2018 ഫെബ്രുവരി 2, വെള്ളിയാഴ്‌ച

ഒരുമ
നന്ദ -
കരിയിലക്കൂനതന്നടിയില്‍ തങ്ങി

ചേനതന്‍ തണ്ടിന്‍റെ ചിത്രമോലും

ഉടലാകെ വര്‍ത്തുളത്തിരികയാക്കി

തലനീട്ടി വാഴുന്നുരഗശ്രേഷ്ഠന്‍ !
     
            കലപിലയോടിര തേടിയെത്തി
     
      കരിയില നിറമുള്ള കിളികളപ്പോള്‍

പലതും ചിലച്ചവര്‍ പരതീടവേ

പറവയുടെ കാലില്‍ പിടിച്ചിടുന്നൂ

പതിയെ പതുങ്ങുന്ന പാമ്പ് വേഗം

ഭയമേറി കുതറിയാപ്പക്ഷിയപ്പോള്‍

കരയുന്നതു കേട്ടു കൂട്ടരെത്തി !                 

ചങ്ങാതിയല്ലാതങ്ങാരു വേറെ

ഇങ്ങനൊരാപത്തു നേരിടാനായ്

കൂട്ടായാപ്പക്ഷികള്‍ ചീറിയാര്‍ത്തൂ,

കൊത്തി മുറിക്കുന്നു പന്നഗത്തെ

പുളയുമാ പാമ്പിന്‍റെ വേദനയില്‍

പിടിവിട്ടു വേഗം പറന്നു പക്ഷി.

ഉടല്‍ നീറിയോടിയ പാമ്പതിനെ

മറയാതെ പക്ഷികളാഞ്ഞു കൊത്തി

ചലനം നിലച്ചവന്‍ ചത്തു വീണു

ചടുലം ചാലിച്ചവര്‍ നൃത്തമാടി

ഒത്തിരി വമ്പനാം പാമ്പിനാമോ

ഒത്തൊരുമ കാണ്‍കെ ചെറുത്തു നില്‍ക്കാന്‍

യന്ത്രങ്ങളായിത്തീര്‍ന്നൊരീ മനുഷ്യര്‍

മന്ത്രം പഠിക്കേണം -ജന്തുതന്ത്രം !



2018 ജനുവരി 25, വ്യാഴാഴ്‌ച

ദേവസ്ഥാനമായ പെരിങ്ങോട്ടുകര
     സാക്ഷാല്‍ ശ്രീ ഗുരുവായൂരപ്പ സന്നിധിയില്‍ രണ്ടായിരത്തി പതിനേഴിലെ ചെമ്പൈ സംഗീതോത്സവത്തില്‍ പാടുവാന്‍ എത്തിയ  സമയത്താണ് പെരിങ്ങോട്ടുകര ദേവസ്ഥാനത്തിനെ പറ്റിയും,അവിടെ നടത്തപ്പെടുന്ന ദക്ഷിണാമൂര്‍ത്തി സംഗീതോത്സവത്തെപ്പറ്റിയും ഉള്ള ബ്രോഷര്‍ ലഭിച്ചത്.അതില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് പാടുവാന്‍ ലഭിച്ച തീയതിയുടെ തലേ ദിവസം ട്രെയിന്‍ മാര്‍ഗ്ഗം തൃശ്ശൂരില്‍ ഏകദേശം രണ്ടു മണിയോടെ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ഉച്ചഭക്ഷണം വീട്ടില്‍ നിന്ന് കരുതിയിരുന്നത് യാത്രയ്ക്കിടെ കഴിച്ചത് കൊണ്ട് സമയം പാഴാക്കാതെ പെരിങ്ങോട്ടുകരയിലേക്ക് പോകേണ്ടത് എങ്ങിനെയെന്ന് ആലോചിച്ചു കൊണ്ട് സ്റ്റേഷന് പുറത്തേക്കിറങ്ങി.എവിടെ നിന്നോ ഒരു അപ്പൂപ്പന്‍ ടാക്സി,ടാക്സി എന്നു വിളിച്ചു കൂകിക്കൊണ്ട് ഞങ്ങളുടെ മുന്‍പില്‍ ഓടിയെത്തി.പോകേണ്ട സ്ഥലത്തെ പറ്റി ഒന്നും അറിയാത്തത് കൊണ്ട് കാറില്‍ പോകുന്നത് നല്ലതാണെന്ന് തീരുമാനിച്ച ഞങ്ങള്‍,കാറുമായി വരാന്‍ പറഞ്ഞു.സന്തോഷവാനായ അയാള്‍ പെട്ടെന്ന് തന്നെ പോയി തന്നെക്കാള്‍ പ്രായമുള്ള ഒരു വെളുത്ത അംബാസിഡര്‍ കാറുമായി വന്ന് ഡോര്‍ തുറന്ന് തന്ന് ഞങ്ങളെ സ്വീകരിച്ചു.റോഡിന്‍റെ ഗുണവും,വണ്ടിയുടെ മെച്ചവും കൂടിച്ചേര്‍ന്ന്,ഗ്രാമ ഭംഗി ആസ്വദിച്ചിരുന്ന ഞങ്ങളുടെ,നട്ടെല്ലിന്‍റെ ആണികള്‍ ഊരിപ്പോകത്തക്കവിധം എടുത്തുലച്ചുകളഞ്ഞു. കണ്ണുകള്‍ക്ക് ആനന്ദം നല്‍കുന്ന ഹരിതാഭമായ നെല്‍പ്പാടങ്ങള്‍ക്കു നടുവിലൂടെ,മന്ദമാരുതന്‍റെ തലോടലേറ്റ് കൊണ്ടുള്ള ആ ശകടത്തിലെ യാത്ര ഏകദേശം നാല്‍പ്പത്തി അഞ്ചു മിനിറ്റ് കൊണ്ട് ലക്ഷ്യസ്ഥാനം അണഞ്ഞു. യാത്രക്കൂലിയായി അറുന്നൂറു രൂപയും വാങ്ങി അപ്പൂപ്പന്‍ പോകുമ്പോള്‍ ദേവസ്ഥാനത്തിന്‍റെ ക്ഷേത്ര ഗോപുരങ്ങള്‍ കണ്ടു മതി മറന്നു നില്‍ക്കുകയായിരുന്നു ഞങ്ങള്‍.  
   വടക്കുംനാഥനും ,പാറമേക്കാവും തിരുവമ്പാടിയും,കൂടിച്ചേര്‍ന്ന് പൂരത്തിന്‍റെ 

മേളം കൊഴുപ്പിക്കുന്ന തൃശ്ശിവപേരൂരില്‍ നിന്ന് തെക്ക് പടിഞ്ഞാറ് ദിശയില്‍  

ഏകദേശം ഇരുപത് കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ പെരിങ്ങോട്ടുകര എന്ന 

മനോഹരമായ ഗ്രാമ പ്രദേശത്ത് എത്താം.തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ് 

സ്റ്റാന്‍റില്‍ നിന്ന് കാഞ്ഞാണി,അന്തിക്കാട്, പുത്തന്‍പീടിക വഴി പോകുന്ന ബസ്സില്‍ 

കയറി പെരിങ്ങോട്ടുകര ജങ്ക്ഷനില്‍ ഇറങ്ങിയാല്‍ ശ്രീ വിഷ്ണുമായ

സ്വാമിയുടെ ചിത്രത്തോടു കൂടി ദേവസ്ഥാനത്തിലേക്കുള്ള ചൂണ്ടു ഫലകം 

കാണാം. (തൃപ്രയാര്‍ ഭാഗത്തേക്കുള്ള ബസ്സുകള്‍ ഇതു വഴിയാണ് പോകുന്നത്.) 


പെരിങ്ങോട്ടുകര ദേവസ്ഥാന അലങ്കാര ഗോപുരം



ദിശാ സൂചന നോക്കി അഞ്ചു മിനിറ്റ് നടന്നാല്‍ റോഡിനു വലതു വശത്ത് മേല്‍ 

കാണിച്ചിരിക്കുന്ന അതി ഗംഭീരങ്ങളായ സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള അലങ്കാര 

ഗോപുരങ്ങള്‍ കാണാം.ഇതിന് എതിര്‍ ഭാഗത്ത്‌ റോഡിന് ഇടതു വശത്ത് 

രണ്ടുമൂന്നു വലിയ ശില്‍പ്പങ്ങളും തലയെടുപ്പോടെ നില്‍ക്കുന്നത് നല്ല കാഴ്ച 

തന്നെയാണ്.
 ദേവസ്ഥാനത്തിനു മുന്നിലുള്ള 51 അടി ഉയരമുള്ള ശിവപാര്‍വതി, വിഷ്ണുമായ ശില്‍പം
പോത്തിന്‍റെ ശില്‍പം(പിറകില്‍ ഗസ്റ്റ്‌ ഹൗസ്)---                                                                                                        31   അടി ഉയരമുള്ള ഗരുഡ ശില്‍പം

