2022 നവംബർ 4, വെള്ളിയാഴ്‌ച

മൂന്നാര്‍

 

സഞ്ചാരികളുടെ പറുദീസ –മൂന്നാര്‍

                                                                                            -നന്ദ-

നീലാകാശത്തിനു വെള്ളി  പൂശി നില്‍ക്കുന്ന കോടമഞ്ഞിനുമ്മ കൊടുക്കാനെന്ന പോലെ മാനത്തേക്ക്  എത്തി നോക്കി നില്‍ക്കുന്ന പച്ചക്കുന്നുകള്‍ !!! എങ്ങോട്ട് നോക്കിയാലും മനോഹര ദൃശ്യങ്ങളും  ഒപ്പം സുഖകരമായ കാലാവസ്ഥയും ചേര്‍ത്ത്  വിരുന്നൊരുക്കി നമ്മെ മാടി വിളിക്കുകയാണ്‌  ഇടുക്കിയുടെ ഹരിത തിലകമായ മൂന്നാര്‍ .ഉയര്‍ന്നു നില്‍ക്കുന്ന തേയിലക്കുന്നുകള്‍ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മൂന്നാര്‍ എന്ന മലയോര സുന്ദരിയുടെ  ഹരിതകമ്പളമണിഞ്ഞ മാറിടങ്ങള്‍  പോലെ ശോഭിക്കുമ്പോള്‍ ,കാറ്റില്‍ ഉലയുന്ന പച്ച ചേലയ്ക്ക് കസവ് കരയുടെ അഴകേകുന്ന വഴിത്താരകള്‍.അവയ്ക്കിടയില്‍  രക്ഷകരെ പോലെ  തല താഴ്ത്തി നില്‍ക്കുന്ന  സില്‍വര്‍ ഓക്ക് മരങ്ങളും,ചെമ്പൂക്കളണിഞ്ഞു കുട ചൂടി നില്‍ക്കുന്ന ഗുല്‍മോഹര്‍ വൃക്ഷങ്ങളും അതേ  കുടുംബത്തില്‍പ്പെട്ട ഫ്ലെയിം  ഓഫ് ഫോറസ്റ്റ്  മരങ്ങളും  ദൃശ്യ ചാരുത വര്‍ദ്ധിപ്പിക്കുന്നു.എവിടേയ്ക്ക് നോക്കിയാലും നയനാനന്ദകരമായ കാഴ്ച്ചകള്‍ സമ്മാനിക്കുന്ന  ഈ നാടിനെ  അറിയാത്തവരായി ആരെങ്കിലും ഈ ഭൂമി മലയാളത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല .വിദ്യാലയങ്ങളുടെ സ്ഥിരം വിനോദയാത്രാ സങ്കേതമായ മൂന്നാറിന്റെ   മാദക സൗന്ദര്യം നുകരുവാനായി വിദേശികളും സ്വദേശികളുമായ എത്രയോ  എത്രയോ സഞ്ചാരികളാണ്   ദിനംപ്രതി ദൂരങ്ങള്‍ താണ്ടി  ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍ മഞ്ഞിന്റെ കുളിരണിഞ്ഞു  നില്‍ക്കുന്ന കൈരളിയുടെ  കാശ്മീര്‍ എന്നു വിശേഷിപ്പിക്കാവുന്ന മൂന്നാര്‍ ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.ഒരു കാലത്ത് ബ്രിട്ടീഷ്‌ ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്ന മൂന്നാറിന് ആ പേര് വരുവാനുള്ള കാരണം  മുതിരപ്പുഴ ,നല്ല തണ്ണി കുണ്ടള, എന്നീ മൂന്ന് നദികളുടെ (ആറുകളുടെ) സംഗമ സ്ഥാനമായത് കൊണ്ടാണെന്ന് കരുതാം.


തേയിലത്തോട്ടങ്ങള്‍ക്കിടയിലെ ഫ്ലെയിം ഓഫ് ഫോറസ്റ്റ്  വൃക്ഷങ്ങള്‍



            ഒരു സുപ്രഭാതത്തില്‍ മൂന്നാര്‍ സുന്ദരിയെ കാണാന്‍ ഞങ്ങളും  കൂട്ടുകാരൊപ്പം യാത്ര തിരിച്ചു. പാലായിലുള്ള   “തമസാ” എന്ന റെസ്റ്റോറന്‍റില്‍ നിന്ന്  പ്രഭാത ഭക്ഷണം കഴിച്ച ശേഷം  പാലാ ബൈപാസ് വഴി യാത്ര തുടരുമ്പോള്‍ കപ്പലണ്ടി കൊറിച്ച് ഊര്‍ജ്ജ സംഭരണം നടത്തിക്കൊണ്ടിരുന്ന എന്റെ ബാല്യകാല സുഹൃത്ത്  വഴിവക്കില്‍ നിന്നിരുന്ന  ചെടികളെ പറ്റി വാചാലയായി.സുവോളജി വിഭാഗം തലൈവി ആയിരുന്ന കൂട്ടുകാരി  ഇടയ്ക്ക് കാര്‍ നിര്‍ത്തി ചില വഴിയോര സസ്യങ്ങള്‍ ഒടിച്ചെടുക്കാന്‍ ഉത്സാഹം കാട്ടി,ഞാനും മോശമായിരുന്നില്ല ഇക്കാര്യത്തില്‍ . വണ്ടി ഓടിക്കുന്നതില്‍ ദത്ത ശ്രദ്ധനായിരുന്ന  കൂട്ടുകാരിയുടെ ഭര്‍ത്താവ്  ഞങ്ങളുടെ ആവശ്യങ്ങള്‍ക്ക് എതിരു നില്‍ക്കാതെ വാഹനം നിര്‍ത്തി തരാന്‍ സന്മനസ്സ് കാട്ടി.കെമിസ്ട്രി വിഭാഗം തലവനായിരുന്ന അദ്ദേഹത്തോട് എപ്പോഴും വണ്ടി നിര്‍ത്താന്‍ പറഞ്ഞാല്‍ ആ നല്ല ദമ്പതിമാര്‍  തമ്മിലുള്ള “കെമിസ്ട്രി” എന്താകും എന്നായിരുന്നു എന്റെ ആശങ്ക.

            നേര്യമംഗലം കഴിഞ്ഞ് അടിമാലി എത്തുന്നതിനു  മുന്‍പായി റോഡിനു വലത്ത് വശത്തായി മനോഹരമായ ഒരു വെള്ളച്ചാട്ടമുണ്ട് .ആ  കാഴ്ച കാണാന്‍ എത്തിയ ആളുകളും അവരുടെ വാഹനങ്ങളും, സഞ്ചാരികളെ ഉന്നം വച്ച് കൊണ്ടുള്ള ചെറുകിട കച്ചവടക്കാരും ഒക്കെ കൂടി അവിടെ ഒരുവിധം നല്ല തിരക്കുണ്ടായിരുന്നു. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നേരിട്ട് കാണുന്നതിലുപരി മൊബൈല്‍ ക്യാമറയിലൂടെ കാണുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിലുമാണ് എല്ലാവര്‍ക്കും കൂടുതല്‍ താത്പര്യം എന്ന് തോന്നി.സഞ്ചാരികളുടെ കയ്യില്‍ നിന്ന് എന്തെങ്കിലും കിട്ടുമെന്ന് കരുതിയോ  അതോ ഇനി എന്തെങ്കിലും തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടോ എന്തോ  ഒരു കൂട്ടം വാനരന്മാര്‍ അവിടെ കലപില കൂട്ടി നടക്കുന്നുണ്ടായിരുന്നു.

 (valare) വാലരെ വെള്ളച്ചാട്ടം 

             വൃക്ഷരാജന്മാര്‍ കുട പിടിച്ചു നില്‍ക്കുന്ന വളഞ്ഞു പുളഞ്ഞ  വഴിയിലൂടെ കാനനഭംഗി ആസ്വദിച്ചു കൊണ്ട്  ആനമുടിയുടെ മടിത്തട്ടിലുള്ള മൂന്നാറിലേക്കുള്ള ഞങ്ങളുടെ യാത്ര വളരെയധികം ആസ്വാദ്യകരമായിരുന്നു.ഏകദേശം ഒരു മണിയോടെ  ബുക്ക്‌ ചെയ്തിരുന്ന  ടൌണിലുള്ള “മൂന്നാര്‍ കാസില്‍ ”എന്ന ഹോട്ടലില്‍ എത്തി.വളരെ ഇടുങ്ങിയതും പൊട്ടിപ്പൊളിഞ്ഞതും , മാലിന്യങ്ങള്‍ വലിച്ചെറിയപ്പെട്ടതുമായ തിരക്കുള്ള റോഡിലൂടെയാണ്‌  അവിടെ  എത്തിപ്പെട്ടത്. പക്ഷേ ഹോട്ടലിന്റെ നിലവാരം വളരെ മെച്ചമായിരുന്നു, ആകാതിരിക്കാന്‍ വഴിയില്ല കാരണം എന്റെ സുഹൃത്തിന്റെ സഹോദരിയുടെ മകന്‍  റിവ്യൂ ഒക്കെ നോക്കിയിട്ടാണ്  അവിടത്തെ താമസം ബുക്ക്‌ ചെയ്തത്.ഉച്ചഭക്ഷണം അവിടെ  നിന്ന് തന്നെ കഴിക്കാന്‍ തീരുമാനിച്ച്  അണ്ടര്‍ ഗ്രൌണ്ടിലുള്ള ഭക്ഷണ ശാലയിലേക്ക് ചെല്ലുമ്പോള്‍ അവിടെ ഒരു ഈച്ച പോലും ഇല്ലായിരുന്നു. അവസാനം ഞങ്ങളുടെ തട്ടലും മുട്ടലും കൊട്ടലും ഒക്കെ കേട്ടിട്ടോ എന്തോ  ഒരു ജീവനക്കാരന്‍ എത്തി ഊണ് ഇല്ലെന്നും ഫ്രൈഡ് റൈസ്  ഉണ്ടാക്കി  തരാമെന്നും അതിനായി അര മണിക്കൂര്‍ ഇരിക്കണമെന്നും അറിയിച്ചു .ഭക്ഷണ ശേഷം അല്‍പ്പ നേരം വിശ്രമിച്ചിട്ട് മാട്ടുപ്പെട്ടി ഡാം കാണുവാനായി ഇറങ്ങി.



മൂന്നാര്‍ കാസില്‍ 

മാടുപ്പെട്ടി  ഡാം

1953 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മാട്ടുപ്പെട്ടി ഡാമിന്  237.75 മീറ്റര്‍  നീളവും   85.34 മീറ്റര്‍ പൊക്കവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത് .പള്ളിവാസല്‍ ,മാടുപ്പെട്ടി എന്നീ പവ്വര്‍ ഹൌസുകളിലേക്കാണ് ഇതിലെ ജലം എത്തിച്ച് കറണ്ട് ഉത്പാദിപ്പിക്കുന്നത്. കുന്നുകളും മരങ്ങളും അതിരിട്ടു നില്‍ക്കുന്ന ഡാമില്‍  ബോട്ടിംഗ് മുതലായ വിനോദോപാധികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .അതിനടുത്തു തന്നെ ഒരു എക്കോ പോയിന്റ്  ഉണ്ട്,അവിടെ നിന്ന്  കൂക്കി വിളിച്ചാല്‍ അത് ദൂരെയുള്ള മലകളില്‍ തട്ടി പ്രതിധ്വനിക്കുന്നത് കേള്‍ക്കാമായിരുന്നു.



