തനോട്ട്
മാതാ- ലോംഗെ വാല
ഭാരതാംബതൻ വീര പുത്ര സ്മരണിക -രജപുത്താന ഭാഗം 3
-നന്ദ -
അതിർത്തി പ്രദേശമായ “ലോംഗേ വാല” യിലേക്ക്
1971 ൽ ഇന്തോ പാക് യുദ്ധം നടന്ന അതിർത്തി പ്രദേശമായ “ലോംഗേ വാല” എന്ന സ്ഥലവും അവിടേയ്ക്ക് പോകുന്ന വഴി മൺ മറഞ്ഞുപോയ രാജകുടുംബാംഗങ്ങളുടെ സ്മാരകമായ “ബഡാബാഗ് ഛത്ത് രീയും ‘ “തനോട്ട് മാതാ ക്ഷേത്രവുമാണ് ” അടുത്ത ദിവസം കാണുവാൻ ഉദ്ദേശിച്ചിരുന്ന സ്ഥലങ്ങൾ. ഹോട്ടലിൽ നിന്ന് 110 കി മീ ദൂരമുണ്ട് ലോംഗേ വാലയിലേക്ക്. ഇന്ത്യൻ കരസേന നിർമ്മിച്ചു പരിപാലിക്കുന്ന സുഗമമായ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഇരു വശങ്ങളിലും നയനാനന്ദകരമായ കാഴ്ചകളാണ് കാണാൻ കഴിഞ്ഞത്. രാജസ്ഥാനിലെ ഭൂരിഭാഗം ജനങ്ങളും ഗ്രാമങ്ങളിലാണ് താമസിക്കുന്നതെന്നും കൃഷിയാണ് അവരുടെ പ്രധാന തൊഴിലെന്നും മുൻപ് പറഞ്ഞിരുന്നല്ലോ. ഹരിതാഭമായ കൃഷിയിടങ്ങളും ,ചെറിയ കുളങ്ങളും തീറ്റ തേടി യഥേഷ്ടം വിഹരിക്കുന്ന ആട് മാടുകളും മരക്കൊമ്പിലെ ഇലകൾ തിന്നു രസിക്കുന്ന ഒട്ടകങ്ങളും എല്ലാം നമുക്ക് കൌതുകം തരുന്ന കാഴ്ചകൾ തന്നെയാണ്. കൃഷി ഇല്ലാത്ത മരുഭൂമിയുടെ മറ്റ് ഭാഗങ്ങളിലെ മണൽക്കാടിന്‍റെ ശ്വേത നിറത്തിനിടയിൽ പച്ചപിടിച്ചു നിൽക്കുന്ന കുറ്റിച്ചെടികളും, മാനത്തേക്ക് ഉയർന്ന് തല കറക്കി വൈദ്യുതി ഉണ്ടാക്കി തരുന്ന കാറ്റാടികളുടെ വലിയ നിരയും മനോഹരമായ കാഴ്ചയാണ് .
ബഡാബാഗ് ഛത്ത് രി
പതിനെട്ട്,പത്തൊൻപത് നൂറ്റാണ്ടുകളിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ കാലങ്ങളിലും ജയ്സാൽമീർ രാജവംശത്തിന് വേണ്ടി ഉണ്ടാക്കിയ ഒരു മെമ്മോറിയൽ ആണ് ബഡാബാഗിലെ “ഛത്ത് രികൾ” ഹിന്ദിയിൽ ഛത്ത് രി എന്ന വാക്കിന്‍റെ അർത്ഥം “കുട’ എന്നാണല്ലോ. ജയ്സാൽ മീറിൽ നിന്ന് 6 കി മീ അകലെയുള്ള ചെറിയ ഒരു കുന്നിൻ മുകളിലായി സാൻഡ് സ്റ്റോണിൽ നിർമ്മിച്ച പല വലിപ്പത്തിലുള്ള ഇത്തരം കുടകൾ നിവർന്നു നിൽക്കുന്ന കാഴ്ച അകലെ നിന്നു തന്നെ നമുക്ക് കാണാം. പണ്ട് പുരാതന കാലത്ത് രാജ്യം ഭരിച്ചിരുന്ന ഒരു രാജാവ് ഈ പ്രദേശത്തെ ജല ദൌർലഭ്യം കണക്കിലെടുത്ത് ഒരു ഡാം നിർമ്മിക്കുകയും അതിനോട് ചേർന്ന് പൂന്തോട്ടങ്ങളും രാജ വംശത്തിലെ മൺ മറഞ്ഞു പോയവർക്ക് വേണ്ടി സ്മാരകവും ഉണ്ടാക്കാൻ തീരുമാനിച്ചു. ജീവിച്ചിരുന്ന സമയത്തെ പ്രവർത്തികൾക്കനുസരിച്ചാണ് സ്മാരകങ്ങളുടെ വലിപ്പം നിശ്ചയിക്കുന്നത്. നല്ല ഭരണവും മഹത്വ പൂർണ്ണമായ ജീവിതവും കാഴ്ച വച്ച രാജാക്കന്മാർക്കും റാണിമാർക്കും അതിന്‍റെ തോതനുസരിച്ചുള്ള കുടകളുള്ള സ്മാരകങ്ങളാണ് നിർമ്മിച്ചു വച്ചിരിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം സ്മാരക നിർമ്മാണം അവസാനിച്ചുവന്നും പറയപ്പെടുന്നു. വെയിലിൽ തിളങ്ങി നിന്നിരുന്ന കുടകൾക്കരികിൽ നിന്ന് എല്ലാവരും ഫോട്ടോ എടുത്ത് തിരിച്ചെത്തിയപ്പോൾ മൺ മറഞ്ഞ ആരെയെങ്കിലും കൂടെ കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അവരെ പറഞ്ഞു വിട്ടിട്ട് ബസിൽ കയറിയാൽ മതിയെന്ന് പറഞ്ഞ് ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കളിയാക്കി.
