2025 ജൂൺ 6, വെള്ളിയാഴ്‌ച

 

ഉല്ലാസങ്ങളുടെയും കാഴ്ചകളുടെയും  തായ് ലാൻഡ്

ഭാഗം 3 

പട്ടയായിലെ നോങ്നൂച്ച് പൂന്തോട്ടവും, കാബറേ ഡാൻസും,മാന്ത്രിക ഇല്യൂഷൻ ലോകവും...

 തായ് ലാൻഡ് യാത്രയുടെ മൂന്നാമത്തെ ദിവസം  ബാങ്കോക്കിനോട് വിട പറഞ്ഞു കൊണ്ട് പട്ടയ നഗരത്തിന്റെ കാഴ്ചകൾ ആസ്വദിക്കുന്നതിനായി രാവിലെ തന്നെ ഞങ്ങൾ യാത്ര തുടങ്ങി. .ബാങ്കോക്കിൽ നിന്ന് പട്ടയായിലേക്ക് ഏകദേശം 150 കിലോ മീറ്ററോളം ദൂരമുണ്ട്, രണ്ടു മണിക്കൂറിലധികമാണ് യാത്രാ സമയം . നീണ്ട യാത്രയുടെ മടുപ്പ് തോന്നാതിരിക്കാനായി ബസിനുള്ളിലെ ഗായികമാർ ഗാനങ്ങൾ ആലപിക്കുകയും അത് കേട്ട് ഗായകർ നിദ്ര പൂകുകയും ചെയ്തു. പാട്ടും  തമാശകളുമായി പുരോഗമിച്ച ബസ് യാത്ര ചെന്നെത്തി നിന്നത് ലോകത്തിലെ തന്നെ വലിയ ഒരു ട്രോപ്പിക്കൽ ഗാർഡനായ “ നോങ് നൂച്ച്” ഉദ്യാനത്തിന് മുന്നിലായിരുന്നു .                                                                                                                                                      

നോങ് നൂച്ച് ട്രോപ്പിക്കൽ ഗാർഡൻ

തായ് ലാൻഡിലെ  ചോൻ ബൂരി പ്രവിശ്യയിലെ  500 ഏക്കർ വിസ്തൃതിയുള്ള സസ്യോദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമാണ് നോങ് നൂച്ച് ട്രോപ്പിക്കൽ ഗാർഡൻ . മാമ്പഴം,ഓറഞ്ച്,തേങ്ങ തുടങ്ങിയ തദ്ദേശീയ ഫലങ്ങൾ വിളയിച്ചെടുക്കുവാൻ  വേണ്ടിയായിരുന്നു തായ് വനിതയായ നോങ് നൂച്ചും ഭർത്താവും ഇവിടെ സ്ഥലം വാങ്ങിയത് . പക്ഷേ ഒരു വിദേശ യാത്രയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പിന്നീടവർ ഇവിടം ഒരു ഉഷ്ണ മേഖല ഉദ്യാനമാക്കുകയാണുണ്ടായത് . ലോകത്തിലെ ഏറ്റവും മനോഹരമായ ഉദ്യാനങ്ങളിൽ മൂന്നാം സ്ഥാനമുള്ള ഈ ഉദ്യാനത്തിൽ വൈവിദ്ധ്യമാർന്ന സസ്യ ശേഖരങ്ങൾ ആകർഷകമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നതായി കാണാം . ഞങ്ങളെ ഉദ്യാനത്തിന് മുന്നിൽ ഇറക്കി വിട്ടിട്ട് ബസ് വിശാലമായ പാർക്കിങ് ഏരിയയിലേക്ക് പോയി. പ്രത്യേക ആകൃതിയിൽ ഭംഗിയായി വെട്ടി നിർത്തിയ മരങ്ങളും, ദിനോസർ പ്രതിമകളും റിസപ്ഷന് മുന്നിൽ  അതിഥികൾക്ക് സ്വാഗതമോതി നിലയുറപ്പിച്ചിരുന്നു . ടിക്കറ്റുമായി വന്ന ഉമിയോടൊപ്പം അകത്തേക്ക് പ്രവേശിച്ച ഞങ്ങൾ നോങ് നൂച്ച് എന്ന് പേരെഴുതിയ ഫലകത്തിന് മുന്നിൽ നിന്നൊരു ഗ്രൂപ്പ് ഫോട്ടോ എടുത്തിട്ടാണ് കാഴ്ചകളിലേക്ക് പോയത് .

       നോങ് നൂച്ച് ഉദ്യാനത്തിൽ ആൻസ് ട്രാവൽ ഗ്രൂപ്പ് 

ചെറുതും വലുതുമായി വിവിധ മോഡലുകളിലുള്ള കാറുകൾ നിരത്തി വച്ചിരിക്കുന്നതായിരുന്നു ആദ്യത്തെ കാഴ്ച . സാധാരണ കണ്ടിട്ടില്ലാത്ത  പല ഡിസൈനുകളിലും ,വലിപ്പത്തിലുമുള്ള മനോഹരമായ കാറുകളെ പശ്ചാത്തലമാക്കി  ഫോട്ടോ എടുക്കാൻ എല്ലാവരും മത്സരമായിരുന്നു . കാറുകളെ കടന്ന്  മുന്നോട്ട് ചെന്നപ്പോൾ പല നിറങ്ങളിലുള്ള വള്ളിച്ചെടികൾ തൂക്കിയിട്ടിരുന്ന  വലിയ  ഒരു ടെറസ് ഗാർഡനും, അതിന്റെ മുറ്റത്ത്  ആനപ്പുറത്ത് സവാരി ചെയ്യുന്നവരെയും  കണ്ടു . ആനസവാരിയ്ക്ക് പ്രത്യേകം ടിക്കറ്റെടുക്കണം . ഗ്രൂപ്പിലുള്ള ചിലരൊക്കെ ആനസവാരിയ്ക്ക് പോയെങ്കിലും ഞങ്ങൾക്ക് അതിന് തീരെ താത്പര്യമില്ലായിരുന്നതിനാൽ ടെറസ് ഗാർഡനിലെ കാഴ്ചകൾ കണ്ടു നടന്നു .പിന്നീട് ആന സവാരിക്കാർ തിരിച്ചു വന്നതോടെ വിശാലമായ ഉദ്യാനം കാണുന്നതിനായി എലക്ട്രിക് ബഗ്ഗിയിൽ കയറി ഓർക്കിഡുകളുടെ കൂടാരത്തിലേക്കാണ് ആദ്യം പോയത്  . 



                 നോങ് നൂച്ച് ഉദ്യാനത്തിലെ കാറുകൾ 
    
     ബഗ്ഗിയിൽ നിന്നിറങ്ങി ടെറക്കോട്ട ശിൽപ്പങ്ങൾക്കിടയിലൂടെ നടന്നു കയറിച്ചെന്നത് വർണ്ണപ്പൂങ്കുലകൾ വിടർന്നു നിൽക്കുന്ന ഓർക്കിഡുകളുടെ മനോഹരമായ ലോകത്തേക്കാണ് . ഓർക്കിഡ് സുന്ദരിമാർ ചിരി തൂകി നിന്നിരുന്ന ആ പൂന്തോട്ടത്തിലുണ്ടായിരുന്ന കുസൃതി പാണ്ടകളുടെ ശിൽപ്പങ്ങൾക്കൊപ്പവും പാണ്ടപ്പുറത്തുമൊക്കെ കയറിയിരുന്ന് കുറേ ചിത്രങ്ങളെടുത്ത ശേഷം  വീണ്ടും ബഗ്ഗിയിൽ കയറി ഞങ്ങൾ ഉദ്യാനക്കാഴ്ചകളിലേക്ക് പോയി. 

                ഓർക്കിഡ് കൂടാരത്തിലെ സുന്ദരിമാർ

പച്ചപ്പുതപ്പ് വിരിച്ചതു പോലെയുള്ള പുൽ മൈതാനങ്ങൾക്കിടയിൽ ആകർഷകമായ  ആകൃതിയിൽ  വെട്ടിയൊരുക്കി നിർത്തിയിരിക്കുന്ന   ചെടികളും അവയ്ക്കിടയിൽ ഒരു വനത്തിലെന്ന പോലെ കാണപ്പെട്ട  വന്യ ജീവികളുടെ  ശിൽപ്പങ്ങളും എല്ലാം കൂടി ആ ആരാമത്തിന് ഒരു വശ്യ ചാരുതയാണ്  നൽകിയിരുന്നത് . ചെടികൾക്കിടയിലുണ്ടായിരുന്ന  പാലാഴി മഥന ശിൽപ്പവും ,ബുദ്ധപ്രതിമകളും ,വന്യ ജീവികളുടെ ജീവൻ തുടിക്കുന്ന  പ്രതിമകളും ഉദ്യാനത്തിന്റെ അഴക് വർദ്ധിപ്പിച്ചു  . മരുഭൂ നിവാസികളായ കാക്റ്റസ്  ചെടികളെ ജല സ്പർശമേൽക്കാതിരിക്കാനാ-  യിരിക്കാം  വലിയൊരു ഷീറ്റ് പന്തലിലാണ് പരിപാലിച്ചിരുന്നത് . മഞ്ഞ, ചുവപ്പ് ,വെള്ള തുടങ്ങിയ വിവിധ വർണ്ണങ്ങളിലുള്ള ഉരുണ്ട പൂക്കൾ നിറഞ്ഞ  കാക്റ്റസ് ചെടികളുടെ വലിയ തോട്ടം എല്ലാവരിലും വലിയ  അത്ഭുതമാണ് ഉളവാക്കിയത് . 

                                   ഉദ്യാനക്കാഴ്ചകൾ 


                        ഉദ്യാനക്കാഴ്ചകൾ 


             ഉദ്യാനത്തിലെ പാലാഴി മഥന ശിൽപ്പം

           മരുഭൂ നിവാസികൾ -കാക്റ്റസ് 

                  ഉദ്യാനത്തിലെ ബുദ്ധ പ്രതിമകൾ

ഇങ്ങനെ അറിയുന്നതും അറിയാത്തതുമായ എത്രയോ തരം അപൂർവ്വ സസ്യങ്ങളെയും  കണ്ടു കൊണ്ട് ചെന്നെത്തിയത് “ദിനോസര്‍ വാലിയിലേക്കാണ് . 240 ദശ ലക്ഷം വർഷം മുൻപ്  ജുറാസിക് കാലഘട്ടങ്ങളിൽ ഭൂമി  വാണിരുന്ന  സസ്യ ഭുക്കുകളും മാംസ ഭുക്കുകളും പറക്കുന്നതുമായ ഭീമാകാരികളായ  ദിനോസറുകൾ  എന്നോ വംശ നാശത്തിനിരയായെന്നാണ് പറയപ്പെടുന്നത് .നീണ്ട കഴുത്തുമായി മേഘ ശകലങ്ങളെ വിഴുങ്ങാൻ പോകുന്നവരും ,കോമ്പല്ലുകളും തുറിച്ച കണ്ണുകളുമുള്ള ഭീകരന്മാരും ,വലിയ പല്ലികളെപ്പോലെയുള്ളവരും, ചിറകുള്ളവരും  തുടങ്ങി മുട്ടയിൽ  നിന്ന് വിരയിയുന്നവർ വരെയുള്ള ദിനോസറുകളെ സിമന്റ് കൊണ്ട് ഉണ്ടാക്കി ഒരു പാടത്ത് കൃഷി ചെയ്ത് വച്ചിരിക്കുന്നത് പോലെയുള്ള വാലിയിലെ കാഴ്ച ശരിക്കും വിസ്മയിപ്പിക്കുന്നതു തന്നെയായിരുന്നു. അവിടെത്തന്നെ “ദിനോസർ കിച്ചൺ” എന്നോ മറ്റോ പേരുള്ള ഒരു ഹോട്ടൽ കണ്ടപ്പോൾ ഒരു ദിനോസർ ഫ്രൈ ചോദിച്ചാലോ എന്ന് ഞങ്ങൾ തമ്മിൽ പറഞ്ഞു. ഒരു കാലത്ത് ലോകം അടക്കി വാണിരുന്ന ഗംഭീരന്മാരായ ദിനോസറുകളുടെ ജീവൻ തുടിക്കുന്ന സിമന്റ് പ്രതിമകൾ  ഉച്ച വെയിൽ കാഞ്ഞ് നിന്നിരുന്ന വിശാലമായ ദിനോസർ പാടങ്ങളിൽ ചിതറി നടന്ന ഗ്രൂപ്പ് അംഗങ്ങളെ തപ്പിക്കണ്ടുപിടിച്ച് അടുത്ത ഷോ നടക്കുന്ന സ്ഥലത്ത്  എത്തിക്കാൻ  ഉമി നന്നേ പാട് പെട്ടു.

                       

             മുട്ട വിരിഞ്ഞു വരുന്ന ദിനോസര്‍ കുഞ്ഞ് 

                         ദിനോസർ വാലി
കൾച്ചറൽ ഷോ 

കൾച്ചറൽ ഷോ നടക്കുന്ന സ്ഥലത്തിനടുത്ത് വാഹനം  നിർത്തിയതും ഉമി കാണിച്ചു തന്ന ഏതൊക്കെയോ വരാന്തകളിലൂടെയും ഇടനാഴികളിലൂടെയും ഓടിയോടി ഏ സി യുടെ തണുപ്പിൽ മരവിച്ചു നിന്ന ഒരു ഹാളിൽ എത്തിയപ്പോഴേക്കും ഷോ തുടങ്ങിക്കഴിഞ്ഞിരുന്നു . തായ് സംസ്കാരം സഞ്ചാരികൾക്കു മുന്നിലേക്കെത്തിക്കുന്ന നിറപ്പകിട്ടാർന്ന   ആകർഷകമായ ഒരു പ്രദർശനമായിരുന്നു അത്. വ്യത്യസ്ത നിറങ്ങളിലുള്ള  വൈദ്യുത രശ്മികളാൽ ദീപ്തമായ സ്റ്റേജിലേക്ക്  മിന്നിത്തിളങ്ങുന്ന വസ്ത്രങ്ങളും, മനോഹരമായ കിരീടങ്ങളുമണിഞ്ഞ് കൊടികളും ,കുടകളും, ഭംഗിയുള്ള കുടങ്ങളും മറ്റും  പിടിച്ച് നൃത്തച്ചുവടുകളുമായി എത്തിയ സ്ത്രീ പുരുഷന്മാരെ കൊണ്ട് വർണ്ണ പ്രപഞ്ചമായ ആ അരങ്ങ്  പ്രത്യേകമായ ഒരു  ആനന്ദാനുഭൂതിയാണ്  കാണികളിൽ ഉളവാക്കിയത് . നർത്തകിമാർ ചിലരെങ്കിലും വസ്ത്ര ക്ഷാമമുള്ള നാട്ടുകാരായി തോന്നിയെങ്കിലും എല്ലാവരുടെയും പ്രകടനം വളരെ നന്നായിരുന്നു. നെറ്റിപ്പട്ടവും മറ്റ് അലങ്കാരങ്ങളും അണിഞ്ഞ ഗജ വീരന്മാർക്ക് മുകളിലിരുന്ന് പട നയിക്കുന്ന രാജാക്കന്മാരെയും അവർക്ക് അകമ്പടി സേവിക്കുന്ന ഭടന്മാരെയും അനേക ശിരസ്സുകളോടെ ഫണമുയർത്തി നിൽക്കുന്ന നാഗത്താനെയും ഒക്കെ പ്രമേയമാക്കി അവർ അവരുടെ പാരമ്പര്യ കലകൾ സദസ്സിന് മുന്നിൽ ഭംഗിയായി അവതരിപ്പിച്ചു.

                    കൾച്ചറൽ ഷോ
എലിഫൻറ്  ഷോ 

 അര മണിക്കൂറോളം നീണ്ട കൾച്ചറൽ ഷോ കഴിഞ്ഞ് മറ്റൊരു വേദിയിൽ  നടന്ന ആനകളുടെ രസകരമായ പ്രകടനം കാണാനാണ് പോയത്  . വർണ്ണക്കുപ്പായങ്ങളണിഞ്ഞ ചെറുതും വലുതുമായ കുറേ ആനകൾ കാണികളിരിക്കുന്ന ഗാലറിയുടെ നടുവിലുള്ള ഒരു വലിയ ഗ്രൌണ്ടിൽ വന്ന് എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതും ഒന്നിന് പിറകെ ഒന്നായി വാലിൽ പിടിച്ച് ഗ്രൌണ്ടിന്  വലം വയ്ക്കുന്നതും കാണാൻ നല്ല രസമായിരുന്നു . നിലത്ത് കുത്തിയിരിക്കുക, കാണികളെ കിടത്തി മസാജ് ചെയ്യുക,പന്ത് കളിക്കുക തുടങ്ങിയ പല തരം അഭ്യാസങ്ങൾ  കാണിച്ച് അവർ എല്ലാവരെയും വിസ്മയിപ്പിച്ചു.  പ്രത്യേകം  പണം കൊടുക്കുന്നവരെ തുമ്പിക്കയ്യിൽ ചുറ്റിയെടുത്ത് ഉയർത്തുകയും  തലയിൽ തുമ്പി വച്ച് അനുഗ്രഹിക്കുകയും ചെയ്യുന്ന പരിപാടിയും ഉണ്ടായിരുന്നു . ഷോയുടെ ഒടുവിൽ  തുമ്പിക്കൈ നീട്ടി കാണികളിൽ നിന്ന് സംഭാവന വാങ്ങാനും അവരെ പരിശീലിപ്പിച്ചിട്ടുണ്ടായിരുന്നു . ഗ്രൂപ്പിലുള്ള പല മത്തേഭ ഗാമിനികളും തുമ്പിക്കര  വലയത്തിൽ ഹർഷ പുളകിതരായി ഒരു തൊട്ടിലിലെന്ന പോലെ കിടന്നു ചിത്രങ്ങളെടുത്തവരാണ്  . ഇത്തിരിക്കുഞ്ഞന്മാർ മുതൽ വലിയ ആനകൾ (കൂടുതലും പിടിയാനകൾ) വരെ പങ്കെടുത്ത  ജാഥയും കൂടി കഴിഞ്ഞതോടെ ഷോ അവസാനിച്ചു.

