കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018 നവംബർ 23, വെള്ളിയാഴ്‌ച


മന്ദസ്മിതം
                                                   -നന്ദ-
മാധവ ചൊല്ലൂ ഒരിക്കലൊരിക്കലും മായില്ലേ നിന്‍ മന്ദഹാസം?
ആവുന്നതില്ലെനിക്കല്‍പ്പം തെളിച്ചിടാന്‍ മന്ദസ്മിതം പോലുമെന്നില്‍!
ദു:ഖങ്ങള്‍ പേറിയും നീറിയും നിത്യവും മങ്ങുന്നിതെന്‍ മനമാകെ
ജീവിതപ്പാതകള്‍ തന്നിലൂടീ യാത്ര വേണ്ടെന്നു തന്നെ തോന്നുന്നു.
ഗാണ്ഡിവ ധാരിയാം അര്‍ജ്ജുനന്‍ താനല്ലോ ഞാനെന്ന മാനവന്‍,കേള്‍ക്കൂ
കുണ്‍ഠിതം മാത്രമെന്‍ ജീവിതപ്പാതയില്‍  മുള്ളുകളായ് കണ്ടിടുന്നൂ
നേര്‍ക്കുനേര്‍ നില്‍ക്കുന്നതാരൊക്കെയാണെന്നു നോക്കുക കേശവാവേശം
പോര്‍ക്കളം പോലുള്ള ജീവിതമെത്രമേല്‍ ദുസ്സഹം ഞാനറിയുന്നു
ഒന്നെനിക്കിപ്പോഴറിയേണമച്യുതാ എങ്ങിനെ നിന്‍റെയീ ദു:ഖം
തിരമാലകള്‍ക്കൊപ്പമാടുന്നു നീയിതാ കളിവഞ്ചിയെന്നപോലെന്നും
കാരാഗൃഹത്തിന്‍റെ ഭിത്തികള്‍ക്കുള്ളില്‍ പിറക്കേണ്ടിവന്നെങ്കിലപ്പോള്‍
പോകേണ്ടി വന്നില്ലേ പെറ്റമ്മയെ വിട്ടിട്ടമ്പാടിയില്‍ തന്നെ വേഗം ?
പിന്നെയും ശൈശവം നോക്കാതെ നിന്നെ ഹനിക്കുവാനെന്തവര്‍ ചെയ്തൂ?
അക്രൂര പൂതനമാരെയുമൊക്കെ അയച്ചില്ലേ മാതുലന്‍ പോലും ?
ബാല്യത്തിലന്ന് നീ കാലിയേം മേച്ചു കാളിയമര്‍ദ്ദനമാടി
ലീലയായ് ചെയ്തിട്ടു കൂട്ടരുമൊത്തു നടന്നതുമോര്‍ക്കുവതില്ലേ ?
രാജ്യ ഭാരത്തിന്‍റെ യൌവ്വനനാളതില്‍ പ്രേയസി രാധയെ കഷ്ടം
ശോകത്തിലാഴ്ത്തി നീ എങ്ങിനെയെപ്പൊഴോ പോയിയെവിടെയെന്‍ കണ്ണാ?
ദൂതും ചതിയും രണവുമതെല്ലാം അറിഞ്ഞു നീയെങ്കിലും ഓര്‍ക്കൂ
ആയുധമെന്യേ ചിരിതൂകി പാര്‍ത്ഥനെ നന്നായ് നയിച്ചതുമില്ലേ!
മായയോ യോഗ സാമര്‍ത്ഥ്യമതാകുമോ നീയറിഞ്ഞെല്ലാമതെന്നാല്‍
നിലകൊണ്ടവസാനമമ്പിന്‍റെ തുമ്പിലും സന്താപലേശമില്ലാതെ
യാദവ വംശമതൊക്കെയും നിന്നുടെ രാജ്യമാം  ദ്വാരക പോലും  
ചിന്നിച്ചിതറി നശിച്ചതങ്ങാഴി തന്‍ ആഴത്തില്‍ പോയതുമില്ലേ?
എല്ലാ ദു:ഖങ്ങളും  നിന്നിലടങ്ങി ആ കണ്ണീര്‍ മണിമാല തന്നെ
എങ്ങനെ ചൊല്ലുക കണ്ണാ നീയപ്പൊഴേ സുന്ദര പ്പൂമാലയാക്കീ
കേവല വൈഷമ്യ വേളയില്‍ തളരുന്നു മാനവലോകമിതെന്നും  
ഖേദത്താല്‍ ഗാണ്ഡിവം കൈവിട്ട് വീഴുന്നു തേരിതില്‍ കാണുന്നതീലേ? .
       