ബഡാബാഗ് ഛത്ത് രി മഹാന്മാരായ രാജാക്കന്മാരുടെ വലിയ ഛത്ത് രിജയ്സാൽമീറിൽ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ “തനോട്ട് മാതാ” ക്ഷേത്രം ലക്ഷ്യമാക്കി യാത്ര ചെയ്യുമ്പോൾ റോഡിനിരു വശങ്ങളിലും കെട്ടിട നിർമ്മാണ വസ്തുക്കൾ ഉണ്ടാക്കുന്ന കാഴ്ചയായിരുന്നു. ഇടയ്ക്ക് “സോനു” എന്ന ഗ്രാമമെത്തിയപ്പോൾ ആ പ്രദേശം R S M M (രാജസ്ഥാൻ സ്റ്റേറ്റ് മിനറൽ മൈനിങ് ) ന്‍റെ കീഴിലുള്ള സ്ഥലമാണെന്നും അവിടെ നിന്നും ധാരാളം ധാതുക്കളും, ചുണ്ണാമ്പ് കല്ലും ഒക്കെ കുഴിച്ചെടുത്ത് കയറ്റി അയയ്ക്കുന്നുണ്ടെന്നുമാണ് കേട്ടത് . ഇങ്ങനെയുള്ള ചരക്ക് ഗതാഗതത്തിനായി മാത്രം ഒരു റെയിൽവേ ലൈനും അവിടെ കാണാമായിരുന്നു. കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം പത്തേ മുക്കാൽ മണിയായപ്പോഴേക്കും ബസ് “രാംഘർ’ എന്ന ഒരു ഹോട്ടലിന് മുന്നിൽ കൊണ്ടു നിർത്തി. എല്ലാവർക്കും വാഷ് റൂമിൽ പോകാം ഒപ്പം അവിടത്തെ "സ്വാഗത്" റെസ്റ്റോറൻറിൽ നിന്ന് ഉച്ചഭക്ഷണവും കഴിക്കാമെന്നാണ് ഗൈഡും ,ജൂനോയും അനൌൺസ് ചെയ്തത്. ബോർഡറിലേക്ക് പോയാൽ ഇതിനൊന്നുമുള്ള സൌകര്യങ്ങൾ ഉണ്ടാകാൻ സാദ്ധ്യത ഇല്ലാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് അവർ പറഞ്ഞു . എല്ലാവരും ധർമ്മസങ്കടത്തിലായി, കാരണം എട്ടേമുക്കാലിന് ഹോട്ടലിൽ നിന്ന് വയർ നിറയെ പ്രാതൽ കഴിച്ചിട്ടാണ് ഇറങ്ങിയത്, അതു കൊണ്ട് ആർക്കും വിശപ്പുമായിട്ടില്ല. എന്നാൽ ആഹാരം പായ്ക്ക് ചെയ്തെടുത്താലോ എന്നൊരഭിപ്രായം വന്നതോടെ അതങ്ങ് പ്രാവർത്തികമാക്കാൻ തീരുമാനിക്കുകയായിരുന്നു. ആഹാരം പായ്ക്ക് ചെയ്യുന്ന സമയം കൊണ്ട് ചിലർ ചായ കുടിച്ചു, വാഷ് റൂമിൽ പോകേണ്ടവർ ആ കൃത്യവും നിർവ്വഹിച്ചു. ഹോട്ടലിന്‍റെ പിൻഭാഗത്ത് അൽപ്പം അകലെയായി അത്ര വൃത്തിയില്ലാത്ത ഒരു സ്ഥലത്തായിരുന്നു വാഷ്റൂം. വെള്ളമെടുക്കാൻ മഗ്ഗിന്‍റെ സ്ഥാനത്ത് പൊട്ടിയ ഒരു പെറ്റ് ബോട്ടിലിന്‍റെ പകുതി ഭാഗമാണുണ്ടായിരുന്നത്. എല്ലാവരും തിരിച്ചെത്തിയപ്പോഴേക്കും ആഹാര സാധനങ്ങളും വെള്ളവും, സ്റ്റീൽ പ്ലേറ്റുകളും സ്പൂണുകളും എല്ലാം വലിയ പെട്ടികളിലാക്കി ബസിൽ കയറ്റാൻ തുടങ്ങിയിരുന്നു.
