2026 ജൂലൈ 10, വെള്ളിയാഴ്‌ച

 

കാനന കുളിർമ്മയിൽ- ഗവി

കാല വർഷത്തിന്റെ ആഗമനവും ഈദ് പെരുന്നാളിൻറെ അവധിക്കാലവും ചേർന്ന മനോഹരമായ ദിവസങ്ങൾ. വർഷ മേഘങ്ങൾ പൊഴിച്ച ഉപ്പ് രസമില്ലാത്ത കണ്ണുനീർ തുള്ളികൾ വീടിന്റെ മേൽക്കൂരയിൽ വീണ് ചിന്നിച്ചിതറിയപ്പോൾ മധുരമായ ഒരാഗ്രഹം!!വീട്ടിൽ കുത്തിയിരിക്കാതെ പ്രകൃതിയുടെ വിശാലമായ വിരിമാറിലൂടെ ഒരു സഞ്ചാരമായലോ എന്ന ആലോചനയിലേക്കാണ്  ആ ആഗ്രഹം ചെന്ന് നിന്നത് . കൂടുതൽ അലച്ചിലില്ലാതെ മനസ്സിന് ഉന്മേഷവും ശരീരത്തിന് ഊർജ്ജവും നൽകുന്ന  രണ്ടോ മൂന്നോ ദിവസം നീണ്ടു നിൽക്കുന്ന ചെറിയൊരു യാത്ര,അത് മതിയെന്നുറപ്പിച്ച് ഞങ്ങൾ തേക്കടിയിലേക്ക് വച്ച് പിടിക്കാൻ തീരുമാനിച്ചു . വർഷങ്ങൾക്ക് മുൻപ് തേക്കടി തടാകത്തിലൂടെ ബോട്ടിൽ സവാരി ചെയ്തപ്പോൾ  തടാകത്തിലിറങ്ങി കുളിച്ചും കുടിച്ചും അർമ്മാദിച്ചു കളിച്ചിരുന്ന ആനക്കൂട്ടത്തെ കണ്ട മനോഹരമായ കാഴ്ചയാണ് പെട്ടെന്ന് മനസ്സിൽ ഓർമ്മ വന്നത്. എന്നാൽ അതൊക്കെ  പഴങ്കഥ അല്ലേ .. തേക്കടിയുടെ പുതിയ മുഖം ഒന്ന് കണ്ടേക്കാമെന്ന് കരുതി കുമിളിയിലെ “വുഡ് നോട്ട്”(Wood note ) എന്ന് പേരുള്ള ഹോട്ടലിൽ രണ്ട് ദിവസത്തെ താമസത്തിന് മുറിയും ബുക്ക് ചെയ്ത് , യൂ ട്യൂബ് ചാനലിലൂടെ “ഇൻഫ്ലുവൻസർ” പദവി കരസ്ഥമാക്കിയ സുഹൃത്തിൻറെ  ടാക്സിയിൽ യാത്ര തിരിച്ചു. ചാനൽ പ്രേക്ഷകരെ സ്വാധീനിക്കാൻ വേണ്ട വൊക്കാബുലറി കൈവശമുണ്ടായിരുന്ന ജിബിൻ എന്ന ഞങ്ങളുടെ സാരഥിയോടൊപ്പമുള്ള യാത്ര ഒട്ടും മടുപ്പിക്കുന്നതായിരുന്നില്ല.

അറബിക്കടലിന് സമാന്തരമായി തലയുയർത്തി നിൽക്കുന്ന സഹ്യ സാനുക്കൾ അണിഞ്ഞിരിക്കുന്ന മരതക പട്ടുടയാടയിൽ തുന്നിപ്പിടിപ്പിച്ച എംബ്രോയിഡറി ഡിസൈനുകൾ പോലെ നുള്ളി നിർത്തിയിരിക്കുന്ന തേയിലച്ചെടികൾ നിരന്ന കുന്നിൻ പുറങ്ങൾ ,.. അതിനിടയിൽ വെള്ളിക്കസ്സവ് കരയുടെ അഴക് ചാർത്തി ഒഴുകിയിറങ്ങി വരുന്ന  ജലപാതങ്ങൾ.. വർണ്ണ കുസുമങ്ങൾ തലയിലണിഞ്ഞ വൃക്ഷ ജാലങ്ങൾ .. കാതുകളിൽ രഹസ്യമോതുന്ന ഇല മർമ്മരങ്ങൾ.. ഇളം കാറ്റിൽ ഊയലാടുന്ന വള്ളികൾ ..  അവയ്ക്കിടയിൽ ചാഞ്ചാടിയാടുന്ന വാനര വൃന്ദങ്ങൾ ..  .. ഇങ്ങനെ വന ഭംഗി നുകർന്നു  കൊണ്ടുള്ള തേക്കടി യാത്ര നല്‍കിയ നവോന്മേഷം എത്രയെന്ന് പറഞ്ഞറിയിക്കാന്‍ പ്രയാസം !!!  അവിടവിടെയുള്ള വ്യൂ പോയിൻറുകളിൽ വണ്ടി നിർത്തി നിര്‍ത്തി പ്രകൃതിയുടെ മാദക സൌന്ദര്യം ആവോളം ആസ്വദിച്ച് , എരുമേലി വന പ്രദേശവും ,അയ്യപ്പ സ്വാമി ക്ഷേത്രവും, വാവര് പള്ളിയും കണ്ടു കൊണ്ട് ഏകദേശം പന്ത്രണ്ടര മണിയോടെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനരികിലെത്തി.. ഉയർന്നു നിൽക്കുന്ന മല മടക്കുകളില്‍ നിന്ന് പാൽ നുര പോലെ ഒഴുകിയെത്തുന്ന ആ ജലപാതം താഴെയുള്ള പാറക്കെട്ടുകളിൽ വീണ് പളുങ്ക് മണികൾ തെറിപ്പിച്ച് ചിരിച്ചു കൊണ്ട് ഒഴുകിപ്പോകുന്ന കാഴ്ച അതി മനോഹരം തന്നെ !

വെള്ളച്ചാട്ടം കാണാൻ ഇറങ്ങുമ്പോൾ പാതയോരത്ത് ഉപ്പിലിട്ട മാങ്ങയും, നെല്ലിക്കയും, തേൻ മിഠായിയും,വന വിഭവങ്ങളും മറ്റും വിൽക്കുന്ന ചെറുകിട കച്ചവട സ്ഥാപനങ്ങളുടെ ഒരു നിര തന്നെ കാണാമായിരുന്നു . സന്ദര്‍ശക തിരക്ക് കാരണം അവിടെ വാഹനം ഒതുക്കിയിടാന്‍ പോലും ഇടമില്ലാത്ത സ്ഥിതിയായിരുന്നു. 


                                വളഞ്ഞങ്ങാനം വെള്ളച്ചാട്ടം 

 ജലപാതത്തിൽ നിന്നുതിർന്ന പനിനീര്‍ത്തുള്ളികൾ സമ്മാനിച്ച കുളിരണിഞ്ഞതോടെ   പിന്നീടുള്ള യാത്രയിൽ കാറിലെ  ഏ സി അധികപ്പറ്റായി തോന്നി. ഹരിതാഭയുള്ള തേയിലക്കുന്നുകളും അവയ്ക്കിടയില്‍ ഉറക്കം തൂങ്ങി നിന്നിരുന്ന സില്‍വര്‍ ഓക്സ് മരങ്ങളും കണ്ടിരിക്കുമ്പോള്‍ ‘പട്ടുമല’ എന്ന സ്ഥലത്ത് ഒരു പള്ളിയുടെ മുന്നില്‍ ജിബിന്‍ പെട്ടെന്ന് കാര്‍ നിര്‍ത്തി . “നല്ല ഭംഗിയുള്ള പള്ളിയാ, ഇറങ്ങി കണ്ടിട്ട് പോകാം ,ഒന്നു ഫ്രഷ് ആകുകയും ചെയ്യാം “എന്നായിരുന്നു  ജിബിൻ പറഞ്ഞതെങ്കിലും ആ പറച്ചിലിൽ ഒരു യൂ ട്യൂബറുടെ  “കണ്ടന്റ് ക്രിയേഷൻ” ഞങ്ങൾ മണത്തു. കോട്ടയം കുമളി പാതയോരത്ത്     തേയിലക്കുന്നുകൾക്ക് മദ്ധ്യത്തിലായി തലയെടുപ്പോടെ നിന്നിരുന്ന ആ ദേവാലയം പരിശുദ്ധ മാതാവിൻറെ  നാമധേയത്തിലുള്ളതായിരുന്നു . ഇടുക്കി ജില്ലയിലെ പീരുമേട് ഗ്രാമ പഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന ഈ “പട്ടുമല മാതാ ദേവാലയം” റോമന്‍ കത്തോലിക്കാ ലാറ്റിന്‍ വിഭാഗങ്ങളുടെ ആചാരപരമായ തീര്‍ത്ഥാടന കേന്ദ്രമാണ് . ഗ്രാനൈറ്റ്  കൊണ്ട് ഗോത്തിക്ക് ശൈലിയില്‍ നിര്‍മ്മിച്ചിട്ടുള്ള  ഇന്ത്യയിലെ ഏറ്റവും  വലിയ താഴികക്കുടങ്ങളുള്ള പള്ളികളിലൊന്നായ ഈ ദേവാലയത്തിന്  “കൊച്ചു വേളാങ്കണ്ണി പള്ളി” എന്ന് കൂടി പേരുണ്ടത്രേ . വിശാലമായ പുൽ മേടുകളും  നിരന്നു നിൽക്കുന്ന തേയിലച്ചെടികളും  കൊണ്ട് ഹരിത കമ്പളം അണിഞ്ഞു നിൽക്കുന്ന മല എന്ന അർത്ഥത്തിലാണ്  “പട്ട് പുതച്ച കുന്ന്” അല്ലെങ്കിൽ “പട്ടുമല” എന്ന് ഈ സ്ഥലത്തിന് പേര് വന്നതെന്നാണ് അറിയാൻ കഴിഞ്ഞത് . പട്ടു മലയിൽ നിന്ന് ഏതാണ്ട് 24 കി മീ ദൂരം സഞ്ചരിച്ചാൽ  തേക്കടി ടൌണിലെത്താം .  

