2018 മാർച്ച് 29, വ്യാഴാഴ്‌ച



ലൂവർ മ്യൂസിയവും വലിയ പള്ളിയും കാണുവാനായി അബുദാബിയിലേക്ക് സ്വപ്നഭൂമി -ദുബായ് -പാർട്ട് 1 
സ്വദേശത്തെ യാത്രാ വിവരണങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഞാന്‍ ഇപ്പോള്‍ ഒരു മറുനാടന്‍ യാത്രാ വിശേഷവുമായാണ് വന്നിരിക്കുന്നത്. പണ്ടൊക്കെ വിദേശമെന്നും,പേര്‍ഷ്യയെന്നും,ഗള്‍ഫെന്നും ഒക്കെ മലയാളികള്‍ വിശേഷിപ്പിച്ചിരുന്ന അറേബ്യന്‍ രാജ്യങ്ങളില്‍ പെട്ട ഒരു സ്ഥലമാണ് ഇപ്പോഴത്തെ എന്‍റെ പ്രതിപാദ്യ വിഷയം. ഇന്ന് മലയാളികള്‍ കേരളത്തേക്കാള്‍ ഇഷ്ടപ്പെടുന്ന സ്ഥലം, അല്ലെങ്കില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് ചേക്കേറേണ്ടി വന്ന ഇടം, അവന്‍റെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുന്നതിനായി തിരഞ്ഞെടുത്ത തീരം, അതെ ഇന്ന് പ്രവാസികളുടെ പറുദീസയായ ദുബായ് എന്ന സ്വപന്ഭൂമിയെപ്പറ്റിയാണ്  എഴുതുവാന്‍ ശ്രമിക്കുന്നത്. തൊഴില്‍ തേടിയായാലും, കാഴ്ച്ചകള്‍ കാണുന്നതിനു വേണ്ടി ആയാലും, പേരക്കിടാങ്ങളുടെ സൂക്ഷിപ്പുകാരായിട്ടായാലും, നമ്മുടെ നാട്ടില്‍ നിന്ന് ചെറുപ്പക്കാരെ കൂടാതെ എല്ലാ പ്രായത്തില്‍ ഉള്ള ആള്‍ക്കാരും അറേബ്യന്‍ നാടുകളിലേക്ക് പ്രത്യേകിച്ച് ദുബായിലേക്ക് പോകുന്നതായി കണ്ടു വരുന്നു. അത് കൊണ്ടു തന്നെ, നമ്മുടെ കൊച്ചു കേരളത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ മലയാളികളെ  ദുബായില്‍ കണ്ടു മുട്ടാനാകും. (രസകരമായ കാര്യം കേരളത്തില്‍ ഇപ്പോള്‍ കൂടുതലും നേപ്പാള്‍, ബീഹാര്‍ സ്വദേശികളെയും, അല്‍പസ്വല്‍പം തമിഴരെയുമാണല്ലോ നമുക്ക് കാണുവാന്‍ സാധിക്കുക)
    ഇപ്പോഴും രാജ ഭരണം നില നില്‍ക്കുന്ന, തരിശു മരുഭൂമികള്‍ കഠിന പ്രയത്നം കൊണ്ട് ഹരിതാഭമാക്കിയെടുത്തു കൊണ്ടിരിക്കുന്ന നിയമവും, അച്ചടക്കവും, കര്‍ശനമാക്കിയിരിക്കുന്ന “യു എ ഇ എന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ്,” മലയാളി നെഞ്ചിലേറ്റിയിരിക്കുന്ന മനോഹരമായ നാടാണ്. ദുബായ്,അബുദാബി, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസ്‌ അല്‍ ഖൈമ, ഉമ്മുള്‍ ഗുവൈന്‍ എന്നിങ്ങനെ ഏഴ് എമിറേറ്റ്സ് ചേര്‍ന്ന, എണ്ണയുടെയും ഈന്തപ്പനകളുടെയും ഒട്ടകങ്ങളുടെയും മരുഭൂമികളുടെയും നാടായ യു എ ഇ, ഇന്ന് ലോക ചരിത്ര പുസ്തകത്തിലെ സമ്പന്നതയുടെയും, പുരോഗതിയുടെയും ഏടുകളില്‍ നിറഞ്ഞു നില്‍ക്കുന്ന രാജ്യമാണ്. യു എ ഇ യിലെ ഏഴ് എമിറേറ്റ്സുകളില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ടതും, ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള കെട്ടിടമായ “ബുര്‍ജ് ഖലീഫ” സ്വന്തമായുള്ള ദുബായിലേക്ക് ഒരു യാത്ര പോകുവാനാണ് ഇത്തവണ ഞങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
    കേരളത്തിലോ, ഭാരതത്തിനകത്തോ,യാത്ര ചെയ്യുന്നതു പോലെ ഒരു വിദേശ രാജ്യത്തേക്ക് പോകുക അത്ര എളുപ്പമല്ലല്ലോ, അതുകൊണ്ട് അവിടെ ജോലി ചെയ്യുന്ന ഞങ്ങളുടെ മകന്‍ അശ്വിനുമായി സംസാരിച്ച് വളരെ നാളത്തെ ആലോചനകള്‍ക്ക്  ശേഷമാണ് യാത്രാ പരിപാടി   തീരുമാനിച്ചത്. വിമാന ടിക്കറ്റുകള്‍, വിസ, താമസ സൗകര്യത്തിനുള്ള ഏര്‍പ്പാടുകള്‍ ഇക്കാര്യങ്ങള്‍ എല്ലാം ജോലിയ്ക്കിടയില്‍, അവിടെ ഇരുന്ന് കൊണ്ടു തന്നെ മകന്‍ ശരിയാക്കി. ഫോട്ടോ ഗ്രാഫിയില്‍ താത്പര്യമുള്ള അശ്വിനും, അവന്‍റെ സുഹൃത്തുക്കളായ രഞ്ജിത്ത്, രാഹുല്‍ എന്ന മൂവര്‍ സംഘത്തിന്‍റെ  അഞ്ചു ദിവസത്തെ ജോര്‍ജിയ യാത്ര കഴിഞ്ഞു വന്നതിന് ശേഷം ഞങ്ങളുടെ യാത്രയ്ക്കുള്ള രേഖകള്‍ മകന്‍ ഇ മെയില്‍ ആയി അയച്ചു തന്നു. ദുബായിലെ ഡിസൈന്‍ ഡിസ്ട്രിക്റ്റിലെ ഒരു ജര്‍മ്മന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അശ്വിനും അവന്‍റെ സുഹൃത്തുക്കളും ബര്‍ദുബായിലുള്ള ഒരു ഫ്ലാറ്റിലാണ് താമസ്സിച്ചിരുന്നത് . അതൊരു ബാച്ചിലേഴ്സ് ഫ്ലാറ്റ് ആകയാല്‍ ഞങ്ങള്‍ക്ക് താമസിക്കാന്‍ വേണ്ട സൗകര്യം അവിടെ ഇല്ല എന്നത് കൊണ്ട് അതിനടുത്തു തന്നെയുള്ള, മലയാളിയായ രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള “റാവിസ്” ഹോട്ടല്‍ അവന്‍ ഞങ്ങള്‍ക്കായി ബുക്ക്‌ ചെയ്തു വച്ചു.
    പാസ്പോര്‍ട്ട്വിദേശ കറന്‍സി ആയി അറുനൂറ്റി മുപ്പത് യു എ ഇ ദിര്‍ഹം, ഇ മെയില്‍ ആയി ലഭിച്ച യാത്ര രേഖകളുടെ രണ്ടു പ്രിന്‍റുകള്‍ (ഓരോരുത്തരുടെയും കയ്യില്‍ വയ്ക്കാന്‍ പരിശോധനയ്ക്ക് ആവശ്യപ്പെടുമ്പോള്‍ കൊടുക്കുന്നതിനായി) എന്നിവയെല്ലാം പ്രത്യേക ശ്രദ്ധയോടെ മുന്‍കൂട്ടി തന്നെ ഞങ്ങള്‍ എടുത്തു വച്ചു. പോകുന്നതിന്‍റെ തലേ ദിവസം രണ്ടു ബാഗുകളിലായി വസ്ത്രങ്ങളും, മറ്റു  സാധനങ്ങളും  ഒതുക്കി വച്ചു. തിരുവനന്തപുരം വിമാനത്താവളമാണ് ഞങ്ങള്‍ പോക്കു വരവിനായി തിരഞ്ഞെടുത്തിരുന്നത്. അവിടേയ്ക്ക് പോകുന്നതിനും, മടക്കയാത്ര കഴിഞ്ഞ് തിരിച്ചു വിളിച്ചു കൊണ്ട് വരുന്നതിനുമായി  പരിചയക്കാരനായ ടാക്സി ഡ്രൈവറെയും ചട്ടം കെട്ടി. ചെടി പരിപാലനത്തിനും സുരക്ഷാ കാര്യങ്ങൾക്കുമുള്ള ക്രമീകരണങ്ങൾ  ചെയ്തിട്ട് ഉത്സാഹത്തോടെയും, സന്തോഷത്തോടെയും, ഞങ്ങള്‍ യാത്രയ്ക്കൊരുങ്ങി.
    ദിവസങ്ങള്‍ വളരെ പെട്ടെന്ന് കടന്നു പോയി, പോകുവാനുള്ള ദിവസം എത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് വൈകുന്നേരം ആറു മണിയ്ക്കായിരുന്നു  ഞങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട ഇന്‍ഡിഗോ 6 E 39 വിമാനം പുറപ്പെടുന്നത്. ചെക്കിന്‍ സമയം ഉച്ചയ്ക്ക് മൂന്ന് മണി ആയിരുന്നെങ്കിലും വളരെ മുന്‍കൂട്ടി രാവിലെ പത്തു മണിയ്ക്ക് തന്നെ വീട്ടില്‍ നിന്നും പുറപ്പെട്ടു. കുറച്ചു കൂടി വൈകി ഇറങ്ങിയാല്‍ മതിയായിരുന്നു, എങ്കിലും പിറ്റേ ദിവസം ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചു മാര്‍ഗ്ഗ തടസ്സം ഉണ്ടാകുമെന്ന് ഭയന്നാണ് ഇങ്ങനെയൊരു മുന്‍ കരുതലെടുത്തത്. ഊഹിച്ചതു പോലെ തന്നെ മാര്‍ഗ്ഗ മദ്ധ്യേ പൊങ്കാല സമര്‍പ്പണത്തിനായി ധാരാളം ഭക്ത ജനങ്ങള്‍ സാധനസാമഗ്രികളുമായി പോകുന്നത് കാണാമായിരുന്നു. ഇടയ്ക്ക് ഒരിടത്ത് വച്ച് മെയിന്‍ റോഡില്‍ ബ്ലോക്ക് ഉണ്ടായത് കൊണ്ട്, മറ്റൊരു വഴി തിരിഞ്ഞ്, കടലോര മേഖലയിലൂടെ യാത്ര ചെയ്ത്, ഒരു ചെറിയ കടയില്‍ നിന്ന് ബിരിയാണി ഉച്ചഭക്ഷണമായി കഴിച്ച്, ഏകദേശം രണ്ടു മണിയോടെ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് സമാധാനമായത്. ടാക്സി ചാര്‍ജു കൊടുത്ത്, മടങ്ങി വരുമ്പോള്‍ വിളിക്കാന്‍ വരേണ്ട ദിവസവും സമയവും ഒന്നുകൂടി ഓര്‍മ്മിപ്പിച്ച് ഡ്രൈവറെ യാത്രയാക്കിയതിന് ശേഷം ഞങ്ങള്‍ അകത്തേക്ക് കയറി.
    മൂന്നു മണികഴിഞ്ഞപ്പോഴേക്കും ബാഗേജുകള്‍ പരിശോധിച്ച്  ബോര്‍ഡിംഗ് പാസ്‌ ലഭിച്ച ഞങ്ങള്‍ ഇമിഗ്രേഷൻ , കസ്റ്റംസ് , സുരക്ഷാ  പരിശോധനകൾ  കഴിഞ്ഞു നാല് മണിയോടെ വിമാനത്തില്‍ കയറേണ്ട മൂന്നാം നമ്പര്‍ ഗേറ്റിനടുത്തുള്ള ലോഞ്ചില്‍ ഇരിപ്പായി. സമയം ധാരാളം ഉണ്ടായിരുന്നതിനാല്‍ അവിടെ നിന്നും ഓരോ കപ്പ് കാപ്പി കുടിച്ചതിനു ശേഷം ഒരു ഇന്‍റര്‍ നാഷണല്‍ സിം കൂടി വാങ്ങി എന്‍റെ ഫോണില്‍ തിരുകി കയറ്റി, ആവശ്യം വന്നാല്‍ ഉപയോഗിക്കാമല്ലോ.
    അര മണിക്കൂര്‍ വൈകി പുറപ്പെട്ട വിമാനം രണ്ടു പൈലറ്റുമാരുടെ നിയന്ത്രണത്തില്‍ ആറരയോടെ പറന്നു പൊങ്ങി. ഇറുകിയതും, ഇറക്കം കുറഞ്ഞതുമായ കടുംനീല വസ്ത്രങ്ങളണിഞ്ഞ നാല് ആകാശ സുന്ദരിമാരുടെ വിലകൂടിയ സല്‍ക്കാര നിറവില്‍, നിറയെ യാത്രക്കാരുമായി  ഇന്‍ഡിഗോ വിമാനം ഇന്ത്യന്‍ സമയം പത്തരയായപ്പോഴേക്കും ദുബായ് എന്ന സ്വപ്ന ഭൂമിയില്‍ പതിയെ താഴ്ന്നിറങ്ങി. ഒരായിരം മിന്നാമിനുങ്ങുകളെക്കൊണ്ടെന്ന പോലെ താഴെ നഗരം വൈദ്യുത ദീപങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരുന്നു. വളരെ വലിയ ഒരു എയര്‍പോര്‍ട്ടാണ് ദുബായിലേത്‌. വിമാനമിറങ്ങി എയിറോ ബ്രിഡ്ജിലൂടെ നടന്നെത്തിയപ്പോള്‍ എതിലേ പോകണം എങ്ങോട്ട് പോകണം എന്ന് ദിക്കൊന്നും അറിയാത്തതിനാല്‍ മറ്റു യാത്രക്കാര്‍ പോകുന്നതിനു പിന്നാലെ അടിച്ചു വിട്ട കന്നും കൂട്ടത്തെപ്പോലെ ഞങ്ങളും നടന്നു. വാക്ക് വേകളിലൂടെയും എസ്കലേറ്ററുകളിലൂടെയും നടന്നു നടന്ന് ഒടുവില്‍ ഒരു അടച്ചിട്ട  വാതിലിനു മുന്നില്‍ എല്ലാവര്‍ക്കുമൊപ്പം ഞങ്ങളും നിന്നു. നിമിഷങ്ങള്‍ക്കകം വാതില്‍ തുറന്നു, മെട്രോ ട്രെയിന്‍ പോലെ ഒരു സ്കൈ ട്രെയിന്‍ അവിടെ ഓടി വന്നു നിന്നു. എല്ലാവരും അതില്‍ കയറി, ഞങ്ങളും, ഒന്നും മനസ്സിലാകാതെ അതില്‍ കയറി. ഞാനാകട്ടെ ഒഴുക്കില്‍ പെട്ട പൊങ്ങു തടി പോലെ അങ്ങനെ അങ്ങ് നടക്കുകയായിരുന്നുവെന്ന്  പറഞ്ഞാല്‍ മതി. ഏതോ ഒരു സ്ഥലത്ത് എല്ലാവരും ഇറങ്ങിയപ്പോള്‍ കൂടെ ഞങ്ങളും ഇറങ്ങി, എമിഗ്രേഷന്‍ തുടങ്ങിയ പൂജകള്‍ ഒരു വിധം സമര്‍പ്പിച്ച്‌, അവസാന ഇനമായ ബാഗേജ് എടുക്കല്‍ കൂടി കഴിഞ്ഞപ്പോഴേക്കും ആള്‍ക്കൂട്ടം പിരിഞ്ഞു, പലരും പല വഴിക്കായി. ഇനി പുറത്തേക്കിറങ്ങണം, അതിനായി എക്സിറ്റ് എവിടെയാണെന്ന് പലരോടും ചോദിച്ചു ചോദിച്ചാണ് നടന്നത്. നടപ്പിനൊടുവില്‍ ഒരു സ്ഥലത്ത് കാത്തു നില്‍ക്കുന്നവരുടെ ഒരു വന്‍ മതിലിനപ്പുറം പൂക്കള്‍ പോലെ ചിരിയ്ക്കുന്ന രണ്ടു മുഖങ്ങള്‍ കണ്ടതോടെ ആശ്വാസമായി, അത് ഞങ്ങളുടെ മകനും, കൂട്ടുകാരന്‍ രഞ്ജിത്തും ആയിരുന്നു. ഇതുവരെ തോളിലേറ്റി നടന്നിരുന്ന ഭാണ്ഡങ്ങള്‍ കുട്ടികള്‍ ഏറ്റെടുത്തതോടെ ഞങ്ങളുടെ കൂനു മാറി, ഇതാ ഭാരതത്തിന്‍റെ ചുണക്കുട്ടികളായ ഞങ്ങളെ വേണമെങ്കില്‍ കണ്ടോ അറബികളെ,,, എന്ന മട്ടില്‍ ഞങ്ങള്‍ ദുബായ് വിമാനത്താവള കവാടത്തില്‍ ഞെളിഞ്ഞു നിന്നു. കുറച്ചു നേരം ടാക്സി നോക്കി കിട്ടാഞ്ഞതോടെ മെട്രോയില്‍ കയറാം എന്ന് പറഞ്ഞ് കുട്ടികള്‍ ഞങ്ങളെയും കൊണ്ട് അങ്ങോട്ടേയ്ക്ക് നടന്നു. കുറെ എസ്കലേറ്ററുകളില്‍ കയറിയും ഇറങ്ങിയും ഒടുവില്‍ “എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മെട്രോ സ്റ്റേഷനില്‍” എത്തി. അവിടെനിന്നും വളരെ കുറച്ചു സമയം കൊണ്ട് മകന്‍ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള  ‘ബര്‍ജുമാന്‍’(Burjuman) സ്റ്റേഷനില്‍ ഞങ്ങളെ ഇറക്കിയിട്ട്‌, ചെറിയ പുഴുവിനെ പോലെയുള്ള ആ ട്രെയിന്‍ ഓടിപ്പോയി. മെട്രോയുടെ കെട്ടിടത്തില്‍ നിന്നും ഇറങ്ങി നടക്കാവുന്ന ദൂരമേയുള്ളൂ, ഞങ്ങള്‍ക്ക് താമസിക്കേണ്ട ഹോട്ടല്‍ “റാവിസിലേക്ക്”. ഇതുവരെ പറഞ്ഞു മാത്രം കേട്ടിട്ടുള്ള ദുബായിലെ റോഡില്‍ കൂടി നടക്കുമ്പോള്‍ ആ രാജ്യത്തിന്‍റെ അതി ബൃഹത്തായ സമ്പത്ത് ഘടനയെപ്പറ്റി ഒരു ഏകദേശ രൂപം ലഭിച്ചു. പിറ്റേ ദിവസം വെള്ളിയാഴ്ച്ച എല്ലാ ഓഫീസുകള്‍ക്കും അവധി ദിവസം ആയിരുന്നത് കൊണ്ട് കടകള്‍ ഒന്നും അടച്ചിരുന്നില്ല. നാലും ആറും ലെയിനുകളുള്ള നല്ല രീതിയില്‍ സൂക്ഷിച്ചിട്ടുള്ള റോഡുകളില്‍കൂടി ഇരമ്പിപ്പായുന്ന ആഡംബര കാറുകളും, വാനുകളും, കുറുക്കു ചാടാത്ത വഴിയാത്രക്കാരും  ഗതാഗത നിയമങ്ങള്‍ തെറ്റിക്കാതെ കടന്നു പോകുന്നത് കാണേണ്ട കാഴ്ച തന്നെയായിരുന്നു . നിയമ ലംഘകര്‍ക്ക് ലഭിക്കുന്നത് അതി ഭീകരമായ ശിക്ഷയായിരിക്കും, കൂടാതെ കുറ്റത്തിന്‍റെ വലിപ്പമനുസരിച്ച് പിഴയുടെ തുകയും കൂടും. അതു കൊണ്ട് അവിടെ നിയമലംഘനം നടത്താന്‍ ആരും മുതിരാറില്ല എന്ന് അശ്വിനും, രഞ്ചുവും ഞങ്ങളോട് പറഞ്ഞു. വര്‍ത്തമാനം പറഞ്ഞും കാഴ്ചകള്‍ കണ്ടും കുറച്ചു സമയം കൊണ്ട് ഞങ്ങള്‍ റാവിസില്‍ എത്തി. റിസപ്ഷന്‍ കൌണ്ടറില്‍ പാസ്പോര്‍ട്ട്‌, ബുക്കിംഗ് രേഖകള്‍ തുടങ്ങിയവ ഹാജരാക്കി, ചെക്കിന്‍ ചെയ്ത് സാധന സാമഗ്രികള്‍ മുറിയില്‍ വച്ച് ഭക്ഷണം കഴിക്കുവാന്‍ വേണ്ടി പുറത്തേക്കിറങ്ങി. തൊട്ടടുത്തു തന്നെ ഇന്ത്യന്‍ ഭക്ഷണം ലഭിക്കുന്ന എം ടി ആര്‍ (MTR) എന്നൊരു കടയിലേക്കാണ് പോയത്. ദോശ, തൈര് സാദം, പുളിയോദര , ചപ്പാത്തി തുടങ്ങി ഒരു നീണ്ട മെനു തന്നെ അവിടെയുണ്ടായിരുന്നു . ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണസാധനങ്ങള്‍ വാങ്ങി കഴിച്ചിട്ട്‌ റാവിസ് ഹോട്ടലിലേക്ക് നടന്നു. ഹോട്ടലിനു മുന്നിലുള്ള റോഡ്‌ ബാങ്ക് റോഡെന്നാണ് അറിയപ്പെടുന്നത്, കാരണം റോഡിന്‍റെ ഒരു  വശത്ത്, ഫസ്റ്റ് അബുദാബി ബാങ്ക് ,ബാങ്ക് ഓഫ് ഫുജൈറ, മുതലായ വമ്പന്‍ ബാങ്കുകളുടെ ഒരു നിര തന്നെ ഇടം പിടിച്ചിട്ടുണ്ടായിരുന്നു . അവിടെ ധാരാളം കാര്യങ്ങള്‍  കാണാന്‍ ഉണ്ടായിരുന്നെങ്കിലും , സമയം വളരെ വൈകിയിരുന്നതിനാല്‍ വിശ്രമിക്കുന്നതിനായി നേരെ മുറിയിലേക്ക് പോയി. ബുക്കിങ്ങില്‍ ഉണ്ടായ ഒരു ചെറിയ പിഴവ് കാരണം ഞങ്ങൾക്ക്  ലഭിച്ച മുറിയിലെ കിടക്ക കുറച്ചു പൊക്കം കുറഞ്ഞതായിരുന്നു, കഴിയുമെങ്കില്‍ അത് ഒന്നു മാറ്റിത്തരുവാന്‍ റിസപ്ഷനില്‍ പറഞ്ഞേല്‍പ്പിച്ചിട്ടായിരുന്നു ഭക്ഷണം കഴിക്കാൻ  പോയത്.
             
