2023 ഏപ്രിൽ 20, വ്യാഴാഴ്‌ച

ബാലി-ശിൽപ്പങ്ങളുടെ  നാട്  (Part 3)

                                                  -നന്ദ -                  

ആമ ദ്വീപ്‌ (Turtle Island)

     ബാലി സന്ദർശന പരിപാടിയിലെ  അടുത്ത ദിവസം പ്രഭാതത്തില്‍ പതിവു പോലെ എല്ലാവരും കാപ്പികുടി കഴിഞ്ഞ് അന്നത്തെ യാത്രയ്ക്കായി ബസില്‍ കയറി ഇരിപ്പായി. അഗൂസ് ഒരു ക്ലാസ് ടീച്ചറെ പോലെ ബസിലെ തന്‍റെ വിദ്യാര്‍ഥികളുടെ എണ്ണമെടുത്തിട്ട് മൈക്ക് ഓണാക്കി പ്രഭാത വന്ദനം നല്‍കിയിട്ട് അന്ന് പോകാനിരിക്കുന്ന സ്ഥലങ്ങളെപ്പറ്റിയുള്ള ചെറു വിവരണം നല്‍കി.”തഞ്ചുംഗ് ബെനോആ” എന്ന ബീച്ചിലെത്തിയ ശേഷം “ടര്‍ട്ടി ല്‍ ഐലൻഡി ” ലേക്ക് പോയി അവിടത്തെ കാഴ്ചകള്‍ കണ്ട് തിരിച്ചു വന്നതിനു ശേഷം താത്പര്യമുള്ളവര്‍ക്ക് അവരവരുടെ ചിലവില്‍  സ്നോര്‍ക്കലിംഗ് പോലുള്ള സാഹസിക വിനോദങ്ങളില്‍  ഏര്‍പ്പെടാവുന്നതാണെന്നും, ഉച്ച ഭക്ഷണത്തിനു ശേഷം അടുത്ത സ്ഥലത്തേക്ക് പോകാമെന്നും അഗൂസ് അറിയിച്ചു.

     വെയിലിന്‍റെ കാഠിന്യം അധികരിച്ചിരുന്നതിനാല്‍ എല്ലാവരും കടല്‍ത്തീരത്ത് സ്ഥാപിച്ചിരുന്ന ഷീറ്റ് പന്തലിനടിയില്‍  തിരയെണ്ണി ഇരിക്കുമ്പോള്‍ ആമദ്വീപിലേക്ക് പോകുവാനുള്ള ബോട്ടുകള്‍ എത്തിയിട്ടുണ്ടെന്ന് സൂരജും,അഗൂസും വന്നറിയിച്ചു.പത്ത് പേര്‍ വീതം കയറാവുന്ന സ്പീഡ് ബോട്ടിന്‍റെ അടിവശം ഗ്ലാസ് ആയിരുന്നതിനാല്‍  നീന്തിത്തുടിക്കുന്ന നിറപ്പകിട്ടാര്‍ന്ന കടല്‍ മത്സ്യങ്ങളെ കാണാന്‍ കഴിഞ്ഞു.ബോട്ട് ഡ്രൈവര്‍ എറിഞ്ഞു കൊടുക്കുന്ന തീറ്റയെടുക്കാന്‍ കൂട്ടമായെത്തുന്ന വര്‍ണ്ണ മത്സ്യങ്ങളെ കണ്ടു കൊണ്ട് ഏകദേശം ഇരുപത് മിനിറ്റ് യാത്ര ചെയ്ത് ആമകളുടെ ദ്വീപിലെത്തി.ഒരു കാലത്ത് നിരവധി ആമകളെ ഇവിടെയുള്ളവര്‍ കൊന്നു തിന്നിരുന്നു എന്നും അതിനുള്ള പ്രായശ്ചിത്തമായി ഇപ്പോള്‍ അവരെ പരിരക്ഷിക്കുവാനായി ഒരു ദ്വീപ്‌ തന്നെ നീക്കി വച്ചിരിക്കുകയാണെന്നും അഗൂസ് വിശദീകരിച്ചു.കഴിഞ്ഞ ദിവസം ഉബൂഡ് യാത്രയ്ക്കിടയിൽ പന്നികളുടെ പടമുള്ള നിരവധി  ബോർഡുകൾ വഴിയോരങ്ങളിൽ കണ്ടപ്പോൾ ബാലിക്കാരുടെ ഇഷ്ട ഭക്ഷണമായ പന്നിയിറച്ചി കിട്ടുന്ന സ്ഥലങ്ങളാണതൊക്കെ എന്ന് അഗൂ പറഞ്ഞിരുന്നു,ഇക്കണക്കിന് കുറച്ചു നാൾ കഴിയുമ്പോൾ ഏതെങ്കിലും ഒരു ദ്വീപിൽ സ്ഥലമുണ്ടാക്കി ഇവർ പന്നി സംരക്ഷണം തുടങ്ങാനിടയുണ്ടെന്നു തോന്നി. നീലക്കടലിലേക്ക് തള്ളി നില്‍ക്കുന്ന ആമ ദ്വീപില്‍ ആമകളെ കൂടാതെ ഇഗ്വാന,പെരുമ്പാമ്പ്‌ ,പൂച്ചകള്‍, കോഴികള്‍ ഇവയെ എല്ലാം കൂട്ടിലിട്ട് സൂക്ഷിച്ചിട്ടുണ്ടായിരുന്നു.

                                ആമയും ഇഗ്വാനയും             


                                            തഞ്ചുംഗ് ബെനോആ ബീച്ച് 
 
കാഴ്ച്ചക്കാരുടെ കൌതുകത്തിനായി അവിടെ സ്ഥാപിച്ചിരുന്ന ഒരു ഭീമന്‍ ആമ പ്രതിമ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.അതിന്‍റെ മുകളിലും,മുമ്പിലും,വശങ്ങളിലും നിന്നും,ഇരുന്നും ചിത്രങ്ങളെടുക്കാന്‍ എല്ലാവര്‍ക്കും വളരെ ഉത്സാഹമായി.ടാങ്കുകളിലെ ജലത്തില്‍ നീന്തുന്ന ഭീമന്‍ ആമകളെയും,ആമക്കുഞ്ഞുങ്ങളെയും കണ്ടുകൊണ്ട് നടന്നെത്തിയത് ശീതളപാനീയങ്ങളും പലഹാരങ്ങളും വില്‍ക്കുന്ന ഒരു കടയിലേക്കാണ്.കടയോട് ചേര്‍ന്ന് ബാലനീസ് സംഗീതോപകരണമായ ഗ്യാമലിനും,താള വാദ്യങ്ങളും കണ്ടതോടെ ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സംഗീത പ്രേമികള്‍  വാദ്യങ്ങളില്‍ കൈ വച്ചു തുടങ്ങി. തൃശൂര്‍പൂരത്തെ അനുസ്മരിപ്പിച്ച ആ പ്രകടനം അവിടെയുണ്ടായിരുന്ന സകലരോടുമൊപ്പം  ആമകളും ആസ്വദിച്ചിരിക്കാം.


        ഗ്യാമലിൻ -ബാലനീസ് സംഗീതോപകരണം 

ഉലുവത്ത് ക്ഷേത്രം

     ആമദ്വീപില്‍ നിന്ന് തിരിച്ച് തഞ്ചുംഗ് ബെനോആ   ബീച്ചിലെത്തുമ്പോള്‍ ഉച്ചഭക്ഷണത്തിനുള്ള സമയം ആയിട്ടുണ്ടായിരുന്നില്ല. എല്ലാവരും  വെറുതെ ഇരുന്നും ഫോട്ടോ എടുത്തും കടല്‍ നോക്കിയും നേരം കളഞ്ഞു.വെയിലേറ്റ് പരവശരായിരുന്ന ഞങ്ങള്‍ക്ക് ഭക്ഷണ കൌണ്ടറുകള്‍ തുറന്നപ്പോള്‍ സന്തോഷമായി.ബിരിയാണിയും,പാനി പൂരിയും ദോശയും,ഗുലാബ് ജാമും  ഒക്കെയായിരുന്നു വിഭവങ്ങളെങ്കിലും പലര്‍ക്കും ആഹാരം അത്ര ബോധിച്ചതായി  തോന്നിയില്ല.ഏതായാലും വിശപ്പടങ്ങിയതോടെ  എല്ലാവരും ബസില്‍ കയറി അടുത്ത സ്ഥലമായ ഉലുവത്ത് ക്ഷേത്രം കാണാന്‍ തയ്യാറായിരുന്നു.

