2019 ഒക്‌ടോബർ 20, ഞായറാഴ്‌ച

 
                പെരുമാള്‍ തിരു സന്നിധിയില്‍ 
   

    തിരുച്ചെന്തൂരില്‍ നിന്ന് വേലായുധ സ്വാമിയുടെ ദര്‍ശന പുണ്യം നേടിയ ഞങ്ങള്‍ അടുത്ത ദിവസം പ്രഭാതത്തിൽ ആറു മണി കഴിഞ്ഞ് തീരദേശ പാതയിലൂടെ  തിരുവട്ടാര്‍ ആദികേശവ പെരുമാളിനെ കാണുവാനായി  യാത്ര തിരിച്ചു. കാറ്റാടിപ്പാടങ്ങള്‍ നിറഞ്ഞ കൂടംകുളം പിന്നിട്ട് മയിലാടി വഴി തക്കലയെത്തിയപ്പോൾ പാതയോരത്ത് ധാരാളമായി മയിലുകളെ  കാണാൻ കഴിഞ്ഞു. ഈ  പ്രദേശത്ത് ഇങ്ങനെ സ്ഥിരമായി മയിലുകൾ പീലി വിരിച്ച് ആടി നിന്നതാകാം  സ്ഥലനാമ ഉത്പ്പത്തിയ്ക്ക് കാരണമെന്ന്  ഞങ്ങൾ ഊഹിച്ചു.   



                                       നീലവാനിൽ ആടി നിൽക്കുന്ന കാറ്റാടികൾ

കന്യാകുമാരിയ്ക്കടുത്തുള്ള പൂക്കളുടെ കേന്ദ്രമായ തോവാള എന്ന ഗ്രാമം സന്ദര്‍ശിക്കണമെന്ന്  ഒരു ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും ,പത്തു മണിയ്ക്ക്  തിരുവട്ടാര്‍ ക്ഷേത്രം അടയ്ക്കും എന്ന് ഗൂഗിള്‍ ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനാല്‍  പൂക്കളെ  ഉപേക്ഷിച്ച്  നേരെ തിരുവട്ടാറിലേക്ക് പോയി . തക്കലയിലെ അഴകിയ മണ്ഡപം എന്ന സ്ഥലത്ത്  ചെന്നിട്ട്  വലത്തോട്ട് തിരിഞ്ഞ് അഞ്ചര കിലോ മീറ്റര്‍ പോയാല്‍ ആദികേശവ പെരുമാള്‍ അനന്തശയനം ചെയ്യുന്ന  മഹാ ക്ഷേത്ര സന്നിധിയിലെത്താം. മാപ്പ് നോക്കിയാണ് സഞ്ചരിച്ചതെങ്കിലും വഴി തെറ്റി ഒരു സ്കൂളിനടുത്താണ് ചെന്നെത്തിപ്പെട്ടത്‌. ഫോണിലേക്ക്  തന്നെ മിഴിയൂന്നി  വഴി തപ്പിയെടുക്കുന്നതിനിടയിൽ അവിടെക്കണ്ട  ഒരാളോട് കഷ്ടപ്പെട്ട്  തമിഴില്‍ വഴി ചോദിച്ചപ്പോള്‍ ,നല്ല ശുദ്ധ മലയാളത്തില്‍ അയാളുടെ കാറിന്‍റെ പിറകേ പോരാന്‍ പറഞ്ഞു . ഏതായാലും അദ്ദേഹത്തെ  പിന്തുടര്‍ന്ന്  മെയിന്‍ റോഡില്‍ എത്തിയപ്പോള്‍ തിരിയേണ്ട വഴി കാണിച്ചു തന്ന് ആ നല്ല മനുഷ്യന്‍ കാറോടിച്ചു പോയി.ആ ചെറിയ വഴിയിലൂടെ വളരെ കുറച്ചു ദൂരം യാത്ര ചെയ്താൽ മതിയായിരുന്നു  ക്ഷേത്രത്തിന്‍റെ പിന്‍വശത്ത്  എത്തുവാന്‍ .

        വേണാട് രാജ്യം ഭരിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്  തന്‍റെ രാജ്യം കന്യാകുമാരിവരെ   വികസിപ്പിച്ച് തിരുവിതാംകൂര്‍ രാജ്യമാക്കിയെങ്കിലും അദ്ദേഹത്തിന്‍റെ അനന്തിരവന്‍ ധര്‍മ്മരാജാ തലസ്ഥാനം പത്മനാഭപുരത്തു നിന്ന് തിരുവനന്തപുരത്തേക്ക്  മാറ്റുകയും, പിന്നീട് സംസ്ഥാന രൂപീകരണ സമയത്ത്  കന്യാകുമാരി ജില്ലയും അതില്‍പെട്ട തിരുവട്ടാര്‍ ക്ഷേത്രവും  തമിഴ്‌നാടിനോട്‌ ചേരുകയും ചെയ്തു. പറളിയാര്‍,കോതയാര്‍ ,താമ്രപര്‍ണ്ണി എന്നീ നദികളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് നിര്‍മ്മിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു. ആദികേശവ പെരുമാളിന്‍റെ കറയറ്റ ഭക്തനായിരുന്ന  മാര്‍ത്താണ്ഡവര്‍മ്മ മഹാ രാജാവ് തിരുവട്ടാര്‍  ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നുവത്രേ.   തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയെങ്കിലും പത്മനാഭ ദാസന്മാരായി രാജ്യം ഭരിച്ചിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ,അവര്‍ക്ക്  വേണ്ടിയും മലയാളക്കരയ്ക്ക്‌ വേണ്ടിയും  ആദികേശവ പെരുമാളിനെ  അതേ രീതിയില്‍ അനന്തശായി ആയി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ടിച്ച് ആരാധിച്ചു പോരുന്നു. 

    രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം പഴക്കമുള്ള  ക്ഷേത്രത്തിലെ ഇരുപത്തി രണ്ട് അടി നീളമുള്ള മഹാവിഷ്ണുവിന്‍റെ അനന്തശയനവിഗ്രഹം പതിനാറായിരത്തി എട്ടു സാളഗ്രാമവും ശര്‍ക്കര പാവും ചേര്‍ത്ത് ‘കടുശര്‍ക്കര യോഗ’മായി  നിര്‍മ്മിച്ചിരിക്കുന്നതിനാല്‍  അതില്‍ അഭിഷേകം നടത്തുവാന്‍  സാധിക്കുകയില്ലെന്ന് അവിടെയുള്ളവർ പറഞ്ഞു തന്നു .അതുകൊണ്ട് അനന്തശയന ശ്രീകോവിലിന് തൊട്ടടുത്തുള്ള ബാലാലയ പ്രതിഷ്ഠയില്‍ കേരളീയ രീതിയിലുള്ള താന്ത്രിക വിധി പ്രകാരം അമുംതുരുത്തി മഠത്തിലെ പോറ്റിമാരാണ് പൂജ നടത്തുന്നത് . തിരുവനന്തപുരത്തെ പത്മനാഭസ്വാമി  ക്ഷേത്രത്തിലേത്  പോലെ പാദങ്ങള്‍ ,മദ്ധ്യഭാഗം,ശിരസ്സ്  എന്നിങ്ങനെ മൂന്ന് വാതിലുകളില്‍ കൂടിയാണ് പെരുമാളിനെ ദർശിക്കാൻ സാധിക്കുന്നത് .വൈദ്യുത ദീപങ്ങളില്ലാതെ നെയ്‌ വിളക്കുകളുടെ പ്രകാശത്തില്‍ ലഭിക്കുന്ന സ്വാമി ദര്‍ശനം അവാച്യമായ ഒരനുഭൂതിയാണ് നല്‍കുന്നത്.പണ്ടൊരു നാള്‍ ക്ഷേത്ര പരിസരത്ത്  താമസിച്ചിരുന്ന ഒരു മുസ്ലീം പ്രമാണിയുടെ ഭാര്യയ്ക്ക്  എന്തോ വലിയ അസുഖം പിടിപെട്ടപ്പോള്‍ അദ്ദേഹം ആദി കേശവ പെരുമാൾ ക്ഷേത്രത്തിൽ വന്നു പ്രാര്‍ത്ഥിക്കുകയും അനന്തരം ,അത്ഭുതകരമായി ആ സ്ത്രീ  രോഗവിമുക്തയാകുകയും ചെയ്തുവെന്ന് ഒരു കഥയുണ്ട്.ഇതിനുള്ള ആദര സൂചകമായി ആ  മുസ്ലീം പ്രമാണി ഇരുപത്തിയൊന്നു ദിവസം ഭഗവാന് സദ്യയോടു കൂടി പൂജ നടത്തി. ഇന്നും ‘തിരുവള്ളാ പൂജ’ എന്ന പേരില്‍ ആ പൂജ ക്ഷേത്രത്തിൽ നടന്നു വരുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത് .ശ്രീകോവിലിനു നാലു ചുറ്റുമുള്ള കല്‍ മണ്ഡപങ്ങള്‍  വളരെ ഗംഭീരങ്ങളാണെന്ന് പറയാതെ തരമില്ല.പ്രധാന ശ്രീകോവിലില്‍ നിന്ന് ഇറങ്ങി നീളന്‍ കല്‍ മണ്ഡപങ്ങളിലൂടെ നടന്നു ചെല്ലുമ്പോൾ തൊട്ടടുത്തു തന്നെ ശ്രീകൃഷ്ണ സ്വാമി സന്നിധി കൂടി കാണാം.ദര്‍ശനം കഴിഞ്ഞ് കല്‍പ്പടവുകള്‍ ഇറങ്ങി ക്ഷേത്രത്തിന് പുറത്തുള്ള  വളരെ ഉയരത്തിലുള്ള മതിലിനു സമീപത്തു കൂടി മുന്നോട്ട് നടന്നാല്‍ ഒരു നരസിംഹ സ്വാമി ക്ഷേത്രവും കാണാം.

 


    
                                           ആദി കേശവ ക്ഷേത്രത്തിന്‍റെ പിന്‍വശം



                                 നീളന്‍ കല്‍ മണ്ഡപങ്ങള്‍

ക്ഷേത്രദര്‍ശനമെല്ലാം  കഴിഞ്ഞിറങ്ങിയപ്പോൾ എല്ലാവര്‍ക്കും നല്ല വിശപ്പ്‌ തോന്നിയിരുന്നു,സമയക്കുറവ് കാരണം പ്രഭാത ഭക്ഷണം കഴിക്കാതെ പെരുമാളിനെ കാണാന്‍ ഓടിയെത്തിയതായിരുന്നു ഞങ്ങള്‍. ഗൂഗിളിൽ കാണിച്ചിരുന്നത് പോലെ പത്തു മണിവരെ അല്ലായിരുന്നു ദർശന സമയം. പന്ത്രണ്ടു മണി വരെ ക്ഷേത്രം അടയ്ക്കുകയില്ല എന്ന കാര്യം അവിടെ  ചെന്നപ്പോള്‍ മാത്രമാണ്  അറിയാൻ കഴിഞ്ഞത്. ക്ഷേത്രത്തിന്‍റെ പടു കൂറ്റൻ മതിലിനു പുറത്ത് റോഡിന് സമീപത്തായി ഒരു നാഗത്തറയും അതിനടുത്ത് പൂജാ സാധനങ്ങള്‍ വിൽക്കുന്ന ചെറിയ കടകളും  ഉണ്ടായിരുന്നു.   

           പെരുമാൾ സന്നിധിയിൽ നിന്ന്  ഒന്‍പതു കിലോമീറ്റര്‍ അകലെയുള്ള തൃപ്പരപ്പ്  വെള്ളച്ചാട്ടം കാണുവാനാണ് പോയത്. ഇരുപത്തിയഞ്ച് മിനിറ്റ് കൊണ്ട് വെള്ളച്ചാട്ടത്തിന് സമീപം എത്താൻ  കഴിഞ്ഞു . ടോള്‍ കൊടുത്ത്  ഗ്രൗണ്ടില്‍ വണ്ടി പാർക്ക് ചെയ്തിട്ട് വെള്ളച്ചാട്ടത്തിന് അരികിലേക്ക് നടന്നു. കേരളത്തില്‍  ഓണാവധി ആയിരുന്നതിനാല്‍ നല്ല തിരക്കായിരുന്നു അവിടെ .സന്ദര്‍ശകരെ ഉന്നം വച്ച് എണ്ണപ്പലഹാരങ്ങളും ഐസ്ക്രീമും മറ്റും വില്‍ക്കുന്ന ചെറുകിട കടക്കാര്‍ ധാരാളമായി സ്ഥലം കയ്യടക്കിയിരുന്നതായി കാണപ്പെട്ടു.വിശപ്പിന്‍റെ വിളി സഹിക്കാന്‍ വയ്യാതെ ഹരിച്ചേട്ടനും ഇന്ദുവും എന്തെങ്കിലും കഴിച്ചിട്ട് കാഴ്ചകളിലേക്ക് പോകാമെന്ന് അഭിപ്രായപ്പെട്ടു.അടുത്ത് കണ്ട ഒരു കടയില്‍ കയറി അവര്‍ ഭക്ഷണം കഴിച്ചെങ്കിലും ,സമയം പന്ത്രണ്ടു മണി കഴിഞ്ഞിരുന്നത് കൊണ്ട് ഞങ്ങള്‍ ചായയും ബിസ്ക്കറ്റും മാത്രം കഴിച്ചു തൃപ്തിയടഞ്ഞു.കാപ്പികുടി കഴിഞ്ഞ് നേരെ വെള്ളച്ചാട്ടം കാണുവാന്‍ ഇറങ്ങിയ ഞങ്ങള്‍ തെറ്റായി  ബോട്ടിംഗിനുള്ള വഴിയേ പോയെങ്കിലും തിരികെ വന്ന് ടിക്കറ്റ് എടുത്ത്  മനോഹരിയായ പ്രകൃതിയുടെ മടിത്തട്ടിലേക്ക്  ഇറങ്ങിച്ചെന്നു    

