാതനമായൊരു ശിവ ക്ഷേത്രവും,ക്ഷേത്രത്തിനു കിഴക്കു
ഭാഗത്തായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പടുകൂറ്റനൊരാല്‍ മരവുമുണ്ട്.
വെയിലേറ്റു തളര്‍ന്നു വരുന്ന പഥികര്‍ക്ക് തണലേകി ആശ്വസിപ്പിക്കുന്നതി- ലുള്ള സന്തോഷം പ്രകടമാക്കും വിധം ആ അരയാല്‍ മരം എപ്പോഴും തന്‍റെ ആയിരമായിരം  ഇലകളുമിളക്കി നിന്നിരുന്നു..അവിടെ നിന്നും അധികം ദൂരെയല്ലാതെ വലിയ ഒരു കാവും കാവിനടുത്തുള്ള ചെമ്മണ്‍ പാതക്കരികില്‍ ഒരു പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ശിവപുരം പോലീസ് സ്റ്റേഷനും കാണാമായിരുന്നു.സ്റ്റേഷന്‍ പരിസരത്ത് ഒരു ചെറിയ പീടിക നടത്തുന്നയാളാണ് ശിവരാമപിള്ളച്ചേട്ടന്‍..കടുപ്പമുള്ളതും ഇല്ലാത്തതും,വിത്തും വിത്തൌട്ട്മായ എല്ലാത്തരം ചായകളും അത്യാവശ്യം പലഹാരങ്ങളും സര്‍ബത്ത്, സിഗരറ്റ്, മുറുക്കാന്‍
തുടങ്ങി അത്യാവശ്യം വേണ്ട  ഒരു വിധം എല്ലാ  സാധനങ്ങളും അവിടെ ലഭ്യമാണ്.സ്റ്റേഷന്‍ പരിസരമായതിനാല്‍ നിയമപാലകരും പല ആവശ്യങ്ങള്‍ക്കായി പോലീസ് സ്റ്റേഷനില്‍ വരുന്നവരും പൈദാഹങ്ങളകറ്റുവാന്‍ ചേട്ടനെത്തന്നെയാണാശ്രയിക്കുന്നത്.തന്‍റെ കസ്റ്ററ്റമേഴ്സിനായി കടയില്‍ ഒരു ട്രാന്‍സിസ്റ്റെര്‍ റേഡിയോയും ചേട്ടന്‍ കരുതിയിട്ടുണ്ടായിരുന്നു.ആകാശവാണിയുടെ ചലച്ചിത്ര ഗാന മാധുര്യം നുണഞ്ഞു ‘വിത്തൌട്ട്’ കാരും വാര്‍ത്തകളുടെ ഗൌരവമറിഞ്ഞു ‘സ്ട്രോങ്ങ’ന്മാരും സംതൃപ്തിയോടെ കടയില്‍ നിന്നു ചായ കുടിച്ചു പോന്നു.
    പെട്ടെന്നാണൊരു ദിവസം കപ്പമാങ്ങയടര്‍ന്നു വീഴുന്നതു പോലെയൊരു ഹര്‍ത്താല്‍ പൊട്ടി വീണു .പിള്ളച്ചേട്ടന്‍റെ പീടികയിലെ കണ്ണാടിപ്പെട്ടിയിലിരിക്കുന്ന വടയും ബോണ്ടയും ഉണ്ണിയപ്പവുമൊക്കെ നൂലു പാകാന്‍ ആ ഒരു ദിവസം തികച്ചും പര്യാപ്തമായിരുന്നു.എങ്കിലും ചേട്ടന്‍ പീടികയുടെ മുന്‍ വാതിലടച്ചു പിന്‍ വാതിലിലൂടെ ഏമാന്മാര്‍ക്കുള്ള ചായയും പലഹാരങ്ങളും എത്തിച്ചു കൊടുത്തു.അനന്തരം മറ്റു പണികളൊന്നുമില്ലാത്തതിനാല്‍ പ്രകൃതി സ്നേഹിയായ ടിയാന്‍ അവിടെയാകെയൊന്നു ചുറ്റി നടക്കാന്‍ തീരുമാനിച്ചു .സ്റ്റേഷന്‍ പരിസരത്ത് പെരുവഴിയോരത്ത് ധാരാളം വാഹനങ്ങള്‍ പലേ കാരണങ്ങളാല്‍  കാലങ്ങളായി പോലീസുകാര്‍ പിടിച്ചിട്ടിട്ടുണ്ട്.അവകാശികള്‍ വരാതിരുന്നതിനാലോ വന്നിട്ടും കാര്യങ്ങള്‍ ശരിയാകാതിരുന്നതിനാലോ വര്‍ഷങ്ങളായി അവ തലങ്ങും വിലങ്ങുമായി കിടക്കുകയാണ്.വള്ളിപ്പടര്‍പ്പുകളാലും കുറ്റിച്ചെടികളാലും കാട്ടുപൂക്കളാലും അലങ്കരിക്കപ്പെട്ട ആ പഴഞ്ചന്‍ വാഹനങ്ങള്‍  ഒരു ഘോഷ യാത്രക്കെന്നപോലെ ഒരുങ്ങി നിരന്നു കിടക്കുകയാണ്.പിള്ളച്ചേട്ടന്‍റെ പദ വിന്യാസം കേട്ടിട്ടായിരിക്കാം വാഹന ങ്ങള്‍ക്കിടയില്‍ നിന്ന് ചില
2
പരക്കം പാച്ചിലുകളും ഹ്സ് ഹ്സ് ശബ്ദങ്ങളും കേട്ടു  തുടങ്ങി. നാളുകളായി തങ്ങള്‍ കയ്യടക്കി വച്ചിരിക്കുന്ന സാമ്രാജ്യത്തിലേക്ക് അന്യന്‍റെ കടന്നു കയറ്റത്തിലുള്ള അമര്‍ഷമാകാം പ്രകൃതിയുടെ മക്കള്‍ പുറപ്പെടുവിച്ച ആ പ്രതിഷേധ ശബ്ദങ്ങള്‍. എന്തായിരിക്കാം കുറ്റിക്കാടുകള്‍ക്കിടയിലെ ആ അടക്കം പറച്ചിലുകള്‍ ? ചേട്ടന്‍റെ ഉള്ളിലെ ബാല്യം തലപൊക്കി ..പാത്തും പതുങ്ങിയും ചെവിയോര്‍ത്തും കാടിനുള്ളിലെ ഉള്ളുകള്ളികളറിയാന്‍ അദ്ദേഹം വ്യഗ്രത പൂണ്ടു .വളരെ നേരം ശ്രമം തുടര്‍ന്നിട്ടും കാട്ടിലെ കൂട്ടുകാരെ കണ്ടു പിടിക്കുവാനാകാതെ അയാള്‍ നിരാശനായി .വെയിലിനു കാഠിന്യമേറിയതോടെ അറിയുവാനുള്ള ത്വര ഉപേക്ഷിച്ചു ചേട്ടന്‍ തന്‍റെ പീടികയിലേക്ക്‌ മടങ്ങി .
    വിജനവും നിശബ്ദവുമായ ആ അന്തരീക്ഷത്തില്‍ കരുതി വച്ചിരുന്ന അല്‍പം മദ്യം സേവിച്ചിട്ടു പീടികയ്ക്കുള്ളില്‍ കിടന്ന് ആ സാധു അറിയാതെ ഒന്ന് മയങ്ങിപ്പോയി .മയക്കത്തിനിടയില്‍ അദ്ദേഹത്തിന്റെ മസ്തിഷ്ക്കത്തിന്‍റെ എഴുപത് എം എം തിരശീലയിലേക്ക് സ്റ്റേഷന്‍ പരിസരത്ത് ഒടിഞ്ഞും ദ്രവിച്ചും ഒക്കെ കിടന്നിരുന്ന വാഹനങ്ങളും അവയുടെ ഉള്ളിലെ അന്തേവാസികളും ഓരോരുത്തരായി രംഗ പ്രവേശം ചെയ്യുകയായി .അവരുടെ സംഭാഷണങ്ങളും കദന കഥകളും ഒരു താരാട്ടു പാട്ടു  പോലെ കേട്ടുകൊണ്ട് ചേട്ടന്‍ കൂര്‍ക്കം വലിച്ചുറക്കമായി .    
         പോസ്റ്റിനടുത്തെത്തിയ നായ നില്‍ക്കും പോലെ പിന്‍ ചക്രങ്ങളിലൊന്നു നഷ്ടപ്പെട്ടു  ചെരിഞ്ഞു നില്‍ക്കുന്ന ഒരു ഓട്ടോറിക്ഷയാണ്  ആദ്യം അരങ്ങത്തെത്തിയത്.ആരുടെയോ ശല്യം സഹിക്കാഞ്ഞിട്ടെന്നവണ്ണം ഓട്ടോ റിക്ഷയുടെ വിണ്ട് കീറിയ സീറ്റില്‍ കയറി തല പൊക്കി നിന്ന് പരിഭവിക്കുകയാണ് ഒരു ഓന്തമ്മ. ഓന്തമ്മയുടെ പ്രസംഗം ഒരധിക പ്രസംഗത്തിലേക്കു അതിര് കടന്നപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന മഞ്ഞപ്പെയിന്‍റ്ടിച്ച മിനി ലോറിയില്‍ നിന്ന് ഒരു മഞ്ഞച്ചേര ഇറങ്ങി വന്നു..പരക്കെ നടക്കുന്നവരാണെങ്കിലും പതുങ്ങിയിരിക്കാനിടം കിട്ടിയതില്‍ പിന്നെ മറ്റുള്ള ആരുടേയും തലയില്‍ കയറാന്‍ പോയിട്ടില്ലെന്ന് ലോറിയില്‍ നിന്ന് തൂങ്ങിക്കിടന്നുകൊണ്ട് ചേര അറിയിച്ചു.ചേരയുടെ വാക്കുകള്‍ കേട്ടിട്ട് ക്ഷുഭിതയായ ഓന്തമ്മ ചുവന്നു തുടുത്തു തലയുo പെരുപ്പിച്ചു നില്‍പ്പായി.അതോടെ മണവാളന്‍ ചേര ‘മിനി’ക്കുള്ളിലേക്ക് വലിഞ്ഞു.
    വര്‍ഷങ്ങളായി ചിട്ടിക്കമ്പനിയുടെ ബ്രാന്‍ഡ്‌ അമ്പാസഡര്‍ പദവിയലങ്കരിച്ചുപോന്ന പെരുച്ചാഴി അപ്പോഴാണ്‌ സ്ഥിതി ഗതികളറിയാന്‍ തന്‍റെ തുരുമ്പിച്ച അമ്പാസിഡര്‍ കാറില്‍ നിന്ന് പുറത്തേക്ക് എത്തി നോക്കിയത്. കാറിന്‍റെ സ്റ്റിയറിംഗ് വളയത്തില്‍ ഓടിക്കളിക്കുന്ന കുഞ്ഞുങ്ങളെ ശാസിച്ചു കൊണ്ട് പെരുച്ചാഴിയും മരയോന്തും കൂടി മനുഷ്യരുടെ വന നശീകരണത്തെപ്പറ്റി ഘോര ഘോരം പ്രസംഗിച്ചു തുടങ്ങി.. അരിച്ചു കയറാന്‍ പുസ്തകമോ വിറകോ ഓലപ്പുരയോ ഒന്നും
3             
ബാക്കി വയ്ക്കാതെ കംപ്യൂട്ടറും ഗ്യാസ് അടുപ്പും മട്ടുപ്പാവും ഒക്കെ പ്രയോഗത്തില്‍ വരുത്തിയ മനുഷ്യന്‍റെ കൊടും ക്രൂരതയെ അപലപിച്ചു കൊണ്ട് ഒരു പറ്റം ചിതലുകളും അവിടെയെത്തി. മഞ്ഞച്ചേരയും  കുടുംബവും താമസിച്ചിരുന്ന മിനി ലോറിയില്‍ നിന്ന് വീണു കിട്ടിയ തടി ക്കഷണങ്ങളാണിപ്പോഴവരുടെ ആസ്ഥാനം.താമസിയാതെ ചില തീറ്റ പ്രിയന്മാര്‍ അതും തിന്നൊടുക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ഇരുമ്പ് പ്ലാസ്റ്റിക്‌ തുടങ്ങിയവ കാര്‍ന്നരിച്ച് തിന്നുവാന്‍ വേണ്ട കൃത്രിമാവയവങ്ങള്‍ ഇറക്കുമതി ചെയ്യുവാനുദ്ദേശിക്കുന്നതായും ചിതലുകള്‍ അറിയിച്ചു..പരിസ്ഥിതി പ്രശ്നം ഇത്രയും കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ തങ്ങളെ ഇതൊന്നും ബാധിക്കുന്നില്ലെന്ന മട്ടില്‍ ഛ്ല്‍ ഛ്ല്‍ എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട് ഒരു അണ്ണാറക്കണ്ണന്‍ സംഘം അതുവഴി ഓടിപ്പോയി. ചര്‍ച്ചയില്‍ പങ്കെടുക്കാതെ എട്ടുകാലികള്‍ അവരവരുടെ വലകളില്‍ ഒതുങ്ങിക്കിടന്നു.കാട്ടിലോ മേട്ടിലോ എവിടെയായാലും സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുവാന്‍ വേണ്ട സാമര്‍ത്ഥ്യം ഉണ്ടെന്ന  ധാര്‍ഷ്ട്യത്തോടെ അവര്‍ സ്വ സൃഷ്ടികളായ ചിത്ര വലകളില്‍ മൌനമായി ആടിത്തൂങ്ങി കിടന്നു. മേല്‍പ്പാലങ്ങളിലൂടെ കടന്നു പോകുന്ന റെയില്‍ വണ്ടികളെ അനുസ്മരിപ്പിക്കും വിധം കുറെ കറുത്ത അട്ടകള്‍  ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ബമ്പറുകളിലൂടെയും കണ്ണാടിക്കാലുകളിലൂടെയും ഇഴഞ്ഞു പോകുന്നത് കാണാമായിരുന്നു. പഴുതാരകളും മറ്റു ചെറു ജീവികളും തലങ്ങും വിലങ്ങും ഇഴഞ്ഞും ചാടിയുമൊക്കെ വാഹനങ്ങള്‍ക്കകത്തും പുറത്തുമായി പരതി നടക്കുന്നുണ്ടായിരുന്നു.ഈ വിധം  ജീവികളുടെ തങ്ങളുടെ മേലുള്ള അതിക്രമം അതിര് വിടുന്നതായി തോന്നിയപ്പോള്‍ വാഹനങ്ങളും സംസാരിച്ചു തുടങ്ങി.ഓരോരുത്തരായി അവരവരുടെ നഷ്ട പ്രതാപ കാലവും യൌവ്വനാവസ്ഥയും ഒക്കെ അനുസ്മരിച്ചു സംസാരിച്ചു തുടങ്ങി.എത്ര എത്ര വീ ഐ പി  കളെ എവിടെയെല്ലാം കൊണ്ട് പോയിരിക്കുന്നു,സുന്ദരനും നല്ലവനുമായ ഒരു മാര്‍ക്ക്‌ ഫോര്‍ അമ്പാസിഡര്‍ കാര്‍ തനിക്കീ ഗതി വന്നല്ലോ എന്ന് പരിതപിച്ചു. അന്നുണ്ടായിരുന്ന നിറവും മിനുസവുമെല്ലാം നഷ്ടപ്പെട്ട് വാന പ്രസ്ഥത്തിലായ കാറിനോട് സഹതാപം തോന്നിയെങ്കിലും താനും ആള്‍ക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിച്ചിരുന്നതില്‍ മോശക്കാരനല്ലയിരുന്നെന്നു മുടന്തനായ ഓട്ടോച്ചേട്ടനും വാദിച്ചു. തന്നെയുമല്ല കാറിനെപ്പോലെ കൂടുതല്‍ ചാര്‍ജ്ജും ഈടാക്കിയവരല്ല തങ്ങളെന്ന് നല്ലവനും ഇരു കാലിയുമായ ആ ‘മുച്ചക്രി’ അറിയിച്ചു. കുന്നോളം മണ്ണും കല്ലും ചുമന്നു നട്ടെല്ല് തകര്‍ന്ന മിനിയും എടുത്ത ചുമടിറക്കാനാകാതെ ടാര്‍പ്പാളിന്‍ പുതുച്ചു കിടക്കുന്ന ബെന്‍സ് ലോറിയും ഈ വമ്പു പറയല്‍ കേട്ട് പുച്ഛത്തില്‍ ചിരിക്കുകയാണ്. തങ്ങളെടുത്തതിന്‍റെ നൂറിലൊരംശം ഭാരം ഈ കാര്‍ ശകടമോ മുടന്തന്‍ ഓട്ടോയോ എടുത്തിരുന്നെങ്കില്‍ എന്നേ നിലം പൊത്തുമായിരുന്നു എന്നാണു ലോറി വര്‍ഗം ആക്ഷേപിക്കുന്നത്.എത്ര
                                                                                                4
എടുക്കുന്നു എന്നല്ല എന്തെടുക്കുന്നു എന്നതിലാണ് കാര്യം എന്നാണ് ഓട്ടോയും കാറും കൂടി കൂട്ടായി വാദിക്കുന്നത്. മണ്ണും കല്ലും ചാണകവും തുടങ്ങി ജഡ വസ്തുക്കളെയല്ല വലിയവരായ മനുഷ്യരെയാണ് തങ്ങള്‍ ചുമന്നതെന്നവര്‍ പറയുമ്പോഴേക്കും, ആ വലിയ മനുഷ്യന്‍ തന്നെയാണ് എല്ലാവരെയും ഈ നിലയിലാക്കിയതെന്നു ചുമട്ടുകാരായ ലോറിക്കൂട്ടം വെളിവാക്കിയതോടെ രംഗം നിശ്ശബ്ദമായി.. ഇതെല്ലാം കണ്ടും കേട്ടും ഭാഗ്യശ്രീ എന്ന ഹത ഭാഗ്യയായ ബസ് തേങ്ങലടക്കി കിടപ്പുണ്ടായിരുന്നു .മുമ്മൂന്നു പേര്‍ക്കിരിക്കാവുന്ന പതിനഞ്ചു കുഷന്‍ സീറ്റുകളും നിറയെ വൈദ്യുതി വിളക്കുകളും ഭഗവാന്‍റെ പടവുമെല്ലാം ഇപ്പോഴും സ്വന്തമായുള്ള ശ്രീ വിട്ടിട്ടില്ലാത്ത ഭാഗ്യശ്രീ ബസ് തന്‍റെ നല്ല നാളുകളെയോര്‍ത്തു മൌനം പാലിച്ചതേയുള്ളു.  അവളുടെ വലിയ ഹെഡ് ലൈറ്റ് കണ്ണുകള്‍ സങ്കടാശ്രുക്കളാല്‍ തിളങ്ങുന്നുവോ?അവളില്‍ നിന്നോ എന്തോ ഒരു തേങ്ങല്‍ ശബ്ദം ‘ശ് ശ് ശൂ ശൂ’. ശബ്ദത്തിനു കനം കൂടിക്കൂടി വരുന്നു.ബസിനകത്തു നിന്നെങ്ങാനും ഒരു രാജ വെമ്പാല ചീറ്റിക്കൊണ്ട് വരികയാണോ? ഒരു ‘കട്ട്’ നാറ്റവും അനുഭവപ്പെടുന്നുണ്ട്.
         കാലില്‍ എന്തോ ഒന്ന് സ്പര്‍ശിച്ചതു പോലെ പിള്ള ചേട്ടന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.’അയ്യോ പാമ്പേ പാമ്പേ ഓടി വരണെ’ എന്നലറി.കണ്ണ് തുറക്കുമ്പോഴല്ലേ ചേട്ടന്‍റെ സഹകുടിയന്‍ കുഞ്ഞമ്പു കള്ളടിച്ചു ലെവലില്ലാതെ  പത്തി വിടര്‍ത്തി നിന്നാടുകയാണ്. ആടിയാടി മിഴിച്ചു നിന്ന കുഞ്ഞമ്പു, ചേട്ടന്‍റെ പുറത്തേക്കു കുറച്ചു വിഷം ചീറ്റി- അല്ല കവിട്ടി നിലത്തു വീണു അയാളെ ചുറ്റി വരിഞ്ഞു മുറുക്കി .