ബാലിയുടെ തെക്കേ അറ്റത്തുള്ള ഒരു ക്ളിഫിനരികെ സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് ഉലുവത്.”ഉലു” എന്നാല്‍ അറ്റം (End) എന്നും “വത് “ എന്നാല്‍ “കല്ല്‌” എന്നും അര്‍ത്ഥം .“ദംഗ് യംഗ് നിരര്‍ത്ഥ”, “ദംഗ് യംഗ് നിരോഷ ,“ പ്രാണശക്തി വവ്വ്രൌ”, എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന പുരോഹിതനാണ് പതിനാറാം നൂറ്റാണ്ടില്‍  ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നു പറയപ്പെടുന്നു.അദ്ദേഹം അക്കാലത്ത് ഇവിടെ വന്ന് ധ്യാനത്തിലിരിക്കുമ്പോള്‍ ഒരു പ്രകാശം കണ്ടുവെന്നും അങ്ങനെ ക്ഷേത്രം നിര്‍മ്മിക്കുകയാണുണ്ടായതെന്നും അഗൂസ് വിശദീകരിച്ചു. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിച്ച് സ്വര്‍ണ്ണം വെള്ളി,ഇരുമ്പ്,ചെമ്പ് ,വജ്രം ഇവ ഊര്‍ജ്ജ സ്രോതസ്സായി കുഴിച്ചിട്ടതിനു ശേഷമാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നും ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ദുഷ്ട ശക്തികളില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ സാധിക്കുമെന്നും അവിടത്തുകാര്‍ വിശ്വസിക്കുന്നുവത്രേ. ബാലനീസ് വസ്ത്രധാരണവും ,അധികാരികളുടെ അനുവാദവും ഉണ്ടെങ്കില്‍ മാത്രമേ “രുദ്ര” സങ്കൽപ്പമുള്ള ഈ  ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാൻ സാധിക്കൂ,അതാണ് അവിടത്തെ രീതി.പാറക്കെട്ടിനു മുകളിലുള്ള ക്ഷേത്ര സമീപത്തേക്ക് പോകണമെങ്കിലും അരയില്‍ ഒരു തുണി കെട്ടേണ്ടതുണ്ട് അത് അവിടെനിന്ന് തരും.അത് കെട്ടിക്കൊണ്ട് മരച്ചാര്‍ത്തുകള്‍ക്കിടയിലൂടെ പടവുകള്‍  കയറി ഞങ്ങള്‍ ക്ളിഫിലേക്ക് നടന്നു. ഇന്ത്യന്‍ മഹാസമുദ്ര തീരത്ത് തള്ളി നില്‍ക്കുന്ന വലിയ ഒരു പാറയുടെ മുകളിലാണ് ക്ഷേത്രമെന്നതിനാല്‍ മനോഹരമായ ദൃശ്യമാണ് അവിടെ നമുക്ക് ലഭിക്കുന്നത്. ഉച്ച സൂര്യന്‍റെ തീഷ്ണ കിരണ പ്രഭയിൽ തന്‍റെ തിരമാലകളാൽ കരയെ വെള്ളിപ്പാദസരം  അണിയിച്ചിരുന്ന കടുംനീല സമുദ്രം അതീവ സുന്ദരമായി കാണപ്പെട്ടു. ഉത്സവ സമയത്ത് മാത്രം മുഴക്കുന്ന “കുള്‍ കുള്‍” എന്ന തടി കൊണ്ടുള്ള ഒരു മണിയും, ക്ഷേത്ര സങ്കേതത്തിനടുത്ത് നിന്ന് സമുദ്ര തീരത്തേക്ക്  നീണ്ടു പോകുന്ന ഒരു വാക്ക് വേയും അവിടെ കാണാന്‍ കഴിഞ്ഞു. അങ്ങ് ദൂരെ വനമദ്ധ്യത്തില്‍ സമുദ്രത്തെയും ,ക്ഷേത്രത്തെയും നോക്കി നില്‍ക്കുന്ന രീതിയില്‍ ‘ദംഗ് യംഗ് നിരോഷയുടെ’ ഒരു പൂര്‍ണ്ണകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് കാണാമായിരുന്നു . വനമേഖലയും,ക്ഷേത്ര പരിസരവും അക്രമാസക്തരും, ഉപദ്രവകാരികളുമായ വാനരപ്പടയുടെ വിഹാരകേന്ദ്രമായതിനാല്‍ കണ്ണടയും,തൊപ്പിയും, മൊബൈല്‍ ഫോണുകളും മറ്റ് സാധനങ്ങളും സൂക്ഷിച്ചു കൊള്ളണമെന്ന മുന്നറിയിപ്പ് ബസില്‍ നിന്നിറങ്ങും മുന്‍പ് തന്നെ അഗൂസ് നല്‍കിയിരുന്നു.പക്ഷേ ക്ളിഫില്‍ എത്തുന്നത് വരെ വാനരന്മാരെ കാണാത്തിനാല്‍ എല്ലാവരും സുഖമായി ഫോട്ടോയെടുപ്പും മറ്റുമായി രസിച്ചു നില്‍ക്കുകയായിരുന്നു.അതിനിടയില്‍ മരച്ചില്ലയിലൂടെ കുരങ്ങച്ചന്മാര്‍ ഓരോരുത്തരായി വന്ന് തങ്ങളുടെ അഭ്യാസങ്ങള്‍ ആരംഭിച്ചു തുടങ്ങിയിരുന്നു .ഒന്നു രണ്ട് പേരുടെ കണ്ണടയും,ഒരാളുടെ തൊപ്പിയും അവര്‍ തട്ടിയെടുത്തു.ഒരാളുടെ കണ്ണട മുഖത്ത് വച്ചു നോക്കിയിട്ട് തൃപ്തിയാകാതെ ഒരിടി കൊടുത്ത് അതൊന്ന് റിപ്പയര്‍ ചെയ്യാനും ശ്രമിച്ചു.ക്ഷേത്ര സൂക്ഷിപ്പുകാരന്‍റെ ഇടപെടലിലൂടെ സാധനങ്ങള്‍ എല്ലാവര്‍ക്കും തിരികെ കിട്ടിയതോടെ ഇനി കൂടുതൽ  സമയം അവിടെ നില്‍ക്കുന്നത് പന്തിയാകില്ലെന്ന് കണ്ട് എല്ലാവരും ബസ് ലക്ഷ്യമാക്കി നടന്നു. ചടങ്ങിന്‍റെ ഭാഗമായി അരയില്‍ കെട്ടിയിരുന്ന തുണി എല്ലാവരും അവിടെ ഒരു നിര്‍ദ്ദിഷ്ട സ്ഥലത്ത് അഴിച്ചു വച്ചു.


                           ഉലുവത് ക്ഷേത്രം 


പ്രാണശക്തി വവ്വ്രൌ-പുരോഹിതൻ 


 ഉലുവത് ക്ഷേത്ര സമീപത്തുള്ള  ക്ലിഫ് 


ഗരുഡ വിഷ്ണു കഞ്ചന ടെമ്പിള്‍- G W K

     ഏകദേശം പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ വരെ ദൃശ്യമാകുന്ന 125 മീറ്ററോളം ഉയരം വരുന്ന ഗരുഡാരൂഢനായ   മഹാവിഷ്ണുവിന്‍റെ ഭീമാകാരമായ പ്രതിമ കാണുന്നതിനായിട്ടാണ് വാനരന്മാരെ വിട്ട് ഞങ്ങള്‍ പോയത്. ചെമ്പും ,ഓടും കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ഈ ശില്‍പ്പത്തിന്‍റെ നിര്‍മ്മാണം 1996 ല്‍ ആരംഭിച്ച് 2018 കാലഘട്ടത്തില്‍ പൂര്‍ത്തീകരിക്കുകയാണുണ്ടായത്. ടിക്കറ്റ് എടുത്തതിനു ശേഷം നിരവധി പടികള്‍ കയറി മുകളിലെത്തുമ്പോള്‍  പൂര്‍ത്തീകരിക്കാത്ത ഒരു വിഷ്ണു ശില്‍പ്പവും,കുറച്ചകലെ  മാറി കൊക്ക് പിളര്‍ന്നു നില്‍ക്കുന്ന വലിയ ഗരുഡ ശില്‍പ്പവും ,അതിനുമപ്പുറം ദൂരെയായി ഉയരത്തില്‍ ഗരുഡവിഷ്ണു ശില്‍പ്പവും കാണാം.ശില്‍പ്പത്തില്‍ കിരീടവും മാലയുമൊക്കെ സ്വര്‍ണ്ണം പൂശിയിരുന്നതിനാലായിരിക്കാം ഇതിനെ “ഗരുഡവിഷ്ണു കഞ്ചന ടെമ്പിള്‍” എന്ന് വിളിക്കുന്നത്, കുറച്ചു ബുദ്ധിമുട്ടിയാൽ മലമുകളിലുള്ള ശിൽപ്പത്തിന്‍റെ  വളരെ അടുത്തു വരെ നടന്നു പോകാന്‍ സാധിക്കും.,ശിൽപ്പ ചാതുര്യത്തിന്‍റെ മകുടോദാഹരണവും   അസാമാന്യ വലിപ്പവുമുള്ള ഗംഭീരങ്ങളായ  ആ  ശിൽപ്പങ്ങൾക്ക് സമീപത്ത് നിന്ന് പടിയിറങ്ങി വരുമ്പോൾ  തിരിഞ്ഞു നോക്കാതിരിക്കാൻ  കഴിഞ്ഞില്ല.


                   ഗരുഡാരൂഢനായ മഹാവിഷ്ണു


                 ഗരുഡ ശിൽപ്പം 


                പൂര്‍ത്തീകരിക്കാത്ത ഒരു വിഷ്ണു ശില്‍പ്പം 

ക്ഷേത്രത്തിന്‍റെ പ്രവേശന  കവാടത്തിനരികിലുണ്ടായിരുന്ന    ആംഫിതീയറ്ററിൽ  നിന്ന്  മധുരമായ  വാദ്യസംഗീതം  കേട്ടപ്പോൾ പൊറ്റക്കാട് സാർ അദ്ദേഹത്തിന്‍റെ യാത്രാ വിവരണത്തിൽ ക്ഷേത്രത്തിൽ നിന്നൊഴുകി വന്ന മധുരമായ  ഗ്യാമലിന്‍ സംഗീതത്തെ പറ്റി വർണ്ണീച്ചതാണ്  ഓർമ്മ വന്നത് . തീയറ്ററിനുള്ളിലേക്ക് കയറി ചെന്നപ്പോൾ മിനുമിനുത്ത വേഷഭൂഷകളണിഞ്ഞ സുന്ദരിയായ ഒരു ബാലനീസ് നര്‍ത്തകി തല പ്രത്യേക രീതിയില്‍ ചലിപ്പിച്ച് ഗ്യാമലിന്‍ സംഗീതത്തിനൊപ്പം ചുവടുവച്ചു കൊണ്ട് അരങ്ങിലേക്ക് വരുന്നതാണ് കണ്ടത് .കുറച്ചു കഴിഞ്ഞപ്പോൾ അവര്‍ കാണികളുടെ ഇടയിലേക്ക് വന്ന് പലരെയും കൂടെ നൃത്തം ചെയ്യാന്‍ ക്ഷണിച്ചു തുടങ്ങി .


                        ആംഫി തീയറ്ററിലെ  നർത്തകി 

അപ്പോഴേക്കും മറ്റൊരു സുന്ദരി നര്‍ത്തകിയും അരങ്ങിലെത്തി അവരും ഇത് പോലെ നൃത്തം ചെയ്ത് ചെയ്ത് കാണികളെയും കൊണ്ട് സ്റ്റേജിലേക്ക് പോയി നൃത്തം തുടർന്നു . കാണികളും ഒട്ടും മോശമായിരുന്നില്ല,ഞങ്ങളുടെ ഗ്രൂപ്പിലെ ഒരു വനിതയെയും അവര്‍ നൃത്തം ചെയ്യാന്‍ പിടികൂടിയപ്പോൾ ഞങ്ങൾ ആവേശത്തോടെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു .കുറച്ചു നേരത്തെ ആസ്വാദനത്തിന് ശേഷം എല്ലാവരും മടക്ക യാത്രയ്ക്കൊരുങ്ങി  .


