2026 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

 

പൈതൃകത്തിന്റെ പാരമ്യം - ഭാഗം 2,എല്ലോറ

കൈലാസനാഥനും ബുദ്ധനും ,മഹാവീരനും

ശിൽപ്പ ചാതുര്യത്തിന്റെ ശിലാ വിസ്മയങ്ങൾ --എല്ലോറ

     അജന്തയിലെ ഗുഹാ ശിൽപ്പങ്ങൾ കാതുകളിലോതിത്തന്ന ബുദ്ധ മന്ത്രങ്ങൾ ഓർത്തു കൊണ്ട് ശാന്തമായി ഉറങ്ങിയ ഞങ്ങൾ പിറ്റേ ദിവസം പ്രഭാത ഭക്ഷണത്തിന് ശേഷം “എല്ലോറ” ഗുഹകൾ കാണുന്നതിനായി രാവിലെ എട്ട് മണിയോടെ ഹോട്ടലിൽ നിന്നിറങ്ങി . ബസിൽ കയറിയ ഞങ്ങളുടെ സുഖ വിവരങ്ങൾ അന്വേഷിച്ച ശേഷം ആമോദ് പാതയോര കാഴ്ചകളെ പറ്റിയും പുരാതന ഭാരതത്തിന്റെ വാസ്തു വിദ്യയെ പറ്റിയും വിവരിക്കാൻ തുടങ്ങി . പാതയോരത്ത് ആർമി റിക്രൂട്ടിങ് ഓഫീസും ,ദൌലത്താബാദ് കോട്ടയും ബസിലിരുന്നു കൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി തന്നു.  വൈകുന്നേരം കോട്ട സന്ദർശിക്കാൻ പരിപാടി ഉണ്ടായിരുന്നെങ്കിലും അൽപ്പ നേരം ബസ് ഒരിടത്ത് നിർത്തി ദൂരെ നിന്ന് കോട്ടയുടെ കാഴ്ചകൾ കണ്ട് ചിത്രങ്ങളെടുക്കാനുമുള്ള അവസരം ലഭിച്ചു.. കൈകൊണ്ട് നെയ്ത് ഉണ്ടാക്കുന്ന പരമ്പരാഗത “പൈത്തൺ “ സാരികളുടെ “നെയ്ത്തു ശാലകളാണ്  പിന്നീടുള്ള യാത്രയിൽ കണ്ടതും പ്രതിപാദ്യ വിഷയമായതും.  ശുദ്ധമായ മൾബറി സിൽക്ക്, ഭാരം കുറഞ്ഞ ടിഷ്യൂ സിൽക്കുകൾ എന്നീ തുണിത്തരങ്ങളിൽ സ്വർണ്ണവും, വെള്ളിയും നൂലുകൾ കൊണ്ട് ഉണ്ടാക്കുന്ന സാരികളാണ് ഇവ. വിവാഹ ആവശ്യങ്ങൾക്കും വിശേഷ അവസരങ്ങൾക്കുമായി ഉപയോഗിക്കുന്ന പൈത്തൺ സാരികൾക്ക് വലിയ  വിലയാണെന്ന് ആമോദ്  പറഞ്ഞു . ഇടയ്ക്ക് ഒരു സൂഫി പട്ടണത്തിലെത്തിയപ്പോൾ , അവിടെ നിന്ന്  കുറച്ചകലെയായി  ഔറംഗ സീബിനെ അടക്കിയ ആർഭാടങ്ങളില്ലാത്ത ഒരു ഖബർ  ഉണ്ടെന്ന് അദ്ദേഹം  പറഞ്ഞു . യാത്ര തുടങ്ങി ഒരു നാൽപ്പത്തിയഞ്ച് മിനിറ്റ്  കഴിഞ്ഞപ്പോഴേക്കും  ഞങ്ങൾ എല്ലോറ ഗുഹകൾക്ക് സമീപത്ത് എത്തി. ഗുഹാ സമുച്ചയത്തിലേക്ക് പോകുന്നതിന് മുൻപ് എല്ലാവർക്കും ഒന്ന് ഫ്രഷ് ആകുന്നതിനായി, ഞങ്ങൾക്ക് ഉച്ച ഭക്ഷണം കഴിക്കാൻ നിശ്ചയിച്ചിരുന്ന കൈലാഷ് ഹോട്ടലിൽ കയറി. അവിടെ നിന്ന് എല്ലാവരും തയ്യാറായി വന്നപ്പോഴേക്കും   കോയിൻ ടിക്കറ്റുമായി ആമോദും ,അസറും എത്തി. ഇതിനിടയിൽ കുറേ  ലോക്കൽ ഗൈഡുകൾ ഞങ്ങളെ വളഞ്ഞ്  ക്യാൻവാസ് ചെയ്യാൻ തുടങ്ങിയിരുന്നു. ദൂരെ നിന്ന് ഇതു കണ്ട ആമോദ് ഓടി വന്ന്  “പിന്നെ ഞാൻ ഇവിടെ എന്തിനാ നിൽക്കുന്നത് “എന്ന് മറാത്തിയിൽ ചോദിച്ചതോടെ “മാഫ് കീജിയെ സർ “(ക്ഷമിക്കണം സർ ) എന്ന് പറഞ്ഞ് അവരെല്ലാം സ്ഥലം വിട്ടു. ആമോദ് ടൂറിസം വകുപ്പിന്റെ സീനിയർ ഗൈഡ് ആയിരുന്നതിനാൽ എല്ലാവർക്കും അദ്ദേഹത്തെ അറിയാം,ബഹുമാനവും ,ഭയവും ആണ്. അങ്ങനെ ആമോദ് എന്ന പ്രഗല്ഭനായ വഴികാട്ടിയുടെ നേതൃത്വത്തിൽ വളരെ അഭിമാനത്തോടെ ഞങ്ങൾ എല്ലോറ ഗുഹകൾ കാണാനായി മുന്നോട്ട് നടന്നു. ഒരു മരച്ചുവട്ടിൽ ചെന്നു നിന്നു കൊണ്ട്  കൈലാസ നാഥ ക്ഷേത്രത്തെ പറ്റിയും എല്ലോറ ഗുഹകളെപ്പറ്റിയും അദ്ദേഹം വളരെ വിശദമായി സംസാരിച്ചു .