 റാവിസ്’ -റോഡില്‍ നിന്നുള്ള കാഴ്ച്ച       ഹോട്ടല്‍ റിസപ്ഷന്‍


മൂന്നു’ നക്ഷത്ര ഹോട്ടല്‍ ആയിരുന്നതിനാല്‍ ബാറുംഫ്രിഡ്ജുംകൂടാതെ കൊറിക്കുവാന്‍ വറുത്ത അണ്ടിപ്പരിപ്പും, ബദാമും, പാക്കറ്റുകളാക്കി  മുറിയില്‍ അടുക്കി വച്ചിട്ടുണ്ടായിരുന്നു, ഒപ്പം ചായ കുടിയന്മാര്‍ക്കായി തേയില, പാല്‍പ്പൊടി, പഞ്ചസാര, കാപ്പിപ്പൊടി ഇവയും മേശമേല്‍ ഇടം പിടിച്ചിരുന്നു. ബാര്‍ ഉപയോഗിച്ചാല്‍ അതിനു വേറെ ചാര്‍ജു ചെയ്യുമെന്നുംമേശപ്പുറത്തു വച്ചിട്ടുള്ള മറ്റെല്ലാം ഫ്രീ ആണെന്നും ഞങ്ങളുടെ ലഗ്ഗേജു കൊണ്ട് വച്ചു തന്ന ഹോട്ടല്‍ അറ്റന്‍ഡര്‍ ആദ്യം തന്നെ ഞങ്ങളെ  അറിയിച്ചു. നാട്ടില്‍ നിന്ന് കുറച്ചു എണ്ണപ്പലഹാരങ്ങള്‍ കയ്യില്‍ കരുതിയിരുന്നത് കൊണ്ട് തത്കാലം അവയൊന്നും ഞങ്ങള്‍ എടുക്കാന്‍ പോയില്ല. കുറച്ചു നേരം കൂടി  സംസാരിച്ചിരുന്നിട്ട് അശ്വിനും കൂട്ടുകാരനും ഞങ്ങളെ വിശ്രമിക്കാന്‍ വിട്ട് അവരുടെ ഫ്ലാറ്റിലേക്ക് പോയി. പിറ്റേദിവസം പത്തര മണിയോടെ കൂട്ടുകാരുമായി അബുദാബി സന്ദര്‍ശിക്കാന്‍ പോകാന്‍ റെഡിയായിരിക്കാന്‍ പറഞ്ഞിട്ടാണ് മകന്‍ മടങ്ങിപ്പോയത്. നന്നായി ഉറങ്ങിയ ഞങ്ങള്‍ പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങളൊക്കെ കഴിഞ്ഞ് കാപ്പി ഉണ്ടാക്കി കുടിച്ചിട്ട്‌ ജനാലയിലൂടെ പുറംലോകം വീക്ഷിച്ചു നിന്നു. പത്തു മണിക്ക് മുന്‍പ് നല്ല ചൂട് പുട്ടും,  കടലക്കറിയുമായി  മകന്‍ മുറിയിലെത്തി . ഞങ്ങള്‍ മൂന്നു പേരും കൂടി  ഇരുന്ന് പ്രാതൽ കഴിച്ച  ശേഷം അബുദാബി യാത്രയ്ക്കൊരുങ്ങി. മേശപ്പുറത്തു വച്ചിരുന്ന ഫ്രൈഡ് കാഷ്യൂ പാക്കറ്റ് ഒരെണ്ണം കൊതിച്ചിയായ ഞാന്‍ കയ്യിലെടുത്തു, തിന്നാന്‍ വേണ്ടിയല്ലേ അതൊക്കെ വച്ചിരിക്കുന്നത്, ഫ്രീ ആണെന്നും പറഞ്ഞു, എന്‍റെ പ്രവര്‍ത്തിക്കു ഞാനൊരു ന്യായീകരണവും കണ്ടെത്തി. അപ്പോഴേക്കും അശ്വിന്‍റെ ഓഫീസില്‍ ജോലി ചെയ്തിരുന്ന  കൊച്ചിക്കാരിയായ മെറിസിയയും ഭര്‍ത്താവ് മുനീറുംഞങ്ങളെ അബുദാബിയിലേക്ക് കൊണ്ട് പോകുന്നതിനായി കാറുമായി ഹോട്ടല്‍ റിസപ്ഷനില്‍ എത്തിയിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചു. മുറി പൂട്ടി താഴെ എത്തിയ ഞങ്ങളെ ആദ്യമായി കാണുകയാണെന്ന യാതൊരു ഭാവവും ആ കുട്ടികൾക്ക്  ഉണ്ടായിരുന്നില്ല,  മറിച്ചു് എത്രയോ നാളായി കാണാതിരുന്ന സുഹൃത്തുക്കള്‍ കണ്ടുമുട്ടുന്നതു പോലെ ഊഷ്മളമായിരുന്നു ആ പരിചയപ്പെടല്‍. വളരെ നല്ല കുട്ടികള്‍എത്ര നല്ല ചങ്ങാതിമാരെയാണ്  മകന്‍ തിരഞ്ഞെടുത്തിരിക്കുന്നത് എന്നോര്‍ത്തു നില്‍ക്കുമ്പോഴേക്കും അവര്‍ ഞങ്ങളെ ബഹുമാന പുരസ്സരം കാറിനടുത്തേക്ക് ആനയിച്ചു. ദുബായ് കഴിഞ്ഞാല്‍ യു എ ഇ യിലെ പ്രധാനപ്പെട്ട ഒരു എമിറേറ്റായ അബുദാബിയിലേക്ക്,” ഷെയ്ക്ക് സയെദ്” റോഡിലൂടെയുള്ള യാത്രയില്‍ ഉടനീളം മിടുമിടുക്കിയായ ‘മെറിസിയ’ എന്ന ‘സിയ’ ഓരോ സ്ഥലങ്ങളുടെയും ചെറു വിവരണം എനിക്ക് നല്‍കിക്കൊണ്ടിരുന്നു. ദുബായിയുടെ ലാന്‍ഡ് മാര്‍ക്കായ ദുബായ് ഫ്രെയിം, അഭിമാനമായ ബുര്‍ജ് ഖലീഫ, ത്രികോണാകൃതിയിലുള്ള വാഫി മാള്‍ ഇതെല്ലം കണ്ടു കൊണ്ട് യാത്ര ചെയ്ത് ആദ്യം എത്തിയത്, അശ്വിനും, സിയയും ജോലി ചെയ്യുന്ന ദുബായിലെ ഡിസൈന്‍ ഡിസ്ട്രിക്ടിലേക്കാണ്. വളരെ മനോഹരമായ ഒരു സ്ഥലമാണത്. റോഡിന് ഇടതു വശത്ത് കടല്‍ കയറിക്കിടക്കുന്ന ക്രീക്കും, വലതു വശത്ത് ഇരട്ടക്കുട്ടികളെ പോലെയുള്ള നാല് ബഹു നില മന്ദിരങ്ങളും കാണാം. അതിനടുത്തുള്ള മറ്റൊരു കെട്ടിടത്തിന്‍റെ ഒന്നാം നിലയിലായിരുന്നു  മകന്‍റെ ഓഫീസ്. കെട്ടിടത്തിലേക്ക് കയറിച്ചെല്ലുന്നതിനടുത്ത് ഉണ്ടായിരുന്ന ഒരു ‘ഫ്ലവര്‍ ഷോപ്പിൽ " വെറുതെ ഒന്ന് കയറിയിറങ്ങി. വിവിധയിനം റോസാപ്പൂക്കളുടെ ഒരു വന്‍ ശേഖരം തന്നെ അവിടെ കാണാമായിരുന്നു. റോസാപ്പൂക്കളെ കൂടാതെ വിവിധ വര്‍ണ്ണങ്ങളിലുള്ള ജര്‍ബറ പൂക്കളും , ഓര്‍ക്കിഡുകളും നിറഞ്ഞ ആ കടയില്‍ നിന്നുമാണ് ഓഫീസിലെ  വിശേഷാവസരങ്ങള്‍ക്കും, ചടങ്ങുകള്‍ക്കും ആവശ്യമായ പുഷ്പങ്ങള്‍ അലങ്കരിച്ചു വാങ്ങുന്നതെന്ന് അശ്വിന്‍ പറഞ്ഞു.
                    
 
      പൂക്കടയില്‍ അശ്വിനും മുനീറും ഒപ്പം ഗോപന്‍ ചേട്ടനും

 പൂക്കളെയും പൂക്കാരികളെയും കണ്ടതിനു ശേഷം ഓഫീസ്  കെട്ടിടങ്ങളുടെ നടുമുറ്റത്തു സജ്ജീകരിച്ചിരുന്ന കാഴ്ച്ചകളിലേക്കാണ്  പോയത്. ഒരു സ്ഥലത്ത് ’മൈ ദുബായ്’ എന്ന് ഇംഗ്ലിഷില്‍ മനോഹരമായി ചുവന്ന അക്ഷരങ്ങളില്‍ എഴുതി വച്ചിരുന്നു . അതിനു  പിന്നില്‍ കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മ്മിച്ച ജീവന്‍ തുടിക്കുന്നതു പോലെയുള്ള  ചെമ്മരിയാടുകളുടെ ശിൽപ്പങ്ങളും , മുന്നില്‍ ചെടികള്‍ പടര്‍ത്തിയ കടും പച്ച ഇരിപ്പിടങ്ങളെയും കൊണ്ട് ആ സ്ഥലം നന്നായി  മോടി പിടിപ്പിച്ചിട്ടുണ്ടായിരുന്നു. പമ്പരം പോലെ  ഇരുന്നിട്ട് തനിയെ കറക്കാന്‍ പറ്റുന്ന ഇരിപ്പിടങ്ങളും അവിടെ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. പച്ചക്കസേരയിലും, പമ്പരക്കസേരയിലും ഒക്കെ മാറി മാറി ഇരുന്ന് പരിസരക്കാഴ്ചകള്‍ നന്നായി ആസ്വദിച്ചതിനു ശേഷം കുട്ടികളുടെ ഓഫീസിനകം കാണുന്നതിനായി പോയി.
    നമ്മുടെ നാട്ടിലെ പോലെ ഓടിച്ചെന്ന് ഒരു കെട്ടിടത്തിലേക്കോ ഓഫീസ്സിലേക്കോ അങ്ങനെ പെട്ടെന്നൊന്നും കയറാനാകില്ല അവിടെ. ഒരു സെക്യൂരിറ്റി ജീവനക്കാരനുമായി എന്തൊക്കെയോ സംസാരിച്ചതിനു ശേഷംഅയാള്‍ വന്ന്  ഒരു ചെറിയ അരവാതില്‍ തുറന്നു തന്നുഅതില്‍ക്കൂടി മാത്രമേ കെട്ടിട സമുച്ചയത്തിന്‍റെ വരാന്തയില്‍ പോലും കയറാനാകൂ. അന്ന് അവധി ദിവസമായിരുന്നതിനാല്‍ ഓഫീസില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. സിയ താക്കോല്‍ കൊണ്ടു വന്നിരുന്നതു കൊണ്ട് വാതില്‍ തുറന്ന് ഞങ്ങള്‍ കുട്ടികളുടെ ഇരിപ്പിടങ്ങളും ഓഫീസ് അന്തരീക്ഷവും ഒക്കെ ഒന്ന് കറങ്ങി  കണ്ടു.
          ഗോപന്‍ ചേട്ടനും മകന്‍ അശ്വിനും ഒപ്പം ലേഖിക 
    പമ്പരക്കസേരകളും -ചെടിപ്പടര്‍പ്പുകള്‍ കൊണ്ട് അലങ്കരിച്ച ഇരിപ്പിടങ്ങളും 
                
                സിയയും മുനീറും കോണ്ക്രീറ്റ് ചെമ്മരിയാടുകള്‍ക്കൊപ്പം

നല്ല വൃത്തിയും വെടിപ്പുമുള്ള ഓഫീസ്, ജാലകത്തിലൂടെ പുറത്തേക്ക് നോക്കി കൈ ചൂണ്ടിക്കൊണ്ട് സിയ പറഞ്ഞു  ദൂരെ കാണുന്നത്  ദുബായ് രാജാവിന്‍റെ കൊട്ടാരമാണ്. അകലെ നിന്നു മാത്രമേ കൊട്ടാരം കാണാനാകൂ സുരക്ഷാ കാരണങ്ങളാല്‍ അതിന്‍റെ സമീപത്തേക്ക് സാധാരണ ജനങ്ങള്‍ക്ക്‌ കടന്നു ചെല്ലുവാന്‍ അനുവാദമില്ല. കുട്ടികളുടെ ഇരിപ്പിടങ്ങളും,ചെറിയ ഊണ് മുറിയും മറ്റും കണ്ടിട്ട് അവരുടെ ഓഫീസ് കെട്ടിടത്തില്‍ നിന്ന് ഞങ്ങള്‍ പുറത്തേക്കിറങ്ങി.

                        ദൂരെ കൊട്ടാരം- ഓഫീസില്‍ നിന്നുള്ള ദൃശ്യം 
                                            
പിന്നീടുള്ള യാത്ര എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന അഞ്ചു ട്രാക്കുകളുള്ള ഷെയ്ക്ക് മൊഹമ്മദ്‌ ബിന്‍ സയെദ് റോഡിലൂടെ ആയിരുന്നു. കാറില്‍ ഏതാണ്ട് ഒന്നേകാല്‍ മണിക്കൂര്‍ യാത്ര ചെയ്‌താല്‍ അബുദാബിയില്‍ എത്താം എന്ന് സിയ പറഞ്ഞപ്പോള്‍, അവിടെയ്ക്ക് എത്ര കിലോ മീറ്ററാണ് ദൂരം എന്ന എന്‍റെ ചോദ്യത്തിന് ഇവിടെ എത്ര സമയം കൊണ്ട് എത്താം എന്നല്ലാതെ ദൂരം കിലോ മീറ്ററില്‍ എഴുതി വയ്ക്കുന്ന ഒരു പതിവ് ഇല്ല എന്ന് അവൾ  ഉത്തരം പറഞ്ഞു. അത്രയ്ക്ക് ഉറപ്പുണ്ട് അവിടത്തെ ഭരണകര്‍ത്താക്കള്‍ക്ക് ഗതാഗതത്തെ പറ്റിയും, നിരത്തുകളെപ്പറ്റിയും, നിയമനിര്‍വ്വഹണത്തെപ്പറ്റിയും, വാഹനങ്ങളെപ്പറ്റിയും. നിരത്തില്‍ എവിടെയും ഒരു വാഹനവും നിര്‍ത്തി ഇടാന്‍ നിയമമില്ല. എവിടെയെങ്കിലും ഒന്ന് വഴി തെറ്റിയാല്‍ ഉടനെ അടുത്ത് കാണുന്ന വഴിയിലോട്ടു കയറ്റി റിവേഴ്സ് എടുത്ത് തിരിച്ചു വരാനും മറ്റുള്ളവരെ റോഡില്‍ കുരുക്കി ഇടാനും അവിടത്തെ നിയമം അനുവദിക്കുന്നില്ല. വഴി തെറ്റിയാല്‍ അനുവദിച്ചിട്ടുള്ള അടുത്ത യൂ തിരിവില്‍, അതിനി ഒന്നോ രണ്ടോ കിലോമീറ്റര്‍ ദൂരെയാണെങ്കില്‍ പോലും , അവിടെ കൊണ്ട് പോയി തിരിച്ചു കൊണ്ടു വന്നീട്ടു മാത്രമേ യാത്ര തുടരാനാകൂ. അതുകൊണ്ട് എല്ലാവരും മൊബൈലില്‍ റൂട്ട് മാപ്പ് ഇട്ട് നോക്കിക്കൊണ്ടു മാത്രമേ വാഹനം ഓടിക്കുകയുള്ളൂ. അപ്പോള്‍ എനിക്കൊരു സംശയം മുള പൊട്ടി, വണ്ടി ബ്രേക്ക് ഡൌണ്‍ ആകുകയോ, ടയര്‍ പഞ്ചര്‍ ആകുകയോ, പെട്രോള്‍ തീരുകയോ ചെയ്താലോ? എന്നാല്‍ കഴിഞ്ഞു, അത് ഉടമസ്ഥന്‍റെ കുറ്റമായി കണക്കാക്കി കനത്ത പിഴ ഈടാക്കും. വാഹനത്തിന്‍റെ കണ്ടീഷനും,ഇന്ധന നിലയും, ടയറിന്‍റെ അവസ്ഥയും, ഗതാഗത നിയമങ്ങളും എല്ലാം നന്നായി അറിഞ്ഞിട്ടു മതി വാഹനവുമായി റോഡിലേക്ക് ഇറങ്ങുന്നത്, അതാണ്‌ നിയമം, സിയയും മുനീറും ഗ്രൂപ്പ് സോങ്ങ് പാടുന്നത് പോലെ എന്നോട് പറഞ്ഞു.


    മനുഷ്യ പ്രയത്നം കൊണ്ട് മണലാരണ്യത്തെ മലര്‍വാടിയാക്കാം എന്നതിന്‍റെ മകുടോദാഹരണമാണ് ഞങ്ങളുടെ മൂന്നു ദിവസത്തെ യാത്രയിലുടനീളം അറേബ്യന്‍ നാടുകളില്‍ കാണാന്‍ കഴിഞ്ഞത്. ഈന്തപ്പനകള്‍ കുട പിടിച്ചു നില്‍ക്കുന്ന വഴിയോരങ്ങളില്‍ പെറ്റൂണിയ  പൂക്കള്‍ നിറച്ചാര്‍ത്തേകുന്ന പുല്‍ത്തകിടികള്‍ കാണുമ്പോള്‍ ഇത് മരുഭൂമിയോഅതോ മരുപ്പച്ചയോ എന്ന് സംശയിച്ചു പോകും. ഒരു കാലത്ത് ചുട്ടു പഴുത്ത്കള്ളിമുള്‍ ചെടികള്‍ നിറഞ്ഞ അറേബ്യന്‍ മരുഭൂ പ്രദേശങ്ങളിലെ ഓരോ മണല്‍ത്തരിയുംവിനോദ സഞ്ചാര സൗകര്യങ്ങള്‍ ഒരുക്കുക വഴി സ്വര്‍ണ്ണ നാണ്യമാക്കി മാറ്റുകയാണ് ബുദ്ധിയുള്ള അറബികള്‍. വഴിയോരക്കാഴ്ച്ചകളായ അല്‍ മക്തും ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട്‌ചുവന്ന മേല്‍ക്കൂരയോടു കൂടിയ ഫെറാറി വേള്‍ഡ് എന്ന അഡ്വെഞ്ചര്‍ പാര്‍ക്ക്‌,  ഒട്ടക ക്യാമ്പുകള്‍,  ഈന്തപ്പനകള്‍ ഗാര്‍ഫ് വൃക്ഷങ്ങള്‍ ഇതെല്ലാം ഒന്നൊന്നായി സിയ എന്നെ കാണിച്ചു തന്നു കൊണ്ടിരുന്നു. ഈ “ഗാര്‍ഫ്” വൃക്ഷം യു എ ഇ യുടെ ദേശീയ വൃക്ഷം ആണെന്ന് സിയ പറഞ്ഞു.  കാണാന്‍ അത്ര ഭംഗിയൊന്നും ഇല്ലാത്ത ഈ മരങ്ങള്‍ക്ക് കടുത്ത ചൂടിനേയുംകാറ്റിനെയും ഒക്കെ ചെറുത്തു നില്‍ക്കാനുള്ള ശക്തിയുണ്ടത്രേ. ദേശീയ വൃക്ഷം ഈന്തപ്പനയാണെന്നാണ് ഞാന്‍ കരുതിയിരുന്നത് എന്ന് പറഞ്ഞപ്പോള്‍സൗദി അറേബ്യയുടെ ദേശീയ  
വൃക്ഷമാണെന്ന് അവയെന്ന് സിയയെന്ന മൊഞ്ചത്തിക്കുട്ടി എന്നെ പറഞ്ഞു മനസ്സിലാക്കി. ”
         ഷെയ്ക്ക് മൊഹമ്മദ്‌ ബിന്‍ സയെദ് റോഡിലൂടെ


 
അബുദാബിയുടെ ദേശീയ വൃക്ഷം “ഗാര്‍ഫ്”                                                                             