സംഗീത നൃത്ത പ്രിയനായ ശ്രീ വിഷ്ണുമായ സ്വാമി,പ്രധാന പ്രതിഷ്ഠയായ ക്ഷേത്രത്തിന്‍റെ ഗോപുര ചുവട്ടില്‍,പാദരക്ഷകള്‍ സൂക്ഷിക്കാന്‍ കെട്ടിയടച്ച പ്രത്യേകം സ്ഥലമുണ്ട്.പാദരക്ഷകള്‍ അവിടെ ഇട്ട് നേരെ കയറിച്ചെല്ലുമ്പോള്‍ പ്രധാന ശ്രീകോവിലില്‍ വിഷ്ണുമായ സ്വാമിയും, അരികിലായി മറ്റൊരു ചെറിയ ശ്രീകോവിലില്‍ ഭുവനേശ്വരി ദേവിയും കുടികൊള്ളുന്നതു കാണാം.അതിനടുത്തു തന്നെ സമാധിയായ മുന്‍ ദേവസ്ഥാനാധിപതി ദാമോദര സ്വാമികളുടെ സമാധി മണ്ഡപവും വെങ്കല പ്രതിമയും സ്ഥാപിച്ചിരിക്കുന്നു.സംഗീത ശിരോമണി ആയിരുന്ന ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ പേരില്‍,എല്ലാ വര്‍ഷവും ഗംഭീരങ്ങളായ സംഗീത നൃത്ത പരിപാടികള്‍ അരങ്ങേറുന്ന ഒരു സംഗീത മണ്ഡപവും തൊട്ടടുത്തു തന്നെ ഒരുക്കിയിട്ടുണ്ട്.കൂടാതെ ബ്രഹ്മരക്ഷസ്സിന്‍റെ പ്രതിഷ്ഠയും,വേലുമുത്തപ്പന്‍റെ സമാധി സ്ഥലമായ കുക്ഷി കല്‍പ്പവും, സമീപത്തു തന്നെ സ്ഥിതി ചെയ്യുന്നതു കാണാം.
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം തേടി പെരിങ്ങോട്ടുകര എത്തിയ ശ്രീനാരായണഗുരു സ്വാമികള്‍ ഇവിടത്തെ ആരാധനാക്രമം കണ്ട് അത്ഭുതപ്പെടുകയുണ്ടായെന്നു പറയപ്പെടുന്നു.
നിത്യ നിദാന പൂജകള്‍ കൂടാതെ തിരുവോണം,നവരാത്രി, മണ്ഡലകാലം,കളമെഴുത്തും പാട്ടും, മഹാരൂപക്കളം,തിറവെള്ളാട്ട് അമാവാസി ,പൗര്‍ണമി തുടങ്ങിയ വിശേഷാവസര പൂജകളും വളരെ കൃത്യമായി തന്നെ ഇവിടെ നടത്തി വരുന്നുണ്ട്.ദേവസ്ഥാനത്ത് എല്ലാ ദിവസവും നടത്തുന്ന പ്രസാദ ഊട്ട് അശരണര്‍ക്കും ആലംബഹീനര്‍ക്കും മാത്രമല്ല വിശന്നു ചെല്ലുന്ന ഏതൊരാള്‍ക്കും ആശ്വാസം നല്‍കുന്നതാണ്.നാട്ടുകാരെ കൂടാതെ അന്യനാട്ടില്‍നിന്നും,വിദേശത്തു നിന്നും ധാരാളം ആളുകള്‍ ഇവിടെ വന്ന് ദര്‍ശനം നടത്തി പോകാറുണ്ട്. 