എല്ലോറ ഗുഹകൾ 

ഛത്രപതി സംഭാജി നഗർ ജില്ലയിൽ ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിലാണ് എല്ലോറ  ഗുഹകൾ നിർമ്മിച്ചിട്ടുള്ളത് .ഹിന്ദു, ബുദ്ധ, ജൈന മതങ്ങൾ സമന്വയിച്ചിരിക്കുന്ന  ഈ ഗുഹാ സമുച്ചയത്തിന്  അജന്തയേക്കാൾ നാലിരട്ടി വലിപ്പമുണ്ടത്രേ  .  പാറയിൽ കൊത്തിയെടുത്ത ഹിന്ദു ക്ഷേത്രങ്ങളിൽ ഏറ്റവും വലുതും പ്രശസ്തവുമായ കൈലാസനാഥ ക്ഷേത്രം ഈ ഗുഹകളിലാണുള്ളത്  . ഇന്നത്തെ  പോലെ യാതൊരു സാങ്കേതിക വിദ്യകളും ഇല്ലാതിരുന്ന പുരാതന കാലത്ത് ഒരു വലിയ  മല അതേപടി താഴേക്ക് തുരന്ന് മൂന്നു നിലകളിലായി നിർമ്മിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ഏക ശിലാ ക്ഷേത്രമാണിത് . 200 വർഷം കൊണ്ട് 7000 ആളുകൾ ഈ മഹാത്ഭുതം കൊത്തിയെടുത്തപ്പോൾ രണ്ടു ലക്ഷം ടൺ പാറയാണ് തുരന്ന് പുറത്തേക്ക് തള്ളിയത്,അതും മുറിക്കാൻ ഏറെ പ്രയാസമുള്ള ശിലകൾ !!!. ഇത്രയും അറിയുമ്പോൾ ആ നിർമ്മിതിയ്ക്ക് പിന്നിൽ എത്രത്തോളം കഠിനമായ പരിശ്രമവും ത്യാഗവും ആണ് ഉണ്ടായിട്ടുള്ളതെന്ന് നാം ആലോചിക്കണം . കാരണം 200 വർഷങ്ങളാണ് ഇവ പൂർത്തീകരിക്കാൻ ആവശ്യമായി വന്നത് ,ചെറിയ കാലയളവല്ല , നാലോ അഞ്ചോ തലമുറയുടെ പ്രയത്നത്തിന്റെ പരിണത ഫലമാണ് നാം ഇന്ന് നടന്നു കാണുന്ന എല്ലോറ ഗുഹകൾ എന്നറിയുമ്പോൾ അതിന്റെ മഹത്വം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ . മാത്രവുമല്ല ക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചപ്പോൾ ആസൂത്രണം ചെയ്ത  അതേ പ്ലാനിൽ പണി പുരോഗമിക്കുകയും  പൂർത്തിയാക്കുകയും ചെയ്യുക  ,അതും അഞ്ച് തലമുറയിൽ പെട്ടവർ ! ആശ്ചര്യം ,മഹാശ്ചര്യം എന്നൊക്കെയല്ലാതെ എന്താണ് പറയേണ്ടത് .. ആധുനിക സാങ്കേതിക വിദ്യകളുള്ള ഇന്നാണെങ്കിൽ പോലും ഒരു നിർമ്മിതിയുടെ തുടക്കത്തിലുള്ള പദ്ധതിയിൽ  നിന്ന് കാലക്രമേണ വ്യതിചലിച്ചു പോകുന്നതായിട്ടാണ് കണ്ടു വരുന്നത് . ഏതായാലും ഒരു കാലഘട്ടത്തിലെ  ഇന്ത്യൻ വാസ്തു വിദ്യയുടെ പാരമ്യമാണ് ലോക പ്രശസ്തമായ എല്ലോറ ഗുഹകൾ എന്ന് പറയാതെ വയ്യ . കൈലാസ നാഥ ക്ഷേത്രം കൂടാതെ ബുദ്ധ ക്ഷേത്രവും, വിഹാരവും, ജൈന ക്ഷേത്രവും എല്ലാം കൂടുന്നതാണ് എല്ലോറ ഗുഹാ സമുച്ചയം.    

കൈലാസ നാഥ ക്ഷേത്രം

     എല്ലോറ ഗുഹകളിലെ ഏറ്റവും വലിയ നിർമ്മിതിയാണ് കൈലാസ ക്ഷേത്രമെന്ന് മുൻപ് പറഞ്ഞുവല്ലോ .  ചരിഞ്ഞു നിൽക്കുന്ന  ബസാൾട്ട് പാറക്കെട്ടുകളിലൂടെ വിസ്തൃതമായി കിടക്കുന്ന ഈ ക്ഷേത്രത്തിന്റെ ഭൂരിഭാഗവും എട്ടാം നൂറ്റാണ്ടിൽ ഖനനം ചെയ്ത് എടുത്തവയാണെന്നാണ് പറയപ്പെടുന്നത്. ക്ഷേത്ര വാസ്തു വിദ്യയിൽ പല്ലവ ചാലൂക്യ ശൈലികളുടെ സ്വാധീനം ഉണ്ടെന്നും പറയപ്പെടുന്നു . അതി സങ്കീർണ്ണവും  വിപുലവുമായ കൊത്തുപണികൾ കൊണ്ട് അലംകൃതമായ ക്ഷേത്രവും ,അതിനു ചുറ്റുമുള്ള മണ്ഡപങ്ങളും ഭാരതീയ ശിൽപ്പകലയുടെ മകുടോദാഹരണങ്ങളായി ശോഭിക്കുന്നു .

     കൈലാസ നാഥ ക്ഷേത്രത്തിന്റെ മുൻ വശത്തേക്ക് ചെല്ലുമ്പോൾ ഒരു വലിയ കവാടമാണ് ആദ്യം കാണുന്നത് . കവാടത്തിന്റെ ഇരു  വശങ്ങളും അഷ്ട ദിക്ക് പാലകരുടെയും, ത്രിമൂർത്തികളുടെയും ,മറ്റ് അനവധി ദേവതകളുടെയും മനോഹരങ്ങളായ ശിൽപ്പങ്ങളെ കൊണ്ട് അതി രമണീയമായിരുന്നു  . ഹൈന്ദവ വിശ്വാസ പ്രകാരം പ്രപഞ്ചത്തിലെ എട്ടു ദിക്കുകളെയും കാത്തു രക്ഷിക്കുന്നത് എട്ടു ദേവതമാരാണ് . കിഴക്ക് ഇന്ദ്രനും ,പടിഞ്ഞാറ് വരുണനും(ജല ദേവത) ,തെക്ക് യമനും,വടക്ക് കുബേരനും(സമ്പത്ത് ) കാത്തു രക്ഷിക്കുമ്പോൾ , തെക്ക് കിഴക്ക്  അഗ്നി,വടക്ക് കിഴക്ക് ഈശൻ, വടക്ക് പടിഞ്ഞാറ് വായുദേവൻ,തെക്ക് പടിഞ്ഞാറ് (കന്നിമൂല ) നിര്യതി (ആപത്ത്,ദാരിദ്ര്യം,എന്നിവയുടെ ദേവത  )  തുടങ്ങിയ  ദേവന്മാരുടെ അധീനതയിലാകുന്നു. കിരീട ധാരിയായ ഹരിയെയും (വിഷ്ണു) നാഗ ഭൂഷിതനായ ഹരനെയും (ശിവൻ ) ഒരേ ശിൽപ്പത്തിന്റെ അർദ്ധ ഭാഗങ്ങളായി കൊത്തി വച്ചിരിക്കുന്നത് വളരെ ശ്രദ്ധേയമായി തോന്നി,കാരണം മലയാളികൾ ഹരിഹര സുതനായ അയ്യപ്പസ്വാമിയെ ഏറ്റവും കൂടുതൽ ആരാധിക്കുന്നവരാണല്ലോ . കവാടം കടന്ന്  അകത്തേക്ക് ചെന്നപ്പോൾ  നേരെ മുന്നിൽ കണ്ടത് ”ഗജലക്ഷ്മിയുടെ” ഒരു വലിയ ശിൽപ്പമാണ്.  താമരപ്പൂവിൽ ഇരിക്കുന്ന ലക്ഷ്മി ദേവിയുടെ ഇരു വശങ്ങളിലും നിന്നു കൊണ്ട് ഗജരാജന്മാർ സരസ്സിലെ  ജലമെടുത്ത് ദേവിയെ അഭിഷേകം ചെയ്യുന്നതായിരുന്നു അതിലെ വിഷയം . സരസ്സിലെ വെള്ളം ചലിക്കുന്നതനുസരിച്ച് അതിൽ കിടക്കുന്ന താമരയിലകളുടെ ആകൃതിയും ,കിടപ്പും  എല്ലാം ഇളക്കത്തിന്  അനുസൃതമായി ശിലയിൽ കൊത്തി വച്ചിരിക്കുന്നത് കണ്ടപ്പോൾ അതിശയം തോന്നി.  എത്ര വൈദഗ്ദ്ധ്യം ഉള്ളവരായിരുന്നു ആ ശിൽപ്പികൾ എന്ന് ഒന്നാലോചിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാകും. ഈ ക്ഷേത്രത്തിന് ചുറ്റും കൊത്തിവച്ചിരിക്കുന്ന എല്ലാ ശിൽപ്പങ്ങളിലും ഇതു പോലെ  വളരെ ചെറിയ കാര്യങ്ങൾ വരെ സൂക്ഷ്മമായി ചെയ്തിരിക്കുന്നത് ആമോദിനെ പോലെ  അറിയാവുന്ന ഒരാൾ പറഞ്ഞു തന്നാൽ മാത്രമേ നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ, ഇല്ലെങ്കിൽ എന്തൊക്കെയോ പ്രതിമകൾ എന്ന് കരുതി ഒരു ഫോട്ടോയോ സെൽഫിയോ എടുത്ത് പോരും,അത്ര തന്നെ !!!