2018 ജൂലൈ 30, തിങ്കളാഴ്‌ച


ചിന്ത
   -നന്ദ
ഒരുനേരമൊഴിയാതെ
നുരയുന്ന തിര പോലെ
ഉയരുന്നൊരായിരം
ചിന്താ തരംഗങ്ങള്‍
എന്നന്തരംഗത്തിലോര്‍ത്തീടുക.
ചിരകാലമായി ഞാന്‍
കരുതുന്നവയൊക്കെ
അതിരു വിടുന്നതി-
ന്നെതിരായ് കരുത്തോടെ
പൊരുതി ജയിക്കാനൊരുമ്പിടേണം.
പരതുന്നു പിന്നെയും
അകതാരില്‍ നുരയുന്നു
ആരോരുമറിയാത്ത
ഓരോരോ കാര്യങ്ങള്‍
ചിരമെന്ന പോലവേ.
കരയണഞ്ഞീടുന്ന
തിരമാലയൊടുവിലായ്
തിരിയുന്നു പിരിയുന്നു
തിരയുന്നു വരമേതോ
കരഗതമാക്കുവാന്‍ !
വരമത് നേടിയാല്‍
കരയുടെ കരങ്ങളില്‍
തിരിയെയത് നല്‍കവേ
കരയുന്നുവോ തിര
തീരം വിടുന്നേരം?
മോഹത്തിരമാല
മനതാരിലുയരുന്നു
നേരം തിരക്കാതെ
തിരിയെയത് പോകുന്നു,
എന്നില്‍ നിരാശ പടരുന്നു
ജീവിത സരണികളി-
ലൊഴിയാതെയേവരും
വേരുകളരിഞ്ഞു പോയ്‌
ചാരേയുഴലുന്നു
ആരില്‍ പഴി ചാരും?
കഴുതകളായി നാം
ചുമടുകള്‍ ചുമക്കുന്നു
ഒരു പഴുതുമില്ലാതെ
വഴി നടന്നീടുന്നു
ചുഴികളില്‍ വീഴുന്നു.
ഓളത്തിലൊഴുകുന്നു
പാഴ്ത്തടി പോലവേ
എവിടെയിതു നില്‍ക്കുമോ
ചുരുളിന്‍റെ പൊരുളതെ-
ന്താര്‍ക്കുമറിവീല.
ഇണ്ടല്‍ തന്‍ മാറാപ്പു
കൊണ്ടു നടക്കവേ
അവയൊക്കെ ഒഴിയാതെ
ഇഴയുന്നു കുഴയുന്നു
പാഴെന്നു നിത്യം പഴിച്ചിടുന്നു.
ചിന്തിച്ചു പോവുകി-
ലന്തമില്ലെന്തൊക്കെ
സ്വന്തം ഉണ്ടെങ്കിലും
വിധി വിഹിത മൊന്നുമേ
വഴിയതില്‍ തങ്ങുമോ?
സംഗമുപേക്ഷിക്കൂ
കാമം വഴിമാറും
ക്രോധ മോഹങ്ങള്‍ പോയ്‌
മറയുന്നുവെന്നതും
ശ്രീകൃഷ്ണനോതുന്നു.
മോഹഭംഗങ്ങളവ
ഒഴുകി ദൂരെപ്പോകെ
ബുദ്ധി പ്രജ്ഞാദികള്‍
തെളിവോടെ മിന്നുമെ-
ന്നറിയുക കൃത്യമായ്.
മന്ദമെന്‍ ചിന്തകള്‍
അണയുന്നു, തിരിയുന്നു
അന്തമില്ലാച്ചിന്ത-
യ്ക്കന്ത്യം കുറിക്കുവാന്‍
അന്ത:കരണമേ ശക്തി തരൂ !!!!   