                   ആനകളുടെ കുത്തിയിരിപ്പ് 

                      ആനകളുടെ റാലി

              തുമ്പിക്കരത്തിൽ ഊയലാടും കൂട്ടുകാരി  

ആനക്കളികൾ കണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല, വയർ, വിശക്കുന്നുവെന്ന്  മുറവിളി തുടങ്ങിയതോടെ നേരെ ഭക്ഷണ ശാലയിലേക്കാണ് പോയത് . സഫാരി പാർക്കിലെപ്പോലെ വലിയ തിരക്കൊന്നുമില്ലാത്ത അവിടത്തെ  ആഹാരം നല്ല രുചികരമായിരുന്നു. ആഹാരം കഴിഞ്ഞ് ഉദ്യാന സന്ദർശനം അവസാനിപ്പിച്ച് ബസ് പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടന്നു. എല്ലാ നടവഴികളുടെയും  ഇരു വശങ്ങളിലും ദിനോസറുകളുടെയും, കാണ്ടാമൃഗത്തിന്റെയും , ആനയുടെയും ഒക്കെ ശിൽപ്പങ്ങൾ നിരത്തി നിരത്തി വച്ചിരിക്കുന്നത് മറ്റെങ്ങും കണ്ടിട്ടില്ലാത്ത ഒരു കാഴ്ചയായിരുന്നു ,മാത്രവുമല്ല ദിനോസറുകളോട് ഇവിടെയുള്ളവർക്ക് ഒരു പ്രത്യേക മമത ഉള്ളതായും  തോന്നി. 

     നോങ് നൂച്ച് ഉദ്യാനത്തിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ കണ്ടതിനു ശേഷം പട്ടയായിലെ ഞങ്ങളുടെ താമസ സ്ഥലമായ ഗോൾഡൻ ബീച്ച് ഹോട്ടലിലേക്കാണ്  പോയത് . അങ്ങോട്ടേക്കുള്ള യാത്രയ്ക്കിടയിൽ പട്ടയയെപ്പറ്റി കുറച്ചു കാര്യങ്ങൾ കൂടി  ഉമി പറഞ്ഞു തന്നു. പതിനൊന്ന് എയർ പോർട്ടുകളുള്ള പട്ടയയുടെ ആദ്യ നാമം “ടപ്പയ” എന്നായിരുന്നെന്നും അത് മത്സ്യത്തൊഴിലാളികളുടെ ഗ്രാമമായിരുന്നെന്നുമാണ് അറിയാൻ കഴിഞ്ഞത് . ബീച്ചുകൾ കൊണ്ട് സമ്പന്നമായ പട്ടയയെ മൂന്നായി തിരിക്കാമെന്നും, ബീച്ച് റോഡിന് ഇടത് വശം സൌത്ത് പട്ടയയും വലത് നോർത്ത് പട്ടയയും ഇടയിലുള്ളത് സെൻട്രൽ  ആണെന്നുമുള്ള ചരിത്രമൊക്കെ പറഞ്ഞു കൊണ്ടിരിക്കെ ആ സ്ഥലത്തെ ഒരു ‘ഗേറ്റട’ കിട്ടി. ‘അട’ എന്ന് കേട്ട് ആരും സന്തോഷിക്കണ്ട തിന്നാനുള്ള അടയല്ല ട്രെയിൻ പോകാൻ വേണ്ടി ഗേറ്റടച്ച് അവിടെ കുറച്ചു നേരം കിടക്കാനുള്ള അവസരം കിട്ടിയെന്നാണ് പറഞ്ഞു വന്നത് .ട്രെയിൻ വഴിമാറിത്തന്നതോടെ ഒളിച്ചു കളിച്ചു കൊണ്ടിരുന്ന കരകാണാക്കടലിന്റെ അരിക് ചേർന്നു കിടന്നിരുന്ന  റോഡിലൂടെ യാത്ര ചെയ്ത്  ഏതാണ്ട് അഞ്ചു മണിയോടെ പട്ടയ സെൻട്രലിൽ ഉള്ള ഗോൾഡൻ ബീച്ച് ഹോട്ടലിൽ ഞങ്ങൾ കയറിപ്പറ്റി. പഴയ രീതിയിൽ ഡിസൈൻ ചെയ്തിട്ടുള്ളതായിരുന്നെങ്കിലും വളരെ നല്ല വൃത്തിയുളള വിശാലമായ മുറികളായിരുന്നു അവിടത്തേത്. വലിയ തടിക്കസേരകളും ,കട്ടിലുകളും മേശകളും കൂടാതെ  സാധന സാമഗ്രികൾ വയ്ക്കാനുള്ള ബലമുള്ള തടി പ്ലാറ്റ്ഫോമുകളും അവിടത്തെ മാത്രം പ്രത്യേകതയായി തോന്നി. മുറിയിൽ അൽപ്പ സമയം വിശ്രമിച്ചിട്ട്  വൈകുന്നേരത്തെ കാഴ്ചകൾ കാണുന്നതിനായി ഇറങ്ങി . ഹോട്ടലിൽ നിന്ന് രണ്ട് കിലോ മീറ്റർ അകലെയുള്ള “ആർട്ട് ഇൻ പാരഡൈസ് 3 D ഇല്യൂഷൻ “എന്ന സ്ഥലവും , “അൽക്കാസാർ” ഷോയുമായിരുന്നു നൈറ്റ് ലൈഫിനും മസാജിനും പേരു കേട്ട പട്ടയായിലെ ആദ്യ ദിന സായം സന്ധ്യാ പരിപാടികൾ . ഇല്യൂഷൻ ആസ്വദിക്കുന്നതിനായി ആർട്ട്  മ്യൂസിയത്തിലേക്ക് തിരിക്കുന്നതിന്  മുൻപ് മൊബൈൽ ഫോണിൽ “AR” എന്ന ഒരു സോഫ്റ്റ് വെയർ കൂടി ഡൌൺലോഡ് ചെയ്യേണ്ടതുണ്ടായിരുന്നു . അതിനുള്ള ലിങ്കും മറ്റും ഹോട്ടലിൽ വച്ച് തന്നെ ബ്രിട്ടോ എല്ലാവർക്കും ഷെയർ ചെയ്തിരുന്നതിനാൽ കാര്യങ്ങൾക്ക് പ്രയാസമുണ്ടായില്ല .  

  ആർട്ട് ഇൻ പാരഡൈസ് 3 d ഇല്യൂഷൻ  

തായ് ലാൻഡിലെ  ഏക വിഷൻ  ഇല്യൂഷൻ  മ്യൂസിയമായ “ആർട്ട് ഇൻ പാരഡൈസിൽ” നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലാത്ത   വ്യത്യസ്തമായ ഒരു അനുഭവമാണ് കിട്ടിയത് . മ്യൂസിയത്തിന്റെ  ചുവരുകളിൽ ധാരാളം  സീനറികളും, ആഴക്കടൽ ദൃശ്യങ്ങളും,കാർട്ടൂൺ കഥാപാത്രങ്ങളുടെയും മൃഗങ്ങളുടെയും ഒക്കെ ചിത്രങ്ങൾ വരച്ചു ചേർത്തിട്ടുണ്ടായിരുന്നു . ഈ പെയിന്റിനങ്ങുകൾ ഓരോന്നും ഓരോരുത്തരുടെയും  ഭാവനയ്ക്കനുസരിച്ച് ചലിക്കുന്ന ത്രിമാന  വീഡിയോകൾ  പോലെ സൃഷ്ടിച്ചെടുക്കാമെന്നതാണ്  ഇല്യൂഷൻ . അതിനു വേണ്ടിയാണ് ആദ്യം തന്നെ ഫോണിൽ  “A R” എന്ന സോഫ്റ്റ് വെയർ  ആപ്ളിക്കേഷൻ ഡൌൺലോഡ് ചെയ്തത് . ഓരോ ചിത്രത്തിന്റെയും വിഷയമനുസരിച്ച് അതിന്റെ ഒരു വശത്ത്  നിന്നു കൊണ്ട് നമ്മൾ മുഖത്ത്  ഭാവം വരുത്തുകയോ കൈകാലുകൾ ചലിപ്പിക്കുകയോ ചെയ്ത് അഭിനയിക്കണം .(സെൽഫി എടുക്കാൻ പറ്റില്ല) അതായത് ഉദാഹരണത്തിന് ഗർജ്ജിച്ചു കൊണ്ട് ചാടുന്ന ഒരു സിംഹത്തിന്റെ ചിത്രത്തിന് മുന്നിൽ ഒരാൾ നിൽക്കുക ,കൂടെയുള്ള ആൾ A R എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലത്ത് നിന്നു കൊണ്ട് A R സോഫ്റ്റ് വെയർ ഉള്ള ഫോണിൽ വീഡിയോ എടുക്കുക . ചിത്രത്തിനടുത്ത് നിൽക്കുന്ന ആളിന് നേരെ സിംഹം  പുറത്തേക്ക് ചാടുന്നത് പോലെ ഫോണിൽ കാണുന്ന സമയത്ത് പേടിക്കുന്നതായി അഭിനയിച്ച് വീഡിയോ എടുത്താൽ നമ്മൾ ഒരു സിംഹത്തിന് മുന്നിൽ അകപ്പെട്ടതായി വീഡിയോ എടുത്ത് കൂട്ടുകാർക്കിടയിൽ പ്രചരിപ്പിക്കാം . ആധുനിക കാലത്ത് ഇങ്ങനെ ആൾക്കാരെ കൃത്രിമ സാങ്കേതിക ബുദ്ധി പ്രയോഗങ്ങൾ കൊണ്ട് തെറ്റിദ്ധരിപ്പിക്കുന്നത് ഒരു വിനോദമായി കണ്ടുവരുന്ന കാര്യമാണല്ലോ . കാര്യങ്ങളുടെ “ടെക്നിക്ക്” മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തെങ്കിലും അത് കഴിഞ്ഞപ്പോൾ നല്ല രസം തോന്നി,കാണുന്ന എല്ലാ ചിത്രങ്ങളുടെയും മുന്നിൽ നിന്ന് തകൃതിയായി അഭിനയവും പടമെടുപ്പുമായിരുന്നു .  അവസാനം പാരഡൈസ് ജീവനക്കാർ സ്ഥാപനം  ക്ലോസ് ചെയ്യാനുള്ള സമയമായെന്ന് പറഞ്ഞ് ഇറക്കി വിട്ടില്ലായിരുന്നെങ്കിൽ  അതിനകത്ത് പെട്ട് “പാരഡൈസ്” “ഹെൽ” ആയി മാറിയേനെ !!! 


            സിംഹത്തിന് മൂന്നിലകപ്പെട്ടോ ...

  സമുദ്ര ഗവേഷണം .....അന്തർ വാഹിനി കപ്പലിൽ നിന്നൊരു ഹായ് 

ഇല്യൂഷൻ കാഴ്ചകൾ കണ്ട്  ആവേശഭരിതമായ ഗ്രൂപ്പിനെ  “അൽകാസർ” ഷോ കൂടി കാണിച്ച് വിസ്മയിപ്പിക്കാൻ വേണ്ടി അടുത്തതായി അങ്ങോട്ട് പോകാമെന്ന്  ഉമി പറഞ്ഞു.  ഒന്നൊന്നര മണിക്കൂർ താമസമുണ്ടായിരുന്നു ഷോ തുടങ്ങാൻ, മാത്രവുമല്ല ഗ്രൂപ്പിലുള്ള കുറച്ചു പേർ കൂടി ഇല്യൂഷൻ കഴിഞ്ഞ് വന്നെത്താനുമുണ്ടായിരുന്നു . എന്നാൽ പിന്നെ  കിട്ടിയ സമയം കളയേണ്ടന്നു കരുതി  ഞങ്ങൾ രണ്ടു പേരും കൂടി അടുത്തുള്ള ഒരു കടയിൽ പോയി പതിവ് അത്താഴമായ മാംഗോ സ്റ്റിക്കി റൈസ് വാങ്ങി കഴിച്ചു.അതിനു ശേഷം എല്ലാവരും  എത്തിയതോടെ ബസിൽ കയറി അൽക്കാസർ ഷോ നടക്കുന്ന സ്ഥലത്തെത്തിയെങ്കിലും  അവിടെ ആദ്യ പ്രദർശനം നടന്നു കൊണ്ടിരിക്കുകയായിരുന്നു . അടുത്ത ഷോ തുടങ്ങാൻ കുറച്ചു സമയം കൂടി എടുക്കുമെന്നുള്ളത്  കൊണ്ട് സമീപത്തുള്ള കുറച്ച് സ്ഥലങ്ങൾ  ഒന്നു ചുറ്റിക്കറങ്ങി കണ്ടിട്ട്  വരാൻ പറഞ്ഞ് ഷോയുടെ ടിക്കറ്റും ഉമി ഞങ്ങളെ ഏൽപ്പിച്ചു. ചുറ്റുപാടും പോക്കറ്റടി ,പിടിച്ചുപറി, അനാശാസ്യ പ്രവർത്തനങ്ങൾ തുടങ്ങിയ സുകുമാര കലകളിൽ പ്രാവീണ്യം നേടിയ ആളുകളുടെ വിഹാര കേന്ദ്രമായതു   കൊണ്ട് “ബി കെയർഫുൾ “ സൂക്ഷിച്ചു നടക്കണം എന്നൊരു മുന്നറിയിപ്പ്  കൂടി തന്നപ്പോൾ കറങ്ങി നടക്കാനുള്ള മൂഡ് തന്നെ പോയി. എന്തായാലും നൈറ്റ് ലൈഫ് കേന്ദ്രമായ പട്ടയായിലെ സന്ധ്യാസമയ കാഴ്ചകൾ എപ്പോഴും കാണാൻ പറ്റില്ലല്ലോ എന്ന് കരുതി  ,ഞങ്ങൾ രണ്ടു പേരും കൂടി വളരെ ശ്രദ്ധാപൂർവ്വം അപരിചിതമായ നാട്ടിലെ അപരിചിതമായ കാഴ്ചകൾ കണ്ടു കൊണ്ട് കുറച്ചു നേരം നടന്നു തിരിച്ചെത്തി. പച്ചക്കറി  ,പഴ വർഗ്ഗങ്ങൾ , മാംസ വിഭവങ്ങൾ എന്നിവ വിൽക്കുന്ന കടകളും  ,ഭക്ഷണ ശാലകളും ഉണ്ടായിരുന്ന ആ പ്രദേശം  വിദേശികളും സ്വദേശികളുമായ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു .  