    കൈലാസ ക്ഷേത്ര കവാടം -ഇരു വശങ്ങളിൽ അഷ്ട ദിക്ക് പാലകർ 




            കൈലാസനാഥ ക്ഷേത്രത്തിലെ  ഗജലക്ഷ്മി ശിൽപ്പം   

പ്രധാന ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ മുൻവശത്തുള്ള ഗജ ലക്ഷ്മി ശിൽപ്പം കഴിഞ്ഞാൽ ഒരു വിശാലമായ സ്ഥലമാണ് . ക്ഷേത്രത്തിന് ഇരു വശങ്ങളിലും രണ്ട് വലിയ ആനകളുടെ ശിൽപ്പങ്ങൾ ഉള്ളതിൽ ഒന്ന് ഇവിടെ കാണാം ,അവയൊക്കെ പക്ഷേ അംഗഭംഗം വന്ന രൂപത്തിലാണ് ഉള്ളത് . ക്ഷേത്ര മുറ്റത്ത് നല്ല ഉയരത്തിലുള്ള വലിയൊരു വിജയ സ്തംഭവും ഉണ്ട് . നമ്മുടെ ഇപ്പോഴത്തെ പച്ച നിറത്തിലുള്ള ഇരുപത് രൂപ നോട്ടിന്റെ പിന്നിൽ ഈ വിജയ സ്തംഭവും ക്ഷേത്ര ഭാഗങ്ങളും ചേർന്ന  ഒരു ചിത്രമാണ് കാണിച്ചിട്ടുള്ളത് ,Ellora caves എന്ന് ചിത്രത്തിന് താഴെ എഴുതി വച്ചിരിക്കുന്നത് കാണാം .


                    എല്ലോറയിലെ സ്തംഭം 

(നമ്മുടെ ഇപ്പോഴത്തെ ഇരുപത് രൂപ നോട്ടിൽ കാണാം )

അടുത്തതായി കണ്ടത് “രാവണാനുഗ്രഹ മൂർത്തി” യുടെ ശിൽപ്പമാണ്.  കൈലാസത്തിൽ ശിവ പാർവ്വതിമാർ ചെറിയ സൌന്ദര്യ പിണക്കത്തിൽ ഇരിക്കുന്ന സമയത്ത് അതി ബലവാനും,ബുദ്ധിമാനും ,ശിവ ഭക്തനുമായ രാവണൻ,തന്റെ മാർഗ്ഗത്തിന്  തടസമായി നിന്ന പർവ്വതം എടുത്ത് പൊക്കി മാറ്റാൻ ശ്രമിച്ചു. പർവ്വതം പൊങ്ങിയപ്പോൾ ഉണ്ടായ കുലുക്കത്തിൽ പാർവതീ ദേവി ഭയക്കുകയും പിണക്കം മറന്ന് മഹാദേവന്റെ സമീപത്തേക്ക് ഓടിച്ചെന്നിരിക്കുകയും ചെയ്തു . ദേവിയുടെ പിണക്കം മാറിയതിന്റെ സന്തോഷം ഉണ്ടായിരുന്നെങ്കിലും തന്റെ ഭക്തനായ ദശാനന്റെ ദർപ്പം ശമിപ്പിക്കുന്നതിനായി ശിവൻ ഒരു വിരൽ കൊണ്ട് കൈലാസത്തെ താഴേക്ക് അമർത്തിപ്പിടിച്ചു .പർവ്വതത്തിന്റെ അടിയിൽ പെട്ടതോടെ  അഹങ്കാരം ശമിച്ച രാവണൻ  മഹാദേവനെ സ്തുതിക്കുകയും, ഭഗവാൻ പ്രസാദിച്ച് “ചന്ദ്രഹാസം” എന്ന വാൾ കൊടുത്ത് അനുഗ്രഹിക്കുകയും ചെയ്തു. കൈലാസോദ്ധാരണം”  പ്രമേയമായിട്ടുള്ള ഈ ശിൽപ്പത്തിന്റെ മിക്ക ഭാഗങ്ങളും അടർന്നു പോയിട്ടുണ്ട്. എന്നാലും നന്നായി വിശദീകരണം ലഭിച്ചത് കൊണ്ട്  കാര്യം മനസ്സിലായി.

                            

                 രാവണ അനുഗ്രഹ മൂർത്തി

രാവണ അനുഗ്രഹ മൂർത്തിയുടെ ശിൽപ്പം എന്താണെന്നറിയാതെ ഒരു ചെറുപ്പക്കാരൻ അതിന്റെ വശത്ത് കയറിയിരുന്ന് ഫോട്ടോ എടുക്കുന്നത് ദൃഷ്ടിയിൽ പെട്ടതും മറാത്തി ഭാഷയിലാണെന്ന് തോന്നുന്നു അയാളെ ഉച്ചത്തിൽ ശകാരിച്ച് കൊണ്ട് ആമോദ്  വിരട്ടിയോടിച്ചു. ഇങ്ങനെ ചില സന്ദർഭങ്ങളിൽ ഓരോ കാര്യങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് വേണ്ട രീതിയിൽ പറയാനും ,പ്രവർത്തിക്കാനും അദ്ദേഹത്തിനുണ്ടായിരുന്ന ധൈര്യവും മനസ്സാന്നിദ്ധ്യവും  വളരെ ശ്ലാഘനീയമായി തോന്നി.

ഒരു വലിയ മല, അതിന്റെ ഏറ്റവും മുകളിൽ നിന്ന് തുരന്നാണ്  ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതെന്ന് മുൻപ് തന്നെ പറഞ്ഞിരുന്നല്ലോ  ,അത് പ്രകടമാകുന്ന ഒരു സ്ഥലത്തേക്കായിരുന്നു അടുത്തതായി നടന്നെത്തിയത് . ഉയർന്നു നിൽക്കുന്ന കരുത്തനായ ആ മലയുടെ ഗാംഭീര്യവും അതിനെ ഈ വിധം രൂപപ്പെടുത്തി എടുത്ത മനുഷ്യരുടെ ഇച്ഛാ ശക്തിയുമാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്. വളരെ ആശ്ചര്യം തോന്നുന്ന ആ സ്ഥലത്ത്  നിന്ന് എല്ലാവരും ഫോട്ടോ എടുത്തു . അതിന് ശേഷം കുറച്ച് ഇരുൾ മൂടിയ ഒരു ഉയർന്ന തട്ടിലേക്ക് പടികൾ കയറി ഗുഹാ  ശിൽപ്പങ്ങളുടെ  കഥകൾ കേട്ട് സൌന്ദര്യം ആസ്വദിക്കുന്നതിനായി ആമോദിന് പിന്നാലെ ഞങ്ങളുടെ  ഗ്രൂപ്പ് നടന്നു .


