2020, ഫെബ്രുവരി 12, ബുധനാഴ്‌ച


കൊല്ലൂര്‍ മൂകാംബികാ ദേവി സന്നിധിയില്‍
                         -നന്ദ-
 വെങ്കടാചലപതി ദർശനത്താൽ ധന്യരായ ഞങ്ങളെ  തിരുപ്പതി വിമാനത്താവളത്തിൽ  നിന്ന് എട്ടു മണിയോടെ പുറപ്പെട്ട പ്രോപ്പെല്ലര്‍ വിമാനം 45 മിനിട്ട് കൊണ്ട്  ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. പ്രഭാത ഭക്ഷണം വിമാനത്തില്‍ ലഭിക്കത്തക്കവണ്ണം ബുക്ക്‌ ചെയ്തിരുന്നതിനാല്‍ നല്ല പോഷകാഹാരങ്ങളായ ബ്രെഡും, ജാമും, ജൂസും, നട്ട്സും ഒക്കെ  കഴിച്ച് ഊര്‍ജ്ജസ്വലരായിട്ടാണ് ഞങ്ങള്‍ ബാംഗളൂരില്‍ എത്തിയത്. തുടര്‍ന്ന് മാംഗളൂരിലേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ് മൂന്നര മണിയ്ക്കൂർ ഇടവേള കഴിഞ്ഞ് ഒന്നരയ്ക്കായിരുന്നു പുറപ്പെടുന്നത് .  തിരുപ്പതി എയര്‍പോര്‍ട്ടില്‍ നിന്ന് ബോര്‍ഡിംഗ് പാസ് എടുത്തിരുന്നത് കൊണ്ട് നേരെ സെക്യൂരിറ്റി ചെക്കും കഴിഞ്ഞ്  ലോഞ്ചിലേക്ക് പോകാന്‍ സാധിച്ചു എന്നത് അവിടത്തെ തിരക്കും മറ്റും കണ്ടപ്പോള്‍ വലിയ നേട്ടമായി തോന്നി. നാല് മണിക്കൂറോളം കണക്ഷന്‍ ഫ്ലൈറ്റിനു വേണ്ടിയുള്ള കാത്തിരിപ്പില്‍ ലഭിക്കുന്ന “ലോഞ്ച് ആക്സ്സസും” ഭക്ഷണ വൈവിധ്യ ലഭ്യതയും എന്നെ സംബന്ധിച്ച് പുതിയ കാര്യങ്ങളായിരുന്നു. എല്ലാവര്‍ക്കും പ്ലാറ്റിനം എ റ്റി എം കാര്‍ഡോ തത്തുല്യമായ കാര്‍ഡുകളോ ഉണ്ടായിരുന്നതു കൊണ്ട് വി ഐ പി ലോഞ്ചില്‍ യഥേഷ്ടം വിശ്രമിക്കാനും  വെറും രണ്ടു രൂപയ്ക്ക് ഇഷ്ടമുള്ള ഭക്ഷണം എത്ര വേണമെങ്കിലും കഴിക്കാനുമുളള അവസരവും ലഭിച്ചു. മകന്‍റെ കാര്‍ഡിന് മാത്രം 25 രൂപ എടുത്തതായി മെസ്സേജ് വന്നു, നോണ്‍ റെസിഡന്‍റ് ആയതു കൊണ്ടാകാം അങ്ങനെ വന്നതെന്ന്  ആദ്യം കരുതിയെങ്കിലും ചില കാര്‍ഡിന് സ്വൈപ്പിംഗ് ചാര്‍ജ്ജ് വ്യത്യാസം ഉണ്ടെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. കാര്‍ഡില്ലെങ്കില്‍ ഒരാള്‍ക്ക്‌ 'ലോഞ്ച് ഭാഗ്യം' ലഭിക്കാന്‍  ആയിരത്തി അഞ്ഞൂറ് രൂപയാണെന്ന് ആലോചിക്കുമ്പോള്‍ ഇതെത്ര നിസ്സാരം. ഏതായാലും ഇങ്ങനെ ചുളുവില്‍ ഭക്ഷണം ഇവിടെ കിട്ടുമെന്നറിഞ്ഞിരുന്നെങ്കില്‍ ഫ്ലൈറ്റില്‍ നിന്ന് ബ്രെഡ്‌ കഴിക്കില്ലായിരുന്നുവെന്ന് ഞാന്‍ ചിന്തിച്ചു പോയി. ഫ്രൈഡ് റൈസ്, ബിരിയാണി, ചപ്പാത്തി പൂരി, പൊറോട്ട, വിവിധയിനം മസാലക്കറികള്‍, ജൂസുകള്‍, ബോണ്‍വിറ്റ, ഹോര്‍ലിക്സ്, ചായ, കാപ്പി, ഗ്രീന്‍ ടീ, പിന്നെ എനിക്ക് പേരറിയില്ലാത്തതും, ഓര്‍മ്മ വരാത്തതുമായി നിരവധി ഭക്ഷണ സാധനങ്ങള്‍  ഒരു ഹാളില്‍ നിരത്തി വച്ചിരിക്കുകയായിരുന്നു . ഇഷ്ടമുള്ളതൊക്കെ ആവശ്യം പോലെ എടുത്ത്  കഴിക്കാം, എന്ത് ചെയ്യാം നല്ലവണ്ണം  ഭക്ഷണം കഴിച്ചു ശീലിക്കാതെ കുടല്‍ ഉണങ്ങിപ്പോയ ഞാന്‍ ആഹാര വൈവിദ്ധ്യം ആസ്വദിക്കാനാകാതെ  വല്ലാതെ ദു:ഖിച്ച ഒരവസ്ഥയിലായിപ്പോയി. ഏതായാലും  ബോര്‍ഡ് ചെയ്യാന്‍ കുറച്ചു സമയം ബാക്കി ഉണ്ടായിരുന്നത് കൊണ്ട്  ഉള്ള ഇടവേളയില്‍  എന്നെക്കൊണ്ട് പറ്റുന്നതൊക്കെ കഴിച്ചു ഞാനും സംതൃപ്തിയടഞ്ഞു. വിഭവ സമൃദ്ധമായ ഭക്ഷണം കഴിഞ്ഞ് ഫ്ലൈറ്റില്‍ കയറിയപ്പോള്‍ ദാ വരുന്നു, നേരത്തേ ബുക്ക് ചെയ്തു  വച്ചിരുന്ന ലഞ്ച്, സാന്‍ വിച്ച് , പഴങ്ങള്‍ ജൂസ് എല്ലാം കൂടി, ഇനി പൊന്നു കൊണ്ട് പുളിശ്ശേരി ഉണ്ടാക്കി തരാമെന്നു പറഞ്ഞാലും മൂന്നു നാല് മണിക്കൂര്‍ നേരത്തേക്ക് എന്നെക്കൊണ്ട് ആവില്ല എന്തെങ്കിലും കഴിക്കാന്‍. ഇതിനോടകം കഴിച്ച ഭക്ഷണം ദഹിപ്പിക്കാന്‍ പാട് പെടുന്ന ശരീരം ഒന്ന് മയങ്ങുവാനുള്ള കമാന്‍ഡാണ് പുറപ്പെടുവിച്ചിരുന്നത്.  അതുകൊണ്ട് നീലക്കുഞ്ഞുടുപ്പുകളിട്ട് ,ചോര കുടിച്ചതു പോലെ ചുവന്ന ചുണ്ടുകളില്‍ വിരിയിച്ചെടുത്ത ചിരിയുമായി വന്ന പട്ടിണിക്കോലങ്ങളായ ആകാശ സുന്ദരിമാര്‍ തന്ന ഭക്ഷണം എടുത്ത് ബാഗില്‍ വച്ചു. രാത്രിയിലെ ഭക്ഷണമായി ഇത് കഴിച്ചാല്‍ മതിയല്ലോ, ഏതായാലും പണം കൊടുത്തതല്ലേ !
ഇതിനോടകം ഞങ്ങളുടെ ബാഗേജുകള്‍ നേരിട്ട് മാംഗ്ലൂര്‍ വിമാനത്തിലേക്ക് മാറ്റിയിരുന്നു, അത് നമ്മുടെ ചുമതല അല്ലെന്നത്  വലിയ ആശ്വാസമായി തോന്നി. വിമാനത്തിലെ തണുപ്പില്‍ ഒന്ന് മയങ്ങി കണ്ണ്‍ തുറന്നപ്പോഴേക്കും നമ്മുടെ ലക്ഷ്യസ്ഥാനത്തിനു മുകളില്‍ കോഴിക്കുഞ്ഞിനെ റാഞ്ചാന്‍ വരുന്ന പരുന്തിനെ പോലെ വിമാനം വട്ടമിട്ടു പറന്നു തുടങ്ങിയിരുന്നു. 35 മിനിറ്റ് കൊണ്ട് മാംഗ്ലൂര്‍ വിമാനത്താവളത്തില്‍  എത്തിയ ഞങ്ങള്‍ ബാഗുകളും എടുത്ത് പുറത്ത് വന്നപ്പോഴേക്കും പറഞ്ഞു വച്ചിരുന്ന ഇന്നോവ കാറും ഡ്രൈവറും തയ്യാറായി വന്നിട്ടുണ്ടായിരുന്നു. കൊല്ലൂരില്‍ എത്തുവാന്‍ മൂന്നു മണിക്കൂറോളം യാത്ര  ചെയ്യേണ്ട ഈ കാര്‍ സത്യത്തില്‍ അറിഞ്ഞോ അറിയാതെയോ ഞങ്ങള്‍ക്ക് ഒരു പാരയായിപ്പോയി. കാരണം അതില്‍ കയറി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മുതല്‍ എല്ലാവര്‍ക്കും എന്തോ ചെറിയ അസ്വസ്ഥത തോന്നിത്തുടങ്ങി , എന്തോ ഒരു പന്തികേട് , എന്താണെന്ന് മാത്രം ആർക്കും   മനസ്സിലായില്ല. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എനിക്കും ,മകനും ചെറുതായി തൊണ്ട വേദനിച്ചു തുടങ്ങി, ചെറിയ മയക്കത്തില്‍ ആണെങ്കില്‍ പോലും രമയും ജയന്‍ ചേട്ടനും നന്നായി ചുമയ്ക്കുന്നുമുണ്ടായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചായ കുടിക്കുവാനായി വഴിയോരത്തുള്ള ‘വൃന്ദാവന്‍ നെസ്റ്റ്’ എന്നൊരു ഹോട്ടലില്‍ കയറി. എല്ലാവരും ചായയും പലഹാരവും കഴിച്ചെങ്കിലും തൊണ്ട വേദനയും, ഉച്ചയ്ക്ക് കഴിച്ച അമിത ഭക്ഷണവും കാരണം എനിക്ക് ഒന്നും കഴിക്കാന്‍ കഴിഞ്ഞില്ല. മാംഗ്ലൂരില്‍ നിന്ന് ഏകദേശം 126 കി മീ ദൂരമാണ് കൊല്ലൂര്‍ വരെ. അനുനിമിഷം വര്‍ദ്ധിച്ചു വന്ന തൊണ്ടവേദന കാരണം മയങ്ങാനോ വഴിയോരക്കാഴ്ച്ചകള്‍ ആസ്വദിക്കാനോ എനിക്ക് സാധിച്ചില്ല. എങ്ങനെയെങ്കിലും ആ കാര്‍ യാത്ര ഒന്നവസാനിച്ചു കിട്ടിയാല്‍ മതിയെന്ന് കരുതി മന;പൂര്‍വ്വമായി ഉമിനീരിറക്കാതെ  ആ ശകടത്തില്‍ ഞാന്‍ വളഞ്ഞു കുത്തിയിരുന്നു . വൈകുന്നേരം ആറു മണിയോടെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിനു സമീപത്തുള്ള മഹാലക്ഷ്മി റെസിഡന്‍സിയില്‍ ചെന്നെത്തിയ ഞങ്ങള്‍ക്ക് അവിടെ നല്ല സ്വീകരണമാണ് ലഭിച്ചത്. നല്ല പെരുമാറ്റമുള്ള ഹോട്ടല്‍ ജീവനക്കാരും വൃത്തിയും വെടിപ്പുമുള്ള മുറികളും ചേർന്ന് , അവിടത്തെ  താമസം ഞങ്ങള്‍ക്ക്  ഹൃദ്യമായ ഒരനുഭവമാക്കി തന്നു. ചെക്കിന്‍ പരിപാടികള്‍ കഴിഞ്ഞ് മുറിയില്‍ എത്തിയപ്പോഴേക്കും എല്ലാവരുടെയും  ബാഗുകള്‍ യഥാസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാര്‍ വളരെ ആദരവോടെ എത്തിച്ചു തന്നു. മുറിയില്‍ നിന്നാല്‍ തന്നെ മൂകാംബികാ ദേവി പുറത്ത് എഴുന്നെള്ളി പ്രദിക്ഷണം വയ്ക്കുന്നത് കാണാമായിരുന്നുവെന്നതും, ഹോട്ടലിന്‍റെ താഴത്തെ നിലയില്‍ നല്ല രുചിയുള്ള ഭക്ഷണം ലഭിക്കുന്ന ഒരു റേസ്റ്റോറന്‍റ് ഉണ്ടായിരുന്നു എന്നുള്ളതും എടുത്തു പറയേണ്ട കാര്യങ്ങളായിരുന്നു . 
 മൂന്നു വര്‍ഷം മുന്‍പ് ഡിസംബര്‍ ഒന്നാം തീയതിയിലേക്ക്  ബുക്ക്‌ ചെയ്തിരുന്ന ‘ചണ്‍ഡികാ ഹോമ’ത്തിന്‍റെ കാര്യങ്ങള്‍ ഉറപ്പിക്കുന്നതിനായി  ചെന്നയുടന്‍ തന്നെ കുളി കഴിഞ്ഞ് സന്ധ്യയോടെ രമ ക്ഷേത്രത്തിലേക്ക് പോയി. അതിനു മുന്‍പ് ഞങ്ങളെയും കൊണ്ടു വന്ന വാഹനം തിരിച്ചയക്കണോ അവിടെ വെയിറ്റ് ചെയ്യാന്‍ പറയണമോ എന്നൊരു ആലോചന ഉണ്ടായി. പിറ്റേ ദിവസം കുറച്ചകലെയുള്ള  മുരുടേശ്വര്‍ ക്ഷേത്രത്തിലും, ശൃംഗേരിയിലും ഒക്കെ പോകണമെന്നുണ്ടായിരുന്നു, പക്ഷെ എനിക്കും മകനും പനിയും തൊണ്ടവേദനയും അധികരിച്ചതോടെ എങ്ങും പോകേണ്ടതില്ല, ഒന്നാം തീയതി വഴിപാടും ഉച്ചഭക്ഷണവും കഴിഞ്ഞ് മാംഗ്ലൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഞങ്ങളെ കൊണ്ടു വിടാന്‍ വന്നാല്‍ മതിയെന്ന് നിര്‍ദ്ദേശം കൊടുത്ത് കാര്‍ പറഞ്ഞു വിട്ടു.
    കര്‍ണ്ണാടകയിലെ ഉടുപ്പി ജില്ലയിലുള്ള കുടജാദ്രി മലയടിവാരത്തില്‍ സൌപര്‍ണ്ണികാ നദിയുടെ തീരത്ത് കുടികൊള്ളുന്ന വാക് ദേവതയായ മൂകാംബികാ ദേവിയെ കൊല്ലൂരില്‍ പ്രതിഷ്ടിച്ചത് മഹാവിഷ്ണുവിന്‍റെ അവതാരമായ പരശുരാമന്‍ ആണെന്ന് പറയപ്പെടുന്നു.108 ശക്തി പീഠങ്ങളില്‍ വിശേഷ സ്ഥാനമുള്ള ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സ്വയംഭൂവായ ജ്യോതിര്‍ലിംഗമാണ്. സ്വര്‍ണ്ണ രേഖ കൊണ്ട് രണ്ടായി പകുത്തിരിക്കുന്ന ഈ ജ്യോതിര്‍ലിംഗത്തിന്‍റെ ഇടത്തെ പകുതിയില്‍ മൂന്ന് ദേവിമാരും,വലത്ത് ഭാഗത്ത്‌ ത്രിമൂര്‍ത്തികളുമാണെന്നാണ് സങ്കല്‍പ്പം. ശക്തിസ്വരൂപിണിയായ  ആദിപരാശക്തിയുടെ  രൂപങ്ങളായ സരസ്വതി ലക്ഷ്മി, പാര്‍വ്വതി എന്നീ ദേവതമാരും, ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരും കുടികൊള്ളുന്ന സ്വയംഭൂ ജ്യോതിര്‍ലിംഗത്തിനു പിറകിലായി അക്ഷര സ്വരൂപിണിയും, കലാ ദേവതയുമായ മൂകാംബികാ ദേവിയുടെ പഞ്ചലോഹ വിഗ്രഹവും ഉണ്ട്. ക്ഷേത്രത്തില്‍ നിന്ന് 21 കി മീ അകലെയുള്ള കുടജാദ്രി മലമുകളില്‍  വച്ച് പണ്ഡിത വരേണ്യനും അംശാവതാരവുമായ ആചാര്യസ്വാമി ജഗദ്‌ഗുരു ആദിശങ്കരന് ദേവി ഒരിക്കല്‍ പ്രത്യക്ഷയായത്രേ.വാണീ വരപ്രസാദം ലഭിച്ച മലയാളിയായ ആചാര്യ സ്വാമികളുടെ അപേക്ഷ പ്രകാരം കേരളത്തിലേക്ക് വരാമെന്ന് ഒരു വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍  ദേവി സമ്മതിച്ചുവത്രേ. ആചാര്യ സ്വാമി മുന്‍പേ നടക്കണം, ദേവി പിന്നാലെ വരും, ഇടയ്ക്ക് തിരിഞ്ഞു നോക്കരുത് ഇതായിരുന്നു വ്യവസ്ഥ. വളരെ നിസ്സാരമല്ലേ അദ്ദേഹം സമ്മതിച്ചു, രണ്ടു പേരും നടന്നു. ദേവിയുടെ പാദസരങ്ങളുടെ കിലുക്കം കേട്ടുകൊണ്ട് നടന്ന സ്വാമികള്‍ക്ക് കുറച്ചു കഴിഞ്ഞ് കിലുക്കം കേള്‍ക്കാതായപ്പോള്‍ ചെറിയ സംശയം തോന്നി. അദ്ദേഹം ഒന്നു തിരിഞ്ഞു നോക്കി, പോയില്ലേ ... പറഞ്ഞുറപ്പിച്ച കാര്യം തെറ്റിച്ചില്ലേ. ഈ സംഭവം കൊല്ലൂരില്‍ വച്ചായിരുന്നുവെന്നും, ആചാര്യസ്വാമികളാണ് ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചതെന്നും ഒരു ഐതീഹ്യം പറഞ്ഞു കേള്‍ക്കുന്നുണ്ട് . ഇനി മറ്റൊരു ഐതീഹ്യവും കേള്‍ക്കുന്നുണ്ട്, അത് എന്തെന്ന് വച്ചാല്‍ ഒരിക്കല്‍ ദുര്‍ഗ്ഗാ പ്രീതിക്കായി ഒരു മഹര്‍ഷിയും, മഹാദേവ പ്രീതിയാൽ  അമരത്വം ലഭിക്കാനായി ഒരു അസുരനും ഇവിടെ തപസ്സു ചെയ്തുവത്രേ. അസുരന്മാര്‍ക്കൊക്കെ അമരത്വം ലഭിച്ചാല്‍ ലോക സമാധാനവും സാധു സംരക്ഷണവും അവതാളത്തില്‍ ആകുമെന്നുള്ളത് കൊണ്ട്, അസുരന് മുന്നില്‍ മഹാദേവന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വരം ചോദിക്കാനാകാതെ ദേവി അയാളെ മൂകനാക്കിയത്രേ. ( ഇങ്ങനെയൊരു കാര്യം ഇന്ന് നമ്മുടെ രാജ്യത്തിലുള്ള ചിലരുടെയെങ്കിലും കാര്യത്തില്‍ ദേവി പ്രയോഗിച്ചിരുന്നെങ്കില്‍  എന്ന് ഞാന്‍ ആത്മാര്‍ഥമായി ആശിച്ചു പോകുന്നു ) ആ സംഭവത്തോടെ അമരത്വത്തിനു മോഹിച്ച അസുരന്‍ മൂകാസുരനായി മാറി. ഇതില്‍ കോപിഷ്ഠനായ അസുരന്‍ മഹര്‍ഷിയെയും, ദേവീ ഭക്തരെയും ഉപദ്രവിക്കാന്‍ തുനിഞ്ഞപ്പോള്‍ ദുര്‍ഗ്ഗാ ഭഗവതി പ്രത്യക്ഷപ്പെട്ട് മൂകാസുരനെ വധിച്ചുവെന്നാണ് പറയപ്പെടുന്നത്‌.
     തിന്മയ്ക്ക് ഒരിക്കലും നില നില്‍ക്കുവാനാകില്ലെന്നും നന്മ നീണാള്‍ വാഴുമെന്നും പുരാണങ്ങളും ഐതീഹ്യ കഥകളും നമ്മെ പഠിപ്പിച്ചു തരുമ്പോള്‍ അതിന്‍റെ സാരം മനസ്സിലാക്കി നാം സ്വയം ഉയര്‍ന്നാല്‍ നാടും, രാജ്യവും, എന്തിന് ലോകം തന്നെ എത്ര ശാന്ത സുന്ദരമായി തീരുമായിരുന്നു!!! 
    മൂകനെ വാചാലനാക്കാന്‍ കഴിവുള്ള വാക്കിന്‍റെ ദേവതയായ, ദേവി മൂകാംബികയെ കാണുവാന്‍ അനേകം  ആളുകളാണ്  ഓരോ ദിവസവും ക്ഷേത്രത്തിലെത്തുന്നത് . നാവില്‍ വാണീ ദേവി വാഴണമേ എന്ന പ്രാര്‍ത്ഥനയുമായി കുരുന്നുകളെയും കൊണ്ട് വിദ്യാരംഭത്തിനു വരുന്നവരുടെ തിരക്കാണ് നവരാത്രി നാളുകളില്‍. നാവില്‍ സരസ്വതീ നടനം ആഗ്രഹിക്കുന്ന സംഗീതജ്ഞരും കലാകാരന്മാരും മൂകാംബികാ ദേവിയെ അകമഴിഞ്ഞ് ഭജിക്കുന്നതിന്‍റെ കാരണവും ദേവീ പ്രീതിയില്ലെങ്കില്‍ സുകുമാര കലകള്‍ ഒന്നും തന്നെ ഉതകാതെ പോകും എന്നത് കൊണ്ട്  തന്നെയാണ്. സംഗീത സാഹിത്യാദികള്‍ സ്തനദ്വയങ്ങളായ സാക്ഷാല്‍ സരസ്വതീ ദേവിയുടെ അനുഗ്രഹം ലഭിച്ചവര്‍ പുണ്യാത്മാക്കളും പണ്ഡിതന്മാരും ആയിരിക്കുമെന്ന് ആരും പറയാതെ തന്നെ നമുക്ക് അനുഭവമുള്ളതാണല്ലോ. 
സൌപര്‍ണ്ണിക നദിയുടെ ഉത്ഭവ സ്ഥാനമെന്ന നിലയിലും നിരവധി ഔഷധ സസ്യ ജാലങ്ങളുടെ സങ്കേതമെന്ന നിലയിലും ദേവീ ചൈതന്യം നിറഞ്ഞ കുടജാദ്രിയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ആദിശങ്കരന്‍ തപസ്സു ചെയ്ത ചിത്രമൂല ഗുഹയും, ശങ്കരപീഠവും മൂകാംബികാ ദേവിയുടെ മൂലസ്ഥാനവും കുടജ പര്‍വതത്തില്‍ തന്നെയാണ്.
                 മൂകാംബിക ദേവീ ക്ഷേത്രം 