                വഴിവക്കിലെ ഗീതോപദേശ ശിൽപ്പം 

എവിടെ ചെന്നാലും എല്ലാവര്‍ക്കും ഒരുപോലെ താത്പര്യമുള്ള  കാര്യമാണല്ലോ ഷോപ്പിംഗ്‌, അതറിയാവുന്ന ഞങ്ങളുടെ യാത്രാ സൂത്രധാരന്മാര്‍ ‘കുട്ട’ ഏരിയയിലുള്ള ‘കൃഷ്ണ ഷോപ്പിംഗ്‌ മാളി’ലേക്കാണ് പിന്നീട്  ഞങ്ങളെ കൊണ്ടു വന്നത് .കടക്കാര്‍ എല്ലാവര്‍ക്കും ഒരു അടയാളം ചാര്‍ത്തി കടയ്ക്കുള്ളിലേക്ക് ആനയിച്ചു.അവശ്യ സാധനങ്ങളുടെയും ആര്‍ഭാട വസ്തുക്കളുടെയും, കൌതുക വസ്തുക്കളുടെയും വലിയൊരു ശേഖരം തന്നെ അവിടെ ഉണ്ടായിരുന്നു.നാട്ടിലേക്ക് കൊണ്ടു  പോകുന്നതിനും ബന്ധു മിത്രാദികൾക്ക് സമ്മാനിക്കുന്നതിനും ഒക്കെയായി  എല്ലാവരും  ധാരാളം  സാധനങ്ങള്‍ അവിടെ നിന്ന് വാങ്ങി . പക്ഷേ  കാഷ് കൌണ്ടറില്‍ ചെന്നപ്പോഴാണ് വിഷയം കുഴഞ്ഞത്.അവിടെ ഡോളര്‍ സ്വീകരിക്കില്ല, ബാലനീസ് കറന്‍സിയായ റുപ്പയ തന്നെ വേണം,എന്നാല്‍ റുപ്പയ  കയ്യിലില്ലാത്തവർ  ഇന്റര്‍ നാഷണല്‍ ട്രാന്‍സാക്ഷന്‍ ആക്ടിവേറ്റ് ചെയ്ത നമ്മുടെ പല പ്രമുഖ ബാങ്കുകളുടെയും ഡെബിറ്റ് കാര്‍ഡുകള്‍ കൊടുത്ത് നോക്കി  ഒന്നും ശരിയായില്ല. അതോടെ വാങ്ങിയ സാധനം തിരികെ കൊടുത്ത് മടങ്ങാന്‍ തുടങ്ങുമ്പോള്‍ സ്വീകാര്യമായ ബാങ്ക് കാര്‍ഡുടമകളായ   സുഹൃത്തുക്കൾ സഹായത്തിനെത്തിയത് കൊണ്ട് എടുത്ത  സാധനം വീട്ടിൽ കൊണ്ട് വരാൻ  സാധിച്ചു .ഷോപ്പിംഗ് സന്തോഷം പരസ്പരം പങ്ക് വച്ച് കൊണ്ട്  സ്ഥിരം ഭക്ഷണ ശാലയായ ക്യൂന്‍സില്‍ കയറി ഡിന്നര്‍ കഴിച്ച് എല്ലാവരും മുറിയിലേക്ക് പോയി.

- നന്ദ - 09/03/2023


(തുടർന്ന് വായിക്കുക ,"ബാലി ക്ഷേത്രങ്ങളുടെ നാട് " at Link to Part 04 )


ബാലി ഉത്സവങ്ങളുടെ നാട്  (Part 2)

                                                 -നന്ദ -

    ബാലി സന്ദർശനത്തിന്‍റെ രണ്ടാം ദിവസം രാവിലെ ഈഡന്‍ ഹോട്ടലിലെ റെസ്റ്റോറന്റിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞ് എല്ലാവരും എത്തിയപ്പോള്‍ സമയം കുറച്ചു വൈകിയിരുന്നു. തലേ ദിവസത്തെ ഉറക്കമില്ലാതെയുള്ള വിമാനയാത്രകള്‍ ഞങ്ങളുടെ സീനിയര്‍ സിറ്റിസണ്‍സിന്‍റെ ഗ്രൂപ്പിലുള്ള മിക്കവരെയും തളര്‍ത്തിയിരുന്നു എന്നതായിരുന്നു അതിനുള്ള കാരണം.എന്തായാലും രണ്ടാം നമ്പര്‍ ബസിലേക്ക് കയറി വന്ന അഗൂസ് ”ഓം സ്വസ്ത്യസ്തു “ (നമ്മുടെ നാട്ടിൽ  അന്യം നിന്നു തുടങ്ങിയ സംസ്കൃത ഭാഷയിലുള്ള  വന്ദനം ) എന്ന് പറഞ്ഞു തല കുനിച്ചു വണങ്ങിയിട്ട് പുഞ്ചിരിച്ചു കൊണ്ട് ഞങ്ങളെ അഭിസംബോധന ചെയ്തു. എല്ലാവരുടെയും സുഖ വിവരങ്ങള്‍ തിരക്കിയിട്ട് ഈ ദിവസം സന്ദര്‍ശിക്കാന്‍ പോകുന്ന സ്ഥലങ്ങളുടെ ഒരു ലഘു വിവരണത്തോടൊപ്പം ബാലിദ്വീപിന്‍റെ  ചരിത്രവും വിശദീകരിച്ചു തുടങ്ങി.

അഗ്നിപര്‍വ്വത സ്ഫോടനങ്ങളും,സുനാമിയും താണ്ഡവമാടി തകര്‍ത്ത  ഇന്തോനേഷ്യയിലെ പതിനേഴായിരത്തില്‍ പരം ദ്വീപുകളില്‍ ഏകദേശം മദ്ധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദ്വീപാണ് ബാലി . ഹിന്ദുമത വിശ്വാസികളായ  എണ്‍പത് ശതമാനം ജനങ്ങൾ പാർക്കുന്ന  ആയിരത്തില്‍ പരം ഗ്രാമങ്ങളുള്ള ബാലിയില്‍ നിരവധി ബ്രഹ്മാ,വിഷ്ണു,മഹേശ്വര ക്ഷേത്രങ്ങളുണ്ടത്രേ.ഇന്തോനേഷ്യയിലെ ഭാഷയായ  “ബഹസ “യും  ‘മലായ്’ യും  ബാലിയിലെ ലോക്കല്‍ ഭാഷയായ “ബാലനീസും”  ഉള്‍പ്പെടെ 128 പ്രാദേശിക ഭാഷകള്‍ അവിടെ പ്രചാരത്തിലുണ്ടെന്നാണ് പറയപ്പെടുന്നത്. ഉത്സവങ്ങളുടെയും, ആഘോഷങ്ങളുടെയും താഴ്  വരയെന്നു വിശേഷിപ്പിക്കാവുന്ന ബാലി , ക്ഷേത്രങ്ങളുടെയും നാടാണെന്ന് പറയാം. ത്യാഗം,സമര്‍പ്പണം എന്നൊക്കെ അര്‍ത്ഥം വരുന്ന  ”ബലി” എന്ന വാക്കുമായി ഈ ദേശത്തിന് ബന്ധമുണ്ടെന്നും അതിനാധാരമായ വസ്തുത എന്താണെന്നും അഗൂസ് പറഞ്ഞു.പണ്ടൊരു കാലത്ത് ഇവിടം ഭരിച്ചിരുന്ന രാജ വംശത്തിലെ ‘അഷ്ടാസുര രത്ന ഭൂമി ബന്ധന്‍’ എന്ന് പേരുള്ള രാജാവിന്‍റെ പേരിന്‍റെ അവസാനഭാഗമായ “ഭൂമി ബന്ധന്‍’ ആണ് പിന്നീട് “ബലി” എന്ന പേര്  വരാന്‍ കാരണമായതെന്ന് പറയപ്പെടുന്നു.അത് കാലക്രമത്തില്‍ “ബാലി” ആയിത്തീര്‍ന്നതാകം എന്ന് തോന്നി. നാം വസിക്കുന്ന ഭൂമിയ്ക്ക് നല്‍കുന്ന ബന്ധന്‍ (Offering) ആണ് നാടും,നമ്മളും എന്നാണ് അവര്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അതിശയം തോന്നി.പിറന്നു വീഴുന്ന മണ്ണിനെയും,ജീവിക്കാന്‍ വേണ്ടതെല്ലാം നല്‍കുന്ന പ്രകൃതിയെയും കരുതലോടെ കാത്തു സൂക്ഷിക്കുവാന്‍ പോന്ന എത്ര മഹത്തായ ആശയമാണത്!!!.

എവിടെ നോക്കിയാലും ക്ഷേത്രങ്ങളും ക്ഷേത്ര സമാനമായ ഗൃഹങ്ങളുമാണ് ബാലിയില്‍  കാണാന്‍ കഴിയുക. കെട്ടിലും മട്ടിലും നമ്മുടെ ക്ഷേത്രങ്ങളില്‍ നിന്നും  തികച്ചും വ്യത്യസ്തമായ “പുര “ എന്നറിയപ്പെടുന്ന അവിടത്തെ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ ഇല്ലെന്നതാണ് ഏറെ ശ്രദ്ധേയമായ വസ്തുത. കൊത്തുപണികള്‍ നിറഞ്ഞ കൂറ്റന്‍ ചുറ്റു മതിലുകള്‍ക്കുള്ളില്‍, മനോഹരമായ ഉദ്യാനങ്ങള്‍ക്ക് നടുവിലുള്ള ക്ഷേത്രങ്ങള്‍ക്ക് സമീപത്തായി പുല്ല് മേഞ്ഞ നിരവധി തട്ടുകളുള്ള .”മേരു “ ഉണ്ടായിരിക്കും .ഈ തട്ടുകളില്‍ കൂടിയാണ് ദൈവം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത് എന്നാണ് വിശ്വാസം.

  ക്ഷേത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള  ചെറിയ വീടുകളാണ് ബാലിയില്‍ സാധാരണയായി കാണാന്‍ കഴിയുക.ഗൃഹങ്ങളുടെയാകട്ടെ  ഓഫീസുകളുടെയാകട്ടെ  ഏതൊരു മന്ദിരത്തിന്‍റെ ആയാലും  പ്രവേശന കവാടങ്ങളും ചുറ്റുമതിലുകളും പടികളും എല്ലാം കൊത്തുപണികളും ശില്‍പ്പങ്ങളും കൊണ്ട് അലംകൃതമായിരിക്കും. എല്ലാ വീടുകളുടെയും മുന്നില്‍ പൊറ്റക്കാടിന്‍റെ ശൈലിയില്‍ പറഞ്ഞാല്‍” ദൈവപ്പുരകള്‍ “ കാണാം. ഇവര്‍ എന്ത് പാകം ചെയ്താലും വാഴയിലയില്‍ വച്ച്  ഈ ദൈവപ്പുരകളി ല്‍ കൊണ്ടു വയ്ക്കും, അതിന് ‘യജ്ഞ ശശ’ എന്നും ആ സ്ഥലത്തിന്“ചനംഗ്” എന്ന് പറയുമത്രേ. വീടുകളിലും ക്ഷേത്രങ്ങളിലും ,വഴിയോരങ്ങളും എല്ലാം ചെമ്പക ചെടികള്‍ നട്ടു വളര്‍ത്തുന്നത് ബാലിക്കാരുടെ ശീലമാണ്. കുരുത്തോലയും ചെമ്പക പുഷ്പങ്ങളും,വാഴയിലയും ബാലിക്കാരുടെ നിത്യ ജീവിതത്തിലെ  അനിവാര്യമായ വസ്തുക്കളാണ്.