                                                    എക്കോ പോയിന്റ്

 ജലസംഭരണിയുടെ പരിസരത്തു നിന്ന്  പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ 18 കിലോ മീറ്റര്‍  മുകളിലേക്ക് പോയാല്‍ ടോപ്‌ സ്റ്റേഷനില്‍ എത്താം .ഡാമിന്റെ ക്യാച്ച്മെന്റ് ഏര്യയുടെയും ചുറ്റുമുള്ള മലകളുടെയും,വനങ്ങളുടെയും ഒരു വിഹഗ വീക്ഷണം അവിടെ നിന്നാല്‍ ലഭിക്കും.വൈകുന്നേരം നാല് മണി കഴിഞ്ഞാല്‍ പിന്നെ തൂകിപ്പരന്നൊഴുകുന്ന പാല്‍ പോലെ കോട മഞ്ഞു മാത്രമേ കാണാനാകൂ എന്നതിനാല്‍ ഞങ്ങള്‍ അങ്ങോട്ടേക്ക് പോയില്ല.അണക്കെട്ടിനു സമീപമുള്ള നിരത്ത് വക്കുകള്‍ മുഴുവന്‍ കടകളാണ് ,പൈനാപ്പിള്‍,മാങ്ങാ,നെല്ലിക്ക, പാഷന്‍ ഫ്രൂട്ട്  തുടങ്ങിയ പഴവര്‍ഗ്ഗങ്ങളും,കരിക്ക് ,വിവിധയിനം ജൂസുകള്‍,കൗതുക വസ്തുക്കള്‍ കളിപ്പാട്ടങ്ങള്‍ ഗൃഹോപകരണങ്ങള്‍ ,തുടങ്ങി ഹോം മെയിഡ് ചോക്കലേറ്റുകള്‍ പോലെയുള്ള വസ്തുക്കള്‍ വരെ  ഇവിടെ ലഭ്യമാണ്.സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ സഞ്ചാരികളും അവരുടെ വാഹനങ്ങളും എല്ലാം കൂടി റോഡില്‍ നല്ല തിക്കും തിരക്കുമായിരുന്നു.വളരെ ഞെരുങ്ങി ഞെരുങ്ങിയാണ്  സര്‍ തന്റെ xuv കാറുമായി ട്രാഫിക് കുരുക്കില്‍ നിന്ന്  പുറത്ത് വന്നത്. തിരികെയുള്ള യാത്രയില്‍ മാട്ടുപ്പെട്ടി ഇന്‍ഡോ സ്വിസ്സ്  ഫാമിന്റെ കമാനവും ഗേറ്റും കണ്ടു.വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെപ്പോയി കന്നുകാലി സംരക്ഷണ രീതികള്‍ കാണുകയും അവിടത്തെ ശുദ്ധവും രുചികരവുമായ പാല്‍ കുടിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും  ഇപ്പോള്‍ അവിടെ സന്ദര്‍ശകരെ അനുവദിക്കുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.കന്നുകാലികളുടെ മേന്മ  വര്‍ദ്ധിപ്പിക്കാനും സങ്കരയിനങ്ങളെ വളര്‍ത്തിയെടുക്കാനും അതു വഴി  ഗുണനിലവാരമുള്ള പാലും പാല്‍ ഉത്പ്പന്നങ്ങളും വികസിപ്പിച്ചെടുക്കാനും  വേണ്ടി  സ്വിറ്റ്സര്‍ലന്‍ഡ്  ഗവണ്മെന്റും നമ്മളും കൂടി ചേര്‍ന്ന് ഉണ്ടാക്കിയ ഈ സംരംഭം ഇപ്പോള്‍ മില്‍ക്ക്  മാര്‍ക്കറ്റിംഗ്  ബോര്‍ഡ് ഓഫ് കേരളയുടെ സംരക്ഷണത്തിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. മാടുകളുടെ ഗ്രാമം ആയത്  കൊണ്ടായിരിക്കാം  ഈ സ്ഥലത്തിന് “മാടുപ്പെട്ടി” എന്ന്  പേര് വന്നത്, പിന്നീട്   കാലാന്തരത്തില്‍  അത്  മാട്ടുപ്പെട്ടി ആയതുമാകാം  എന്നു കരുതാം .മടക്കയാത്രയില്‍  മാനത്തേക്ക്  സൂചികള്‍ കുത്തി നിര്‍ത്തിയിരിക്കുന്നത്  പോലെ റോഡിനിരുവശവും  യൂക്കാലിപ്റ്റസ്  മരങ്ങളുടെ നിര കാണാമായിരുന്നു.ഒരിടത്ത് എത്തിയപ്പോള്‍ അവിടെ ഒരു ജനക്കൂട്ടം കണ്ടെങ്കിലും കാര്യം മനസ്സിലാകാതെ ഞങ്ങള്‍ യാത്ര തുടര്‍ന്നു.അടുത്ത വളവ് തിരിഞ്ഞപ്പോള്‍ റോഡിനരികെയുള്ള പുല്‍മേട്ടില്‍ കാട്ടാനകളുടെ ഒരു സംഘം മേഞ്ഞുനടക്കുന്ന തീരെ  പ്രതീക്ഷിക്കാത്ത ഒരു കാഴ്ച്ച കണ്ടു. രണ്ട് അമ്മമാരും,അവരുടെ വിവിധ പ്രായത്തിലുള്ള നാലു മക്കളുമുണ്ടായിരുന്നു ആനക്കുടുംബത്തിലെ അംഗങ്ങളെ ക്യാമറയിലാക്കാന്‍ സാധിച്ചതിന്റെ സന്തോഷവുമായി  യാത്ര തുടര്‍ന്നു .

മാട്ടുപ്പെട്ടി ഡാം

കാട്ടാനക്കുടുംബം


യൂക്കാലിപ്റ്റസ്  മരങ്ങള്‍

തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ഉള്ള യാത്രയില്‍  സഞ്ചാരികളെ കുതിരപ്പുറത്ത്‌ കയറ്റി സവാരി കൊണ്ടുപോകുന്നവരെയും ,തേയില നുള്ളല്‍ തൊഴില്‍ ചെയ്യുന്നവരുടെ വേഷം ധരിപ്പിച്ച് ഫോട്ടോ എടുത്തു കൊടുക്കുന്നവരേയും ധാരാളം കാണാമായിരുന്നു.ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ അതത് പ്രദേശത്തെ കൌതുകകരമായ കാര്യങ്ങള്‍ കാട്ടി സഞ്ചാരികളെ ആകര്‍ഷിച്ച്  വരുമാനമുണ്ടാക്കുക   എന്നത് ഒരു സാധാരണ കാര്യമാണ്.വളരെ നാളായി കുതിരപ്പുറത്ത്‌ കയറണമെന്ന എന്റെ ആഗ്രഹവും മൂന്നാറിലെത്തിയപ്പോള്‍  സഫലമായി .കുതിരസവാരി നടത്തിയതിന്റെ സന്തോഷവുമായി ചായ കുടിക്കാന്‍ വേണ്ടി  ഞങ്ങള്‍ ചായ ബസാര്‍ എന്ന കടയില്‍ ചായ കുടിക്കാന്‍ കയറിയെങ്കിലും സമയം പോയതല്ലാതെ ചായ കിട്ടിയില്ല.ഒടുവില്‍ കട്ടന്‍ ചായ തരാമെന്നു പറഞ്ഞെങ്കിലും അതില്‍ താത്പര്യമില്ലാത്തതിനാല്‍ ഹോട്ടലിലേക്ക്  മടങ്ങി.

            പിറ്റേദിവസം രാവിലെ ഭക്ഷണ ശേഷം രാജമലയിലുള്ള പ്രസിദ്ധമായ ഇരവികുളം നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കുവാനായി യാത്ര തിരിച്ചു.എത്രയോ തവണ തങ്ങളുടെ വിദ്യാര്‍ത്ഥികളുമായും അല്ലാതെയും ഈ സ്ഥലത്ത് വന്നിട്ടുള്ള കൂട്ടുകാര്‍  പാര്‍ക്കില്‍ ടിക്കറ്റ് എടുക്കാന്‍ വലിയ ക്യൂ കാണുമെന്ന് പറഞ്ഞു.അതുകൊണ്ട് ഓണ്‍ ലൈന്‍ ടിക്കറ്റിന് ഒരു ശ്രമം നടത്തി നോക്കിയെങ്കിലും അത് വിജയിച്ചില്ല.

            ”നീലഗിരി താര്‍” എന്നറിയപ്പെടുന്ന വരയാടുകള്‍ക്കും,പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന “നീലക്കുറിഞ്ഞികള്‍ക്കും” പേരു കേട്ട സ്ഥലമാണല്ലോ മൂന്നാര്‍.ഏതാണ്ട് 75മില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആല്‍പ്സ് പരവത നിരകളില്‍ ഉണ്ടായിരുന്ന പല ജീവികളും ആ പ്രദേശത്തിന്റെ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഉണ്ടായ മാറ്റത്തില്‍ അവിടെ നിന്ന്  പലായനം ചെയ്ത് കുര്‍ദിസ്ഥാന്‍ ,കാക്കസ്, തുടങ്ങിയ മലനിരകളിലെത്തിയത്രേ.അതില്‍ വരയാടുകളുടെ പൂര്‍വ്വികരും ഉണ്ടായിരുന്നു.  വീണ്ടും തലമുറ തലമുറയായി പാമീര്‍ ,ഹിന്ദുകുഷ്  പര്‍വ്വത നിരകളിലെത്തിയ അവര്‍ വരള്‍ച്ചയും,കൊടും ശൈത്യവും താങ്ങാനാവാതെ ഓടിയെത്തിയത് നമ്മുടെ പശ്ചിമ ഘട്ട മലനിരകളിലേക്കാണെന്നാണ്  അവിടെ സ്ഥാപിച്ചിരുന്ന ബോര്‍ഡില്‍ നിന്ന് വായിച്ചറിഞ്ഞത്.നല്ല തണുപ്പും,മഴയും,കാറ്റും ഏറെ ഇഷ്ട്പ്പെടുന്ന ഈ സാധു ജീവികള്‍ കിഴ്ക്കാം തൂക്കായ രാജമലയുടെ ചെരിവുകളിലൂടെ ഓടി നടന്നു സ്വൈരമായി വിഹരിക്കുന്നു.ഇവരെ സുരക്ഷിതമായി പരിപാലിക്കാന്‍ കര്‍ശനമായ നിയമങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സന്ദര്‍ശകരുടെ വാഹനമോ,ആഹാരസാധനങ്ങളോ ഒന്നും അവിടേക്ക് കടത്തിവിടുകയില്ല . നമ്മുടെ വാഹനം പാര്‍ക്കിനു പുറത്തുള്ള സ്ഥലത്ത് ഇട്ടതിനു ശേഷം ക്യൂ നിന്ന് ടിക്കറ്റ് എടുത്തുകഴിഞ്ഞാല്‍ വനം വകുപ്പിന്റെ പ്രത്യേക ബസ്സുകളില്‍ ആടുകളുടെ വിഹാര സ്ഥലത്തിന്  അടുത്തുള്ള മലയിലേക്ക് കൊണ്ട് പോകും. ഹെയര്‍പിന്‍ വളവുകളിലൂടെ  ബസ് കയറ്റം  കയറിപ്പോകുമ്പോള്‍ ചുറ്റുപാടും സൂര്യ കിരണങ്ങളേറ്റ്  ചെറു കാറ്റില്‍ ഇളകി  നില്‍ക്കുന്ന തേയിലത്തോട്ടങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്  കാണാനാകുക.വന്യപുഷ്പ്പങ്ങള്‍ വര്‍ണ്ണ പ്രപഞ്ചം തീര്‍ക്കുന്ന വഴികള്‍ ,സ്വച്ഛമായ പ്രകൃതി,സുഖകരമായ കാറ്റ്,ശാന്തിയേകുന്ന നിശബ്ദത ...ഇതൊരു സ്വര്‍ഗ്ഗം തന്നെ... പറയാതെ വയ്യ. ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലമെത്തിയപ്പോള്‍ എല്ലാവരും ഇറങ്ങി.അവിടെ കുറച്ച് കടകളും,കുട്ടികള്‍ക്ക് വേണ്ടി ഒരു പാര്‍ക്കും ഉണ്ടായിരുന്നു.അവിടെ നിന്ന് മുകളിലേക്ക് നടന്ന് കയറണം .ഇടയ്ക്ക് വിശ്രമിക്കാം വീണ്ടും നമ്മുടെ ആരോഗ്യസ്ഥിതിക്കനുസരിച്ച്  മുകളിലേക്ക് മുകളിലേക്ക് കയറിപ്പോകാം.താഴേക്ക് നോക്കിയാല്‍ താഴ്‌വരയുടെ അഭൗമ സൗന്ദര്യം, മുകളിലേക്ക്  നോക്കിയാല്‍ കോടയിറങ്ങി നില്‍ക്കുന്ന മലമുകള്‍ ,അവിടെ ഭാഗ്യമുണ്ടെങ്കില്‍ വരയാടുകളെ കണ്ടെന്നു വരാം.ഏതായാലും അങ്ങനെയൊരു ഭാഗ്യം ഞങ്ങള്‍ക്ക് കിട്ടി. മനുഷ്യ സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ തക്കവണ്ണം വേലികെട്ടി അവയെ സംരക്ഷിച്ചിരിക്കുകയാണ്.

വരയാട്



                                                        നീലക്കുറിഞ്ഞിപ്പൂക്കള്‍
                                            വരയാടുകളുടെ കോട മൂടിയ മേച്ചില്‍പ്പുറങ്ങള്‍

വീണ്ടും മുന്നോട്ട് നടക്കുമ്പോള്‍ വനകാളി അമ്മയുടെ ഒരു ചെറിയ ക്ഷേത്രം കണ്ടു.വൃക്ഷ രാജന്മാരും വള്ളിപ്പടര്‍പ്പുകളും മേല്‍ക്കൂര തീര്‍ത്ത ആഡംബരങ്ങളില്ലാത്ത , സ്വസ്ഥമായ പ്രകൃതീ ദേവിയുടെ വാസസ്ഥാനം .മുന്നോട്ട് നടക്കുമ്പോള്‍ സഞ്ചാരികളുടെ ഫോട്ടോ പ്രിയം ലക്ഷ്യമാക്കി മുള കൊണ്ടുള്ള കൊണ്ടുള്ള ആര്‍ച്ചുകളും,ചെറിയ പാലങ്ങളും വള്ളിക്കുടിലുകളും ഒക്കെ തീര്‍ത്തു വച്ചിട്ടുണ്ട്.ഞങ്ങളുടെ സന്ദര്‍ശന വേളയില്‍ മൂന്നാര്‍ ഇടുക്കി പ്രദേശങ്ങളുടെ സ്വകാര്യ അഹങ്കാരമായ  നീലക്കുറിഞ്ഞിപ്പൂക്കള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും കുറിഞ്ഞിച്ചെടികളെ ഒരിടത്ത് പ്രത്യേകം നട്ടു വളര്‍ത്തി പരിരക്ഷിച്ചിരിക്കുന്ന ഒരു നെഴ്സറി കാണാന്‍ കഴിഞ്ഞു. പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ നാം ബഹുദൂരം മുന്നോട്ട് പോയതില്‍ ഏറെ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അതൊക്കെ.


വനകാളി ക്ഷേത്രം 
പ്രകൃതിയുടെ കരപരിലാളനങ്ങളേറ്റ് മനം നിറഞ്ഞ ഞങ്ങള്‍ വീണ്ടും ബസില്‍ കയറി പാര്‍ക്കിന്റെ ഓഫീസ് പരിസരത്ത് എത്തി.അവിടെ വനവിഭവങ്ങളായ കുരുമുളക് ,തേയില ,വെളുത്തുള്ളി, പലതരം കിഴങ്ങുകള്‍,മരത്തക്കാളി,നെല്ലിക്ക തുടങ്ങിയ സാധനങ്ങള്‍  വില്‍ക്കുന്ന ഒരു സ്റ്റാള്‍ കണ്ടു . അവിടെ നിന്ന് കുറച്ച്  സാധനങ്ങള്‍ വാങ്ങി ചോളപ്പൊരി വില്‍ക്കുന കടകള്‍ക്ക് മുന്നിലൂടെ കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്തേക്ക് നടന്നു. അപ്പോഴേക്കും  വെയിലിന്റെ കാഠിന്യം വര്‍ദ്ധിച്ചു കഴിഞ്ഞിരുന്നു.കൈതച്ചക്കയും മാങ്ങയും മറ്റും തൊലി ചെത്തി കഷണങ്ങളാക്കി ഉപ്പും ,മുളക് പൊടിയും തൂകി പേപ്പര്‍ കപ്പുകളിലാക്കി നമ്മുടെ നേരെ നീട്ടിക്കൊണ്ട്   നിരവധി ആളുകളാണ് വഴിയില്‍  കാത്തു നില്‍ക്കുന്നത് . ആദ്യം തെല്ലൊരു ശങ്ക ഉണ്ടായിരുന്നെങ്കിലും 20 രൂപയ്ക്ക് ഒരു കപ്പു കൈതച്ചക്ക വാങ്ങി കഴിച്ചപ്പോള്‍ ..ഹോ...എന്തായിരുന്നു മധുരവും രുചിയും !!!പിന്നെ എത്രയെണ്ണം വാങ്ങി എന്നൊരു കണക്കുമില്ല .ഇപ്പോഴും തോന്നുന്നു അത് കിട്ടിയിരുന്നെങ്കിലെന്ന്.

