2023 ഏപ്രിൽ 20, വ്യാഴാഴ്‌ച

ബാലി ഉത്സവങ്ങളുടെ നാട്  (Part 2)

                                                 -നന്ദ -

    ബാലി സന്ദർശനത്തിന്‍റെ രണ്ടാം ദിവസം രാവിലെ ഈഡന്‍ ഹോട്ടലിലെ റെസ്റ്റോറന്റിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് എല്ലാവരും എത്തിയപ്പോള്‍ സമയം കുറച്ചു വൈകിയിരുന്നു. തലേ ദിവസത്തെ ഉറക്കമില്ലാതെയുള്ള വിമാനയാത്രകള്‍ ഞങ്ങളുടെ സീനിയര്‍ സിറ്റിസണ്‍സിന്‍റെ ഗ്രൂപ്പിലുള്ള മിക്കവരെയും തളര്‍ത്തിയിരുന്നു എന്നതായിരുന്നു അതിനുള്ള കാരണം.എന്തായാലും രണ്ടാം നമ്പര്‍ ബസിലേക്ക് കയറി വന്ന അഗൂസ് ”ഓം സ്വസ്ത്യസ്തു “ (നമ്മുടെ നാട്ടിൽ  അന്യം നിന്നു തുടങ്ങിയ സംസ്കൃത ഭാഷയിലുള്ള  വന്ദനം ) എന്ന് പറഞ്ഞു തല കുനിച്ചു വണങ്ങിയിട്ട് പുഞ്ചിരിച്ചു കൊണ്ട് ഞങ്ങളെ അഭിസംബോധന ചെയ്തു. എല്ലാവരുടെയും സുഖ വിവരങ്ങള്‍ തിരക്കിയിട്ട് ഈ ദിവസം സന്ദര്‍ശിക്കാന്‍ പോകുന്ന സ്ഥലങ്ങളുടെ ഒരു ലഘു വിവരണത്തോടൊപ്പം ബാലിദ്വീപിന്‍റെ  ചരിത്രവും വിശദീകരിച്ചു തുടങ്ങി.

അഗ്നിപര്‍വ്വത സ്ഫോടനങ്ങളും,സുനാമിയും താണ്ഡവമാടി തകര്‍ത്ത  ഇന്തോനേഷ്യയിലെ പതിനേഴായിരത്തില്‍ പരം ദ്വീപുകളില്‍ ഏകദേശം മദ്ധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപാണ് ബാലി . ഹിന്ദുമത വിശ്വാസികളായ  എണ്‍പത് ശതമാനം ജനങ്ങൾ പാർക്കുന്ന  ആയിരത്തില്‍ പരം ഗ്രാമങ്ങളുള്ള ബാലിയില്‍ നിരവധി ബ്രഹ്മാ,വിഷ്ണു,മഹേശ്വര ക്ഷേത്രങ്ങളുണ്ടത്രേ.ഇന്തോനേഷ്യയിലെ ഭാഷയായ  “ബഹസ “യും  ‘മലായ്’ യും  ബാലിയിലെ ലോക്കല്‍ ഭാഷയായ “ബാലനീസും”  ഉള്‍പ്പെടെ 128 പ്രാദേശിക ഭാഷകള്‍ അവിടെ പ്രചാരത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്. ഉത്സവങ്ങളുടെയും, ആഘോഷങ്ങളുടെയും താഴ്  വരയെന്നു വിശേഷിപ്പിക്കാവുന്ന ബാലി , ക്ഷേത്രങ്ങളുടെയും നാടാണെന്ന് പറയാം. ത്യാഗം,സമര്‍പ്പണം എന്നൊക്കെ അര്‍ത്ഥം വരുന്ന  ”ബലി” എന്ന വാക്കുമായി ഈ ദേശത്തിന് ബന്ധമുണ്ടെന്നും അതിനാധാരമായ വസ്തുത എന്താണെന്നും അഗൂസ് പറഞ്ഞു.പണ്ടൊരു കാലത്ത് ഇവിടം ഭരിച്ചിരുന്ന രാജ വംശത്തിലെ ‘അഷ്ടാസുര രത്ന ഭൂമി ബന്ധന്‍’ എന്ന് പേരുള്ള രാജാവിന്‍റെ പേരിന്‍റെ അവസാനഭാഗമായ “ഭൂമി ബന്ധന്‍’ ആണ് പിന്നീട് “ബലി” എന്ന പേര്  വരാന്‍ കാരണമായതെന്ന് പറയപ്പെടുന്നു.അത് കാലക്രമത്തില്‍ “ബാലി” ആയിത്തീര്‍ന്നതാകം എന്ന് തോന്നി. നാം വസിക്കുന്ന ഭൂമിയ്ക്ക് നല്‍കുന്ന ബന്ധന്‍ (Offering) ആണ് നാടും,നമ്മളും എന്നാണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അതിശയം തോന്നി.പിറന്നു വീഴുന്ന മണ്ണിനെയും,ജീവിക്കാന്‍ വേണ്ടതെല്ലാം നല്‍കുന്ന പ്രകൃതിയെയും കരുതലോടെ കാത്തു സൂക്ഷിക്കുവാന്‍ പോന്ന എത്ര മഹത്തായ ആശയമാണത്!!!.

എവിടെ നോക്കിയാലും ക്ഷേത്രങ്ങളും ക്ഷേത്ര സമാനമായ ഗൃഹങ്ങളുമാണ് ബാലിയില്‍  കാണാന്‍ കഴിയുക. കെട്ടിലും മട്ടിലും നമ്മുടെ ക്ഷേത്രങ്ങളില്‍ നിന്നും  തികച്ചും വ്യത്യസ്തമായ “പുര “ എന്നറിയപ്പെടുന്ന അവിടത്തെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ ഇല്ലെന്നതാണ് ഏറെ ശ്രദ്ധേയമായ വസ്തുത. കൊത്തുപണികള്‍ നിറഞ്ഞ കൂറ്റന്‍ ചുറ്റു മതിലുകള്‍ക്കുള്ളില്‍, മനോഹരമായ ഉദ്യാനങ്ങള്‍ക്ക് നടുവിലുള്ള ക്ഷേത്രങ്ങള്‍ക്ക് സമീപത്തായി പുല്ല് മേഞ്ഞ നിരവധി തട്ടുകളുള്ള .”മേരു “ ഉണ്ടായിരിക്കും .ഈ തട്ടുകളില്‍ കൂടിയാണ് ദൈവം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത് എന്നാണ് വിശ്വാസം.

  ക്ഷേത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള  ചെറിയ വീടുകളാണ് ബാലിയില്‍ സാധാരണയായി കാണാന്‍ കഴിയുക.ഗൃഹങ്ങളുടെയാകട്ടെ  ഓഫീസുകളുടെയാകട്ടെ  ഏതൊരു മന്ദിരത്തിന്‍റെ ആയാലും  പ്രവേശന കവാടങ്ങളും ചുറ്റുമതിലുകളും പടികളും എല്ലാം കൊത്തുപണികളും ശില്‍പ്പങ്ങളും കൊണ്ട് അലംകൃതമായിരിക്കും. എല്ലാ വീടുകളുടെയും മുന്നില്‍ പൊറ്റക്കാടിന്‍റെ ശൈലിയില്‍ പറഞ്ഞാല്‍” ദൈവപ്പുരകള്‍ “ കാണാം. ഇവര്‍ എന്ത് പാകം ചെയ്താലും വാഴയിലയില്‍ വച്ച്  ഈ ദൈവപ്പുരകളി ല്‍ കൊണ്ടു വയ്ക്കും, അതിന് ‘യജ്ഞ ശശ’ എന്നും ആ സ്ഥലത്തിന്“ചനംഗ്” എന്ന് പറയുമത്രേ. വീടുകളിലും ക്ഷേത്രങ്ങളിലും ,വഴിയോരങ്ങളും എല്ലാം ചെമ്പക ചെടികള്‍ നട്ടു വളര്‍ത്തുന്നത് ബാലിക്കാരുടെ ശീലമാണ്. കുരുത്തോലയും ചെമ്പക പുഷ്പങ്ങളും,വാഴയിലയും ബാലിക്കാരുടെ നിത്യ ജീവിതത്തിലെ  അനിവാര്യമായ വസ്തുക്കളാണ്.


                             ഒരു ബാലി ഗൃഹം

                 

മറ്റൊരു വീട് -മുറ്റത്ത് ചെമ്പക മരങ്ങൾ കാണാം 

                                          ബാലിയിലെ ഒരു സാധാരണ സ്ത്രീ  


                               ചെമ്പകച്ചെടി 

രണ്ടായി പിളര്‍ന്ന മാതൃകയിലുള്ള കവാടങ്ങള്‍ ബാലിയുടെ മാത്രം പ്രത്യേകതയാണ്.പണ്ട് ശിവ ഭഗവാന്‍ മേരു പര്‍വ്വതത്തെ ബാലിയില്‍ പ്രതിഷ്ടിച്ചെന്നും നന്മ തിന്മകളെ വേര്‍തിരിക്കാന്‍ വേണ്ടി  രണ്ടായി പിളര്‍ന്നു എന്നുമാണ് ഇതിനു പിന്നിലുള്ള ഐതീഹ്യ കഥ. ദുഷ്ട   ശക്തികള്‍ പ്രവേശിക്കാതിരിക്കാന്‍  വേണ്ടി ഇരുവശങ്ങളിലും ഭീതിപ്പെടുത്തുന്ന മുഖമുള്ള ദ്വാരപാലകരായ  മഹാകാല, നന്ദികേശ ( വനദൈവമായ ഭോമന്‍ ) എന്നിവര്‍ കാവല്‍ നില്‍ക്കുന്ന തരത്തിലുള്ള കവാടങ്ങളും ക്ഷേത്രങ്ങളില്‍ കാണാവുന്നതാണ്.


                                        സ്വാഗതമോതുന്ന  സ്വർഗ്ഗവാതിലുകൾ 

                              ദ്വാരപാലകർ 

     ദൈവങ്ങളുടെ നാടെന്നോ,പാരഡൈസ്‌  ലാന്‍ഡ് എന്നോ ഒക്കെ തന്‍റെ നാടിനെ വിശേഷിപ്പിക്കാമെന്ന് അഗൂസ് പറഞ്ഞപ്പോള്‍ കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണെന്ന് അഭിമാനപുരസ്സരം ഞങ്ങള്‍ വിളിച്ചു കൂകി.