മകളുടെ വിവാഹം നടക്കുവാന്‍ വേണ്ടി നേര്‍ന്നിരുന്ന ചണ്‍ഡികാ ഹോമത്തിന്‍റെ കാര്യങ്ങള്‍ സംസാരിക്കുവാന്‍ വേണ്ടി ദേവീ ഭക്തയായ രമ ക്ഷേത്രത്തിലെത്തിയപ്പോള്‍ ഭാഗ്യം കൊണ്ട് മറ്റൊരു നേട്ടം കൂടി ലഭിച്ചു. അടുത്ത ദിവസം  ഉദയാസ്തമന പൂജയ്ക്ക് ഒഴിവുണ്ടായിരുന്നതു കൊണ്ട് അത് കൂടി ബുക്ക്‌ ചെയ്യാന്‍ സാധിച്ചു. ഉദയാസ്തമന പൂജാ ദിവസം ഞാനും മകനും മുറിയില്‍ പനിച്ചു കിടക്കുകയായിരുന്നു. രാവിലെയും ഉച്ചയ്ക്കും രമയും മകളും കൂടി ക്ഷേത്രത്തില്‍ പോയി പൂജയുടെ ‘സങ്കല്‍പ്പം’ എന്ന ചടങ്ങ് ചെയ്തിട്ട് പ്രസാദമായി കിട്ടിയ ഒരു പാത്രം പാല്‍പ്പായസം, ഉഴുന്നുവട എന്നിവയും കൊണ്ടാണ് മടങ്ങി വന്നത്. നിർഭാഗ്യവശാൽ പനിയും തൊണ്ടവേദനയും കാരണം എനിക്കും മകനും ഇതൊന്നും കഴിക്കുവാന്‍ സാധിച്ചില്ല .വൈകിട്ട് ഞങ്ങള്‍ എല്ലാവരും കൂടി ക്ഷേത്രത്തിലെത്തിയപ്പോള്‍ രമയുടെ സുഹൃത്ത്‌ ബിനിയും ഭര്‍ത്താവും അവിടെയെത്തിയിട്ടുണ്ടായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന ആ നല്ല സുഹൃത്തുക്കള്‍ അവധിയ്ക്ക് നാട്ടില്‍ വന്നപ്പോള്‍ മുന്‍കൂട്ടി അറിയിച്ചിരുന്നതനുസരിച്ച് ചടങ്ങുകളില്‍ പങ്കു കൊള്ളുവാന്‍ വേണ്ടി  കൃത്യ സമയത്ത് എത്തിയതായിരുന്നു . സന്ധ്യ സമയത്ത് ദേവിയെ സാധാരണയായി തടി കൊണ്ടുള്ള ഒരു തേരിലും പിന്നീട് വെള്ളിത്തേരിലും അവസാനം സ്വര്‍ണ്ണത്തേരിലും എഴുന്നെള്ളിക്കുക പതിവുണ്ട്. ഉദയാസ്തമന പൂജ ചെയ്യുന്നവര്‍ക്കാണ് ആ ദിവസം സ്വര്‍ണ്ണത്തേര് വലിച്ചു കൊണ്ട് ക്ഷേത്രത്തിന് ഒരു പ്രദിക്ഷണം നടത്തുവാനുള്ള ഭാഗ്യം  എന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. വളരെ അസുലഭമായി മാത്രം ലഭിക്കുന്ന  ഒരു അവസരമായതിനാല്‍ പനിച്ചു വിറച്ചു കൊണ്ടാണെങ്കിലും ഞാനും മകനും തേര് വലിയ്ക്കാന്‍ കൂടി. നല്ല പനിയും ദേഹം വേദനയും അനുഭവപ്പെട്ടിരുന്നതിനാല്‍ തേര് വലിയ്ക്കുന്നതിന്‍റെ ചിത്രങ്ങള്‍ എടുക്കാനോ വീഡിയോ എടുക്കാനോ സാധിച്ചില്ല. തേര് വലിച്ചു കഴിഞ്ഞപ്പോള്‍ പൂജാരി ഒരു നല്ല പട്ടു സാരിയും കുറേ പൂക്കളും മകൾക്ക് കൊടുത്തു. കൂടാതെ പൂജ വഴിപാടായി  നടത്തിയവര്‍ക്ക് ക്യൂ നില്‍ക്കാതെ സ്പെഷ്യല്‍ ദര്‍ശനം ലഭിച്ചുവെന്നതും വലിയ കാര്യമായി തോന്നി.
                     ദീപാരാധന സമയം 

സ്വര്‍ണ്ണ  തേര്- പിറകില്‍ സാധാരണ തേര്

പട്ടുചേലകളും, പൂമാലകളും,ആടയാഭരണങ്ങളും ചാര്‍ത്തി നില്‍ക്കുന്ന ശക്തിസ്വരൂപിണിയായ മൂകാംബികാ ദേവിയെ കണ്ടപ്പോള്‍ ദു:ഖങ്ങള്‍ മറന്നു, വേദനകള്‍ മറന്നു, ലോകം തന്നെ മറന്നു, സ്വയം മറന്നു, എല്ലാം ദേവിയില്‍ സമര്‍പ്പിച്ചു നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു. തിരുമുന്നിലെത്തുമ്പോള്‍ എന്തൊക്കെയോ ചോദിക്കണമെന്ന് കരുതിയിരുന്നു, പക്ഷേ അമ്മയെ കണ്ട സന്തോഷത്തില്‍ ആവശ്യങ്ങള്‍ എല്ലാം എങ്ങോ പോയ്‌ മറഞ്ഞു. അര്‍ഹിക്കുന്ന വരപ്രസാദങ്ങള്‍ നല്‍കി അനുഗ്രഹിക്കുന്ന ലോകൈക രക്ഷകിയായ, സാക്ഷാല്‍ ജഗദംബയെ ഒരു നോക്ക് കാണാന്‍ സാധിച്ചത് തന്നെ ജന്മ പുണ്യമായി കരുതുന്ന എനിക്ക് ഒന്നും ചോദിക്കാന്‍ ഓര്‍മ്മ കിട്ടാഞ്ഞത് മനസ്സിൽ ഭക്തി നിറഞ്ഞു നിന്നതിനാലായിരിക്കുമെന്ന്  കരുതുന്നു . കാരുണ്യ മൂര്‍ത്തിയായി വിളങ്ങുന്ന ആ ചിത് സ്വരൂപത്തെ വണങ്ങി  നില്‍ക്കുമ്പോള്‍ വഴിപാടായി കൊണ്ടു വന്നിട്ടുള്ള ഒരു പട്ടു സാരിയും സ്വര്‍ണ്ണത്താലിയും, വളയും ദേവിയുടെ മുന്നില്‍ രമയും , മകളും കൂടി  സമര്‍പ്പിച്ചു. വിദ്യാ ദേവതയെയും, മുന്നിലുള്ള സ്വയംഭൂ വിഗ്രഹത്തെയും  ആവോളം കണ്ടു തൊഴുതു നില്‍ക്കുമ്പോള്‍ ചുവന്ന മേല്‍ വസ്ത്രവും കുടുമ്മിക്കെട്ടുമുള്ള അഡിഗമാര്‍ നമ്മള്‍ സമര്‍പ്പിച്ച പട്ടും താലിയും ദേവിയ്ക്ക് ചാര്‍ത്തിയിട്ട് പൂക്കളും, കുങ്കുമവും, മറ്റ് പ്രസാദ വസ്തുക്കളും നിറച്ച ഒരു താലം മകൾ ശാലിനിക്ക് കൊടുത്തു. നന്നായി തൊഴുത്‌ ദക്ഷിണയും നല്‍കി ശ്രീകോവിലിന് വലം വയ്ക്കുമ്പോള്‍  അമ്മയെ മനസ്സിൽ ധ്യാനിച്ച് ലോക നന്മയ്ക്കായി പ്രാർത്ഥിച്ചു .
ശാന്തിയും സന്തോഷവും സമാധാനവും നിറഞ്ഞ മനസ്സോടെ ഞങ്ങള്‍ മുറിയിലേക്ക് മടങ്ങി.  പനി കുറയാന്‍ വേണ്ട ഗുളികകളും കഴിച്ച്, തൊണ്ട വേദനയ്ക്ക് ചൂട് ഉപ്പു വെള്ളവും തൊണ്ടയില്‍ കൊണ്ട് ഞാനും മകനും ആ രാത്രി ബുദ്ധിമുട്ടി കഴിച്ചു കൂട്ടി. പിറ്റേ ദിവസം രാവിലെ ഒന്‍പതു മണിയ്ക്കായിരുന്നു ചണ്‍ഡികാ ഹോമം .  രാവിലെ മേല്‍ കഴുകി, തല നനഞ്ഞ തോര്‍ത്തു കൊണ്ട് തുടച്ചിട്ട് പനിക്കാരായ ഞങ്ങള്‍ മറ്റുള്ളവര്‍ക്കൊപ്പം ക്ഷേത്രത്തിലേക്ക് പോയി. ഞങ്ങള്‍ എത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും ബിനിയും കുടുംബവും ഹോമം കണ്ട് തൊഴാനായി അവിടെ വന്നു ചേര്‍ന്നു. 
ക്ഷേത്രത്തിനോട് ചേര്‍ന്ന് തന്നെയുള്ള വീതി കുറഞ്ഞ് നീളത്തിലുള്ള ഒരു ഹാളില്‍ വച്ചായിരുന്നു  ഹോമം. ധാരാളം ആളുകള്‍ പലവിധ ഹോമങ്ങള്‍  നടത്തുവാന്‍ വേണ്ടി അവിടെയെത്തിയിട്ടുണ്ടായിരുന്നു. നിരനിരയായുള്ള ഹോമകുണ്ഡങ്ങള്‍ക്ക് ഓരോന്നിനും, മൂന്നില്‍ കുറയാതെയുള്ള പുരോഹിതന്മാരും, വേണ്ട ഒരുക്കുകളായ നെയ്യ്, വറ്റിച്ച ചോറ്, വിറക്, ദീപങ്ങള്‍, പുഷ്പങ്ങള്‍ ഇവയെല്ലാം തയ്യാറാക്കിയിട്ടുണ്ടായിരുന്നു. ഹോമകുണ്ഡത്തിന് സമീപം ഇട്ടിരുന്ന ഒരു പലകമേല്‍ എല്ലാവരും നിരന്നിരുന്നു. പുരോഹിതന്‍റെ നിര്‍ദ്ദേശ പ്രകാരം ആദ്യം വിഘ്നേശ്വരന് ദക്ഷിണ വച്ചു പ്രാര്‍ഥിച്ചു, അത് കഴിഞ്ഞ് അദ്ദേഹം പറഞ്ഞു തന്ന മന്ത്രങ്ങള്‍ ഏറ്റ് പറയുകയും മഞ്ഞളും അരിയും ചേര്‍ന്ന അക്ഷതം ഹോമകുണ്ഡത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇങ്ങനെ ഏകദേശം ഒരു മണിക്കൂറിലധികം മന്ത്രങ്ങള്‍ ജപിച്ചും ചടങ്ങുകള്‍ വീക്ഷിച്ചും പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ അവിടെയിരുന്നു. പല ഹോമകുണ്ഡങ്ങളില്‍ നിന്നായി ഒരു വിധം നല്ല പുക ഹാളില്‍ നിറഞ്ഞിരുന്നു. ഹോമത്തിന്‍റെ പരിസമാപ്തിയില്‍ പുരോഹിതന്മാര്‍ക്ക് ദക്ഷിണയും നല്‍കി പ്രസാദവും വാങ്ങി ദര്‍ശനവും കഴിഞ്ഞ് ഞങ്ങള്‍ ഹോട്ടല്‍ മുറിയിലേക്ക് പോയി. വൈകുന്നേരമുള്ള ട്രെയിനില്‍ ഞങ്ങള്‍ക്ക് മടങ്ങേണ്ടത് കൊണ്ട് സാധനങ്ങള്‍ പായ്ക്ക് ചെയ്ത് റെഡിയാക്കി വച്ചു, ഒപ്പം രാത്രി ഭക്ഷണം  റെസ്റ്റോറന്‍റില്‍ നിന്ന് പായ്ക്ക് ചെയ്തു വാങ്ങി. ഉച്ചയ്ക്ക് ഒന്നരമണിയോടെ മനസ്സില്ലാമനസ്സോടെയാണെങ്കിലും അക്ഷര ദേവതയുടെ  സന്നിധിയില്‍ നിന്ന് മംഗലാപുരം റെയില്‍വെ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു. രണ്ടര മണിക്കൂര്‍ കൊണ്ട്  ഞങ്ങളെ മംഗലാപുരത്തെത്തിച്ച ഡ്രൈവര്‍ക്ക് സ്ഥലം നല്ല നിശ്ചയമില്ലാതിരുന്നതിനാല്‍ വഴി തെറ്റി മെയിന്‍ പ്ലാറ്റ്ഫോമില്‍ നിന്നകലെ രൂക്ഷമായ മത്സ്യ ഗന്ധം നിറഞ്ഞ പിന്‍ വശത്താണ് എത്തിച്ചേർന്നത്.  വളരെ പഴയതും, വൃത്തിഹീനവുമായ  മാംഗ്ലൂര്‍ റെയില്‍വേ സ്റ്റേഷന്‍ നവീകരണം നടത്തേണ്ട സമയം അതിക്രമിച്ചതായി തോന്നി. മൂന്നര മണിയ്ക്ക് സ്റ്റേഷനില്‍ എത്തിയ ഞങ്ങള്‍ക്ക് മടങ്ങാന്‍ വേണ്ടി സീറ്റ് റിസര്‍വ് ചെയ്തിരുന്ന മലബാര്‍ എക്സ്പ്രസ്  അഞ്ചേ മുക്കാലോടെ വന്നണഞ്ഞു. പിറ്റേ ദിവസം രാവിലെ ആറു മണിയോടെ നാട്ടില്‍ സുഖമായി പനിയുമായി എത്തി.
തിരുപ്പതി  മൂകാംബികാ തീര്‍ഥാടന യാത്ര നല്‍കിയ പുണ്യവും തിരിച്ചറിവുകളും ഉള്‍ക്കൊണ്ടുകൊണ്ട് പുതിയ അനുഭവങ്ങളും പാഠങ്ങളും നല്‍കാന്‍ പ്രാപ്തമായ യാത്രകള്‍ക്കായി കാത്തിരിപ്പ്‌ തുടരുന്നു....
02/12/2019                   