2018 ഏപ്രിൽ 27, വെള്ളിയാഴ്‌ച

മുത്തശ്ശി (കവിത)




മുത്തശ്ശി
-നന്ദ
കാലമിങ്ങേറെയങ്ങായിതോ ഞാനിതാ
ഭൂമിയിലെന്നുടെ ജീവിതനാളുകള്‍
നീണ്ടതുമേതുമറിഞ്ഞതില്ലാ
കാലം കടന്നതുമോര്‍ത്തുമില്ല.
അറിയില്ല നവതിയുടെ നിറവിലോ കുറവിലോ
വിറപൂണ്ട ചിന്തകളെന്തിനോ ഏതിനോ.
തിരയുന്നിതേതോ പഴങ്കഥകള്‍ !
കരയും മനസ്സിലെയോര്‍മ്മവേള.
ചുളിവുകള്‍ ചൊല്ലും പഴങ്കഥ കേട്ടിടാന്‍
ചെവിയോര്‍ത്തു കിഴവി കിടന്നിടുന്നൂ?
അമ്മിഞ്ഞ നല്‍കിയോരെന്നമ്മ,യിന്നില്ല
ആന കളിപ്പിച്ചൊ,രെന്‍ പിതാവും,
എന്നേയവരൊക്കെ ഓര്‍മ്മയായീ
എന്നോട് വിട ചൊല്ലി യാത്രയായി.
ഓടിക്കളിച്ചു നടന്ന തൊടികളോ
കൂടെപഠിച്ചോരോ കൂടെയില്ല.
കൈപിടിച്ചഗ്നിയ്ക്കു ചുറ്റും നടത്തിയ
നല്‍പ്പാതി കണവന്‍റെ തുണയുമില്ല.
ഒന്നിച്ചു ജീവിച്ച സുന്ദര നാളുകള്‍
പൊന്നിന്‍ കിനാക്കള്‍ വിരിഞ്ഞിരുന്നൂ?!!
എങ്കിലും നാഥനറിയുക നമ്മള്‍ തന്‍
ഉണ്ണികള്‍ ഇന്നവര്‍ വന്മരങ്ങള്‍.
ഏകയാമെന്നുടെ ആശ നിരാശകള്‍
ആമരച്ചോട്ടില്‍ മഴനിഴലായ് !
പലനേരം വന്നവര്‍ ചേക്കേറിടുന്നതോ
പെരു മന്ദിരങ്ങളില്‍ മാത്രമല്ലോ!
പാതയിലെത്ര തിരക്കിലും നിന്നവര്‍
പാതിരാനേരത്തു വീടു പൂകും.
‘അമ്മേ വിശക്കുന്നു’ ചൊല്ലും കിടാങ്ങള്‍ തന്‍
നന്മ തന്‍ മാനസം കാണ്മതില്ല !
ഓമനപ്പൈതലിന്‍ വായിലുരുളകള്‍
കേമമായ് നല്‍കുവാനാര്‍ക്കു നേരം!! ?
ഓടിക്കളിക്കേണ്ടപ്രായത്തില്‍ കുഞ്ഞുങ്ങള്‍
മൂലയില്‍ ‘ലാപ്പില്‍’ കളിച്ചിരിപ്പൂ.
യന്ത്രങ്ങള്‍ മാത്രമിന്നേകമാ,മാശ്രയം
യന്ത്ര മനുഷ്യരെപ്പോലെ നമ്മള്‍ ?
മാതാ പിതാക്കളോ പാഞ്ഞു നടക്കുന്നു
പൈദാഹമൊന്നു മവര്‍ക്കില്ലയോ?
ഒന്നിച്ചിരിക്കും കുടുംബ സദസ്സുകള്‍
ഒന്നിച്ചു ഭക്ഷണം ഒന്നുമില്ല.
സൂര്യപ്രഭയോ കിളിക്കൊഞ്ചലൊക്കെയോ
നേരിട്ടറിഞ്ഞിട്ടാസ്വദിക്കാന്‍ .
ഭാഗ്യം ലഭിക്കാതെ ശീതീകരണമുറി-
പ്പോട്ടില്‍ തകര്‍ക്കുന്നു നല്ല ജന്മം.!
കഷ്ടമിതു നഷ്ടമെന്നോതുവാന്‍ മുത്തശ്ശി-
യമ്മയ്ക്കുമാവില്ല ഭാഗ്യ ദോഷം!
ഏകയായ് ഞാന്‍ കാത്തിരിക്കുന്നു പോകുവാന്‍
സ്നേഹം തകര്‍ന്നൊരീ ലോകം വിടാന്‍.!!!!!!
................   ................   .................   ...................  ..............
 