     
                                      വെള്ളച്ചാട്ടത്തിനടുത്ത് കണ്ട പക്ഷി

     കോതയാറില്‍ നിന്നൊഴുകി വരുന്ന പളുങ്ക് മണി പോലെയുള്ള ജലം പരന്നൊഴുകി അന്‍പതടി ഉയരത്തില്‍ നിന്ന് താഴേക്ക്‌ വീഴുന്ന കാഴ്ച്ച നയന മനോഹരം എന്നൊന്നും പറഞ്ഞാല്‍ പോരാ....അതിനു പര്യാപ്തമായ വാക്കുകള്‍ എന്‍റെ നിഘണ്ടുവില്‍ ഇല്ലെന്നു തന്നെ പറയാം.പടിക്കെട്ടുകള്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ ഉദ്യാനഭംഗിയിലുടക്കിയ ദൃഷ്ടികളെ തുഷാര ഹാരമണിയിച്ചു കൊണ്ട്  മനുഷ്യ നിര്‍മ്മിതമെന്ന് പറയപ്പെടുന്ന ആ നീളന്‍ വെള്ളച്ചാട്ടം ഞങ്ങളെ തന്നിലേക്ക്  ആവാഹിച്ചെടുത്തു കളഞ്ഞു .സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം സ്നാന ഘട്ടങ്ങളും,വസ്ത്രം മാറുന്നതിനുള്ള സജ്ജീകരണങ്ങളും അവിടെയുണ്ടായിരുന്നു.ജലത്തിന്‍റെ പതനം അധികം ഉയരത്തില്‍ നിന്നല്ലാത്തത് കൊണ്ട് കുളിക്കുന്നവര്‍ക്ക് ശ്വാസം മുട്ടുകയില്ല എന്നൊരു മേന്മ കൂടി വെള്ളച്ചാട്ടത്തിനവകാശപ്പെടാം.താഴെ വീണു ചിതറുന്ന ജലം ചെറിയ ചാലുകളായി ഒഴുകി ഒരു കല്‍ മണ്ഡപത്തിനടുത്തു കൂടി ഹരിതാഭമായ  പ്രദേശത്തേക്ക്  പോകുന്ന കാഴ്ച അതിമനോഹരം തന്നെയായിരുന്നു .സന്ദര്‍ശകരുടെ തിരക്കും കുട്ടികളുടെ ആരവവും പാലൊളി തൂകുന്ന ജലപാത സൗന്ദര്യവും ആസ്വദിച്ചു കൊണ്ട് അല്‍പ നേരം അവിടെ ചിലവഴിച്ചു.കുളിക്കാന്‍ വേണ്ട സന്നാഹങ്ങള്‍ ഒരുക്കിയാണ്  ഞങ്ങള്‍ പോയതെങ്കിലും ഹരിച്ചേട്ടന്  വൈകുന്നേരം തിരിച്ചെത്തേണ്ട കാര്യം ഉണ്ടായിരുന്നതിനാല്‍ ആ ഉദ്യമം പിന്നീടൊരിക്കലേക്ക് മാറ്റി വച്ച് കൊണ്ട് ഞങ്ങള്‍ മടങ്ങി.

  

 


              

                                                    പാൽനുര പോലെ പളുങ്കു മണി പ്രവാഹം         


                               ആനന്ദ നൃത്തമാടുന്നു പ്രകൃതിയിവിടെ
          

   ഏതൊരാഘോഷവും ആഘോഷമാകണമെങ്കില്‍ കൂട്ടായ്മ വേണം ,സന്തോഷം വേണമെങ്കില്‍ മനസ്സില്‍ സ്നേഹം വേണം നന്മ വേണം....ഈ ഓണം ഞങ്ങള്‍ക്കായി സമ്മാനിച്ചത്‌ ഇങ്ങനെയൊരു കൂട്ടായ യാത്രയുടെ ഈണമായിരുന്നു....

13/09/2019

    


    

2019 സെപ്റ്റംബർ 24, ചൊവ്വാഴ്ച


അഴകിയലും തിരുച്ചെന്തൂര്‍
അഴകിന്‍റെയും അറിവിന്‍റെയും,വീര്യത്തിന്‍റെയും മൂര്‍ത്തിമദ് ഭാവമായ ആറുമുഖന്‍ കാരുണ്യം പൊഴിച്ച് നില്‍ക്കുന്ന തിരുച്ചെന്തൂര്‍- തമിഴ് മക്കളുടെ കണ്‍കണ്ട ദൈവമായ കന്ദന്‍റെ കടാക്ഷ പ്രഭയാല്‍ തെളിഞ്ഞു നില്‍ക്കുന്ന കടലോര പ്രദേശം.പണ്ട് ജയന്തിപുരമെന്ന് അറിയപ്പെട്ടിരുന്ന ഇവിടത്തെ  മുരുകക്ഷേത്രത്തെ അഴകെന്നും, പുണ്യമെന്നും അര്‍ത്ഥം വരുന്ന തിരു ചെന്തൂര്‍ എന്ന് പില്‍ക്കാലത്താണ് വിളിച്ചു തുടങ്ങിയത്.തമിഴ് നാട്ടിലെ ‘ആറുപട വീട്’ എന്നറിയപ്പെടുന്ന പ്രധാനപ്പെട്ട ആറു മുരുക ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുച്ചെന്തൂരിലേത്. തിരുത്തണി,സ്വാമിമലൈ,തിരുപ്പരംകുണ്ട്രം,പഴനി,പഴമുതിര്‍ചോലൈ,എന്നിങ്ങനെയുള്ള മറ്റ് അഞ്ചു മുരുക ക്ഷേത്രങ്ങളും,മലമുകളില്‍ സ്ഥിതിചെയ്യുമ്പോള്‍,തിരുച്ചെന്തൂര്‍ കോവില്‍ കടല്‍ത്തീരത്താണ് എന്നുള്ളത് ഒരു പ്രത്യകതയായി കരുതാം.മുരുകന്‍ എന്ന വാക്കിന് അഴക്‌ എന്നര്‍ത്ഥം ഉണ്ടെങ്കിലും,അതിലുപരി തമിഴ് വ്യാകരണപ്രകാരം ”മു”,”രു”,“ക” എന്ന ഓരോ അക്ഷരവും ഗഹനമായ അന്തസത്ത ഉള്‍ക്കൊള്ളുന്നതാണ് എന്നറിയുന്നു.അങ്ങനെയുള്ള ആ "ശെന്തില്‍ ആണ്ടവന്‍റെ" ആസ്ഥാനത്തേക്ക് ഒരു യാത്ര പോകാനുള്ള ഒരു ഭാഗ്യം യാദൃശ്ചികമായി ഈ അടുത്തിടെ ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി.
പൊന്നിന്‍ചിങ്ങമാസത്തിലെ തിരുവോണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുന്ന സമയം,ഉത്രാട ദിവസം എന്‍റെ ഭര്‍ത്താവ് ഗോപന്‍ ചേട്ടന്‍റെ കസിന്‍ അയിരൂരില്‍ താമസിക്കുന്ന ഹരിക്കുട്ടന്‍ചേട്ടന്‍ ഞങ്ങളെ ഫോണില്‍ വിളിച്ച് ഓണത്തിന് എന്തൊക്കെയാണ് പരിപാടി എന്ന് അന്വേഷിച്ചു. മുതിര്‍ന്ന പൌരന്മാരായ അവര്‍ക്കും ഞങ്ങള്‍ക്കും കുട്ടികളാരും കൂടെ ഇല്ലാത്തത് കൊണ്ട് ഓണം ആഘോഷിക്കാന്‍ ഒരു ഉത്സാഹം തോന്നിയിരുന്നില്ല എന്നതാണ് സത്യം.അവധി കിട്ടി മക്കള്‍ വീട്ടിലെത്തുമ്പോള്‍ ആഘോഷിക്കാന്‍ വേണ്ടി ഞങ്ങള്‍ താത്കാലികമായി ഓണം മാറ്റിവച്ചിരിക്കുകയായിരുന്നു.അതുകൊണ്ട് അദ്ദേഹം വിളിച്ചതും തുല്യ ദുഖിതരായ ഞങ്ങള്‍ ഒരുമിച്ച് ഒരു യാത്രയങ്ങു തീരുമാനിക്കുകയായിരുന്നു.തിരുവോണത്തിന്‍റെ പിറ്റേദിവസം രാവിലെ ആറു മണി കഴിഞ്ഞപ്പോഴേക്കും ഹരിച്ചേട്ടനും ഭാര്യ ഇന്ദുവും കൂടി അവരുടെ കാറില്‍ ഞങ്ങളുടെ വീട്ടിലെത്തിയതോടെ യാത്ര ആരംഭിക്കുകയും ചെയ്തു.പന്തളം,കുന്നിക്കോട് ,ഇളമ്പല്‍ വഴി പഴമയുടെ പ്രൌഡ സ്മാരകമായ പുനലൂര്‍ തൂക്കുപാലത്തിനടുത്ത് എത്തിയപ്പോള്‍ പ്രഭാതഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലില്‍ കയറി .കാപ്പികുടി കഴിഞ്ഞ് ഇടമണ്‍ ഗ്രാമത്തിലൂടെ,വനമേഖലയായ ഉറുകുന്നു വഴി തെന്മല  വ്യൂ പോയിന്‍റിനടുത്തു കൂടി ധാരാളം വാനരന്മാരെയും ,പച്ച ചായം കലക്കിയതു പോലെയുള്ള  ജലം നിറഞ്ഞ കല്ലടയാറും കണ്ടാസ്വദിച്ചു യാത്ര തുടര്‍ന്നു.ഇടയ്ക്ക് തെന്മല എക്കോ ടൂറിസം പദ്ധതിയുടെ ഫലകം സ്ഥാപിച്ചിരിക്കുന്നത് കണ്ടു.അതിന്‍റെ എതിര്‍ ദിശയിലേക്കു തിരിഞ്ഞു ആര്യങ്കാവ് ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടെ  മില്‍മ പാലിന്‍റെ ചെക്ക്പോസ്റ്റ് ഇന്ദു കാട്ടിത്തന്നു.മകള്‍ ക്ഷീരമേഖലയില്‍ ജോലി ചെയ്യുന്നതിനാല്‍ ഇവിടം പല തവണ അവര്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പറഞ്ഞു.ഇടയ്ക്ക് പാലരുവി വെള്ളച്ചാട്ടത്തിലേക്കുള്ള ചൂണ്ടു ഫലകവും പ്രസിദ്ധമായ ആര്യങ്കാവ് ശാസ്താ ക്ഷേത്രവും കാറിലിരുന്നു കണ്ടു.ക്ഷേത്രത്തിന് സമീപത്തായി കാര്‍  വഴിയരികില്‍ നിര്‍ത്തിയിട്ട് ഹരിച്ചേട്ടന്‍ കാണിക്കയിട്ട് തിരിച്ചു വന്നു.തുടര്‍ന്ന് ആര്യങ്കാവ് ചെക്ക്പോസ്റ്റ് കടന്ന് ചെങ്കോട്ടയും,തെങ്കാശിയും പിന്നിട്ട് ആലംകുളം എന്ന സ്ഥലത്തെത്തി.അവിടെ റോഡിന് ഇരുവശങ്ങളിലായി മൂന്നു നാല് കിലോമീറ്ററോളം ദൂരം സെക്കന്‍ഡ് ഹാന്‍ഡ് ഇരു ചക്ര വാഹനങ്ങള്‍ കച്ചവടത്തിനായി നിരത്തി വച്ചിരിക്കുന്നത്  കാണാമായിരുന്നു. വഴിയരികിലുള്ള ഒരു ചെറിയ പെട്ടിക്കടയില്‍ നിന്ന് ചായ കുടിച്ചതിന്  ശേഷം ഹരിച്ചേട്ടന്‍  തിരുനെല്‍വേലി ലക്ഷ്യമാക്കി കാറോടിച്ചു.അവിടെ നിന്ന്  മീനാക്ഷിപുരം ആറിനു കുറുകെയുള്ള പാലത്തിലൂടെ സഞ്ചരിച്ച് ആടുകള്‍ മേയുന്ന വൈകുണ്ഡം എന്ന സ്ഥലത്തെത്തി.പറ്റം പറ്റമായി ആടുകള്‍ റോഡ്‌ മുറിച്ചു കടക്കുന്നതിനാല്‍ വളരെ കരുതലോടെ വേണമായിരുന്നു കാര്‍ ഓടിക്കാന്‍,കാരണം ആടിന് എന്തെങ്കിലും സംഭവിച്ചാല്‍ വലിയ പിഴയാണ് അടയ്ക്കേണ്ടി വരിക എന്നാണ് അറിഞ്ഞത്.വേപ്പ് ,പുളി,പേരാല്‍ ,അരയാല്‍ എന്നീ വൃക്ഷങ്ങള്‍ അതിരിടുന്ന റോഡുകള്‍ക്ക് അപ്പുറം വിശാലമായ നെല്‍പ്പാടങ്ങളും, വാഴത്തോട്ടങ്ങളും കണ്ണെത്താ ദൂരത്തോളം കാണാമായിരുന്നു.കാറ്റിന്‍റെ ശക്തി കൊണ്ടോ എന്തോ വാഴയിലകള്‍ ഒന്നടങ്കം കീറിപ്പോയിരിക്കുന്നു.കുരങ്ങന്‍ തട്ട് എന്ന സ്ഥലം പിന്നിട്ട് ഏകദേശം പന്ത്രണ്ടരയോടെ ഞങ്ങള്‍ തിരുച്ചെന്തൂരില്‍ എത്തി. അവിടെ തമിഴ്നാട് ടൂറിസം വകുപ്പിന്‍റെ ഹോട്ടലില്‍ നേരത്തെ വിളിച്ചു പറഞ്ഞത് പ്രകാരം ഞങ്ങള്‍ക്ക് രണ്ട് മുറികള്‍ ലഭിച്ചു.ഹോട്ടലിനു മുന്‍വശത്തുള്ള നല്ല വിസ്തൃതമായ മുറ്റം നിറയെ തണല്‍ പരത്തിക്കൊണ്ട്‌ നിന്നിരുന്ന വൃക്ഷക്കൊമ്പുകളില്‍ മയിലുകള്‍ ഉള്‍പ്പെടെയുള്ള പക്ഷികള്‍ വിശ്രമിക്കുന്നതു കാണാമായിരുന്നു.കൊച്ചു കുട്ടികള്‍ക്ക് കളിക്കുവാന്‍ വേണ്ട കുറെ കാര്യങ്ങളും മുറ്റത്ത് സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.താഴത്തെ നിലയില്‍ മുറികള്‍ കിട്ടിയത് ഞങ്ങള്‍ക്ക് വളരെ സൗകര്യമായി തോന്നി.മുറിയില്‍   കയറി സാധന സാമഗ്രികള്‍ വച്ചതിന് ശേഷം തൊട്ടടുത്ത്‌ തന്നെയുള്ള റെസ്റ്റോറന്‍റില്‍ പോയി ഉച്ചഭക്ഷണം  കഴിഞ്ഞ് അല്‍പ്പനേരത്തെ വിശ്രമത്തിന് ശേഷം നാല് മണിയോടെ ക്ഷേത്ര ദര്‍ശനം നടത്താം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.വലിയ വൃത്തിയും,വെടിപ്പുമൊന്നും അവകാശപ്പെടാനില്ലാത്ത ഹോട്ടല്‍ മുറിയില്‍ കുറവുകള്‍ ധാരാളമുണ്ടായിരുന്നു.ഏ സി യുടെ റിമോട്ട് കണ്ട്രോള്‍,വസ്ത്രങ്ങള്‍ തൂക്കിയിടാനുള്ള കമ്പികള്‍ ഇതെല്ലാം മുന്‍പ് അവിടെ താമസിച്ചിരുന്നവര്‍ അടിച്ചു കൊണ്ട് പോയി എന്നാണ് വേണ്ടപ്പെട്ടവര്‍ ഞങ്ങളോട് പറഞ്ഞത്, പോരാത്തതിന് ഉപ്പുവെള്ളം ഒഴുകി വരുന്ന പൈപ്പുകളും.ഏതായാലും ഒരു ദിവസത്തെ കാര്യമല്ലേ ഉള്ളൂ പോകട്ടെ സഹിക്കാം എന്ന് ഞങ്ങളും കരുതി.
                     ഹോട്ടലിനു മുന്‍വശം 
                      മയില്‍ ചന്തം
മയിലുകളുടെ കൂക്കുവിളി കേട്ടു കൊണ്ട് കിടക്കയിലേക്ക് ചാഞ്ഞ ഞങ്ങള്‍ വിശ്രമം കഴിഞ്ഞ് മേല്‍ കഴുകി സാക്ഷാല്‍ വേലായുധ സ്വാമിയെ കാണുവാനായി തിരുച്ചെന്തൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.എണ്ണപ്പലഹാരക്കടകളും,ജൌളിക്കടകളും മറ്റ് കച്ചവട സ്ഥാപനങ്ങളും നിരന്ന നിരത്തുവക്കുകളും ,നിരത്തും ഒരു പോലെ വൃത്തി ഹീനമായിരുന്നു.കഴുതച്ചാണകത്തിന്‍റെ രൂക്ഷഗന്ധം നിറഞ്ഞു നിന്നിരുന്ന തെരുവില്‍ കൂടി പൂക്കച്ചവടക്കാരികളുടെ ആരവം കേട്ടുകൊണ്ട് നടന്നപ്പോള്‍ ദൂരെ വേല്‍ പതിച്ച ക്ഷേത്രത്തിന്‍റെ വലിയ ഗോപുരം ദൃശ്യമായി. 
           തിരുച്ചെന്തൂര്‍ മുരുകക്ഷേത്രത്തിന്‍റെ ഗോപുരം
പ്രധാന ക്ഷേത്രത്തിനു പുറത്ത് ഒരു ഗുഹാ ക്ഷേത്രം ഉണ്ടെന്നറിഞ്ഞ് അതൊന്ന്‍ കണ്ടിട്ട്  വരാമെന്ന്  വിചാരിച്ച് ഞങ്ങള്‍ അങ്ങോട്ട്‌ പോയി.കടല്‍ക്കരയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു കല്‍ക്കെട്ടു പോലെ ഒരു സ്ഥലം.അതിനുള്ളിലേക്ക്‌ പ്രവേശിക്കുമ്പോള്‍ ഒരാള്‍ പ്രവേശന ഫീസ്‌ വാങ്ങി നമ്മെ ഉള്ളിലേക്ക് വിടും.വളരെ ചെറിയ ഇടനാഴിയില്‍ കൂടി നടന്നെത്തുന്നത് ഒരു ചെറിയ ദ്വാരത്തിനടുത്തേക്കാണ്.കുറേപ്പേര്‍ തങ്ങളുടെ ഊഴം കാത്തു അവിടെ നില്‍പ്പുണ്ടായിരുന്നു,ഒരു സമയം ഏഴു പേരില്‍ കൂടുതല്‍ അതിനുള്ളില്‍ കയറാന്‍ സാധിക്കില്ല ,അത്രയ്ക്ക് ചെറുതാണ് അതിനകം.തലകുനിച്ച് നൂണ്ട് കയറി പടവുകള്‍ ഇറങ്ങി ചെല്ലുമ്പോള്‍ ഒരു പൂജാരി 'വള്ളിയമ്മാള്‍ സന്നിധിയില്‍' വിളക്കുകള്‍ കത്തിച്ചു വച്ച് നില്‍ക്കുന്നത് കണ്ടു.ഷണ്മുഖ പത്നിയായ വള്ളി ദേവി ,പിള്ളയാറെ (ഗണപതി ) കണ്ടു ഭയന്നോടി ഒളിച്ചിരുന്ന ഗുഹയാണത്രെ ഇത്.ഏതായാലും ഗുഹക്കുള്ളില്‍ സാമാന്യം ചൂട് ഉണ്ട്,സ്ഥലക്കുറവും. ഹരിക്കുട്ടന്‍ ചേട്ടന്‍ കുറെ അര്‍ച്ചനകള്‍ നടത്തി അതിന്‍റെ പണവും കൊടുത്ത് ദേവിയെ വണങ്ങി ഞങ്ങള്‍ പുറത്തിറങ്ങി.