 വിഷ്ണുമായ സ്വാമിയുടെ ശ്രീകോവില്‍               വിഷ്ണുമായ സ്വാമിയുടെ മൂല വിഗ്രഹം


വിഷ്ണുമായ സ്വാമിയുടെ അവതാര പുരാണം
പണ്ടൊരിക്കല്‍ നായാട്ടിനിറങ്ങിയ കൈലാസനാഥന്‍ വനത്തിനുള്ളില്‍ നിന്ന് ഗന്ധര്‍വ കിന്നര സാന്നിദ്ധ്യമുള്ള ഒരു ഗാനം കേള്‍ക്കുകയും,ആ ഗാനത്തിന്‍റെ ഉറവിടം ഒരു വേടത്തരുണിയായ ‘കുളിവാക’ എന്ന സുന്ദരി ആണെന്ന് മനസ്സിലാക്കി അവിടെ എത്തുകയും,അവളില്‍ കാമ പരവശനായി തീരുകയും ചെയ്തുവത്രേ. മാരവൈരി ആയ ശങ്കരന്‍ തന്‍റെ ഇംഗിതം കുളിവാകയോട് പറഞ്ഞിട്ട് തിരികെ വരുന്ന സമയം അറിയിച്ച് നായാട്ടിനു പോയി.ഈ സമയത്ത്, പാര്‍വതീ ഭക്തയായ കുളിവാക ദേവിയെ സ്തുതിച്ചു പ്രത്യക്ഷപ്പെടുത്തി,തന്‍റെ വിഷമാവസ്ഥ അറിയിച്ചു. പൂര്‍വ ജന്മത്തില്‍ കൈലാസത്തിലെ പരിചാരിണി ആയിരുന്ന മനസ്വിനി എന്ന യക്ഷിണി പാര്‍വതി പുത്രനായ ഉണ്ണി ഗണപതിയെ മുലയൂട്ടുകയാല്‍ കോപം പൂണ്ട ദേവിയുടെ ശാപം കൊണ്ടാണ് ഈ ജന്മം കുളിവാക എന്ന ഇവള്‍ ചണ്‌ഡാല കുലത്തില്‍ വന്നു പിറന്നതെന്ന് ദേവി അവളെ ധരിപ്പിച്ചു.കന്യകാത്വം നഷ്ടപ്പെടും മുന്‍പ് ശിവപുത്രനെ മുലയൂട്ടാന്‍ അവസരം ലഭിച്ചാല്‍ ശാപമോക്ഷം ലഭിക്കുമെന്ന് അന്ന് അരുളിച്ചെയ്തിരുന്ന ദേവി, ഇപ്രകാരം വന്നു ഭവിച്ചത് വിധി നിര്‍ണ്ണയം ഒന്ന് കൊണ്ട് മാത്രമാണെന്നും,താന്‍ വേടത്തരുണിയുടെ വേഷം ധരിച്ച് ശ്രീ പരമേശ്വരനെ സ്വീകരിച്ചു കൊള്ളാമെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് കുളിവാകയെ യാത്രയാക്കിയത്രെ. അനന്തരം മായാ കുളിവാകയായ ഉമയ്ക്ക്‌ മഹേശ്വരനില്‍ ജനിച്ച ശിശുവിന് നല്ലൊരു പോത്തിന്‍ കുട്ടിയെ കാവലാക്കി കൈലാസത്തില്‍ എത്തിയ മഹാദേവന്‍,ആ കുട്ടിയെ അനുഗ്രഹിച്ച് കുളിവാകയെ ഏല്‍പ്പിക്കാന്‍ പാര്‍വതിയോട് അരുള്‍ ചെയ്തു. അപ്രകാരം കുളിവനത്തിലെത്തിയ ദേവി ശിശുവിന് വിഷ്ണുമായ എന്ന് നാമകരണം ചെയ്ത് കുളിവാകയെ ഏല്‍പ്പിച്ചു.
ഏഴു വയസ്സുവരെ വിഷ്ണുമായ തന്‍റെ ഇഷ്ട വാദ്യമായ ഇഴാറയും കൊണ്ട്,ഇഷ്ട വാഹനമായ പോത്തിന്‍ പുറത്തേറി,മലയരുടെ കണ്ണിലുണ്ണിയായി,വനത്തില്‍ വിഹരിച്ചു കൊണ്ട്,കുളിവാകയ്ക്കൊപ്പം വളര്‍ന്നു വന്നു.ഏഴു വയസ്സ് തികഞ്ഞ സമയത്ത് വനവാസികള്‍ എല്ലാവരും കൂടി ചേര്‍ന്ന് ഒരുക്കിയ അതി ഗംഭീരമായ പിറന്നാള്‍ സദ്യയ്ക്ക് വിഭവങ്ങള്‍ ഒരുക്കാന്‍ വിഷ്ണുമായ തന്നെ ഒരു കുട്ടിപ്പട്ടരായി പ്രവര്‍ത്തിച്ചു. അമൃത സമാനമായ സദ്യ എല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെട്ടു.ആ അവസരത്തില്‍ ത്രികാലേശ്വരനായ നാരദമുനി അവിടെയെത്തി,വിഷ്ണുമായയോട് അവന്‍റെ മാതാപിതാക്കള്‍ പാര്‍വതീ പരമേശ്വരന്മാരാണെന്നും,ജലന്ധര നിഗ്രഹമാണ് അവന്‍റെ അവതാരോദ്ദേശം എന്നും,അതിനായി കൈലാസത്തില്‍ പോയി ഉമാമഹേശ്വരന്മാരെ കണ്ട് അനുഗ്രഹം വാങ്ങണമെന്നും ഉപദേശിച്ചു.ജന്മരഹസ്യവും,ജന്മദൌത്യവും മനസ്സിലാക്കിയ വിഷ്ണുമായ,കുളിവാകയെന്ന പോറ്റമ്മയോട് അനുവാദം വാങ്ങി ബാല്യ സഹജമായ അങ്കലപ്പോടും,അഭിമാനത്തോടും കൂടി ശ്രീ കൈലാസത്തിലേക്ക് പുറപ്പെട്ടു.കൈലാസ കവാടത്തില്‍ നന്ദികേശന്‍ പ്രവേശനം നിഷേധിക്കുമെന്നുള്ളതു കൊണ്ട്,മഹാവിഷ്ണുവിനെ ധ്യാനിച്ച് സ്വരൂപം മാറ്റി വിഷ്ണുരൂപം കൈക്കൊണ്ടാണ് ശിവസവിധത്തില്‍ എത്തിയത്.സന്തോഷ പൂര്‍വ്വം മകനെ ആലിംഗനം ചെയ്ത ആ ലോക രക്ഷകര്‍ ജലന്ധരവധത്തിനും,ഭൂമി വിറപ്പിച്ച ഭ്റുംഗ നിഗ്രഹത്തിനും വേണ്ട ചതുരുപായങ്ങളും,അതിശക്തങ്ങളായ രണ്ടു കുറുവടികളും നല്‍കി അനുഗ്രഹിച്ചു.ഈ സമയം ദേവേന്ദ്ര വരലബ്ധിയാല്‍ അഹങ്കരിച്ച്‌ ത്രിലോകങ്ങളിലും ഭീതി പരത്തിയ ജലന്ധരന്‍ ശ്രീ പാര്‍വതിയെ വേള്‍ക്കാന്‍ ശ്രമിച്ചു കൈലാസത്തിലെത്തി,മഹാദേവനുമായി യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ മാതാപിതാക്കളുടെ അനുഗ്രഹാശ്ശിസ്സുകളോടെ ഘോര യുദ്ധം ചെയ്ത് ജലന്ധരനെ വധിച്ച വിഷ്ണുമായയെ ഇന്ദ്രന്‍ സ്വര്‍ഗ്ഗലോകത്തേക്ക് ക്ഷണിച്ചെങ്കിലും ജനസേവനത്തിന്‍റെ മഹനീയ രംഗം ഭൂമിയാണെന്ന് പറഞ്ഞ് ഭഗവാന്‍ ഭൂമിയില്‍ തന്നെ തിരിച്ചെത്തി.അനന്തരം കരിങ്കുട്ടി എന്ന അനുചരനോട് കൂടി ഭ്റുംഗാസുരനെ നേരിട്ടു. പോരിനിടയില്‍ വിഷ്ണുമായ സ്വാമിയ്ക്ക് മുറിവേല്‍ക്കുകയും,രക്തം ഭൂമിയില്‍ പതിച്ച മാത്രയില്‍ അതില്‍ നിന്നും നാനൂറ് കുട്ടിച്ചാത്തന്മാര്‍ ജന്മമെടുക്കുകയും,അസുരന്‍ പ്രയോഗിച്ച ബ്രഹ്മദത്തമായ പത്ത് അസ്ത്രങ്ങള്‍,പത്ത് കുട്ടിച്ചാത്തന്മാര്‍ വിഴുങ്ങി ആത്മാഹൂതി ചെയ്യുകയും ചെയ്തു.ബാക്കിയുള്ള ചാത്തന്മാര്‍ വിഷ്ണു മായ സ്വാമിയോടൊപ്പം നിന്ന് പോരാടുകയും, ഒടുവില്‍ സ്വാമി മാതൃദത്തമായ തന്‍റെ കുറുവടികള്‍ കൊണ്ട് അസുരനെ നിഗ്രഹിക്കുകയും ചെയ്തു.
വിഷ്ണുമായ സ്വാമിയും പെരിങ്ങോട്ടുകരയും      
തലമുറകളായി കര്‍മ്മസിദ്ധികള്‍ ഉണ്ടായിരുന്ന ദേവസ്ഥാന കുടുംബത്തില്‍ മഹാമാന്ത്രികരും,മഹാപണ്ഡിതന്‍മാരും എക്കാലത്തും ഉണ്ടായിരുന്നു.അവരില്‍ അഗ്രഗണ്യനായ ഒരു മഹാമാനുഷി ആയിരുന്ന വേലുമുത്തപ്പനാണ് വിഷ്ണുമായസ്വാമിയെ പെരിങ്ങോട്ടുകരയില്‍ പ്രതിഷ്ഠിച്ചതും,ആരാധനാ ക്രമങ്ങള്‍ തുടങ്ങിയതും.നാട്ടില്‍ കഷ്ടപ്പാടുകളും, ദുരിതവും ഏറി വന്ന സമയത്ത്,ജനങ്ങളെ സഹായിക്കുന്നതിലും വലിയ ഉപാസന മറ്റൊന്നില്ല എന്നറിയാമായിരുന്ന വേലുമുത്തപ്പന്‍,കുടുംബ പരദേവതയായ ഭുവനേശ്വരി ദേവിയെ തപസ്സു ചെയ്തു.സംപ്രീതയായ ദേവി നാടിന്‍റെ ഐശ്വര്യത്തിന് വേണ്ടി കരണീയമായ ഉപദേശങ്ങള്‍ കൊടുത്ത് അദ്ദേഹത്തെ അനുഗ്രഹിച്ചു.