                                               
 "സംഹ” എന്ന സ്ഥലത്തെത്തിയപ്പോള്‍ നമ്മള്‍ പകുതി വഴിയായിരിക്കുന്നു, എന്ന് സിയ പറഞ്ഞു . "നോക്കൂ  ഒരു കാട്ടു ക്യാമല്‍ അതിലെ പോകുന്നുണ്ട്," സിയ ഒരു വശത്തേക്ക് വിരല്‍ ചൂണ്ടി, "ഏയ് കാട്ടു ക്യാമലോ  എന്താ അത് " എല്ലാവരുംകൂടി  അവളെ കളിയാക്കി.  വളര്‍ത്തുന്ന ഒട്ടകമല്ല, മരുക്കാട്ടില്‍ അലയുന്ന ഒട്ടകം എന്നേ ഉദ്ദേശിച്ചുള്ളൂ, സിയ തന്‍റെ നയം വ്യക്തമാക്കി. 
    അബുദാബിയില്‍ എത്തിയാല്‍ ആദ്യം കാണുവാന്‍ ഉദ്ദേശിച്ചിരുന്നത് ലൂവര്‍ (Louvre) എന്ന പ്രസിദ്ധമായ മ്യൂസിയമായിരുന്നു . അതിനു മുന്‍പായി അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അനു എന്ന് വിളിപ്പേരുള്ള, അനുപ് കൃഷ്ണന്‍ എന്ന ഞങ്ങളുടെ  ബന്ധുവിനെ ഫോണില്‍ ബന്ധപ്പെട്ടു. ചെറിയ പനിക്കോള്‍ ഉണ്ടായിരുന്ന അനുവിനോട് ഞങ്ങള്‍ അഞ്ചു പേര്‍ ഉണ്ടെന്നും, മ്യൂസിയം കണ്ടതിനു ശേഷം വഴിയില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ട് അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് ചെല്ലാമെന്നും  ഞങ്ങള്‍ അറിയിച്ചു.
ലൂവര്‍ മ്യൂസിയം.
    ശിലായുഗം, ലോഹയുഗം, തുടങ്ങി പുരാതന കാലങ്ങളില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നില നിന്നിരുന്ന, നാണയങ്ങള്‍ ആയുധങ്ങള്‍, പടക്കോപ്പുകള്‍, ശില്‍പ്പങ്ങള്‍, പ്രത്യേക രീതിയിലുള്ള  പാത്രങ്ങള്‍, വ്യാളീ മുഖങ്ങള്‍, ശവശരീരങ്ങള്‍ അടക്കം ചെയ്തിരുന്ന പെട്ടികള്‍, ഇങ്ങനെ ആ രാജ്യങ്ങളുടെ  സംസ്കാരം തന്നെ സന്ദര്‍ശകന് ഈ മ്യൂസിയത്തില്‍ നിന്ന് കണ്ടു മനസ്സിലാക്കാവുന്നതാണ്.
    വളരെ വിശാലമായ പ്രദേശത്ത് പ്രത്യേക രീതിയില്‍ സജ്ജീകരിച്ചിരുന്ന മ്യൂസിയത്തിന് മുന്നില്‍ ഞങ്ങളെ ഇറക്കി വിട്ട് സിയയും മുനീറും, ഉച്ച നമസ്ക്കാരത്തിനായി പള്ളിയിലേക്ക് പോയി. ചെറിയ ചാറ്റമഴ നനഞ്ഞു കൊണ്ട്, കുട നിവര്‍ത്തി വച്ചിരിക്കുന്നതു പോലെ പണിതുയര്‍ത്തിയിരുന്ന ലൂവർ മ്യൂസിയം എന്ന ആ വലിയ നിര്‍മ്മിതിക്കുള്ളിലേക്ക് ഞങ്ങള്‍ നടന്നു. ചുറ്റും കടല്‍ വെള്ളം തട പോലെ കെട്ടിയിരുന്ന കെട്ടിടത്തിന്‍റെ എപ്പോഴും കറങ്ങുന്ന വാതിലിനിടയില്‍ കൂടി അല്‍പ്പം സൂത്രത്തിലും സൂക്ഷിച്ചും വേണം കയറിപ്പോകാന്‍. അറച്ചു പോയാല്‍ കയറുക വിഷമമാകും. ഉള്ളില്‍ ടിക്കറ്റ് എടുക്കുന്നവരുടെ നിരയില്‍ കയറി ടിക്കറ്റുകൾ  വാങ്ങി, ഒരാള്‍ക്ക് അറുപതു ദിറം ആയിരുന്നുവെന്നാണ്‌ ഓര്‍മ്മ .(60*18, ഏകദേശം 1080 ഇന്ത്യന്‍ രൂപയ്ക്കു മേല്‍). പന്ത്രണ്ടു ലെവലുകളുള്ള മ്യൂസിയത്തിന്‍റെ ഒരു മാപ്പ് കൌണ്ടറില്‍ നിന്ന് ലഭിച്ചതു കൂടി എടുത്തു കൊണ്ടാണ് കാഴ്ചകളിലേക്ക് പോയത്. വേണമെന്നുള്ളവര്‍ക്ക് വേറെ പണം കൊടുത്താല്‍, ടാബ് ലെറ്റ്‌ പോലെ ഒരു ഉപകരണം ലഭിക്കും, അതിന്‍റെ ഹെഡ് സെറ്റ് ചെവിയില്‍ വച്ച് നടന്നാല്‍ ഓരോ കാഴ്ചകളുടെയും വിവരണം ചെവിയില്‍ കിട്ടും. വലിയ തുക കൊടുക്കേണ്ടത് കൊണ്ട് മാത്രമല്ല, പറഞ്ഞു തരുന്നത് മനസ്സിലായില്ലെങ്കില്‍ പണം കൊടുത്തത് വ്യര്‍ത്ഥമാകും എന്നതിനാല്‍ തത്കാലം ടാബ് ലെറ്റ്‌ എടുക്കേണ്ടെന്നു തീരുമാനിച്ചു.
    ആദ്യം കയറിച്ചെന്ന മുറിയില്‍ കണ്ടത് ചിത്രപ്പണികള്‍ ചെയ്ത വീഞ്ഞു കൂജകളാണ്. അതിനടുത്ത് മരിച്ചവരുടെ വീട് എന്നര്‍ത്ഥം വരുന്ന ‘ഹൌസ് ഓഫ് ഡെഡ്(House of dead)’ കാണാം. ജ്യോമെട്രിക്കല്‍ രൂപങ്ങളില്‍ തീര്‍ത്ത ക്യുബിക്കിളുകള്‍ക്കുള്ളില്‍ കലാപരമായി പ്രദര്‍ശക വസ്തുക്കള്‍ അണിനിരത്തിയിരുന്നു എന്നത് മാത്രമല്ല, ക്യുബിക്കിളുകളുടെ അതേ രൂപം പ്രതിഫലിക്കുന്നതു പോലെ തറയില്‍ കറുത്ത വരകള്‍ കോറിയിരിക്കുന്നത് വലിയ ഒരു ഭാവനയായി തോന്നി. ജോര്‍ദാന്‍റെ ഇരട്ടത്തലയുള്ള ശില്‍പ്പം, തെക്കന്‍ മെസ്സപ്പെട്ടോമിയ ഭരിച്ചിരുന്ന പ്രാര്‍ത്ഥനാ നിരതനായ രാജാവ്, പേരിനൊപ്പം തലയില്‍ മൂര്‍ഖന്‍ പാമ്പിനെ ആലേഖനം ചെയ്ത്  കിരീടമണിഞ്ഞു സിംഹാസനസ്ഥനായ ഫറോവ രാജാവ്, ഗ്രീക്ക് രീതിയിലും ഈജിപ്റ്റിലെ രീതിയിലുമുള്ള മാര്‍ബിള്‍ കൊണ്ടുള്ള ശവപ്പെട്ടിയുടെ മൂടികള്‍ ....
                       ലൂവര്‍ മ്യൂസിയം 
ഇങ്ങനെ പോകുന്നു ഉള്ളിലെ കാഴ്ചകള്‍. ഇംഗ്ലിഷ്അറബ് കൂടാതെ ഫ്രഞ്ച് (ആണെന്ന് തോന്നുന്നു )എന്നീ മൂന്നു ഭാഷകളില്‍ പ്രദര്‍ശക വസ്തുക്കളുടെ വിവരണങ്ങള്‍ അടുത്തു തന്നെ എഴുതി വച്ചിരുന്നെങ്കിലുംവ്യക്തമായ ഒരു ധാരണ നല്‍കാന്‍ പോന്നവയായിരുന്നില്ല അവയൊക്കെയും.

കൂജകള്‍             ഇരട്ടത്തല ശില്‍പ്പം 

       പ്രാര്‍ത്ഥന നിരതനായ രാജാവ്      ഫറോവ രാജാവ്                                                            



   ആഘോഷാവസരങ്ങളിലെ പടച്ചട്ട         പത്ത് ചൈനീസ് തൂക്ക് വിളക്കുകള്‍ ചേര്‍ത്തുണ്ടാക്കിയ രൂപം                             

    
ഈജിപ്റ്റ്‌    (ശവപ്പെട്ടിയുടെ മൂടികള്‍)      ഗ്രീക്ക് 


വളരെ സമയം കൊണ്ടുള്ള നടപ്പുംവിശപ്പിന്‍റെ കാഠിന്യവും കൊണ്ട് കാഴ്ച്ചകള്‍ അവസാനിപ്പിച്ച് പുറത്തിറങ്ങാന്‍ തീരുമാനിച്ചു. അപ്പോഴേക്കും അനു ഫോണില്‍ വിളിച്ചു വീട്ടിലേക്ക് ചെല്ലുവാനും എല്ലാവര്‍ക്കും ഭക്ഷണം റെഡിയാണെന്നും അറിയിച്ചു. നിസ്ക്കാരം കഴിഞ്ഞു സിയയും മുനീറും മ്യൂസിയത്തിന് മുന്നില്‍ വന്നതായി സന്ദേശം ലഭിച്ചതോടെ പുറത്തേക്കിറങ്ങിയ ഞങ്ങള്‍ക്ക് അശ്വിന്‍റെ മറ്റൊരു സുഹൃത്തായ ഇഫ്ത്തിക്കറിനെയും ഭാര്യയേയും കാണാന്‍ കഴിഞ്ഞു. അവരോട് അൽപ്പ സമയം  കുശലാന്വേഷണം  നടത്തിയിട്ട്  സമയം കളയാതെ അനുവിന്‍റെ "ഖലിദിയയിലുള്ള" വസതിയിലേക്ക് പുറപ്പെട്ടു.

വീടിന്‍റെ ലൊക്കേഷന്‍ മനസ്സിലാക്കി , ഗൂഗിളിനെ വഴികാട്ടിയായി നിയമിച്ച് ഞങ്ങള്‍ കാറില്‍ യാത്രയായി. അല്‍ മുഹൈരി ടൌവറിനു താഴെ ഗൂഗിള്‍ എന്ന വിശ്വസ്തനായ വഴികാട്ടി ഞങ്ങളെ കൊണ്ടെത്തിച്ചു,നിങ്ങള്‍ ചോദിച്ച സ്ഥലം ഇതാ എത്തി ഇറങ്ങിക്കോളൂ എന്ന ഭാവത്തില്‍ മൊബൈല്‍ സ്ക്രീന്‍ കാറിന്‍റെ ഡാഷ് ബോര്‍ഡിന് മുകളില്‍ അഭിമാനത്തോടെ നിന്നു.
    ഒരു സര്‍വകലാ വല്ലഭന്‍ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വത്തിന് ഉടമയായ അനുവിനെ പറ്റി രണ്ടു വാചകം ഇവിടെ  എഴുതാതിരിക്കാന്‍ ആവില്ല. എന്ത് കാര്യവും വളരെ തന്മയത്തോടെ ചെയ്യാന്‍ കഴിവുള്ള അനു, വീടിനകവും ഉദ്യാനവും കലാപരമായി സജ്ജീകരിക്കുന്നതിലും, ലഭ്യമായ വസ്തുക്കള്‍ കൊണ്ട് മനോഹരമായ അലങ്കാര വസ്തുക്കള്‍ ഉണ്ടാക്കുന്നതിലും, സമര്‍ത്ഥനാണ്. വര്‍ഷാ വര്‍ഷം കുടുംബാംഗങ്ങളെ സമ്മേളിപ്പിക്കുന്നതിലും, പരമ്പരാഗത ചടങ്ങുകളുടെ ചിട്ടയായ നടത്തിപ്പിലും സ്തുത്യര്‍ഹമായ പങ്കു വഹിക്കുന്ന അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നാട്ടിലെയും ദുബായിലെയും ഓണാഘോഷ പരിപാടികളും, തിരുവാതിര കളിയും,പൂക്കള നിര്‍മ്മിതിയും എല്ലാം ഭദ്രമായിരിക്കും. ഇതിനുമപ്പുറം സ്ത്രീകളുടെ മേഖലയായ പാചകവും വളരെ അനായാസമായി ചെയ്യാന്‍ കഴിവുള്ള ആളാണദ്ദേഹമെന്ന് അനുഭവസ്ഥര്‍ സാക്ഷ്യം കുറിക്കുന്നു. ഇക്കാര്യങ്ങളെല്ലാം സിയയ്ക്കും മുനീറിനും കാറിലിരുന്നു കൊണ്ട് തന്നെ, പറ്റുന്ന രീതിയില്‍ ഒന്ന് വിശദീകരിച്ചു കൊടുത്തിരുന്നു ഞങ്ങള്‍.
    ലിഫ്റ്റ്‌ കയറി ഫ്ലാറ്റിന് മുന്നിലെത്തിയ ഞങ്ങളെ അനു സന്തോഷത്തോടെ സ്വീകരിച്ചു. കുറച്ചു നേരത്തെ കുശല പ്രശ്നങ്ങള്‍ക്ക് ശേഷം ഭക്ഷണം വിളമ്പുന്നതിനായി എഴുന്നേറ്റ അനുവിനെ സഹായിക്കാന്‍ ഞങ്ങളും കൂടി. കുടുംബം നാട്ടിലായിരുന്നത് കൊണ്ട് എല്ലാം സ്വയം ഉണ്ടാക്കി വിളമ്പാന്‍ പാകത്തില്‍ എടുത്തു വച്ചിരിക്കുകയായിരുന്നു അദ്ദേഹം. അവിയലും, തോരനും, പച്ചടിയും, പുളിശ്ശേരിയും, മീന്‍കറിയും എന്ന് വേണ്ട പ്രഥമന്‍ വരെ ഉള്‍പ്പെട്ട വിഭവ സമൃദ്ധമായ ഉച്ച  ഭക്ഷണമാണ് ആ ചെറുപ്പക്കാരന്‍ ഞങ്ങള്‍ക്കായി വച്ചു വിളമ്പിയത്. “പുലിയാണെന്ന് അറിഞ്ഞിരുന്നു, പക്ഷെ ഇത് പുപ്പുലിയാണെയ്’ സിയും മുനീറും അനുവിനെപ്പറ്റിയുഉള്ള തങ്ങളുടെ അഭിപ്രായം ഭക്ഷണ ശേഷം തുറന്നടിച്ചു. സ്നേഹോഷ്മളമായ അനുവിന്‍റെ ആതിഥ്യത്തിന് നന്ദി പറഞ്ഞു കൊണ്ട് ഞങ്ങള്‍ അടുത്ത ലക്ഷ്യമായ “ഷെയ്ക്ക് സയെദ്”(Sheik Zayed Mosque) പള്ളിയിലേക്ക് (വലിയ പള്ളി ) പുറപ്പെട്ടു.

അനുപ് കൃഷ്ണന്‍റെ വീട്ടില്‍ (മദ്ധ്യത്തില്‍ കൈ കെട്ടി ഇരിക്കുന്നത് അനു)

അബുദാബി എയര്‍ പോര്‍ട്ട്‌ റോഡിലൂടെ ഏകദേശം അര മണിക്കൂര്‍ യാത്ര ചെയ്താല്‍ വളരെ മനോഹരവും, വിസ്താരമേറിയതുമായ വലിയ പള്ളിയുടെ സമീപത്തെത്താം. പെറ്റൂണിയ പൂക്കള്‍ വര്‍ണ്ണ ചാരുത നല്‍കിയ വഴിയിലൂടെ തല ഉയര്‍ത്തി നിന്ന ആ ആരാധനാലയത്തിന്‍റെ സമീപത്തെത്തിയ ഞങ്ങള്‍ക്ക് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള അനുവാദത്തിനായി രണ്ടു മൂന്ന് കവാടങ്ങളില്‍ പോകേണ്ടി വന്നു. അത്രയ്ക്ക് സന്ദര്‍ശകരാണ്‌ നിത്യവും അവിടെ വന്നു പോകുന്നതെന്ന് മനസ്സിലാക്കണം. പള്ളിയുടെ തൂവെള്ള നിറത്തിലുള്ള താഴികക്കുടങ്ങള്‍ സായാഹ്ന വേളയില്‍ നീലാകാശത്തിലെ വെള്ളി മേഘങ്ങളുമായി സല്ലപിച്ചു നില്‍ക്കുന്നതു പോലെ കാണപ്പെട്ടു. വളരെ ഗംഭീരമായ ഒരു പള്ളി.

അബുദാബിയിലെ വലിയ പള്ളി “ഷെയ്ക്ക് സയെദ്” പള്ളി (Sheik Zayed Mosque)

ഒരു ആരാധനാലയത്തിന് വേണ്ട വിശുദ്ധിയും അച്ചടക്കവും അവിടെ കാത്തു സൂക്ഷിക്കപ്പെടുന്നതു പോലെ തോന്നി. സ്ത്രീകള്‍ക്ക് പാശ്ചാത്യ രീതിയിലുള്ള വസ്ത്ര ധാരണം, പള്ളിയ്ക്കകത്ത്‌ അനുവദിച്ചിട്ടില്ല, പക്ഷെ സന്ദര്‍ശകര്‍ പല ദേശത്ത് നിന്നും പല വേഷത്തില്‍ വരുന്നവരാണല്ലോ. അങ്ങനെയുള്ളവര്‍ക്ക് വേണ്ടി പ്രവേശന കവാടത്തില്‍ സാധാരണ സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഒരു “ഡ്രസ്സിംഗ് റൂം “ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു . അവിടെ നിന്നും ‘അബായ’ എന്ന് പേരുള്ള ഒരു നീളന്‍ വസ്ത്രം ലഭിക്കും, തല മുതല്‍ കാലറ്റം വരെ മൂടിക്കിടക്കുന്ന അബായ ഇട്ടു കൊണ്ട് പള്ളിയിലേക്ക് പ്രവേശിക്കാം. എനിക്ക് അബായയുടെ ആവശ്യം ഇല്ലായിരുന്നെങ്കിലും ഒരു കൌതുകത്തിന്‍റെ പേരില്‍ ഞാനും അബായക്കുള്ളില്‍ കയറി. വളരെ സുഖം തോന്നി അത് ഇട്ടു കൊണ്ട് നടന്നപ്പോള്‍, പക്ഷെ ഒരു കുഴപ്പം, വീട്ടുകാരില്‍ നിന്ന് കൂട്ടം തെറ്റിപ്പോയാല്‍ അവര്‍ക്ക് നമ്മെ കണ്ടു പിടിക്കാന്‍ പ്രയാസമാകും, എല്ലാവരും അബായക്കുള്ളില്‍ പെന്‍ഗ്വിന്‍ കൂട്ടം നടക്കുന്നതു പോലെയാണ് കാണപ്പെടുക.
                     അബായ ധരിച്ച ലേഖിക 

സ്ഫടിക സമാനമായ ജലം കെട്ടി നിര്‍ത്തിയിരിക്കുന്ന വലിയ കളങ്ങള്‍ക്ക് നടുവിലൂടെ നിര്‍മ്മിച്ചിട്ടുള്ള പാതയിലൂടെ നടന്നാല്‍ പള്ളിയുടെ പ്രധാന വാതിലിനു മുന്നിലെത്താം. അവിടെ പാദരക്ഷകള്‍ സൂക്ഷിക്കുവാന്‍ നമ്പറിട്ട അറകള്‍ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു , പ്രത്യേക ഫീസ്‌ ഒന്നും അതിനു നല്‍കേണ്ടതില്ല. തിരിച്ചു വരുമ്പോള്‍ നമ്പര്‍ ഓര്‍ത്താല്‍ ചെരുപ്പുകള്‍ വേഗം എടുത്തു കൊണ്ടു പോരാം, അത്രേയുള്ളൂ. പാദരക്ഷകള്‍ നല്‍കി മുന്നോട്ടു നടക്കുമ്പോള്‍ വെള്ള മാര്‍ബിളില്‍ മനോഹരമായ കൊത്തുപണികള്‍ ചെയ്ത നീളന്‍ ഇടനാഴികളാണുള്ളത്. അവയുടെ വലതു വശം വലിയ ഒരു നടു മുറ്റമാണ്. പ്രത്യേക അവസരങ്ങളില്‍ കൂട്ടമായി ഇരുന്ന് പ്രാര്‍ത്ഥന നടത്തുന്ന സ്ഥലമാണ് അത് എന്ന് സിയ പറഞ്ഞു തന്നു . കൊത്തുപണികളാല്‍ അലങ്കൃതമായ വൃത്തിയും വെടിപ്പുമുള്ള ഇട നാഴികളില്‍ കൂടി നടക്കുമ്പോള്‍ ‘അള്ളാഹു അക്ബര്‍’ മന്ത്രങ്ങള്‍ കൊണ്ട് ആ ദേവാലയാന്തരീക്ഷം പവിത്രമാക്കപ്പെടുന്നതു പോലെ തോന്നി. പരി പാവനമായ നടവഴികളില്‍ കൂടി വീണ്ടും നടന്നെത്തിയത്‌ വര്‍ണ്ണ ശബളമായ പരവതാനി വിരിച്ച ഒരു ഹാളിലേക്കായിരുന്നു. പള്ളിയുടെ ഏറ്റവും പ്രധാനപ്പെട്ട ഈ ഹാളില്‍ വളരെ മനോഹരമായ അലങ്കാര തൂക്കു വിളക്കുകള്‍ പ്രഭ ചൊരിയുന്നതു കാണാമായിരുന്നു.
ഭിത്തിയില്‍ അര്‍ദ്ധ വൃത്താകൃതിയില്‍ ഉള്ള ‘മിഹ്രബ് ‘(Mihrab) ‘കിബ്ലയെ’ (Qibla) സൂചിപ്പിക്കുന്നു. മെക്കയിലെ കാബയുടെ ദിശ സൂചിപ്പിക്കുന്ന ഈ ‘കിബ്ല ഭിത്തിയ്ക്ക്’(Qibla wall) അഭിമുഖമായി ഇരുന്നു വേണം ഒരു മുസ്ലിം പ്രാര്‍ത്ഥന നടത്തേണ്ടത്. കൂടാതെ ഇവിടെ മിന്‍ബാര്‍ (Minbar)’ എന്നൊരു പ്ലാറ്റ്ഫോമും കാണാം. അവിടെ നിന്നാണ് മുസ്ലിം പുരോഹിതനായ ഇമാം പ്രഭാഷണം നടത്തുന്നത് .വളരെ ആളുകള്‍ക്ക് ഒരുമിച്ച് ഈ ‘കിബ്ല ഭിത്തിയ്ക്ക്’ അഭിമുഖമായി ഇരുന്ന് പ്രാര്‍ത്ഥന നടത്തുതിനുള്ള വിപുലമായ സജ്ജീകരണങ്ങളാണ് ഈ ദേവാലയത്തില്‍ ചെയ്തിരിക്കുന്നത്. നിര്‍മ്മലവും ശാന്തിയുടെ സങ്കേതവുമായ ആരാധനാലയത്തില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജവും സന്തോഷവുമായി ഞങ്ങള്‍ പുറത്തേക്കിറങ്ങി. പാദുകങ്ങള്‍ തിരിച്ചെടുത്ത്‌ എന്‍റെ അബായ വേഷം തിരിച്ചു കൊടുക്കുന്നതിനായി പോകുന്ന വഴി അകലേക്ക്‌ ചൂണ്ടിക്കൊണ്ട്, അവിടെയാണ് ‘ഷെയ്ക്ക് സയെദ്’ ന്‍റെ ഖബര്‍ ഉള്ളതെന്നും, വേണമെങ്കില്‍ അങ്ങോട്ട്‌ നടന്നാല്‍ അത് കൂടി കാണാമെന്നും, സിയ പറഞ്ഞു.