    ഗുഹാ ദര്‍ശനം കഴിഞ്ഞ് നേരെ ശെന്തില്‍ ആണ്ടവ സന്നിധിയിലേക്കാണ് പോയത്.ക്ഷേത്രത്തിന് മുന്‍വശത്ത് ബംഗാള്‍ ഉള്‍ക്കടല്‍  പരന്നുകിടക്കുന്നു.സമുദ്ര തീരത്താണെങ്കിലും ശുദ്ധജലം ലഭിക്കുന്ന ഒരു കിണര്‍ ക്ഷേത്രത്തിന്‍റെ സമീപത്തുണ്ട്. ചെരിപ്പുകള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച് ഉള്ളിലേക്ക് പ്രവേശിക്കുവാന്‍ ചെല്ലുമ്പോള്‍ കവാടത്തില്‍ ചുവന്ന നിറമുള്ള ഷാളും പുതച്ച് ഒരു  പിടിയാന ഭക്തജനങ്ങളെ അനുഗ്രഹിച്ചു തലയും കുലുക്കി നില്‍ക്കുന്നുണ്ടായിരുന്നു.

ഒരാള്‍ക്ക്‌ നൂറു രൂപ കൊടുത്താല്‍ സ്പെഷ്യല്‍ ദര്‍ശനം ലഭിക്കുമെന്ന് പറഞ്ഞ് ഹരിച്ചേട്ടന്‍ അതിനുള്ള ടിക്കറ്റ് എടുത്ത്,ഞങ്ങള്‍ അകത്തേക്ക് നടക്കുന്ന സമയത്ത് അകത്തളത്തില്‍ ഒഴിഞ്ഞ ഒരു മൂലയില്‍ ഒരു ശ്വാന യുവതി കണ്ണ് വിരിയാത്ത നാലഞ്ചു കുഞ്ഞുങ്ങളുമായി പ്രസവാവശതയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ എന്തോ ഒരു വിഷമം തോന്നി.പരിശുദ്ധമായ ഒരു ക്ഷേത്ര സങ്കേതത്തില്‍ എന്തുകൊണ്ട് സുരക്ഷാ ജീവനക്കാര്‍ ഇങ്ങനെ അനുവദിച്ചു എന്ന്‍ ഞാന്‍ സ്വയം ആലോചിച്ചു. സാധാരണയായി ഇങ്ങനെയുള്ള ജീവ ജാലങ്ങളെ ക്ഷേത്രത്തിനുള്ളിലേക്ക്  കടത്തിവിടാറില്ലല്ലോ...ആ എന്തോ ഇത് അത്ര ശരിയായി തോന്നിയില്ല,പോകട്ടെ നമ്മള്‍ സ്വാമിയെ കാണുവാന്‍ വന്നു ,കാണുക വണങ്ങുക പോകുക അത്രമാത്രം മതിയല്ലോ...അങ്ങനെ കരുതി മുന്നോട്ടു നടക്കുമ്പോള്‍ ഒരിക്കല്‍ കൂടി ടിക്കറ്റ് പരിശോധിച്ച ജീവനക്കാര്‍ നേരെ മുരുക സ്വാമിയുടെ തൊട്ടടുത്തു ചെന്നെത്തുവാനുള്ള വഴിയിലേക്ക് ഞങ്ങളെ നയിച്ചു.സ്പെഷല്‍ ദര്‍ശനമായത് കൊണ്ട്  കൈലാസേശ്വരനായ മഹാദേവന്‍റെ സര്‍വ്വ സൈന്യാധിപനും,ജ്യോതിഷിയും, കാരുണ്യ മൂര്‍ത്തിയുമായ  ഷണ്മുഖസ്വാമിയുടെ അനുഗ്രഹ വര്‍ഷം ചൊരിയുന്ന കമനീയ വിഗ്രഹം ആവോളം കണ്ടു വണങ്ങാന്‍ സാധിച്ചു.അവിടെ നിന്ന് നടന്നെത്തിയത്‌ വള്ളി,ദേവയാനി സഹിതനായ ഷഡാനന്‍റെ മുന്നിലും ,തുടര്‍ന്ന്,മുരുക സ്വാമിയുടെ പത്നിമാരായ വള്ളി ദേവിയെയും, ദേവയാനി ദേവിയെയും പ്രത്യേകമായി പ്രതിഷ്ടിച്ച ശ്രീകോവിലുകളുടെ മുന്നിലേക്കാണ്‌.ശൂരസംഹാര മൂര്‍ത്തി എന്ന്‍ തമിഴില്‍ എഴുതി വച്ചിരുന്ന ഒരു ബോര്‍ഡ് ഞാന്‍ കഷ്ടപ്പെട്ടു വായിച്ചെടുത്തു.അവിടെ പോയി ദര്‍ശനം നടത്തിയെങ്കിലും കാര്യമൊന്നും മനസ്സിലാകാതെ ഉള്ളിലെ കാഴ്ചകള്‍ അവസാനിപ്പിച്ചു പുറത്തേക്കിറങ്ങി.ഭക്തജനങ്ങള്‍ക്ക് ഇരിക്കുവാന്‍ വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന മാര്‍ബ്ബിള്‍ തിട്ടകളിലിരുന്ന് കടല്‍ക്കാറ്റേറ്റ് പുറം കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ട് അല്‍പനേരം ഇരുന്നു.അതോടെ കൈനോട്ടക്കാരികളുടെ ഒരു പറ്റം തന്നെ ഞങ്ങളെ വളഞ്ഞു.കടും നിറത്തിലുള്ള ചേലകളും ചുറ്റി മൂക്കുകുത്തിയുമിട്ട് ഒരു സഞ്ചിയും തൂക്കി നമ്മുടെ ഭാവിയും ഭൂതവുമെല്ലാം പറയുവാന്‍ വെമ്പി നില്‍ക്കുകയായിരുന്നു അവര്‍. കഴിഞ്ഞത് കഴിഞ്ഞു ,ഇനി വരാനുള്ളത് എന്തായാലും ഇരുകരങ്ങളും നീട്ടി സ്വീകരിക്കാന്‍ തയ്യാറുള്ള ഞങ്ങള്‍ അവരുടെ വലയില്‍ വീഴാന്‍ പോയില്ല.ഹരിച്ചേട്ടന്‍ ദക്ഷിണ വച്ച് കൈ നോക്കിച്ചു,'ഐശ്വര്യമാന കൈ,ഭാഗ്യമുള്ള കൈ,ഉങ്കള്‍ മനൈവി മകാലച്മി' എന്നൊക്കെയുള്ള സ്ഥിരം ഡയലോഗുകള്‍ കഴിഞ്ഞ് 'ഉങ്കള്‍ക്ക്‌ ഒടമ്പ് വലി ഇരുക്ക്, ശരിതാനാ' എന്ന്‍ ചോദിച്ചു...പിന്നല്ല വലിയ കണ്ടുപിടിത്തമാ ..അറുപതു കഴിഞ്ഞ ഒരാളിന് ദേഹം വേദന ഉണ്ടെന്ന് കൈരേഖ നോക്കി വേണം കണ്ടുപിടിക്കാന്‍ ,ചുമ്മാ തട്ടിപ്പേ,... ഹരിച്ചേട്ടന് ആകെ ഒരു മകളെ ഉള്ളൂ അവളുടെ വിവാഹം കഴിഞ്ഞ് രണ്ടു മക്കളും ഉണ്ട്,ഒന്നും അറിയാത്ത മട്ടില്‍ മക്കളുടെ കാര്യവും കല്യാണം എന്ന് നടക്കുമെന്നും മറ്റും കൈ നോക്കിയ 'യശക്കി അമ്മാളിനോട്' അവരെ പരീക്ഷിക്കാനായി ചോദിച്ചു.സൂത്രശാലിയായ അവര്‍ 'അത് ഉങ്കള്‍ മനൈവി കൈ പാത്താ താന്‍ തെരിയും'എന്ന് മറുപടിയും പറഞ്ഞു.പെരുംകള്ളി... അപ്പോള്‍ ഒരു കൈ കൂടി നോക്കി പൈസ വാങ്ങാമല്ലോ,അതെന്താ എന്‍റെ കൈ നോക്കിയാല്‍ അറിയാത്തത് എന്ന് ചേട്ടന്‍ ചോദിച്ചു.അത് പറ്റില്ല പെണ്ണുങ്ങളുടെ കൈ നോക്കിയാലെ മക്കളുടെ കാര്യം അറിയാന്‍ പറ്റൂ എന്നവര്‍ തീര്‍ത്തു കാച്ചി,ആണുങ്ങള്‍ക്ക് എവിടെ വേണമെങ്കിലും സം ...ബന്ധം ആകാമല്ലോ അതാണ്‌ അവര്‍ പറഞ്ഞതിന്‍റെ അര്‍ത്ഥമെന്നു പറഞ്ഞു ഞങ്ങള്‍ എല്ലാവരും കൂടി ആര്‍ത്തു ചിരിച്ചു.ക്ഷേത്ര പരിസരത്തും ഗോപുരങ്ങളുടെയും ,മതിലുകളുടെയും ,മണ്ഡപങ്ങളുടെയും മുകളിലും ,കൈനോട്ടക്കാരികളെ പോലെ മയിലുകള്‍ സ്വൈര്യ വിഹാരം നടത്തുന്ന കാഴ്ച നയനാനന്ദകരമായിരുന്നു.ആ സമയത്ത് സുബ്രഹ്മണ്യസ്വാമിയെ ഭാര്യമാരോടൊപ്പം ഒരു പല്ലക്കില്‍ പുറത്തേക്ക് എഴുന്നെള്ളിച്ചു കൊണ്ട് വന്നത് കാണുവാന്‍ സാധിച്ചത് ഭാഗ്യമായി തോന്നി.ഏഴെട്ടു പേര് കൂടി വഹിച്ചു കൊണ്ട് വന്ന ആ പല്ലക്കിന് എത്ര ഭാരം ഉണ്ടെന്ന് അവരുടെ മുഖഭാവവും ശരീരത്തിന്‍റെ ആയാസവും കണ്ടപ്പോള്‍ മനസ്സിലായി.