     അഗ്നിപര്‍വ്വത സ്ഫോടന പരമ്പര ഭീഷണി കൊണ്ടും പ്രകൃതി പരിപാലന ഭാഗമായിക്കൊണ്ടും ബാലിയിൽ വലിയ കെട്ടിടങ്ങള്‍ പണിയാറില്ലത്രേ.കെട്ടിട നിര്‍മ്മിതി നാലു നിലയില്‍ താഴെ അല്ലെങ്കില്‍ പരമാവധി 50 മീറ്റര്‍ അതാണ്‌ ഉയര പരിധി.വായു സഞ്ചാരം തടസ്സപ്പെടാതിരിക്കുക, ഹരിതാഭ നിലനിര്‍ത്തുക ഇതെല്ലം ബാലി ജനതയ്ക്ക് അത്യന്താപേക്ഷിതമത്രേ. അങ്ങനെ അല്ലാതെ വന്നാല്‍ ബാലിയുടെ പരിശുദ്ധി നഷ്ടപ്പെടുകയും ,ബാലി “ബാലി” അല്ലാതാകുകയും  ചെയ്യുമെന്നാണ് അവരുടെ വിശ്വാസം. പൈതൃകമായി ലഭിച്ചതൊക്കെ നിഷേധിക്കാതെ ,ചോദ്യം ചെയ്യാതെ അവയെ സാദരം പരിരക്ഷിക്കുന്ന കാഴ്ച എവിടെയും ദൃശ്യമാണ്.ഗൃഹ,ക്ഷേത്ര നിർമ്മാണപരിപാലനം ,പരമ്പരാഗത വേഷം ധരിക്കൽ പരിസ്ഥിതി സംരക്ഷണം ഇങ്ങനെ എന്തിലും ഏതിലും അവരുടെ ഈ സംസ്കാരം പ്രകടമാണ് . വളരെ ഉത്കൃഷ്ടമായ ആ വിശ്വാസ സംസ്കാരങ്ങള്‍ എന്നെന്നും ബാലി ജനതയെ രക്ഷിക്കട്ടെ. 

ബാത്തിക്ക് പെയിൻറി ഗ് 

എന്തിലും ഏതിലും കലാചാതുര്യം ഉണ്ടായിരിക്കുക എന്നത് ബാലിയുടെ സവിശേഷതയാണെന്ന് പറഞ്ഞുവല്ലോ .അത് വഴിവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകളിലാകട്ടെ,മതിലുകളിലാകട്ടെ ,പാഴ് വസ്തുക്കള്‍ ഇടാന്‍ വച്ചിരിക്കുന്ന ഒരു കുട്ടയായിരിക്കട്ടെ അതിന് ഒരു ചിത്ര ചാരുത ഉണ്ടായിരിക്കും.പാതകളിലും,ജലാശയങ്ങളിലും പാഴ് വസ്തുക്കള്‍ എറിഞ്ഞ് മലിനമാക്കാതെ അവര്‍ അവരുടെ മാതൃഭൂമിയെ കാത്തു സൂക്ഷിക്കുന്നു.വൃത്തിയും വെടിപ്പുമുള്ള നിരത്തുകൾക്കൊപ്പം നയനാനന്ദകരമായ ശിൽപ്പ ഭംഗി ഒരുക്കി നാട്ടിലെത്തുന്ന അതിഥികളെ ബഹുമാനിക്കുകയാണവർ എന്നു തോന്നി.  

ബാലിയിലെ രണ്ടാം ദിവസത്തെ യാത്ര ‘ഉബൂഡിലെ’ ചില സ്ഥലങ്ങളിലേക്കായിരുന്നു.  “ഉൾനാട്ടിലെ ഉത്സവം”        കാണാനെത്തിയ എസ് കെ പൊറ്റക്കാട് സർ  വയറു കുലുങ്ങി ചിരിക്കുന്ന ചെക്കോർദോയെയും  അദ്ദേഹത്തിന്‍റെ പേരക്കുട്ടി ശ്രിയാത്തൂണിനെയും കാണുന്നത്  ഉബൂഡിൽ വച്ചാണെന്ന്  വായിച്ചതോർക്കുന്നു. ഉബൂഡിലേക്ക്  യാത്ര ചെയ്യുമ്പോൾ ബാലിയുടെ മറ്റ് ചില കാര്യങ്ങൾ കൂടി അഗൂസ് പറഞ്ഞു തന്നു. അനുഗ്രഹിക്കപ്പെട്ട എന്നർത്ഥമുള്ള “ഇഡ” ,സൌന്ദര്യമുള്ളതെന്ന്  വരുന്ന “ബഗൂസ്,ആയു “    ഇതൊക്കെ അവിടത്തെ ബ്രാഹ്മണ വിഭാഗങ്ങളും-വലിയ മനുഷ്യൻ(Great Man ) എന്ന് മനസ്സിലാക്കേണ്ട “അൽ  അഗൂം,ചെക്കോർദോ ,ഇഗുസ്തി” ഇതെല്ലാം  ക്ഷത്രിയരുമാണത്രേ. അത് പോലെ വൈശ്യ വിഭാഗത്തിന് “ സാങ് “ എന്നും,ശൂദ്രർക്ക് “വയാങ് ,പൂട്ടു, ഗെഡെ” എന്നൊക്കെ വിഭാഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.താൻ ക്ഷത്രിയനായിരുന്നു എന്നും ഉൾപ്പോര് മൂത്ത് ശൂദ്രനായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ചെക്കോർദോ ‘ ഒരാളിന്‍റെ പേരാണെന്നായിരുന്നു ഞാൻ ധരിച്ചു വച്ചിരുന്നത്.

      ആത്മീയം,ഹീലിംഗ് (സുഖപ്പെടുത്തുക) മെഡിസിന്‍  എന്നൊക്കെ അര്‍ത്ഥം വരുന്ന “ഉബഡി“’ ന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള രണ്ട് നദികളില്‍ കുളിക്കാന്‍ സാധിച്ചാല്‍ അത് നിരവധി രോഗങ്ങളെ പ്രതിരോധിക്കുമെന്ന് പറഞ്ഞു കേട്ടിരുന്നെങ്കിലും,ഞങ്ങളുടെ പരിപാടിയില്‍ നദിയിലെ കുളി ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നത് കൊണ്ട് അന്നത്തെ ആദ്യ സന്ദര്‍ശന സ്ഥലമായ ‘ബാതുബുലാന്‍’ വില്ലേജിലുള്ള “ബാത്തിക്” ഫാക്ടറി യിലേക്കാണ് പോയത്.

തേനീച്ചയുടെ അട അതായത് ഹണികോംമ്പ് ഒരു പാത്രത്തില്‍ വച്ച് ചൂടാക്കിയിട്ട് അതില്‍ ബ്രഷ് പോലെ എന്തോ മുക്കി തുണിയില്‍ വരയ്ക്കും,ഇതാണ് ബാത്തിക്ക് പെയിന്റിംഗ് രീതി.പക്ഷേ ഇങ്ങനെ ഉണ്ടാക്കുന്ന വസ്ത്രങ്ങളിലെ ചിത്രങ്ങള്‍  ചൂട് വെള്ളം വീണാല്‍ മാഞ്ഞു പോകും എന്നുള്ളത് കൊണ്ട് അവ അലങ്കാരത്തിന്‌ വയ്ക്കാനേ സാധിക്കൂ എന്ന് അഗൂസ് പറഞ്ഞു. ബാത്തിക് ചിത്ര രചനയിലേര്‍പ്പെട്ട രണ്ടു മൂന്നു സ്ത്രീകള്‍ അവിടെ ഇരിപ്പുണ്ടായിരുന്നു.

 

                          


ബാത്തിക്ക് പെയിന്‍റിംഗ്

തിളയ്ക്കുന്ന ഹണി കോമ്പും, കുരുത്തോലയിൽ              ദൈവത്തിനുള്ള അർച്ചനയും പ്രസാദവും കാണാം 

ബാത്തിക് പെയിന്‍റിംഗ് ചെയ്ത ഷര്‍ട്ടുകളും,വിരിപ്പുകളും, ബാഗുകളും കരകൌശല വസ്തുക്കളും അവിടെയുള്ള സ്റ്റാളില്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടായിരുന്നു. പക്ഷേ അവയുടെ നിറം പോകാതിരിക്കാന്‍ എന്തോ പരിപാടി ചെയ്തിട്ടുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഏതായാലും പലരും അവിടെ നിന്ന് പലതും വാങ്ങിയിട്ട് ബസില്‍ കയറി അടുത്ത സ്ഥലത്തേക്കുള്ള യാത്ര ആരംഭിച്ചു .

മങ്കി ഫോറസ്റ്റ് 

വാങ്ങിയ സാധനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കാണിക്കുകയും,നാട്ടിൽ  നിന്ന് കൊണ്ടു  വന്ന സ്നാക്സ് വിതരണം ചെയ്യുകയും എല്ലാം കൂടി ബസ്സില്‍ നല്ല കലപിലയാണ്.അഗൂസ് മൈക്ക് കയ്യിലെടുത്തു, നന്നായി ചിരിച്ചു കൊണ്ട് അനൌൺസ് ചെയ്തു എല്ലാവരും ശ്രദ്ധിക്കുക അടുത്തതായി നമ്മുടെ ബന്ധുക്കളെയും സ്വന്തക്കാരെയും കാണാനാണ് പോകുന്നത്. ആരുടെയെങ്കിലും  ചേട്ടനെയോ,ചേച്ചിയെയോ, അമ്മാവനെയോ  അവിടെ വച്ച് കണ്ടാൽ  അവരോട് സ്നേഹം തോന്നി എന്തെങ്കിലും കൊടുക്കാനോ ,തൊടാനോ,അവരുടെ കണ്ണില്‍ നോക്കാനോ ശ്രമിച്ചാല്‍ കളിമാറും,അപകടമാണ് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  “ഉബൂഡിലെ” (Ubud ) മങ്കി ഫോറസ്റ്റിലേക്കുള്ള  യാത്രയെ പറ്റിയാണ് അദ്ദേഹം പറഞ്ഞു വന്നത്.ബാലനീസ് ശൈലിയിലുള്ള അഗൂസിന്‍റെ ഇംഗ്ലിഷ് മനസ്സിലാക്കാന്‍ കുറച്ച്  പ്രയാസമാണെന്നതിനാൽ ഈ വിവരണത്തിൽ വന്നിരിക്കാൻ സാദ്ധ്യതയുള്ള തെറ്റുകൾ സദയം പൊറുത്ത് തിരുത്തി തരണമെന്ന് അപേക്ഷയുണ്ട്. 