പക്ഷെ കുറെ നേരമായി നടന്നും നിന്നും ക്ഷീണിതരായ ഞങ്ങള്‍ അബായ തിരികെ കൊടുത്ത് ദുബായിലേക്കുള്ള മടക്ക യാത്രയ്ക്കായി കാറില്‍ കയറി.
    ഷെയ്ക്ക് സയെദ് ബിന്‍ സുല്‍ത്താന്‍ റോഡിലൂടെയുള്ള മടക്ക യാത്രയിൽ  മുനീര്‍ എന്ന ഡ്രൈവിംഗ് വിദഗ്ദ്ധനായ ചെറുപ്പക്കാരന്‍ കാര്‍ ദുബായ് ലക്ഷ്യമാക്കി പായിച്ചു കൊണ്ടിരുന്നു. പതുക്കെപ്പതുക്കെ പകല്‍ ഇരുളിനെ ഒരു നേര്‍ത്ത അബായ വസ്ത്രം പോലെ അണിഞ്ഞു തുടങ്ങി. പിന്‍ സീറ്റിലിരുന്നവര്‍ ഓരോരുരത്തരായി മയക്കത്തിലേക്ക് കൂപ്പു കുത്തി.
    അറേബ്യന്‍ രാജ്യങ്ങള്‍ പോലെയുള്ള വികസിത രാഷ്ട്രങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ , ടാക്സി ഡ്രൈവര്‍മാരാണെങ്കില്‍ കൂടി മൊബൈല്‍ ഫോണില്‍ മാപ്പ് സെറ്റ് ചെയ്തിട്ട് മാത്രമേ യാത്ര തുടങ്ങുകയുള്ളൂ എന്ന് മുന്‍പ് പറഞ്ഞിരുന്നല്ലോ, കാരണം നിരവധി ലെയിനുകള്‍ പോകുന്ന വിസ്താരമുള്ള നിരത്തുകളില്‍ വഴി തെറ്റിയാല്‍ ഉടന്‍ വണ്ടി നിര്‍ത്തി തിരിച്ച് പോകാന്‍ സാധിക്കില്ലല്ലോ. പോരാത്തതിന് ഓരോ റോഡിലും ഓടേണ്ട വേഗതക്കും ചട്ടമുണ്ട്, ചില സ്ഥലത്ത് 140 കി മീ ആണെങ്കില്‍ മറ്റു ചില സ്ഥലങ്ങളില്‍ അത്  120 ആയിരിക്കും. ഈ വേഗതയും ഫോണില്‍ സെറ്റ് ചെയ്തു വയ്ക്കും, എപ്പോഴെങ്കിലും അതില്‍ കവിയുകയോ കുറയുകയോ ചെയ്‌താല്‍ ഫോണില്‍ നിന്ന് ബീപ് ശബ്ദം കേട്ട് തുടങ്ങും. ഞങ്ങളുടെ മടക്ക യാത്രയ്ക്കിടയില്‍ ഒരിടത്ത് വന്നപ്പോള്‍ മുനീര്‍ മെയിന്‍ റോഡില്‍ നിന്ന് മറ്റൊരു വഴിയിലേക്ക് കാര്‍ ഓടിച്ചു കൊണ്ട് പോയി ഒരു പെട്രോള്‍ പമ്പില്‍ നിര്‍ത്തി. അത് ഇന്ധനം നിറയ്ക്കുവാന്‍ ആയിരുന്നില്ല മറിച്ച് വഴി ചെറിയ രീതിയില്‍ തെറ്റിയോ എന്ന് സംശയ നിവാരണം നടത്തുന്നതിന് വേണ്ടിയായിരുന്നു. വഴി തിട്ടപ്പെടുത്തിയിട്ട് മുന്നോട്ടു നീങ്ങി,  ദുബായ് ബോര്‍ഡറിലുള്ള  ലാസ്റ്റ് എക്സിറ്റിലെ കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഒരു ‘റിഫ്രെഷ്മെന്‍റ് ഏരിയാ” യില്‍ കൂടി ഒരു പ്രദിക്ഷണം നടത്തി നേരെ ദുബായിലെ ‘സബേല്‍ പാര്‍ക്ക് ‘എന്ന ഗ്ലോ ഗാര്‍ഡനു മുന്നില്‍  മുനീർ കാര്‍ നിര്‍ത്തി.
                   സബേല്‍ പാര്‍ക്ക് -ഗ്ലോ ഗാര്‍ഡന്‍

സമയം വളരെ വൈകിയിരുന്നതു കൊണ്ട് ഷാര്‍ജ്ജയില്‍ താമസിച്ചിരുന്ന  സിയ മുനീര്‍ ദമ്പതികള്‍ ഞങ്ങളോട് വിട പറഞ്ഞ് പോകാനൊരുങ്ങി. വല്ലാത്ത ഒരു നഷ്ടബോധം തോന്നി ഞങ്ങള്‍ക്ക്, കാരണം ഇത്രയും നേരംകൊണ്ട് ആ കുട്ടികള്‍ ഞങ്ങളുടെ മനസ്സിനെ അത്രത്തോളം സ്വാധീനിച്ചു കഴിഞ്ഞിരുന്നു. നന്ദി പറയാന്‍ വാക്കുകളില്ലാതെ, സ്നേഹം ഈറനാക്കിയ മിഴികളോടെസര്‍വശക്തനായ ദൈവം അവര്‍ക്ക് നല്ലത് വരുത്തട്ടെ എന്ന പ്രാര്‍ത്ഥനയോടെ, അവര്‍ പോകുന്നത് നോക്കി ഞങ്ങള്‍  നിന്നു.
സത്യത്തില്‍ എനിക്ക് ഗ്ലോ ഗാര്‍ഡന്‍ സന്ദര്‍ശിക്കാന്‍ യാത്രാക്ഷീണം കൊണ്ട്  ആഗ്രഹം തോന്നിയിരുന്നില്ല . പിന്നെ സാരമില്ല അവസരങ്ങള്‍ എന്നും ലഭിക്കുകയില്ലല്ലോ, കിട്ടുമ്പോള്‍ മടി പിടിക്കാതെ ഉത്സാഹമായി പോയിക്കാണാം എന്ന് കരുതി. ടിക്കറ്റ് കൌണ്ടറില്‍, ഗ്ലോ ഗാര്‍ഡനിലേക്ക് കൂടാതെ, മഞ്ഞിന്‍റെ ഒരു കൂടാരത്തിലേക്കും, ദിനോസറുകളുടെ ലോകത്തേക്കും ഉള്ള ടിക്കറ്റുകള്‍ ലഭ്യമായിരുന്നു. എല്ലാവരും ക്ഷീണിതരായിരുന്നതിനാല്‍ ഗ്ലോ ഗാര്‍ഡന്‍ കണ്ടിട്ട് മടങ്ങിപ്പോകാം എന്ന് തീരുമാനിക്കുകയായിരുന്നു.



പ്രകാശത്തിന്‍റെ ഒരു പൂരമായിരുന്നു മുന്നോട്ടു ചെല്ലുമ്പോള്‍ ഞങ്ങളെ വരവേറ്റത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും, വന്യ ജീവികളുടെയും, മറ്റ് ആകര്‍ഷക വസ്തുക്കളുടെയും, ചെറുതും വലുതുമായ രൂപങ്ങള്‍, വിവിധ നിറങ്ങളിലുള്ള വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ചു പ്രദര്‍ശിപ്പിച്ചിരിക്കുകയായിരുന്നു  അവിടെ. കൊച്ചു കുട്ടികള്‍ക്ക് ഏറെ കൌതുകം തോന്നാനിടയുള്ള പാര്‍ക്കില്‍ കുറച്ചു നേരം ചുറ്റി തിരിഞ്ഞ് വരും ദിവസങ്ങളിലെ യാത്രാ പരിപാടികളുടെ ഒരു രൂപ രേഖ തയ്യാറാക്കിയിട്ട്, ടാക്സിയില്‍ കയറി കരാമ എന്ന സ്ഥലത്തേക്ക് ഭക്ഷണം കഴിക്കുന്നതിനായി പോയി.
കരാമയിലെ ‘ആരാമം’ എന്ന ഹോട്ടലില്‍ നമ്മുടെ നാട്ടില്‍ ലഭിക്കുന്നതു പോലെയുള്ള കഞ്ഞിയും പുഴുക്കും ഒക്കെ ഉണ്ടെന്ന് മകന്‍ പറഞ്ഞ് അറിയാമായിരുന്നു, എന്നാല്‍പ്പിന്നെ അതൊന്നു രുചിക്കാം എന്ന് വിചാരിച്ചാണ് അവിടെയ്ക്ക് പോയത്. അവധി ദിവസം കൂടി ആയിരുന്നതിനാല്‍ അവിടെ അസാധാരണമായ  തിരക്കായിരുന്നു. ഉള്ളിലുള്ള ഇരിപ്പിടങ്ങള്‍ നിറഞ്ഞു കവിഞ്ഞിട്ട്‌ പുറത്തുള്ള ചെറിയ പന്തലിലും ആള്‍ക്കാര്‍ ഇടം പിടിച്ചിട്ടുണ്ടായിരുന്നു . ആരെങ്കിലും എഴുന്നേല്‍ക്കുമ്പോള്‍ സീറ്റ് റാഞ്ചി എടുക്കുന്നതിനായി കുറേ ആള്‍ക്കാര്‍ തയ്യാറെടുത്തു നില്‍പ്പുണ്ടായിരുന്നു. ഭാഗ്യം കൊണ്ട് അല്‍പ സമയം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഹോട്ടലിന്‍റെ ഉള്ളിലുള്ള ഇരിപ്പിടങ്ങള്‍ തന്നെ കിട്ടി. ഭക്ഷണം വിളമ്പുന്നവരും കഴിക്കുന്നവരും എല്ലാം മലയാളികള്‍, കേരളത്തിലെ ഒരു ഹോട്ടലില്‍ ഇരിക്കുന്ന പ്രതീതിയാണ് ഉണ്ടായത്. കഞ്ഞിയ്ക്ക് ഓര്‍ഡര്‍ കൊടുത്ത് ഞാനും മകനും കാത്തിരുന്നു, ചേട്ടന്‍ ചപ്പാത്തിയും കറിയുമാണ് ആവശ്യപ്പെട്ടിരുന്നത്, അത് വേഗം കിട്ടുകയും ചെയ്തു. കുട്ടികളും വലിയവരും എല്ലാം കൂടി നല്ല ബഹളമായിരുന്നു  ഇടുങ്ങിയ ആ ഭക്ഷണശാലയില്‍. കുറച്ചു കഴിഞ്ഞപ്പോള്‍ അകം കുഴിഞ്ഞ ഒരു സ്റ്റീല്‍ പാത്രത്തില്‍ നല്ല ചൂട് കഞ്ഞി ഞങ്ങൾക്ക് മുന്നിൽ  കൊണ്ടു വന്നു വച്ചു. ചെറുപയര്‍ തോരനും ,കപ്പ, കാച്ചില്‍, കിഴങ്ങ് ഇവ പുഴുങ്ങിയത്, തേങ്ങാച്ചമ്മന്തി, മുളക് ചമ്മന്തി, അച്ചാര്‍ ഇങ്ങനെ കുറെ പരിവാരങ്ങളോടും കൂടിയായിരുന്നു  കഞ്ഞിയുടെ വരവ്. തിരക്കിന്‍റെ കൂടുതല്‍ കൊണ്ട് പപ്പടം തരാന്‍ അവര്‍ മറന്നു, എങ്കിലും ഞങ്ങള്‍ നിര്‍ത്താതെ പപ്പടം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവസാനം കാച്ചിയ പപ്പടം എത്തി, സാധാരണയായി ചുട്ട പപ്പടമാണ് ലഭിക്കുക എന്ന് മകന്‍ പറഞ്ഞു, അതിന്‍റെ സ്റ്റോക്ക് കഴിഞ്ഞിട്ടുണ്ടാകണം , ഞങ്ങള്‍ സമാധാനിച്ചു. സമൃദ്ധമായ അത്താഴം കഴിച്ച് വിശ്രമിക്കുന്നതിനായി ഹോട്ടലിലേക്ക് മടങ്ങി.
ജോര്‍ജിയ യാത്രയും, ആറേഴു ദിവസമായുള്ള ഓഫീസിലെ ജോലിക്കൂടുതലും സമ്മാനിച്ച ക്ഷീണവും ഉറക്കച്ചടവും, അശ്വിന്‍റെ മുഖത്ത് നിന്ന് വായിച്ചറിഞ്ഞ ഞങ്ങള്‍ പിറ്റേ ദിവസത്തെ പരിപാടികള്‍ കുറച്ച് വൈകി ആരംഭിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. നന്നായി ഉറങ്ങാന്‍ ഉപദേശിച്ച് മകനെ അവന്‍റെ താമസ സ്ഥലത്തേക്ക് യാത്രയാക്കിയെങ്കിലും, ഞങ്ങളുടെ സമയക്കുറവു പരിഗണിച്ച് പ്രഭാതത്തില്‍ തന്നെ ഞങ്ങളെ കാഴ്ചകള്‍ കാണിക്കുനതിനായി കൂട്ടുകാരായ രെഞ്ചുവിനെയും , അരുണിനേയും, അവന്‍ ചുമതലപ്പെടുത്തി വിട്ടു.


                       ദുബായ് വിശേഷം.....................തുടരും 



2018 മാർച്ച് 21, ബുധനാഴ്‌ച


പഴമയുടെ പുണ്യം –തമിഴകം 
മഹാക്ഷേത്രങ്ങളെക്കൊണ്ട് സമ്പന്നമായ തമിഴ്നാട്ടിലേക്ക് ഒരു തീര്‍ത്ഥയാത്ര,വളരെക്കാലമായി ഞങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരാഗ്രഹമാണ്.ഔദ്യോഗികമായ തിരക്കുകള്‍,മറ്റ് പലവിധ അസൗകര്യങ്ങള്‍ ഒക്കെ കൂടി യാത്രാ പരിപാടി വളരെ നീണ്ടു പോയി.കൂടാതെ മറ്റൊരു കാരണം കൂടിയുണ്ട് മനോഗതം യാഥാര്‍ത്ഥ്യമാകാന്‍ കാലതാമസം നേരിട്ടതിന്.യാത്രകള്‍ ആസ്വദിക്കേണ്ടവയാണ്,യാത്രാ വേളകള്‍ സന്തോഷകരമല്ലെങ്കില്‍ പിന്നെ അതിനു പുറപ്പെടാതെ സ്വന്തം വീട്ടില്‍ ഇരിക്കുന്നതല്ലേ ഒന്നു കൂടി നല്ലത്?കേവലം രണ്ടുപേര്‍ മാത്രമായി ഒരു യാത്ര പോകുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതാണല്ലോ,രണ്ടോ മൂന്നോ കുടുംബങ്ങള്‍ ചേര്‍ന്നോ,കുറെ സുഹൃത്തുക്കള്‍ ചേര്‍ന്നോ ചിരിച്ച് രസിച്ച് ഉല്ലാസമായി സ്ഥലങ്ങള്‍ പോയിക്കാണുക എന്നത്.യാത്ര ആസ്വദിക്കുന്നതിനൊപ്പം അന്യോന്യം മനസ്സിലാക്കുവാനും, സഹായിക്കുവാനും,മറ്റുള്ളവരുമായി പൊരുത്തപ്പെട്ടു ജീവിക്കുവാനും ഈ അവസരങ്ങള്‍  നമ്മെ പഠിപ്പിക്കുന്നു എന്ന് മാത്രമല്ല,ഒരാള്‍ക്ക് എന്തെങ്കിലും ഒരു ആവശ്യം വന്നാല്‍ ഒരു താങ്ങായി കുറെപ്പേര്‍ ഉണ്ടാകും,എന്നതും ഒരു വലിയ കാര്യമാണല്ലോ.അതുകൊണ്ട് ഏതെങ്കിലും രണ്ടു മൂന്നു കുടുംബങ്ങള്‍ കൂടിച്ചേര്‍ന്ന് ആകാം യാത്ര എന്ന് കരുതി തമിഴ്‌നാട് യാത്ര  ഇക്കാലമത്രയും നീട്ടി വയ്ക്കുകയാണുണ്ടായത്. ഇക്കാര്യത്തിനായി പല സുഹൃത്തുക്കളുമായി ബന്ധപ്പെട്ടെങ്കിലും ഒരാളൊഴികെ മറ്റെല്ലാവര്‍ക്കും പലവിധ അസൗകര്യങ്ങള്‍ കാരണം,യാത്രയില്‍ പങ്കു ചേരാന്‍ സാധിക്കാതെ വന്നു. ഒരു കുടുംബമെങ്കിലും ഉണ്ടല്ലോ അത്രയുമാകട്ടെ, അങ്ങനെ സമാധാനിച്ചു കൊണ്ട് ഞങ്ങള്‍,കാണേണ്ട സ്ഥലങ്ങളിലെ താമസം മുതലായ കാര്യങ്ങള്‍ ഏര്‍പ്പാടക്കുന്നതിനു വേണ്ട ശ്രമങ്ങള്‍ ആരംഭിച്ചു.
തമിഴ് നാടിനെ കുറിച്ചും അവിടത്തെ ക്ഷേത്രങ്ങളെ കുറിച്ചും നന്നായി അറിയാവുന്ന,അന്നാട്ടുകാരനായ ഞങ്ങളുടെ ഒരു സുഹൃത്ത്‌, കാര്യങ്ങളുടെ വിശദ വിവരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുകയും സുഗമമായ ദര്‍ശനത്തിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു തരികയും ചെയ്തു. ഓരോരോ ക്ഷേത്രത്തിലും ദര്‍ശനത്തിനു സഹായിക്കുവാനായി,അതതു സ്ഥലത്തുള്ള പരിചയക്കാരുമായി പല തവണ ഫോണില്‍ ബന്ധപ്പെടുകയും,അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു,ആ നല്ല സുഹൃത്ത്‌.കൂടാതെ അവരുടെയെല്ലാം പേര്,ഫോണ്‍ നമ്പര്‍,തുടങ്ങിയ വിശദ വിവരങ്ങള്‍ ഞങ്ങളെ ഏല്‍പ്പിച്ച്,യാത്രയ്ക്ക് വേണ്ടതായ എല്ലാ പിന്തുണയും ചെയ്തു തന്നത് നന്ദിയോടെ സ്മരിക്കുന്നു. അപ്രകാരം യാത്രയുടെ ഒരു രൂപരേഖ തയ്യാറാക്കിയിട്ട്, പോകേണ്ട ദിവസവും, സമയവും തീരുമാനിച്ച്,പോകേണ്ട വാഹനവും ഏര്‍പ്പാടാക്കിക്കഴിഞ്ഞ്, മുന്‍പ് വരാമെന്ന് ഏറ്റിരുന്ന സുഹൃത്തിനെ വിളിച്ച്  യാത്രയുടെ വിവരങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്‍റെ സൗകര്യാര്‍ത്ഥം കുറച്ചു മാറ്റിമറിക്കലുകള്‍ കൂടി നടത്തിയിട്ട് ഉത്സാഹത്തോടെ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തി.ഏതായാലും പോകേണ്ട ദിവസത്തിന്‍റെ തലേന്നാള്‍ പുറപ്പെടേണ്ട സമയം ഓര്‍മ്മിപ്പിക്കുവാന്‍ വേണ്ടി ഒന്നുകൂടി അദ്ദേഹത്തെ വിളിച്ചപ്പോള്‍ പെട്ടെന്നുണ്ടായ അസൗകര്യം കൊണ്ട് യാത്രയില്‍ നിന്ന് പിന്മാറുകയാണെന്ന് പറഞ്ഞു.ഈ സംഭവം ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു എന്ന്  പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കാണേണ്ടതായ എല്ലാ സ്ഥലങ്ങളിലും വേണ്ട സകല ഏര്‍പ്പാടുകളും, പോകേണ്ട വാഹനം വരെയും നിശ്ചയിച്ച സ്ഥിതിക്ക് ഇനി യാത്ര മാറ്റിവയ്ക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് തോന്നിയത് കൊണ്ട് ഞങ്ങള്‍ മുന്നോട്ടു നീങ്ങുവാന്‍ തന്നെ തീരുമാനിച്ചു.
ഒടുവില്‍ നിശ്ചയിച്ച ദിവസം രാവിലെ അഞ്ചര മണിയോടെ ഞങ്ങള്‍ രണ്ടു പേരും മാത്രമായി,പരിചയക്കാരനായ ഗിരിയുടെ ടാക്സിയില്‍ തമിഴ്നാട്ടിലെ ക്ഷേത്രങ്ങള്‍ കാണുന്നതിനായി പുറപ്പെട്ടു.പുനലൂര്‍,തെന്മല വഴി,കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ,മലനാടിന്‍റെ കാനന ഭംഗിയും ആസ്വദിച്ചു കൊണ്ട് ആരംഭിച്ച യാത്ര വൈകാതെ ആര്യങ്കാവ് ചെക്ക്- പോസ്റ്റിനടുത്തെത്തി.ഇതിനപ്പുറമുള്ള തമിഴന്‍റെ മണ്ണില്‍ കാലു കുത്തണമെങ്കില്‍ അതിര്‍ത്തി കടക്കുവാനുള്ള പാസ് എടുക്കേണ്ടതുണ്ട്. അതിനായി ഡ്രൈവര്‍ ഗിരി വാഹനത്തിന്‍റെ രേഖകളുമായി അവിടത്തെ  ഓഫീസിലേക്ക് പോയി.ആ സമയത്ത് വന വിഭവങ്ങളായ നെല്ലിക്കയും മാങ്ങയും പേരയ്ക്കയും ഒക്കെ കുട്ടകളിലാക്കി കച്ചവടക്കാരി സ്ത്രീകള്‍, നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കടുത്ത് വന്നു കലപില സംസാരിച്ചു കൊണ്ടിരുന്നു.മാങ്ങയുടെ ചെറിയ കഷണങ്ങള്‍ ഉപ്പും മുളകുപൊടിയും കലര്‍ത്തി കൊണ്ടു വന്നപ്പോള്‍ വാങ്ങി കഴിക്കണമെന്ന ബാല്യ സഹജമായ ആഗ്രഹം എന്നില്‍ മുള പൊട്ടിയെങ്കിലും വൃത്തിയുടെ കാര്യത്തില്‍ സംശയം തോന്നിയത് കൊണ്ട് ആ ‘മുള’ അപ്പോഴേ ഞാന്‍ നുള്ളിക്കളഞ്ഞു.അധികം താമസ്സിയാതെ നടപടികള്‍ പൂര്‍ത്തിയാക്കി യാത്ര തുടര്‍ന്ന ഞങ്ങള്‍ എട്ടുമണിയോടെ ചെങ്കോട്ടയിലെ ഒരു ഹോട്ടലില്‍ കയറി പൂവ് പോലെ മൃദുവായ നല്ല ഇഡ്ഡലി പ്രഭാത ഭക്ഷണമായി കഴിച്ചു. ചെങ്കോട്ടയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ അധികം അകലെയല്ലാതെ കുറ്റാലം വെള്ളച്ചാട്ടത്തിനടുത്തെത്താം.എന്നാല്‍ ഏപ്രില്‍ മാസം വേനല്‍ സമയമായതിനാല്‍ വെള്ളം തീരെ കുറവായിരിക്കും എന്നതുകൊണ്ടും സമയ പരിമിതി കൊണ്ടും,ഞങ്ങള്‍ അവിടെയ്ക്ക്  പോകാതെ രാജപാളയം, ശ്രീവില്ലിപുത്തൂര്‍ വഴി കൊല്ലത്ത് നിന്നുള്ള ഹൈവേയുടെ അവസാന ഭാഗമായ തിരുമംഗലത്തു കൂടി യാത്ര ചെയ്ത് ഏകദേശം പന്ത്രണ്ട് മണിയോടെ മധുരയില്‍ എത്തിച്ചേര്‍ന്നു.അവിടെ കോളേജ് ഹൌസ് എന്ന ഒരു ഹോട്ടല്‍ ആണ് താമസ്സത്തിനായി ഏര്‍പ്പാടാക്കിയിരുന്നത്.നല്ല പഴക്കം ഉണ്ടായിരുന്ന ആ ഹോട്ടലില്‍ അതിന്‍റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്നതൊഴിച്ചാല്‍, ഭക്ഷണവും, ജീവനക്കാരുടെ പെരുമാറ്റവും ഒന്നും കുഴപ്പമില്ലായിരുന്നു.ഉച്ചയൂണ് കഴിഞ്ഞ് കുറച്ചു നേരം ഹോട്ടലില്‍ വിശ്രമിച്ച ഞങ്ങള്‍,വൈകുന്നേരം മീനാക്ഷി ക്ഷേത്രം തുറക്കാറായപ്പോഴേക്കും പുറത്തേക്കിറങ്ങി. ക്ഷേത്രത്തിലേക്ക് അധികം ദൂരമില്ലാത്തതിനാല്‍ പതുക്കെ നടന്ന് തെരുവിന്‍റെ കാഴ്ച്ചകളും,വഴിവാണിഭക്കാരുടെ കോലാഹലവും ഒക്കെ ആസ്വദിച്ച്,മധുര മീനാക്ഷിയമ്മയുടെ ക്ഷേത്രത്തിനടുത്തെത്തി. വൃത്തിഹീനമായ പാതയില്‍ നിന്നു കൊണ്ട് ശില്‍പ്പ ചാതുര്യം നിറഞ്ഞ ഗോപുര ഭംഗി കണ്ടു നില്‍ക്കുമ്പോഴേക്കും,ദര്‍ശനത്തിനു സഹായിക്കുവാനായി സുഹൃത്ത്‌ പറഞ്ഞേല്‍പ്പിച്ചിരുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍,തന്‍റെ ഇലക്ഷന്‍ തിരക്കുകളില്‍ നിന്ന് ബദ്ധപ്പെട്ടു ഓടി വന്നു ഞങ്ങളെയും കൂട്ടിക്കൊണ്ട് ക്ഷേത്രത്തിനകത്തേക്ക് പോയി.അന്ന് എന്തോ ഒരു വിശേഷ ദിവസം ആയിരുന്നതിനാല്‍ ക്ഷേത്രത്തില്‍ സാമാന്യത്തിലധികം തിരക്കുണ്ടായിരുന്നു.കയറിച്ചെല്ലുമ്പോള്‍ അവിടത്തെ ക്യൂവിന്‍റെ നീളം കണ്ട് ഇവര്‍ക്കൊക്കെ എപ്പോള്‍ ദര്‍ശനം ലഭിക്കും എന്ന് ഞങ്ങള്‍ മനസ്സില്‍ ഓര്‍ത്തുപോയി.പക്ഷെ ദര്‍ശന സഹായിയായി,  പറഞ്ഞേല്‍പ്പിച്ചിരുന്ന ആള്‍ വന്നത് കൊണ്ട് മണിക്കൂറുകളോളം ക്യൂവില്‍   നില്‍ക്കാതെ വീ ഐ പി പരിഗണനയോടെ ദേവിയെ വണങ്ങി കുറച്ചു നേരം കൊണ്ട് പുറത്തിറങ്ങാന്‍ സാധിച്ചു എന്നത്,അധികസമയം നില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള ഞങ്ങള്‍ക്ക് ഒരു വലിയ കാര്യമായി തോന്നി. അങ്ങനെ ചെറുപ്പകാലം മുതല്‍ മനസ്സില്‍ സൂക്ഷിച്ചിരുന്ന ഒരാഗ്രഹം നിറവേറിയതിന്‍റെ ആഹ്ലാദത്തില്‍ ക്ഷേത്രത്തിന് പുറത്തെത്തി, തിരക്കുകള്‍ക്കിടയില്‍ ഇത്രയും സമയം ഞങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ച ആ നല്ല മനുഷ്യന് നന്ദി പറഞ്ഞ് അദ്ദേഹത്തിന്‍റെ ഒദ്യോഗികത്തിരക്കുകളിലേക്ക് പോകാന്‍ യാത്രാമൊഴി നല്‍കി ഞങ്ങള്‍ അവിടെയൊക്കെ ഒന്ന് ചുറ്റി വരാമെന്നു തീരുമാനിച്ചു.
മധുര മീനാക്ഷി ക്ഷേത്രം