മന്ത്രവിദ്യകള്‍ക്കും ആസുരപ്രവര്‍ത്തികള്‍ക്കും പേരുകേട്ട പുഞ്ചനല്ലൂര്‍ ഇല്ലത്തെ അധിദേവതയായിരുന്ന വിഷ്ണുമായ സ്വാമിയെ ഭജിച്ച് ഉപാസിച്ച മാന്ത്രികരില്‍ അഗ്രഗണ്യനായിരുന്ന ഒരു ഭട്ടതിരിയുടെ മരണത്തോടെ,അവിടത്തെ ദൈവപ്പുര ഇരുട്ടിലാണ്ട് കിടക്കുകയും,ഇല്ലത്ത് ദാരിദ്യവും രോഗാരിഷ്ടതകളും വന്നു ഭവിക്കുകയും ചെയ്തു.പൊന്നു കായ്ക്കുന്ന മരമാണെങ്കിലും മേല്‍ക്കൂര വീഴ്ത്തുമെന്നറിഞ്ഞാല്‍ വെട്ടി മാറ്റുമല്ലോ,എന്നതു പോലെ,ഭട്ടതിരിപ്പാടിന്‍റെ അശരണയായ അന്തര്‍ജ്ജനം വിഷ്ണു മായ സ്വാമിയുടെ വിഗ്രഹം എടുത്ത് പുഴയിലൊഴുക്കി വിട്ടു, എന്നെങ്കിലും പുനരുജ്ജീവനം ലഭിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.ഈ വിഷ്ണുമായ സ്വാമിയ്ക്കു മാത്രമേ നാടിനെ രക്ഷിക്കനാകൂ എന്നാണ് ദേവി അരുള്‍ ചെയ്തത്.
ഭുവനേശ്വരി ദേവിയുടെ ഉപദേശപ്രകാരം വിഷ്ണുമായ സ്വാമിയെ നാടിന്‍റെ ഐശ്വര്യ ദേവതയായി ലഭിക്കാന്‍ വേണ്ട ധ്യാനോപാസനകള്‍ നടത്തി വന്ന ശ്രീരാമഭക്തനായ വേലു മുത്തപ്പന്‍,തൃപ്രയാര്‍ ക്ഷേത്ര സന്നിധിയിലെ പുഴയില്‍ കുളിച്ചു തൊഴുക പതിവായിരുന്നു.ഒരു ദിവസം ദേഹശുദ്ധി വരുത്തുന്ന സമയത്ത് അദ്ദേഹം വെള്ളത്തില്‍ ഒരഭൗമ പ്രകാശം കണ്ടു. പിന്നീട് ഇത് പതിവാകുകയും ,ക്ഷേത്രത്തില്‍ ആ സമയത്ത് മണിനാദങ്ങള്‍ കേള്‍ക്കുകയും,ദിവ്യ പ്രകാശം ദൃശ്യമാകുകയും, ചെയ്യുന്നത് കൂടാതെ മേല്‍ശാന്തിയ്ക്ക് സ്വപ്ന ദര്‍ശനങ്ങളും ഉണ്ടായി തുടങ്ങി.തുടര്‍ന്ന് ക്ഷേത്രത്തില്‍ നടത്തിയ അഷ്ടമംഗല പ്രശ്നത്തില്‍ പുഴയില്‍ ഒഴുകി വന്നിരിക്കുന്ന ദിവ്യശക്തിയുടെ സൂചന ലഭിക്കുന്നതും, വേലുമുത്തപ്പന്‍ പുഴയില്‍ പ്രകാശം കണ്ടതും ഒരു ദിവസം തന്നെ ആയിരുന്നു. പുഞ്ചനല്ലൂരില്‍ നിന്നും ഒഴുക്കി വിട്ട ശക്തിയുടെ നാഥനെ കണ്ടെത്താനുള്ള കാര്യങ്ങളാണ് അസമയത്തും മറ്റും അവിടെ ഉണ്ടായിക്കൊണ്ടിരുന്നതെന്നും പ്രശ്ന വിധി ഉണ്ടായി.പ്രശ്നത്തിന്‍റെ താംബൂല ക്രിയയ്ക്ക് സാക്ഷ്യം വഹിച്ച വേലു ദേവീ പ്രവചനവും, പ്രകാശ ദര്‍ശനവും ബന്ധപ്പെടുത്തി നോക്കിയപ്പോള്‍ തനിക്കു ലഭിക്കേണ്ട വരദാനമാണ് ഇതെന്ന് മനസ്സിലാക്കി തന്‍റെ ഉപാസന ഒന്നുകൂടി ഊര്‍ജ്ജിതമാക്കി.മറ്റൊരു ദിവസം സ്നാനാദി കര്‍മ്മങ്ങള്‍ക്കിടെ,വിഗ്രഹം വേലുവിന്‍റെ കാലില്‍ തടയുകയും,അത് എടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ദു:ഖിതനായ അദ്ദേഹം പുഴക്കരയില്‍ തന്നെ ഇരുന്നു ഭുവനേശ്വരി ദേവിയെ ധ്യാനിക്കുകയും ചെയ്തു.ആവാഹന സിദ്ധികളോടും,ആരാധനാ മനോഭാവത്തോടും കൂടി സമീപിച്ചാല്‍ മാത്രമേ പുഞ്ചനല്ലൂരില്‍ നിന്നും ഒഴുക്കി വിട്ട ഈ ശക്തി കേന്ദ്രത്തെ സമക്ഷത്തില്‍ വരുത്താനാകൂ എന്നായിരുന്നു ദേവിയുടെ നിര്‍ദ്ദേശം.
സകലവിധ സന്നാഹങ്ങളോടും കൂടി വേലു പുഞ്ചനല്ലൂരെത്തി അന്തര്‍ജ്ജനത്തെ കണ്ട്,വിഗ്രഹം സ്വായത്തമാക്കാന്‍ വേണ്ട മൂല മന്ത്രങ്ങളടങ്ങിയ താളിയോല ഗ്രന്ഥങ്ങള്‍, കരസ്ഥമാക്കി.ക്ഷണ മാത്രയില്‍ കരഗതമാക്കാന്‍ സാധിക്കാത്ത ഈ മന്ത്രവിദ്യകള്‍ സ്വായത്തമാക്കാന്‍ വേണ്ട വൃത നിഷ്ഠയും,മന:ശ്ശക്തിയും,ഭക്തിയും കൈമുതലായുള്ള അര്‍ഹനായ വ്യക്തിയാണെന്ന് ഉറപ്പു വരുത്തിയിട്ടാണ് അറപ്പുരയില്‍ നിന്ന്,അന്തര്‍ജ്ജനം ഗ്രന്ഥക്കെട്ടുകള്‍ എടുത്തു കൊടുത്തത്.പിന്നീടുള്ള ദിവസങ്ങളില്‍ ആവാഹന മന്ത്രങ്ങള്‍ അങ്ങേയറ്റം ശ്രദ്ധയോടെ സ്വാധീനത്തിലാക്കിക്കൊണ്ടിരുന്ന വേലുവിന് നിരവധി പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും പതറാതെ അദ്ദേഹം തന്‍റെ ഉപാസന തുടരുക തന്നെ ചെയ്തു.അങ്ങിനെ മറ്റൊരു പുലര്‍വേളയില്‍ സ്നാന സമയത്ത് മന്ത്രങ്ങള്‍ ഉരുക്കഴിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ പുഴയില്‍ ഭഗവാന്‍റെ പ്രകാശ പരിവേഷം തെളിഞ്ഞു വരികയും,പ്രസന്ന വദനനായി പ്രത്യക്ഷനാകുകയും ചെയ്തു.വീടും നാടും നന്നാകുവാന്‍ ഭഗവാന്‍ വീട്ടില്‍ വന്നു കുടികൊള്ളണമെന്ന വേലുവിന്‍റെ പ്രാര്‍ത്ഥന കൈക്കൊണ്ട് സാക്ഷാല്‍ ശ്രീ വിഷ്ണുമായ സ്വാമി മറഞ്ഞു.പുഴയില്‍ കിടന്ന വിഗ്രഹം ഭക്ത്യാദരപൂര്‍വം വേലു പെരിങ്ങോട്ടുകരയില്‍ എത്തിച്ച് ബ്രഹ്മവിധി പ്രകാരം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പ്രതിഷ്ഠിച്ചു.പഞ്ചലോഹ വിഗ്രഹത്തില്‍ ആവാഹിച്ചു പ്രതിഷ്ഠിച്ച വിഷ്ണു മായ സ്വാമി ഭക്തര്‍ക്ക് അഭീഷ്ട്ട വരദായകനായി ദേവസ്ഥാനത്തില്‍ വാഴുമ്പോള്‍ തൊട്ടടുത്ത്,കുട്ടിച്ചാത്തന്മാരെ ആവാഹിച്ചിരുത്തിയിരിക്കുന്ന കുക്ഷികല്‍പ്പത്തില്‍ വേലുമുത്തപ്പന്‍റെ ആത്മാവും ഉണ്ടെന്ന് സങ്കല്‍പ്പം.
 വേലുമുത്തപ്പ സ്വാമികള്‍                          കുക്ഷികല്‍പ്പ സമാധി  
 വേലുമുത്തപ്പ സ്വാമികളുടെ സമാധിക്കു ശേഷം,ദേവസ്ഥാനത്ത് അനേക തലമുറകള്‍ വിഷ്ണുമായ സ്വാമിയെ പൂജിച്ചു ഭജിച്ചു പോരുന്നു.ഇപ്പോള്‍ ദേവസ്ഥാനാധിപതി ആയിരിക്കുന്ന ഉണ്ണി ദാമോദരന്‍റെ മുത്തശ്ശനും, പണ്ഡിതനും,അഭ്യാസമുറകള്‍ അറിയാവുന്ന ആളുമായിരുന്ന ബ്രഹ്മശ്രീ വേലുക്കുട്ടി, ക്ഷേത്ര ചൈതന്യം വര്‍ദ്ധിപ്പിക്കുവാനായി  തന്നാലാവോളം പ്രവര്‍ത്തിച്ച്,മലയാള ആണ്ട് 1116ല്‍ പുത്രനായ ദാമോദരന് അധിപതി സ്ഥാനം കൈമാറിയിട്ട്‌ സമാധിയാകുകയാണുണ്ടായത്.   ഇദ്ദേഹവും മഹാപണ്ഡിതനും,ദേവസ്ഥാനത്തിന്‍റെ ചൈതന്യം മേല്‍ക്കുമേല്‍ ഉയരാന്‍ 
കാരണക്കാരനുമാണ്.