 ബസില്‍ നിന്നിറങ്ങിയ ഞങ്ങള്‍ക്കുള്ള ടിക്കറ്റും മറ്റുമായി വന്ന അഗൂസ് പെരുമാറ്റ മര്യാദകളെ പറ്റി ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു. വൃക്ഷങ്ങള്‍ കുട പിടിച്ചു നിന്ന ഹരിതാഭമായ ഒരു വനപ്രദേശത്തിലെ  വഴിത്താരകളില്‍ കൂടി വള്ളികളില്‍  ഊഞ്ഞാലാടുന്ന വാലുള്ള നരന്മാര്‍ക്കിടയിലൂടെ കള്ളക്കടക്കണ്ണെറിഞ്ഞ് ഞങ്ങള്‍ ബഹുദൂരം നടന്നു.നീളന്‍ വാലുകളുള്ള അറുന്നൂറോളം ബാലിനീസ് വാനരന്മാരാണ് അവിടെയുള്ളതെന്നു പറയപ്പെടുന്നു. പൂര്‍വികരും ബന്ധുക്കളുമായ അവര്‍ക്കൊപ്പം  ഫോട്ടോയെടുക്കാന്‍ ശ്രമിക്കവേ ചില ആശാന്മാര്‍ സ്വന്തക്കാരാണെന്നൂ മനസ്സിലാക്കിയിട്ടോ എന്തോ ഞങ്ങളുടെ മടിയിലേക്ക് ചാടിക്കയറി സ്നേഹം പ്രകടിപ്പിച്ചു.വളരെ വിസ്തൃതമായ ആ വനപ്രദേശത്ത് കൂടിയുള്ള നടത്തം നല്ല ഒരനുഭവമായിരുന്നു.അതിനിടെ ഒരു ഉബൂഡ്കാരി പെണ്‍കുട്ടി ഗൈഡ് പരിശീലനത്തിന്‍റെ ഭാഗമായോ എന്തോ എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നു.ബാലിയെ പറ്റി എന്താണ് അഭിപ്രായമെന്നും ,എന്തൊക്കെ കണ്ടുവെന്നും മറ്റുമൊക്കെയുള്ള അവളുടെ ചോദ്യത്തിന് നല്ല മെച്ചമായ ഒരു അഭിപ്രായം പറഞ്ഞതോടെ അതെല്ലാം ഫോണില്‍ റെക്കോഡ് ചെയ്ത് സന്തോഷത്തോടെ അവള്‍ യാത്ര പറഞ്ഞു പോയി. മങ്കി ഫോറസ്റ്റ് കാണുവാന്‍ അനുവദിച്ച സമയം കഴിഞ്ഞപ്പോഴേക്കും മിക്കവാറും എല്ലാവരും ബസ്സില്‍ ഹാജരായെങ്കിലും മൂന്ന് നാലു പേരെ കാണാതായത് അല്‍പ്പം ആശങ്കയുളവാക്കി. എവിടെയോ വച്ച് കൂട്ടം തെറ്റി മറ്റേതോ വഴിയിലൂടെ തിരിഞ്ഞു പോയ അവരെ അഗൂസും സൂരജും ,മറ്റേ ബസിലെ ഗൈഡും എല്ലാരും കൂടി ഓടി നടന്ന് കണ്ടു പിടിച്ചു കൊണ്ട് വന്നിട്ട് യാത്ര തുടര്‍ന്നു. 

                              വലിയ കാരണവർ 

 കിന്താമണിയിലെ ബാട്ടു ര്‍ (Batur)അഗ്നിപര്‍വ്വതം    

കൊച്ചിയില്‍ നിന്ന് യാത്ര തുടങ്ങിയപ്പോള്‍  “Holiday Discoverers” എന്നെഴുതിയിട്ടുള്ള ഒരു നീലത്തൊപ്പി എല്ലാവര്‍ക്കും തന്നിരുന്നെങ്കിലും ചിലപ്പോഴൊക്കെ ചൂട് കൊണ്ടും മറ്റും പലരും  അത് വയ്ക്കാന്‍ കുറച്ചു മടി കാണിച്ചിരുന്നു.അറിയാത്ത നാട്ടില്‍ എവിടെയെങ്കിലും വച്ച് കൂട്ടം തെറ്റി  മിസ്‌ ആയാല്‍ കണ്ടുപിടിക്കാന്‍ തൊപ്പി ധരിച്ചാല്‍  എളുപ്പമായിരിക്കുമെന്ന് മങ്കി ഫോറസ്റ്റിലെ അനുഭവം വച്ച് സൂരജ് പറഞ്ഞു.

അഗ്നിപര്‍വത സ്ഫോടനങ്ങള്‍ ദുരന്തം വിതറിയിട്ടുള്ള  നാടാണല്ലോ ഇന്തോനേഷ്യയും അതില്‍ പെട്ട  മറ്റനേകം ദ്വീപുകളും. ബാലിദ്വീപും ഇങ്ങനെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് പാത്രീഭവിച്ചിട്ടുള്ള നാട് തന്നെയാണ്.പൊട്ടിയൊഴുകിയ ലാവ തണുത്തുറഞ്ഞ കറുത്ത മണ്ണും കല്ലുകളുമാണ് ബാലിയില്‍ നമുക്ക് കാണാന്‍ സാധിക്കുക. “അഗും, ബാത്തൂര്‍”എന്ന രണ്ടു അഗ്നിപര്‍വതങ്ങൾ  1963 ല്‍ ഒരുമിച്ചു പൊട്ടിത്തെറിക്കുകയും അനേകം ജീവനുകള്‍ പൊലിയുകയും നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തുവത്രേ.2017ലാണ് ഏറ്റവും വലിയ അഗ്നിപര്‍വ്വതമായ അഗും അവസാനമായി പൊട്ടിത്തെറിച്ചതെന്ന് അഗൂസ് പറഞ്ഞു. 2002 ല്‍ അവസാന സ്ഫോടനം ഉണ്ടായ ബാത്തൂര്‍ ഇപ്പോള്‍ ആക്ടിവ് അല്ല എന്നത് ബാലിക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നു. ‘കിന്താമണി’ എന്ന ഗ്രാമത്തിലാണ് ഇവ ഉള്ളത് .കിന്ത അല്ലെങ്കില്‍ ചിന്ത എന്നാല്‍ (“ഡ്രൈ”) ഉണങ്ങി വരണ്ട എന്നും “മണി” എന്നാല്‍ സ്ഥലം (ലാന്‍ഡ്) എന്നുമാണ് അര്‍ത്ഥമെന്ന് അഗൂസ് പറഞ്ഞു  തന്നു. മങ്കി ഫോറസ്റ്റില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ യാത്ര ചെയ്യണം ഇവിടെയെത്താന്‍.ഒരു കാലത്ത് ഉണങ്ങി വരണ്ട് നശിച്ചു കിടന്നിരുന്ന ഈ സ്ഥലം ഇപ്പോള്‍ ഓറഞ്ചു തോട്ടങ്ങളും,കൃഷിയിടങ്ങളും കൊണ്ട് ഐശ്വര്യമായി നില കൊള്ളുന്നു. ബാത്തൂര്‍ അഗ്നിപര്‍വതത്തെ മുഖാമുഖം നോക്കിയിരുന്നു കൊണ്ടായിരുന്നു അന്നത്തെ ഞങ്ങളുടെ ഉച്ച ഭക്ഷണം .തനത് ഇന്തോനേഷ്യന്‍ വിഭവങ്ങളും ഇന്ത്യന്‍ വിഭവങ്ങളും ചേര്‍ന്ന നല്ല ഒരു ഉച്ചയൂണായിരുന്നു.”ബാത്തൂര്‍ സറി ബുഫേ അല കര്‍ ട്ടെ  കോഫീ” എന്ന കിന്താമണിയിലെ റെസ്റ്റോറന്റി ല്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചത് ,,ഒരു കുഴപ്പം മാത്രം...അവിടം ഒരു ഈച്ചകൊട്ടാരമായിരുന്നു. ഊണ്കഴിച്ചു പുറത്തേക്കിറങ്ങുമ്പോള്‍ ബാലിയുടെ പ്രത്യേക തുണിത്തരങ്ങളും ടീ ഷര്‍ട്ടുകളും,ഷാളുകളും വില്‍ക്കുന്ന കച്ചവടക്കാരികളുടെ ബഹളമായിരുന്നു.നമ്മുടെ കറന്‍സിയുമായി ബാലനീസ് റുപ്പയയ്ക്ക് ഏകദേശം 180 ഇരട്ടി വ്യത്യാസമുള്ളതിനാല്‍ വില കേള്‍ക്കുമ്പോള്‍ ആരായാലും ഒന്നു ഞെട്ടിപ്പോകും.പക്ഷേ കണക്കു കൂട്ടി നോക്കിയാല്‍ വലിയ വിലയല്ലെന്നു മനസ്സിലാകും.ആദ്യമാദ്യം വാങ്ങിയവര്‍ക്ക് ആയിരം രൂപയ്ക്ക് മൂന്നെണ്ണം ലഭിച്ചുവെങ്കില്‍ ബസ് വിടാറായപ്പോഴേക്കും വാങ്ങിയവര്‍ക്ക് ആയിരം രൂപയ്ക്ക് അഞ്ചെണ്ണം വരെ കിട്ടുന്നുവെന്നു കേട്ടപ്പോള്‍ ബസിലിരുന്ന പലരും ചാടിയിറങ്ങി.സമയം കളയാനില്ലെന്നു സൂരജ് അറിയിച്ചതോടെ എല്ലാവരും ഷോപ്പിംഗ്‌ അവസാനിപ്പിച്ച് ബസില്‍ കയറി.ബാത്തൂര്‍ അഗ്നി പര്‍വതത്തിനു സമീപമുള്ള ബാത്തൂര്‍ തടാകത്തിന്‍റെ സമീപ പ്രദേശത്തെ പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് “ലുവാക്ക് കോഫി”ക്ക് പേര് കേട്ട  ഉബൂഡിലെ കാന്ടിക് (Cantik) അഗ്രിക്കള്‍ച്ചറല്‍ ഫാക്ടറിയിലേക്കായിരുന്നു പിന്നീടുള്ള  യാത്ര.

                         ബാത്തൂർ അഗ്നിപർവ്വതം 

                          ബാത്തൂർ തടാകം 

ലുവാക്ക് കോഫീ

     ലോകത്തിലെ ഏറ്റവും വിലകൂടിയ രുചികരമായ  കോഫി എന്ന് പ്രസിദ്ധമായ ലുവാക്ക് കാപ്പിയുടെ ഉറവിടം തേടി ചെന്ന ഞങ്ങളില്‍ പലരുടെയും മുഖം ചുളിഞ്ഞു, കാരണം പറയാം.ഈ  പ്രദേശത്ത് കൃഷി ചെയ്തിട്ടുള്ള കാപ്പിച്ചെടികളില്‍ നിന്നും പാകമായ കായകള്‍ ശേഖരിച്ച് വെരുക് (Luwak) പോലെയുള്ള ഒരു മൃഗത്തിന് കഴിക്കാന്‍ കൊടുക്കുമത്രേ. അവ ഇത് കഴിച്ചിട്ട് കാഷ്ടിക്കുമ്പോള്‍ കിട്ടുന്ന കാപ്പിക്കുരു കഴുകി വൃത്തിയാക്കി ഉണക്കി പരമ്പാരാഗത രീതിയില്‍ വറുത്ത് പൊടിച്ചാണത്രേ ഈ വമ്പന്‍ കാപ്പിപ്പൊടി ഉണ്ടാക്കുന്നത്, ഈ രഹസ്യമറിഞ്ഞാല്‍ പിന്നെ മുഖം ചുളിയാതിരിക്കുമോ? കിലോയ്ക്ക് 50000 രൂപയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം !!!

കൂട്ടിലിട്ട് വളര്‍ത്തിയിരുന്ന ” ലുവാക്കു”കളെയും ,അവയില്‍ നിന്ന് ശേഖരിച്ചെടുത്ത കാഷ്ഠം കലര്‍ന്ന കാപ്പിക്കുരുവും അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.കനലടുപ്പില്‍ കാപ്പിക്കുരു വറുക്കുകയും അത് ഉലക്ക കൊണ്ട് ഇടിച്ചു പൊടിക്കുകയും ചെയ്തു കൊണ്ടിരുന്ന രണ്ട് സ്ത്രീകളെയും  അവിടെ കാണാന്‍ കഴിഞ്ഞു.