 പിറ്റേദിവസം പൌര്‍ണ്ണമിയായിരുന്നതിനാല്‍ വൃത്തമൊത്ത ചന്ദ്രബിംബം വാനിലുയര്‍ന്നു ,വാരിധിയില്‍ തന്‍റെ പ്രതിബിംബം പ്രതിഫലിപ്പിച്ച് ശോഭയോടെ നിലകൊണ്ടു.ക്ഷേത്ര പരിസരത്ത് നിന്ന് മടങ്ങിയ ഞങ്ങള്‍ ഭക്ഷണം കഴിച്ച് വിശ്രമിക്കുവാനായി മുറിയിലേക്ക് പോയി.
വ്യാഴത്തിന്‍റെ അല്ലെങ്കില്‍ ഗുരു ഭഗവാന്‍റെ മൂലസ്ഥാനമായ തിരുച്ചെന്തൂരിലെ കടല്‍ത്തീരത്ത് വച്ച് ശിവപുത്രനായ ഷണ്മുഖന്‍ ,അഞ്ചു ദിവസത്തെ വ്രതമനുഷ്ടിച്ചിട്ട് ആറാം ദിവസം,മാതാവായ പാര്‍വതീദേവി കൊടുത്ത വേല് കൊണ്ട് 'ശൂരപാദന്‍' എന്ന അസുരനെ നിഗ്രഹിക്കുകയുണ്ടായി.ഈ ദിവസം സ്കന്ദ ഷഷ്ടിയായി വൃതമെടുത്ത് ഭക്തര്‍ ആചരിച്ചു  വരുന്നു.ശൂരനെ സംഹരിച്ച മൂര്‍ത്തിയാണ് 'ശൂരസംഹാര മൂര്‍ത്തിയായി' ഉള്ളില്‍ പ്രതിഷ്ടിക്കപ്പെട്ടിരുന്നത് എന്ന ഐതീഹ്യം യാത്ര കഴിഞ്ഞു വന്നതിന് ശേഷം തമിഴ്നാട് സ്വദേശിയായ എന്‍റെ സുഹൃത്ത് ആശയില്‍ നിന്നാണ് അറിയാന്‍ കഴിഞ്ഞത്. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലുള്ള ഈ പുണ്യ പുരാതന ക്ഷേത്രം ഡച്ച് കാരും പോര്‍ട്ടുഗീസുകാരും തമ്മിലുള്ള യുദ്ധ സമയത്ത് ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിക്കരാല്‍ വളയപ്പെട്ടു.പിന്നീട് നാട്ടുകാര്‍ ക്ഷേത്രത്തെ ഡച്ച്‌ കാരില്‍ നിന്ന് മോചിപ്പിക്കാന്‍ തീവ്ര ശ്രമം നടത്തിയെങ്കിലും വിജയം കൈവരിക്കാന്‍ പ്രയാസപ്പെട്ടു.ഒടുവില്‍ നായിക്ക് ഭരണാധികാരിയുടെ ഉത്തരവ്  പ്രകാരം ഡച്ച് കാര്‍ക്ക് ക്ഷേത്രം വിടേണ്ടി വന്നെങ്കിലും അവര്‍ മുരുകസ്വാമിയുടെ വിഗ്രഹവും എടുത്തുകൊണ്ടാണ് പോയത്.കടല്‍ വഴിയുള്ള ആ യാത്രയില്‍  വലിയ കൊടുങ്കാറ്റ് വീശിയടിച്ചു  അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുകയും യാത്ര തുടരാനാകാതെ അവര്‍ വിഷമിക്കുകയും ചെയ്തതോടെ,തെറ്റ് മനസ്സിലാക്കി അവര്‍ വിഗ്രഹം കടലില്‍ ഉപേക്ഷിക്കുകയും ചെയ്തു.അതോടെ കൊടുങ്കാറ്റ് അവസാനിച്ച് കടല്‍ ശാന്തമാകുകയും  അവര്‍ സ്വദേശത്തേക്ക് മടങ്ങിപ്പോകുകയും ചെയ്തുവത്രേ. പിന്നീട് വടമലിയപ്പാപിള്ളൈ എന്ന കറ തീര്‍ന്ന മുരുകഭക്തന് ശെന്തില്‍ ആണ്ടവന്‍ സ്വപ്ന ദര്‍ശനം കൊടുത്തുവെന്നും വിഗ്രഹം കടലില്‍ കിടക്കുന്ന വിവരവും സ്ഥലവും അരുളിച്ചെയ്തുവെന്നുമാണ് ഐതീഹ്യം.ദര്‍ശനം ലഭിച്ച അദ്ദേഹം ഒരു ചെറിയ വഞ്ചിയില്‍ ,സ്വപ്നത്തില്‍ സ്വാമി പറഞ്ഞു കൊടുത്ത സ്ഥലത്ത് എത്തി വിഗ്രഹം കണ്ടെടുത്തു കൊണ്ടു വന്ന് പ്രതിഷ്ടിച്ചെന്നുമാണ് ക്ഷേത്ര പുരാണം.ഇതെല്ലാം ചുവര്‍ച്ചിത്രങ്ങളായി ക്ഷേത്രത്തിനുള്ളില്‍  ആലേഖനം ചെയ്തിരിക്കുന്നത് നമുക്ക് കാണാവുന്നതാണ്.
സ്കന്ദ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ മഹാക്ഷേത്ര ദര്‍ശനം നടത്തുവാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞങ്ങളുടെ മനസ്സ്,സ്കന്ദവാഹനമായ മയിലുകലെപ്പോലെ ആനന്ദ നൃത്തമാടുകയാണ്.ചരിത്ര നിര്‍മ്മിതികളും,പുരാണ കഥകളും ,ഐതീഹ്യങ്ങളും എല്ലാം മനുഷ്യനെ നന്മയിലേക്ക് നയിക്കുവാന്‍ വേണ്ടിയാണ്.അത് നഷ്ടപ്പെടാതെ നോക്കേണ്ടത് നമ്മളും.  
24/09/2019

2019 സെപ്റ്റംബർ 17, ചൊവ്വാഴ്ച


അഞ്ചുതെങ്ങ് കോട്ട
യാദൃശ്ചികമായി കാണുവാനിടയായ ഒരു ടെലിവിഷന്‍ പരിപാടിയിലൂടെയാണ് അഞ്ചുതെങ്ങില്‍ ഒരു പഴയ  കോട്ട ഉണ്ടെന്ന്  അറിയുവാന്‍  സാധിച്ചത്.സമീപ ഭാവിയില്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ ,ചെറുതെങ്കിലും മനോഹരമായ ഈ കോട്ട ഒന്ന് സന്ദര്‍ശിക്കണമെന്ന് അപ്പോള്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെയിരിക്കെ അതിനടുത്തുള്ള ചിറയിന്‍കീഴ്‌ ശാര്‍ക്കര ദേവീ ക്ഷേത്രത്തില്‍ വച്ച് നടക്കുന്ന ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍  ക്ഷണം ലഭിച്ചു. മലയാള ചലച്ചിത്ര മേഖലയിലെ നിത്യഹരിത നായകനായിരുന്ന യശ:ശരീരനായ പ്രേം നസീറിന്‍റെ ജന്മ നാടായ ചിറയിന്‍കീഴ്‌ എന്ന സ്ഥലം തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ കണ്ടിട്ടുണ്ടെങ്കിലും ഞാന്‍ അവിടെ പോയിട്ടുണ്ടായിരുന്നില്ല.ശാര്‍ക്കര ദേവീ ക്ഷേത്രത്തില്‍ നിന്ന് വെറും നാല് കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ അഞ്ചുതെങ്ങിലെ കോട്ട നില്‍ക്കുന്ന സ്ഥലത്ത്  എത്താം .വിവാഹവും ,സദ്യയും കഴിഞ്ഞ്   ഞങ്ങള്‍ കോട്ട കാണുവാനായി പോയി.
                                                ശാര്‍ക്കര ദേവീ ക്ഷേത്രം 