                         എല്ലോറ ഗുഹകൾ 

    മല തുരന്ന് ക്ഷേത്രം നിർമ്മിച്ചിരിക്കുന്ന കാഴ്ച -നിരവധി ഗജങ്ങളെയും കാണാം 



മലകളുടെ വലിപ്പവും  കല്ലുകളുടെ കട്ടിയും  കാണുക 

ഉച്ച സമയമായിരുന്നെങ്കിലും നല്ല ഇരുട്ടും തണുപ്പുമായിരുന്നു ഗുഹകളിൽ . പുരാണ കഥാ സന്ദർഭങ്ങളിലെ ദേവീ ദേവന്മാരുടെ ശിൽപ്പങ്ങൾ ഗുഹയുടെ ചുവരുകൾക്ക് ഭൂഷണമായി ശോഭിച്ചിരുന്നു. ഹിരണ്യ കശിപുവിനെ വധിക്കുന്ന നരസിംഹ മൂർത്തി , ശംഖ ,ചക്ര, ഗദാ, പത്മ ധാരിയായ മഹാവിഷ്ണു ,ഉമാ മഹേശ്വരന്മാർ ,അന്ധകാസുര വധം പാർവ്വതീ പരിണയം ,കല്യാണ സുന്ദരമൂർത്തി, ഗജാസുരനെ  വധിക്കുന്ന കോപാകുലനായ മഹാദേവൻ ഇതെല്ലാം വളരെ സൂക്ഷ്മമായി നോക്കിയാലേ  മനസ്സിലാകുകയുള്ളൂ . ഗജത്തിന്റെ ആസുരിക ഭാവം ഇല്ലാതെയാക്കുമ്പോൾ ക്രുദ്ധനായി നിന്നിരുന്ന പരമേശ്വരൻ  ,കൃത്യാനന്തരം  തൊഴുതു നിൽക്കുന്ന അഷ്ട ദിക്ക് പാലകർക്ക് മദ്ധ്യത്തിൽ ശാന്തനായിരിക്കുന്ന ശിൽപ്പവും തൊട്ടടുത്ത് തന്നെ മനോഹരമായി കൊത്തി വച്ചിരിക്കുന്നത് കാണാമായിരുന്നു  . ഒരിക്കൽ മഹാദേവന്റെ മൂന്നാം തൃക്കണ്ണിൽ ദഹിച്ചു ഭസ്മമായ പ്രണയത്തിന്റെ ദേവനായ കാമദേവനെയും പത്നി  രതീദേവിയേയും , അതി സങ്കീർണ്ണമായ രാമായണ കഥാ സന്ദർഭങ്ങളുമെല്ലാം ക്ഷേത്രച്ചുവരുകളിൽ ഭംഗിയായി ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു ,പക്ഷേ അവയുടെയൊക്കെ ആന്തരാർത്ഥം എന്താണ് എന്നറിയണമെങ്കിൽ അറിവുള്ളവർ പറഞ്ഞു തരണം ,അതാണ് ഞങ്ങൾക്ക് കിട്ടിയ മഹാ ഭാഗ്യം !!!

                      ഉമാ മഹേശ്വരന്മാർ 


                അന്ധകാസുര വധം,ശൂലമുനയിൽ അസുരൻ 

                  കല്യാണ സുന്ദര മൂർത്തി




         ചിത്രത്തിന്റെ ഇടതു വശത്ത് ഗജാസുരൻ -ഗജാസുര വധം

                       കൈലാസ നാഥന്റെ ശാന്ത രൂപം       

അസുരന്മാരെ വധിക്കുന്നതിന്റെയും ,ശിക്ഷിക്കുന്നതിന്റെയും ഒക്കെ ശിൽപ്പങ്ങൾ കാണുമ്പോൾ ദൈവങ്ങൾ എന്തിനാണ് ഇങ്ങനെ എല്ലാവരെയും കൊല്ലുന്നത് എന്ന് പലരും ചോദിച്ചു കേൾക്കാറുണ്ട് .ഇതിനെല്ലാം ഒരു ആന്തരിക അർത്ഥമുണ്ടെന്ന് നാം മനസ്സിലാക്കണം. ഒരു വ്യക്തിയുടെ ഉള്ളിൽ കുടി കൊണ്ടിട്ടുള്ള ആസുരിക സ്വഭാവങ്ങളായ ദർപ്പം, ക്രൂരത, തിന്മ തുടങ്ങിയ ദു:സ്വഭാവങ്ങളെ  ഇല്ലാതെയാക്കി സ്വഭാവ ഗുണമുള്ള പുതിയൊരു വ്യക്തിയാക്കി തീർക്കുന്നു എന്ന് മാത്രമേ ഈ വധം കൊണ്ട്  അർത്ഥമാക്കുന്നുള്ളൂ. അതുപോലെ രാവണന് പത്ത് തല എന്ന് പറയുമ്പോൾ അത്രയ്ക്ക് ബുദ്ധി സാമർത്ഥ്യം ഉള്ള ആളായിരുന്നു അദ്ദേഹം എന്നാണ്  നാം മനസ്സിലാക്കേണ്ടത്  .

താഴത്തെ നിലയിലുള്ള കാഴ്ചകൾ ഒരുവിധം കണ്ടു കഴിഞ്ഞ് ഞങ്ങൾ പടിക്കെട്ടുകൾ കയറി ക്ഷേത്ര ശ്രീകോവിലിനടുത്തേക്ക് നടന്നു. അവിടെ ഒരു ശിവലിംഗം പ്രതിഷ്ഠിച്ചിട്ടുണ്ടായിരുന്നെങ്കിലും അത് മൂല വിഗ്രഹം അല്ലെന്നാണ് അറിഞ്ഞത് . അതു കൊണ്ട് തന്നെ അവിടെ പൂജയും കാര്യങ്ങളും ഒന്നുമില്ലെന്ന് പറയുന്നു . അതിനടുത്ത് മറ്റൊരു ചെറിയ ശ്രീകോവിലും കണ്ടു,അവിടെ പ്രതിഷ്ഠ തന്നെ ഇല്ലയിരുന്നു ,പ്രതിഷ്ഠ വച്ചിരുന്ന പ്ലാറ്റ്ഫോം മാത്രമുണ്ട് . മുഗൾ ഭരണ കാലത്ത് പല ക്ഷേത്രങ്ങളും കൊള്ളയടിക്കപ്പെടുകയും ,നശിപ്പിക്കുകയും ചെയ്ത കൂട്ടത്തിൽ ചിലതൊക്കെ പോയിട്ടുണ്ടാകാം മറ്റ് ചിലത് പ്രകൃതിക്ഷോഭങ്ങളിൽ പെട്ട് നശിച്ചു പോയതുമാകാം . പ്രധാന ശ്രീകോവിലിന് മുന്നിൽ കുറച്ചകലെയായി ഭഗവാന്റെ വാഹനമായ നന്ദികേശ്വര പ്രതിമയും കാണാം .


          പൂജയില്ലാത്ത ശ്രീകോവിൽ -ശിവലിംഗം ഒറിജിനൽ അല്ല 



                                     ശിവലിംഗം നഷ്ടപ്പെട്ട മറ്റൊരു ശ്രീകോവിൽ 

ഒരു കാലഘട്ടത്തിന്റെ കഥകൾ മൂകമായി പറയുന്ന എല്ലോറയിലെ ശിൽപ്പങ്ങളെ കണ്ടു മതിയാകാതെ ഞങ്ങൾ പുറത്തേക്കിറങ്ങി. തച്ചുടയ്ക്കപ്പെട്ടപ്പോഴും ,പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടായപ്പോഴും കരുത്തോടെ നിന്നിരുന്ന ആ ശിലാ പ്രതിമകൾ മൂകം വിതുമ്പുകയാണോ . .. അതോ അവർ മൌനമായി കഥകൾ ചൊല്ലി നിൽക്കുകയാണോ .. അറിയില്ല, അറിയണമെങ്കിൽ അവരുടെ അടുത്തിരുന്ന് കാതോർക്കണം ,അതിന് സമയം വേണം ,താത്പര്യം വേണം,പൈതൃക കലാ സാംസ്കാരിക കാര്യങ്ങളെപ്പറ്റി അൽപ്പ സ്വൽപ്പം അറിവും വേണം   

ഒരാഴ്ചയെങ്കിലും സസൂക്ഷ്മം നിരീക്ഷിച്ചെങ്കിലല്ലാതെ അജന്ത, എല്ലോറ ശിൽപ്പങ്ങളെ ശരിക്ക് മനസ്സിലാക്കാനും ആന്തരിക അർത്ഥങ്ങൾ ഗ്രഹിക്കാനും സാധിക്കുകയില്ല എന്നാണ് തോന്നിയത് ,അതും ഒരു നല്ല ഗൈഡ് ഇല്ലെങ്കിൽ ദുഷ്കരം തന്നെയാണെന്നുള്ളതിൽ സംശയമില്ല.