                                                                ലുവാക്ക്
ലുവാക്ക് കാഷ്ടം കലർന്ന കാപ്പിക്കുരു 

ലുവാക്ക് കാപ്പിപ്പൊടി നിർമ്മാണം 

ചെറിയ മഴച്ചാറ്റലേറ്റ് കൊണ്ട്  കാപ്പിത്തോട്ടങ്ങളിലൂടെ നടന്നു ചെന്ന ഞങ്ങള്‍ക്ക് രുചി നോക്കുവാനായി വ്യത്യസ്തമായ ചായ,കാപ്പി എന്നിവയുടെ സാമ്പിളുകള്‍  അതാതിന്‍റെ  പേരെഴുതിയ പ്ലാസ്റ്റിക് ബോര്‍ഡിനു മുകളില്‍ കൊണ്ട് വച്ചു തന്നു. മാംഗോസ്റ്റിന്‍  ,റോസെല്ല, സിനമണ്‍ ,സാഫ്ര ണ്‍ ,ജിഞ്ചര്‍,ലെമണ്‍ തുടങ്ങിയ ചായത്തരങ്ങളും ,ചോക്ലേറ്റ് വാനില,കോക്കനട്ട്, ജിഞ്ചര്‍ തുടങ്ങിയ കാപ്പികളും ഞങ്ങള്‍ രുചിച്ചു നോക്കി.ആദ്യം രുചിച്ചതിന്‍റെ ഒഴികെ മറ്റുള്ളവയുടെ കുറച്ച് ഫ്ലേവര്‍ മനസ്സിലായി എന്നല്ലാതെ കൃത്യമായ രുചി  കിട്ടിയില്ലെന്ന് തന്നെ പറയാം. ചായ കുടി കഴിഞ്ഞ് മുന്നോട്ട് നടക്കുമ്പോള്‍ അതിനടുത്തു തന്നെ കാപ്പിപ്പൊടിയും ,ചായപ്പൊടിയും ,മറ്റ് സുഗന്ധ ദ്രവ്യങ്ങളും വില്‍ക്കുന്ന ഒരു കട കണ്ടു. അവിടെ നിന്ന് ലോകത്തിലെ ഏറ്റവും വില കൂടിയ “വെരുകിന്‍ കാഷ്ട കാപ്പിപ്പൊടി “ വാങ്ങാന്‍ ഞങ്ങളാരും കൂട്ടാക്കിയില്ല.

ടെറസ് ഫാമിംഗ്

ബാലിയുടെ കാര്‍ഷിക പാരമ്പര്യം മനസ്സിലാക്കുവാനുള്ള ഞങ്ങളുടെ അടുത്ത യാത്ര ചെന്നു നിന്നത് ‘ ടെഗല്ലാലംഗ് പകുടുവൈ’ എന്ന സ്ഥലത്തുള്ള “അബിയന്‍ ദേശ റൈസ് ടെറസ് ഗാര്‍ഡന്‍” സമീപമാണ്.ഭൂമി തട്ടുതട്ടായി ക്രമീകരിച്ച് അതില്‍ ഞാറ് നട്ടിരിക്കുന്ന മനോഹരമായ കാഴ്ചയാണ് ടിക്കറ്റ് എടുത്ത് ചെല്ലുമ്പോള്‍ കാണാനാകുക.പച്ചപ്പട്ട് വിരിച്ചത് പോലെ താഴ്ന്നു കിടക്കുന്ന പാടങ്ങള്‍ക്ക് മുകളിലൂടെ ടൂറിസ്റ്റുകളെ ഉദ്ദേശിച്ച്  സിപ് ലൈനും, പൂക്കള്‍ കൊണ്ടലങ്കരിച്ച ഊഞ്ഞാലുകളും ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു. സാഹസികരായ പലരും വലിയ തുകയ്ക്കുള്ള ടിക്കറ്റ് എടുത്ത് അതൊക്കെ ആസ്വദിക്കുന്നുമുണ്ടായിരുന്നു.കൂടാതെ നല്ല തുക വാങ്ങിയിട്ട് വിദേശികളെ കൊണ്ട് ഞാറ് നടീക്കുകയും അവര്‍ പോയിക്കഴിഞ്ഞു അതേ ഞാറ് പിഴുതെടുത്ത് അടുത്ത് വരുന്ന ടീമിന് കൊടുത്ത് കാശ് വാങ്ങുന്ന “വിശിഷ്ടമായ” പരിപാടിയും അവിടെ നടക്കുന്നതായി അറിഞ്ഞു. ഏതായാലും കേരളത്തില്‍ നിന്നെത്തിയ ഞങ്ങളുടെ തലമുറയിലുള്ളവര്‍ക്ക് ഇത് അത്ര പുതുമയല്ലാത്തത് കൊണ്ട് നടീല്‍ പരിപാടിയ്ക്ക് പോകാതെ മടക്കയാത്ര ആരംഭിച്ച ഞങ്ങള്‍ ഇന്ത്യൻ ഭക്ഷണം ലഭിക്കുന്ന  ക്വീന്‍സ് റെസ്റ്റോറണ്ടിലേക്കും തുടര്‍ന്ന് വിശ്രമത്തിനായി ഈഡന്‍ ഹോട്ടലിലേക്കും പോയി.

 


                                                        ടെറസ് ഫാമിങ്

- നന്ദ - 08/03/2023


(തുടർന്ന്  വായിക്കുക "ബാലി ശിൽപ്പങ്ങളുടെ നാട് " at 

Link to Part 03 )










ബാലി -  ദൈവങ്ങളുടെ നാട്  (Part 1)

                                    

     “ബാലി” എന്നു കേൾക്കുമ്പോൾ സുഗ്രീവ ജ്യേഷ്ഠനും, മഹാബലവാനും, എന്നാൽ രാമബാണങ്ങളേറ്റ് വീരമൃത്യു  വരിയ്ക്കുകയും ചെയ്ത വാനരനായ രാമായണത്തിലെ ബാലിയെയാണ് ഓർമ്മ വരിക. പക്ഷേ ആ ബാലിയുമായി ബാലിദ്വീപിന് പ്രത്യേകിച്ച്  എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിച്ചെങ്കിലും,അന്നാട്ടില്‍ കുറച്ചു വാനരന്മാരുണ്ടെന്നതൊഴികെ മറ്റൊന്നും കണ്ടെത്താനായില്ല. സഞ്ചാര സാഹിത്യകാരനായ എസ് കെ.പൊറ്റക്കാട് സാറിന്‍റെ “ബാലിദ്വീപ്‌” എന്നതിലെ ഒരു ഭാഗമായ “ഉള്‍നാട്ടിലെ ഉത്സവം” എന്ന പാഠം എഴുപതുകളില്‍ പത്താംക്ലാസ് മലയാളം പുസ്തകത്തില്‍ പഠിക്കുമ്പോഴാണ് ബാലിദ്വീപിനെപ്പറ്റി ആദ്യം കേള്‍ക്കുന്നത്.ആധുനിക സൗകര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്ന അദ്ദേഹത്തിന്‍റെ കാലയളവില്‍  ഇങ്ങനെ ഒരു അന്താരാഷ്‌ട്ര യാത്ര നടത്തുവാന്‍ എത്ര കഷ്ടപ്പാടുകളും,ദുരിതവും സാഹസവും ആ മഹത് വ്യക്തി അനുഭവിച്ചിരുന്നു എന്ന് ആലോചിച്ചാല്‍ മനസ്സിലാക്കാം.

     വളരെക്കാലമായി ബാലിദ്വീപ്  സന്ദര്‍ശനം കാംക്ഷിച്ചിരുന്നവരായിരുന്നു ഞങ്ങള്‍.അപ്പോഴാണ്‌ ഞങ്ങളുടെ സുഹൃത്തും  കൊച്ചിയിലെ ബാങ്ക് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ “ഓര്‍ബിക്കില്‍ ”  അംഗവുമായ  മുരളി സര്‍ ഫോണില്‍ വിളിച്ച് അവർ ഒരു  ബാലിയാത്ര  സംഘടിപ്പിച്ചിട്ടുണ്ടെന്നും  അതില്‍ ബുക്ക്‌ ചെയ്തിരുന്ന  രണ്ടു പേര്‍ യാത്ര ക്യാന്‍സല്‍ ചെയ്ത ഒഴിവില്‍ താത്പര്യമുണ്ടെകില്‍ ഉടന്‍ പറഞ്ഞാല്‍ ചാന്‍സ് കിട്ടുമെന്നും അറിയിച്ചത്.പിന്നെ ഒന്നും നോക്കിയില്ല ഇത്രയുമൊരു സുവര്‍ണ്ണാവസരം കൈവന്നപ്പോള്‍  വിട്ടുകളയാന്‍ മനസ്സ് വന്നില്ല.അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ അപ്പപ്പോള്‍ അദ്ദേഹം ഇങ്ങോട്ട് അറിയിക്കുകയും പണമിടപാടുകള്‍ നെറ്റ് വഴി ശരിയാക്കുകയും ചെയ്തു. “ഹോളിഡെ ഡിസ്കവറേഴ്സ്” എന്ന ടൂര്‍ കോര്‍ഡിനേറ്റേഴ്സിന്‍റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. യാത്രാ പരിപാടികളില്‍ സഹായിക്കാന്‍ അതിന്‍റെ സൂത്രധാരനായ സൂരജ് സദാ സന്നദ്ധനായിരുന്നു.പെന്‍ഷന്‍ പറ്റിയ ബാങ്ക് ഉദ്യോഗസ്ഥരും അവരുടെ കുടുംബവുമായി 44 പേരടങ്ങുന്ന സംഘമാണ് ബാലി യാത്രയ്ക്കായി കൊച്ചി വിമാനത്താവളത്തില്‍  രാത്രി എട്ട് മണിയോടെ എത്തിച്ചേര്‍ന്നത്.ചുരുങ്ങിയ സമയത്തിനുള്ളില്‍ അന്യോന്യം പരിചയപ്പെടല്‍ ഒന്നും സാധിച്ചില്ലെങ്കിലും വരാൻ പോകുന്ന ദിവസങ്ങളിൽ എല്ലാവരോടും സംസാരിക്കുന്നതിനുള്ള സൌകര്യം ലഭിക്കുമെന്നുറപ്പുണ്ടായിരുന്നു  .സുരക്ഷാ പരിശോധനകളും ചെക്കിന്‍ പരിപാടികളും കഴിഞ്ഞ് 12.20 ന് പുറപ്പെടുന്ന ‘മലിന്‍ഡോ’ വിമാനത്തില്‍ ഞങ്ങള്‍ മലേഷ്യയുടെ തലസ്ഥാനമായ കുലാലമ്പൂരേക്കാണ് യാത്ര ആരംഭിച്ചത്.രാവിലെ ഏഴു മണിയോടെ കുലാലമ്പൂരിൽ  എത്തിച്ചേര്‍ന്ന ഞങ്ങൾ  വളരെ പെട്ടെന്നു തന്നെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിച്ച് വിശപ്പടക്കാന്‍ കയ്യില്‍ കരുതിയിരുന്ന ബിസ്ക്കറ്റും മറ്റും കഴിച്ച് അടുത്ത വിമാനത്തില്‍ കയറാന്‍ റെഡിയായിരുന്നു. രണ്ടര മണിക്കൂര്‍ കഴിഞ്ഞ് ഏകദേശം മലേഷ്യന്‍ സമയം ഒന്‍പതരയോടെ ബാലിയിലെ “ഡെന്‍പസാറിലേക്ക് ”  പുറപ്പെട്ട വിമാനത്തില്‍ പ്രഭാത ഭക്ഷണമായി വെള്ളച്ചോറും,എന്തോ ഒരു മസാലക്കറിയും  ഒരു അച്ചാറും കിട്ടി.ആഹാര ശേഷം മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആ വിമാന യാത്രയില്‍ സഞ്ചാര വ്ലോഗ്കളില്‍ കണ്ടിട്ടുള്ള ബാലിദ്വീപിന്‍റെ ചിത്രമായിരുന്നു മനസ്സിലെത്തിയത്.