ഏകദേശം രണ്ട് ലക്ഷം സ്ക്വയർ കിലോമീറ്റർ വിസ്തൃതി ഉള്ള ഥാർ മരുഭൂമിയുടെ 85 ശതമാനം ഭാരതത്തിലും ബാക്കി 15 ശതമാനം പാക്കിസ്ഥാനിലുമാണ് . ഗുജറാത്ത്, രാജസ്ഥാൻ ,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന ലോകത്തിലെ ഏറ്റവും വിസ്തൃതമായ മരുഭൂമികളിൽ ഒന്നായ ഥാർ മരുഭൂമിയുടെ വിരിമാറിലൂടെയായിരുന്നു തുടർന്നുള്ള യാത്ര. പണ്ടൊരു കാലത്ത് ഈ അതിർത്തി പ്രദേശത്ത് പാക്കിസ്ഥാനിൽ നിന്നോ മറ്റോ മയക്കുമരുന്നുകളായ കഞ്ചാവ് ഹെറോയിൻ മുതലായവ കടത്തുന്ന ഒരു മാഫിയ ഉണ്ടായിരുന്നുവത്രെ. പക്ഷേ ഇവിടെയുള്ള പാവപ്പെട്ടവരും കർഷകരുമായ ജനങ്ങൾ മയക്ക് മരുന്നിന് അടിമകൾ അല്ലായിരുന്നു, എങ്കിലും കച്ചവടത്തിൽ പങ്കുണ്ടെന്ന സംശയത്തിന്‍റെ പേരിൽ പലരും അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായത്രേ. നിഷ്ക്കളങ്കരായ ഗ്രാമീണരുടെ കഥ കേട്ടു കൊണ്ട് വിജനമായ പാതയിലൂടെ യാത്ര ചെയ്യുമ്പോൾ ഇരുവശങ്ങളിലും പ്രത്യേക തരം കുറ്റിച്ചെടികളും മണൽക്കാടുകളും അല്ലാതെ അവയ്ക്കിടയിൽ മേഞ്ഞു നടക്കുന്ന ആട്ടിൻ പറ്റങ്ങളെയും കന്നുകാലികളെയും മാത്രമാണ് കാണാൻ കഴിഞ്ഞത്. ഇടയ്ക്ക് ഒരു വശത്ത് സാറ്റ് ലൈറ്റ് കമ്മ്യൂണിക്കേഷൻ ടവ്വർ ആകാശത്തേക്ക് തുളച്ചു കയറിയത് പോലെ നിൽക്കുന്നത് കാണാമായിരുന്നു .
കമ്മ്യൂണിക്കേഷൻ ടവ്വർതനോട്ട് മാതാ ക്ഷേത്രം
ഭട്ടി രാജവംശ ഭരണകാലത്ത് ഭട്ടി രജപുത്ര രാജാവിനാൽ നിർമ്മിക്കപ്പെട്ട ക്ഷേത്രമാണ് തനോട്ട് മാതാ ക്ഷേത്രം. ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധ സമയത്ത് പാക്കിസ്ഥാൻ തനോട്ട് പ്രദേശം ആക്രമിച്ച് അനേകം ബോംബുകൾ വർഷിച്ചുവെങ്കിലും ബോംബുകൾ ലക്ഷ്യം തെറ്റുകയോ പൊട്ടാതിരിക്കുകയോ ചെയ്തുവെന്നാണ് ഐതീഹ്യം. വളരെ വലിയ അപകടങ്ങളിൽ നിന്ന് രക്ഷിച്ച തനോട്ട് മാതാ ദേവിയ്ക്ക് ദിവ്യ ശക്തിയുള്ളതായി വിശ്വസിച്ച് യുദ്ധത്തിന് ശേഷം ഇന്ത്യയുടെ അതിർത്തി രക്ഷാ സേന ക്ഷേത്രത്തിന്‍റെ ചുമതലയും നടത്തിപ്പും ഏറ്റെടുക്കുകയായിരുന്നു. ഇപ്പോഴും അവിടത്തെ കാര്യങ്ങൾ നമ്മുടെ പട്ടാളക്കാർ തന്നെയാണ് ചെയ്യുന്നത്. ഇവിടത്തെ ദേവിയെ ജാതിമത ഭേദമെന്യേ അവർ തങ്ങളുടെ കാവൽ ദേവതയായി കരുതി ആരാധിച്ചു വരുന്നു. എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കുവാൻ ശക്തിയുള്ള ദേവി കൊടും തണുപ്പിലും ,ചൂടിലും ശത്രുക്കൾക്കെതിരെ പോരാടി വിജയിക്കാൻ വീര സൈനികർക്ക് ധൈര്യവും ആരോഗ്യവും നൽകട്ടെ !