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ്‌ താലൂക്കില്‍ പെട്ട കടലോര ഗ്രാമമായ അഞ്ചുതെങ്ങില്‍ ബ്രിട്ടീഷ്  ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക്( EIC) വ്യാപരാവശ്യത്തിനായി ആറ്റിങ്ങല്‍ റാണി കല്‍പ്പിച്ചു നല്‍കിയ  സ്ഥലത്ത് AD 1695 ലാണ് കോട്ട നിര്‍മ്മിക്കപ്പെട്ടത്.  ഇംഗ്ലണ്ടില്‍ നിന്നെത്തുന്ന കപ്പലുകള്‍ക്ക് സിഗ്നല്‍ നല്‍കാന്‍ ഉപയോഗിച്ചിരുന്ന കോട്ട  മലബാര്‍ തീരത്ത്‌ കമ്പനിയ്ക്ക് ആദ്യമായി ലഭിച്ച സ്ഥിരം താവളമായിരുന്നു .ആംഗ്ലോ മൈസൂര്‍ യുദ്ധത്തില്‍ പ്രധാന പങ്ക് വഹിച്ച ഈ കോട്ട കൂടാതെ ഒരു ഫാക്ടറിയും,കോടതിയും പണിയാന്‍ റാണി കമ്പനിക്ക് അനുവാദം കൊടുത്തിരുന്നു.വീണ്ടും റാണിയെ പ്രീതിപ്പെടുത്തി കൂടുതല്‍ സ്ഥാനമാനങ്ങള്‍ നേടുവാനായി സമ്മാനങ്ങളുമായി കമ്പനിക്കാരായ കുറേപ്പേര്‍ പോകുന്നതറിഞ്ഞു നാട്ടുകാരായ രാജ്യസ്നേഹികള്‍ അവരെ തടഞ്ഞു.’ഒട്ടകത്തിന് സ്ഥലം കൊടുക്കുന്നത്’ പോലെ ഇവര്‍ കയറിക്കയറി രാജ്യം കയ്യേറാതിരിക്കാന്‍ രാജാവിന്‍റെയും ,രാജ്യത്തിന്റെയും സംരക്ഷണ ചുമതല ഏറ്റെടുത്തിരുന്ന നാട്ടുപ്രമാണികളും നാട്ടുകാരും കൂടി കമ്പനിപ്പടയെ ആക്രമിച്ചു കൊന്നൊടുക്കിയതിനു ശേഷം അവര്‍ കോട്ടയും ആക്രമിക്കുവാന്‍ തുനിഞ്ഞുവെന്നാണ് പറഞ്ഞു കേട്ടത്.ഭാരതത്തിന്റെ ആദ്യത്തെ സ്വാതന്ത്ര്യ സമരമായി ഈ പോരാട്ടത്തിനെ  വിശേഷിപ്പിച്ചു വരുന്നു.
                                       കോട്ടയുടെ പ്രവേശന കവാടം 
                                       കോട്ടയ്ക്ക്  സമീപമുള്ള ലൈറ്റ് ഹൌസ്
                                                      കോട്ടയുടെ ഉള്‍വശം 
                                                കോട്ടയുടെ ഉള്‍വശം 
                                      ഒടിഞ്ഞു വീണു കിടക്കുന്ന മരത്തൂണ്
                             കോട്ടയുടെ പിന്‍ഭാഗം അറേബ്യന്‍ സമുദ്രം
സമുദ്രമുഖത്തേക്ക്  ഉന്നം വച്ച്  ഇരുപത് പീരങ്കികള്‍ സ്ഥാപിച്ചിരുന്ന കോട്ടയില്‍ ,നാന്നൂറ് ബ്രിട്ടീഷ്   പട്ടാളക്കാര്‍ വരെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.കൂടാതെ കോട്ടയുടെ  പുറം മതിലിനും ഉള്ളിലെ മതിലിനും ഇടയിലായി എട്ടു പീരങ്കികളും സ്ഥാനം പിടിച്ചിരുന്നുവത്രേ. കോട്ടയില്‍ അവസാനം താമസിച്ചത്  John Tady Dyne എന്ന ഇംഗ്ലീഷ് കാരന്‍ ആയിരുന്നുവെന്ന് ചരിത്രം പറയുന്നു. 
മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയ ഇവിടത്തെ ജനങ്ങള്‍ക്കായി  കോട്ടയോടു ചേര്‍ന്നു തന്നെ ഒരു പള്ളിയും,സ്ക്കൂളും പ്രവര്‍ത്തിച്ചു വരുന്നു.വളരെക്കാലം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന  കോട്ട ഇപ്പോള്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് വൃത്തിയാക്കി “സംരക്ഷിത സ്മാരകമായി” പരിപാലിച്ചു വരുന്നു.കപ്പലില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുവരാന്‍ ഉപയോഗിച്ചിരുന്ന  ഒരു തുരങ്കം,പിന്നീട്  സ്ഥിരമായി  അപകടങ്ങള്‍ ഉണ്ടാക്കിയിരുന്നതിനാല്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്,.കപ്പലുകള്‍ക്ക് വഴികാട്ടിയായി നിന്നിരുന്ന കൂറ്റന്‍ ലൈറ്റ് ഹൌസും ,പുല്‍ത്തകിടികളും, പൂച്ചെടികളും,തണല്‍ മരങ്ങളും,വള്ളിക്കുടിലുകളും വച്ച് പിടിപ്പിച്ച് മനോഹരമാക്കിയ കോട്ടയെ ആകെയൊന്നു ചുറ്റിക്കണ്ടു.മുകളിലേക്കുള്ള പടിക്കെട്ടുകള്‍ കയറി ചെല്ലുമ്പോള്‍ ദൂരെ അറേബ്യന്‍ കടലും,അരികില്‍ മുക്കുവ വസതികളും തെങ്ങിന്‍ നിരകളും കാണാം.കോട്ടമുകളില്‍ ഒരിടത്ത് മരം കൊണ്ടുള്ള ഒരു വലിയ സ്തംഭം വീണു കിടക്കുന്നത് കണ്ടു.വിശദ വിവരങ്ങള്‍ ചോദിച്ചറിയാന്‍ പറ്റിയ ആരെയും അവിടെയെങ്ങും കണ്ടതുമില്ല.വെയിലിന്റെ കാഠിന്യം കണക്കിലെടുത്ത്  ,ആ ചരിത്ര സ്മാരകത്തോട്‌ വിടപറഞ്ഞ് ഞങ്ങള്‍ മടങ്ങി.   

20/08/2019

2019 ജൂലൈ 23, ചൊവ്വാഴ്ച

മാനസകൈലാസം

ചിത്രം കടപ്പാട് 


മാനസകൈലാസം
                                               -നന്ദ-
മനസ്സ്  ഒരു മനോഹരമായ സരസ്സാണെന്ന് എനിക്ക് തോന്നാറുണ്ട്, ഹൈമവത ഭൂമിയില്‍ വിസ്മയങ്ങളുടെയും ,നിഗൂഢതകളുടെയും ചിന്താ സരണികള്‍ ഒഴുകിയെത്തുന്ന  മാനസ സരോവരം പോലെ.അരവിന്ദങ്ങള്‍ വിടര്‍ന്നു നില്‍ക്കുന്ന  മാനസപ്പൊയ്കയില്‍ നീന്തിത്തുടിക്കുന്ന മോഹങ്ങളായ  കളഹംസങ്ങള്‍,സൂര്യരശ്മിയുടെ ചൂടിലും ശൈത്യ ധാവള്യ കാന്തി തൂകുന്ന ചന്ദ്ര രശ്മികളിലും ഓളം വെട്ടുന്ന മാനസ സരോവരം.അഴക്‌ വഴിയുന്ന ഉപരിതലം പോലെയാണോ അതിന്റെ അഗാധ തലങ്ങള്‍?          
          ഒരിക്കല്‍ ശ്രീ എം കെ രാമചന്ദ്രന്‍ സാറിന്റെ “ഉത്തര്‍ ഖണ്ഡിലൂടെ ,കൈലാസ മാനസ സരോവര്‍ യാത്ര” എന്ന പുസ്തകം വായിക്കാനിടയായി. എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു അനുഭവമായിരുന്നു,വെറും വായന മാത്രമായിരുന്നില്ല എന്നതാണ് സത്യം.ഹിമവല്‍ സാനുക്കളിലെ മഞ്ഞു പാളികളിലൂടെ ,ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ഒറ്റയടിപ്പാതകളിലൂടെ ,അഗാധതയില്‍ അലറിക്കുതിച്ചൊഴുകുന്ന കാളീ നദിയെ  നോക്കാന്‍ ഭയന്ന്  ,മറുവശത്ത് ഉത്തുംഗ ശൃംഗത്തിന്റെ മറവിലൂടെ ഓരോ അടിയും വയ്ക്കുമ്പോള്‍ സഞ്ചാരിയുടെ മിടിയ്ക്കുന്ന ഹൃദയം  സത്യത്തിന്റെ പൊരുളാണ്  തേടുന്നതെന്ന് ഞാന്‍ മനസ്സിലാക്കി. ഓംകാരമാകുന്ന ആത്മ ചൈതന്യം അറിയാന്‍ സ്ഥൂലശരീര ബോധത്തില്‍  നിന്ന് എത്രയോ ഉയരങ്ങളിലേക്ക്  പോകേണ്ടതുണ്ട്,!!! ശിവ പഞ്ചാക്ഷരി മന്ത്ര ബലത്തില്‍ ഓരോ അടിയും ശ്രദ്ധയോടെ ,ഭക്തിയോടെ ,പ്രകൃതിയുടെ കനിവിലാണ് മനുഷ്യന്‍ ജീവിക്കുന്നതെന്ന അറിവോടെ , ശ്വാസനിശ്വാസങ്ങളില്‍ മനസ്സര്‍പ്പിച്ച്   നിര്‍വ്വാണ സ്വരൂപനായ മഹാദേവന്റെ അരികിലേക്ക് ,ഒരു യാത്ര ,അതായത് എന്നിലെ ബോധസ്വരൂപനെ കണ്ടെത്തുവാനുള്ള ഒരു തീര്‍ത്ഥ യാത്ര,എത്ര മഹത്തരമായ ഒന്നാണത്. ഭസ്മാഭിഷിക്തനായ വിഭുവിന്റെ ഉടലില്‍ നിന്ന് അടര്‍ന്നു വീണതു പോലെ കൈലാസ ശിഖരങ്ങളില്‍  മഞ്ഞ്   ഉറഞ്ഞു കിടക്കുന്ന കാഴ്ച എത്ര മനോഹരമാണ് .തെന്നി നീങ്ങുന്ന ഹിമാനികളും ,വീശിയടിക്കുന്ന ശീതക്കാറ്റും , മുന്നറിയിപ്പില്ലാതെ കോരിച്ചൊരിയുന്ന പേമാരിയും,ഭയപ്പെടുത്തുന്ന ശിലാപാതങ്ങളും ,മണ്ണിടിച്ചിലും ,ചൈനക്കാരുടെ ക്രൂരമായ പെരുമാറ്റവും,സരോവര തീരത്തെ ചതിക്കുഴികളും ,ഒറ്റപ്പെടലുകളും, സര്‍വ്വോപരി ഉറഞ്ഞു പോകുന്ന തണുപ്പും ഒക്കെ, അതി തീവ്രമായ ആത്മാന്വേഷണ വ്യഗ്രതയും,മനസ്സുറപ്പുമില്ലാത്ത തീര്‍ത്ഥാടകനെ പിന്തിരിപ്പിക്കാന്‍ പോന്നവയാണ്.വിനയാന്വിതനായി പ്രകൃതിയുടെ ഭാവവ്യത്യാസങ്ങളില്‍ ചകിതനാകാതെ മന:ശുദ്ധിയോടെ ,തണുത്തുറഞ്ഞ മാനസ സരസ്സില്‍ ശരീര ശുദ്ധി വരുത്തി ഉണ്മ തേടിയുള്ള പ്രയാണം സങ്കല്‍പ്പങ്ങളില്‍ ആണെങ്കില്‍ പോലും ഊര്‍ജ്ജദായകമായി തോന്നുന്നു.
          “പൂര്‍വ്വജന്മ കൃതം സര്‍വം അവശ്യമുപഭുജ്യതെ”മുനിശ്രേഷ്ഠനായ വ്യാസന്‍ ഇങ്ങനെ പറഞ്ഞിട്ടുള്ളതായി രാമചന്ദ്രന്‍ സാറിന്റെ പുസ്തകത്തില്‍ ഞാന്‍ വായിച്ചു.ഈ അടുത്ത കാലത്തായി പല ആശ്രമങ്ങളും ,സമിതികളും , സംഘടനകളും ,ഭക്ത സമൂഹങ്ങളും കൈലാസ യാത്ര പതിവാക്കിയിരിക്കുന്നു. ജൂണ്‍ ജൂലൈ മാസങ്ങള്‍ സന്ദര്‍ശനത്തിന് അനുയോജ്യമെന്ന് അറിയുവാനും കഴിഞ്ഞു.ഞാന്‍ അറിയുന്നവരും അറിയാത്തവരുമായി പലരും കൈലാസ സന്ദര്‍ശനം നടത്തിയിട്ടുള്ളതിന്റെ ഫോട്ടോകളും വീഡിയോകളും കാണുവാന്‍ സാധിച്ചിട്ടുമുണ്ട് .പക്ഷെ ഞങ്ങളുടെ അതായത്  എന്റെയും, ഭര്‍ത്താവിന്റെയും പ്രായവും ആരോഗ്യസ്ഥിതിയും ഇങ്ങനെയൊരു യാത്രയ്ക്ക് തീരെ അനുകൂലമല്ല എന്നറിയാവുന്നതു കൊണ്ട് ആ ആഗ്രഹം മനസ്സോടെ അല്ലെങ്കിലും  ഉപേക്ഷിക്കുകയാണ് .എന്നാലും ചില ദിവസങ്ങളില്‍ കൈലാസ ദര്‍ശനം എന്ന അടങ്ങാത്ത ആഗ്രഹം തോന്നുമ്പോള്‍ ഞാന്‍ ചേട്ടനോട് പറയും , നമുക്കൊന്ന് കൈലാസത്തില്‍ പോകാമെന്നേ.....അപ്പോള്‍  ചേട്ടന്‍ ചിരിച്ചുകൊണ്ട് പറയും ഇപ്പൊ പോണോ ,അതോ  ഉച്ചയൂണ് കഴിഞ്ഞു പോയാലോ ,അല്ലെങ്കില്‍ വേണ്ട  വൈകിട്ട് വെയില്‍ ആറിയിട്ടു പോയാലും  മതിയോ ? ഈ മറുപടിയില്‍ എല്ലാം അടങ്ങുന്നുണ്ടല്ലോ !!!          ഇങ്ങനെയൊക്കെയാണെങ്കിലും ഞാന്‍ മനസ്സുകൊണ്ട് കൈലാസത്തിലും ,മാനസ സരോവരത്തിലും എന്നേ പോയിക്കഴിഞ്ഞിരിക്കുന്നു.രാമചന്ദ്രന്‍ സര്‍ പറഞ്ഞിരിക്കുന്ന ദുര്‍ഘടമായ ഒറ്റയടിപ്പാതകളിലൂടെ,ഹിമാനികളിലൂടെ ,വന്യമായ ഹിമവല്‍ ശൈല സാനുക്കളിലൂടെ ,താഴേക്കുരുണ്ട്‌ വരുന്ന കൂറ്റന്‍ ശിലകള്‍ക്കരികിലൂടെ അലറിയൊഴുകുന്ന നദീ സൈകതങ്ങളിലൂടെ  നടന്നു നടന്ന് എന്റെ പാദങ്ങള്‍ മരവിച്ചു പോയതായി വായനയില്‍  തന്നെ അനുഭവപ്പെട്ടിട്ടുണ്ട്. യമദ്വാറും, അപകടകാരിയായ ഡോള്‍മ പാസും പഞ്ചാക്ഷരിയുടെ ബലത്തില്‍ കയറിയിറങ്ങിയിട്ടുണ്ട്‌.പ്രാണവായുവിന്റെ കനം കുറഞ്ഞ ശൃംഗത്തില്‍ നിന്നു കൊണ്ട് ,പുരുഷനും പ്രകൃതിയും സമ്മേളിക്കുന്ന ഉത്തുംഗ കൈലാസത്തെ നമസ്കരിക്കുമ്പോള്‍, അര്‍ദ്ധനാരീശ്വര സങ്കല്‍പ്പമായ ശിവനും ശക്തിയും നിവര്‍ന്നെഴുന്നെല്‍ക്കാന്‍ കരുത്തു തന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.
          പ്രൈമറി ക്ലാസ്സില്‍ സാമൂഹ്യപാഠം പുസ്തകത്തില്‍ മാനസരോവരവും , കൈലാസവും,മലയാളം പുസ്തകത്തില്‍  ’അസ്ത്യുത്തരസ്യാം ദിശി ദേവതാത്മ ഹിമാലയോ നാമ നഗാധിരാജ “ എന്ന കാളിദാസ മഹാകവിയുടെ പദ്യവും പഠിച്ചിട്ടുണ്ട്.അന്ന് എന്റെ ബാല്യ  മനസ്സില്‍ ,താമരയല്ലികള്‍ കൊത്തി ഉല്ലസ്സിക്കുന്ന അരയന്നങ്ങളുടെ വിഹാരകേന്ദ്രമായ മാനസസരോവരത്തിന്റെ ഒരു ചിത്രം ഭാവനയില്‍ ഉണ്ടായിരുന്നു.ഈയിടെ എന്റെ സുഹൃത്ത്‌ ജയശ്രീ അവിടെ പോയിട്ട് കുറെ ചിത്രങ്ങള്‍ എനിക്ക് അയച്ചു തന്നു.എന്റെ മനസ്സിലുണ്ടായിരുന്ന,എനിക്ക് ചിരപരിചിതമായ മാനസ സരോവര  ദൃശ്യം തന്നെ ആ ചിത്രങ്ങളില്‍ കണ്ടപ്പോള്‍ സന്തോഷവും ഒപ്പം എന്റെ മാനസ നൈര്‍മല്ല്യ സലിലത്തില്‍ ,എനിക്ക് അപ്രാപ്യമായ ആ ദര്‍ശനം ഉള്‍ക്കാഴ്ച്ചയിലൂടെ പാര്‍വതീ പരമേശ്വരന്മാര്‍ നല്‍കി അനുഗ്രഹിച്ചതായും  തോന്നി.
          ദേവതാരു മരങ്ങള്‍ അതിരിടുന്ന ഹിമക്കൊടുമുടികളില്‍ നിന്നും അമൃതവാഹിനികളായി ഭാഗീരഥിയും,അളകനന്ദയും സരയൂനദിയുമൊക്കെ വെള്ളിപ്പാദസരങ്ങള്‍ പോലെ ഒഴുകി വീര്യമാര്‍ജ്ജിച്ചു ഭാരതഭൂമിയെ ഹരിതാഭമാക്കുമ്പോള്‍,അമാനുഷിക ശക്തിസ്രോതസുകളായ മഹര്‍ഷി വര്യന്മാര്‍ തപസ്സിലൂടെ നമ്മുടെ പവിത്രതയും,സംസ്കാരവും കാത്തു സൂക്ഷിക്കുന്നു.പര്‍വ്വത പാര്‍ശ്വങ്ങളില്‍ അന്നപാനാദികളും,നിദ്രയുമുപേക്ഷിച്ച്  എന്തിന്  പ്രാണവായു പോലും നിയന്ത്രിച്ച് ,നഗ്നപാദരായി,ലളിത ജീവിതം നയിക്കുന്ന ആ തപസ്വികളെ ആക്ഷേപിക്കുവാന്‍ ഇവിടെ അനേകരുണ്ട് , കൂടാതെ  അവരുടെ പേര് ചീത്തയാക്കുവാന്‍ കുറെ കഞ്ചാവ് സന്യാസിമാരും!! പക്ഷെ സത്യം ശിവമാണ് –അത് ആനന്ദമാണ് ,സൗന്ദര്യമാണ്,നിര്‍മ്മലമാണ് ആത്യന്തിക വിജയം സത്യത്തിനു മാത്രമായിരിക്കും.
          മനുഷ്യമനസ്സ് എന്താണെന്ന് അല്ലെങ്കില്‍ എങ്ങനെയാണെന്ന്  പറയാനും,അറിയാനും വളരെ വിഷമമാണ്. അതുകൊണ്ടാണ് അതിനെ ഒരു സരോവരത്തോട്‌ തന്നെ  ഞാന്‍ ആദ്യം ഉപമിച്ചതും .ശ്രീ എം കെ  രാമചന്ദ്രന്‍സാറിന്റെ പുസ്തകത്തില്‍  മാനസ സരോവരതീരത്ത് ധാരാളം ചതിക്കുഴികളുണ്ടെന്നും ,ആഴം കുറഞ്ഞ തീരപ്രദേശങ്ങളില്‍ അലകള്‍ ഞൊറിയിടുമ്പോള്‍ ,ഉളിലേക്കുള്ളിലേക്ക് ചെറിയ ഓളങ്ങള്‍ മാത്രമേ ദൃശ്യമാകൂ എന്നും  പറഞ്ഞിരിക്കുന്നു. ചില ദിവസങ്ങളില്‍ അവിടെ  അശരീരികളും, പൊട്ടിച്ചിരികളും, ആര്‍പ്പുവിളികളും, സംഭാഷണങ്ങളും മറ്റും ആട്ടിടയന്മാര്‍ കേള്‍ക്കാറുണ്ടെന്നും, അര്‍ദ്ധരാത്രിയില്‍ ഇരുണ്ട തടാകപ്പരപ്പിനു മുകളില്‍  അഭൌമ പ്രകാശവും അത്ഭുത പ്രതിഭാസവുമായ ബ്രഹ്മത്തിന്റെ ദിവ്യ വെളിച്ചം (Divine Light of Brahma) നിഴലിച്ചു കിടക്കുന്നത് സാക്ഷ്യപ്പെടുത്തിയ തീര്‍ത്ഥാടകരും ഉണ്ടെന്ന് അദ്ദേഹം എഴുതിയിരിക്കുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ നായ്ക്കള്‍ ഓരിയിടാറുണ്ടെന്നും,ആടുകളും, യാക്കുകളും അസ്വസ്ഥകള്‍ പ്രകടിപ്പിക്കാറുണ്ടെന്നും ഞാന്‍ വായിച്ചറിഞ്ഞു. ജീവിതയാത്രയില്‍ ഒരോരുത്തരെ കാണുമ്പോള്‍ ,പലരുടെ അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ,വളരെ നല്ലവരെന്ന് കരുതിയിരുന്ന പലരുടെയും പൊയ്മുഖങ്ങള്‍ പല അവസരങ്ങളിലും കൊഴിഞ്ഞു വീഴുന്നത് കാണുമ്പോള്‍ ഇങ്ങനെ യദൃച്ഛയാ ഒരു സാമ്യം തോന്നി.എന്തിനോടെങ്കിലും ഒരു ആഗ്രഹം തോന്നിയാല്‍ ശാന്തമായിരുന്ന മനസ്സ്  പിന്നെ അത്  ഇതു വിധേനയും നേടാന്‍ പരിശ്രമിക്കുന്നു.ആശയുടെ വെളിച്ചം നിഴലിക്കുന്ന മനസ്സില്‍ തിരകള്‍ പെരുക്കുന്നു,പിന്നെ ചതിയോ,വഞ്ചനയോ ഏതു പ്രകാരവും അത് സ്വായത്തമാക്കാന്‍ ശ്രമിക്കുന്നു,പരാജയപ്പെടുമ്പോള്‍ അട്ടഹസിക്കുന്നു, ആക്രോശിക്കുന്നു,അടിയിലൂടെ ചരടുകള്‍ വലിക്കുന്നു ,ബുദ്ധിയും ഓര്‍മ്മയും നഷ്ടപ്പെട്ട്  ജീവിതത്തിന്റെ ചുഴികളില്‍ പെട്ട് നട്ടം തിരിയുന്നു.രക്ഷിക്കൂ എന്ന് നിലവിളിക്കുമ്പോള്‍ രക്ഷനായി ചെന്നാല്‍ അയാളും ചുഴിയില്‍ പെട്ട് മുങ്ങി താഴും .ഭഗവദ്ഗീതയിലെ രണ്ടാം അദ്ധ്യായത്തില്‍ 62,63 ശ്ലോകങ്ങളില്‍ ഇത്  ഭഗവാന്‍ അര്‍ജ്ജുനനോട് പറയുന്നുണ്ട്.
”ധ്യായതോ വിഷയാന്‍ പുംസ: സംഗ സ്തേഷുപജായതെ
സംഗാത് സംജായാതേ കാമ: കാമാത് ക്രോധോഭി ജായതേ.  (62)
ക്രോധാദ് ഭവതി സമ്മോഹ: സമ്മോഹാത് സ്മൃതി വിഭ്രമ :
സ്മൃതി ഭ്രംശാദ് ബുദ്ധിനാശോ ബുദ്ധിനാശാത് പ്രണശ്യതി.        (63)