ബ്രഹ്മശ്രീ വേലുക്കുട്ടി                           ബ്രഹ്മശ്രീ ദാമോദര സ്വാമികള്‍   
                                                                                                                                                                             
  ദാമോദര സ്വാമികളുടെ   സമാധി മണ്ഡപവും,വെങ്കല പ്രതിമയും.
                                                                                                    ഇപ്പോഴത്തെ ദേവസ്ഥാനാധിപതി   ഉണ്ണി                                                                                      ദാമോദരന്‍

പുരാതനവും ചരിത്രപ്രസിദ്ധവുമായ പെരിങ്ങോട്ടുകര ദേവസ്ഥാനത്തെ “തിറവെള്ളാട്ട്” വിഷ്ണുമായ ഭഗവാന്‍റെ പിറന്നാള്‍ ആഘോഷമാണ്.ഈ ഉത്സവത്തിന്‍റെ ദിവസം നിശ്ചയിക്കുന്നത് നൃത്തത്തില്‍ വരുന്ന വിഷ്ണുമായ സ്വാമി തന്നെയാണ്.ഭഗവാന്‍ ദേവ സ്ഥാനാധിപതിക്ക് ആണ്ടറുതിക്കാര്യം അരുളപ്പാടായി നല്‍കുന്നു.തിറ വെള്ളാട്ടിന്,മൂല സേവക്കാരനായ വേലുമുത്തപ്പനൊപ്പം വിഷ്ണുമായ സ്വാമിയും പുറത്തേക്ക് എഴുന്നള്ളും.സംഗീത നൃത്ത പ്രിയനായ സ്വാമിയ്ക്ക് ഏഴു ദിവസത്തെ ഉത്സവമാണ് നടത്തുന്നത്.ഇതിനായി ഒരുക്കുന്ന ആദ്യത്തെ കളം വേലു മുത്തപ്പന്‍റെതാണ്.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഏഴു കളങ്ങളും നടത്തുകയും അവസാന ദിവസം വിഷ്ണുമായ സ്വാമിയുടെ പൂര്‍ണ്ണ രൂപത്തിലുള്ള നിസ്തുല നൃത്തക്കളവുമാണ് ഒരുക്കുന്നത്.വര്‍ഷത്തിലൊരിക്കല്‍ ഉള്ള ഈ രൂപക്കള ദര്‍ശനം പരമ പുണ്യമായി  കരുതുന്ന ഭക്തജനങ്ങള്‍ കളത്തിലെ ധൂളി വാരിയെടുത്ത് സ്വഗൃഹത്തിലെ പവിത്രമായ ഒരിടത്ത് സൂക്ഷിച്ച് ആപത് ശങ്ക ഇല്ലാതെ ജീവിക്കുന്നു എന്നു പറയപ്പെടുന്നു.തിറ വെള്ളാട്ട് കഴിഞ്ഞ് ദേവസ്ഥാനത്തിന്‍റെ അമ്മയായ ഭുവനേശ്വരി ദേവിയെ പ്രീതിപ്പെടുത്താന്‍ വേണ്ടി തോറ്റം പാട്ടും നടത്തി വരുന്നുണ്ട്. 
 

എഴുന്നെള്ളിപ്പും കളമെഴുത്തും ഈ ദിവസത്തെ പ്രത്യേകതകളാണ്.



ബഹുവര്‍ണ്ണപ്പൊടികളാല്‍ വിഷ്ണുമായ രൂപക്കളം വരച്ച് ഭഗവാന്‍റെ കഥകള്‍ പാടിപ്പുകഴ്ത്തി നടത്തുന്ന വിശിഷ്ട പൂജയായ മഹാരൂപക്കളം ഉള്‍പ്പടെ,കളമെഴുത്ത്പാട്ട് ഉത്സവം,അമാവാസി, പൗര്‍ണ്ണമി പൂജകള്‍ എല്ലാം വളരെ കൃത്യമായി ഭക്തിയോടെ ഇവിടെ നടത്തി വരുന്നു.

      സംഗീതനൃത്ത പ്രിയനായ വിഷ്ണുമായസ്വാമിയുടെ പിറന്നാളിനോട് അനുബന്ധിച്ച് എല്ലാവര്‍ഷവും രണ്ടാഴ്ച്ചത്തെ നൃത്തസംഗീതോത്സവം നടത്തി വരുന്നുണ്ട്.ഭാരതരത്ന ശ്രീമതി ലതാ മങ്കേഷ്കര്‍,പദ്മവിഭൂഷണ്‍ ഡോക്ടര്‍.എം ബാലമുരളികൃഷ്ണ,ഗസല്‍ ഗായകന്‍ പദ്മശ്രീ ഹരിഹരന്‍ തുടങ്ങി വളരെ പ്രഗത്ഭരായ സംഗീതജ്ഞരെ,വര്‍ഷാവര്‍ഷം ഇവിടെ ക്ഷണിച്ചുവരുത്തി ദക്ഷിണാമൂര്‍ത്തി നാദ പുരസ്ക്കാരം നല്‍കി ആദരിക്കാറുണ്ട്.കൂടാതെ പ്രശസ്തരായ അനേകം സംഗീത നൃത്ത വിദ്വാന്മാരുടെ പരിപാടികള്‍ക്കൊപ്പം,വളര്‍ന്നു വരുന്ന കലാകാരന്മാരെയും ,കലാകാരികളെയും സംഗീതാര്‍ച്ചനയിലേക്ക് ക്ഷണിച്ച്‌ നല്ല പ്രോത്സാഹനം നല്‍കി വരുന്നുണ്ട്.വളരെ കൃത്യമായും വെടിപ്പായും,സമയ നിഷ്ഠ പാലിച്ചുമുള്ള പരിപാടികളുടെ സംഘാടകര്‍ തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നവര്‍ തന്നെ.ദൂരെ സ്ഥലങ്ങളില്‍ നിന്ന് വരുന്ന എല്ലാ കലാകാരന്മാര്‍ക്കും താമസവും ഭക്ഷണവും സൗജന്യമായി അവിടെ നിറഞ്ഞ മനസ്സോടെ നല്‍കി വരുന്നത് ശ്ലാഘനീയം തന്നെ.                   
2018 ജനുവരി 18ന് പെരിങ്ങോട്ടുകരയില്‍ നടന്ന ലേഖികയുടെ സംഗീതക്കച്ചേരി 

സംഗീതോത്സവ പരിപാടികളുടെ അമരക്കാരനായ പ്രശസ്ത സംഗീതജ്ഞന്‍ ശ്രീ ജയചന്ദ്രനാണ് ഞങ്ങളുടെ താമസ സൗകര്യം തുടങ്ങിയ സഹായ സഹകരണങ്ങള്‍ ചെയ്തു തന്നത്.ഏകദേശം അന്‍പത് മിനിറ്റുകളോളം പാടാന്‍ സാധിച്ച എനിക്ക് സമ്മാനങ്ങളും തന്ന് നല്ല വാക്കും പറഞ്ഞ്, അടുത്ത വര്‍ഷം നേരത്തെ വരണമെന്ന് പറഞ്ഞ് അദ്ദേഹം സുസ്മേരവദനനായി ഞങ്ങളെ യാത്രയാക്കി.
   യാത്രാദുരിതങ്ങള്‍ക്കൊടുവില്‍ അപരിചിതമായ ഒരു ഗ്രാമത്തില്‍ എത്തിപ്പെട്ടപ്പോള്‍ ഉണ്ടായിരുന്ന ആശങ്കകള്‍ക്കപ്പുറം,ഒരു കൂട്ടം സന്മനസ്സുകളുടെ,ഐകമത്യത്തിന്‍റെയും,അര്‍പ്പണ മനോഭാവത്തിന്‍റെയും, സര്‍വ്വോപരി,സ്നേഹം എന്ന അമൂല്യ വസ്തുവും ഒത്തുചേര്‍ന്നപ്പോള്‍, അപരിചിതം ഏറ്റവും ചിതമായി,യാത്ര, അനുഭവമായി,ദുരിതം ആഹ്ലാദമായി....ലഭിക്കുന്ന ഓരോ അവസരവും,ഓരോ അനുഭവപാഠവും, ഒപ്പം,ജീവിതം അറിയാനുള്ള വേദിയുമായി .....  


