പഴമയുടെ പുണ്യം-മലബാര്‍
“മാതംഗാനനം അബ്ജ വാസ രമണീം
ഗോവിന്ദമാദ്യം
ഗുരും
വ്യാസം
പാണിനി ഗര്‍ഗ്ഗ നാരദ കണാദാദ്യാന്‍
മുനീന്ദ്രാന്‍
ബുധാന്‍
ദുര്‍ഗ്ഗാം
ചാപി മൃദംഗ ശൈലനിലയാം
ശ്രീ
പോര്‍ക്കലീം ഇഷ്ടദാം
ഭക്ത്യാ
നിത്യമുപാസ്മഹേ സപദി ന:
കുര്‍വന്ത്വമീ
മംഗളം !”
കോട്ടയം തമ്പുരാന്‍ രചിച്ച ആട്ടക്കഥകളുടെ പ്രസിദ്ധമായ
വന്ദന ശ്ലോകം !
ബാല്യകാലത്ത്
പരീക്ഷയൊക്കെ കഴിഞ്ഞ് വേനല്‍ അവധി ദിവസങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം ക്ഷേത്രങ്ങളില്‍
കഥകളി കാണുവാന്‍ പോകുക പതിവായിരുന്നു. അന്ന് നീലകണ്ഠന്‍ നമ്പീശന്‍ ആശാന്‍റെ കണ്ഠത്തില്‍ നിന്ന് ഒഴുകി വന്ന,ഭക്തി വഴിഞ്ഞൊഴുകുന്ന ഈ ശ്ലോകം കഥകളി പ്രേമികളെ ധന്യരാക്കിയ
സന്ധ്യകള്‍ ഇന്നും മറക്കുവാനാകുന്നില്ല .
അന്നൊക്കെ
ചിന്തിച്ചിട്ടുണ്ട് ,ആരാണ് ഈ ശ്രീപോര്‍ക്കലി ,എന്താണ് മൃദംഗ ശൈല നിലയം
എന്നൊക്കെ.അച്ഛന് അറിയാമായിരുന്നിരിക്കണം, ഭയം മൂലം സംശയം മനസ്സിലൊതുക്കി വച്ചു.പിന്നീട്
സാഹചര്യങ്ങള്‍ മാറവേ ഇക്കാര്യങ്ങളൊക്കെ
വിസ്മൃതിയുടെ കയങ്ങളില്‍ മുങ്ങിപ്പോകുകയും ചെയ്തു.
ഈയിടെ ഒരു ദിവസം ഞങ്ങള്‍
നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു ചെറിയ യാത്ര പോകുന്നതിനെ പറ്റി ആലോചിച്ചു.പല
സ്ഥല നാമങ്ങളും നിര്‍ദ്ദേശിക്കപ്പെട്ടു എങ്കിലും ഒടുവില്‍ ഞങ്ങള്‍ തിരഞ്ഞെടുത്തത്
കേരളത്തിന്‍റെ വടക്കന്‍ ജില്ലയായ കണ്ണൂര്‍ ആയിരുന്നു.അതിന് ചെറിയ ഒരു കാരണവും
ഉണ്ടായിരുന്നു.ഞങ്ങളുടെ സുഹൃത്തുക്കളായ മുരളി സാറും ഭാര്യ ജയയും ഒരു വിവാഹച്ചടങ്ങില്‍
പങ്കെടുക്കുവാന്‍ കണ്ണൂര്‍ വരെ പോകുന്നുണ്ടായിരുന്നു.എന്നാല്‍ പിന്നെ അവിടെയ്ക്ക്
തന്നെ ആകട്ടെ യാത്ര എന്ന് തീരുമാനിക്കുകയായിരുന്നു.മഹാക്ഷേത്രങ്ങളാലും,
മനോഹരങ്ങളായ കടലോര പ്രദേശങ്ങളാലും സമ്പന്നമാണല്ലോ അവിടം. യാത്രാ ടിക്കറ്റുകളും ,താമസ
സൗകര്യങ്ങളും എല്ലാം മുരളിസാര്‍ തന്നെ ഓണ്‍ ലൈനായി ശരിയാക്കി.
