2020 ജനുവരി 20, തിങ്കളാഴ്‌ച




ഏഴുമലൈ വാസന്‍
                       - നന്ദ -

ആന്ധ്ര പ്രദേശ് സംസ്ഥാനത്തിലെ ചിറ്റൂര്‍ ജില്ലയില്‍ പെട്ട സപ്തഗിരികളില്‍ ഒന്നായ വെങ്കിടാദ്രിയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ വെങ്കടേശ്വര ക്ഷേത്ര പ്രസിദ്ധിയാല്‍ അറിയപ്പെടുന്ന നഗരമാണ് തിരുപ്പതി. ഭാരതത്തിലെ തന്നെ ഏറ്റവും ‘ധനികനായ ദൈവം’ എന്ന് പേരു കേട്ട തിരുമലയില്‍ കുടികൊള്ളുന്ന ശ്രീനിവാസ പെരുമാളിന്‍റെ ദര്‍ശനം കാംക്ഷിച്ച് ദിനംപ്രതി എത്രയോ ഭക്തന്മാരാണ് തിരുപ്പതിയിൽ  എത്തുന്നത് എന്നറിയുമ്പോള്‍ അതിശയം തോന്നാം .


ഞങ്ങള്‍ക്ക് പരിചയമുള്ള പലരും തിരുപ്പതിയില്‍ പോയ കഥകള്‍ പറയുമ്പോള്‍ എന്നെങ്കിലും ഒരിക്കല്‍ അവിടെ പോകണം എന്നൊരാഗ്രഹം തോന്നിയിരുന്നു.പക്ഷേ തിക്കും തിരക്കുമുള്ള സ്ഥലങ്ങളിലുള്ള ക്ഷേത്ര ദര്‍ശനം കൊണ്ട് ഉള്ള ശാന്തിയും സമാധാനവും നഷ്ടപ്പെടുമെന്ന് അനുഭവമുള്ളത് കൊണ്ട് യാത്രയ്ക്ക് ഉത്സാഹിച്ചില്ല എന്നതാണ് സത്യം. അങ്ങനെയിരിക്കെ ഞങ്ങളുടെ ഒരു ബന്ധു രമ  , ചെറിയ തീര്‍ത്ഥയാത്ര പരിപാടിയുമായി ഞങ്ങളെ വിളിച്ചു.മകളുടെ വിവാഹം നടക്കുവാന്‍ വേണ്ടി മൂന്ന് വര്‍ഷം മുന്‍പ് മൂകാംബിക ക്ഷേത്രത്തില്‍ ഒരു ചണ്‍ഡികാ ഹോമം ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു അവർ . അത് നടത്തേണ്ട തീയതി 2019 ഡിസംബര്‍ മാസം ഒന്നാം തീയതിയും.അതിനു മുന്‍പായി തിരുപ്പതിയില്‍ കൂടി ദര്‍ശനം നടത്താം അവിടെ” സഹസ്ര ദീപാലങ്കാര സേവ ,കല്യാണ മഹോത്സവം” എന്നീ  വഴിപാടുകള്‍ കൂടി നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും ,ഒരുമിച്ചു പോയാല്‍ കൊള്ളാമെന്ന് രമ  അഭിപ്രായപ്പെടുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ക്കും സന്തോഷമായി. ഒന്നിച്ചുള്ള യാത്രകള്‍ എപ്പോഴും നല്ല അനുഭവങ്ങള്‍ നല്‍കുമെന്ന് അറിയാവുന്നത് കൊണ്ട് ഞങ്ങള്‍ സസന്തോഷം യാത്രയ്ക്കൊരുങ്ങി. എല്ലാ സ്ഥലങ്ങളിലുമുള്ള താമസ സൗകര്യം,വിമാന ടിക്കറ്റ്,ലോക്കല്‍ യാത്രകള്‍ക്കുള്ള ടാക്സി ഇതെല്ലം അവർ തന്നെ  ഓണ്‍ ലൈനായി ശരിയാക്കി. അങ്ങനെ നവംബർ ഇരുപത്തി നാലാം തീയതി ഉച്ചയോടെ ഞങ്ങളും മക്കളും കൂടി ട്രെയിനില്‍ തിരുപ്പതിയ്ക്ക് യാത്ര തിരിച്ചു.വഴിയില്‍ കഴിക്കുന്നതിനായി “ധേപ്ല” എന്ന ഗുജറാത്തി പലഹാരം പാചക ശിരോമണിയായ മരുമകൾ  ഉണ്ടാക്കി കയ്യില്‍ കരുതിയിരുന്നത് വളരെ പ്രയോജനം ചെയ്തു.ഗുജറാത്തികള്‍ നീണ്ട യാത്രകള്‍ പോകുമ്പോള്‍ ഇങ്ങനെ അനേക ദിവസം കേടു കൂടാതെ ഇരിക്കുന്ന പലഹാരങ്ങള്‍ കയ്യില്‍ കരുതുക പതിവാണത്രേ. ഖാക്ര,ധേപ്ല,പാപ്പട് എന്നിങ്ങനെ വെടി പടക്കം പോലെയുള്ള പേരുകളാണെങ്കിലും നല്ല രുചികരമായ പലഹാരങ്ങളാണ് ഇവയെല്ലാം എന്ന് അനുഭവം കൊണ്ട് മനസ്സിലായി ,മാത്രമല്ല  അകമ്പടിയായി തൈര് മാത്രം മതിയെന്നൊരു മെച്ചവുമുണ്ട്.
പിറ്റേ ദിവസം അതിരാവിലെ മൂന്നേമുക്കാല്‍ മണിയോടെ തിരുപ്പതി റെയില്‍വെ സ്റ്റേഷനില്‍ എത്തിയ ഞങ്ങളെ സ്വീകരിക്കാന്‍ രമയും, ജയന്‍ ചേട്ടനും വണ്ടിയുമായി എത്തിയിരുന്നു.നല്ല തണുപ്പുള്ള കൊച്ചു വെളുപ്പാന്‍ കാലത്ത് ഉറക്കവും കളഞ്ഞ് എത്തിയ അവരെ കണ്ടപ്പോള്‍ വലിയ ബഹുമാനവും സന്തോഷവും തോന്നി.വന്ന ദിവസം തന്നെ തന്‍റെ തലയിലെ മുടി മുഴുവന്‍ തിരുപ്പതി ബാലാജിയ്ക്ക് സമര്‍പ്പിച്ച അതീവ ഭക്തയായ രമ മൊട്ടത്തലയില്‍ തൊപ്പിയുമൊക്കെ വച്ചു കൊണ്ടാണ് വന്നത്. റെയിൽവേ സ്റ്റേഷനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള, ശ്രീനിവാസം എന്ന ദേവസ്വം ഗസ്റ്റ് ഹൗസിലേക്കാണ് അവർ ഞങ്ങളെ കൊണ്ടു പോയത് . അവിടെയായിരുന്നു തലേ ദിവസം അവർ താമസിച്ചിരുന്നത് . തിരുമലയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്ര ദര്‍ശനത്തിനായി മലമുകളില്‍ മൂന്നു മുറികള്‍ ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നെങ്കിലും അവിടെ ആറു മണിക്ക് ശേഷം മാത്രമേ ചെക്കിന്‍ ആകാന്‍ സാധിക്കുകയുള്ളൂ, യാത്ര കഴിഞ്ഞു വന്ന ഞങ്ങള്‍ക്ക് തത്കാലം ഒന്ന് വിശ്രമിക്കുവാന്‍ വേണ്ടിയാണ് മാധവം കോംപ്ലക്സിലെ ദേവസ്വം  ഗസ്റ്റ് ഹൗസില്‍ അവർ സൌകര്യം ഒരുക്കിത്തന്നത് . ഒരു മണിക്കൂറോളം അവിടെ ഇരുന്ന് ഭാവി യാത്രാ പരിപാടികളും മറ്റും ചര്‍ച്ച ചെയ്തിട്ട് അഞ്ചേ മുക്കാലോടെ തിരുമലയിലേക്ക് കാര്‍ മാര്‍ഗ്ഗം യാത്ര തിരിച്ചു. തിരുപ്പതിയില്‍ നിന്ന് മടങ്ങിപ്പോകുന്നത്‌ വരെ ആ ഇന്നോവാ കാറും അതിന്‍റെ സാരഥിയും,അയ്യപ്പ ഭക്തനും,ആന്ധ്രാ സ്വദേശിയുമായ സുബ്രഹ്മണ്യനും ഞങ്ങള്‍ക്ക് സഹായമായി ഉണ്ടായിരുന്നുവെന്നത് വലിയ ഒരു കാര്യമായി തോന്നി. മലമുകളിലേക്ക് ഒരു മണിക്കൂര്‍ നേരം നീളുന്ന വന യാത്ര ആരംഭിക്കുന്നതിനു മുന്‍പ് എയര്‍പോര്‍ട്ടിലേത് പോലെ വളരെ വലിയ സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞാണ് മുന്നോട്ട് പോകാന്‍ സാധിക്കുക .മലയടിവാരത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ അങ്ങ് ദൂരെ മലമുകളില്‍ ശ്രീനിവാസ പെരുമാളിന്‍റെ ശംഖും ചക്രവും മുക്കോവിയും സ്ഥാപിച്ചിരിക്കുന്നത് കാണാമായിരുന്നു. 
       ദൂരെ മലമുകളില്‍ ശ്രീനിവാസ പെരുമാളിന്‍റെ ശംഖും ചക്രവും മുക്കോവിയും        സ്ഥാപിച്ചിരിക്കുന്നത് കാണാം


  
 തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്‍റെ ഭരണ പരിധിയിലുള്ള  പ്രകൃതി രമണീയമായ ഈ പ്രദേശം ഇടതൂര്‍ന്ന വനങ്ങളാലും  ,വന്യ ജീവികളാലും, സുഗന്ധ പുഷ്പ സമൃദ്ധങ്ങളായ തരുനിരകളാലും സമ്പുഷ്ടമാണ്.വളവുകളും തിരിവുകളും ഉള്ള റോഡിലൂടെ കാനന ഭംഗിയും സുഗന്ധ പുഷ്പങ്ങളുടെ ഗന്ധവും ആസ്വദിച്ചു കൊണ്ട് ഒരു മണിക്കൂര്‍ യാത്ര ചെയ്ത് ആറേമുക്കാലോടെ തിരുമലയുടെ  മുകളിലെത്തി. പൂര്‍വ്വഘട്ട മലനിരകളിലെ ഏഴ് കുന്നുകളായ ശേഷാദ്രി,നീലാദ്രി,ഗരുഡാദ്രി, അഞ്ജനാദ്രി,ഋഷഭാദ്രി,നാരായണാദ്രി,വെങ്കടാദ്രി എന്നിവയിലെ വെങ്കടാദ്രിയിലെ സ്വാമി പുഷ്കരിണി തീര്‍ത്ഥത്തിനരികിലുള്ള  ക്ഷേത്രത്തിലാണ് പരമാത്മാവായ മാഹാവിഷ്ണു ,ആദിനാരായണനായി വെങ്കിടേശ്വരന്‍ എന്ന പേരില്‍ ലക്ഷ്മിദേവിയോടും ,ഭൂദേവിയായ പത്മാവതിയോടുമൊപ്പം കുടി കൊള്ളുന്നത്.ഏഴു മല വാസനും മുഖ്യ ദേവനുമായ മഹാവിഷ്ണുവിനെ,വെങ്കടേശ്വരന്‍, ബാലാജി,ശ്രീനിവാസന്‍ എന്നീ പേരുകളില്‍ ഭക്തര്‍ ആരാധിച്ചു വരുന്നു.ഭൃഗു മഹര്‍ഷിയാല്‍ നിര്‍മ്മിതമായ ക്ഷേത്രത്തില്‍ ധാരാളം ശിലാലിഖിതങ്ങളും,താളപ്പാക്ക അന്നമാചാര്യരുടെ കൃതികള്‍ രേഖപ്പെടുത്തിയ ചെമ്പ് ഫലകങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു.
മലമുകളിലെത്തിയ ഞങ്ങളെയും കൊണ്ട് ഡ്രൈവര്‍ നേരെ CRO ഒഫീസിലേക്കാണ് പോയത്.മുറി ബുക്ക്‌ ചെയ്തിരിക്കുന്നത് ആരുടെ പേരിലാണോ അവര്‍ ഐ ഡി യുമായി അവിടെ ചെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അലോക്കേഷന്‍ രസീതുമായി വേണം ഹോട്ടലില്‍ എത്താന്‍. ആകെ മൂന്ന് മുറികള്‍ ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നെങ്കിലും രണ്ടു ഹോട്ടലിലായിട്ട് ലഭിച്ചത് കൊണ്ട് ആറു പേരും കൂടി ഒരുമിച്ച് രണ്ടു മുറികള്‍ കിട്ടിയ  അഷ്ടവിനായക ഹോട്ടലില്‍ കഴിയാം എന്ന് തീരുമാനിച്ചു.മാത്രമല്ല 24 മണിക്കൂര്‍ വരെ മാത്രമേ അവിടെ മുറികൾ  തരികയുള്ളൂ, അത് കഴിഞ്ഞ് നമ്മള്‍ വീണ്ടും എക്സ്റ്റന്‍ഷന്‍ വാങ്ങണം.അതാണ്‌ നിയമം. കാറിൽ നിന്ന്  സാധനസാമഗ്രികള്‍  ഇറക്കാതെ തന്നെ സാരംഗി എന്ന ഹോട്ടലില്‍ പോയി പ്രഭാത ഭക്ഷണം കഴിച്ചിട്ട്‌ മുറിയിലെത്തി കുളിയും വിശ്രമവും കഴിഞ്ഞ് കല്യാണ മഹോത്സവം ബുക്ക്‌ ചെയ്യാന്‍ വേണ്ടി “ആര്‍ജ്ജിത് സേവാ” കൌണ്ടറിലേക്ക് പോയി. വലിയ ബഹളവും ആള്‍ത്തിരക്കും ഉള്ള അവിടെ വളരെ ബുദ്ധിമുട്ടിയാണ് കൗണ്ടര്‍ കണ്ടുപിടിച്ചത് . ആയിരം രൂപയാണ് കല്യാണ മഹോത്സവത്തിന്‍റെ ചാര്‍ജ്ജ്. ആധാര്‍ കാര്‍ഡ് കാണിച്ചു വേണം ബുക്ക്‌ ചെയ്യുവാന്‍,എന്നാലും ഭാഗ്യമുണ്ടെങ്കില്‍ മാത്രം അവസരം കിട്ടുമെന്നുള്ളത് കൊണ്ട് രൂപ ബുക്ക്‌ ചെയ്യുമ്പോള്‍ അടയ്ക്കേണ്ടതില്ല . ജയന്‍ ചേട്ടന് ആധാര്‍ കാര്‍ഡ് ഇല്ലാത്തത് കൊണ്ട്  ബുക്ക്‌ ചെയ്യാന്‍ സാധിച്ചില്ല .ഞങ്ങള്‍ രണ്ടുപേരും,മക്കളും  ഉത്സവം ബുക്ക്‌ ചെയ്തിട്ട് പോന്നു. നമുക്ക് അവസരമുണ്ടോ എന്ന് പിന്നീട് മൊബൈല്‍ ഫോണില്‍ അറിയിപ്പ് കിട്ടുമത്രേ.
അവിടെ നിന്ന് ഇറങ്ങിയ ഞങ്ങളെ ഏഴു കി മീ അകലെയുള്ള ശ്രീവാരി പാദം കാണുവാനാണ് ഡ്രൈവര്‍ മണി കൊണ്ടു പോയത്. ശ്രീനിവാസ സ്വാമി,മലയടിവാരത്തില്‍ വസിക്കുന്ന തന്‍റെ പത്നിയായ പത്മാവതി ദേവിയെ കാണുവാന്‍ പോകുന്ന വഴി വിശ്രമിക്കുന്ന സ്ഥലമാണത്രേ ഈ ശ്രീവാരിപാദം. പടികള്‍ കയറി ഉയര്‍ന്ന പാറയുടെ മുകളില്‍ എത്തിയാല്‍ ഒരു മണ്ഡപത്തില്‍ ഹരിയുടെ പാദങ്ങള്‍ മാലകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കണ്ടു നമുക്ക് നമസ്കരിക്കാം. നല്ല തിരക്കുണ്ടായിരുന്നതിനാല്‍ അവിടെ അധിക നേരം നില്‍ക്കാതെ ഞങ്ങള്‍ പടിയിറങ്ങി.