വരയാടുകളുടെ താഴ്വരയില്‍ നിന്ന് ഞങ്ങള്‍ ഉച്ചഭക്ഷണത്തിനായി മൂന്നാര്‍  ടൌണില്‍ തിരിച്ചെത്തി.”പുരോഹിത്’ എന്നൊരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ട് മറ്റൊന്നും കാണാനില്ലാത്തതിനാല്‍ ചുമ്മാ ഒരു ഡ്രൈവ് പോകാമെന്ന  സാറിന്റെ അഭിപ്രായം എല്ലാവര്‍ക്കും നന്നേ ഇഷ്ട്ടപ്പെട്ടു.തമിഴ്‌നാട്‌ സംസ്ഥാനത്തിനടുത്തുള്ള ശര്‍ക്കര ഉത്പാദനത്തിന് പ്രസിദ്ധി കേട്ട   മറയൂര്‍ എന്ന ഒരു പ്രദേശത്തേക്കാണ്  വണ്ടി തിരിച്ചത്.പൂത്തുലഞ്ഞു നില്‍ക്കുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള വേലിപ്പരത്തിച്ചെടികളുടെ ഗന്ധമുള്ള കാറ്റേറ്റ് കൊണ്ട് ഇരുവശവും തേയില ചെടികള്‍ സ്വാഗതം ചെയ്തു നില്‍ക്കുന്ന സുന്ദരമായ നിരത്തിലൂടെയുള്ള അവിസ്മരണീയമായ യാത്ര . കുറേ ദൂരം യാത്ര ചെയ്യുന്നതിനിടെ ഒരു തെയിലത്തോട്ടത്തില്‍ കയറി പോസ് ചെയ്ത് ഫോട്ടോകള്‍ എടുത്തതിനു ശേഷം മനോഹരമായ ആ പ്രദേശത്ത് നിന്ന്  ശര്‍ക്കര വാങ്ങാതെ ഞങ്ങള്‍ തിരികെപ്പോന്നു .

ഞങ്ങളുടെ തേയില നുള്ളല്‍

രാത്രി ഭക്ഷണം കഴിഞ്ഞ്  കോടമഞ്ഞിന്‍ തണുപ്പില്‍ കുളിച്ചു നിന്ന ഹോട്ടല്‍ മുറിയിലെ മൃദുവായ കിടക്കയില്‍ കമ്പിളിപ്പുതപ്പിനടിയില്‍ ചുരുണ്ടുകൂടി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഈ ഭാഗ്യങ്ങള്‍ കനിഞ്ഞു നല്‍കിയ ജഗദീശ്വരനെ സ്തുതിക്കാതിരിക്കാന്‍ കഴിയുമോ ???

പിറ്റേദിവസം രാവിലെ ഹോട്ടലില്‍ നിന്ന് ചെക്കൌട്ട് ചെയ്ത്  മടങ്ങുമ്പോള്‍ വഴിയരികില്‍ നിന്നൊരു സുന്ദരിച്ചെടിയെ ഞാന്‍ വീട്ടിലേക്ക് കൊണ്ടു പോന്നു.അവള്‍ ഇപ്പോള്‍ എന്നോടൊപ്പം സുഖമായിരിക്കുന്നു.മടക്കയാത്രയ്ക്കിടയില്‍ അടിമാലിയിലെ ഒരു ചെറിയ തട്ടുകടയില്‍ കയറി  മുളയരിപ്പായസം കുടിച്ചിട്ട് കൂട്ടുകാരി ഒരു പാക്കറ്റ് മുളയരിയും വാങ്ങി വീണ്ടും യാത്ര തുടര്‍ന്നു. അങ്ങോട്ട്‌ പോയപ്പോള്‍ കണ്ട വാലറ വെള്ളച്ചാട്ടവും അതിനടുത്തുള്ള മറ്റൊരു വെള്ളച്ചാട്ടവും കണ്ട് കുറച്ചു ഷോപ്പിങ്ങും ഫോട്ടോയെടുപ്പും ഒക്കെ കഴിഞ്ഞ്  നേരെ കോതമംഗലത്തെത്തി. സാറിന്റെ വീട് അവിടെയാണ്,അദ്ദേഹത്തിന് പിറ്റേ ദിവസം ക്ലാസ്സ്മേറ്റ്സ് ഗെറ്റ് ടുഗതര്‍ ഉള്ളതിനാല്‍ ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങളെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ട് വിട്ടതിനു ശേഷം ആ നല്ല കൂട്ടുകാര്‍  തിരിച്ചു പോയി.സന്ധ്യയോടെ ഞങ്ങള്‍ സുഖമായി വീട്ടിലെത്തുകയും ചെയ്തു.


വഴിയോര സുന്ദരികള്‍ 

യാത്രകള്‍,തിരിച്ചറിവുകളും അനുഭവപാഠങ്ങളും മാത്രമല്ല  സുന്ദരമായ പ്രകൃതിയുടെ കനിവിലാണ്  ജീവിക്കുന്നതെന്ന  മഹത്വവും  ഒത്തുചേരലിന്റെയും ഓര്‍മ്മ പുതുക്കലിന്റെ മധുരവും  കൂടിയാണ് നമുക്ക് നല്‍കുന്നത്. ജീവിതത്തിലെ ഈ ധന്യ നിമിഷങ്ങള്‍ക്ക് മിഴിവേകിയ പ്രിയ സഹപാഠിക്കും കുടുംബത്തിനും നന്മകള്‍ നേരുന്നതിനൊപ്പം സൗഹൃദത്തിന്റെ മാധുര്യം നുകരാന്‍ ഇനിയും അവസരങ്ങള്‍ ലഭിക്കട്ടെയെന്നും ആശംസിക്കട്ടെ!!!

                                                                                                                06/10/2022


2022 ഏപ്രിൽ 2, ശനിയാഴ്‌ച

A Visit to Isha Foundation

 

ഈശം

                                                                    -നന്ദ -      


    മനുഷ്യ ശേഷികളെ പരിപോഷിപ്പിക്കുവാനും അവന്റെ പരിമിതികളെ മറികടന്ന് അവനില്‍  ഉറങ്ങിക്കിടക്കുന്ന അനന്തമായ സാദ്ധ്യതകളെ കണ്ടെത്തുന്നതിനുമായി ,യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ ഒരു ഗുരുനാഥന്‍ -ഇന്നത്തെ പരിതസ്ഥിതിയില്‍ ലോകത്തിന് തീര്‍ത്തും അവശ്യമായ ഒരു കാര്യം തന്നെയാണ് എന്ന കാര്യത്തില്‍ ചിലര്‍ക്കെങ്കിലും യോജിക്കാന്‍ കഴിയുമെന്ന് കരുതുന്നു.വിവേകാനന്ദ സ്വാമിയെ പ്പോലെ ലോകമറിയുന്ന ചരിത്ര പുരുഷന്മാര്‍ പലരും ഒരു ഉത്തമ ഗുരുവിനെ തേടി അനേക കാലം നടന്നതും ആത്മവിദ്യ സ്വായത്തമാക്കിയ കാര്യങ്ങളും നാമേവര്‍ക്കും അറിവുള്ള കാര്യമാണല്ലോ. ഇന്ന് സകല സൗകര്യങ്ങളും സമ്പത്തും എല്ലാമുണ്ടായിട്ടും ഒന്നിലും സന്തോഷവും സംതൃപ്തിയും ഇല്ലാതെ പിന്നെയും എന്തിനൊക്കെയോ വേണ്ടി പരക്കം പായുകയാണല്ലോ  ലോക ജനത!!!...നാഡീ സമൂഹത്തെ  വലിച്ചു മുറുക്കി പേശികളെ തളര്‍ത്തി മസ്തിഷ്ക്കത്തിന് അവസാനമില്ലാത്ത ആഗ്രഹങ്ങളുടെ ചിന്തകള്‍ കൊടുത്ത് ,ഹൃദയത്തിന് താങ്ങാനാവാത്ത വേദനകള്‍ സമ്മാനിച്ച്  ചികിത്സിച്ചാലും ഭേദമാകാത്ത രോഗങ്ങളും സമ്പാദിച്ച് ,പുണ്യ ജന്മമെന്നു കരുതുന്ന മനുഷ്യ ജന്മം ആസ്വദിക്കാതെയും ,അറിയാതെയും കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് നട്ടം തിരിയുകയാണല്ലോ ഏറിയ പങ്ക്  മനുഷ്യരും.അങ്ങനെയുള്ളവരുടെ  നന്മയ്ക്കായി  ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കാന്‍  ഒരു ഗുരുവിനെ കിട്ടിയാല്‍ അത് ഏറ്റവും സന്തോഷമുള്ള കാര്യമല്ലേ ---അതെ ആ മഹാഗുരുവാണ് “സദ്ഗുരു “

കര്‍ണ്ണാടക സംസ്ഥാനത്തിലെ മൈസൂരില്‍ 1957 സെപ്തംബര്‍ മാസം മൂന്നാം തീയതിയാണ് “സദ്ഗുരു” എന്ന് ,ഇന്ന് ലോകമറിയുന്ന “ജഗ്ഗി വാസുദേവ് “  ജനിച്ചത്. ബാല്യത്തില്‍ തന്നെ യോഗ പഠനം ആരംഭിച്ച അദ്ദേഹം മൈസൂര്‍ യൂണിവേര്‍സിറ്റിയില്‍ നിന്ന് ഇംഗ്ലിഷില്‍ ബിരുദം നേടിയതിനു ശേഷം  ചെറിയ രീതിയില്‍ ഒരു ബിസിനസ്സ് തുടങ്ങിയെങ്കിലും അത് സുഹൃത്തിനെ ഏല്‍പ്പിച്ച്  വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്  ജനജീവിതം പഠിക്കുന്നതിലേക്ക് തിരിയുകയായിരുന്നു .യൌവ്വന കാലത്ത് തന്നെ “യോഗ” പഠിപ്പിക്കുവാന്‍  ആരംഭിച്ച അദ്ദേഹം തന്റെ മോട്ടോര്‍ സൈക്കളില്‍ യാത്ര ചെയ്ത് കര്‍ണാടകയിലും ഹൈദരബാദിലും  സ്ഥിരമായി യോഗ ക്ലാസുകള്‍ നടത്തി വന്നിരുന്നു. പന്ത്രണ്ടാം വയസ്സില്‍ മല്ലാടിഹള്ളി രാഘവേന്ദ്രയില്‍ നിന്ന്  ഹഠയോഗം പഠിച്ച  അദ്ദേഹം 1992-93 കാലഘട്ടത്തിലാണ്  കോയമ്പത്തൂരില്‍ ‘Isha Foundation” സ്ഥാപിക്കുന്നത് .

കോയമ്പത്തൂരിലെ വെള്ളിയാംഗിരി കുന്നുകളുടെ മടിത്തട്ടിലാണ് “ഈശ ഫൌണ്ടേഷന്‍”. എന്ന സദ്ഗുരുവിന്റെ  ആശ്രമം .യോഗയുടെ അനന്ത സാദ്ധ്യതകള്‍ തുറന്നു കാട്ടുക എന്നതാണ് ഫൌണ്ടേഷന്റെ ലക്ഷ്യം . ശാസ്ത്രീയവും യുക്തിപരവുമായ ജീവിത ദര്‍ശനങ്ങള്‍  ഉള്‍ക്കൊണ്ട് അതിന്റെ സൂക്ഷ്മ തലങ്ങളെ മനസ്സിലാക്കി ആന്തരിക തലത്തില്‍ പ്രവേശിച്ച് ഓരോ വ്യക്തിയും സ്വന്തം സാദ്ധ്യതകള്‍ മനസ്സിലാക്കുവാനുള്ള മാര്‍ഗ്ഗ രേഖകളാണ് ഇവിടെ എത്തുന്ന ആത്മാന്വേഷികളെ സ്വീകരിക്കുന്നത് .ലോകത്ത് ഉടനീളം ഇരുനൂറില്‍ പരം കേന്ദ്രങ്ങളിലായി ഇരുപത് ലക്ഷത്തോളം സന്നദ്ധ സേവകര്‍ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന Isha യോഗ സെന്ററില്‍,”യോഗ” അതിന്റെ ആഴത്തിലും വ്യാപ്തിയിലും പഠിപ്പിക്കുക എന്ന ലക്ഷ്യവുമായി ‘ഇന്നര്‍ എന്ജിനിയറിങ്”  എന്ന ഒരു കോഴ്സ് തന്നെ ഗുരുജി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞാന്‍ ആരാണെന്നും എന്നിലെ പരിമിതികള്‍ എന്താണെന്നും,അവയൊക്കയും മറികടന്ന്  എന്നിലുള്ള സാദ്ധ്യതകള്‍ എന്തെന്ന്  മനസ്സിലാക്കുവാനും ഈ പരിപാടി പ്രയോജനകരമാണെന്ന് അറിയുന്നു .ഉത്കണ്ഠയും , പിരിമുറുക്കവും ,മാനസിക ശാരീരിക സമ്മര്‍ദ്ദവും ഒഴിവാക്കുവാന്‍ യോഗിയും,വാഗ്മിയും വിവേകിയും ദീര്‍ഘദര്‍ശിയും സര്‍വ്വോപരി നര്‍മ്മബോധവുമുള്ള ഒരു ആത്മജ്ഞാനിയുടെ മാര്‍ഗ്ഗ ദര്‍ശനം ലഭിക്കുന്ന അപൂര്‍വ്വ അവസരമാണിത് എന്ന് നാം മനസ്സിലാക്കണം .ശാന്തിയും സമാധാനവും സന്തോഷവും,മാനസിക ശാരീരിക  ആരോഗ്യമവുമുള്ള  സ്വച്ഛന്ദ സുന്ദരമായ ഒരു ലോകമാണ്  സദ്ഗുരു  വിഭാവനം ചെയ്യുന്നത്  എന്നതാണ് പ്രധാനപ്പെട്ട കാര്യം.