അങ്ങനെ ഒക്ടോബര്‍
മാസം 24ന് ഞങ്ങള്‍ രണ്ടു പേരും കൂടി മാവേലിക്കരയില്‍ നിന്ന് ഒന്‍പത് മണിയോടെ തീവണ്ടി
കയറി.(കൂട്ടുകാര്‍ അവരുടെ താമസ സ്ഥലമായ കൊച്ചിയില്‍ നിന്ന് രണ്ടു ദിവസം മുന്‍പ്
തന്നെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുവാന്‍ വേണ്ടി പുറപ്പെട്ടു കഴിഞ്ഞിരുന്നു.) യാത്രയുടെ
ആവേശത്തില്‍ സമയം പോയതറിഞ്ഞില്ല, വൈകുന്നേരം ഏകദേശം ആറു മണിയോടെ ഞങ്ങള്‍ കണ്ണൂര്‍
റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. ആദ്യമായി കണ്ണൂരില്‍ വരുന്ന എനിക്ക് സ്റ്റേഷനോട്
ചേര്‍ന്ന് തന്നെ സ്ഥിതി ചെയ്തിരുന്ന
ഒരു മുത്തപ്പന്‍ ക്ഷേത്രം ചേട്ടന്‍ ചൂണ്ടി
കാണിച്ചു തന്നു,,...അത് റെയില്‍വേ മുത്തപ്പനാണത്രെ. ശരിയായ മുത്തപ്പന്‍
പറശ്ശിനിക്കടവ് മുത്തപ്പനാണ്. അവിടം ഞങ്ങളുടെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍പ്പെട്ടത്
തന്നെയാണ്. രണ്ട് മുത്തപ്പന്‍ ക്ഷേത്രങ്ങളിലും അചാരാനുഷ്ഠാനങ്ങളെല്ലാം ഒരു പോലെ ആണെന്ന്
പറയപ്പെടുന്നു. റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രത്തിന്‍റെ നേരെ എതിര്‍ വശത്ത് റോഡിന്‍റെ
മറുഭാഗത്തായിരുന്നു ഞങ്ങള്‍ക്ക് താമസിക്കുവാന്‍ ബുക്ക് ചെയ്തിരുന്ന ഗ്രീന്‍ പാര്‍ക്ക്
ഹോട്ടല്‍.പടികള്‍ കയറി ചെല്ലുമ്പോള്‍ ഞങ്ങളുടെ മുറിയുടെ തൊട്ടടുത്ത മുറിയില്‍ സുഹൃത്തുക്കള്‍ കാത്തിരിപ്പുണ്ടായിരുന്നു.
സാധന സാമഗ്രികള്‍ ഒതുക്കി
വച്ച് ഒന്ന് ‘ഫ്രഷ്’ ആയി വന്നതിനു ശേഷം ഞങ്ങള്‍ എല്ലാവരുംകൂടി ഒരു മുറിയില്‍ ഒത്തു കൂടി. മുറിയും
കിടക്കവിരികളും ,ബാത്ത് റൂം ടവ്വലുകളും ഒന്നും വേണ്ടത്ര വൃത്തി ഉള്ളവ ആയിരുന്നില്ല,എന്ന്
മാത്രമല്ല മുറിയിലെ ഒരു ലൈറ്റ് കത്താത്തതും ടോയിലെറ്റിലെ പൈപ്പ് ലീക്ക് ചെയ്യുന്നതുമായിരുന്നു.
ഇക്കാര്യങ്ങളെല്ലാം
പിന്നീട് രാത്രി ഭക്ഷണം കഴിക്കുന്നതിനായി
പുറത്തേക്കിറങ്ങിയപ്പോള്‍ ‘ഹൗസ്കീപ്പിംഗ്’ സ്റ്റാഫ്നോട് പറയുകയും ചെയ്തു. പിറ്റേ ദിവസം ഒന്ന് രണ്ട് കാര്യങ്ങള്‍
മാത്രം അവര്‍ ശരിയാക്കി തന്നെങ്കിലും മറ്റുള്ള കാര്യങ്ങള്‍ പഴയത് പോലെ തന്നെ തുടര്‍ന്നു.രണ്ടു
ദിവസത്തെ കാര്യമല്ലേ ഉള്ളൂ എന്ന് കരുതി ഞങ്ങളും അസൗകര്യങ്ങള്‍ അവഗണിച്ചു.
അടുത്ത ദിവസം
പ്രഭാത ഭക്ഷണം കഴിഞ്ഞ് എട്ടേ മുക്കാലോടെ കാല്‍നടയായി ഞങ്ങള്‍ കണ്ണൂര്‍ കടല്‍ക്കരയിലെ
‘ക്ലിഫ് വാക്ക് വേ’ യിലേക്ക് പുറപ്പെട്ടു.മൂന്ന് വശവും സമുദ്രത്താല്‍ ചുറ്റപ്പെട്ടിരിക്കുന്ന ക്ലിഫ് ലേക്ക് താമസ
സ്ഥലത്ത് നിന്നും ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരം ഉണ്ട്.പോകുന്ന വഴിക്ക് റോഡിന്
ഇടതു ഭാഗത്തുണ്ടായിരുന്ന സ്ഥലങ്ങള്‍ ഏറിയ
പങ്കും ഡിഫന്‍സിന്‍റെ അധീനതയിലാണ്.നന്നായി പരിപാലിച്ചു വരുന്ന ഉദ്യാനങ്ങളും,
വൃത്തിയുള്ള റോഡും, ആശുപത്രിയും സ്കൂളും ഒക്കെ അവരുടെ അച്ചടക്ക ബോധം വിളിച്ചു
പറയുന്നവയായിരുന്നു.ഡിഫന്‍സ് ഏരിയയില്‍ ഫോട്ടോ എടുക്കുന്നത് കര്‍ശനമായി
നിരോധിച്ചിരുന്നെങ്കിലും,ഏരിയ അവസാനിക്കുന്നിടത്ത് റോഡരികില്‍ വച്ചിട്ടുണ്ടായിരുന്ന ഒരു കൂറ്റന്‍ ടാങ്കിനടുത്ത് ചെല്ലുന്നതിനും,ഫോട്ടോ എടുക്കുന്നതിനും ഒന്നും പൊതുജനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നില്ല.