2018 ജൂലൈ 30, തിങ്കളാഴ്‌ച


ചിന്ത
   -നന്ദ
ഒരുനേരമൊഴിയാതെ
നുരയുന്ന തിര പോലെ
ഉയരുന്നൊരായിരം
ചിന്താ തരംഗങ്ങള്‍
എന്നന്തരംഗത്തിലോര്‍ത്തീടുക.
ചിരകാലമായി ഞാന്‍
കരുതുന്നവയൊക്കെ
അതിരു വിടുന്നതി-
ന്നെതിരായ് കരുത്തോടെ
പൊരുതി ജയിക്കാനൊരുമ്പിടേണം.
പരതുന്നു പിന്നെയും
അകതാരില്‍ നുരയുന്നു
ആരോരുമറിയാത്ത
ഓരോരോ കാര്യങ്ങള്‍
ചിരമെന്ന പോലവേ.
കരയണഞ്ഞീടുന്ന
തിരമാലയൊടുവിലായ്
തിരിയുന്നു പിരിയുന്നു
തിരയുന്നു വരമേതോ
കരഗതമാക്കുവാന്‍ !
വരമത് നേടിയാല്‍
കരയുടെ കരങ്ങളില്‍
തിരിയെയത് നല്‍കവേ
കരയുന്നുവോ തിര
തീരം വിടുന്നേരം?
മോഹത്തിരമാല
മനതാരിലുയരുന്നു
നേരം തിരക്കാതെ
തിരിയെയത് പോകുന്നു,
എന്നില്‍ നിരാശ പടരുന്നു
ജീവിത സരണികളി-
ലൊഴിയാതെയേവരും
വേരുകളരിഞ്ഞു പോയ്‌
ചാരേയുഴലുന്നു
ആരില്‍ പഴി ചാരും?
കഴുതകളായി നാം
ചുമടുകള്‍ ചുമക്കുന്നു
ഒരു പഴുതുമില്ലാതെ
വഴി നടന്നീടുന്നു
ചുഴികളില്‍ വീഴുന്നു.
ഓളത്തിലൊഴുകുന്നു
പാഴ്ത്തടി പോലവേ
എവിടെയിതു നില്‍ക്കുമോ
ചുരുളിന്‍റെ പൊരുളതെ-
ന്താര്‍ക്കുമറിവീല.
ഇണ്ടല്‍ തന്‍ മാറാപ്പു
കൊണ്ടു നടക്കവേ
അവയൊക്കെ ഒഴിയാതെ
ഇഴയുന്നു കുഴയുന്നു
പാഴെന്നു നിത്യം പഴിച്ചിടുന്നു.
ചിന്തിച്ചു പോവുകി-
ലന്തമില്ലെന്തൊക്കെ
സ്വന്തം ഉണ്ടെങ്കിലും
വിധി വിഹിത മൊന്നുമേ
വഴിയതില്‍ തങ്ങുമോ?
സംഗമുപേക്ഷിക്കൂ
കാമം വഴിമാറും
ക്രോധ മോഹങ്ങള്‍ പോയ്‌
മറയുന്നുവെന്നതും
ശ്രീകൃഷ്ണനോതുന്നു.
മോഹഭംഗങ്ങളവ
ഒഴുകി ദൂരെപ്പോകെ
ബുദ്ധി പ്രജ്ഞാദികള്‍
തെളിവോടെ മിന്നുമെ-
ന്നറിയുക കൃത്യമായ്.
മന്ദമെന്‍ ചിന്തകള്‍
അണയുന്നു, തിരിയുന്നു
അന്തമില്ലാച്ചിന്ത-
യ്ക്കന്ത്യം കുറിക്കുവാന്‍
അന്ത:കരണമേ ശക്തി തരൂ !!!!   

2018 ജൂൺ 20, ബുധനാഴ്‌ച


അനിമല്‍ ഹസ്ബന്‍ട്രി
-നന്ദ-
   ഏറിയ പങ്കും സാമാന്യം ഭേദപ്പെട്ട സാമ്പത്തിക നിലവാരമുള്ള അയല്‍വാസികളാണ് ഞങ്ങളുടേത്-വിരലിലെണ്ണാവുന്ന ഒന്നോ രണ്ടോ വീട്ടുകാര്‍ മാത്രമാണ് അതില്‍ പെടാതെയുള്ളത്.എന്നാല്‍ അവരാകട്ടെ തങ്ങളാണിവിടത്തെ പ്രമാണിമാര്‍,എന്ന പത്രാസ്സ് കാട്ടി വീമ്പിളക്കി കൊണ്ടാണ് നടക്കുന്നത്.ഞങ്ങളുടെ തൊട്ടയല്‍ വീട്ടുകാര്‍ ഏതാണ്ട് ഈ രീതിയിലുള്ളവരായിരുന്നു. കോഴിക്കൂട് പോലൊരു വീടും അതില്‍ നിറയെ കുത്തി നിറച്ചത് പോലെ ആളുകളും. രാത്രിയില്‍ കൊച്ചു തിണ്ണയില്‍ വരെ പഴം പുഴുങ്ങി അടുക്കിയതു പോലെ ആള്‍ക്കാര്‍ ഉറങ്ങുന്നത് കാണാം, പക്ഷേ മട്ടും ഭാവവും കണ്ടാല്‍ ഇവരെ കഴിഞ്ഞേ ഇന്നാട്ടില്‍ മറ്റാരും ഉള്ളൂ എന്ന് തോന്നിപ്പോകും. എന്നാല്‍ ചിത്രപ്പണികള്‍ ചെയ്ത നാലു മതിലുകള്‍ക്കുള്ളില്‍ തലയെടുത്ത് നില്‍ക്കുന്ന ധനാഢ്യരുടെ മണി മന്ദിരങ്ങളിലാകട്ടെ താമസക്കാര്‍ ആരും തന്നെ ഉണ്ടായിരിക്കില്ല ഇനി അഥവാ ഉണ്ടായാല്‍ തന്നെ ഒരു മുത്തശ്ശനോ മുത്തശ്ശിയോ തുണക്കാരനൊപ്പം കഴിയുന്നുണ്ടായിരിക്കും,അത്ര തന്നെ.മറ്റു കുടുംബാംഗങ്ങള്‍ വിദേശത്തുള്ള ഇന്ദ്ര സഭകളില്‍ എവിടെ എങ്കിലുമായിരിക്കും. വീട്ടിനുള്ളില്‍ കഴിയുന്ന വന്ദ്യ വയോധികരാകട്ടെ കോട്ടമതിലുകള്‍ക്കുള്ളില്‍ വളര്‍ത്തു നായ്ക്കളുമായി കണ്ണുനീര്‍ ചാനലുകളില്‍ കണ്ണും നട്ട്  സ്വസ്ഥമായി കഴിയുന്നവരാണ്. സമയത്തും അസമയത്തും കൊറിച്ചും കഴിച്ചും ചീര്‍ത്തു വീര്‍ത്ത ശരീരവുമായി അവര്‍ സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതിയില്‍  കഴിഞ്ഞു വരുന്നു. അതുകൊണ്ട് തന്നെ മുന്‍ കാലങ്ങളിലെന്ന പോലെ ശക്തമായ അയല്‍ ബന്ധങ്ങളോ സൗഹൃദ സംഭാഷണങ്ങളോ നാട്ടുകാര്‍ തമ്മിലുണ്ടാകുന്നില്ല. നേരിട്ടുള്ള സംഭാഷണങ്ങളും വിശേഷങ്ങള്‍ പങ്കുവയ്ക്കലും ഇല്ലന്നേ ഉള്ളു , സ്വന്തം മട്ടുപ്പാവിലോ ജനാലകളിലോ ഏന്തി വലിഞ്ഞു കയറി ഒളിഞ്ഞും തെളിഞ്ഞും അയല്‍ പക്ക രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ചില വേതാളങ്ങളും, ആരെങ്കിലും നോക്കുന്നു എന്നു കണ്ടാല്‍  തല വലിക്കുന്ന ആമകളും റെസിഡന്‍സ് അസോസിയേഷനില്‍ പെടുന്നവരാണ്.എങ്കിലും സാധാരണ ഭവനങ്ങളില്‍ വളര്‍ത്തുന്ന കോഴിക്കൂട്ടങ്ങളും നായക്കുട്ടികളും അതിരുകള്‍ ലംഘിച്ചു തങ്ങളുടെ പൂര്‍വികരെപ്പോലെ അയല്‍ സമ്പര്‍ക്ക പാരമ്പര്യം കാത്തു സൂക്ഷിച്ചു പോന്നു. ഞങ്ങളുടെ തൊട്ടയല്‍ക്കാരനാകട്ടെ അദ്ദേഹത്തിന്‍റെ ഒരു ചെവി മതിലില്‍ സ്റ്റിക്കര്‍ പോലെ പതിപ്പിച്ചിരുന്നയാളാണ്. ഈ വീട്ടിലെ  ദൈനംദിന കാര്യങ്ങള്‍ പോലും കൃത്യമായി ശ്രദ്ധിച്ചിരുന്ന അദ്ദേഹം, കടം വീട്ടുന്നതിലേക്കായി സ്വഭവനം മറ്റൊരാള്‍ക്ക് വിറ്റു.അങ്ങനെ ആ കുടുംബം  അകലേക്ക്‌ പോയത് എന്തു കൊണ്ടും ആശ്വാസമാകുമെന്ന് ഞങ്ങള്‍ സമാധാനിച്ചു.വീട് വിട്ടു പോകുന്നതിനു മുന്‍പ് അദ്ദേഹത്തിന്‍റെ പൊതു പ്രവര്‍ത്തനങ്ങള്‍ മാനിച്ച് ഇവിടത്തെ  നാട്ടുകാര്‍ “ഡി ഡി ടി” എന്നോരോമാനപ്പേരു നല്‍കി ടിയാനെ  ആദരിച്ചിരുന്നു .പുതിയ താമസ സ്ഥലത്തും അദ്ദേഹം തന്‍റെ സ്റ്റിക്കര്‍ പരിപാടിയും പൊതുജന ‘സേവയും’ തുടരുന്നുണ്ടാകുമെന്നും പുതിയ പുതിയ ബഹുമതികള്‍ അദ്ദേഹത്തെ തേടി എത്തുമെന്നും ഞങ്ങള്‍ക്ക് പ്രത്യാശയുണ്ട്.
    ഒരു ശരാശരി കുടുംബത്തിനെ അയല്‍ക്കാര്‍ എത്രയധികം സ്വാധീനിക്കുമെന്ന് തൊട്ടടുത്തുള്ള ഈ ഒരു വീട് കൊണ്ടുതന്നെ ഞങ്ങള്‍ മനസ്സിലാക്കി.
    ഇന്നാകട്ടെ ആ വീട് നമ്മുടെ കഥാ പാത്രങ്ങളായ ഒരു “അണ്ണാക്കനും” കുടുംബവും വാടകക്കെടുത്തു ഒരു ‘പടക്ക നിര്‍മ്മാണ ശാല’ പോലെ നിലനിര്‍ത്തി വരികയാണ്.വളരെ ഉച്ചത്തില്‍ സംസാരിക്കുന്നതിനു ‘അണ്ണാക്ക് വലിച്ചു കീറുക’, എന്ന് നമ്മള്‍ പറയാറുണ്ടല്ലോ,ആ ഒരു സ്വഭാവ വിശേഷം അദ്ദേഹത്തിന് ഉള്ളതു കൊണ്ടും ശരിയായ പേര് അറിയാത്തതു കൊണ്ടും ഇങ്ങനെയൊരു നാമകരണം നടത്തുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും ഇങ്ങനെയൊരു കഴിവില്ലെന്നു മാത്രമല്ല വളര്‍ത്തു നായയായ മാളുവിന്‍റെ ഓരോ കുരയും ഈണത്തിലുള്ള ഒരു പാട്ട് പോലെയാണ് ശ്രോതാക്കള്‍ക്ക് അനുഭവപ്പെടുക.ദിനംപ്രതി എന്നവണ്ണം ആ കുര പുരോഗമിച്ചു അവസരത്തിനൊത്ത് ഭാവസാന്ദ്രമായി കുരയ്ക്കാന്‍ അവള്‍ പ്രാവീണ്യം നേടിയിരിക്കുന്നു. സമീപ വാസികളായ ആരുടെയെങ്കിലും സംഗീത സാധകം ഈ ഉയര്‍ച്ചക്ക് പിന്നിലുണ്ടോ എന്ന് കൂടി നമുക്ക് സംശയിക്കേണ്ടിയിരിക്കുന്നു.
    പ്രഭാത കൃത്യങ്ങളായ ദന്ത-ജിഹ്വാ ശുചീകരണത്തിനിടെയാണ് അണ്ണാക്കന്‍ തന്‍റെ അണ്ണാക്ക് ആദ്യമായി “ഓണാക്കുക.’ഈ പ്രക്രിയ നടക്കുമ്പോള്‍ അതിന്‍റെ ശ്രോതാക്കള്‍ക്കും പ്രേക്ഷകര്‍ക്കും തങ്ങള്‍  ബാല്യത്തില്‍ കുടിച്ച അമ്മിഞ്ഞപ്പാല്‍ വരെ കവിട്ടി സ്വന്തം ഉദര ശുചീകരണം നടത്താവുന്നതാണ്. ഇതിനെല്ലാം ദൃക്സാക്ഷിയായി മാളുവെന്ന സുന്ദരി തന്‍റെ വൃത്തിയുള്ള നാക്ക് പുറത്തേക്കു നീട്ടിയിട്ട്‌ ഇരിപ്പുണ്ടാകും. ഇടയ്ക്കു യജമാനന്‍ ഉണ്ടാക്കുന്ന ശബ്ദ കോലാഹലങ്ങളിലുള്ള തന്‍റെ വിയോജിപ്പ് അറിയിക്കുവാനെന്നതു പോലെ ചില മുക്കലുകളും,മൂളലുകളും അവള്‍ പുറപ്പെടുവിക്കുക പതിവാണ്. അലറിക്കൂകി വെളുപ്പിച്ച പല്ലും നാക്കുമായി ടാല്‍കം പൌഡര്‍ പൂശി തന്‍റെ പ്രവര്‍ത്തന മേഖലയിലേക്ക് ഊളിയിടുന്ന അണ്ണാക്കന്‍ പിന്നെ വൈകുന്നേരം,കൂട്ടുകാരൊന്നിച്ചു പാനം ചെയ്ത ‘തീര്‍ത്ഥ സുഗന്ധവു’മായിട്ടാണ് വീട്ടിലെത്തിച്ചേരുക.ദൂരത്തു നിന്ന് തന്നെ മാളുവിന്‍റെ  കുരവ സ്വീകരണമേറ്റു വാങ്ങിക്കൊണ്ട് വരുന്ന അദ്ദേഹം തന്‍റെ ശകടം വഴിയിലുപേക്ഷിച്ച് വീട്ടിനുള്ളിലേക്കിഴയും.”മോളേ മാളൂ അച്ഛന്‍ വന്നെടീ” എന്നും പറഞ്ഞു മിസ്സിസ് എത്തുമ്പോഴേക്കും ചാര്‍ജ് തീര്‍ന്ന മൊബൈല് പോലെ അയാള്‍ നിശ്ചലനായി കിടന്നു കഴിയും.
    മാളുവാകട്ടെ നവയൌവ്വനവും വന്നു നാള്‍ തോറും വളര്‍ന്നു ശരീര സൗന്ദര്യവും ശാരീര സൗകുമാര്യവും തികഞ്ഞ ഒരു ശ്വാന യുവതിയായി തീര്‍ന്നിരിക്കുകയാണ്.ലോക സുന്ദരികളുടേതു പോലെയുള്ള ഒതുങ്ങിയ അരക്കെട്ടും മാര്‍ജ്ജാര നയനങ്ങളും സമീപ വാസികളായ ശ്വാന തരുണന്മാരെ ചില്ലറയൊന്നുമല്ല അസ്വസ്ഥരാക്കുന്നത്.ആണികള്‍ തറച്ച നാലു മതിലുകള്‍ക്കുള്ളില്‍ തുടലുകളാല്‍ ബന്ധിതയായി ഒരു കൂടാരത്തിനകത്താണ് അവള്‍ കഴിയുന്നത്‌.എങ്കിലും മതിലുകള്‍ക്ക് പുറത്തു സൗരയൂഥത്തിനു ചുറ്റും ഗ്രഹങ്ങളെന്ന പോലെ നിരവധി ശ്വാന യുവാക്കള്‍ വീടിനെ പ്രദക്ഷിണം ചെയ്തു മാളുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം പാര്‍ത്തു നടപ്പാണ്. മാളുവിന്‍റെ കാമുകന്മാരില്‍ ഏറ്റവും സുന്ദരന്‍ ജൂഡോ എന്നൊരു ശ്വാന യുവാവായിരുന്നു.അവനാകട്ടെ ഏതു വന്മതിലും ഒറ്റക്കുതിപ്പിനു ചാടാന്‍ പോന്ന ആരോഗ്യവും ആത്മവിശ്വാസവും ഉള്ളവനായിരുന്നു. എങ്കിലും മാളുവിന്‍റെ കോട്ട ചാടുവാനുള്ള ധൈര്യം എന്തു കൊണ്ടോ തത്കാലം അവനു കിട്ടിയിരുന്നില്ല. സഹ കാമുകന്മാരുടെ കടിയേറ്റിട്ടാണെങ്കിലും തന്‍റെ പ്രിയപ്പെട്ടവളുടെ സമാഗമം കൊതിച്ചു ദിന രാത്രങ്ങള്‍ അവന്‍ ഉണ്ണാതെ ഉറങ്ങാതെ അവളുടെ കോട്ടയ്ക്കു ചുറ്റുമായി ചിലവഴിച്ചു.മാളുവിനും തന്‍റെ സൗന്ദര്യം നാലാളെ കാണിച്ചാല്‍ കൊള്ളാമെന്നുണ്ട്.പക്ഷെ തികഞ്ഞ സുരക്ഷാ വലയത്തില്‍ നിന്നും യജമാന ദൃഷ്ടികളില്‍ പെടാതെ പുറത്തു കടക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ അവള്‍ തക്കം പാര്‍ത്തു കഴിഞ്ഞു പോന്നു.സന്ധ്യാ നേരത്ത് അണ്ണാക്കന്‍ പാമ്പായി വരുമ്പോള്‍ വീട്ടില്‍ കലഹം പതിവാണ്,അങ്ങനെയുള്ള ഏതെങ്കിലും ഒരു ദിവസം  ഗേറ്റടയ്ക്കാന്‍ മറന്നാല്‍ രക്ഷപെടാം, അതാണ്‌ അവളുടെ മനക്കോട്ട. അങ്ങനെ ഒരു ദിവസം അവളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി.ഗേറ്റ് മലര്‍ക്കെ തുറന്നിട്ട്‌ ദമ്പതികള്‍  പോരടിക്കുന്നു.ഇത് തന്നെ തക്കം.അവള്‍ തുടലുകള്‍ പൊട്ടിച്ചു റോഡിലേക്ക് “റാംപി’ ലൂടെ എന്ന പോലെ ദൂരേയ്ക്ക്‌ ഓടി.
    സംഭവം മണത്തറിഞ്ഞു കമിതാക്കള്‍ ഓരോരുത്തരായി സ്ഥലത്തെത്തി.വനിതാ കോളേജിന്‍റെ പരിസരത്തെന്ന പോലെ അനേകം പൂവാലന്മാര്‍ ആ ശ്വാന കുമാരിക്ക് അകമ്പടി സേവിച്ചു മുന്നേറുന്നുണ്ട്.അവളാകട്ടെ ആരെയും ബോധിച്ചില്ലെന്ന മട്ടില്‍ തുടലും വലിച്ചു കൊണ്ട് മുന്നോട്ടോടുകയാണ്.അവള്‍ക്കു പുറകെ ജൂഡോയുടെ നേതൃത്വത്തിലുള്ള ഒരു നിര തന്നെയുണ്ട്‌.ഏതായാലും വഴിനീളെയുള്ള സ്വീകരണങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടു പോയ ആ ശ്വാന ജാഥ എവിടെ എങ്ങിനെ അവസാനിച്ചോ ആവോ ?   