റെയില്‍ മാര്‍ഗ്ഗം പോയാല്‍ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഏകദേശം 30 കിലോമീറ്റര്‍ ദൂരമുണ്ട് വെള്ളിയാംഗിരി കുന്നുകള്‍ അതിരിടുന്ന പ്രശാന്ത സുന്ദരമായ ബുലുവാംപട്ടി എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന “ഇഷ”യിലേക്ക് .ടൌണില്‍ നിന്ന്  അര മണിക്കൂര്‍ ഇടവിട്ട്  ഇഷയിലെക്ക് ബസുകള്‍ ലഭ്യമാണ്. അതല്ല റോഡ്‌ മാര്‍ഗ്ഗം സ്വന്തം വാഹനത്തില്‍  പോകുകയാണെങ്കില്‍  തൃശ്ശൂരിനും പാലക്കാടിനും മദ്ധ്യേയുള്ള കതിരാന്‍ തുരംഗം,വഴി കോയമ്പത്തൂരില്‍ ചെന്ന്  ഉക്കടം ,ശീരുവാണി റോഡ്‌ വഴി ഇരുട്ടുകുളത്ത് എത്താം.അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് എട്ടു കിലോമീറ്ററാണ്  ” ഇഷ” യിലേക്കുള്ള ദൂരം .പോകുന്ന വഴിയുടെ വശങ്ങളിലെല്ലാം ഇംഗ്ലിഷില്‍ “Isha” ബോര്‍ഡുകള്‍ കാണാം , അല്ലെങ്കിലും ഇപ്പോള്‍ എല്ലാ വാഹനങ്ങളിലും വഴികാട്ടിയായി “ഗൂഗിള്‍ വലിയമ്മച്ചി “ ഉള്ളത് കൊണ്ട് ലക്ഷ്യ സ്ഥാനത്തെത്തുക അത്ര പ്രയാസമുള്ള കാര്യവുമല്ലല്ലോ!!!

“ഇഷ” ആശ്രമ കോംപ്ലെക്സിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് പറയാം. വൃക്ഷ രാജന്മാര്‍ കുടപിടിക്കുന്ന വിശാലവും നിശബ്ദ സുന്ദരവുമായ ഒരു ഇടം.മയിലുകളും,കിളികളും അണ്ണാറക്കണ്ണന്മാരും,യഥേഷ്ടം വിഹരിക്കുന്ന ഹരിതാഭമായ ഇലച്ചാര്‍ത്തുകള്‍ക്കടിയില്‍ വിനയത്താല്‍ കൂമ്പി നിന്ന് നമസ്കാരം പറയുന്ന ഇഷയുടെ ചൈതന്യ വാഹികളായ സന്നദ്ധ സേവകര്‍. സിരകളില്‍ ഊര്‍ജ്ജം അലിഞ്ഞിറങ്ങുന്ന കരിംകല്ല് പാകിയ നടവഴികളില്‍ എയര്‍ കണ്ടിഷനില്‍ നിന്നെന്ന പോലെ അരിച്ചിറങ്ങുന്ന പ്രകൃതിയുടെ തണുപ്പ് അനുഭവ വേദ്യമാകുമ്പോള്‍ റേഡിയേഷന്‍ ചൂട് പകരുന്ന ഫോണ്‍ വേണ്ടെന്നു വച്ചേ മതിയാകൂ.മൂന്നു മാസം മുന്‍കൂട്ടി  ”Isha stay” എന്ന സൈറ്റില്‍ കയറി താമസ സൗകര്യം ബുക്ക്‌  ചെയ്‌താല്‍ എ സി,നോണ്‍ എ സി വിഭാഗം കോട്ടേജുകള്‍ കൂടാതെ ഡോര്‍മിറ്ററികളും ലഭിക്കുന്നതാണ്.പാലക്കാട് ബോര്‍ഡര്‍ ആയതുകൊണ്ട് ചൂടിന്റെ ആധിക്യം ഭയന്ന് എ സി മുറി ബുക്ക്‌ ചെയ്ത ഞങ്ങള്‍ക്ക് കോട്ടേജില്‍ എ സി പോയിട്ട് ഫാന്‍ പോലും ഇടേണ്ടി വന്നില്ല എന്നതാണ് സത്യം,അത്രയ്ക്ക് പ്രകൃതിയുമായി ഇണങ്ങി നില്‍ക്കുന്ന ഒരു സ്ഥലമാണിതെന്ന് അനുഭവിച്ചു തന്നെ അറിയേണ്ടതാണ്.സ്വന്തം വാഹനത്തില്‍ ചെല്ലുന്നവര്‍ “ഫോറസ്റ്റ് ഗേറ്റി”ലാണ് ചെല്ലേണ്ടത് ,അവിടെ സുരക്ഷ ജീവനക്കാര്‍ രേഖകള്‍ പരിശോധിച്ച് അകത്തേക്ക് നയിക്കും.അവിടെ വാഹനം പാര്‍ക്ക് ചെയ്തിട്ട്” വെല്‍കം പോയിന്റ്‌ “എന്ന സ്ഥലത്ത് ചെന്ന് ബുക്കിംഗ് രേഖകള്‍ കാണിച്ചു കഴിഞ്ഞാല്‍ കൈത്തണ്ടയില്‍ ഒരു ബാന്‍ഡ് ഇട്ടു തരും.(അവിടെ താമസിക്കുന്ന സമയമത്രയും ആ ബാന്‍ഡ് കയ്യില്‍ ഉണ്ടായിരിക്കണം.) ഇത്രയുമായാല്‍ കോട്ടേജുകളുടെ റിസപ്ഷനിലേക്ക് പോയി മുറിയുടെ താക്കോല്‍ വാങ്ങി ബാഗുകള്‍ അവിടെ വച്ചതിന് ശേഷം വാഹനം പുറത്തുള്ള പാര്‍ക്കിംഗ് ഏരിയയില്‍ കൊണ്ട് പോയി ഇടണം.ലളിതവും എന്നാല്‍ വൃത്തിയുള്ളതുമായ മുറികള്‍ക്ക് പുറത്ത് പാദരക്ഷകള്‍ വയ്ക്കാന്‍ സ്റ്റാന്‍ഡ് ഉണ്ട് .കുടിക്കുവാനായി വിവിധ ഊഷ്മാവിലുള്ള ജലം ലഭിക്കത്തക്ക സംവിധാനം കോട്ടേജ്കളുടെ നടുമുറ്റത്ത് ക്രമീകരിച്ചിട്ടുണ്ട് അവിടെനിന്ന് നമുക്കാവശ്യമുള്ള വെള്ളം മുറിയില്‍ വച്ചിട്ടുള്ള  ചെമ്പ് പാത്രങ്ങളില്‍  ശേഖരിക്കാം.കുളിക്കുന്നതിന് ചൂട് വെള്ളവും സാധനങ്ങള്‍ വയ്ക്കുന്നതിന് സൗകര്യപ്രദമായ ഷെല്‍ഫും ഒരു മേശയും ഒരു കസേരയുമുള്ള മുറിയില്‍ ,ടി വി ഇല്ല.ആശ്രമ പരിസരത്ത് ഫോട്ടോഗ്രാഫിയും,മൊബൈല്‍ ഫോണ്‍ ഉപയോഗവും പാടില്ല , കാരണം ആത്മാന്വേഷണത്തിന് വരുന്ന ഒരാള്‍ക്ക്‌  ഇവയുടെ ഒന്നും ആവശ്യമില്ല എന്നത് തന്നെ . ആശ്രമത്തില്‍  രണ്ടു നേരം “ഭിക്ഷ “ എന്ന പേരില്‍ സൗജന്യമായി  ആഹാരം ലഭിക്കും,രാവിലെ 9.50 മുതല്‍ 10.35 വരെ രണ്ടു ബാച്ചായി ബ്രഞ്ചും ( breakfast &lunch) വൈകുന്നേരം 6.50 മുതല്‍ 7.35 വരെയുമാണ്‌ സമയം ..ആശ്രമ പരിസരത്ത് കൃഷിചെയ്തെടുക്കുന്ന പച്ചക്കറികള്‍ കൊണ്ട് ഉണ്ടാക്കിയ കറികളും,പഴങ്ങളും, വേവിക്കാത്ത പച്ചക്കറികളും,ധാന്യങ്ങള്‍ കുതിര്‍ത്തതും പച്ചരി ചോറും ഒക്കെ ചേര്‍ന്ന വളരെ സാത്വികമായ സസ്യാഹാരമാണ് അവിടെ ലഭിക്കുന്നത്.നിലത്ത് പായ വിരിച്ചിരുന്നു പ്രാര്‍ത്ഥനയ്ക്ക്  ശേഷം വേണം ഭക്ഷണം കഴിക്കുവാന്‍,കഴിച്ചു കഴിഞ്ഞാല്‍ സ്വന്തം പാത്രം കഴുകി അവിടെ സ്ഥാപിച്ചിരിക്കുന്ന സ്റ്റാന്‍ഡ് കളില്‍  വയ്ക്കേണ്ടതുണ്ട്.ശബ്ദം ഒരു സ്ഥലത്തും പാടില്ല,എല്ലാവരും എല്ലാവരെയും ബഹുമാനിച്ചു കൊണ്ട് ശബ്ദം താഴ്ത്തി അത്യാവശ്യം മാത്രമേ സംസാരിക്കുക പതിവുള്ളൂ.അറിയേണ്ട കാര്യങ്ങള്‍ മിക്കവയും ഒരു പേപ്പറില്‍ എഴുതി പ്രദര്‍ശിപ്പിക്കും അങ്ങനെയാണ് ആശയ വിനിമയം.താമസ സ്ഥലങ്ങള്‍ക്ക് സമീപത്തായി വിശാലമായ ഒരു മൈതാനമുണ്ട് . മൈതാനത്തിന്റെ ഒരരികില്‍ ധാരാളം കൊഴുത്തുരുണ്ട പശുക്കളും ,കിടാങ്ങളുമായി ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്ന  ഒരു ഗോശാല കാണാം.ചെറുമരങ്ങളും, ഫലവൃക്ഷങ്ങളും, അവയിലാകെ പടര്‍ന്നു ഒരു വര്‍ണ്ണ പ്രപഞ്ചം തന്നെ കാഴ്ച വയ്ക്കുന്ന ലതാ ഗൃഹങ്ങളും അതിരിടുന്ന ആ മൈതാനത്ത് കൂടി എത്ര നടന്നാലും മതി വരില്ല.സൂര്യദേവ പ്രണയിനിമാരായ താമരപ്പൂക്കളും, ഇന്ദു കാമിനിമാരായ കുമുദങ്ങളും നിറഞ്ഞു  നില്‍ക്കുന്ന പൊയ്കകള്‍ക്കരികിലൂടെ സുഗന്ധ വാഹിയായ കുളിര്‍ തെന്നലേറ്റ് ഒരു പുലര്‍കാല നടത്തം തരുന്ന മാനസ്സികോല്ലാസം എത്രയെന്നു പറഞ്ഞാല്‍ തീരില്ല .മൈതാനത്തിന്റെ ദൂരെ ഒരറ്റത്ത്  ഒരു ഹെലിപ്പാട് ഉണ്ട്,സദ്ഗുരു ഒരേസമയം ആത്മീയാചാര്യനും ,കോപ്റ്റര്‍ പറത്തുന്ന അള്‍ട്രാ മോഡേണുമാണെന്നുള്ളതിന്റെ തെളിവുകളാണ് ഇതൊക്കെ. ചെത്ത്‌ ബൈക്കില്‍ ചെത്ത് വേഷമിട്ട് കൂളിംഗ് ഗ്ലാസും വച്ച് സ്റ്റയിലില്‍ പാഞ്ഞു പോകും.അല്ലാതെ കാവിയുടുത്ത്‌ സന്യാസം എന്നും പറഞ്ഞ് ആള്‍ക്കാരെ പറ്റിച്ച് ഒരിടത്ത് ചടഞ്ഞുകൂടിയിരിപ്പല്ല--ലോക നന്മയക്കായി കര്‍മ്മ നിരതനായി നിലകൊള്ളുന്ന  വ്യത്യസ്തനായ ഈ  മനുഷ്യന്‍ ചെയ്യുന്നത് .