2020, ഫെബ്രുവരി 5, ബുധനാഴ്‌ച


പത്മാവതി അമ്മവാരു നാട് തിരുപ്പതി
                                          -നന്ദ-
ഏഴുമല വാസനോടൊപ്പം രണ്ടു ദിവസം തിരുമലയിലും പരിസരങ്ങളിലുമായി കഴിഞ്ഞ ഞങ്ങള്‍ നവമ്പര്‍ 27 നു മലയിറങ്ങി. ആറു മണിയോടെ അഷ്ടവിനായക ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട്‌ ചെയ്ത് മണിച്ചേട്ടന്‍റെ വണ്ടിയില്‍ മലയടിവാരം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. മുകളിലേക്ക് പോയ വഴിയില്‍ കൂടിയല്ല തിരികെ വരുന്നത്, നിബിഡ വനങ്ങളാണ് മുഴുവനും. കടുവ, കാട്ടുപോത്ത്, മാന്‍, തേറ്റപ്പന്നി മുതലായ വന്യ ജീവികള്‍ ധാരാളമായി ഉള്ള വനത്തില്‍  അവിടവിടെ കാണാന്‍ സാദ്ധ്യതയുള്ള മൃഗങ്ങളുടെ ചിത്രങ്ങള്‍ സഹിതം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടായിരുന്നു .ചിലയിടത്ത് ഇറങ്ങിയാല്‍ അപകടമാണെന്ന  സൂചനയും ഉണ്ടായിരുന്നു . വകുള പര്‍വ്വതം, ഗരുഡന്‍റെ ആകൃതിയിലുള്ള "ഗരുഡന്‍ പാറ" ഇവയെല്ലാം വഴിമദ്ധ്യേയുള്ള കാഴ്ചകളാണ്. കാല്‍നടയായി മല കയറാന്‍ ആഗ്രഹമുള്ളവര്‍ക്ക്  പടികള്‍ക്ക് പകരം മെല്ലെ മെല്ലെ കയറുവാന്‍ പാകത്തില്‍  റാമ്പ് നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു . വഴിമദ്ധ്യേ അങ്ങിങ്ങ് കുടിവെള്ളം, ആഹാരം, ടോയ്‌ലറ്റുകള്‍ തുടങ്ങിയ  പ്രാഥമിക സൗകര്യങ്ങളും നടപ്പുകാര്‍ക്ക് വേണ്ടി  ഒരുക്കിയിട്ടുണ്ടെന്നുള്ളത് പ്രശംസനീയമായ കാര്യമാണ്. ഏഴു മുതല്‍ എട്ടു മണിക്കൂര്‍ വരെ എടുക്കും നടന്ന്  മലമുകളിലെത്താനെന്ന് അനുഭവസ്ഥയായ രമ പറഞ്ഞു. 
                     ഗരുഡന്‍ പാറ  
പ്രകൃതിരമണീയമായ കാഴ്ച്ചകള്‍ കണ്ടു കൊണ്ട് ഏകദേശം ഏഴര മണിയോടെ തിരുപ്പതി ബസ് സ്റ്റാന്‍ഡിനടുത്തുള്ള ദേവസ്വംബോര്‍ഡിന്‍റെ ഗസ്റ്റ് ഹൗസില്‍ ഞങ്ങൾ എത്തി. ട്രെയിന്‍ ഇറങ്ങി തിരുപ്പതിയില്‍ എത്തിയ ആദ്യ ദിവസം ഞങ്ങള്‍ രണ്ടു മൂന്നു മണിക്കൂര്‍ കഴിഞ്ഞ അതേ സ്ഥലം. രണ്ടു കിടക്കകള്‍ വീതമുള്ള നല്ല വിശാലമായ മുറികള്‍ക്ക് വെറും എണ്ണൂറു രൂപ മാത്രമേ വാടക ഉണ്ടായിരുന്നുള്ളുവെങ്കിലും ഇവിടെയെത്തുന്നവർക്ക് വേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കുവാനുള്ള  ക്രമീകരണങ്ങള്‍ തീരെ തൃപതികരമല്ലായിരുന്നുവെന്ന് പറയാതെ വയ്യ. ചെക്കിന്‍ എവിടെയാണ് ചെക്കൌട്ട് എവിടെയാണ്, ബോര്‍ഡുകള്‍ ഇല്ല ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ അത് തെലുങ്കില്‍ ആയിരിക്കും. അതു പോലെ കൗണ്ടര്‍ സ്റ്റാഫ് ആരും തന്നെ സഹകരണ മനോഭാവമുള്ളവരായി തോന്നിയതുമില്ല. കുറേ ദിവസത്തെ താമസത്തിന് വന്ന പലരും വലിയ ബാഗുകളുമായി തെക്ക് വടക്ക് നടന്ന് ബുദ്ധിമുട്ടുന്നത് കാണാമായിരുന്നു. എട്ടു മണിയ്ക്ക് ചെക്കിന്‍ ചെയ്യേണ്ട ഞങ്ങള്‍ രേഖകളുമായി പലയിടത്ത് കയറിയിറങ്ങി ഒരിടത്ത് ചെന്നപ്പോള്‍ മുറി ബുക്ക്‌ ചെയ്തവരുടെ നീണ്ട ക്യൂ കാണാമായിരുന്നു. എട്ടു മണി ആയിട്ടും  നില്‍ക്കുന്ന ആള്‍ക്കാരെ പരിഗണിക്കാന്‍  ജീവനക്കാര്‍ക്കും ഉത്സാഹമില്ല. ഇതിനിടെ അതിരാവിലെയും മറ്റും ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഒരു ചായയോ കാപ്പിയോ കുടിക്കാനുള്ള സൗകര്യം അതായത് ഒരു വെന്‍ഡിംഗ് മെഷീന്‍ പോലും  അവിടെ ഉണ്ടായിരുന്നില്ല എന്നത് വളരെ  ഖേദകരമായ വസ്തുതയാണ്. പരിചയമില്ലാത്ത ഈ സ്ഥലത്ത് വരുന്നവര്‍  പുറത്തെവിടെയെങ്കിലും പോയി ചായ കുടിച്ചിട്ട് തിരിച്ചെത്തുമ്പോള്‍ ഓരോ പ്രാവശ്യവും വാഹനം ഗേറ്റിനകത്തേക്ക് കയറുന്നതിന് ഇരുപതു രൂപ വച്ച് ടോളും കൊടുക്കണം. എന്തായാലും  ഇവിടത്തെ രീതികള്‍ ഒട്ടും തന്നെ തൃപ്തികരമായി തോന്നിയില്ല.
ചെക്കിന്‍ എന്ന മഹാ സംഭവത്തിന് ശേഷം സ്നാനാദി കര്‍മ്മങ്ങള്‍ കഴിഞ്ഞ് അന്നത്തെ യാത്രാപരിപാടിയ്ക്ക് വേണ്ട ഊര്‍ജ്ജം സംഭരിക്കുവാനായി ‘ഭീമ റെസിഡൻസി’ എന്ന ഹോട്ടലില്‍ കയറി പ്രാതല്‍ കഴിച്ചു. വില അല്‍പ്പം കൂടുതല്‍ ആയിരുന്നെങ്കിലും നല്ല ഭക്ഷണം വൃത്തിയായി ലഭിച്ചുവെന്നത് വലിയ കാര്യമായി തോന്നി . കാപ്പികുടി കഴിഞ്ഞ്  മണിച്ചേട്ടന്‍ ഞങ്ങളെ ഉദുക്കോട് വഴി നാരായണവനം, നാഗലാപുരം, തമിഴ്‌നാട്‌ അതിര്‍ത്തിയിലുള്ള സുരുട്ടുപള്ളി എന്നീ ക്ഷേത്രങ്ങള്‍ കാണിക്കാന്‍ കൊണ്ടു പോകാമെന്ന് പറഞ്ഞു. മക്കൾക്ക് ആ യാത്രയില്‍ തീരെ താത്പര്യമില്ലായിരുന്നതിനാല്‍ അവര്‍ നാലഞ്ചു കി മീ അകലെയുള്ള നഗരവനം പാര്‍ക്ക് കാണുവാന്‍ വഴിമദ്ധ്യേ ഇറങ്ങി. ഞങ്ങള്‍ ചെന്നൈ റൂട്ടില്‍ യാത്ര തുടര്‍ന്നു. അവിടെ നിന്ന് ചെന്നൈയ്ക്ക് 135 കി മീ ആണ് ദൂരം.
യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ റോഡില്‍ കുറച്ചധികം തിക്കും തിരക്കും കണ്ടു തുടങ്ങി. ഞങ്ങൾ പൊയ്ക്കൊണ്ടിരുന്ന വഴിയില്‍ നിന്ന് വലത്തോട്ടു തിരിഞ്ഞ് ഒരു കി മീ പോയാല്‍ തിരുച്ചാനൂര്‍ എന്ന സ്ഥലത്ത് ശ്രീനിവാസ സ്വാമിയുടെ പത്നിയായ പത്മാവതി അമ്മയുടെ ക്ഷേത്രം ഉണ്ടെന്നും അവിടെ ബ്രഹ്മോത്സവം നടക്കുന്നതിനാല്‍ , ഈ ദിവസങ്ങളില്‍ നല്ല തിരക്കായിരിക്കുമെന്നും മണിച്ചേട്ടന്‍ പറഞ്ഞു. ഡിസംബര്‍ ഒന്നാം തീയതി വരെ നീളുന്ന ബ്രഹ്മോത്സവ സമയത്ത് ക്ഷേത്ര ദര്‍ശനം കുറച്ചു ബുദ്ധിമുട്ടായിരിക്കുമെന്നും പറ്റിയാല്‍ തിരിച്ചു വരുമ്പോള്‍ അവിടെ കയറാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീനിവാസ സ്വാമിയുടെ ശാപം കിട്ടി അസുരനായ ചോള രാജാവ് ശാപവിമുക്തനായി ആകാശ രാജാവായി പുനര്‍ജ്ജനിച്ച കഥ മുന്‍പ് പറഞ്ഞിരുന്നുവല്ലോ. അദ്ദേഹത്തിന്‍റെ രാജ്യ തലസ്ഥാനവും, പത്മാവതീ ദേവിയുടെ സ്വന്തം നാടുമായ നാരായണ വനത്തിലേക്കുള്ള യാത്രാ വഴികള്‍ പച്ചക്കുന്നുകളെക്കൊണ്ടും കൃഷിത്തോട്ടങ്ങളെക്കൊണ്ടും അതീവ സുന്ദരമായിരുന്നു. കരിമ്പ്‌, പലയിനം മാവുകള്‍ , തേക്ക്, അക്കേഷ്യ,  സുന്ദരമായ പൂന്തോട്ടങ്ങള്‍ ഇവയെല്ലാം വച്ചു പിടിപ്പിച്ചിരുന്ന  വഴിയോരങ്ങള്‍ കണ്ണിന് ആനന്ദം നല്‍കുന്നവയായിരുന്നു. ആട്ടിന്‍ പറ്റങ്ങളും, പശുക്കൂട്ടങ്ങളും അങ്ങിങ്ങ് മേഞ്ഞു നടക്കുന്നതും കാണാമായിരുന്നു. ഒരു സ്ഥലത്ത് പുതിയ നിര്‍മ്മിതികള്‍ക്കോ മറ്റോ ആയിരിക്കാം മണ്ണ് മാന്തി വാഹനങ്ങളില്‍ കയറ്റുന്നതും കണ്ടു. കാഴ്ച്ചകള്‍ ആസ്വദിച്ചു കൊണ്ട്  ഏകദേശം നാല്‍പ്പത്തി അഞ്ചു കിലോമീറ്ററിലധികം യാത്ര ചെയ്ത് നാരായണവനം കല്യാണ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഞങ്ങള്‍ എത്തി. പ്രധാന പ്രതിഷ്ഠകൾ  വെങ്കടേശ്വര സ്വാമിയും , പത്മാവതി ദേവിയുമാണ്‌. ദേവിയുടെ സ്വന്തം സ്ഥലമായ ഇവിടെ വച്ചാണ് ഇവരുടെ വിവാഹം നടന്നതെന്ന് അവിടത്തെ പൂജാരി ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. കല്യാണാവശ്യത്തിന് ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന പഴയ ഒരു കൂറ്റന്‍ തിരികല്ല് ക്ഷേത്രത്തിനുള്ളില്‍ കിടപ്പുണ്ടായിരുന്നു. ക്ഷേത്രത്തിനുള്ളില്‍ ഫോട്ടോ എടുക്കാന്‍ സാധിക്കാത്തത് കൊണ്ട് അതൊന്നും ഇതില്‍ ചേര്‍ക്കാന്‍  സാധിക്കുന്നില്ല. പത്മാവതി ദേവിയുടെ കല്യാണത്തിന് ഈ പ്രദേശത്ത്  ഏകദേശം പതിനൊന്ന് കി മീ ചുറ്റളവില്‍ വിവാഹപ്പന്തല്‍ ഒരുക്കിയിരുന്നുവെന്നും പൂജാരി ഞങ്ങളോട് വിശദീകരിച്ചു തന്നു. സ്വാമിയുടെ വിവാഹം നടന്ന ഈ ക്ഷേത്രസങ്കേതത്തില്‍ വച്ച്  കല്യാണ മഹോത്സവം നടത്താറുണ്ടെന്നും അതിന് ഇവിടെ വലിയ തിരക്കുണ്ടാകാറില്ലെന്നും, ബുക്ക്‌ ചെയ്തിട്ട് വന്നാല്‍ സൗകര്യമായി നടത്താമെന്നും അദ്ദേഹം പറഞ്ഞു. ദര്‍ശനം കഴിഞ്ഞ് പ്രസാദവും വാങ്ങി പുറത്തിറങ്ങുമ്പോള്‍ കോദണ്ഡരാമന്‍, പ്രയാഗ മാധവസ്വമി, വരദരാജ സ്വാമി, ഗോദ ദേവി അമ്മവാരു, എന്നീ സന്നിധികള്‍ കൂടി കണ്ടു. വിഷ്ണു ദത്തന്‍ എന്ന ബ്രാഹ്മണന് തുളസീ വനത്തില്‍ നിന്ന് കിട്ടിയ രംഗനാഥ ഭക്തയായ കുട്ടിയായിരുന്നു ഗോദ ദേവി. എല്ലാ ദിവസവും മാല കെട്ടി സ്വയം അണിഞ്ഞതിന് ശേഷം അവള്‍ അത് അച്ഛന്‍റെ കയ്യില്‍ സ്വാമിയ്ക്ക് കൊടുത്തയയ്ക്കുകയായിരുന്നു പതിവ്, കുട്ടിയായതിനാല്‍ അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് അവള്‍ക്ക് അറിയില്ലായിരുന്നു. ഒരു ദിവസം മാലയില്‍ മുടി കണ്ടപ്പോള്‍ വിഷ്ണു ദത്തന്‍ കാര്യം ചോദിച്ചു. താന്‍ മനസ്സില്‍ രംഗനാഥ സ്വാമിയെയാണ് ഭര്‍ത്താവായി സങ്കല്‍പ്പിച്ചിരിക്കുന്നതെന്നും മാല സ്വയം ചാര്‍ത്തി ഭംഗി കണ്ടിട്ടാണ് കൊടുത്തയയ്ക്കുന്നതെന്നും അവള്‍ പറഞ്ഞു. കാലക്രമത്തില്‍ അതീവ ഭക്തയായ അവളുടെ ഇംഗിതം നടക്കുകയും ഭഗവാനില്‍ ലയിക്കുകയും ചെയ്തുവെന്നാണ് അറിയാൻ സാധിച്ചത് , ആ ദേവിയാണ് ഇവിടെ നാം കണ്ട ഗോദ ദേവി പ്രതിഷ്ഠ.