                             ഒരു ബാലി ഗൃഹം

                 

മറ്റൊരു വീട് -മുറ്റത്ത് ചെമ്പക മരങ്ങൾ കാണാം 

                                          ബാലിയിലെ ഒരു സാധാരണ സ്ത്രീ  


                               ചെമ്പകച്ചെടി 

രണ്ടായി പിളര്‍ന്ന മാതൃകയിലുള്ള കവാടങ്ങള്‍ ബാലിയുടെ മാത്രം പ്രത്യേകതയാണ്.പണ്ട് ശിവ ഭഗവാന്‍ മേരു പര്‍വ്വതത്തെ ബാലിയില്‍ പ്രതിഷ്ടിച്ചെന്നും നന്മ തിന്മകളെ വേര്‍തിരിക്കാന്‍ വേണ്ടി  രണ്ടായി പിളര്‍ന്നു എന്നുമാണ് ഇതിനു പിന്നിലുള്ള ഐതീഹ്യ കഥ. ദുഷ്ട   ശക്തികള്‍ പ്രവേശിക്കാതിരിക്കാന്‍  വേണ്ടി ഇരുവശങ്ങളിലും ഭീതിപ്പെടുത്തുന്ന മുഖമുള്ള ദ്വാരപാലകരായ  മഹാകാല, നന്ദികേശ ( വനദൈവമായ ഭോമന്‍ ) എന്നിവര്‍ കാവല്‍ നില്‍ക്കുന്ന തരത്തിലുള്ള കവാടങ്ങളും ക്ഷേത്രങ്ങളില്‍ കാണാവുന്നതാണ്.


                                        സ്വാഗതമോതുന്ന  സ്വർഗ്ഗവാതിലുകൾ 

                              ദ്വാരപാലകർ 

     ദൈവങ്ങളുടെ നാടെന്നോ,പാരഡൈസ്‌  ലാന്‍ഡ് എന്നോ ഒക്കെ തന്‍റെ നാടിനെ വിശേഷിപ്പിക്കാമെന്ന് അഗൂസ് പറഞ്ഞപ്പോള്‍ കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണെന്ന് അഭിമാനപുരസ്സരം ഞങ്ങള്‍ വിളിച്ചു കൂകി.

     അഗ്നിപര്‍വ്വത സ്ഫോടന പരമ്പര ഭീഷണി കൊണ്ടും പ്രകൃതി പരിപാലന ഭാഗമായിക്കൊണ്ടും ബാലിയിൽ വലിയ കെട്ടിടങ്ങള്‍ പണിയാറില്ലത്രേ.കെട്ടിട നിര്‍മ്മിതി നാലു നിലയില്‍ താഴെ അല്ലെങ്കില്‍ പരമാവധി 50 മീറ്റര്‍ അതാണ്‌ ഉയര പരിധി.വായു സഞ്ചാരം തടസ്സപ്പെടാതിരിക്കുക, ഹരിതാഭ നിലനിര്‍ത്തുക ഇതെല്ലം ബാലി ജനതയ്ക്ക് അത്യന്താപേക്ഷിതമത്രേ. അങ്ങനെ അല്ലാതെ വന്നാല്‍ ബാലിയുടെ പരിശുദ്ധി നഷ്ടപ്പെടുകയും ,ബാലി “ബാലി” അല്ലാതാകുകയും  ചെയ്യുമെന്നാണ് അവരുടെ വിശ്വാസം. പൈതൃകമായി ലഭിച്ചതൊക്കെ നിഷേധിക്കാതെ ,ചോദ്യം ചെയ്യാതെ അവയെ സാദരം പരിരക്ഷിക്കുന്ന കാഴ്ച എവിടെയും ദൃശ്യമാണ്.ഗൃഹ,ക്ഷേത്ര നിർമ്മാണപരിപാലനം ,പരമ്പരാഗത വേഷം ധരിക്കൽ പരിസ്ഥിതി സംരക്ഷണം ഇങ്ങനെ എന്തിലും ഏതിലും അവരുടെ ഈ സംസ്കാരം പ്രകടമാണ് . വളരെ ഉത്കൃഷ്ടമായ ആ വിശ്വാസ സംസ്കാരങ്ങള്‍ എന്നെന്നും ബാലി ജനതയെ രക്ഷിക്കട്ടെ. 

ബാത്തിക്ക് പെയിൻറി ഗ് 

എന്തിലും ഏതിലും കലാചാതുര്യം ഉണ്ടായിരിക്കുക എന്നത് ബാലിയുടെ സവിശേഷതയാണെന്ന് പറഞ്ഞുവല്ലോ .അത് വഴിവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകളിലാകട്ടെ,മതിലുകളിലാകട്ടെ ,പാഴ് വസ്തുക്കള്‍ ഇടാന്‍ വച്ചിരിക്കുന്ന ഒരു കുട്ടയായിരിക്കട്ടെ അതിന് ഒരു ചിത്ര ചാരുത ഉണ്ടായിരിക്കും.പാതകളിലും,ജലാശയങ്ങളിലും പാഴ് വസ്തുക്കള്‍ എറിഞ്ഞ് മലിനമാക്കാതെ അവര്‍ അവരുടെ മാതൃഭൂമിയെ കാത്തു സൂക്ഷിക്കുന്നു.വൃത്തിയും വെടിപ്പുമുള്ള നിരത്തുകൾക്കൊപ്പം നയനാനന്ദകരമായ ശിൽപ്പ ഭംഗി ഒരുക്കി നാട്ടിലെത്തുന്ന അതിഥികളെ ബഹുമാനിക്കുകയാണവർ എന്നു തോന്നി.  

ബാലിയിലെ രണ്ടാം ദിവസത്തെ യാത്ര ‘ഉബൂഡിലെ’ ചില സ്ഥലങ്ങളിലേക്കായിരുന്നു.  “ഉൾനാട്ടിലെ ഉത്സവം”        കാണാനെത്തിയ എസ് കെ പൊറ്റക്കാട് സർ  വയറു കുലുങ്ങി ചിരിക്കുന്ന ചെക്കോർദോയെയും  അദ്ദേഹത്തിന്‍റെ പേരക്കുട്ടി ശ്രിയാത്തൂണിനെയും കാണുന്നത്  ഉബൂഡിൽ വച്ചാണെന്ന്  വായിച്ചതോർക്കുന്നു. ഉബൂഡിലേക്ക്  യാത്ര ചെയ്യുമ്പോൾ ബാലിയുടെ മറ്റ് ചില കാര്യങ്ങൾ കൂടി അഗൂസ് പറഞ്ഞു തന്നു. അനുഗ്രഹിക്കപ്പെട്ട എന്നർത്ഥമുള്ള “ഇഡ” ,സൌന്ദര്യമുള്ളതെന്ന്  വരുന്ന “ബഗൂസ്,ആയു “    ഇതൊക്കെ അവിടത്തെ ബ്രാഹ്മണ വിഭാഗങ്ങളും-വലിയ മനുഷ്യൻ(Great Man ) എന്ന് മനസ്സിലാക്കേണ്ട “അൽ  അഗൂം,ചെക്കോർദോ ,ഇഗുസ്തി” ഇതെല്ലാം  ക്ഷത്രിയരുമാണത്രേ. അത് പോലെ വൈശ്യ വിഭാഗത്തിന് “ സാങ് “ എന്നും,ശൂദ്രർക്ക് “വയാങ് ,പൂട്ടു, ഗെഡെ” എന്നൊക്കെ വിഭാഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.താൻ ക്ഷത്രിയനായിരുന്നു എന്നും ഉൾപ്പോര് മൂത്ത് ശൂദ്രനായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ചെക്കോർദോ ‘ ഒരാളിന്‍റെ പേരാണെന്നായിരുന്നു ഞാൻ ധരിച്ചു വച്ചിരുന്നത്.

      ആത്മീയം,ഹീലിംഗ് (സുഖപ്പെടുത്തുക) മെഡിസിന്‍  എന്നൊക്കെ അര്‍ത്ഥം വരുന്ന “ഉബഡി“’ ന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള രണ്ട് നദികളില്‍ കുളിക്കാന്‍ സാധിച്ചാല്‍ അത് നിരവധി രോഗങ്ങളെ പ്രതിരോധിക്കുമെന്ന് പറഞ്ഞു കേട്ടിരുന്നെങ്കിലും,ഞങ്ങളുടെ പരിപാടിയില്‍ നദിയിലെ കുളി ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നത് കൊണ്ട് അന്നത്തെ ആദ്യ സന്ദര്‍ശന സ്ഥലമായ ‘ബാതുബുലാന്‍’ വില്ലേജിലുള്ള “ബാത്തിക്” ഫാക്ടറി യിലേക്കാണ് പോയത്.

തേനീച്ചയുടെ അട അതായത് ഹണികോംമ്പ് ഒരു പാത്രത്തില്‍ വച്ച് ചൂടാക്കിയിട്ട് അതില്‍ ബ്രഷ് പോലെ എന്തോ മുക്കി തുണിയില്‍ വരയ്ക്കും,ഇതാണ് ബാത്തിക്ക് പെയിന്റിംഗ് രീതി.പക്ഷേ ഇങ്ങനെ ഉണ്ടാക്കുന്ന വസ്ത്രങ്ങളിലെ ചിത്രങ്ങള്‍  ചൂട് വെള്ളം വീണാല്‍ മാഞ്ഞു പോകും എന്നുള്ളത് കൊണ്ട് അവ അലങ്കാരത്തിന്‌ വയ്ക്കാനേ സാധിക്കൂ എന്ന് അഗൂസ് പറഞ്ഞു. ബാത്തിക് ചിത്ര രചനയിലേര്‍പ്പെട്ട രണ്ടു മൂന്നു സ്ത്രീകള്‍ അവിടെ ഇരിപ്പുണ്ടായിരുന്നു.

 

                          


ബാത്തിക്ക് പെയിന്‍റിംഗ്

തിളയ്ക്കുന്ന ഹണി കോമ്പും, കുരുത്തോലയിൽ              ദൈവത്തിനുള്ള അർച്ചനയും പ്രസാദവും കാണാം 

ബാത്തിക് പെയിന്‍റിംഗ് ചെയ്ത ഷര്‍ട്ടുകളും,വിരിപ്പുകളും, ബാഗുകളും കരകൌശല വസ്തുക്കളും അവിടെയുള്ള സ്റ്റാളില്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടായിരുന്നു. പക്ഷേ അവയുടെ നിറം പോകാതിരിക്കാന്‍ എന്തോ പരിപാടി ചെയ്തിട്ടുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഏതായാലും പലരും അവിടെ നിന്ന് പലതും വാങ്ങിയിട്ട് ബസില്‍ കയറി അടുത്ത സ്ഥലത്തേക്കുള്ള യാത്ര ആരംഭിച്ചു .