ഗീത .എ                              24/01/2018 












2018 ജനുവരി 18, വ്യാഴാഴ്‌ച




ചോണല്‍ പുരാണം
-നന്ദ-

ഉറുമ്പുറുമ്പോ ഇട്ട പ്രാച്ചീ ...ഉറുമ്പിന്‍റെ കൂട്ടിലെന്തു വീണു ....?
ചക്ക വീണു ....ങ്ങേ...എന്‍റെ ഉറുംമ്പുംകുളങ്ങര മുത്തപ്പാ..ഞാനെന്തായീ കേക്കണേ?ഇങ്ങോട്ടെറങ്ങും വരെ ഒരു കൊഴപ്പോം ഇല്ലാരുന്നല്ലോ,അതിനെടേല്ചടപടാന്നൊരു ചക്ക വീഴ്വേ?കുഞ്ഞും മൊട്ടേം എല്ലാം അതിനകത്താ ...ഒന്നും വരുത്തല്ലേ .ഒരു തുണ്ടം ചക്കര തന്നേക്കാമേ മുത്തപ്പാ ...’ തീറ്റ തേടിയിറങ്ങിയ ചോണലെറുമ്പ് വേവലാതിപ്പെട്ട്മാളത്തിലേക്ക് തിരിച്ചോടി .അവിടെച്ചെന്നപ്പോഴല്ലേ  ചക്കേമില്ല ചക്കരേമില്ല,അന്തരീക്ഷം ശാന്തം !ചിലരൊക്കെ പുറത്തേയ്ക്കും അകത്തേയ്ക്കും ഒക്കെ പോക്കുവരവ് നടത്തുന്നുണ്ട്.ഏ..ഇതെന്ത് പറ്റീ ?! പെട്ടെന്നിങ്ങ് മടങ്ങിയതിന്‍റെ കാരണം തിരക്കി ചിലര്‍ ചോണലിനടുത്തെത്തി. ഉണ്ടായ സംഭവം വിവരിച്ചപ്പോഴല്ലേ ‘കുട്ട്യോള്‍ടെ തമാശക്കളി  കേട്ട് വിശ്വസിച്ച്  തിരിഞ്ഞോടിയ നീയെന്തൊരു  മടയനെടെ ‘ എന്ന് പറഞ്ഞവര്‍ പാവത്തിനെ കളിയാക്കി വിട്ടു. ചോണല് വീണ്ടും അതെ റൂട്ടില്‍ തന്നെ യാത്ര തുടര്‍ന്നു.സംഭവ സ്ഥലത്തെത്തുമ്പോള്‍  അവിടെ പൊരിഞ്ഞ കളി നടക്കുകയാ .....മൊതലയെന്ത്യെ..?   തല്ലിക്കൊന്നു....ശവം എന്ത്യേ...ഉറുമ്പരിച്ചു....ഉറുംമ്പെന്ത്യെ....ദാ പോണേ...ദാ പോണേ ...ഒരു വിരുതന്‍ ചോണലിനെ ചൂണ്ടിക്കാട്ടി പിറകെ കൂടി .ആഹാ...അത് തന്നെ ചക്ക വീണെന്ന് പറഞ്ഞ് പറ്റിച്ചതും പോരാ...മൊതലേ തിന്നെന്നു കള്ളം പറഞ്ഞതും പോരാ..പിന്നേം വഴീ പോണവരുടെ  തലേലോട്ടു കേറിയ്ക്കോ....വല്ലതും നാലക്ഷരം പഠിക്കാനുള്ള സമയത്ത് കളിച്ചു നടക്കുന്നതോ പോകട്ടെ ...രക്തം വേര്‍പ്പാക്കി ജോലി ചെയ്ത് കുടുംബം പോറ്റുന്ന കുഞ്ഞുകുട്ടി പരാധീനക്കാരായ മിണ്ടാ പ്രാണികളെ ഉപദ്രവിക്കുന്ന നിന്‍റെ ഒക്കെ തലേലിടിത്തീ  വീഴും.പ്രാകി പ്രാകി ചോണലു പ്രാണനും കൊണ്ടോടി .കുരുകുരുത്തംകെട്ട ഇത്തുങ്ങടെ സ്വന്തം തലേല്‍ കുരുത്തതായിരിക്കും  ഈ ചക്കക്കതേം,മൊതലക്കതേം.അല്ലാതെ തന്തേം തള്ളേം മാഷ്‌ മാരും ഇത്തരം വേണ്ടാതീനങ്ങള് പഠിപ്പിച്ചു വിട്വോ ?എന്തെല്ലാം നല്ല കാര്യങ്ങളാ ഉറുമ്പുകളെപ്പറ്റി പറയാനുള്ളത് –
    ഇന്നാളിലൊരപ്പൂപ്പന്‍ ഇവറ്റകളോട് പറേന്ന കേട്ടതാ –മക്കളേ  നിങ്ങളുറുമ്പുകളെ കണ്ട് പഠിക്കിന്‍ ,എന്ത് സ്ഥിരോത്സാഹികളാണവര്‍, എന്ത് കരുതലാണവര്‍ക്ക് ?പഞ്ഞ കാലം വരുന്നതിന് മുന്‍പ് എന്തൊത്തൊരുമയോടെയാ അവര്‍ ആഹാരം സംഭരിച്ചു സൂക്ഷിച്ച് വയ്ക്കുന്നത് ? അവരുടെ ചുറുചുറുക്കും ,ഐകമാത്യവും എല്ലാം നമ്മള് മനുഷ്യര് കണ്ട് പഠിക്കേണ്ടതാ ....  ചോണലിന്‍റെ മാളത്തിനടുത്തുള്ള ഒരു മരത്തണലിലിരുന്നാണ് അപ്പൂപ്പന്‍ കുട്ട്യോള്‍ക്ക് ഇതൊക്കെ പറഞ്ഞു കൊടുത്തത് .ആ വഴി പോയ  ചോണലും കൂട്ടരും “രോമാഞ്ച” (രോമമില്ലെങ്കില്‍ പോലും )ത്തോടെയാണ് അപ്പൂപ്പന്‍റെ വാക്കുകള്‍ കേട്ടത്. ഉറുമ്പുകളെ നിരീക്ഷിച്ച് അവരുടെ ജീവിതത്തില്‍ നിന്ന് പഠിക്കാനുള്ളത് പഠിച്ചു സ്വജീവിതത്തില്‍ പകര്‍ത്താന്‍ പറഞ്ഞേല്‍പ്പിച്ചു അപ്പൂപ്പന്‍ വിശ്രമത്തിനു പോകേണ്ട താമസം ആ ശൂന്യങ്ങള്‍ കൊറേ ചക്കക്കറേം സംഘടിപ്പിച്ച് മാളത്തിന് മുന്നിലുള്ള വഴിത്താരയില്‍ തേച്ച് പിടിപ്പിച്ച് കുത്തിയിരുപ്പായി .ഇതൊന്നുമറിയാതെ   ചോണലിന്‍റെ കൂട്ടുകാര്‍ ആ വഴി വന്നു .ദാ ...പറ്റിപ്പോയി ..ഒന്നുരണ്ടാള്‍ ചക്കക്കറയില്‍ കാല്‍ ഒട്ടി കിടപ്പായി ,കുട്ടികള്‍ കൈകൊട്ടി ചിരീം തൊടങ്ങി .കൂടുതലാള്‍ ഒട്ടുന്നതിനൊട്ടുന്നതിനു അതുങ്ങടെ ചിരീം ആര്‍പ്പു വിളീം കൂടിക്കൂടി വന്നു.നാലഞ്ച് പേര്‍ ഒട്ടിയപ്പോള്‍ ചോണലും കൂട്ടരും ആപത്ത് മണത്തറിഞ്ഞ് ദുരന്ത സ്ഥലത്ത് നിന്നല്‍പ്പം മാറി നിന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി .മാളത്തിലേക്ക് പോകാന്‍ അധികം അകലെയല്ലാതെ ഒരു പുതിയ ഹൈവേ അവര്‍ ഞൊടിയിടയില്‍ തരപ്പെടുത്തുകയും ചെയ്തു .ഉടന്‍ തന്നെ അവരുടെ സങ്കേതത്തില്‍ നിന്ന് വളരെയധികം പേര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി കറ പുരണ്ട വഴിത്താരയ്ക്കരികിലെത്തി .വളരെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഒട്ടിപ്പോയവരെ ഒരു വിധം രക്ഷിച്ച് മാളത്തിലേക്ക് കൊണ്ട് പോയെങ്കിലും ഒന്നുരണ്ടാള്‍ മാര്‍ഗ മദ്ധ്യേ കാലഗതിയെ പ്രാപിച്ചു .മറ്റുള്ളവര്‍ ഫിസിക്കലി ഹാന്‍ടിക്യാപ്ടും,ആയി.ഒരാള്‍ക്ക്‌ കാലു പോയെങ്കില്‍ മറ്റൊരാള്‍ക്ക് കൊമ്പ് ,കണ്ണ് ,അങ്ങനെ വികലാംഗരായ അവരെ ഒരു കണക്കില്‍ വലിച്ചു നിരക്കി കൂട്ടിലെത്തിച്ച് സംവരണം കൊടുത്തിരുത്തി.,ഇനി അവര്‍ക്ക് പണിയ്ക്ക് പോകുവാന്‍ പറ്റില്ല .അവര്‍ക്കുള്ളതും കൂടി മറ്റുള്ളവര്‍ ചുമന്നു കൊണ്ട് വരണം .ആ കുരുത്തം കെട്ട പരിഷകള്‍ക്ക് എന്തിന്‍റെ കേടാ –ചുമ്മാതല്ല അത്ങ്ങടെ മുത്തശ്ശി ‘ശൂന്യങ്ങള്‍’ എന്ന ഓമനപ്പേരിട്ട്  വിളിക്കുന്നത്‌ .
    ഒരു ദിവസം ചോണലും കൂട്ടരും പതിവ് പോലെ വെളുപ്പിന് തന്നെ പണിയ്ക്കിറങ്ങി .ആ നേരത്ത് കുറുമ്പന്‍ ക്ടാങ്ങള് മൂടിപ്പൊതച്ച് ഉറക്കമായിരിക്കും .ഇന്നലെ രാത്രീല്‍ അവരുടെ വീട്ടില്‍ ചക്കര കൊണ്ട് വന്നതിന്‍റെ മണം കിട്ടീട്ടൊണ്ട്‌.എല്ലാരും കൂടെ ഒന്നാഞ്ഞ്‌ പണിഞ്ഞാല്‍ നല്ലോണം കിട്ടും .കുറച്ച് മുത്തപ്പന് നേര്‍ച്ചേം കൊടുക്കേണ്ടതാ. ചോണല്  കൂട്ടുകാരെ ഓര്‍മ്മിപ്പിച്ചു.ഒരു നീണ്ട നിര തന്നെ പീക്കിരികളുടെ വീടിന്‍റെ അടുക്കളയ്ക്ക് വച്ച് പിടിച്ചു.ഉണ്ടശ്ശര്‍ക്കരയാകെ എറുമ്പുകള്‍ പൊതിഞ്ഞു .ആദ്യം തന്നെ കുറേപ്പേരൊക്കെ അവരുടെ വയറ് നിറയെ അകത്താക്കി  മദോന്മത്തരായി ഇരിപ്പ് തുടങ്ങി .ആ ഇരിപ്പത്ര നല്ലതിനല്ലെന്നായിരം തവണ അറിയിച്ചിട്ടും ,അവര്‍ ആയിരിപ്പില്‍ നിന്ന് അനങ്ങിയതേ ഇല്ല.(ഉറുമ്പുകളിലും ചില മനുഷ്യരുണ്ടല്ലോ )ചിലര്‍ ചക്കരത്തുണ്ടുകളുമായി മാളത്തിലേക്കോടി.രണ്ടും മൂന്നും തവണ പോയ്‌  വരുമ്പോഴും കിറുങ്ങിപ്പോയവര്‍ ചക്കരക്കൂനയ്ക്ക് മുകളില്‍ എനിയ്ക്കൊന്നും വയ്യേന്നു പറഞ്ഞിരിപ്പുണ്ടായിരുന്നു.ചില വിരുതന്മാര്‍ മറ്റേതെങ്കിലും ഭോജ്യ വസ്തുക്കള്‍ കൂടി അടിച്ചു മാറ്റാന്‍ പാകത്തിലിരിപ്പുണ്ടോ എന്നറിയാന്‍ ശ്രമം തുടങ്ങി. ദാ അവിടെ ഒരു ദിക്കില്‍ കുറച്ചരിപ്പൊടിയിരിപ്പുണ്ട്,സന്ദേശം കിട്ടേണ്ട താമസം ഒരു ബറ്റാലിയന്‍ അരിപ്പൊടി ചുമക്കുന്നതിലേക്കായി നിയോഗിക്കപ്പെട്ടു .ചിലര്‍ വായില്‍ കൊള്ളുന്ന കൊച്ചു തരികളും മറ്റു ചിലര്‍ ആര്‍ത്തി പെരുത്ത് വന്‍ തരികള്‍ വായും കൈയും തലയും എല്ലാം കൂടി ചേര്‍ത്ത് ഒരുവിധം  എടുത്ത് ചരക്ക് കയറ്റിയ ലോറി കയറ്റം കയറുന്നത് പോലെ മാളത്തിലേക്ക് നിരങ്ങി നിരങ്ങി പൊയ്ക്കൊണ്ടിരുന്നു.ഇനി വേറൊരിടത്ത് കുറച്ച് പഞ്ചാരത്തരികളും കിടപ്പുണ്ട്.അത് അവസാനം എടുത്താല്‍ മതിയെന്ന് കമാണ്ട് കിട്ടിയെങ്കിലും ചില പഞ്ചാരക്കൊതിയന്മാര്‍ അങ്ങോട്ടും പോകാതിരുന്നില്ല ..കാര്യങ്ങള്‍ ഇത്രയൊക്കെ എത്തിയപ്പോഴല്ലെ ആകെ ഒരു ബഹളം –“ അയ്യോ ....ഇതത്രേം ഉറുമ്പ് കേറി ,...ഞാനന്നേരേ പറഞ്ഞതാ എവിടേലും ഉറുമ്പ് കേറാത്തിടത്ത് വയ്ക്കണമെന്ന് ,അതെങ്ങനാ ഇതിനു വല്ലോം ഇവിടൊള്ളവര്‍ക്ക് നേരം ണ്ടോ ? സീരിയല് കണ്ടോണ്ടിരുന്നാപ്പിന്നെ ലക്കും ലഗാനുമില്ലല്ലോ .....ചെതലെടുത്താലറീല്ല”...”അതപ്പോത്ര കേമവായെ...ഉദയാസ്തമനം അടുക്കളേല്‍ കെടന്ന് മടച്ചിട്ട് ഇത്തിരി നേരം ഒന്ന് സീരിയല് കണ്ടതാ ഇപ്പൊ കുറ്റമായെ.വാങ്ങിക്കൊണ്ടു വരുന്നവര്‍ക്കും ആകും ഒന്ന് സൂക്ഷി ച്ചൊതുക്കി വയ്ക്കാന്‍ ....ഹാ പിന്നേ ....”