ശ്രീവാരി പാദ മണ്ഡപം       ശ്രീവാരി പാദം
 സൂവനീർ  വില്‍പ്പനക്കാരെ കണ്ടു കൊണ്ട് പടികളിറങ്ങി വരുമ്പോള്‍ അപൂര്‍വ്വമായി മാത്രം കണ്ടു വരുന്ന സുന്ദരീസുന്ദരന്മാരായ മലയണ്ണാന്‍ പറ്റം സന്ദര്‍ശകര്‍ കൊടുക്കുന്ന തീറ്റ സാധനങ്ങള്‍ ഭയമില്ലാതെ വന്ന് വാങ്ങിക്കൊണ്ടു പോയി മരക്കൊമ്പുകളില്‍ ഇരുന്നു കഴിക്കുന്നത് കാണാമായിരുന്നു.

മലയണ്ണാന്‍


ഹരിയുടെ പാദ ദര്‍ശനം കഴിഞ്ഞ് റോക്ക് ഗാര്‍ഡനും,ചക്ര തീര്‍ത്ഥവും കണ്ടു.


            റോക്ക് ഗാര്‍ഡന്‍ (ശിലാ തോരണ്‍)

      ചക്ര തീര്‍ത്ഥം          ഗാന്ധിജി വേഷക്കാരന്‍ 

പാറ കൊണ്ടുള്ള അനേകം ശില്‍പ്പങ്ങള്‍ വച്ചിരിക്കുന്ന റോക്ക് ഗാര്‍ഡനില്‍ അനേകം കച്ചവടക്കാരും, ജീവിക്കാന്‍ വേണ്ടി രാഷ്ട്രപിതാവിന്‍റെ വെള്ളി പ്രതിമ വേഷം കെട്ടി വെയിലത്ത്‌ നില്‍ക്കുന്ന  കുള്ളനായ വ്യക്തിയും,കൂട്ടിലടച്ചിട്ടുള്ള പക്ഷികളും ഒക്കെ ഉണ്ട് . കുറേ ദൂരം ശിലാ ഉദ്യാനത്തിലൂടെ നടന്നു നടന്ന് ഒരു ചെറിയ ജല പാതത്തിനടുത്തെത്തി. ചക്രതീര്‍ത്ഥം എന്നറിയപ്പെടുന്ന ഇവിടെയും മനുഷ്യന്‍ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞിട്ടുണ്ട്. കാഴ്ച്ചകള്‍ അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ രാഷ്ട്ര പിതാവിന്‍റെ വേഷം കെട്ടിയ ആളിനൊപ്പം നിന്ന് സെല്‍ഫി എടുക്കുന്ന സന്ദര്‍ശകരെയും കാണാമായിരുന്നു . അപ്പോഴേക്കും സമയം ഉച്ചയായിക്കഴിഞ്ഞിരുന്നു  ,എല്ലാവര്‍ക്കും വിശന്നു തുടങ്ങിയിരുന്നതിനാൽ ,മണിച്ചേട്ടന്‍ ഞങ്ങളെയും കൊണ്ട് സാരംഗി റെസ്റ്റോറന്‍റിലേക്ക് തന്നെ പോയി. ഭക്ഷണം കഴിഞ്ഞ് മുറിയിലെത്തി വിശ്രമിച്ചതിനു ശേഷം ബാലാജി ദര്‍ശനത്തിനായി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു . മുന്നൂറു രൂപ കൊടുത്ത് സ്പെഷ്യല്‍ ദര്‍ശനം ബുക്ക്‌ ചെയ്തിട്ടുള്ളത്‌ കൊണ്ട് പെട്ടെന്ന് ദര്‍ശനം ലഭിക്കും എന്നൊക്കെ വിചാരിച്ചാണ് പോയത്. നാലു മണിയാകുമ്പോഴേക്കും ഒരു പ്രത്യേക സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സ്പെഷ്യല്‍ ബുക്കിംഗ്  ചെയ്ത രസീതില്‍ പറഞ്ഞിരുന്നത് . വാതിലുകള്‍ അടച്ചിട്ടിരിക്കുന്ന ഒരു കെട്ടിടത്തിനു മുന്നിലെ തുറസ്സായ സ്ഥലത്ത് തൃശൂര്‍പൂരത്തിനെന്ന പോലെ ആളുകള്‍ തടിച്ചു കൂടിയിട്ടുണ്ടായിരുന്നു . അര മണിക്കൂര്‍ നേരം അങ്ങനെ നിന്നു കഴിഞ്ഞപ്പോള്‍ വാതിലുകള്‍ തുറക്കപ്പെട്ടു,ഡാം തുറന്നു വിട്ടത് പോലെ ജനം ഉള്ളിലേക്ക് ഇടിച്ചു കയറി. മുന്‍പേ ഓടുന്നവര്‍ക്ക് പിന്നാലെ ഞങ്ങളും ഓടിത്തുടങ്ങി,നടക്കാന്‍ വയ്യാത്തവരും,നടുവ് വേദനക്കാരും ,വയസ്സരും,വിഷണ്ണരും എല്ലാം വെങ്കടാചലപതിയെ കാണുക എന്ന ഒറ്റ ലക്ഷ്യത്തില്‍ പായുകയായിരുന്നു . ഒരിടത്ത് ചെന്നപ്പോള്‍ ഐ ഡി കാര്‍ഡും മറ്റും ചോദിച്ച് സുരക്ഷാപരിശോധനയും കഴിഞ്ഞാണ് മുന്നോട്ട് പോകാന്‍ സാധിച്ചത്. അവിടെ നിന്നങ്ങോട്ട്‌ നില്‍പ്പ് തന്നെ  . ഇടുങ്ങിയ ഇടനാഴികളില്‍, കൂട് തുറന്ന് കിട്ടാന്‍ കാത്തു നില്‍ക്കുന്ന ആട്ടിന്‍ കൂട്ടം പോലെ മനുഷ്യര്‍ അക്ഷമരായി നിൽക്കുകയായിരുന്നു . ശ്വാസം കിട്ടാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുകയും,കാലു കഴച്ച് നടുവിലേക്ക് പെരുപ്പ്‌ കയറുകയും ചെയ്തപ്പോള്‍ ദര്‍ശനം കിട്ടിയില്ലെങ്കിലും വേണ്ടതില്ല പോയാല്‍ മതിയെന്നായി. പക്ഷെ മുന്നിലും പിന്നിലും മണ്ണ് നുള്ളിയിട്ടാല്‍ വീഴാത്തത് പോലെ മൈലുകള്‍ നീളുന്ന ‘ജന വരി’ കടന്ന് എങ്ങോട്ടും പോകാനാകില്ല എന്നാലോചിച്ചപ്പോള്‍ കെണിയില്‍ വീണ എലിയെ പോലെ ഞങ്ങള്‍ അസ്വസ്ഥരായി. ഇടനാഴികളുടെ വശങ്ങളില്‍ കസേരകള്‍ ഇട്ട വലിയ ഹാളുകള്‍ കാണാമായിരുന്നു. മുന്‍പൊക്കെ ടോയ്‌ലറ്റ് സൗകര്യമുള്ള ഈ ഹാളുകളില്‍ വിശ്രമിച്ച് സൗകര്യപ്രദമായി ദര്‍ശനം സാദ്ധ്യമാകുമായിരുന്നു ഭക്തര്‍ക്ക്‌. ആ പതിവ് എന്തിനു വേണ്ടിയാണാവോ ഇവര്‍ നിര്‍ത്തലാക്കിയത്,ഭഗവാനെ കാണുവാന്‍ കുറച്ചു കഷ്ടപ്പെടണം എന്നുള്ള തത്വം നടപ്പിലാക്കുവാനാണോ,ആവോ ? എന്തായാലും എത്ര ദേശക്കാര്‍ എത്ര പ്രായമുള്ളവര്‍,എന്തൊക്കെ അസുഖമുള്ളവര്‍ ഒക്കെയാണ് ബാലാജിയെ ഒരു നോക്ക് കാണാന്‍ ദൂരങ്ങള്‍ താണ്ടി വരുന്നത്,അവരെ ഇത്രമാത്രം കഷ്ടപ്പെടുത്തുന്നത് നീതിയല്ലെന്ന് തോന്നി . ദര്‍ശനത്തിന് പണം വാങ്ങുന്നുണ്ടല്ലോ അപ്പോള്‍ പിന്നെ എന്തെങ്കിലും ഒരു നല്ല സംവിധാനം ഏര്‍പ്പെടുത്തുന്നത് മാനവ സേവ ആകുമല്ലോ , അതു വഴി മാധവ സേവ ചെയ്യുവാനുള്ള ഒരവസരവും ലഭിക്കുമല്ലോ !!!തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് അതിനുള്ള തീരുമാനമെടുക്കാന്‍ മനസ്സുണ്ടാകട്ടെ എന്ന് ശ്രീനിവാസ പെരുമാളിനോട്‌ അകമഴിഞ്ഞ് പ്രാര്‍ഥിക്കുന്നു.
 മൂന്നു മണിക്കൂറോളം ഞെങ്ങിയും ഞെരുങ്ങിയും ശ്വാസം മുട്ടിയും ഉള്ള നില്‍പ്പില്‍ ഇടയ്ക്കിടെയുള്ള  “ഗോവിന്ദ ഗോവിന്ദ” വിളികള്‍ ആശ്വാസം പകരുന്നവയായിരുന്നു. നടന്നു പോയ  വഴിയില്‍ അവിടവിടെ കുട്ടികളുടേതാണെന്ന് പറയപ്പെടുന്ന മനുഷ്യ വിസര്‍ജ്ജ്യ വസ്തുക്കള്‍ , കണ്ടപ്പോള്‍ ക്ഷേത്രാന്തരീക്ഷം മലിനപ്പെടുന്നത് തടയാന്‍  ബന്ധപ്പെട്ടവര്‍ക്ക് ഒന്നും ചെയ്യാനാകില്ലേ എന്ന് ആലോചിച്ചു പോയി!!!നിലത്തിരുന്നും ഗോവിന്ദാ എന്ന് നിലവിളിച്ചും ഏകദേശം മൂന്നു മണിക്കൂറിന് ശേഷം ഏഴര മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക്  ഗോവിന്ദ ദര്‍ശനം ലഭിച്ചു. ഇരു മിഴിക്കോണുകളും അല്‍പ്പം മറച്ചു കൊണ്ട് വലിയ ഗോപിക്കുറിയും ചാര്‍ത്തി ,സര്‍വ്വാലങ്കാര വിഭൂഷിതനായി നില്‍ക്കുന്ന സാക്ഷാല്‍ ശ്രീനിവാസ സ്വാമിയെ കണ്ടപ്പോള്‍ അതുവരെ അനുഭവിച്ച സകല ദു;ഖങ്ങളും ബുദ്ധിമുട്ടുകളും എല്ലാവരും മറന്നു. പ്രധാന ശ്രീകോവിലില്‍ സ്വാമിയുടെ പ്രതിഷ്ടയ്ക്ക് നേരെ എതിര്‍ വശത്ത്‌ അല്‍പ്പം ദൂരെയായി വലിയ ഒരു ദര്‍പ്പണത്തില്‍ വിഗ്രഹത്തിന്‍റെ പ്രതിച്ഛായ കാണാന്‍ തക്കവണ്ണം ക്രമീകരിച്ചിട്ടുണ്ടായിരുന്നു. അത് കണ്ടു കൊണ്ട് സന്തോഷമായി  പ്രധാന വിഗ്രഹത്തിന് നേരെ മുന്നിലെത്തിയപ്പോള്‍ അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ സെക്യൂരിറ്റി ജീവനക്കാര്‍ ഭക്തരുടെ തോളില്‍ പിടിച്ച് മുന്നോട്ട് തള്ളുകയായിരുന്നു , ഇത്രയും നേരം വിഷമിച്ചു നിന്ന് വന്ന് ഒരു നിമിഷം ദർശന സുഖം ലഭിച്ച  മനസ്സിന്‍റെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നത് കണ്ടപ്പോള്‍ വല്ലാത്ത നിരാശയാണ് തോന്നിയത്. അവരെയും കുറ്റം പറയാന്‍ പറ്റില്ല ,ചില ആള്‍ക്കാര്‍ നടയ്ക്ക് മുന്നില്‍ എത്തിയാല്‍ , ഭഗവാന്‍ അവരുടേതു മാത്രമാണെന്നും മറ്റുള്ളവര്‍ എന്തെങ്കിലും ആയിക്കൊള്ളട്ടെയെന്നും എന്ന ഭാവത്തില്‍ ആട്ടുകല്ലിന് കാറ്റ് പിടിച്ചത് പോലെ ഒരൊറ്റ നില്‍പ്പാണ്.
ദര്‍ശന സായൂജ്യവുമായി ക്ഷേത്രത്തിനു പുറത്തു വന്ന ഞങ്ങള്‍  സ്വാമി പുഷ്കരിണി തീര്‍ത്ഥത്തിനരികില്‍ നില്‍ക്കുന്ന സമയം കൊണ്ട് രമയും ,മകൾ ശാലും കൂടി ലഡ്ഡു വാങ്ങാന്‍ കൌണ്ടറിലേക്ക് പോയി. പുഷ്ക്കരിണിയില്‍ എന്തൊക്കെയോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നതിനാല്‍ അതില്‍ വെള്ളം ഉണ്ടായിരുന്നില്ല.