ടാങ്കിന്‍റെ വലിപ്പവും പട്ടാളത്തിന്‍റെ
അച്ചടക്കവും കണ്ടുകൊണ്ട് അഭിമാനത്തോടെ ഞങ്ങള്‍ നടപ്പ് തുടര്‍ന്നു.വാക്ക് വേ യില്‍
എത്തുമ്പോഴേക്കും വെയില്‍ മൂത്തിരുന്നു.ധാരാളം പൂച്ചെടികളും,മരങ്ങളും നിരന്നു
നിന്നിരുന്ന ഗവണ്മെന്റ് ഗസ്റ്റ് ഹൗസിന്‍റെ നടപ്പാതയിലൂടെ വേണം വാക്ക് വേ യിലേക്കിറങ്ങുവാന്‍.അവിടെ
നില്‍ക്കുമ്പോള്‍ കടല്‍ ഏറെ താഴ്ച്ചയിലാണ്. ആഴക്കൂടുതലും അപകടകാരികളായ ചുഴികളുടെ
സാന്നിദ്ധ്യവും കണക്കിലെടുത്ത് അവിടെ കമ്പി വേലികളും,മുന്നറിയിപ്പ് ഫലകങ്ങളും സ്ഥാപിച്ചിരുന്നു.മരങ്ങളുടെ
തണല്‍ പറ്റി ധാരാളം നടക്കാം, ഇടയ്ക്കിടെ സ്ഥാപിച്ചിട്ടുള്ള കസേരകളില്‍ ഇരുന്നു
വിശ്രമിക്കുകയും ചെയ്യാം. ചെറു വഞ്ചികളില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന
ആളുകളും ,അതിനപ്പുറം ദൂരെ നീലക്കടലും
ചക്രവാളവും ഒന്നിക്കുന്ന മനോഹരമായ കാഴ്ചയും,പ്രകൃതിയുടെ മുന്നില്‍
മനുഷ്യന്‍ എത്ര നിസ്സാരരെന്നു നമ്മളെ ചിന്തിപ്പിക്കുക തന്നെ ചെയ്യും.വാക്ക് വേയ്ക്ക്
അടുത്ത് തന്നെ ലൈറ്റ് ഹൗസും,ചെറിയ ഒരു പാര്‍ക്കും ഉണ്ട്.അവിടെ നിന്നാല്‍ കടല്‍
നമ്മെ ചുറ്റി വളഞ്ഞിരിക്കുന്നത് പോലെ തോന്നും.എത്ര കണ്ടാലും മതി വരാത്ത കാഴ്ചകള്‍
തത്ക്കാലം അവസാനിപ്പിച്ച്

(ക്ലിഫ് പാത്ത് വേയില്‍ നിന്നുള്ള ദൃശ്യം)
ഞങ്ങള്‍ നേരെ പയ്യാമ്പലം
ബീച്ചിലേക്ക് യാത്ര തിരിച്ചെങ്കിലും വെയിലിന്‍റെ കാഠിന്യം കൂടിയിരുന്നതിനാല്‍ അവിടെ
അധിക നേരം ചിലവഴിക്കുവാനായില്ല. ബീച്ചിനടുത്ത് തന്നെ ലോകത്തോട് വിടപറഞ്ഞ ഭരണകര്‍ത്താക്കളുടെയും,രാഷ്ട്ര
നായകന്മാരുടെയും, സാഹിത്യകാരന്‍മാരുടെയും ചെറുതും വലുതുമായ ഒട്ടേറെ ശവകുടീരങ്ങള്‍ കാണാമായിരുന്നു.കുങ്കുമ നിറത്തിലുള്ള
പൂക്കള്‍ നിറഞ്ഞ ആന്‍റിഗോണം ചെടിയുടെ വള്ളികള്‍ ഈ കുടീരങ്ങളില്‍ പുഷ്പാര്‍ച്ചന
ചെയ്തത് പോലെ അവിടമാകെ പടര്‍ന്നു ശോഭിച്ചിരുന്നു.ചൂട് താങ്ങുവാനാകുന്നതിലും
അധികമായിരുന്നതിനാല്‍ ഒരു ഓട്ടോ റിക്ഷയില്‍ കയറി പഴയ ബസ് സ്റ്റാന്‍ഡിനടുത്തേക്കാണ്
പിന്നീട് പോയത്.അവിടെ വീഡിയോ ലിങ്ക്സ് എന്ന ഒരു കടയില്‍ വീഡിയോ ക്യാമറ അന്വേഷിച്ചാണ്
പോയതെങ്കിലും ലഭിച്ചില്ല.വീണ്ടും ഓട്ടോ റിക്ഷയില്‍ കയറി കണ്ണൂര്‍ ലുലു എന്നാ
പേരിലുള്ള ഷോപ്പിംഗ് മാളില്‍ എത്തി.അവിടെ നിന്ന് കുറച്ച് തുണിത്തരങ്ങളൊക്കെ വാങ്ങിയിട്ട് അടുത്ത് തന്നെയുള്ള ഗ്രാന്‍ഡ്
പ്ലാസ , മലബാര്‍ റെസിഡന്‍സിയില്‍ കയറി ഉച്ച ഭക്ഷണം കഴിച്ച്,വിശ്രമത്തിനായി താമസ
സ്ഥലത്തേക്ക് പോയി .