              കല്യാണ വെങ്കടേശ്വര സ്വാമി ക്ഷേത്രം 

മലിനമായ ആ ക്ഷേത്ര പരിസരത്ത് നിന്ന് ഞങ്ങള്‍ വീണ്ടും വണ്ടിയില്‍ കയറി പതിനഞ്ചു കി മീ  അകലെയുള്ള അടുത്ത ലക്ഷ്യമായ നാഗലാപുരം വേദ നാരായണ ക്ഷേത്രത്തിലേക്ക് പോയി. വേദങ്ങള്‍ വീണ്ടെടുത്ത മത്സ്യരൂപനായ മഹാ വിഷ്ണു ശ്രീദേവി, ഭൂദേവി സമേതനായി കുടികൊള്ളുന്ന ക്ഷേത്രമാണത് .  ഉച്ച സമയം ആയിരുന്നെങ്കിലും ക്ഷേത്രം  തുറന്നിരുന്നതിനാല്‍ ദര്‍ശനം നടത്തുവാന്‍ സാധിച്ചു. പുറത്തേക്കിറങ്ങുന്ന  സമയത്ത് വശങ്ങളില്‍ ആ സ്ഥലം ഖനനം ചെയ്തപ്പോള്‍ കിട്ടിയ കുറേയധികം പഞ്ചലോഹ വിഗ്രഹങ്ങള്‍ വച്ചിരിക്കുന്നത് കണ്ടു. കൂടാതെ ഒരു നാഗ ഗണപതിയെയും കാണാന്‍ കഴിഞ്ഞു. ഈ ക്ഷേത്രത്തില്‍ ഒരു പ്രത്യേകതയുള്ളത് മാര്‍ച്ച് 26 ന് സൂര്യ രശ്മി പ്രതിഷ്ഠയുടെ പാദത്തിലും അടുത്ത ദിവസം നാഭിയിലും,  അതിനടുത്ത ദിവസം കിരീടത്തിലും പതിക്കുമെന്നുള്ളതാണ്. ക്ഷേത്ര നിർമ്മാണ സമയത്ത് വളരെ ശ്രദ്ധയോടെ എടുത്ത കണക്ക് കൂട്ടലിന്‍റെ ഒരു മകുടോദാഹരണമാണിതെന്ന്  പറയാതെ വയ്യ !!!
                  നാഗലാപുരം ക്ഷേത്രം 

തമിഴ്‌നാട്‌ അതിര്‍ത്തിയിലുള്ള സുരുട്ടു പള്ളി ശിവ ക്ഷേത്രത്തിലേക്കായിരുന്നു തുടര്‍ന്നുള്ള യാത്ര. നാഗലാപുരത്ത് നിന്ന് പത്തു കി മീ യാത്ര ചെയ്‌താല്‍ ശ്രീ പള്ളി കൊണ്ടീശ്വര സ്വാമി ദേവസ്ഥാനത്തിലെത്താം. പാലാഴി മഥന സമയത്ത് കടകോലായിരുന്ന വാസുകി ശര്‍ദ്ദിച്ച വിഷം ഭൂമിയില്‍ പതിച്ച് നാശമുണ്ടാകാതിരിക്കാന്‍ മഹാദേവനായ പരമശിവന്‍ അത് കുടിക്കുകയും മയങ്ങിപ്പോകുകയും ചെയ്തുവെന്നാണ് ഐതീഹ്യം . അങ്ങനെ പാര്‍വതീദേവിയുടെ മടിയില്‍ മയങ്ങിക്കിടക്കുന്ന ‘പള്ളി കൊണ്ട ഈശ്വര’ ക്ഷേത്രം ഇന്ത്യയില്‍ ഇവിടെ മാത്രമേ ഉള്ളൂ എന്നാണ് മണിച്ചേട്ടന്‍ പറഞ്ഞത്. നട്ടുച്ച സമയം ആയിരുന്നതിനാല്‍ നട അടച്ചിരുന്നു, അതുകൊണ്ട് പ്രതിഷ്ഠ കണ്ടു വണങ്ങാന്‍ കഴിഞ്ഞില്ല. പുറത്തേക്കിറങ്ങിയാല്‍ ദേവി പ്രതിഷ്ഠ, ഗോശാല, നാഗത്തറ, അഞ്ച് മാതൃ ഭാവങ്ങള്‍ ,നവഗ്രഹങ്ങള്‍ എന്നിവയെല്ലാം കാണാം.
പള്ളികൊണ്ടീശ്വര ക്ഷേത്രത്തിനു മുന്നിലുള്ള നന്ദി വിഗ്രഹം 

 കാഴ്ച്ചകള്‍ ഇത്രയൊക്കെ ആയപ്പോഴേക്കും സമയം വളരെ വൈകിയിരുന്നു നല്ല വിശപ്പുമുണ്ടായിരുന്നു, ക്ഷേത്രത്തിനടുത്തുള്ള ശ്രീ ബാലാജി എന്ന ഒരു ചെറിയ ഹോട്ടലില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു. വലിയ കെട്ടും, മട്ടും, പകിട്ടും, ഒന്നും കാണാഞ്ഞത് കൊണ്ട് വൃത്തിയുടെ കാര്യം സംശയം ഉണ്ടായിരുന്ന അവിടെ ഈച്ച ശല്യവും കുറവല്ലായിരുന്നു. ഏതായാലും വിശന്നിട്ട് ഒരു രക്ഷയുമില്ലായിരുന്നത് കൊണ്ട് കയ്യില്‍ കിട്ടിയത് അസുഖം ഒന്നും വരല്ലേ എന്ന പ്രാര്‍ത്ഥനയോടെ വാരിക്കഴിച്ചു. ക്ഷേത്രം തുറക്കാന്‍ വൈകുമെന്നതിനാല്‍  നേരെ മടക്കയാത്ര ആരംഭിച്ചു. ഭക്ഷണം കഴിഞ്ഞ് എല്ലാവരും ചെറിയ ആലസ്യത്തില്‍ ഇരിക്കുമ്പോള്‍ വഴിയില്‍ എവിടെയോ ഒരു പനിനീര്‍ പൂന്തോട്ടം രമ കണ്ടു, പക്ഷെ അത് മണിച്ചേട്ടനോട് പറഞ്ഞു കേട്ട് വന്നപ്പോഴേക്കും വണ്ടി രണ്ടു കി മീ ദൂരം പിന്നിട്ടു.തിരിച്ചു പോകണോ എന്ന് ചോദിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെ വേണ്ടായെന്നു പറയാനേ എനിക്ക്  കഴിഞ്ഞുള്ളു. എങ്കിലും തൊട്ടടുത്തു തന്നെ ട്യൂബ് റോസ് എന്ന മണമുള്ള വെളുത്ത പൂക്കള്‍ കൃഷി ചെയ്തിരുന്ന ഒരു പാടത്തിനരികില്‍ വണ്ടി നിര്‍ത്തി കുറച്ചു നേരം പൂക്കളോടൊപ്പം നില്‍ക്കാന്‍ കഴിഞ്ഞത് കുറച്ചൊരു സന്തോഷം നല്‍കാതിരുന്നില്ല. അതിനു ശേഷം അപ്പള കുണ്ടയിലുള്ള പ്രസന്ന വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലേക്കാണ് സാരഥിച്ചേട്ടന്‍ ഞങ്ങളെ കൊണ്ട് പോയത്. ശബരിമലയ്ക്ക് പോകാന്‍ വൃതമുള്ള മണിച്ചേട്ടന്‍ ആന്ധ്രയിലുള്ള സകല ക്ഷേത്രങ്ങളും ഞങ്ങളെയും കൊണ്ട് കറങ്ങുകയാണോ എന്നൊരു സംശയം തോന്നാതിരുന്നില്ല. ചെറിയ  മഴച്ചാറ്റല്‍ കൂടി തുടങ്ങിയതോടെ വൃത്തിഹീനമായ ക്ഷേത്ര പരിസരം ഒന്ന് കൂടി ജോറായി. അഭയ വെങ്കടേശ്വര സ്വാമി എന്ന് കൂടി പേരുള്ള ക്ഷേത്ര പരിസരം ഭിക്ഷാടനക്കാരും , പൂക്കച്ചവടക്കാരും കയ്യടക്കിയിരുന്നു. ദര്‍ശനം കഴിഞ്ഞ് നേരെ നഗരവനം ഉദ്യാനത്തില്‍ നിന്ന് കുട്ടികളെ വിളിക്കാന്‍ പോകുന്ന വഴി പത്മാവതി ക്ഷേത്രത്തിന്‍റെ ബ്രഹ്മോത്സവ തിരക്കില്‍ പെട്ട് ഗതാഗതം സ്തംഭിച്ച് കുറച്ചു നേരം വഴിയില്‍ കിടക്കേണ്ടി വന്നു. ഏതായാലും  സന്ധ്യയായപ്പോഴേക്കും പാര്‍ക്കില്‍ ചെന്ന് മക്കളെയും  കൂട്ടിക്കൊണ്ട് ‘ഒറിയോണ്‍’ എന്ന ഹോട്ടലില്‍ കയറി രാത്രി ഭക്ഷണം കഴിച്ചിട്ട് വിശ്രമത്തിനായി പോയി. പ്രകൃതി സ്നേഹികള്‍ക്ക് വളരെ ഇഷ്ടപ്പെടുന്ന കാഴ്ച്ചകള്‍ നിറഞ്ഞ നഗരവനം ഉദ്യാനം കാണാന്‍ ഞങ്ങൾക്ക് സാധിക്കാത്തത് വലിയ നഷ്ടമായിപ്പോയെന്ന്‍ കുട്ടികള്‍ പറഞ്ഞു കേട്ടപ്പോള്‍ സങ്കടം തോന്നി. ചിത്ര ശലഭങ്ങളും, സുഗന്ധ പുഷ്പങ്ങളും, വന്മരങ്ങളും, കുന്നുകളും, തോടുകളും, വിചിത്രാകൃതിയും വര്‍ണ്ണങ്ങളുമുള്ള വണ്ടുകളും നിറഞ്ഞ ഉദ്യാന ദൃശ്യങ്ങള്‍ അവർ  വാ തോരാതെ വര്‍ണ്ണിച്ചു, ഫോട്ടോകളും കാണിച്ചു തന്നപ്പോള്‍ സത്യത്തില്‍ കൊതി തോന്നി. അടുത്ത ദിവസത്തെ പരിപാടികള്‍ അറിഞ്ഞിട്ട് സമയം കിട്ടിയാല്‍ നഗരവനം എന്ന ദിവ്യാരാമത്തില്‍ പോകാമെന്നും മനസ്സില്‍ കരുതി.
കപില തീർത്ഥം 
 തലേദിവസം രാത്രി ഭക്ഷണം കഴിച്ച ഒറിയോണ്‍ ഹോട്ടലിലെ ഭക്ഷണം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നതിനാല്‍ അവിടെത്തന്നെ പോയി പ്രഭാത ഭക്ഷണം കഴിച്ചതിന് ശേഷമാണ് അടുത്ത ദിവസത്തെ യാത്രകള്‍ ആരംഭിച്ചത്. ശേഷാചല സാനുക്കളില്‍ ഒരു വലിയ വെള്ളച്ചാട്ടത്തിനു സമീപം കപില മുനി പ്രതിഷ്ടിച്ച ഗുഹാ ക്ഷേത്രമായ ശിവക്ഷേത്രത്തിലേക്കാണ് ആദ്യം പോയത്. കപില മുനിയാല്‍ പ്രതിഷ്ടിക്കപ്പെട്ട ഈശ്വരന്‍ ആയതിനാല്‍ കപിലേശ്വരം എന്നും കപില തീര്‍ത്ഥം എന്നുമൊക്കെ ഈ സ്ഥലം അറിയപ്പെടുന്നു. പ്രധാന പ്രതിഷ്ഠ ആയ ‘കപിലേശ്വര സ്വാമി വാരി’ മഹാദേവനെ കൂടാതെ ‘കാമാക്ഷി അമ്മ വാരു’ ദക്ഷിണാമൂര്‍ത്തി, കാലഭൈരവന്‍, മഹാഗണപതി ,ശാസ്താവ്, കാശി വിശ്വേശ്വരന്‍, ഉമാ മഹേശ്വരന്‍, രാമ ലിംഗേശ്വരന്‍, പ്രമദ ഗണപതി, ശിവസൂര്യ, നടരാജസ്വാമി , സുബ്രഹ്മണ്യ സ്വാമി, നാഗത്തറ, കോടി ലിംഗേശ്വര, അഗസ്ത്യേശ്വര ,നവഗ്രഹങ്ങള്‍, വേണുഗോപാലസ്വാമി, ലക്ഷ്മീ നാരായണ സ്വാമി, അഭയ ഹസ്ത ആഞ്ജനേയ സ്വാമി, തുടങ്ങിയ എല്ലാ ദേവതാ ദേവന്മാരെയും അവിടെ പ്രതിഷ്ഠിച്ചിട്ടുണ്ടായിരുന്നു. എല്ലായിടത്തും പൂജാരിമാര്‍ ആരതി ഉഴിഞ്ഞ് കര്‍പ്പൂര വെള്ളം തന്ന് ഭക്തരെ  അനുഗ്രഹിക്കുന്നുണ്ടായിരുന്നു. ബഹുമാനപുരസ്സരം ദേവന്മാരെ "വാരി " എന്നും ദേവതമാരെ "വാരു "എന്നും ചേര്‍ത്താണ് ഇവിടെ പ്രതിപാദിച്ചു കണ്ടത്. 


                        കപില തീര്‍ത്ഥം
                   കപിലേശ്വര ക്ഷേത്രം
ക്ഷേത്ര ദര്‍ശനത്തിന് ശേഷം എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാഴ്ച്ച കാണുവാനാണ് മണിച്ചേട്ടന്‍ ഞങ്ങളെ കൊണ്ടു പോയത്.ശ്രീ വെങ്കടേശ്വര സുവോളജിക്കല്‍ പാര്‍ക്ക് ആന്‍ഡ് സഫാരി, എന്ന മൃഗങ്ങള്‍ക്കിടയിലൂടെയുള്ള ഒരു യാത്ര. സഫാരിക്കുള്ള ടിക്കറ്റ് എടുത്ത് ബസ് വരാന്‍ വേണ്ടി ഞങ്ങള്‍ കാത്തിരുന്നു. അധികം താമസിച്ചില്ല  അടച്ചുറപ്പുള്ള ഒരു ചെറിയ ബസ്സ്‌ വന്നു. സ്വച്ഛസുന്ദരമായ ആവാസ വ്യവസ്ഥയില്‍  വന്യ ജീവികള്‍ സ്വതന്ത്രമായി വിഹരിക്കുന്നത് കാണുവാനുള്ള ഉത്സാഹത്തോടെ പുറത്തേക്ക് കണ്ണും നട്ട്  ഞങ്ങള്‍ ബസ്സില്‍ കയറി ഇരിപ്പായി. വെറും അര മണിക്കൂര്‍ കറങ്ങിയപ്പോഴേക്കും കാഴ്ചകള്‍ കഴിഞ്ഞു. ശരിക്ക് പറഞ്ഞാല്‍ ഒന്നുമില്ല, കുറേ മാനുകള്‍, നീലക്കാള, എല്ലും തോലുമായ ഒന്നു രണ്ടു സിംഹങ്ങള്‍, വെള്ളക്കടുവ, ഇത്രയൊക്കെ മാത്രം. ബാംഗളൂരിലെ  ബന്നാര്‍ഘട്ട സഫാരി മനസ്സില്‍ വച്ചു പോയത് കൊണ്ടാകാം ഇത്ര വലിയ നിരാശ തോന്നിയത്. ബസ്സില്‍ നിന്നിറങ്ങിയ ഞങ്ങള്‍ പിന്നെ മണിച്ചേട്ടന്‍റെ കാറില്‍ പാര്‍ക്കാകെ  ഒന്ന് ചുറ്റി വന്നു, അപ്പോള്‍ ഇരുമ്പ് വേലികള്‍ക്കുള്ളില്‍ അസ്വസ്ഥരായി മുരണ്ടുകൊണ്ടു കൊണ്ട്  നടക്കുന്ന  ഒന്ന് രണ്ടു പുള്ളിപ്പുലികളെയും,    മറ്റൊരിടത്ത് കുറച്ച് ആനകളെയും, കൂട്ടിനുള്ളില്‍ വളര്‍ത്തിയിരുന്ന  ചില പക്ഷികളെയും കാണാന്‍ പറ്റി.
            തിരുപ്പതി ഓപ്പണ്‍ സഫാരി കേന്ദ്രത്തിന്‍റെ മുന്‍വശം 
                      നീലക്കാള, മാന്‍ 
പാവം പാവം സിംഹം...