2018 ഫെബ്രുവരി 24, ശനിയാഴ്‌ച

                    സ്വപ്നക്കൂട്
                                   -നന്ദ-

നട്ടുച്ചനേരമെന്നുമ്മറക്കോലായില്‍
കൊച്ചു കിളികള്‍ തന്നൊച്ച കേട്ടു
കൂടങ്ങു കൂട്ടുവാന്‍ തക്കവും പാര്‍ത്തങ്ങു
തഞ്ചത്തില്‍ തത്തിയാ പൈങ്കിളികള്‍.
ഒത്തങ്ങു കിട്ടിയാ കൂടൊരുക്കീടുവാന്‍
പറ്റിയ കൊച്ചു വളയമപ്പോള്‍.
ഒട്ടുമേ താമസം കൂടാതെ തന്നവര്‍
പാത്തു പതുങ്ങിപ്പണിതുടങ്ങി.
നാരുകള്‍ വേരുകള്‍ കൊച്ചിലകള്‍
കൊക്കിലൊതുക്കിയാ കൂടു കൂട്ടി.
ചന്തത്തില്‍ കൊത്തിയൊരുക്കിയാ കൂടിന്‍
നിര്‍മ്മാണ ഭംഗിയാരോതി നല്‍കി  ?
കാട്ടിടാന്‍ ആവില്ല മാനവനാ-
ചേതനയെങ്ങും നിറഞ്ഞിരിപ്പൂ !

ഒരുദിനം കിളിയുടെ കൊഞ്ചലില്ലാ
നോക്കുമ്പോളാടുന്ന കൂടു മാത്രം.
ഇച്ചെറു കൂടുംകളഞ്ഞതെന്തേ
ഇച്ഛച്ച ലോണതു കിട്ടാഞ്ഞിട്ടോ ?
കൊച്ചൊരു കൂടിനും ഭൂവിലിപ്പോള്‍
വയ്ക്കണോ ഈടു ഞാനെന്തു വിഡ്ഢി !
എങ്ങോ പറന്നു പോയ്‌ കൊച്ചു പക്ഷി
ചെന്നങ്ങു പെട്ടായോ പൂച്ച വായില്‍ ?
കാത്തു കാത്തെത്തിയ നാളിലവര്‍
കൂട്ടിനടുത്തു പറക്കലായി.
വീണ്ടുമനുദിനം മോടിയേറ്റി
ക്കൂടിന്നു തീര്‍ത്തൊരു ചിത്ര വാതില്‍.
നോക്കുക കൊക്കും പുറത്തു കാട്ടി
ഇന്നിതാ പക്ഷി അടയിരിപ്പൂ !
നാളേറെ വേണ്ട മുത്തശ്ശിയാവാന്‍
നാളുകളെണ്ണി ഞാന്‍ കാത്തിരുന്നു.
ഓരോ ദിവസവും ഓടിയെത്തി
ഓമനക്കുഞ്ഞിന്‍റെ മൊഞ്ചു കാണാന്‍.