    

    മാളുവുമായുള്ള ആദ്യ സമാഗമം കഴിഞ്ഞ് നിരന്തര സാധകം കൊണ്ട് ജൂഡോ അണ്ണാക്കന്‍റെ വീടിന്‍റെ കോട്ടമതിലുകള്‍ നിഷ്പ്രയാസം പല തവണ ചാടിക്കടക്കുന്ന സംഭവത്തിന് ഞങ്ങള്‍ ദൃക്സാക്ഷികളാണ്.അവരുടെ പ്രണയം പൂവണിഞ്ഞതില്‍ സന്തുഷ്ടരായിരുന്നെങ്കിലും അനന്തര ഫലങ്ങള്‍ ആലോചിച്ചപ്പോള്‍ അല്‍പ്പം ഭയവും ഉണ്ടാകാതിരുന്നില്ല.
    ഉറക്കെയുള്ള ആക്രോശങ്ങളും അടിപിടി ഒച്ചയും ഒക്കെ കേട്ടാണ് ഒരു ദിവസം ഞങ്ങള്‍ മാളുവിന്‍റെ വീട്ടിലേയ്ക്കെത്തി നോക്കിയത്.മാളു തന്‍റെ കന്യകാത്വം നഷ്ടപ്പെടുത്തിയിട്ടു വന്നു ബന്ധനസ്ഥയായി കുത്തിയിരിക്കുന്നു.അതിനെ ചൊല്ലിയുള്ള വഴക്കണോ?ഞങ്ങള്‍ ചെവി വട്ടം പിടിച്ചു.മൈക്ക് വിഴുങ്ങിയിട്ടെന്ന പോലെ അണ്ണാക്കന്‍ ‘പെഴയെന്നും’ ‘മൃഗമെന്നും’ ഒക്കെ അലറുന്നുണ്ട്. ചീവിടിന്‍റെ ശബ്ദത്തില്‍ വീട്ടുകാരിയും എന്തൊക്കെയോ റിട്ടേണ്‍ കൊടുക്കുന്നുണ്ട്.മധുര സ്മരണകള്‍ അയവിറക്കി മാളു ഒരു നവ വധുവിനെപ്പോലെ തലയും താഴ്ത്തി കിടക്കുമ്പോള്‍ അണ്ണാക്ക  മിഥുനങ്ങള്‍ അലറി വിളിച്ചു പോരടിച്ചു കൊണ്ടിരുന്നു. കൊല്ലുമെന്നും ചാകുമെന്നുമൊക്കെ പറഞ്ഞു മലയാള ഭാഷയ്ക്ക്‌ പല പുതിയ പദങ്ങളും സംഭാവന ചെയ്തു കൊണ്ട് ആ ചവിട്ടുനാടകം നീണ്ടു പോയി. ഈ മനുഷ്യര്‍ക്കെന്താ നാണമില്ലേ ഇങ്ങനെ അടിയിടാന്‍ ! എന്നാണ് മാളുവിന്‍റെ മുഖ ഭാവം.രാവേറെ ചെന്നപ്പോഴേക്കും ഭരണിപ്പാട്ടും ഗോത്ര നൃത്തവും ഒക്കെ പൊടി പൊടിച്ചു അരങ്ങൊഴിഞ്ഞ ലക്ഷണമാണ് ആ വീട്ടില്‍ .മാളുവിന്‍റെ അനക്കമേയില്ല.
    പിറ്റേ ദിവസം ,കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യദേവന്‍ തന്‍റെ പൊന്‍ കിരണങ്ങളുമായി പ്രജകളെ  കാണാനെത്തി.ഞങ്ങള്‍ ഭയപ്പാടോടെയാണ് അന്ന് അയല്‍ വീട്ടിലേക്കു നോക്കിയത് വീട്ടുകാരിയെ കഴുത്തു ഞെരിച്ചു കൊല്ലുന്ന അണ്ണാക്കന്‍റെ ഭീകര രൂപ മായിരുന്നു ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞങ്ങളുടെ മനസ്സില്‍.എന്തായിരിക്കാം അവിടെ നടന്നിട്ടുണ്ടായിരിക്കുക? ആകാംക്ഷയോടെ  ഞങ്ങള്‍ നോക്കി. കിടപ്പുമുറിയുടെ ജനാലകള്‍ തുറന്നിട്ടില്ല.കോഴികള്‍ വലയിട്ട വേലികള്‍ക്കുള്ളില്‍ ഉറക്കം തൂങ്ങുന്നു.അകലങ്ങളില്‍ മിഴിയൂന്നി മാളു തുടലുകളില്‍ കുരുങ്ങി കിടക്കുന്നു.ദൈവമേ ഇനി എന്തൊക്കെ പോല്ലാപ്പുകളാണോ ഉണ്ടാകുക ?! കൊലപാതകം അന്വേഷിക്കാന്‍ വരുന്ന പോലീസുകാര്‍ സാക്ഷി വിസ്താരത്തിന് വിളിക്കാന്‍ സാദ്ധ്യതയുള്ള അയല്‍ക്കാരായ ഞങ്ങളുടെ കാര്യം ആലോചിച്ചു  ഞെട്ടിപ്പോയി.ഇങ്ങനെ ഓരോ ദുരിതങ്ങള്‍ അടുത്തു വന്നു താമസിച്ചാല്‍ ഒരു ഗുണവുമില്ലെന്നു മാത്രമല്ല മഹാ ശല്യവുമാകും,അനുഭവിക്കാനുള്ളത് അനുഭവിച്ചല്ലേ പറ്റൂ,എങ്ങോട്ട് ഓടിപ്പോകും,വരുന്നത് പോലെ വരട്ടെ എന്ന് സ്വയം സമാധാനിച്ചു കൊണ്ട് ഞങ്ങള്‍  വീട്ടിനുള്ളിലേക്ക് കയറാന്‍ തീരുമാനിച്ചു.എന്തോ ഒരു ചെറിയ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ഇംഗ്ലീഷ് സിനിമയിലെന്ന പോലെ ‘അണ്ണാ അണ്ണാ...’ എന്നു വിളിച്ചു കൊണ്ട് അണ്ണാക്കന്‍റെ പിന്നാലെ മിസ്സിസ് അണ്ണാക്കന്‍ കൊഞ്ചിക്കൊഞ്ചി ആടിയുലഞ്ഞ് നടന്നു പോകുന്നതു കണ്ടു.ഹോ തത്കാലം സാക്ഷി വിസ്താരത്തില്‍ നിന്ന് രക്ഷപെട്ട  ഞങ്ങള്‍ ആശ്വാസത്തിന്‍റെ നെടുവീര്‍പ്പിടുമ്പോള്‍ മാളു തന്‍റെ ഉദരത്തില്‍ വളരുന്ന കുഞ്ഞുങ്ങളെയോര്‍ത്തു കോട്ടുവായിടുന്നു. ഇനിയിപ്പോള്‍ അവളുടെ കാമുകന്മാര്‍ ഈ വഴി വരുമോ ആവോ? പ്രസവ കാലവും ഈറ്റു നോവും കുഞ്ഞുങ്ങളെ വളര്‍ത്തലും എല്ലാം ഒറ്റയ്ക്ക് നടത്തിയെടുക്കണം.അത് കഴിയുമ്പോള്‍ വീണ്ടും വരും മതിലു ചാട്ടക്കാര്‍!
വിധി എന്നല്ലാതെ എന്ത് പറയാന്‍? തന്‍റെ യജമാനത്തിക്കാണോ തനിക്കാണോ അനിമല്‍ ഹസ്ബന്‍ഡ്രി? മാളു തന്‍റെ വെള്ളമൊലിക്കുന്ന ചുവന്ന നാക്കും പുറത്തേക്കിട്ടു ഒരു ചോദ്യ ചിഹ്നം പോലെ കുത്തിയിരുന്നു.

2018 മേയ് 30, ബുധനാഴ്‌ച

സഹ്യന്‍റെ മടിത്തട്ടില്‍

പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല ചായ്ച്ചും,

സ്വച്ഛാബ്ധി മണല്‍ത്തിട്ട പാദോപധാനം ചെയ്തും.......


    മലയാളക്കരയെ വര്‍ണ്ണിച്ചിരിക്കുന്ന ഈ കവിത ബാല്യത്തില്‍        ചൊല്ലിപ്പഠിച്ച നാം കവിതയുടെ വരികള്‍ മറന്നിരിക്കാം,പക്ഷെ നമ്മെ രക്ഷിച്ചു നില നിര്‍ത്തുന്ന  ബ്റുഹത്തായ സഹ്യപര്‍വ്വതത്തെയും, മഹത്തായ അറബിക്കടലിനെയും ഒരിക്കലും മറക്കാന്‍ പാടില്ല,മറിച്ച് അവ നമുക്ക് പ്രദാനം ചെയ്യുന്ന മഹാ സൗഭാഗ്യങ്ങളെ  ഓര്‍ത്ത് അവരെ പ്രത്യക്ഷ ദേവതകളായി കണ്ട് നമിക്കുക തന്നെ വേണം. അനുകൂലമായ പ്രകൃതി കനിഞ്ഞു നല്‍കിയിരിക്കുന്ന ഭാഗ്യാതിരേകങ്ങള്‍ അനുഭവിക്കാന്‍ ജനിച്ച മലയാളി അനുഗ്രഹീതന്‍ തന്നെ, അവനെ രക്ഷിക്കുന്ന,അവന് വേണ്ടതെല്ലാം കൊടുക്കുന്ന പ്രകൃതിയെ സംരക്ഷിക്കുന്നുവെങ്കില്‍!!!!! 

   മലയാളക്കരയുടെ അതിര്‍ത്തി കാത്തു കൊണ്ട് അതി ഗംഭീരനായി പച്ചയുടുപ്പണിഞ്ഞു കിടക്കുന്ന സഹ്യപര്‍വ്വത സാനുക്കളില്‍ രണ്ടു ദിവസം ചിലവഴിക്കുക എന്നത്  പ്രകൃതി സ്നേഹികളായ ഞങ്ങള്‍ കുറെ നാളായി ആഗ്രഹിക്കുന്ന ഒരു കാര്യമായിരുന്നു.ഒന്നു രണ്ടു കുടുംബങ്ങളെയും കൂടെ കൂട്ടി ഒരു യാത്ര ആയിരുന്നു മനസ്സില്‍ എങ്കിലും,പതിവു പോലെ മറ്റുള്ളവരുടെ അസൗകര്യങ്ങള്‍ നിമിത്തം ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവും മാത്രമായി ഒരു ദിവസം രാവിലെ ഏകദേശം ആറര മണിയോടെ സജിത്ത് എന്ന ഞങ്ങളുടെ പരിചയക്കാരനും ചെറുപ്പക്കാരനുമായ സാരഥിക്കൊപ്പം വാഗമണ്‍ എന്ന പ്രകൃതി രമണീയമായ സ്ഥലം കാണുന്നതിനായി യാത്ര തിരിച്ചു.
മാവേലിക്കരയില്‍ നിന്നും ആരംഭിച്ച യാത്ര,നാല്‍പ്പത്തി അഞ്ചു മിനിറ്റ് കൊണ്ട് ചങ്ങനാശ്ശേരിക്കടുത്തുള്ള തെങ്ങണ എന്ന സ്ഥലത്തെത്തി.വിശ്വ വിഖ്യാത ഹാസ്യ സാഹിത്യകാരനായ ശ്രീമാന്‍ വേളൂര്‍ കൃഷ്ണന്‍കുട്ടിയുടെ “തെങ്ങണയുടെ അഖിലേന്ത്യാ പര്യടനം” എന്നെ ഏറെ സ്വാധീനിച്ച ഒരു യാത്രാ വിവരണമാണ്.കൃഷ്ണന്‍കുട്ടി സാറിനൊപ്പം കഥാപ്രസംഗ പരിപാടികളില്‍ പങ്കെടുത്തിരുന്ന തെങ്ങണ രാഘവന്‍ എന്ന കൈമണി വിദ്വാന്‍ വിരാജിച്ചിരുന്ന ആ സ്ഥലം കണ്ടപ്പോള്‍ എനിക്ക് അറിയാതെ ചിരി പൊട്ടിപ്പോയി.തെങ്ങണ ജങ്ക്ഷനില്‍ നിന്ന് ഇടത്തോട്ട് പോയാല്‍ ചങ്ങനാശ്ശേരിയും,വലത്തോട്ട് തിരിഞ്ഞാല്‍ കറുകച്ചാലും എത്താം.ഞങ്ങള്‍ നേരെയുള്ള വഴി പുതുപ്പള്ളിയ്ക്കാണ് പോയത്.പതിനഞ്ചു മിനിറ്റ് കൊണ്ട് പുതുപ്പള്ളിയിലും തുടര്‍ന്ന് പരിശുദ്ധ ക്രിസ്ത്യന്‍ ദേവാലയം സ്ഥിതി ചെയ്യുന്ന മണര്‍കാടും എത്തി. അവിടെ കെ കെ റോഡ്‌ എന്ന കോട്ടയം കുമിളി റോഡ്‌ രണ്ടായി പിരിയുന്നു. ഇടത്തോട്ട് പോയാല്‍ ഏറ്റുമാനൂരെത്താം,നേരെ പോയാല്‍ പാലായ്ക്കടുത്തും ചെല്ലാം.റോഡിന് ഇടതു വശത്ത്,പെരുനാള്‍ ദിനങ്ങളില്‍ ജന നിബിഡമാകുന്ന മണര്‍കാട് പള്ളി തല ഉയര്‍ത്തി നില്‍ക്കുന്നത് കണ്ടു കൊണ്ട്, അയര്‍കുന്നം,കൊങ്ങാണ്ടൂര്‍,കിടങ്ങൂര്‍ വഴി പാലായോട് അടുക്കുമ്പോള്‍ നിരത്ത് വക്കില്‍ വച്ചു പിടിപ്പിച്ചിരിക്കുന്ന ചെടികള്‍ നിറയെ പുഷ്പങ്ങളുമായി നില്‍ക്കുന്നത് കാണാമായിരുന്നു. റോഡിന് വലതു വശത്ത് പാലാ സെന്‍റ് തോമസ്‌ കോളേജ് കടന്ന് മുന്നോട്ട് പോകുമ്പോഴേക്കും പ്രഭാത ഭക്ഷണം കഴിക്കേണ്ട സമയം ആയിക്കഴിഞ്ഞിരുന്നു.അതിനു വേണ്ടി ഇന്ത്യന്‍ കോഫീ ഹൌസിന്‍റെ ബോര്‍ഡ്  തിരഞ്ഞെങ്കിലും,കാണാത്തതു കൊണ്ട് അവിടെത്തന്നെയുള്ള “ആര്യാസില്‍” കയറി പ്രാതല്‍ കഴിച്ചതിനു ശേഷം,ഭരണങ്ങാനം വഴി യാത്ര തുടര്‍ന്നപ്പോള്‍,ഞങ്ങള്‍ അന്വേഷിച്ച കോഫീ ഹൌസിനെ അവിടെ കണ്ടുകിട്ടി. പുളഞ്ഞൊഴുകുന്ന മീനച്ചിലാറിന്‍റെ സംഗീതം കേട്ടു കേട്ട് പത്ത് മിനിറ്റ് കൊണ്ട് ഈരാറ്റുപേട്ടയില്‍ എത്തി.അവിടെ ജങ്ക്ഷനില്‍ നിന്ന് ഇടത്തോട്ടുള്ള റോഡ്‌ തൊടുപുഴയിലേക്കാണ് പോകുന്നത്.നേരെയുള്ള റോഡ്‌ വഴി ഒരു ചെറിയ പാലം കടന്ന് ഇടത്തോട്ട് തിരിഞ്ഞാണ് നമുക്ക് പോകേണ്ടത്.ഏകദേശം ഒന്നൊന്നര കിലോമീറ്റര്‍ കഴിഞ്ഞ് കയറ്റം കയറി മുന്നോട്ട് നീങ്ങുമ്പോള്‍ ദൂരെ മരതക കാന്തിയണിഞ്ഞ സഹ്യപര്‍വ്വത നിരകള്‍ ദൃശ്യമായി തുടങ്ങി.പച്ചയുടെ പ്രസരിപ്പിനിടയില്‍ തരുക്കള്‍ പൂക്കളുടെ വര്‍ണ്ണരാജി വിടര്‍ത്തി തങ്ങളുടെ അധിദേവതയെ അണിയിച്ചൊരുക്കുമ്പോള്‍,അമൃത സമാനമായ നിര്‍മ്മല ജലം ചെറു നീര്‍ച്ചാലുകളില്‍ കൂടി ഒഴുക്കി അവരുടെ ദാഹം ശമിപ്പിക്കുകയാണ് ആ പര്‍വ്വത ശ്രേഷ്ഠന്‍.

