    പീക്കിരികളുടച്ചനും അമ്മേം തമ്മില് വഴക്ക് മൂത്തു.അവരുടെ അടി നീണ്ട് നീണ്ട് പോകുന്നതനുസരിച്ച് ചക്കരയുറുമ്പുകളുടെയും  അരിപ്പൊടി വീരന്മാരുടെയും  ക്യൂവും നീണ്ടു പോയി...’ഓ ...മതി മതി ....ഇനിയേലും  ഒള്ളതെടുത്തു വയ്ക്കാന്‍ നോക്ക് ...കെടന്ന് തൊള്ള തൊറക്കാതെ...’വഴക്കിന്‍റെ ക്ലൈമാക്സ് അങ്ങനെ എത്തി നില്‍ക്കെ ചക്കരയുണ്ടകലെടുത്ത് ഒരു പാത്രത്തിലെ വെള്ളത്തിലിട്ട് അടുപ്പത്തു വച്ചു,പീക്കിരികളുടെ  ഭദ്രകാളിയമ്മ .കലിയടങ്ങാതെ അവര് അരിപ്പൊടിയെടുത്ത് വെള്ളം നിറച്ച വലിയ പാത്രത്തിന് മീതെ മറ്റൊരു പാത്രത്തിന് മുകളിലായി വച്ചു.എന്നെ ഇത്രേം ചീത്ത കേള്‍പ്പിച്ച നീയൊക്കെ രക്ഷപ്പെടുന്നതൊന്നു കാണട്ടെ....അരിപ്പൊടി ചുമട്ടു തൊഴിലാളികളും ചക്കരയുണ്ട മേല്‍ ഉറക്കം തൂങ്ങിയിരുന്ന മദ്യപന്മാരും  ഇന്നകപ്പെട്ടത്‌ തന്നെ .
                ഇന്നിവിടെല്ലാരും ഉറുമ്പ്പായസം കുടിച്ചാല്‍ മതി,ഉറുമ്പിനെ തിന്നാല്‍ കണ്ണ് തെളിയുമെന്നാ പ്രമാണം .കാളിത്തള്ളയുടെ ദേഷ്യം പതഞ്ഞ് പൊങ്ങുകയാണ്.ഓഹോ അങ്ങിനെയൊരു പ്രമാണം ഈ തള്ളയ്ക്കെവിടുന്നു കിട്ടീ?ചോണലും കൂട്ടരും പരസ്പരം നോക്കി. ഏതായാലും ഇനി അധിക സമയം ഇവിടെ നില്‍ക്കാതിരിക്കുന്നതാ ബുദ്ധി , പ്രക്ഷുബ്ദമായ കടല്‍ പോലെ കലിതുള്ളി നില്‍ക്കുകയാണ് തള്ള. ചോണലും കൂട്ടരും ജീവനും കൊണ്ടോടി .ചിലര്‍ കയ്യിളിരുന്നതും കൊണ്ടോടി ,മറ്റു ചിലര്‍ കിട്ടിയത് വിട്ടേച്ച് ഓടി.
ബഹളമൊക്കെ കേട്ടായിരിക്കണം പീക്കിരികളും കണ്ണും തിരുമ്മി രംഗത്തെത്തി .’അയ്യേ അമ്മേ ഉറുമ്പിനെ ഇട്ടു പായസം വയ്ക്കാന്‍ പോകുന്നോ ?ഉറുമ്പിന്‍റെ ദേഹത്ത് നാരങ്ങേലുള്ളത് പോലെ സിട്രിക്കാസിടഡാമ്മേ....അതിട്ടു പായസം വച്ചാ പുളിയ്ക്കും അമ്മേ....’ പീക്രികള്‍ ഉള്ള അറിവ് തള്ളയ്ക്ക് പകര്‍ന്ന് കൊടുക്കേണ്ട താമസം തവിക്കണയും എടുത്ത് അവര്‍ ഒറ്റച്ചാട്ടം.”പൊക്കോണ്ണം എന്‍റെ മുമ്പീന്ന് “ ഉച്ചയൊറക്കം ഒറങ്ങിയേച്ച്  പഠിപ്പിക്കാന്‍ വരുന്നോ?ചക്കര കൊണ്ട് വന്ന വച്ച അന്നേരം തോടങ്ങി കട്ട് തിന്നാന്‍ നല്ല മിടുക്കാരുന്നു,അതൊന്നു പൊതിഞ്ഞു ഉറുമ്പ് കേറാതെ വയ്ക്കാന്‍ നിന്നെക്കൊണ്ടോന്നും ഒത്തില്ലല്ലോ എന്നിട്ട് പാഠം പറഞ്ഞു തരാന്‍ വന്നിരിക്കുന്നു. ചക്കരപ്പായസമല്ല നല്ല ചൂരല്‍ പായസമാ നിനക്കൊക്കെ തരാന്‍ പോകുന്നത്.”  ...തള്ളയ്ക്ക് കിട്ടിയ വഴക്ക് പലിശേം ചേര്‍ത്ത് പീക്കിരികള്‍ക്ക് സമമായ്‌ വീതിച്ചു കൊടുത്തതില്‍ അവര്‍ സ്ഥലം കാലിയാക്കി.ഇതെല്ലാം ദൂരെ നിന്ന് ചോണല്‍ കാണുന്നുണ്ടായിരുന്നു. ‘നന്നായിപ്പോയി നിനക്കൊക്കെ ഇത് തന്നെ വേണം. ചോണലിനെ ചെറിയോരു ചതിച്ചാ ചെറിയോരെ ദൈവം ചതിയ്ക്കും.’ ചോണലു പിറുപിറുത്തു..ഇതിനോടകം അടുപ്പില്‍ ചൂടാക്കാന്‍ വച്ചിരുന്ന ചക്കര പ്പാത്രം ചൂട് പിടിക്കാന്‍ തുടങ്ങി. ചോണലിന്‍റെ കൂട്ടര് പലരും അതിനകത്തുണ്ട്‌.പലരും നീന്തിത്തുടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.പക്ഷെ നീന്താനാകാതെ അവര്‍ കൈകാലിട്ടടിക്കുകയാണ്,ഇനി നീന്തിയെത്തിയവരില്‍ പലര്‍ക്കും ചൂട് പിടിച്ച പാത്രത്തില്‍ നിന്ന് രക്ഷപ്പെടാനും ആകാതെയായി.ഇങ്ങനെ പൊള്ളലേറ്റും,വെള്ളം കുടിച്ചും പലരും  പിടഞ്ഞു പിടഞ്ഞു മരിയ്ക്കാന്‍ തുടങ്ങി.കഷ്ടം ഒരേ കുറ്റത്തിന്  രണ്ട് തരത്തില്‍ ശിക്ഷ ! ശ്ശൊ ....അത് കണ്ടു നില്‍ക്കാനാകാതെ ചോണല്‍ മാളത്തിലേക്കോടി.മാളക്കവാടത്തില്‍ വിശദാംശങ്ങളറിയാനായി ചോണല്‍ എക്സ്പ്രസിന്‍റെയും ,ചോണെറ്റ് ടി വി യുടെയും പ്രതിനിധികള്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.ഉണ്ടായ സംഭവങ്ങളെല്ലാം ചോണല്‍ വളരെ വിശദമായി തന്നെ പത്രക്കാരെ ധരിപ്പിച്ചു.കൂടാതെ ഉറുമ്പുകളോടും മറ്റ് ചെറുജീവികളോടും മനുഷ്യരടക്കമുള്ള ദുഷ്ട ശക്തികളായ വന്‍കിടക്കാരുടെ പൈശാചിക സമീപനത്തെ  ശക്തമായി ചെറുത്തു നില്‍ക്കുന്നതിനുള്ള ആഹ്വാനവുമുണ്ടായി .തുടര്‍ന്ന് ഇത്തരം അംഗസംഖ്യാ നഷ്ടം വരാതിരിക്കാനുള്ള പദ്ധതികളാവിഷ്ക്കരിയ്ക്കാന്‍ ഉറുമ്പിന്‍ കൂട്ടം ഒന്നടങ്കം ഒത്തു ചേരണമെന്നും ചോണല്‍ നിര്‍ദ്ദേശിച്ചു.
    ദുഷ്ട ശക്തികള്‍ എന്ന് താങ്കള്‍ ഉദ്ദേശിച്ചത് മനുഷ്യരെ മാത്രമാണോ ?അതോ മറ്റാരെയെങ്കിലും കൂടി കരുതിയാണോ ആ വാക്കുപയോഗിച്ചത് ? ഒരു പ്രസ്സുറുംമ്പ് ചോദിച്ചു.
ഞാന്‍ പ്രത്യേകിച്ചാരേം ഉദ്ദേശിച്ചു പറഞ്ഞതല്ല ...നമ്മളോട് ദുഷ്ടത കാണിക്കുന്നവരാരായാലും അത് ദുഷ്ട ശക്തി തന്നെ ...ചോണല്‍ തന്‍റെ നയം വ്യക്തമാക്കി .
അപ്പോള്‍ തീര്‍ച്ചയായും മനുഷ്യരല്ലാതെ മറ്റാരോ കൂടിഉണ്ട് എന്നൊരു സംശയം ബാക്കി നില്‍ക്കുന്നു –മിസ്റ്റര്‍ ചോണല്‍..,മറ്റൊരു പ്രസ്സുറുമ്പിന്‍റെ സംശയം..’ആ ഉണ്ടെങ്കില്‍ കണക്കായിപ്പോയി ..ഉണ്ടെന്ന്‍ തന്നെ വച്ചോ –ഇന്നാളൊരു ദിവസം മാഞ്ചോട്ടില്‍ അളിഞ്ഞ് കിടന്ന മാങ്ങാ നോക്കാന്‍ പോകുന്ന വഴി നിങ്ങടെ ആള്‍ക്കാരിലൊരാള്‍ ഞങ്ങളുടെ ഒരാളെ ഇറുക്കിയതോ ? എന്താ ചക്കേം മാങ്ങേം നിങ്ങടെ മാത്രം സ്വന്തമാണോ ?’കട്ടുറുമ്പായ പ്രസ്സുറുമ്പിനോട് ചോണല് മറു ചോദ്യം ചോദിച്ചു.
ആ ,, എന്താ സംശയം /! പറമ്പിലൊള്ളത് ഞങ്ങടെ വകയാ ,നിങ്ങടെ അടുക്കളക്കാര്യത്തില്‍ ഞങ്ങള് വരുന്നില്ലല്ലോ ...അവരോര് അവരോരുടെ സ്ഥാനത്തിരുന്നാ മതി..അല്ലെങ്കിലിങ്ങനേം ചിലപ്പോഴുണ്ടായെന്ന് വരും .കട്ടുറുംമ്പ് തിരിച്ചടിച്ചു...ഓ സ്ഥാനത്തിരിയ്ക്കുന്നു  പോലും അവരോരുടെ സ്ഥാനത്ത് തന്നെ ഇരുന്നിട്ടാ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പെന്ന് നാട്ടുകാരെക്കൊണ്ട്‌ പറയിപ്പിക്കുന്നത് ... നാണമില്ലല്ലോ നിനക്കൊക്കെ ...കട്ടുറുമ്പിന്‍റെ നാവടക്കാന്‍ പോന്നതായിരുന്നു ചോണലിന്‍റെ വാക്കുകള്‍.