വൈഗൈ നദിയുടെ തെക്ക് കരയില്‍ സ്ഥിതി ചെയ്യുന്ന അതി പുരാതനമായ മീനാക്ഷി ക്ഷേത്രം പതിനേഴാം നൂറ്റാണ്ടില്‍ തിരുമല നായ്ക്കന്‍ പുതുക്കിപ്പണിയുകയും,വിസ്താരം കൂട്ടുകയും ചെയ്തതായി  ചരിത്രം പറയുന്നു.അമ്പതു മീറ്റര്‍ വരെ പൊക്കമുള്ള പതിനാലു ഗോപുരങ്ങളും ആയിരക്കാല്‍ മണ്ഡപം പോലെയുള്ള  അനേകം മണ്ഡപങ്ങളും,സ്വര്‍ണ്ണത്താഴികക്കുടങ്ങളുള്ള മീനാക്ഷി,സുന്ദരേശ്വര ശ്രീകോവിലുകളും, കാഴ്ചക്കാരനില്‍ അവാച്യമായ ഒരു അനുഭൂതിയാണ് ഉണ്ടാക്കുന്നത്.സാധാരണയായി തമിഴ് നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രധാന പ്രതിഷ്ഠയായി പരമശിവനെയാണ് കണ്ടു വരുന്നത്,പക്ഷെ മധുരയില്‍ മീനാക്ഷി ദേവിയാണ് പ്രധാന പ്രതിഷ്ഠ,കൂടെ ശിവ സ്വരൂപമായ സുന്ദരേശ്വരനും ഉണ്ടെന്ന മഹത്വവും നിലനില്‍ക്കുന്നു.
തിരുവിളയാട്ര പുരാണമനുസ്സരിച്ച് മീനാക്ഷിയമ്മയെപ്പറ്റി ഒരു ഐതീഹ്യ കഥയുണ്ട്.അത് എന്തെന്നാല്‍ മലയധ്വജ പാണ്ഡ്യരാജാവും ഭാര്യ കാഞ്ചനമാലയും കൂടി ഒരു മകനെ ലഭിക്കുന്നതിനായി വലിയ യജ്ഞം നടത്തി.യജ്ഞ ശേഷം വൈകാതെ അവര്‍ക്ക് ഒരു കുഞ്ഞു പിറന്നു,പക്ഷെ പിറന്നത്‌ മകനായിരുന്നില്ല, മറിച്ച് വിചിത്ര രൂപമുള്ള മൂന്നു വയസ്സു തികഞ്ഞ ഒരു പെണ്‍കുട്ടിയായിരുന്നു.പിറന്നപ്പോള്‍ തന്നെ മൂന്നു മുലകള്‍ ഉണ്ടായിരുന്ന മകളെ കണ്ട് ഭയപാരവശ്യത്തില്‍ നിന്ന രാജദമ്പതികളോട്, ഇവളെ മകനായി കാണണമെന്നും,ഇവളുടെ ഭാവി വരനെ കാണുമ്പോള്‍ മൂന്നാമത്തെ മുല തനിയെ അപ്രത്യക്ഷമായിക്കൊള്ളുമെന്നും ശ്രീപരമേശ്വരന്‍ അരുളിച്ചെയ്തുവത്രേ.അങ്ങനെ വളര്‍ന്നു വന്ന മകളെ രാജ്യത്തിന്‍റെ അന്തരാവകാശി ആയി പാണ്ഡ്യ രാജാവ് കിരീട ധാരണം ചെയ്യിക്കുകയും,അനന്തരം സുന്ദരേശ്വരനായ മഹാദേവനെ കണ്ടമാത്രയില്‍ അവളുടെ വിചിത്ര രൂപം മാറിയെന്നുമാണ് ഐതീഹ്യം.പിന്നീട് മഹാ വിഷ്ണു, ദേവിയ്ക്ക് തന്‍റെ സഹോദരിയുടെ സ്ഥാനം കൊടുത്തു കൊണ്ട് മീനാക്ഷീ സുന്ദരേശ്വര വിവാഹത്തിന് നേതൃത്വം നല്‍കിയെന്നും കഥകള്‍ പറയുന്നു.ഇപ്പോഴും എല്ലാ ദിവസവും വലിയ പെരുമ്പറ കൊട്ടി സുന്ദരേശ്വരനെ മീനാക്ഷിദേവിയുടെ കിടപ്പറയിലേക്ക് കൊണ്ടു പോകുകയും പ്രഭാതത്തില്‍  തിരിച്ചു ശ്രീകോവിലില്‍ കൊണ്ടു വരികയും ചെയ്യുന്ന ചടങ്ങുണ്ട്. അതു പോലെ തന്നെ എല്ലാവര്‍ഷവും ഏപ്രില്‍ മാസത്തില്‍ മീനാക്ഷീ കല്യാണം വളരെ വിശേഷമായി തന്നെ നടത്തി വരുന്നു,ഇതിനെ തിരുക്കല്യാണം, ചൈത്രമഹോത്സവം,ചിത്തിരൈ തിരുവിഴ എന്നൊക്കെ വിശേഷിപ്പിച്ചു വരുന്നു.
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയ ഞങ്ങള്‍ പട്ടു തുണികള്‍ക്ക് പേരു കേട്ട മധുരയിലെ,വസ്ത്രാലയങ്ങളും മറ്റു ചില കടകളും സന്ദര്‍ശിച്ച് ഹോട്ടലിലേക്ക് മടങ്ങി.അത്രയും നേരം ഡ്രൈവര്‍ ഗിരി എവിടെ ആയിരുന്നു എന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു.ഹോട്ടല്‍ മുറ്റത്തെത്തിയ ഞങ്ങളോട്,ഏകദേശം മൂന്നു മണിക്കൂറോളം ക്യൂവില്‍ നിന്നാണ് ദേവിയുടെ ദര്‍ശനം ലഭിച്ചതെന്ന് അയാള്‍ പറഞ്ഞു.എന്നാല്‍ ഇനിയുള്ള ക്ഷേത്രദര്‍ശനങ്ങള്‍ക്ക് ഞങ്ങളുടെ കൂടെ കൂടിക്കൊള്ളാന്‍ പറഞ്ഞ് അയാളെ സമാധാനിപ്പിച്ചിട്ട് ഭക്ഷണവും കഴിച്ച് ഞങ്ങള്‍ മുറിയിലേക്ക് പോയി.കോളേജ് ഹൗസിലെ താമസവും ഉറക്കവും കഴിഞ്ഞ് പിറ്റേ ദിവസം പ്രഭാതത്തില്‍  സ്നാനാദി കര്‍മ്മങ്ങള്‍ക്ക് ശേഷം  ആറു മണിയോടെ ട്രിച്ചി ശ്രീരംഗം ക്ഷേത്രം കാണുന്നതിനായി യാത്ര ആരംഭിച്ചു.
മധുരയില്‍ നിന്ന് ഏകദേശം 132 കി മീ ദൂരം സഞ്ചരിച്ച് രാവിലെ  എട്ടേകാല്‍ മണിയോടെ ട്രിച്ചി ശ്രീരംഗം ക്ഷേത്രത്തിനടുത്തെത്തി.അവിടെ സുഹൃത്ത് പറഞ്ഞേല്‍പ്പിച്ചിരുന്നതു പോലെ ആക്സിസ് ബാങ്കിലെ ഒരുയര്‍ന്ന ഉദ്യോഗസ്ഥനായ ശ്രീ പാര്‍ത്ഥസാരഥിയെ ഫോണില്‍ ബന്ധപ്പെടുകയും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശാനുസരണം,അദ്ദേഹത്തിന്‍റെ താമസ സ്ഥലത്ത് ഞങ്ങള്‍ എത്തിച്ചേരുകയും ചെയ്തു.ശാന്ത ഗംഭീരനായ ഒരു മനുഷ്യന്‍ !,വളരെ സ്നേഹത്തോടെ ഞങ്ങളെ സ്വീകരിച്ച് ഇരുത്തി,കുറച്ചു കുശല പ്രശനങ്ങള്‍ക്ക് ശേഷം,പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി അവിടെ അടുത്തു തന്നെയുള്ള ബാലാജി ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടു പോയി.നല്ല സ്വാദിഷ്ടമായ ഭക്ഷണം കഴിഞ്ഞ് സാക്ഷാല്‍ ശ്രീ രംഗനാഥ സ്വാമിയെ കണ്ടു വണങ്ങുന്നതിനായി ഞങ്ങള്‍ എല്ലാവരുംകൂടി സസന്തോഷം പുറപ്പെട്ടു.
നൂറ്റി അന്‍പത്തി അഞ്ചു ഏക്കറോളം വിസ്തൃതമായ സ്ഥലത്ത് ഇരുപത്തിയൊന്നു ഗോപുരങ്ങളും അന്‍പതോളം സന്നിധികളുമായി,മഹാ വിഷ്ണു അനന്ത ശയന രൂപത്തില്‍ വിളങ്ങുന്ന പുരാതനവും ബ്റഹത്തുമായ ഒരു ക്ഷേത്രമാണ് ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം.ഡല്‍ഹി സുല്‍ത്താന്‍റെ ആക്രമണത്തില്‍ നശിച്ച ഈ ക്ഷേത്രം പതിനാലാം നൂറ്റാണ്ടിന്‍റെ അവസാനം പുനര്‍ നിര്‍മ്മിക്കപ്പെട്ടു.ഭാരതത്തിലെ ഏറ്റവും ക്ഷേത്ര വിസ്തൃതിയുള്ള ഇവിടം,ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരാധനാ സമുച്ചയമായി കണക്കാക്കപ്പെടുന്നു. 1987 ല്‍ നിര്‍മ്മിച്ച  ഇരുന്നൂറ്റി ഇരുപതു അടി പൊക്കമുള്ള ഗോപുരമാണ് ഏറ്റവും അവസാനം നിര്‍മ്മിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്.
തെക്കോട്ട്‌ ദര്‍ശനമായി കിഴക്ക് പടിഞ്ഞാറ് ദിശയില്‍ അനന്ത നാഗത്തിന് മുകളില്‍ ഭീമാകാരനായി ശയിക്കുന്ന കാരുണ്യമൂര്‍ത്തിയായ ശ്രീ മഹാവിഷ്ണു ഭഗവാന്‍ വാണരുളുന്ന ഈ മഹാക്ഷേത്രത്തെപ്പറ്റി ഒരു ഐതീഹ്യം പറഞ്ഞു കേള്‍ക്കുന്നത് എന്തെന്ന് പറയാം.പാലാഴി മഥന സമയത്ത് ധാരാളം വസ്തുക്കള്‍ കടഞ്ഞെടുത്ത കൂട്ടത്തില്‍,ശ്രീരംഗം താഴികക്കുടവും സമുദ്രത്തില്‍ നിന്ന് പൊങ്ങി വന്നുവത്രേ.അതിനു ശേഷം യുഗങ്ങളായി സത്യലോകത്തായിരുന്ന ഈ താഴികക്കുടം,ഇക്ഷ്വാകു രാജാവ് അയോദ്ധ്യയില്‍ കൊണ്ടുവരികയും,രാവണ വധത്തിനു ശേഷം ശ്രീരാമസ്വാമി,തന്‍റെ ഭക്തനായ വിഭീഷണന് സമ്മാനിക്കുകയും ചെയ്തു.ലങ്കയിലേക്കുള്ള യാത്രാമദ്ധ്യേ വിഭീഷണന്‍ ട്രിച്ചിയില്‍ എത്തുകയും അവിടെ രാജാവായി വാഴുകയും ചെയ്തു. അതിനു ശേഷം ലങ്കയിലേക്ക് താഴികക്കുടം കൊണ്ടുപോകുവാന്‍ ശ്രമിക്കുമ്പോള്‍ അത് അവിടെ നിന്നും അനങ്ങാതെ ഉറച്ചു പോയതായി കാണപ്പെട്ടു.അപ്പോള്‍ വിഭീഷണന്‍ ദിവ്യമായ ആ താഴികക്കുടം അവിടത്തെ ധര്‍മ്മവര്‍മ്മ രാജന് നല്‍കിയിട്ട് ലങ്കയെ അനുഗ്രഹിക്കത്തക്കവണ്ണം തെക്കോട്ട്‌ ദര്‍ശനമായി പ്രതിഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ച് മടങ്ങിപ്പോകുകയും ചെയ്തുവത്രേ. ഇങ്ങനെയാണ് രംഗനാഥ സ്വാമി ട്രിച്ചി ദേശത്തിന് സ്വന്തമായത് എന്ന് പറയപ്പെടുന്നു.
 രണ്ടര മണിക്കൂര്‍ കൊണ്ട് വളരെയധികം തിരക്കുള്ള ഈ ക്ഷേത്രത്തിലെ സന്നിധികള്‍ ഓരോന്നായി വിശദമായി വിവരിച്ചു കൊണ്ട്  പാര്‍ത്ഥസാരഥി സര്‍ ഞങ്ങളെ കാണിച്ചു തന്നു.മാര്‍കഴി മാസത്തില്‍ (ഡിസംബര്‍-ജനുവരി). ഇരുപത്തി ഒന്ന് ദിവസത്തെ ഉത്സവമാണ് ഇവിടെ കൊണ്ടാടുന്നത്.ധാരാളം ഭക്തര്‍ സന്ദര്‍ശനത്തിനെത്തുന്ന ഇവിടെ ലഭിക്കുന്ന വരുമാനത്തിന്‍റെ നല്ലൊരു പങ്ക് സമൂഹനന്മയ്ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് അറിയാന്‍ കഴിഞ്ഞത് ഞങ്ങളില്‍ വളരെ സന്തോഷമുളവാക്കി.
ക്ഷേത്രദര്‍ശനം കഴിഞ്ഞ് നിറഞ്ഞ മനസ്സോടെ ഇറങ്ങി വന്ന ഞങ്ങള്‍, പാര്‍ത്ഥസാരഥി സാറിനോട് നന്ദി പറഞ്ഞിട്ട്,ഞങ്ങളുടെ അടുത്ത ലക്ഷ്യം   തഞ്ചാവൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുക എന്നതാണെന്ന് അറിയിച്ചു.നാലു മണി കഴിഞ്ഞു മാത്രമേ അവിടെ ക്ഷേത്രം തുറക്കുകയുള്ളു,അത്രയും നേരം നിങ്ങള്‍ക്ക് എന്‍റെ വസതിയില്‍ വിശ്രമിക്കാം എന്ന് പറഞ്ഞ് വീടിന്‍റെ താക്കോല്‍ തന്നിട്ട് അദ്ദേഹം തന്‍റെ ഒദ്യോഗിക കാര്യങ്ങള്‍ക്കായി പോയി. ഞങ്ങളെ ആദ്യമായി കാണുന്ന ആ മനുഷ്യന്‍റെ മനസ്സിന്‍റെ വലിപ്പത്തെ ബഹുമാനിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയി കുറച്ചു നേരം വിശ്രമിച്ചു.മധ്യാഹ്നമായപ്പോള്‍ രാവിലെ പോയ അതേ ബാലാജി ഹോട്ടലില്‍ പോയി ഉച്ച ഭക്ഷണവും കഴിച്ചു വന്ന് പരിസരമൊക്കെ ഒന്ന് വീക്ഷിച്ച് സമയമായപ്പോള്‍ ഇറങ്ങി വീട് പൂട്ടി,സാറിനെ ഓഫീസില്‍ ചെന്ന് കണ്ട് താക്കോല്‍ ഏല്‍പ്പിച്ചു നന്ദി പറഞ്ഞു യാത്ര തുടര്‍ന്നു.
ട്രിച്ചിയില്‍ നിന്ന് ഏകദേശം ഏകദേശം ഒന്നേകാല്‍ മണിക്കൂറോളം യാത്ര ചെയ്‌താല്‍ അറുപത് കി മീ അകലെയുള്ള തഞ്ചാവൂരെത്താം. സംഗീതത്തിന്‍റെ ഈറ്റില്ലമായ തഞ്ചാവൂരിലെ  ബറുഹദീശ്വര ക്ഷേത്രത്തെപ്പറ്റി പലരും പറഞ്ഞ് ധാരാളം കാര്യങ്ങള്‍ കേട്ടിട്ടുണ്ട്, അപ്പോഴൊക്കെ വിചാരിച്ചിട്ടുണ്ട് അവിടം ഒന്ന് കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്.ഓരോ മണല്‍ത്തരിയിലും സംഗീതം നിറഞ്ഞ  തഞ്ചാവൂരിലെ ക്ഷേത്ര സൗന്ദര്യം മനസ്സില്‍ ഓര്‍ത്തിരുന്ന്‍ സമയം പോയതറിഞ്ഞില്ല.നാലുമണിയോടെ പുണ്യ പുരാതനമായ ബറുഹദീശ്വര ക്ഷേത്രത്തിന്‍റെ മുന്നില്‍ ഞങ്ങള്‍ എത്തി. കാവി നിറം കലര്‍ന്ന ശിലകള്‍ കൊണ്ട് നിര്‍മ്മിച്ച മഹത്തായ ആ ക്ഷേത്രം സായാഹ്ന സൂര്യന്‍റെ കിരണങ്ങളേറ്റ് തലയെടുത്ത് നിലക്കുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്.വലിയ പട്ടണത്തിന്‍റെ തിരക്കുകളൊന്നുമില്ലാത്ത ക്ഷേത്ര പരിസരത്ത് വാഹനം പാര്‍ക്ക് ചെയ്തിട്ട്,വിസ്താരമേറിയ നാലമ്പലത്തി- നുള്ളിലേക്ക് നടന്നു.കടും നിറങ്ങളുള്ള സാരിയണിഞ്ഞ്,മൂക്കുകുത്തിയിട്ട പൂക്കാരി സ്ത്രീകള്‍ മുല്ലപ്പൂവും, പവിഴമല്ലിയും അടുക്കി കെട്ടി മാലയാക്കി വില്‍ക്കുന്നതിനായി ക്ഷേത്രവാതില്‍ക്കല്‍ നിരന്നു നില്‍പ്പുണ്ടായിരുന്നു.മുന്നോട്ട് നടന്ന് അകത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കണ്ടത് അസാമാന്യ വലിപ്പമുള്ള ശിവ വാഹനമായ നന്ദികേശ്വരനെയാണ്.ഒറ്റക്കല്ലില്‍ തീര്‍ത്ത ആ കറുത്ത ശില്‍പ്പം തന്‍റെ സ്വാമിയ്ക്ക് അഭിമുഖമായി ഗംഭീരമായി അങ്ങനെ കിടക്കുകയാണ്.വലിയ മണികളും,മാലകളും അണിഞ്ഞിരുന്ന ഋഷഭ വാഹനത്തെ വണങ്ങിയിട്ട് പ്രധാന ശ്രീകോവിലിനു പുറത്ത് ഒരു പ്രദക്ഷിണം നടത്തി വരാന്‍ ഞങ്ങള്‍ തീരുമാനിച്ചു .നാലമ്പല മതിലിനോട് ചേര്‍ന്ന് ഉള്ളില്‍  ചെറിയ വീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഒരു വരാന്ത,ക്ഷേത്രത്തിന്‍റെ ഇടതു വശം മുതല്‍ പിന്‍ഭാഗത്ത്‌ കൂടി വലതു വശം വരെ നീണ്ടു കിടപ്പുണ്ടായിരുന്നു. അവിടെ നിശ്ചിത അകലത്തില്‍ പല വലിപ്പത്തിലും പല ആകൃതിയിലും ഉള്ള അനേകമനേകം ശിവലിംഗങ്ങള്‍ നിര നിരയായി വച്ചിരിക്കുന്നത് കണ്ട് ഞങ്ങള്‍ അത്ഭുത പരതന്ത്രരായിപ്പോയി.ഇത്രയധികം ശിവ ലിംഗങ്ങള്‍ പ്രതിഷ്ടിച്ചിരിക്കുന്നതിന്‍റെ പ്രസക്തി എന്താണെന്ന് ഞങ്ങള്‍ക്ക് അറിയണമെന്നുണ്ടായിരുന്നെങ്കിലും,ഈ ക്ഷേത്രത്തില്‍ ദര്‍ശന സഹായിയെ ഏര്‍പ്പാടാക്കിയിട്ടില്ലാതിരുന്നതിനാല്‍ എന്തോ കാര്യമുണ്ടാകും എന്ന് സമാധാനിച്ച്  പ്രദിക്ഷണം പൂര്‍ത്തിയാക്കി അകത്തെ പ്രധാന ശ്രീകോവിലിനടുത്തേക്ക് നടന്നു.അവിടെ ചെന്നപ്പോള്‍ ഞങ്ങളുടെ അത്ഭുതം ദ്വിഗുണീഭവിച്ചു എന്ന് പറഞ്ഞാല്‍ കഴിഞ്ഞു.അസാമാന്യ വലിപ്പത്തിലുള്ള ഒരു ശിവലംഗം,വളരെ ഉയരത്തില്‍ അതായത് ഏതാണ്ട് മൂന്നാള്‍ പൊക്കത്തില്‍ പ്രതിഷ്ടിച്ചിരിക്കുന്നു.അതിന്‍റെ ഒരു വശത്തു സ്ഥാപിച്ചിട്ടുള്ള  ഗോവേണിയില്‍ കയറി നിന്ന് കൊണ്ടാണ് ബറുഹദീശ്വര സങ്കല്‍പ്പമായ ആ ശിവലിംഗത്തില്‍ പൂജാരി അഭിഷേകം കഴിക്കുന്നത്.അപ്പോള്‍ ആ പ്രതിഷ്ഠയുടെ ഗാംഭീര്യവും വലിപ്പവും വായിക്കുന്നവര്‍ക്ക്  ഊഹിക്കാന്‍ കഴിയുമല്ലോ!
  