തനോട്ട് മാതാ ദേവി ക്ഷേത്രത്തിനടുത്ത് ബസിൽ നിന്നിറങ്ങിയ ഞങ്ങൾ കണ്ടത് വളരെ വൃത്തിഹീനമായ പരിസരവും, അലഞ്ഞു നടക്കുന്ന ആടുമാടുകളെയും പൂജയ്ക്ക് വേണ്ട സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാരുടെ നിരയുമാണ്. കർപ്പൂരം പോലെ വെളുത്ത ഒരു വസ്തു പായ്ക്കറ്റോടെ ഒരു കടയുടെ തട്ടിൽ നിന്ന് തട്ടിയെടുത്തു ഒരു ആട് വായിലാക്കി കൊണ്ടു പോകുന്നത് കണ്ടു. അതു പോലെ മറ്റൊരു ആട് അവിടെ നിർത്തിയിട്ടിരുന്ന ഒരു കാറിന്‍റെ മുകളിൽ കയറി നിന്ന് ഉയരത്തിലുള്ള മരത്തിൽ നിന്ന് പച്ചില തിന്നുന്ന രസകരമായ കാഴ്ചയും കാണാൻ കഴിഞ്ഞു. കൊടും വെയിലിലൂടെ കുറച്ചു ദൂരം നടന്നു വേണം ക്ഷേത്രത്തിലെത്താൻ. കടും നിറങ്ങളിലുള്ള മിനുമിനുത്ത വസ്ത്രങ്ങൾ അണിഞ്ഞ് കലപില പറഞ്ഞു പോകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിലൂടെ ഞങ്ങൾ സാവധാനം ക്ഷേത്രത്തിലെത്തി. തോരണങ്ങളും , അലങ്കാരങ്ങളും കൊടികളും മറ്റും കൊണ്ടലങ്കരിച്ച ഒരു നടപ്പന്തലിലൂടെ ക്യൂ നിന്ന് മുന്നോട്ട് പോകുമ്പോൾ ശ്രീകോവിലും അതിനു മുന്നിൽ മാലകളണിയിച്ച ഒരു ത്രിശൂലവും കാണാമായിരുന്നു . വശങ്ങളിലെ ചുവരുകളിൽ സൈനികരുടെയും യുദ്ധഭൂമിയുടെയും ചിത്രങ്ങളും, വിശദീകരണങ്ങളും, വെടിക്കോപ്പുകളും മറ്റും പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീകോവിലിന് ഒരു വശത്തായി യൂണിഫോമിട്ട ഒരു സൈനികൻ പ്രസാദമായി മധുരമുള്ള വെളുത്ത ഒരു വസ്തു എല്ലാവർക്കും കൊടുക്കുന്നതിനിടയിൽ, അദ്ദേഹത്തിന്‍റെ കണ്ണൊന്ന് തെറ്റിയതും ഒരു വലിയ ആട് ഓടി വന്ന് പാത്രത്തിൽ സൂക്ഷിച്ചിരുന്ന മധുരം കപ്പിയെടുത്ത് കൊണ്ടോടി. പ്രസാദം വാങ്ങിയിട്ട് ക്ഷേത്രത്തിനടുത്ത് ഊണ് കഴിക്കുവാനായി ക്രമീകരിച്ചിരുന്ന ചെറിയ ഹാളിലേക്കാണ് പോയത് . അവിടെ കസേരകളും മേശയും ഒന്നും ഇല്ലായിരുന്നതിനാൽ പായ്ക്ക് ചെയ്തു കൊണ്ടു വന്ന ഭക്ഷണം നിന്നും നിലത്തിരുന്നുമൊക്കെയാണ് കഴിച്ചത്, വിശന്നിരുന്ന സമയത്ത് ചപ്പാത്തിയും, ചന മസാലയും , സാലഡുകളും, പപ്പടവും, പച്ചരിച്ചോറും എല്ലാം കൂടി ഗംഭീര സദ്യ പോലെയാണ് തോന്നിയത്. എല്ലാവരും ആഹാരം കഴിക്കുന്നതിനിടയിൽ പ്രഷർ കുറഞ്ഞിട്ട് എനിക്ക് ചെറുതായി ഒരു തലകറക്കവും ബുദ്ധിമുട്ടും അനുഭവപ്പെട്ടു. പെട്ടെന്ന് തന്നെ എല്ലാവരുടെയും സഹകരണം കൊണ്ട് ഞാൻ സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തു. വൃത്തികേടെന്ന് കരുതി ഇരിക്കാൻ മടിച്ച കാർപ്പെറ്റിൽ എനിക്ക് കിടക്കേണ്ടി വന്നെങ്കിലും നമ്മുടെ നാട് കാക്കുന്ന സൈനികന്‍റെ പരിചരണം ലഭിക്കുവാൻ സാധിച്ചു എന്നത് വലിയ ഭാഗ്യമായി തോന്നി. പ്രഷർ നോക്കിയതും അതിനുള്ള മരുന്നുകൾ തന്നതും ആർമിയുടെ ഡോക്ടർ ആയിരുന്നു.