ബാലി സമയം ഉച്ചയ്ക്ക് 12.45 ആയപ്പോഴേക്കും “ഡെന്‍പസാര്‍  ഇഗുസ്തി നുറാ റായി ഇന്‍റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക്” ഞങ്ങളെയും കൊണ്ട് ആ  ബാത്തിക് വിമാനപ്പറവ മെല്ലെ പറന്നിറങ്ങി. വിമാനത്താവളത്തിലെ  പതിവ് നടപടികള്‍  കഴിഞ്ഞ് പുറത്തേക്ക് നടക്കുമ്പോള്‍ കമനീയമായ കലാരൂപങ്ങള്‍ നിറഞ്ഞ എയര്‍പോര്‍ട്ടിന്‍റെ കാഴ്ചകള്‍  കാണുന്നതിനൊപ്പം മനോഹര ശില്‍പ്പങ്ങല്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ ഉത്സാഹം കാണിച്ച എല്ലാവരെയും തട്ടിക്കൂട്ടി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു ഊര്‍ജ്ജസ്വലനായ സൂരജ്.കൂപ്പിലെക്ക് കൊണ്ടു പോകുന്ന ആന ഇടയ്ക്ക് പഴക്കട കാണുമ്പോള്‍ വഴിമാറി പോകുന്നത് പോലെ പലരും ഓരോരോ ശില്‍പ്പങ്ങള്‍ കാണുമ്പോള്‍ അതൊക്കെ തങ്ങളുടെ മൊബൈല്‍ ക്യാമറയിലാക്കാന്‍ വെമ്പല്‍ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കാന് തുടങ്ങി .കണ്ണാടി മേശപ്പുറത്തു വീണ പളുങ്ക് ഗോട്ടികള്‍ പോലെ  എയര്‍പോര്‍ട്ടിന്‍റെ വിശാലമായ തളങ്ങളില്‍ ചിതറിക്കിടക്കുന്ന തന്‍റെ  കുഞ്ഞാടുകളെ നുള്ളിപ്പെറുക്കി എണ്ണിയെടുത്തു എത്രയുംവേഗം പുറത്തെത്തിക്കണം, പുറത്ത് കാത്ത് നില്‍ക്കുന്ന ഗൈഡ്കളെയും കൂട്ടി ലഞ്ച് കഴിക്കാന്‍ കൊണ്ട് പോകണം, ഇതൊക്കെ സൂരജിന്‍റെ ഉത്തരവാദിത്തങ്ങളാണല്ലോ.



           എയർപോർട്ടിനുള്ളിലെ മനോഹര ശിൽപ്പങ്ങൾ 

അധികം താമസിയാതെ എയര്‍പോര്‍ട്ടിനു പുറത്തെത്തിയ ഭാരതമക്കളായ ഞങ്ങളെ  സ്വീകരിക്കാന്‍ ബാലിയുടെ വിനയാന്വിതരായ 2 ഗൈഡുകളും ,2 ബസുകളും അതിന്‍റെ സാരഥികളും കൂടാതെ ലഗ്ഗേജ് കൊണ്ടുപോകാനുള്ള വാനും റെഡിയായിരുന്നു. ബാലിയുടെ തനത് വേഷമണിഞ്ഞ “അഗൂസ്” എന്നും “ശിവ” .എന്നും  പേരുള്ള രണ്ട് ഗൈഡുകളും കൂടി ഞങ്ങളെ ചെണ്ടുമല്ലി പൂമാലകളിട്ട് നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു.അതിനു ശേഷം ടൂറിസ്റ്റ് എന്നര്‍ത്ഥം വരുന്ന ’പരിവിസാട്ട’ എന്നെഴുതിയിട്ടുള്ള രണ്ടു ബസുകളിലായി കയറിയ ഞങ്ങളെ “സ്പൈസ് മന്ത്ര” എന്ന നല്ലൊരു ഹോട്ടലിലേക്കാണ് ഉച്ചഭക്ഷണം കഴിക്കാന്‍ കൊണ്ടു പോയത്.


                               അഗൂസ്

ബാലിയിലെ “കുട്ട” എന്ന പ്രദേശത്താണ് ഈ ഭക്ഷണശാലയും ,എയര്‍പോര്‍ട്ടും ,ഞങ്ങളുടെ താമസത്തിന് ഏര്‍പ്പടാക്കിയിട്ടുള്ള “ഈഡന്‍ ഹോട്ടലും” സ്ഥിതി ചെയ്യുന്നത്. രുചികരവും വിഭവസമൃദ്ധവുമായ ഉച്ചയൂണിന് ശേഷം “ഈഡനില്‍” ചെക്കിന്‍ പരിപാടികള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ എല്ലാവരുടെയും ലഗ്ഗേജ്  ഹോട്ടലില്‍ എത്തിയിരുന്നു.അല്‍പ്പം വിശ്രമിച്ചിട്ട് വൈകിട്ട്  “ബൌണ്ടി ക്രുയിസ്”പരിപാടിയ്ക്ക് തയ്യാറായി നാലരയ്ക്ക് മുന്‍പായി ഹോട്ടല്‍ ലോബിയില്‍ എത്തണമെന്നും സമയ കൃത്യത പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും,മുറികളിലേക്ക് പോകാന്‍ തുടങ്ങിയ ഞങ്ങളെ ഓര്‍മ്മിപ്പിച്ചിട്ട് സൂരജും, അഗൂസും ,ശിവയും പോയി. എല്ലാവരും തലേ ദിവസത്തെ യാത്രാ ക്ഷീണം വൃത്തിയും വെടിപ്പുമുള്ള ഈഡന്‍  ഹോട്ടലിലെ മുറിയിലിറക്കി വച്ച് കുളിയും, ചെറിയ വിശ്രമവും  കഴിഞ്ഞ് പകിട്ടാര്‍ന്ന വസ്ത്രങ്ങളും അണിഞ്ഞ് ലോബിയിലെത്തി.  തുടര്‍ന്ന്‍ ഒന്നാം ബസിലും രണ്ടാം ബസിലുമായി ക്രൂയിസ് ആസ്വദിക്കാനായി ഞങ്ങള്‍ ‘ബെനോആ ഹാര്‍ബറിലേക്ക്’ പോയി.

സ്വതവേയുള്ള പുഞ്ചിരിയുമായി അഗൂസ് എല്ലാവരോടും കുശലാന്വേഷണങ്ങള്‍ നടത്തിയതിന് ശേഷം വഴിയോര കാഴ്ചകളെപ്പറ്റി വിവരിച്ചു തുടങ്ങി.ഈഡനില്‍ നിന്ന് വെറും ഒന്നര കി മീ മാത്രം ദൂരത്ത് സ്ഥിതി ചെയ്യുന്ന, ഡെന്‍പസാര്‍ എയര്‍പോര്‍ട്ടിന് സമീപത്തു കൂടിയാണ് യാത്ര.അതിന്‍റെ മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു പ്രതിമ ചൂണ്ടിക്കാണിച്ചുകൊണ്ട് അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ അഗൂസ് പറഞ്ഞു. “ഇഗുസ്തി നോറ റായി” എന്ന  ബാലിയുടെ കേണല്‍ കമാണ്ടറുടെ പൂര്‍ണ്ണകായ പ്രതിമയാണത്.  

      “ഇഗുസ്തി നോറ റായി” എയർപ്പോർട്ടിന് മുന്നിലെ പ്രതിമ 

വര്‍ഷങ്ങള്‍ക്ക് മുന്‍പ്  ജപ്പാന്‍ ഇന്തോനേഷ്യയുടെ കിഴക്കന്‍ ഭാഗങ്ങള്‍ ആക്രമിക്കുകയും അന്നത്തെ  ഇന്തോനേഷ്യന്‍ ഫോഴ്സിന്‍റെ കമാണ്ടര്‍ ആയിരുന്ന “ഇഗുസ്തി നോറ റായ്” രാജ്യത്തിന്‌ സ്വാതന്ത്ര്യം നേടിക്കൊടുക്കുകയും ചെയ്തു. അദ്ദേഹം പിന്നീട് , ഡച്ച്കാരുമായുള്ള യുദ്ധത്തില്‍ മരിച്ചതായും അദ്ദേഹത്തിന്‍റെ സ്മരണാര്‍ത്ഥമാണ് എയര്‍ പോര്‍ട്ടിന് ആ പേര് നല്‍കിയിരിക്കുന്നതെന്നും പ്രതിമ മുന്നില്‍ സ്ഥാപിച്ചിരിക്കുന്നതെന്നും അഗൂസ് വിശദീകരിച്ചു.ഏകദേശം 10 കിലോമീറ്ററിലധികം നീളമുള്ള “നുസ ഡു ആ  എന്‍ ഗുറ റായി ബെനോവ” റോഡിലൂടെ പോകുമ്പോള്‍ “നുസ” എന്നാല്‍ ദ്വീപ്‌ എന്നാണെന്നും “ഡു ആ”  എന്നാല്‍ രണ്ടെന്നുമാണ് അര്‍ത്ഥമെന്ന് അഗൂ പറഞ്ഞു തന്നു .തെക്കന്‍ കുട്ട യെയും ഡെന്‍പസാര്‍ സിറ്റിയെയും ബന്ധിപ്പിക്കുന്ന ഒന്നാണ് “നുസ ഡുആ” പാലം. ആ പാലത്തിന്‍റെ കൈവരികളും അതില്‍ സ്ഥാപിച്ചിരിക്കുന്ന വിളക്ക് കാലുകള്‍ പോലും എത്ര കലാ ചാതുര്യത്തോടെയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും കണ്ടു തന്നെ അറിയേണ്ടതാണ് .


              പാലത്തിലെ  മനോഹരമായ വിളക്ക് കാലുകൾ 

      ബൌണ്ടി ക്രൂയിസ്

     ബാലിയിലെ ആദ്യ ദിനപരിപാടിയായ “സണ്‍ സെറ്റ് ഡിന്നര്‍ ക്രൂയിസ് “ ആസ്വദിക്കുന്നതിനായി ഹോട്ടലില്‍ നിന്ന് നേരെ “ബെനോവാ” ഹാര്‍ബറിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്.ഇന്ത്യന്‍ മഹാ സമുദ്രത്തിന്‍റെ വിശാലതയില്‍ ചെറുതും വലുതുമായ നിരവധി ക്രൂയിസ് കപ്പലുകള്‍ കടലോളങ്ങളില്‍ ചാഞ്ചാടി  കിടക്കുന്ന കാഴ്ച കണ്ടു നിൽക്കുമ്പോൾ  പ്രവേശനത്തിന് വേണ്ട ടിക്കറ്റും മറ്റും ശരിയാക്കി അഗൂസ് എത്തി. അതോടെ തുറമുഖത്തിന്‍റെ ഭംഗി ആസ്വദിച്ചു നിന്ന ഞങ്ങള്‍ കപ്പലിലേക്ക് നടന്നു കയറി.