തഞ്ചാവൂര്‍ ക്ഷേത്രം       
             പ്രദിക്ഷണ വഴി
നന്ദികേശ്വര പ്രതിഷ്ഠ


ഭരതമുനിയുടെ നാട്യ ശാസ്ത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്ന നൂറ്റി എട്ടു കരണങ്ങളിലെ എണ്‍പത്തി ഒന്നെണ്ണം,പതിനൊന്നാം നൂറ്റാണ്ടില്‍ രാജരാജചോളനാല്‍ നിര്‍മ്മിതമായ ഈ ക്ഷേത്രത്തിന്‍റെ ചുവരുകളില്‍, നര്‍ത്തകീ ശില്‍പ്പങ്ങളായി കൊത്തിവച്ചിരിക്കുന്നത് കാണാം.കൂടാതെ ഗണപതി,നന്ദികേശ്വരന്‍,പാര്‍വതിദേവി,കാര്‍ത്തികേയന്‍,ശിവസ്വരൂപമായ സഭാപതി,ചന്ദേശ്വരന്‍,വരാഹി ഇത്രയും സന്നിധികള്‍ കൂടി അവിടെ കാണാന്‍ കഴിഞ്ഞു.പ്രധാന പ്രതിഷ്ഠയായ ശിവലിംഗത്തിന് ക്ഷേത്ര കവാടത്തെക്കാള്‍ വലിപ്പം ഉള്ളത് കൊണ്ട് ആദ്യം പ്രതിഷ്ഠ നടത്തിയിട്ട്, പിന്നീടാണ് ബാക്കി പണിഞ്ഞെടുത്തതെന്നു അനുമാനിക്കുന്നതില്‍ തെറ്റില്ല  എന്നു തോന്നുന്നു.അപ്പോള്‍ പ്രധാന ഗോപുരത്തിന് മുകളിലുള്ള എണ്‍പത് ടണ്ണോളം ഭാരമുള്ള  ഒറ്റ ശിലാഖണ്ഡം അതിനു മുകളില്‍ എങ്ങിനെ സ്ഥാപിച്ചു എന്നത് ഇന്നും ഗവേഷകരെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്.ശില്‍പ്പ ചാതുര്യം വഴിഞ്ഞൊഴുകുന്ന അതി ബറുഹത്തായ ആ ക്ഷേത്രം അസ്തമന സൂര്യ കിരണങ്ങളേറ്റ് പൊന്നു പോലെ തിളങ്ങി നില്‍ക്കുന്ന നയന മനോഹരമായ കാഴ്ച കണ്ടു കൊണ്ട്  ഭക്തി നിര്‍ഭരമായ മനസ്സോടെ പുറത്തിറങ്ങി അടുത്ത ലക്ഷ്യമായ തിരുവയ്യാറിലേക്ക് യാത്ര  തിരിച്ചു.
കര്‍ണ്ണാടക സംഗീത ലോകത്തെ ത്രിമൂര്‍ത്തികളില്‍ ഒരാളായ സദ്ഗുരു ശ്രീ ത്യാഗരാജ സ്വാമികളുടെ സമാധി സ്ഥലമായ തിരുവയ്യാര്‍ എന്ന പുണ്യഭൂമിയിലേക്ക് ഒരിക്കലെങ്കിലും പോകുക എന്നത്, കര്‍ണ്ണാടക സംഗീതം അറിഞ്ഞ നാള്‍ മുതല്‍ മനസ്സില്‍ കൊണ്ടു നടന്ന ഒരു വലിയ ആഗ്രഹമായിരുന്നു.അത് യാഥാര്‍ത്ഥ്യമാകുവാന്‍ പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ മനസ്സ് ആനന്ദലഹരിയില്‍ ആറാടുകയാണ്. തഞ്ചാവൂരില്‍ നിന്ന് പതിമൂന്ന് കിലോമീറ്റര്‍ ദൂരമാണ് തിരുവയ്യാറിലേക്ക്.രാമഭക്തനായ സ്വാമിയുടെ പാദങ്ങള്‍ പതിഞ്ഞ പവിത്രമായ ആ സ്ഥലത്തേക്ക് അര മണിക്കൂര്‍ സമയം കൊണ്ട് എത്തുമ്പോഴേക്കും ആ മഹാനു ഭാവന്‍റെ പഞ്ചരത്ന കൃതികളുടെ അലയൊലികള്‍ എന്നിലാകെ നിറഞ്ഞുകഴിഞ്ഞിരുന്നു.വാഗ്ഗേയകാരനായ ത്യാഗരാജ സ്വാമികള്‍ ശിഷ്യരോടൊപ്പം പാടി നടന്നിരുന്ന നാട്ടില്‍ ഞാന്‍ എത്തിയിരിക്കുന്നു,ഇത് സത്യമോ സ്വപ്നമോ?! എനിക്ക് എന്നെത്തന്നെ വിശ്വസിക്കുവാന്‍ പ്രയാസം തോന്നി. ത്യാഗരാജ സമാധിക്കരികില്‍ കാര്‍ നിര്‍ത്തി,ഡോര്‍ തുറന്നു,പാദങ്ങള്‍ കാവേരിയുടെ പവിത്രമായ,സംഗീത സാന്ദ്രമായ ആ വെളുത്ത പൂഴി മണലിലേക്ക് സ്പര്‍ശിക്കും മുന്‍പ് ഭൂമിയെ ഒന്ന് തൊട്ടു വന്ദിച്ചു.ആ സ്പര്‍ശം,എനിക്കിന്നും മറക്കുവാന്‍ ആകുന്നില്ല,ഉടലാകെ കോരിത്തരിച്ചു പോയി,രാമഭക്തി എന്‍റെ സിരകളിലൂടെ ഒഴുകി ശരീരത്തിനാകെ സ്വര്‍ഗ്ഗീയമായ ഒരു ഉന്മേഷം നല്‍കിയതു പോലെ.ഓരോ മണ്‍ തരികളും,ഓരോ മരക്കൊമ്പുകളും, എന്തിന് ശ്വസിക്കുന്ന വായു പോലും’’എന്തരോ മഹാനു ഭാവുലു’’എന്നു  ജപിച്ചു കൊണ്ട് എന്നെ സംഗീത ബ്രഹ്മത്തില്‍ നിമഗ്നയാക്കി,ഈ കാവേരി പുളിനവുമായി ഒരു പൂര്‍വ്വജന്മ ബന്ധം ഉള്ളതു പോലെ പരിചിതമായി തോന്നി. തീര്‍ച്ചയായും ഈ മണ്ണില്‍ വരാന്‍ കഴിഞ്ഞത്  മുജ്ജന്മ സുകൃതം കൊണ്ട് തന്നെയാകണം,സംഗീതം പഠിക്കാനും, ആസ്വദിക്കാനും,അതിന്‍റെ മഹത്വം അറിയാനും,ഇങ്ങനെയുള്ള പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ ഭാഗ്യം ലഭിച്ചതും ഈശ്വരാനുഗ്രഹം ഒന്നു കൊണ്ട് മാത്രമാണെന്ന് ഞാന്‍  കരുതുന്നു.
            വരണ്ടുണങ്ങിയ കാവേരി നദി
            തിരുവയ്യാര്‍ ത്യാഗരാജ സമാധി

അരസ്സിലാറു,വെണ്ണാറു,വെട്ടാറു,കുടമുരുട്ടി ആറു,കാവേരി എന്നിങ്ങനെ അഞ്ച് ആറുകള്‍ ഒഴുകുന്നതു കൊണ്ടായിരിക്കാം തിരുവയ്യാര്‍ എന്ന് ഈ സ്ഥലത്തിന് പേരു വന്നത്.വറ്റി വരണ്ടുണങ്ങിയ കാവേരി തീരത്തുള്ള ചെറിയ സമാധി മണ്ഡപത്തിന്‍റെ കവാടത്തിന്‍റെ മുന്‍ വാതിലിന് മുകളിലായി പത്നീസമേതനായ ശ്രീരാമസ്വാമിയുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു.അതിനു താഴെ ‘’ശ്രീരാമ ജയം’’ എന്ന് ഇംഗ്ലീഷിലും തമിഴിലും എഴുതി വച്ചിരിക്കുന്നു.ഉള്ളിലേക്ക് പ്രവേശിച്ചാല്‍ ചെറിയ ഒരു ഹാള്‍ ആണ്.അവിടെ കുറെ ചിത്രങ്ങള്‍ കൂടാതെ, സമാധിമണ്ഡപത്തിന്‍റെ സ്ഥാപകരായ സംഗീതജ്ഞരുടെ പേരു വിവരങ്ങളും എഴുതി വച്ചിട്ടുണ്ട്.ചുവരുകള്‍ക്കപ്പുറം ഒരു അറയ്ക്കുള്ളില്‍ ത്യാഗയ്യയുടെ ഒരു ചെറിയ പ്രതിമയും അതിനടുത്തായി  ഒരു കത്തിച്ച വിളക്കും ചെറിയ വെളിച്ചത്തില്‍ കാണുവാന്‍ കഴിഞ്ഞു.കണ്ണുകളടച്ച്‌ പ്രാര്‍ത്ഥിച്ചതിനു ശേഷം പുറത്തേക്കിറങ്ങി.ഒച്ചയും ബഹളവും ഒന്നും ഇല്ലാത്ത ഒരു ഗ്രാമ പ്രദേശം,നല്ല കാറ്റ്,പഞ്ചസാര മണല്‍,വന്മരങ്ങള്‍ കുടപിടിച്ചു നില്‍ക്കുന്ന സുന്ദരമായ കാവേരീ തടം.വിശാലമായ മണല്‍പ്പരപ്പില്‍ കലപില കൂട്ടി കുട്ടികള്‍ കളിക്കുന്നതു കാണാം,സംഗീത കുലപതിയുടെ കാലുകള്‍ പതിഞ്ഞ ഈ തീരത്തിന്‍റെ മഹത്വം ആ കുഞ്ഞുങ്ങള്‍ക്ക് അറിയുമോ,ഇനി ഭാവിയില്‍ അവര്‍ അതറിയാന്‍ താത്പര്യം കാണിക്കുമോ ആവോ ?!എന്തെന്തു കഥകളായിരിക്കും ഈ സംഗീത സാന്ദ്രമായ പ്രകൃതി ഉള്ളില്‍ ഒളിപ്പിച്ചിരിക്കുന്നത്,എത്ര മഹത്തുക്കള്‍ ഈ വഴി നടന്നിരിക്കുന്നു,ഇനിയും നടക്കുവാനിരിക്കുന്നു...ഇതെല്ലം ഓര്‍ത്ത്‌ നില്‍ക്കെ, പരിചയമില്ലാത്ത വഴിയില്‍ കൂടി ചിദംബരത്തേക്ക് ഇനിയും വളരെ ദൂരം യാത്ര ചെയ്യേണ്ടതുണ്ടെന്നും പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ചേട്ടന്‍ എന്നെ ഓര്‍മ്മിപ്പിച്ചു .എല്ലാ വര്‍ഷവും ജനുവരി മാസത്തില്‍ എത്രയോ മഹാന്മാരും സംഗീത വിദ്യാര്‍ഥികളും പങ്കെടുക്കുന്ന ഈ പാവന സന്നിധിയില്‍ നടത്തപ്പെടുന്ന ത്യാഗരാജ സംഗീതോത്സവത്തില്‍ ഒരിക്കലെങ്കിലും പാടാന്‍ അവസരം ലഭിക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ട് നിറഞ്ഞ മനസ്സുമായി കാറില്‍ കയറി.സമാധി സ്ഥലത്തിന് അടുത്തു തന്നെയാണ് ത്യാഗരാജ സ്വാമിയുടെ ഇല്ലം (ഗൃഹം)എന്നും അവിടെ അദ്ദേഹത്തിന്‍റെ തംബുരു വച്ചിട്ടുണ്ടെന്നും നാട്ടിലുള്ള ഒരു സംഗീത പ്രിയന്‍ പറഞ്ഞു തന്നിരുന്നതനുസരിച്ച് ആ പുണ്യ ഗൃഹം കൂടി കാണുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു.സമാധി സ്ഥലത്തു നിന്നിറങ്ങി സ്വാമിയുടെ ഇല്ലത്തേക്ക് പോകുവാനുള്ള വഴി അന്വേഷിച്ചെങ്കിലും പരിസര വാസികളുടെ അജ്ഞത ഒന്ന് കൊണ്ട് മാത്രം അത് കാണുവാന്‍  സാധിച്ചില്ല.അറിയാവുന്ന തമിഴില്‍ “ത്യാഗയ്യ വാസല്‍” എങ്കെ എന്നൊക്കെ ചോദിച്ചെങ്കിലും ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് എല്ലാവരും “തെരിയാത് “എന്ന മറുപടിയാണ് പറഞ്ഞത്.അപ്പോഴേക്കും അസ്തമിച്ചു  തുടങ്ങിയ സൂര്യരശ്മികള്‍ക്ക് മേല്‍ ഇരുള്‍ തന്‍റെ ആധിപത്യം സ്ഥാപിക്കുവാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അടുത്ത ലക്ഷ്യമായ ചിദംബരത്തെക്കുള്ള അപരിചിതമായ പാത നൂറ്റിപ്പത്തു കിലോ മീറ്റര്‍ നീളത്തില്‍ കിടക്കുന്നതോര്‍ത്തപ്പോള്‍ ഈ ഉദ്യമം പിന്നൊരിക്കലേക്ക്  മാറ്റി വച്ച് യാത്ര തുടര്‍ന്നു.
N H 81 വഴി യാത്ര ചെയ്‌താല്‍ രണ്ടെമുക്കാല്‍ മണിക്കൂര്‍ കൊണ്ട്  അടുത്ത ലക്ഷ്യ സ്ഥാനമായ ചിദംബരത്തെത്താം.ഞങ്ങളുടെ സന്ദര്‍ശന നാളുകളില്‍ തമിഴ് നാട്ടില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന സമയം ആയിരുന്നതു  കൊണ്ട് അങ്ങിങ്ങ് പോലീസ് തമ്പടിച്ചു നിന്ന്, വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ടായിരുന്നു.ഞങ്ങളുടെ വാഹനവും തടഞ്ഞുനിര്‍‍ത്തി ഡിക്കിയും കാറിനകവും,ബാഗുകള്‍ പോലും പരിശോധിച്ച അവര്‍ എവിടെ പോകുന്നു,എന്തിനു പോകുന്നു,എന്നുള്ള കുറേ ചോദ്യങ്ങള്‍ ഒക്കെ ചോദിച്ച് തൃപ്തിയടഞ്ഞതിനു ശേഷം പോകാന്‍ അനുവദിച്ചു.ചോദ്യോത്തര വേള കഴിഞ്ഞു കുറേക്കൂടി മുന്നോട്ടു നീങ്ങിക്കഴിഞ്ഞപ്പോള്‍ റോഡില്‍ നിര നിരയായി ലോറികള്‍ കിടക്കുന്നതു  കണ്ടെങ്കിലും കാര്യം എന്താണെന്ന് മനസ്സിലായില്ല. ആനൈക്കര എന്ന സ്ഥലമായിരുന്നു അത്.രണ്ടു നദികള്‍ക്ക് കുറുകെയുള്ള ഒരു പാലത്തിന്‍റെ പണി നടക്കുന്നത് കൊണ്ട് അവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു അതാണ്‌ ഈ കുരുക്കിന്‍റെ കാരണം എന്ന് താമസ്സിയാതെ തന്നെ മനസ്സിലായി. പിന്നീട് വലിയ വാഹനങ്ങള്‍ മാറ്റിയിട്ട് ചെറിയ കാറുകളും മറ്റും കടത്തി വിട്ടതോടെ ഞങ്ങള്‍ക്കും മുന്നോട്ടു പോകുവാനായി.കുറെ ദൂരം ചെന്നപ്പോള്‍ റോഡ്‌ പെട്ടെന്ന് തീരെ  ഇടുങ്ങിയതായി,അവിടെ കിടന്നിരുന്ന വാഹനങ്ങള്‍ക്ക് പിറകിലായി ഞങ്ങളും ഞെരുങ്ങി ഞെരുങ്ങി നീങ്ങി.കഷ്ടിച്ചു ഒരു കാറ് പോകാന്‍ വേണ്ട വഴി മാത്രമേയുള്ളൂ.ഇരുട്ടിന് കനം കൂടിത്തുടങ്ങിയിരുന്നു.അങ്ങനെ ഏതാണ്ട് മൂന്നര കിലോമീറ്റര്‍ പോയിക്കഴിഞ്ഞപ്പോള്‍ മാത്രമാണ് മനസ്സിലായത്‌  ഇത്ര നേരം ഞങ്ങള്‍ സഞ്ചരിച്ചത് താത്കാലിക പാതയില്‍ക്കൂടി ആയിരുന്നെന്നും,വയര്‍ലെസ്സ് സെറ്റ് വച്ച് ഗതാഗതം നിയന്ത്രിച്ചു വിടുകയുമായിരുന്നുവെന്നും,ഭാഗ്യം കൊണ്ടാണ് ഇത്ര പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞതെന്നും.ഇങ്ങനെ വളരെ വിജനമായ വഴിയില്‍ കൂടി അര മണിക്കൂറോളം സഞ്ചരിച്ചു കഴിഞ്ഞപ്പോഴേക്കും വഴി തെറ്റിയതു പോലെ സംശയം തോന്നി,കട്ട പിടിച്ച ഇരുട്ട്,ഒരു മനുഷ്യ ജീവി പോലും ഇല്ല ഒന്നു ചോദിക്കുവാന്‍.പക്ഷെ മുന്‍കരുതലായി യാത്ര ചെയ്യേണ്ട റൂട്ട് ഒരു പേപ്പറില്‍ വരച്ചു കയ്യില്‍ കരുതിയിരുന്നത് കൊണ്ട് കുറച്ചു ദൂരം മുന്നോട്ടു പോയിട്ട് അടുത്തുണ്ടായിരുന്ന ഒരു പെട്രോള്‍ പമ്പില്‍ കയറി സംശയം നിവാരണം നടത്തി .അവിടയുണ്ടായിരുന്ന ജീവനക്കാര്‍ തൊട്ടടുത്തുള്ള ഒരു ലൈറ്റ് ചൂണ്ടിക്കാട്ടി അതിലെ വലത്തോട്ടുള്ള വഴി പോകുവാന്‍ നിര്‍ദ്ദേശിച്ചു,അങ്ങനെ ചെയ്തിരുന്നില്ലായിരുന്നെങ്കില്‍ രാത്രി നേരം എവിടെയൊക്കെ ചെന്ന് പെടുമായിരുന്നോ എന്തോ ?!. ചൂണ്ടിക്കാട്ടിത്തന്ന വഴിയിലൂടെ ചെന്നെത്തിയത് കാട്ടുമന്നാര്‍ കോവില്‍ എന്ന ഇടുങ്ങിയ പാതകളുള്ള അപരിഷ്കൃതമായ ഒരു കുഗ്രാമത്തിലേ ക്കാണ്.പേര് അന്വര്‍ത്ഥമാക്കുന്നതു പോലെ ആ സ്ഥലം ഒരു കാട് പോലെയും അവിടെ ഉണ്ടായിരുന്നവര്‍ കാട്ടു മനുഷ്യരെപ്പോലെയും ഞങ്ങള്‍ക്ക് തോന്നി.അവിടവിടെ ചെറിയ കടകളും ചെറിയ ആള്‍ക്കൂട്ടവും കണ്ടെങ്കിലും ആവഴി കടന്നു പോകുമ്പോള്‍ ഡ്രൈവര്‍ക്ക് പേടി വല്ലാതെ  കൂടിയിട്ട് അയാളുടെ കൈകള്‍ വിറയ്ക്കുന്നതു പോലെ തോന്നി, ഞങ്ങള്‍ക്കും നല്ല ഭയം ഉണ്ട്,എങ്ങനെയെങ്കിലും ഒന്ന് എത്തിക്കിട്ടിയാല്‍ മതി എന്നായി ചിന്ത.അങ്ങനെ ഭയാശങ്കകള്‍ക്കൊടുവില്‍ ഏതാണ്ട് എഴേമുക്കാല്‍ മണിയോടെ ചിദംബരത്ത്, താമസത്തിനായി ഏര്‍പ്പാടാക്കിയിരുന്ന ഹോട്ടലിലെത്തി.വലിയ സമാധാനം തോന്നി. റിസപ്ഷനില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിന് വേണ്ടി നില്‍ക്കുമ്പോള്‍ നെറ്റിയിലും കൈകളിലും ഭസ്മക്കുറിയിട്ട സുമുഖനായ ഒരു ചെറുപ്പക്കാരന്‍ ഞങ്ങളെ സമീപിച്ചു കൊണ്ട് സ്വയം പരിചയപ്പെടുത്തി. ചിദംബരം ക്ഷേത്ര ദര്‍ശനത്തിന് വഴികാട്ടിയായി  സുഹൃത്ത്‌ വിളിച്ചു പറഞ്ഞിരുന്ന നടരാജന്‍ എന്ന അണ്ണാമലൈ കോളേജിലെ പ്രോഫസ്സര്‍ ആയിരുന്നു അദ്ദേഹം.പരിചയപ്പെടല്‍ കഴിഞ്ഞ് കൌണ്ടറില്‍ നിന്ന് ലഭിച്ച താക്കോലുമായി ഞങ്ങള്‍ മുറിയിലേക്ക് പോയി.സാധന സാമഗ്രികള്‍ മുറിയില്‍ വച്ച് ഒന്ന് ഫ്രഷ് ആയി വന്ന ഞങ്ങളെ വിനയം തുളുമ്പുന്ന പ്രസന്നമായ  മുഖ ഭാവത്തോടെ ശ്രീ നടരാജന്‍ ക്ഷേത്രത്തിലേക്ക് കൂട്ടി ക്കൊണ്ടു പോയി.പഞ്ച ഭൂതങ്ങളില്‍ ആകാശത്തെ പ്രതിനിധാനം  ചെയ്യുന്ന പുണ്യ പുരാതനമായ ചിദംബരം ക്ഷേത്രത്തിലെ കാഴ്ച്ചകള്‍ വിശദീകരിച്ചു തരുന്നതിന് സര്‍വദാ യോഗ്യനായ ശ്രീ നടരാജന്‍ ക്ഷേത്രാചാരങ്ങളെപ്പറ്റി വളരെ വാചാലമായി സംസാരിച്ചു കൊണ്ടാണ് നടന്നത്.
പഞ്ചഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം, ഇവയെ പ്രതിനിധീകരിച്ചു അഞ്ചു ക്ഷേത്രങ്ങളാണ് നിര്‍മ്മിച്ചിട്ടുള്ളത്.ഇവ ഏതൊക്കെയാണെന്നും എവിടെ സ്ഥിതി ചെയ്യുന്നു  എന്ന് പറയുന്നതിന് മുന്‍പായി പഞ്ചഭൂതങ്ങളുടെ ഓരോന്നിന്‍റെയും ഗുണങ്ങള്‍ അറിയുന്നത് നന്നായിരിക്കും.ഭൂമിയുടെ ഗുണം ഗന്ധം,ജലത്തിന്- രസം, വായുവിന്  - സ്പര്‍ശം, അഗ്നിയ്ക്ക് –രൂപം, ഏകവും നിത്യവുമായ ആകാശത്തിന്-ശബ്ദം എന്നിങ്ങനെ.കാഞ്ചീപുരത്തെ ഏകാംബരേശ്വര ക്ഷേത്രമാണ് ഭൂമിയെ പ്രതിനിധാനം ചെയ്യുന്നതെങ്കില്‍, ട്രിച്ചിയിലെ തിരുവാനൈക്കാവല്‍ ക്ഷേത്രം  ജലത്തെയും,തിരുവണ്ണാമല അരുണാചലേശ്വരര്‍ ക്ഷേത്രം അഗ്നിയെയും, ആന്ധ്ര പ്രദേശിലെ കാളഹസ്തി ക്ഷേത്രം വായുവിനെയും പ്രതിനിധാനം ചെയ്യുന്നു.ഇതില്‍ ശബ്ദവുമായി ബന്ധപ്പെട്ട ആകാശത്തെ പ്രതിനിധീകരിക്കുന്ന ക്ഷേത്രമാണ് ചിദംബരത്തെ (ചിത്+അംബരം) തില്ലൈ നടരാജ ക്ഷേത്രം.പുണ്യപുരാതനമായ ചിദംബരം ക്ഷേത്രത്തിന്‍റെ ചെറിയ ഗോപുരം കടന്ന് കൊത്തുപണികളാല്‍ മനോഹരമാക്കിയ ഇട നാഴികളിലൂടെ നടന്ന് നടരാജ സന്നിധിയിലെത്തിയ ഞങ്ങളെ ചിദംബരനാഥന്‍റെ മുന്നിലുള്ള ഉയര്‍ന്ന മണ്ഡപത്തിലേക്കാണ് വഴികാട്ടിയായ നടരാജന്‍ സര്‍ കൊണ്ടു പോയത്.അവിടെ ആകാശ രൂപത്തില്‍ ആരാധിക്കപ്പെടുന്ന ദേവ ദേവനായ പരമശിവനെ പൂജിച്ചു മന്ത്രം ജപിച്ചു കൊണ്ട് ഒരു പുരോഹിതന്‍ നില്‍ക്കുന്നുണ്ടായിരുന്നു. പൂജകള്‍ കണ്ട് മഹേശ്വരനെ വണങ്ങി നില്‍ക്കുമ്പോള്‍ വിഗ്രഹത്തിനു പിറകില്‍ ഒരു തിരശ്ശീല കണ്ടുവെങ്കിലും അതിന്‍റെ പ്രസക്തി എന്തെന്ന് ഞങ്ങള്‍ക്ക് തീരെ മനസ്സിലായിരുന്നില്ല.നടരാജന്‍ സര്‍ ഉള്ളിലേയ്ക്ക് നോക്കി കൈകള്‍ കൂപ്പി ഭക്തി പാരവശ്യത്തില്‍ നില്‍ക്കുകയാണ്,പിന്നീട് സംശയ നിവാരണം നടത്താം എന്ന് കരുതി തൊഴുതു നില്‍ക്കെ,ഒരു നിമിഷം പൂജാരി ആ തിരശ്ശീല ഒരു വശത്തേക്ക് മാറ്റി.അവിടെ മഹാദേവ വിഗ്രഹത്തിനു പിറകിലായി സ്വര്‍ണ്ണ നിറത്തില്‍ ആലേഖനം ചെയ്യപ്പെട്ട കൂവളത്തിന്‍റെ ഇലകളുടെ ഒരു ശൃംഖല തന്നെ കാണപ്പെട്ടു.ശ്രീ പരമേശ്വരനൊപ്പം,ജഗത് മാതാവും ശക്തി സ്വരൂപിണിയുമായ പാര്‍വതിദേവി അവിടെ ഉണ്ടെന്നുള്ള ഒരു രഹസ്യമാണ് ഈ കൂവള ശൃംഖലയിലൂടെ വിവക്ഷിക്കപ്പെടുന്നതെന്നും, ഇതിനെയാണ്  ചിദംബര രഹസ്യമെന്ന് പറയുന്നതെന്നും,ദര്‍ശനം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ശ്രീ നടരാജന്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കി തന്നു.