       ഏതായാലും വലിയ ചതിക്കുഴികളിലൊന്നും വീഴാതെ ഇത്ര നാള്‍ ജീവിച്ചു,ആശ 

നശിച്ചാല്‍ ദു:ഖം അപ്രത്യക്ഷമാകും എന്ന ശ്രീ ബുദ്ധന്റെ ദര്‍ശനം ഞാന്‍ ശിരസ്സാ 

വഹിക്കുന്നു.  പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നതിനാല്‍ എന്റെ കൈലാസ ദര്‍ശനം 

ഉള്‍പ്പെടെയുള്ള ചില ഉല്‍ക്കടങ്ങളായ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഞാന്‍ 

വീണ്ടും ജനിക്കേണ്ടി വരും എന്നാണ് തോന്നുന്നത് .അതു കൊണ്ടാണ്  ആരംഭത്തില്‍ വ്യാസമുനിയുടെ വാക്യം ഉദ്ധരിച്ചത്.
ആശ്രയിക്കുന്നവരെ സഹായിച്ചും ,വിശ്വസിച്ചു ചവിട്ടുന്ന പാദങ്ങളെ ഉറപ്പിച്ചു നിര്‍ത്താന്‍ കെല്‍പ്പുള്ള അടിത്തറയോടെയും,സ്നേഹത്തിന്റെ നളിനകാന്തിയെഴും മാനസ്സപ്പൊയ്കയില്‍ സമസ്ത ലോക സൗഖ്യം എന്ന ആശാ ഹംസങ്ങള്‍ നീന്തിതുടിക്കട്ടെ.അങ്ങ് ദൂരെ പദ്മ ദളങ്ങള്‍ പോലെ നില്‍ക്കുന്ന ഹിമക്കൊടുമുടികള്‍ക്ക്  നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൈലാസ ധാവള്യവും, ഔന്നത്യവും,അര്‍ദ്ധനാരീശ്വരന്റെ അനുഗ്രഹങ്ങളും  കൈലാസികള്‍ക്കും ,ലോകവാസികള്‍ക്കാകെയും ലഭിക്കട്ടെ!!!


22/07/2017

2019 ജൂൺ 4, ചൊവ്വാഴ്ച



                                           കനാല്‍ ക്രൂയിസ് -മണ്‍റോ തുരുത്ത്
                                          
                                             -നന്ദ-     അഷ്ടമുടിക്കായലും,കല്ലടയാറും അതിരിടുന്ന മനോഹരമായ ഗ്രാമം-തിരുവിതാംകൂറിന്‍റെ റസിഡന്‍റ് സായിപ്പായിരുന്ന കേണല്‍ ജോണ്‍ മണ്‍റോയുടെ സ്മരണാര്‍ത്ഥം നാമകരണം ചെയ്തിട്ടുള്ള മണ്‍റോ തുരുത്ത്.കൊല്ലം ജില്ലയിലെ എട്ടോളം ദ്വീപുകളില്‍ പെട്ട,പതിമൂന്നു സ്ക്വയര്‍ കിലോമീറ്റര്‍ മാത്രം ചുറ്റളവുള്ള ഈ ചെറിയ തുരുത്ത് സമീപ കാലത്താണ് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങിയത്. പെരുങ്ങളം, പട്ടംതുരുത്ത്,പേഴംതുരുത്ത് തുടങ്ങിയവയാണ് മറ്റു ചെറു ദ്വീപുകള്‍. ഞങ്ങളുടെ വാസസ്ഥലമായ മാവേലിക്കരയില്‍ നിന്ന് നാല്‍പ്പത്തി മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ സ്ഥലത്തെ ചെറിയ റെയില്‍വേ സ്റ്റേഷനിലൂടെ എത്രയോ തവണ കടന്നു പോയിരിക്കുന്നു.വരിവരിയായി നില്‍ക്കുന്ന കേരവൃക്ഷങ്ങള്‍ക്ക് ചുറ്റും കളം വരച്ചത് പോലെയുള്ള ചെറു തോടുകളും,അതില്‍ അങ്ങിങ്ങ് വിശ്രമിക്കുന്ന കൊതുമ്പു വള്ളങ്ങളും,.... അതല്ലാതെ വലിയ ആര്‍ഭാടങ്ങളോ ആകര്‍ഷണീയതയോ ഒന്നും പ്രകടമല്ലാതിരുന്ന ഒരു സ്ഥലം- കൊല്ലത്ത് നിന്ന് ജോലി കഴിഞ്ഞു വരുമ്പോള്‍ ട്രെയിന്‍ ക്രോസ്സിങ്ങിനു പിടിച്ചിടുന്ന സമയത്ത് കൂട്ടുകാരുമൊത്ത് കൊച്ചുവര്‍ത്തമാനം പറഞ്ഞ് അല്‍പ്പ നേരം ആ സ്റ്റേഷനില്‍ ചിലവഴിച്ചിട്ടുണ്ട്.വലിയ പരിഷ്ക്കാരം ഒന്നും ഇല്ലാത്തൊരു സ്ഥലമെന്ന് അന്ന് തോന്നിയിരുന്നുവെങ്കിലും ഇന്ന് സ്ഥിതിയൊക്കെ മാറിക്കഴിഞ്ഞിരിക്കുന്നു,ഗ്രാമം വിനോദസഞ്ചാര കേന്ദ്രമായി ഉയരാന്‍ തുടങ്ങിയിരിക്കുന്നു,നന്നായിരിക്കട്ടെ, നമ്മുടെ നാടിന്‍റെ സൗന്ദര്യ സ്രോതസ്സുകള്‍ ലോകം അറിയട്ടെ..അങ്ങനെ നാം ഉയര്‍ച്ചയിലേക്ക് കുതിക്കട്ടെ!!!