തൃപ്തികരമല്ലാത്ത സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശനം കഴിഞ്ഞ് ശ്രീനിവാസ മങ്കപുരത്തെ കല്യാണ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലേക്കാണ് സാരഥിച്ചേട്ടന്‍ വണ്ടിയോടിച്ചത്. ജയവിജയന്മാര്‍ കാവല്‍ നില്‍ക്കുന്ന ഈ ക്ഷേത്രത്തിന് തിരുപ്പതിയില്‍ നിന്ന് പന്ത്രണ്ട് കി മീ ദൂരമാണുള്ളത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്‍റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും വിഗ്രഹങ്ങള്‍ ബാലാജി വിഗ്രഹം പോലെ തന്നെ കണ്ണുകള്‍ കുറച്ചു മറച്ച വലിയ ഗോപിക്കുറിയുമായിട്ടാണ് കാണുവാന്‍ കഴിയുക. ഒരുവിധം നല്ല തിരക്കുണ്ടായിരുന്ന അവിടെ ചെറിയ മഴച്ചാറ്റലിനിടയില്‍ ദര്‍ശനവും , വഴിപാടുകളും നടത്തിയിട്ട്  ഉച്ച ഭക്ഷണത്തിനായി ഒറിയോണ്‍ ഹോട്ടലിലേക്ക് പോയി. തിരുമല തിരുപ്പതി തീർത്ഥാടനത്തിന്‍റെ അവസാന ദിവസമായിരുന്ന അന്ന് ഭക്ഷണം കഴിഞ്ഞ് ഗസ്റ്റ് ഹൌസിലെ  മുറിയിൽ തന്നെ കഴിഞ്ഞു . 
അടുത്ത ദിവസം അതായത് നവംബര്‍ 29 ന് വെളുപ്പിനെയുള്ള ഫ്ലൈറ്റില്‍ ബാംഗളൂരിലേക്കും, തുടര്‍ന്നുള്ള കണക്ഷന്‍ ഫ്ലൈറ്റില്‍ മാംഗളൂരിലേക്കും അവിടെ നിന്ന് കാര്‍ മാര്‍ഗ്ഗം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്കും പോകാനായിരുന്നു പരിപാടി . അതിനുള്ള  പായ്ക്കിങ്ങും മറ്റും നടത്തിയിട്ട്  സന്ധ്യയ്ക്ക് എല്ലാവരും ഒരു മുറിയില്‍ ഒത്തു കൂടി കണ്ടതും കാണാന്‍ പോകുന്നതുമായ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് പിരിഞ്ഞു.
അടുത്ത ദിവസം വെളുപ്പിന് അഞ്ചരയോടെ ഗസ്റ്റ് ഹൗസിനോട് വിടപറഞ്ഞ് മണിച്ചേട്ടന്‍റെ വണ്ടിയില്‍ സാധന സാമഗ്രികള്‍ കയറ്റി വച്ചു. ആ  സമയത്ത്  അവിടത്തെ  കുറെ ജീവനക്കാരികള്‍ വന്നു കാശിനു കൈ നീട്ടിയത് ഞങ്ങളെ ചൊടിപ്പിക്കാതിരുന്നില്ല, ഒരു ദിവസം പോലും മുറി വൃത്തിയാക്കുകയോ ബാഗുകള്‍ പൊക്കി കൊണ്ടുപോകുമ്പോള്‍ ഒരു കൈ സഹായം ചെയ്യുക പോലുമില്ലാതെ പണം വാങ്ങാന്‍ വന്നിരിക്കുന്നു. ഒന്നും മിണ്ടാതെ ഇറങ്ങി വന്ന് എല്ലാവരും കാറില്‍ കയറി, റണിഗുണ്ടയിലുള്ള തിരുപ്പതി വിമാനത്താവളത്തിലേക്ക് തിരിച്ചു. അര മണിക്കൂര്‍ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തിയ ഞങ്ങള്‍ മാന്യനായ മണിച്ചേട്ടനോട്‌ യാത്ര പറഞ്ഞു. തലേ ദിവസം തന്നെ അദ്ദേഹത്തിന്‍റെ കണക്കുകള്‍ തീര്‍ത്തു രൂപ കൊടുത്തിരുന്നു, കൂടാതെ ഞങ്ങള്‍ ചെന്ന ദിവസം മുതല്‍ എല്ലാ ദിവസവും ഭക്ഷണത്തിനുള്ള 300 രൂപ അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് അതാത് ദിവസം കൊടുക്കുകയും ചെയ്തിരുന്നു. എങ്കിലും ആത്മാർത്ഥതയോടെ പെരുമാറിയ മണിസാമിയ്ക്ക് യാത്ര പറഞ്ഞ സമയത്ത്   കുറച്ചു പണം കൂടി കൊടുത്തിട്ടാണ് ഞങ്ങൾ എയര്‍ പോര്‍ട്ടിനുള്ളിലേക്ക് പോയത്. ഞങ്ങള്‍ എത്തുമ്പോള്‍  ജീവനക്കാരും വിമാനത്താവളവും നിദ്രയുടെ ആലസ്യത്തില്‍ നിന്ന് ഉണര്‍ന്നു വരുന്നതേയുള്ളായിരുന്നു. തിരുപ്പതിയില്‍ നിന്ന് ബാംഗളൂരിലേക്കും തുടര്‍ന്ന് നാല് മണിക്കൂറിന് ശേഷമുള്ള മാംഗ്ലൂര്‍ വിമാന യാത്രയ്ക്കുമുള്ള ബോര്‍ഡിംഗ് പാസുകള്‍ ഇവിടെ മെഷീനില്‍ നിന്ന് എടുക്കാന്‍ സാധിച്ചതിന്‍റെ പ്രയോജനം തിരക്കുള്ള ബാംഗ്ലൂര്‍ എയര്‍ പോര്‍ട്ടില്‍ ചെന്നപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി. തീരെ തിരക്ക് കുറഞ്ഞ തിരുപ്പതി എയര്‍പോര്‍ട്ടില്‍ നിന്ന് 7.50 ആയപ്പോള്‍ ഞങ്ങളുടെ ഇന്‍ഡിഗോ വിമാനം പറന്നു പൊങ്ങി. ...

തിരുപ്പതി വിമാനത്താവളത്തിനുള്ളിലെ ശില്‍പ്പം

29/11/2019
തുടര്‍ന്ന് വായിക്കുക:- കൊല്ലൂരിലെ വാഗ്ദേവതയായ മൂകാംബികാ ദേവി                   

2020, ജനുവരി 29, ബുധനാഴ്‌ച


തിരുപ്പതി ബാലാജിയുടെ നാട്ടില്‍
                                       -നന്ദ-
തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് സമീപ പ്രദേശങ്ങളില്‍  സ്ഥിതിചെയ്യുന്ന കുറേ ക്ഷേത്രങ്ങള്‍ കൂടി കാണുവാനുള്ള ഒരു പദ്ധതി ഞങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. അതില്‍ ഒരു പ്രധാനപ്പെട്ട ക്ഷേത്രമായിരുന്നു കാളഹസ്തി ശിവക്ഷേത്രം,പക്ഷേ അവിടെ ദര്‍ശനം നടത്തിയാല്‍ തിരികെ സ്വഗൃഹത്തിലേക്ക് തന്നെ മടങ്ങണമെന്നൊരു  പ്രമാണമുണ്ട്. ഞങ്ങളുടെ യാത്രാ പരിപാടിയില്‍ മറ്റു പല സ്ഥലങ്ങളും കൂടി  സന്ദര്‍ശിക്കുവാന്‍ ഉദ്ദേശമുണ്ടായിരുന്നത് കൊണ്ട് തത്കാലം കാളഹസ്തി യാത്ര ഒഴിവാക്കുവാന്‍ തീരുമാനിച്ചു.
അടുത്ത ദിവസം പ്രഭാതത്തിൽ പതിവ് സ്ഥലമായ സാരംഗില്‍ നിന്ന് പ്രാതല്‍ കഴിച്ചിട്ട് അയ്യപ്പ ഭക്തനായ  മണിച്ചേട്ടന്‍റെ ഇന്നോവയിൽ  “ഗോഗര്‍ഭ” ഡാമിനരികില്‍ കൂടി ചിറ്റൂര്‍ ജില്ലയില്‍ തന്നെയുള്ള വേണുഗോപാല സ്വാമി ക്ഷേത്രം കാണുന്നതിനായി  പത്തു മണിയോടെ യാത്ര തിരിച്ചു. അഞ്ചു നിമിഷം  കൊണ്ട് ക്ഷേത്രത്തിലെത്തി. കുറേയധികം സൂവനീര്‍ കടക്കള്‍ക്കിടയിലൂടെ നടന്നെത്തിയത് വൃക്ഷങ്ങള്‍ തണല്‍ വിരിച്ചു നിന്ന  ഒരു ചെറിയ ക്ഷേത്രത്തിന്‍റെ മുന്‍വശത്തേക്കാണ്. പ്രധാന പ്രതിഷ്ഠയായ വേണുഗോപാലസ്വാമിയെ  കൂടാതെ ഒരു സങ്കടമോചന ഹനുമാന്‍ കൂടി അവിടെയുണ്ടായിരുന്നു . ശ്രീകോവിലിനു പുറത്ത് അങ്ങിങ്ങ് മരത്തിന് ചുറ്റും കെട്ടിയ തറയില്‍   ഓരോരുത്തര്‍ സന്യാസി വേഷം ധരിച്ച് അനുഗ്രഹം കൊടുത്ത് ദക്ഷിണ വാങ്ങുന്നത് കാണാമായിരുന്നു, ഒരു സ്ഥലം ഒഴിഞ്ഞു കിടക്കുന്നത് കണ്ടപ്പോള്‍ നമ്മളാരെങ്കിലും അവിടെപ്പോയി മുന്നില്‍ ഒരു പട്ടും വിരിച്ചിരുന്നാല്‍ ദക്ഷിണ കിട്ടുമെന്ന് പറഞ്ഞ് എല്ലാവരും കൂടി  ചിരിച്ചു. പുതിയ പുതിയ പ്രതിഷ്ഠകളും ,വഞ്ചിപ്പെട്ടികളും സ്ഥാപിച്ച് വരുമാനം ഉണ്ടാക്കുന്ന ഒരു പ്രവണത ഇക്കാലത്ത്  പൊതുവേ പല ആരാധനാലയങ്ങളിലും കണ്ടു വരുന്നുണ്ടല്ലോ . ദര്‍ശനം കഴിഞ്ഞ് പ്രസാദം കിട്ടിയപ്പോള്‍ അതില്‍ ഒരു ഇല കൂടി ഉണ്ടായിരുന്നു. അത് കഴിച്ചാല്‍ അമരത്വം ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. അതറിഞ്ഞതോടെ ആ ഇല കഴിച്ച് എല്ലാവരും  അമരത്വം നേടിയതായി കരുതി സന്തോഷിച്ചു !!!എന്തെങ്കിലും ഔഷധ ഗുണം ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള പ്രസ്തുത വൃക്ഷം പിന്നീടുള്ള യാത്രയില്‍ പലയിടത്തും കാണുവാന്‍ കഴിഞ്ഞു.
വേണുഗോപാല സ്വാമി ക്ഷേത്രം

വേണുഗോപാല ക്ഷേത്രത്തില്‍ നിന്ന് അഞ്ചു കി മീ യാത്ര ചെയ്‌താല്‍ ‘ആകാശഗംഗ’യിലെത്താം. ധാരാളം പടിക്കെട്ടുകള്‍ കയറിയിറങ്ങി വേണം ആകാശഗംഗയ്ക്കടുത്തെത്താന്‍. ചുറ്റോടു ചുറ്റും വനപ്രദേശമാണ്. ധാരാളം സന്ദര്‍ശകര്‍ എത്തിയിരുന്ന അവിടെ ഒരു ഹനുമാന്‍ ക്ഷേത്രവുമുണ്ട്.
 ‘പെരിയ തിരുമലനമ്പി” എന്ന ഒരു വെങ്കടേശ്വര ഭക്തന്‍ പണ്ട് കാലത്ത് തന്‍റെ വീട്ടില്‍ നിന്ന് വളരെ അകലെയുള്ള ‘പാപ വിനാശനം’ എന്ന സ്ഥലത്ത് വന്ന് സ്വാമിയ്ക്ക് സേവ ചെയ്യുവാനായി വെള്ളം കൊണ്ടു വരിക പതിവായിരുന്നു. വളരെ പ്രായമായിക്കഴിഞ്ഞും അദ്ദേഹം ഈ പതിവ് തുടര്‍ന്നു പോന്നു . ഒരിക്കല്‍ ഇപ്രകാരം വെള്ളവുമായ വന്ന അദ്ദേഹത്തെ ഒരു വേടന്‍ തടഞ്ഞു നിര്‍ത്തി വെള്ളം അയാള്‍ക്ക്‌ കൊടുക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ സ്വാമിയുടെ പൂജയ്ക്കുള്ള വെള്ളം കൊടുക്കാന്‍ സാധിക്കില്ല എന്ന് പറഞ്ഞു കൊണ്ട് നമ്പി പോകാന്‍ തുടങ്ങുമ്പോള്‍ വേടന്‍ ഒരു അമ്പ് എയ്ത് കുടത്തില്‍ ദ്വാരമുണ്ടാക്കി വെള്ളം കുടിച്ചു. വിഷമത്തിലായ നമ്പി വീണ്ടും വെള്ളമെടുക്കാന്‍ പാപവിനാശത്തേക്ക് തിരിച്ചു. അപ്പോള്‍ വേടന്‍ തന്‍റെ അമ്പെടുത്ത് തൊട്ടടുത്തുള്ള അഞ്ജനാദ്രിയിലേക്ക് തൊടുക്കുകയും അവിടെ നിന്നും നല്ല ഒന്നാംതരം വെള്ളം ഒഴുകി വരികയും ചെയ്തുവത്രെ . ഒന്നും മനസ്സിലാകാതെ അത്ഭുത പരതന്ത്രനായി നിന്ന നമ്പിയോട്, വേഷം മാറി വേടന്‍റെ രൂപത്തിൽ വന്ന  സാക്ഷാല്‍ വെങ്കടേശ്വര സ്വാമി സ്വരൂപം കൈക്കൊണ്ടിട്ട് “ ഇനിമേല്‍ എനിക്കുള്ള ജലം ഇവിടെ നിന്നും എടുത്താല്‍ മതി,അങ്ങേക്ക് വാര്‍ദ്ധക്യം ആയല്ലോ’ എന്ന് പറഞ്ഞിട്ട് മറഞ്ഞു. ആ പ്രവാഹമാണ് ആകാശഗംഗയായി ഇന്ന് നാം കാണുന്നത്.
ആകാശഗംഗ
ആകാശഗംഗയ്ക്ക് സമീപമുള്ള വനപ്രദേശം 

 ഹനുമാൻ ക്ഷേത്ര ദർശനം കഴിഞ്ഞ് നിന്ന് തിരിച്ചു പടിക്കെട്ടുകള്‍ കയറുമ്പോള്‍ മുന്‍പ് പറഞ്ഞ ‘അമരത്വ’ വൃക്ഷങ്ങള്‍ അവിടെയൊക്കെ നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞു. കുറച്ച് ഇലകള്‍ ശേഖരിച്ച് നാട്ടില്‍ മറ്റുള്ളവര്‍ക്ക് കൊണ്ടു കൊടുക്കാമെന്ന് കരുതി നോക്കുമ്പോള്‍ കയ്യെത്തുന്ന പൊക്കത്തില്‍ ഒരില പോലും കാണാന്‍ പറ്റിയില്ല, അങ്ങനെ ചുളുവിനാരും അമരന്മാരകണ്ടാ എന്നായിരിക്കാം ദൈവഹിതം . ആകാശ ഗംഗ കണ്ടതിനു ശേഷം ‘നമ്പി’ ആദ്യം ജലമെടുത്തിരുന്ന പാപവിനാശനം കാണുവാനായി പോകുമ്പോള്‍ ഒരു ടോള്‍ ഗേറ്റ് കണ്ടു. വെങ്കടേശ്വര വൈല്‍ഡ് ലൈഫ് സാങ്ക്ച്വറിയുടെ ആ  പ്രവേശന കവാടത്തിൽ  മുപ്പതു രൂപ ടോള്‍ കൊടുത്തു വേണം അകത്തേക്ക് പ്രവേശിക്കാൻ  . സാമാന്യം ചെറിയ ഒരു വനപ്രദേശത്ത് കൂടി മൂന്ന് കി മീ ദൂരം ചെന്നപ്പോള്‍ പാപവിനാശനം ഗംഗാദേവി ക്ഷേത്രത്തിനടുത്തുള്ള കവാടത്തിനരികിലെത്തി. മരങ്ങള്‍ കുട പിടിച്ചു നില്‍ക്കുന്ന വഴിയിലൂടെ കുറച്ചു ദൂരം നടന്ന്‍ പാപവിനാശനം ഗംഗാദേവി ക്ഷേത്രത്തിനടുത്തേക്ക് പോകുമ്പോള്‍  വഴിയ്ക്കിരുവശങ്ങളിലും ധാരാളം കച്ചവടക്കാരെയും , സന്ദര്‍ശകര്‍ക്ക്  വെങ്കിടേശ്വര സ്വാമിയുടെ ഗോപി ചാര്‍ത്തി കൊടുത്ത് കാശ് വാങ്ങുന്നവരെയും ഒക്കെ കാണാമായിരുന്നു. പത്തു രൂപയോ മറ്റോ കൊടുത്ത് ഞാനും ഒരു ഗോപിക്കുറി ചാര്‍ത്തിയെടുത്തു. പാപവിനാശന ദര്‍ശനം കഴിഞ്ഞ് ഞങ്ങള്‍ തിരുമലയിലേക്ക് മടങ്ങി.
പാപവിനാശനം  ഗംഗാദേവി ക്ഷേത്രം 