(പയ്യാമ്പലം ബീച്ച് )
ചെറുകുന്നത്തമ്മ
ഉച്ച നേരത്തെ വിശ്രമത്തിന് ശേഷം പ്രധാന
പരിപാടിയായ ക്ഷേത്ര ദര്‍ശനത്തിന് എല്ലാവരും തയ്യാറായി വന്നപ്പോഴേക്കും പോകാന്‍ ഏര്‍പ്പാടാക്കിയിരുന്ന
ഇന്നോവ കാര്‍ ഹോട്ടല്‍ മുറ്റത്ത് ഹാജരായിക്കഴിഞ്ഞിരുന്നു.വളരെ കുറച്ചു മാത്രം
സംസാരിക്കുന്ന ഷൈജു എന്ന
ചെറുപ്പക്കാരനായ ഞങ്ങളുടെ സാരഥി, കാര്‍ ഓടിക്കുന്നതില്‍ സമര്‍ത്ഥനായിരുന്നു.ദര്‍ശനം നടത്തേണ്ട
ക്ഷേത്രങ്ങളില്‍ അവയുടെ പ്രവേശന സമയം അനുസരിച്ച്
എത്തിച്ചു തരണമെന്ന് ആദ്യം തന്നെ ഞങ്ങള്‍ അയാളോട് ആവശ്യം പറഞ്ഞു.ചെറിയ ഒരു
തലയാട്ടല്‍ കൊണ്ട് അതിനയാള്‍ മറുപടി നല്‍കി.
ഏകദേശം അഞ്ചു
മണിയോടെ ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിനു മുന്നില്‍ ഞങ്ങളെ അയാള്‍ എത്തിച്ചു.വളരെ
വലിപ്പമുള്ള ആ പഴയ ക്ഷേത്രം തുറക്കുവാന്‍ ഇനിയും അര മണിക്കൂര്‍ കൂടി കഴിയണം.അത്രയും
നേരം ഞങ്ങള്‍ ക്ഷേത്ര പരിസരം ഒന്ന് പ്രദിക്ഷണം വച്ചു നടന്നു കണ്ടു.ശാന്തവും
ഹരിതാഭവുമായ ആ ഗ്രാമത്തിലെ കര്‍ഷകര്‍ പലരും അവിടെ നെല്ല് ഉണക്കുന്നത്
കാണാമായിരുന്നു. ക്ഷേത്രത്തിലെ നേദ്യവും വഴിപാടുകളും ഒക്കെ ഈ നെല്ല് കൊണ്ടാണത്രെ നടത്തുന്നത്.ക്ഷേത്രത്തിനടുത്ത്
തന്നെ ഭക്ഷണശാലയും, വൃത്തിയായി സൂക്ഷിച്ചിരിക്കുന്ന
നാലേക്കറോളം വിസ്തൃതിയുള്ള ക്ഷേത്രക്കുളവും
കാണാം.പരിസര വീക്ഷണമൊക്കെ കഴിഞ്ഞപ്പോഴേക്കും അകത്ത് പ്രവേശിക്കുവാനുള്ള സമയമായി.പ്രധാന
പ്രതിഷ്ഠ ഭഗവതി ആണെങ്കിലും,കയറിച്ചെല്ലുമ്പോള്‍ നേരെ കാണുന്നത് ശ്രീകൃഷ്ണ സ്വാമിയെ
ആണ്. അതിന് തൊട്ടടുത്തു വലതു ഭാഗത്തായി മറ്റൊരു ശ്രീകോവിലില്‍ അന്നപൂര്‍ണ്ണേശ്വരി