                                                     

 പച്ചയുടുപ്പണിഞ്ഞ സഹ്യപര്‍വ്വതം 

                                                                 ബാലാര്‍ക്ക കിരണങ്ങളേറ്റ സഹ്യ ശിഖരങ്ങള്‍ 
   നിരനിരയായുള്ള തേയിലത്തോട്ടങ്ങള്‍ പിന്നിട്ട് ഒന്‍പതു മണിയോടെ വനമേഖലയിലൂടെ

യാത്ര തുടരുമ്പോള്‍ വശങ്ങളില്‍ പലയിടത്തും ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍ 

കാണാമായിരുന്നു.കൂറ്റന്‍ പാറക്കെട്ടുകളില്‍ നിന്ന് ജലം തുള്ളി തുള്ളിയായി വീഴുന്നതു 

കണ്ടപ്പോള്‍ പ്രകൃതിമാതാവ് തന്‍റെ കലവറയില്‍ പ്രിയ മക്കള്‍ക്കായി എത്ര 

ജലമാണ്,എന്തെല്ലാമാണ് സൂക്ഷിച്ചു വച്ചിരിക്കുന്നത് എന്നൊക്കെ 

ആലോചിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.പാറക്കെട്ടുകളെ അരിഞ്ഞു വീഴ്ത്തി 

റോഡുകളുടെയും,കെട്ടിടങ്ങളുടെയും നിര്‍മ്മാണ പ്രക്രിയകള്‍ക്കുള്ള യന്ത്ര സാമഗ്രികള്‍ 

അങ്ങിങ്ങ് നിരന്നിരിക്കുന്നത് കണ്ട് തങ്ങളുടെ അവസാനം അടുത്തതിന്‍റെ നൊമ്പരം 

കൊണ്ട് കണ്ണീരൊലിപ്പിക്കുകയാണോ ആ ശിലകള്‍ എന്നു പോലും എനിക്ക് തോന്നി. 

കുളിര്‍മ്മയുള്ള പ്രഭാതത്തില്‍ മര നിരകള്‍ക്കിടയിലൂടെ  താഴ്വാരത്തിലേക്ക് 

നോക്കുമ്പോള്‍ അതിന്‍റെ മനോഹാരിത എത്രയെന്ന് എഴുതി ഫലിപ്പിക്കുക പ്രയാസം 

തന്നെ.ബാലര്‍ക്ക കിരണങ്ങള്‍ പതിച്ച പര്‍വ്വത ശിഖരങ്ങളും, പ്രകാശത്തിനായി ഉറ്റു 

നോക്കുന്ന വന്‍ വൃക്ഷങ്ങളും അവയുടെ നിഴല്‍ വീഴുന്ന തേയില 

തോട്ടങ്ങളും,സമതലങ്ങളും,വെള്ളി പാദസരങ്ങള്‍ പോലെയുള്ള അരുവികളും എല്ലാം 

കൂടി  അവാച്യമായ അനുഭൂതിയാണ് ആ മലമടക്കുകള്‍ നമുക്ക് 

സമ്മാനിക്കുന്നത്.ഇലച്ചാര്‍ത്തുകളുടെ മര്‍മ്മരവും,ചെറു നീര്‍ച്ചോലകളിലെ 

പളുങ്കുമണിത്തുള്ളികളുടെ കളകളാരവവും കേട്ടു കൊണ്ട് തീക്കോയ് എന്ന സ്ഥലത്ത് 

എത്തിയപ്പോഴേക്കും ഹോട്ടലുകളുടെയും,ഭക്ഷണ ശാലകളുടെയും ബോര്‍ഡുകളും,തുടര്‍ന്ന്

ഒരു വ്യൂ പോയിന്‍റും കണ്ടു. 
                    തീക്കോയ്  വ്യൂ പോയിന്‍റില്‍ നിന്നുള്ള ദൃശ്യം                   അവിടെയിറങ്ങി കുറച്ചു നേരം മഹാനുഭാവനായ സഹ്യാചലത്തിന്‍റെ ഗാംഭീര്യവും

വശ്യതയും ആവോളം ആസ്വദിച്ചിട്ടു യാത്ര തുടര്‍ന്ന ഞങ്ങള്‍ ഒന്‍പതേ മുക്കാല്‍ 

മണിയോടെ വാഗമണ്ണില്‍ എത്തി. ഒരു ദിവസത്തെ താമസത്തിനായി ചെറിയ ഒരു 

ഹോട്ടല്‍ ആയ അരവിന്ദ് ഹോളിഡേയ്സ് ആണ് ബുക്ക്‌ ചെയ്തിരുന്നത്.അതിന്‍റെ 

ഉടമസ്ഥന്‍ ശ്രീമാന്‍ അശോക് കുമാറിനെ ഫോണില്‍ ബന്ധപ്പെട്ട് ലൊക്കേഷന്‍ 

മനസ്സിലാക്കി മുന്നോട്ട് നീങ്ങി. മലനാട് സര്‍വീസ് സഹകരണ ബാങ്കിന്‍റെ ശാഖയുടെ 

അടുത്ത് തന്നെയാണ് ഹോട്ടല്‍. വലിയ എടുപ്പും കെട്ടും മട്ടും ഒന്നും ഇല്ലാത്ത ഒരു 

ചെറിയ കെട്ടിടമായിരുന്നു അത്.പെട്ടെന്നുള്ള യാത്രാ പരിപാടി ആയിരുന്നതിനാല്‍ നല്ല 

ഹോട്ടലുകളിലെ മുറികള്‍ ഒന്നും ലഭ്യമല്ലായിരുന്നതു കൊണ്ട് എന്തും വരട്ടെ ഒരു 

ദിവസത്തെ കാര്യമല്ലേ എന്ന് കരുതിയാണ് ഈ ഹോട്ടല്‍ തന്നെ തിരഞ്ഞെടുത്തത്. 

കെട്ടിടത്തിനു മുന്നിലെത്തിയ ഞങ്ങളെയും കൊണ്ട് അശോക് കുമാര്‍ മുറി കാണിച്ചു 

തരുന്നതിനായി പടികള്‍ കയറി മുകളിലേക്ക് പോയി.പൊടി പിടിച്ചു കിടന്ന പടികളില്‍ 

കൂടി കയറി തീരെ വീതി കുറഞ്ഞ ഇടനാഴിയില്‍ കൂടി മുറി കാണുവാന്‍ പോയ 

ഞങ്ങള്‍ക്ക് മറ്റേതെങ്കിലും താമസ സൗകര്യം അന്വേഷിക്കേണ്ടി വരുമോ എന്ന് ഒരു 

സംശയം മനസ്സില്‍ തോന്നാതിരുന്നില്ല.മുറി തുറന്നു കണ്ടപ്പോള്‍ ആ സംശയം അപ്പാടെ 

നീങ്ങി,നല്ല വൃത്തിയുള്ള മുറിയും, ടോയലെറ്റും,കൂടാതെ അത്യാവശ്യം വേണ്ട എല്ലാ 

സൗകര്യങ്ങളും അവര്‍ മുറിയില്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. പുറത്തേക്ക് തുറക്കാവുന്ന 

രണ്ടു വലിയ ജനാലകളില്‍ കൂടി പിന്നിലുള്ള മലനിരകളും,മുന്നിലുള്ള നിരത്തിലെ 

കാഴ്ചകളും നന്നായി കാണാം എന്നൊരു സൗകര്യം കൂടി ആ 

മുറിക്കുണ്ടായിരുന്നു.ഞങ്ങളുടെ മുറിയുടെ കാര്യത്തില്‍ തീരുമാനമായ സ്ഥിതിയ്ക്ക് ഇനി

സജിത്തെന്ന സാരഥിയുടെ താമസ സൗകര്യം കൂടി ശരിയാക്കിയിട്ട് ബാഗുകള്‍ വണ്ടിയില്‍

നിന്ന് എടുക്കാമെന്ന് കരുതി,അശോക്‌ കുമാറിനൊപ്പം ഞങ്ങളും ഹോട്ടലിനു 

പുറത്തേക്കിറങ്ങി.ഡ്രൈവറുടെ മുറിയുടെ കാര്യം യാത്ര പുറപ്പെടുന്നതിന് മുന്‍പ് തന്നെ 

ഫോണില്‍ പറഞ്ഞേല്‍പ്പിച്ചിരുന്നെങ്കിലും,സമയമായപ്പോഴാണ്‌ അദ്ദേഹം അത് 

അന്വേഷിച്ചത് എന്നത് ഞങ്ങളെ തെല്ലു നിരാശപ്പെടുത്താതിരുന്നില്ല. ഏതായാലും അധികം

അകലെയല്ലാതെ മറ്റൊരിടത്ത് സജിത്തിന് ഒരു സിംഗിള്‍ റൂം അശോക് കുമാര്‍ 

ശരിയാക്കിത്തന്നു,ഒപ്പം വാഹനത്തിന് പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവും ലഭിച്ചു.

     ബാഗുകള്‍ എല്ലാം മുറിയില്‍ വച്ച് അന്നത്തെ യാത്രാ പരിപാടികള്‍ അശോക് 

കുമാറിനും കുടുംബത്തിനുമൊപ്പം ചര്‍ച്ച ചെയ്ത് തീരുമാനിച്ചതോടോപ്പം,പോകുവാനുള്ള

സ്ഥലങ്ങളും,അവിടെയ്ക്കുള്ള ദൂരം  അടയാളപ്പെടുത്തിയിട്ടുള്ള അദ്ദേഹത്തിന്‍റെ 

കാര്‍ഡ് ഞങ്ങള്‍ക്ക് തരികയും ചെയ്തു.ഉള്‍ വനത്തിലേക്ക് ജീപ്പ് സവാരി ഏര്‍പ്പാടാക്കി 

തരാമെന്ന് അശോക്‌ കുമാര്‍ പറഞ്ഞെങ്കിലും,മോശം റോഡും,മോശം ആരോഗ്യവും 

പരിഗണിച്ച് ,ആ ഉദ്യമം ഞങ്ങള്‍ വേണ്ടെന്നു വച്ചു. പത്തരമണിയോടെ നാല് കി മീ 

അകലെയുള്ള ‘വാഗമണ്‍ മെഡോസ്’ എന്നറിയപ്പെടുന്ന മൊട്ടക്കുന്നിലേക്കാണ് ആദ്യം 

പോയത്.ഒരാള്‍ക്ക്‌ പത്ത് രൂപ വച്ച് രണ്ട് ടിക്കറ്റ് എടുത്ത് ഞങ്ങള്‍ രണ്ടു പേരും കൂടി,

അങ്ങിങ്ങ് പുല്ലും മണ്ണും ഇടകലര്‍ന്നു കഷണ്ടിത്തല പോലെ കിടക്കുന്ന ആ 

മൊട്ടക്കുന്നിലേക്ക് കയറി. 
മൊട്ടക്കുന്നിന്‍ പുറത്ത്  

കുന്നിന്‍ പുറത്ത് പെട്ടെന്ന് ഇടി മിന്നല്‍ ആഘാതം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ 

അതിനു വേണ്ട സംവിധാനങ്ങള്‍ അവിടെ സ്ഥാപിച്ചിരിക്കുന്നത് 

കാണാമായിരുന്നു,കൂടാതെ ഇടിമിന്നല്‍ ഉള്ള സമയങ്ങളില്‍ കുന്നിന്‍ മുകളില്‍ കയറുന്നത്

അപകടമാണെന്നുള്ള മുന്നറിയിപ്പ് ബോര്‍ഡുകളും വച്ചിരുന്നു. പച്ചപ്പുല്ല് മേഞ്ഞത് പോലെ 

കുറേയധികം മൊട്ടക്കുന്നുകള്‍ അങ്ങിങ്ങ് ചിതറിക്കിടക്കുന്നതിനു നടുവില്‍ ഒരു ചെറിയ 

തടാകവും കാണപ്പെട്ടു.
                                          മൊട്ടക്കുന്നിനോട്  ചേര്‍ന്നുള്ള  ചെറിയ തടാകം

    സഞ്ചാരികള്‍ക്ക് വെയിലില്‍ നിന്ന് ആശ്വാസം കൊടുത്തു കൊണ്ട് കുന്നിന്‍റെ 

വശങ്ങളില്‍ അവിടവിടെ കുറച്ചു മരങ്ങളും നില്‍പ്പുണ്ടായിരുന്നു.പ്രണയ ജോഡികള്‍ 

ഉള്‍പ്പടെ ധാരാളം ആളുകള്‍ കുന്നിന്‍ പുറങ്ങളില്‍ ഫോട്ടോ എടുക്കുകയും മരച്ചില്ലകളില്‍

തൂങ്ങിയാടുകയും ചെയ്യുന്നത് കൌതുകത്തോടെ ഞങ്ങള്‍ നോക്കിക്കണ്ടു.കുറച്ചു നേരം 

കുന്നിന്‍ നെറുകയിലും തടാകക്കരയിലും ചുറ്റിക്കറങ്ങി പുറത്തേക്കിറങ്ങി.

കച്ചവടക്കാരുടെ ഒരു ഘോഷമാണ് നിരത്ത് വക്കില്‍.കൌതുക 

വസ്തുക്കള്‍,തൊപ്പികള്‍,സെല്‍ഫി സ്റ്റിക്കുകള്‍ തുടങ്ങി,ഉപ്പില്‍ ഇട്ടു വച്ച 

മാങ്ങ,നെല്ലിക്ക,കുട്ടികളുടെ പ്രിയ ഭക്ഷണമായ ഐസ്ക്രീം എന്നിവയെല്ലാം നിരത്തി 

സഞ്ചാരികളെ മാടി വിളിക്കുന്ന ശബ്ദ കോലാഹലമാണ് അവിടമാകെ.

സെല്‍ഫികളുടെ കാലമായ ഈ സമയത്ത് ഞങ്ങളും ഒരു സെല്‍ഫി സ്റ്റിക്ക് 

വാങ്ങാന്‍ തീരുമാനിച്ചു.നൂറ്റി അന്‍പതിന്‍റെയും, നൂറിന്‍റെയും ,രണ്ടു തരം സ്റ്റിക്ക് ആണ് 

അവിടെ ഉള്ളത്. ആവശ്യം കഴിഞ്ഞു മടക്കിച്ചുരുട്ടി പോക്കറ്റില്‍ വയ്ക്കാവുന്ന 

വില കൂടിയ സ്റ്റിക്ക് ആണ് നല്ലതെന്ന് കച്ചവടക്കാരന്‍ ഞങ്ങളെ പറഞ്ഞു 

മനസ്സിലാക്കി.നൂറ്റി അമ്പതു രൂപയുടെ സ്റ്റിക്ക് വിലപേശി നൂറ്റി മുപ്പത് രൂപയ്ക്ക് 

ഞങ്ങള്‍ കരസ്ഥമാക്കി,കൂടാതെ നൂറു രൂപ വില വരുന്ന ഒരു മൊബൈല്‍ ഹോള്‍ഡറും   
വാങ്ങി.ചില ആളുകള്‍ വന്ന് നൂറ്റി അന്‍പതിന്‍റെ സ്റ്റിക്ക് നൂറിനു കൊടുക്കുമോ

എന്ന് ചോദിക്കുമെന്നും അപ്പോള്‍ യാതൊരു എതിരും പറയാതെ വില കുറഞ്ഞ

നൂറിന്‍റെ സ്റ്റിക്ക് എടുത്ത് സന്തോഷത്തോടെ അവര്‍ക്ക് കൊടുത്തു വിടാറുണ്ടെന്നുമുള്ള

ബിസിനസ്സ് തന്ത്രം കൂടി ഞങ്ങള്‍ക്ക് വെളിപ്പെടുത്തിത്തന്നു സ്റ്റിക്ക് കച്ചവടക്കാരന്‍. 

കൊടുക്കല്‍ വാങ്ങലൊക്കെ അവസാനിപ്പിച്ച് നാലര കി മീ അകലെയുള്ള പാലൊഴുകും 

പാറ വെള്ളച്ചാട്ടം കാണുന്നതിനായാണ് പിന്നീട് പോയത്.കിഴുക്കാം തൂക്കായി 

നില്‍ക്കുന്ന വലിയ പാറക്കെട്ടുകള്‍ക്കിടയിലൂടെ പല നിരകളുള്ള ഒരു വലിയ വെള്ളി 

പാദസരം താഴേക്ക് തൂക്കിയിട്ടിരിക്കുന്നതു പോലെയാണ് വെള്ളച്ചാട്ടം കാണപ്പെട്ടത്.ദൂരെ 

റോഡില്‍ നിന്ന് കണ്ടാസ്വദിക്കുക മാത്രമേ ചെയ്യാന്‍ സാധിച്ചുള്ളൂ,കാരണം 

അതിനടുത്തെത്തണമെങ്കില്‍,തലേ ദിവസത്തെ മഴയില്‍ വഴുതിക്കിടക്കുന്ന 

പാറകളിലൂടെയും,ചെളി നിറഞ്ഞ മണ്‍ പാതകളിലൂടെയും ഇറക്കം ഇറങ്ങണം,തിരിച്ച് 

അത് പോലെ കയറുകയും വേണം.അത് ആരോഗ്യത്തിന് അത്ര പറ്റിയതല്ലെന്ന് 

തോന്നിയത് കൊണ്ട് ആ ഉദ്യമത്തില്‍ നിന്ന് ഞങ്ങള്‍ പിന്മാറുകയാണുണ്ടായത്.