സ്ട്രീറ്റ് കാഴ്ചകൾ കണ്ടു വന്ന ഞങ്ങൾ ഷോ നടക്കുന്ന അരണ്ട വെളിച്ചമുള്ള തീയറ്ററിൽ അനുവദിച്ചു കിട്ടിയിരുന്ന ഇരിപ്പിടങ്ങളിൽ ആസനസ്ഥരായി പ്രതീക്ഷയോടെ കാത്തിരുന്നു . കർട്ടൻ ഉയർന്നതോടെ കാണികളിൽ നിന്ന് കയ്യടിയും ആരവങ്ങളുമുയർന്നു .  ഇടയ്ക്കിടെ മിന്നി മറയുന്ന പ്രകാശ വീചികൾക്കിടയിലൂടെ  പേരിനു മാത്രം വസ്ത്രം ധരിച്ച് ഉയരമുള്ള ആഡംബര ചെരുപ്പുകൾ ഊന്നി  യുവതികൾ ആടിത്തുടങ്ങിയതോടെ സദസ്യരുടെ കൂക്കി വിളിക്ക് ശക്തി കൂടി.  ചിലരൊക്കെ മറയ്ക്കേണ്ടിടം പുറത്താക്കിയും പുറത്തു കാട്ടാവുന്നത് മറച്ചും, മറ്റ് ചിലർ മുക്കാലും നഗ്നരായും സ്റ്റേജിൽ അങ്ങോട്ടുമിങ്ങോട്ടും തുള്ളിക്കളിച്ച് നടന്നപ്പോൾ കാണികൾ കണ്ണു തുറിച്ച് ഇരിപ്പായി. അതിനിടെ പുരുഷ സാമ്യമുള്ള തടിച്ച ഒരു “സ്ത്രീവേഷം” കാണികൾക്കിടയിലേക്ക് വരികയും കുറേ മോശമായ (vulgar ) ചേഷ്ടകൾ   കാണിക്കുകയും ചെയ്തപ്പോൾ തിരിച്ച് സദസ്സിലുള്ളവരും ആ രീതിയിൽ തന്നെ പ്രതികരിച്ചു . സ്റ്റേജിലെ കർട്ടൻ ക്രമീകരണങ്ങൾ ഇടയ്ക്കിടെ  മാറ്റുകയും പല നിറങ്ങളിലുള്ള വൈദ്യുത രശ്മികൾ പായിച്ച് പശ്ചാത്തലം വ്യത്യസ്തമാക്കുകയും ചെയ്യുന്നുണ്ടായിരുന്നു .കൊട്ടാര സമാനമായ ഒരു പശ്ചാത്തലം ഒരുക്കിയിട്ട് കുറേ സുന്ദരിമാർ ചേർന്ന് മിന്നുന്ന പാവയെപ്പോലെയുള്ള ഒരു സുന്ദരിയെ  പല്ലക്കിലേറ്റി എഴുന്നള്ളിച്ച് കൊണ്ടു വന്ന് സ്റ്റേജിന് മദ്ധ്യത്തിലായി  ഇരുത്തിയിട്ട്  ചുറ്റും നിന്ന് നമ്മുടെ ഒപ്പന പോലെ നൃത്തം വയ്ക്കുന്നതായിരുന്നു  ഒരു രംഗം . സംഗീതത്തിനും നൃത്തത്തിനും വേഗത  കൂടിയതോടെ  തോഴിമാർ വശങ്ങളിലേക്ക് മാറിയിട്ട്  ആടയാഭരണങ്ങളണിഞ്ഞ “കുമാരി” വിഗ്രഹം എഴുന്നേറ്റ് നൃത്തം ചെയ്യാൻ  തുടങ്ങി. കൈകാലുകൾ ചലിപ്പിച്ചപ്പോഴാണ് കുമാരി ധരിച്ചിരുന്ന കാൽപ്പാദം വരെയുണ്ടായിരുന്ന മിന്നുന്ന വസ്ത്രങ്ങൾ അവരുടെ മിനുത്ത വെളുത്ത തുടകൾ കാണുന്ന വിധത്തിൽ കീറിയിട്ടതായിരുന്നു എന്ന് മനസ്സിലായത് . നൃത്തത്തിനും സംഗീതത്തിനുമൊപ്പം സ്ത്രീ ശരീര സൌന്ദര്യം പ്രദർശിപ്പിക്കുന്ന ഒരു വേദി കൂടിയായിരുന്നു "അൽകസാർ  ഷോ" എന്നാണ് തോന്നിയത് . ഒരു മണിക്കൂറോളം നീണ്ട  ആ പ്രദർശനം ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ ഇടയ്ക്ക് വച്ച് ഉറക്കം വന്നു എന്നതാണ് സത്യം. നൃത്തവും, സംഗീതവും ,വേഷ ഭൂഷാദികളും ,അലങ്കാരങ്ങളും എല്ലാം ആസ്വാദ്യകരമായിരുന്നെങ്കിലും ചില കാര്യങ്ങൾ അത്രയ്ക്ക് രസിക്കാൻ ആയില്ല എന്നതാണ് വാസ്തവം , ചിലപ്പോൾ ഞങ്ങളുടെ പ്രായത്തിന്റെ പ്രശ്നം  ആകാം അല്ലെങ്കിൽ വളർന്ന സംസ്കാരത്തിന്റെ ആകാം ..എന്തുമാകട്ടെ പ്രതീക്ഷിച്ച നല്ല ഒരു അനുഭവം കിട്ടിയില്ല . ചില കാര്യങ്ങൾ ഗോപ്യമായിരിക്കുമ്പോഴാണ് അതിന്റെ ഒരു വശ്യത അനുഭവപ്പെടുക എന്നാണ് തോന്നുന്നത് , കാബറേ നൃത്തം ഇങ്ങനെയൊക്കെ ആണെങ്കിലും മുഴുവൻ സമയവും ഒരേ രീതിയിലായാൽ എന്ത് തന്നെയായാലും ബോറടിക്കില്ലേ, ഒരു വെറൈറ്റി എപ്പോഴും നല്ലതാണെന്നാണ് അഭിപ്രായം . ഷോ കഴിഞ്ഞ് പുറത്തേക്ക് വന്നപ്പോൾ “നർത്തകി വേഷങ്ങൾ” എല്ലാം ഹാളിന് വെളിയിലേക്ക് വരികയും ആളുകൾ അവരോടൊപ്പം നിന്ന് സെൽഫി എടുക്കാൻ മത്സരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു .

       അൽക്കാസാർ ഷോയിലെ അർദ്ധനഗ്ന പുരുഷാംഗനമാർ   

ഷോ കഴിഞ്ഞ് ബസിലെത്തിയ ഞങ്ങളോട് ഷോ ഇഷ്ടപ്പെട്ടോ എന്ന് ഉമി ചോദിച്ചു . യേസ് സ് സ്.. എന്ന ഉത്തരം കേട്ട് അതിൽ എത്ര സ്ത്രീകൾ ഉണ്ടായിരുന്നു എന്നൊരു ചോദ്യം കൂടി ചോദിച്ചു,പലരും പല ഉത്തരങ്ങൾ  പറഞ്ഞെങ്കിലും 99 ശതമാനവും  സ്ത്രീകളല്ല എന്നതായിരുന്നു ശരിയുത്തരം . അവരിൽ ഒരാൾ മാത്രമാണ്  സ്ത്രീയെന്നും മറ്റുള്ളവരെല്ലാം പുരുഷന്മാരാണെന്നും ഉമി പറഞ്ഞു തന്നു. സ്റ്റേജ് ഷോ കണ്ടപ്പോൾ കുറച്ച് ഉയരം കൂടുതലായി തോന്നിയെന്നല്ലാതെ ആ പുരുഷാംഗനമാർ സ്ത്രീകളേക്കാൾ അഴകുള്ളവരായിട്ടാണ് കാണപ്പെട്ടത്.     

     പട്ടയായിൽ ആൺകുട്ടികൾ ചെറിയ പ്രായത്തിൽ തന്നെ ലിംഗ മാറ്റം നടത്തുമെന്നും അങ്ങനെയുള്ളവരെ നാട്ടുകാർ വളരെ ബഹുമാനത്തോടെയാണ് കാണുന്നതെന്നുമാണ് അറിയാൻ കഴിഞ്ഞത് . ഇങ്ങനെയുള്ള ” പുരുഷ സ്ത്രീകളാണ്’ ഷോകളിൽ സാധാരണയായി പങ്കെടുക്കുന്നതെന്നും അവർക്ക് നല്ല വരുമാനമാണ് ഇതിൽ നിന്ന് ലഭിക്കുന്നതെന്നും ഉമി കൂട്ടിച്ചേർത്തു . ഈയൊരു സ്ഥിതി വിശേഷം കൊണ്ടായിരിക്കാം ജനങ്ങളിൽ ഇങ്ങനെയൊരു പ്രവണത കാണപ്പെടുന്നതെന്ന് തോന്നി. ഞങ്ങൾ തായ് ലാൻഡിൽ, ലാൻഡ് ചെയ്ത ദിവസം  അന്നാട്ടിൽ സ്ത്രീകളാണ് കൂടുതലുള്ളതെന്നും അതെന്തു കൊണ്ടാണെന്നു പിന്നീട് മനസ്സിലാകുമെന്നും  പറഞ്ഞിരുന്നതിന്റെ പൊരുൾ ഈ സമയത്താണ്  പിടി കിട്ടിയത് .   

തായ് ലാൻഡിലെ മൂന്നാം ദിന പരിപാടികൾ അവസാനിച്ചതോടെ ഞങ്ങൾ ഹോട്ടൽ മുറിയിലെത്തി വിശ്രമിച്ചു. അടുത്ത ദിവസം കോറൽ ഐലൻഡ് സന്ദർശനവും കടൽ വിനോദങ്ങളുമായിരുന്നു പരിപാടികൾ.

കടലിൽ കുളിച്ച് ശുദ്ധമായിട്ട് വൈരക്കല്ലണിഞ്ഞു കൊണ്ട് കടുവയെ തലോടാം .. ..വരൂ ... നാലാം ഭാഗത്തിലേക്ക്  പോകാം .... 

  

2025 ജൂൺ 2, തിങ്കളാഴ്‌ച

 

ഉല്ലാസങ്ങളുടെയും കാഴ്ചകളുടെയും  തായ് ലാൻഡ്

ഭാഗം 2 

സഫാരി വേൾഡും, തുറന്ന മൃഗശാലയും



‘സ്വാതന്ത്ര്യത്തിന്റെ നാട് (Land of Freedom ) എന്നർത്ഥം വരുന്ന    “സെയാം (Seyam)” എന്ന് പണ്ട് പേരുണ്ടായിരുന്ന  തായ് ലാൻഡിലെ രണ്ടാം ദിവസത്തെ പ്രഭാതത്തിൽ മറ്റ് ജോലികളൊന്നും ഇല്ലാതിരുന്നതിനാൽ സ്വതന്ത്രമായി കുറച്ചു നേരം ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. ഏതൊക്കെയോ കെട്ടിടങ്ങളുടെ പൊളിച്ചടുക്കിയ അവശിഷ്ടങ്ങൾ കൂട്ടിയിട്ടിരുന്ന “അടിപൊളി” കാഴ്ചയായിരുന്നു പുറത്ത് . മറ്റൊന്നും കാണാനും ചെയ്യാനും ഇല്ലാത്തതിനാൽ  കുളിയും ഒരുക്കവുമൊക്കെ കഴിഞ്ഞ് പ്രഭാത ഭക്ഷണം കഴിക്കുവാനായി റെസ്റ്റോറൻറിൽ എത്തി. കുക്കുമ്പർ ,കാരറ്റ് ,മുതലായ പച്ചക്കറികൾ അരിഞ്ഞത് , നാൻ ,നൂഡിൽസ് ,ബുൾസ് ഐ, ബ്രഡ്  തുടങ്ങിയ പല സാധനങ്ങളും  ബുഫെ ടേബിളിൽ നിരത്തിയിട്ടുണ്ടായിരുന്നു .ഭക്ഷണം കഴിഞ്ഞ് കുറച്ച് സമയം കിട്ടിയതു കൊണ്ട്  ഞങ്ങൾ രണ്ടു പേരും കൂടി ഹോട്ടലിന് പുറത്ത് വെറുതെ ഒന്നു കറങ്ങി നടന്നു. ഹോട്ടൽ മുറ്റത്ത് ക്ഷേത്രം പോലെ എന്തോ രണ്ട് ചെറിയ  നിർമ്മിതികൾ കണ്ടെങ്കിലും അവ എന്താണെന്നു മനസ്സിലായില്ല. ഒന്നിൽ ദൈവം ആണെന്നും ,മറ്റൊന്ന് പൂർവ്വികരെ സ്മരിക്കാനും ബഹുമാനിക്കാനും വേണ്ടിയുള്ളതാണെന്നും അവർക്കായി നേദ്യ വസ്തുക്കൾ  വയ്ക്കുന്ന പതിവുണ്ടെന്നും എന്റെ ചോദ്യത്തിന് ഉത്തരമായി ഉമി പറഞ്ഞു തന്നു. പാതയോരങ്ങളിൽ പലയിടത്തും ഇത്തരം നിർമ്മിതികൾ  തലേ ദിവസം മുതൽ ഞാൻ ശ്രദ്ധിച്ചിരുന്നു. ഏതായാലും അത് ഒരു നല്ല കാര്യമായി തോന്നി, കാരണം ദൈവത്തെയും ,നമ്മുടെ വേരുകളായ പൂർവ്വികരെയും സ്മരിക്കുന്നതും, ബഹുമാനിക്കുന്നതും ശ്രേയസ്ക്കരമായ പ്രവൃത്തി തന്നെയാണല്ലോ . 

      ഹോട്ടൽ മുറ്റത്ത് പൂർവ്വികർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന മണ്ഡപം 

ബസിൽ എത്തിയവരെ  എണ്ണിപ്പെറുക്കി തിട്ടം വരുത്തിയ ഗൈഡ് ഉമി ഗുഡ് മോണിങ് പറഞ്ഞു കൊണ്ട് തായ് ലാൻഡ് എല്ലാവർക്കും ഇഷ്ടപ്പെട്ടോ ,സുഖമായി ഉറങ്ങിയോ, ക്ഷീണം മാറിയോ , പത്ത് വയസ്സ് കുറഞ്ഞ് എല്ലാവരും സുന്ദരീ സുന്ദരന്മാരായിട്ടുണ്ട്  എന്നൊക്കെ കുശലം പറഞ്ഞിട്ട് പതിവു “ചാക്കോയെ” രണ്ടു തവണ വിളിച്ചു . രണ്ടാം ദിവസത്തെ പരിപാടിയായ  സഫാരി പാർക്ക് സന്ദർശനത്തിനു പോകുമ്പോൾ ഒന്നു രണ്ട് കാര്യങ്ങൾ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞു കൊണ്ടാണ് യാത്ര തുടങ്ങിയത്  . ഒന്നാമത് അവിടെ വലിയ തിരക്കായിരിക്കുമെന്നും എല്ലാവരും തൊപ്പി ധരിച്ചാൽ കണ്ടു പിടിക്കാൻ പ്രയാസം വരില്ലെന്നും, രണ്ടാമത്  അവിടെ ബുക്ക് ചെയ്തിട്ടുള്ള  രണ്ടു മൂന്ന് ഷോകൾ (പ്രദർശനങ്ങൾ ) കൃത്യ സമയത്ത് തുടങ്ങുമെന്നുള്ളത് കൊണ്ട് അവിടവിടെ തങ്ങി നിന്നാൽ ഷോ കാണാൻ സാധിക്കാതെ വരുമെന്നുമായിരുന്നു  മുന്നറിയിപ്പുകൾ . അറിയിപ്പുകൾ ശ്രദ്ധിച്ചിരിക്കെ ബസ് വീണ്ടും പണി മുടക്കിയെങ്കിലും എങ്ങിനെയൊക്കെയോ തട്ടിപ്പൊത്തി പാർക്ക് വരെ എത്തിച്ചു തന്നു .രണ്ട് ദിവസമായി ബസ് ഇടയ്ക്ക് വച്ച് കേടാകുന്നത് കൊണ്ട് യാത്രയ്ക്ക് ബുദ്ധിമുട്ടുകുന്നതായും  ഉടൻ തന്നെ വേറെ വാഹനം അയച്ചു കാര്യങ്ങൾ പരിഹരിക്കണമെന്നും തായ് ലാൻഡിലെ  യാത്രാ കോ ഓർഡിനേറ്ററെ ഫോണിൽ വിളിച്ച് ബ്രിട്ടോ ആവശ്യപ്പെട്ടു .    

 

സഫാരി വേൾഡും ,മറൈൻ പാർക്കും

     ബാങ്കോക്കിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന, നാനൂറ് ഏക്കറിനു മേൽ വിസ്തൃതിയുള്ള വലിയ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് സഫാരി വേൾഡും ,മറൈൻ പാർക്കും. എത്രയോ തരം പക്ഷികളും മൃഗങ്ങളും ജലജീവികളും , അധിവസിക്കുന്ന ഈ സ്ഥലം പകുതി തായ് ഉടമസ്ഥതയിലും ബാക്കി ചൈനയുടേതുമാണെന്നാണ് ഉമി പറഞ്ഞറിഞ്ഞത് . കണ്ടിരിക്കാൻ കൌതുകമുള്ള  പല സർക്കസ് വിദ്യകളും പാർക്കിലെ അന്തേവാസികളെ പരിശീലിപ്പിച്ച് സമയക്രമം വച്ച് പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള അരങ്ങുകളിൽ പ്രദർശിപ്പിക്കുന്നത് കാണാൻ വൻ ജനത്തിരക്കാണ് അവിടെ അനുഭവപ്പെടുന്നത്  .