വരദായിനിയായി നിലകൊള്ളുന്നുണ്ട്.അവിടത്തെ ശാന്തിക്കാരും ,മറ്റ് ജോലിക്കാരും ഞങ്ങള്‍
ദൂര ദേശത്ത് നിന്ന് വരുന്നതാണെന്ന് മനസ്സിലാക്കി, ക്ഷേത്രത്തിനെ പറ്റിയുള്ള
ചില കാര്യങ്ങളൊക്കെ പറഞ്ഞു തന്നു.അന്നപൂര്‍ണ്ണേശ്വരി
ദേവിയെ പുറത്തു നിന്ന് കാണുവാന്‍ ഒരു വലിയ ജനാല ഉണ്ടെന്നും, നേരെ ദേവീയുടെ നടയിലേക്ക് പ്രവേശിക്കരുതാത്തത് കൊണ്ടാണ് ആദ്യം
ശ്രീകൃഷ്ണ പ്രതിഷ്ഠ സ്ഥാപിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു തന്നു.ഒരു ക്ഷേത്രമാണെങ്കിലും
ഈ രണ്ടു പ്രതിഷ്ഠകളും രണ്ടു പഞ്ചായത്തില്‍ ആണെന്നും,ദേശക്കാര്‍ കണ്ണപുരം കണ്ണനായും
,ചെറുകുന്നത്തമ്മയായും ആണ് ആരാധന നടത്തുന്നതെന്നും പറഞ്ഞു .തുടര്‍ന്നുള്ള ക്ഷേത്ര
ദര്‍ശന പരിപാടി അവരുമായി പങ്കു വച്ചപ്പോള്‍ കഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം കൂടി
ദര്‍ശിച്ചാല്‍ മാത്രമേ ദര്‍ശനം പൂര്‍ണ്ണമാകുകയുള്ളൂ എന്ന്‍ ഒരു വിവരം കൂടി പറഞ്ഞു
തന്ന ആ നല്ല മനുഷ്യരോട് നന്ദി പറഞ്ഞ് ഞങ്ങള്‍ യാത്ര തുടര്‍ന്നു.

(ചെറുകുന്നം
ക്ഷേത്രം)
മാടായിക്കാവ്
ചെറുകുന്നം ക്ഷേത്രത്തിന്‍റെ പഴക്കം,കുളത്തിന്‍റെ വിസ്തൃതി, ആളുകളുടെ
പെരുമാറ്റ മര്യാദ ഇതൊക്കെ ചര്‍ച്ച ചെയ്തിരിക്കെ, അവാര്‍ഡ് സിനിമാ
നായകനെപ്പോലെയുള്ള ഷൈജു, കാര്‍ വിസ്തൃതമായ ഒരു പ്രദേശത്ത് കൊണ്ട് നിര്‍ത്തി, മാടായിക്കാവ്
എത്തി എന്നു പറഞ്ഞു. കണ്ണൂരില്‍ നിന്ന് പഴയങ്ങാടി വഴിയുള്ള പയ്യന്നൂര്‍
റൂട്ടിലാണ് ഭദ്രകാളീ ക്ഷേത്രങ്ങളുടെ മാതൃ ക്ഷേത്രമായ മാടായിക്കാവ് സ്ഥിതി
ചെയ്യുന്നത്.രൌദ്ര ഭാവത്തില്‍ കുടികൊള്ളുന്ന ദേവീ ദര്‍ശനത്തിനായി ഭക്തിയോടെ ഞങ്ങള്‍
നേരെ ക്ഷേത്രത്തിന്നുള്ളിലേക്ക് നടന്നു.