                                    പട്ടുമല ദേവാലയം 

    ദേവാലയത്തിനുള്ളിൽ കയറി കാഴ്ചകൾ  കണ്ട് എല്ലാം ദൈവാനുഗ്രഹം മാത്രമാണെന്നോർത്തു കൊണ്ട് . പടിക്കെട്ടുകളിറങ്ങുമ്പോൾ തേയിലച്ചെടികളെ തഴുകി വന്ന കാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു .പള്ളിയുടെ മുന്നിലെ പാതയുടെ മറു വശത്ത് വിവിധ തരം തേയിലകൾ വിൽക്കുന്ന ഒരു ഔട്ട് ലെറ്റും എസ്റ്റേറ്റിലേക്ക് കയറാനുള്ള ടിക്കറ്റ് കിട്ടുന്ന സ്ഥലവുമായിരുന്നു കണ്ടത് . റോഡരികിലാകട്ടെ ഉദ്യാന പ്രേമികളെ മാടി വിളിക്കുന്ന വർണ്ണ പൂച്ചെടികൾ വിൽക്കുന്നവർ നിരന്നിരിക്കുന്ന കാഴ്ചയായിരുന്നു . 

പരിശുദ്ധമായ  ദേവാലയാന്തരീക്ഷത്തിൽ നിന്നിറങ്ങുമ്പോഴേക്കും ഉച്ച ഭക്ഷണത്തിന് സമയമായിരുന്നു . അടുത്ത് തന്നെ ഒരു ഹോട്ടലുണ്ടെന്ന് പള്ളിയിൽ വന്ന ഒരാൾ പറഞ്ഞത് കേട്ട് ഞങ്ങൾ അങ്ങോട്ട് പോയെങ്കിലും അവിടെ ഞങ്ങൾക്ക് വേണ്ട ആഹാരം ലഭ്യമല്ലായിരുന്നു .എന്നാൽ പിന്നെ  ഗൂഗിളിനെ തന്നെ ആശ്രയിച്ചേക്കാമെന്ന് കരുതി തിരഞ്ഞപ്പോൾ കിട്ടിയത്  “കല്യാണി “ എന്ന നല്ല റേറ്റിംഗ് ഉള്ള ഒരു ചെറിയ ഹോട്ടലിൻറെ  പേരാണ്  . ഇതിനിടയിൽ വുഡ് നോട്ടിൽ  വിളിച്ച് അന്വേഷിച്ചപ്പോൾ അവരും കല്യാണിയെ പുകഴ്ത്തി പറഞ്ഞു  ,പിന്നെ അമാന്തിച്ചില്ല നേരെ കല്യാണിയുടെ അടുത്തേക്കായി യാത്ര. ഒരു വീടിനോട് ചേർന്ന് വീട്ടുകാർ തന്നെ നടത്തുന്ന ഒരു ഹോട്ടലായിരുന്നു അത് .വലിയ കെട്ടും മട്ടുമൊന്നും ഇല്ലാത്ത കല്യാണിയിൽ നിന്ന് നല്ല ഒന്നാംതരം ചോറും കറികളുമായിരുന്നു ലഭിച്ചത്,മേമ്പൊടിയായി ജീവനക്കാരുടെ  നല്ല പെരുമാറ്റവും കൂടിയായപ്പോൾ ഉച്ചയൂണ് ഗംഭീരമായി . മേക്കപ്പ് ഇല്ലാത്ത നാടൻ സുന്ദരിയായ കല്യാണിയെ “ക്ഷ ” പിടിച്ച ഞങ്ങളുടെ സാരഥി അവളുടെ ഫോൺ നമ്പർ  വാങ്ങി എപ്പോഴെങ്കിലും ചെന്ന് ഒരു കണ്ടന്റ് ക്രിയേറ്റ് ചെയ്യാൻ അവസരം ഒരുക്കി വച്ചു ,ഒപ്പം നിന്നൊരു  സെൽഫിയും എടുത്തു പോന്നു .കുമിളി പട്ടണത്തിന് വളരെ അടുത്ത് തന്നെയായിരുന്നു  ഞങ്ങൾക്ക് മൃഷ്ടാന്നം നൽകി  സന്തോഷിപ്പിച്ച കല്യാണിയുടെ താവളം .  

ഉച്ച ഭക്ഷണത്തിൻറെ  മേന്മ പറഞ്ഞു തീരും മുൻപ് തന്നെ തേക്കടി ടൌണിലെ താമരക്കണ്ടം റോഡിൽ സ്ഥിതി ചെയ്യുന്ന “വുഡ് നോട്ട് ഹോട്ടലിൽ ”( Wood Note Hotel) ഞങ്ങൾ എത്തിച്ചേർന്നു കഴിഞ്ഞിരുന്നു  . ചെക്കിൻ പരിപാടികൾ പൂർത്തിയാക്കി  ഫ്രഷ് ആയതിന് ശേഷം കാഴ്ചകൾ കാണുവാനായി പുറത്തേക്കിറങ്ങി . തേക്കടി തടാകത്തിലെ ബോട്ട് സവാരിയുടെ കാര്യം ഹോട്ടൽ റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ   ഒരാഴ്ചത്തേക്ക് ടിക്കറ്റ് കിട്ടില്ലെന്ന് അറിഞ്ഞെങ്കിലും നേരിട്ട് ടിക്കറ്റ് കൌണ്ടറിൽ പോയി ഒന്നു തിരക്കാനും ഞങ്ങൾ മടിച്ചില്ല  . കാര്യം നടക്കില്ലെന്ന് സമാധാനിച്ച്  ടൌണിലൂടെ ഒരു കറക്കം കറങ്ങി ജിബിന് താമസിക്കാൻ മുറിയും സംഘടിപ്പിച്ച് ഒരു ചായയും കുടിച്ച് സന്ധ്യ ആയപ്പോഴേക്കും ഹോട്ടലിൽ മടങ്ങിയെത്തി. പെട്ടെന്ന് തീരുമാനിച്ച പരിപാടി ആയിരുന്നത് കൊണ്ട് ഹോട്ടലിലെ അവസാനത്തെ ഒരേയൊരു മുറിയായിരുന്നു ഞങ്ങൾക്ക് കിട്ടിയിരുന്നത്.  

ഹോട്ടൽ ബുക്കിങ് പാക്കേജിൽ മൂന്ന് നേരത്തെ ഭക്ഷണവും ഒരു ഗവി യാത്രയും ഉൾപ്പെട്ടിരുന്നതിനാൽ പിറ്റേ ദിവസം അതി രാവിലെ ഞങ്ങൾ ഗവിയുടെ വന്യതയിലേക്ക് ഊളിയിട്ടിറങ്ങാൻ തയ്യാറായിരുന്നു . ഞങ്ങളുടെ സാരഥി ജിബിനാകട്ടെ ഗവി യാത്രയ്ക്ക് വരാൻ താത്പര്യം കാണിച്ചില്ല . നല്ല തണുപ്പുള്ള  പ്രഭാതത്തിൽ മുറിയിലുള്ള കെറ്റിലിൽ ഒരു ചായയും ഉണ്ടാക്കി കുടിച്ച് പുറത്ത് ചെന്നപ്പോഴേക്കും പോകാനുള്ള ജീപ്പുമായി ഷാഹുൽ ഹമീദ് എന്ന ഡ്രൈവർ കം ഗൈഡ് തയ്യാറായി നിൽപ്പുണ്ടായിരുന്നു. ഗവിയും തേക്കടിയും മാത്രമല്ല ഊട്ടിയും കൊടൈക്കനാലും തുടങ്ങി പല സ്ഥലങ്ങളിലേക്കും പോകാനുള്ള സഞ്ചാര സന്നാഹങ്ങളെല്ലാം അദ്ദേഹത്തിന് സ്വന്തമായുണ്ടെന്നറിഞ്ഞപ്പോൾ ഈ യാത്രയിലെ അനുഭവം നല്ലതാണെങ്കിൽ ഭാവിയിൽ അദ്ദേഹത്തിന്റെ പാക്കേജുകൾ എടുക്കാമല്ലോ എന്നോർത്ത് വളരെ സന്തോഷം തോന്നി. കുമിളിയിൽ നിന്ന് ഗവി വരെ ഏകദേശം 40 കി മീ ദൂരമാണുള്ളതെന്നും അതിൽ 20 കിലോ മീറ്ററോളം വന പ്രദേശമാണെന്നുമുള്ള  ആമുഖത്തോടെ ഹമീദ് ജീപ്പ് ഓടിച്ചു തുടങ്ങി. 