“ലിംഗ ഭൈരവി ദേവി” ക്ഷേത്രവും,”ധ്യാനലിംഗ സന്നിധിയും” നന്ദികേശ്വരനുമാണ്  ആശ്രമത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങള്‍ .പൌര്‍ണ്ണമി, അമാവാസി ,ശിവരാത്രി തുടങ്ങിയ വിശേഷപ്പെട്ട ദിവസങ്ങളില്‍ വളരെക്കാലം പരിശീലനം ലഭിച്ച ഇഷയിലെ ചുണക്കുട്ടന്മാര്‍ ദേവിയെ  പ്രത്യേക രീതിയിലുള്ള ചുവടു വയ്പ്പോടെ ക്ഷേത്ര നടയില്‍ നിന്നും അര്‍ദ്ധ വൃത്താകൃതിയിലുള്ള ധ്യാനലിംഗ കൂടാരം വലം വച്ച്   മുന്‍വശത്തുള്ള വലിയ “നന്ദികേശ്വര ” പ്രതിമയ്ക്ക് അടുത്തേക്ക് എഴുന്നള്ളിച്ചു കൊണ്ടു വരും.പരിശീലനം ലഭിച്ച കലാകാരന്മാരുടെ സംഗീത മേള വാദ്യ അകമ്പടിയോടെ പന്തങ്ങളുടെ പ്രഭയില്‍ പ്രത്യേക ചുവടുകളോടെ ഭക്ത്യാദരപൂര്‍വം പൂര്‍വ്വം എഴുന്നെള്ളിക്കപ്പെടുന്ന ദേവിയെ കുറച്ചു നേരത്തെ ചടങ്ങിനു  ശേഷം തിരിച്ച് ശ്രീകോവിലിലേക്ക് കൊണ്ടു പോകും.ഒരു വൃക്ഷ മുത്തശ്ശന്‍ ഈ കാഴച്ചകള്‍ക്ക് സാക്ഷിയായി നന്ദികേശ്വരന്റെ മുന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട് .ഏറ്റവും പ്രധാനപ്പെട്ടതും ഗംഭീരവുമായ നിര്‍മ്മിതിയായ അര്‍ദ്ധവൃത്താകൃതിയിലുള്ള കരിങ്കല്‍  കൂടാരത്തിലാണ് ധ്യാനലിംഗപ്രതിഷ്ഠയുള്ളത് .നിശബ്ദത തളം കെട്ടി നില്‍ക്കുന്ന ഈ കൂടാരത്തിനുള്ളിലെ അരണ്ട വെളിച്ചത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ശിവലിംഗത്തിന് ചുറ്റും ചെറിയ ഒരു കുളമുണ്ട്.അതില്‍ ഭക്തര്‍ അര്‍പ്പിക്കുന്ന താമരപ്പൂക്കള്‍  ലിംഗ പ്രദക്ഷിണം വച്ച് കൊണ്ടേയിരിക്കും.കൂടാരത്തിനകത്ത്‌ ഏറ്റവും മുകളില്‍ നിന്ന് ജലം കണികയായി നിര്‍വിഘ്നം ശിവലിംഗത്തിന് മുകളില്‍ സദാ വീണു കൊണ്ടേയിരിക്കും ശിവരാത്രി നാളില്‍   മന്ത്രോച്ചാരണത്തോടു സദ്ഗുരു ഈ ബ്രഹത് ശിവലിംഗത്തില്‍ അഭിഷേകം നടത്തുന്ന ദൃശ്യങ്ങള്‍ നമ്മില്‍ പലരും മുന്‍പ് കണ്ടുകാണും.സാധകര്‍ക്ക് ഇവിടെ ജല അഭിഷേകം, ക്ഷീര അഭിഷേകം എന്നിവ  ചെയ്യുവാനവസരമുണ്ട്.ചെമ്പ് കുടങ്ങളില്‍ നിര്‍മ്മലമായ ജലം നിറച്ച് ,ചൈതന്യം തിളങ്ങുന്ന കണ്ണുകളോടെ വിനയാന്വിതരായി സന്നദ്ധ സേവകര്‍ എപ്പോഴും അവിടെ സഹായത്തിനുണ്ടാകും, ചെറിയ ഒരു കോണി കയറി വേണം അഭിഷേകം നടത്തുവാന്‍ . പ്രഭാതത്തില്‍ ആറു മണി മുതല്‍ ഇവിടെ പ്രവേശനം ഉണ്ട്.അഭിഷേക ശേഷം ഇറങ്ങി വരുന്നവരെ  അല്‍പ നേരം കൂടാരത്തിനുള്ളില്‍ സ്വസ്ഥമായി  ഇരിക്കുവാനായി വോളണ്ടിയര്‍മാര്‍ ആനയിക്കും.അങ്ങനെ എത്രയോ സമയം ധ്യാന നിരതരായിരുന്നു കൊണ്ട്  ശാന്തിയുടെ ധവളിമയില്‍  സായൂജ്യം തേടുന്ന സത്യാന്വേഷികളെ അവിടെ ധാരാളം കാണാം .ഹിമാലയ  സാനുക്കളിലെ തണുപ്പ്  അനുഭവ വേദ്യമാകുന്ന ആ കരിങ്കല്‍ കൂടാരത്തിനുള്ളില്‍ കൈലാസേശ്വരനായ,സാക്ഷാല്‍  മംഗള സ്വരൂപനായ ശിവ ദര്‍ശനം സാക്ഷാത്കരിക്കപ്പെടുന്നു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല.എല്ലാ ദിവസവും ഈ സന്നിധിയില്‍ രണ്ടു നേരം അര മണിക്കൂര്‍ വീതം “നാദ ആരാധന “ നടത്തുന്നുണ്ട്.ശുദ്ധവും മധുരവും സുന്ദരവും കര്‍ണ്ണ പുടങ്ങള്‍ക്ക് ഏറ്റവും യോജിച്ചതുമായ  ശബ്ദത്തില്‍  ഒഴുകിയെത്തുന്ന ഈ സംഗീതധാര നാം അറിയാതെ നമ്മുടെ മനസ്സിനെ അലകളില്ലാത്ത ഒരു സരോവരമാക്കി തീര്‍ക്കുന്നു .

നന്ദികേശ്വരന്‍
ലിംഗഭൈരവി ദേവി  

ധ്യാനലിംഗം
ആമ്പല്‍കുളങ്ങള്‍

ഓംകാര ധ്യാനം,ഉപ് യോഗ ക്രിയ തുടങ്ങിയ ചില സാധനകള്‍  ദേവീ ക്ഷേത്രത്തിനു സമീപമുള്ള സാധന ഹാളില്‍  ഇംഗ്ലിഷിലും ,തമിഴിലുമായി നടത്തി വരുന്നു.സാധന ഹാളില്‍ നിന്ന്  ധ്യാനലിംഗ കൂടാരത്തെ ചുറ്റി വരുമ്പോള്‍  “ചന്ദ്ര കുണ്ഡ്” കാണാം.അവിടെ സ്ത്രീകള്‍ക്ക് വെള്ളത്തില്‍ ഒന്നു മുങ്ങി നിവരാനുള്ള സൗകര്യവും  സ്വകാര്യതയും ഒരുക്കിയിട്ടുണ്ട്  .ഞങ്ങള്‍ പോയ സമയത്ത്  20 രൂപയായിരുന്നു ഇതിനുള്ള ചാര്‍ജ്ജ്. ഇത് പോലെ തന്നെ നന്ദി പ്രതിമയ്ക്ക്  പിന്നിലായി പുരുഷന്മാര്‍ക്കായി ‘സൂര്യകുണ്ഡ് ‘ഉണ്ട് ,അവിടെ വെള്ളത്തിനടിയില്‍ മൂന്ന് ശിവലിംഗം ഉള്ളതായി കണ്ടു .ധ്യാന ലിംഗ സന്നിധിയ്ക്ക്  കുറച്ച് അകലെയായി ഒരു ചെറിയ ഭക്ഷണ ശാലയും ,വസ്ത്ര ശാലയും,കരകൌശല സാധനങ്ങള്‍ വില്‍ക്കുന്ന ഒരു സ്റ്റോറും ഉണ്ട്.ഗ്രാമവാസികള്‍ നെയ്തെടുക്കുന്ന പരുത്തി വസ്ത്രങ്ങളും ഷാളുകളും,ഒക്കെ ഒരിടത്ത് ,മറ്റൊരിടത്ത്,ചന്ദനത്തിരി,സുഗന്ധ ദ്രവ്യങ്ങള്‍,തേന്‍ ,തേയില ..ചെമ്പ് പാത്രങ്ങള്‍ ,തുണി ബാഗുകള്‍ ,ആത്മീയമായ പുസ്തകങ്ങള്‍ ,സദ്ഗുരുവിന്റെ രചനകള്‍ ഇങ്ങനെ അനേകം വസ്തുക്കള്‍ അവിടെ നിന്ന് ലഭിക്കും,വില അല്‍പ്പം കൂടുതലാണെന്ന് മാത്രം .ഉത്പാദകര്‍ക്ക് ജീവനോപാധി ആയതിനാലാകം വില കൂടുന്നത്.

ചെത്തിയും മന്ദാരവും അതിരിട്ടു നില്‍ക്കുന്ന ‘സൂര്യകുണ്ഡ്’ കടന്നു മുന്നോട്ട് നടന്നെത്തുന്നത് മറ്റൊരു ഭക്ഷണ ശാലയിലേക്കാണ്.ഭിക്ഷ ഹാളില്‍ കാപ്പി ചായ ഇവയൊന്നും കിട്ടുകയില്ലല്ലോ, ഇവ ആവശ്യമുള്ളവര്‍ക്ക്  ഇവിടെയോ, മുന്‍പ് പറഞ്ഞ കടയിലോ വില കൊടുത്ത്  ചായയും പലഹാരങ്ങളും വാങ്ങി കഴിക്കാം.പുറത്തെ ഭക്ഷണശാല കടന്നു മുന്നോട്ട് പോകുമ്പോള്‍ “സര്‍പ്പ വാസല്‍” കാണാം.മഹാദേവന്റെ കാവല്‍നാഗം ഫണം ഉയര്‍ത്തി നില്‍ക്കുന്ന ഗംഭീരമായ ആ കവാടത്തില്‍  സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ട്.കവാടത്തിനു മുന്നിലൂടെ നരസിപുരം റോഡ്‌ കടന്നു പോകുന്നു,ആ റോഡ്‌ മുറിച്ചു കടന്നു ചെല്ലുന്ന സ്ഥലത്ത് കാളവണ്ടികളും ,ശിവ വാഹനമായ കാളക്കൂറ്റന്‍മാരും നിരന്നിരിക്കും.വൈകുന്നേരങ്ങളില്‍ ഒരാള്‍ക്ക് 10 രൂപ  കൊടുത്താല്‍ കുറച്ചകലെയുള്ള “ആദിയോഗി “പ്രതിമയ്ക്ക് അടുത്തേക്ക്  കാളവണ്ടിയില്‍  യാത്ര ചെയ്ത് പോകാവുന്നതാണ് .



                                                             സര്‍പ്പവാസല്‍ .
കാളവണ്ടികള്‍ 

വണ്ടിത്താവളത്തിന്റെ ഒരു വശത്ത് ആശ്രമത്തില്‍ താമസത്തിനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവും മറുവശത്ത് ഭക്ഷണ ശാലകളും, മറ്റ് കടകളും കാണാം.ആദിയോഗിയിലേക്കുള്ള പാതയില്‍ കണ്ണുകള്‍ക്ക് ആനന്ദമായി ഇരുവശങ്ങളിലും ഇഷയുടെ കൃഷി സ്ഥലങ്ങളും ,കാതിനിമ്പമായി സദ്ഗുരുവിന്റെ ശബ്ദത്തില്‍ ചെറിയ സ്പീക്കറുകളിലൂടെ ഒഴുകി വരുന്ന ശിവ സ്തുതിയും കേട്ട്  നടക്കുന്നത്  വലിയ അനുഭവമാണ്.

“യോഗ യോഗ  യോഗേശ്വരായ...ഭൂത  ഭൂത ഭൂതേശ്വരായ...കാല കാല കാലേശ്വരായ

ശിവ ശിവ സര്‍വ്വേശ്വരായ....ശംഭോ ശംഭോ മഹാദേവായ.....”

ആദിയോഗി –


                                                 ആദിയോഗി അര്‍ദ്ധകായ പ്രതിമ



ഇഷ ഫൌണ്ടേഷന്‍ എന്നു പറയുമ്പോള്‍ പലരുടെയും മനസ്സിലെത്തുന്നത് മഹാദേവന്റെ ഭീമാകാരമായ ഒരു അര്‍ദ്ധകായ പ്രതിമയാണ്.  ടി വിയിലും മറ്റും  ഇവിടെ നടക്കുന്ന ശിവരാത്രി ആഘോഷങ്ങള്‍ കണ്ടുള്ള ഒരു ധാരണയുമാണ്‌ ഇതിന്റെ പിന്നിലുള്ളത്, ഇഷയില്‍ ഫോട്ടോഗ്രാഫി അനുവദിച്ചിട്ടുള്ള ഏകസ്ഥലവും ഇത് തന്നെ .വളരെ വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ്  ജാതി, മതങ്ങള്‍ എന്നിവയൊക്കെ ഉണ്ടാകുന്നതിനുമപ്പുറമുള്ള ഒരു കാലത്ത് ‘ആദിയോഗി’ അതായത് സാക്ഷാല്‍ ശ്രീ പരമേശ്വരനാണ് “ യോഗ ശാസ്ത്രം” ഏഴ് സത്യാന്വേഷികളായ  സപ്ത ഋഷികള്‍ മുഖേന  മനുഷ്യരാശിയ്ക്ക്  നല്‍കിയത് എന്നറിയാന്‍ കഴിഞ്ഞു .മോക്ഷത്തിലേക്ക് തുറക്കുന്ന  യോഗ മാര്‍ഗ്ഗങ്ങള്‍ മാനുഷിക  പരിമിതികള്‍ മറികടന്ന്  അനശ്വരവും സദാ പ്രകാശിക്കുന്ന സത്യവസ്തുവിനെ തിരിച്ചറിയുവാനുള്ള വിശാലവും സുതാര്യവും സുഗമവുമായ വാതായനങ്ങളാണ് . ഓരോ വ്യക്തിയും സ്വയം ഉയരുമ്പോള്‍ ഈ പ്രപഞ്ചം തന്നെ ഉയരുകയാണെന്നതാണ്   വാസ്തവം.ഇതിനായി  112 യോഗ മാര്‍ഗ്ഗങ്ങളാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. മഹാദേവനാല്‍ നിയുക്തനെന്ന പോലെ,സപ്ത ഋഷികളാല്‍ നയിക്കപ്പെട്ടവനെന്ന പോലെ ഈ കലിയുഗത്തില്‍ യോഗി വര്യനായ ,ജ്ഞാനോദയം ലഭിച്ച സദ്ഗുരു മനുഷ്യര്‍ക്ക് അവബോധം നല്‍കുന്നതിനായി ആശ്രമവും,സ്റ്റീലില്‍ നിര്‍മ്മിച്ച 112 അടി ഉയരമുള്ള ആദിയോഗി പ്രതിമയും സ്ഥാപിച്ചു.2017 മഹാ ശിവരാത്രി നാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിജിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. മഹാശിവരാത്രി ദിവസം രാത്രി വെളുക്കുവോളം ഇവിടെ സ്വദേശികളും , വിദേശികളുമായ പ്രഗത്ഭ കലാകാരന്മാരും ,കലാകാരിമാരും ഒരുക്കുന്ന കലാപരിപാടികള്‍ അരങ്ങേറുക പതിവാണ്.വിശേഷ ദിവസങ്ങളില്‍ മാത്രം ആദിയോഗിയില്‍ നടന്നിരുന്ന ലേസര്‍ ഷോ ഇപ്പോള്‍ എല്ലാ ദിവസവും നടത്തുന്നതായി അറിയാന്‍ കഴിഞ്ഞു.അനേകായിരം ആളുകള്‍ ജാതിമത ഭേദമെന്യേ ശാന്തി തേടി എത്തുന്ന ഭൂമിയിലെ സ്വര്‍ഗ്ഗമായ “ഇഷയുടെ” സ്ഥാപകന്‍ സദ്ഗുരുവിന്റെ മനസ്സില്‍ ഉടലെടുത്ത മഹത്തായ ചിന്തകള്‍ക്ക് കോടി പ്രണാമം.