(മാടായിക്കാവ് )
കര്‍ശനമായ ക്ഷേത്ര മര്യാദകള്‍ ക്ഷേത്ര
സന്ദര്‍ശകര്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഒന്ന് രണ്ട് പേര്‍
വാതില്‍ക്കല്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.ക്ഷേത്ര വാദ്യങ്ങളുടെ ശബ്ദം കേട്ടു
കൊണ്ട് അകത്തേക്ക് പ്രവേശിച്ച ഞങ്ങള്‍ കണ്ടത്,വളരെ വലിയ ഗൌരവക്കാരനായ ഒരു പൂജാരി
ശ്രീകോവിലിനു മുന്നിലുള്ള സോപാനത്തില്‍ കണ്ണടച്ചിരുന്ന് എന്തൊക്കെയോ പൂജകള്‍
ചെയ്യുന്നതാണ്. സ്ത്രീകളെയും ,പുരുഷന്മാരെയും ഇരു വശങ്ങളിലേക്ക് നയിച്ച ക്ഷേത്ര
ജീവനക്കാരനോട് അവിടെ എന്താണ് നടക്കുന്നതെന്ന് അന്വേഷിച്ചപ്പോള്‍, ക്ഷേത്രത്തിലെ വളരെ
പ്രധാനപ്പെട്ട പൂജയായ കളമെഴുത്തും പാട്ടുമാണ് നടക്കുന്നതെന്നും ,രണ്ടു മണിക്കൂര്‍
വേണ്ടി വരും പൂജ അവസാനിക്കുവാനെന്നും, അത് കഴിഞ്ഞു മാത്രമേ ദര്‍ശനം സാധ്യമാകൂവെന്നും
അയാള്‍ ഞങ്ങളെ അറിയിച്ചു.ചിട്ടപ്പെടുത്തി അടുക്കി വച്ചിരുന്ന യാത്രാ പരിപാടിയായിരുന്നതിനാല്‍
അത്രയും നേരം അവിടെ നില്‍ക്കുവാനാകാതെ മടങ്ങുവാനെ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ.രൌദ്ര
ഭാവത്തിലുള്ള ദേവിയുടെ പ്രധാന പൂജാ ദിവസം വന്നത് ഭാഗ്യമാണെന്നും,അത് കാണാതെ
പോകരുതെന്നും അവിടെയ്ക്ക് വന്നു കൊണ്ടിരുന്ന പല ഭക്ത ജനങ്ങളും സ്നേഹപൂര്‍വ്വം
ഞങ്ങളോട് അഭ്യര്‍ത്ഥിച്ചു.സമയം ആറു മണി കഴിഞ്ഞിരിക്കുന്നു,വൈകുന്നതിന് മുന്‍പായി
ഇനിയും മൂന്ന് ക്ഷേത്രങ്ങള്‍ കൂടി കാണേണ്ടതുള്ളതുകൊണ്ട് തത്ക്കാലം ഞങ്ങള്‍ അവരോട്
വിടപറഞ്ഞു യാത്ര തുടര്‍ന്നു. ഉഗ്രസ്വ്രരൂപിണിയായ മാടായിക്കാവിലമ്മ വിളിച്ചാല്‍
വിളി കേള്‍ക്കുന്ന ദേവതയാണെന്ന് ഞങ്ങളുടെ സാരഥി ഷൈജുവും കുറഞ്ഞ വാക്കുകളില്‍
പറഞ്ഞു.
തൃച്ചംബരം
ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
കളമെഴുത്തും പാട്ടും പൂജകള്‍ ഇനിയൊരിക്കല്‍ വന്നു കാണാമെന്ന് ആശ്വസിച്ചു
കൊണ്ട് എല്ലാവരും കാറിലിരുന്നു ക്ഷേത്രത്തിന്‍റെ ഗംഭീര്യത്തെപ്പറ്റി ചര്‍ച്ച ചെയ്തു
കൊണ്ടിരിക്കുമ്പോള്‍ ഞങ്ങളുടെ പൈലെറ്റിനു വഴി തെറ്റിയത് പോലെ തോന്നി.പിന്നീട് ഒന്നു
രണ്ട് വഴികളിലൂടെ കറങ്ങി ഒരു തോടിനരികെ അയാള്‍ കാര്‍ കൊണ്ട് നിര്‍ത്തി.അവിടെയിറങ്ങി തോടിനു കുറുകെയുള്ള ഒരു ചെറിയ
നടപ്പാലത്തിലൂടെ നടന്നെത്തിയത് തൃച്ചംബരം ശ്രീകൃഷ്ണ
ക്ഷേത്രത്തിന്‍റെ പിന്‍ ഭാഗത്താണ്.ഇരുളിന് കനം കൂടിയിരുന്നു.ക്ഷേത്ര
നിയമങ്ങള്‍ വളരെ കര്‍ശനങ്ങള്‍ തന്നെ ഇവിടെയും. പുരുഷന്മാര്‍ ഷര്‍ട്ട് ക്ഷേത്രത്തിന് പുറത്ത്