എല്ലോറ ഗുഹകളിലെ ഏറ്റവും പ്രധാനപ്പെട്ടതും ,പ്രശസ്തവും ,വലിപ്പമേറിയതുമായ കൈലാസ ക്ഷേത്രത്തിൽ നിന്നിറങ്ങി ബുദ്ധ ക്ഷേത്രവും ,ബുദ്ധ വിഹാരവും കാണാനായി മുന്നോട്ട് നടന്നു. അതി കഠിനമായ വെയിലായിരുന്നതിനാൽ വിഹാരത്തിന് മുന്നിലുള്ള മരത്തണലിൽ എല്ലാവരും അൽപ്പ നേരം വിശ്രമിച്ചു.

എല്ലോറ ഗുഹകളിലെ പതിനാറാമത്തെ(16) ഗുഹയാണ് കൈലാസ നാഥ ക്ഷേത്രം . 1 മുതൽ 12 വരെയുള്ള ഗുഹകൾ  ബുദ്ധമതവുമായി ബന്ധപ്പെട്ടവയാണ് . വളരെയധികം കട്ടിയുള്ള പാറയിൽ വെട്ടിയെടുത്ത മൂന്നു നിലകളുള്ള ആശ്രമങ്ങളാണ് പതിനൊന്നും പന്ത്രണ്ടും ഗുഹകൾ . ബുദ്ധമതത്തിലെ പ്രധാന ശാഖയായ വജ്രയാന പ്രതിമകൾ ഇതിനുള്ളിൽ  കാണാം. ആചാരങ്ങളിലും രീതികളിലും മഹായാനത്തിൽ നിന്ന് അൽപ്പം വ്യത്യാസങ്ങൾ  വജ്രയാന ശാഖയ്ക്കുണ്ട് . ഈ 11 &12 ഗുഹകൾ കണ്ടപ്പോൾ സന്യാസിമാർക്കുള്ള ഒരു ആശ്രമം പോലെയാണ് ഞങ്ങൾക്ക് തോന്നിയത്.

           ബുദ്ധ വിഹാരം എല്ലോറ   

പത്താമത്തെ ഗുഹ “വിശ്വകർമ്മ” ഗുഹയെന്ന് അറിയപ്പെടുന്നു. സാധാരണയായി തടിയിൽ പണികൾ ചെയ്യുന്നത് വിശ്വകർമ്മ (ആശാരി സമുദായം ). സമുദായത്തിൽ പെട്ടവരാണല്ലോ . ഇവിടെ കടു കട്ടിയായ ശിലകളെ മരത്തടികളുടെ രൂപത്തിൽ അതി ഗംഭീരമായി പണി തീർത്തു വച്ചിരിക്കുന്നതിനാലാണ് ഇങ്ങനെ പേരിട്ടിരിക്കുന്നത്.  ഈ ഗുഹയിൽ  ഒരു വിഹാരവും ആരാധനാ ഹാളും കൂടാതെ കുറേ അനുബന്ധങ്ങളും ഉള്ളതായി പറയപ്പെടുന്നു അജന്തയിലെ 19, 26 ഗുഹകൾക്ക് സമാനമായി നിർമ്മിച്ച ഒരു  ചൈത്യ ഗൃഹമാണിത് . ഇതിലെ ചൈത്യ ഹാളിന്റെ  അറ്റത്തുള്ള സ്തൂപ മുഖത്ത് അദ്ധ്യാപന ഭാവത്തിലുള്ള ബുദ്ധന്റെ പ്രതിമ കാണാം , അതിന് പിന്നിൽ ഒരു ബോധി വൃക്ഷവും കൊത്തി വച്ചിട്ടുണ്ട് . കമാനാകൃതിയിലുള്ള  മേൽക്കൂരയിൽ നാഗ രാജ്ഞിമാരെയും ,നർത്തകരെയും, സംഗീതജ്ഞരെയുമാണ്  കൊത്തി വച്ചിരിക്കുന്നത് . പ്രാർത്ഥനാ  ഹാളിന്റെ മുൻ വശം അപ്സരസ്സുകളുടെയും ധ്യാനിക്കുന്ന സന്യാസിമാരുടേയും ശിൽപ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.


      ബുദ്ധ ക്ഷേത്രവും,വിഹാരങ്ങളും എല്ലാം ഏകദേശം അജന്തയിലെ ഗുഹകൾക്ക് സമാനമായിരുന്നു. എല്ലോറയിലെ ബുദ്ധ ഗുഹകൾ കണ്ടു കഴിഞ്ഞ് അവിടെ നിന്ന് നടന്ന് കൈലാസ ക്ഷേത്രത്തിന് മുന്നിലൂടെ ബഗ്ഗികൾ പാർക്ക് ചെയ്തിരുന്ന ഒരു സ്ഥലത്ത് എത്തി. ജൈന ക്ഷേത്രത്തിലേക്ക് ഒരു നാലു കിലോ മീറ്റർ ദൂരമുള്ളതിനാൽ ബഗ്ഗിയ്ക്കുള്ള ടിക്കറ്റ് എടുത്ത് അങ്ങോട്ടേക്ക് പോയി. അസഹനീയമായ ചൂടായിരുന്നു ആ പ്രദേശത്ത്,എല്ലാം ദഹിപ്പിക്കാനെന്ന  മട്ടിൽ സൂര്യ രശ്മികൾ അഗ്നി നാളങ്ങൾ പോലെ ഭൂമിയെ സ്പർശിച്ച് കത്തി നിൽക്കുകയായിരുന്നു . വഴിയരികുകൾ വൃക്ഷ സമ്പന്നമായിരുന്നത് കൊണ്ട് കുറച്ച് ആശ്വാസം തോന്നിയിരുന്നു. എല്ലോറയിലെ ഏറ്റവും വടക്കേ അറ്റത്തുള്ള മുപ്പത് (30)മുതൽ മുപ്പത്തി നാലു (34)വരെയുള്ള ഗുഹകളാണ് ജൈന ക്ഷേത്രങ്ങൾ.

പുരാതന ഭാരതത്തിൽ അഹിംസയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് രൂപപ്പെട്ട ഒരു മത വിഭാഗമാണ് ജൈനമതം . വർദ്ധമാന മഹാവീരൻ എന്ന ഇരുപത്തി നാലാമത്തെ (24) തീർത്ഥങ്കരനാണ് ഇതിൽ ഏറ്റവും പ്രമുഖനായി അറിയപ്പെടുന്നത് . സർവ്വ ജീവ ജാലങ്ങളോടുമുള്ള കാരുണ്യം ,അഹിംസ ,ആത്മശുദ്ധി, ,ശരിയായ കാഴ്ചപ്പാട് ,ശരിയായ അറിവ് , ശരിയായ പെരുമാറ്റം ,എന്നിങ്ങനെയുള്ള ദർശനങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഇവർ കർമ്മഫലത്തിലും ,പുനർജന്മത്തിലും വിശ്വസിക്കുന്നു. ജൈന മതത്തിൽ ശ്വേതാംബരരെന്നും ,ദിഗംബരരെന്നും രണ്ടു വിഭാഗങ്ങളാണുള്ളത് . ശ്വേത വസ്ത്രം അതായത് വെളുത്ത വസ്ത്രം ധരിക്കുന്നവരാണ്  ശ്വേതാംബരർ , ദിഗംബരരാകട്ടെ നഗ്നരായി കഴിയുന്നവരാണ് . ജനന മരണ ചക്രത്തിൽ നിന്നും,കർമ്മ ബന്ധനങ്ങളിൽ നിന്നും ആത്മാവിന് ശാശ്വതമായ മോചനം നേടിയെടുക്കുക അല്ലെങ്കിൽ മോക്ഷ ലബ്ധി ആണ് ഇവരുടെ അന്തിമ ലക്ഷ്യമായി പറയപ്പെടുന്നത് . ബുദ്ധ മതത്തെക്കാൾ കുറച്ചു കൂടി കഠിനമായ ചര്യകളാണ് ജൈന മതസ്ഥരുടേത് എന്നാണ് മനസ്സിലായത് . മുൻപ് ജൈന മത വിശ്വാസികളായ ചിലരെ പരിചയപ്പെട്ട സമയത്ത് അറിയാൻ കഴിഞ്ഞത് കിഴങ്ങ് വർഗ്ഗങ്ങൾ, ഉള്ളി എന്ന് തുടങ്ങി മണ്ണിന്  അടിയിലുണ്ടാകുന്ന സാധനങ്ങൾ ഒന്നും തന്നെ അവർ  കഴിക്കാറില്ല എന്നാണ്. വളരെ സാത്വികമായ സസ്യാഹാരം മാത്രമാണ് അവർ ഭക്ഷിക്കുക പതിവ്.