ചിദംബരം ക്ഷേത്രം

          ചിദംബരം ക്ഷേത്രം- സൂര്യോദയ സമയം 

ശ്രീകോവിലിനു പ്രദക്ഷിണം വയ്ക്കുമ്പോള്‍ ശ്രീ നടരാജന്‍, ക്ഷേത്രത്തിന്‍റെ നിര്‍മ്മിതിയേയും മനുഷ്യ ശരീരവുമായി ബന്ധിപ്പിക്കുന്ന ഒരു ശാസ്ത്ര തത്വം വിശദീകരിച്ചപ്പോള്‍ ഞങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അതിശയിച്ചു പോയി.അതെങ്ങനെയെന്നാല്‍ ശ്രീകോവിലിന്‍റെ മുകള്‍ വശം പൊതിഞ്ഞിരിക്കുന്നത്‌ 72000 സ്വര്‍ണ്ണ ആണികള്‍ കൊണ്ട് ഉറപ്പിച്ച, പഞ്ചാക്ഷരി മന്ത്രം ആലേഖനം ചെയ്ത 21600 സ്വര്‍ണ്ണതകിടുകള്‍ കൊണ്ടാണത്രേ.യോഗ ശാസ്ത്ര പ്രകാരം ഒരു മനുഷ്യന്‍ ഒരു ദിവസം എടുക്കുന്ന ശ്വാസത്തിന്‍റെ എണ്ണം 21600 ഉം അവന്‍റെ പ്രാണന്‍ വിന്യസിച്ചിരിക്കുന്നത് 72000 നാഡികളിലും ആണ്.ഈ തത്വമാണ് ശ്രീകോവില്‍ നിര്‍മ്മിതിയില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത് എന്നറിയുമ്പോള്‍ എത്ര മഹത്തരമാണ് നമ്മുടെ പൂര്‍വ്വികരുടെ അറിവ് എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്.
ചോള രാജ വംശത്തിന്‍റെ തലസ്ഥാനമായിരുന്നു ഒരു കാലത്ത് ചിദംബരം.നാല്‍പ്പത് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഈ മഹാക്ഷേത്രം പത്താം നൂറ്റാണ്ടിലാണ് നിര്‍മ്മിക്കപ്പെട്ടതെന്ന് ചരിത്രം പറയുന്നു.നാലു വശങ്ങളിലുമായി ഒന്‍പത് ഗോപുരങ്ങളും,ആയിരം കാല്‍ മണ്ഡപം,ദേവി ക്ഷേത്രം,ശിവ ക്ഷേത്രം,വിഷ്ണു പ്രതിഷ്ഠ,ശിവ സഭ, കനക സഭ,തുടങ്ങി ധാരാളം ഉപദേവ സന്നിധികളും ഉള്‍പ്പെട്ട ക്ഷേത്ര സമുച്ചയം സമയം എടുത്ത് കാണേണ്ടതാണ്.കാഴ്ച്ചകള്‍ ഇത്രയുമായപ്പോഴേയ്ക്കും ക്ഷേത്രം അടയ്ക്കുന്നതിനുള്ള സമയം ആയതു കൊണ്ട് ബാക്കി കാര്യങ്ങള്‍ പിറ്റേ ദിവസം അതി രാവിലെ വന്നു പറഞ്ഞു തരാമെന്നേറ്റ് വളരെ ദൂരെ താമസിക്കുന്ന വിനയാന്വിതനായ ആ ചെറുപ്പക്കാരന്‍ മടങ്ങിപ്പോയി.  
പിറ്റേദിവസം പ്രഭാതത്തില്‍  പറഞ്ഞ സമയത്ത് തന്നെ ക്ഷേത്രനടയിലെത്തിയ ഞങ്ങള്‍ക്ക് കാത്തു നില്‍ക്കേണ്ടി വന്നില്ല കുളിജപാദികള്‍ കഴിഞ്ഞ് ഭസ്മക്കുറികളണിഞ്ഞ് ശുഭ്ര വസ്ത്ര ധാരിയായി നടരാജന്‍ സാര്‍ വിശദീകരണത്തിന് തയ്യാറായി വന്നു കഴിഞ്ഞിരുന്നു. ചിദംബരം ക്ഷേത്രം ഏതാണ്ട് നാനൂറോളം ബ്രാഹ്മണ കുടുംബങ്ങളുടെ അവകാശത്തിലും അധീനതയിലുമാണ് ഇപ്പോഴും നില നില്‍ക്കുന്നതെന്നും, ആ കുടുംബങ്ങളില്‍ പെട്ട ഒരാള്‍ തന്നെയാണ് ഞങ്ങളുടെ വഴികാട്ടിയായ നടരാജന്‍ എന്നും അദ്ദേഹത്തില്‍ നിന്നു തന്നെ അറിയാന്‍ കഴിഞ്ഞു. കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ കിഴക്കേ നടയില്‍ നിന്ന് കുറച്ചു നെയ്യ് കൂടി വാങ്ങിക്കൊണ്ടാണ് ഇന്ന് അദ്ദേഹം ഞങ്ങളെയും കൂട്ടി അകത്തേക്ക് പോയത്. ദക്ഷിണ ദിക്കിലേക്ക് ദര്‍ശനമായി പ്രതിഷ്ടിച്ചിരിക്കുന്ന പ്രധാന ദേവനായ ചിദംബര നാഥനെ ഒന്നു കൂടി കണ്ടു വണങ്ങിയശേഷം മുന്നോട്ടു നടന്നു.പല സന്നിധികളിലും ഭക്തിയോടെ വണങ്ങിയും,കാര്യങ്ങള്‍ വിശദീകരിച്ചും,ഊര്‍ജ്ജസ്വലനായ ആ കോളേജ് അദ്ധ്യാപകന്‍ ഞങ്ങളെ ദര്‍ശനത്തിന് സഹായിച്ചു .പക്ഷെ കയ്യില്‍ കരുതിയിരുന്ന നെയ്യ് ഒരു സന്നിധിയിലും കൊടുക്കാതെ എവിടേയ്ക്കാണ് കൊണ്ട് പോകുന്നതെന്ന് ഞങ്ങള്‍ക്ക് സംശയമായി,ഇനി കൊടുക്കാന്‍ മറന്നു പോയതാണോ,അതാണ്‌ സംശയം.ഏതായാലും നടന്നു നടന്ന് ഉയര്‍ന്ന ഒരു മണ്ഡപത്തിലേക്കാണ് കയറിച്ചെന്നത്,ആ സ്ഥലം ‘ഊര്‍ജ്ജ നടന മണ്ഡപം’എന്നാണ് അറിയപ്പെടുന്നത്.അവിടെ ഉണ്ടായിരുന്ന ഒരു നടരാജ വിഗ്രഹത്തിനോട് ചേര്‍ന്നുള്ള ഒരു വാതില്‍ തുറന്ന് ചുമരില്‍ കൊത്തി വച്ചിട്ടുള്ള ശില്‍പ്പത്തിനരികില്‍ കൊളുത്തി വച്ചിട്ടുള്ള വിളക്കിലേക്ക് കയ്യിലുള്ള നെയ്യ് അദ്ദേഹം പകര്‍ന്നു.ഇവിടെ കുടികൊള്ളുന്നത് ശരഭേശ്വരന്‍ ആണെന്നും,ഈ സന്നിധിയില്‍ നെയ്‌ ഒഴിച്ച് വിളക്ക് കത്തിക്കുന്നത് ശ്രേഷ്ഠമാണെന്നും,അദ്ദേഹം സ്ഥിരമായി അങ്ങനെ ചെയ്യാറുണ്ടെന്നും ഞങ്ങളോട് പറഞ്ഞു.ദീപ ജ്വലനത്തിന് ശേഷം അവിടെ നിന്നിറങ്ങി ഊര്‍ജ്ജ നടന മണ്ഡപത്തില്‍ കുറച്ചു നേരം ചിലവഴിച്ചു. കൊത്തുപണികളോടു കൂടിയ അമ്പതു കൂടിയ തൂണുകള്‍  ഉള്ള ഈ മണ്ഡപത്തിനെപ്പറ്റിയുള്ള രസകരമായ ഐതീഹ്യം അദ്ദേഹം വിശദീകരിച്ചു തന്നു. ഒരിക്കല്‍ പരമശിവനും മകളായ കാളീ ദേവിയും കൂടി അടി ഗംഭീരമായ ഒരു നൃത്ത മത്സരത്തില്‍ ഏര്‍പ്പെടുകയും, മത്സരാന്ത്യത്തില്‍ ഉര്‍ദ്ധവ താണ്ഡവ നില (കാല്‍ നേരെ മുകളിലേക്ക് വളയാതെ ഉയര്‍ത്തി പിടിച്ചു കൊണ്ടുള്ള നില) സ്വീകരിച്ച് മഹാദേവന്‍  വിജയിക്കുകയും ചെയ്തു.വേണമെങ്കില്‍ ദേവിയ്ക്ക് അപ്രകാരം ചെയ്യുവാന്‍ ആകുമായിരുന്നെങ്കിലും ഒരു സ്ത്രീ ആയതു കൊണ്ട് അങ്ങിനെ ഒരു നില എടുക്കാതെ മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അങ്ങനെ വളരെ നേരം,വളരെയധികം  ഊര്‍ജ്ജത്തോടെ നൃത്തം നടന്നതിനാല്‍ ഈ മണ്ഡപം ‘ഊര്‍ജ്ജനടന മണ്ഡപം’ എന്നു നാമകരണം ചെയ്യപ്പെട്ടു എന്നാണ് ഐതീഹ്യം.അവിടെ നിന്നും ഇറങ്ങി ക്ഷേത്രത്തിലെ മറ്റുള്ള ഉപദേവതകളുടെ സന്നിധികളെ പറ്റിയും,പ്രധാന തീര്‍ത്ഥമായ ശിവഗംഗയുള്‍പ്പെട്ട ക്ഷേത്രത്തിനു ചുറ്റുമുള്ള അനേകം തീര്‍ത്ഥങ്ങളെ പറ്റിയും വിശദമായിത്തന്നെ ആ ചെറുപ്പക്കാരന്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. അങ്ങനെ രണ്ടു ദിവസമായി നാലര മണിക്കൂറോളം ക്ഷേത്രകഥകള്‍ കേട്ട ഞങ്ങള്‍ ഒന്‍പതു മണിയായപ്പോഴേക്കും തികഞ്ഞ സംതൃപ്തിയോടെ പുറത്തു വന്നു.വളരെ സമയം എടുത്തു കാണേണ്ട മഹാക്ഷേത്രങ്ങളാണ് ഇതൊക്കെയെന്നും, അതിനു വേണ്ട സഹായങ്ങള്‍ ചെയ്തു തരാന്‍ എപ്പോഴും ഒരുക്കമാണെന്നും അദ്ദേഹം ഞങ്ങളെ അറിയിച്ചു.റയില്‍ മാര്‍ഗ്ഗം ഈ ക്ഷേത്രത്തില്‍ എത്താന്‍ വില്ലുപുരം എന്ന സ്റ്റേഷനിലാണ്  ഇറങ്ങേണ്ടതെന്നും,ക്ഷേത്ര നഗരിയായ കുംഭകോണം കൂടി കാണുവാന്‍ തയ്യാറെടുത്തു വന്നാല്‍,അതിനു വേണ്ടി അവധിയെടുത്ത് കൂടെ വരാന്‍ അദ്ദേഹം ഒരുക്കമാണെന്നും കൂടി പറഞ്ഞിട്ടാണ് ആ നല്ല മനുഷ്യന്‍ മടങ്ങിയത്.
.  ലോകത്തിന്‍റെ ഓരോ കോണുകളില്‍ എന്തെല്ലാം കാര്യങ്ങളാണ് നമ്മള്‍ കാണാതെയും അറിയാതെയും ഉള്ളത്,നന്മയുടെ വറ്റാത്ത സ്രോതസ്സുകളായ എത്രയോ മനുഷ്യരാണ് ഇപ്പോഴും നമുക്കു ചുറ്റും ഉള്ളത് ,ഇതൊക്കെ ആലോചിച്ചു കൊണ്ടും ,പറഞ്ഞുകൊണ്ടും ഞങ്ങള്‍ പ്രഭാത ഭക്ഷണം കഴിച്ച് അടുത്ത യാത്രയ്ക്കു തയ്യാറെടുത്തു.
ഞങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനമായ തിരുവണ്ണാമല അരുണാചലേശ്വര്‍ ക്ഷേത്രത്തിലേക്ക് നൂറ്റി നാല്‍പ്പതു കിലോ മീറ്റര്‍ ദൂരമാണുള്ളത്.അഗ്നിയെ പ്രതിനിധാനം ചെയ്യുന്ന തിരുവണ്ണാമല ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളില്‍ മലമുകളില്‍ അഗ്നി ജ്വലിപ്പിക്കുന്നത് ടെലിവിഷനില്‍ കണ്ടിട്ടുണ്ട്.ഏതാണ്ട് മൂന്നു മണിക്കൂറില്‍ പരം സമയം യാത്ര ചെയ്ത് ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തിരുവണ്ണാമല എത്തിച്ചേര്‍ന്നു.  
മലനിരകളും സമതലങ്ങളും സമന്വയിക്കുന്ന ഒരു ഭൂപ്രകൃതിയാണ് തിരുവണ്ണാമലയിലേത്.പരമശിവന്‍റെ വാമഭാഗം അലങ്കരിക്കുന്നതിനായി ശ്രീ പാര്‍വതി തപസ്സു അനുഷ്ടിച്ചത് ഇവിടെയാണെന്ന് പറയപ്പെടുന്നു. കാഴ്ചകളിലേക്ക് നയിക്കുന്നതിനായി പറഞ്ഞേല്‍പ്പിച്ചിരുന്ന സുബ്ബറാവു എന്നയാള്‍,ഞങ്ങള്‍ എത്തിക്കഴിഞ്ഞു അധികം താമസിയാതെ വന്നു ചേര്‍ന്നു.കുശല പ്രശ്നങ്ങള്‍ക്ക് ശേഷം,നല്ല വിശപ്പുണ്ടായിരുന്ന ഞങ്ങളെയും കൂട്ടി നേരെ രമണാശ്രമത്തിലേക്കാണ് പോയത്.അവിടെ സാധാരണയായി അന്നദാനം പതിവുണ്ടെങ്കിലും വൈകി ചെന്നതിനാല്‍ ഞങ്ങള്‍ക്ക് അത് ലഭിക്കാതെ പോയി.പിന്നീട് റാവു ഞങ്ങളെയും കൂട്ടി അടുത്തുള്ള ഒരു നല്ല ഹോട്ടലിലേക്കാണ് പോയത്.പ്രതീക്ഷിച്ചതിലും അധികം സ്വാദിഷ്ടവും,വിഭവ സമൃദ്ധവുമായ ഭക്ഷണം,അവിടെ നിന്നും വളരെ കുറഞ്ഞ നിരക്കില്‍ ലഭിച്ചു എന്നത് ഞങ്ങളെ തെല്ലൊന്ന് അത്ഭുതപ്പെടുത്താതിരുന്നില്ല.
വയര്‍ നിറയെ രുചികരമായ ഉച്ച ഭക്ഷണം കഴിച്ചതിന് ശേഷം ക്ഷേത്രത്തിന് സമീപത്തുള്ള ഒരു വലിയ മലയ്ക്ക് ചുറ്റും  നിര്‍മ്മിച്ചിട്ടുള്ള പാതയിലൂടെ ഒരു പ്രദക്ഷിണം വയ്ക്കുന്നതിനായിട്ടാണ് പോയത്.ഇങ്ങനെ പ്രദിക്ഷണം ചെയ്യുന്നതിനെ “ഗിരിവളവ്‌” എടുക്കുന്നു എന്നാണ് പറയുന്നത്.ഇപ്രകാരം ചെയ്യുമ്പോള്‍ അണ്ണാമലയാര്‍ ദേവനെ പ്രദക്ഷിണം ചെയ്യുന്നതിന് തുല്യമാണെന്ന് കരുതപ്പെടുന്നു.അണ്ണാ എന്ന തമിഴ് പദം ഏറ്റവും വലിയ സ്ഥാനമുള്ള ഒരാളെന്നും,മല എന്നാല്‍ ചലനം ഇല്ലാത്തതെന്നും, വിവക്ഷിക്കുമ്പോള്‍ ശിവനും പ്രകൃതിയും ഒന്നിച്ചു ചേര്‍ന്ന ഈ ഗിരിയെ പ്രദക്ഷിണം ചെയ്യുമ്പോള്‍ സാക്ഷാല്‍ ഈശ്വരനെ വലം വയ്ക്കുന്നു എന്നും സങ്കല്പം.പതിനാലു കിലോമീറ്റര്‍ നീളമുള്ള,മലയെ ചുറ്റി വളഞ്ഞു വരുന്ന ഈ പാതയില്‍ അങ്ങിങ്ങായി എട്ടു ശിവലിംഗങ്ങള്‍ പ്രതിഷ്ടിച്ചിട്ടുണ്ട്.ഈ അഷ്ടലിംഗങ്ങള്‍ അഷ്ട ദിക്കുകളായ ഇന്ദ്ര,അഗ്നി യമ,നിര്യതി,വരുണ,വായു, കുബേര എന്നീ കോണുകളിലേക്ക് ദര്‍ശനമായി ഇന്ദ്ര,അഗ്നി,യമ,നിര്യതി, വരുണ,വായു, കുബേര,ലിംഗങ്ങളായിട്ടാണ് സങ്കല്‍പ്പിച്ചിരിക്കുന്നത്.”ഓം അരുണാചലാ” എന്നു ജപിച്ചു കൊണ്ട്,നഗ്നപാദരായി,ഗിരിശൃംഗത്തില്‍ നോക്കി,നടന്നു  കൊണ്ടാണ് ഗിരിവളവ്‌ എടുക്കേണ്ടത് എന്നാണ് പറയപ്പെടുന്നത്‌, അതും പൌര്‍ണ്ണമി ദിവസമാണ് ഏറ്റവും ശ്രേഷ്ഠമെന്നു കരുതപ്പെടുന്നു. സമയക്കുറവും മധ്യാഹ്ന സൂര്യന്‍റെ ചൂടും കാരണം ഞങ്ങള്‍ കാറില്‍ തന്നെ ഗിരി വളവു പ്രദിക്ഷണം ചെയ്തു സമാധാനിച്ചു.പ്രദിക്ഷണ വഴിയില്‍,അഷ്ട ലിംഗ പ്രതിഷ്ഠകളില്‍ ഒന്നിനടുത്ത് ചെല്ലുമ്പോള്‍ ശോഷിച്ച് എല്ലും തോലുമായ ഒരു മനുഷ്യന്‍ ഒരു വടിയുമായി കിടക്കുന്നതു കണ്ടു.   സംസാര ബന്ധം വിട്ട ഒരു യോഗിവര്യന്‍ ആണ് അദ്ദേഹമെന്നും “കാക്കാ സ്വാമി” എന്നാണ് അദ്ദേഹം അറിയപ്പെടുന്നതെന്നും ആരും അടുത്തേക്ക് ചെല്ലാതിരിക്കാനാണ് വടി വച്ചിരിക്കുന്നതെന്നും റാവു പറഞ്ഞു തന്നു. ഇങ്ങനെ പ്രത്യേക സിദ്ധികളുള്ള പല യോഗികളും,യോഗിനികളും അവിടെയെല്ലാം  ധാരാളമായി ഉണ്ടെന്ന് പറയപ്പെടുന്നെങ്കിലും,താടിയും മുടിയും,ഭസ്മക്കുറികളുമായി കാണപ്പെടുന്ന എല്ലാവരും,അങ്ങനെ തന്നെ യാണോ എന്നൊരു സംശയവും നില നില്‍ക്കുന്നുണ്ട്.
               തിരുവണ്ണാമല ഗിരിവളവ്‌