മങ്കി ഫോറസ്റ്റ് 

വാങ്ങിയ സാധനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും കാണിക്കുകയും,നാട്ടിൽ  നിന്ന് കൊണ്ടു  വന്ന സ്നാക്സ് വിതരണം ചെയ്യുകയും എല്ലാം കൂടി ബസ്സില്‍ നല്ല കലപിലയാണ്.അഗൂസ് മൈക്ക് കയ്യിലെടുത്തു, നന്നായി ചിരിച്ചു കൊണ്ട് അനൌൺസ് ചെയ്തു എല്ലാവരും ശ്രദ്ധിക്കുക അടുത്തതായി നമ്മുടെ ബന്ധുക്കളെയും സ്വന്തക്കാരെയും കാണാനാണ് പോകുന്നത്. ആരുടെയെങ്കിലും  ചേട്ടനെയോ,ചേച്ചിയെയോ, അമ്മാവനെയോ  അവിടെ വച്ച് കണ്ടാൽ  അവരോട് സ്നേഹം തോന്നി എന്തെങ്കിലും കൊടുക്കാനോ ,തൊടാനോ,അവരുടെ കണ്ണില്‍ നോക്കാനോ ശ്രമിച്ചാല്‍ കളിമാറും,അപകടമാണ് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  “ഉബൂഡിലെ” (Ubud ) മങ്കി ഫോറസ്റ്റിലേക്കുള്ള  യാത്രയെ പറ്റിയാണ് അദ്ദേഹം പറഞ്ഞു വന്നത്.ബാലനീസ് ശൈലിയിലുള്ള അഗൂസിന്‍റെ ഇംഗ്ലിഷ് മനസ്സിലാക്കാന്‍ കുറച്ച്  പ്രയാസമാണെന്നതിനാൽ ഈ വിവരണത്തിൽ വന്നിരിക്കാൻ സാദ്ധ്യതയുള്ള തെറ്റുകൾ സദയം പൊറുത്ത് തിരുത്തി തരണമെന്ന് അപേക്ഷയുണ്ട്. 

 ബസില്‍ നിന്നിറങ്ങിയ ഞങ്ങള്‍ക്കുള്ള ടിക്കറ്റും മറ്റുമായി വന്ന അഗൂസ് പെരുമാറ്റ മര്യാദകളെ പറ്റി ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു. വൃക്ഷങ്ങള്‍ കുട പിടിച്ചു നിന്ന ഹരിതാഭമായ ഒരു വനപ്രദേശത്തിലെ  വഴിത്താരകളില്‍ കൂടി വള്ളികളില്‍  ഊഞ്ഞാലാടുന്ന വാലുള്ള നരന്മാര്‍ക്കിടയിലൂടെ കള്ളക്കടക്കണ്ണെറിഞ്ഞ് ഞങ്ങള്‍ ബഹുദൂരം നടന്നു.നീളന്‍ വാലുകളുള്ള അറുന്നൂറോളം ബാലിനീസ് വാനരന്മാരാണ് അവിടെയുള്ളതെന്നു പറയപ്പെടുന്നു. പൂര്‍വികരും ബന്ധുക്കളുമായ അവര്‍ക്കൊപ്പം  ഫോട്ടോയെടുക്കാന്‍ ശ്രമിക്കവേ ചില ആശാന്മാര്‍ സ്വന്തക്കാരാണെന്നൂ മനസ്സിലാക്കിയിട്ടോ എന്തോ ഞങ്ങളുടെ മടിയിലേക്ക് ചാടിക്കയറി സ്നേഹം പ്രകടിപ്പിച്ചു.വളരെ വിസ്തൃതമായ ആ വനപ്രദേശത്ത് കൂടിയുള്ള നടത്തം നല്ല ഒരനുഭവമായിരുന്നു.അതിനിടെ ഒരു ഉബൂഡ്കാരി പെണ്‍കുട്ടി ഗൈഡ് പരിശീലനത്തിന്‍റെ ഭാഗമായോ എന്തോ എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നു. .ബാലിയെ പറ്റി എന്താണ് അഭിപ്രായമെന്നും ,എന്തൊക്കെ കണ്ടുവെന്നും മറ്റുമൊക്കെയുള്ള അവളുടെ ചോദ്യത്തിന് നല്ല മെച്ചമായ ഒരു അഭിപ്രായം പറഞ്ഞതോടെ അതെല്ലാം ഫോണില്‍ റെക്കോഡ് ചെയ്ത് സന്തോഷത്തോടെ അവള്‍ യാത്ര പറഞ്ഞു പോയി. മങ്കി ഫോറസ്റ്റ് കാണുവാന്‍ അനുവദിച്ച സമയം കഴിഞ്ഞപ്പോഴേക്കും മിക്കവാറും എല്ലാവരും ബസ്സില്‍ ഹാജരായെങ്കിലും മൂന്ന് നാലു പേരെ കാണാതായത് അല്‍പ്പം ആശങ്കയുളവാക്കി. എവിടെയോ വച്ച് കൂട്ടം തെറ്റി മറ്റേതോ വഴിയിലൂടെ തിരിഞ്ഞു പോയ അവരെ അഗൂസും സൂരജും ,മറ്റേ ബസിലെ ഗൈഡും എല്ലാരും കൂടി ഓടി നടന്ന് കണ്ടു പിടിച്ചു കൊണ്ട് വന്നിട്ട് യാത്ര തുടര്‍ന്നു. 

                              വലിയ കാരണവർ 

 കിന്താമണിയിലെ ബാട്ടു ര്‍ (Batur)അഗ്നിപര്‍വ്വതം    

കൊച്ചിയില്‍ നിന്ന് യാത്ര തുടങ്ങിയപ്പോള്‍  “Holiday Discoverers” എന്നെഴുതിയിട്ടുള്ള ഒരു നീലത്തൊപ്പി എല്ലാവര്‍ക്കും തന്നിരുന്നെങ്കിലും ചിലപ്പോഴൊക്കെ ചൂട് കൊണ്ടും മറ്റും പലരും  അത് വയ്ക്കാന്‍ കുറച്ചു മടി കാണിച്ചിരുന്നു.അറിയാത്ത നാട്ടില്‍ എവിടെയെങ്കിലും വച്ച് കൂട്ടം തെറ്റി  മിസ്‌ ആയാല്‍ കണ്ടുപിടിക്കാന്‍ തൊപ്പി ധരിച്ചാല്‍  എളുപ്പമായിരിക്കുമെന്ന് മങ്കി ഫോറസ്റ്റിലെ അനുഭവം വച്ച് സൂരജ് പറഞ്ഞു.

അഗ്നിപര്‍വത സ്ഫോടനങ്ങള്‍ ദുരന്തം വിതറിയിട്ടുള്ള  നാടാണല്ലോ ഇന്തോനേഷ്യയും അതില്‍ പെട്ട  മറ്റനേകം ദ്വീപുകളും. ബാലിദ്വീപും ഇങ്ങനെയുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് പാത്രീഭവിച്ചിട്ടുള്ള നാട് തന്നെയാണ്.പൊട്ടിയൊഴുകിയ ലാവ തണുത്തുറഞ്ഞ കറുത്ത മണ്ണും കല്ലുകളുമാണ് ബാലിയില്‍ നമുക്ക് കാണാന്‍ സാധിക്കുക. “അഗും, ബാത്തൂര്‍”എന്ന രണ്ടു അഗ്നിപര്‍വതങ്ങൾ  1963 ല്‍ ഒരുമിച്ചു പൊട്ടിത്തെറിക്കുകയും അനേകം ജീവനുകള്‍ പൊലിയുകയും നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തുവത്രേ.2017ലാണ് ഏറ്റവും വലിയ അഗ്നിപര്‍വ്വതമായ അഗും അവസാനമായി പൊട്ടിത്തെറിച്ചതെന്ന് അഗൂസ് പറഞ്ഞു. 2002 ല്‍ അവസാന സ്ഫോടനം ഉണ്ടായ ബാത്തൂര്‍ ഇപ്പോള്‍ ആക്ടിവ് അല്ല എന്നത് ബാലിക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നു. ‘കിന്താമണി’ എന്ന ഗ്രാമത്തിലാണ് ഇവ ഉള്ളത് .കിന്ത അല്ലെങ്കില്‍ ചിന്ത എന്നാല്‍ (“ഡ്രൈ”) ഉണങ്ങി വരണ്ട എന്നും “മണി” എന്നാല്‍ സ്ഥലം (ലാന്‍ഡ്) എന്നുമാണ് അര്‍ത്ഥമെന്ന് അഗൂസ് പറഞ്ഞു  തന്നു. മങ്കി ഫോറസ്റ്റില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ യാത്ര ചെയ്യണം ഇവിടെയെത്താന്‍.ഒരു കാലത്ത് ഉണങ്ങി വരണ്ട് നശിച്ചു കിടന്നിരുന്ന ഈ സ്ഥലം ഇപ്പോള്‍ ഓറഞ്ചു തോട്ടങ്ങളും,കൃഷിയിടങ്ങളും കൊണ്ട് ഐശ്വര്യമായി നില കൊള്ളുന്നു. ബാത്തൂര്‍ അഗ്നിപര്‍വതത്തെ മുഖാമുഖം നോക്കിയിരുന്നു കൊണ്ടായിരുന്നു അന്നത്തെ ഞങ്ങളുടെ ഉച്ച ഭക്ഷണം .തനത് ഇന്തോനേഷ്യന്‍ വിഭവങ്ങളും ഇന്ത്യന്‍ വിഭവങ്ങളും ചേര്‍ന്ന നല്ല ഒരു ഉച്ചയൂണായിരുന്നു.”ബാത്തൂര്‍ സറി ബുഫേ അല കര്‍ ട്ടെ  കോഫീ” എന്ന കിന്താമണിയിലെ റെസ്റ്റോറന്റി ല്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചത് ,,ഒരു കുഴപ്പം മാത്രം...അവിടം ഒരു ഈച്ചകൊട്ടാരമായിരുന്നു. ഊണ്കഴിച്ചു പുറത്തേക്കിറങ്ങുമ്പോള്‍ ബാലിയുടെ പ്രത്യേക തുണിത്തരങ്ങളും ടീ ഷര്‍ട്ടുകളും,ഷാളുകളും വില്‍ക്കുന്ന കച്ചവടക്കാരികളുടെ ബഹളമായിരുന്നു.നമ്മുടെ കറന്‍സിയുമായി ബാലനീസ് റുപ്പയയ്ക്ക് ഏകദേശം 180 ഇരട്ടി വ്യത്യാസമുള്ളതിനാല്‍ വില കേള്‍ക്കുമ്പോള്‍ ആരായാലും ഒന്നു ഞെട്ടിപ്പോകും.പക്ഷേ കണക്കു കൂട്ടി നോക്കിയാല്‍ വലിയ വിലയല്ലെന്നു മനസ്സിലാകും.ആദ്യമാദ്യം വാങ്ങിയവര്‍ക്ക് ആയിരം രൂപയ്ക്ക് മൂന്നെണ്ണം ലഭിച്ചുവെങ്കില്‍ ബസ് വിടാറായപ്പോഴേക്കും വാങ്ങിയവര്‍ക്ക് ആയിരം രൂപയ്ക്ക് അഞ്ചെണ്ണം വരെ കിട്ടുന്നുവെന്നു കേട്ടപ്പോള്‍ ബസിലിരുന്ന പലരും ചാടിയിറങ്ങി.സമയം കളയാനില്ലെന്നു സൂരജ് അറിയിച്ചതോടെ എല്ലാവരും ഷോപ്പിംഗ്‌ അവസാനിപ്പിച്ച് ബസില്‍ കയറി.ബാത്തൂര്‍ അഗ്നി പര്‍വതത്തിനു സമീപമുള്ള ബാത്തൂര്‍ തടാകത്തിന്‍റെ സമീപ പ്രദേശത്തെ പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ട് “ലുവാക്ക് കോഫി”ക്ക് പേര് കേട്ട  ഉബൂഡിലെ കാന്ടിക് (Cantik) അഗ്രിക്കള്‍ച്ചറല്‍ ഫാക്ടറിയിലേക്കായിരുന്നു പിന്നീടുള്ള  യാത്ര.