സീറോ പോയിന്റ്
തനോട്ട് മാതാ ക്ഷേത്ര സങ്കേതത്തിൽ നിന്ന് ഏകദേശം ഇരുപത് കി മീ യാത്ര ചെയ്താൽ ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള അതിർത്തി രേഖ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലത്തെത്താം. അവിടെ ഒരു വലിയ കമാനവും ദേശീയ പതാകയും, അങ്ങ് ദൂരെ പാകിസ്ഥാന്‍റെ അതിർത്തി രേഖയും ഇടയിൽ ആരുടെയും അല്ലാത്ത ഭൂമിയും (No Man’s Land) വേർതിരിച്ച് വച്ചിരിക്കുന്നത് കാണാമായിരുന്നു. രസകരമായ കാര്യം മഹേന്ദ്ര പറഞ്ഞത് അവിടെയെത്തുമ്പോൾ മൊബൈൽ ഫോണിലെ സമയം അര മണിക്കൂർ പിറകോട്ട് ആയി പാക്കിസ്ഥാൻ സമയം ആകുമെന്നാണ്. എന്നാൽ അതൊന്നു കാണണമല്ലോ എല്ലാവർക്കും ഉത്സാഹമായി. സീറോ പോയിന്‍റിൽ എത്തുന്നതിനു മുൻപ് സമയം നോക്കി , ഫോണിലെ സമയം മൂന്നു മണി, സീറോ പോയിന്‍റിൽ എത്തിയതും ദാ ഫോൺ അപ്പുറം ചാടി പാക്കിസ്ഥാൻ പക്ഷമായി 2.30 എന്നെഴുതിക്കാട്ടി കണ്ണുരുട്ടി. പൊള്ളുന്ന വെയിലായതിന്നാലും അവിടെ മറ്റൊന്നും കാണാൻ ഇല്ലാത്തതിനാലും, ഭാരതാംബയെ വിട്ടൊരു കളിയുമില്ലെന്ന് കരുതിയും ഞങ്ങൾ അടുത്ത സ്വീകരണ സ്ഥലമായ “ലോൻഗെ വാല” (Lounge Wala) യുദ്ധഭൂമിയിലേക്ക് പോയി.
സീറോ പോയിൻറ്
ലോൻഗെ വാല
തനോട്ട് മാതാ ക്ഷേത്രത്തിൽ നിന്ന് ഏതാണ്ട് അൻപതിലധികം കി മീ ദൂരമാണ് നമ്മുടെ അതിർത്തി പ്രദേശവും ഇന്തോ പാക്ക് യുദ്ധഭൂമിയുമായ ലോംഗേ വാലയിലേക്കുള്ളത്. വിജനവും വിരസവും വന്യ ജീവികൾ വിഹരിക്കുന്നതുമായ മരുപ്രദേശങ്ങളിലൂടെയുള്ള യാത്രയ്ക്കിടയിൽ പച്ച നിറമുള്ള യൂണിഫോമിട്ട് അതിലെയൊക്കെ ഓടിയിരുന്ന സൈനികരുടെ പാദങ്ങളാണ് എന്റെ മനസ്സിൽ ഓടിയെത്തിയത്. ശത്രുക്കളെ തുരത്താനോ അവരിൽ നിന്ന് രക്ഷപ്പെടാനോ , ഒളിച്ചിരിക്കാനോ ഒക്കെയായി എത്രയോ പേർ ജീവൻ കയ്യിലെടുത്തു പിടിച്ചു കൊണ്ട് ഇതിലെയൊക്കെ ഓടിക്കാണുമായിരിക്കണം ! യാത്രയ്ക്കിടയിൽ ചെമ്മരിയാട്ടിൻ പറ്റങ്ങളെയും, ഒട്ടകങ്ങളെയും കൂടാതെ ആരൊക്കെയോ കുറുക്കനെയും, പുള്ളിമാനിനെയും നീലക്കാളയെ പോലെ ഒരു മൃഗത്തെയും കണ്ടു. മരുഭൂമിയിൽ ഉഗ്ര വിഷമുള്ള പാമ്പുകളും കുറവല്ലെന്ന് ഗൈഡ് പറഞ്ഞു.