       “ഓർഡിനറി” എന്ന സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു നിത്യ ഹരിത വന പ്രദേശമാണല്ലോ ഗവി .സംരക്ഷിത പ്രദേശമായ ഗവിയിലേക്ക് ഒരു ദിവസം നിശ്ചിത എണ്ണം വാഹനങ്ങൾ മാത്രമേ കടത്തി വിടുകയുള്ളൂ എന്നതിനാൽ  അങ്ങോട്ടേക്കുള്ള പാസ് ലഭിക്കാനും താമസ സൌകര്യം കിട്ടാനും കുറച്ച് പ്രയാസമാണെന്ന് മുൻപേ തന്നെ പറഞ്ഞ് കേട്ടിരുന്നു. വനത്തിൻറെയും ,വന്യ ജീവികളുടെയും വനവാസികളായ ഗോത്ര വർഗ്ഗക്കാരുടെയും ക്ഷേമവും സുരക്ഷയും കണക്കാക്കിയാണ് ഇവിടെ സന്ദർശക ബാഹുല്യം നിയന്ത്രിച്ചിരിക്കുന്നതെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട് . ഏതായാലും ഞങ്ങൾക്ക് വന പ്രവേശനത്തിനുള്ള പാസും വാഹനവും എല്ലാം ഹോട്ടലിൽ നിന്ന് ശരിയാക്കി തന്നിരുന്നതിനാൽ കാര്യങ്ങൾ സുഗമമായി.  

ഇടുക്കി ,പത്തനംതിട്ട ജില്ലകളിലായി നീണ്ടു നിവർന്നു കിടക്കുന്ന  പെരിയാർ വന്യ ജീവി സങ്കേതത്തിന്റെ ഭാഗമായ  ഗവി വനങ്ങൾ, അത്യപൂർവ്വമായ പുഷ്പ സസ്യ ജാലങ്ങളുടെയും പക്ഷികളുടെയും ,കടുവ ,ആന പുലി,കരടി തുടങ്ങിയ വന്യ മൃഗങ്ങളുടെയും ആവാസ കേന്ദ്രമാണ്.  പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലുള്ള സീതത്തോട് ഗ്രാമ പഞ്ചായത്തിലുള്ള ഇവിടെ  വനം വികസന കോർപ്പറേഷൻ ഒരുക്കിയിട്ടുള്ള നിയന്ത്രിത വിനോദ സഞ്ചാര സൌകര്യങ്ങളാണുള്ളത്.  വനത്തിനുള്ളിലേക്ക് പരിചയ സമ്പന്നരായ ഗൈഡുകൾക്കൊപ്പം  ട്രെക്കിങ്ങുകൾ നടത്താം കൂടാതെ , ഗവി ഡാമിലൂടെ നീർവീഴ്ച വെള്ളച്ചാട്ടത്തിനടുത്ത് വരെ ബോട്ടിൽ പോയി അതും കണ്ട് തിരിച്ചു വരാം . പുൽ മേടുകൾ കൊണ്ട് സമ്പന്നമായ മൊട്ടക്കുന്നുകളിൽ മേഞ്ഞു നടക്കുന്ന ആനക്കൂട്ടങ്ങളെയും ,കാട്ടികളേയും ഭാഗ്യമുണ്ടെങ്കിൽ ദൂരെ നിന്ന് കാണുകയും ചെയ്യാം  ഒന്നര മണിക്കൂറോ അതിനേക്കാൾ കുറച്ചു കൂടി ദൈർഘ്യമുള്ള ട്രെക്കിംഗോ അവരവരുടെ  ആരോഗ്യ സ്ഥിതിയും ധൈര്യവും അനുസരിച്ച് തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്. പ്രഭാത ഭക്ഷണവും ,ഉച്ചയൂണും,വൈകുന്നേരത്തെ ചായയും സ്നാക്സും എല്ലാം അവിടത്തെ ഭക്ഷണ ശാലയിൽ പോയിരുന്നു കഴിക്കാനുള്ള സൌകര്യവും ഉണ്ട് . കൂടാതെ ഒരു ചെറിയ മ്യൂസിയവും അതിനോട് ചേർന്ന് വളരെ കുറച്ചു പേർക്ക് താമസിക്കാനുള്ള സൌകര്യങ്ങളുമാണ് അവിടെയുള്ളത് .

ഗവിയിലേക്ക് പോകുമ്പോൾ വനത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് രണ്ട് ചെക്ക് പോസ്റ്റുകളാണുള്ളത്   അവിടെ എത്തുന്നതിന്  മുൻപായി ഹമീദ് ഒരു ചായ കുടിക്കാൻ വേണ്ടി ഇറങ്ങി. ഗവി കാണാനിറങ്ങിയവരും ,അവരുടെ വാഹനങ്ങളും നിറഞ്ഞ ആ സ്ഥലത്ത് ചായ വേണ്ടായിരുന്നെങ്കിലും ഞങ്ങളും വെറുതെ ഒന്നിറങ്ങി നിന്നു. . കോട മഞ്ഞിൽ വിറങ്ങലിച്ചു നിന്നിരുന്ന അവിടെ അങ്ങു  ദൂരെ തേയില തോട്ടങ്ങൾക്ക് നടുവിലായി ഒരു മ്ലാവ് നിൽക്കുന്ന കാഴ്ച മനോഹരമായ പെയിന്റിങ് പോലെയാണ് തോന്നിയത്. ചായകുടി കഴിഞ്ഞ് കുറച്ച് നേരത്തെ യാത്രയ്ക്ക് ശേഷം ആദ്യത്തെ ചെക്ക് പോസ്റ്റിന് സമീപത്തായി   ജീപ്പ് നിർത്തിയിട്ട് പാസ് കാണിച്ച് വിവരങ്ങൾ നൽകുന്നതിനായി ഹമീദ് അങ്ങോട്ടേക്ക് പോയി . ഗവിയിലെത്തുന്നവരുടെ ആഹാര കാര്യങ്ങളും മറ്റ് സഞ്ചാര പരിപാടികളും പ്രോഗ്രാം ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ ചെക്ക് പോസ്റ്റ് ആയിരുന്നു അത് . അവിടെ നിന്നും കുറച്ചു ദൂരം മുൻപോട്ട്  ചെല്ലുമ്പോഴാണ്  വനത്തിൽ കയറുവാനുള്ള അനുമതി തരുന്ന കേന്ദ്ര സർക്കാരിന്റെ ചെക്ക് പോസ്റ്റ് .രണ്ട് ചെക്ക് പോസ്റ്റുകളിലെയും നടപടി ക്രമങ്ങൾ കഴിഞ്ഞതോടെ നാടും കാടും തമ്മിൽ വേർതിരിക്കുന്ന “ജണ്ട “ (അതിർത്തി അടയാളം )  കാണിച്ചു തന്നു കൊണ്ട് ഹമീദ് തന്റെ വാഹനം വനത്തിലേക്ക് ഓടിച്ചു കയറ്റി. കാനന ഛായയിലൂടെ മൃഗ  സാന്നിദ്ധ്യം  (Animal sighting ) പ്രതീക്ഷിച്ചു യാത്ര ചെയ്യുമ്പോൾ മുന്നിലുള്ള വളവുകൾ ശ്രദ്ധാ പൂർവ്വം നോക്കി തിരിച്ചു കൊണ്ട് ഹമീദ് ഗവി വനങ്ങളുടെ  ഒരു ചെറു വിവരണം ഞങ്ങൾക്ക് തന്നു.

ശ്രീലങ്കയിൽ ഉണ്ടായിരുന്ന സിംഹളരും തമിഴ് വംശജരും തമ്മിലുണ്ടായ കലഹത്തിനൊടുവിൽ അവിടെ നിന്നും കുടിയിറക്കപ്പെട്ട തമിഴ് വംശജർ ഗവിയിൽ വന്ന് പാർക്കുകയുണ്ടായത്രേ  . ഇവിടെയുണ്ടായിരുന്ന ഏലത്തോട്ടങ്ങളിലും ,ഫാക്ടറികളിലും തൊഴിൽ ചെയ്ത് ജീവിച്ചിരുന്ന ഇവർക്ക്  പിന്നീട് മേഖലയിലുണ്ടായ പ്രതിസന്ധി കാരണം വരുമാനം തീരെ ഇല്ലാതെയാകുന്ന അവസ്ഥ ഉണ്ടായി. ആ സമയത്ത്  കേരള വനം വികസന കോർപ്പറേഷൻ (KFDC ,Kerala Forest development Corporation ) വിനോദ സഞ്ചാര രംഗത്തേക്ക് ഇറങ്ങുകയും തൽ ഫലമായി കുടിയേറ്റക്കാരുടെ  പ്രശ്നങ്ങൾക്ക്  പരിഹാരമാകുകയും ചെയ്തുവെന്നായിരുന്നു ഹമീദ് വിശദീകരിച്ചു തന്നത് . വന യാത്രിയ്ക്കിടെ  ഉൾക്കാട്ടിൽ പലയിടത്തും തമിഴരുടെ  സെറ്റിൽമെന്റുകളും അദ്ദേഹം കാണിച്ചു തന്നു . ഇങ്ങനെ വണ്ടി ഓടിച്ചു കൊണ്ട് വിശേഷങ്ങൾ പറയുമ്പോഴും വനത്തിനുള്ളിൽ ഏതെങ്കിലും മൃഗങ്ങളെ ഞങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ എന്ന് ഹമീദ് മിഴികൾ കൂർപ്പിച്ചു നോക്കിക്കൊണ്ടിരുന്നു.

കോടയിറങ്ങിയ കാട്ടിൽ ചാറ്റൽമഴ കൂടി ആയപ്പോൾ സന്തോഷവും ഒപ്പം അൽപ്പം ഭയവും ഉണ്ടാകാതിരുന്നില്ല ,വളവ് തിരിഞ്ഞു ചെല്ലുമ്പോൾ ഏതെങ്കിലും ഒരു കൊമ്പൻ പതുങ്ങി നിന്ന് ഞങ്ങളെ ഓടിക്കുകയോ ആക്രമിക്കുകയോ ചെയ്താലോ എന്നായിരുന്നു ചിന്ത ഇടയ്ക്ക് ഒരു സ്ഥലത്ത് ചെന്നപ്പോൾ നീല ഷീറ്റ് കൊണ്ട് മറച്ച ചെറിയൊരു കുടിൽ കണ്ടു , അത് നാടോടികളായ മല പണ്ടാരങ്ങളുടെ താമസ സ്ഥലമാണെന്നും അവർക്ക് പുറം ലോകവുമായി യാതൊരു  സമ്പർക്കവും ഇല്ലെന്നും അവർ ആരുടെയും മുഖത്ത് നോക്കുകയില്ലെന്നും ഹമീദ് പറഞ്ഞു. പരമ്പരാഗതമായി വന വിഭവ ശേഖരണവും വേട്ടയാടലുമായി ജീവിക്കുന്ന അർദ്ധ നാടോടി വിഭാഗമാണിവർ  . അപ്പോഴാണ് റോഡിന്റെ ഒരു വശത്ത് കൂടി രണ്ടു ചെറിയ കുഞ്ഞുങ്ങൾ മഴ നനഞ്ഞു കൊണ്ട് നടന്നു പോകുന്നത് കണ്ടത് ,ഒരു മൂന്നും അഞ്ചും വയസ്സ് കാണും അവർക്ക് .തോളിൽ നിന്ന് താഴേക്ക് ഇറങ്ങി അയഞ്ഞു തൂങ്ങിയ  ചെമ്മണ്ണിന്റെ നിറമുള്ള പഴയതും അഴുക്ക് പുരണ്ടതുമായ  ഉടുപ്പുകൾ അണിഞ്ഞു കൊണ്ട് തറയിലേക്ക്  കുനിഞ്ഞു നോക്കി നടക്കുന്ന ആ കുഞ്ഞുങ്ങളെ കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി. പാലും ,പോഷകാഹാരങ്ങളും,പരിചരണങ്ങളും നൽകി  വളർത്തുന്ന നമ്മുടെ കുഞ്ഞുങ്ങളുടെയും ഈ കുഞ്ഞുങ്ങളുടെയും ചിത്രം എന്റെ മനസ്സിൽ മാറി മാറി തെളിഞ്ഞു വന്നു  !!! കാടിന്റെ മക്കളായ ഈ കുഞ്ഞുങ്ങൾക്ക് പഠിപ്പും പകിട്ടും സൌകര്യങ്ങളും എത്ര അകലെയാണ് .. പക്ഷേ അവർ ഇതൊന്നും അറിയുന്നില്ല ശ്രദ്ധിക്കുന്നുമില്ല ,ആഗ്രഹിക്കുന്നുമില്ല എന്നാണ് ആ മുഖഭാവങ്ങളിൽ നിന്ന് എനിക്ക് വായിച്ചറിയാൻ കഴിഞ്ഞത്,ഒരു നിസംഗ ഭാവം . വീടില്ലെങ്കിലും പട്ടിണിയാണെങ്കിലും വന്യ മൃഗങ്ങൾക്കിടയിലാണെങ്കിലും , മരുന്നും മന്ത്രവും ഒന്നുമില്ലാതെ പ്രകൃതിയോടിണങ്ങി അവർ കാലം കഴിച്ചു കൂട്ടുന്നു .. അങ്ങനെയും ചില ജീവിതങ്ങൾ !!


                                മല പണ്ടാര കുഞ്ഞുങ്ങൾ   


വനത്തിനുള്ളിൽ വണ്ടി നിർത്തുകയോ പുറത്തിറങ്ങുകയോ ചെയ്യുന്നത് അപകടമാണ്, അങ്ങനെ ചെയ്യാൻ പാടില്ലെന്ന് നിയമവുമുണ്ട്.  ഏതായാലും ഹമീദ് ഒരിടത്ത് ജീപ്പ് നിർത്തി അതിന്റെ വശങ്ങളിലും മുകളിലും ഉള്ള ഷീറ്റുകൾ മാറ്റി ഞങ്ങൾക്ക് ഫോട്ടോ എടുക്കുന്നതിനുള്ള സൌകര്യം ചെയ്തു തരുന്നതിനിടെ  പെട്ടെന്ന് ഒരലർച്ച കേട്ടു , ചെവിയോർത്തപ്പോൾ  ആനയുടേതാണെന്ന് മനസ്സിലായി  ,അടുത്തെവിടെയോ ആൾ ഉണ്ടായിരിക്കാം. അപകടം മണത്ത് .സമയം കളയാതെ  പെട്ടെന്ന് തന്നെ ഹമീദ് വണ്ടിയിൽ കയറി ചുറ്റും നോക്കിക്കൊണ്ട്  യാത്ര തുടർന്നു . വനത്തിലെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴിയുടെ ഒരു വശത്ത് ഉയർന്നു നിൽക്കുന്ന പച്ചക്കുന്നുകളാണെങ്കിൽ  ,മറുവശത്ത് താഴ്ചയിൽ കൊലുസിന്റെ കിലുക്കവുമായി എങ്ങോട്ടോ ഒഴുകിപ്പോകുന്ന കാട്ടരുവികളാണ് , വൃക്ഷരാജന്മാരുടെ നിഴലിൽ ഇരുളണിഞ്ഞ വനത്തിൽ പ്രകൃതി അതിന്റെ രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്നത് പോലെ തോന്നി  . ഒരേ സമയം ഭീതിദവും സുന്ദരവുമായ കാനന പാതയിലൂടെയുള്ള  യാത്രയിൽ മണ്ണിലെ ജലാംശം വലിക്കുന്ന യൂക്കാലിപ്റ്റസ് മരങ്ങളെ ഉണക്കി നിർത്തിയിരിക്കുന്നതു കണ്ടു . ആനയെ നോക്കിയിരുന്ന ഞങ്ങൾക്ക് മരച്ചില്ലയിലിരുന്ന ഒരു കരിം കുരങ്ങിനെയും ഒളിച്ചിരുന്ന് പഴുത്ത ചക്ക തിന്നുന്ന മലയണ്ണാനെയും  കാണാൻ സാധിച്ചപ്പോൾ  ആനിമൽ സൈറ്റിങ് കിട്ടിയതിന്റെ സംതൃപ്തിയായിരുന്നു ,അത്രയും കാണാനായല്ലോ . കാടിന്റെ മക്കളെ കണ്ടതിന്റെ സന്തോഷവുമായി  മുല്ലപ്പെരിയാർ ഡാം തുറന്നു വിടുമ്പോൾ ഒഴുകി വരുന്ന ജലപാത മറികടക്കാൻ നിർമ്മിച്ചിട്ടുള്ള  “കറുപ്പ് പാലത്തി ”ലൂടെയായി യാത്ര . പാലം കടന്ന് ചെന്നപ്പോൾ ശബരിമല കാനന പാതയിലെ പുൽ മേടിന് സമീപത്ത്  കാട്ടിലെ കൊമ്പന്മാർ, വനം വകുപ്പ് സ്ഥാപിച്ചിരുന്ന വെളുത്ത സൈൻ ബോർഡുകളിൽ കൊമ്പു കുത്തിയിറക്കി കലിപ്പ് തീർത്ത്  മറിച്ചിട്ടിരിക്കുന്ന  കാഴ്ച ഹമീദ് കാണിച്ചു തന്നു. നാലാം മൈൽ എന്ന സ്ഥലം കഴിഞ്ഞപ്പോൾ  മൂഴിയാറിലേക്ക് കറണ്ട് ഉൽപാദനത്തിനായി ജലം കൊണ്ടു പോകുന്ന പെൻ സ്റ്റോക്ക് പൈപ്പുകളും ,വനവാസികൾ ആരാധിക്കുന്ന  ശിവ ക്ഷേത്രവുമായിരുന്നു  വഴിയരികിലെ കാഴ്ചകൾ .  വീണു കിടക്കുന്ന വൻ മരങ്ങൾക്കിടയിൽ നിന്നിരുന്ന കുന്തിരിക്ക  മരത്തിന് സമീപത്തായി ജീപ്പിന്റെ വേഗത കുറച്ച് കൊണ്ട് ഹമീദ് അതിനെപ്പറ്റിയും പറഞ്ഞു തന്നു ഈ മരങ്ങളുടെ തടിയിൽ ചെറിയ മുറിവുകളുണ്ടാക്കി അതിലൂടെ ഒലിച്ചിറങ്ങുന്ന കറ എടുത്ത് ഉണക്കിയാണ് നമ്മൾ പുകയ്ക്കാനും ഔഷധങ്ങൾക്കുമായി   ഉപയോഗിക്കുന്ന കുന്തിരിക്കം എടുക്കുന്നതെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത് . കാട്ടു ചോലകളുടെ താള മേളങ്ങൾക്കൊപ്പം ,ചൂളമടിച്ചു പാടുന്ന ചൂളക്കാക്കയെയും കണ്ടു കൊണ്ട് ഗവിയിലേക്കുള്ള യാത്ര പുരോഗമിക്കുന്നതിനിടെ ഒരു വ്യൂ പോയിന്റിൽ ജീപ്പ് നിർത്തി.. വിശാലമായ ആ സ്ഥലത്ത് ഇറങ്ങുന്നതിൽ അപകടമില്ലെന്നും ,അവിടെ നിന്നാൽ ഹരിതാഭയുള്ള കുന്നുകളിൽ യഥേഷ്ടം മേഞ്ഞു നടക്കുന്ന ആനക്കൂട്ടങ്ങളെയും ,കാട്ടികളെയും ഭാഗ്യമുണ്ടെങ്കിൽ കാണാൻ കഴിയുമെന്നും ഹമീദ്  പറഞ്ഞു. പക്ഷേ ആ ഭാഗ്യം അപ്പോൾ ഞങ്ങൾക്ക് കിട്ടിയില്ല ,വനക്കാഴ്ചകൾ എപ്പോഴും പ്രവചനാതീതമാണല്ലോ, പലതും  കാണാം ,കാണാതിരിക്കാം ,അതൊക്കെ നമ്മുടെ സമയം പോലെയിരിക്കും, ഏതായാലും  കോടയണിഞ്ഞ കുന്നുകളുടെ സൌന്ദര്യം മാത്രം കണ്ടാസ്വദിച്ചിട്ട് ഞങ്ങൾ ഗവിയിലേക്ക് പോയി.