                         ബാത്തൂർ അഗ്നിപർവ്വതം 

                          ബാത്തൂർ തടാകം 

ലുവാക്ക് കോഫീ

     ലോകത്തിലെ ഏറ്റവും വിലകൂടിയ രുചികരമായ  കോഫി എന്ന് പ്രസിദ്ധമായ ലുവാക്ക് കാപ്പിയുടെ ഉറവിടം തേടി ചെന്ന ഞങ്ങളില്‍ പലരുടെയും മുഖം ചുളിഞ്ഞു, കാരണം പറയാം.ഈ  പ്രദേശത്ത് കൃഷി ചെയ്തിട്ടുള്ള കാപ്പിച്ചെടികളില്‍ നിന്നും പാകമായ കായകള്‍ ശേഖരിച്ച് വെരുക് (Luwak) പോലെയുള്ള ഒരു മൃഗത്തിന് കഴിക്കാന്‍ കൊടുക്കുമത്രേ. അവ ഇത് കഴിച്ചിട്ട് കാഷ്ടിക്കുമ്പോള്‍ കിട്ടുന്ന കാപ്പിക്കുരു കഴുകി വൃത്തിയാക്കി ഉണക്കി പരമ്പാരാഗത രീതിയില്‍ വറുത്ത് പൊടിച്ചാണത്രേ ഈ വമ്പന്‍ കാപ്പിപ്പൊടി ഉണ്ടാക്കുന്നത്, ഈ രഹസ്യമറിഞ്ഞാല്‍ പിന്നെ മുഖം ചുളിയാതിരിക്കുമോ? കിലോയ്ക്ക് 50000 രൂപയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം !!!

കൂട്ടിലിട്ട് വളര്‍ത്തിയിരുന്ന ” ലുവാക്കു”കളെയും ,അവയില്‍ നിന്ന് ശേഖരിച്ചെടുത്ത കാഷ്ഠം കലര്‍ന്ന കാപ്പിക്കുരുവും അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു.കനലടുപ്പില്‍ കാപ്പിക്കുരു വറുക്കുകയും അത് ഉലക്ക കൊണ്ട് ഇടിച്ചു പൊടിക്കുകയും ചെയ്തു കൊണ്ടിരുന്ന രണ്ട് സ്ത്രീകളെയും  അവിടെ കാണാന്‍ കഴിഞ്ഞു.

                                                                ലുവാക്ക്
ലുവാക്ക് കാഷ്ടം കലർന്ന കാപ്പിക്കുരു 

ലുവാക്ക് കാപ്പിപ്പൊടി നിർമ്മാണം 

ചെറിയ മഴച്ചാറ്റലേറ്റ് കൊണ്ട്  കാപ്പിത്തോട്ടങ്ങളിലൂടെ നടന്നു ചെന്ന ഞങ്ങള്‍ക്ക് രുചി നോക്കുവാനായി വ്യത്യസ്തമായ ചായ,കാപ്പി എന്നിവയുടെ സാമ്പിളുകള്‍  അതാതിന്‍റെ  പേരെഴുതിയ പ്ലാസ്റ്റിക് ബോര്‍ഡിനു മുകളില്‍ കൊണ്ട് വച്ചു തന്നു. മാംഗോസ്റ്റിന്‍  ,റോസെല്ല, സിനമണ്‍ ,സാഫ്ര ണ്‍ ,ജിഞ്ചര്‍,ലെമണ്‍ തുടങ്ങിയ ചായത്തരങ്ങളും ,ചോക്ലേറ്റ് വാനില,കോക്കനട്ട്, ജിഞ്ചര്‍ തുടങ്ങിയ കാപ്പികളും ഞങ്ങള്‍ രുചിച്ചു നോക്കി.ആദ്യം രുചിച്ചതിന്‍റെ ഒഴികെ മറ്റുള്ളവയുടെ കുറച്ച് ഫ്ലേവര്‍ മനസ്സിലായി എന്നല്ലാതെ കൃത്യമായ രുചി  കിട്ടിയില്ലെന്ന് തന്നെ പറയാം. ചായ കുടി കഴിഞ്ഞ് മുന്നോട്ട് നടക്കുമ്പോള്‍ അതിനടുത്തു തന്നെ കാപ്പിപ്പൊടിയും ,ചായപ്പൊടിയും ,മറ്റ് സുഗന്ധ ദ്രവ്യങ്ങളും വില്‍ക്കുന്ന ഒരു കട കണ്ടു. അവിടെ നിന്ന് ലോകത്തിലെ ഏറ്റവും വില കൂടിയ “വെരുകിന്‍ കാഷ്ട കാപ്പിപ്പൊടി “ വാങ്ങാന്‍ ഞങ്ങളാരും കൂട്ടാക്കിയില്ല.

ടെറസ് ഫാമിംഗ്

ബാലിയുടെ കാര്‍ഷിക പാരമ്പര്യം മനസ്സിലാക്കുവാനുള്ള ഞങ്ങളുടെ അടുത്ത യാത്ര ചെന്നു നിന്നത് ‘ ടെഗല്ലാലംഗ് പകുടുവൈ’ എന്ന സ്ഥലത്തുള്ള “അബിയന്‍ ദേശ റൈസ് ടെറസ് ഗാര്‍ഡന്‍” സമീപമാണ്.ഭൂമി തട്ടുതട്ടായി ക്രമീകരിച്ച് അതില്‍ ഞാറ് നട്ടിരിക്കുന്ന മനോഹരമായ കാഴ്ചയാണ് ടിക്കറ്റ് എടുത്ത് ചെല്ലുമ്പോള്‍ കാണാനാകുക.പച്ചപ്പട്ട് വിരിച്ചത് പോലെ താഴ്ന്നു കിടക്കുന്ന പാടങ്ങള്‍ക്ക് മുകളിലൂടെ ടൂറിസ്റ്റുകളെ ഉദ്ദേശിച്ച്  സിപ് ലൈനും, പൂക്കള്‍ കൊണ്ടലങ്കരിച്ച ഊഞ്ഞാലുകളും ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു. സാഹസികരായ പലരും വലിയ തുകയ്ക്കുള്ള ടിക്കറ്റ് എടുത്ത് അതൊക്കെ ആസ്വദിക്കുന്നുമുണ്ടായിരുന്നു.കൂടാതെ നല്ല തുക വാങ്ങിയിട്ട് വിദേശികളെ കൊണ്ട് ഞാറ് നടീക്കുകയും അവര്‍ പോയിക്കഴിഞ്ഞു അതേ ഞാറ് പിഴുതെടുത്ത് അടുത്ത് വരുന്ന ടീമിന് കൊടുത്ത് കാശ് വാങ്ങുന്ന “വിശിഷ്ടമായ” പരിപാടിയും അവിടെ നടക്കുന്നതായി അറിഞ്ഞു. ഏതായാലും കേരളത്തില്‍ നിന്നെത്തിയ ഞങ്ങളുടെ തലമുറയിലുള്ളവര്‍ക്ക് ഇത് അത്ര പുതുമയല്ലാത്തത് കൊണ്ട് നടീല്‍ പരിപാടിയ്ക്ക് പോകാതെ മടക്കയാത്ര ആരംഭിച്ച ഞങ്ങള്‍ ഇന്ത്യൻ ഭക്ഷണം ലഭിക്കുന്ന  ക്വീന്‍സ് റെസ്റ്റോറണ്ടിലേക്കും തുടര്‍ന്ന് വിശ്രമത്തിനായി ഈഡന്‍ ഹോട്ടലിലേക്കും പോയി.

 


                                                        ടെറസ് ഫാമിങ്

- നന്ദ - 08/03/2023


(തുടർന്ന്  വായിക്കുക "ബാലി ശിൽപ്പങ്ങളുടെ നാട് " at 

Link to Part 03 )










ബാലി -  ദൈവങ്ങളുടെ നാട്  (Part 1)

                                    

     “ബാലി” എന്നു കേൾക്കുമ്പോൾ സുഗ്രീവ ജ്യേഷ്ഠനും, മഹാബലവാനും, എന്നാൽ രാമബാണങ്ങളേറ്റ് വീരമൃത്യു  വരിയ്ക്കുകയും ചെയ്ത വാനരനായ രാമായണത്തിലെ ബാലിയെയാണ് ഓർമ്മ വരിക. പക്ഷേ ആ ബാലിയുമായി ബാലിദ്വീപിന് പ്രത്യേകിച്ച്  എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിച്ചെങ്കിലും,അന്നാട്ടില്‍ കുറച്ചു വാനരന്മാരുണ്ടെന്നതൊഴികെ മറ്റൊന്നും കണ്ടെത്താനായില്ല. സഞ്ചാര സാഹിത്യകാരനായ എസ് കെ.പൊറ്റക്കാട് സാറിന്‍റെ “ബാലിദ്വീപ്‌” എന്നതിലെ ഒരു ഭാഗമായ “ഉള്‍നാട്ടിലെ ഉത്സവം” എന്ന പാഠം എഴുപതുകളില്‍ പത്താംക്ലാസ് മലയാളം പുസ്തകത്തില്‍ പഠിക്കുമ്പോഴാണ് ബാലിദ്വീപിനെപ്പറ്റി ആദ്യം കേള്‍ക്കുന്നത്.ആധുനിക സൗകര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്ന അദ്ദേഹത്തിന്‍റെ കാലയളവില്‍  ഇങ്ങനെ ഒരു അന്താരാഷ്‌ട്ര യാത്ര നടത്തുവാന്‍ എത്ര കഷ്ടപ്പാടുകളും,ദുരിതവും സാഹസവും ആ മഹത് വ്യക്തി അനുഭവിച്ചിരുന്നു എന്ന് ആലോചിച്ചാല്‍ മനസ്സിലാക്കാം.