സഫാരി പാർക്ക് കാഴ്ചകൾക്കായി ആവേശം കൊണ്ട്.. ഗ്രൂപ്പ് അംഗങ്ങൾ

   
 ഞങ്ങൾ ബസിൽ നിന്ന് ഇറങ്ങി ചെന്നപ്പോഴേക്കും ഉമി പ്രവേശന ടിക്കറ്റും , നമ്പർ സ്റ്റിക്കറുമെടുത്ത് റഡിയായി എത്തി . മൃഗങ്ങളുടെ ആലയവും  ഹരിതാഭവുമായ  ആ വലിയ സഫാരി പാർക്കിലേക്ക് പ്രവേശിച്ചപ്പോൾ  തന്നെ “മക്കാവു” തത്തകളുടെയും മറ്റു പല തരം പക്ഷികളുടെയും ശബ്ദമാണ് ഞങ്ങളെ സ്വാഗതം ചെയ്തത് . ജനത്തിരക്കിന്റെ കൂടുതൽ കൊണ്ട് തത്തകളുടെ സമീപത്ത് അധികസമയം ചിലവഴിക്കാൻ സാധിച്ചില്ല . വീണ്ടും മുന്നോട്ട് നടന്നപ്പോൾ അവിടെ അതിലും വലിയ തിരക്കും ബഹളവും ആയിരുന്നത് കാരണം  വശങ്ങളിൽ ഉണ്ടായിരുന്ന പല ജീവികളെയും കാണാൻ  സാധിച്ചില്ലെന്ന് മാത്രമല്ല പെട്ടെന്ന് പോയില്ലെങ്കിൽ “ഒറാങുട്ടാൻ ഷോ” മിസ് ആകുമെന്ന് കൂടി അറിഞ്ഞതോടെ എല്ലാവരും ഉമി നേതാവിന്റെ പിന്നാലെ അങ്ങോട്ട് വച്ചു പിടിക്കുകയാണുണ്ടായത് . ഓടിച്ചെന്ന് ഗാലറിയിൽ സീറ്റ് പിടിച്ചപ്പോഴേക്കും രംഗത്ത് പ്രദർശനം തുടങ്ങി . പരിശീലകനോടൊപ്പം  ഷർട്ടും ,നിക്കറും അണിഞ്ഞ ഒറാങുട്ടന്മാരും ,പാവാടയും ബ്ളൌസുമണിഞ്ഞ കുട്ടിമാരും,ബാൽക്കണിയിലെ  ഒറാങ് കാണികളുമായി ഷോ തകർക്കുന്ന സമയത്ത്,  ഗാലറിയുടെ മുകളിലായി സ്ഥാപിച്ചിരുന്ന കമ്പികളിൽ ആടിത്തൂങ്ങി  പിന്നിൽ നിന്ന് കുറേ കുട്ടന്മാർ കൂടി സ്റ്റേജിലേക്കെത്തി . ചിരിക്കാൻ പറയുമ്പോൾ പല്ലിളിച്ചു ചിരിക്കുക, കാണികളെ അഭിവാദ്യം ചെയ്യാൻ പറയുമ്പോൾ നിക്കർ ഊരിയിട്ട് കൈകൾ പൊക്കി ഹായ് പറയുക ,കയ്യടിക്കുക , പരിശീലകന്റെ തലയ്ക്കിട്ട് ഞോടുക ,അയാളുടെ തൊപ്പിയെടുത്ത് സ്വന്തം തലയിൽ  വയ്ക്കുക തുടങ്ങിയ കുസൃതികൾക്കൊപ്പം ചില  അഭ്യാസങ്ങളും കൂടി കാട്ടി ഇരുപത് മിനിറ്റോളം അവർ എല്ലാവരെയും  രസിപ്പിച്ചു .

 


                        ഒറാങുട്ടാൻ ഷോ

ഒറാങുട്ടാൻ ഷോ കഴിഞ്ഞ് ഒരിടത്ത് ഒത്തു കൂടിയ എല്ലാവരോടുമായി വാഷ് റൂമിൽ പോകേണ്ടവർ പോയിട്ട് വന്നാൽ പെട്ടെന്ന് തന്നെ  എലിഫൻറ്  ഷോ കാണാമെന്ന് ഉമി  പറഞ്ഞു . പക്ഷേ ഇവിടത്തെ  ഷോയേക്കാൾ ഒന്നു കൂടി മെച്ചപ്പെട്ട “ആന ഷോ “ പട്ടയായിൽ കാണാമെന്ന് അറിഞ്ഞപ്പോൾ എന്നാൽ പിന്നെ അതു മതിയെന്നായി എല്ലാവരും . അടുത്തതായി കാണുവാനുള്ള “ സ്പൈ വാർ  ഷോ’ തുടങ്ങാൻ കുറച്ച് സമയം  ബാക്കിയുണ്ടായിരുന്നത് കൊണ്ട് പാർക്കിൽ ചുറ്റി നടന്നു കാഴ്ചകൾ കണ്ടിട്ട് ഒത്തു കൂടേണ്ട സമയവും ,സ്ഥലവും ഞങ്ങളെ പറഞ്ഞേൽപ്പിച്ചിട്ട്  ഉമി അവരെപ്പോലെയുള്ള മറ്റ് ഗൈഡുകളുമായി സംസാരിക്കുവാനായി  പോയി.

കിട്ടിയ സമയം കൊണ്ട് എല്ലാവരും പാർക്കിലെ  കാഴ്ചകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി . വെള്ള ചിറകുടുപ്പുകളും ചുവന്ന  ഹൈ ഹീൽഡ് ചെരുപ്പുകളും അണിഞ്ഞ ബാലെ നർത്തകരെപ്പോലെ  വിഹരിക്കുന്ന സുന്ദരൻ ഫ്ലെമിംഗോകൾ , ചെമ്പൂക്കൾ നിറഞ്ഞ മുരിക്ക് മരത്തെ പോലെ ഒരു വൃക്ഷത്തെ അലങ്കരിച്ച് ഇരിപ്പുറപ്പിച്ചിരുന്ന സ്കാർലറ്റ് പക്ഷികൾ, ഒട്ടകത്തിന്റെ ആകൃതിയുള്ള ല്ലാമകൾ ,ഒട്ടകങ്ങൾ , ചാക്കു കെട്ടുകൾ പോലെ തറയിൽ കിടന്നിരുന്ന മടിയന്മാരായ ടാപ്പിറുകൾ , മുതലകൾ , വെള്ളത്തിൽ നീന്തിത്തുടിച്ചിരുന്ന ബഹുവർണ്ണ ശോഭയുള്ള മത്സ്യ സുന്ദരീ സുന്ദരന്മാർ, ഇവരെയെല്ലാം വളരെ കുറച്ചു സമയം കൊണ്ട് അടുത്തു നിന്ന് കാണാൻ സാധിച്ചു. കൂടാതെ പാർക്കിൽ  സ്ഥാപിച്ചിരുന്ന സ്റ്റാളുകൾ നിന്ന് പണം കൊടുത്ത്  ഓരോ ജീവിക്കും വേണ്ട തീറ്റ സാധനങ്ങൾ വാങ്ങിയാൽ  അവയെ  തീറ്റാനുള്ള സൌകര്യവും അവിടെയുണ്ടായിരുന്നു .  

                 ബാലെ നൃത്തക്കാരായ ഫ്ലെമിൻഗോകൾ

                     സ്കാർലറ്റ് പക്ഷികൾ

                 മത്സ്യ സുന്ദരീ സുന്ദരന്മാർ

അടുത്ത ഷോയുടെ സമയമായതോടെ ഞങ്ങൾ അങ്ങോട്ടേക്ക് പോയി. “സ്പൈ വാർ’ എന്ന ആ ഷോ ഒരു കൃത്രിമ മലയുടെയും കനാലിന്റെയും അരികിലായിരുന്നു സജ്ജീകരിച്ചിരുന്നത്  . മലമുകളിൽ പറന്നിറങ്ങിയത് പോലെ ഒരു ഹെലികോപ്റ്ററും,  വശങ്ങളിലും മുന്നിലും, വീടും മട്ടുപ്പാവും പോലെ എന്തൊക്കെയോ ചില സെറ്റപ്പുകളും, ഗ്യാസ് ചേംബറും ഒക്കെയായിരുന്നു കയറിച്ചെല്ലുമ്പോഴുള്ള രംഗ കാഴ്ചകൾ . നീല മഞ്ഞ ചുവപ്പ് എന്നിങ്ങനെയുള്ള നിറങ്ങളിലായിരുന്നു ഗാലറിയിലെ ഇരിപ്പിടങ്ങൾ ,അതിൽ മുന്നിലുള്ള നീല ഇരിപ്പിടങ്ങളിൽ ഇരുന്നാൽ നനയുമെന്ന് നേരത്തെ തന്നെ ഉമി പറഞ്ഞിരുന്നതിനാൽ ഞങ്ങൾ മദ്ധ്യത്തിലുള്ള സീറ്റുകളാണ് തിരഞ്ഞെടുത്തത് . ഷോ തുടങ്ങിയതോടെ ,ആരൊക്കെയോ കുറേപ്പേർ എന്തൊക്കെയോ വിളിച്ച് പറയുകയും മല മുകളിൽ നിന്ന് താഴോട്ട് ചാടുകയും വെടി  ഉതിർക്കുകയും ചെയ്തു . പിന്നീട് ഒരാൾ വന്ന് മറ്റൊരാളെ പിടിച്ച് ചങ്ങലയിൽ ബന്ധിച്ചു വെടി  വച്ചു കൊന്നു , ചിലർ സ്പീഡ് ബോട്ടിൽ കയറി കനാലിലൂടെ വെള്ളം തെറിപ്പിച്ച് കൊണ്ട് പാഞ്ഞു പോയി . അതിനിടയിൽ ഒരു അൽപ്പ വസ്ത്ര ധാരിണി എവിടെ നിന്നോ ഇറങ്ങി വന്ന് കനാൽക്കരയിലിരുന്നു വെയിൽ കായുകയും ഉള്ള തുണി കൂടി ഉരിഞ്ഞു കളയുകയും ചെയ്തു . പട്ടാള വേഷമിട്ട്  അവിടേയ്ക്ക് വന്ന ഒരാളുമായി എന്തൊക്കെയോ സംസാരിച്ചിട്ട് അവർ  രണ്ടു പേരും കൂടി ഒരു മുറിയിൽ കയറി വാതിലടച്ചു. കുറച്ചു കഴിഞ്ഞ് മുറിയിൽ നിന്നിറങ്ങി  വന്ന യുവതി അയാളെ വെടി വച്ച് വെള്ളത്തിലേക്ക് എറിഞ്ഞിട്ട്  എങ്ങോട്ടോ ഓടിപ്പോയി. അത് കഴിഞ്ഞ് ആ സുന്ദരിയും കുറേ ആളുകളും കൂടി  മുകളിലുള്ള ബാൽക്കണിയിൽ നിന്ന് കൊണ്ട് വെടി വയ്ക്കുകയും എന്തൊക്കെയോ വലിച്ചെറിയുകയും അതൊക്കെ പൊട്ടുകയും  തീ ആളിപ്പടരുകയും ചെയ്തു . ആകെ ശബ്ദ കോലാഹലവും,തീയും പുകയും നിറഞ്ഞ ഒരു യുദ്ധ സ്ഥലം പോലെ ഭീകര അന്തരീക്ഷമായി മാറി അവിടെ   . ഇത്രയൊക്കെ കാണുകയും എന്തോ ഒരു കമൻറി കേൾക്കുകയും ചെയ്തു എന്നതൊഴിച്ചാൽ കാര്യമൊന്നും മനസ്സിലായില്ല എന്നതാണ് സത്യം . ഏതോ ഒരു രാജ്യത്ത് വലിയ അഴിമതി ഉണ്ടായെന്നും അവരെ കണ്ടു പിടിച്ച് നശിപ്പിക്കുന്നതുമാണ് പ്രദർശനത്തിന്റെ  പ്രമേയമെന്ന് പിന്നീട് ഉമി പറഞ്ഞു തന്നപ്പോൾ അറിയാൻ സാധിച്ചു . എല്ലാ പ്രദർശനങ്ങളുടെയും വിവരണം തായ് ഭാഷയിലായത് കൊണ്ടായിരിക്കാം കാര്യങ്ങൾ മനസ്സിലാകാഞ്ഞത്. 

                      സ്പൈ വാർ 

നാട്ടിലുള്ള അഴിമതിക്കാരെയെല്ലാം  കണ്ടു പിടിച്ച് നശിപ്പിക്കുന്ന കാര്യമോർത്ത് ചിരിച്ചു കൊണ്ട്  ഡോൾഫിൻ ഷോ കാണാൻ വേണ്ടി മുന്നോട്ട് നടന്നു. കുത്തനെയുള്ള കുറേ  കോണിപ്പടികൾ കയറി ചെന്നപ്പോഴേക്കും ബുദ്ധിശാലികളായ ഡോൾഫിനുകളുടെ ഷോ തുടങ്ങിക്കഴിഞ്ഞിരുന്നു .  രണ്ടു മൂന്നു വമ്പൻ ഡോൾഫിനുകൾ പരിശീലകൻ പറയുന്നതനുസരിച്ച് ജലോപരിതലത്തിൽ നിന്നുയർന്ന് വളയത്തിലൂടെ ചാടുകയും,ചുണ്ടിൽ വലിയ പന്ത് ബാലൻസ് ചെയ്ത് നീന്തുകയും, പരിശീലകരെ തോളിലേറ്റി തലങ്ങും വിലങ്ങും നീന്തിപ്പാഞ്ഞു നടക്കുന്നതുമൊക്കെയാണ് ഷോ. ഓരോ ഇനങ്ങൾക്കുമൊടുവിൽ പ്രോത്സാഹനമായി  എന്തോ തീറ്റ സാധനങ്ങൾ പരിശീലകൻ അവയുടെ വായിൽ ഇട്ടു കൊടുക്കുന്നതും കണ്ടു .

മത്സ്യക്കൂറ്റന്മാരുടെ ഷോ തീർന്നതോടെ ഉച്ചഭക്ഷണ സമയമായിക്കഴിഞ്ഞിരുന്നു . ഒരു ആറേഴ് കല്യാണ സദ്യ നടക്കുന്ന ജനത്തിരക്കായിരുന്നു ഭക്ഷണശാലയിൽ . ഞങ്ങൾക്കായി ബുക്ക് ചെയ്തിരുന്ന മേശയുടെ നമ്പർ നേരത്തെ തന്നെ പറഞ്ഞു തന്നിരുന്നത് കൊണ്ട്, ട്രെയിനിലും മറ്റും റിസർവേഷൻ സീറ്റ് കണ്ടുപിടിക്കുന്നത് പോലെ മേശ നമ്പർ നോക്കി കുറച്ചു നേരം നടന്ന് നടന്ന് ഇരിപ്പിടം കിട്ടി . പക്ഷേ അവിടെയും തീർന്നില്ല കാര്യങ്ങൾ .ആറ്റിലെ പോള നീക്കി കക്ക വാരാൻ പോകുന്നവരെ പോലെ പ്ലേറ്റും കൊണ്ട് ഭക്ഷണ സാധനങ്ങൾ തേടി എങ്ങോട്ടോക്കെയോ പോയി  എന്തൊക്കെയോ കിട്ടിയതും കൊണ്ട് വന്നിരുന്ന് കഴിച്ചെന്നു വരുത്തി . വലിയ മേശയും ബുഫേ സെറ്റപ്പുമൊക്കെ ഉണ്ടായിരുന്നെങ്കിലും   ആഹാരം ഒട്ടും മെച്ചമല്ലായിരുന്നു  എന്നാണ് എനിക്ക് തോന്നിയത്.

ഓപ്പൺ സൂ 

ഏഷ്യയിലെ ഏറ്റവും വലിയ തുറന്ന മൃഗശാലയും പക്ഷി സങ്കേതവും കാണാൻ വേണ്ടിയായിരുന്നു ഉച്ചയൂണിന് ശേഷമുള്ള യാത്ര . സഫാരി പാർക്കിലെ കാഴ്ചകൾ കണ്ടു തിരിച്ചെത്തിയപ്പോഴേക്കും  കേടായ ബസിനു പകരം മറ്റൊരു ബസ് പ്രവേശന കവാടത്തിന് മുന്നിൽ  ഞങ്ങളെയും കാത്ത് ഹാജരുണ്ടായിരുന്നു . ഡ്രൈവ് ത്രൂ ഓപ്പൺ  സൂ ആയിരുന്നതിനാൽ ഞങ്ങൾ ബസിൽ തന്നെയിരുന്നാണ് കാഴ്ചകൾ ആസ്വദിച്ചത് .  