ഈയിടെ കണ്ട ഒരു സുഹൃത്തിന്‍റെ വിവരണത്തിലൂടെയും, ടെലിവിഷന്‍ പ്രോഗ്രാമിലൂടെയുമാണ് മണ്‍റോ തുരുത്തില്‍ കനാല്‍ ക്രൂയിസ് ഏര്‍പ്പെടുത്തിയിട്ടുള്ള കാര്യം ഞങ്ങള്‍ അറിഞ്ഞത്.വലിയ തയ്യാറെടുപ്പുകള്‍ ഒന്നും ആവശ്യമില്ലാത്തതിനാല്‍ പെട്ടെന്ന് തന്നെ അവിടേയ്ക്കുള്ള യാത്രാ പരിപാടി തീരുമാനിക്കുകയായിരുന്നു.കൊല്ലം ആസ്ഥാനമായുള്ള ടൂറിസം ഓഫീസുമായി (DTPC) ബന്ധപ്പെട്ട് വിശദ വിവരങ്ങള്‍ ആദ്യം തന്നെ അറിഞ്ഞു വച്ചു.കൊല്ലം ബസ് സ്റ്റാന്‍റിനടുത്തുള്ള പ്രധാന ഓഫീസില്‍ എത്തിയാല്‍ സഞ്ചാരികള്‍ക്ക് യാത്രയുടെ വിവിധ പാക്കേജുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്‌. രാവിലെ പതിനൊന്നു മണിക്ക് ആരംഭിച്ച് അഞ്ചു മണിയോടെ അവസാനിക്കുന്ന ഹൗസ് ബോട്ട് സര്‍വ്വീസ് അവിടെ ലഭ്യമാണ്.കൊല്ലത്ത് നിന്നും പുറപ്പെട്ട് സാമ്പ്രാണി ഐലന്‍ഡ്‌,മണ്‍റോ ഐലന്‍ഡ്‌ ,അങ്ങനെ മറ്റനേകം ചെറു ദ്വീപുകള്‍ എല്ലാം ചുറ്റിക്കറങ്ങി അഷ്ടമുടിക്കായലിലൂടെ സഞ്ചരിച്ച് തിരിച്ചെത്തുന്നതിനു നാലു പേര്‍ക്ക് 6000 രൂപയും 18 ശതമാനം ടാക്സും ആണ് ചാര്‍ജ്ജ്. അതില്‍ കൂടുതലുള്ള ഓരോ ആള്‍ക്കും 400 രൂപ ഈടാക്കും.വെല്‍ക്കം ഡ്രിങ്ക്,മത്സ്യം,ചിക്കന്‍ ഇവ ഉള്‍പ്പെട്ട ഉച്ചഭക്ഷണവും  വൈകുന്നേരത്തെ ചായയും പലഹാരവും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.എന്നാല്‍ മണ്‍റോ തുരുത്തിലെ കനാലുകള്‍ തീരെ ചെറുതായതിനാല്‍ ഹൗസ് ബോട്ടില്‍ വരുന്ന സഞ്ചാരികളെ ചെറിയ വള്ളങ്ങളില്‍ കയറ്റി കനാല്‍ പ്രദിക്ഷണം നടത്തി വീണ്ടും തിരിച്ച് ബോട്ടിലേക്ക് കയറ്റിയിട്ടാണ് കായല്‍ യാത്ര തുടരുക..ജലയാത്രകള്‍ കൂടാതെ മറ്റ് പാക്കേജുകളും വിനോദ സഞ്ചാരികള്‍ക്ക് അവിടെ നിന്നും തിരഞ്ഞെടുക്കാം.ഒരു മുഴുവന്‍ ദിവസ പരിപാടിയില്‍ തത്കാലം താത്പര്യമില്ലാത്തതിനാല്‍,തുരുത്തില്‍ തന്നെ ഒന്നര വര്‍ഷം മുന്‍പ് തുടങ്ങിയിട്ടുള്ള സബ് ഓഫീസ്സിലേക്കാണ് ഞങ്ങള്‍ റെയില്‍ മാര്‍ഗ്ഗം പോയത്.എക്സ്പ്രസ്സ് ട്രെയിനുകള്‍ക്കൊന്നും സ്റ്റോപ് ഇല്ലാത്ത ആ ചെറിയ സ്റ്റേഷനിലേക്ക് പോകാനായി പാസഞ്ചര്‍ ട്രെയിന്‍ ആയ മെമുവില്‍ കയറി യാത്ര തിരിച്ചു .ഒരാള്‍ക്ക് വെറും പത്തു രൂപ ടിക്കറ്റെടുത്താല്‍ നാല്‍പ്പത്തി അഞ്ചു മിനിട്ട് കൊണ്ട് മണ്‍റോ തുരുത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്താം.യാതൊരു തിക്കും തിരക്കുമില്ലാത്ത ശാന്ത സുന്ദരമായ ഗ്രാമ പ്രദേശത്തെ സ്റ്റേഷനില്‍ ഇറങ്ങിയ ഞങ്ങള്‍ ഒന്നര കിലോമീറ്റര്‍ അകലെയുള്ള ടൂറിസം സബ് ഓഫീസ് ലക്ഷ്യമാക്കി നടന്നു.ടൂറിസം ഓഫീസ്സിലേക്ക് പോകുവാന്‍സ്റ്റേഷന് സമീപത്തു നിന്ന് ഓട്ടോ റിക്ഷകളും,എപ്പോഴെങ്കിലുമൊക്കെ സര്‍വീസ് നടത്തുന്ന ടൌണ്‍  ബസ്സുകളും  ലഭിക്കും.പോകുന്ന വഴിയില്‍ വച്ച് ടൂറിസം ഓഫീസില്‍ ട്രെയിനി ആയി ജോലി ചെയ്യുന്ന നിഖില്‍ എന്ന ചെറുപ്പക്കാരന്‍ ഞങ്ങളെ ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു.തലേ ദിവസം കാര്യങ്ങള്‍ അന്വേഷിക്കാന്‍ വിളിച്ചിരുന്ന ഞങ്ങള്‍ എത്തുന്ന കാര്യം ചുമതലപ്പെട്ട ആള്‍ സബ് ഓഫീസിന്‍റെ ചാര്‍ജ്ജുള്ള ഇദ്ദേഹത്തെ അറിയിച്ചിരുന്നുവത്രേ. അതുകൊണ്ട് കാര്യങ്ങള്‍ വളരെ എളുപ്പമായി.
                   കല്ലടയാറ്

അമൃത സമാനമായ ജലം നിറഞ്ഞൊഴുകുന്ന കല്ലട ആറിന്‍റെ സമീപത്തു കൂടി കുളിര്‍ കാറ്റേറ്റു കൊണ്ടുള്ള നടത്തം കൊണ്ട് ഊര്‍ജ്ജസ്വലരായ ഞങ്ങള്‍ ഒന്നര കിലോമീറ്റര്‍ ദൂരം നടന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിയത് അറിഞ്ഞതേയില്ല.ചെറിയ തോടിന്‍റെ കരയിലുള്ള വളരെ ചെറിയ ഓഫീസില്‍ നിഖിലും,മെയിന്‍റനന്‍സ് സ്റ്റാഫായ ഒരു വനിതയും കൂടി ഞങ്ങളെ വളരെ സന്തോഷത്തോടെ സ്വീകരിച്ചു. നിഖിലിന്‍റെ മേശയും കസേരയും കൂടാതെ,സന്ദര്‍ശകര്‍ക്കായി രണ്ടു കസേരകള്‍,കുറേ ലൈഫ് ജാക്കറ്റുകള്‍,ഒരു ടി വി ,ഇതൊക്കെയായിരുന്നു ആ ചെറിയ സ്ഥാപനത്തില്‍ പ്രധാനമായും ഉണ്ടായിരുന്നത്.പരമാവധി അഞ്ചു പേര്‍ക്ക് ഇരിക്കാവുന്ന ചെറിയ വള്ളങ്ങളില്‍ പത്തു മണിക്കാണ് ക്രൂയിസ് ആരംഭിക്കുന്നത്.നിഖിലുമായി കാര്യങ്ങള്‍ സംസാരിച്ചിരിക്കെ, വെയില്‍ ഉറയ്ക്കുന്നതിനു മുന്‍പ് യാത്ര ആരംഭിക്കാമെന്ന നിര്‍ദ്ദേശവുമായി തുഴക്കാരനായ സുദര്‍ശനന്‍ ചേട്ടന്‍ ആദ്യ യാത്രക്കാരായ ഞങ്ങളെയും കൊണ്ട് പോകാന്‍ തയ്യാറായി വന്നു.രണ്ടു മണിക്കൂറാണ് കറക്കം,ഒരാള്‍ക്ക്‌ 300 രൂപയാണ് ചാര്‍ജ്ജ്. ലൈഫ് ജാക്കറ്റുകള്‍ വള്ളത്തില്‍ വച്ചിട്ട്,രണ്ടു തൊപ്പികളും തന്ന് യാത്രാമംഗളങ്ങള്‍ ആശംസിച്ചു കൊണ്ട് നിഖില്‍ ഞങ്ങളെ വള്ളത്തില്‍ കയറാന്‍ സഹായിച്ചു.ഉപ്പ് രസമുള്ള പച്ച നിറമുള്ള ജലത്തില്‍ വിശ്രമിച്ചിരുന്ന ആ ചെറു തോണി ഞങ്ങളുടെ പാദസ്പര്‍ശം കൊണ്ട് ചെറുതായി ഒന്ന്  ആടിയുലഞ്ഞപ്പോള്‍ കുറച്ചു ഭയം തോന്നാതിരുന്നില്ല.വേനല്‍ക്കാലം ആയിരുന്നെങ്കിലും ഭാഗ്യം കൊണ്ട് അന്ന് വലിയ വെയില്‍ ഇല്ലായിരുന്നു,അല്ലെങ്കിലും യാത്ര തുടങ്ങിയാല്‍ പിന്നെ തോടിന് മുകളിലേക്ക്  ചെരിഞ്ഞു നില്‍ക്കുന്ന മരക്കൂടാരത്തിനടിയിലൂടെ പ്രകൃതിയുടെ മനോഹാരിതയില്‍ ലയിച്ച് സുഖമായി പോകുവാനാകുമല്ലോ.
ടൂറിസം ഓഫീസും ബോട്ട് മാനും

ഒരു വലിയ കഴ വെള്ളത്തില്‍ ഊന്നി ബോട്ട് മാന്‍ ചേട്ടന്‍ വള്ളം മുന്നോട്ട് നയിച്ചു.ഇരുവശങ്ങളിലും ഗ്രാമീണരുടെ ഭവനങ്ങളും,കാലിവളര്‍ത്തലും,കോഴി,താറാവ് കൃഷികളും കാണാമായിരുന്നു.നീന്തിവരുന്ന താറാക്കൂട്ടങ്ങളും,ചിറകു വിരിച്ചു വിശ്രമിക്കുന്ന നീര്‍ക്കാക്കകളും,മത്സ്യമെന്ന ഒറ്റ ഉന്നവുമായി ധ്യാനത്തിലിരിക്കുന്ന ബകങ്ങളും,കൊക്കിലൊതുങ്ങുന്ന എന്തിനെയും റാഞ്ചിയെടുക്കാനായി ചെറുവിമാനങ്ങള്‍ പോലെ പറക്കുന്ന പരുന്തുകളും സാധാരണ കാഴ്ചകളായിരുന്നു.മുളംകൂട്ടങ്ങളും,വള്ളിപ്പടര്‍പ്പുകളും എത്തി നോക്കി നില്‍ക്കുന്ന തോടിന്‍റെ വശങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിരുന്നത് കണ്ടപ്പോള്‍ വലിയ വിഷമം തോന്നി.മാലിന്യ സംസ്കരണ സംവിധാനങ്ങളും ,മാനസികോന്നമനവും നിലവാരത്തിലെത്തിയാല്‍ മാത്രമേ നമ്മുടെ രാജ്യം പുരോഗമന പാതയില്‍ ചരിക്കാന്‍ പ്രാപ്തമാകൂ എന്നാണ് അനുമാനം,വൈകാതെ അങ്ങനെയാകട്ടെ എന്നാഗ്രഹിക്കുന്നു.




കക്ക,മത്സ്യങ്ങള്‍,കായലിലെ ചെളി എന്നിങ്ങനെ പല സാധനങ്ങളും  കയറ്റിയ ചെറു തോണികള്‍ തോട്ടിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് കാണാമായിരുന്നു.കല്ലുവിള ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനരികില്‍ കൂടി തുഴയൂന്നി പോകുമ്പോള്‍ നിറയെ കായ്കളുമായി നില്‍ക്കുന്ന ഒരു മരം ചൂണ്ടിക്കാട്ടിക്കൊണ്ട് അതെന്താണെന്നറിയാമോ എന്ന് തുഴക്കാരന്‍ ചേട്ടന്‍ ഞങ്ങളോട് ചോദിച്ചു.ചതുപ്പ് നിലങ്ങളിലും,ജലാശയ തീരങ്ങളിലും വളരുന്ന അധികം വലിപ്പമില്ലാത്ത ഒതളം ആയിരുന്നു അത്.ഇതിന്‍റെ വിത്ത്‌,പട്ട,ഇല ഇവയെല്ലാം ഔഷധ ഗുണമുള്ളവയാണെങ്കിലും സെറിബെറിന്‍,ഒഡോളിന്‍,തെവറ്റിന്‍ എന്നീ വിഷവസ്തുക്കള്‍ ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉള്ളില്‍ ചെന്നാല്‍ ച്ഛര്‍ദ്ദിയും വയറ്റിളക്കവും ഉണ്ടാവുകയും ക്ഷീണം മൂര്‍ച്ചിച്ച് മരണപ്പെടുകയും ചെയ്യും.പണ്ട് കാലങ്ങളില്‍ വിഷം വാങ്ങാന്‍ കയ്യില്‍ കാശില്ലാത്ത ആത്മഹത്യാ കുതുകികള്‍ക്ക് ഒതളങ്ങ ഒരാശ്വാസമായിരുന്നു.!!!!