     വളരെക്കാലമായി ബാലിദ്വീപ്  സന്ദര്‍ശനം കാംക്ഷിച്ചിരുന്നവരായിരുന്നു ഞങ്ങള്‍.അപ്പോഴാണ്‌ ഞങ്ങളുടെ സുഹൃത്തും  കൊച്ചിയിലെ ബാങ്ക് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ “ഓര്‍ബിക്കില്‍ ”  അംഗവുമായ  മുരളി സര്‍ ഫോണില്‍ വിളിച്ച് അവർ ഒരു  ബാലിയാത്ര  സംഘടിപ്പിച്ചിട്ടുണ്ടെന്നും  അതില്‍ ബുക്ക്‌ ചെയ്തിരുന്ന  രണ്ടു പേര്‍ യാത്ര ക്യാന്‍സല്‍ ചെയ്ത ഒഴിവില്‍ താത്പര്യമുണ്ടെകില്‍ ഉടന്‍ പറഞ്ഞാല്‍ ചാന്‍സ് കിട്ടുമെന്നും അറിയിച്ചത്.പിന്നെ ഒന്നും നോക്കിയില്ല ഇത്രയുമൊരു സുവര്‍ണ്ണാവസരം കൈവന്നപ്പോള്‍  വിട്ടുകളയാന്‍ മനസ്സ് വന്നില്ല.അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ അപ്പപ്പോള്‍ അദ്ദേഹം ഇങ്ങോട്ട് അറിയിക്കുകയും പണമിടപാടുകള്‍ നെറ്റ് വഴി ശരിയാക്കുകയും ചെയ്തു. “ഹോളിഡെ ഡിസ്കവറേഴ്സ്” എന്ന ടൂര്‍ കോര്‍ഡിനേറ്റേഴ്സിന്‍റെ നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. യാത്രാ പരിപാടികളില്‍ സഹായിക്കാന്‍ അതിന്‍റെ സൂത്രധാരനായ സൂരജ് സദാ സന്നദ്ധനായിരുന്നു.പെന്‍ഷന്‍ പറ്റിയ ബാങ്ക് ഉദ്യോഗസ്ഥരും അവരുടെ കുടുംബവുമായി 44 പേരടങ്ങുന്ന സംഘമാണ് ബാലി യാത്രയ്ക്കായി കൊച്ചി വിമാനത്താവളത്തില്‍  രാത്രി എട്ട് മണിയോടെ എത്തിച്ചേര്‍ന്നത്.ചുരുങ്ങിയ സമയത്തിനുള്ളില്‍ അന്യോന്യം പരിചയപ്പെടല്‍ ഒന്നും സാധിച്ചില്ലെങ്കിലും വരാൻ പോകുന്ന ദിവസങ്ങളിൽ എല്ലാവരോടും സംസാരിക്കുന്നതിനുള്ള സൌകര്യം ലഭിക്കുമെന്നുറപ്പുണ്ടായിരുന്നു  .സുരക്ഷാ പരിശോധനകളും ചെക്കിന്‍ പരിപാടികളും കഴിഞ്ഞ് 12.20 ന് പുറപ്പെടുന്ന ‘മലിന്‍ഡോ’ വിമാനത്തില്‍ ഞങ്ങള്‍ മലേഷ്യയുടെ തലസ്ഥാനമായ കുലാലമ്പൂരേക്കാണ് യാത്ര ആരംഭിച്ചത്.രാവിലെ ഏഴു മണിയോടെ കുലാലമ്പൂരിൽ  എത്തിച്ചേര്‍ന്ന ഞങ്ങൾ  വളരെ പെട്ടെന്നു തന്നെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിച്ച് വിശപ്പടക്കാന്‍ കയ്യില്‍ കരുതിയിരുന്ന ബിസ്ക്കറ്റും മറ്റും കഴിച്ച് അടുത്ത വിമാനത്തില്‍ കയറാന്‍ റെഡിയായിരുന്നു. രണ്ടര മണിക്കൂര്‍ കഴിഞ്ഞ് ഏകദേശം മലേഷ്യന്‍ സമയം ഒന്‍പതരയോടെ ബാലിയിലെ “ഡെന്‍പസാറിലേക്ക് ”  പുറപ്പെട്ട വിമാനത്തില്‍ പ്രഭാത ഭക്ഷണമായി വെള്ളച്ചോറും,എന്തോ ഒരു മസാലക്കറിയും  ഒരു അച്ചാറും കിട്ടി.ആഹാര ശേഷം മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആ വിമാന യാത്രയില്‍ സഞ്ചാര വ്ലോഗ്കളില്‍ കണ്ടിട്ടുള്ള ബാലിദ്വീപിന്‍റെ ചിത്രമായിരുന്നു മനസ്സിലെത്തിയത്.

ബാലി സമയം ഉച്ചയ്ക്ക് 12.45 ആയപ്പോഴേക്കും “ഡെന്‍പസാര്‍  ഇഗുസ്തി നുറാ റായി ഇന്‍റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക്” ഞങ്ങളെയും കൊണ്ട് ആ  ബാത്തിക് വിമാനപ്പറവ മെല്ലെ പറന്നിറങ്ങി. വിമാനത്താവളത്തിലെ  പതിവ് നടപടികള്‍  കഴിഞ്ഞ് പുറത്തേക്ക് നടക്കുമ്പോള്‍ കമനീയമായ കലാരൂപങ്ങള്‍ നിറഞ്ഞ എയര്‍പോര്‍ട്ടിന്‍റെ കാഴ്ചകള്‍  കാണുന്നതിനൊപ്പം മനോഹര ശില്‍പ്പങ്ങല്‍ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ ഉത്സാഹം കാണിച്ച എല്ലാവരെയും തട്ടിക്കൂട്ടി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു ഊര്‍ജ്ജസ്വലനായ സൂരജ്.കൂപ്പിലെക്ക് കൊണ്ടു പോകുന്ന ആന ഇടയ്ക്ക് പഴക്കട കാണുമ്പോള്‍ വഴിമാറി പോകുന്നത് പോലെ പലരും ഓരോരോ ശില്‍പ്പങ്ങള്‍ കാണുമ്പോള്‍ അതൊക്കെ തങ്ങളുടെ മൊബൈല്‍ ക്യാമറയിലാക്കാന്‍ വെമ്പല്‍ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കാന് തുടങ്ങി .കണ്ണാടി മേശപ്പുറത്തു വീണ പളുങ്ക് ഗോട്ടികള്‍ പോലെ  എയര്‍പോര്‍ട്ടിന്‍റെ വിശാലമായ തളങ്ങളില്‍ ചിതറിക്കിടക്കുന്ന തന്‍റെ  കുഞ്ഞാടുകളെ നുള്ളിപ്പെറുക്കി എണ്ണിയെടുത്തു എത്രയുംവേഗം പുറത്തെത്തിക്കണം, പുറത്ത് കാത്ത് നില്‍ക്കുന്ന ഗൈഡ്കളെയും കൂട്ടി ലഞ്ച് കഴിക്കാന്‍ കൊണ്ട് പോകണം, ഇതൊക്കെ സൂരജിന്‍റെ ഉത്തരവാദിത്തങ്ങളാണല്ലോ.



           എയർപോർട്ടിനുള്ളിലെ മനോഹര ശിൽപ്പങ്ങൾ 

അധികം താമസിയാതെ എയര്‍പോര്‍ട്ടിനു പുറത്തെത്തിയ ഭാരതമക്കളായ ഞങ്ങളെ  സ്വീകരിക്കാന്‍ ബാലിയുടെ വിനയാന്വിതരായ 2 ഗൈഡുകളും ,2 ബസുകളും അതിന്‍റെ സാരഥികളും കൂടാതെ ലഗ്ഗേജ് കൊണ്ടുപോകാനുള്ള വാനും റെഡിയായിരുന്നു. ബാലിയുടെ തനത് വേഷമണിഞ്ഞ “അഗൂസ്” എന്നും “ശിവ” .എന്നും  പേരുള്ള രണ്ട് ഗൈഡുകളും കൂടി ഞങ്ങളെ ചെണ്ടുമല്ലി പൂമാലകളിട്ട് നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു.അതിനു ശേഷം ടൂറിസ്റ്റ് എന്നര്‍ത്ഥം വരുന്ന ’പരിവിസാട്ട’ എന്നെഴുതിയിട്ടുള്ള രണ്ടു ബസുകളിലായി കയറിയ ഞങ്ങളെ “സ്പൈസ് മന്ത്ര” എന്ന നല്ലൊരു ഹോട്ടലിലേക്കാണ് ഉച്ചഭക്ഷണം കഴിക്കാന്‍ കൊണ്ടു പോയത്.


                               അഗൂസ്

ബാലിയിലെ “കുട്ട” എന്ന പ്രദേശത്താണ് ഈ ഭക്ഷണശാലയും ,എയര്‍പോര്‍ട്ടും ,ഞങ്ങളുടെ താമസത്തിന് ഏര്‍പ്പടാക്കിയിട്ടുള്ള “ഈഡന്‍ ഹോട്ടലും” സ്ഥിതി ചെയ്യുന്നത്. രുചികരവും വിഭവസമൃദ്ധവുമായ ഉച്ചയൂണിന് ശേഷം “ഈഡനില്‍” ചെക്കിന്‍ പരിപാടികള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ എല്ലാവരുടെയും ലഗ്ഗേജ്  ഹോട്ടലില്‍ എത്തിയിരുന്നു.അല്‍പ്പം വിശ്രമിച്ചിട്ട് വൈകിട്ട്  “ബൌണ്ടി ക്രുയിസ്”പരിപാടിയ്ക്ക് തയ്യാറായി നാലരയ്ക്ക് മുന്‍പായി ഹോട്ടല്‍ ലോബിയില്‍ എത്തണമെന്നും സമയ കൃത്യത പാലിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും,മുറികളിലേക്ക് പോകാന്‍ തുടങ്ങിയ ഞങ്ങളെ ഓര്‍മ്മിപ്പിച്ചിട്ട് സൂരജും, അഗൂസും ,ശിവയും പോയി. എല്ലാവരും തലേ ദിവസത്തെ യാത്രാ ക്ഷീണം വൃത്തിയും വെടിപ്പുമുള്ള ഈഡന്‍  ഹോട്ടലിലെ മുറിയിലിറക്കി വച്ച് കുളിയും, ചെറിയ വിശ്രമവും  കഴിഞ്ഞ് പകിട്ടാര്‍ന്ന വസ്ത്രങ്ങളും അണിഞ്ഞ് ലോബിയിലെത്തി.  തുടര്‍ന്ന്‍ ഒന്നാം ബസിലും രണ്ടാം ബസിലുമായി ക്രൂയിസ് ആസ്വദിക്കാനായി ഞങ്ങള്‍ ‘ബെനോആ ഹാര്‍ബറിലേക്ക്’ പോയി.