                            ക്രൂയിസ് കപ്പൽ 

ക്രൂയിസ് കപ്പലിന്‍റെ പ്രവേശന കവാടത്തില്‍  സന്ദര്‍ശകരെ സ്വീകരിക്കാനായി കൂപ്പു കൈകളുമായി ബാലനീസ് നര്‍ത്തകിമാര്‍ മിന്നിത്തിളങ്ങുന്ന വേഷഭൂഷകളണിഞ്ഞ് ഒരുങ്ങി നിലയുറപ്പിച്ചിണ്ടായിരുന്നു. പ്രതിമകൾ പോലെ നിന്ന അവർക്കൊപ്പം ഫോട്ടോയെടുക്കാൻ പലർക്കും ഉത്സാഹമായിരുന്നു. അവരുടെ മുന്നിലൂടെ നടന്ന് പടികള്‍ കയറി അകത്ത് ചെന്നാല്‍ ക്രൂയിസ് കപ്പലിന്‍റെ വശങ്ങളില്‍ ക്രമീകരിച്ചിട്ടുള്ള ഇരിപ്പിടങ്ങളിലിരുന്നു കുളിര്‍ കാറ്റേറ്റ് കൊണ്ട് സാഗര ഭംഗി ആസ്വദിക്കാം .ചക്രവാള സീമയില്‍ വലിയ ഫ്ലാറ്റ്കള്‍ പോലെയുള്ള കൂറ്റന്‍ കപ്പലുകള്‍ നീലക്കടലിനു  വെള്ളക്കുറിയിട്ടതു പോലെ കിടക്കുന്ന കാഴ്ച്ച രസകരമായി തോന്നി. തീരത്തോട് ചേര്‍ന്ന് എണ്ണ പര്യവേഷണ കപ്പലുകളും ഉണ്ടായിരുന്നു. സൂര്യാസ്തമയ സമയമായപ്പോഴേക്കും അന്തിച്ചുവപ്പില്‍ ആകാശത്തിന്‍റെ ചാരുത അവര്‍ണ്ണനീയമായി തീര്‍ന്നു. നിറച്ചാര്‍ത്തണിഞ്ഞ മേഘ മാലകള്‍ തീര്‍ത്ത തൊങ്ങലുകള്‍ക്ക് കീഴെ ബള്‍ബുകള്‍ കൊണ്ട് അലങ്കരിച്ച ചെറുതും വലുതുമായ മറ്റ് ക്രൂയിസ് കപ്പലുകളും,പൈറേറ്റ് ഷിപ്പുകളും ടൂറിസ്റ്റ്കളെയും കൊണ്ട് ഒഴുകി നടക്കുന്നതു കൌതുകമുണർത്തുന്ന കാഴ്ചയായിരുന്നു . കപ്പലിന്‍റെ മുകളിലത്തെ ഡെക്കില്‍ അലയടിക്കുന്ന ദ്രുത സംഗീതം കേട്ടു  കൊണ്ട്, മടുപ്പിക്കാത്ത കടല്‍ കാഴ്ചകളില്‍ മുഴുകിയിരിക്കെ ഞങ്ങളുടെ കപ്പല്‍ തീരം വിട്ടു പോയതറിഞ്ഞില്ല.





 



                                              എത്ര മനോഹരമീ സായാഹ്നം  

സന്ധ്യ കഴിഞ്ഞാല്‍ പിന്നെ ഡിന്നറും നൃത്തവുമാണ്,ആവശ്യക്കാർക്ക് മദ്യവും ലഭിക്കും. കപ്പലിന്‍റെ ഉള്ളിലെ  ഹാളില്‍  തനത് ബാലനീസ് നൃത്തത്തിന്‍റെ അകമ്പടിയോടെ എല്ലാവരും  വിഭവസമൃദ്ധമായ ബുഫേ ഡിന്നര്‍ കഴിച്ചു.നൂഡില്‍സും ,റൈസും,മത്സ്യ മാംസ ഇനങ്ങളും, സാലടുകളും ,പഴവര്‍ഗ്ഗങ്ങളും,ഒക്കെയായിരുന്നു വിഭവങ്ങള്‍ .ഭക്ഷണ പരിപാടിയ്ക്കിടയില്‍  രണ്ട് സെറ്റ് നര്‍ത്തകിമാര്‍ തങ്ങളുടെ നൃത്തം അവസാനിപ്പിച്ചു  പോകുകയും തുടര്‍ന്ന് ഒരു മാജിക്ക്കാരന്‍ കുറച്ചു  തമാശയും പൊടിക്കൈകളുമായി കാണികളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഒരു പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. അതവസാനിച്ചപ്പോള്‍ വീണ്ടും നര്‍ത്തകിമാരെത്തി സംഗീതത്തിനൊപ്പം ചുവടുകള്‍ വച്ചു കൊണ്ട് കാണികളുടെ ഇടയിലേക്ക് വന്നു പലരെയും ഒപ്പം നൃത്തം ചെയ്യാന്‍ ആനയിച്ചു കൊണ്ടു പോകാനും തുടങ്ങി. സമയം കുറേ ആയപ്പോള്‍ തിരിച്ചു പോയാല്‍ കൊള്ളാമെന്നു തോന്നിയെങ്കിലും നടുക്കടലില്‍ കിടക്കുന്ന കപ്പലില്‍ നിന്ന് എവിടെപ്പോകാന്‍...!!!

 

                    ക്രൂയിസിലെ ബാലനീസ് നർത്തകി

അവസാനം എട്ടു മണിയോടെ കപ്പല്‍ തിരിച്ചു തീരത്തേക്ക് മടങ്ങിയതോടെ ബസില്‍ കയറി ഞങ്ങള്‍ ഹോട്ടലിലേക്ക് മടങ്ങി. മടക്ക യാത്രയ്ക്കിടയില്‍ പിറ്റേ ദിവസത്തെ പരിപാടികളുടെ ചെറു വിവരണവും റെഡിയായി വരേണ്ട സമയവും പറഞ്ഞുറപ്പിച്ചിട്ടാണ് ഗൈഡുകളും,ബസുകളും പോയത്.

- നന്ദ - 07/03/2023


(തുടർന്ന്  വായിക്കുക "ബാലി ഉത്സവങ്ങളുടെ നാട് " 

Link to Part 02 


2023 ഫെബ്രുവരി 2, വ്യാഴാഴ്‌ച

 

കേരളത്തിന്‍റെ ഊര്‍ജ്ജ സ്സ്രോതസ്സ്-ഇടുക്കി

                                                -നന്ദ-

            പ്രൈമറി സ്ക്കൂള്‍  കാലഘട്ടത്തില്‍  സാമൂഹ്യപാഠം ക്ലാസില്‍  കേരളത്തിലെ  ജലസംഭരണികളെ പറ്റിയും  വൈദ്യുതനിലയങ്ങളെ കുറിച്ചും  ഒക്കെയുള്ള  ടീച്ചറുടെ ചോദ്യത്തിന് കാണാതെ പഠിച്ച് പറഞ്ഞ കുറെ കാര്യങ്ങളാണ് ഇടുക്കി ഡാമിനെ കുറിച്ച് പറയുമ്പോള്‍  ഓര്‍മ്മ വരുന്നത്. അന്ന് വര്‍ഷാവസാനത്തിനു മുന്‍പ് സ്കൂളില്‍ നിന്ന് കൊണ്ടുപോയിരുന്ന വിനോദയാത്രകളില്‍ മലമ്പുഴ,നെയ്യാര്‍ എന്നീ അണക്കെട്ടുകളും കോവളം ബീച്ചും കന്യാകുമാരിയും മറ്റും സ്ഥിരം സങ്കേതങ്ങളായിരുന്നു. എന്‍റെ സ്ക്കൂള്‍   കാലഘട്ടത്തില്‍ ഇടുക്കി ഡാം പണി പൂര്‍ത്തി ആയിരുന്നില്ല എങ്കിലും നിര്‍മ്മാണം പുരോഗമിച്ചു വരുന്ന അവസരമായിരുന്നു.അക്കാലത്ത് ഈ ഇടുക്കി ഡാം  നിര്‍മ്മിച്ചിരിക്കുന്ന കുറവന്‍, കുറത്തി മലകളെ പറ്റി പ്രചരിച്ചിരുന്ന ഒരു കഥ ര്‍മ്മയിലുണ്ട് . അതെങ്ങനെയെന്നു വച്ചാല്‍ പര്‍വ്വതനിരകളില്‍ നിന്നും പനിനീരായി തുള്ളി ഒഴുകി വന്നിരുന്ന ‍ പെരിയാറിന്‍റെ കരയില്‍ താമസിച്ചിരുന്ന കുറവ ദമ്പതിമാര്‍ കറി വയ്ക്കുന്നതിനായി മത്സ്യം വെട്ടി ആറ്റുവെള്ളത്തില്‍ കഴുകിയെന്നും ,അത് കഴിഞ്ഞ് ആവഴി വന്ന ശ്രീരാമചന്ദ്രസ്വാമിയും സീതാ ദേവിയും നദിയില്‍  കാല്‍ കഴുകിയപ്പോള്‍ വെള്ളത്തിന് മത്സ്യ ഗന്ധം അനുഭവപ്പെട്ടെന്നും,അതിനുത്തരവാദി ആയവരെ അവര്‍ ശപിച്ചു മലകള്‍ ആക്കി എന്നുമാണ് കഥ. കഥയാണെങ്കിലും ജലം മലിനമാക്കരുതെന്നൊരു ഗുണപാഠം മാത്രമാണ് ഇതില്‍ നിന്ന് നാം മനസ്സിലാക്കേണ്ടത് എന്നു തോന്നുന്നു.


   കുറവന്‍, കുറത്തി മലകള്‍ -ഇടയില്‍ കമനാകൃതിയില്‍ ഇടുക്കി ഡാം 

    പ്രളയകാലത്തും,വരള്‍ച്ചാ സമയത്തും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഡാമുകളില്‍ ഒന്നു തന്നെയാണ് ഇടുക്കി ഡാം. മഴ നിലയ്ക്കാതെ പെയ്യുന്ന നാളുകളില്‍  ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉടന്‍ തുറക്കുമെന്നും സമീപവാസികള്‍ ജാഗ്രതയോടെ ഇരിക്കണമെന്നും ഒക്കെയുള്ള അറിയിപ്പുകള്‍ നമ്മള്‍ മലയാളികള്‍ക്ക് ചിരപരിചിതമാണ്.അതുപോലെ വേനല്‍ കടുക്കുമ്പോള്‍ ഡാമിലെ ജലനിരപ്പ് കുറയുകയും തന്മൂലം വൈദ്യുതി നിര്‍മ്മാണ പ്രതിസന്ധി ഉണ്ടാകുന്ന സമയത്ത് കറന്റ് കട്ട് പതിവും മുമ്പ് ഉണ്ടായിരുന്നു.