ഗ്രാമീണ ഉന്നമനം ,പാരിസ്ഥിതിക സംരക്ഷണം ,വിദ്യാഭ്യാസ പരിഷ്കരണം ,വനവത്ക്കരണം,പ്രകൃതി പരിപാലനം ,ഇങ്ങനെ സ്നേഹത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ട്   മനുഷ്യാവബോധം വളര്‍ത്തുന്ന ആത്മീയാചാര്യന്‍ ജഗ്ഗി വാസുദേവ്  എന്ന സദ്‌ഗുരുവിനെ  2017ല്‍ പത്മാവിഭൂഷണ്‍ നല്‍കി രാഷ്ട്രം ആദരിച്ചു.കൂടാതെ ഇന്ദിരാഗാന്ധി പര്യാവരണ്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സംസ്കൃതം,ഇംഗ്ലിഷ് ,കര്‍ണ്ണാടക സംഗീതം,ഭരതനാട്യം യോഗ എന്നിവ പഠിപ്പിക്കുന്ന “ഇഷ സംസ്കൃതി” എന്ന ഇവിടത്തെ  വിദ്യാഭ്യാസ സ്ഥാപനത്തിലൂടെ കുട്ടികളെ സര്‍വ്വകലാശാലകള്‍ക്ക്  വേണ്ടിയല്ല സര്‍വ്വ പ്രപഞ്ചത്തിനും വേണ്ടിയാണ് തയ്യാറാക്കുന്നതെന്ന് സദ്ഗുരു വ്യക്തമാക്കുന്നു.(Not for a University, but for the whole Universe)

അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി വിജയകുമാരി വര്‍ഷങ്ങള്‍ക്കു മുമ്പ്  മഹാസമാധി പദം പ്രാപിച്ചു. .ഏകമകള്‍ ഭരതനാട്യ നര്‍ത്തകിയും അവരുടെ ഭര്‍ത്താവ് പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ സന്ദീപ്‌ നാരായണനുമാണ്.

ഇപ്പോള്‍ മണ്ണ് സംരക്ഷണതിനായി  ‘save soil”നടത്തുന്ന 100 ദിവസത്തെ ബൈക്ക് യാത്ര പരിപൂര്‍ണ്ണ ഫലം കാണട്ടെ എന്ന് നമുക്ക്  ആശംസിക്കാം ,ഒപ്പം അതിനു വേണ്ടി എല്ലാവര്‍ക്കും ഒരു മനസ്സോടെ പ്രയത്നിക്കാം.

തലപ്പാവ് ധരിച്ച് ,ഊര്‍ജ്ജസ്വലതയും   നിശ്ചയദാര്‍ഢ്യവും സ്നേഹവും  തിളങ്ങുന്ന കണ്ണുകളും ശക്തമായ വാക്കുകളുമായി ഫലിതം പറഞ്ഞ് കുലുങ്ങി ചിരിക്കുന്ന ആ ചെറിയ വലിയ മനുഷ്യന്റെ മാനസ സരോവരത്തില്‍ മനുഷ്യ സ്നേഹത്തിന്റെ ,ലോകനന്മയുടെ എത്രയോ എത്രയോ താമരപ്പൂക്കള്‍ വിടരുവാനിരിക്കുന്നു .....