തിരുപ്പതി വെങ്കടേശ്വര സ്വാമി ക്ഷേത്രം ഉണ്ടാവുന്നതിനു മുന്‍പ് മഹാവിഷ്ണുവിന്‍റെ മൂന്നാമത്തെ അവതാരമായ വരാഹമൂര്‍ത്തി വാഹനമായ ഗരുഡനോടൊപ്പം പുഷ്ക്കരിണി തീര്‍ത്ഥത്തിന്‍റെ പടിഞ്ഞാറേക്കരയില്‍ കിഴക്കോട്ട് ദര്‍ശനമായി ഇരുന്നുവെന്നാണ് ഐതീഹ്യം. ആ ക്ഷേത്രം കാണുവാനാണ് പിന്നീട് പോയത്. ഉച്ച സമയമായിട്ടും തുറന്നിരുന്ന ക്ഷേത്രത്തില്‍ വളരെ നല്ല തിരക്കുണ്ടായിരുന്നു. തിരക്കിനിടയിലൂടെ വരാഹസ്വാമി ദര്‍ശനം നടത്താൻ കഴിഞ്ഞ  സന്തോഷത്തോടെ  ഞങ്ങള്‍ ഉച്ചഭക്ഷണം കഴിക്കുവാൻ പോയി .
                   വരാഹസ്വാമി ക്ഷേത്രം 
സാരംഗ് ഹോട്ടലിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ ആണെന്നത് പോലെ  മണിച്ചേട്ടന്‍ ഞങ്ങളെ ഊണ് കഴിക്കാന്‍ അങ്ങോട്ട്‌ തന്നെ കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും എല്ലാവരും കൂടി വേറെ സ്ഥലത്ത് പോകണമെന്ന് വാശി പിടിച്ചു. അവസാനം ശ്രീനിവാസം എന്നൊരു ഹോട്ടലില്‍ പോയി ആഹാരം കഴിച്ചു. റേറ്റ് കുറവായിരുന്നെങ്കിലും സാരംഗിലെ ഭക്ഷണത്തിന്‍റെ സ്വാദ് അവിടെ കിട്ടിയില്ല എന്നതായിരുന്നു സത്യം. അപ്പോഴാണ്‌ മണിച്ചേട്ടന്‍റെ വില മനസ്സിലായത്.
 ബാലാജി ക്ഷേത്രത്തിനു സ്വന്തമായി വലിയ ഉദ്യാനം ഉണ്ടെന്നും അവിടെ നിന്നുള്ള പൂക്കളാണ് പൂജയ്ക്ക് എടുക്കുന്നതെന്നും, അതൊക്കെ ഒന്നു കാണേണ്ടതാണെന്നും, മുൻപ് പല തവണ ആ സ്ഥലത്ത് പോയിട്ടുള്ള  രമ പറഞ്ഞു. അതുകൊണ്ട് ഉച്ചഭക്ഷണം കഴിഞ്ഞ് തിരുപ്പതി ദേവന്‍റെ  ഉദ്യാനം കാണുവാനിറങ്ങി. ക്ഷേത്ര പരിസരങ്ങളില്‍ നിറയെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഉദ്യാനക്കാഴ്ച്ചകള്‍ മനസ്സില്‍ നിറച്ചു കൊണ്ടാണ് ഇറങ്ങിയത്‌. പക്ഷെ മുന്‍പുണ്ടായിരുന്ന പല ഉദ്യാനങ്ങളും സമീപ കാലത്ത്  ഫ്ലാറ്റുകളും ഹോട്ടലുകളുമായി മാറിപ്പോയതായി  കണ്ടപ്പോള്‍ വലിയ നിരാശ തോന്നി. വനങ്ങളും, കുന്നുകളും ഒക്കെയായി ധാരാളം സ്ഥലം ലഭ്യമായിട്ടുള്ള ഇവിടെ ഉദ്യാനങ്ങള്‍ നശിപ്പിക്കാതെ പരിരക്ഷിക്കാമായിരുന്നു എന്നാണ് തോന്നിയത്. സന്ദര്‍ശകര്‍ക്ക് താമസ്സിക്കാന്‍ സൗകര്യം വേണ്ടെന്നല്ല , പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടാകണം വികസനം എന്നേ ഉദ്ദേശിക്കുന്നുള്ളൂ. രമ മുന്‍പ് വന്നിരുന്ന സമയത്ത് ഉദ്യാനങ്ങള്‍ കണ്ടിരുന്ന പലസ്ഥലത്തും ഞങ്ങള്‍ കാറില്‍ കറങ്ങി, തോട്ടങ്ങളില്‍  ഉണ്ടായിരുന്ന ശില്‍പ്പങ്ങള്‍ പലതും റോഡരികില്‍ ഇരിക്കുന്നതായി കണ്ടു. പൂക്കള്‍ ഇഷ്ടപ്പെടുന്ന എന്നെ പൂന്തോട്ടം കാണിക്കാന്‍ പറ്റാത്തതിന്‍റെ സങ്കടമായിരുന്നു  രമയ്ക്ക്‌, ഒടുവില്‍ പേരിനൊരു സ്ഥലം കണ്ടു പിടിച്ചു.  കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ വിസ്മയമൊന്നും അവകാശപ്പെടുവാനില്ലാത്ത ഒരു ചെറിയ ഉദ്യാനം. വാനരന്മാര്‍ വിഹരിച്ചിരുന്ന അവിടെ അല്‍പ്പനേരം ചിലവഴിച്ചു. അവര്‍ മരക്കൊമ്പുകളിലും ഞങ്ങള്‍ സിമന്‍റ് ബഞ്ചുകളിലും പരസ്പരം നോക്കിയിരുന്നു. ഉദ്യാനക്കാഴ്ച്ചകളില്‍ നിന്ന് മടങ്ങിയ ഞങ്ങള്‍ വീണ്ടും വെങ്കടേശ്വര ക്ഷേത്രത്തിലേക്ക് പോയി.
                                 തിരുപ്പതി ഉദ്യാനം 

രമ വൈകിട്ട് ക്ഷേത്രത്തില്‍ ‘സഹസ്ര ദീപാലങ്കാര സേവ’ ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു. നാലര മണിയോടെ അവിടെയെത്തിയപ്പോള്‍ സ്വാമിയെ ഒരു മഞ്ചലില്‍ ആഘോഷമായി അലങ്കരിച്ച് കുടകളും ആരവവുമായി എഴുന്നള്ളിച്ചു കൊണ്ട് വരുന്നത് കണ്ടു. ഒരു പന്തലിന് മുന്നിലുള്ള വലിയ സ്റ്റേജില്‍ നിറയെ ദീപങ്ങള്‍ കത്തിച്ചു വച്ചിട്ടുണ്ടായിരുന്നു , ഒത്ത മദ്ധ്യത്ത് അലങ്കരിച്ച വലിയ ഒരു ഊഞ്ഞാലും ഉണ്ട്. മഞ്ചലില്‍ നിന്ന് സ്വാമിയെ ഊഞ്ഞാലില്‍ ഇരുത്തിയിട്ട് പൂജാരിമാര്‍ അത് മെല്ലെ തൊട്ടില്‍ ആട്ടുന്നത്‌ പോലെ ആട്ടാന്‍ തുടങ്ങി, ഒപ്പം നാഗസ്വര മേളവും ഉണ്ടായിരുന്നു. ദീപങ്ങള്‍ കത്തിച്ചു വച്ചിരിക്കുന്നത് ദീപാലങ്കാര സേവയും സ്വാമിയെ ഊഞ്ഞാലാട്ടുന്നത്  ‘ഊഞ്ഞാല സേവ’ യുമാണെന്ന് രമ പറഞ്ഞു തന്നു . ഭക്തര്‍ക്ക്‌ എല്ലാം  മുന്‍കൂട്ടി  ബുക്ക്‌ ചെയ്യാവുന്നതാണ്. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ നാഗസ്വര മേളം അവസാനിപ്പിച്ചിട്ട് കര്‍ണ്ണാടക സംഗീത കീര്‍ത്തന ആലാപനം  തുടങ്ങി.
        സേവയ്ക്കായി മഞ്ചലില്‍ എഴുന്നെള്ളുന്ന ബാലാജി 
         ഊഞ്ഞാലില്‍ ഇരിക്കുന്ന സ്വാമി


                                              ഊഞ്ഞാലസേവ

അര മണിക്കൂര്‍ കൊണ്ട് സേവ അവസാനിക്കുകയും സ്വാമിയെ വീണ്ടും മഞ്ചലില്‍ ഇരുത്തി ക്ഷേത്ര പ്രദിക്ഷണം തുടങ്ങുകയും ചെയ്തു. എല്ലാവരും സ്വാമിയുടെ കൂടെ പ്രദിക്ഷണം വയ്ക്കാന്‍ പോകുമ്പോള്‍ ഞങ്ങളും കൂട്ടത്തില്‍ കൂടി. .!!.സ്വാമി എഴുന്നള്ളുമ്പോള്‍ മുന്നില്‍ എത്രയോ പേര്‍ ദീപങ്ങളും കാഴ്ച്ചകളും ഒക്കെയായി സ്വീകരിക്കാന്‍ നില്‍ക്കുന്നത് കാണാമായിരുന്നു. ഓരോ സ്വീകരണ സ്ഥലത്തും നിര്‍ത്തി ആരതിയും മറ്റും കഴിഞ്ഞ് മേളവും, ദീപങ്ങങ്ങളും നാമജപങ്ങളുമായുള്ള ആ എഴുന്നള്ളത്ത്  അവിസ്മരണീയ കാഴ്ചയാണ് . ഭഗവാനെ അനുഗമിച്ചു നടക്കുമ്പോള്‍ എഴുന്നള്ളത്തിന്‍റെ ഭാഗമായ ഒരു കൂടാരം  വലിക്കുവാന്‍ ഞങ്ങള്‍ക്കും ഭാഗ്യം കിട്ടി. അവസരം കിട്ടിയ ഞങ്ങള്‍ സസന്തോഷം കൂടാരം കുറച്ചു നേരം വലിച്ചു കൊണ്ടു നടന്നു. അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ബന്ധപ്പെട്ടവര്‍ മതിയെന്നു പറയുകയും ഉടനെ തന്നെ അതിന് പ്രതിഫലം ചോദിക്കുകയും ചെയ്തു , ഇവിടെയൊക്കെ എല്ലാം ഇങ്ങനെയാണ് എന്തിനും ഏതിനും പണം പണം!!ഒരു പ്രദിക്ഷണം പൂര്‍ത്തിയായപ്പോള്‍ സ്വാമിയെ ഉള്ളിലേക്ക് എഴുന്നെള്ളിച്ചു കൊണ്ട് പോയി.
                 ശ്രീനിവാസ സ്വാമിയുടെ ക്ഷേത്ര പ്രദിക്ഷണം

സഹസ്ര ദീപാലങ്കാര സേവ ചെയ്യുന്നവര്‍ക്ക് ലഡ്ഡു കിട്ടുമെന്ന് അറിഞ്ഞു കൊണ്ട് ഞങ്ങള്‍ ലഡ്ഡു കൌണ്ടറിലേക്ക് പോയി. പക്ഷെ അവിടെ കമ്പ്യൂട്ടറില്‍ നോക്കിയിട്ട് ഞങ്ങള്‍ ദര്‍ശനം നടത്താഞ്ഞത് കൊണ്ട്  ലഡ്ഡു ലഭിക്കില്ലെന്ന് അവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസത്തെ ക്യൂ നില്‍പ്പും തിരക്കും ഞങ്ങളെ ദര്‍ശനം നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നു. സേവ ബുക്ക്‌ ചെയ്തവര്‍ക്ക് സ്പെഷ്യല്‍ ദര്‍ശനം കിട്ടുമായിരുന്നു എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു, അത് പറഞ്ഞു തരാന്‍ അവിടെ ആരും ഒട്ടില്ലായിരുന്നു താനും, നിര്‍ദ്ദേശങ്ങള്‍ എഴുതിയ ഫലകങ്ങളും ഇല്ല. ഇത്രയും ജനങ്ങള്‍ ദര്‍ശനം നടത്തുന്ന ഇത്ര മഹത്തായ ഒരു ക്ഷേത്രത്തില്‍ ഇതൊക്കെ വേണ്ടതല്ലേ, എന്തുകൊണ്ട് എല്ലാ ബോര്‍ഡുകളും തെലുങ്കില്‍ മാത്രം എഴുതിവയ്ക്കുന്നു? ഭിന്ന ദേശക്കാരായ ആളുകള്‍ എത്രയോ പേരാണ് അവിടെയെത്തുന്നത് , എല്ലാവരും തെലുങ്ക്‌ അറിയുന്നവരാണോ, ദേവസ്ഥാനം ഇതൊക്കെ ഒന്ന് ശ്രദ്ധിച്ച് സൗകര്യ പ്രദമായി കാര്യങ്ങള്‍ ക്രമീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നാണ് പറയാനുള്ളത്. ധനത്തിന് യാതൊരു കുറവില്ല , വിഭവങ്ങളുണ്ട് ചെയ്യുവാന്‍ ആളുകള്‍ ഉണ്ട്, പിന്നെ ആളുകള്‍ക്ക് ബുദ്ധിമുട്ടില്ലാതെ കാര്യങ്ങള്‍ ചെയ്തു കൊടുത്താല്‍ എന്താണ് കുഴപ്പം? വളരെ പ്രയാസമേറിയ കാര്യമാണ് മാനേജ്മെന്‍റ് എന്നത്, ഒരുപാട് നൂലാമാലകളും പ്രതിസന്ധികളും ഒക്കെയുണ്ടാകും, ശ്രീനിവാസ സ്വാമിയുടെ കൃപാകടാക്ഷങ്ങള്‍ കൊണ്ട് ഇതെല്ലാം ദൂരികരിച്ച് ഭക്തര്‍ക്ക്‌ ദുരിതങ്ങളില്ലാതെ ദര്‍ശനം നടത്താന്‍ അവസരമുണ്ടാക്കാന്‍ ദേവസ്ഥാനത്തിനു കഴിയട്ടെ, അതിനുള്ള ഭാഗ്യം ഭക്തര്‍ക്കും ലഭിക്കട്ടെ എന്നാശംസിക്കുന്നു.
26/11/2019         .  

                                 തുടര്‍ന്ന് വായിക്കുക ---   പത്മാവതി അമ്മവാരു നാട്.....

2020, ജനുവരി 20, തിങ്കളാഴ്‌ച




ഏഴുമലൈ വാസന്‍
                       - നന്ദ -

ആന്ധ്ര പ്രദേശ് സംസ്ഥാനത്തിലെ ചിറ്റൂര്‍ ജില്ലയില്‍ പെട്ട സപ്തഗിരികളില്‍ ഒന്നായ വെങ്കിടാദ്രിയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ വെങ്കടേശ്വര ക്ഷേത്ര പ്രസിദ്ധിയാല്‍ അറിയപ്പെടുന്ന നഗരമാണ് തിരുപ്പതി. ഭാരതത്തിലെ തന്നെ ഏറ്റവും ‘ധനികനായ ദൈവം’ എന്ന് പേരു കേട്ട തിരുമലയില്‍ കുടികൊള്ളുന്ന ശ്രീനിവാസ പെരുമാളിന്‍റെ ദര്‍ശനം കാംക്ഷിച്ച് ദിനംപ്രതി എത്രയോ ഭക്തന്മാരാണ് തിരുപ്പതിയിൽ  എത്തുന്നത് എന്നറിയുമ്പോള്‍ അതിശയം തോന്നാം .


ഞങ്ങള്‍ക്ക് പരിചയമുള്ള പലരും തിരുപ്പതിയില്‍ പോയ കഥകള്‍ പറയുമ്പോള്‍ എന്നെങ്കിലും ഒരിക്കല്‍ അവിടെ പോകണം എന്നൊരാഗ്രഹം തോന്നിയിരുന്നു.പക്ഷേ തിക്കും തിരക്കുമുള്ള സ്ഥലങ്ങളിലുള്ള ക്ഷേത്ര ദര്‍ശനം കൊണ്ട് ഉള്ള ശാന്തിയും സമാധാനവും നഷ്ടപ്പെടുമെന്ന് അനുഭവമുള്ളത് കൊണ്ട് യാത്രയ്ക്ക് ഉത്സാഹിച്ചില്ല എന്നതാണ് സത്യം. അങ്ങനെയിരിക്കെ ഞങ്ങളുടെ ഒരു ബന്ധു രമ  , ചെറിയ തീര്‍ത്ഥയാത്ര പരിപാടിയുമായി ഞങ്ങളെ വിളിച്ചു.മകളുടെ വിവാഹം നടക്കുവാന്‍ വേണ്ടി മൂന്ന് വര്‍ഷം മുന്‍പ് മൂകാംബിക ക്ഷേത്രത്തില്‍ ഒരു ചണ്‍ഡികാ ഹോമം ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു അവർ . അത് നടത്തേണ്ട തീയതി 2019 ഡിസംബര്‍ മാസം ഒന്നാം തീയതിയും.അതിനു മുന്‍പായി തിരുപ്പതിയില്‍ കൂടി ദര്‍ശനം നടത്താം അവിടെ” സഹസ്ര ദീപാലങ്കാര സേവ ,കല്യാണ മഹോത്സവം” എന്നീ  വഴിപാടുകള്‍ കൂടി നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും ,ഒരുമിച്ചു പോയാല്‍ കൊള്ളാമെന്ന് രമ  അഭിപ്രായപ്പെടുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ക്കും സന്തോഷമായി. ഒന്നിച്ചുള്ള യാത്രകള്‍ എപ്പോഴും നല്ല അനുഭവങ്ങള്‍ നല്‍കുമെന്ന് അറിയാവുന്നത് കൊണ്ട് ഞങ്ങള്‍ സസന്തോഷം യാത്രയ്ക്കൊരുങ്ങി. എല്ലാ സ്ഥലങ്ങളിലുമുള്ള താമസ സൗകര്യം,വിമാന ടിക്കറ്റ്,ലോക്കല്‍ യാത്രകള്‍ക്കുള്ള ടാക്സി ഇതെല്ലം അവർ തന്നെ  ഓണ്‍ ലൈനായി ശരിയാക്കി. അങ്ങനെ നവംബർ ഇരുപത്തി നാലാം തീയതി ഉച്ചയോടെ ഞങ്ങളും മക്കളും കൂടി ട്രെയിനില്‍ തിരുപ്പതിയ്ക്ക് യാത്ര തിരിച്ചു.വഴിയില്‍ കഴിക്കുന്നതിനായി “ധേപ്ല” എന്ന ഗുജറാത്തി പലഹാരം പാചക ശിരോമണിയായ മരുമകൾ  ഉണ്ടാക്കി കയ്യില്‍ കരുതിയിരുന്നത് വളരെ പ്രയോജനം ചെയ്തു.ഗുജറാത്തികള്‍ നീണ്ട യാത്രകള്‍ പോകുമ്പോള്‍ ഇങ്ങനെ അനേക ദിവസം കേടു കൂടാതെ ഇരിക്കുന്ന പലഹാരങ്ങള്‍ കയ്യില്‍ കരുതുക പതിവാണത്രേ. ഖാക്ര,ധേപ്ല,പാപ്പട് എന്നിങ്ങനെ വെടി പടക്കം പോലെയുള്ള പേരുകളാണെങ്കിലും നല്ല രുചികരമായ പലഹാരങ്ങളാണ് ഇവയെല്ലാം എന്ന് അനുഭവം കൊണ്ട് മനസ്സിലായി ,മാത്രമല്ല  അകമ്പടിയായി തൈര് മാത്രം മതിയെന്നൊരു മെച്ചവുമുണ്ട്.
പിറ്റേ ദിവസം അതിരാവിലെ മൂന്നേമുക്കാല്‍ മണിയോടെ തിരുപ്പതി റെയില്‍വെ സ്റ്റേഷനില്‍ എത്തിയ ഞങ്ങളെ സ്വീകരിക്കാന്‍ രമയും, ജയന്‍ ചേട്ടനും വണ്ടിയുമായി എത്തിയിരുന്നു.നല്ല തണുപ്പുള്ള കൊച്ചു വെളുപ്പാന്‍ കാലത്ത് ഉറക്കവും കളഞ്ഞ് എത്തിയ അവരെ കണ്ടപ്പോള്‍ വലിയ ബഹുമാനവും സന്തോഷവും തോന്നി.വന്ന ദിവസം തന്നെ തന്‍റെ തലയിലെ മുടി മുഴുവന്‍ തിരുപ്പതി ബാലാജിയ്ക്ക് സമര്‍പ്പിച്ച അതീവ ഭക്തയായ രമ മൊട്ടത്തലയില്‍ തൊപ്പിയുമൊക്കെ വച്ചു കൊണ്ടാണ് വന്നത്. റെയിൽവേ സ്റ്റേഷനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള, ശ്രീനിവാസം എന്ന ദേവസ്വം ഗസ്റ്റ് ഹൗസിലേക്കാണ് അവർ ഞങ്ങളെ കൊണ്ടു പോയത് . അവിടെയായിരുന്നു തലേ ദിവസം അവർ താമസിച്ചിരുന്നത് . തിരുമലയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്ര ദര്‍ശനത്തിനായി മലമുകളില്‍ മൂന്നു മുറികള്‍ ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നെങ്കിലും അവിടെ ആറു മണിക്ക് ശേഷം മാത്രമേ ചെക്കിന്‍ ആകാന്‍ സാധിക്കുകയുള്ളൂ, യാത്ര കഴിഞ്ഞു വന്ന ഞങ്ങള്‍ക്ക് തത്കാലം ഒന്ന് വിശ്രമിക്കുവാന്‍ വേണ്ടിയാണ് മാധവം കോംപ്ലക്സിലെ ദേവസ്വം  ഗസ്റ്റ് ഹൗസില്‍ അവർ സൌകര്യം ഒരുക്കിത്തന്നത് . ഒരു മണിക്കൂറോളം അവിടെ ഇരുന്ന് ഭാവി യാത്രാ പരിപാടികളും മറ്റും ചര്‍ച്ച ചെയ്തിട്ട് അഞ്ചേ മുക്കാലോടെ തിരുമലയിലേക്ക് കാര്‍ മാര്‍ഗ്ഗം യാത്ര തിരിച്ചു. തിരുപ്പതിയില്‍ നിന്ന് മടങ്ങിപ്പോകുന്നത്‌ വരെ ആ ഇന്നോവാ കാറും അതിന്‍റെ സാരഥിയും,അയ്യപ്പ ഭക്തനും,ആന്ധ്രാ സ്വദേശിയുമായ സുബ്രഹ്മണ്യനും ഞങ്ങള്‍ക്ക് സഹായമായി ഉണ്ടായിരുന്നുവെന്നത് വലിയ ഒരു കാര്യമായി തോന്നി. മലമുകളിലേക്ക് ഒരു മണിക്കൂര്‍ നേരം നീളുന്ന വന യാത്ര ആരംഭിക്കുന്നതിനു മുന്‍പ് എയര്‍പോര്‍ട്ടിലേത് പോലെ വളരെ വലിയ സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞാണ് മുന്നോട്ട് പോകാന്‍ സാധിക്കുക .മലയടിവാരത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ അങ്ങ് ദൂരെ മലമുകളില്‍ ശ്രീനിവാസ പെരുമാളിന്‍റെ ശംഖും ചക്രവും മുക്കോവിയും സ്ഥാപിച്ചിരിക്കുന്നത് കാണാമായിരുന്നു. 
       ദൂരെ മലമുകളില്‍ ശ്രീനിവാസ പെരുമാളിന്‍റെ ശംഖും ചക്രവും മുക്കോവിയും        സ്ഥാപിച്ചിരിക്കുന്നത് കാണാം