ലോംഗേ വാലയിലേയ്ക്കുള്ള യാത്രയ്ക്കിടയിലെ കാഴ്ച
സൂര്യാസ്തമയം അടുത്തത് കൊണ്ട് വെയിലിന്‍റെ കാഠിന്യം കുറയുകയും വളരെ സുഖകരമായ തണുപ്പ് ആധിപത്യം സ്ഥാപിച്ചു തുടങ്ങുകയും ചെയ്തു. ലോംഗേവാലയിൽ ചെന്നിറങ്ങുമ്പോൾ അന്നത്തെ യുദ്ധത്തിൽ നമ്മൾ പിടിച്ചെടുത്ത പാക്കിസ്ഥാൻ ടാങ്കുകളും. സൈനിക വാഹനങ്ങളും മറ്റുമാണ് ആദ്യം കാണാൻ കഴിയുക. നോക്കെത്താ ദൂരത്ത് മണൽക്കൂമ്പാരങ്ങൾക്ക് മുകളിലും വശങ്ങളിലുമൊക്കെയായി ചെറിയ ചെറിയ ബങ്കറുകളും കാണാമായിരുന്നു. അവയ്ക്കുള്ളിൽ കയറി ഒളിച്ചിരുന്നിട്ട് വശങ്ങളിലുള്ള ചെറിയ ദ്വാരങ്ങളിലൂടെയാണ് പട്ടാളക്കാർ ശത്രുവിന് നേരെ നിറയൊഴിക്കുന്നതും സ്വജീവൻ രക്ഷിക്കുന്നതും. വൈകുന്നേരം 5.20 ന് 1971 ൽ നടന്ന യുദ്ധത്തിനെ ആസ്പദമാക്കിയുള്ള ഒരു ഡോക്യുമെന്‍ററി ഷോ ഉണ്ടെന്നറിഞ്ഞ് അതിനുള്ള ടിക്കറ്റ് എടുത്ത് അത് കണ്ടിട്ട് മിലിട്ടറി മ്യൂസിയം കാണാമെന്ന് തീരുമാനിച്ചു. ഭൂമിക്കടിയിലുള്ള ഒരു വലിയ ബങ്കറിൽ ആണ് ഷോ നടക്കുന്നത് .പുറത്തു നിൽക്കുമ്പോൾ ഇങ്ങനെയൊരു നിർമ്മിതി അവിടെയുള്ളതായി ആർക്കും മനസ്സിലാകുക പോലുമില്ല. അതായത് ബങ്കറിന്‍റെ മുകൾവശം ഭൂ നിരപ്പിൽ തന്നെ ആയതിനാൽ അതിൽ ആരെങ്കിലും ഒളിച്ചിരിപ്പുണ്ടെന്ന് അറിയാൻ സാധിക്കില്ലെന്നർത്ഥം. അരണ്ട വെളിച്ചമുള്ള ബങ്കറിലേക്കിറങ്ങുമ്പോൾ വശങ്ങളിൽ മണൽ നിറച്ചതായിരിക്കണം ചാക്കുകൾ അട്ടിയിട്ട് വച്ചിട്ടുണ്ടായിരുന്നു. യുദ്ധത്തിന്‍റെ സീനുകൾ പ്രൊജെക്റ്റ് ചെയ്ത് ഒരു സ്ക്രീനിലാണ് കാണിക്കുന്നത്. കാണികൾക്കിരിക്കാനായി ഏറ്റവും മുന്നിൽ കുറച്ചു കസേരകളും, അതിനു പിന്നിൽ ബഞ്ചുകളും , ഏറ്റവും പിന്നിൽ അടുക്കിയിട്ട ചാക്കുകളുമായിരുന്നു ക്രമീകരിച്ചിരുന്നത്. മുന്നിലുള്ള കസേരകളിലിരുന്ന് 20 മിനിറ്റോളം തീവ്രമായ യുദ്ധക്കാഴ്ച്ചകൾ ശ്വാസമടക്കി പ്പിടിച്ചാണ് ഞങ്ങൾ കണ്ടത്. ഥാർ മരുഭൂമിയുടെ വിശാലമായ മണൽപ്പരപ്പിൽ കൂരിരുട്ടിന്‍റെ മറവിൽ മരം കോച്ചുന്ന തണുപ്പത്ത് 1971 ഡിസംബർ നാലാം തീയതി പാക്കിസ്ഥാൻകാർ നമുക്ക് നേരെ ആക്രമണം നടത്തിയത് നമ്മുടെ സ്മരണകളിൽ ഉണ്ടായിരിക്കുമല്ലോ. രണ്ടായിരത്തിലധികം പാക് പട്ടാളക്കാരെയും അവരുടെ നാൽപ്പതോളം വരുന്ന ടാങ്കുകളെയും നേരിടാൻ നമ്മുടെ 120 ജവാന്മാർ മാത്രമാണ് ഉണ്ടായിരുന്നതെന്നോർക്കണം. ഈ അവസ്ഥയിൽ ശത്രുവിനെ എങ്ങിനെ നേരിടണമെന്ന് മേജർ കുൽദീപ് സിങ്ങിന്‍റെ നേതൃത്വത്തിൽ കൂടിയാലോചനകൾ നടന്നു. കൺട്രോളിംഗ് ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ആ സമയത്ത് യുദ്ധ വിമാനങ്ങൾ അയയ്ക്കാൻ പ്രയാസമായതു കൊണ്ട് ഒന്നുകിൽ പിടിച്ചു നിന്ന് എതിർക്കുക അല്ലെങ്കിൽ കാൽനടയായി പലായനം ചെയ്യുക എന്നാണ് നിർദ്ദേശം കിട്ടിയത്. എന്തായാലും മേജർ കുൽദീപ് എതിരിടാൻ തന്നെ തീരുമാനിച്ചു, രാത്രി കൊടും തണുപ്പിൽ നമ്മുടെ ധീര ജവാന്മാർ ജീവൻ പണയം വച്ച് ഒളിഞ്ഞും മറഞ്ഞും നിന്ന് ശത്രുവിനെ തുരത്തുമ്പോൾ നാമൊക്കെ സുഖനിദ്രയിലായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞ് പുലരാറായപ്പോൾ നമ്മുടെ ഹണ്ടർ വിമാനങ്ങൾ അതിർത്തിയിലേക്ക് പറന്നെത്തി അതിഘോരമായ യുദ്ധം ചെയ്ത് മാതൃഭൂമിയെ ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുത്തി. വളരെ തന്ത്രപരവും ബുദ്ധിപരവുമായ നീക്കങ്ങൾ കൊണ്ട് ശത്രു പക്ഷത്തെ നിരവധി സൈനികരെ കാലപുരിയ്ക്കയക്കാനും, അവരുടെ ടാങ്കുകൾ പിടിച്ചെടുക്കാനും ഇന്ത്യൻ സേനയ്ക്ക് കഴിഞ്ഞുവെങ്കിലും നമ്മുടെ ഭാഗത്തെ നിരവധി ധീര ജവാന്മാർക്കും വീരമൃത്യു വരിക്കേണ്ടി വന്നു. ഷോ കണ്ടിറങ്ങി വരുമ്പോൾ നമ്മുടെ ധീര ജവാന്മാരെ അഭിമാനത്തോടും , ആദരവോടും സ്മരിക്കുന്ന ഏത് ദേശസ്നേഹിയുടെയും മിഴികൾ സജലങ്ങളാകുമെന്നതിന് തർക്കമില്ല .
അകലെയുള്ള വീടിനെയും വീട്ടുകാരെയും കാണാതെ എത്രയോ കാലം ഏത് പ്രതികൂല കാലാവസ്ഥയിലും, കണ്ണിലെണ്ണയൊഴിച്ച് നാടിന് വേണ്ടി ജീവൻ ബലി കൊടുക്കാൻ തയ്യാറായി നിൽക്കുന്ന സൈനികരെയാണ് നാം നമിക്കേണ്ടത്, അവരെ എത്ര ശ്ലാഘിച്ചാലും, ബഹുമാനിച്ചാലും ഒട്ടും അധികമാവില്ലെന്നു പറയാതെ വയ്യ!!.നാടിന് വേണ്ടി ജീവൻ കൊടുത്ത യഥാർഥ ദേശസ്നേഹികളായ ധീര സൈനികർക്കും, അവരുടെ പ്രിയ കുടുംബാംഗങ്ങൾക്കും ഒരു ബിഗ് സല്യൂട്ട്. ഇപ്പോഴും എപ്പോഴും നമുക്ക് കാവലായി നമ്മെ രക്ഷിച്ചു നിർത്തുന്ന പ്രിയ സൈനിക സഹോദരന്മാരേ നിങ്ങൾക്ക് ആരോഗ്യവും ധൈര്യവും, ആവശ്യം വരുമ്പോൾ ചെറുത്ത് നിൽക്കാനുള്ള അമാനുഷ ശേഷിയും ഉണ്ടാകട്ടെ !ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങളുണ്ടാകുമെന്ന് ഈ അവസരത്തിൽ ആത്മാർത്ഥമായി പറയുവാൻ ആഗ്രഹിക്കുകയാണ്.
ജയ് ജവാൻ, ജയ് ഭാരത് ,മാതാ ..