 ഗവി ഡാമിന്റെ മുകളിലൂടെയുള്ള പാലം കടന്ന് ഫോറസ്റ്റ് ഓഫീസിനരികിൽ വണ്ടി നിർത്തിയ ഹമീദ് ഞങ്ങളെ അവിടത്തെ  ചെക്കിൻ പരിപാടികളിൽ സഹായിച്ചതിന് ശേഷം പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി ഭക്ഷണശാലയിലേക്ക് കൊണ്ടു പോയി. കാപ്പികുടി കഴിഞ്ഞു ചെന്നപ്പോൾ വനത്തിലെ വഴികാട്ടികളായ കുറേ ചെറുപ്പക്കാർ യൂണിഫോം അണിഞ്ഞു നിൽക്കുന്നത് കണ്ടു . അവരിൽ രാജേഷ് എന്ന ഗൈഡ് ഞങ്ങളെയും  മറ്റൊരു കുടുംബത്തെയും ചേർത്ത് ഒരു ഗ്രൂപ്പാക്കി  കാഴ്ചകളിലേക്ക് കൊണ്ടു പോകാൻ മുന്നോട്ട് വന്നു. അത്രയുമായപ്പോൾ  എല്ലാം കഴിയുമ്പോൾ വിളിച്ചാൽ മതി ജീപ്പുമായി അവിടെത്തന്നെ ഉണ്ടാകുമെന്നറിയിച്ച് ഹമീദ് പാർക്കിങ് ഏരിയയിലെ തന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് പോയി.     


                        കുന്തിരിക്ക മരം 


ഗവിയിലെത്തുന്നതിന് മുൻപുള്ള  വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ച  

വർഷങ്ങളായി കാടിനെ അടുത്തറിഞ്ഞ മിടുക്കനും ചെറുപ്പക്കാരനുമായ രാജേഷ്, പരിചയപ്പെടലിന് ശേഷം  ട്രെക്കിംഗ് പാതയിലേക്കാണ് ഞങ്ങളെ ആദ്യം കൊണ്ടു പോയത് . ഒന്നര മണിക്കൂർ ട്രെക്കിങ്ങായിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തിരുന്നത് . ഒരു ചെറിയ ഇരുമ്പ് ഗേറ്റ് കടന്ന് വന ശീതളിമയിൽ നനഞ്ഞുലഞ്ഞു നാണം കുണുങ്ങി കിടന്ന വന ഭൂമികയിലേക്ക് ബഹുമാനത്തോടെയും അൽപ്പം ഭയത്തോടെയും  ഞങ്ങൾ കാലുകളൂന്നി. കാടിനുള്ളിലേക്ക് കയറിയാൽ അതിന്റെ അധിപതികളായ മൃഗ, സസ്യ ജാലങ്ങളെ അലോസരപ്പെടുത്തുന്ന രീതിയിൽ അധികം ബഹളം വയ്ക്കുകയോ സംസാരിക്കുകയോ,പെരുമാറുകയോ  ചെയ്യുന്നത് ഒട്ടും ശരിയല്ലാത്തതിനാൽ കഴിയുന്നതും മൌനമായിട്ടാണ് ഞങ്ങൾ നടന്നത്.  അന്യരുടെ കടന്നു കയറ്റം വന്യ മൃഗങ്ങളെ പ്രകോപ്പിക്കാനും അതു വഴി എന്തെങ്കിലും അപകടമുണ്ടാകാമെന്നുള്ളതും ഒരു  വസ്തുതയാണല്ലോ  പക്ഷേ ഞങ്ങളുടെ മുന്നിൽ പോയ മറ്റ് പല ഗ്രൂപ്പുകളും ഉറക്കെ ചിരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു.  മരങ്ങൾക്കിടയിൽ നിൽക്കുന്ന ആനയോ മറ്റോ ഈ പ്രവർത്തി ഇഷ്ടപ്പെടാതെ ഓടിക്കുകയാണെങ്കിൽ ചെറുപ്പക്കാർക്ക് ചിലപ്പോൾ ഓടി രക്ഷപ്പെടാൻ കഴിഞ്ഞേക്കാം ,പക്ഷേ ഓടാൻ ബുദ്ധിമുട്ടുള്ളവർ പെടും ,അല്ലെങ്കിൽ പേടികൊണ്ട്  ഒരുവളേ മറിഞ്ഞു കൊക്കയിലേക്ക് വീണ് പരലോകം പ്രാപിക്കാനും മതി.  എന്നാൽ ബഹളം ഉണ്ടാക്കാതെ നടന്നാൽ നല്ലതാണെന്ന് ഉപദേശിക്കാൻ   ആരെങ്കിലും ചെന്നാൽ അവർ ആനയേക്കാളും വലിയ അപകടകാരികളായി മാറുമെന്നുള്ളത് ഉറപ്പായത് കൊണ്ട് മിണ്ടാതെ നടന്നു.

തടി ലോഡ് നിറച്ച ലോറി, കയറ്റം കയറുന്നത് പോലെ ഞങ്ങൾ പതുക്കെപ്പതുക്കെ കുന്നിൻ മുകളിലേക്ക് ആയാസപ്പെട്ട് നടന്നു . കുന്നിന്റെ നെറുകയിൽ എത്തുന്നതിന് മുൻപ് വിശാലമായ ഒരു സ്ഥലത്ത് എല്ലാവരും അൽപ്പ നേരം ഇരുന്നു വിശ്രമിച്ചു. കോടയിറങ്ങാഞ്ഞത്  കൊണ്ട് ശബരിമല ക്ഷേത്രത്തിന്റെ ഒരു വിദൂര ദൃശ്യം അവിടെ നിന്നപ്പോൾ  ലഭിച്ചു. ആനച്ചൂര് മണക്കുന്ന ട്രെക്കിംഗ് പാതയിലൂടെ വീണ്ടും നടത്തം തുടർന്നപ്പോൾ  അടുത്തെങ്ങാനും ആനയുണ്ടോ എന്ന് രാജേഷിനോട് ചോദിച്ചു. “ഇന്നലെ ട്രെക്കിങ്ങിന് വന്നവരെ ഇവിടെ വച്ച് കാട്ടാന ഓടിച്ചു,അതു കൊണ്ട് ട്രെക്കിംഗ് തുടർന്നില്ല “ തൊട്ടടുത്ത് ആനപ്പിണ്ഡം കാണിച്ചു തന്നു കൊണ്ട്  അദ്ദേഹം വിശദീകരിച്ചു.