കുഞ്ഞു പിറന്നീല കൊഞ്ചലും കേട്ടില്ല
കൊത്തി നുറുക്കിയാ കൂടൊരുത്തന്‍.
നല്ലൊരു വെട്ടലാ ക്രൂരനെക്കൊല്ലുവാ-
നുള്ളം തുടിക്കിലുമായിടുമോ ?
സൃഷ്ടി തന്‍ നീതിയെ വെല്ലുവാന്‍ നാം
ശക്തരല്ലെത്ര വളര്‍ന്നീടിലും!!!


                    

2018 ജനുവരി 4, വ്യാഴാഴ്‌ച

പൂമ്പാറ്റ

                 -നന്ദ-

പാദസരങ്ങള്‍ കിലുങ്ങാതെയോമലാള്‍
കാലൊച്ച തെല്ലൊന്നു മെല്ലെയാക്കി.
കല്ലോല മാരുതനിലുല്ലസിച്ചാടുന്ന
വല്ലികള്‍ ബാലിക മെല്ലെ നീക്കി
മല്ലിക പ്പൂങ്കുലമഞ്ചലിലാടിയ
നല്ല ശലഭത്തെ തൊട്ട നേരം
ഞെട്ടിത്തരിച്ചതു വട്ടം കറങ്ങിയി-
ട്ടപ്പോഴേ പാറിപ്പറന്നു പോയി.
ചേലെഴും പൂക്കള്‍ തന്‍ തേനുണ്ടു തേനുണ്ടു
നീലിച്ച വാനത്തില്‍ ചെന്നൊളിച്ചൂ
പൂമ്പൊടി പാറുമാ വര്‍ണ്ണച്ചിറകുകള്‍
ചേലോടെ താളത്തില്‍ വീശിനിന്നൂ.
എങ്ങുപോയ്‌ തന്നുടെ വര്‍ണ്ണ ശലഭമാ
വള്ളിപ്പടര്‍പ്പിലോ തുമ്പയിലോ ?
തേടിയലഞ്ഞോരാ താരിളം ബാലിക
നാഗങ്ങള്‍ വാഴും വന്‍ കാവിലെത്തി.
അമ്മ കറുമ്പിയാ മോളു വെളുമ്പിയും        
മോളുടെ മോളതിസുന്ദരിയും
മൂവരുമേറിപ്പടര്‍ന്നു വളര്‍ന്നോരാ
വമ്പനിലഞ്ഞി തന്‍ കൊമ്പിലെത്തി
കൊമ്പതിന്‍ തുമ്പിലായ്‌ അഞ്ചാറു മൈനകള്‍                     
കൊഞ്ചലോടന്നേരം കെഞ്ചി ‘വേണ്ടാ’
കൂട്ടിലിരുന്നൊരു കൂമനുമോതി ‘മൂ’
ഓമനേ നീയിപ്പോള്‍ പോയിടൊല്ലേ!
ഒട്ടുമേ കേട്ടില്ല കൊച്ചുകിടാത്തിയാ
കാട്ടിലെ കൂട്ടര്‍ തന്‍ താക്കീതുകള്‍
കാടുംപടലും വകഞ്ഞവളോടവേ
പാടേ മറന്നപോയ് പാരു പോലും.
മുള്ളുകള്‍കേറിത്തറഞ്ഞിട്ടു പാദത്തില്‍
നിന്നേറെയായ് ചോരയുമൂറി വന്നൂ
കൌതുകമേറും കുറുമ്പിയോ പായുന്നു
ചിത്രശലഭത്തെ കൈക്കലാക്കാന്‍.
ഒട്ടുകഴിഞ്ഞില്ലാകണ്ണുകള്‍ മങ്ങുന്നു
അപ്പോഴേ പാദങ്ങള്‍ വേച്ചു പോയി.
കുറ്റിച്ചെടികള്‍തന്‍ കൂട്ടത്തിലെപ്പോഴോ
പെട്ടുപോയറ്റൊരു ബോധവുമായ്.
നീലിച്ചപോലായി മേലാകെയയ്യയ്യോ !
വായയില്‍ നിന്നതാ ചോര വാര്‍ന്നൂ.
കഷ്ടമവളുടെ  പ്രാണന്‍ പിരിയുന്നു
ദുഷ്ടതയോയിതു വിധി മാത്രമെന്നോ ?
കൂമ്പിയ കണ്ണിണത്തുമ്പില്‍ നീരിറ്റുന്നു
വെമ്പുന്നു മണ്ണിലേക്കൂര്‍ന്നു വീഴാന്‍
ദൂരത്തു നിന്നിങ്ങു ചാരത്തു വന്നെത്തി
ചാരു ശലഭമന്ത്യാഞ്ജലിക്കായ്‌ !