         തിരുപ്പതി ബാലാജി ക്ഷേത്രത്തിന്‍റെ മുന്‍വശം

        ക്ഷേത്രത്തിന്‍റെ കനക ശ്രീകോവില്‍ ദൂരെ കാണാം  

തിരുപ്പതി ദേവന്‍റെ ഐതീഹ്യം :-
പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള തിരുമല ക്ഷേത്രം വെങ്കടേശ്വര ക്ഷേത്രമായി അറിയുന്നതിന് മുന്‍പ് അവിടെ മറ്റൊരു ക്ഷേത്രമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. മഹാവിഷ്ണുവിന്‍റെ മൂന്നാമത്തെ അവതാരമായ വരാഹ മൂര്‍ത്തി ഗരുഡനോടൊപ്പം വന്ന് പുഷ്ക്കരിണിയുടെ പടിഞ്ഞാറേക്കരയില്‍ കിഴക്കോട്ടു ദര്‍ശനമായി കുടികൊണ്ടിരുന്ന ക്ഷേത്രമാണത്. പിന്നീട് കലിയുഗാരംഭത്തില്‍ ലോക നന്മയ്ക്കായി യജ്ഞങ്ങള്‍ അനുഷ്ടിച്ച ഋഷിമാര്‍ക്ക് ത്രിമൂര്‍ത്തികളില്‍ ആരാണ് അഗ്ര പൂജയ്ക്ക് അര്‍ഹനായിട്ടുള്ളത് എന്ന് ഒരു സംശയം ജനിക്കുകയും ,നാരദമുനിയുടെ നിര്‍ദ്ദേശ പ്രകാരം അവര്‍ ഭൃഗു മഹര്‍ഷിയെ ത്രിമൂര്‍ത്തികളുടെ അടുത്തേക്ക്‌ അയക്കുകയും ചെയ്തുവത്രെ . അദ്ദേഹം ആദ്യം ബ്രഹ്മാവിനെയും, പിന്നെ മഹാദേവനെയും കാണാൻ ചെന്നുവെങ്കിലും  അവരാരും അദ്ദേഹത്തെ കണ്ട ഭാവം നടിച്ചില്ല. അവസാനം വൈകുണ്ഡത്തിലെത്തി മഹാവിഷ്ണുവിനെ കണ്ടെങ്കിലും അദ്ദേഹവും മഹര്‍ഷിയെ മൈന്‍ഡ് ചെയ്തില്ല. ഇതില്‍ കോപം പൂണ്ട മഹര്‍ഷി മഹാവിഷ്ണുവിന്‍റെ ഇടതു നെഞ്ചില്‍ ആഞ്ഞു ചവിട്ടി. ലക്ഷ്മീദേവി കുടികൊള്ളുന്ന ശ്രീവത്സം മറുകിന്‍റെ സ്ഥാനത്ത് ഋഷി ചവുട്ടിയിട്ടും യാതൊരു പ്രതികരണവും ഇല്ലാതെ ഭഗവാന്‍ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ ദേവി കോപിച്ച് വൈകുണ്ഡം വിട്ടിറങ്ങി പോയി,മഹാരാഷ്ട്രയിലെ കോല്‍ഹാപൂരില്‍ എത്തി ധ്യാനത്തിലിരുന്നു. പെട്ടെന്ന് കോപിഷ്ടനാകാത്ത ദേവനായ മഹാവിഷ്ണു തന്നെയാണ് അഗ്രപൂജയ്ക്ക് അര്‍ഹന്‍ എന്ന് മനസ്സിലാക്കിയ ഭൃഗു മഹര്‍ഷി ക്ഷമ ചോദിച്ചിട്ട് വൈകുണ്ഡത്തില്‍ നിന്ന് മടങ്ങിപ്പോയി. പക്ഷെ ലക്ഷ്മീ ദേവിയെ കാണാതെ ഭൂമിയിലെത്തിയ പരമാത്മാവായ ആദിനാരായണന്‍ ശ്രീനിവാസന്‍ എന്ന പേരില്‍ മനുഷ്യ രൂപത്തില്‍ വകുളാ ദേവി എന്ന അമ്മയുടെ സംരക്ഷണയില്‍ തിരുമലയില്‍   വന്നു തപസ്സ് ചെയ്യുവാനാരംഭിച്ചു. ഇതറിഞ്ഞ ബ്രഹ്മാവും ,കൈലാസേശ്വരനും ലക്ഷ്മീദേവിയെ വിവരമറിയിച്ചിട്ട്‌ വിഷ്ണു സേവയ്ക്കായി പശുക്കളുടെ രൂപം സ്വീകരിച്ചു. ഒരു യുവതിയുടെ വേഷം ധരിച്ച് ലക്ഷ്മീദേവി അന്നത്തെ ചോള രാജവംശത്തിന്‍റെ കീഴിലായിരുന്ന തിരുമലയിലെത്തി ആ രണ്ടു പശുക്കളെയും രാജാവിന് ദാനം ചെയ്തു. ഈ പശുക്കളുടെ പാല്‍ ശ്രീനിവാസന് കൊടുക്കുക പതിവായിരുന്നു. ഒരു ദിവസം അതിലെ വലിയ പശു കൂടുതല്‍ പാല്‍ ശ്രീനിവാസന് കൊടുക്കുന്നതായി കണ്ട കറവക്കാരന്‍ അതിനെ ക്രൂരമായി മര്‍ദ്ദിച്ചു. പക്ഷെ മുറിവ് പറ്റിയത് ശ്രീനിവാസനായിരുന്നു, ഇതില്‍ കോപിച്ച് അദ്ദേഹം രാജാവിനെയും കറവക്കാരനെയും അസുരന്മാരാകട്ടെ എന്ന് ശപിച്ചു. പ്രജ ചെയ്യുന്ന കുറ്റത്തിന് രാജാവും അന്നൊക്കെ ശിക്ഷിക്കപ്പെടുമായിരുന്നു എന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ഈ സംഭവത്തിന് ശേഷം ശ്രീനിവാസ സ്വാമി തന്‍റെ വളര്‍ത്തമ്മയായ വകുളാദേവിയ്ക്കൊപ്പം താമസ്സിക്കുന്നതിനിടയില്‍ ശാപ വിമുക്തനായ ചോളരാജാവ് ആകാശരാജാവായി ജനിക്കുകയും അദ്ദേഹത്തിന് മഹാലക്ഷ്മിയുടെ അവതാരമായി പത്മാവതി എന്ന പുത്രി ജനിക്കുകയും ചെയ്തു. തന്‍റെ പ്രിയതമയായ ലക്ഷ്മീ ദേവിയെ പത്മാവതിയുടെ രൂപത്തില്‍ കണ്ടെത്തിയതോടെ ശ്രീനിവാസനും പത്മാവതീ ദേവിയും പ്രണയബദ്ധരായി . പക്ഷേ വിവാഹം നടത്തണമെങ്കിൽ വലിയ തുക നൽകണമെന്ന് രാജാവ് ശഠിച്ചു . പണം വായ്പ്പയായി ലഭിക്കാൻ വേണ്ടി ശ്രീനിവാസൻ ധനവാനായ കുബേരനെ സമീപിച്ചു. സാധാരണ “ബ്ലെയിഡ് “ കമ്പനിക്കാരെപ്പോലെ പലിശയും ചേർത്ത് കടം  നിശ്ചിത സമയത്തിനുള്ളിൽ അടച്ചു തീർത്ത് കൊള്ളാമെന്ന വ്യവസ്ഥയിൽ അദ്ദേഹം പണം കടം കൊടുത്തു. അങ്ങനെ രാജാവ് അവരുടെ വിവാഹം നടത്തിക്കൊടുത്തു . വിവാഹ ശേഷം വിശ്വരൂപം സ്വീകരിച്ച ഭഗവാനും ദേവിയും ഒന്നായി ലയിച്ചു മറഞ്ഞുവത്രേ. ആ സ്ഥലത്താണ് ബാലാജിയുടെ ക്ഷേത്രം നില്‍ക്കുന്നതെന്ന് ഐതീഹ്യം പറഞ്ഞു തരുന്നു.
പക്ഷേ ശ്രീനിവാസ സ്വാമി ഇനിയും വായ്പ്പ  തിരിച്ചടച്ചു തീർന്നിട്ടില്ലാത്തതിനാലാണ് ഭക്തർ ധാരാളം പണവും സ്വർണ്ണവും   സ്വാമിയ്ക്ക് കാണിയ്ക്കയായി കൊടുക്കുന്നതെന്നും കഥയുണ്ട്. ഒന്നും കൊടുക്കാനില്ലാത്തവരും , കൊടുത്തത് മതിയാകാത്തവരും  തങ്ങളുടെ തലമുടി കൂടി ഭഗവാന് സമർപ്പിച്ച് സായൂജ്യമടയുന്നു.  
തിരുമലയിലെ വെങ്കടാദ്രിയില്‍ വാണരുളുന്ന ശ്രീനിവാസ സ്വാമിയുടെ ഐതീഹ്യ കഥയില്‍ നിന്ന് മനുഷ്യ രാശിക്ക് ഏറെ പഠിക്കുവാനുണ്ടെന്നുള്ള തിരിച്ചറിവോടെ ക്ഷേത്രസങ്കേതത്തില്‍ നിന്ന് മടങ്ങിയ ഞങ്ങള്‍  ആഹാരവും കഴിഞ്ഞ് മുറിയിലെത്തി  മൊബൈല്‍ഫോണ്‍ നോക്കിയപ്പോള്‍ കല്യാണ മഹോത്സവം നറുക്ക് വീണതിന്‍റെ മെസ്സേജ് വന്നിരിക്കുന്നതായി കണ്ടു. മക്കൾക്കും ഞങ്ങള്‍ക്കും അവസരം കിട്ടിയിരുന്നെങ്കിലും  , സന്തോഷവും ഒപ്പം സങ്കടവും തോന്നി,കാരണം എട്ടു മണിയ്ക്ക് മുന്‍പ് അതിനുള്ള പണം അടയ്ക്കേണ്ടതുണ്ടായിരുന്നു . ഫോൺ നോക്കിയപ്പോൾ സമയം ഒന്‍പത് മണി ആയിക്കഴിഞ്ഞിരുന്നു. ദര്‍ശനത്തിനു പോകുമ്പോള്‍ ഫോണ്‍ കൊണ്ടുപോകാനാകാത്തത് കൊണ്ട് മുറിയില്‍ വച്ചിരിയ്ക്കുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ തിരുപ്പതി ക്ഷേത്രവുമായി കൂടുതല്‍ അടുത്തിടപഴകുന്ന ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ചു ചോദിച്ചപ്പോള്‍ പണം പത്തു മണിയ്ക്കുള്ളില്‍ അടച്ചാലും മതിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. കല്യാണ മഹോത്സവത്തെ പറ്റിയുള്ള വിശദാംശങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അവസരം കിട്ടിയത് വലിയ ഭാഗ്യമാണെന്നും രാവിലെ പത്തു മണിയ്ക്ക് ക്ഷേത്രത്തില്‍ ചെല്ലണമെന്നും രണ്ടു മണി വരെ എങ്ങോട്ടും പോകാതെ അവിടെത്തന്നെ ഇരിക്കുക തന്നെ വേണമെന്നും പറഞ്ഞു തന്നു. മൂന്നു നാല് മണിക്കൂര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും പുറത്ത് പോകാന്‍ സാധിക്കില്ല എന്നറിഞ്ഞപ്പോള്‍ എല്ലാവരും അതില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചിട്ട്‌ അടുത്ത ദിവസത്തെ പരിപാടികള്‍ ചര്‍ച്ച ചെയ്ത് വിശ്രമിച്ചു.
25/11/2019                   
      

                                                 തുടര്‍ന്ന് വായിക്കുക ബാലാജിയുടെ നാട്ടില്‍.....

2020 ജനുവരി 6, തിങ്കളാഴ്‌ച


                            കോവിലുകളും പൂക്കളും

കന്യാകുമാരി ജില്ലയിലെ തക്കല പട്ടണത്തില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ വേളിമലയുടെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കുമാരകോവില്‍ ക്ഷേത്രത്തിന് സമീപത്തെത്താം. പേരു സൂചിപ്പിക്കുന്നത് പോലെ ശിവകുമാരനായ സുബ്രമണ്യ സ്വാമിയുടെ വേളി അതായത് തിരുക്കല്യാണം നടന്ന സ്ഥലമിതാണെതെന്നാണ് പറയപ്പെടുന്നത്. തമിഴ് മക്കളുടെ സ്വന്തം കടവുള്‍ ആയ വേലായുധ സ്വാമി,വള്ളീ സമേതനായി കുടികൊള്ളുന്ന കുമാരകോവില്‍ ക്ഷേത്രം, സംഗ കാലത്ത് ജീവിച്ചിരുന്ന ‘നക്കീരാര്‍’ എന്ന കവിയുടെ ‘തിരുമുരുഗാട്ടുപടൈ’ എന്ന രചനയില്‍ ഉള്ള “തിരുവേരഗം” തന്നെയാണെന്ന് പറഞ്ഞു കേൾക്കുന്നു.

കന്യാകുമാരി ജില്ലയിലെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ക്ഷേത്രമാണ് കുമാര കോവിൽ .ഏകദേശം എട്ടടിയ്ക്ക് മുകളിൽ ഉയരമുള്ള ഏകശിലാ വിഗ്രഹം കാണുമ്പോൾ തന്നെ  ക്ഷേത്രം ബുദ്ധമത കാലഘട്ടത്തിൽ നിർമ്മിച്ചതാകാമെന്ന് ഊഹിക്കാം. നൂറുല്‍ ഇസ്ലാം കോളേജ് ഓഫ് എന്‍ജിനിയറിങ് ( NICE) എന്ന സ്ഥാപനത്തിന്‍റെ  വളരെ അടുത്ത്  ഒരു വലിയ കരിം പാറയുടെ അരികിലായിട്ടാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . കുത്തനെയുള്ള നാൽപ്പത് പടികൾ കയറി വേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുവാൻ. ഗൂഗിൾ കാണിച്ചു തന്ന വഴിയിലൂടെ  യാത്ര ചെയ്ത്  ക്ഷേത്രത്തിന്‍റെ പിൻ വശത്താണ് ഞങ്ങള്‍ ചെന്നെത്തിയത്. പടികള്‍ കയറാൻ ബുദ്ധിമുട്ടുള്ളവർക്കായി  ഒരു ‘റാമ്പ്’ കൂടി അവിടെ ഉണ്ടായിരുന്നതിനാല്‍  പലരും ഈ വഴിയാണ് വരുന്നതെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. 