                                 ഗവി വനങ്ങൾ


ശബരിമല ക്ഷേത്രത്തിന്റെ ഒരു വിദൂര ദൃശ്യം -പച്ചക്കുന്നുകൾക്കും മേഘങ്ങൾക്കുമിടയിൽ  


നടന്നു തുടങ്ങിയിട്ട് അപ്പോൾ  ആകെ അര മണിക്കൂർ മാത്രമേ ആയിരുന്നുള്ളൂ, പേടിച്ച് തിരിച്ചു പോകുന്നത് മോശമാണെന്ന് തോന്നി, അത് കൊണ്ട് ധൈര്യം സംഭരിച്ച് നടന്നു. കുന്നു കയറിയതിന്റെ ആയാസം കൊണ്ട് പലരും കിതയ്ക്കുന്നുണ്ടായിരുന്നു, അതിനും മീതെ ഭയം കൊണ്ടുള്ള എന്റെ ചങ്കിടിപ്പ് കേൾക്കുമോ എന്നായിരുന്നു ചിന്ത. ഒരു വലിയ കയറ്റം കൂടി കയറി കുന്നിന്റെ നിറുകയിലെത്തിയിട്ട്  എല്ലാവരും പാറപ്പുറത്ത് കാൽ നീട്ടിയിരുന്ന് കുറച്ചു നേരം വന സൌന്ദര്യം ആവോളം ആസ്വദിച്ചു. അതിനടുത്ത് തന്നെ ഒരു വാച്ച് ടവ്വർ  ഉണ്ടായിരുന്നെങ്കിലും ഈ കയറ്റം തന്നെ മതിയായത് കൊണ്ട് ആരും അങ്ങോട്ടേക്ക് പോകുന്നത് കണ്ടില്ല . തിരിച്ച് കുന്നിറങ്ങുന്ന സമയത്ത്   ഒറ്റയടിപ്പാതകൾക്ക് അപ്പുറവും ഇപ്പുറവും അടഞ്ഞു കിടക്കുന്ന കാട്ടിൽ നിൽക്കുന്ന  കൊമ്പനും,കരടിയ്ക്കും,കടുവയ്ക്കും, പാമ്പുകൾക്കും സൽബുദ്ധി കൊടുക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട്  എങ്ങനെയെങ്കിലും നടത്തം പൂർത്തിയാക്കി തിരികെയെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത് .

വനയാനം നല്കിയ ശാരീരിക ക്ഷീണവും അതിലുപരി മനസ്സിലുണ്ടായിരുന്ന ഭീതിയുടെ താപവും , ഭക്ഷണ ശാലയിൽ ചെന്ന്  ഓരോ ജൂസ് കുടിച്ച് തണുപ്പിച്ചു കൊണ്ട് ,കുറച്ചു നേരം ഇരുന്നു. വന മേഖലയിലെ കാലാവസ്ഥ പ്രവചനാതീതമായതിനാൽ എപ്പോൾ വേണമെങ്കിലും ഒരു പെരുമഴ പെയ്യാം,പരിപാടികൾക്ക് തടസ്സം വരാം .    അതുകൊണ്ട് സമയം കളയാതെ ബോട്ടിങ്ങിനുള്ള ലൈഫ് ജാക്കറ്റുകളുമായി രാജേഷ് ഞങ്ങളെ തേടിയെത്തി . ഗവി ഡാമിന് മറുകരയിലുള്ള നിബിഡ വനങ്ങൾക്ക് ഇടയിലുള്ള വെള്ളച്ചാട്ടം കാണുന്നതിനായി ബോട്ടിൽ കയറിയ ഞങ്ങളെ രാജേഷ് തന്നെ തുഴഞ്ഞ് വെള്ളച്ചാട്ടത്തിന് അരികെയുള്ള സ്ഥലത്തെത്തിച്ചു .അവിടെ നിന്നും കുറച്ച് അധിക സമയം നടന്നു വേണം ജലപാതത്തിന് അരികിലെത്താൻ .   ഇതിനിടയിൽ കടുവയോ പുലിയോ ആഹാരമാക്കിയ ഒരു മാനിന്റെ അസ്ഥികൂടം കണ്ടപ്പോൾ ഭയമായി,ഒരു വശത്ത് നിറഞ്ഞു കവിഞ്ഞ ഡാം,മറുവശത്ത് ഇരുളടഞ്ഞ കാട്, മൃഗങ്ങൾ വന്നാൽ ഒന്നും ചെയ്യാനില്ല ,ചെയ്യാനുള്ളതെല്ലാം അവർ ചെയ്തു കൊള്ളുമല്ലോ . ഏതായാലും ലൈഫ് ജാക്കറ്റ് അവിടെ ഒരിടത്ത് വച്ചിട്ട് മറ്റുള്ള ആളുകൾ പോകുന്ന വഴിയേ ഞങ്ങളും നടന്നു . ചെളിയും പാറക്കെട്ടുകളും നിറഞ്ഞ ഒട്ടും സമനിരപ്പല്ലാത്ത വഴിയിൽ കൂടി നടക്കാൻ നല്ല പ്രയാസമായിരുന്നു. മുകളിലെവിടെയോ  നിന്ന് ഇലച്ചാർത്തുകളുടെ കടും പച്ച നിറങ്ങൾക്കിടയിൽ കൂടി രജത പ്രഭയോടെ  ഭൂമിയിലേക്ക് ഒഴുകി വന്ന “നീർവീഴ്ച്ച” വെള്ളച്ചാട്ടം കൺ കുളിരെ കണ്ടപ്പോൾ പ്രയാസങ്ങൾ മറന്ന് മനസ്സ് നിറഞ്ഞു. ഒഴുക്കിന്റെ ശക്തിയിൽ ചിതറിത്തെറിക്കുന്ന  ജലം പ്രദേശത്തെയാകെ കുളിരണിയിച്ചു കൊണ്ട് കരുത്തരായ പാറകളിലൂടെ ഒഴുകി അവയ്ക്ക് പട്ടിന്റെ വഴുവഴുപ്പ് കൊടുത്തു കൊണ്ട് കുണുങ്ങിക്കുണങ്ങി താഴേയ്ക്ക് ഒഴുകിപ്പോയി .വെള്ളച്ചാട്ടത്തിന്റെ സൌന്ദര്യം കണ്ടു നിൽക്കുമ്പോൾ    സാഹസികരായ ചിലർ വഴുക്കലുള്ള പാറകളിലൂടെ ജലപാതത്തിനടിയിലേക്ക് നടന്നു ചെന്ന് നടുവടിച്ചു മറിഞ്ഞു വീഴുന്നതും കാണാമായിരുന്നു.


             ഏതോ മാംസഭുക്കിന്റെ വായിലകപ്പെട്ട സസ്യഭുക്കിന്റെ അസ്ഥികൂടം


                    നീർവീഴ്ച വെള്ളച്ചാട്ടം

വെള്ളച്ചാട്ടം നൽകിയ നവോന്മേഷവും സന്തോഷവുമായി തിരിച്ചു വന്ന ഞങ്ങൾ നേരെ ഊണ് കഴിക്കാനായി ഭക്ഷണ ശാലയിലേക്കാണ് പോയത്. കൂടുതലും തമിഴ് നാട്ടുകാരായ സ്ത്രീകൾ വച്ചു വിളമ്പിയ അവിടത്തെ നാടൻ ഭക്ഷണത്തിന് നല്ല രുചിയുണ്ടായിരുന്നു. ഭക്ഷണ ശേഷം ഗവിയിലെ   അവസാന സന്ദർശന സ്ഥലമായ   മ്യൂസിയത്തിലേക്ക് പോയി. .എന്നോ ഇഹലോക വാസം വെടിഞ്ഞ മൃഗങ്ങളുടെ അസ്ഥികൾ പ്രദർശിപ്പിച്ചിരുന്ന ഒരു ചെറിയ മുറിയാണ് മ്യൂസിയം. വലിയ കൊമ്പുകളുമായി ഒരിക്കൽ  കാട്ടിൽ മേഞ്ഞു നടന്നിരുന്ന ഒരു കാട്ടിയുടെ തലയോടായിരുന്നു മുൻ വാതിലിൽ  അതിഥികൾക്ക്  സ്വാഗതമോതിക്കൊണ്ട് ഇരുപ്പുറപ്പിച്ചിരുന്നത് . കലമാനുകളുടെ കവരക്കൊമ്പുകളുള്ള ശിരോ പഞ്ജരങ്ങളും ,കുറെയധികം കാട്ടികളുടെ തലയോട്ടികളും ആ മുറിയുടെ ചുവരുകളെ അലങ്കരിച്ചിരുന്നു .മുറിയുടെ മദ്ധ്യത്തിൽ പണ്ടെന്നോ വനത്തിൽ വിഹരിച്ചു നടന്നിരുന്ന ഒരു വലിയ കൊമ്പനാനയുടെ അസ്ഥികൂടം ഗംഭീരമായി തലയെടുപ്പോടെ നിൽക്കുന്നത് കണ്ടപ്പോൾ അതിന്  ജീവനില്ലെങ്കിൽ പോലും ഭയം തോന്നി.