  
 തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്‍റെ ഭരണ പരിധിയിലുള്ള  പ്രകൃതി രമണീയമായ ഈ പ്രദേശം ഇടതൂര്‍ന്ന വനങ്ങളാലും  ,വന്യ ജീവികളാലും, സുഗന്ധ പുഷ്പ സമൃദ്ധങ്ങളായ തരുനിരകളാലും സമ്പുഷ്ടമാണ്.വളവുകളും തിരിവുകളും ഉള്ള റോഡിലൂടെ കാനന ഭംഗിയും സുഗന്ധ പുഷ്പങ്ങളുടെ ഗന്ധവും ആസ്വദിച്ചു കൊണ്ട് ഒരു മണിക്കൂര്‍ യാത്ര ചെയ്ത് ആറേമുക്കാലോടെ തിരുമലയുടെ  മുകളിലെത്തി. പൂര്‍വ്വഘട്ട മലനിരകളിലെ ഏഴ് കുന്നുകളായ ശേഷാദ്രി,നീലാദ്രി,ഗരുഡാദ്രി, അഞ്ജനാദ്രി,ഋഷഭാദ്രി,നാരായണാദ്രി,വെങ്കടാദ്രി എന്നിവയിലെ വെങ്കടാദ്രിയിലെ സ്വാമി പുഷ്കരിണി തീര്‍ത്ഥത്തിനരികിലുള്ള  ക്ഷേത്രത്തിലാണ് പരമാത്മാവായ മാഹാവിഷ്ണു ,ആദിനാരായണനായി വെങ്കിടേശ്വരന്‍ എന്ന പേരില്‍ ലക്ഷ്മിദേവിയോടും ,ഭൂദേവിയായ പത്മാവതിയോടുമൊപ്പം കുടി കൊള്ളുന്നത്.ഏഴു മല വാസനും മുഖ്യ ദേവനുമായ മഹാവിഷ്ണുവിനെ,വെങ്കടേശ്വരന്‍, ബാലാജി,ശ്രീനിവാസന്‍ എന്നീ പേരുകളില്‍ ഭക്തര്‍ ആരാധിച്ചു വരുന്നു.ഭൃഗു മഹര്‍ഷിയാല്‍ നിര്‍മ്മിതമായ ക്ഷേത്രത്തില്‍ ധാരാളം ശിലാലിഖിതങ്ങളും,താളപ്പാക്ക അന്നമാചാര്യരുടെ കൃതികള്‍ രേഖപ്പെടുത്തിയ ചെമ്പ് ഫലകങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു.
മലമുകളിലെത്തിയ ഞങ്ങളെയും കൊണ്ട് ഡ്രൈവര്‍ നേരെ CRO ഒഫീസിലേക്കാണ് പോയത്.മുറി ബുക്ക്‌ ചെയ്തിരിക്കുന്നത് ആരുടെ പേരിലാണോ അവര്‍ ഐ ഡി യുമായി അവിടെ ചെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അലോക്കേഷന്‍ രസീതുമായി വേണം ഹോട്ടലില്‍ എത്താന്‍. ആകെ മൂന്ന് മുറികള്‍ ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നെങ്കിലും രണ്ടു ഹോട്ടലിലായിട്ട് ലഭിച്ചത് കൊണ്ട് ആറു പേരും കൂടി ഒരുമിച്ച് രണ്ടു മുറികള്‍ കിട്ടിയ  അഷ്ടവിനായക ഹോട്ടലില്‍ കഴിയാം എന്ന് തീരുമാനിച്ചു.മാത്രമല്ല 24 മണിക്കൂര്‍ വരെ മാത്രമേ അവിടെ മുറികൾ  തരികയുള്ളൂ, അത് കഴിഞ്ഞ് നമ്മള്‍ വീണ്ടും എക്സ്റ്റന്‍ഷന്‍ വാങ്ങണം.അതാണ്‌ നിയമം. കാറിൽ നിന്ന്  സാധനസാമഗ്രികള്‍  ഇറക്കാതെ തന്നെ സാരംഗി എന്ന ഹോട്ടലില്‍ പോയി പ്രഭാത ഭക്ഷണം കഴിച്ചിട്ട്‌ മുറിയിലെത്തി കുളിയും വിശ്രമവും കഴിഞ്ഞ് കല്യാണ മഹോത്സവം ബുക്ക്‌ ചെയ്യാന്‍ വേണ്ടി “ആര്‍ജ്ജിത് സേവാ” കൌണ്ടറിലേക്ക് പോയി. വലിയ ബഹളവും ആള്‍ത്തിരക്കും ഉള്ള അവിടെ വളരെ ബുദ്ധിമുട്ടിയാണ് കൗണ്ടര്‍ കണ്ടുപിടിച്ചത് . ആയിരം രൂപയാണ് കല്യാണ മഹോത്സവത്തിന്‍റെ ചാര്‍ജ്ജ്. ആധാര്‍ കാര്‍ഡ് കാണിച്ചു വേണം ബുക്ക്‌ ചെയ്യുവാന്‍,എന്നാലും ഭാഗ്യമുണ്ടെങ്കില്‍ മാത്രം അവസരം കിട്ടുമെന്നുള്ളത് കൊണ്ട് രൂപ ബുക്ക്‌ ചെയ്യുമ്പോള്‍ അടയ്ക്കേണ്ടതില്ല . ജയന്‍ ചേട്ടന് ആധാര്‍ കാര്‍ഡ് ഇല്ലാത്തത് കൊണ്ട്  ബുക്ക്‌ ചെയ്യാന്‍ സാധിച്ചില്ല .ഞങ്ങള്‍ രണ്ടുപേരും,മക്കളും  ഉത്സവം ബുക്ക്‌ ചെയ്തിട്ട് പോന്നു. നമുക്ക് അവസരമുണ്ടോ എന്ന് പിന്നീട് മൊബൈല്‍ ഫോണില്‍ അറിയിപ്പ് കിട്ടുമത്രേ.
അവിടെ നിന്ന് ഇറങ്ങിയ ഞങ്ങളെ ഏഴു കി മീ അകലെയുള്ള ശ്രീവാരി പാദം കാണുവാനാണ് ഡ്രൈവര്‍ മണി കൊണ്ടു പോയത്. ശ്രീനിവാസ സ്വാമി,മലയടിവാരത്തില്‍ വസിക്കുന്ന തന്‍റെ പത്നിയായ പത്മാവതി ദേവിയെ കാണുവാന്‍ പോകുന്ന വഴി വിശ്രമിക്കുന്ന സ്ഥലമാണത്രേ ഈ ശ്രീവാരിപാദം. പടികള്‍ കയറി ഉയര്‍ന്ന പാറയുടെ മുകളില്‍ എത്തിയാല്‍ ഒരു മണ്ഡപത്തില്‍ ഹരിയുടെ പാദങ്ങള്‍ മാലകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് കണ്ടു നമുക്ക് നമസ്കരിക്കാം. നല്ല തിരക്കുണ്ടായിരുന്നതിനാല്‍ അവിടെ അധിക നേരം നില്‍ക്കാതെ ഞങ്ങള്‍ പടിയിറങ്ങി.

ശ്രീവാരി പാദ മണ്ഡപം       ശ്രീവാരി പാദം
 സൂവനീർ  വില്‍പ്പനക്കാരെ കണ്ടു കൊണ്ട് പടികളിറങ്ങി വരുമ്പോള്‍ അപൂര്‍വ്വമായി മാത്രം കണ്ടു വരുന്ന സുന്ദരീസുന്ദരന്മാരായ മലയണ്ണാന്‍ പറ്റം സന്ദര്‍ശകര്‍ കൊടുക്കുന്ന തീറ്റ സാധനങ്ങള്‍ ഭയമില്ലാതെ വന്ന് വാങ്ങിക്കൊണ്ടു പോയി മരക്കൊമ്പുകളില്‍ ഇരുന്നു കഴിക്കുന്നത് കാണാമായിരുന്നു.

മലയണ്ണാന്‍


ഹരിയുടെ പാദ ദര്‍ശനം കഴിഞ്ഞ് റോക്ക് ഗാര്‍ഡനും,ചക്ര തീര്‍ത്ഥവും കണ്ടു.


            റോക്ക് ഗാര്‍ഡന്‍ (ശിലാ തോരണ്‍)