   
              കുമാരകോവില്‍ ക്ഷേത്രം 
ഇനി പുണ്യപുരാതനമായ ഈ ക്ഷേത്രത്തിന്‍റെ ഐതീഹ്യമെന്തെന്നു നോക്കാം.വള്ളിയൂര്‍ തലസ്ഥാനമാക്കി ഭരിച്ചിരുന്ന നമ്പി അരചന് ഒരിക്കല്‍ പര്‍വ്വത സാനുക്കളില്‍ നിന്ന് ഒരു ദിവ്യ ശിശുവിനെ ലഭിച്ചുവത്രേ അതാണ്‌ ‘വള്ളി ദേവി ‘. അദ്ദേഹത്തിന്‍റെ പരിലാളനയിൽ വളർന്ന് യൌവ്വന യുക്തയായ വള്ളിയെ പരിണയം ചെയ്യാന്‍ കുമാര സ്വാമിയ്ക്ക്  ആഗ്രഹമുണ്ടായി . പക്ഷേ കുറവ സമുദായത്തില്‍ പെട്ട കന്യകയെ വിവാഹം ചെയ്യുന്നതില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നതിനാല്‍ അവര്‍ക്ക് ഗാന്ധര്‍വ വിധിപ്രകാരം വിവാഹിതരാകേണ്ടി വന്നു.അത് കൊണ്ട് തന്നെ മുരുക പത്നിയായ ദേവയാനി ദേവി ഈ വിവാഹത്തില്‍ പങ്കു കൊണ്ടില്ലെന്നും,മൂല സ്ഥാനത്ത് വള്ളീ സമേതനായ മുരുകനെയാണ് പ്രതിഷ്ടിച്ചിരിക്കുന്നതെന്നും,അറിയാൻ കഴിഞ്ഞു.  ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഏറ്റവും മുന്നില്‍ കുമാര സ്വാമിയുടെ വിവാഹം നടത്തിക്കൊടുത്ത കല്യാണ ഗണപതിയെ കാണാം . ഉള്ളിലേക്ക് കടന്നാൽ വീരബാഹുവും വീരമാഗേന്ദ്രനും കാവല്‍ നില്‍ക്കുന്ന ശ്രീകോവിലിൽ  എട്ടടി ഉയരത്തില്‍ വരദ ഹസ്തനായി നില്‍ക്കുന്ന വേലായുധ സ്വാമിയെയും,തൊട്ടടുത്ത് ആറടി ഉയരത്തിലുള്ള വള്ളീദേവിയെയും ദര്‍ശിച്ചു വണങ്ങാം. യാദൃശ്ചികമായി ക്ഷേത്രത്തിൽ  വച്ചു കാണുവാന്‍ ഭാഗ്യം കിട്ടിയ  സുഹൃത്തിന്‍റെ മകൾ  ‘വര്‍ഷ’യാണ്  ഇക്കാര്യങ്ങളൊക്കെ ഞങ്ങൾക്ക് പറഞ്ഞു തന്നത്. കോവിലിന് സമീപ പ്രദേശത്ത് താമസിക്കുന്ന വർഷയും ഭര്‍ത്താവും വീട്ടുകാരും കൂടി ഒരു പൂജ നടത്തുവാന്‍ വേണ്ടി  ക്ഷേത്രത്തില്‍ എത്തിയതായിരുന്നു. അതു പോലെ കുമാരസ്വാമിയുടെ  ഒരു വശത്തായി അല്‍പ്പം പിന്നിലേക്ക് മാറി  ചെരിഞ്ഞു  നില്‍ക്കുന്ന വള്ളീ ദേവിയെ വര്‍ഷയുടെ സഹായം കൊണ്ടാണ് ഞാന്‍ കണ്ടത്. ദേവീ വിഗ്രഹം ആദ്യമായി ചെല്ലുന്നവര്‍ക്ക്  അത്ര പെട്ടെന്ന്‍ കാണാന്‍ പറ്റാത്ത രീതിയില്‍ വച്ചിരിക്കുന്നത് കല്യാണത്തില്‍ എതിര്‍പ്പുള്ള ആരെങ്കിലും ഇനിയും അവരെ ശല്യം ചെയ്യാതിരിക്കനാണോ എന്ന് ഞാന്‍ സംശയിച്ചു പോയി. പ്രധാന ശ്രീകോവിലിലെ  ദര്‍ശനം കഴിഞ്ഞിറങ്ങിയാല്‍ ഉത്സവ മൂര്‍ത്തി ഇളയ നായനാര്‍( child murugan,...) .വള്ളി ദേവയാനി സമേതനായ സുബ്രഹ്മണ്യ സ്വാമി ,ദക്ഷന്‍, മഹാദേവര്‍ ,ശിവകാമി അമ്മാള്‍ (പാര്‍വ്വതി) എന്നീ സന്നിധികള്‍ കൂടി കണ്ടു വണങ്ങാം.മലയാളികള്‍ ധാരാളമായി ദര്‍ശനത്തിനു വരുന്ന ഇവിടെ പൂജാരിമാരും മലയാളികള്‍ ആണെന്ന് വർഷ പറഞ്ഞു . 
ദര്‍ശനം പൂര്‍ത്തിയാക്കി പുറത്തു വന്നപ്പോള്‍ സ്വതന്ത്രമായി വിഹരിക്കുന്ന ഒരു മയിലിനെ കണ്ടു. ഒരിക്കല്‍ അത് അവിടെ തനിയെ വന്നു കയറിയതാണെന്നും മറ്റൊരു മയിലിനെ കൂട്ടില്‍ വളര്‍ത്തുന്നുണ്ടെന്നും  വർഷയിൽ നിന്നറിഞ്ഞു.വർഷയുടെ വീട്ടുകാരുടെ പൂജാ പരിപാടികൾ  അവസാനിക്കാന്‍ താമസമുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ വിനയാന്വിതയായ ആ കുട്ടിയോട് യാത്ര പറഞ്ഞിറങ്ങി.പുറത്ത് പ്രദക്ഷിണം വയ്ക്കുമ്പോള്‍ അയ്യപ്പ സ്വാമിയുടെ സന്നിധിയ്ക്കരികിൽ  സുബ്രഹ്മണ്യ വാഹനമായ അഴകുറ്റ മയൂര ശ്രേഷ്ടനെ ഒരു കൂട്ടിൽ സൂക്ഷിച്ചിരിക്കുന്നത് കണ്ടു  . പഴക്കം കൊണ്ട് നശിച്ചു പോയ ‘വെന്‍ഗൈ മരം’ എന്ന സ്ഥല വൃക്ഷത്തിന്‍റെ (സേക്രഡ് ട്രീ)  അവശിഷ്ടങ്ങള്‍ (ട്രങ്ക് മാത്രം)   “തെപ്പാകുളം” എന്ന "സേക്രഡ് ലേക്ക്"(Sacred Lake ) ഇവ കാണാന്‍ സമയം അനുവദിച്ചില്ല.13 കി മീ അകലെ  നാഗര്‍കോവിലിലുള്ള ‘വിജേത’ ഹോട്ടലില്‍ ഞങ്ങള്‍ മുറി ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു  ,വൈകാതെ അവിടെ എത്തണം അതായിരുന്ന അടുത്ത ഉദ്ദേശം.നാഷണല്‍ ഹൈവേ 66 ല്‍ നിന്ന് നേരെ NH 944 വഴി സന്ധ്യയോടെ ഞങ്ങൾ ഹോട്ടലിലെത്തി. നല്ല വൃത്തിയും വെടിപ്പുമുള്ള അവിടെ നിന്ന് രുചികരമായ ആഹാരം കഴിച്ച് വിശ്രമിച്ചു.
     പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് സ്നാനാദി കര്‍മ്മങ്ങള്‍ കഴിഞ്ഞ് തൊട്ടടുത്തുള്ള നാഗര്‍കോവില്‍ ക്ഷേത്രത്തിലേക്ക് പോയി. ഹോട്ടലില്‍നിന്ന്  പത്ത് മിനിറ്റ് നടന്നാല്‍ മതി സ്ഥലനാമത്താൽ തന്നെ  പ്രസിദ്ധമായ നാഗരാജ ക്ഷേത്രത്തിലെത്തുവാന്‍. ആകെ ഒരു വിഷമം തോന്നിയത് പോകുന്ന വഴിയും ക്ഷേത്രപരിസരവും ഒക്കെ മുഴുവന്‍ വൃത്തി ഹീനമായിരുന്നു എന്നതാണ്.ഓല മേഞ്ഞ ശ്രീകോവിലില്‍ നാഗരാജാവിന്‍റെ പ്രതിഷ്ഠ കാണാം,തൊട്ടടുത്ത് അനന്തകൃഷ്ണന്‍ ,ശിവന്‍ എന്നീ ദേവന്മാരെയും പ്രതിഷ്ടിച്ചിരിക്കുന്നു. നാഗരാജാവിന് ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്നത് പാലും കോഴിമുട്ടയുമാണ്,ഈ മുട്ട നാഗങ്ങള്‍ ഭക്ഷിക്കുമെന്നു സങ്കല്‍പം. അടുത്ത  ദിവസം പൂജാരിമാര്‍ ഈ മുട്ടത്തോടുകള്‍ നീക്കം ചെയ്യും.  ആ  മുട്ടത്തോടുകള്‍ ശ്രീ കോവിലിന് പിൻ വശത്തൊരു സ്ഥലത്തായി  കൂട്ടിയിട്ടിരുന്നു . സര്‍പ്പങ്ങള്‍ ശീത രക്ത ജീവികള്‍ ആയതു കൊണ്ട് തണുപ്പ് കിട്ടാന്‍ വേണ്ടി ആയിരിക്കാം ശ്രീകോവിൽ ഓല മേഞ്ഞിരിക്കുന്നത് എന്ന് ഞാന്‍ ഊഹിച്ചു.സാധാരണ ക്ഷേത്രങ്ങളിലെ പോലെ കൊടിമരത്തിന്‍റെ മുകളില്‍ ഗരുഡനെ സ്ഥാപിച്ചിട്ടില്ല എന്നത് ഒരു പ്രത്യേകതയാണ് ,കാരണം നാഗരാജാവും ഗരുഡനും ആജന്മ ശത്രുക്കളായ സ്ഥിതിയ്ക്ക് അക്കാര്യം ചിന്തിക്കേണ്ടതില്ലല്ലോ!! മറ്റൊരു രസകരമായ കാര്യം,നാഗരാജാവിനടുത്ത് ശിവനെയും അതിനുമപ്പുറം  കൃഷ്ണസ്വാമിയെയും  പ്രതിഷ്ടിച്ചിരിക്കുന്നു . കാരണം കാളിയനാണ് നാഗരാജാവെന്നും ,പണ്ട് ഭഗവാന്‍ കൃഷ്ണന്‍ കാളിയ മര്‍ദ്ദനം നടത്തിയ ആളായതിനാല്‍ ,വീണ്ടും ഒരു ഉരസല്‍ ഉണ്ടായാലോ എന്ന് സംശയിച്ചാണത്രേ ഈ അകലം പാലിച്ചിരിക്കുന്നത്...നോക്കണേ മനുഷ്യര്‍ തമ്മിലുള്ള ശത്രു ഭാവം ദൈവങ്ങളിലും ആരോപിച്ച് സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുന്ന പാവം മനുഷ്യരുടെ കാര്യമേ !!! നാഗരാജ ശ്രീകോവില്‍ പ്രദിക്ഷണം വച്ച് പുറത്തു വന്നപ്പോള്‍ പുനര്‍നിര്‍മ്മാണം നടക്കുന്ന,അയ്യപ്പന്‍,മുരുകന്‍ ,ദേവി എന്നീ സന്നിധികള്‍ കണ്ടു.
 
      ക്ഷേത്രത്തിനു മുന്‍പില്‍ വലിയ ഒരു കുളവും അതിനടുത്തായി ഒരു നാഗത്തറയും ഉണ്ട് .അനേകം സര്‍പ്പ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിട്ടുണ്ടായിരുന്ന  അവിടെ ഒരു പൂച്ചയും  സ്ഥലം പിടിച്ചിട്ടുണ്ടായിരുന്നു.നൂറും പാലും അഭിഷേകം നടത്തിയതിന്‍റെ അവശിഷ്ടങ്ങള്‍ അവിടമാകെ ഒഴുകിയൊലിച്ചു വല്ലാത്ത ദുര്‍ഗന്ധം പരത്തുന്നുണ്ടായിരുന്നുവെന്നത് ഖേദകരമായ ഒരു സത്യം മാത്രമാണ് ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദം മഞ്ഞളും കുളത്തിലെ കുറച്ചു മണ്ണും ആണ്.ഞങ്ങളുടെ സുഹൃത്ത്‌ ആശ പറഞ്ഞതനുസരിച്ച് ആ ദേശത്തെ കൃഷി മട്ട അരി ആണെങ്കില്‍ കുളത്തിലെ മണ്ണിന് കറുപ്പ് നിറവും വെള്ള അരി ആണെങ്കില്‍ വെളുപ്പ് നിറവും ആയിരിക്കും എന്നതാണ്.ഞങ്ങള്‍ക്ക് കിട്ടിയ പ്രസാദത്തില്‍,വെളുത്ത മണലില്‍ അങ്ങിങ്ങ് കുറച്ചു കറുത്ത തരികളും ഉണ്ടായിരുന്നു. ദര്‍ശനം കഴിഞ്ഞ് തിരിച്ചു ഹോട്ടലിലേക്കുള്ള നടത്തത്തിനിടയില്‍ ആശ പറഞ്ഞതനുസരിച്ച് നാഗര്‍കോവിലില്‍ മാത്രം ലഭിക്കുന്ന “മട്ടിപ്പഴം” അന്വേഷിച്ചു.വളരെ രുചികരവും, പോഷകമൂല്യമുള്ളതുമായ പഴം ആദ്യം കിട്ടിയില്ലെങ്കിലും ഹോട്ടലില്‍ എത്തി പ്രഭാത ഭക്ഷണം കഴിഞ്ഞ് തോവാളയ്ക്ക് പോകുന്ന വഴി അത് കിട്ടി.വലിയ വില കൊടുത്തു വാങ്ങിയ ഇത് മലയാളികളുടെ ഞാലിപ്പൂവന്‍ പഴം പോലെ മാത്രമേ എനിക്ക് തോന്നിയുള്ളൂ.
                   നാഗര്‍കോവില്‍ ക്ഷേത്രം 
           നൂറും പാലും അഭിഷിക്തരായ നാഗ ദൈവങ്ങള്‍ 
 