എല്ലാ വിനോദ കേന്ദ്രങ്ങളിലെയും ,താമസ സ്ഥലങ്ങളിലെയും സ്ഥിരം ചടങ്ങായ അനുഭവങ്ങളുടെ വിലയിരുത്തലായിരുന്നു അടുത്തതായി ചെയ്തത് .അതായത്, സന്ദർശകർക്ക് വേണ്ടി അവിടെ ഒരുക്കിയിട്ടുള്ള പരിപാടികളുടെ ക്രമീകരണം ,ഗൈഡിന്റെ സേവനം , ഭക്ഷണ നിലവാരം ,എന്നിവയെ പറ്റിയുള്ള അഭിപ്രായം രേഖപ്പെടുത്തുക എന്ന  ഫോർമാലിറ്റി  കഴിഞ്ഞ്  രാജേഷിനോട് യാത്ര പറഞ്ഞ് പാർക്കിങ് ഏരിയായിലുള്ള ജീപ്പിനടുത്തേക്ക്  നടന്നു.

ഗവിയിലെ കാഴ്ചകൾ കണ്ടു കഴിഞ്ഞ് തേക്കടിയിലേക്കുള്ള മടക്കയാത്രയ്ക്കായി  ജീപ്പിൽ കയറിക്കഴിഞ്ഞപ്പോഴാണ് ഹമീദ് ഉച്ച ഭക്ഷണം കഴിച്ചിട്ടില്ല എന്നറിയുന്നത്. ഗവിയിലെ ഭക്ഷണശാലയിൽ പ്രഭാത ഭക്ഷണം മാത്രമേ അദ്ദേഹത്തിന് ലഭിക്കൂ എന്നും  ,ബാക്കിയുള്ള സമയങ്ങളിലെ ആഹാരം  അവിടെയെത്തുന്ന  അതിഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞപ്പോൾ മാത്രമാണ് അറിയുന്നത് . ഞങ്ങൾ കരുതിയിരുന്ന കുറച്ച് ഭക്ഷണ സാധനങ്ങൾ  അത്യാവശ്യം വിശപ്പടക്കാൻ വേണ്ടി അദ്ദേഹത്തിന് കൊടുത്തിട്ട് യാത്ര തുടർന്നു.

ഉച്ച സൂര്യന്റെ കിരണങ്ങളെ തടഞ്ഞു കൊണ്ട് ഗവി വനങ്ങൾക്ക് നിശയുടെ  ശോഭയും ശൈത്യവും നൽകി  വിരാജിച്ചു നിന്നിരുന്ന വൻ വൃക്ഷങ്ങൾക്കിടയിൽ എവിടെയെങ്കിലും മൃഗങ്ങൾ നിൽക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കുന്നതിനിടയിൽ ഹമീദിന്റെ  ഉദ്വേഗജനകങ്ങളായ  വനയാത്രാ വിവരണങ്ങൾ രസകരമായി തോന്നി. കാട്ടിലെ കൂട്ടുകാരെല്ലാം എവിടെയൊക്കെയോ ഒളിച്ചിരുന്നതു കൊണ്ടാകാം നാട്ടിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്  ആകെ കണ്ടത് “മലബാർ മാർട്ടെൻ” അല്ലെങ്കിൽ “നീലഗിരി മാർട്ടെൻ” എന്നൊക്കെ പേരുള്ള കീരി വർഗ്ഗത്തിൽ പെട്ട ഒരു സസ്തനിയെ മാത്രമാണ് . അതും ഞങ്ങൾക്ക് നേരെ കാണാനും ഫോട്ടോ എടുക്കാനും ഒന്നും സാധിച്ചില്ല, ക്ഷണ നേരം കൊണ്ട് ആ ചെറിയ ജീവി കാടിന്റെ വന്യതയിലേക്ക് മറഞ്ഞു കളഞ്ഞു .  പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന എണ്ണത്തിൽ തീരെ കുറവുള്ള അപൂർവ്വമായി മാത്രം വെളിച്ചപ്പെടുന്ന മാംസഭോജിയായ  ഇതിന് കടും തവിട്ട് നിറവും തൊണ്ടയിൽ നാരങ്ങയുടെ മഞ്ഞ നിറവുമാണുള്ളത്.  ഇതു പോലെയുള്ള എന്തെങ്കിലും കാഴ്ചകൾ ഇനിയും നഷ്ടപ്പെടാതിരിക്കാൻ കണ്ണുകൾ മലർക്കെ തുറന്നു വച്ച് നോക്കിയിരിക്കുമ്പോഴാണ് രാവിലെ കണ്ട കുഞ്ഞുങ്ങളുടെ ഒരു വലിയ പതിപ്പ് പോലെ തോന്നിയ ഒരാൾ പാതയോരത്ത്  കൂടി നിലത്തേക്ക് നോക്കി നടന്നു പോകുന്നത് കണ്ടത് . ചുരുണ്ട മുടിയുള്ള ആ ചെറിയ മനുഷ്യൻ , കുട്ടികളുടെ ബന്ധുവായിരിക്കാമെന്നാണ് തോന്നിയത് .

ഗവിയിൽ നിന്നിറങ്ങിയപ്പോൾ അവിടത്തെ ഫോറസ്റ്റ് ഓഫീസിൽ തിരികെ പോരുന്നതായി  രേഖപ്പെടുത്തിയത് പോലെ വനം കഴിഞ്ഞുള്ള ചെക്ക് പോസ്റ്റിൽ തിരികെ എത്തിയതായും അറിയിച്ചിട്ട് മാത്രമേ നമുക്ക് അവിടം വിട്ട് പോരാൻ സാധിക്കൂ . അത് നമ്മുടേയും ,വനത്തിന്റെയും സുരക്ഷ കരുതി ഉണ്ടാക്കിയിട്ടുള്ള നിയമമാണ്.ഏതായാലും  നാട്ടിലേക്ക് കയറിയതോടെ ഹമീദിന് ഭക്ഷണം  കഴിക്കുവാനായി ഒരു ചെറിയ കടയുടെ മുന്നിൽ ജീപ്പ് നിർത്തി. ഏതെങ്കിലും  തേയില എസ്റ്റേറ്റിനുള്ളിൽ കയറണമെന്ന്  ഒരാഗ്രഹം  നേരത്തെ പറഞ്ഞിരുന്നതിനാൽ അതിനുള്ള സൌകര്യം കൂടി നോക്കി അത്തരമൊരു സ്ഥലത്താണ്  വണ്ടി നിർത്തിയത് . അദ്ദേഹം ഭക്ഷണം കഴിക്കാൻ പോയ സമയം നോക്കി ഞങ്ങൾ എസ്റ്റേറ്റിൽ കയറി തേയില ചെടികളുടെ ഇടയിലൂടെ കുറച്ചു നേരം നടന്നു. അവിടെ കെട്ടിയിട്ടിരുന്ന ഒരു കാളക്കൂറ്റൻ ഞങ്ങളെ നോക്കി ചിറഞ്ഞു നിൽക്കുന്നത് കണ്ടപ്പോൾ അൽപ്പം വഴി മാറി നടന്ന് തേയിലക്കുരുന്നുകളെ തലോടിക്കൊണ്ട് പ്രകൃതി സൌന്ദര്യം ആസ്വദിച്ചു നിൽക്കുമ്പോൾ എസ്റ്റേറ്റിൽ അതിക്രമിച്ച് കയറിയെന്നും പറഞ്ഞ് ഒരു നായക്കുട്ടൻ കുരച്ചു കൊണ്ട് ഞങ്ങളെ വിരട്ടിയോടിക്കാനും  ശ്രമിച്ചു .

കാളയെയും ,നായയെയും വക വയ്ക്കാതെ ധൈര്യം അഭിനയിച്ച് എങ്ങനെയൊക്കെയോ ഞങ്ങൾ  ജീപ്പിനടുത്തെത്തി യാത്ര തുടർന്നു. വളരെ നല്ലൊരു യാത്രാനുഭവം സമ്മാനിച്ച ഹമീദ് സന്ധ്യയ്ക്ക് മുൻപായി ഞങ്ങളെ തേക്കടിയിലെ ഹോട്ടലിലെത്തിച്ച് വീണ്ടും കാണാമെന്ന് പറഞ്ഞ് മടങ്ങിപ്പോയി. ഭാവിയിൽ പ്രയോജനം ഉണ്ടാകുമെന്ന് കരുതി ആ നല്ല മനുഷ്യന്റെ ഫോൺ നമ്പറും കൂടി വാങ്ങിയിട്ടാണ് അദ്ദേഹത്തെ  യാത്രയാക്കിയത്.