പറമ്പിലൊള്ളതൊക്കെ നിന്‍റെയാ ...ഓ ആവും ആവും...ഉവ്വേ ..ഉവ്വേ ...എത്ര കേമായിട്ടാ നീയങ്ങ് പറഞ്ഞ്ഒപ്പിച്ചത്? മാവും മരവുമൊക്കെ ആരുടെയാണെന്ന് ഏതു കൊടി കെട്ടിയവനും അറിയാം ...ഇങ്ങു വന്നേരെ മാവേല്‍ കയറാന്‍ ...’’ അതുവരെ മിണ്ടാതിരുന്ന നീറ് വളരെ ശക്തമായി ആഞ്ഞടിച്ചു .കാര്യങ്ങള്‍ ഇത്രയും ആയപ്പോള്‍ കട്ടുറുമ്പുകള്‍ കോണ്‍ഫറന്‍സില്‍ നിന്ന് വോക്ക്ഔട്ട്‌ നടത്തി.ചോണലുകളുടെ അധിക പ്രസംഗത്തെയും അതിനു കിട്ടിയ ശിക്ഷയേയും പ്രതിപാദിച്ച്’ഉപ്പ് തിന്നുന്നവര്‍ വെള്ളം കുടിയ്ക്കും ‘ എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത അന്നുതന്നെ അവര്‍ തയ്യാറാക്കി വച്ചു.വോക്കൌട്ടിന് ശേഷം അവശേഷിച്ചവര്‍ പിന്നെയും കുറച്ചു നേരം കൂടി ചര്‍ച്ചകള്‍ തുടര്‍ന്നു. മനുഷ്യരെപ്പോലെയുള്ള വന്‍ ശത്രുക്കളെ  കൂട്ടായി നിന്ന് നേരിടേണ്ട അവസരത്തില്‍ ഉറുമ്പ്‌ വര്‍ഗ്ഗം തന്നെ സ്വസമുദായത്തിലുള്ളവരോട് ഇത്രയും നീചമായും പരുഷമായും പെരുമാറുന്നത് വളരെയധികം നിര്‍ഭാഗ്യകരമാണെന്ന് ചോണല്‍ പ്രസ്താവിച്ചു.ഈ സ്ഥിതി മാറ്റിയെടുക്കാന്‍ എല്ലാവരും സഹകരിക്കുമെന്ന പ്രത്യാശയോടെ ചോണല്‍ മീറ്റിംഗ് പിരിച്ചു വിട്ടു.മീറ്റിംഗ് കഴിഞ്ഞെങ്കിലും അവിടവിടെ ചെറു കൂട്ടങ്ങളായി അവര്‍ വീണ്ടും പലതും  പറഞ്ഞും പരിതപിച്ചും നിന്നു . അടുക്കളയിലെ വെള്ളപ്പൊക്ക മരണവും,തീപ്പോള്ളലേറ്റുള്ള പിടഞ്ഞു മരണവും തുടങ്ങി നടുക്കുന്ന കാഴ്ചകളെപ്പറ്റി ദൃക് സാക്ഷികള്‍  ആ ദാരുണ ദൃശ്യം കാണാത്തവരുടെ  കണ്ണ് നനയിപ്പിക്കാന്‍ പോന്ന വിധത്തില്‍  പറഞ്ഞു കേള്‍പ്പിച്ചു . കട്ടുറുമ്പുകള്‍ക്കിത്തിരി അഹങ്കാരം കൂടുതലാണെന്നും അവര്‍ പിന്‍ഭാഗം പൊക്കി നടക്കുന്നത് തന്നെ അഹങ്കാരത്തിന്‍റെ ലക്ഷണമാണെന്നും മറ്റൊരു കൂട്ടം എറുമ്പുകള്‍ പറഞ്ഞുറപ്പിച്ചു.
നീറുകളുടെ നിരനിരയായുള്ള പോക്ക് കണ്ടാണ്‌ മനുഷ്യന്‍ റാലിയും ജാഥയും സംഘടിപ്പിക്കാന്‍ പഠിച്ചതെന്ന് നീറുകളുടെ ഒരു സംഘം കണ്ടെത്തി.കൂടാതെ പഞ്ഞമാസങ്ങള്‍ക്ക് മുന്‍പേയുള്ള ഉറുമ്പുകളുടെ ആഹാര സമാഹരണ രീതി കണ്ടാണ്‌ മനുഷ്യന്‍ പണവും മറ്റും ബാങ്കുകളിലൊക്കെ കൊണ്ട് സൂക്ഷിക്കാന്‍ തുടങ്ങിയതെന്നും അവര്‍ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കി .ഇങ്ങനെ മനുഷ്യന്‍ വളരെ വിലപ്പെട്ട ആശയങ്ങള്‍ ഉറുമ്പുകളില്‍ നിന്ന് ചോര്‍ത്തിയെടുക്കുകയും പ്രാവര്‍ത്തിക മാക്കുകയും ചെയ്യുന്നു.എന്നാല്‍ പിന്നെ നമുക്കും എന്ത് കൊണ്ടവരെ നിരീക്ഷിച്ച് ചില കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കൊണ്ട് വന്നു കൂടാ ...ബുദ്ധിജീവിയും ചിന്തകനുമായ ഒരുറുമ്പ് തന്‍റെ ചിന്താധാരയിലേക്ക് മറ്റുള്ളവരെക്കൂടി ക്ഷണിച്ചു.
കാര്യമൊക്കെ ശരിയാ സാമീ ...പക്ഷേല്  ആ പീക്കിരികളേം തള്ളേം പോലുള്ള പിശാചുക്കളെ നെലയ്ക്ക് നിര്‍ത്താന്‍ ഈ സാരോപദേശോം സമാധാനോം കൊണ്ടൊന്നുമൊക്കുകേലപ്പാ....!ഒരു സ്ത്രീയുറുമ്പ് രംഗത്തെത്തി.ശരിയാ ശരിയാ വനിതകള്‍ അല്‍പ്പം പേരൊഴികെ എല്ലാവരും ആ അഭിപ്രായത്തെ പിന്താങ്ങി.’ഹും അവളല്ലേലും ഇത്തിരി കേമിയാ അല്ലെങ്കിപ്പിന്നെ ആണുങ്ങള് പറയുന്നിടത്ത് അവക്കെന്താ കാര്യം ?ബാക്കിയാര്‍ക്കും അറിയാത്ത പോലെ ...”ഒരു പെണ്ണ് കേറി ഷൈന്‍ ചെയ്‌താല്‍ മറ്റൊരു പെണ്ണിന് പിടിക്കുമോ ?’ആ പിള്ളേര് ബോയിംഗ് സ്കൂളിലാണ് പഠിക്കുന്നെന്നു അവരുടെ അടിച്ചു തളിക്കാരി പറേണ കേട്ടു,അവിടെ പഠിക്കുന്ന ഒരെണ്ണം വിത്തിന് നല്ലതില്ല .അതുങ്ങളെയാ അവളൊരു കേമി നെലയ്ക്ക് നിര്‍ത്താന്‍ പൊന്നെ ...ഇന്നാളൊരു ദിവസം അതുങ്ങടമ്മ പൊട്ടു കുത്തുന്ന  ചാന്ത് എടുത്ത് ഞങ്ങടെ മേത്തോഴിച്ചതാ,കണ്ണ് നീറീട്ട് നെലോളിച്ചോണ്ടോടിയ ഞങ്ങടെ മേക്ക് പിന്നേം പിന്നേം ചാന്തൊഴിച്ച് ഡിസൈനൊണ്ടാക്കി  കളിയാരുന്നു .തള്ള വന്നു നോക്കുമ്പം ചാന്തും തീര്‍ന്നു ,നെലോം വൃത്തികേടായി ,എല്ലാത്തിനേം പിടിച്ച് നല്ല അലക്കലക്കി തള്ള.അത് കണ്ടപ്പോഴാ ഞങ്ങടെ കണ്ണ് നീറ്റലിന് അല്‍പ്പം ആശ്വാസം വന്നത് ...എന്നാലെന്താ കുറച്ചു കഴിഞ്ഞപ്പോള്‍ തള്ള വരുന്ന വഴിയ്ക്ക് പഴത്തൊലി കൊണ്ടുചെന്നിട്ട് അവരെ വീഴ്ത്തി പകരം വീട്ടിയ  കുരുത്തം കേട്ട പിള്ളേരാ അവറ്റകള്....വിമത വനിതകള്‍ കേമിപ്പെണ്ണുങ്ങളെ ശരിക്ക് ചവിട്ടിത്താഴ്ത്തി.സ്ത്രീകളല്ലേ ഒന്നിച്ചാലെ അതിശയിക്കേണ്ടതുള്ളൂ..നമുക്ക് ഭാവിയെപ്പറ്റി ചിന്തിക്കാം,ചിന്തകനുറുമ്പ് ബാക്കിയുള്ളവരുടെ ശ്രദ്ധ തിരിച്ച് നല്ല വഴി നടത്താന്‍ തീരുമാനിച്ചു . എന്‍റെ ഇത്രേം നാളത്തെ അനുഭവ സമ്പത്ത് വച്ച് ചില കാര്യങ്ങള്‍ പറയാം ,കേട്ട് നോക്ക്.എന്നിട്ട് തീരുമാനമെടുക്കാം ..ചിന്തകന്‍ തുടര്‍ന്നു. ഇനി നമ്മളില്‍ കുറച്ചു പേര്‍ നിരീക്ഷകരായിരിക്കും .യുവ ഉറുമ്പുകളെയാണ് അതിനാവശ്യം .അവര്‍ പല ദിക്കുകളില്‍ പോയി എന്തൊക്കെ എവിടെയൊക്കെ ഉണ്ട് ,അപകട നിലവാരത്തിന്‍റെ തോതെത്രയാണ് ?,തുടങ്ങിയ വിശദാംശങ്ങള്‍ ഗ്രഹിച്ചു വരിക ,അതിനു ശേഷം ആവശ്യാനുസരണം ആള്‍ക്കാര്‍ പോകുക.പീക്കിരികളും തള്ളയും ഉറങ്ങുന്ന സമയമാണെങ്കില്‍ പറ്റുമെങ്കില്‍ അവരുടെ ചെവിയില്‍ എന്തെങ്കിലും കൊണ്ടിടുക പെട്ടെന്ന് തന്നെ ചെവിയില്‍ നിന്ന് ഇറങ്ങിപ്പോരുക ,നല്ല ഉറപ്പുണ്ടെങ്കില്‍ മാത്രം നല്ല ഒരു കടിയും കൊടുത്തേക്കുക .കൂടാതെ അവരുടെ നടവഴികളില്‍ പഴത്തൊലിത്തുണ്ടുകളോ ,എണ്ണ പുരണ്ട വിളക്ക് തിരികളോ കൊണ്ടിടുക..വഴി നടന്നാലന്നേരം തെന്നി വീണ് കയ്യോ കാലോ ഒടിയണം..പിന്നെ നമ്മുടെ നേരെ അവരുടെ കൈ കാലുകള്‍ പൊങ്ങരുത് . ഇനിയൊന്ന് സ്ത്രീയുറുമ്പുകള്‍ എത്രത്തോളം മുട്ടയിടാമോ അത്രത്തോളമിട്ട അംഗ സംഖ്യ വര്‍ദ്ധിപ്പിക്കുക.മനുഷ്യരെ കടിയ്ക്കാനും ഇറുക്കാനും കിട്ടുന്ന  ഒരവസരവും പാഴാക്കാതിരിക്കുക .പറ്റുമെങ്കില്‍ നമ്മില്‍ കു റച്ചു പേര്‍ക്കെങ്കിലും കുറച്ചു വിഷം കടമായിത്തരാന്‍  പാമ്പുകളോടോ, പഴുതാരകളോടോ അപേക്ഷിക്കാം.കട്ടുറുമ്പുകളുമായി പിണങ്ങാതെ ,ഒരകലത്തില്‍ നിര്‍ത്തി അവരെ നമുക്ക് ഗുണ്ടകളായി ഉപയോഗിക്കാം ,ഇങ്ങനെയുള്ള പാരത്തരങ്ങള്‍ക്ക് മനുഷ്യനെത്തന്നെ മാതൃകയാക്കുന്നതാണ് ബുദ്ധി.ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാവര്ക്കും അനുകൂലമായിത്തോന്നുന്നുണ്ടെങ്കില്‍ പ്രാവര്‍ത്തികമാക്കാം .ഏറെക്കുറെ അധോലോക ജീവികളായ ഉറുമ്പ് ലോകത്തിനത് നന്മയുണ്ടാക്കും. സുഭാഷിതം പംക്തി കൂടി കൈകാര്യം ചെയ്യുന്ന വന്ദ്യ വയോധികനായ ഉറുമ്പ്  സാമി പറഞ്ഞു നിര്‍ത്തി.എല്ലാവരും അദ്ദേഹത്തിന്‍റെ  ഉപദേശത്തെ സ്വാഗതം ചെയ്താലെന്ന പോലെ അവരവരുടെ കൃത്യ നിര്‍വഹണത്തിലേക്കായി  നിര നിരയായി യാത്ര തുടങ്ങി........