 തോവാളപ്പൂക്കൾ തേടി

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള പ്രകൃതി സുന്ദരമായ,പൂക്കളുടെ നാടായ ഗ്രാമമാണ് തോവാള.വളരെ നാളായി പൂപ്പാടങ്ങള്‍ കാണുവാന്‍ ആഗ്രഹം ഉണ്ടായിരുന്ന ഞാന്‍ ഏറെ പ്രതീക്ഷയോടെയാണ് തോവാള കാണാന്‍ പോയത്.മലകളും കുന്നുകളും കാവലുള്ള കരിമ്പനകള്‍ കുട നിവര്‍ത്തി നില്‍ക്കുന്ന തോവളയിലെത്തിയപ്പോള്‍ വാടാമല്ലിയും ,ജമന്തിയും ബന്തിയും നിറച്ചാര്‍ത്തേകി നില്‍ക്കുന്ന പാടങ്ങള്‍ തേടി എന്‍റെ കണ്ണുകള്‍ കാറിന് പുറത്ത് ഉഴറി നടന്നു.തോവാള എന്ന സ്ഥലനാമ ഫലകം കണ്ടതോടെ ഞാന്‍ ഉഷാറായി .ആരോടൊക്കെയോ അറിയാവുന്ന തമിഴില്‍ വഴി ചോദിച്ച് ഒടുവില്‍ ഒരു ഇടുങ്ങിയ സ്ഥലത്ത് ചെന്ന് വണ്ടി നിന്നപ്പോള്‍  വെറും പൂ മാര്‍ക്കറ്റ് മാത്രമാണ് കാണാന്‍ കഴിഞ്ഞത്.നമ്മള്‍ പൂക്കള്‍ വാങ്ങാനല്ലല്ലോ മന്ദമാരുതനേറ്റ് തലയാട്ടി നില്‍ക്കുന്ന പൂക്കളുടെ ചന്തം കാണാനല്ലേ വന്നത് !!നിരാശ തോന്നിയെങ്കിലും വീണ്ടും പാടങ്ങള്‍ അന്വേഷിച്ചു കുറെ നേരം കാറില്‍ യാത്ര ചെയ്തു.ആവാരിക്കുളം എന്ന സ്ഥലത്ത് ചെന്നാല്‍ പൂപ്പാടം കാണാം എന്ന് ചിലര്‍ പറഞ്ഞതനുസരിച്ച് അവിടെ ചെന്നപ്പോള്‍ കാറ്റാടിപ്പാടങ്ങള്‍ പൂപ്പാടങ്ങളെ ഇല്ലാതെയാക്കി അവരുടെ സ്ഥലം കയ്യേറിയിരിക്കുന്നതാണ് കണ്ടത് .ഇനി മുന്നോട്ടു പോയാല്‍ കന്യാകുമാരിയില്‍ എത്തും എന്നായപ്പോള്‍ ഞങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചു.മടക്കയാത്രയില്‍ എനിക്ക് ആശ്വാസം തരാനെന്ന പോലെ ഒരു പിച്ചിപ്പൂ പാടം കണ്ടു.ഞാന്‍ അവിടെയിറങ്ങി പൂമൊട്ട് ശേഖരിക്കുന്ന പൂക്കാരി സ്ത്രീയോട് പാടം കാണാന്‍ അനുമതി ചോദിച്ചു.കമ്പോളത്തില്‍ കൊടുക്കാനുള്ള പിച്ചിമൊട്ടുകള്‍ എടുത്തു കൊണ്ടിരുന്ന അവരുടെ ഇരട്ടക്കുട്ടികള്‍ എന്നെക്കണ്ടതും കരയാന്‍ തുടങ്ങി. ഇപ്പോള്‍ പൂക്കളുടെ കൃഷി കുറഞ്ഞുവെന്നും അവരുടെ എന്‍ജിനീയറായ ഭര്‍ത്താവ് കൃഷി നിര്‍ത്തി വിന്‍ഡ് മില്ലില്‍ മാനേജര്‍ ആയി ജോലി നോക്കുകയാണെന്നും, കുട്ടികളെ നോക്കേണ്ടത് കൊണ്ട് നേഴ്സായ അവര്‍ ജോലിക്ക് പോകുന്നില്ലെന്നും റാണി എന്ന് പേരുള്ള ആ സ്ത്രീ എന്നോട് പറഞ്ഞു. കുറച്ചു നേരം അവരുടെ വിശേഷങ്ങള്‍ കേട്ടതിനു ശേഷം ഞാന്‍ യാത്ര പറയുമ്പോള്‍ ഒരു കൈക്കുടുന്ന നിറയെ സുഗന്ധമേറിയ പിച്ചിമൊട്ടുകള്‍ അവര്‍ എനിക്ക് സമ്മാനിച്ചു,വില വാങ്ങാതെ.പാടത്തിനരികില്‍ പൂത്തുലഞ്ഞു നിന്ന ഒരു പനിനീര്‍ പുഷ്പവും അവര്‍ എനിക്ക് സന്തോഷത്തോടെ സമ്മാനിച്ചു .ഒരു വസന്തം തേടി വന്ന എന്നിലെ പൂമ്പാറ്റയ്ക്ക് കുറച്ചു പൂക്കള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.അതോടെ തോവാളയിലെ പൂപ്പാടങ്ങളുടെ നിറമുള്ള ചിത്രങ്ങള്‍  എന്‍റെ മനസ്സിന്‍റെ ക്യാന്‍വാസില്‍ നിന്ന് മാഞ്ഞു പോകുക തന്നെ ചെയ്തു.
                       പിച്ചിപ്പാടം 
        പിച്ചിപ്പൂ 'റാണി' തന്‍റെ ഇരട്ടക്കുട്ടികളുമായി 

തോവാള എന്ന നഷ്ട സ്വപ്നവുമായി മുന്‍പൊരിക്കല്‍ പോയിട്ടുള്ള തിരുവട്ടാര്‍ ആദി കേശവ പെരുമാള്‍ ക്ഷേത്രവും,തൃപ്പരപ്പ് വെള്ളച്ചാട്ടവും കാണുവാനാണ് പിന്നീട് പോയത്.ജയയും മുരളി സാറും അവിടെ പോയിട്ടില്ലാത്തതിനാല്‍ ഒരിക്കല്‍ കൂടി അവര്‍ക്ക് വേണ്ടി ഞങ്ങള്‍ അവിടെയും പോയി.കഴിഞ്ഞ തവണ പോയപ്പോള്‍ ജലപാതത്തില്‍ കുളിക്കാന്‍ പറ്റിയില്ല എന്ന ഖേദം ഇത്തവണ മാറ്റിക്കുറിക്കാന്‍ കഴിഞ്ഞു എന്നൊരു സന്തോഷമുണ്ടായി.
എന്തായാലും യാത്ര വളരെ സുഖകരവും സന്തോഷപ്രദവുമായിരുന്നു എന്നു  പറയാതെ വയ്യ. മാത്രമല്ല നല്ല സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രകള്‍ എന്നും മനസ്സില്‍ നല്ല ഓര്‍മ്മച്ചിത്രങ്ങള്‍ നല്‍കും എന്നനുഭവം ഉള്ളത് കൊണ്ട് ഈ യാത്രയുടെ സന്തോഷം നിറഞ്ഞ ഓര്‍മ്മകളുടെ നീര്‍ത്തുള്ളികള്‍ എന്നും മനസ്സിന് കുളിരേകട്ടെ എന്നാഗ്രഹിച്ചു കൊണ്ട്, ............  
 14/10/2019




2019 ഡിസംബർ 24, ചൊവ്വാഴ്ച


തിരുവിതാംകൂറിന്‍റെ ഗരിമ –തമിഴകത്ത്-ഉദയഗിരിക്കോട്ട
                               
                                       -നന്ദ-

അരങ്ങൊഴിഞ്ഞ രാജഭരണ നാളുകളുടെ സാക്ഷികളായി വേളിമലയും വള്ളീ നദിയും ഇന്നും കാവല്‍ നില്‍ക്കുന്ന പത്മനാഭപുരം കൊട്ടാരം എന്ന  മഹാ മന്ദിരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍  നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് എന്‍റെ ചിന്തകള്‍ പറന്നു പോയി. നൃത്ത സംഗീതാദി കലകളുടെ ചിലമ്പൊലികളും  ഈണവും അലയടിച്ചിരുന്ന മണ്ഡപങ്ങളിലും,രാജ കല്‍പ്പനകള്‍ക്കായി കാതോര്‍ത്തിരുന്ന ഇടനാഴികളിലും,ആയുധങ്ങളുടെ മുട്ടിയുരുമ്മലുകള്‍ കൊണ്ട് മുഖരിതമായിരുന്ന ഇരുട്ടറകളിലും,പ്രണയ വസന്തങ്ങള്‍ വിടര്‍ന്നു വിലസിയതും,കൊഴിഞ്ഞു കരിഞ്ഞതുമായ അന്ത:പുരങ്ങളിലും, വിഭവപ്പെരുമയുടെ നറുമണം പേറിയിരുന്ന പാചകശാലകളിലുമൊക്കെയായി എന്‍റെ മനസ്സ് അലഞ്ഞു നടക്കുമ്പോള്‍ മറ്റുള്ളവര്‍ ചായ കുടിക്കുവാനായി അടുത്തു കണ്ട കടയിലേക്ക് കയറി.  വൃത്തിഹീനമായ ആ പീടികയില്‍ നിന്ന് എന്തെങ്കിലും ആഹരിക്കാന്‍ രാജതല്‍പ്പത്തില്‍ വിഹരിച്ചിരുന്ന എന്‍റെ മനസ്സ് അനുവദിച്ചില്ല.
    സമയം നാലു മണി കഴിഞ്ഞിരുന്നു.അധികം അകലത്തല്ലാതെ സ്ഥിതി ചെയ്യുന്ന പുളിയൂര്‍ കുറിച്ചി ഉദയഗിരി കോട്ട കാണുക എന്നതായിരുന്നു  അടുത്ത ലക്‌ഷ്യം.
പത്മനാഭപുരം തലസ്ഥാനമാക്കി ഭരിച്ചിരുന്ന തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സൈനിക ആസ്ഥാനമായിരുന്ന ഉദയഗിരി കോട്ട  പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് കരുതുന്നു. തൊണ്ണൂറോളം ഏക്കറില്‍ വിസ്തൃതമായി വ്യാപിച്ചു കിടക്കുന്ന  ഈ കോട്ട ഒരു കാലത്ത്  മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിനാല്‍ പുതുക്കി പണിയപ്പെട്ടിരുന്നെങ്കിലും ഇന്ന് നാശോന്മുഖമായ ഇവിടം തമിഴ്‌നാട്‌ വനം വകുപ്പ് ഏറ്റെടുത്ത് പരിരക്ഷിക്കുവാന്‍ ശ്രമിച്ചു വരുന്നു.
കോട്ടയ്ക്കുള്ളില്‍ കാണപ്പെട്ട മരം

ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും തിരുവിതാംകൂറുമായി നടന്ന കുളച്ചല്‍ യുദ്ധത്തില്‍ പരാജയപ്പെട്ട ഡച്ചുകാരുടെ നേവല്‍ കമാണ്ടര്‍ ആയിരുന്ന ഡിലനോയി സായിപ്പ് തടവുകാരനാക്കപ്പെടുകയും തുടര്‍ന്ന്  തിരുവിതാംകൂര്‍ ആര്‍മിയുടെ ചീഫ്  ആയി നിയമിക്കപ്പെടുകയും ചെയ്തുവെന്ന് ചരിത്രം.ഉദയഗിരി കോട്ടയ്ക്കു ചുറ്റും കരിങ്കല്ല് കൊണ്ട് വലിയ മതില്‍ക്കെട്ടു നിര്‍മ്മിച്ച ഡിലനോയി സായിപ്പിന്‍റെയും, അദ്ദേഹത്തിന്‍റെ ഭാര്യയുടെയും,മകന്‍റെയും ശവ കുടീരവും കോട്ടമതിലിനുള്ളില്‍  ജീര്‍ണ്ണാവസ്ഥയില്‍ നമുക്ക് കാണാവുന്നതാണ്.പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് ഏകദേശം 9 മിനിട്ട് സമയം കൊണ്ട് കോട്ടയ്ക്കടുത്തെത്തിയ ഞങ്ങള്‍ അതിന്‍റെ വാതില്‍ കണ്ടു പിടിക്കാന്‍ നന്നേ പാടു പെട്ടു.വഴികാട്ടിയായ ഗൂഗിള്‍ ലക്ഷ്യസ്ഥാനം എത്തി എന്ന അറിയിപ്പ് തന്നപ്പോള്‍ കാട് കയറിക്കിടക്കുന്ന വലിയ മതില്‍ക്കെട്ടുകള്‍ ദൃശ്യമായി. മതിലരികിലൂടെയുള്ള പാതയില്‍ കൂടി കുറെ നേരം സഞ്ചരിച്ചെങ്കിലും ഉയര്‍ന്നു നില്‍ക്കുന്ന കരിങ്കല്‍ ഭിത്തികളല്ലാതെ അതിനുള്ളിലേക്കുള്ള  പ്രവേശന കവാടം എങ്ങും കാണാന്‍ കഴിഞ്ഞില്ല. പോകേണ്ട വഴി ഇതല്ലേ എന്ന് സംശയമായി,ചോദിക്കാമെന്നു വച്ചാല്‍ ഒരാളെ പോലും കാണാനുമില്ലായിരുന്നു ,വള്ളിപ്പടര്‍പ്പുകളും  പാഴ്മരങ്ങളും നിറഞ്ഞ്  കാനന സമാനവും ഭയാനകവുമായ നിശബ്ദതയാണ് അവിടെ കളിയാടിയിരുന്നത്.ഒടുവില്‍ ഭാഗ്യം കൊണ്ട്  വൃദ്ധനായ ഒരു കാല്‍നട യാത്രികനെ കണ്ടു.അദ്ദേഹത്തോട്  വഴി ചോദിച്ചപ്പോള്‍ ഇപ്പോള്‍ പോകുന്ന വഴിയെ പോയാല്‍ എത്തുമെന്നാണ് പറഞ്ഞത്.കുണ്ടും കുഴിയും നിറഞ്ഞ വളരെ മോശമായ പാതയ്ക്കു സമാനമായി ,നീണ്ടു പോകുന്ന കോട്ടമതില്‍ നോക്കിക്കൊണ്ട്‌ കുറെ നേരം അങ്ങനെ യാത്ര ചെയ്തു. ഒരു സ്ഥലത്തെത്തിയപ്പോള്‍ റോഡിന് തീരെ വീതി കുറഞ്ഞതായി കണ്ടു,പാതയോരം കയ്യേറി താമസിക്കുന്ന കുറേ മനുഷ്യരും അവര്‍ വലിച്ചെറിഞ്ഞ പാഴ്വസ്തുക്കളും കൊണ്ട് മലിനമാക്കപ്പെട്ട ഒരു ചുറ്റുപാട്. അവിടെക്കണ്ട ഒരാളിനോട് വീണ്ടും കോട്ടവാതില്‍ എവിടെയാണെന്ന് അന്വേഷിച്ചപ്പോള്‍ അയാളും മുന്നിലേക്ക്‌ വിരല്‍ ചൂണ്ടി പൊയ്ക്കൊള്ളാന്‍ പറഞ്ഞു.തകര്‍ന്ന കോട്ടയാണെന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നതിനാല്‍ ഇനി വാതിലുമൊന്നും ഇല്ലായിരിക്കുമോ ,മതില്‍ പൊട്ടിയ സ്ഥലത്തു കൂടി വലിഞ്ഞു കയറേണ്ടി വരുമോ എന്നൊക്കെ ഞാന്‍ ആലോചിച്ചു പോയി.എന്തിനേറെ പറയുന്നു വലിയ ഒരു പ്രദിക്ഷണം കഴിഞ്ഞ് കോട്ടയുടെ കവാടത്തിലെത്തിയപ്പോള്‍ സമാധാനമായി.ഉള്ളില്‍ ഒരു ചെറിയ ടിക്കറ്റ് കൌണ്ടര്‍ ഉണ്ട്.10 രൂപയാണ് പ്രവേശന ഫീസ്‌.മനസ്സിലുണ്ടായിരുന്ന ചിത്രത്തിന് വിപരീതമായി അല്‍പ്പം വൃത്തിയായി കുറച്ചു കാര്യങ്ങള്‍ അവിടെ ചെയ്തിരിക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി.വനംവകുപ്പ് സാരഥ്യം ഏറ്റെടുത്തിരിക്കുന്നതിനാല്‍ ജൈവ വൈവിധ്യമാണ് അവിടെ കാണാന്‍ കഴിഞ്ഞത് .നാനാജാതി വൃക്ഷങ്ങളും,ചെടികളും നട്ടുപിടിപ്പിച്ചിരിക്കുന്നതു കൂടാതെ കാലപ്പഴക്കം കൊണ്ട് ആയുസ് ഒടുങ്ങിയ മരങ്ങളെ എന്തൊക്കെയോ പരിപാടികള്‍ ചെയ്ത് നില നിര്‍ത്തിയിയിരിക്കുന്നതും കണ്ടു .ബോട്ടിംഗ് ഉദ്ദേശിച്ച് ഒരു ചെറിയ തടാകം,കൂടുകളില്‍ വളര്‍ത്തുന്ന മയിലുകള്‍,മാംസഭോജിയായ വള്‍ച്ചര്‍,കിളികള്‍, ചെറിയ  അക്വേറിയം,കുട്ടികള്‍ക്കായുള്ള ഊഞ്ഞാല്‍,മുളങ്കാടുകള്‍ ഇതെല്ലാം കോട്ടയ്ക്കുള്ളിലെ കാഴ്ചകളായിരുന്നു.  രാജഭരണ കാലത്ത് തോക്കുകളും,ആയുധങ്ങളും നിര്‍മ്മിക്കുവാനുള്ള ലോഹം ഉരുക്കുന്ന ഒരു ആലയുടെ അവശിഷ്ടങ്ങളും അവിടെ  കണ്ടു.
കോട്ടയ്ക്കുള്ളില്‍ പരിപാലിക്കപ്പെട്ടിരുന്ന  മാനുകള്‍
                     വള്‍ച്ചര്‍
ആയുധങ്ങള്‍ ഉണ്ടാക്കുവാന്‍ ലോഹം ഉരുക്കിയിരുന്ന ആല

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുളിമരം തുടങ്ങിയ അനേകം വൃക്ഷങ്ങള്‍ കുട പിടിച്ചു നില്‍ക്കുന്ന കോട്ടയ്ക്കകത്തെ വളരെ ചെറിയ ഒരു ശതമാനം മാത്രമേ നടന്നു കാണുവാന്‍ സാധിച്ചുള്ളൂ,ബാക്കി സ്ഥലം ശാപമോക്ഷം കാത്ത് കാടു പിടിച്ചു കിടക്കുകയായിരുന്നു.കുട്ടികളെ ആകർഷിക്കത്തക്കവിധം ചിത്ര ശലഭങ്ങളുടെ ശിൽപ്പങ്ങള്‍ അങ്ങിങ്ങ്  സ്ഥാപിച്ചിട്ടുണ്ടായിരുന്നു. അവിടെ നിന്ന് ഞങ്ങള്‍ ഡിലനോയ് സായ്പ്പിന്‍റെ ശവകുടീരം കാണുവാന്‍ പോയി.ഏകദേശം ഒരു കിലോമീറ്ററോളം വനസമാനമായ പ്രദേശത്തുകൂടി നടന്നു വേണം അവിടെയെത്താന്‍.ചുള്ളിക്കമ്പുകളും വിറകും ശേഖരിക്കുന്ന തമിഴ് പെണ്ണുങ്ങളോട് ഞങ്ങള്‍ ആശ്വാസത്തിനായി വഴി ചോദിച്ചു.മെട്രോ ട്രെയിന്‍  പോലെ  വലിയ അട്ടകള്‍ ഇഴഞ്ഞു നടന്നിരുന്ന  ആ ഒരേയൊരു  വഴി ചെന്ന് അവസാനിക്കുന്നത് ശവകുടീരത്തിലാണെന്ന് അവരിൽ നിന്നറിഞ്ഞു .വന്യ മൃഗങ്ങളുടെ സാന്നിദ്ധ്യം പോലും സംശയിക്കപ്പെടാവുന്ന ആ വന മദ്ധ്യത്തില്‍ മഹാനായ ഒരു പട്ടാള മേധാവിയുടെ,ടോംബ് മേല്‍ക്കൂര പോയി ഇടിഞ്ഞുപൊളിഞ്ഞ നിലയിൽ  കണ്ടപ്പോള്‍ സത്യത്തില്‍ ഹൃദയം തകര്‍ന്നു പോയി.ജീവിച്ചിരുന്നപ്പോള്‍ ആരായാലെന്ത് മരിച്ചാല്‍ മണ്ണിനോട് ചേരുമെന്നത് സത്യം.ഡിലനോയ് യുടെയും ഭാര്യയുടെയും മകന്‍റെയും ഭൌതിക ശരീരം അടക്കം ചെയ്ത സ്ഥലം കണ്ടു പുറത്തിറങ്ങുമ്പോള്‍, പുറത്ത് സായിപ്പിന്‍റെ ആനയുടെയും കുതിരയുടെയും ശരീരം അടക്കം ചെയ്ത സ്ഥലമുണ്ടെന്ന്  സൈക്കിളില്‍ വിറകുകെട്ടുമായി  വന്ന ഒരാള്‍ ഞങ്ങളോട് പറഞ്ഞു.
                      ഡിലനോയ് യുടെ ടോംബ്

ശ്മശാന മൂകമായ ആ സ്ഥലത്ത് നിന്ന് തിരികെ നടന്ന് കോട്ട വാതിലിന് സമീപം എത്തിയപ്പോള്‍ അവിടെ കുറെ ഔഷധ സസ്യങ്ങള്‍ നട്ടു പിടിപ്പിച്ചിരിക്കുന്നത് കണ്ടു.വികസിച്ചു വരുന്ന  ആ ഹെര്‍ബല്‍ ഗാര്‍ഡന് സമീപത്തു കൂടി പുറത്തേക്കിറങ്ങുമ്പോള്‍ വാഹനം പാര്‍ക്ക് ചെയ്തതിന് ഫീസ്‌ ആവശ്യപ്പെട്ടു കൊണ്ട് ഒരാളെത്തി. പ്രകൃതിയെ നോവിക്കാതെ അവളുടെ മാദക സൌന്ദര്യം നില നിര്‍ത്തിക്കൊണ്ട് ഒരു നല്ല വിനോദ സഞ്ചാര കേന്ദ്രം അതി വിദൂരത്തല്ലാതെ ഇവിടെ ഉണ്ടാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് അടുത്ത ലക്ഷ്യമായ കുമാരകോവില്‍ കാണുവാനായി യാത്ര ആരംഭിച്ചു .
  

2019 നവംബർ 13, ബുധനാഴ്‌ച


പത്മനാഭപുരം കൊട്ടാരം -തിരുവിതാംകൂറിന്‍റെ ഗരിമ –തമിഴകത്ത്
                                -നന്ദ

ചെങ്കലിലെ ഉത്തുംഗമായ മഹാ ശിവലിംഗത്തിന്‍റെ സന്നിധിയില്‍ നിന്ന്  ദേവ ദേവനായ മഹാദേവനെ വണങ്ങിയശേഷം , കേരളീയ  വാസ്തുവിദ്യയുടെ മനോഹാരിത തുളുമ്പുന്ന വിശ്വ വിഖ്യാതമായ പത്മനാഭപുരം കൊട്ടാരം കാണുവാനാണ് പോയത് .മദ്ധ്യാഹ്ന സമയത്ത് ഒരു മണിക്കൂര്‍ നേരം കൊട്ടാരം അടച്ചിടുമെന്നറിയാമായിരുന്നതിനാൽ സമയം ഒട്ടും പാഴാക്കാതെ  പാറശ്ശാലയിലെത്തി കെ ടി ഡി സി യില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചതിന് ശേഷമാണ് കൊട്ടാരക്കാഴ്ചകളിലേക്ക് പോയത്. 