ക്ഷേത്രത്തിലെ  “ഇന്ദ്രസഭ” എന്നറിയപ്പെടുന്ന ഗുഹയിലേക്കാണ് ഞങ്ങൾ ആദ്യം കയറിച്ചെന്നത് . അവിടെ ചുവരുകളുടെ മദ്ധ്യത്തിലായി    കൊത്തിയെടുത്ത സിംഹാസനത്തിൽ ,അമാനുഷരാലും, ദേവതകളാലും  ചുറ്റപ്പെട്ട് ,ധ്യാനാവസ്ഥയിൽ  ഉപവിഷ്ടനായ മഹാവീരനെയാണ് കണ്ടത്. ഇടത് വശത്തെ ചുവരിൽ വൈരാഗിയും (രാഗം,ആഗ്രഹം ഇല്ലാത്തവൻ )  തീർത്ഥങ്കരനുമായ “പാർശ്വനാഥൻ” “കായോത്സർഗ” (അതായത് ശരീര ബോധം ഉപേക്ഷിച്ച) രീതിയിൽ നിൽക്കുന്ന ശിൽപ്പമായിരുന്നു,അതും ഒരു രീതിയിലുള്ള ധ്യാനാവസ്ഥ തന്നെയാണ് .അദ്ദേഹത്തിന് കുട പിടിച്ചിരിക്കുന്നത് പോലെ നാഗങ്ങൾ ഫണം വിരിച്ചു നിൽപ്പുണ്ടായിരുന്നു. പാർശ്വങ്ങളിൽ സ്വർഗ്ഗീയരായ ദിവ്യന്മാരേയും  ആലേഖനം ചെയ്തു വച്ചിട്ടുണ്ടായിരുന്നു . കട്ടിയേറിയ ബസാൾട്ട് ശിലകൾ മുകളിൽ നിന്ന് താഴേക്ക് ഖനനം ചെയ്താണ് എല്ലോറ ഗുഹകളിലെ മഹാത്ഭുതങ്ങളായ ക്ഷേത്രങ്ങളും, ശിൽപ വേലകൾ കൊണ്ട് മനോജ്ഞങ്ങളായ  തൂണുകളും നിർമ്മിച്ചിരിക്കുന്നതെന്ന് ഓർക്കുമ്പോൾ ആ ശിൽപ്പികളെയും അതുമായി ബന്ധപ്പെട്ടുള്ള സകലരെയും നമിച്ചു പോകും . 


                               ജൈന ക്ഷേത്രം 


      വർദ്ധമാന  മഹാവീരൻ -ഇരുപത്തിനാലാമത്തെയും      അവസാനത്തെയും തീർത്ഥങ്കരൻ 

                    പാർശ്വനാഥൻ 

കർണ്ണാടകയിലെ ഹസൻ  ജില്ലയിലുള്ള ശ്രാവണബലഗോളയിലെ കുന്നിന് മുകളിൽ നിൽക്കുന്ന വളരെ ഉയരത്തിലുള്ള പ്രസിദ്ധമായ  “ഗോമദേശ്വര” പ്രതിമ എല്ലാവരും കണ്ടിട്ടുണ്ടാകുമല്ലോ . ജൈന മതത്തിലെ 24 തീർത്ഥങ്കരന്മാരിൽ ആദ്യ തീർത്ഥങ്കരനായ ഋഷഭ ദേവൻറെ മകനായ “ബാഹുബലി” ഈ പാർശ്വനാഥൻ തന്നെ ആയിരിക്കാമെന്ന് ഊഹിക്കുന്നു.  ഒൻപതും ,പത്തും നൂറ്റാണ്ടുകൾക്കിടയിൽ കണ്ടെടുത്ത ഏറ്റവും ചെറിയ ഗുഹാ ക്ഷേത്രങ്ങളായ ജൈന ഗുഹകളിൽ കാഴ്ചകൾ കണ്ടു നടക്കുമ്പോഴേക്കും വെയിലു കൊണ്ടും വിശപ്പ് കൊണ്ടും എല്ലാവരും നന്നായി തളർന്നു കഴിഞ്ഞിരുന്നു.   

ജൈന ക്ഷേത്രത്തിൽ നിന്ന് വീണ്ടും ബഗ്ഗിയിൽ കയറി കൈലാഷ് ഹോട്ടലിന് സമീപത്തെത്തി. ഒന്ന് ഫ്രഷ് ആയതിന് ശേഷം എല്ലാവരും ഊണ് കഴിച്ചു .റോട്ടി, റൈസ്, മസാലക്കറികൾ ,അച്ചാറുകൾ എന്നിവ കൂടാതെ കുറെയധികം വിഭവങ്ങൾ അവിടെ നിരത്തിയിട്ടുണ്ടായിരുന്നു.   വിശപ്പിന്റെ ആധിക്യം കൊണ്ട് കണ്ടതും കിട്ടിയതുമെല്ലാം കഴിച്ച് ഒടുവിൽ ഒരു ഐസ് ക്രീം കൂടി ആയപ്പോൾ കാര്യം ഗംഭീരമായി .

         നൂറു മുതൽ നൂറ്റിപ്പത്ത് കിലോമീറ്റര്‍ അകലത്തിൽ സ്ഥിതി ചെയ്യുന്ന അജന്തയും ,എല്ലോറയും സമ്മാനിച്ച ഊർജ്ജവും,ശാന്തിയുമായി ഞങ്ങൾ ബസിൽ കയറി അടുത്ത ലക്ഷ്യ സ്ഥാനമായ ഘൃഷ്ണേശ്വർ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു .

ഘൃഷ്ണേശ്വർ    

 കൈലാസ നാഥനായ ഭഗവാൻ ശിവന്റെ പന്ത്രണ്ട് ജ്യോതിർ ലിംഗ ക്ഷേത്രങ്ങളിൽ വളരെ പ്രാധാന്യമേറിയ ഒരു ക്ഷേത്രമാണ് “ഘൃഷ്ണേശ്വർ “.  മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലുള്ള ഈ ശിവ ക്ഷേത്രം എല്ലോറ ഗുഹകളിൽ നിന്ന് രണ്ടു കിലോ മീറ്റർ അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്.  മഹാരാജ ഛത്രപതി ശിവജിയുടെ പിതാമഹനും, റാണി അഹല്യാബായിയും പല കാലങ്ങളിലായി പുന:രുദ്ധരിച്ച ഈ ക്ഷേത്രത്തിന്റെ ഐതീഹ്യമായ ഒരു കഥ ഗൂഗിളിൽ നിന്നാണ് ലഭിച്ചത്. “ഘുശ്മ” എന്ന് പേരുള്ള ശിവ ഭക്തയായ ഒരു സ്ത്രീ ദിവസവും ശിവലിംഗങ്ങളുണ്ടാക്കി ജലത്തിൽ നിമഞ്ജനം ചെയ്യുക പതിവുണ്ടായിരുന്നുവത്രെ . വളരെ മോശം സ്വഭാവക്കാരിയും  ദുഷ്ടയുമായിരുന്ന അവരുടെ സപത്നി ഒരു ദിവസം ഘുശ്മയുടെ മകനെ കൊന്നു കളഞ്ഞു. ഇത്രയും വലിയ ദു:ഖമുണ്ടായിട്ടും  ഘുശ്മ തന്റെ ദൈനംദിന ചര്യകൾക്ക്  മുടക്കം വരുത്തിയില്ലത്രേ  . ദു:ഖിതയായ ആ മാതാവ് പതിവു പോലെ ശിവലിംഗം നിമഞ്ജനം ചെയ്യുന്നതിനിടയിൽ അവരുടെ മരിച്ചു പോയ മകൻ പുനർജ്ജനിക്കുകയും ഘുശ്മയുടെ നിഷ്കളങ്ക  ഭക്തിയിൽ  സന്തുഷ്ടനായ മഹാദേവൻ അവർക്ക് ദർശനം കൊടുത്തതിന് ശേഷം ജ്യോതിർ ലിംഗ രൂപത്തിൽ അവിടെ കുടി  കൊള്ളുകയും ചെയ്തുവെന്നാണ് ഐതീഹ്യം .

ഉച്ചയൂണ് കഴിഞ്ഞ് ക്ഷേത്ര സമീപത്തെത്തിയ ഞങ്ങൾ പൊടിയും മാലിന്യങ്ങളും നിറഞ്ഞ വഴിയിലൂടെ ആമോദ് നയിച്ച വഴിയിലൂടെ നടന്നു. പൂജാ സാധനങ്ങളും പൂക്കളും കച്ചവടം ചെയ്തിരുന്ന കടകൾക്കിടയിലൂടെ ക്ഷേത്ര കവാടത്തിലെത്തി. ഫോണും ബാഗുകളും ഉള്ളിൽ കൊണ്ടു പോകാൻ സാധിക്കാത്തത് കൊണ്ട് അതെല്ലാം ,അകത്തു കയറാത്തവരെ ഏൽപ്പിച്ച് ,ചെരിപ്പുകളും അവിടെ ഒരിടത്ത് വച്ചിട്ട് കുറച്ചു പേർ ക്ഷേത്ര ദർശനത്തിനായി പോയി. വലിയ തിരക്ക് വരുന്ന സ്ഥലമായത് കൊണ്ട് വളരെ നീളത്തിൽ തിരിഞ്ഞു തിരിഞ്ഞ് പോകുന്ന സ്റ്റീലു കൊണ്ടുള്ള വരി നിയന്ത്രണ വേലികൾക്കുളളിലൂടെ നടന്നു പോകുമ്പോൾ അവിടെയും തീരെ വൃത്തി ഹീനമായ ചുറ്റുപാടുകളാണ് കാണാൻ കഴിഞ്ഞത്. ഇത്രയും പ്രാധാന്യമുള്ള ഒരു ക്ഷേത്ര മുറ്റം ഇങ്ങനെ വൃത്തിയില്ലാതെ ഇട്ടിരിക്കുന്നത് കണ്ടപ്പോൾ വളരെ വിഷമം തോന്നി ,മലിന ജലവും അതിൽ പറന്നു നടക്കുന്ന ഈച്ചകളും എല്ലാം കൂടി ആ മഹേശ്വര സന്നിധിയുടെ പവിത്രത നഷ്ടപ്പെടുത്തുന്നത് പോലെയാണ് തോന്നിയത്. ഇത്രയും തിരക്കും വരുമാനവുമുള്ള ക്ഷേത്രങ്ങളിൽ അതിനുള്ള സംവിധാനങ്ങൾ നടപ്പാക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകാൻ സാദ്ധ്യതയില്ലല്ലോ,പിന്നെയെന്തു കൊണ്ടാണ്  അതിന് അമാന്തം കാണിക്കുന്നതെന്ന് മനസ്സിലായില്ല. ഏതായാലും കുറേ സമയം നടന്ന് ഞങ്ങൾ ക്ഷേത്ര കവാടത്തിലെത്തി . ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിലേത് പോലെ പുരുഷന്മാർ ഷർട്ട് മാറ്റിയിട്ട് വേണമായിരുന്നു അകത്തേക്ക് കയറുവാൻ . ഉള്ളിൽ നല്ല തിരക്കായിരുന്നു. ജലത്തിൽ നിമഞ്ജനം ചെയ്തു വച്ചിരുന്ന ഒരു ശിവലിംഗത്തിൽ പുഷ്പങ്ങളും കൂവളത്തില പോലെ എന്തോ ഒരിലയും അർപ്പിച്ച് പ്രാർത്ഥിച്ച് ഇടിച്ചു തള്ളി പുറത്തിറങ്ങി. പുറത്തെത്തിയപ്പോൾ എങ്ങോട്ട് പോകണം എതിലെ പോകണമെന്നൊന്നും അറിയാതെ കൂട്ടുകാരെ പ്രതീക്ഷിച്ചു നിന്നപ്പോൾ അവിടത്തെ സെക്യൂരിറ്റി ജീവനക്കാർ അവിടെ നിന്നും മാറി നിൽക്കാൻ പറഞ്ഞു . പലരും പോകുന്ന വഴിയേ നടക്കുന്നതിനിടയിൽ കുറിയും പൊട്ടുമൊക്കെ തൊട്ട് അവിടെ ഇരുന്നിരുന്ന ഒരു സന്യാസ വേഷക്കാരനോട് ക്ഷേത്ര ഐതീഹ്യം ചോദിച്ചിച്ചെങ്കിലും അയാൾക്ക് അതേപ്പറ്റി ഒന്നും അറിയില്ലായിരുന്നു.


              ഘൃഷ്ണേശ്വർ ക്ഷേത്രം 

ക്ഷേത്ര ദർശനം കഴിഞ്ഞ് “ദൌലത്താബാദ്” എന്ന വലിയ കോട്ട കാണുന്നതിനായിട്ടാണ് പോയത്.