                        പാലൊഴുകും പാറ വെള്ളച്ചാട്ടം


  അവിടെ നിന്ന് തിരിച്ചു വീണ്ടും മൊട്ടക്കുന്നിനു സമീപത്തുകൂടി മുന്നോട്ടു പോയി 

ഇടത്തോട്ടു തിരിഞ്ഞ് തേയില തോട്ടങ്ങള്‍ നിറഞ്ഞ കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്ത് വഴി 

കയറ്റം കയറി ഏകദേശം മൂന്ന് കി മീ ദൂരം യാത്ര ചെയ്താല്‍ സന്ദര്‍ശിക്കാന്‍ 

ഉദ്ദേശിച്ചിട്ടുള്ള  അടുത്ത സ്ഥലമായ തങ്ങള്‍ പാറയ്ക്കടുത്തെത്താം.ചെറുതും വലുതുമായ

കുറെ അധികം പാറകള്‍ കാണപ്പെട്ട ആ സ്ഥലത്ത് ‘തങ്ങള്‍ പാറ’ കാണുവാന്‍ ധാരാളം 

സന്ദര്‍ശകര്‍ എത്തിയിട്ടുണ്ടായിരുന്നു. കാറില്‍ നിന്നിറങ്ങി നേരെ ചെല്ലുന്നത് ഒരു 

ചെറിയ കെട്ടിടത്തിനടുത്തേക്കാണ്.അതിനുള്ളില്‍ കുറെ ആള്‍ക്കാര്‍ എന്തൊക്കെയോ 

പാചകം ചെയ്യുന്നതു കണ്ടെങ്കിലും അതിനെപ്പറ്റി പിന്നീട് കൂടുതല്‍ ചോദിച്ചറിയാമെന്നു 

കരുതി ഞങ്ങള്‍ നേരെ പാറ കാണുന്നതിനായി മുകളിലേക്ക് കയറ്റം 

ആരംഭിച്ചു.കയറ്റത്തിനിടയ്ക്ക് ഒരു ചെറിയ പള്ളിയും കണ്ടു.മുകളിലേക്ക് കയറേണ്ട 

വഴി “ആരോ മാര്‍ക്ക്”(Arrow Mark} ഇട്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. കുറെ 

കയറിക്കഴിഞ്ഞപ്പോള്‍ പലരും താഴേയ്ക്ക് ഇറങ്ങി വരുന്നത് കണ്ടു. പകുതി വഴി 

എത്തിയ ഞങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്ന് മുകളിലേക്ക്  നോക്കുമ്പോള്‍ കാണാവുന്ന 

വളരെ ഉയരത്തിലുള്ള പാറയുണ്ട്. അതിന്‍റെ മുകളില്‍ കയറിച്ചെന്നാല്‍ അവിടെ മറ്റൊരു

പാറയില്‍ പണ്ട് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇസ്ലാം മത പ്രചരണത്തിനായി വന്ന ഒരു 

തങ്ങളുടെ ഖബറു കാണാം. അത്രയും കയറ്റം കയറാന്‍ ബുദ്ധിമുട്ട് തോന്നിയ ഞങ്ങള്‍ 

ചുറ്റുപാടുമുള്ള കാഴ്ചകള്‍ കണ്ടിട്ട് തിരികെ ഇറങ്ങി പാചക ശാലയ്ക്കടുത്തേക്ക് ചെന്ന്

കാര്യങ്ങള്‍ തിരക്കി.വിശ്വാസികളായി എത്തുന്ന ആളുകള്‍ ഇവിടെ വച്ച് 

ഭക്ഷണം പാകം ചെയ്തിട്ട് അതില്‍ കുറച്ചു ഭാഗവും എടുത്തു കൊണ്ട്  അഞ്ഞൂറ് 

മീറ്റര്‍ പൊക്കത്തില്‍ സ്ഥിതി ചെയ്യുന്ന തങ്ങള്‍ പാറയുടെ മുകളിലെത്തി  മഖ്ബറയില്‍ 

സമര്‍പ്പിക്കുന്നതായി സങ്കല്‍പ്പിച്ച് അതുമായി തിരികെ വന്ന് ബാക്കി 

ഭക്ഷണത്തോടൊപ്പം അത് കലര്‍ത്തി കഴിക്കണം,ഇത്രയും കാര്യങ്ങളാണ് അവിടെ 

ഉള്ളവരോട് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞ വസ്തുതകള്‍.

 
തങ്ങള്‍ പാറ                                   പാറയിലേക്ക്  കയറുമ്പോള്‍  മുകളില്‍ നിന്നുള്ള ദൃശ്യം


 തങ്ങള്‍ പാറയിലെ കാഴ്ച്ചകള്‍ കണ്ടതിനു ശേഷം അവിടെ നിന്നും ഏകദേശം രണ്ട് കി 

മീ മാത്രം ദൂരത്തുള്ള പൈന്‍ ഫോറസ്റ്റിലേക്കാണ് പോയത്.പാലൊഴുകും പാറയിലെ 

വെള്ളച്ചാട്ടം കാണുവാന്‍ പോകുമ്പോള്‍ അടുത്ത മലയില്‍ സ്ഥിതി ചെയ്യുന്ന പൈന്‍ 

മരക്കാടുകളുടെ ഒരു വിദൂര ദൃശ്യം കാറിലിരുന്ന്‍ കണ്ടിരുന്നു.ഇരുവശവും 

കച്ചവടക്കാര്‍ സ്ഥാനം പിടിച്ചിട്ടുള്ള ചെറിയ വഴിയില്‍ കൂടി കുറച്ചു ദൂരം നടന്നാണ് 

പ്രവേശന സ്ഥലത്ത് എത്തിയത്,അകത്തേക്ക് കയറാന്‍ ഒരാള്‍ക്ക്‌ പത്തു രൂപയുടെ 

ടിക്കറ്റെടുക്കണം.ആരോ നട്ടു പിടിപ്പിച്ചതു പോലെ നിരയൊത്തു നില്‍ക്കുന്ന ആ 

പൈന്‍മര കൂടാരത്തിനടിയില്‍ എന്തൊരു തണുപ്പാണെന്നോ?!!! മലയുടെ അടിവാരത്തിന്‍റെ

ചെരിവിലേക്കിറങ്ങി പോകുന്ന മരങ്ങള്‍ക്കിടയിലൂടെ സൂര്യ രശ്മികള്‍ക്ക് പോലും 

ഇറങ്ങി വരാന്‍ പ്രയാസമാകുന്ന അത്രയ്ക്ക് ഇടതൂര്‍ന്നാണ് മരങ്ങളുടെ നില്‍പ്പ്.എത്രയോ

ചലച്ചിത്രങ്ങള്‍ക്ക് ആതിഥ്യമരുളിയ ഈ കാടുകള്‍ ഒരു വിസ്മയിപ്പിക്കുന്ന കാഴ്ച 

തന്നെ.വേനലവധിക്കാലമായതു കൊണ്ട് ധാരാളം കുട്ടികളും അവരുടെ മാതാപിതാക്കളും

അവിടെ സന്ദര്‍ശകരായി എത്തിയിട്ടുണ്ടായിരുന്നു.സഞ്ചാരികളെ ഉദ്ദേശിച്ച് കൌതുക 

വസ്തുക്കളെ കൂടാതെ,മല വിഭവങ്ങളായ തേയില, വീട്ടില്‍ത്തന്നെ ഉണ്ടാക്കിയെടുക്കുന്ന 

ചോക്ലേറ്റുകള്‍,നല്ല മണമുള്ള കായക്കട്ടകള്‍ തേന്‍ നെല്ലിക്ക,ഉപ്പുമാങ്ങ,ഇങ്ങനെ കുറെ 

സാധനങ്ങള്‍ വഴിയോരക്കടകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.കുറച്ച് കായക്കട്ടകളും,ചോക്ലേറ്റും 

വാണിഭക്കാരുടെ കയ്യില്‍ നിന്ന് ഞങ്ങളും വാങ്ങി.

പൈന്‍ ഫോറസ്റ്റ് വിദൂര ദൃശ്യം


                                പൈന്‍ ഫോറസ്റ്റ്   
  പൈന്‍ ഫോറസ്റ്റിനടുത്തു തന്നെ ഒരു സൂയിസൈഡ് പോയിന്‍റ് ഉണ്ടെന്ന് അറിവ് 

ലഭിച്ചെങ്കിലും ആത്മഹത്യക്ക് താത്പര്യമില്ലാത്തതു കൊണ്ട് അങ്ങോട്ട്‌ പോകാതെ 

മടങ്ങാന്‍ തീരുമാനിച്ചു.അപ്പോഴേക്കും സമയം ഒരു മണിയോടടുത്തിരുന്നു.ഉച്ചഭക്ഷണം 

കഴിക്കുവാന്‍ പറ്റിയ ഹോട്ടലുകള്‍ അന്വേഷിക്കുകയായി അടുത്ത പരിപാടി.ഒടുവില്‍ 

ഗ്രീന്‍ ലൈന്‍ എന്നൊരു തരക്കേടില്ലാത്ത ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു.ഒരുവിധം 

നല്ല തിരക്കുള്ള അവിടെ ജീവനക്കാരുടെ അഭാവം കൊണ്ട് ഭക്ഷണം ലഭിക്കാന്‍ അല്‍പ്പം

താമസം നേരിട്ടെങ്കിലും ഭക്ഷണം മോശമായിരുന്നില്ല. ഒന്നര കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ 

വിശ്രമിക്കുന്നതിനായി ഹോട്ടലില്‍ തിരിച്ചെത്തി.
     
   കുറച്ചു സമയത്തെ വിശ്രമത്തിനു ശേഷം മൂന്നരമണിയോടെ വീണ്ടും കാഴ്ചകള്‍ 

കാണുന്നതിനായി ഇറങ്ങി.ഒരു കി മീ ദൂരത്തിനുള്ളില്‍ ബോട്ടിംഗ് സൗകര്യം ഉള്ള  “ടീ 

ലേക്ക്” {Tea Lake} ഉണ്ടെന്നറിഞ്ഞ് അങ്ങോട്ട്‌ പോകാന്‍ തീരുമാനിച്ചു.അവിടെ 

ചെന്നപ്പോഴല്ലേ അറിഞ്ഞത്,ബോട്ടുകള്‍ നമ്മള്‍ സ്വയം തുഴഞ്ഞോ,ചവുട്ടിയോ വേണം 

തടാകം ചുറ്റി കാണുവാന്‍,അല്ലാതെ തുഴക്കാരോ, സഹായികളോ അങ്ങനെ ആരും 

തന്നെയില്ല.നന്നായിപ്പോയി,എപ്പോള്‍ പണിമുടക്കണം എന്നു നോക്കിയിരിക്കുന്ന ഒരു 

നട്ടെല്ലുള്ള ഞാന്‍ ഇതിനൊക്കെ ഇറങ്ങി പുറപ്പെട്ടാല്‍ വെള്ളം കുടിച്ചു ചാകുകയേ 

ഉള്ളൂ എന്നു മനസ്സിലാക്കി,തടാകത്തിനു ചുറ്റും കരയിലാകെ ഒന്ന് നടന്നു വരാമെന്നു 

കരുതി.ഒരാള്‍ക്ക്‌ പത്തു രൂപയാണ് ടിക്കറ്റ് നിരക്ക്.ചാഞ്ഞു തുടങ്ങിയ പകലോന്‍റെ 

പൊന്‍ കിരണങ്ങള്‍ പ്രതിബിംബിക്കുന്ന തടാകവും അതിനെ തൊട്ടുരുമ്മി നില്‍ക്കുന്ന 

തേയില മണക്കുന്ന മലകളും കണ്‍ കുളിര്‍ക്കെ കണ്ടിട്ട് നാലു മണിയോടെ ഞങ്ങള്‍ 

അടുത്ത ലക്ഷ്യ സ്ഥാനമായ കുരിശു മലയിലേക്ക് യാത്ര പുറപ്പെട്ടു.
റ്റീ  ലേക്ക് 












      വാഗമണ്ണില്‍ എത്തുന്നതിനു മുന്‍പ് വന്നവഴി ഈരാറ്റുപേട്ട റോഡില്‍ കൂടി നമ്മുടെ താമസ സ്ഥലത്ത് നിന്ന് മൂന്നര കി മീ സഞ്ചരിച്ചാല്‍ ഇടതു വശത്ത് കുരിശുമലയുടെ പ്രവേശന കവാടത്തിലെ വലിയ  ആര്‍ച്ച് കാണാം.ആര്‍ച്ചിനുള്ളിലേക്ക് പ്രവേശിച്ച് മലയിലേക്ക് 
പോകുന്ന വഴി വലതു വശത്ത് ഒരു ആശ്രമം ഉണ്ട്. ശാന്തിയും സമാധാനവും നിറഞ്ഞ പവിത്രമായ ആ സ്ഥലത്ത് മുന്‍പൊരിക്കല്‍ ചേട്ടന്‍ പോയിട്ടു വന്ന് അതിന്‍റെ വിശദീകരണം തന്നപ്പോള്‍ തന്നെ എന്നെങ്കിലും ഒരിക്കല്‍ അവിടം സന്ദര്‍ശിക്കണം എന്നെനിക്കു തോന്നിയിരുന്നു. ആര്‍ച്ചിനു സമീപം ഒരു നിയന്ത്രണഫലകം വച്ചിരുന്നത് കണ്ടെങ്കിലും വാഹനത്തിന്‍റെ വേഗത കാരണം വായിക്കാന്‍ സാധിച്ചില്ല. ഏതായാലും ആശ്രമ ദര്‍ശനത്തിന് ഒരു  ശ്രമം നടത്താന്‍ തീരുമാനിച്ച് കുറച്ചു ദൂരം മുന്നോട്ടു പോയപ്പോള്‍ ആശ്രമത്തിലേക്കുള്ള  ദിശാ സൂചിക കണ്ടു. അതിനടുത്തു തന്നെ വാഹനം പാര്‍ക്ക് ചെയ്യുവാന്‍ വിശാലമായ സ്ഥലവും ഉണ്ട്. കാറില്‍ നിന്നിറങ്ങി കുറച്ചു ദൂരം നടന്നു വേണം ആശ്രമ പരിസരത്തെത്തുവാന്‍. നിര്‍മ്മലവും ശാന്തവും നിശബ്ദവുമായ അവിടം ഒരു വസന്ത വിഹാരം തന്നെ ആയിരുന്നു.കാലികളുടെ  ഗന്ധം നിറഞ്ഞു നിന്ന ഡയറി ഫാമിനരികില്‍ കൂടി നടന്നെത്തുന്നത് വര്‍ണ്ണ വിസ്മയം നിറഞ്ഞ ഒരു മലര്‍വാടിയിലേക്കാണ്. 


                             കുരിശുമല ആശ്രമത്തിലെ സന്യാസിക്കൊപ്പം 


സഹ്യന്‍റെ മടിത്തട്ടില്‍ സ്ഥിതി ചെയുന്ന ശാന്തിയുടെ ആ ആലയത്തിനിരുവശങ്ങളിലും   

വിവിധയിനം റോസാ പുഷ്പങ്ങള്‍,മന്ദ മാരുതനേറ്റ് തലയാട്ടി നില്‍ക്കുന്ന കാഴ്ച്ച അതി 

മനോഹരമായിരുന്നു.തൊട്ടടുത്തു തന്നെ അവിടത്തെ കാലികളില്‍ നിന്ന് ശേഖരിച്ച പാല്‍ 

പായ്ക്ക് ചെയ്യുന്ന ഒരു കെട്ടിടവും കാണാം.അവിടെ ഒരു പയ്യന്‍ യന്ത്ര സഹായത്തോടെ

കവറുകളില്‍ പാല്‍ നിറയ്ക്കുകയും അതോടൊപ്പം പാത്രങ്ങളുമായി വരുന്ന 

ആവശ്യക്കാര്‍ക്ക് പാല്‍  കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.ആശ്രമ പരിസരത്തു 

വളര്‍ത്തുന്ന പുല്‍മേടുകളിലെ പരിശുദ്ധമായ പച്ചപ്പുല്ലാണ് കാലികളുടെ 

ആഹാരം.ഇവിടത്തെ ഫാമില്‍  നിന്നുമുള്ള പാല്‍ സമീപ പ്രദേശങ്ങള്‍ കൂടാതെ അകലെ 

പാലാ വരെ കൊണ്ട് പോകുന്നതായി അറിഞ്ഞു.തോട്ടത്തിലും തൊഴുത്തിലും 

ഒക്കെയായി ധാരാളം ആളുകള്‍ അവിടെ പണിയെടുക്കുന്നതായി കാണാന്‍ കഴിഞ്ഞു.
പാല്‍ പായ്ക്ക് ചെയ്യുന്ന യൂണിറ്റ്

മുന്നോട്ടു നടക്കുമ്പോള്‍ ഇരു വശങ്ങളിലും ചെമ്പരത്തിയും,ചെത്തിയും, 

നന്ത്യാര്‍വട്ടവും,കാന വാഴയും......ഒക്കെ പൂക്കുടങ്ങളുമായി സന്ദര്‍ശകരെ 

സ്വീകരിക്കുവാനെന്ന പോലെ നില്‍ക്കുന്നുണ്ടായിരുന്നു.ഞങ്ങളുടെ കാലൊച്ച 

മാത്രമായിരുന്നു അവിടെ കേട്ട ആകെ ഒരു ശബ്ദം. നീണ്ടു പോകുന്ന ഉദ്യാനത്തിലൂടെ 

നടത്തം തുടരുമ്പോള്‍ ഇടതു വശത്ത് വിവിധ വര്‍ണ്ണങ്ങളിലുള്ള 

ജര്‍ബറയും,ഗ്ലാഡിയോലസും ഇടകലര്‍ത്തി ചെണ്ടുകള്‍ പോലെയാക്കി ഉയര്‍ന്ന രണ്ട് 

തിണ്ണകളില്‍ വച്ചിരിക്കുന്നത് കണ്ടു.അതിനു എതിര്‍ വശത്താണ് ധ്യാനത്തിനുള്ള 

സ്ഥലം.ഇലച്ചാര്‍ത്തുകള്‍ക്കടിയില്‍ പൂക്കളുടെ സുഗന്ധവും വഹിച്ചു കൊണ്ടുള്ള കാറ്റിന്‍റെ

തലോടലേറ്റ് നിശബ്ദമായിരുന്നു ധ്യാനിച്ചാല്‍ മനസ്സ് എത്ര ശാന്തമാകും!!!?യാതൊരു 

വേവലാതികളും ആശങ്കകളും ഭയപ്പാടുകളും ശബ്ദ കോലാഹലങ്ങളും ഒന്നുമില്ലാതെ ആ 

വലിയ ഹാളില്‍ കണ്ണടച്ചിരിക്കുമ്പോള്‍ ഉണ്ടാകുന്ന സ്വസ്ഥത,സമാധാനം ഇതെല്ലം 

അനുഭവിച്ചു തന്നെ അറിയണം. ഹാളിനുള്ളില്‍ പലരും ധ്യാനിച്ചിരിക്കുന്നത് 

കണ്ടെങ്കിലും സമയക്കുറവു കൊണ്ട് ഞങ്ങള്‍ വീണ്ടും മുന്നോട്ടു നടക്കുകയാണ് 

ചെയ്തത്. അവിടെ ചെടികള്‍ക്കിടയില്‍ ഒരു ചെറുപ്പക്കാരന്‍ അവയുടെ  ശാഖകള്‍ 

മുറിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കണ്ടപ്പോള്‍ പൂക്കളോട് പ്രത്യേക ഇഷ്ടമുള്ള

ഞാന്‍ ഒരു വെള്ള റോസിന്‍റെ കമ്പ് തരാമോ എന്നയാളോട് ചോദിച്ചു. മുംബൈ 

സ്വദേശിയായ അയാള്‍ ഞാന്‍ ചോദിച്ചത് മനസ്സിലായില്ല എന്ന് പറഞ്ഞു കൊണ്ട് 

അവിടെ നിന്നും എങ്ങോട്ടോ പോയി.കിട്ടും എന്ന് പ്രതീക്ഷിച്ചല്ലെങ്കിലും വെറുതെ ഒന്ന് 

ശ്രമിച്ചു നോക്കിയതാണ്.പോകട്ടെ വേണ്ടാ എന്ന് കരുതി മറ്റു ചെടികളും സമീപത്തുള്ള 

ഒരു വലിയ മഴവെള്ള ശേഖരിണിയും കണ്ട് തിരിച്ചു നടക്കുമ്പോഴുണ്ട് കാവി വസ്ത്ര 

ധാരിയായ ഒരു സന്യാസിയോടൊപ്പം ചെറുപ്പക്കാരന്‍ ഞങ്ങളുടെ അടുത്തേക്ക്‌ വരുന്നതു

കണ്ടു.അച്ചനെ കണ്ടു കൈ കൂപ്പിയ ഞങ്ങളോട് വിനയവാനായ അദ്ദേഹം ആവശ്യം 

എന്താണെന്ന് ചോദിച്ചു.സസ്യലതാദികളോടും പൂക്കളോടും ഉള്ള ഞങ്ങളുടെ 

താത്പര്യവും വീട്ടില്‍ ഞങ്ങള്‍ വളര്‍ത്തിയിട്ടുള്ള പൂക്കളുടെ,മൊബൈല്‍ ഫോണില്‍ 

എടുത്തിട്ടുള്ള ഫോട്ടോയും ഒക്കെ കണ്ടതോടെ അദ്ദേഹം വളരെ സന്തോഷവാനായി. 