പ്രണാമം ഗുരുജി

18/03/2022 &19/03/2022 

2020 ഫെബ്രുവരി 12, ബുധനാഴ്‌ച


കൊല്ലൂര്‍ മൂകാംബികാ ദേവി സന്നിധിയില്‍
                         -നന്ദ-
 വെങ്കടാചലപതി ദർശനത്താൽ ധന്യരായ ഞങ്ങളെ  തിരുപ്പതി വിമാനത്താവളത്തിൽ  നിന്ന് എട്ടു മണിയോടെ പുറപ്പെട്ട പ്രോപ്പെല്ലര്‍ വിമാനം 45 മിനിട്ട് കൊണ്ട്  ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. പ്രഭാത ഭക്ഷണം വിമാനത്തില്‍ ലഭിക്കത്തക്കവണ്ണം ബുക്ക്‌ ചെയ്തിരുന്നതിനാല്‍ നല്ല പോഷകാഹാരങ്ങളായ ബ്രെഡും, ജാമും, ജൂസും, നട്ട്സും ഒക്കെ  കഴിച്ച് ഊര്‍ജ്ജസ്വലരായിട്ടാണ് ഞങ്ങള്‍ ബാംഗളൂരില്‍ എത്തിയത്. തുടര്‍ന്ന് മാംഗളൂരിലേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ് മൂന്നര മണിയ്ക്കൂർ ഇടവേള കഴിഞ്ഞ് ഒന്നരയ്ക്കായിരുന്നു പുറപ്പെടുന്നത് .  തിരുപ്പതി എയര്‍പോര്‍ട്ടില്‍ നിന്ന് ബോര്‍ഡിംഗ് പാസ് എടുത്തിരുന്നത് കൊണ്ട് നേരെ സെക്യൂരിറ്റി ചെക്കും കഴിഞ്ഞ്  ലോഞ്ചിലേക്ക് പോകാന്‍ സാധിച്ചു എന്നത് അവിടത്തെ തിരക്കും മറ്റും കണ്ടപ്പോള്‍ വലിയ നേട്ടമായി തോന്നി. നാല് മണിക്കൂറോളം കണക്ഷന്‍ ഫ്ലൈറ്റിനു വേണ്ടിയുള്ള കാത്തിരിപ്പില്‍ ലഭിക്കുന്ന “ലോഞ്ച് ആക്സ്സസും” ഭക്ഷണ വൈവിധ്യ ലഭ്യതയും എന്നെ സംബന്ധിച്ച് പുതിയ കാര്യങ്ങളായിരുന്നു. എല്ലാവര്‍ക്കും പ്ലാറ്റിനം എ റ്റി എം കാര്‍ഡോ തത്തുല്യമായ കാര്‍ഡുകളോ ഉണ്ടായിരുന്നതു കൊണ്ട് വി ഐ പി ലോഞ്ചില്‍ യഥേഷ്ടം വിശ്രമിക്കാനും  വെറും രണ്ടു രൂപയ്ക്ക് ഇഷ്ടമുള്ള ഭക്ഷണം എത്ര വേണമെങ്കിലും കഴിക്കാനുമുളള അവസരവും ലഭിച്ചു. മകന്‍റെ കാര്‍ഡിന് മാത്രം 25 രൂപ എടുത്തതായി മെസ്സേജ് വന്നു, നോണ്‍ റെസിഡന്‍റ് ആയതു കൊണ്ടാകാം അങ്ങനെ വന്നതെന്ന്  ആദ്യം കരുതിയെങ്കിലും ചില കാര്‍ഡിന് സ്വൈപ്പിംഗ് ചാര്‍ജ്ജ് വ്യത്യാസം ഉണ്ടെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. കാര്‍ഡില്ലെങ്കില്‍ ഒരാള്‍ക്ക്‌ 'ലോഞ്ച് ഭാഗ്യം' ലഭിക്കാന്‍  ആയിരത്തി അഞ്ഞൂറ് രൂപയാണെന്ന് ആലോചിക്കുമ്പോള്‍ ഇതെത്ര നിസ്സാരം. ഏതായാലും ഇങ്ങനെ ചുളുവില്‍ ഭക്ഷണം ഇവിടെ കിട്ടുമെന്നറിഞ്ഞിരുന്നെങ്കില്‍ ഫ്ലൈറ്റില്‍ നിന്ന് ബ്രെഡ്‌ കഴിക്കില്ലായിരുന്നുവെന്ന് ഞാന്‍ ചിന്തിച്ചു പോയി. ഫ്രൈഡ് റൈസ്, ബിരിയാണി, ചപ്പാത്തി പൂരി, പൊറോട്ട, വിവിധയിനം മസാലക്കറികള്‍, ജൂസുകള്‍, ബോണ്‍വിറ്റ, ഹോര്‍ലിക്സ്, ചായ, കാപ്പി, ഗ്രീന്‍ ടീ, പിന്നെ എനിക്ക് പേരറിയില്ലാത്തതും, ഓര്‍മ്മ വരാത്തതുമായി നിരവധി ഭക്ഷണ സാധനങ്ങള്‍  ഒരു ഹാളില്‍ നിരത്തി വച്ചിരിക്കുകയായിരുന്നു . ഇഷ്ടമുള്ളതൊക്കെ ആവശ്യം പോലെ എടുത്ത്  കഴിക്കാം, എന്ത് ചെയ്യാം നല്ലവണ്ണം  ഭക്ഷണം കഴിച്ചു ശീലിക്കാതെ കുടല്‍ ഉണങ്ങിപ്പോയ ഞാന്‍ ആഹാര വൈവിദ്ധ്യം ആസ്വദിക്കാനാകാതെ  വല്ലാതെ ദു:ഖിച്ച ഒരവസ്ഥയിലായിപ്പോയി. ഏതായാലും  ബോര്‍ഡ് ചെയ്യാന്‍ കുറച്ചു സമയം ബാക്കി ഉണ്ടായിരുന്നത് കൊണ്ട്  ഉള്ള ഇടവേളയില്‍  എന്നെക്കൊണ്ട് പറ്റുന്നതൊക്കെ കഴിച്ചു ഞാനും സംതൃപ്തിയടഞ്ഞു. വിഭവ സമൃദ്ധമായ ഭക്ഷണം കഴിഞ്ഞ് ഫ്ലൈറ്റില്‍ കയറിയപ്പോള്‍ ദാ വരുന്നു, നേരത്തേ ബുക്ക് ചെയ്തു  വച്ചിരുന്ന ലഞ്ച്, സാന്‍ വിച്ച് , പഴങ്ങള്‍ ജൂസ് എല്ലാം കൂടി, ഇനി പൊന്നു കൊണ്ട് പുളിശ്ശേരി ഉണ്ടാക്കി തരാമെന്നു പറഞ്ഞാലും മൂന്നു നാല് മണിക്കൂര്‍ നേരത്തേക്ക് എന്നെക്കൊണ്ട് ആവില്ല എന്തെങ്കിലും കഴിക്കാന്‍. ഇതിനോടകം കഴിച്ച ഭക്ഷണം ദഹിപ്പിക്കാന്‍ പാട് പെടുന്ന ശരീരം ഒന്ന് മയങ്ങുവാനുള്ള കമാന്‍ഡാണ് പുറപ്പെടുവിച്ചിരുന്നത്.  അതുകൊണ്ട് നീലക്കുഞ്ഞുടുപ്പുകളിട്ട് ,ചോര കുടിച്ചതു പോലെ ചുവന്ന ചുണ്ടുകളില്‍ വിരിയിച്ചെടുത്ത ചിരിയുമായി വന്ന പട്ടിണിക്കോലങ്ങളായ ആകാശ സുന്ദരിമാര്‍ തന്ന ഭക്ഷണം എടുത്ത് ബാഗില്‍ വച്ചു. രാത്രിയിലെ ഭക്ഷണമായി ഇത് കഴിച്ചാല്‍ മതിയല്ലോ, ഏതായാലും പണം കൊടുത്തതല്ലേ !
ഇതിനോടകം ഞങ്ങളുടെ ബാഗേജുകള്‍ നേരിട്ട് മാംഗ്ലൂര്‍ വിമാനത്തിലേക്ക് മാറ്റിയിരുന്നു, അത് നമ്മുടെ ചുമതല അല്ലെന്നത്  വലിയ ആശ്വാസമായി തോന്നി. വിമാനത്തിലെ തണുപ്പില്‍ ഒന്ന് മയങ്ങി കണ്ണ്‍ തുറന്നപ്പോഴേക്കും നമ്മുടെ ലക്ഷ്യസ്ഥാനത്തിനു മുകളില്‍ കോഴിക്കുഞ്ഞിനെ റാഞ്ചാന്‍ വരുന്ന പരുന്തിനെ പോലെ വിമാനം വട്ടമിട്ടു പറന്നു തുടങ്ങിയിരുന്നു. 35 മിനിറ്റ് കൊണ്ട് മാംഗ്ലൂര്‍ വിമാനത്താവളത്തില്‍  എത്തിയ ഞങ്ങള്‍ ബാഗുകളും എടുത്ത് പുറത്ത് വന്നപ്പോഴേക്കും പറഞ്ഞു വച്ചിരുന്ന ഇന്നോവ കാറും ഡ്രൈവറും തയ്യാറായി വന്നിട്ടുണ്ടായിരുന്നു. കൊല്ലൂരില്‍ എത്തുവാന്‍ മൂന്നു മണിക്കൂറോളം യാത്ര  ചെയ്യേണ്ട ഈ കാര്‍ സത്യത്തില്‍ അറിഞ്ഞോ അറിയാതെയോ ഞങ്ങള്‍ക്ക് ഒരു പാരയായിപ്പോയി. കാരണം അതില്‍ കയറി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മുതല്‍ എല്ലാവര്‍ക്കും എന്തോ ചെറിയ അസ്വസ്ഥത തോന്നിത്തുടങ്ങി , എന്തോ ഒരു പന്തികേട് , എന്താണെന്ന് മാത്രം ആർക്കും   മനസ്സിലായില്ല. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എനിക്കും ,മകനും ചെറുതായി തൊണ്ട വേദനിച്ചു തുടങ്ങി, ചെറിയ മയക്കത്തില്‍ ആണെങ്കില്‍ പോലും രമയും ജയന്‍ ചേട്ടനും നന്നായി ചുമയ്ക്കുന്നുമുണ്ടായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചായ കുടിക്കുവാനായി വഴിയോരത്തുള്ള ‘വൃന്ദാവന്‍ നെസ്റ്റ്’ എന്നൊരു ഹോട്ടലില്‍ കയറി. എല്ലാവരും ചായയും പലഹാരവും കഴിച്ചെങ്കിലും തൊണ്ട വേദനയും, ഉച്ചയ്ക്ക് കഴിച്ച അമിത ഭക്ഷണവും കാരണം എനിക്ക് ഒന്നും കഴിക്കാന്‍ കഴിഞ്ഞില്ല. മാംഗ്ലൂരില്‍ നിന്ന് ഏകദേശം 126 കി മീ ദൂരമാണ് കൊല്ലൂര്‍ വരെ. അനുനിമിഷം വര്‍ദ്ധിച്ചു വന്ന തൊണ്ടവേദന കാരണം മയങ്ങാനോ വഴിയോരക്കാഴ്ച്ചകള്‍ ആസ്വദിക്കാനോ എനിക്ക് സാധിച്ചില്ല. എങ്ങനെയെങ്കിലും ആ കാര്‍ യാത്ര ഒന്നവസാനിച്ചു കിട്ടിയാല്‍ മതിയെന്ന് കരുതി മന;പൂര്‍വ്വമായി ഉമിനീരിറക്കാതെ  ആ ശകടത്തില്‍ ഞാന്‍ വളഞ്ഞു കുത്തിയിരുന്നു . വൈകുന്നേരം ആറു മണിയോടെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനു സമീപത്തുള്ള മഹാലക്ഷ്മി റെസിഡന്‍സിയില്‍ ചെന്നെത്തിയ ഞങ്ങള്‍ക്ക് അവിടെ നല്ല സ്വീകരണമാണ് ലഭിച്ചത്. നല്ല പെരുമാറ്റമുള്ള ഹോട്ടല്‍ ജീവനക്കാരും വൃത്തിയും വെടിപ്പുമുള്ള മുറികളും ചേർന്ന് , അവിടത്തെ  താമസം ഞങ്ങള്‍ക്ക്  ഹൃദ്യമായ ഒരനുഭവമാക്കി തന്നു. ചെക്കിന്‍ പരിപാടികള്‍ കഴിഞ്ഞ് മുറിയില്‍ എത്തിയപ്പോഴേക്കും എല്ലാവരുടെയും  ബാഗുകള്‍ യഥാസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാര്‍ വളരെ ആദരവോടെ എത്തിച്ചു തന്നു. മുറിയില്‍ നിന്നാല്‍ തന്നെ മൂകാംബികാ ദേവി പുറത്ത് എഴുന്നെള്ളി പ്രദിക്ഷണം വയ്ക്കുന്നത് കാണാമായിരുന്നുവെന്നതും, ഹോട്ടലിന്‍റെ താഴത്തെ നിലയില്‍ നല്ല രുചിയുള്ള ഭക്ഷണം ലഭിക്കുന്ന ഒരു റേസ്റ്റോറന്‍റ് ഉണ്ടായിരുന്നു എന്നുള്ളതും എടുത്തു പറയേണ്ട കാര്യങ്ങളായിരുന്നു . 
 മൂന്നു വര്‍ഷം മുന്‍പ് ഡിസംബര്‍ ഒന്നാം തീയതിയിലേക്ക്  ബുക്ക്‌ ചെയ്തിരുന്ന ‘ചണ്‍ഡികാ ഹോമ’ത്തിന്‍റെ കാര്യങ്ങള്‍ ഉറപ്പിക്കുന്നതിനായി  ചെന്നയുടന്‍ തന്നെ കുളി കഴിഞ്ഞ് സന്ധ്യയോടെ രമ ക്ഷേത്രത്തിലേക്ക് പോയി. അതിനു മുന്‍പ് ഞങ്ങളെയും കൊണ്ടു വന്ന വാഹനം തിരിച്ചയക്കണോ അവിടെ വെയിറ്റ് ചെയ്യാന്‍ പറയണമോ എന്നൊരു ആലോചന ഉണ്ടായി. പിറ്റേ ദിവസം കുറച്ചകലെയുള്ള  മുരുടേശ്വര്‍ ക്ഷേത്രത്തിലും, ശൃംഗേരിയിലും ഒക്കെ പോകണമെന്നുണ്ടായിരുന്നു, പക്ഷെ എനിക്കും മകനും പനിയും തൊണ്ടവേദനയും അധികരിച്ചതോടെ എങ്ങും പോകേണ്ടതില്ല, ഒന്നാം തീയതി വഴിപാടും ഉച്ചഭക്ഷണവും കഴിഞ്ഞ് മാംഗ്ലൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഞങ്ങളെ കൊണ്ടു വിടാന്‍ വന്നാല്‍ മതിയെന്ന് നിര്‍ദ്ദേശം കൊടുത്ത് കാര്‍ പറഞ്ഞു വിട്ടു.
    കര്‍ണ്ണാടകയിലെ ഉടുപ്പി ജില്ലയിലുള്ള കുടജാദ്രി മലയടിവാരത്തില്‍ സൌപര്‍ണ്ണികാ നദിയുടെ തീരത്ത് കുടികൊള്ളുന്ന വാക് ദേവതയായ മൂകാംബികാ ദേവിയെ കൊല്ലൂരില്‍ പ്രതിഷ്ടിച്ചത് മഹാവിഷ്ണുവിന്‍റെ അവതാരമായ പരശുരാമന്‍ ആണെന്ന് പറയപ്പെടുന്നു.108 ശക്തി പീഠങ്ങളില്‍ വിശേഷ സ്ഥാനമുള്ള ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സ്വയംഭൂവായ ജ്യോതിര്‍ലിംഗമാണ്. സ്വര്‍ണ്ണ രേഖ കൊണ്ട് രണ്ടായി പകുത്തിരിക്കുന്ന ഈ ജ്യോതിര്‍ലിംഗത്തിന്‍റെ ഇടത്തെ പകുതിയില്‍ മൂന്ന് ദേവിമാരും,വലത്ത് ഭാഗത്ത്‌ ത്രിമൂര്‍ത്തികളുമാണെന്നാണ് സങ്കല്‍പ്പം. ശക്തിസ്വരൂപിണിയായ  ആദിപരാശക്തിയുടെ  രൂപങ്ങളായ സരസ്വതി ലക്ഷ്മി, പാര്‍വ്വതി എന്നീ ദേവതമാരും, ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരും കുടികൊള്ളുന്ന സ്വയംഭൂ ജ്യോതിര്‍ലിംഗത്തിനു പിറകിലായി അക്ഷര സ്വരൂപിണിയും, കലാ ദേവതയുമായ മൂകാംബികാ ദേവിയുടെ പഞ്ചലോഹ വിഗ്രഹവും ഉണ്ട്. ക്ഷേത്രത്തില്‍ നിന്ന് 21 കി മീ അകലെയുള്ള കുടജാദ്രി മലമുകളില്‍  വച്ച് പണ്ഡിത വരേണ്യനും അംശാവതാരവുമായ ആചാര്യസ്വാമി ജഗദ്‌ഗുരു ആദിശങ്കരന് ദേവി ഒരിക്കല്‍ പ്രത്യക്ഷയായത്രേ.വാണീ വരപ്രസാദം ലഭിച്ച മലയാളിയായ ആചാര്യ സ്വാമികളുടെ അപേക്ഷ പ്രകാരം കേരളത്തിലേക്ക് വരാമെന്ന് ഒരു വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍  ദേവി സമ്മതിച്ചുവത്രേ. ആചാര്യ സ്വാമി മുന്‍പേ നടക്കണം, ദേവി പിന്നാലെ വരും, ഇടയ്ക്ക് തിരിഞ്ഞു നോക്കരുത് ഇതായിരുന്നു വ്യവസ്ഥ. വളരെ നിസ്സാരമല്ലേ അദ്ദേഹം സമ്മതിച്ചു, രണ്ടു പേരും നടന്നു. ദേവിയുടെ പാദസരങ്ങളുടെ കിലുക്കം കേട്ടുകൊണ്ട് നടന്ന സ്വാമികള്‍ക്ക് കുറച്ചു കഴിഞ്ഞ് കിലുക്കം കേള്‍ക്കാതായപ്പോള്‍ ചെറിയ സംശയം തോന്നി. അദ്ദേഹം ഒന്നു തിരിഞ്ഞു നോക്കി, പോയില്ലേ ... പറഞ്ഞുറപ്പിച്ച കാര്യം തെറ്റിച്ചില്ലേ. ഈ സംഭവം കൊല്ലൂരില്‍ വച്ചായിരുന്നുവെന്നും, ആചാര്യസ്വാമികളാണ് ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചതെന്നും ഒരു ഐതീഹ്യം പറഞ്ഞു കേള്‍ക്കുന്നുണ്ട് . ഇനി മറ്റൊരു ഐതീഹ്യവും കേള്‍ക്കുന്നുണ്ട്, അത് എന്തെന്ന് വച്ചാല്‍ ഒരിക്കല്‍ ദുര്‍ഗ്ഗാ പ്രീതിക്കായി ഒരു മഹര്‍ഷിയും, മഹാദേവ പ്രീതിയാൽ  അമരത്വം ലഭിക്കാനായി ഒരു അസുരനും ഇവിടെ തപസ്സു ചെയ്തുവത്രേ. അസുരന്മാര്‍ക്കൊക്കെ അമരത്വം ലഭിച്ചാല്‍ ലോക സമാധാനവും സാധു സംരക്ഷണവും അവതാളത്തില്‍ ആകുമെന്നുള്ളത് കൊണ്ട്, അസുരന് മുന്നില്‍ മഹാദേവന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വരം ചോദിക്കാനാകാതെ ദേവി അയാളെ മൂകനാക്കിയത്രേ. ( ഇങ്ങനെയൊരു കാര്യം ഇന്ന് നമ്മുടെ രാജ്യത്തിലുള്ള ചിലരുടെയെങ്കിലും കാര്യത്തില്‍ ദേവി പ്രയോഗിച്ചിരുന്നെങ്കില്‍  എന്ന് ഞാന്‍ ആത്മാര്‍ഥമായി ആശിച്ചു പോകുന്നു ) ആ സംഭവത്തോടെ അമരത്വത്തിനു മോഹിച്ച അസുരന്‍ മൂകാസുരനായി മാറി. ഇതില്‍ കോപിഷ്ഠനായ അസുരന്‍ മഹര്‍ഷിയെയും, ദേവീ ഭക്തരെയും ഉപദ്രവിക്കാന്‍ തുനിഞ്ഞപ്പോള്‍ ദുര്‍ഗ്ഗാ ഭഗവതി പ്രത്യക്ഷപ്പെട്ട് മൂകാസുരനെ വധിച്ചുവെന്നാണ് പറയപ്പെടുന്നത്‌.
     തിന്മയ്ക്ക് ഒരിക്കലും നില നില്‍ക്കുവാനാകില്ലെന്നും നന്മ നീണാള്‍ വാഴുമെന്നും പുരാണങ്ങളും ഐതീഹ്യ കഥകളും നമ്മെ പഠിപ്പിച്ചു തരുമ്പോള്‍ അതിന്‍റെ സാരം മനസ്സിലാക്കി നാം സ്വയം ഉയര്‍ന്നാല്‍ നാടും, രാജ്യവും, എന്തിന് ലോകം തന്നെ എത്ര ശാന്ത സുന്ദരമായി തീരുമായിരുന്നു!!! 
    മൂകനെ വാചാലനാക്കാന്‍ കഴിവുള്ള വാക്കിന്‍റെ ദേവതയായ, ദേവി മൂകാംബികയെ കാണുവാന്‍ അനേകം  ആളുകളാണ്  ഓരോ ദിവസവും ക്ഷേത്രത്തിലെത്തുന്നത് . നാവില്‍ വാണീ ദേവി വാഴണമേ എന്ന പ്രാര്‍ത്ഥനയുമായി കുരുന്നുകളെയും കൊണ്ട് വിദ്യാരംഭത്തിനു വരുന്നവരുടെ തിരക്കാണ് നവരാത്രി നാളുകളില്‍. നാവില്‍ സരസ്വതീ നടനം ആഗ്രഹിക്കുന്ന സംഗീതജ്ഞരും കലാകാരന്മാരും മൂകാംബികാ ദേവിയെ അകമഴിഞ്ഞ് ഭജിക്കുന്നതിന്‍റെ കാരണവും ദേവീ പ്രീതിയില്ലെങ്കില്‍ സുകുമാര കലകള്‍ ഒന്നും തന്നെ ഉതകാതെ പോകും എന്നത് കൊണ്ട്  തന്നെയാണ്. സംഗീത സാഹിത്യാദികള്‍ സ്തനദ്വയങ്ങളായ സാക്ഷാല്‍ സരസ്വതീ ദേവിയുടെ അനുഗ്രഹം ലഭിച്ചവര്‍ പുണ്യാത്മാക്കളും പണ്ഡിതന്മാരും ആയിരിക്കുമെന്ന് ആരും പറയാതെ തന്നെ നമുക്ക് അനുഭവമുള്ളതാണല്ലോ. 
സൌപര്‍ണ്ണിക നദിയുടെ ഉത്ഭവ സ്ഥാനമെന്ന നിലയിലും നിരവധി ഔഷധ സസ്യ ജാലങ്ങളുടെ സങ്കേതമെന്ന നിലയിലും ദേവീ ചൈതന്യം നിറഞ്ഞ കുടജാദ്രിയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ആദിശങ്കരന്‍ തപസ്സു ചെയ്ത ചിത്രമൂല ഗുഹയും, ശങ്കരപീഠവും മൂകാംബികാ ദേവിയുടെ മൂലസ്ഥാനവും കുടജ പര്‍വതത്തില്‍ തന്നെയാണ്.
                 മൂകാംബിക ദേവീ ക്ഷേത്രം 