ദൌലത്താബാദ് കോട്ട

 ഘൃഷ്ണേശ്വർ .ക്ഷേത്രത്തിൽ നിന്ന് ഏതാണ്ട് 14 കിലോമീറ്റർ ദൂരത്തിലാണ് “ദൌലത്താബാദ്” കോട്ട സ്ഥിതി ചെയ്യുന്നത് . ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനായി പണ്ടു കാലത്ത് കട്ടി കൂടിയ കല്ലുകൾ കൊണ്ട് ശക്തമായ മതിലുകളുള്ള കോട്ടകൾ നിർമ്മിക്കുക സാധാരണമായിരുന്നല്ലോ . പ്രജകളെയും സൈന്യത്തെയും രക്ഷിക്കുവാൻ വേണ്ടി കോട്ടയ്ക്ക് ചുറ്റും മുതലകൾ  നിറഞ്ഞ കിടങ്ങുകളുണ്ടാക്കുക , ശത്രുവിനെ ആശയക്കുഴപ്പത്തിലാക്കുന്ന രീതിയിൽ വളഞ്ഞു തിരിഞ്ഞ് പോകുന്ന ചെറിയ വാതിലുകൾ നിർമ്മിക്കുക ഇതെല്ലാം സാധാരണയായി കോട്ടകളുടെ നിർമ്മാണത്തിൽ കണ്ടു വരുന്ന പ്രത്യേകതകളാണ് . അതു പോലെ ദൂരെ നിന്ന് തന്നെ  ശത്രുവിനെ കാണുവാനുള്ള  നിരീക്ഷണ ഗോപുരങ്ങളും ,ആക്രമണത്തിനുള്ള  പീരങ്കികൾ ,അമ്പുകൾ തുടങ്ങിയ ആയുധ സന്നാഹങ്ങളും സജ്ജമാക്കിയിട്ടുള്ള സമ്പൂർണ്ണമായ ഒരു പ്രതിരോധ സങ്കേതമാണ് കോട്ടകളെന്ന് പറയാം . ഔറംഗാബാദിനടുത്തുള്ള ഒരു ഗ്രാമത്തിലെ 200 മീറ്റർ ഉയരമുള്ള വലിയ കോണാകൃതിയിലുള്ള കുന്നിൻ മുകളിലാണ് ദൌലത്താബാദ് കോട്ട സ്ഥിതി ചെയ്യുന്നത്.  യാദവ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന ഇവിടെ പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജവംശത്തിലെ  ഭില്ലമ അഞ്ചാമനാണ് കോട്ട നിർമ്മിച്ചത് . ഡൽഹി സുൽത്താനേറ്റിന്റെയും ,അഹമ്മദ് നഗർ സുൽത്താനേറ്റിന്റെയും തലസ്ഥാനമായിരുന്ന ഈ പ്രദേശത്തിന്റെ സുരക്ഷയ്ക്കായി അപ്പോഴപ്പോഴുള്ള  ഭരണകർത്താക്കൾ കോട്ടയിലെ സജജീകരണങ്ങൾ വിപുലമാക്കിയിരുന്നു . അലാവുദീൻ ഖിൽജി ഈ സ്ഥലം പിടിച്ചടക്കിയതിന് ശേഷം ”ഭ്രാന്തൻ രാജാവ് “എന്ന് പേരു സമ്പാദിച്ച മുഹമ്മദ് ബിൻ തുഗ്ലക്ക് ,ഡൽഹി സുൽത്താനേറ്റിന്റെ  തലസ്ഥാനം ഇങ്ങോട്ട് മാറ്റിയെങ്കിലും വീണ്ടും അത് ഡൽഹിയിലേക്ക് മാറ്റി സ്ഥാപിച്ചു . ശത്രുക്കളുടെ പെട്ടെന്നുള്ള ആക്രമണം കണക്കിലെടുത്തും അവർ ഉള്ളിൽ കയറിയാൽ പെട്ടെന്ന് രക്ഷപ്പെടാതിരിക്കാനും വേണ്ടിയായിരിക്കാം കോട്ടയുടെ ഉള്ളിലേക്ക് ഒരേയൊരു പ്രവേശന കവാടം മാത്രമേ നിർമ്മിച്ചിട്ടുള്ളൂ ,മറ്റ് സമാന്തര കവാടങ്ങളൊന്നുമില്ല , ശത്രുവിനെ ആശയക്കുഴപ്പത്തിലാക്കി കോട്ടയ്ക്കുള്ളിൽ കുടുക്കിയിട്ട് ചുറ്റുമുള്ള കിടങ്ങിൽ വളർത്തുന്ന മുതലകൾക്ക് അവരെ എറിഞ്ഞു കൊടുക്കുക എന്നതായിരുന്നു അന്നത്തെ രീതിയെന്ന് പറഞ്ഞു കേൾക്കുന്നു. ഏകദേശം 750 പടികളുള്ള  കോട്ടയ്ക്കുള്ളില്‍  ‘അന്ധേരി ‘ എന്ന ഇരുണ്ട ഒരു തുരങ്കമുണ്ട് . ഉള്ളിൽ കയറുന്ന ശത്രുക്കളെ കുടുക്കാൻ വേണ്ടി രൂപ കൽപന ചെയ്തിട്ടുള്ളതാണ് ഈ തുരങ്കം . ചന്ദ് മിനാർ , ജാമി മസ്ജിദ് , ചീനി മഹൽ തുടങ്ങിയവയാണ് കോട്ടയ്ക്കുള്ളിലെ പ്രധാന ആകർഷണങ്ങൾ.  “ഭാഗ്യത്തിന്റെ നഗരം/ധനത്തിന്റെ വാസ സ്ഥലം “ എന്നൊക്കെയാണ്  ദൌലത്താബാദ് എന്ന പേരിന്റെ അർത്ഥമെന്ന് ആമോദ് വിശദീകരിച്ചു തന്നു..

                  കോട്ടയുടെ പ്രവേശന കവാടം 


                  ദൌലത്താബാദ് കോട്ടയുടെ വിദൂര ദൃശ്യം 

                     കോട്ടയ്ക്കുള്ളിലെ ചാന്ദ് മിനാർ 

                      കോട്ടയുടെ മുൻവശം 

കോട്ടയ്ക്കുള്ളിലേക്കുള്ള പടി കയറ്റം ബുദ്ധിമുട്ടായിരുന്നതിനാൽ ഞങ്ങളിൽ ചിലർ ഉള്ളിലേക്ക് കുറച്ചു ദൂരം മാത്രം നടന്നു കയറി കണ്ടിട്ട്  തിരികെ താഴെയുള്ള കവാടത്തിന് അരികിലുള്ള ഇരിപ്പിടങ്ങളിൽ വന്ന് ഇരുന്നു . മുകളിലേക്ക് പോയ സുഹൃത്തുക്കളെ പ്രതീക്ഷിച്ചിരിക്കുമ്പോൾ കോട്ട മതിലുകളിൽ ഓടിച്ചാടി വികൃതികൾ കാട്ടുന്ന  വാനരന്മാരുടെ സർക്കസ് കണ്ടിരിക്കാൻ നല്ല രസമായിരുന്നു.

പടിഞ്ഞാറൻ ചക്രവാളത്തിൽ പകലോൻ തന്റെ ചെങ്കതിരുകൾ പ്രസരിപ്പിച്ചു കൊണ്ട് യാത്ര പറയാൻ തുടങ്ങുമ്പോഴേക്കും ഞങ്ങളുടെ അന്നത്തെ കാഴ്ചകളുടെ പര്യവസാനമായി . സന്ധ്യയോടെ ലെമൺ ട്രീ ഹോട്ടലിൽ എത്തുന്നതു വരെ ഒപ്പമുണ്ടായിരുന്ന “ ആമോദ് എന്ന അറിവിന്റെ സൂര്യനും” ഞങ്ങളോട് വിട വാങ്ങി പോയി. രണ്ടു ദിവസങ്ങളിലായി ഭാരതീയ പൈതൃകത്തിന്റെ ഒളി മങ്ങാത്ത കാഴ്ചകളുടെയും  മങ്ങലേൽക്കാത്ത മഹത്വത്തിന്റെയും പ്രഭ ചൊരിഞ്ഞ് ഞങ്ങളുടെ മസ്തിഷ്ക്കത്തിന്റെ ഇരുണ്ട അറകൾ പ്രകാശമാനമാക്കിയ ആ ധന്യാത്മാവിനെ പരിചയപ്പെടാൻ അവസരം കിട്ടിയത് ഭാഗ്യാതിരേകമായി കരുതി അദ്ദേഹത്തിന് ശ്രേയസ് ആശംസിച്ചു കൊണ്ട് യാത്രയാക്കി. സംഭാജി നഗറിലെ ഗുഹകളും, ക്ഷേത്രങ്ങളും, സ്മാരകങ്ങളും  സമ്മാനിച്ച മിഴിവുറ്റ കാഴ്ചകളുടെയും, മനസ്സിനെ ഉന്നത തലങ്ങളിലേക്കെത്തിക്കുന്ന, സന്ദേശങ്ങളുടെയും ഉൾക്കരുത്തുമായി വിശ്രമത്തിനൊരുങ്ങുമ്പോൾ ഈ ഭാഗ്യാതിരേകങ്ങൾ നല്കി അനുഗ്രഹിച്ച സർവ്വേശ്വരനെ സ്തുതിക്കാൻ മറന്നില്ല .       



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