കത്തിയും തൂമ്പയും ഒക്കെ എടുത്തു കൊണ്ട് വന്ന് അവിടെ നിന്നും ഞങ്ങള്‍ക്ക് 

ആവശ്യമുള്ള എല്ലാ ചെടികളും അദ്ദേഹം തന്നെ എടുത്തു തന്നു.വീണ്ടും ഇവിടേയ്ക്ക് 

വരണമെന്നും,മുന്‍കൂട്ടി വിളിച്ചു പറഞ്ഞിട്ട് വന്നാല്‍ ആശ്രമത്തില്‍ തന്നെ 

താമസിക്കാമെന്നും പറഞ്ഞ് അദ്ദേഹത്തിന്‍റെ പേരും ഫോണ്‍ നമ്പറും ഒക്കെ ഞങ്ങള്‍ക്ക് 

പറഞ്ഞു തന്നു.ഡയറി ഫാമില്‍ ഇപ്പോള്‍ ആരെയും പ്രവേശിപ്പിക്കുന്നില്ല എന്ന് അദ്ദേഹം

പറഞ്ഞപ്പോള്‍ പ്രവേശന കവാടത്തില്‍ ഞങ്ങള്‍ കണ്ട നിയന്ത്രണ ഫലകം 

ഇക്കാര്യമായിരുന്നു എന്ന് മനസ്സിലായി.പല ആളുകളും മദ്യം കഴിച്ചു കൊണ്ട് അവിടെ 

വരുന്നതിനാലാണ് ഇങ്ങനെ ഒരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണമെന്നും അദ്ദേഹം 

വ്യക്തമാക്കി.ആശ്രമത്തിന് ഇവിടെയുള്ള ക്രിസ്ത്യന്‍ സഭകളുമായൊന്നും യാതൊരു 

ബന്ധവും ഇല്ലെന്നും, കല്‍ക്കട്ടയിലെ ശ്രീരാമകൃഷ്ണ ആശ്രമവുമായി ബന്ധപ്പെട്ടാണ് 

അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ബൈബിളിനൊപ്പം ഭഗവദ്ഗീതയും റഫറന്‍സ് ഗ്രന്ഥമായി

സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഞങ്ങളെ അറിയിച്ചു.സസ്യാഹാരികളായി,യോഗ 

പരിശീലനവും ചെയ്ത് തികച്ചും ലളിതമായ ആശ്രമ ജീവിതം നയിക്കുന്ന 

അന്തേവാസികളെ വളരെ വിരളമായി മാത്രമേ പുറത്തേക്ക് കാണാന്‍ സാധിക്കൂ. ശാന്തി 

വിരിയുന്ന ആ നന്മയുടെ പൊയ്കയില്‍ നിന്ന് സന്യാസിവര്യന് നന്ദി പറഞ്ഞു കൊണ്ട് 

ഞങ്ങള്‍ കുരിശു മലയിലേക്ക് യാത്ര തിരിച്ചു.


     ആശ്രമത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ മുന്നോട്ടു പോയാല്‍ 

കുരിശുമലയ്ക്കടുത്തെത്താം.അതിനടുത്ത് എത്തുന്നതിനു തൊട്ടു മുന്‍പ് ഇടതു വശത്ത്‌ 

ഒരു വലിയ മലയും അതിന് മുകളില്‍ ഒരു മയിലിന്‍റെ ശില്‍പ്പവും കണ്ടു,അത് മുരുകന്‍

മലയാണെന്നും,അവിടെ ഒരു ക്ഷേത്രമുണ്ടെന്നും സജിത്ത് പറഞ്ഞു.കുറെ ആള്‍ക്കാര്‍ 

കയറ്റം കയറി അങ്ങോട്ട്‌ പോകുന്നത് കണ്ടു.പക്ഷേ അപ്പോഴേക്കും 

സൂര്യാസ്തമയവും,കോട മഞ്ഞു വീഴ്ചയും കാരണം പകല്‍ വെളിച്ചം നന്നേ കുറഞ്ഞു 

തുടങ്ങിയിരുന്നു.അതു കൊണ്ട് “മുരുകന്‍ മല” കയറാതെ ഞങ്ങള്‍ നേരെ കുരിശു മല 

കാണുവാന്‍ പോയി. ‘സെന്‍റ്തോമസ്‌ മൌണ്ട്’എന്ന് പേരുള്ള ഈ വലിയ മലയില്‍ താഴെ

നിന്ന് മുകളിലോട്ട് പതിനാല് കുരിശുകള്‍ സ്ഥാപിച്ചിട്ടുണ്ട്.വിശേഷാവസരങ്ങളായ 

പെരുനാള്‍ ദിനങ്ങളില്‍  വിശ്വാസികള്‍ ആചാരത്തിന്‍റെ ഭാഗമായി മലകയറ്റം 

നടത്തുകയും മുകളില്‍ സ്ഥാപിച്ചിട്ടുള്ള പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും

ചെയ്തു വരുന്നു. സാധാരണ ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മണിയ്ക്ക് തുറക്കുന്ന 

പള്ളി വൈകിട്ട് അഞ്ചു മണിയ്ക്ക് അടച്ച ശേഷം പുരോഹിതര്‍ തിരിച്ചു പോരും 

എന്നാണ് മലയുടെ താഴ്വാരത്തിലുള്ള കടക്കാര്‍ തന്ന വിവരം.ഏതായാലും സമയം 

വൈകി എന്നത് മാത്രമല്ല,മോശമായ വഴിയിലൂടെ ഇത്രയും കയറ്റം കയറാന്‍ 

പ്രയാസമായി തോന്നിയ ഞങ്ങള്‍ മല കയറാതെ നേരെ ഒരു ചായ കുടിക്കാനായി 

പോയി.കുരിശുമല ആശ്രമത്തിലെ പാല്‍ കൊണ്ട് ഉണ്ടാക്കിയ നല്ല രുചിയുള്ള ചായയും 

ഒരു പരിപ്പ് വടയും കഴിച്ച ഞങ്ങള്‍ക്ക് കടക്കാര്‍ സമ്മാനമായി നല്‍കിയ മലമുകളിലെ 

പള്ളിയുടെയും പതിനാലാമത്തെ കുരിശിന്‍റെയും ചിത്രവുമായി ആറു മണിയോടെ 

ഞങ്ങള്‍ ഹോട്ടലിലെത്തി.
മുരുകന്‍ മല 
കുരിശുമല
 
                         കുരിശുമലയിലെ യേശുക്രിസ്തുവിന്‍റെ ശില്‍പം 


               കുരിശുമലയുടെ പതിനാലാമത്തെ കുരിശും പള്ളിയും    



     മുറിയിലെത്തിയ ഞങ്ങള്‍ കുറച്ചു നേരം പകല്‍ കണ്ട കാഴ്ചകളെപ്പറ്റി    

സംസാരിച്ചിരുന്നപ്പോഴേക്കും വൈദ്യുതി നിലച്ചു.ഇന്‍വര്‍ട്ടറിന്‍റെ സഹായത്താല്‍  

ലൈറ്റുകള്‍ തെളിഞ്ഞെങ്കിലും ടി വി പ്രവര്‍ത്തിച്ചില്ല.മഴച്ചാറ്റലും ആരംഭിച്ചു.എട്ടു മണി 

ആയപ്പോള്‍ മുറിയില്‍ നിന്നിറങ്ങി ലോഡ്ജിന് നേരെ എതിര്‍വശത്തുള്ള കൈലാസ് 

ഹോട്ടലില്‍ നിന്ന് അത്താഴം കഴിച്ച് തിരികെ വരുമ്പോള്‍ ലോഡ്ജുടമ അശോക്‌ 

കുമാറിന്‍റെ സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ മകന്‍ അരവിന്ദ് അവിടെ 

നില്‍പ്പുണ്ടായിരുന്നു.വള്ളിക്കോട് സ്വദേശിയായ അശോക്‌ കുമാറിന്‍റെയും ഭാര്യ 

ചങ്ങനാശ്ശേരി സ്വദേശി ശ്രീലേഖയുടെയും മൂത്ത പുത്രനാണ് അരവിന്ദ്, ഇളയ മകന്‍ 

ബീ ടെക്കിന് പഠിക്കുന്നു.അന്ന് രാവിലെ ഒരു ജോലിയുടെ ഇന്‍റര്‍വ്യൂവിനായി  

പോയിരിക്കുകയായിരുന്ന അരവിന്ദുമായി കുറച്ചു നേരം സംസാരിച്ചിട്ട് വിശ്രമത്തിനായി

ഞങ്ങള്‍ മുറിയിലേക്ക് പോയി.സുഖപ്രദമായ തണുത്ത കാലാവസ്ഥയുണ്ടായിരുന്ന 

വാഗമണ്ണിലെ ആ ചെറിയ മുറിയില്‍ ഏ സി യുടെ അഭാവം ഞങ്ങളുടെ ശ്രദ്ധയില്‍ 

പോലും പെട്ടില്ല.
     
   നന്നായി ഉറങ്ങിയ ഞങ്ങള്‍ പ്രഭാതത്തില്‍ എഴുന്നേറ്റ് പുറത്തേക്ക് നോക്കുമ്പോള്‍

മുറിയുടെ പിന്നിലുള്ള മലനിരകളും മറ്റ് കെട്ടിടങ്ങളും,മരങ്ങളും ഒന്നും കാണാനാകാത്ത

വിധം കോട മഞ്ഞ് മൂടിയിരിക്കുകയായിരുന്നു.നിഴല്‍ പോലെ ഇടയ്ക്കിടയ്ക്ക് ചില 

കാഴ്ചകള്‍ തെളിയുകയും മറയുകയും ചെയ്യുന്നത് വളരെ രസകരമായ ഒരു കാഴ്ച്ച 

തന്നെയായിരുന്നു.ഏതായാലും ഒന്ന് പുറത്തിറങ്ങി പ്രഭാതത്തിലെ തെരുവ് കാഴ്ച്ചകളും 

കണ്ട് ചായയും കുടിച്ച്  ചുറ്റി വരാന്‍ തീരുമാനിച്ചു.നല്ല സുഖകരമായ ആ കാലാവസ്ഥ

ആസ്വദിച്ചു കൊണ്ട് കുറച്ചു ദൂരം നടന്നു.ഉറക്കത്തിന്‍റെ ആലസ്യം വിടാതെ 

കോടമഞ്ഞില്‍  തൂങ്ങി നിന്നിരുന്ന വാഗമണ്‍ ടൌണിലെ ഒന്ന് രണ്ടു നാടന്‍ 

ചായക്കടകളും ഹോട്ടലുകളും ഒഴികെ മറ്റെല്ലാം അടഞ്ഞു 

കിടക്കുകയായിരുന്നു.പീരുമേടിനും ഈരാറ്റുപേട്ടയ്ക്കും പാലായ്ക്കും മറ്റുമുള്ള ബസ് 

സര്‍വീസുകള്‍ അവിടെ യാത്രക്കാരെയും പ്രതീക്ഷിച്ചു കിടക്കുന്നതും 

കാണാമായിരുന്നു.ഞങ്ങളുടെ താമസ സ്ഥലത്തിന് തൊട്ടു മുന്നിലുള്ള കൈലാസ് ഹോട്ടല്‍ 

ആറരയ്ക്ക് തുറക്കുമെന്ന് തലേ ദിവസം പറഞ്ഞിരുന്നെങ്കിലും അതും തുറന്നിട്ടില്ല.അതു 

കൊണ്ട് അല്‍പ്പം അകലെയുള്ള അഭിലാഷ് എന്ന ഒരു ഹോട്ടലില്‍ കയറിയാണ് ചായ 

കുടിച്ചത്. തലേ ദിവസം ആ പ്രദേശത്താകെ വൈദ്യുതി ബന്ധം നഷ്ട്ടപ്പെട്ടിരുന്നത് 

ഇനിയും പുന:സ്ഥാപിക്കാത്തതിന്‍റെ വൈഷമ്യത്തിലാണ് ഹോട്ടല്‍ ജീവനക്കാര്‍.പത്തു 

മണിയ്ക്ക് ഓഫീസില്‍  ജീവനക്കാര്‍ വന്നാല്‍ മാത്രമേ ഇനി വൈദ്യുതി  

തിരിച്ചെത്തുകയുള്ളൂ.എങ്കിലും പ്രാതലിനുള്ള വിഭവങ്ങളൊക്കെ അവിടെ 

റഡിയായിക്കഴിഞ്ഞിരുന്നു.സസ്യാഹാരം മാത്രമായി ലഭിക്കുന്ന ഹോട്ടലുകള്‍ ഒന്നും 

തന്നെ അവിടെ കാണാഞ്ഞത് എന്നെ തെല്ല് നിരാശപ്പെടുത്തി.ഏതായാലും ഞങ്ങള്‍ ചായ 

മാത്രം കുടിച്ച് തിരിച്ചു പോയി പ്രഭാത കൃത്യങ്ങളെല്ലാം കഴിഞ്ഞ് സാധനങ്ങളെല്ലാം 

പായ്ക്ക് ചെയ്ത് ചെക്ക് ഔട്ട്‌ ചെയ്യാന്‍ തയ്യാറായി. ഇതിനിടയില്‍ അരവിന്ദ് എന്ന 

ചുണക്കുട്ടനായ ചെറുപ്പക്കാരന്‍ താമസക്കാരുടെ സുഖ സൗകര്യങ്ങള്‍ 

അന്വേഷിക്കുന്നതിനും, കുളിക്കാന്‍ വേണ്ട ചൂടു വെള്ളം എടുക്കാന്‍ 

സഹായിക്കുന്നതിനുമൊക്കെയായി മുകളിലേക്ക് കയറി വന്നു.തലേ ദിവസത്തെ 

യാത്രയുടെ വിശേഷങ്ങളും മറ്റ് പല കാര്യങ്ങളും ആ കുട്ടിയുമായി കുറേ നേരം 

ഞങ്ങള്‍ സംസാരിച്ചു.ശരിക്കും തങ്ങള്‍ പാറയില്‍ “സിമിയുടെ”ക്യാമ്പ് വന്നതിന് 

ശേഷമാണ് വാഗമണ്ണിലെ വിനോദ സഞ്ചാര മേഖല മെച്ചപ്പെട്ടതെന്ന് അന്നാട്ടുകാര്‍ 

വിശ്വസിക്കുന്നുവത്രേ. കുശല പ്രശ്നങ്ങള്‍ക്ക് ശേഷം വീണ്ടും അഭിലാഷ് ഹോട്ടലില്‍ 

തന്നെ പോയി പ്രാതല്‍ കഴിച്ച് മുറിയിലെത്തി  ബാഗുകളുമായി പടിയിറങ്ങി വന്ന 

ഞങ്ങളെ അരവിന്ദും അമ്മയും കൂടി അവരുടെ വീടിനകത്തേക്ക് ക്ഷണിച്ചു.അവിടെ 

അവരുടെ ബന്ധുക്കളും മുംബൈയില്‍ താമസക്കരുമായ പ്രസാദും ഭാര്യ 

ബിന്ദുവും,മകളും, വാഗമണ്‍ സന്ദര്‍ശനത്തിനായി എത്തിയിട്ടുണ്ടായിരുന്നു.അവരെ 

പരിചയപ്പെട്ടത്തിനു ശേഷം,ലോഡ്ജു വാടകയും കൊടുത്ത് ഞങ്ങള്‍ സജിത്ത് 

വരുന്നതിനായി കാത്തു നിന്നു.ഒരു ദിവസമാണെങ്കിലും വാടകയ്ക്ക് ഒരു ലോഡ്ജില്‍ 

താമസിച്ചതു പോലെയല്ല മറിച്ച് ഒരു ബന്ധുവിന്‍റെ വീട്ടില്‍ കഴിഞ്ഞ പ്രതീതിയാണ് 

ഞങ്ങള്‍ക്കുണ്ടായത്.മാത്രവുമല്ല തലേ ദിവസത്തെ ഇന്‍റര്‍വ്യൂവില്‍ വിജയിച്ച അരവിന്ദിന്

ജോലിക്കുള്ള ഓര്‍ഡര്‍ ലഭിച്ചതിന്‍റെ സന്തോഷവും, അവരുമായി പങ്കിട്ട് നല്ലവരായ ആ 

കുടുംബത്തോട് നന്ദി പറഞ്ഞ് അടുത്ത ലക്ഷ്യ സ്ഥാനമായ കുട്ടിക്കാനത്തേക്ക് യാത്ര 

തിരിച്ചു.