ഓപ്പൺ സൂവിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ അതിന് മുന്നിലുള്ള ചെളിക്കണ്ടത്തിൽ വലുതും ചെറുതുമായ വലിയ ഒരു കൂട്ടം  പക്ഷികളെയാണ് കണ്ടത് . വെളുത്ത പെലിക്കനുകൾ ,പെയിന്റഡ് കൊക്കുകൾ , ചാര നിറത്തിലുള്ള കിരീടമുള്ള കൊക്കുകൾ കുഞ്ഞിത്താറാവുകൾ അങ്ങനെ എത്രയോ തരം പക്ഷികളുടെ  സ്വൈര വിഹാര കേന്ദ്രമായ ആ പ്രദേശത്തിന്റെ  കാഴ്ച വളരെ മനോഹരമായിരുന്നു . പക്ഷികളെ വലം വച്ച് മുന്നോട്ട്  പോയപ്പോൾ കറുപ്പിൽ വെളുപ്പോ,വെളുപ്പിൽ കറുപ്പോ വരകളുള്ള സുന്ദരൻ സീബ്രകളെയാണ് കണ്ടത്. അൽപ്പം മുടന്തുള്ള ഒരു സീബ്ര, കൊക്കുകളിരുന്ന വെള്ളക്കെട്ടിന് സമീപം ചെന്ന് ഏകനായി അകലേക്ക് നോക്കി നിൽക്കുന്നത്  കണ്ടപ്പോൾ വിഷമം തോന്നി. അംഗ വൈകല്യം വന്നത് കൊണ്ട് കൂട്ടുകാർ  ഒറ്റപ്പെടുത്തിയതാകാമെന്ന് ഞാൻ വിഭാവന ചെയ്ത  ആ പാവത്തിനെ വിട്ട് മുന്നോട്ട് ചെന്നപ്പോൾ  മാനത്തേക്ക് തലയും നീട്ടി ‘ഇനി മുട്ടു മടക്കാൻ മനസ്സില്ലെന്നും”പറഞ്ഞ് നിരയൊത്ത് നിന്നിരുന്ന ജിറാഫ് ചേട്ടന്മാരെയും ചേടത്തിമാരെയുമാണ് കണ്ടത് . പുള്ളിക്കൈലി പുതച്ചു നിന്നിരുന്ന ഉയരക്കാരായ ജിറാഫൻമാർക്ക് ശേഷം പുള്ളിമാൻ കൂട്ടങ്ങൾ, നീൽഗായ ,സാമ്പാർ ഡിയർ ,കാട്ടികൾ ,ഒട്ടകങ്ങൾ തുടങ്ങി ഓരോരുത്തരെയായി  കണ്ട് കണ്ട് പോകുമ്പോൾ  ,ആഫ്രിക്കൻ സങ്കരയിനത്തിലുള്ള വലിയ കൊമ്പൻ കാലികളുടെ ഒരു പരേഡ് തന്നെ റോഡരികിലൂടെ കടന്നു പോയി .തല കുലുക്കിക്കൊണ്ടുള്ള അവരുടെ ജാഥ കടന്നു പൊയ്ക്കഴിഞ്ഞപ്പോൾ ഒരു വലിയ തടാകത്തിലെ ചെളി വെള്ളത്തിൽ, കുതിർന്ന  ഗോതമ്പ് ചാക്ക് കെട്ട് പോലെയുള്ള ഭീമൻ ശരീരം പൂഴ്ത്തിവച്ചു കൊണ്ട് വിന്റേജ് കാറിന്റെ ഹെഡ് ലൈറ്റ് പോലെ തോന്നുന്ന കണ്ണും തള്ളിച്ച്  കിടന്ന ഹിപ്പോക്കുട്ടന്മാരെയാണ് കണ്ടത് .       


  
                 ചെളിക്കണ്ടത്തിലെ പക്ഷിക്കൂട്ടം 

  ഇത്രയും കണ്ടു കഴിഞ്ഞപ്പോഴേക്കും സസ്യഭുക്കുകളുടെ പറമ്പിന്റെ വേലിയതിരിലെത്തി . അറിഞ്ഞോ അറിയാതെയോ അതിർത്തി ലംഘനം ഉണ്ടാകാതിരിക്കാൻ വേണ്ടി സസ്യ -മാംസ ഭുക്കുകളുടെ സ്ഥലങ്ങൾ തമ്മിൽ പ്രത്യേകം ഗേറ്റുകൾ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ടായിരുന്നു . കർണ്ണാടകയിലെ ബെന്നാർഘട്ടയിലും ഇതു പോലെയുള്ള ക്രമീകരണങ്ങളും സഫാരിയും മുൻപ് കണ്ടത് ഈ സമയത്ത് ഓർമ്മ വന്നു.  അങ്ങനെ തുറന്നു തന്ന ഗേറ്റിലൂടെ കാർണിവോറസുകളുടെ വിഹാര രംഗമായ വനപ്രദേശത്തിലൂടെ ഞങ്ങളുടെ ബസ് പതിയെപ്പതിയെ മുന്നോട്ട് നീങ്ങി. മരത്തണലിൽ വിശ്രമിച്ചിരുന്ന മൃഗ രാജന്മാരും ആലസ്യം പൂണ്ട് കിടന്നിരുന്ന  അവരുടെ രാജ്ഞിമാരും ക്യാമറക്കണ്ണുകളിൽ പെടാതിരിക്കാൻ വേണ്ടിയായിരുന്നോ എന്തോ അൽപ്പം ഉള്ളിലുള്ള മരങ്ങൾക്കിടയിലായിരുന്നു  കാണപ്പെട്ടത് . മൃഗരാജ സൌന്ദര്യം കണ്ടിരിക്കുമ്പോൾ ബസ് പതിയെ മുന്നോട്ടെടുത്തു .

                തുറന്ന മൃഗശാലയിലെ സിംഹരാജൻ

ആർക്കെങ്കിലും ബംഗാൾ കടുവയുടെ കൂടെ സെൽഫി എടുക്കണോ എന്ന് ഉമി ചോദിച്ചു, വേണമെങ്കിൽ ബസ് നിർത്തിത്തരാം, പക്ഷേ കടുവ  ഉച്ച ഭക്ഷണം കഴിച്ചിട്ടില്ലെങ്കിൽ ഫോട്ടോ എടുക്കാൻ പോകുന്ന ആളിന് തിരിച്ച് ഈ ബസിൽ കയറാൻ പറ്റിയെന്ന് വരില്ലെന്നു പറഞ്ഞ് ചിരിക്കാൻ തുടങ്ങി . നമ്മുടെ ദേശീയ മൃഗമായ കടുവകളുടെ ടെറിട്ടറിയിലേക്കാണ് പൊട്ടിച്ചിരിച്ചു കൊണ്ട്  കയറിച്ചെന്നത്.  കുമ്പ നിറഞ്ഞിട്ട്  അനങ്ങാൻ വയ്യാതെ ചെരിഞ്ഞും, ചുരുണ്ടുമൊക്കെ മരത്തണലുകളിൽ  വിശ്രമിക്കുകയായിരുന്ന “ബിഗ് ക്യാറ്റ്സിന്റെ  “ ആക് ഷൻ  സീൻ എന്തെങ്കിലും കിട്ടുമോ എന്നറിയാനായി ഇര പിടിക്കാനിരിക്കുന്ന കടുവയെ പോലെ ഞങ്ങൾ ബസിൽ നിന്ന് പുറത്തേക്ക് തുറിച്ചു നോക്കിയിരുന്നു . എന്തായാലും നിരാശരാകേണ്ടി വന്നില്ല ,ഭാഗ്യം കൊണ്ട് രണ്ടു മൂന്നു കടുവകൾ ഒരു കുളത്തിൽ നീന്തിത്തുടിച്ചു ഞങ്ങൾക്ക് വേണ്ടി കുളി സീൻ  രംഗമൊരുക്കിത്തന്നപ്പോൾ ബമ്പർ അടിച്ചത് പോലെ എല്ലാവരും സന്തോഷിച്ചു . കടുവകൾ വയറ് നിറഞ്ഞ് ഹാപ്പി മൂഡിലായിരുന്നത് കൊണ്ട് ഉമി പറഞ്ഞതു പോലെ അവിടെയിറങ്ങി  അവരോടൊപ്പം ഒരു സെൽഫി എടുക്കുന്ന കാര്യം ആലോചിച്ചിരിക്കുമ്പോൾ ഒളിച്ചിരുന്ന ഭീമാകാരന്മാരായ രണ്ടു കരടിക്കുട്ടന്മാരുടെ അടുത്തേക്ക് ബസ് എത്തി .  പ്രവചിക്കാൻ പറ്റാത്ത സ്വഭാവ രീതികളുള്ള കരിം പാറ പോലെയുള്ള ആ ഭീമാകാരന്മാരെ പിന്നിട്ട് ഇനി ആരെയാണ് കാണാൻ കിട്ടുന്നതെന്ന് നോക്കിയിരിക്കുക്കുമ്പോഴാണറിഞ്ഞത് ഓപ്പൺ സൂവിലെ കാഴ്ചകൾ അവസാനിപ്പിച്ചു കൊണ്ട് ബസ്  പുറത്തേക്കിറങ്ങുകയാണെന്ന് . മരശിഖരങ്ങളിൽ പതുങ്ങിയിരുന്ന് രംഗ നിരീക്ഷണം നടത്തുന്ന പുള്ളിപ്പുലികളും ചീറ്റകളും അവിടെ ഇല്ലായിരിക്കും എന്ന് ഞാൻ സമാധാനിച്ചു  .

                         കുമ്പ നിറച്ച കടുവാക്കുട്ടന്മാർ

 മൃഗങ്ങളെ ബന്ധനസ്ഥരാക്കാതെ അവരുടെ തനത് ആവാസ വ്യവസ്ഥയിൽ സൂക്ഷിക്കുകയും പരിപാലിക്കുകയും ടൂറിസം സാദ്ധ്യതകൾ മെച്ചപ്പെടുത്തി നാടിന് വരുമാനമുണ്ടാക്കുകയും ചെയ്യുന്ന ഇതിന്റെ അണിയറ പ്രവർത്തകരെ ശ്ലാഘിക്കേണ്ടതു തന്നെയാണ് .   

വിനോദയാത്രകളിൽ എല്ലാവർക്കും, എപ്പോഴും എവിടെച്ചെന്നാലും ഏറ്റവും താത്പര്യമുള്ള കാര്യമായ ഷോപ്പിങ്ങായിരുന്നു  ജന്തു ലോകത്ത് നിന്നുള്ള മടക്ക യാത്രയിലെ അടുത്ത പരിപാടി. അതിനായി സെൻട്രൽ ഏരിയയിലെ നാലു നിലകളുള്ള ഒരു  വലിയ  ഷോപ്പിങ് മാളിന് മുന്നിൽ ബസ് നിർത്തി . നാട്ടിലേക്ക് കൊണ്ടു പോകാൻ ആവശ്യമുള്ള എല്ലാ സാധനങ്ങളും മിതമായ നിരക്കിൽ അവിടെ നിന്ന് ലഭിക്കുമെന്നും ഇഷ്ടം പോലെ ഷോപ്പ് ചെയ്ത് കൊള്ളാനും പറഞ്ഞിട്ട് അതിനായി  അഞ്ചു മണിക്കൂർ  സമയമാണ് ഉമി  തന്നത്. നിത്യോപയോഗ സാധനങ്ങൾ ,കൌതുക വസ്തുക്കൾ , ആഭരണങ്ങൾ  ,വലിയ ബാഗുകൾ ,ജാക്കറ്റുകൾ വാച്ച്, പേന, ഫാൻ തുടങ്ങി സഞ്ചാരികളെ ആകർഷിക്കാൻ പോന്ന ഒരുവിധം എല്ലാ സാധനങ്ങളും ലഭിക്കുന്ന നിരവധി  കടകൾ മാളിൽ ഉണ്ടായിരുന്നു. അതു പോലെ വിവിധ ഫാഷനുകളിലുള്ള വസ്ത്രശേഖരങ്ങളുടെ ഒരു കലവറ തന്നെയായിരുന്നു ആ സ്ഥലം. മാളിലേക്ക് കയറിയതും ഇരുവശവുമുള്ള കടകൾക്ക് നടുവിലുള്ള  ഇടനാഴികളിലൂടെ  “കയം കണ്ട കന്നുകളെപ്പോലെ “ ഗ്രൂപ്പ് അംഗങ്ങൾ എല്ലാവരും പലയിടത്തേക്ക്  ചിതറിത്തെറിച്ച്  അപ്രത്യക്ഷരായി. നാട്ടിലുള്ള  ബന്ധു മിത്രാദികൾക്ക് സമ്മാനിക്കുവാനും സ്വന്തം ആവശ്യത്തിനുള്ളതും ഒക്കെയായി ന്യായ വില ഈടാക്കിയിരുന്ന ആ മാളിൽ നിന്ന് എല്ലാവരും ധാരാളം സാധനങ്ങൾ വാങ്ങിക്കൂട്ടി . റോഡ് നിരപ്പിലും അതിന് മുകളിൽ രണ്ടു നിലയിലും അണ്ടർഗ്രൌണ്ടിലുമായി വിശാലമായി പരന്നു കിടന്നിരുന്ന മാളിന്റെ മുകളിലെ രണ്ടു നിലകളിൽ വാടകയ്ക്ക് വസ്ത്രങ്ങൾ കൊടുക്കുന്ന സ്ഥലവും മറ്റുമായിരുന്നു. ഏറ്റവും താഴെയുള്ള നിലയിൽ കച്ചവട സ്ഥാപനങ്ങൾ കൂടാതെ ഭക്ഷണ ശാലകളും ഇടം പിടിച്ചിട്ടുണ്ടായിരുന്നു . ഷോപ്പിങ് കഴിഞ്ഞ് എന്തെങ്കിലും  കഴിക്കാമെന്ന് കരുതി അവിടെയുള്ള  ഹോട്ടലിൽ കയറിയെങ്കിലും  വളരെ വിലക്കൂടുതലാണെന്ന്  തോന്നിയത് കൊണ്ട്  കഴിക്കാതെ തിരിച്ചു പോന്നു.  മാമ്പഴത്തിന് പേരു കേട്ട സ്ഥലമാണ് തായ് ലാൻഡെന്ന്   മകൻ പറഞ്ഞറിയാമായിരുന്നു. എന്നാൽ പിന്നെ അപകടരഹിതമായ പഴുത്ത മാങ്ങ തന്നെ അത്താഴമായി കഴിക്കാമെന്ന് കരുതി അത് തിരഞ്ഞ് റോഡിലൂടെ ഞങ്ങൾ കുറച്ചു ദൂരം നടന്നു .എന്തായാലും ആഗ്രഹിച്ചത് പോലെ വഴിയരികിലുള്ള ഒരു ചെറിയ കടയിൽ നിന്ന് “മാംഗോ സ്റ്റിക്കി റൈസ്” എന്ന ഒരു വിഭവം ഞങ്ങൾക്ക് കിട്ടി . ചെത്തി കഷണങ്ങളാക്കിയ നല്ല മധുരമുള്ള മാങ്ങയും മധുരമുള്ള വെള്ളച്ചോറും തേങ്ങാപ്പാലും കൂടി 70 ബാത്തിന് ലഭിച്ചു .(നമ്മുടെ 200 രൂപ) .  രുചികരമായ ഞങ്ങളുടെ അത്താഴം കണ്ടപ്പോൾ മറ്റു പലർക്കും അത് പ്രചോദനമാകുകയും അവരിൽ കുറേപ്പേരും ഇത് തന്നെ  വാങ്ങി കഴിക്കുകയും ചെയ്തു  . ഒൻപതര മണിയോടെ ഷോപ്പിങ്ങും ,അത്താഴവും എല്ലാം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങി.

               തായ് കറൻസി -നൂറു ബാത്ത് 

പിറ്റേ ദിവസം ബാങ്കോക്കിലെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് പട്ടയയ്ക്ക് പോകേണ്ടിയിരുന്നതിനാൽ ബാഗുകൾ പായ്ക്ക് ചെയ്തു വച്ചിട്ടാണ് ഉറങ്ങാൻ കിടന്നത് . അടുത്ത ദിവസം രാവിലെ തന്നെ പ്രഭാത ഭക്ഷണം കഴിഞ്ഞ് പട്ടയ യാത്രയ്ക്കായി തയ്യാറെടുത്ത് എല്ലാവരും ബസിൽ ഹാജരായി.  ബാങ്കോക്കിനോട് ഇന്ന് വിട പറയുകയാണെന്നും,നിശാ ജീവിതത്തിന് (
night life ) പേരുകേട്ട പട്ടയായിലെ വിശാലമായ ബീച്ചുകളുടെ സൌന്ദര്യവും , തായ് മസാജിന്റെ സുഖവും ആസ്വദിക്കാൻ  എല്ലാവരും തയ്യാറാണെങ്കിൽ ‘ചാക്കോ ചാക്കോ ‘ ഉമിയുടെ ഗംഭീരമായ പരസ്യ വാചകം കേട്ട് എല്ലാവരും ചാക്കോയെ ഏറ്റു പിടിച്ചു.         

    പട്ടയായിലെ പൂന്തോട്ടവും,കാബറേ ഡാൻസും, മാന്ത്രിക ഇല്യൂഷൻ ലോകവും കാണണ്ടേ....വരൂ ... മൂന്നാം ഭാഗത്തിലേക്ക് പോകാം .. 