      ചക്ര തീര്‍ത്ഥം          ഗാന്ധിജി വേഷക്കാരന്‍ 

പാറ കൊണ്ടുള്ള അനേകം ശില്‍പ്പങ്ങള്‍ വച്ചിരിക്കുന്ന റോക്ക് ഗാര്‍ഡനില്‍ അനേകം കച്ചവടക്കാരും, ജീവിക്കാന്‍ വേണ്ടി രാഷ്ട്രപിതാവിന്‍റെ വെള്ളി പ്രതിമ വേഷം കെട്ടി വെയിലത്ത്‌ നില്‍ക്കുന്ന  കുള്ളനായ വ്യക്തിയും,കൂട്ടിലടച്ചിട്ടുള്ള പക്ഷികളും ഒക്കെ ഉണ്ട് . കുറേ ദൂരം ശിലാ ഉദ്യാനത്തിലൂടെ നടന്നു നടന്ന് ഒരു ചെറിയ ജല പാതത്തിനടുത്തെത്തി. ചക്രതീര്‍ത്ഥം എന്നറിയപ്പെടുന്ന ഇവിടെയും മനുഷ്യന്‍ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞിട്ടുണ്ട്. കാഴ്ച്ചകള്‍ അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ രാഷ്ട്ര പിതാവിന്‍റെ വേഷം കെട്ടിയ ആളിനൊപ്പം നിന്ന് സെല്‍ഫി എടുക്കുന്ന സന്ദര്‍ശകരെയും കാണാമായിരുന്നു . അപ്പോഴേക്കും സമയം ഉച്ചയായിക്കഴിഞ്ഞിരുന്നു  ,എല്ലാവര്‍ക്കും വിശന്നു തുടങ്ങിയിരുന്നതിനാൽ ,മണിച്ചേട്ടന്‍ ഞങ്ങളെയും കൊണ്ട് സാരംഗി റെസ്റ്റോറന്‍റിലേക്ക് തന്നെ പോയി. ഭക്ഷണം കഴിഞ്ഞ് മുറിയിലെത്തി വിശ്രമിച്ചതിനു ശേഷം ബാലാജി ദര്‍ശനത്തിനായി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു . മുന്നൂറു രൂപ കൊടുത്ത് സ്പെഷ്യല്‍ ദര്‍ശനം ബുക്ക്‌ ചെയ്തിട്ടുള്ളത്‌ കൊണ്ട് പെട്ടെന്ന് ദര്‍ശനം ലഭിക്കും എന്നൊക്കെ വിചാരിച്ചാണ് പോയത്. നാലു മണിയാകുമ്പോഴേക്കും ഒരു പ്രത്യേക സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സ്പെഷ്യല്‍ ബുക്കിംഗ്  ചെയ്ത രസീതില്‍ പറഞ്ഞിരുന്നത് . വാതിലുകള്‍ അടച്ചിട്ടിരിക്കുന്ന ഒരു കെട്ടിടത്തിനു മുന്നിലെ തുറസ്സായ സ്ഥലത്ത് തൃശൂര്‍പൂരത്തിനെന്ന പോലെ ആളുകള്‍ തടിച്ചു കൂടിയിട്ടുണ്ടായിരുന്നു . അര മണിക്കൂര്‍ നേരം അങ്ങനെ നിന്നു കഴിഞ്ഞപ്പോള്‍ വാതിലുകള്‍ തുറക്കപ്പെട്ടു,ഡാം തുറന്നു വിട്ടത് പോലെ ജനം ഉള്ളിലേക്ക് ഇടിച്ചു കയറി. മുന്‍പേ ഓടുന്നവര്‍ക്ക് പിന്നാലെ ഞങ്ങളും ഓടിത്തുടങ്ങി,നടക്കാന്‍ വയ്യാത്തവരും,നടുവ് വേദനക്കാരും ,വയസ്സരും,വിഷണ്ണരും എല്ലാം വെങ്കടാചലപതിയെ കാണുക എന്ന ഒറ്റ ലക്ഷ്യത്തില്‍ പായുകയായിരുന്നു . ഒരിടത്ത് ചെന്നപ്പോള്‍ ഐ ഡി കാര്‍ഡും മറ്റും ചോദിച്ച് സുരക്ഷാപരിശോധനയും കഴിഞ്ഞാണ് മുന്നോട്ട് പോകാന്‍ സാധിച്ചത്. അവിടെ നിന്നങ്ങോട്ട്‌ നില്‍പ്പ് തന്നെ  . ഇടുങ്ങിയ ഇടനാഴികളില്‍, കൂട് തുറന്ന് കിട്ടാന്‍ കാത്തു നില്‍ക്കുന്ന ആട്ടിന്‍ കൂട്ടം പോലെ മനുഷ്യര്‍ അക്ഷമരായി നിൽക്കുകയായിരുന്നു . ശ്വാസം കിട്ടാന്‍ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുകയും,കാലു കഴച്ച് നടുവിലേക്ക് പെരുപ്പ്‌ കയറുകയും ചെയ്തപ്പോള്‍ ദര്‍ശനം കിട്ടിയില്ലെങ്കിലും വേണ്ടതില്ല പോയാല്‍ മതിയെന്നായി. പക്ഷെ മുന്നിലും പിന്നിലും മണ്ണ് നുള്ളിയിട്ടാല്‍ വീഴാത്തത് പോലെ മൈലുകള്‍ നീളുന്ന ‘ജന വരി’ കടന്ന് എങ്ങോട്ടും പോകാനാകില്ല എന്നാലോചിച്ചപ്പോള്‍ കെണിയില്‍ വീണ എലിയെ പോലെ ഞങ്ങള്‍ അസ്വസ്ഥരായി. ഇടനാഴികളുടെ വശങ്ങളില്‍ കസേരകള്‍ ഇട്ട വലിയ ഹാളുകള്‍ കാണാമായിരുന്നു. മുന്‍പൊക്കെ ടോയ്‌ലറ്റ് സൗകര്യമുള്ള ഈ ഹാളുകളില്‍ വിശ്രമിച്ച് സൗകര്യപ്രദമായി ദര്‍ശനം സാദ്ധ്യമാകുമായിരുന്നു ഭക്തര്‍ക്ക്‌. ആ പതിവ് എന്തിനു വേണ്ടിയാണാവോ ഇവര്‍ നിര്‍ത്തലാക്കിയത്,ഭഗവാനെ കാണുവാന്‍ കുറച്ചു കഷ്ടപ്പെടണം എന്നുള്ള തത്വം നടപ്പിലാക്കുവാനാണോ,ആവോ ? എന്തായാലും എത്ര ദേശക്കാര്‍ എത്ര പ്രായമുള്ളവര്‍,എന്തൊക്കെ അസുഖമുള്ളവര്‍ ഒക്കെയാണ് ബാലാജിയെ ഒരു നോക്ക് കാണാന്‍ ദൂരങ്ങള്‍ താണ്ടി വരുന്നത്,അവരെ ഇത്രമാത്രം കഷ്ടപ്പെടുത്തുന്നത് നീതിയല്ലെന്ന് തോന്നി . ദര്‍ശനത്തിന് പണം വാങ്ങുന്നുണ്ടല്ലോ അപ്പോള്‍ പിന്നെ എന്തെങ്കിലും ഒരു നല്ല സംവിധാനം ഏര്‍പ്പെടുത്തുന്നത് മാനവ സേവ ആകുമല്ലോ , അതു വഴി മാധവ സേവ ചെയ്യുവാനുള്ള ഒരവസരവും ലഭിക്കുമല്ലോ !!!തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് അതിനുള്ള തീരുമാനമെടുക്കാന്‍ മനസ്സുണ്ടാകട്ടെ എന്ന് ശ്രീനിവാസ പെരുമാളിനോട്‌ അകമഴിഞ്ഞ് പ്രാര്‍ഥിക്കുന്നു.
 മൂന്നു മണിക്കൂറോളം ഞെങ്ങിയും ഞെരുങ്ങിയും ശ്വാസം മുട്ടിയും ഉള്ള നില്‍പ്പില്‍ ഇടയ്ക്കിടെയുള്ള  “ഗോവിന്ദ ഗോവിന്ദ” വിളികള്‍ ആശ്വാസം പകരുന്നവയായിരുന്നു. നടന്നു പോയ  വഴിയില്‍ അവിടവിടെ കുട്ടികളുടേതാണെന്ന് പറയപ്പെടുന്ന മനുഷ്യ വിസര്‍ജ്ജ്യ വസ്തുക്കള്‍ , കണ്ടപ്പോള്‍ ക്ഷേത്രാന്തരീക്ഷം മലിനപ്പെടുന്നത് തടയാന്‍  ബന്ധപ്പെട്ടവര്‍ക്ക് ഒന്നും ചെയ്യാനാകില്ലേ എന്ന് ആലോചിച്ചു പോയി!!!നിലത്തിരുന്നും ഗോവിന്ദാ എന്ന് നിലവിളിച്ചും ഏകദേശം മൂന്നു മണിക്കൂറിന് ശേഷം ഏഴര മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക്  ഗോവിന്ദ ദര്‍ശനം ലഭിച്ചു. ഇരു മിഴിക്കോണുകളും അല്‍പ്പം മറച്ചു കൊണ്ട് വലിയ ഗോപിക്കുറിയും ചാര്‍ത്തി ,സര്‍വ്വാലങ്കാര വിഭൂഷിതനായി നില്‍ക്കുന്ന സാക്ഷാല്‍ ശ്രീനിവാസ സ്വാമിയെ കണ്ടപ്പോള്‍ അതുവരെ അനുഭവിച്ച സകല ദു;ഖങ്ങളും ബുദ്ധിമുട്ടുകളും എല്ലാവരും മറന്നു. പ്രധാന ശ്രീകോവിലില്‍ സ്വാമിയുടെ പ്രതിഷ്ടയ്ക്ക് നേരെ എതിര്‍ വശത്ത്‌ അല്‍പ്പം ദൂരെയായി വലിയ ഒരു ദര്‍പ്പണത്തില്‍ വിഗ്രഹത്തിന്‍റെ പ്രതിച്ഛായ കാണാന്‍ തക്കവണ്ണം ക്രമീകരിച്ചിട്ടുണ്ടായിരുന്നു. അത് കണ്ടു കൊണ്ട് സന്തോഷമായി  പ്രധാന വിഗ്രഹത്തിന് നേരെ മുന്നിലെത്തിയപ്പോള്‍ അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ സെക്യൂരിറ്റി ജീവനക്കാര്‍ ഭക്തരുടെ തോളില്‍ പിടിച്ച് മുന്നോട്ട് തള്ളുകയായിരുന്നു , ഇത്രയും നേരം വിഷമിച്ചു നിന്ന് വന്ന് ഒരു നിമിഷം ദർശന സുഖം ലഭിച്ച  മനസ്സിന്‍റെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നത് കണ്ടപ്പോള്‍ വല്ലാത്ത നിരാശയാണ് തോന്നിയത്. അവരെയും കുറ്റം പറയാന്‍ പറ്റില്ല ,ചില ആള്‍ക്കാര്‍ നടയ്ക്ക് മുന്നില്‍ എത്തിയാല്‍ , ഭഗവാന്‍ അവരുടേതു മാത്രമാണെന്നും മറ്റുള്ളവര്‍ എന്തെങ്കിലും ആയിക്കൊള്ളട്ടെയെന്നും എന്ന ഭാവത്തില്‍ ആട്ടുകല്ലിന് കാറ്റ് പിടിച്ചത് പോലെ ഒരൊറ്റ നില്‍പ്പാണ്.
ദര്‍ശന സായൂജ്യവുമായി ക്ഷേത്രത്തിനു പുറത്തു വന്ന ഞങ്ങള്‍  സ്വാമി പുഷ്കരിണി തീര്‍ത്ഥത്തിനരികില്‍ നില്‍ക്കുന്ന സമയം കൊണ്ട് രമയും ,മകൾ ശാലും കൂടി ലഡ്ഡു വാങ്ങാന്‍ കൌണ്ടറിലേക്ക് പോയി. പുഷ്ക്കരിണിയില്‍ എന്തൊക്കെയോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നതിനാല്‍ അതില്‍ വെള്ളം ഉണ്ടായിരുന്നില്ല.

         തിരുപ്പതി ബാലാജി ക്ഷേത്രത്തിന്‍റെ മുന്‍വശം

        ക്ഷേത്രത്തിന്‍റെ കനക ശ്രീകോവില്‍ ദൂരെ കാണാം  

തിരുപ്പതി ദേവന്‍റെ ഐതീഹ്യം :-
പുരാണങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള തിരുമല ക്ഷേത്രം വെങ്കടേശ്വര ക്ഷേത്രമായി അറിയുന്നതിന് മുന്‍പ് അവിടെ മറ്റൊരു ക്ഷേത്രമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. മഹാവിഷ്ണുവിന്‍റെ മൂന്നാമത്തെ അവതാരമായ വരാഹ മൂര്‍ത്തി ഗരുഡനോടൊപ്പം വന്ന് പുഷ്ക്കരിണിയുടെ പടിഞ്ഞാറേക്കരയില്‍ കിഴക്കോട്ടു ദര്‍ശനമായി കുടികൊണ്ടിരുന്ന ക്ഷേത്രമാണത്. പിന്നീട് കലിയുഗാരംഭത്തില്‍ ലോക നന്മയ്ക്കായി യജ്ഞങ്ങള്‍ അനുഷ്ടിച്ച ഋഷിമാര്‍ക്ക് ത്രിമൂര്‍ത്തികളില്‍ ആരാണ് അഗ്ര പൂജയ്ക്ക് അര്‍ഹനായിട്ടുള്ളത് എന്ന് ഒരു സംശയം ജനിക്കുകയും ,നാരദമുനിയുടെ നിര്‍ദ്ദേശ പ്രകാരം അവര്‍ ഭൃഗു മഹര്‍ഷിയെ ത്രിമൂര്‍ത്തികളുടെ അടുത്തേക്ക്‌ അയക്കുകയും ചെയ്തുവത്രെ . അദ്ദേഹം ആദ്യം ബ്രഹ്മാവിനെയും, പിന്നെ മഹാദേവനെയും കാണാൻ ചെന്നുവെങ്കിലും  അവരാരും അദ്ദേഹത്തെ കണ്ട ഭാവം നടിച്ചില്ല. അവസാനം വൈകുണ്ഡത്തിലെത്തി മഹാവിഷ്ണുവിനെ കണ്ടെങ്കിലും അദ്ദേഹവും മഹര്‍ഷിയെ മൈന്‍ഡ് ചെയ്തില്ല. ഇതില്‍ കോപം പൂണ്ട മഹര്‍ഷി മഹാവിഷ്ണുവിന്‍റെ ഇടതു നെഞ്ചില്‍ ആഞ്ഞു ചവിട്ടി. ലക്ഷ്മീദേവി കുടികൊള്ളുന്ന ശ്രീവത്സം മറുകിന്‍റെ സ്ഥാനത്ത് ഋഷി ചവുട്ടിയിട്ടും യാതൊരു പ്രതികരണവും ഇല്ലാതെ ഭഗവാന്‍ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നത് കണ്ടപ്പോള്‍ ദേവി കോപിച്ച് വൈകുണ്ഡം വിട്ടിറങ്ങി പോയി,മഹാരാഷ്ട്രയിലെ കോല്‍ഹാപൂരില്‍ എത്തി ധ്യാനത്തിലിരുന്നു. പെട്ടെന്ന് കോപിഷ്ടനാകാത്ത ദേവനായ മഹാവിഷ്ണു തന്നെയാണ് അഗ്രപൂജയ്ക്ക് അര്‍ഹന്‍ എന്ന് മനസ്സിലാക്കിയ ഭൃഗു മഹര്‍ഷി ക്ഷമ ചോദിച്ചിട്ട് വൈകുണ്ഡത്തില്‍ നിന്ന് മടങ്ങിപ്പോയി. പക്ഷെ ലക്ഷ്മീ ദേവിയെ കാണാതെ ഭൂമിയിലെത്തിയ പരമാത്മാവായ ആദിനാരായണന്‍ ശ്രീനിവാസന്‍ എന്ന പേരില്‍ മനുഷ്യ രൂപത്തില്‍ വകുളാ ദേവി എന്ന അമ്മയുടെ സംരക്ഷണയില്‍ തിരുമലയില്‍   വന്നു തപസ്സ് ചെയ്യുവാനാരംഭിച്ചു. ഇതറിഞ്ഞ ബ്രഹ്മാവും ,കൈലാസേശ്വരനും ലക്ഷ്മീദേവിയെ വിവരമറിയിച്ചിട്ട്‌ വിഷ്ണു സേവയ്ക്കായി പശുക്കളുടെ രൂപം സ്വീകരിച്ചു. ഒരു യുവതിയുടെ വേഷം ധരിച്ച് ലക്ഷ്മീദേവി അന്നത്തെ ചോള രാജവംശത്തിന്‍റെ കീഴിലായിരുന്ന തിരുമലയിലെത്തി ആ രണ്ടു പശുക്കളെയും രാജാവിന് ദാനം ചെയ്തു. ഈ പശുക്കളുടെ പാല്‍ ശ്രീനിവാസന് കൊടുക്കുക പതിവായിരുന്നു. ഒരു ദിവസം അതിലെ വലിയ പശു കൂടുതല്‍ പാല്‍ ശ്രീനിവാസന് കൊടുക്കുന്നതായി കണ്ട കറവക്കാരന്‍ അതിനെ ക്രൂരമായി മര്‍ദ്ദിച്ചു. പക്ഷെ മുറിവ് പറ്റിയത് ശ്രീനിവാസനായിരുന്നു, ഇതില്‍ കോപിച്ച് അദ്ദേഹം രാജാവിനെയും കറവക്കാരനെയും അസുരന്മാരാകട്ടെ എന്ന് ശപിച്ചു. പ്രജ ചെയ്യുന്ന കുറ്റത്തിന് രാജാവും അന്നൊക്കെ ശിക്ഷിക്കപ്പെടുമായിരുന്നു എന്ന് ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ഈ സംഭവത്തിന് ശേഷം ശ്രീനിവാസ സ്വാമി തന്‍റെ വളര്‍ത്തമ്മയായ വകുളാദേവിയ്ക്കൊപ്പം താമസ്സിക്കുന്നതിനിടയില്‍ ശാപ വിമുക്തനായ ചോളരാജാവ് ആകാശരാജാവായി ജനിക്കുകയും അദ്ദേഹത്തിന് മഹാലക്ഷ്മിയുടെ അവതാരമായി പത്മാവതി എന്ന പുത്രി ജനിക്കുകയും ചെയ്തു. തന്‍റെ പ്രിയതമയായ ലക്ഷ്മീ ദേവിയെ പത്മാവതിയുടെ രൂപത്തില്‍ കണ്ടെത്തിയതോടെ ശ്രീനിവാസനും പത്മാവതീ ദേവിയും പ്രണയബദ്ധരായി . പക്ഷേ വിവാഹം നടത്തണമെങ്കിൽ വലിയ തുക നൽകണമെന്ന് രാജാവ് ശഠിച്ചു . പണം വായ്പ്പയായി ലഭിക്കാൻ വേണ്ടി ശ്രീനിവാസൻ ധനവാനായ കുബേരനെ സമീപിച്ചു. സാധാരണ “ബ്ലെയിഡ് “ കമ്പനിക്കാരെപ്പോലെ പലിശയും ചേർത്ത് കടം  നിശ്ചിത സമയത്തിനുള്ളിൽ അടച്ചു തീർത്ത് കൊള്ളാമെന്ന വ്യവസ്ഥയിൽ അദ്ദേഹം പണം കടം കൊടുത്തു. അങ്ങനെ രാജാവ് അവരുടെ വിവാഹം നടത്തിക്കൊടുത്തു . വിവാഹ ശേഷം വിശ്വരൂപം സ്വീകരിച്ച ഭഗവാനും ദേവിയും ഒന്നായി ലയിച്ചു മറഞ്ഞുവത്രേ. ആ സ്ഥലത്താണ് ബാലാജിയുടെ ക്ഷേത്രം നില്‍ക്കുന്നതെന്ന് ഐതീഹ്യം പറഞ്ഞു തരുന്നു.
പക്ഷേ ശ്രീനിവാസ സ്വാമി ഇനിയും വായ്പ്പ  തിരിച്ചടച്ചു തീർന്നിട്ടില്ലാത്തതിനാലാണ് ഭക്തർ ധാരാളം പണവും സ്വർണ്ണവും   സ്വാമിയ്ക്ക് കാണിയ്ക്കയായി കൊടുക്കുന്നതെന്നും കഥയുണ്ട്. ഒന്നും കൊടുക്കാനില്ലാത്തവരും , കൊടുത്തത് മതിയാകാത്തവരും  തങ്ങളുടെ തലമുടി കൂടി ഭഗവാന് സമർപ്പിച്ച് സായൂജ്യമടയുന്നു.  
തിരുമലയിലെ വെങ്കടാദ്രിയില്‍ വാണരുളുന്ന ശ്രീനിവാസ സ്വാമിയുടെ ഐതീഹ്യ കഥയില്‍ നിന്ന് മനുഷ്യ രാശിക്ക് ഏറെ പഠിക്കുവാനുണ്ടെന്നുള്ള തിരിച്ചറിവോടെ ക്ഷേത്രസങ്കേതത്തില്‍ നിന്ന് മടങ്ങിയ ഞങ്ങള്‍  ആഹാരവും കഴിഞ്ഞ് മുറിയിലെത്തി  മൊബൈല്‍ഫോണ്‍ നോക്കിയപ്പോള്‍ കല്യാണ മഹോത്സവം നറുക്ക് വീണതിന്‍റെ മെസ്സേജ് വന്നിരിക്കുന്നതായി കണ്ടു. മക്കൾക്കും ഞങ്ങള്‍ക്കും അവസരം കിട്ടിയിരുന്നെങ്കിലും  , സന്തോഷവും ഒപ്പം സങ്കടവും തോന്നി,കാരണം എട്ടു മണിയ്ക്ക് മുന്‍പ് അതിനുള്ള പണം അടയ്ക്കേണ്ടതുണ്ടായിരുന്നു . ഫോൺ നോക്കിയപ്പോൾ സമയം ഒന്‍പത് മണി ആയിക്കഴിഞ്ഞിരുന്നു. ദര്‍ശനത്തിനു പോകുമ്പോള്‍ ഫോണ്‍ കൊണ്ടുപോകാനാകാത്തത് കൊണ്ട് മുറിയില്‍ വച്ചിരിയ്ക്കുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ തിരുപ്പതി ക്ഷേത്രവുമായി കൂടുതല്‍ അടുത്തിടപഴകുന്ന ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ചു ചോദിച്ചപ്പോള്‍ പണം പത്തു മണിയ്ക്കുള്ളില്‍ അടച്ചാലും മതിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. കല്യാണ മഹോത്സവത്തെ പറ്റിയുള്ള വിശദാംശങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അവസരം കിട്ടിയത് വലിയ ഭാഗ്യമാണെന്നും രാവിലെ പത്തു മണിയ്ക്ക് ക്ഷേത്രത്തില്‍ ചെല്ലണമെന്നും രണ്ടു മണി വരെ എങ്ങോട്ടും പോകാതെ അവിടെത്തന്നെ ഇരിക്കുക തന്നെ വേണമെന്നും പറഞ്ഞു തന്നു. മൂന്നു നാല് മണിക്കൂര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും പുറത്ത് പോകാന്‍ സാധിക്കില്ല എന്നറിഞ്ഞപ്പോള്‍ എല്ലാവരും അതില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചിട്ട്‌ അടുത്ത ദിവസത്തെ പരിപാടികള്‍ ചര്‍ച്ച ചെയ്ത് വിശ്രമിച്ചു.
25/11/2019                   
      

                                                 തുടര്‍ന്ന് വായിക്കുക ബാലാജിയുടെ നാട്ടില്‍.....