   പാറശ്ശാലയില്‍ നിന്ന് 22 കി മീ ദൂരം യാത്ര ചെയ്‌താല്‍ കന്യാകുമാരി ജില്ലയിലെ കല്‍ക്കുളം താലൂക്കില്‍,മാര്‍ത്താണ്ഡത്തിനും തക്കലയ്ക്കും മദ്ധ്യേ പഴമയുടെ ഗാഭീര്യവുമായി  തലയെടുപ്പോടെ നില്‍ക്കുന്ന കൊട്ടാരത്തിലെത്താം..വേണാട്ടരചന്മാരുടെ ഭരണകാലത്ത് പത്മനാഭപുരം തലസ്ഥാനമാക്കി നാടുവാണിരുന്ന  ഇരവിപ്പിള്ള ഇരവി വര്‍മ്മ കുലശേഖര പെരുമാളാണ് കൊട്ടാര നിര്‍മ്മാണത്തിന് തുടക്കമിട്ടത്. വേളിമലയുടെ താഴ്വാരത്തിലൂടെ തമിഴ്നാട്ടിലേക്ക് കുണുങ്ങിയൊഴുകുന്ന വല്ലി നദിയ്ക്ക് സമീപത്തായി ഏകദേശം ആറേക്കറോളം വരുന്ന വളപ്പില്‍ കേരളീയ ശൈലിയുടെ മകുടോദാഹരണമായി കൊട്ടാരം നിലകൊള്ളുന്നു. 1741 ലെ കുളച്ചല്‍ യുദ്ധത്തിന് ശേഷം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ഇന്ന് നാം കാണുന്ന രീതിയില്‍ പുതുക്കി പണിഞ്ഞ കൊട്ടാരം കേരള സര്‍ക്കാരിന്‍റെ പുരാവസ്തു വകുപ്പിന്‍റെ സംരക്ഷണത്തില്‍ സുരക്ഷിതമാണ്.
              പത്മനാഭപുരം കൊട്ടാരം
തിരുവിതാംകൂര്‍ രാജവംശത്തിന്‍റെ തലസ്ഥാനമായിരുന്ന ഇവിടം സംസ്ഥാന രൂപീകരണ സമയത്ത് തമിഴ് നാടിനു സ്വന്തമായപ്പോള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ് രാജ്യം പത്മനാഭ സ്വാമിക്ക് സമര്‍പ്പിച്ച്,തിരുവനന്തപുരത്തേക്ക് പോകുകയും 1795 ല്‍ പത്മനാഭ ദാസനായി തിരുവനന്തപുരം തലസ്ഥാനമാക്കി ഭരണം തുടരുകയുമാണ് ചെയ്തത്.
കൊട്ടാരത്തിനു സമീപമെത്തിയപ്പോള്‍ 59 രൂപ കൊടുത്ത് വാഹനം പാര്‍ക്ക് ചെയ്യാന്‍ ഏല്‍പ്പിച്ച് ഉള്ളിലേക്ക് പ്രവേശിക്കുവാനുള്ള 35 രൂപ ടിക്കറ്റ് കൂടി എടുത്ത് ഞങ്ങള്‍ കൊട്ടാര സമുച്ചയത്തിലേക്ക് പ്രവേശിച്ചു ഫോട്ടോഗ്രാഫി അനുവദിച്ചിട്ടില്ലാത്തത് കൊണ്ട് ഉള്ളിലെ കാഴ്ച്ചകള്‍ വിവരണത്തിലൂടെ മാത്രമേ നല്‍കുവാന്‍ കഴിയുകയുള്ളൂ.ഉദ്യാനത്തിലേക്ക്‌ തുറന്നിരിക്കുന്ന പൂമുഖത്ത് ഒരു കരിങ്കല്‍ കട്ടിലും,ചൈനയില്‍ നിര്‍മ്മിച്ച് രാജാവിന് സമ്മാനിക്കപ്പെട്ട കസേരയും കാണാം , ഇവിടെയായിരുന്നു രാജാവ് അതിഥികളെ സ്വീകരിച്ചിരുന്നത്. കൊത്തുപണികളാല്‍ അലംകൃതമായ പൂമുഖത്ത് നിന്ന് കോണി കയറി ചെല്ലുന്നത് സഭ കൂടുന്ന സ്ഥലത്തേക്കും തുടര്‍ന്ന് രണ്ടായിരം പേര്‍ക്ക് ഒരേ സമയം ഇരുന്ന് ആഹാരം കഴിക്കുവാന്‍ സാധിക്കുന്ന നെടുങ്കന്‍ ഭക്ഷണ ശാലയിലേക്കുമാണ്.ഡൈനിംഗ് ഹാളിന്‍റെ ഒരറ്റത്ത് വലിയ  ഉപ്പുമാങ്ങാ ഭരണികള്‍,രസം മോര് ഇവ ഒഴിച്ചു വയ്ക്കാന്‍ ആവശ്യമായ വലിയ കല്‍ത്തൊട്ടികള്‍,ഇവ കാണാം .ഹാളിന് പുറത്ത് മുറ്റത്ത് ഒരു വലിയ ആട്ടു കല്ല്‌, ഗതകാല സ്മരണകള്‍ അയവിറക്കി കിടപ്പുണ്ടായിരുന്നു. മണിച്ചിത്രത്താഴ് സിനിമയിലെ ചില രംഗങ്ങള്‍ ഈ കൊട്ടാരത്തിലെ നൃത്ത ശാലയിലും നാലുകെട്ടിലും മറ്റും വച്ചാണ് ചിത്രീകരിച്ചിട്ടുള്ളത് എന്നത് ഏവര്‍ക്കും അറിവുള്ള കാര്യമാണല്ലോ.ഭക്ഷണ ശാലയില്‍ നിന്നിറങ്ങിയാൽ  ദേവീ ദേവന്മാരുടെയും, നാഗങ്ങളുടെയും, നിരവധി കല്‍ പ്രതിമകള്‍ വച്ചിരിക്കുന്ന ഒരു ഹാളിലേക്കും തുടര്‍ന്ന് ,418 വര്‍ഷം പഴക്കമുള്ള തായ് കൊട്ടാരത്തിലേക്കും പ്രവേശിക്കാം .തേക്കിന്‍ തടി കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന കൊത്തുപണികളാല്‍ സമൃദ്ധമായ ഈ മന്ദിരത്തിന്‍റെ കന്നിമൂലയിലുള്ള തൂണ് വരിക്ക പ്ലാവിന്‍റെ തടി കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്.ദേവീ പ്രീതിക്കായി കളമെഴുത്തും പാട്ടും നടത്തിയിരുന്ന ഇവിടെ നിന്ന് ആപല്‍ ഘട്ടങ്ങളില്‍ രക്ഷപ്പെടുവാനായി ഒരു തുരങ്കവും നിര്‍മ്മിച്ചിരുന്നുവെന്ന് അറിയാൻ കഴിഞ്ഞു .പുറത്തേക്ക് കാണാവുന്ന കിളിവാതിലുകളും ,ഒറ്റത്തടിയില്‍ കൊത്തിയിട്ടുള്ള വളയങ്ങളും ശില്‍പങ്ങളും മനോഹരമാക്കുന്ന തായ് കൊട്ടാരത്തിനോട് ചേര്‍ന്ന് പഴയ മാതൃകയിലുള്ള ശൌചാലയങ്ങളും ഉണ്ട്.തായ് കൊട്ടാരത്തില്‍  നിന്നിറങ്ങി നാലുകെട്ടിലൂടെ നടന്ന് ,കോണി കയറി ചെല്ലുമ്പോള്‍   സ്ത്രീകള്‍ താമസിച്ചിരുന്ന സ്ഥലം കാണാം.അവിടെ  ബെല്‍ജിയം കണ്ണാടികള്‍ സ്ഥാപിച്ചിട്ടുള്ള  സ്ത്രീകളുടെ മേക്ക് അപ്പ്‌ മുറിയുടെ ചുവരുകളില്‍ സസ്യങ്ങളുടെ  ഇല ,പൂവ് ഇവയുടെ ചാറു കൊണ്ട് വരച്ച അനേകം പെയിന്‍റിങ്ങുകള്‍ വച്ചിട്ടുണ്ടായിരുന്നു . 64 തരം ഔഷധങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതും  വിദേശികള്‍  സമ്മാനിച്ചതുമായ ഒരു ഔഷധക്കട്ടില്‍ ഇവിടെ കിടപ്പുണ്ട്.സാധനസാമഗ്രികളില്‍ സന്ദര്‍ശകര്‍ തൊടാതിരിക്കുവാനും ചിത്രങ്ങളെടുക്കാതിരിക്കുവാനുമായി എല്ലായിടത്തും കൊട്ടാരം സുരക്ഷാ ജീവനക്കാര്‍ ജാഗരൂകരായി നില്‍ക്കുന്നത് കാണാമായിരുന്നു. അമ്മ മഹാറാണിയുടെ കിടക്കമുറി  അകലെ നിന്ന് മാത്രം കണ്ടതിനു ശേഷം നടന്നെത്തുന്നത് ആയുധപ്പുരയിലേക്കാണ്.മര്‍മ്മപ്രധാനവും ഒരിക്കല്‍ ഏറ്റവും സുരക്ഷിതവുമായിരുന്ന ആ സ്ഥലം കഴിഞ്ഞാല്‍,സ്ത്രീകള്‍ പുറം കാഴ്ച കാണുന്ന ഹാളുകള്‍ ,രാജാവ് പരാതി സ്വീകരിക്കുന്നതും,ആന അമ്പാരി ഇവ വീക്ഷിക്കുന്നതും പുറത്തേക്ക് തുറന്നതുമായ മുഖപ്പുകളുമാണ് ഉള്ളത് .വേണാട് ഭരിച്ചിരുന്ന പ്രഗത്ഭ രാജാക്കന്മാരായ മാര്‍ത്താണ്ഡ വര്‍മ്മ, കാര്‍ത്തികതിരുനാള്‍, സ്വാതി തിരുനാള്‍ ,ആയില്യം തിരുനാള്‍ ,വിശാഖംതിരുനാള്‍, മൂലം തിരുനാള്‍ തുടങ്ങി അവസാന രാജാക്കന്മാരായ  ചിത്തിര തിരുനാളിന്‍റെയും,  ഉത്രാടം തിരുനാളിന്‍റെയും വരെയുള്ള  ചിത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ഹാളില്‍ തീരെ പ്രകാശം കുറവായിരുന്നത് നിരാശയുണ്ടാക്കാതിരുന്നില്ല.വിദേശികള്‍ക്ക് താമസിക്കുവാന്‍ വേണ്ടി പ്രത്യേകമായി ഒരുക്കിയിട്ടുള്ള മന്ദിരങ്ങള്‍ കൂടി കയറിയിറങ്ങിയപ്പോൾ കൊട്ടാരത്തിലെ അനുവദിക്കപ്പെട്ട ഏതാണ്ട് എല്ലാ കാഴ്ചകളും പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു .അനന്തശായിയായ പത്മനാഭ സ്വാമി കുടികൊള്ളുന്ന ഒരു സ്ഥലം കൊട്ടാരത്തില്‍ ഉണ്ടായിരുന്നത്  ഞങ്ങള്‍ പണ്ടൊരിക്കല്‍ കണ്ടത് ഓര്‍മ്മ വന്നെങ്കിലും ഇപ്പോള്‍ കാണികള്‍ക്ക്  നിരോധനം ഏര്‍പ്പെടുത്തിയവയില്‍  അതും പെടുന്നു എന്ന് മനസ്സിലാക്കുന്നു.പലപ്പോഴും അവനന്‍ കുഴിക്കുന്ന കുഴിയില്‍ അവനവന്‍ വീഴുന്നു എന്ന് പറയുന്നത് പോലെ ,കാഴ്ചകളുടെ കമനീയ കവാടങ്ങള്‍ നമുക്ക് മുന്‍പില്‍ കൊട്ടിയടയ്ക്കപ്പെടാന്‍ ഇടയാകുന്നത്  നാം തന്നെ അത് ദുരുപയോഗം ചെയ്യുന്നത് കൊണ്ടാണെന്ന് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.പൈതൃക പ്രാധാന്യം കൊടുത്ത് ബഹുമാനിക്കപ്പെടേണ്ട കൊട്ടാര വസ്തുക്കളില്‍ തീരെ മര്യാദയില്ലാതെ സന്ദര്‍ശകരും കുട്ടികളും മറ്റും ചാടിക്കയറുകയും ഇരിക്കുകയും കിടക്കുകയും മറ്റും ചെയ്യുന്നത് ഒരിക്കല്‍ കാണാനിടയായി.കുട്ടികള്‍ക്ക് അറിയില്ല,പക്ഷെ മുതിര്‍ന്നവര്‍ക്കോ...ഒന്നുകിൽ അവർക്ക്  അതിന്‍റെ ഗൌരവം കുഞ്ഞുങ്ങളെ  പറഞ്ഞു മനസിലാക്കി കൊടുക്കാനുള്ള വിവരമില്ലായിരിക്കാം ...അല്ലെങ്കിൽ അവർ അതൊന്നും  കണക്കാക്കാതെ കണ്ടില്ലെന്നു നടിക്കുന്നതുമാകാം , അല്ലാതെന്തു പറയാന്‍!!!  കറുത്ത ഗ്രാനൈറ്റ് പാകിയ തണുപ്പുള്ള, ഇരുണ്ട ആ കൊട്ടാര സമുച്ചയത്തിന്‍റെ കോണിപ്പടികള്‍ ഇറങ്ങുമ്പോള്‍ ആജ്ഞകള്‍ മുഴങ്ങിയിരുന്ന ഇടനാഴികള്‍,നിശബ്ദതയില്‍ വിറങ്ങലിച്ചു നിന്നിരുന്നതു പോലെ....
സൗരഭ്യം തൂകുന്ന പിച്ചിച്ചെടികള്‍ സ്വീകരണമോതുന്ന ചെറിയ ഉദ്യാനത്തിലൂടെ തെക്കേ കൊട്ടാരമെന്ന ഹെറിറ്റേജ് മ്യൂസിയത്തിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ പ്രതാപം കൈ വിടാനാകാതെ പത്മാനഭാപുരം കൊട്ടാരം ഒരു വര്‍ണ്ണ ചിത്രം പോലെ കാണപ്പെട്ടു.
     നെല്ലിക്കയും പേരയ്ക്കയും ഉപ്പും മുളകും പുരട്ടി സന്ദര്‍ശകര്‍ക്ക് നീട്ടുന്ന കച്ചവടക്കാര്‍ നിരന്നിരുന്ന റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ പ്ലാസ്റ്റിക്ക്  മാലിന്യങ്ങളും ,വലിച്ചെറിയപ്പെട്ട പാഴ് വസ്തുക്കളും,പായലും നിറഞ്ഞു വീര്‍പ്പുമുട്ടുന്ന ഒരു കുളം കണ്ടു.തെക്കേ കൊട്ടാരത്തിന്‍റെ മുന്‍വശത്ത്‌ ആയുര്‍വേദ ചികിത്സ ചെയ്തിരുന്ന മന്ദിരവും ,കുളക്കടവും , പടിക്കെട്ടുകളും ഈ കുളത്തിനെ അഭിമുഖീകരിച്ചാണ് നിർമ്മിച്ചിരുന്നത്.  ചികിത്സ നടത്തിയിരുന്ന മന്ദിരത്തിന് ചികിത്സയും ,സ്നാനത്തിനുള്ള കുളത്തിനു ശുചീകരണവും നടത്തേണ്ട സമയമായിരിക്കുന്നുവെന്ന് തോന്നി . ചികിത്സാലയത്തിനും കൊട്ടാരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന പന്ത്രണ്ടു  കെട്ട് മന്ദിരത്തിലേക്ക് മുന്നില്‍ കൂടി പ്രവേശനം ഇല്ലായിരുന്നു . കെട്ടിടത്തിന്‍റെ ഒരു വശത്ത് ചെന്ന് തല അല്‍പ്പം താഴ്ത്തി വിനയത്തോടെ ഉള്ളിലേക്ക് പ്രവേശിച്ചാല്‍ തലയ്ക്കു നല്ലത്,അത്രയ്ക്ക് ഉയരം കുറവാണ് വാതിലിന്. നടുക്ക് ഒരു ചെറിയ മുറ്റവും,അതിന് ചുറ്റും  മുറികളുമായുള്ള  നാലുകെട്ട് പഴയ ഗൃഹങ്ങളില്‍ സാധാരണമായിരുന്നു,അല്‍പ്പം കൂടി വലിയ വീടുകളില്‍ എട്ടു കെട്ടും കണ്ടു വരാറുണ്ടായിരുന്നു. എന്നാല്‍ ഇവിടെ അത്തരം മൂന്നെണ്ണം ഉണ്ടായിരുന്നു എന്ന് വേണം കരുതേണ്ടത്. പക്ഷേ മുറ്റത്തിന് ചുറ്റുമുള്ള വരാന്തകളും തൂണുകളും മേല്‍ക്കൂരയും എല്ലാം പൊട്ടിപ്പൊളിഞ്ഞു നശിച്ചു കിടക്കുന്ന ദയനീയമായ കാഴ്ചയാണ് അവിടെ കാണാൻ കഴിഞ്ഞത് . താമസമുണ്ടായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍,ഭരണികള്‍, പാചക സാമഗ്രികള്‍ എന്നിങ്ങനെയുള്ള  സാധനങ്ങള്‍ അങ്ങിങ്ങ് ചിതറിക്കിടക്കുന്നത് കണ്ടപ്പോള്‍ ഉള്ളിലുള്ള വേദാന്തം തലപൊക്കി. ഉണ്ടായി നിലനിന്ന് നശിക്കുന്ന ലൌകികമായ കാര്യങ്ങള്‍ ഒന്നും സ്ഥിരമല്ലെന്നും,സൃഷ്ടിയും സ്ഥിതിയും സംഹാരവും നിയതിയുടെ നീതിയാണെന്നും,എത്രയോ തവണ കേട്ടിരിക്കുന്നു.പ്രതീക്ഷയോടെ വളര്‍ത്തുന്ന കുട്ടിയായാലും പാടുപെട്ട് അദ്ധ്വാനിച്ചു നിര്‍മ്മിക്കുന്ന മാളികയായാലും,എന്താണെങ്കിലും ഒരിക്കല്‍ അതൊക്കെ വിട്ട് നമുക്കെല്ലാം പോകേണ്ടി വരും,അല്ലെങ്കില്‍ അതൊക്കെ നമ്മെ വിട്ടു പോകും. നിരീക്ഷിച്ചാല്‍ മനസ്സിലാകും കുറച്ചുനാള്‍ ജീവസ്സോടെ നിന്ന എന്തും  ഏതും ജീവനുള്ളതായാലും അല്ലെങ്കിലും സമയമെത്തുമ്പോള്‍ നിലം പൊത്തുന്നു എന്ന സത്യം , ഇതെല്ലാം അറിഞ്ഞാലും എല്ലാവരും എന്തിനോ ഏതിനോ ഒക്കെ വേണ്ടി വ്യഗ്രത പൂണ്ടു നടക്കുന്നു.വേദാന്ത ചിന്തയോടെ വീണ്ടും നടന്നെത്തിയത്‌ പത്മനാഭപുരം കൊട്ടാരത്തിന്‍റെ കുളത്തിനടുത്തേക്കാണ്. തുടര്‍ന്ന് മണിച്ചിത്രത്താഴ് സിനിമയില്‍ നാഗവല്ലിയുടെ നൃത്തരംഗം ചിത്രീകരിച്ച നൃത്തശാലയില്‍ കൂടി നടന്ന് പുറത്തേക്കിറങ്ങി.പച്ചപ്പുല്ലില്‍ ശംഖു മുദ്ര വെട്ടി മനോഹരമാക്കിയ  ഉദ്യാനത്തിനടുത്ത് നിന്ന് ഒരിക്കല്‍ കൂടി ആ ചരിത്ര സ്മാരകത്തെ കണ്‍കുളിര്‍ക്കെ കണ്ടു മടങ്ങി.