2025 മേയ് 27, ചൊവ്വാഴ്ച

 

ഉല്ലാസങ്ങളുടെയും കാഴ്ചകളുടെയും  തായ് ലാൻഡ്

ഭാഗം 1

സുവർണ്ണ ബുദ്ധനും  റിവർ ക്രൂയിസും 

ഒരു ചെറിയ വിനോദ യാത്ര പോകാൻ ആലോചിക്കുമ്പോൾ നമ്മൾ മലയാളികൾ  സാധാരണയായി മൂന്നാർ,വാഗമൺ പൊന്മുടി എന്നു തുടങ്ങിയ സ്ഥലങ്ങളാണല്ലോ സാധാരണ തിരഞ്ഞെടുക്കുക പതിവ് . 1960 -70 കാലഘട്ടങ്ങളിൽ ഞങ്ങളൊക്കെ പ്രൈമറി ക്ലാസിൽ പഠിക്കുന്ന സമയത്ത് കോവളവും കന്യാകുമാരിയും വിട്ടൊരു കളിയില്ലായിരുന്നു . ഇന്ന് അതൊക്കെ മാറി ആളുകൾ വിനോദ യാത്രകൾക്ക് വേണ്ടി സമയവും പണവും നീക്കി വയ്ക്കാൻ തുടങ്ങിയതോടെ ഊട്ടിയും കൊടൈക്കനാലും  ബാംഗളൂരും  മൈസൂറും കടന്ന് കാശ്മീരും ലഡാക്കും കുളു താഴ്വര  വരെയും യാത്രകൾ നീണ്ടു പോയിരിക്കുന്നു . ഇപ്പോൾ അതൊക്കെയും മാറി രാജ്യാന്തര വിനോദ സങ്കേതങ്ങളായ സിംഗപ്പൂർ ,മലേഷ്യ ഹോങ്കോങ് തായ് ലാൻഡ് തുടങ്ങിയ സ്ഥലങ്ങൾ കൂടി ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളതായി കാണുന്നു. ഇനി അതും മാറി ,വരും തലമുറ എവിടെയൊക്കെ പോകാനിരിക്കുന്നു !

തനിയെ യാത്ര പോകുവാനും അതിനുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ വേണ്ട പരിചയക്കുറവും ബുദ്ധിമുട്ടും ഉള്ളവർക്കുള്ള  സഹായ ഹസ്തവുമായി നിരവധി ടൂർ ഏജൻസികൾ കൂടി രംഗത്ത് വന്നതോടെ വിനോദ യാത്രകൾ നമ്മുടെ ജീവിത ശൈലിയായി മാറിയിരിക്കുന്നു എന്നത് ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണ് .. ഈ ചരിത്രമൊക്കെ ഇവിടെ പ്രസ്താവിച്ചത് എന്തിനെന്ന് വച്ചാൽ ഭാഗ്യവശാൽ “ആൻസ്” എന്ന ട്രാവൽ ഏജൻസിയുടെ ഗ്രൂപ്പ് ടൂർ പ്ലാനിൽ ഒരു 'തായ് ലാൻഡ്' യാത്ര ഞങ്ങൾക്കും  സാദ്ധ്യമായി എന്ന കാര്യം പറയുവാൻ വേണ്ടിയാണ്  .

2023 ൽ രാജസ്ഥാൻ യാത്രയിലൂടെ പരിചയപ്പെട്ട ‘ആൻസ് ട്രാവൽസ്’ തന്നെയാണ് ഇത്തവണയും  ഞങ്ങളുടെ തായ് സ്വപ്നങ്ങൾക്ക് ചിറക് നൽകിയത് . ഗുജറാത്തിലേക്കുള്ള ടൂർ പ്ലാൻ ഉണ്ടോ എന്ന അന്വേഷണത്തിന് മറുപടിയായി ആൻസിന്റെ അമരക്കാരനായ “ജൂണോ” ഞങ്ങളെ  ഫോണിൽ വിളിക്കുകയായിരുന്നു , ഗുജറാത്ത് പരിപാടി ഉടനെ ഇല്ലെന്നും  ഏപ്രിൽ 18 ന് ബാങ്കോക്ക്, പട്ടയ യാത്ര പ്ലാൻ ഉണ്ടെന്നും ,അത് വളരെ നന്നായിരിക്കുമെന്നുമാണ് അദ്ദേഹം നിർദ്ദേശിച്ചത് . എന്നാൽ പിന്നെ തായ് ലാൻഡെങ്കിൽ അത് ....അങ്ങനെയാണ് അഞ്ചു പകലും നാല് രാത്രിയും നീണ്ട തായ് യാത്രയ്ക്ക് ഞങ്ങൾ ഇറങ്ങി പുറപ്പെട്ടത്.     

തെക്ക് കിഴക്കൻ ഏഷ്യയിലെ ഒരു ചെറിയ രാജ്യമാണ് തായ് ലാൻഡ് . ഏതാണ്ട് 5,13,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും ഏഴു കോടിയിൽ പരം ജനസംഖ്യയുമുള്ള മനോഹരമായ ഒരു നാട്  . പണ്ട്  കാലത്ത് വേശ്യാവൃത്തിയുടെയും ,തട്ടിപ്പിന്റെയും  സങ്കേതമെന്ന് കുപ്രസിദ്ധി നേടിയിരുന്ന ഈ രാജ്യം ഇന്ന് ആ സ്ഥിതിയിൽ നിന്ന് ഒരുപടി ഉയർന്ന് ടൂറിസം കൊണ്ട് ലോക ശ്രദ്ധ ആകർഷിക്കുന്ന ഒരു സ്ഥലമായി മാറിയിരിക്കുന്നു . എങ്കിലും അവരുടെ ആ പഴയ പാരമ്പര്യം ഇപ്പോഴും തീരെ കൈ വിട്ടിട്ടില്ല എന്ന് ചില സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ നമുക്ക് മനസ്സിലാകും .

    ലാവോസ്,കംബോഡിയ ,മലേഷ്യ മ്യാന്മർ എന്നീ രാജ്യങ്ങളുമായി കിഴക്കൻ അതിർത്തി പങ്കിടുന്ന തായ് ലാൻഡിന്റെ പടിഞ്ഞാറ് വശം ആൻഡമാൻ കടലും ,തെക്ക് തായ് ലാൻഡ് ഉൾക്കടലും ആണുള്ളത് . “തായ്” ഭാഷ സംസാരിക്കുന്ന ഈ രാജ്യത്തിന്റെ തലസ്ഥാനം    “ബാങ്കോക്ക്” ആണ്. സമയത്തിന്റെ കാര്യത്തിൽ ഭാരതത്തേക്കാൾ ഒന്നര മണിക്കൂർ മുന്നേ ഓടുന്ന ഇവരുടെ കറൻസി “ബാത്ത്” ആണ്, അതും നമ്മെക്കാൾ ഏകദേശം രണ്ടര രൂപയോളം മുന്നിലാണ്. അതായത് അവരുടെ ഒരു ബാത്ത് കിട്ടണമെങ്കിൽ നമ്മുടെ രണ്ടര രൂപയോ അതിന് മുകളിലോ അതാത് ദിവസത്തെ റേറ്റ് അനുസരിച്ച്  കൊടുക്കണം എന്നർത്ഥം .

 യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി വരവേ ,2025 മാർച്ച് മാസം അവസാനം ഉണ്ടായ ഭൂകമ്പം അതിന്റെ പ്രഭവ കേന്ദ്രമായ  മ്യാന്മറിൽ നിന്ന് ബാങ്കോക്ക് വരെ എത്തിയിരുന്ന വാർത്ത  അറിഞ്ഞതോടെ  അവിടേയ്ക്ക് പോകാണോ വേണ്ടയോ എന്ന് ഒന്നുകൂടി ഞങ്ങൾ ആലോചിച്ചു. തുടർ അന്വേഷണങ്ങൾ നടത്തിയതിൽ വലിയ കുഴപ്പമൊന്നും ഇല്ലെന്ന് അറിയാൻ കഴിഞ്ഞതോടെ യാത്രയ്ക്ക് വേണ്ട പണവും മറ്റു രേഖകളും ശരിയാക്കി ആൻസിന് അയച്ചു കൊടുത്തു . അങ്ങിനെ ഏപ്രിൽ മാസം പതിനേഴാം തീയതി രാത്രി പത്ത് മണി കഴിഞ്ഞ്  ഇരുപത് പേരുള്ള തായ് യാത്രാ  ഗ്രൂപ്പ് അംഗങ്ങൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ  പില്ലർ നമ്പർ മൂന്നിൽ ഒത്തു കൂടാൻ ഗ്രൂപ്പ് കമാണ്ടർ ‘ബ്രിട്ടോയുടെ’ അറിയിപ്പ് വാട്ട്സാപ്പിൽ കിട്ടി . എയർപ്പോർട്ടിൽ എത്തിയ ഞങ്ങൾക്ക് ഗ്രൂപ്പ് അംഗങ്ങളെയോ ,ബ്രിട്ടോയെയോ പരിചയമില്ലായിരുന്നതിനാൽ മൂന്നാം നമ്പർ തൂണിന് സമീപത്ത് ഞങ്ങൾ കാത്തിരുന്നു . കുറച്ച് കഴിഞ്ഞപ്പോൾ ജൂണോയും അദ്ദേഹത്തിന്റെ അനന്തിരവനും ഞങ്ങളുടെ പടനായകനായ  ബ്രിട്ടോയും അവിടെയെത്തി . യൂറോപ്യൻ യാത്രയിലായിരുന്ന ജൂണോ ,യാത്രാ ക്ഷീണം വകവയ്ക്കാതെ ഞങ്ങളെ യാത്ര അയയ്ക്കുവാനും, ടൂർ ആസൂത്രണ മേഖലയിൽ നവാഗതനായ അനന്തിരവന് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുവാനുമായി എയർ പോർട്ടിലെത്തിയതായിരുന്നു . 20 പേരടങ്ങുന്ന ഗ്രൂപ്പ് അംഗങ്ങളെ എല്ലാവരെയും ഒന്നും  എയർ പോർട്ടിൽ വച്ച് പരിചയപ്പെടാൻ സാധിച്ചില്ലെങ്കിലും കുറച്ചു പേരെ ജൂണോയും ബ്രിട്ടോയും ചേർന്ന് പരിചയപ്പെടുത്തിയിട്ട് എല്ലാവർക്കും  ,ആൻസിന്റെ പേരെഴുതിയ  തൊപ്പി വിതരണം ചെയ്തു. പതിനൊന്ന് മണി കഴിഞ്ഞപ്പോഴേക്കും ചെക്കിൻ പരിപാടികൾക്കായി  എല്ലാവരും ഉള്ളിലേക്ക് നടന്നു .ഏപ്രിൽ 18 വെളുപ്പിന് 2.10 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട തായ് ലയൺ എയർ വേയ്സ് വിമാനത്തിലേക്കുള്ള  ചെക്കിൻ പരിപാടികൾക്ക് നേതൃത്വം നൽകിക്കൊണ്ട്  ബ്രിട്ടോ ഊർജ്ജസ്വലനായി ഞങ്ങളുടെ  എല്ലാവരുടെയും കൂടെത്തന്നെ ഉണ്ടായിരുന്നു.

     കൃത്യ സമയത്ത് പുറപ്പെട്ട വിമാനം ഏകദേശം നാലു മണിക്കൂർ  പറന്ന് തായ് സമയം 7.15 ന് ബാങ്കോക്കിലെ  "ഡോൺ മുയിയാങ് ഇൻറർ നാഷണൽ (Don Mueang International Air Port )" എയർ പോർട്ടിൽ  സമയത്തിന് മുൻപ് തന്നെ ചിറക് വിരിച്ചിറങ്ങി . മുൻകൂട്ടി തീരുമാനിച്ചിരുന്നത് പോലെ വിമാനത്താവളത്തിലെ പതിവ് നടപടി ക്രമങ്ങൾ കഴിഞ്ഞ് പ്രാഥമിക കാര്യങ്ങൾ അവിടെത്തന്നെ നിർവ്വഹിച്ചതിന് ശേഷം ആദ്യ ദിവസത്തെ യാത്രാ പരിപാടിയ്ക്കായി ഞങ്ങൾ പുറത്തേക്കിറങ്ങി . ആകെ ഒരു മന:പ്രയാസം ഉണ്ടായത് ടോയ് ലെറ്റിൽ വെള്ളത്തിന്റെ സ്ഥാനം ടിഷ്യൂ പേപ്പർ കയ്യടക്കിയിരുന്നു എന്നുള്ളതാണ് , പേപ്പർ കൊണ്ട് കാര്യങ്ങൾ നടത്തിയെങ്കിലും ഒട്ടും തൃപ്തി വരാത്ത മുഖവുമായി പുറത്തേക്കിറങ്ങിയ ഞങ്ങളെ സ്വീകരിക്കുവാനായി  നിറഞ്ഞ ചിരിയുമായി ഒരു തായ് സുന്ദരി ‘ആൻസിന്റെ’ ബോർഡും പിടിച്ച് നിൽക്കുന്നത് കണ്ടപ്പോൾ എല്ലാം മറന്ന് ഞങ്ങളും അവരോടൊപ്പം ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു. പിന്നെയുള്ള ദിവസങ്ങളിലെ യാത്രകളിൽ ഞങ്ങളെ നയിക്കുന്നതിനായി എത്തിയ ബാങ്കോക്ക് സ്വദേശിയായ “ഉമി” എന്ന വനിതാ ഗൈഡായിരുന്നു ആ ചുണക്കുട്ടി. തായ് ലാൻഡിലെ  കാഴ്ചകൾ കാണുന്നതിനായി  ഏർപ്പാട് ചെയ്തിരുന്ന എയർ കണ്ടിഷൻഡ്  ബസിന്റെ പള്ളയിലേക്ക് എല്ലാവരുടെയും ലഗ്ഗേജ്  കയറ്റി വച്ചിട്ട് ആദ്യ ദിന യാത്ര തുടങ്ങി.

 ബസ് ഓടിത്തുടങ്ങിയപ്പോഴേക്കും ഉമി  മൈക്ക് കയ്യിലെടുത്ത്  ‘സവാടിക “ എന്നു പറഞ്ഞ് ചിരിച്ചു . ഒന്നും മനസ്സിലാകാതെ “ലേലു അല്ലു “ പറയേണ്ടി വരുമോ എന്ന് ചിന്തിച്ചിരുന്ന ഞങ്ങളോട്  ‘ഗുഡ് മോണിങ്’ എന്നാണ് ആ വാക്കിന്റെ അർത്ഥമെന്നും നാളെ മുതൽ  എല്ലാവരും അത് ഓർത്തു  വച്ച് അങ്ങനെ പറയണമെന്നും ഒരു കുസൃതി ചിരിയോടെ അവർ പറഞ്ഞു . ഉറക്കം കനം തൂങ്ങിയ കണ്ണുകളുമായി ഇരുന്ന എല്ലാവരോടുമായി ‘”ചാക്കോ ചാക്കോ” എന്ന് പറഞ്ഞു കൊണ്ട്  ഇനി നേരെ കാഴ്ചകൾ കാണാൻ പോയാലോ എന്നൊരു ചോദ്യം ഉമി ഇംഗ്ലീഷിൽ ചോദിച്ചു . കൂട്ടരിൽ ആരെങ്കിലും  “ചാക്കോ” എന്ന പേരുള്ളവരുണ്ടോ എന്ന് എല്ലാവരും പരസ്പരം നോക്കി. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിലും ഇല്ലെങ്കിലും ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു മതി കാഴ്ചകൾ എന്ന് എല്ലാവരും ഒറ്റക്കെട്ടായി വിളിച്ചു പറഞ്ഞു. ‘ഐ വാസ് കിഡിങ്’ വെറുതെ പറഞ്ഞതാണ് ബ്രേക്ക് ഫാസ്റ്റ് കഴിക്കുവാനാണ് നമ്മൾ പോകുന്നതെന്ന് പറഞ്ഞപ്പോഴാണ് ആശ്വാസമായത് . വടക്കേ ഇന്ത്യയിൽ വന്നിട്ടുള്ള ഉമി ,ഗ്രൂപ്പിനെ ഉണർത്താൻ വേണ്ടിയാണ് ഹിന്ദി വാക്കായ ജാഗോയുടെ  (ഉണരൂ ) ‘ തായ് സ്റ്റൈൽ പ്രയോഗിച്ചത്. ഇത് പിന്നീട് എല്ലാ ദിവസവും അവരെ കാണുമ്പോൾ കാണുമ്പോൾ ഞങ്ങൾ അങ്ങോട്ട് പറയുക പതിവായി  . 