                           ഒതളങ്ങ     
      
                 കല്ലുവിള ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

വേലിയേറ്റ സമയത്ത് കടലില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നതിനാല്‍ തെങ്ങ് മാത്രമേ തുരുത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുകയുള്ളൂ,മറ്റൊന്നും അവിടെ വളരുകയില്ല എന്ന് ഞങ്ങളുടെ വഞ്ചിക്കാരന്‍ പറഞ്ഞു തന്നു. തെങ്ങിന്‍ തടത്തിലിടാന്‍ വേണ്ടിയായിരിക്കാം ഒരാള്‍ ഒറ്റത്തോര്‍ത്തുമുടുത്തു കൊണ്ട് തോട്ടിലിറങ്ങി നിന്ന് ചെളി വാരി എടുക്കുന്നത് കണ്ടു,മറ്റൊരാള്‍ കായലില്‍ നിന്ന് വള്ളത്തില്‍ കുറേ ചെളി കൊണ്ടു വന്നിട്ടിരിക്കുന്നു.ഇവിടെയുള്ള മിക്ക വീട്ടുകാര്‍ക്കും സ്വന്തമായി വള്ളമുണ്ട്,മഴക്കാലത്ത് മാത്രമല്ല റോഡു സൗകര്യം ഇല്ലാതിരുന്ന കാലങ്ങളില്‍ തുരുത്തിനപ്പുറത്തുള്ള ലോകവുമായി ബന്ധപ്പെടാന്‍ ഈ വള്ളങ്ങളാണ് ഗ്രാമനിവാസികളെ അന്നൊക്കെ സഹായിച്ചിരുന്നത്. ആ ശീലം ഇപ്പോഴും തുടര്‍ന്നു പോകുന്നു പാവപ്പെട്ട ആ ദ്വീപ്‌ നിവാസികള്‍. 

പക്ഷിക്കൂടുകള്‍

            ചിറകു വിരിച്ചിരിക്കുന്ന നീര്‍ക്കാക്ക

തെങ്ങുകളിലും മറ്റ് വൃക്ഷ ശിഖരങ്ങളിലും കൂട് കെട്ടി പാര്‍ക്കുന്ന പക്ഷികള്‍ ആഹാരവുമായി വന്ന് കുഞ്ഞുങ്ങളെ വിളിക്കുന്ന വാത്സല്യം തുളുമ്പുന്ന ശബ്ദങ്ങള്‍ക്കൊപ്പം ,അതിര്‍ത്തിരേഖ കടന്നു വരുന്ന മറ്റു പക്ഷികളെ വിരട്ടി ഓടിക്കുന്ന താറാവുകളെയും,പരുന്തുകളെയും എല്ലായിടവും കാണാമായിരുന്നു.പന്നല്‍ എന്ന  ഫേണ്‍ വര്‍ഗ്ഗത്തില്‍പെട്ട (Fern)ഒരു സസ്യവും,.മത്സ്യങ്ങളുടെ പ്രജനന പ്രക്രിയയില്‍ സാരമായ പങ്കു വഹിക്കുന്നതും,പരിപാലിക്കപ്പെടേണ്ടതുമായ കണ്ടല്‍ക്കാടുകളുടെ (Mangrove) ദൃശ്യവും തുരുത്തിന്‍റെ പ്രത്യേകതകളായിരുന്നു.വലിയ വേരുകള്‍ ജലത്തില്‍ പിരിച്ചും ഉറപ്പിച്ചും മത്സ്യങ്ങള്‍ക്ക് ഒരു മണിമേട തന്നെ ഒരുക്കിയിരിക്കുകയായാണ് കണ്ടല്‍ക്കാടുകള്‍.
കണ്ടല്‍ ചെടിയുടെ വേരുകള്‍ പിരിഞ്ഞു കിടക്കുന്നത് ശ്രദ്ധിക്കുക

                     കണ്ടല്‍ ചെടി
കണ്ടല്‍ സസ്യങ്ങളുടെ മനോഹാരിത ആസ്വദിച്ച് കൊണ്ട് അതിഗംഭീരയായ അഷ്ടമുടിക്കായലിനരികിലേക്കാണ് ഞങ്ങളുടെ യാത്ര. ഇതിനിടെ ഒരു ചാരക്കൊക്ക് പറന്നു വന്ന് ഞങ്ങളുടെ തോണിയുടെ മുന്‍വശത്ത് സ്ഥാനം പിടിച്ചു.ഒരു ഗൈഡിനെ പോലെ അദ്ദേഹം കുറച്ചു നേരം ഞങ്ങളോടൊപ്പം ചിലവഴിച്ചിട്ട് എങ്ങോട്ടോ പറന്നു പോയി. പക്ഷികളുടെ ശബ്ദം ഒഴിച്ചാല്‍ പൊതുവേ നിശബ്ദ സുന്ദരമായ ,അധികം ചൂട് അനുഭവപ്പെടാത്ത,ശാന്തമായ കനാലില്‍ കൂടി കുറെ നേരം അങ്ങനെ യാത്ര ചെയ്തു.അഷ്ടമുടിക്കായലിന്‍റെ വിശാലമായ മാറിലേക്ക്‌ ഈ ചെറിയ ഊന്നു വള്ളത്തില്‍ പോകാന്‍ നിവൃത്തിയില്ലാത്തതു കൊണ്ട്,അതിന്‍റെ അരിക് പറ്റി  ആഴക്കൂടുതലില്ലാത്ത സ്ഥലത്തു കൂടി ഒന്ന് ചുറ്റിക്കറങ്ങി വീണ്ടും തോടുകളിലേക്ക് തന്നെ എത്തി.

           ചാരക്കൊക്ക്





തോടുകള്‍ക്ക് കുറുകെ ഉയരം കുറഞ്ഞ ചെറിയ പാലങ്ങള്‍ അങ്ങിങ്ങ് കാണാമായിരുന്നു.ദ്വീപ്‌ നിവാസികള്‍ക്ക് പെട്ടെന്ന് അക്കരെയിക്കരെ പോകുവാന്‍ വേണ്ടി  ഉണ്ടാക്കിയിരിക്കുന്ന ഈ ചെറു പാലങ്ങല്‍ക്കടിയിലൂടെ വള്ളം കടന്നു പോകുമ്പോള്‍ നാം ബഹുമാനപുരസ്സരം തല താഴ്ത്തി വള്ളത്തില്‍ കുമ്പിട്ട്‌  ഇറങ്ങിയിരിക്കണം,അല്ലെങ്കില്‍ പാലം തലയും കൊണ്ട് പൊയ്ക്കളയും. ഇങ്ങനെ കുമ്പിട്ട്‌ കുമ്പിട്ട്‌ പൊയ്ക്കൊണ്ടിരിക്കുമ്പോള്‍  കക്കവാരുന്നവരെയും ചൂണ്ടയിട്ടു മീന്‍ പിടിക്കുന്ന കുട്ടികളെയും, കോരുവല കൊണ്ട് മത്സ്യബന്ധനം നടത്തുന്നവരെയും കണ്ടു.





കോരുവലയുമായി ഗ്രാമീണന്‍




കുറെ സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞു പോകാതെ കരയെ രക്ഷിച്ചു നിര്‍ത്താന്‍ ഗവണ്മെന്‍റ് തന്നെ കയര്‍വലകള്‍ പാകി ഉറപ്പിച്ചിരിക്കുന്നത് നല്ലതായി തോന്നി.ഒരു സ്ഥലത്ത് പരമ്പരാഗത രീതിയില്‍ കയര്‍ പിരിക്കുന്നതിനുള്ള യന്ത്ര സാമഗ്രികള്‍ വച്ചിരിക്കുന്നത് കണ്ടുവെങ്കിലും ജോലിക്കാരെ ആരെയും തന്നെ കണ്ടില്ല.നല്ല നീളമുള്ള വള്ളമായതിനാല്‍ വളവുകളെടുക്കുമ്പോള്‍ വശങ്ങളില്‍ തട്ടീം മുട്ടീം ആണ് യാത്ര.ഒരു പ്രദേശത്ത് ചെന്നപ്പോള്‍ വശങ്ങളില്‍ നീല വലകള്‍(Net) കൊണ്ട് മൂടിയ മീന്‍ കുളങ്ങള്‍ ദൃശ്യമായി.അതൊന്നു കണ്ടാല്‍ കൊള്ളാമെന്നു പറഞ്ഞപ്പോള്‍ അങ്ങോട്ട്‌ പ്രവേശനം വേണമെങ്കില്‍ ഉടമസ്ഥന്‍റെ അനുവാദം വേണമെന്ന് സുദര്‍ശനന്‍ ചേട്ടന്‍ പറഞ്ഞു, മാത്രവുമല്ല നല്ല വെയില്‍ ഉണ്ടെങ്കില്‍ മാത്രമേ കുളത്തിലെ മത്സ്യങ്ങളെ കാണുവാനാകൂ...പോകട്ടെ അക്കാര്യത്തില്‍ തീരുമാനമായ സ്ഥിതിയ്ക്ക് ജലയാത്ര തുടരുക തന്നെ.യാത്രയ്ക്കിടയ്ക്ക് വള്ളങ്ങളുമായി വരുന്നവരും,ചെളി,കക്ക ഇവ വാരുന്നവരും,തോട്ടിന്‍ കരയ്ക്ക്‌ ഏതെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും എല്ലാം തുഴക്കാരന്‍ ചേട്ടന്‍റെ പരിചയക്കാരായിരുന്നു.
കയര്‍ പിരിക്കുന്ന യന്ത്രം- വള്ളം മുന്നോട്ട് പോയ്ക്കഴിഞ്ഞാണ് ഇതു കണ്ടത്,അതുകൊണ്ട് ,ചിത്രം വ്യക്തമല്ലെന്നറിയാം,ദയവായി ക്ഷമിക്കുക.
മീന്‍ കുളം     


വശങ്ങളില്‍ പന്നല്‍ ചെടികള്‍ കാണുക

തോടിന്‍റെ ഇരുകരകരകളിലും സഞ്ചാരികളെ ലക്ഷ്യമിട്ട് ധാരാളം റിസോര്‍ട്ടുകളും,ഹോം സ്റ്റേകളും സ്ഥാനം പിടിച്ചിട്ടുണ്ട്.കുളങ്ങളില്‍ വളര്‍ത്തിയെടുക്കുന്ന മത്സ്യ വിഭവങ്ങള്‍ കൂടുതലും വിദേശീയരും സ്വദേശീയരുമായ വിനോദ സഞ്ചാരികള്‍ക്കായി പാകം ചെയ്യപ്പെടുകയാണെന്നും,വൈകുന്നേരമായാല്‍ സൂര്യാസ്തമയ ദര്‍ശനത്തിനായി ധാരാളം ആളുകള്‍ കായല്‍ യാത്രയ്ക്കായി വരുമെന്നും സുദര്‍ശനന്‍ ചേട്ടന്‍ പറഞ്ഞു.മാത്രവുമല്ല റോഡു ഗതാഗതം പുരോഗമിച്ചതോടെ സഞ്ചാരികളുടെ വരവു വര്‍ദ്ധിക്കുക കാരണം അനവധി വന്‍കിട ഹോട്ടലുകളും,റെസ്റ്റോറന്‍റുകളും പ്രദേശത്ത് പുതുതായി പണിതുയര്‍ത്തിയിട്ടുണ്ടെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.





                   റിസോര്‍ട്ടുകള്‍
കുശലങ്ങള്‍ പറഞ്ഞു കൊണ്ട് ഒരിടത്ത് ചെന്നപ്പോള്‍ കരയിലേക്ക് ചൂണ്ടിക്കൊണ്ട് അയാള്‍ തന്‍റെ വീട് കാട്ടിത്തന്നു.സാമാന്യം നല്ല വീട്,അപ്പോള്‍ അദ്ദേഹത്തിന്‍റെ ജോലിയെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ തിരക്കി.മാസത്തില്‍ നാല് ഓഫ്‌ എടുക്കാം,കടും പച്ച നിറത്തിലുള്ള യൂണിഫോമും അത് കഴുകുന്നതിനുള്ള വാഷിംഗ് അലവന്‍സും, പതിനേഴായിരം രൂപ ശമ്പളവും കിട്ടും.മഴക്കാലമായാല്‍ സഞ്ചാരികള്‍ വരാത്തതിനാല്‍ ജോലിയുണ്ടാവില്ലെങ്കിലും ശമ്പളം കിട്ടുമെന്നും ഞങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
കഥകളും കാര്യങ്ങളും പറഞ്ഞ് പറഞ്ഞ് പ്രകൃതിമാതാവിന്‍റെ വാത്സല്യമനുഭവിച്ച് യാത്ര തുടങ്ങിയ സ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ സമയം ഏതാണ്ട് പന്ത്രണ്ട് മണി.വളരെ നല്ല ഒരു ദിവസം ഞങ്ങള്‍ക്ക് നല്‍കിയ ടൂറിസം ഓഫീസിലെ എല്ലാവരോടും നന്ദി പറഞ്ഞ് അടുത്ത മെമുവില്‍ കയറി വീട്ടിലേക്കു മടങ്ങി. 
സര്‍വ്വ ജീവജാലങ്ങള്‍ക്കും തന്‍റെ വാത്സല്ല്യ ദുഗ്ദ്ധം ചുരത്തി പരിപാലിക്കുന്ന മാതൃസ്വരൂപിണിയായ പ്രകൃതിയെ സ്നേഹിക്കുക, സംരക്ഷിക്കുക,ഒപ്പമുണ്ടാകുക....ബാക്കിയെല്ലാം താനേ വന്നു കൊള്ളും...

21/05/2019