  നൃത്തശാല (ഇവിടെയാണ്‌ മണിച്ചിത്രത്താഴ് സിനിമയില്‍ നാഗവല്ലി നൃത്തം ചെയ്തത്)













2019 നവംബർ 4, തിങ്കളാഴ്‌ച


അമ്മച്ചിപ്പ്ളാവും,മഹാശിവലിംഗവും
                                                 -നന്ദ -

ഒന്നു രണ്ടു മാസങ്ങൾക്ക് മുൻപ് ഓണ നാളുകളില്‍ തമിഴ്നാട്ടിലെ ചില സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സമയത്ത് നടക്കാതെ പോയ ആഗ്രഹമായിരുന്നു പൂക്കളുടെ പറുദീസയായ തോവാള  ഗ്രാമം കാണുക  എന്നത്. അതിനൊരവസരം കാത്തിരിക്കെ ചേട്ടന്‍റെ സഹപാഠിയായ മുരളി സാറും ഭാര്യ ജയയും കൂടി ഞങ്ങളെ കാണുവാന്‍ വന്നു.തിരുച്ചെന്തൂര്‍ ,തിരുവട്ടാര്‍ തൃപ്പരപ്പ് തുടങ്ങിയ ഞങ്ങളുടെ ഓണക്കാല യാത്രകളെ പറ്റി വിവരിച്ചപ്പോള്‍ അതൊക്കെ അവര്‍ക്ക് കൂടി കാണുവാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു.എന്നാല്‍ പിന്നെ  വേറെ കുറച്ചു സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി രണ്ടു ദിവസത്തെ ഒരു യാത്രാ പദ്ധതി ആയാല്‍ നന്നായിരിക്കുമെന്ന് തോന്നി.പോകേണ്ട സ്ഥലങ്ങളും തീയതിയും ധാരണയായതോടെ താമസ സൗകര്യവും ടാക്സിയും മറ്റും ഏര്‍പ്പാടാക്കി എലാവരും യാത്രയ്ക്ക് തയ്യാറായി.
രാവിലെ ആറു മണിയോടെ യാത്ര ആരംഭിച്ച ഞങ്ങള്‍ ഇടയ്ക്ക്  വാമനപുരം എന്ന സ്ഥലത്ത് നിന്ന് പ്രഭാതഭക്ഷണം കഴിച്ച ശേഷം നേരെ പോയത് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കാണ്. ഏ ഡി 1750-1755 ല്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ വര്‍മ്മ മഹാരാജാവ് നിര്‍മ്മിച്ച ചരിത്ര പ്രാധാന്യമുള്ള ഈ പുരാതന ക്ഷേത്രം നാഷണല്‍ ഹൈവേ 66 നു സമീപത്തായി സ്ഥിതിചെയ്യുന്നു.ശത്രുക്കളായ എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്ന് രക്ഷ പെടാന്‍ വേണ്ടി ശ്രമിച്ച രാജാവിനെ സഹായിക്കാന്‍ ഒരു ചെറിയ ബാലന്‍ വന്നുവെന്നും കുട്ടി കാണിച്ചു കൊടുത്ത പ്ലാവിന്‍റെ വലിയ പോടിനുള്ളിൽ ഒളിച്ചു രക്ഷപ്പെട്ട രാജാവ് 
അനന്തരം ബാലനെ അന്വേഷിച്ചെങ്കിലും കാണുവാൻ സാധിച്ചില്ലെന്ന് പറയപ്പെടുന്നു .തന്നെ രക്ഷിക്കാന്‍ വന്നത് സാക്ഷാല്‍ ഭഗവാനായ ഉണ്ണികൃഷ്ണന്‍ തന്നെയാണ് എന്ന് മനസ്സിലാക്കിയ തിരുമനസ്സ് അവിടെ ഒരു ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു.ദേവസ്വം ബോര്‍ഡിന്‍റെ അധീനതയിലുള്ള ക്ഷേത്ര മതില്‍ക്കകത്തു തന്നെ അന്ന് രാജാവ് ഒളിച്ചിരുന്ന ചരിത്ര പ്രസിദ്ധമായ പ്ലാവ് ‘അമ്മച്ചിപ്ലാവ്’ എന്ന പേരില്‍ ഇപ്പോഴും കാണാം.1970-75 വരെ സജീവമായിരുന്ന,എന്നാല്‍ ഇന്ന് എല്ലും തോലുമായി തീര്‍ന്നിരിക്കുന്ന ഈ മരമുത്തശ്ശി ആര്‍ക്കിയോളജി വകുപ്പിനാല്‍  പരിരക്ഷിക്കപ്പെട്ടിരിക്കുന്നു. . തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ട് നവനീത കൃഷ്ണനായ ഉണ്ണിക്കണ്ണനെ വണങ്ങി ഇറങ്ങുമ്പോള്‍ യാദൃശ്ചികമായി ബന്ധുവായ രശ്മിയെ കാണുവാന്‍ സാധിച്ചതും സന്തോഷ മായി.
              നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

         അമ്മച്ചിപ്ലാവ് സംരക്ഷിത വലയത്തില്‍ 

                  ഇതിനുള്ളിലാണ് രാജാവ് ഒളിച്ചിരുന്ന്‍ രക്ഷപ്പെട്ടത്

പതിനൊന്നു മണിയോടെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നിറങ്ങിയ ഞങ്ങള്‍ അഞ്ച് കി മീ അകലെയുള്ള ചെങ്കല്‍ മഹേശ്വരം ശിവ പാര്‍വ്വതി ക്ഷേത്രത്തിലേക്കാണ് പോയത്  .ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന അതി ഗംഭീരമായ ഒരു ശിവലിംഗം പോയത്ഇവിടെ ഉണ്ടെന്ന് പലരും പറഞ്ഞറിഞ്ഞിരുന്നു .ഒരു ചെറിയ പുരാതന ക്ഷേത്രം നിലവിലുണ്ടായിരുന്ന ഇവിടെ  നാലു വര്‍ഷം മുന്‍പാണ് പുനരുദ്ധാരണ പ്രക്രിയകള്‍ ആരംഭിച്ചത്. ഇപ്പോള്‍  ദക്ഷിണ കൈലാസം എന്ന് നാട്ടുകാര്‍ നാമകരണം ചെയ്തിരിക്കുന്ന  ക്ഷേത്രത്തിനെപ്പറ്റി ചില കഥകള്‍ പറഞ്ഞു കേട്ടത് എല്ലാവരുടെയും അറിവിലേക്കായി ഇവിടെ എഴുതുന്നു.നെയ്യാറ്റിന്‍കര താലൂക്കില്‍ പെട്ട ചെങ്കല്‍ എന്ന ഗ്രാമത്തിലെ ചെല്ലമ്മ ജ്ഞാന പ്രകാശം ദമ്പതിമാരുടെ എട്ടാമത്തെ പുത്രനായി ഒരു ബാലന്‍ ജനിച്ചു.ജനിക്കുമ്പോള്‍ തന്നെ വളരെ പ്രത്യേകതകള്‍ ഉണ്ടായിരുന്ന ജഡാ ധാരിയായ ബാലന്‍ ബാല്യത്തില്‍ തന്നെ വീടിന്‍റെ തെക്ക് പടിഞ്ഞാറെ മൂലയില്‍ ധ്യാന നിരതനായിരിക്കുക പതിവായിരുന്നു. പത്താം വയസ്സില്‍ കൃഷ്ണന്‍ എന്ന് സ്വയം നാമകരണം ചെയ്ത അദ്ദേഹം  പിന്നീട് കൃഷ്ണന്‍കുട്ടി എന്നറിയപ്പെട്ടു.ഒരിക്കല്‍ ബാലന്‍ ഇരുന്ന സ്ഥലത്ത് ശിവപാര്‍വതിമാരുടെ രൂപത്തില്‍ ഒരു ചിതല്‍ പുറ്റ് രൂപപ്പെട്ടുവത്രേ.ഒരു ദിവസം ഗ്രാമവാസിയായ ഒരാള്‍ ചിതല്‍പുറ്റിന് പ്രത്യേക ശക്തിയൊന്നും ഇല്ലെന്നു പറഞ്ഞ് അത് പൊളിച്ചു കളയാന്‍ ശ്രമിക്കുകയും അപ്പോള്‍ തന്നെ അതില്‍ നിന്ന് ഒരു സര്‍പ്പം പുറത്തേക്ക് വന്നുവെന്നും അതുകണ്ട് അയാള്‍ ഭയന്നോടി എന്നും പറയപ്പെടുന്നു.ഈ സംഭവത്തിന്‌ ശേഷമാണ് അവിടെ ശിവപാര്‍വ്വതി ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

                ചെങ്കല്‍ മഹേശ്വരം ശിവ പാര്‍വ്വതി ക്ഷേത്രം

പൂര്‍വ്വാശ്രമത്തിലെ കൃഷ്ണന്‍കുട്ടി എന്ന വ്യക്തി ഇന്ന് ക്ഷേത്രത്തിന്‍റെ എല്ലാമെല്ലാമായ മഹേശ്വരാനന്ദ സരസ്വതി എന്ന നാമത്തില്‍ അവിടെത്തന്നെ കഴിഞ്ഞു വരുന്നു.ക്ഷേത്ര നവീകരണവും ശിവലിംഗ നിര്‍മ്മാണവും എല്ലാം അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് നടന്നു വരുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.സ്വയംഭൂവായി വളര്‍ന്നു വന്ന ചിതൽപ്പുറ്റ് ക്ഷേത്ര വിഗ്രഹത്തിനടിയില്‍ തന്നെയുണ്ടെന്നും അത്  കാണാന്‍ സാധിക്കില്ലെന്നും,ചുറ്റുമായി പന്ത്രണ്ട് ജ്യോതിര്‍ ലിംഗങ്ങള്‍ ഉണ്ടെന്നും ക്ഷേത്രജീവനക്കാര്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. 

 ഉച്ചപ്പൂജ കണ്ടു വണങ്ങി പുറത്തേക്കിറങ്ങി ഒരു പ്രദിക്ഷണം വച്ചു വരുമ്പോള്‍ ഒരു വലിയ ഹാളില്‍ ഗണപതിയുടെ മുപ്പത്തിരണ്ട് ഭാവങ്ങള്‍ പ്രതിഷ്ടിച്ചിരിക്കുന്നത് കണ്ടു.ഇവ യഥാക്രമം ബാല,തരുണ, ഭക്തി,വീര,ശക്തി,ദ്വിജ,സിദ്ധി, ഉച്ചിഷ്ട, വിഘ്ന,ക്ഷിപ്ര,ഹേരംബ, ലക്ഷ്മി,മഹാ,വിജയ,നൃത്ത,ഊര്‍ദ്ധ്വ,ഏകാക്ഷര,വര,തൃക്ഷര,ക്ഷിപ്രപ്രസാദ,ഹരിദ്ര,ഏകദന്ത,സൃഷ്ടി,ഉദ്ദണ്ഡ,,ഋണമോചക,ടുണ്ടി,ദ്വിമുഖ,ത്രിമുഖ,സിംഹ,യോഗ,ദുര്‍ഗ്ഗാ,സങ്കടഹര എന്നിങ്ങനെ ആകുന്നു.ധാരാളം ഭക്തര്‍ ഈ ഗണപതി സമൂഹത്തിനു ചുറ്റും തേങ്ങ ഉരുട്ടി നടന്നു പോകുന്നത് കണ്ടു.



             ഗണപതിയുടെ 32 ഭാവങ്ങള്‍

111 അടി ഉയരമുള്ള ശിവലിംഗം മുന്‍പില്‍ നിന്നുള്ള  കാഴ്ച        
      
സ്വാമി മഹേശ്വരാനന്ദ സരസ്വതി 
ഉടുക്കും ശിവലിംഗവും
പുല്ലു ചെത്തി വൃത്തിയാക്കിക്കൊണ്ടിരുന്ന  ക്ഷേത്ര പരിസരത്ത് കൂടി മുന്നോട്ടു നടക്കുമ്പോള്‍ ഒരു വലിയ ഉടുക്കും അതിനു പിറകിലായി വലിപ്പമേറിയ ശിവലിംഗവും സ്ഥാപിച്ചിരിക്കുന്നത് കാണുവാന്‍ കഴിഞ്ഞു.111 അടി ഉയരമുള്ള പണി പൂര്‍ത്തിയാകാത്ത ശിവലിംഗത്തില്‍ ഷടാധാരങ്ങള്‍ പ്രതിനിധീകരിച്ചു 6 ചക്രങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടത്രേ.ഒരു മാസത്തിനകം പണി പൂര്‍ത്തിയാകുന്നതോടെ ഭക്തര്‍ക്ക്‌ അതിനുള്ളില്‍ പ്രവേശിച്ച്  പശുരാമാനാല്‍ പ്രതിഷ്ടിക്കപ്പെട്ട 108 ശിവലിംഗങ്ങളും ദര്‍ശിച്ച് ഒടുവില്‍ ഏറ്റവും മുകളില്‍ പാര്‍വ്വതീ സമേതനായ മഹാദേവന്‍ കൈലാസത്തില്‍ എന്നത് പോലെ വാണരുളുന്നതും കാണാമെന്നാണ് അറിയാൻ കഴിഞ്ഞത് . അതിനായി ഉള്ളിലെ  താപനില പൂജ്യം ഡിഗ്രി ആക്കി സജ്ജീകരിക്കുകയും ചെയ്യുമെന്ന്  ക്ഷേത്ര ജീവനക്കാര്‍ പറഞ്ഞു .
കൈലാസ ദര്‍ശനം കാംക്ഷിച്ചിരുന്ന എന്നാല്‍ അതിന് ആരോഗ്യസ്ഥിതി അനുവദിക്കാത്ത ഞങ്ങള്‍ വളരെ സൂത്രത്തില്‍ ഒരു കൈലാസ കാഴ്ച ഉടന്‍ ലഭിക്കുമല്ലോ എന്നോര്‍ത്ത് സന്തോഷിച്ചു കൊണ്ട് അവിടെ നിന്നിറങ്ങി.



---നന്ദ----