അരുണാചലേശ്വര്‍ ക്ഷേത്രം തുറക്കാന്‍ ഇനിയും സമയം ബാക്കിയുണ്ടായിരുന്നതിനാല്‍,എളുപ്പ വഴിയില്‍,ഗിരിവളവു പൂര്‍ത്തിയാക്കിയ ഞങ്ങള്‍ നേരെ രമണ മഹര്‍ഷിയുടെ ആശ്രമത്തിലേക്കാണ് പോയത്. അവിടത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി.സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള പ്രഗത്ഭരായ ഡോക്ടര്‍മാര്‍ തുടങ്ങി പല ആളുകളും പ്രതിഫലേച്ഛ കൂടാതെ അവിടെ സേവനം അനുഷ്ടിക്കുന്നത് കണ്ടു.അന്നദാനം കൂടാതെ ഒട്ടനവധി നല്ല കാര്യങ്ങള്‍ അവിടെ ചെയ്തു വരുന്നതായി മുന്‍പ് തന്നെ അറിവുണ്ടായിരുന്ന ഞങ്ങളുടെ മകന്‍ കുറച്ചു തുക അവിടെ സംഭാവന നല്‍കാന്‍ ഏല്‍പ്പിച്ചിരുന്നത്‌ അവിടെ കൊടുത്തു.അതിനു ശേഷം ആശ്രമ വരാന്തകളില്‍ കൂടി നടന്നെത്തിയത്‌ ധ്യാനത്തിന് വേണ്ടിയുള്ള വലിയ ഒരു ഹാളിനടുത്തേക്കാണ്.അവിടെ കുറേപ്പേര്‍ നിശബ്ദരായി ഇരിക്കുന്നത് കണ്ട് ഞങ്ങളും അതിനുള്ളിലേക്ക്‌ കയറി കുറച്ചു നേരം സ്വച്ഛമായി ഇരുന്നു.ചുറ്റുപാടുകള്‍ ഒന്നും ശ്രദ്ധിക്കാതെ,മിഴികളടച്ചു,ബോധപൂര്‍വ്വം കുറച്ചു നേരം ഇരിക്കാന്‍ കഴിഞ്ഞാല്‍ അത് അവനവനെ തന്നെ അറിയുവാനും അതു വഴി ഈശ്വര സാക്ഷാത്കാരം നേടാനും സാധിക്കുമെന്നതാണല്ലോ സത്യം.ഇങ്ങനെ ചെയ്യുന്നതു വഴി മോശമായ ചിന്തകള്‍ മനസ്സില്‍ നിന്ന് അകലുകയും,അത് അതിന്‍റെ സ്വത സിദ്ധമായ  നൈര്‍മ്മല്യം ആര്‍ജ്ജിക്കുകയും ചെയ്യുന്നതോടൊപ്പം ഒരു പ്രത്യേക ഊര്‍ജ്ജം ഉണ്ടാക്കിത്തരികയും ചെയ്യുമെന്ന് അനുഭവം പഠിപ്പിക്കുന്നു.മെഡിറ്റേഷന്‍ ഹാളില്‍ നിന്നിറങ്ങി പുറത്ത് ആശ്രമത്തിന്‍റെ ഒരറ്റത്ത് ചെന്നപ്പോള്‍ സമീപത്തുള്ള ഒരു മലയിലേക്കു നയിക്കുന്ന ചെറിയ പാതയിലൂടെ ധാരാളം ആള്‍ക്കാര്‍ നടന്നു മുകളിലേക്ക് കയറുന്നതും,കുറേപ്പേര്‍ ഇറങ്ങി വരുന്നതും കണ്ടു.രമണ മഹര്‍ഷി ധ്യാനത്തിലിരുന്ന ഗുഹ അവിടെ  മലമുകളില്‍ ഉണ്ടെന്നും അത് കാണുന്നതിന് വേണ്ടിയാണ് ആളുകള്‍ അങ്ങോട്ടേയ്ക്ക് പോകുന്നതെന്നുമറിഞ്ഞു.പക്ഷെ ആ സമയത്ത് ഗുഹാ സന്ദര്‍ശനം പലവിധ കാരണങ്ങള്‍ കൊണ്ട് ഞങ്ങള്‍ വേണ്ടെന്നു വച്ചു.ഗുഹ സന്ദര്‍ശിക്കാന്‍  ആഗ്രഹമുള്ളവര്‍ വൈകുന്നേരം ആശ്രമത്തിലോ,ആശ്രമ പരിസരത്തോ താമസിച്ച് പ്രഭാതത്തില്‍ മല കയറുന്നതാണ് അഭികാമ്യം എന്ന് റാവു പറഞ്ഞു മനസ്സിലാക്കി തന്നു. ഗുഹാ സന്ദര്‍ശനം പിന്നെയൊരിക്കലാകാം എന്ന് തീരുമാനിച്ച്,ദര്‍ശന സമയം ആയപ്പോഴേക്കും ക്ഷേത്രത്തിലേക്ക് തിരിച്ചു.

        തിരുവണ്ണാമല അരുണാചലേശ്വര ക്ഷേത്രം

തേജോ ലിംഗ,അതായത് അഗ്നി ലിംഗ രൂപത്തിലുള്ള,അഗ്നിയെ പ്രതിനിധാനം ചെയ്യുന്ന ഇവിടത്തെ ദേവനെ “അരുണാചലേശ്വര്‍” എന്നും “അണ്ണാമലയാര്‍” എന്നും പ്രതിപാദിക്കുമ്പോള്‍,അര്‍ദ്ധഭാഗം അലങ്കരിക്കുന്ന  പാര്‍വതി ദേവിയെ “ഉണ്ണാമലയമ്മന്‍” എന്ന പേരിലാണ് ഭക്ത ജനങ്ങള്‍ ആരാധിക്കുന്നത്.പത്തു ഹെക്ടര്‍ ഓളം വിസ്തൃതി വരുന്ന ക്ഷേത്രത്തിന് അദ്വിതീയമായ ശില്‍പ്പ ഭംഗി ഉള്ള പതിനൊന്ന് നിലകളുള്ള നാല് ഗോപുരങ്ങളാണ്  ഉള്ളത്.ഇതില്‍ ഇരുന്നൂറ്റി പതിനേഴ്‌ അടി പൊക്കമുള്ള കിഴക്കേ ഗോപുരം ഇന്ത്യയിലെ തന്നെ ഏറ്റവും പൊക്കമുള്ള ഗോപുരമായി അറിയപ്പെടുന്നു.വര്‍ഷത്തില്‍ പന്ത്രണ്ട് ഉത്സവങ്ങള്‍ ഇവിടെ നടത്തുന്നുണ്ടെങ്കിലും ,നവംബര്‍ ഡിസംബര്‍ മാസങ്ങളിലെ പൌര്‍ണ്ണമി ദിവസം നടക്കുന്ന കാര്‍ത്തിക ദീപ ഉത്സവമാണ് ഏറ്റവും പ്രധാനമായത്.  വളരെ അകലെ നിന്നു പോലും ദര്‍ശിക്കാവുന്ന രീതിയില്‍,മലമുകളില്‍ തെളിക്കുന്ന കാര്‍ത്തിക ദീപം നയന മനോഹരമായ ഒരു കാഴ്ച തന്നെയാണ്.
ക്ഷേത്ര ഗോപുരങ്ങള്‍ കടന്ന് ചെന്ന ഞങ്ങളെ വളരെ നീളമുള്ള ക്യൂ ഒഴിവാക്കി പ്രത്യേക ദര്‍ശന പാതയില്‍ കൂടിയാണ് റാവു അകത്തേക്ക് കൂട്ടിക്കൊണ്ടു പോയത്.കിഴക്കോട്ടു ദര്‍ശനമായി പ്രതിഷ്ടിച്ചിരിക്കുന്ന പ്രധാന ദേവനായ പരമശ്ശിവന്‍റെ ശ്രീകോവിലിനു ചുറ്റുമായി കൊത്തുപണികളോടു കൂടിയ  അനേകം തൂണുകള്‍ കാണാം. ഈ തൂണുകളിലും ചുമരുകളിലും വേണുഗോപാല സ്വാമി,മഹാലക്ഷ്മി ഗജ ലക്ഷ്മി തുടങ്ങി അനേകം ദേവതകളുടെ ചിത്രങ്ങളാണ് മനോഹരമായി കൊത്തി വച്ചിരിക്കുന്നത്.
    ക്ഷേത്ര ശില്‍പ്പങ്ങളുടെ മനോഹാരിതയും,ക്ഷേത്രത്തിന്‍റെ ഗാംഭീര്യവും കണ്ടു കൊണ്ട് നടന്നു ചെന്നത്  അണ്ണാമലയാര്‍ സ്വാമിയുടെ ശ്രീകോവിലിന് മുന്നിലേക്കാണ്‌.കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ ശ്രീകോവിലിനു തൊട്ടു മുന്നില്‍ പെരുമാളിന്‍റെ വളരെ അടുത്തായി ഇരുത്തിയിട്ടാണ് പൂജകള്‍ കാണുവാന്‍ അവസരം തന്നത്.സാധാരണയായി ഇവിടെ നമ്മുടെ നാട്ടില്‍,എത്ര വലിയ ആളാണെങ്കിലും പ്രതിഷ്ഠയില്‍ നിന്നും നിര്‍ദ്ദിഷ്ടമായ ഒരു അകലം പാലിച്ചു കാണുന്നുണ്ട്,അത് നല്ലതാണെന്നും തോന്നിയിട്ടുണ്ട്.പക്ഷെ തമിഴ് നാട്ടില്‍ കുറച്ചു പ്രമാണിത്തം ഉള്ളവര്‍ക്കോ,കൂടുതല്‍ തുക നല്‍കാന്‍ കഴിവുള്ളവര്‍ക്കോ, വേണമെങ്കില്‍ വിഗ്രഹത്തില്‍ സ്പര്‍ശിക്കാന്‍ പോലും പറ്റുമെന്നാണ് കണ്ടു വരുന്നത്.ഏതായാലും റാവുവിന്‍റെ സ്വാധീനത്തില്‍ ഞങ്ങളും വി ഐ പി കളായി അടുത്തിരുന്ന് പൂജ കണ്ടു തൊഴുത്‌ പ്രസാദമായി ഭസ്മവും വാങ്ങി തൊട്ടടുത്തുള്ള ദേവീ സന്നിധിയിലേക്ക്  പോകുവാന്‍ തുടങ്ങുമ്പോള്‍ വലിയ രണ്ടു പൂമാലകളും കയ്യില്‍ പിടിച്ചു കൊണ്ട് റാവു വരുന്നതു കണ്ടു.വിഗ്രഹത്തിന് ചാര്‍ത്തുവാന്‍ ഞങ്ങളെക്കൊണ്ട് കൊടുപ്പിക്കുവാനായിരിക്കും എന്നാണ് കരുതിയത്‌. പാര്‍വതീദേവിയുടെ നടയിലും വളരെ സൗകര്യമായി ദര്‍ശനം ലഭിച്ച സന്തോഷത്തില്‍ പുറത്തേക്ക് നടന്ന ഞങ്ങളോട് ശ്രീ കോവിലിനു വെളിയില്‍ ഒരു സ്ഥലം ചൂണ്ടി കാട്ടി അവിടെ കാത്തു നില്‍ക്കാന്‍ റാവു ആവശ്യപ്പെട്ടു.കുറച്ചു കഴിഞ്ഞപ്പോള്‍ ഉണ്ണാമലയമ്മന്‍റെ നടയ്ക്കുള്ളില്‍ നിന്നും പൂജിച്ച മാലകളുമായി പൂജാരി ഞങ്ങളുടെ സമീപത്തു വന്നു. രണ്ടു പേരും താഴെ ഇരുന്ന് വിവാഹ സമയത്തെ പോലെ മാലകള്‍ പരസ്പരം അണിയിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.അത്ഭുതവും ചിരിയും ഉള്ളിലൊതുക്കി പറഞ്ഞതു പോലെ എല്ലാം ചെയ്ത് ദക്ഷിണ കൊടുത്ത്  അനുഗ്രഹവും പ്രസാദവും വാങ്ങി പുറത്തേക്കിറങ്ങുമ്പോള്‍ ഇത്രയും നേരം നടന്ന കര്‍മ്മം എന്താണെന്നും,എന്തിനാണെന്നും യാതൊരു ധാരണയും ഞങ്ങള്‍ക്ക് കിട്ടിയിരുന്നില്ല.പിന്നീട് യാത്ര എല്ലാം കഴിഞ്ഞ് നാട്ടില്‍ എത്തി കാര്യ പരിപാടികള്‍ ഏര്‍പ്പാടാക്കിയ സുഹൃത്തിനോട് ചോദിക്കുമ്പോഴാണ്,അറുപതു വയസ്സ് പൂര്‍ത്തിയായി കഴിഞ്ഞവര്‍ തമിഴ് നാട്ടില്‍ ഇപ്രകാരം അറുപതാം കല്യാണം വളരെ ഘോഷമായി നടത്തുന്ന പതിവുണ്ടെന്നു പറഞ്ഞു തന്നു .സാധാരണ വിവാഹ വേളകള്‍ പോലെ ദമ്പതിമാര്‍ അണിഞ്ഞൊരുങ്ങി ബന്ധു മിത്രാദികളോടു കൂടി,ഈ ചടങ്ങു നടത്തുന്ന ഏതെങ്കിലും ക്ഷേത്രത്തില്‍ എത്തി,പരസ്പരം  മാലയിട്ടതിനു ശേഷം ഗംഭീരമായ സദ്യയും നടത്തിയിട്ടാണ് തിരികെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ അജ്ഞത കാരണം ആ പ്രത്യേക അവസരം ഒന്ന് അറിഞ്ഞ് ആഘോഷിക്കാന്‍ പറ്റിയില്ല,കഷ്ടമായിപ്പോയി.
ദര്‍ശനവും കല്യാണവും കഴിഞ്ഞ സംതൃപ്തിയോടെ ക്ഷേത്രത്തിന് പുറത്തു വന്ന ഞങ്ങള്‍ കണ്ടത് പോകുവാന്‍ ധൃതി വയ്ക്കുന്ന ഡ്രൈവറെ ആയിരുന്നു. ഒരു കല്യാണ ഫോട്ടോ പോലും എടുക്കാന്‍ കഴിയാതെ,തലേ ദിവസം കാട്ടു മന്നാര്‍ കോവിലിലൂടെ യാത്ര ചെയ്തതിന്‍റെ ഭയം വിട്ടു മാറാത്ത അയാളെ ഒരു വിധം സമാധാനിപ്പിച്ചു യാത്ര തുടര്‍ന്ന ഞങ്ങള്‍ രാത്രി എട്ടു മണിയോടെ ട്രിച്ചിയില്‍ എത്തി.അവിടെ ഒരു ഹോട്ടലില്‍ താമസ്സിച്ച് വിശ്രമിച്ചതിനു ശേഷം,പിറ്റേ ദിവസം രാവിലെ ആറു മണിയോടെ ഡിണ്ടിഗല്‍,തേനി വഴി മടക്കയാത്ര ആരംഭിച്ചു.പരന്നു കിടന്ന കൃഷിയിടങ്ങളും,അവിടെ കൊടും വെയിലില്‍ നടുവ് വളച്ച് നിന്ന് കഷ്ടപ്പെടുന്ന കര്‍ഷകരെയും,വയലുകളില്‍ ആഹാരം തേടി നടക്കുന്ന മയിലുകളെയും കണ്ടു കൊണ്ട് വീട്ടിലേക്കുള്ള യാത്ര ഞങ്ങള്‍ ആസ്വദിച്ചു.   പെട്ടെന്നാണ് തമിഴ് നാട്ടില്‍ കൃഷി ചെയ്യുന്ന പച്ചക്കറികള്‍ക്ക് അവിടെ വില കുറവായിരിക്കുമെന്നും വിഷം ചേര്‍ക്കാത്തവ ആയിരിക്കും എന്ന് ഓര്‍ത്തത്.അങ്ങനെ ചിന്നമണ്ണൂര്‍ എന്ന ഒരു സ്ഥലത്ത് വന്ന് പച്ചക്കറികള്‍ വാങ്ങുവാനായി വണ്ടി നിര്‍ത്തി.റോഡരികില്‍ ഇരുന്ന് കച്ചവടം നടത്തുന്ന സ്ത്രീകളും,പുരുഷന്മാരും അവരുടെ പക്കല്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാനായി വിളിച്ചു കൂകുന്നുണ്ടായിരുനു.പക്ഷെ ഞങ്ങള്‍ ആ കമ്പോളത്തിന്‍റെ ഉള്ളിലേക്ക് ഒന്ന് കയറി നോക്കി.വളരെ വിശാലമായ ഒരു സ്ഥലം, അവിടെ കര്‍ഷകര്‍ അവരുടെ കൃഷിയിടങ്ങളില്‍ നിന്ന് വിളവെടുത്ത് അപ്പപ്പോള്‍ കൊണ്ടു വരുന്ന ശുദ്ധവും പഴക്കമില്ലാതതുമായ നല്ല പച്ചക്കറികള്‍ കൂട്ടിയിട്ടിരിക്കുന്നു.ധാരാളം നല്ല പച്ചക്കറികള്‍ വളരെ  വിലക്കുറവില്‍ അവിടെ നിന്നും വാങ്ങാന്‍ സാധിച്ചു.പിന്നീട് കുമിളി വഴി കാഞ്ഞിരപ്പള്ളിയില്‍ എത്തി ഉച്ച ഭക്ഷണവും കഴിച്ചു അഞ്ചു മണിയോടെ സുഖമായി സ്വവസതിയില്‍ എത്തി.
നമ്മുടെ അയല്‍ നാട്ടിലെ ഇത്രയും മനോഹരമായ കാഴ്ച്ചകള്‍ സുഖമായും,സുരക്ഷിതമായും,സൗകര്യപ്രദമായും ആസ്വദിക്കാന്‍ സഹായിച്ച നന്മ നിറഞ്ഞ എല്ലാ സ്നേഹിതര്‍ക്കും,നന്ദിയും, ദൈവാനുഗ്രഹവും നേര്‍ന്നു കൊണ്ട്,സന്തോഷം തരുന്ന കൂടുതല്‍ യാത്രകള്‍ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ട്.....    
ഗീത.എ