മുറിയിലെത്തി ഒന്ന് ഫ്രഷ് ആയതിന് ശേഷം ജിബിനെ ഫോണിൽ വിളിച്ചപ്പോഴാണ് ഇൻഫ്ലുവെൻസർമാരുടെ ആ ഒരു കഴിവിനെപ്പറ്റി പൂർണ്ണ ബോദ്ധ്യം വന്നത് . ഞങ്ങൾ ഗവി യാത്രയിലായിരുന്നപ്പോൾ നമ്മുടെ  യൂ ട്യൂബർ ആരെയോ വാചകമടിച്ചു വശത്താക്കി തേക്കടി തടാകത്തിലെ ബോട്ട് സവാരിയ്ക്ക് ഇല്ലാത്ത ടിക്കറ്റ് ഒപ്പിച്ചെടുത്തുവത്രെ . വന യാത്രയേക്കാൾ കൂടുതൽ കണ്ടന്റ് ബോട്ട് സവാരിയിൽ നിന്ന് ലഭിക്കുമെന്നുള്ളത്  കൊണ്ടായിരിക്കാം അയാൾ ഞങ്ങളോടൊപ്പമുള്ള ഗവി യാത്ര ബഹിഷ്കരിച്ചതെന്ന് അപ്പോൾ മനസ്സിലായി  !!

വൈകുന്നേരം ജിബിനോടൊപ്പം വിശേഷങ്ങൾ പങ്ക് വച്ച് കൊണ്ട് തേക്കടി പട്ടണത്തിൽ ഒന്ന് ചുറ്റിക്കറങ്ങി. മലയോര പ്രദേശങ്ങൾ എപ്പോഴും സുഗന്ധ വ്യഞ്ജനങ്ങളും തേയില തോട്ടങ്ങളും കൊണ്ട് സമ്പന്നമായിരിക്കുമല്ലോ . അതു കൊണ്ട് തന്നെ ധാരാളം സുഗന്ധ വ്യഞ്ജന കടകളും,തേയില വിൽപ്പന ശാലകളും പൂന്തോട്ടങ്ങളും മിഠായിക്കടകളും എവിടെ നോക്കിയാലും കാണാമായിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലുകാർ പറഞ്ഞു തന്ന ഒരു സ്പൈസ് ഗാർഡൻ സന്ദർശിക്കാൻ കുറച്ചു സമയം ചിലവഴിച്ചത് കൊണ്ട് ചില ഔഷധ സസ്യങ്ങളെ കാണാനും അവയെ പറ്റി ചില കാര്യങ്ങൾ അറിയാനും സാധിച്ചു. ഓരോ സസ്യങ്ങളെ പറ്റിയും വിവരിച്ചു തരാൻ ഒരു ആയൂർവേദ ഡോക്ടറാണ് കൂടെ വന്നത്. ഉദ്യാന സഞ്ചാരം കഴിഞ്ഞ് , ബിസിനസിന്റെ ഭാഗമായി അവരുടെ കുറേ  മരുന്നുകൾ ഞങ്ങളെക്കൊണ്ട് വാങ്ങിപ്പിക്കുകയും ചെയ്തു.

മരുന്നുകളുടെ എരിയുന്ന വിലകൊണ്ട് കുറച്ച് അസന്തുഷ്ടയിയോടെ ഹോട്ടലിലേക്ക് മടങ്ങിയ ഞങ്ങളോട് ജിബിൻ കുറച്ച് കാര്യങ്ങൾ പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലുള്ള ഇത്തരം സ്ഥലങ്ങളിൽ നിന്ന് നാം എന്തെങ്കിലും വാങ്ങിയാൽ പലരുടെയും ഇടപെടലുകൾക്കുള്ള കമ്മീഷൻ കൂടി എടുത്തിട്ടായിരിക്കും വില ഈടാക്കുന്നതെന്നും അത് നമുക്ക് നഷ്ടക്കച്ചവടമായത് കൊണ്ട് ഒന്നും വാങ്ങരുതെന്നുമായിരുന്നു അയാൾ ഉപദേശിച്ചത് .ഏതായാലും വന്നത് വന്നു,ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ ,പിറ്റേ ദിവസം മടക്ക യാത്രയ്ക്ക്  വേണ്ട കാര്യങ്ങൾ ചെയ്യുന്നതിനായി ഞങ്ങൾ മുറിയിലേക്ക് പോയി.

അടുത്ത ദിവസം ചെക്ക് ഔട്ട് സമയത്തിന് മുൻപ് തന്നെ പ്രഭാത ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ റിസപ്ഷനിലെത്തി ചടങ്ങുകൾ  പൂർത്തിയാക്കി പുറത്തേക്ക് നടന്നു. ഹോട്ടലിലെ മുറിയും,ചുറ്റുവട്ടവും , ഭക്ഷണവും എല്ലാം നല്ലതായിരുന്നു,ജീവനക്കാരുടെ പെരുമാറ്റവും മോശമല്ലായിരുന്നു .

മടക്ക യാത്രയിൽ തേക്കടിയിലെ പ്രസിദ്ധമായ കന്നിമാറ (CONNEMARA) തേയില കമ്പനിയുടെ ഔട്ട് ലെറ്റിൽ നിന്ന് കുറച്ച് തേയിലപ്പൊടിയും വാങ്ങി പട്ടുമല പള്ളിയുടെ മുന്നിലെത്തി . അവിടത്തെ തേയില വിൽപ്പന  ശാലയിൽ നിന്ന് കുറച്ച് ഓർത്തോഡോക്സ് തേയില കൂടി വാങ്ങിക്കൊണ്ട്  പീരുമേട് വഴി മുറിഞ്ഞപുഴ ജംഗ്ഷൻ വഴി തിരിഞ്ഞ് പാഞ്ചാലിമേട് കാണുവാൻ പോയി. പാഞ്ചാലിയും ,ഭീമസേനനും, സ്നാനം ചെയ്തുവെന്ന് പറയപ്പെടുന്ന കുളങ്ങൾ ഉള്ള ആ സ്ഥലം വളരെ മനോഹരമാണ്. വളരെ ഉയർന്ന  ആ പ്രദേശത്ത് നിന്നാൽ ഹരിതാഭമായ താഴ്വരകളുടെ സൌന്ദര്യം കോടമഞ്ഞില്ലെങ്കിൽ ആവോളം ആസ്വദിക്കാം. ശ്രീ ഭുവനേശ്വരി ദേവിയുടെ ഒരു ക്ഷേത്രവും അവിടെയുണ്ട്. ക്ഷേത്രത്തിലേക്കുള്ള കയറ്റം കയറുമ്പോൾ നട വഴിയിലുള്ള പുൽച്ചെടികൾ നുള്ളിയെടുത്ത് മണത്തു നോക്കിയപ്പോഴാണ് അവ പുൽത്തൈലമുണ്ടാക്കാൻ ഉപയോഗിക്കുന്ന സസ്യമാണെന്ന് മനസ്സിലായത് . കുറച്ചു സമയം അവിടെ ചിലവഴിച്ചിട്ട് വീട്ടിലേക്ക് മടങ്ങി. വൈകുന്നേരത്തോടെ സുഖമായി വീട്ടിലെത്തിയ ഞങ്ങൾ കൂടുതൽ കൂടുതൽ കണ്ടെന്റ്കൾ ലഭിക്കട്ടെ എന്നാശംസിച്ച് ടാക്സി കാശും കൊടുത്ത് ജിബിനെ യാത്രയാക്കി.

                                    പാഞ്ചലിമേട് 


                    ശ്രീ ഭുവനേശ്വരി ക്ഷേത്രം 

ശുദ്ധവായുവും, ജലവും നല്കി നമ്മെ ഈ ഭൂമിയിൽ ജീവിക്കാൻ അനുഗ്രഹിക്കുന്ന വനങ്ങളെ എന്നും നാം പരിപാലിക്കേണ്ടതിന്റെ ആവശ്യകത പലരും ഇനിയും വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലെന്നാണ് തോന്നുന്നത്. കാലൂന്നി നിൽക്കുന്ന ഭൂമിയെയും ,ജീവന്റെ ആധാരമായ ജല സ്രോതസ്സുകളെയും ,അനുനിമിഷം ശ്വസിക്കുന്ന വായുവിനേയും മലിനപ്പെടുത്തുന്നവർ ഓർക്കുന്നില്ല അവർ സ്വയം നശിപ്പിക്കുകയാണെന്ന്.  ഭൂമി അമ്മയാണെന്നും, മറ്റ് ജീവജാലങ്ങൾ ബന്ധുക്കളാണെന്നും ,സസ്യ ജാലങ്ങൾ ജീവൻ തന്നെയാണെന്നും അറിഞ്ഞു ജീവിച്ചാൽ അവരവർക്ക് മാത്രമല്ല ലോകത്തിനു മുഴുവനും ചെയ്യുന്ന വലിയൊരു നന്മയായിരിക്കും അത് ..

30/06/2026

-ശുഭം-


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