മകളുടെ വിവാഹം നടക്കുവാന്‍ വേണ്ടി നേര്‍ന്നിരുന്ന ചണ്‍ഡികാ ഹോമത്തിന്‍റെ കാര്യങ്ങള്‍ സംസാരിക്കുവാന്‍ വേണ്ടി ദേവീ ഭക്തയായ രമ ക്ഷേത്രത്തിലെത്തിയപ്പോള്‍ ഭാഗ്യം കൊണ്ട് മറ്റൊരു നേട്ടം കൂടി ലഭിച്ചു. അടുത്ത ദിവസം  ഉദയാസ്തമന പൂജയ്ക്ക് ഒഴിവുണ്ടായിരുന്നതു കൊണ്ട് അത് കൂടി ബുക്ക്‌ ചെയ്യാന്‍ സാധിച്ചു. ഉദയാസ്തമന പൂജാ ദിവസം ഞാനും മകനും മുറിയില്‍ പനിച്ചു കിടക്കുകയായിരുന്നു. രാവിലെയും ഉച്ചയ്ക്കും രമയും മകളും കൂടി ക്ഷേത്രത്തില്‍ പോയി പൂജയുടെ ‘സങ്കല്‍പ്പം’ എന്ന ചടങ്ങ് ചെയ്തിട്ട് പ്രസാദമായി കിട്ടിയ ഒരു പാത്രം പാല്‍പ്പായസം, ഉഴുന്നുവട എന്നിവയും കൊണ്ടാണ് മടങ്ങി വന്നത്. നിർഭാഗ്യവശാൽ പനിയും തൊണ്ടവേദനയും കാരണം എനിക്കും മകനും ഇതൊന്നും കഴിക്കുവാന്‍ സാധിച്ചില്ല .വൈകിട്ട് ഞങ്ങള്‍ എല്ലാവരും കൂടി ക്ഷേത്രത്തിലെത്തിയപ്പോള്‍ രമയുടെ സുഹൃത്ത്‌ ബിനിയും ഭര്‍ത്താവും അവിടെയെത്തിയിട്ടുണ്ടായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ആ നല്ല സുഹൃത്തുക്കള്‍ അവധിയ്ക്ക് നാട്ടില്‍ വന്നപ്പോള്‍ മുന്‍കൂട്ടി അറിയിച്ചിരുന്നതനുസരിച്ച് ചടങ്ങുകളില്‍ പങ്കു കൊള്ളുവാന്‍ വേണ്ടി  കൃത്യ സമയത്ത് എത്തിയതായിരുന്നു . സന്ധ്യ സമയത്ത് ദേവിയെ സാധാരണയായി തടി കൊണ്ടുള്ള ഒരു തേരിലും പിന്നീട് വെള്ളിത്തേരിലും അവസാനം സ്വര്‍ണ്ണത്തേരിലും എഴുന്നെള്ളിക്കുക പതിവുണ്ട്. ഉദയാസ്തമന പൂജ ചെയ്യുന്നവര്‍ക്കാണ് ആ ദിവസം സ്വര്‍ണ്ണത്തേര് വലിച്ചു കൊണ്ട് ക്ഷേത്രത്തിന് ഒരു പ്രദിക്ഷണം നടത്തുവാനുള്ള ഭാഗ്യം  എന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. വളരെ അസുലഭമായി മാത്രം ലഭിക്കുന്ന  ഒരു അവസരമായതിനാല്‍ പനിച്ചു വിറച്ചു കൊണ്ടാണെങ്കിലും ഞാനും മകനും തേര് വലിയ്ക്കാന്‍ കൂടി. നല്ല പനിയും ദേഹം വേദനയും അനുഭവപ്പെട്ടിരുന്നതിനാല്‍ തേര് വലിയ്ക്കുന്നതിന്‍റെ ചിത്രങ്ങള്‍ എടുക്കാനോ വീഡിയോ എടുക്കാനോ സാധിച്ചില്ല. തേര് വലിച്ചു കഴിഞ്ഞപ്പോള്‍ പൂജാരി ഒരു നല്ല പട്ടു സാരിയും കുറേ പൂക്കളും മകൾക്ക് കൊടുത്തു. കൂടാതെ പൂജ വഴിപാടായി  നടത്തിയവര്‍ക്ക് ക്യൂ നില്‍ക്കാതെ സ്പെഷ്യല്‍ ദര്‍ശനം ലഭിച്ചുവെന്നതും വലിയ കാര്യമായി തോന്നി.
                     ദീപാരാധന സമയം 

സ്വര്‍ണ്ണ  തേര്- പിറകില്‍ സാധാരണ തേര്

പട്ടുചേലകളും, പൂമാലകളും,ആടയാഭരണങ്ങളും ചാര്‍ത്തി നില്‍ക്കുന്ന ശക്തിസ്വരൂപിണിയായ മൂകാംബികാ ദേവിയെ കണ്ടപ്പോള്‍ ദു:ഖങ്ങള്‍ മറന്നു, വേദനകള്‍ മറന്നു, ലോകം തന്നെ മറന്നു, സ്വയം മറന്നു, എല്ലാം ദേവിയില്‍ സമര്‍പ്പിച്ചു നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു. തിരുമുന്നിലെത്തുമ്പോള്‍ എന്തൊക്കെയോ ചോദിക്കണമെന്ന് കരുതിയിരുന്നു, പക്ഷേ അമ്മയെ കണ്ട സന്തോഷത്തില്‍ ആവശ്യങ്ങള്‍ എല്ലാം എങ്ങോ പോയ്‌ മറഞ്ഞു. അര്‍ഹിക്കുന്ന വരപ്രസാദങ്ങള്‍ നല്‍കി അനുഗ്രഹിക്കുന്ന ലോകൈക രക്ഷകിയായ, സാക്ഷാല്‍ ജഗദംബയെ ഒരു നോക്ക് കാണാന്‍ സാധിച്ചത് തന്നെ ജന്മ പുണ്യമായി കരുതുന്ന എനിക്ക് ഒന്നും ചോദിക്കാന്‍ ഓര്‍മ്മ കിട്ടാഞ്ഞത് മനസ്സിൽ ഭക്തി നിറഞ്ഞു നിന്നതിനാലായിരിക്കുമെന്ന്  കരുതുന്നു . കാരുണ്യ മൂര്‍ത്തിയായി വിളങ്ങുന്ന ആ ചിത് സ്വരൂപത്തെ വണങ്ങി  നില്‍ക്കുമ്പോള്‍ വഴിപാടായി കൊണ്ടു വന്നിട്ടുള്ള ഒരു പട്ടു സാരിയും സ്വര്‍ണ്ണത്താലിയും, വളയും ദേവിയുടെ മുന്നില്‍ രമയും , മകളും കൂടി  സമര്‍പ്പിച്ചു. വിദ്യാ ദേവതയെയും, മുന്നിലുള്ള സ്വയംഭൂ വിഗ്രഹത്തെയും  ആവോളം കണ്ടു തൊഴുതു നില്‍ക്കുമ്പോള്‍ ചുവന്ന മേല്‍ വസ്ത്രവും കുടുമ്മിക്കെട്ടുമുള്ള അഡിഗമാര്‍ നമ്മള്‍ സമര്‍പ്പിച്ച പട്ടും താലിയും ദേവിയ്ക്ക് ചാര്‍ത്തിയിട്ട് പൂക്കളും, കുങ്കുമവും, മറ്റ് പ്രസാദ വസ്തുക്കളും നിറച്ച ഒരു താലം മകൾ ശാലിനിക്ക് കൊടുത്തു. നന്നായി തൊഴുത്‌ ദക്ഷിണയും നല്‍കി ശ്രീകോവിലിന് വലം വയ്ക്കുമ്പോള്‍  അമ്മയെ മനസ്സിൽ ധ്യാനിച്ച് ലോക നന്മയ്ക്കായി പ്രാർത്ഥിച്ചു .
ശാന്തിയും സന്തോഷവും സമാധാനവും നിറഞ്ഞ മനസ്സോടെ ഞങ്ങള്‍ മുറിയിലേക്ക് മടങ്ങി.  പനി കുറയാന്‍ വേണ്ട ഗുളികകളും കഴിച്ച്, തൊണ്ട വേദനയ്ക്ക് ചൂട് ഉപ്പു വെള്ളവും തൊണ്ടയില്‍ കൊണ്ട് ഞാനും മകനും ആ രാത്രി ബുദ്ധിമുട്ടി കഴിച്ചു കൂട്ടി. പിറ്റേ ദിവസം രാവിലെ ഒന്‍പതു മണിയ്ക്കായിരുന്നു ചണ്‍ഡികാ ഹോമം .  രാവിലെ മേല്‍ കഴുകി, തല നനഞ്ഞ തോര്‍ത്തു കൊണ്ട് തുടച്ചിട്ട് പനിക്കാരായ ഞങ്ങള്‍ മറ്റുള്ളവര്‍ക്കൊപ്പം ക്ഷേത്രത്തിലേക്ക് പോയി. ഞങ്ങള്‍ എത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും ബിനിയും കുടുംബവും ഹോമം കണ്ട് തൊഴാനായി അവിടെ വന്നു ചേര്‍ന്നു. 
ക്ഷേത്രത്തിനോട് ചേര്‍ന്ന് തന്നെയുള്ള വീതി കുറഞ്ഞ് നീളത്തിലുള്ള ഒരു ഹാളില്‍ വച്ചായിരുന്നു  ഹോമം. ധാരാളം ആളുകള്‍ പലവിധ ഹോമങ്ങള്‍  നടത്തുവാന്‍ വേണ്ടി അവിടെയെത്തിയിട്ടുണ്ടായിരുന്നു. നിരനിരയായുള്ള ഹോമകുണ്ഡങ്ങള്‍ക്ക് ഓരോന്നിനും, മൂന്നില്‍ കുറയാതെയുള്ള പുരോഹിതന്മാരും, വേണ്ട ഒരുക്കുകളായ നെയ്യ്, വറ്റിച്ച ചോറ്, വിറക്, ദീപങ്ങള്‍, പുഷ്പങ്ങള്‍ ഇവയെല്ലാം തയ്യാറാക്കിയിട്ടുണ്ടായിരുന്നു. ഹോമകുണ്ഡത്തിന് സമീപം ഇട്ടിരുന്ന ഒരു പലകമേല്‍ എല്ലാവരും നിരന്നിരുന്നു. പുരോഹിതന്‍റെ നിര്‍ദ്ദേശ പ്രകാരം ആദ്യം വിഘ്നേശ്വരന് ദക്ഷിണ വച്ചു പ്രാര്‍ഥിച്ചു, അത് കഴിഞ്ഞ് അദ്ദേഹം പറഞ്ഞു തന്ന മന്ത്രങ്ങള്‍ ഏറ്റ് പറയുകയും മഞ്ഞളും അരിയും ചേര്‍ന്ന അക്ഷതം ഹോമകുണ്ഡത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇങ്ങനെ ഏകദേശം ഒരു മണിക്കൂറിലധികം മന്ത്രങ്ങള്‍ ജപിച്ചും ചടങ്ങുകള്‍ വീക്ഷിച്ചും പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ അവിടെയിരുന്നു. പല ഹോമകുണ്ഡങ്ങളില്‍ നിന്നായി ഒരു വിധം നല്ല പുക ഹാളില്‍ നിറഞ്ഞിരുന്നു. ഹോമത്തിന്‍റെ പരിസമാപ്തിയില്‍ പുരോഹിതന്മാര്‍ക്ക് ദക്ഷിണയും നല്‍കി പ്രസാദവും വാങ്ങി ദര്‍ശനവും കഴിഞ്ഞ് ഞങ്ങള്‍ ഹോട്ടല്‍ മുറിയിലേക്ക് പോയി. വൈകുന്നേരമുള്ള ട്രെയിനില്‍ ഞങ്ങള്‍ക്ക് മടങ്ങേണ്ടത് കൊണ്ട് സാധനങ്ങള്‍ പായ്ക്ക് ചെയ്ത് റെഡിയാക്കി വച്ചു, ഒപ്പം രാത്രി ഭക്ഷണം  റെസ്റ്റോറന്‍റില്‍ നിന്ന് പായ്ക്ക് ചെയ്തു വാങ്ങി. ഉച്ചയ്ക്ക് ഒന്നരമണിയോടെ മനസ്സില്ലാമനസ്സോടെയാണെങ്കിലും അക്ഷര ദേവതയുടെ  സന്നിധിയില്‍ നിന്ന് മംഗലാപുരം റെയില്‍വെ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു. രണ്ടര മണിക്കൂര്‍ കൊണ്ട്  ഞങ്ങളെ മംഗലാപുരത്തെത്തിച്ച ഡ്രൈവര്‍ക്ക് സ്ഥലം നല്ല നിശ്ചയമില്ലാതിരുന്നതിനാല്‍ വഴി തെറ്റി മെയിന്‍ പ്ലാറ്റ്ഫോമില്‍ നിന്നകലെ രൂക്ഷമായ മത്സ്യ ഗന്ധം നിറഞ്ഞ പിന്‍ വശത്താണ് എത്തിച്ചേർന്നത്.  വളരെ പഴയതും, വൃത്തിഹീനവുമായ  മാംഗ്ലൂര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണം നടത്തേണ്ട സമയം അതിക്രമിച്ചതായി തോന്നി. മൂന്നര മണിയ്ക്ക് സ്റ്റേഷനില്‍ എത്തിയ ഞങ്ങള്‍ക്ക് മടങ്ങാന്‍ വേണ്ടി സീറ്റ് റിസര്‍വ് ചെയ്തിരുന്ന മലബാര്‍ എക്സ്പ്രസ്  അഞ്ചേ മുക്കാലോടെ വന്നണഞ്ഞു. പിറ്റേ ദിവസം രാവിലെ ആറു മണിയോടെ നാട്ടില്‍ സുഖമായി പനിയുമായി എത്തി.
തിരുപ്പതി  മൂകാംബികാ തീര്‍ഥാടന യാത്ര നല്‍കിയ പുണ്യവും തിരിച്ചറിവുകളും ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ അനുഭവങ്ങളും പാഠങ്ങളും നല്‍കാന്‍ പ്രാപ്തമായ യാത്രകള്‍ക്കായി കാത്തിരിപ്പ്‌ തുടരുന്നു....
02/12/2019