                               ഗീത-എ



             

2017 ഡിസംബർ 22, വെള്ളിയാഴ്‌ച

വിരഹം






വിരഹം



   

അറിയാതൊരളിയായിന്നകതാരിലെത്തിയി-
ട്ടതിലോലമനുരാഗ കുസുമം വിടര്‍ത്തിയി-
ട്ടനുദിനമനുനയ ഭാഷണം കൊണ്ടെന്നെ
അനുരാഗ വിവശയായ് മാറ്റിയില്ലേ?
അതിഗൂഡമൊരുനാളെന്നധരങ്ങള്‍ ചേര്‍ത്തു വച്ച-
നുരാഗ മുദ്രകള്‍ ചാര്‍ത്തിയില്ലേ ?
ഇടതൂര്‍ന്ന മുടിയിഴകള്‍ ഇഴപിരിച്ചംഗുലി
ചടുലമായ് ചിത്രം രചിച്ചതില്ലേ ?
ആനന്ദനിര്‍വൃതിയിലാമാറിലണയുമ്പോ-
ളടിമുടി കോരിത്തരിച്ചതില്ലേ!
തളിരിടും ലതപോലെ തനുവാകെ നിന്‍റെയാ
പരിലാളനത്തില്‍ പൂത്തുലഞ്ഞു !
കാലമങ്ങൊഴുകവേയകലം കവിയുമോ ?
കാണാത്തതെന്താണെന്നാരാഞ്ഞുവോ?
പൂവിട്ട മോഹങ്ങള്‍ എല്ലാം കരിഞ്ഞു പോയ്‌
വേര്‍പാടു തന്‍റെയാ കദനാഗ്നിയില്‍.
എന്തിനീ പാഴ്മുളം തണ്ടിനെയെന്‍റെ കണ്ണാ
ചുണ്ടില്‍ കുഴലാക്കി ചേര്‍ത്തു വച്ചു?
കമ്പികള്‍ പൊട്ടിത്തകര്‍ന്നൊരീ വീണയെ-
യിമ്പമായ് ശ്രുതിമീട്ടി,യെന്തിനായി ?
പൂഴിയിലാഴ്ന്നൊരീ പാഴ് ശിലയെന്തിനു
ചാരു മനോഹര ശില്‍പമാക്കി?
ആശതന്‍ വിത്തുകള്‍ പാകി മുളപ്പിച്ചി-
ട്ടാരോരുമറിയാതെ പോയിതെങ്ങോ ?
നീയണയുന്നൊരു നാളെണ്ണി നില്‍പ്പൂ ഞാന്‍
അണയാത്ത  മിഴിയുമായെത്ര കാലം!
വന്നീടുമെന്നെന്‍റെയുള്ളം നിനയ്ക്കിലും
വന്നാലുമാകില്ലയന്നെന്നപോലെ !
അകലെയങ്ങാകിലും അരികിലുണ്ടെങ്കിലും
അകതാരില്‍ നിന്നെന്‍റെയാശംസകള്‍!

                                           -നന്ദ –