സ്ഥാപിച്ചിട്ടുള്ള കമ്പികൊണ്ടുള്ള സ്റ്റാന്‍ഡില്‍ തൂക്കിയിട്ടിട്ട് മാത്രമേ അകത്തു
പ്രവേശിക്കാവൂ അതാണ് ചിട്ട.അതി പുരാതനമായ ഈ ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങളും, ആലേഖനം
ചെയ്യപ്പെട്ടിരുന്ന ലിപികളും അതിന്‍റെ പഴക്കവും മഹത്വവും വിളിച്ചോതുന്നവയാണ്. തളിപ്പറമ്പിലെ
ഈ സ്ഥലത്ത് പണ്ട് ശംബര മഹര്‍ഷി തപസ്സ് ചെയ്ത് വിഷ്ണുവില്‍ ലയിച്ചതിനാലാണ് ഈ പേര്
വരാന്‍ കാരണമെന്നാണ് പഴമക്കാര്‍ പറയുന്നത്.പ്രധാന ക്ഷേത്രത്തിന് പുറത്ത് ഉപ
ദേവനായി പരമശിവനെയും പ്രതിഷ്ടിച്ചിട്ടുണ്ട്. ക്ഷേത്ര നിയമങ്ങളും ഇരുട്ടും
ചിത്രങ്ങളെടുക്കുന്നതില്‍ നിന്ന് ഞങ്ങളെ പിന്തിരിപ്പിച്ചു.ശ്രീകൃഷ്ണ ദര്‍ശനം
കഴിഞ്ഞ് അടുത്ത ലക്ഷ്യസ്ഥാനമായ കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലേക്ക് ഞങ്ങള്‍
പുറപ്പെട്ടു. കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം
തളിപ്പറമ്പില്‍ തന്നെ വളരെ ഉയര്‍ന്ന ഒരു
സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അതി
പുരാതനമായ ശിവ ക്ഷേത്രമാണിത്. വെട്ടുകല്ല് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന
അനേകം വലിയ പടിക്കെട്ടുകള്‍ കയറി ചെന്നാല്‍ ഭിഷഗ്വര രൂപനായിരിക്കുന്ന മഹാദേവനെ
കണ്ടു വണങ്ങാം.നിയമങ്ങള്‍ മറ്റു ക്ഷേത്രങ്ങളിലെന്ന പോലെ തന്നെ കര്‍ശനം തന്നെ. നിശബ്ദവും
ഗംഭീരവുമായ ക്ഷേത്രത്തിലേക്ക് എല്ലാവരും വളരെ ഭയ ഭക്തി ബഹുമാനങ്ങളോടെയാണ്പ്രവേശിച്ചു
കണ്ടത്.ദര്‍ശനം കഴിഞ്ഞ് ക്ഷേത്രത്തിലെ ചടങ്ങുകളെ പറ്റിയും,ഐതീഹ്യ കഥകളെ പറ്റിയും
ഒക്കെ അറിയണമെന്ന് ആഗ്രഹം
ഉണ്ടായിരുന്നെങ്കിലും സമയം അനുവദിക്കാത്തതു കൊണ്ട് ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.
അന്ധകാരാവൃതമായ കുന്നിന്‍ മുകളിലെ ആ ക്ഷേത്രം കൈലാസമെന്നത് പോലെ തലയെടുപ്പോടെ
നിലകൊണ്ടു. ശ്രീ രാജരാജേശ്വര ക്ഷേത്രം
വൈദ്യനാഥനായ മഹാദേവനരികില്‍ നിന്ന് നേരെ തളിപ്പറമ്പില്‍ തന്നെയുള്ള രാജരാജേശ്വരനായ
പരമശിവനെ കാണുവാനാണ് പിന്നീട് പോയത്. മുന്‍ ക്ഷേത്രങ്ങളേക്കാള്‍ ഒന്ന് കൂടി
മുറുകിയ നിയമങ്ങളാണ് ഇവിടെ. സ്ത്രീകള്‍ക്ക് അത്താഴപ്പൂജ കഴിഞ്ഞു മാത്രമേ അകത്ത്
പ്രവേശിക്കുവാനാകൂ, അതായത് സന്ധ്യയ്ക്ക് ഏഴ് ഏഴരയോടെ മാത്രമേ ദര്‍ശനം ലഭിക്കൂ.
ചെറിയ തോള്‍ സഞ്ചി പോലും കയ്യിലെടുക്കാനാകില്ല,
എന്ന് തന്നെയല്ല വെളിയില്‍ ഒരു കൌണ്ടറില്‍ നിന്ന് ‘നെയ്യമൃത്’ ശീട്ടാക്കി അതും കൊണ്ട് വേണം പ്രവേശന ദ്വാരത്തിലെത്തുവാന്‍.