     ഒന്‍പതു മണിയോടെ വാഗമണ്ണില്‍ നിന്ന് യാത്ര തിരിച്ച ഞങ്ങള്‍ കോട മഞ്ഞു 

മൂടിയ മല നിരകളും,മഞ്ഞിന്‍ കണങ്ങള്‍ വീണ് തല കുനിച്ചു നില്‍ക്കുന്ന 

തരുനിബിഡമായ താഴവരകളും,കടും പച്ച ചായം തേച്ച ചായയില തോട്ടങ്ങളും കണ്ടു 

കൊണ്ട് പത്തു മണിയോടെ ഏലപ്പാറ എന്ന സ്ഥലത്തെത്തി.തേയില എസ്റ്റേറ്റുകളാല്‍ 

പ്രസിദ്ധമായ ഏലപ്പാറയില്‍ നിന്ന് കുട്ടിക്കാനത്തേക്ക് എട്ടും, പീരുമേട്ടിലേക്ക് പന്ത്രണ്ട് 

കിലോമീറ്ററും ആണ് ദൂരം.റോഡിനിരുവശങ്ങളിലും  സില്‍വര്‍ ഓക്ക് മരങ്ങള്‍ കാവല്‍ 

നില്‍ക്കുന്ന തേയിലത്തോട്ടങ്ങളില്‍ കൊളുന്തു നുള്ളുന്ന സ്ത്രീകള്‍ ഒരു പെയിന്‍റിങ്ങിലെന്ന

പോലെ കാണപ്പെട്ടു.




  മേഞ്ഞു നടക്കുന്ന കൊഴുത്തുരുണ്ട കന്നുകാലിക്കൂട്ടങ്ങള്‍ നിരത്തില്‍ പലയിടത്തും 



സമരക്കാരെപോലെ വഴി തടഞ്ഞു നില്‍ക്കുന്നതും ഒരു സാധാരണ 

കാഴ്ച്ചയായിരുന്നു.വാഹനം അടുത്തു ചെന്നാലും ഭയ ലേശമില്ലാതെ അവ അനങ്ങാതെ 

നിന്നുകളയും,പോകേണ്ടവര്‍ ഏതെങ്കിലും വഴി പൊയ്ക്കൊള്ളണം.                                                                                                  അടുത്ത സന്ദര്‍ശന സ്ഥലമായ പരുന്തും പാറ കാണുന്നതിനായുള്ള                                                                                            മുന്നോട്ടുള്ളയാത്രയില്‍ ഇടതു വശത്തായി പീരുമേട്ടിലെ പ്രസിദ്ധമായ മരിയന്‍ കോളേജ്

കണ്ടു.വഴി നന്നായി അറിയാത്തതു കൊണ്ട് ഗൂഗിളിന്‍റെയും, നാട്ടുകാരുടെയും

സഹായ സഹകരണം കൊണ്ട് കല്ലാര്‍ ജങ്ക്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഒരു 

ചെറിയ  റോഡിലേക്ക്  പ്രവേശിച്ചു.തുടര്‍ന്ന് ഒരു ചെറിയ ഗ്രാമ പ്രദേശത്തു കൂടി 

കുറച്ചു   ദൂരം സഞ്ചരിച്ചെങ്കിലും ലക്ഷ്യസ്ഥാനത്തെത്താന്‍ എത്ര ദൂരം ഉണ്ടെന്നൊരു 

സംശയം ബാക്കി നിന്നിരുന്നു.വേനലവധിക്കാലം തിമിര്‍ത്ത് ആഘോഷിച്ചു കൊണ്ടിരുന്ന  

ഭാരതത്തിന്‍റെ ഭാവി ക്രിക്കറ്റ് വാഗ്ദാനങ്ങളായ കുറെ കുട്ടികളോട് ഞങ്ങള്‍ വഴി 

ചോദിച്ചു.കൃത്യം മൂന്നു കി മീ മുന്നോട്ടു പോയാല്‍ പരുന്തും പാറ എത്തുമെന്ന് സംശയ

ലേശമില്ലാതെ അവരിലൊരുവാന്‍ മറുപടി പറഞ്ഞു തന്ന് ഞങ്ങളെ സഹായിച്ചു.പയ്യന്‍ 

പറഞ്ഞു തന്ന ദൂരം ഒരു കിലോമീറ്ററിന്‍റെ വ്യത്യാസം ഒഴിച്ചാല്‍ ഏകദേശം 

ശരിയായിരുന്നു.
     
    മലനിരകളാല്‍ ചുറ്റപ്പെട്ട ഒരുയര്‍ന്ന പ്രദേശമാണ് പരുന്തും പാറ. അവിടത്തെ വ്യൂ 

പോയിന്‍റില്‍ നിന്ന് ഒരു വശത്തേക്ക് നോക്കുമ്പോള്‍ ശബരിമല ക്ഷേത്രത്തിന്‍റെ 

പൂങ്കാവനവും,മകര വിളക്ക് സമയത്ത് മകര ജ്യോതിയും കാണാമെന്നും,ആ സമയത്ത് 

ഇരുപതിനായിരത്തോളം ആളുകള്‍ അവിടെ എത്തി ഈ കാഴ്ചകള്‍ കാണാറുണ്ടെന്നും 

ഒരു സ്ഥല വാസി പറഞ്ഞു.യഥാര്‍ത്ഥത്തില്‍ ഇത് പരുന്തും പാറ അല്ലെന്നും പടര്‍ന്ന 

പാറയാണെന്നും,ചുറ്റോടു ചുറ്റും പാറ പടര്‍ന്നു കിടക്കുന്നത് കൊണ്ടാണ് അങ്ങനെയൊരു

പേര് വന്നതെന്നും തട്ടുകട നടത്തുന്ന അയാള്‍ കൂട്ടിച്ചേര്‍ത്തു. എന്നാലും സ്ഥലനാമ 

ഫലകങ്ങളില്‍ പോലും പരുന്ത് എന്നാണല്ലോ കാണുന്നത് എന്ന എന്‍റെ ചോദ്യത്തിന് 

താഴെ ഒരു പാറയ്ക്ക് പരുന്തിന്‍റെ ആകൃതിയുള്ളത് കൊണ്ടാകാം അങ്ങനെ 

വിളിക്കുന്നത്‌ എന്ന് പറഞ്ഞ് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാനെന്നവണ്ണം 

അയാള്‍ അവിടെ നിന്നും പൊയ്ക്കളഞ്ഞു.                                        

പരുന്തിന്‍റെ തലയുടെ ആകൃതിയുള്ള പാറ


പൂങ്കാവനവും മകരജ്യോതിസ്സും ദൃശ്യമാകുന്ന സ്ഥലം



 ദൂരെയുള്ള മലകള്‍ എല്ലാം മഞ്ഞിന്‍ മൂടുപടമിട്ടു നില്‍ക്കുമ്പോള്‍ അടുത്തുള്ള ചിലതില്‍

നിന്നും തീരെ മെലിഞ്ഞ അരുവികള്‍ ഒഴുകി വരുന്നതും കാണാമായിരുന്നു.മറ്റു 

കാഴ്ചകള്‍ ഒന്നും അവിടെ കാണാനില്ലാത്തതിനാല്‍  അടുത്തതായി കാണേണ്ട 

‘അമ്മച്ചിക്കൊട്ടാരത്തിലേക്ക്’ യാത്ര ആരംഭിച്ചു.വന്നവഴി തിരിച്ച് കല്ലാര്‍ കവലയിലേക്ക് 

യാത്ര ചെയ്യുമ്പോള്‍ ഒരിടത്ത് തമിഴ്‌നാട്ടില്‍ നിന്ന് വന്ന കുറെ ആളുകള്‍ വഴിയരികില്‍ 

എന്തൊക്കെയോ പാചകം ചെയ്യുന്നതു കണ്ടു.ക്രിക്കറ്റ് കുട്ടന്മാര്‍ കളി അവസാനിപ്പിച്ച് 

പോയിക്കഴിഞ്ഞിരുന്നു. കവലയിലെത്തിയ ഞങ്ങള്‍ കാര്‍ നിര്‍ത്തി ഒരു “ഓട്ടോ 

ചേട്ടനോട്” കൊട്ടാരത്തിലേക്കുള്ള വഴിയും പിന്നെ “പാഞ്ചാലി മേട്”കൂടാതെ കാണാന്‍ 

പറ്റിയ മറ്റേതെങ്കിലും സ്ഥലങ്ങള്‍ കൂടി ഉണ്ടോ എന്നും അന്വേഷിച്ചു.ഇതൊക്കെയല്ലാതെ 

വേറെ കാഴ്ചകള്‍ ഒന്നും തന്നെ അവിടെ ഇല്ലെന്ന് കല്ലാര്‍ കവലയുടെ പേര് പറഞ്ഞു 

തന്ന അയാള്‍ മറുപടി നല്‍കി.കവലയില്‍ നിന്ന് പത്തു കിലോമീറ്റര്‍ കോട്ടയം റൂട്ടില്‍ 

പോയിട്ട് വലത്തോട്ടു തിരിഞ്ഞ് ഒന്നര കി മീ യാത്ര ചെയ്‌താല്‍ 

കൊട്ടാരത്തിലെത്താം.വഴി രണ്ടായി പിരിയുന്ന സ്ഥലത്ത് വലതു വശത്ത്‌ മിസ്റ്റി 

മൌണ്ടന്‍ റിസോര്‍ട്ടു കാണാം.(ഇത് പണ്ട് മഹാരാജാവിന്‍റെ ഹില്‍ പാലസിനോട് 

അനുബന്ധിച്ചുള്ള വണ്ടിപ്പുര ആയിരുന്ന സ്ഥലമാണ്.)പീരുമേടിന് ആ പേര് വരാന്‍ 

കാരണക്കാരനായ പീര്‍ മൊഹമ്മദ്‌ എന്ന സൂഫി സെയിന്‍റിന്‍റെ ഒരു പള്ളിയും 

ഖബറിടവും ഇടതു വശത്ത്‌ ഉണ്ടെന്നറിഞ്ഞെങ്കിലും, സമയക്കുറവു കൊണ്ടും, 

അങ്ങോട്ടുള്ള വഴി പോകാന്‍ പറ്റാത്ത വിധം മോശമാണെന്നറിഞ്ഞതു കൊണ്ടും നേരെ 

അമ്മച്ചിക്കൊട്ടാരത്തിലേക്ക് തന്നെ പോയി. ആകെ രണ്ടു കി മീ പോയാല്‍ 

മതിയെങ്കിലും വളരെ ഇടുങ്ങിയ ഒരു വഴിയായിരുന്നതു കൊണ്ട് പതുക്കെയായിരുന്നു 

യാത്ര.മനുഷ്യവാസമുള്ളതായിപ്പോലും തോന്നാത്ത ഒരു  സ്ഥലം. ഈ വഴി  ഏതെങ്കിലും 

കാട്ടില്‍ ചെന്ന് അവസാനിക്കുമോ എന്ന് പോലും തോന്നിപ്പോയി. കുറച്ചു ദൂരം 

ചെന്നപ്പോള്‍ വലതു വശത്ത്‌ പാലസ് അവന്യൂ റിസോര്‍ട്ട് എന്നൊരു വലിയ കെട്ടിടം 

കണ്ടു.അതിനടുത്തായി ഒരു ലോറി നിര്‍ത്തിയിട്ട് എന്തോ സാധനങ്ങള്‍ മറു വശത്ത് 

ഇറക്കുകയാണ്.കുറേ നേരം അവിടെ കിടന്നു.ഉറുമ്പ് അരിമണികള്‍ കൊണ്ട് പോകുന്നത് 

പോലെ ആള്‍ക്കാര്‍ ഓരോ ചാക്കുകെട്ടും ചുമന്ന് ഇറക്കം ഇറങ്ങി പോകുന്നത് 

കണ്ടെങ്കിലും ,ഉടനെയെങ്ങും അത് അവസാനിക്കാന്‍ ഇടയില്ലെന്ന് തോന്നിയ ഞങ്ങള്‍ 

ഹോണ്‍ മുഴക്കി,വണ്ടി ഒതുക്കി ഞങ്ങളെ കടത്തി വിടാന്‍ അഭ്യര്‍ത്ഥിച്ചു. അങ്ങനെ 

വീണ്ടും ചെറിയ വിര പോലെയുള്ള വഴിയിലൂടെ കൊട്ടാരം കാണുന്നുണ്ടോ എന്ന് 

നോക്കി നോക്കി പോകുമ്പോള്‍ ഇടതു വശത്ത് ചെറിയ ഒരു കല്‍ക്കെട്ടും ,പൊളിഞ്ഞു 

വീഴാറായ ഒരു ഗേറ്റും കണ്ടു.അതിന്‍റെ പഴക്കവും ഉണ്ടാക്കിയിരിക്കുന്ന രീതിയും 

കണ്ടപ്പോള്‍ രാജഭരണ കാലത്ത് ചെയ്തതാണെന്ന് തോന്നി ഞങ്ങള്‍ അങ്ങോട്ട്‌ വണ്ടി 

തിരിച്ചു.    

അമ്മച്ചി കൊട്ടാരം ഒരു വശത്തു നിന്നുള്ള കാഴ്ച    

                                                               
കൊട്ടാരം എന്നൊക്കെ പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ഒരു സങ്കല്പം ഉണ്ടല്ലോ  

ആ ഒരു വിചാരത്തോടെയാണ് അവിടേയ്ക്ക് കയറിച്ചെന്നതെങ്കിലും അവിടത്തെ കാഴ്ച 

ഞങ്ങളില്‍ ഒരേ സമയം അമ്പരപ്പും വേദനയും ഉണ്ടാക്കി.പലതരം വൃക്ഷങ്ങള്‍ തിങ്ങി 

വളരുന്ന വിശാലമായ ഒരു സ്ഥലത്ത് പ്രതാപകാല സ്മൃതിയുമായി,നട്ടെല്ലൊടിഞ്ഞ് ചലന

ശേഷി നഷ്ടപ്പെട്ട് മക്കളെയും നോക്കി മരണക്കിടക്കയില്‍ കഴിയുന്ന ഒരു 

മുത്തശ്ശിയെപ്പോലെയാണ് ആ മന്ദിരത്തെ എനിക്ക് നോക്കികാണാന്‍ കഴിഞ്ഞത്.താഴെ 

തുളസിച്ചെടി കരിഞ്ഞു പോയ തുളസിത്തറയ്ക്കരികില്‍ കൂടി നടന്ന് ഇളകി തുടങ്ങിയ 

വെട്ടുകല്ല് പടികള്‍ കയറി ചെല്ലുമ്പോള്‍ മന്ദിരത്തിനുള്ളില്‍ ആരോ സംസാരിക്കുന്നത് 

കേട്ടു. ശയ്യാവലംബിയായി കിടക്കുന്ന മുത്തശ്ശിയമ്മയെ കാണുവാന്‍ ഞങ്ങള്‍ക്ക് മുന്‍പേ 

വന്ന ഏതോ പേരക്കിടാങ്ങള്‍ക്ക്,സഹായിയായ ഹോം നേഴ്സിനെ പോലെ മന്ദിരം 

കാവല്‍ക്കാരന്‍ ധര്‍മ്മലിംഗം അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ വിവരിച്ചു 

കൊടുക്കുന്നതാണ് ഞങ്ങള്‍ കേട്ട ശബ്ദം.കാവി നിറത്തിലുള്ള തറ ഓട് പാകിയ പടികള്‍ 

എല്ലാം പൊളിഞ്ഞു കിടക്കുന്നു.തിണ്ണയിലേക്ക് കയറുമ്പോള്‍ ആദ്യ സന്ദര്‍ശകരെ 

യാത്രയാക്കി ഞങ്ങളെ സ്വീകരിക്കുവാന്‍ തമിഴ്‌നാട് സ്വദേശിയും വൃദ്ധനുമായ ധര്‍മ്മ 


ലിംഗം മുന്നോട്ടു വന്നു.



 മുന്‍വശത്ത്–കാവല്‍ക്കാരന്‍ ധര്‍മ്മലിംഗം 

             
                                       അസംബ്ലി ഹാള്‍ 

പഴയ രീതിയിലുള്ള വിശാലമായ വാതില്‍ തുറന്നു തന്നു കൊണ്ട് അദ്ദേഹം ഞങ്ങളെ ആ

പുരാനിര്‍മ്മിതിയ്ക്കുള്ളിലേക്ക് ആനയിച്ചു.ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ 

മഹാരാജാവിന് പ്രായപൂര്‍ത്തി ആകും വരെ അദ്ദേഹത്തിന്‍റെ അമ്മ തിരുമനസ്സ് 

സേതുലക്ഷ്മീ ഭായി തമ്പുരാട്ടിയാണ് രാജ്യം ഭരിച്ചിരുന്നത്.അന്ന് വേനല്‍ക്കാലങ്ങളില്‍ 

അമ്മമഹാറാണി പീരുമേട്ടിലെ ഈ കൊട്ടാരത്തില്‍ താമസിച്ചാണ് ഭരണം നടത്തി 

വന്നിരുന്നത്.അകത്തേക്ക് കയറുമ്പോള്‍ ആദ്യം കാണുന്നത് അന്നത്തെ അസ്സംബ്ലി ഹാള്‍ 

ആണ്.തടി കൊണ്ടുള്ള മച്ചും,മൊസ്സൈക്ക് തറ പോലെ മിനുസപ്പെടുത്തിയ ശില പാകിയ 

തറയും,വൃത്താകൃതിയിലുള്ള നിര്‍മ്മിതിയ്ക്ക് നടുവില്‍ സ്ഥാപിച്ചിട്ടുള്ള വലിയ 

ജനാലയും എല്ലാം കൂടി പുതിയ നിര്‍മ്മിതികളേക്കാള്‍ പ്രതാപം ഒട്ടും കുറവല്ലെന്ന് 

തെളിയിച്ചു തരുന്നു അവിടം.തൊട്ടടുത്ത് ഒരു വശത്ത് ഓഫീസ് മുറിയും,മറ്റൊരു   

വശത്ത് നാലുകെട്ടും കാണാം.നാലുകെട്ട് മുറ്റത്ത് പഴങ്കഥകള്‍ ഓര്‍ത്തിട്ടെന്ന പോലെ 

ചെത്തിയും ചെമ്പരത്തിയും പടര്‍ന്ന് പന്തലിച്ചു തല കുമ്പിട്ട്‌ കിടക്കുന്നു.നാലുകെട്ടിന്‍റെ 

വശങ്ങളില്‍ ഉള്ള ചെറിയ വരാന്തകളില്‍ കൂടി നടക്കുമ്പോള്‍ ഒരു സ്ത്രീ അവിടെ നിന്ന്

അലക്കിയ വസ്ത്രങ്ങള്‍ ഉണങ്ങാനായി വിരിച്ചിടുന്നത് കണ്ടു,ധര്‍മ്മലിംഗത്തിന്‍റെ 

സഹോദരിയാണവര്‍.വരാന്തയില്‍ കൂടി  നടന്നെത്തിയത്‌ മഹാറാണി വിശ്രമിച്ചിരുന്ന 

മുറിയിലേക്കാണ്.അതിനു തൊട്ടടുത്തു തന്നെ തുണക്കാരി സ്ത്രീകളുടെ മുറിയും തുടര്‍ന്ന് 

ഒരു ഇരുണ്ട ഇടനാഴിയും  ഡൈനിംഗ് റൂമും,അതോടനുബന്ധിച്ച് കൈ കഴുകുന്നതിനായി

ഭിത്തിയില്‍ ഉറപ്പിച്ച അലങ്കാരപ്പണികള്‍ ചെയ്ത ഇറ്റാലിയന്‍ വാഷ് ബേസിനുകളും 

കാണാം. താമരപ്പൂവിന്‍റെ ആകൃതിയുള്ള ബേസിനനുകളുടെ അടിവശത്ത് താമര 

ഇലകളും ആകര്‍ഷകമായി പതിച്ചു വച്ചിരിക്കുന്നു.അവിടെ കുറച്ചു നേരം കാഴ്ച 

കണ്ടു നിന്ന ഞങ്ങളോട് പെട്ടെന്ന് പുറത്തിറങ്ങാന്‍ പറഞ്ഞു കൊണ്ട് കാവല്‍ക്കാരന്‍ 

മുന്നോട്ട് നടന്നു,മുകളില്‍ നിന്ന് ഓടുകള്‍ പൊളിഞ്ഞു വീണു കൊണ്ടേയിരിക്കുകയാണ്, 

ചിലപ്പോള്‍ തലയില്‍ വീഴാം അതാണ്‌ അയാള്‍ ഞങ്ങളെ മാറ്റുവാനുള്ള കാര്യം. 