                                    ഗൈഡ് ഉമി 

  വിശപ്പും ഉറക്കവും ‘ഞാൻ മുമ്പേ ഞാൻ മുമ്പേ’ എന്ന അവസ്ഥയിലായിരുന്ന ഞങ്ങളോട് തായ് ലാൻഡ് എന്ന സ്ഥലനാമത്തിന്റെ അർത്ഥം ‘ ലാൻഡ് ഓഫ് സ്മൈൽ’ അതായത് “മന്ദസ്മിതത്തിന്റെ നാട്” എന്നാണെന്നും, ബാങ്കോക്ക് എന്നാൽ “ബ്യൂട്ടിഫുൾ ലൈക്ക് ആൻ എയിഞ്ചൽ” ‘ഒരു മാലാഖയെപ്പോലെ സുന്ദരി “ എന്നുമാണെന്ന് ഉമി അഭിമാനത്തോടെ പറഞ്ഞു. അല്ലെങ്കിലും വീട്ടിലിരുന്നു നാടിന്റെ കുറ്റവും കുറവും പറഞ്ഞാലും, വിദേശികളോടും , അന്യ നാട്ടിൽ ചെല്ലുമ്പോഴും   സ്വന്തം നാടിനെപ്പറ്റി പറയുമ്പോൾ എല്ലാവർക്കും ആയിരം നാവാണല്ലോ ! രാജ്യ ചരിത്ര വിവരണം കേട്ട് കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നപ്പോൾ  കണ്ണിന് കണിയായി മഞ്ഞക്കിങ്ങിണി പൂക്കളണിഞ്ഞ്  നിരന്നു നിന്നിരുന്ന  കൊന്ന മരങ്ങളുടെ കാഴ്ച നമ്മുടെ  വിഷുക്കാല സ്മരണകൾ ഉണർത്തി.  നല്ല വൃത്തിയും വെടിപ്പുമുള്ള  പാതയുടെ വശങ്ങളിലുള്ള വലിയ കെട്ടിടങ്ങളും ബുദ്ധ പ്രതിമകളും മറ്റും കണ്ടിരിക്കുമ്പോൾ തായ് ലാൻഡിനെ പറ്റി ഉമി വാ തോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു. ബുദ്ധമത വിശ്വാസികൾ കൂടുതലുള്ള തായ് ലാൻഡിൽ രാജ ഭരണമാണ് നിലവിലുള്ളതെന്നും രാജാക്കന്മാർ “ രാമ 1,രാമ 2 ,രാമ 3 .. എന്നിങ്ങനെയാണ് അറിയപ്പെടുന്നതെന്നും , ഇപ്പോൾ  ഭരിക്കുന്നത്  “മഹാ വിജ്റലോങ് കോർൺ ( Maha Vijralongkorn) എന്ന  രാമ 10” ആണെന്നും അവർ വിശദീകരിച്ചു. പുറത്തേക്ക് കൈ ചൂണ്ടി ഒരു കെട്ടിടത്തിന് മുകളിൽ പാറിക്കളിക്കുന്ന ചുവപ്പ് ,വെള്ള നീല നിറങ്ങളുള്ള ദേശീയ പതാക  കാണിച്ചു കൊണ്ട് അതിലെ  നിറങ്ങൾ എന്താണ് സൂചിപ്പിക്കുന്നതെന്നാണ് തുടർന്ന് പറഞ്ഞത് . തായ് ലാൻഡ് രാജ ഭരണത്തിൻ കീഴിലാണെന്ന സൂചനയാണ് ചുവപ്പ് നിറം നൽകുന്നത് , യുദ്ധ വിരോധികളും സമാധാന കാംക്ഷികളുമാണ് ജനങ്ങൾ എന്നാണ് വെളുപ്പ് നിറം കൊണ്ട് ഉദ്ദേശിക്കുന്നത് . നീല നിറമാകട്ടെ രാജാവ്  റോയൽ ഫാമിലിയിലുള്ള ആളാണ് എന്നുമാണ് അർത്ഥമാക്കുന്നതത്രേ. ഉമിയുടെ തായ് ചരിത്ര വിവരണങ്ങൾ ഉറക്കക്ഷീണം കൊണ്ട് മയക്കത്തിലേക്ക് വഴുതി  വീണവർക്ക് ഒരു താരാട്ട് പാട്ടായി അനുഭവപ്പെട്ടത് പോലെ എനിക്ക് തോന്നി  .. ‘’ചാക്കോ ചാക്കോ ,ബ്രേക്ക് ഫാസ്റ്റ് ബ്രേക്ക് ഫാസ്റ്റ് .. ഉമിയുടെ പുതിയ ചിരിപ്പാട്ട്  കേട്ട് എല്ലാവരും ഉഷാറായി.

ഭക്ഷണ വൈവിദ്ധ്യത്തിന് പ്രസിദ്ധമാണ് തായ് നാട്  .. തികച്ചും സസ്യാഹാരിയായ എനിക്ക് അവിടെ എന്ത് കഴിക്കാൻ  കിട്ടുമെന്നായിരുന്നു ആദ്യം മുതൽ ആലോചിച്ചിരുന്നത് .. മാംസ ഭക്ഷണം കഴിക്കുന്നവർക്ക് പോലും അറപ്പ് തോന്നുന്ന പല സാധനങ്ങളും അവർക്ക് രുചികരങ്ങളായ സ്നാക്സ് ആണെന്നാണ് കണ്ടും , കേട്ടും  വായിച്ചും മനസ്സിലാക്കിയിട്ടുള്ളത് . പൊരിച്ച പാറ്റകൾ ,വറുത്ത പുഴുക്കൾ വിട്ടിൽ ഫ്രൈ  തുടങ്ങി വലിയ മുതലകളെ വരെ വറുത്ത് , ഉപ്പേരി പോലെ  കഴിക്കുന്നവരാണ് അന്നാട്ടുകാർ . കൂടാതെ എല്ലാ ഭക്ഷണ സാധനങ്ങളിലും ഫിഷ് സോസ് ,പ്രോൺസ് സോസ് എന്നിവ സുലഭമായി ചേർക്കുക അവിടത്തെ പതിവാണെന്ന്  കൂടി അറിഞ്ഞതോടെ ഞാൻ കൺഫ്യൂഷനിലായി എന്ന് പറഞ്ഞാൽ കഴിഞ്ഞല്ലോ .എന്നെപ്പോലെയുള്ള സസ്യഭുക്കുകൾക്ക് കഴിക്കാൻ പറ്റുന്ന എന്തെങ്കിലും കിട്ടുമോ എന്ന് ഉമിയോട് ചോദിച്ചപ്പോൾ ‘വെരി സോറി  ഒരുപാട് വെറൈറ്റി ഒന്നും കാണില്ല,’ എന്നാലും എന്തെങ്കിലും കിട്ടുമെന്നവർ  ഉറപ്പ് തന്നു. ഒക്ടോബറിൽ വെജ് ഫെസ്റ്റിവൽ നടത്തുന്ന പതിവുണ്ടെന്നും ആ സമയത്ത് വന്നാൽ വ്യത്യസ്ത തരത്തിലുള്ള ശുദ്ധമായ സസ്യ ഭക്ഷണ സാധനങ്ങൾ ഇഷ്ടം പോലെ ലഭിക്കുമെന്നും കൂടി  പറഞ്ഞ് അവർ  എന്നെ ആശ്വസിപ്പിച്ചു .

രെത്ച തേവി (Rethcha Thewi) എന്ന സ്ഥലത്തെ  ‘ഇന്ത്യൻ എക്സ്പ്രസ്സ് ‘ എന്ന്  പേരുള്ള ഹോട്ടലിന് സമീപത്ത് ഞങ്ങൾ പ്രഭാത ഭക്ഷണം കഴിക്കാനായി ഇറങ്ങി . ദോശയും മസാല ദോശയും സാമ്പാറും ചട്ണിയും ഒക്കെ അവിടെ നിന്ന് കിട്ടിയെങ്കിലും മറ്റ് വല്ല സോസും ചേർത്തിട്ടുണ്ടോ എന്നറിയാൻ മണത്തു നോക്കിയിട്ടാണ് ഞാൻ കഴിച്ചത്. ഏതായാലും  വളരെ നല്ല ആഹാരം കിട്ടിയതോടെ എല്ലാവരും സന്തുഷ്ടരായി ഉത്സാഹത്തോടെ ബസിൽ കയറി. തലേ ദിവസം ഹൈദരാബാദിൽ നിന്ന് തായ് ലാൻഡിൽ എത്തിയിരുന്ന ഗ്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ പയ്യനായ സഞ്ജീവ് ഈ ഹോട്ടലിൽ വച്ചാണ് ഞങ്ങളോടൊപ്പം ചേർന്നത് .  

   ബസിൽ തിരിച്ചെത്തിയ ആളുകളുടെ എണ്ണമെടുത്ത് കഴിഞ്ഞ് ഉമി എല്ലാവരോടുമായി വീണ്ടും “ചാക്കോ ചാക്കോ’  പറഞ്ഞിട്ട് ഭക്ഷണം ഇഷ്ടപ്പെട്ടോ എന്ന് അന്വേഷിച്ചു. അടുത്തതായി സുവർണ്ണ  ബുദ്ധനെ (Golden Budha )കാണാൻ വേണ്ടിയാണ് പോകുന്നതെന്നും വളരെ മനോഹരമായ ഒരു ക്ഷേത്രമാണതെന്നും  പറഞ്ഞു കൊണ്ട് അൽപ്പം രാജ്യ ചരിത്രം കൂടി അവർ വിവരിച്ചു  തുടങ്ങി . തായ് ജനതയിൽ ഭൂരിഭാഗവും ബുദ്ധമത വിശ്വാസികളാണെന്നും ,അൽപ്പം ഹിന്ദുക്കളും ബാക്കി കുറച്ച് പേർ മറ്റ് മതസ്ഥരും ആണെന്നാണ് പറഞ്ഞത് . തായ് ജനതയുടെ പൂർവ്വികർ ബർമ്മ ,കമ്പോഡിയ, ലാവോസ് എന്നിവിടങ്ങളിൽ നിന്ന് വന്നവർ ആയിരുന്നെങ്കിലും ശരിക്കും ആദ്യകാല തായ് വംശജരുടെ ഒറിജിൻ ഇന്ത്യയിലെ സിക്കിം ആണെന്നും അഭിപ്രായമുണ്ടത്രേ. ജനസംഖ്യയിൽ 55 % സ്ത്രീകളും ബാക്കി പുരുഷന്മാരും ആണെന്നും സ്ത്രീകളാണ് തൊഴിൽ മേഖലയിൽ സജീവമെന്നും പറഞ്ഞിട്ട് അതിന്റെ കാരണമെന്താണെന്ന് പറയാമോ എന്ന് ചോദിച്ചു. പലരും പല കാരണങ്ങളും പറഞ്ഞെങ്കിലും അതിന്റെ ഉത്തരം രണ്ടു ദിവസം കഴിഞ്ഞ് പട്ടയായിൽ ചെല്ലുമ്പോൾ മനസ്സിലാകുമെന്ന് പറഞ്ഞ് അവർ ചിരിച്ചു . രാജ്യത്തിന്റെ പ്രധാന വരുമാന സ്രോതസ് ടൂറിസം ,നെൽകൃഷി ,ഇൻഡസ്ട്രി എന്നിവയാണെന്നും ഒരു വർഷത്തിൽ രണ്ട് മില്ല്യൺ കാറുകൾ വരെ  അവിടെ ഉണ്ടാക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അതു പോലെ റോഡിൽ ഹോൺ മുഴക്കുന്നതിലും ചില നിയന്ത്രണങ്ങളും സൂചനകളും  ഉണ്ട് പോൽ . ഒരു തവണ ഹോൺ അടിച്ചാൽ “ഹായ് “ എന്നു പറയുന്നതായി കരുതണം , രണ്ടു തവണ ആയാൽ വളരെ അടുത്തു കൂടിയാണ് വാഹനം പോകുന്നതെന്നുള്ള അറിയിപ്പാണെന്നും, മൂന്നു  തവണ അടിച്ചാൽ വാഹനത്തിൽ നിന്നിറങ്ങി വാഹനമോടിച്ചവനെ അടിക്കുന്ന സ്ഥിതി വരെ ഉണ്ടാകുമെന്നും പറഞ്ഞു.  നമ്മുടെ നാട്ടിൽ ഈ സ്ഥിതി വന്നാൽ അടിയുണ്ടാക്കാനേ  നേരം കാണൂ എന്നാലോചിച്ച് ഞാൻ അറിയാതെ ചിരിച്ചു പോയി. നമ്മുടെ ഓട്ടോ റിക്ഷകൾ പോലെ ചെറിയ ആകൃതി വ്യത്യാസമുള്ള വാഹനങ്ങൾ നിരത്തിലെവിടെയും കാണാമായിരുന്നു  , അവയെ "ടുക് ടുക്" എന്നാണത്രെ വിളിക്കുന്നത് .

സുവർണ്ണ ബുദ്ധൻ -Golden Budha

ബാങ്കോക്കിലെ വളരെ പഴക്കമേറിയ "വാട്ട് ട്രാമിറ്റ്" ക്ഷേത്രത്തിലാണ് ധ്യാനാവസ്ഥയിലുള്ള സുവർണ്ണ ബുദ്ധ പ്രതിമയുള്ളത്.13 -14 നൂറ്റാണ്ടിൽ “സുഖ്ത്തോയ് രാജവംശ” ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഈ പ്രതിമയുടെ യഥാർത്ഥ  മൂല്യം കുറയ്ക്കുന്നതിനായി അതിനു മുകളിൽ ഗ്ലാസ്, കോൺക്രീറ്റ് എന്നീ മിശ്രിതം കൊണ്ട് ഒരു പാളി മറച്ചിരുന്നെന്നും അങ്ങനെ അത് ഇരുന്നൂറ് വർഷങ്ങളോളം ഇരുന്നുവെന്നുമാണ് പറയപ്പെടുന്നത്. ഭാരതത്തിലെ അയോദ്ധ്യയിൽ നിന്നുമാണ് ഈ പ്രതിമ, തായ് ലാൻഡിലേക്ക്  കൊണ്ടു വന്നതെന്നും  അവിടെ വച്ച്  പീഠത്തിൽ നിന്ന് ഉയർത്തുന്ന സമയത്ത് കയറുകൾ പൊട്ടുകയും പ്രതിമയുടെ തോൾ ഭാഗം ചെറുതായി ഉടയുകയും ചെയ്തുവത്രെ . അപ്പോഴാണ് വിഗ്രഹത്തിന്റെ ഉള്ളിലുള്ള സ്വർണ്ണ നിറം വെളിവാകുന്നതും അതിന്റെ യഥാർത്ഥ മൂല്യം എല്ലാവർക്കും മനസ്സിലാകുന്നതുമെന്നാണ് പറയപ്പെടുന്നത്  . ശത്രുക്കളുടെ ആക്രമണ സമയത്ത് വിഗ്രഹം കൊള്ള ചെയ്യപ്പെടാതിരിക്കാൻ വേണ്ടിയാകണം ഇങ്ങനെയൊരു മുൻ കരുതൽ എടുത്തതെന്നാണ് നിഗമനം .5500 കിലോഗ്രാം ഭാരമുള്ള ഈ സ്വർണ്ണ ബുദ്ധ വിഗ്രഹം പ്രതിഷ്ടിക്കുന്നതിനായി 2010 ലാണ്  ഇപ്പോഴുള്ള ക്ഷേത്രം പണിതുയർത്തിയത് .  സുഖ്ത്തോയ് ശൈലിയ്ക്ക് ഭാരതീയ കലയുമായി ബന്ധമുണ്ടെന്നും ക്ഷേത്രത്തിൽ ഭാരത-തായ് -ചൈനീസ് രീതികളാണ് അവലംബിച്ചിരിക്കുന്നതെന്നുമായിരുന്നു ഉമിയുടെ വിശദീകരണം . 

                  ഗോൾഡൻ ബുദ്ധ ക്ഷേത്രം  

പടിക്കെട്ടുകൾക്ക് താഴെ നിന്ന് ക്ഷേത്രത്തെ ആകെയൊന്നു  നോക്കിയപ്പോൾ നീലാകാശത്തിലെ വെള്ളിമേഘങ്ങൾക്കിടയിൽ സിദ്ധാർത്ഥ രാജകുമാരന്റെ പൊൻ കിരീടം ഉയർത്തി വച്ചിരിക്കുന്നത് പോലെയാണ് തോന്നിയത് . അലങ്കാര കൊത്തു പണികൾ ചെയ്തിട്ടുള്ള ക്ഷേത്ര ഗോപുരങ്ങൾ നയന വിസ്മയങ്ങൾ തന്നെയാണ്. പടിക്കെട്ടുകൾ കയറി മുകളിലെത്തിയാൽ ശിൽപ്പ ചാതുര്യം വഴിഞ്ഞൊഴുകുന്ന ഒരു വലിയ ഹാളിൽ  അർദ്ധ നിമീലിത നേത്രങ്ങളുമായി ധ്യാനാവസ്ഥയിലുള്ള  ഗൌതമ ബുദ്ധ വിഗ്രഹം സുവർണ്ണ പ്രഭ തൂകി ഇരിക്കുന്ന കാഴ്ച വിവരിക്കാൻ വാക്കുകളില്ല . ഗംഭീരാകൃതിയിലുള്ള ആ  ബുദ്ധ വിഗ്രഹത്തിന് ഒരു പ്രദക്ഷിണം വച്ച് വന്നവരെല്ലാം ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു . ധാരാളം ആളുകൾ അവിടെയിരുന്നു പ്രാർത്ഥിക്കുന്നതും  കാണാമായിരുന്നു . മമതാ ബന്ധങ്ങളിൽ നിന്നുണ്ടാകുന്ന ദോഷങ്ങളെ വിലയിരുത്തി അതിൽ നിന്നും പുറത്ത് കടന്ന് മുക്തി മാർഗ്ഗത്തിലേക്ക് ഗമിക്കണമെന്ന  മഹത്തായ ഉപദേശം നൽകിയ ദാർശനികനും അദ്ധ്യാപകനുമായിരുന്നു ഗൌതമ ബുദ്ധൻ . ഉറക്കത്തിൽ നിന്ന് ഉണർന്നിരിക്കുന്നതും മോഹ- മോഹഭംഗങ്ങൾ ഇല്ലാത്തതും   സത്യത്തെ അറിയുന്നതുമായ പ്രബുദ്ധ വ്യക്തിത്വമായ ശ്രീ ബുദ്ധന്റെ ചൈതന്യവത്തായ ആ വിഗ്രഹത്തിൽ നോക്കി നിന്നപ്പോൾ ശാന്തിയുടെ തരംഗങ്ങൾ ഉള്ളിൽ നിറയുന്നത് പോലെ തോന്നി. 