കരുത്തുറ്റ കുറവന്‍ കുറത്തി മലകളെ തടയിണയാക്കി പെരിയാറിനെ തടഞ്ഞു നിര്‍ത്തി ഒരു ആര്‍ച്ച്‌ ഡാം,അതായത് കമാന അണക്കെട്ട് ആയിട്ടാണ് ഇടുക്കി ഡാം നിര്‍മ്മിച്ചിരിക്കുന്നത്. അതിന് ഷട്ടറുകള്‍ ഇല്ല,പക്ഷേ ചെറുതോണി പുഴയെ തടഞ്ഞു നിര്‍ത്തി സാധാരണ രീതിയി ല്‍ ഷട്ടറുകളുള്ള ഒരു ഡാം കൂടി തൊട്ടടുത്ത് തന്നെ പണിയുകയുണ്ടായി.അപ്പോള്‍ ഫലത്തില്‍ പെരിയാറിലെയും, ചെറുതോണിപ്പുഴയിലെയും ജലം ഒന്നു ചേര്‍ന്നാണ് പൈനാവ് എന്ന സ്ഥലത്തുള്ള ഇടുക്കി ഡാമില്‍ ഉള്ളത് .ഇടുക്കി ഡാമില്‍ നിന്ന് 23 കി മീ അകലെ പെരിയാറിന്‍റെ ഒരു കൈവഴി ആയ  കിളിവള്ളിത്തോട് എന്ന മറ്റൊരു നദിയി ല്‍ കുളമാവ് എന്നൊരു ഡാം കൂടി നിര്‍മ്മിച്ചിട്ടുണ്ട്. ഈ മൂന്നു ഡാമുകളിലെ ജലത്തില്‍ നിന്നുമാണ് നമുക്ക് വേണ്ടി വരുന്ന വൈദ്യുതി മൂലമറ്റം ജലവൈദ്യുത നിലയത്തില്‍ ഉത്പാദിപ്പിക്കുന്നത്.

 ഇടുക്കി ഡാം


    ഉയരത്തില്‍ ഏഷ്യയിലെ തന്നെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇത്രയധികം പ്രാധാന്യമുള്ള നമ്മുടെ അഭിമാനമായ ഈ ഭീമന്‍ അണക്കെട്ട് കാണുവാനായി ഒരു ദിവസം രാവിലെ ആറു മണിയോടെ ഞങ്ങള്‍ കുടുംബാംഗങ്ങളോടൊപ്പം കാറില്‍ യാത്ര തിരിച്ചു.

യൂ ട്യൂബിലൂടെ പ്രശസ്തയായ ഒരു സുശീലച്ചേച്ചിയുടെ ഭക്ഷണ ശാലയില്‍ നിന്നും പ്രഭാത ഭക്ഷണം കഴിക്കണമെന്നായിരുന്നു ആഗ്രഹം,പക്ഷേ എല്ലാവര്‍ക്കും വിശപ്പ് അധികരിച്ചതിനാല്‍ പാലായിലുള്ള “തമസാ” റെസ്റ്റോറന്റില്‍  കയറി രാവിലത്തെ ഭക്ഷണം കഴിച്ചു. ഉച്ച ഭക്ഷണമെങ്കിലും ചേച്ചിയുടെ കടയില്‍ നിന്ന് പാഴ്സലായി വാങ്ങിക്കൊണ്ടു പോകാമെന്ന് കരുതി അശോകാ  ജങ്ക്ഷനിലുള്ള കടയില്‍ കയറി അവരെ പരിചയപ്പെട്ടു.വളരെ വിലക്കുറവില്‍ രുചികരവും വിഭവസമൃദ്ധവുമായ ഭക്ഷണം കൊടുക്കുന്ന തിരക്കുള്ള ഒരു സാധു സ്ത്രീയാണ് സുശീലച്ചേച്ചി. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ സമയം രാവിലെ പത്ത് മണി കഴിഞ്ഞിട്ടേ ഉള്ളൂ എങ്കിലും ഉച്ചഭക്ഷണം പാഴ്സലായി കിട്ടുമോ എന്ന് വെറുതെ ഒന്നു തിരക്കിയെങ്കിലും ഒന്നും റെഡി ആയിട്ടില്ലെന്നു വിഷമത്തോടെ അവര്‍ അറിയിച്ചപ്പോള്‍ ഐസ്ക്രീം കഴിക്കാ ന്‍ പറ്റാത്ത പനിയുള്ള കുട്ടിയുടെ  മനോഭാവത്തോടെ ഞങ്ങള്‍ അവിടെ നിന്നിറങ്ങി.

    തുടര്‍ന്ന് ആകര്‍ഷണീയമായ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടുള്ള   യാത്രയില്‍ ആദ്യം ഞങ്ങളെ വരവേറ്റത് ഇടുക്കി ഡാമിന്റെ കുഞ്ഞനുജത്തിയായ കുളമാവ് ഡാമാണ്.1977 ല്‍ പൂര്‍ത്തീകരിക്കപ്പെട്ട ഈ ഡാം അറക്കുളം വില്ലേജില്‍ പെരിയാറിന്‍റെ കൈവഴിയായ കിളിവള്ളിത്തോട് എന്ന നദിയിലാണ് നിര്‍മ്മിച്ചിട്ടുള്ളതെന്ന് മുമ്പ് പറഞ്ഞുവല്ലോ.സൂര്യകിരണങ്ങളേറ്റ് ഡാമിലെ ജലം ശുഭ്രശോഭ അണിഞ്ഞു കിടക്കുന്നത് കാണാനായി എല്ലാവരും വണ്ടിയില്‍ നിന്നിറങ്ങി.നിരത്തില്‍ നിന്ന് വളരെ താഴ്ച്ചയിലുള്ള ഡാം പരിസരത്തേക്ക് ആളുകള്‍ പോകാതിരിക്കാന്‍ വേണ്ടി  റോഡരികില്‍ കമ്പി വേലികള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു, കൂടാതെ സുരക്ഷാ കാരണങ്ങളാല്‍ അവിടെ ഫോട്ടോ ഗ്രാഫിയും നിരോധിച്ചിരുന്നു.

 കുളമാവ് ഡാം



    നിറച്ചാര്‍ത്തേകിയ  പുഷ്പങ്ങളുടെയും,കുടപിടിച്ചു നിന്ന വൃക്ഷരാജന്മാരുടെയും അകമ്പടിയോടെ കാനനഭംഗി നുകര്‍ന്നു കൊണ്ടുള്ള  യാത്ര, ഏകദേശം പത്തരമണിയോടെ ഇടുക്കി ഡാം പരിസരത്ത് ചെന്നു നിന്നു.പ്രവര്‍ത്തി ദിവസം ആയിരുന്നതിനാ ല്‍ അവിടെ വലിയ തിരക്കുണ്ടായിരുന്നില്ല.എങ്കിലും തൊപ്പിയും,കുടയും,മറ്റ് കൌതുക വസ്തുക്കളും വില്‍ക്കുന്ന പീടിക നിരകളുടെ മുന്നില്‍ ഏതാനും ചില ടൂറിസ്റ്റുകളെ കാണാമായിരുന്നു.വിനോദയാത്രികരെ കരുതി അവിടെ വൃത്തിയുള്ള  ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരുന്നു എന്നത് വലിയ കാര്യമായി തോന്നി.പ്രവേശന നിരക്ക് എഴുതിയ ബോര്‍ഡിനരികിലുള്ള  ടിക്കറ്റ് കൌണ്ടറില്‍ നിന്ന് എല്ലാവര്‍ക്കും ടിക്കറ്റ് എടുത്തു.ഡാം ചുറ്റി നടന്നു കാണുന്നതിന് ഒരാള്‍ക്ക് പ്രവേശന ഫീസ്‌ 50 രൂപയാണ്. ഉച്ചസൂര്യന്‍ ആകാശത്തി ല്‍ ജ്വലിച്ചു നില്‍ക്കുമ്പോ ള്‍ രണ്ട് മൂന്ന് കിലോ മീറ്റര്‍ നടന്നു പോയി വരുന്നത്  പ്രയാസമായിരുന്നതിനാല്‍ 750 രൂപയ്ക്ക് ഒരു ബഗ്ഗി എടുത്ത്  സൗകര്യമായി എല്ലാം കണ്ട് തിരിച്ചു വരാമെന്ന് തീരുമാനമായി .സുരക്ഷാ കാരണങ്ങളാല്‍ ക്യാമറ, മൊബൈല്‍ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് സാധനങ്ങള്‍ ഒന്നും തന്നെ ഡാം പരിസരത്തേക്ക് കടത്തി വിടില്ല, കര്‍ശനമായ പരിശോധനയുണ്ട്.ബഗ്ഗിയുടെ സാരഥി വൈശാഖ് എന്ന ചെറുപ്പക്കാരന്‍ മേല്‍പ്പാലത്തില്‍ അവിടവിടെ നിര്‍ത്തി ഡാമിനെ പറ്റിയുള്ള വിശദവിവരങ്ങള്‍ പറഞ്ഞു തരികയും ഇറങ്ങി നിന്ന് കാണുന്നതിനുള്ള അവസരവും തന്നു.