നാലുകെട്ട്
                                         

                                             വാഷ്‌ബേസിനുകള്‍

അതിനടുത്ത് ഉണ്ടായിരുന്നത് അടുക്കള ആയിരുന്നുവെന്ന് അറിയാന്‍ വേണ്ടി എന്നത് 

പോലെ ഒരു വലിയ ആട്ടുകല്ല് അവിടെ കിടപ്പുണ്ടായിരുന്നു. മേല്‍ക്കൂര മുഴുവനും 

പൊളിഞ്ഞ് കാട് പിടിച്ച് ഇളകിക്കിടക്കുന്ന തറയില്‍,  കിടന്ന്,എത്രയോ പേര്‍ക്ക് 

അരിയും ഉഴുന്നും അരച്ചിരുന്ന ആ ആട്ടുകല്ല് നിശബ്ദമായി തേങ്ങുന്നതു പോലെ 

തോന്നി.വളരെ സങ്കടത്തോടെ ആ കാഴ്ചകള്‍ കണ്ടതിനു ശേഷം വന്ന വഴി മടങ്ങുമ്പോള്‍

ഭക്ഷണമുറിയുടെ വശത്ത്‌ ഒരു ജന്നലും അതിനപ്പുറം ഭിത്തിയില്‍ ഒരു വലിയ 

തുരങ്കവും കണ്ടു.


          പഴയ ആട്ടുകല്ല്   
                                                        
തുരങ്കം



                                                           
                                                     കൊട്ടാരം മറുവശത്ത്‌ നിന്നുള്ള ദൃശ്യം                                                              


    അന്നത്തെ കാലത്ത് കൊട്ടാരത്തില്‍ നിന്ന് രാജ്ഞിയും പരിവാരങ്ങളും നാല് കി മീ 

ദൈര്‍ഘ്യമുള്ള ആ തുരങ്കത്തിലൂടെയാണ് പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് 

പോയിവന്നിരുന്നത് എന്ന് ധര്‍മ്മലിംഗം പറഞ്ഞു.രാജഭരണ കാലത്ത് തന്നെ ഇവിടെ 

ആശ്രിതനായി കൂടിയ ധര്‍മ്മലിംഗം എന്ന പാവം മനുഷ്യന് ഞങ്ങള്‍ നൂറു രൂപ 

കൊടുത്തു.അയാള്‍ ഇങ്ങനെ സന്ദര്‍ശകര്‍ കൊടുക്കുന്ന ചില്ലറ കൊണ്ടാണ് ജീവിതം 

നയിക്കുന്നത്.കൂടാതെ അയാളുടെ ഭാര്യ അവിടെയെവിടെയോ ഒരു ചെറിയ കട 

നടത്തുന്നതു കൊണ്ട് ,ആവകയില്‍ കിട്ടുന്ന തുച്ഛമായ തുകയും ഉണ്ട്.ബാംഗ്ലൂരില്‍ ഉള്ള 

ഏതോ ഒരു ഐ ടി കമ്പനി കൊട്ടാരം വിലയ്ക്ക് വാങ്ങിയതിനു ശേഷം ഏഴു 

മാസമായി അയാള്‍ക്ക്‌ ശമ്പളവും കിട്ടുന്നില്ലത്രേ,കഷ്ടം തോന്നി.അയാളുടെയും 

കൊട്ടാരത്തിന്‍റെയും അവസ്ഥ കണ്ടു കൊണ്ട് പശുക്കള്‍ മേഞ്ഞു നടക്കുന്ന 

കൊട്ടാരമുറ്റത്തെ, ഇംഗ്ലണ്ടില്‍ നിന്ന് കൊണ്ടു വന്ന് വച്ചു പിടിപ്പിച്ചിരുന്ന സൈപ്രസ് 

മരത്തണലില്‍ കുറച്ചു നേരം നിന്നിട്ട് ഞങ്ങള്‍ മടങ്ങി.                                                                                                                 ഒന്നാലോചിച്ചാല്‍ ഇന്ന് നമ്മളൊക്കെ ധാരാളം പണം  മുടക്കി പണിതുയര്‍ത്തുന്ന 

മണിമാളികകളുടെയും അവസ്ഥ ഇത് തന്നെയല്ലേ?! നാട്ടില്‍ തൊഴിലെടുക്കാനും,തൊഴില്‍ 

കൊടുക്കാനും പറ്റിയ അനുകൂല സാഹചര്യങ്ങള്‍ ഇല്ലാത്തതു കൊണ്ട് അടുത്ത തലമുറ 

മിക്കവാറും എല്ലാവരും തന്നെ വിദേശ രാജ്യങ്ങളിലേക്ക് പോയിക്കഴിഞ്ഞല്ലോ, ഇനി 

അവരോ അവരുടെ സന്തതി പരമ്പരകളോ ഈ സ്ഥിതി മാറാതെ ഇങ്ങോട്ട് വരുമോ? 

അപ്പോള്‍ ഇന്ന് നാം ഉണ്ടാക്കുന്ന ഈ നിര്‍മ്മിതികളുടെയും അവസ്ഥ മറ്റൊന്നാകാന്‍ 

സദ്ധ്യതയില്ലല്ലോ. വിദേശ രാജ്യങ്ങളിലാണെങ്കില്‍ ഈ കൊട്ടാരം പോലെ ചരിത്ര 

പ്രാധാന്യമുള്ള മന്ദിരങ്ങള്‍ പുരാവസ്തു വകുപ്പോ ഗവണ്മെന്‍റോ ഏറ്റെടുത്ത് 

സംരക്ഷിച്ചു കണ്ടു വരുന്നു.നമുക്കോ?നമുക്ക് ഇതൊന്നും വേണ്ടാ,ഇതിനൊന്നും ഒരു 

വിലയും ഇല്ല, പൈതൃക സ്വത്തോ,പൊതു സ്വത്തോ എന്തുതന്നെയായാലും ഒന്നുകില്‍ 

സ്വന്തമാക്കുക അല്ലെങ്കില്‍ നശിപ്പിക്കുക ഇതാണല്ലോ നമുക്ക് അറിയാവുന്നത്. 

ഗതകാലസ്മരണകളുടെ ആ ശവപ്പറമ്പില്‍,മണ്ണിനോട് ചേരാന്‍ വെമ്പി നില്‍ക്കുന്ന ആ 

രാജഗൃഹത്തെ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി,ഇനി വരുമ്പോള്‍ ഇത് 

ബാക്കിയുണ്ടാവില്ലല്ലോ എന്നാലോചിച്ചു കൊണ്ട് ഞങ്ങള്‍ പടിയിറങ്ങി. 

തുളസിത്തറയ്ക്കടുത്ത് മരത്തണലില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറി കയ്യില്‍ 

കരുതിയിരുന്ന മാമ്പഴം ചെത്തി കഴിച്ചിട്ട് നോവുന്ന മനസ്സുമായി അടുത്ത സ്ഥലത്തേക്ക് 

യാത്ര തിരിച്ചു.

        വന്ന വഴി തിരികെ റോഡ്‌ പിരിയുന്ന കവലയില്‍ മിസ്റ്റി മൌണ്ടന്‍ 

റിസോര്‍ട്ടിനടുത്തെത്തിയ ഞങ്ങള്‍ വലത്തോട്ടു തിരിഞ്ഞ് മൂന്നര കി മീ സഞ്ചരിച്ച് 

മുറിഞ്ഞപുഴ എന്ന സ്ഥലത്തെത്തി.ഇടയ്ക്ക് വലതു വശത്ത് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം 

കണ്ടു, അധികം വെള്ളം ഒന്നും ഇല്ലാത്ത ഒരു ചെറിയ വെള്ളച്ചാട്ടമാണത്.

മുറിഞ്ഞപുഴയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നാല് കി മീ പോയാല്‍ 

“പാഞ്ചാലിമേട്” എന്ന മനോഹരമായ സ്ഥലത്തെത്താം.

     പാണ്ഡവ പത്നിയായ പാഞ്ചാലി കുളിച്ചെന്ന് കരുതപ്പെടുന്ന ഒരു കുളവും രണ്ടാം 

പാണ്ഡവനായ ഭീമസേനന്‍റെ കാല്‍പ്പാടും ഇവിടെ കാണാമെന്നറിഞ്ഞു. മുന്നില്‍”പാഞ്ചാലി 

മേട്” എന്നെഴുതിയ വലിയ ബോര്‍ഡ് വച്ചിട്ടുണ്ട്,എന്നാല്‍ അത് വായിക്കുന്നതിന് മുന്‍പ്

തന്നെ മേഘമോ, മഞ്ഞോ പാറിപ്പറന്നു വന്ന് ദൃശ്യങ്ങളും,ഞങ്ങളെ അന്യോന്യം തന്നെയും

മറച്ചു കളഞ്ഞു. മഞ്ഞും മഴയും വെയിലും എല്ലാം നിമിഷത്തിനു നിമിഷത്തിന് 

മാറിമറയുന്ന  മനോഹരമായ ഈ പ്രദേശത്ത് നല്ല സുഖമുള്ള കാലാവസ്ഥയാണ്.കെ ടി 

ഡി സി ഏറ്റെടുത്ത് നന്നായി പരിപാലിച്ചു വരുന്ന ഇവിടെ അകത്തേക്ക് കയറാന്‍ 

ഒരാള്‍ക്ക് പത്തു രൂപ ടിക്കറ്റ് എടുക്കണം. 

                                                                     പാഞ്ചാലി  മേട് - പ്രവേശന കവാടം 



വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന വലിയ കല്‍ മണ്ഡപങ്ങളും,കല്ലുപാകി  വെടിപ്പാക്കിയ 

വഴിത്താരകളും,പച്ച വിരിച്ചതു പോലെ കിടക്കുന്ന പുല്‍മേടും എല്ലാം കൂടി 

പ്രദേശത്തിന് ഒരു വശ്യ ചാരുത നല്‍കുന്നുണ്ട്. പ്രവേശന കവാടം മുതല്‍ നിശ്ചിത 

അകലത്തില്‍ സ്ഥാപിച്ചിട്ടുള്ള കുരിശുകള്‍ ഇടതു വശത്ത്‌ അങ്ങ് കുന്നിന്‍ മുകളില്‍ വരെ

കാണാം.കല്ലു പാകിയ വഴിയില്‍ കൂടി ചെറിയ കയറ്റം കയറി മുന്നോട്ട് നടക്കുമ്പോള്‍ 

വലതു വശത്ത് വലിയ ഒരു കുന്നും അതിന്‍റെ മുകളില്‍ ഒരു ക്ഷേത്രവും ഉള്ളതായി 

കണ്ടു.തിരിച്ചു വരുമ്പോള്‍ ക്ഷേത്രത്തിലേക്ക് കയറാം എന്ന് കരുതി ഞങ്ങള്‍ മുന്നോട്ട് 

നടന്നു.വഴിയുടെ ഇരുവശങ്ങളിലും ഓരോ ചെറിയ കല്‍ മണ്ഡപങ്ങള്‍ ഉണ്ട്.എല്ലാവരും 

അവിടെ കയറി നിന്ന് താഴേയ്ക്ക് നോക്കുകയാണ്,പാഞ്ചാലി കുളിച്ചെന്നു പറയപ്പെടുന്ന 

കുളം കാണുന്നുണ്ടോ എന്ന്.പുകമറ പോലെ മഞ്ഞ് മൂടിക്കിടക്കുന്ന അഗാധതയിലേക്ക് 

നോക്കി നില്‍ക്കുമ്പോള്‍ അവിടത്തെ ഒരു ജീവനക്കാരന്‍ അതു വഴി വന്നു. 

അദ്ദേഹത്തോട്  ഞങ്ങള്‍ കുളത്തെപ്പറ്റി ചോദിച്ചു.വളര താഴ്ചയില്‍ പുല്ലു 

മൂടിക്കിടക്കുന്ന ഒരു സ്ഥലം ചൂണ്ടിക്കാണിച്ചു കൊണ്ട് അയാള്‍ പറഞ്ഞു അവിടെയാണ് 

കുളം അത് മുഴുവന്‍ ചെളി മൂടി ചതുപ്പായി കിടക്കുകയാണ്, ഇത്രയൊക്കെയേ 

കാണാന്‍ സാധിക്കൂ എന്ന്.


   

കല്‍ മണ്ഡപം       താഴെ ചതുപ്പായി കിടക്കുന്ന കുളം                                                                                                       കൂടാതെ ഭീമസേനന്‍റെ ഭീമമായ കാല്‍പ്പാട് പതിഞ്ഞ സ്ഥലം തീര്‍ത്തും                                                                                                അഗമ്യമാണെന്നറിഞ്ഞതിനാല്‍ അവിടേയ്ക്ക് പോകാതെ മടങ്ങി.കുളത്തിന്‍റെ                                                                                            ഉപരിതലമെങ്കിലും കണ്ടതിന്‍റെ ആഹ്ലാദവുമായി തിരിച്ചു നടന്ന ഞങ്ങള്‍ കുന്നിന്‍                                                                                     മുകളിലെ  ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലേക്ക് പോയി. ശാന്ത സുന്ദരമായ പ്രദേശം.                                                                                     ക്ഷേത്രം അടച്ചു കഴിഞ്ഞു.പുറത്ത് ഗണപതി,അയ്യപ്പന്‍, ശ്രീ കൃഷ്ണന്‍, നാഗ ദേവതകള്‍                                                                                എന്നീ പ്രതിഷ്ഠകളും,അതിന് മുന്നിലെ വലിയ പാറയില്‍ പ്രാര്‍ത്ഥനയ്ക്കായി വന്ന ഒരു                                                                                കിളിമകളും ഉണ്ടായിരുന്നു. 



ശ്രീ ഭുവനേശ്വരി ക്ഷേത്രം 
                                                                     ക്ഷേത്ര സങ്കേതത്തിലെ പൈങ്കിളി                                                                                                                                                                                                                                                                                                                                                                                           ഈ കാഴ്ച്ചകള്‍ എന്നും ഇങ്ങനെ മനോഹരമായി നില നില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു                                                                                  കൊണ്ട് മലയിറങ്ങി വരുമ്പോള്‍ കള നീക്കി വെട്ടിനിരപ്പാക്കിയ പുല്‍ത്തകിടികള്‍,                                                                                    യൂണിഫോം ഇട്ട പെണ്‍കുട്ടികള്‍ നനച്ചു കൊടുക്കുന്നത് കണ്ടു. പീരുമേട് സ്വദേശികളായ                                                                                അവരോട് അല്‍പ്പം കുശലം പറഞ്ഞ് താഴെയെത്തിയ ഞങ്ങള്‍ എതാണ്ട് ഒന്നേകാലോടെ 
                                                                        മടക്കയാത്രയ്ക്കായി കാറില്‍ കയറി.യാത്ര തുടങ്ങി രണ്ടു നിമിഷം കഴിഞ്ഞില്ല ഓടി                                                                                  വന്ന മഴമേഘങ്ങള്‍ അവിടെ അമൃതം വര്‍ഷിച്ചു തുടങ്ങി.ഏതായാലും ഒരു                                                                                            ബുദ്ധിമുട്ടുമില്ലാതെ എല്ലാ കാഴ്ചകളും കണ്ട്, നിറഞ്ഞ മനസ്സുമായി ,തെളിഞ്ഞ                                                                                      ചോലകളുടെ അകമ്പടിയോടെ പാലൂര്‍ക്കാവ് എന്ന സ്ഥലത്ത് കൂടി മുണ്ടക്കയത്ത്‌                                                                                    വന്ന് ഉച്ചഭക്ഷണവും കഴിച്ച് നാല് മണിയോടെ സുഖമായി വീട്ടിലെത്തി.                                                                                                    അതിരറ്റ സ്നേഹത്തിന്‍റെ കലവറയായ പ്രകൃതി മാതാവിനോട് സംവദിക്കാന്‍ 

എല്ലാ   മനുഷ്യരും അല്‍പ്പ സമയമെങ്കിലും കണ്ടെത്തണം.തിരക്കും 

ജോലിയും,പ്രാരബ്ധവും എല്ലാം ഒഴിഞ്ഞിട്ട് ഒരിക്കലും ഇതൊന്നും സാധിച്ചെന്നു 

വരില്ല,എല്ലാ കാര്യങ്ങള്‍ക്കുമിടയില്‍ നമുക്ക് കിട്ടിയിരിക്കുന്ന സൌഭാഗ്യങ്ങളെ 

ഒരു നോക്ക് കാണുക,അറിയുക ,സംരക്ഷിക്കുക,മറ്റൊന്നും തേടിവയ്ക്കാതെ 

എല്ലാം നമ്മളില്‍ വന്നു ചേരും.................

ഗീത എ (നന്ദ)