                 ഗോൾഡൻ ബുദ്ധ 

ശ്രീ ബുദ്ധ സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തണമെന്ന നിശ്ചയവും ആഗ്രഹവുമായി പടിയിറങ്ങി വന്നപ്പോഴാണ്  അവിടെ സ്ഥാപിച്ചിരുന്ന മനോഹരമായ ഒരു വലിയ മണി കണ്ടത് . എല്ലാ ബുദ്ധ ക്ഷേത്രങ്ങളിലും ഇത് പോലെയുള്ള വിശേഷപ്പെട്ട  മണികളും പ്രയർ വീലുകളും സാധാരണയായി കണ്ടു വരുന്ന കാര്യങ്ങളാണ് . 

      ഗോൾഡൻ ബുദ്ധ ക്ഷേത്രത്തിലെ  വലിയ  മണി

ഗോൾഡൻ ബുദ്ധ ക്ഷേത്ര ദർശനം കൊണ്ട് ശാന്തമായ മനസ്സുമായി മാർബിൾ ക്ഷേത്രത്തിലേക്കാണ് പോയത്. ക്ഷേത്രത്തിലേക്കുള്ള മാർഗ്ഗ മദ്ധ്യേ റിക്ലയിനിങ് ബുദ്ധ ക്ഷേത്രം ( കിടക്കുന്ന രീതിയിലുള്ള ബുദ്ധ  പ്രതിഷ്ഠ) രാജാക്കന്മാർ മരിച്ചാൽ സംസ്ക്കരിക്കുന്ന സ്ഥലം ,പാർലമെൻറ് മന്ദിരം, പ്രൈം മിനിസ്റ്ററുടെ ഓഫീസ് മന്ദിരം എന്നിവയെല്ലാം ബസിലിരുന്നു കൊണ്ട് ഉമി കാണിച്ചു തന്നു. അവിടെയെങ്ങും വാഹനം നിർത്തുവാനോ ചിത്രങ്ങളെടുക്കുവാനോ ഉള്ള സൌകര്യമില്ലായിരുന്നു .

 

                      റിക്ളൈനിങ്  ബുദ്ധക്ഷേത്രം  

മാർബിൾ ടെമ്പിൾ

ബാങ്കോക്കിലെ ഏറ്റവും അറിയപ്പെടുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് മാർബിൾ ടെമ്പിൾ . “സുഖ്  തായി” ശൈലിയിലുള്ള ബുദ്ധ വിഗ്രഹം  തന്നെയാണ് ഇവിടെയും ഉള്ളത് . വിഗ്രഹത്തിന് മുന്നിൽ ചുവന്ന വിരിപ്പിട്ട ഉയർന്ന വലിയ പീഠവും , പീഠത്തിന് മുകളിൽ സ്വർണ്ണപ്പാത്രത്തിലും ,വെളിപ്പാത്രത്തിലും പൂക്കളും മറ്റ് പൂജാ സാധനങ്ങളും വച്ചിട്ടുണ്ടായിരുന്നു. അതിനു തൊട്ടടുത്തായി ആഘോഷ വേളകളിൽ അലങ്കരിച്ചു വയ്ക്കുന്ന കൊത്തു പണികളുള്ള ഒരു തട്ടും, ബുദ്ധ ഭിക്ഷുക്കൾ നമസ്കരിക്കുന്ന ഒരു സ്ഥലവും പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്നത് കാണാമായിരുന്നു . ഹാളിന് ചുറ്റുമുള്ള ഗാലറിയിൽ വ്യത്യസ്ത അടയാളങ്ങൾ  കാണിക്കുന്ന  52 ബുദ്ധ പ്രതിമകളും  സമീപത്തായി  അവയുടെ വിശദീകരണങ്ങളും കാണാമായിരുന്നു .

                    ബുദ്ധ പ്രതിമകൾ

 മറ്റ് ബുദ്ധ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ക്ഷേത്രത്തോട്  ചേർന്ന് ബുദ്ധ സന്യാസിമാർ താമസിക്കുന്ന ഒരു മാളികയും കൂടി കണ്ടു . അവർ ഈ മാളികയിൽ താമസിച്ച് ബുദ്ധമത തത്ത്വങ്ങളും ,മന്ത്രങ്ങളും ഉരുവിട്ട് പഠിക്കുകയും ബുദ്ധ സന്ദേശങ്ങൾ ഉൾക്കൊണ്ട് ജീവിതം നയിക്കുകയും ചെയ്യുന്നു.  ആ മാളികയ്ക്ക് പിറകിലായി മറ്റൊരു കെട്ടിടം കൂടി കാണാമായിരുന്നു . അവിടെയെന്താണെന്നുള്ള ചോദ്യത്തിന് , ബുദ്ധ ഭിക്ഷുക്കൾ സ്വയം ഭക്ഷണം പാകം ചെയ്യാത്തതിനാൽ അവർക്കുള്ള ഭക്ഷണം ആ കെട്ടിടത്തിൽ  വച്ച്  പാകം ചെയ്ത് ഒരാൾ  മാളികയിൽ കൊണ്ടു കൊടുക്കുമെന്നും,  സ്ത്രീകൾക്ക് സന്യാസിമാരുടെ വാസ സ്ഥലത്തേക്ക് വരാൻ പാടില്ലെന്നുമാണ് നിയമമെന്നും ഉമി ഞങ്ങളെ പറഞ്ഞു മനസ്സിലാക്കി തന്നു  . 

                      മാർബിൾ ടെമ്പിൾ

             മാർബിൾ ക്ഷേത്രത്തിലെ ബുദ്ധ പ്രതിഷ്ഠ 

             മാർബിൾ ക്ഷേത്രത്തിലെ അലങ്കാര തട്ട് 

     മാർബിൾ ക്ഷേത്രത്തിൽ സന്യാസിമാർ നമസ്കരിക്കുന്ന സ്ഥലം 



         ബുദ്ധ സന്യാസിമാരുടെ വാസ സ്ഥലം 

പൊള്ളുന്ന ഉച്ചച്ചൂടിൽ ക്ഷേത്രക്കാഴ്ചകൾ കണ്ടു നടന്ന് എല്ലാവരും ക്ഷീണിതരായി കാണപ്പെട്ടതിനാൽ  ഉമി ഞങ്ങളെ ഉച്ചയൂണ്  കഴിക്കുവാൻ വേണ്ടിയാണ് പിന്നീട് കൊണ്ടു പോയത് . ഒരു ഹോട്ടലിന്റെ രണ്ടാം നിലയിലായിരുന്നു  ഭക്ഷണം ഒരുക്കിയിരുന്നത് . വലിയ കുഴപ്പം ഇല്ലാത്ത ഭക്ഷണമായിരുന്നു അവിടെ നിന്നും ലഭിച്ചത്. ഊണ് കഴിഞ്ഞ്  ബാങ്കോക്കിൽ താമസത്തിന്  ഏർപ്പാടാക്കിയിരുന്ന IBIS STYLES “ഹോട്ടലിലേക്കാണ് പോയത് . എയർപ്പോർട്ടിൽ നിന്ന് ഏകദേശം 35 കി മീ അകലെയാണ് “സുഖും വിത്ത് (sukhumvit )” എന്ന സ്ഥലത്തുള്ള ibis ഹോട്ടൽ.  അവിടത്തെ മുറികൾ സാമാന്യം തരക്കേടില്ലാത്തതും വൃത്തിയുള്ളതുമായിരുന്നു, കൂടാതെ അവരുടെ റെസ്റ്റോറൻറും നല്ലതായിരുന്നു . തലേ ദിവസം നാട്ടിൽ നിന്ന് പോരുമ്പോൾ അണിഞ്ഞിരുന്ന വസ്ത്രങ്ങൾ ഒക്കെ മാറ്റി ഒന്നു കുളിച്ചപ്പോഴാണ് ആകെ ഒരു സുഖം കിട്ടിയത് . വൈകുന്നേരം  ക്രൂയിസ് ആസ്വദിക്കാനായി കൃത്യ സമയത്ത് ഇറങ്ങേണ്ടിയിരുന്നത് കൊണ്ട് യാത്രാ ക്ഷീണം മൊത്തമായി മുറിയിൽ ഇറക്കി വയ്ക്കാൻ പറ്റിയില്ലെങ്കിലും  കുളിച്ചതിന്റെ സന്തോഷവും ഉണർവ്വുമായി  ക്രൂയിസ് ആസ്വദിക്കാൻ ഉത്സുകരായി എല്ലാവരും  ബസിനടുത്തേക്ക് നടന്നു .

റിവർ ക്രൂയിസ് 

കൃത്യ സമയത്ത് എല്ലാവരും ബസിൽ കയറിയതോടെ  ഉമി  അറ്റെൻഡസ് എടുത്തു തുടങ്ങി. ഫാമിലി വൺ .. ഞങ്ങൾ പ്രസൻറ് പറഞ്ഞു, ഫാമിലി ടു -പന്ത്രണ്ട് പെൺ പുലികളുടെ സംഘമായിരുന്നു അത് ,അവരും ഓക്കെ ,ഫാമിലി ത്രീ – അമ്മയും അച്ഛനും മകനും അടങ്ങുന്ന കുടുംബമായ  അവരും റെഡി. പിന്നെ ക്യാപ്റ്റൻ ബ്രിട്ടോയും രണ്ട് കൂട്ടുകാരും,എല്ലാവരും തയ്യാറെന്ന് പറഞ്ഞതോടെ ഹോട്ടലിൽ നിന്ന് ഏകദേശം ഇരുപത് കി മീ അകലെയുള്ള “ചാ ഓ ഫ്രയ നദിയ്ക്കടുത്തുള്ള  (chao phraya river)” ക്രൂയിസ്  പോയിന്റിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങി . പല സ്ഥലങ്ങളിലും കടലിലാണ് ക്രൂയിസ് കണ്ടിട്ടുള്ളത്,  പക്ഷേ ബാങ്കോക്കിലെ ഈ  ക്രൂയിസ് കടലില്ല മറിച്ച് ഒരു നദിയിലാണെന്നും   കടൽത്തീരങ്ങളേക്കാൾ നദികളാണ് ഇവിടെ കൂടുതൽ ഉള്ളതെന്നും  ഉമി പറഞ്ഞു തന്നു . തായ് ലാൻഡിലെ ഒരു പ്രധാനപ്പെട്ട നദിയായ ‘ചാവോ ഫ്രയ’ നദി (തായ്  ഉച്ചാരണം “കാവോ ഫ്രയ” എന്നോ മറ്റോ ആണ്, ശരിക്ക് മനസ്സിലായില്ല ) ബാങ്കോക്ക് നഗരത്തിലൂടെ ഒഴുകി തായ് ഉൾക്കടലിലാണ് പതിക്കുന്നത്  . ക്രൂയിസ് പോയിന്റിനടുത്ത് ബസിറങ്ങിയ ഞങ്ങളെ  അടുത്തുള്ള ഒരു വലിയ മാളിലേക്ക് ഷോപ്പിംഗിനായി കയറ്റി വിട്ടിട്ട് ഏഴു മണി ആകുമ്പോഴേക്കും പിയറിലേക്ക് വരണമെന്ന് പറഞ്ഞേൽപ്പിച്ച്  ഉമി എങ്ങോട്ടോ അപ്രത്യക്ഷയായി. മാളിൽ പൊതുവേ എല്ലാ സാധനങ്ങൾക്കും അൽപ്പം വിലക്കൂടുതലായി തോന്നിയതിനാൽ ഒന്നും വാങ്ങാതെ ഞങ്ങൾ അവിടെയൊക്കെ  “തേരാ പാരാ” നടന്നു. ഇടയ്ക്ക് എറണാകുളത്തുള്ള ഒരു കുടുംബത്തെ അവിടെ വച്ച് പരിചയപ്പെടാനും  സാധിച്ചു . സ്കൂൾ വെക്കേഷൻ ആയത് കൊണ്ടാണോ എന്തോ തായ് ലാൻഡിൽ എവിടെയും മലയാളി സാന്നിദ്ധ്യം പ്രകടമായിരുന്നു. ഏഴു മണി ആയതോടെ പിയറിലെത്തിയ ഞങ്ങൾ “ആൻസിന്റെ” കൊടി പിടിച്ച ഉമി ലീഡറിന്റെ പിന്നിലായി സ്കൂൾ അസംബ്ലിയിലെ പോലെ ക്യൂ ആയി നിൽപ്പുറപ്പിച്ചു. ക്രൂയിസ് കപ്പലിലേക്ക് പ്രവേശിക്കുവാനുള്ള  ഒരു സ്റ്റിക്കറും തോളിൽ ചാർത്തി  ടിക്കറ്റും കയ്യിൽ പിടിച്ച് കപ്പലിൽ  കയറാനുള്ള ഊഴവും കാത്തു കുറച്ചു നേരം അങ്ങനെ നിന്നു. ജന പ്രളയമായിരുന്നു അവിടെ,കൂട്ടം തെറ്റാതിരിക്കാൻ എല്ലാവരും നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ഒരു നവവധുവിനെപ്പോലെ ജലപ്പരപ്പിൽ അണിഞ്ഞൊരുങ്ങി കുണുങ്ങിക്കിടന്ന “ ചാവോ ഫ്രയ റിവർ പ്രിൻസസ്   chao phraya river princess” എന്ന രാജകുമാരിയുടെ അന്ത:പുരത്തിലേക്ക് ഒരു നടപ്പാലത്തിലൂടെ നടന്നു ചെന്ന് പ്രവേശിച്ചു. വൈദ്യുതാലങ്കാര ശോഭയിൽ  ഓളം വെട്ടുന്ന നദിയുടെ മാറിലൂടെ ഞങ്ങളുടെ നൃത്തച്ചുവടുകൾക്കൊപ്പം ആടിപ്പാടി രണ്ടു മണിക്കൂറോളം ഒരു ജല കന്യകയെ പോലെ ക്രൂയിസ് കപ്പൽ  സഞ്ചരിച്ചപ്പോൾ ഭക്ഷണ വൈവിദ്ധ്യത്തിന്റെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും മാസ്മരിക ലോകത്തിൽ എല്ലാവരും സ്വയം മറന്ന് ആഹ്ലാദിച്ചു . ഇരു കരകളിലും ജ്വലിക്കുന്ന സൌന്ദര്യം തുളുമ്പുന്ന ക്ഷേത്രങ്ങളും ,കൊട്ടാരങ്ങളും മറ്റ് രമ്യ ഹർമ്മ്യങ്ങളും കണ്ടു കൊണ്ടുള്ള ആ യാത്ര രണ്ടു മിനിറ്റ് കൊണ്ട് അവസാനിച്ചത് പോലെ തോന്നി.

                     ക്രൂയിസ് കപ്പൽ

  ടെമ്പിൾ ഓഫ് ഡാൺ  (പ്രഭാതത്തിന്റെ ക്ഷേത്രം ) തായ് ലാൻഡിന്റെ ലാൻഡ് മാർക്ക്


                ക്രൂയിസ് കപ്പലിൽ നിന്ന് ഗ്രൂപ്പിന്റെ ഹായ്..... 

അവിസ്മരണീയമായ ക്രൂയിസ് യാത്രയുടെ പ്രസരിപ്പ് അലയടിക്കുന്ന മനസ്സുമായി ഹോട്ടലിലേക്ക് മടങ്ങുന്ന വഴി ബസിന്റെ ഡീസൽ പമ്പ് കേടായെങ്കിലും , ഗ്രൂപ്പ് അംഗങ്ങളിൽ ഒരാൾക്ക് വാഹനങ്ങളുടെ മെക്കാനിസം അറിയാമായിരുന്നതിനാൽ പെട്ടെന്ന് കാര്യങ്ങൾ ശരിയാക്കിയെടുത്ത് യാത്ര തുടരാൻ സാധിച്ചു  . വൈകാതെ മുറിയിലെത്തിയ എല്ലാവരും രണ്ടു ദിവസമായുള്ള യാത്രയുടെയും ,ഉറക്കത്തിന്റെയും മാറാപ്പ് പതുപത്തുത്ത  മെത്തയിലേക്ക് ഇറക്കി വച്ചു . 

വസ്ത്രം ഉരിഞ്ഞ് സ്വാഗതം ചെയ്യുന്ന ഒറാങ്ങുഗുട്ടന്മാരേയും ,ബാലെ നൃത്തക്കാരായ  ഫ്ലെമിംഗോകളെയും ,കുമ്പ നിറച്ചുറങ്ങുന്ന കടുവച്ചേട്ടന്മാരെയും കാണേണ്ടേ .. വരൂ രണ്ടാം ഭാഗത്തിലേക്ക് പോകാം ...