സ്വതവേയുള്ള പുഞ്ചിരിയുമായി അഗൂസ് എല്ലാവരോടും കുശലാന്വേഷണങ്ങള്‍ നടത്തിയതിന് ശേഷം വഴിയോര കാഴ്ചകളെപ്പറ്റി വിവരിച്ചു തുടങ്ങി.ഈഡനില്‍ നിന്ന് വെറും ഒന്നര കി മീ മാത്രം ദൂരത്ത് സ്ഥിതി ചെയ്യുന്ന, ഡെന്‍പസാര്‍ എയര്‍പോര്‍ട്ടിന് സമീപത്തു കൂടിയാണ് യാത്ര.അതിന്‍റെ മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു പ്രതിമ ചൂണ്ടിക്കാണിച്ചുകൊണ്ട് അതിനെപ്പറ്റിയുള്ള വിവരങ്ങള്‍ അഗൂസ് പറഞ്ഞു. “ഇഗുസ്തി നോറ റായി” എന്ന  ബാലിയുടെ കേണല്‍ കമാണ്ടറുടെ പൂര്‍ണ്ണകായ പ്രതിമയാണത്.  

      “ഇഗുസ്തി നോറ റായി” എയർപ്പോർട്ടിന് മുന്നിലെ പ്രതിമ 

വര്‍ഷങ്ങള്‍ക്ക് മുന്‍പ്  ജപ്പാന്‍ ഇന്തോനേഷ്യയുടെ കിഴക്കന്‍ ഭാഗങ്ങള്‍ ആക്രമിക്കുകയും അന്നത്തെ  ഇന്തോനേഷ്യന്‍ ഫോഴ്സിന്‍റെ കമാണ്ടര്‍ ആയിരുന്ന “ഇഗുസ്തി നോറ റായ്” രാജ്യത്തിന്‌ സ്വാതന്ത്ര്യം നേടിക്കൊടുക്കുകയും ചെയ്തു. അദ്ദേഹം പിന്നീട് , ഡച്ച്കാരുമായുള്ള യുദ്ധത്തില്‍ മരിച്ചതായും അദ്ദേഹത്തിന്‍റെ സ്മരണാര്‍ത്ഥമാണ് എയര്‍ പോര്‍ട്ടിന് ആ പേര് നല്‍കിയിരിക്കുന്നതെന്നും പ്രതിമ മുന്നില്‍ സ്ഥാപിച്ചിരിക്കുന്നതെന്നും അഗൂസ് വിശദീകരിച്ചു.ഏകദേശം 10 കിലോമീറ്ററിലധികം നീളമുള്ള “നുസ ഡു ആ  എന്‍ ഗുറ റായി ബെനോവ” റോഡിലൂടെ പോകുമ്പോള്‍ “നുസ” എന്നാല്‍ ദ്വീപ്‌ എന്നാണെന്നും “ഡു ആ”  എന്നാല്‍ രണ്ടെന്നുമാണ് അര്‍ത്ഥമെന്ന് അഗൂ പറഞ്ഞു തന്നു .തെക്കന്‍ കുട്ട യെയും ഡെന്‍പസാര്‍ സിറ്റിയെയും ബന്ധിപ്പിക്കുന്ന ഒന്നാണ് “നുസ ഡുആ” പാലം. ആ പാലത്തിന്‍റെ കൈവരികളും അതില്‍ സ്ഥാപിച്ചിരിക്കുന്ന വിളക്ക് കാലുകള്‍ പോലും എത്ര കലാ ചാതുര്യത്തോടെയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും കണ്ടു തന്നെ അറിയേണ്ടതാണ് .


              പാലത്തിലെ  മനോഹരമായ വിളക്ക് കാലുകൾ 

      ബൌണ്ടി ക്രൂയിസ്

     ബാലിയിലെ ആദ്യ ദിനപരിപാടിയായ “സണ്‍ സെറ്റ് ഡിന്നര്‍ ക്രൂയിസ് “ ആസ്വദിക്കുന്നതിനായി ഹോട്ടലില്‍ നിന്ന് നേരെ “ബെനോവാ” ഹാര്‍ബറിലേക്കാണ് ഞങ്ങളെ കൊണ്ടുപോയത്.ഇന്ത്യന്‍ മഹാ സമുദ്രത്തിന്‍റെ വിശാലതയില്‍ ചെറുതും വലുതുമായ നിരവധി ക്രൂയിസ് കപ്പലുകള്‍ കടലോളങ്ങളില്‍ ചാഞ്ചാടി  കിടക്കുന്ന കാഴ്ച കണ്ടു നിൽക്കുമ്പോൾ  പ്രവേശനത്തിന് വേണ്ട ടിക്കറ്റും മറ്റും ശരിയാക്കി അഗൂസ് എത്തി. അതോടെ തുറമുഖത്തിന്‍റെ ഭംഗി ആസ്വദിച്ചു നിന്ന ഞങ്ങള്‍ കപ്പലിലേക്ക് നടന്നു കയറി.

                            ക്രൂയിസ് കപ്പൽ 

ക്രൂയിസ് കപ്പലിന്‍റെ പ്രവേശന കവാടത്തില്‍  സന്ദര്‍ശകരെ സ്വീകരിക്കാനായി കൂപ്പു കൈകളുമായി ബാലനീസ് നര്‍ത്തകിമാര്‍ മിന്നിത്തിളങ്ങുന്ന വേഷഭൂഷകളണിഞ്ഞ് ഒരുങ്ങി നിലയുറപ്പിച്ചിണ്ടായിരുന്നു. പ്രതിമകൾ പോലെ നിന്ന അവർക്കൊപ്പം ഫോട്ടോയെടുക്കാൻ പലർക്കും ഉത്സാഹമായിരുന്നു. അവരുടെ മുന്നിലൂടെ നടന്ന് പടികള്‍ കയറി അകത്ത് ചെന്നാല്‍ ക്രൂയിസ് കപ്പലിന്‍റെ വശങ്ങളില്‍ ക്രമീകരിച്ചിട്ടുള്ള ഇരിപ്പിടങ്ങളിലിരുന്നു കുളിര്‍ കാറ്റേറ്റ് കൊണ്ട് സാഗര ഭംഗി ആസ്വദിക്കാം .ചക്രവാള സീമയില്‍ വലിയ ഫ്ലാറ്റ്കള്‍ പോലെയുള്ള കൂറ്റന്‍ കപ്പലുകള്‍ നീലക്കടലിനു  വെള്ളക്കുറിയിട്ടതു പോലെ കിടക്കുന്ന കാഴ്ച്ച രസകരമായി തോന്നി. തീരത്തോട് ചേര്‍ന്ന് എണ്ണ പര്യവേഷണ കപ്പലുകളും ഉണ്ടായിരുന്നു. സൂര്യാസ്തമയ സമയമായപ്പോഴേക്കും അന്തിച്ചുവപ്പില്‍ ആകാശത്തിന്‍റെ ചാരുത അവര്‍ണ്ണനീയമായി തീര്‍ന്നു. നിറച്ചാര്‍ത്തണിഞ്ഞ മേഘ മാലകള്‍ തീര്‍ത്ത തൊങ്ങലുകള്‍ക്ക് കീഴെ ബള്‍ബുകള്‍ കൊണ്ട് അലങ്കരിച്ച ചെറുതും വലുതുമായ മറ്റ് ക്രൂയിസ് കപ്പലുകളും,പൈറേറ്റ് ഷിപ്പുകളും ടൂറിസ്റ്റ്കളെയും കൊണ്ട് ഒഴുകി നടക്കുന്നതു കൌതുകമുണർത്തുന്ന കാഴ്ചയായിരുന്നു . കപ്പലിന്‍റെ മുകളിലത്തെ ഡെക്കില്‍ അലയടിക്കുന്ന ദ്രുത സംഗീതം കേട്ടു  കൊണ്ട്, മടുപ്പിക്കാത്ത കടല്‍ കാഴ്ചകളില്‍ മുഴുകിയിരിക്കെ ഞങ്ങളുടെ കപ്പല്‍ തീരം വിട്ടു പോയതറിഞ്ഞില്ല.





 



                                              എത്ര മനോഹരമീ സായാഹ്നം  

സന്ധ്യ കഴിഞ്ഞാല്‍ പിന്നെ ഡിന്നറും നൃത്തവുമാണ്,ആവശ്യക്കാർക്ക് മദ്യവും ലഭിക്കും. കപ്പലിന്‍റെ ഉള്ളിലെ  ഹാളില്‍  തനത് ബാലനീസ് നൃത്തത്തിന്‍റെ അകമ്പടിയോടെ എല്ലാവരും  വിഭവസമൃദ്ധമായ ബുഫേ ഡിന്നര്‍ കഴിച്ചു.നൂഡില്‍സും ,റൈസും,മത്സ്യ മാംസ ഇനങ്ങളും, സാലടുകളും ,പഴവര്‍ഗ്ഗങ്ങളും,ഒക്കെയായിരുന്നു വിഭവങ്ങള്‍ .ഭക്ഷണ പരിപാടിയ്ക്കിടയില്‍  രണ്ട് സെറ്റ് നര്‍ത്തകിമാര്‍ തങ്ങളുടെ നൃത്തം അവസാനിപ്പിച്ചു  പോകുകയും തുടര്‍ന്ന് ഒരു മാജിക്ക്കാരന്‍ കുറച്ചു  തമാശയും പൊടിക്കൈകളുമായി കാണികളെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് ഒരു പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. അതവസാനിച്ചപ്പോള്‍ വീണ്ടും നര്‍ത്തകിമാരെത്തി സംഗീതത്തിനൊപ്പം ചുവടുകള്‍ വച്ചു കൊണ്ട് കാണികളുടെ ഇടയിലേക്ക് വന്നു പലരെയും ഒപ്പം നൃത്തം ചെയ്യാന്‍ ആനയിച്ചു കൊണ്ടു പോകാനും തുടങ്ങി. സമയം കുറേ ആയപ്പോള്‍ തിരിച്ചു പോയാല്‍ കൊള്ളാമെന്നു തോന്നിയെങ്കിലും നടുക്കടലില്‍ കിടക്കുന്ന കപ്പലില്‍ നിന്ന് എവിടെപ്പോകാന്‍...!!!

 

                    ക്രൂയിസിലെ ബാലനീസ് നർത്തകി

അവസാനം എട്ടു മണിയോടെ കപ്പല്‍ തിരിച്ചു തീരത്തേക്ക് മടങ്ങിയതോടെ ബസില്‍ കയറി ഞങ്ങള്‍ ഹോട്ടലിലേക്ക് മടങ്ങി. മടക്ക യാത്രയ്ക്കിടയില്‍ പിറ്റേ ദിവസത്തെ പരിപാടികളുടെ ചെറു വിവരണവും റെഡിയായി വരേണ്ട സമയവും പറഞ്ഞുറപ്പിച്ചിട്ടാണ് ഗൈഡുകളും,ബസുകളും പോയത്.

- നന്ദ - 07/03/2023


(തുടർന്ന്  വായിക്കുക "ബാലി ഉത്സവങ്ങളുടെ നാട് " 

Link to Part 02