     ഇടുക്കി ഡാമിന്റെ നിര്‍മ്മാണത്തിന് നിമിത്തമായത് “കൊലുമ്പന്‍” എന്ന ഒരു ആദിവാസി മൂപ്പന്‍ ആയിരുന്നു എന്ന് വൈശാഖ് പറയുന്നു. W J ജോണ്‍ എന്നൊരു സായിപ്പ് എസ്റ്റേറ്റ് കാര്യങ്ങള്‍ക്കായി ഈ പ്രദേശത്ത് വന്നപ്പോള്‍ മൂപ്പന്‍ കുറവന്‍ കുറത്തി മലകളുടെ കാര്യവും പെരിയാറിലെ ജലം ഉപയോഗപ്രദമാക്കുന്നതിനെ പറ്റിയും സായിപ്പുമായി  സംസാരിച്ചുവത്രേ.അതിനു ശേഷം സായിപ്പ് ഇക്കാര്യത്തില്‍ വൈദഗ്ദ്ധ്യം ഉള്ളവരുമായി ചര്‍ച്ച ചെയ്യുകയും 1920 ല്‍ അണക്കെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  ആരംഭിക്കുകയും ചെയ്തു.1973 ആയപ്പോഴേക്കും ഡബിള്‍ കര്‍വേച്ചര്‍ പാരബോളിക് ആര്‍ച്ച്‌ ഡാമായ ഇടുക്കി ഡാമിന്‍റെ  പണി പൂര്‍ത്തിയായെങ്കിലും കമ്മിഷന്‍ ചെയ്തത് 1976 ലാണ്. വലിപ്പം കൊണ്ട് ഏഷ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇതിനു 555 അടി പൊക്കമാണുള്ളത്. ‘യെല്ലോയിഷ് ബ്ലാക്ക് ഗ്രാനൈറ്റ്” ശിലകളുമായി കുറവന്‍ മലയും, ‘ബ്ലാക്ക് ഗ്രാനൈറ്റ്’ ഉറപ്പുമായി കുറത്തി മലയും അചഞ്ചലരായി പെരിയാറെന്ന സുന്ദരിയെ കരവലയത്തിലാക്കി ഉയര്‍ന്നു നില്‍ക്കുമ്പോള്‍ പെരിയാറും,ചെറുതോണിപ്പുഴയും തങ്ങളുടെ നീല വിരിമാറിലെ കുഞ്ഞോളങ്ങളിളക്കി ലജ്ജാവതിയായി കിടക്കുന്നതു പോലെ തോന്നി. 28 ബ്ലോക്കുകളായി നിര്‍മ്മിച്ചിട്ടുള്ള ഡാമിന് 8 സെന്റി മീറ്റര്‍ വരെ എക്സ്പാന്‍ഷന്‍ (വികാസം) വരുമെന്ന് ബഗ്ഗി ഓടിക്കുന്നതിനിടയില്‍ പയ്യന്‍ വിശദീകരിച്ചു തന്നു.കാഴ്ചകള്‍ കണ്ടുകണ്ട് ഒടുവില്‍ കുറത്തി മലയിലെ തണുപ്പ് അരിച്ചിറങ്ങുന്ന അര കി മീ ദൂരമുള്ള ഒരു ചെറിയ തുരംഗം കടന്നെത്തിയതോടെ വഴി അവസാനിച്ചു.അവിടെ ഇറങ്ങി നിന്ന് പെരിയാറും ചെറുതോണി പുഴയും ചേര്‍ന്നൊഴുകുന്ന താഴ്വാരങ്ങളും 2018 ലെ പ്രളയ കാലത്ത് ഒരു കുഞ്ഞിനെയും കൊണ്ട് രക്ഷാപ്രവര്‍ത്തക ന്‍ ഓടിപ്പോയ ചപ്പാത്തും ഒക്കെ വൈശാഖ് കാട്ടിത്തന്നു.കാഴ്ചകള്‍ കണ്ട് വൈശാഖിനു നന്ദി പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങുമ്പോള്‍ ഒരു പറ്റം സ്കൂള്‍ കുട്ടികള്‍ ഡാം കാണുന്നതിനായി അദ്ധ്യാപകര്‍ക്കൊപ്പം എതിരെ നടന്നു വരുന്നത് കണ്ടപ്പോള്‍ ഞാന്‍ അറിയാതെ എന്‍റെ ബാല്യത്തിലേക്ക് തിരിച്ചു പോയി.

കൊലുമ്പന്‍ മൂപ്പന്‍
മൂപ്പന്‍റെ പ്രതിമ





                            ചപ്പാത്ത്

ബഗ്ഗി യാത്ര കഴിഞ്ഞ് “ഹില്‍ ടോപ്‌ വ്യൂ “വിലേക്കാണ് പോയത് .നല്ല പൊക്കമുള്ള സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ടവറിനു മുകളി ല്‍ നിന്നാല്‍ ജലസംഭരണിയുടെ ഒരു വിഹഗ വീക്ഷണം ലഭിക്കും.അവിടെ നിന്നു നോക്കുമ്പോള്‍ പച്ചക്കുന്നുകളും തരു സഹസ്രങ്ങളും അതിരിട്ടു നില്‍ക്കുന്ന നീല ജലാശയത്തിന്‍റെ ഭംഗി അനിര്‍വചനീയം തന്നെ.

ഹില്‍ ടോപ്‌ വ്യൂ ടവ്വര്‍

        ഇടുക്കി  ജലാശയം ഹില്‍ ടോപ്‌ വ്യൂ വില്‍ നിന്നുള്ള ദൃശ്യം 

ടവറിനോട്‌ ചേര്‍ന്ന് മനോഹരമായ ഒരു പൂന്തോട്ടവും, ലഘു ഭക്ഷണ ശാലയും ഉണ്ട്. സിപ് ലൈന്‍ ,പെഡല്‍ ബോട്ടിംഗ് തുടങ്ങിയ സാഹസിക  വിനോദങ്ങ ള്‍ പ്രത്യേകം ടിക്കറ്റ് എടുത്ത് താത്പര്യമുള്ളവര്‍ക്ക്  ആസ്വദിക്കാവുന്നതാണ്.ടവറിനടുത്ത് തന്നെ  ബോട്ടിങ്ങിനുള്ള ടിക്കറ്റ് കൌണ്ടര്‍ ഉണ്ട്.അവിടെ അന്വേഷിച്ചപ്പോള്‍ ഉച്ചഭക്ഷണ സമയം കഴിഞ്ഞ് രണ്ട് മണിയോടെ മാത്രമേ ബോട്ട് സവാരി ആരംഭിക്കുകയുള്ളൂ എന്നറിഞ്ഞു.എങ്കിലും പേരും ഫോണ്‍ നമ്പരും കൊടുത്ത് സവാരി ബുക്ക്‌ ചെയ്തിട്ട് തൊട്ടടുത്തുള്ള ചെറുതോണി ടൌണിലുള്ള “പാപ്പെന്‍സ് “ എന്ന ഹോട്ടലില്‍ പോയി  ഉച്ച ഭക്ഷണം കഴിച്ചു തിരിച്ചു വന്നു. ഉച്ചഭക്ഷണത്തെ കുറിച്ച് ആശങ്ക ഉണ്ടായിരുന്നെങ്കിലും അവിടത്തെ ഊണ്  തൃപ്തികരമായിരുന്നു.       

20 പേര്‍ക്ക് കയറാവുന്ന യന്ത്ര ബോട്ടുകളിലാണ് യാത്ര, അത്രയും ആളുകള്‍ തികയുമ്പോള്‍ മാത്രമേ സവാരി തുടങ്ങുകയുള്ളൂ, അല്ലെങ്കില്‍ ഒരാള്‍ക്ക് 145 രൂപയാണ് നിരക്കില്‍ അഞ്ച് പേരുടെ ടിക്കറ്റ് എടുത്താലും ഒരു ബോട്ടില്‍ യാത്ര ചെയ്യാം.ആദ്യ ബാച്ചില്‍ ഇരുപത് പേര്‍ തികഞ്ഞത് കൊണ്ട് രണ്ടരയ്ക്കുള്ള അടുത്ത ബാച്ചി ല്‍ പോകാമെന്നാണ് ആദ്യം ഞങ്ങളോട് പറഞ്ഞിരുന്നതെങ്കിലും, ഭാഗ്യത്തിന് ആദ്യ ബാച്ചിലെ  കുറച്ചു പേര്‍ സമയത്ത് എത്താതിരുന്നത് കൊണ്ട് രണ്ട് മണിയ്ക്ക് തന്നെ ബോട്ട് കിട്ടി. ലൈഫ് ജാക്കറ്റുകളുമൊക്കെ അണിഞ്ഞ് ചാന്ദ്ര യാത്രികരെ പോലെ എല്ലാവരും ബോട്ടില്‍ കയറി .വിശാലമായ നീല ജലപ്പരപ്പില്‍ കാറ്റിലിളകുന്ന കുഞ്ഞോളങ്ങളെ കീറി മുറിച്ചു കൊണ്ട് ബോട്ട് സാവധാനം നീങ്ങിത്തുടങ്ങി.ഒരു വശത്ത് ഇടുക്കി വന്യജീവി സംരക്ഷണ പ്രദേശമായതിനാല്‍ എല്ലാവരും മൃഗ ദര്‍ശനം കാംക്ഷിച്ച് അങ്ങോട്ട് നോക്കിയിരുന്നെങ്കിലും  ആരെയും കാണാന്‍ പറ്റിയില്ല.കടുവ, ആന തുടങ്ങിയ മൃഗങ്ങളെ കൂടാതെ ,നിരവധി പക്ഷികളുടെയും ,നാനാജാതി ചിത്രശലഭങ്ങളുടെയും സ്വൈര വിഹാര സ്ഥലമാണ്‌ വനമെന്നും  ,മത്സ്യങ്ങളുടെ കലവറ തന്നെയാണ് ജലാശയമെന്നും  ഒക്കെയുള്ള വിവരങ്ങള്‍ ബോട്ടിന്‍റെ എഞ്ചിന്‍ ഓഫ്‌ ചെയ്തിട്ട് ഡ്രൈവര്‍ കാണാതെ പഠിച്ചു വച്ചിരിക്കുന്ന  ഇംഗ്ലീഷില്‍ ഇടയ്ക്ക് പറയുന്നുണ്ട്.ഹരിത വനങ്ങളില്‍ നിന്ന്‍ പറന്നെത്തിയ കുളിര്‍കാറ്റേറ്റു കൊണ്ട് ജലപ്പരപ്പിന്‍റെ ഓളം തള്ളലില്‍ ആടിയുലഞ്ഞു കൊണ്ടുള്ള ഹൃദ്യമായ ഒരു യാത്ര. അങ്ങ് ദൂരെ ഞങ്ങള്‍ ബഗ്ഗിയില്‍ സഞ്ചരിച്ച ഡാമിന്‍റെ മേല്‍പ്പാലം വ്യക്തമായി കണ്ടു തുടങ്ങിയപ്പോള്‍ ,മറുവശത്ത് തലയുയര്‍ത്തി നില്‍ക്കുന്ന കുറവന്‍ കുറത്തി മലകള്‍ക്കിടയില്‍ പെരിയാര്‍ എന്ന സുന്ദരി തലയിലണിഞ്ഞ ഹെയര്‍ബാന്‍ഡ് പോലെ വളഞ്ഞു നില്‍ക്കുന്ന ആര്‍ച്ച്‌ ഡാമാണ് കാഴ്ച.   വൈശാലി സിനിമ ചിത്രീകരണത്തിനായി ഉപയോഗിച്ച “വൈശാലി ഗുഹ “കുറവന്‍ മലയില്‍ വായ തുറന്ന് നില്‍ക്കുന്നതും കാണാം.

ബോട്ടിംഗ് സ്പോട്ട് 

വൈശാലി ഗുഹ

അരമണിക്കൂര്‍ കൊണ്ട് ജലാശയത്തിലൂടെ ഒരു കറക്കം കഴിഞ്ഞ് സുരക്ഷിതരായി കരയ്ക്കിറങ്ങിയ ഞങ്ങള്‍ മറ്റ് കാഴ്ചകളിലേക്ക് പോകാന്‍ സമയം അനുവദിക്കാത്തതിനാല്‍ മടക്കയാത്ര ആരംഭിച്ചു. കാല്‍വരിമൌണ്ട്,ആനചാടി കുത്ത് തുടങ്ങിയവയാണ് സന്ദര്‍ശന യോഗ്യമായ മറ്റ് സമീപ പ്രദേശങ്ങള്‍.

അനുഭവങ്ങളിലൂടെയുള്ള അറിവുകള്‍ മറക്കാന്‍ എളുപ്പമല്ല,അതുപോലെ ഒരുമിച്ചുള്ള യാത്രകളിലൂടെ,ബന്ധങ്ങള്‍ ഉറപ്പുള്ളതാകുന്നു.അവസരങ്ങള്‍ ഇനിയും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ..

13/01/2023