ലോംഗേ വാല യുദ്ധഭൂമിയുടെ കവാടം
യുദ്ധസമയത്ത് ഉപയോഗിച്ചിരുന്നതും പിടിച്ചെടുത്തതുമായ വാഹനങ്ങൾ
ബങ്കറിനുള്ളിൽ ഷോ നടക്കുന്ന സ്ഥലം
ഷോ കണ്ടു കഴിഞ്ഞു നേരെ “വാർ മ്യൂസിയ”ത്തിലേക്കാണ് പോയത്. അവിടെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ചിത്രങ്ങളും, പൂർണ്ണകായ പ്രതിമകളും, ഉപയോഗിച്ചിരുന്ന ആയുധങ്ങളും യുദ്ധഭൂമിയുടെ സ്കെച്ചും ,ഫോട്ടോകളും, മറ്റ് വിശദ വിവരങ്ങളും എല്ലാം പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. മ്യൂസിയത്തിൽ നിന്നിറങ്ങി എല്ലാവരും പോകാൻ തയ്യാറായപ്പോൾ കുറച്ചു പേർ ടോയ്ലെറ്റ് അന്വേഷിച്ചുവെങ്കിലും തീരെ പ്രതീക്ഷിക്കാത്തത് പോലെ വളരെ വൃത്തികേടായിരുന്നു അവിടെ എന്നാണ് അറിയാൻ കഴിഞ്ഞത്. ഉപയോഗിക്കുന്നവരുടെ കുഴപ്പമോ അതോ അവിടെ അത് വൃത്തിയാക്കുന്നതിനുള്ള ഏർപ്പാടുകളിൽ വന്ന പോരായ്മയോ എന്തായാലും ആരെയും കുറ്റം പറയുന്നില്ല. യുദ്ധ സ്മരണകളുമായി തിരികെ ബസിലേക്ക് നടക്കുമ്പോൾ ഒരു കൂറ്റൻ ടാങ്കിനരികെ നിന്ന ഒരു സൈനികനുമായി അൽപ്പ നേരം സംസാരിക്കാൻ ഭാഗ്യം ലഭിച്ചു. ഞങ്ങൾ എല്ലാവരും കേരളത്തിൽ നിന്നാണെന്നറിഞ്ഞപ്പോൾ തലേ ദിവസം ആലപ്പുഴക്കാരനായ 50 വയസ്സുള്ള ഒരു സൈനികൻ ഹൃദയ സ്തംഭനം മൂലം മരണപ്പെട്ട കാര്യം അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ആ പുണ്യാത്മാവിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട്, സൈനികനെ വണങ്ങി ഞങ്ങൾ ഹോട്ടൽ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.
വളരെ ദീർഘമായ യാത്ര ആയിരുന്നത് കൊണ്ട് ഇടയ്ക്ക് വാഷ് റൂം സൌകര്യമുള്ള ഒരിടത്ത് ബസ് നിർത്തിയതും അവിടെ വെളിച്ചമില്ലായിരുന്നതിനാൽ മൊബൈൽ ടോർച്ചിന്‍റെ സഹായമെടുത്തതും, ശേഷം ഉച്ച ഭക്ഷണം തന്നയച്ച ഹോട്ടലിൽ പാത്രങ്ങൾ തിരിച്ചു കൊടുത്തതും എല്ലാം എന്നും ഓർക്കാൻ പോന്നവയാണ്. എട്ടര മണിയോടെ സുഖമായി ഹോട്ടലിലെത്തി അത്താഴം കഴിച്ചു വിശ്രമിച്ചു.
യാത്രയുടെ ആരംഭ ദിവസം ഞങ്ങൾ വിമാനമിറങ്ങിയത് ജോധ്പൂർ ആയിരുന്നെങ്കിലും അവിടത്തെ കാഴ്ചകൾ കാണാൻ അന്ന് സമയം ഉണ്ടായിരുന്നില്ല, അകലെയുള്ള കാഴ്ചകൾ കണ്ടിട്ട് തിരികെ വന്ന് ജോധ്പൂരിലെ കാഴ്ചകളിലേക്ക് പോകുന്നതായാൽ മടക്ക യാത്രയ്ക്കും സൌകര്യമാകുമല്ലോ എന്ന് കരുതിയായിരിക്കാം ഇങ്ങനെ യാത്ര പ്ലാൻ ചെയ്യുവാൻ കാരണമെന്ന് അനുമാനിക്കുന്നു . ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് 250 കി മീറ്ററിലധികം ദൂരമുള്ളതിനാൽ അടുത്ത ദിവസം രാവിലെ എട്ടര മണിയ്ക്ക് തന്നെ യാത്ര തുടങ്ങണമെന്നായിരുന്നു ഗൈഡ് പറഞ്ഞേൽപ്പിച്ചിരുന്നത്.
തുടർന്നു വായിക്കുക- മെഹ്റാൻ ഗാർഹ് ന്റെ വിജയ ഗാഥ രജപുത്താന ഭാഗം 4 . Link to part 4
22/11/2023