അവിടെ ശീട്ട് വാങ്ങി നെയ് നിറച്ച് വായ മൂടിക്കെട്ടിയ ചെറിയ പാത്രങ്ങള്‍ ക്ഷേത്ര
ജീവനക്കാര്‍ കയ്യില്‍ തരും. അതുമായി മാത്രമേ സ്ത്രീകള്‍ അകത്ത് ദര്‍ശനം
നടത്താവൂ,അത് നിര്‍ബന്ധമാണത്രെ. മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഇവിടെ അല്‍പ്പം തിരക്ക് അനുഭവപ്പെട്ടെങ്കിലും
ദര്‍ശനത്തിന് ബുദ്ധിമുട്ടൊന്നും
ഉണ്ടായില്ല .തെക്കന്‍ കേരളത്തില്‍ ശ്രീകോവിലിനു തൊട്ടു
രാജരാജേശ്വര ക്ഷേത്രം
മുന്നിലുള്ള ചെറിയ പടികളില്‍ ശാന്തിക്കാരന്‍ മാത്രമേ കയറി നിന്ന് കണ്ടിട്ടുള്ളു.പക്ഷെ
വടക്കുള്ള തൃച്ചംബരം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പടികളില്‍ കയറി
നിന്ന് നേരെ ദര്‍ശനം നടത്താം. ഭയമുളവാക്കുന്ന വലിയ കണ്ണുകളുള്ളതായും,വശങ്ങളിലേക്ക്
ചെവി പോലെ ഉള്ളതായും ഒക്കെ കാണപ്പെട്ട രാജരാജേശ്വര പ്രതിഷ്ഠ വളരെ ഉയരത്തില്‍
പ്രത്യേക രീതിയിലാണ് സ്ഥിതി ചെയ്യുന്നത്.എന്തായാലും മഹാദേവനെ നന്നായി വണങ്ങി
ഞങ്ങള്‍ പടിയിറങ്ങി.അത്താഴപ്പൂജ കഴിഞ്ഞു ക്ഷേത്ര പ്രദിക്ഷണം അനുവദിക്കാത്തതിനാല്‍
അന്നത്തെ ക്ഷേത്ര ദര്‍ശനം അവസാനിപ്പിച്ച് താമസ
സ്ഥലത്തേക്ക് മടങ്ങാന്‍ തീരുമാനിച്ചു. മടക്കയാത്രയില്‍ ഇന്ത്യന്‍ കോഫി ഹൌസില്‍ കയറി
ഭക്ഷണം കഴിച്ച്, പിറ്റേദിവസം തിരുനെല്ലി യാത്രയ്ക്കായി വരേണ്ട സമയം പറഞ്ഞുറപ്പിച്ച്
ഷൈജുവിനെ യാത്രയാക്കി.
അടുത്ത ദിവസം രാവിലെ കൃത്യം ഒന്‍പതു മണിയോടെ വാഹനവുമായി ഷൈജു എത്തിയപ്പോഴേക്കും
ഞങ്ങള്‍ യാത്രയ്ക്ക് തയ്യാറായിക്കഴിഞ്ഞിരുന്നു. ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട്
ചെയ്ത് ബില്ല് വാങ്ങുമ്പോള്‍ അതില്‍ ജി
എസ് ടി ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച് ഹോട്ടല്‍ സ്റ്റാഫുമായി ചെറിയ ഒരു
വാഗ്വാദവും വേണ്ടി വന്നു. മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം
പുരാതനമായ തിരുനെല്ലി മഹാ വിഷ്ണു ക്ഷേത്രം വനമേഖലയിലാണ് സ്ഥിതിചെയ്യുന്നത്
.അവിടെയ്ക്കുള്ള യാത്രയില്‍ ധാരാളം
കൗതുകമുള്ള കാഴ്ചകള്‍ പ്രതീക്ഷിക്കാമെന്നത് കൊണ്ട് തന്നെ ഞാന്‍ മുന്‍ സീറ്റ് സ്വന്തമാക്കി.തിരുനെല്ലി
യാത്രക്കിടെ മറ്റ് രണ്ട് ക്ഷേത്രങ്ങള്‍ കൂടി കാണേണ്ടതുണ്ട്.അതില്‍ പ്രധാനപ്പെട്ട
ഒരു ക്ഷേത്രമാണ് പുരളി മലയിലെ മിഴാവില്‍ ഭഗവതി,എന്ന മൃദംഗ ശൈലേശ്വരി ക്ഷേത്രം. ഐതീഹ്യപ്പെരുമയുള്ള
ഇവിടെ ദേവി മിഴാവിന്‍റെ രൂപത്തില്‍ ഇപ്പോഴുള്ള ശ്രീകോവിലിന്‍റെ തെക്ക് കിഴക്ക്
ഭാഗത്ത് വാതില്‍ മാടത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നാണ് പറയപ്പെടുന്നത്.ക്ഷേത്രത്തിനുള്ളില്‍
ആ സ്ഥലം ഇപ്പോഴും പ്രത്യേകം പരിരക്ഷിച്ചിരിക്കുന്നു.ശ്രീകോവിലില്‍ ചെയ്യുന്ന എല്ലാ
പൂജകളും അവിടെയും ചെയ്യുന്നുണ്ട്.മുഴങ്ങിയ കുന്നാണ് മുഴക്കുന്നായതെന്നും ,മൃദംഗ
ശൈലം എന്ന സംസ്കൃത പദമാണ് മിഴാവ് കുന്ന് ആയി അറിയപ്പെടുന്നതെന്നും സ്ഥലവാസികള്‍
പറയുന്നു. കല്യാണ സൌഗന്ധികം ,കിര്‍മ്മീര
വധം,കാലകേയ വധം തുടങ്ങിയ പ്രശസ്ത ആട്ടക്കഥകളുടെ കര്‍ത്താവായ കോട്ടയത്ത് തമ്പുരാന്
ഇവിടെ വച്ച് ദേവി പ്രത്യക്ഷയായതായി പറയപ്പെടുന്നു. ഈ യാത്രാ വിവരണത്തിന്‍റെ തുടക്കത്തില്‍
രേഖപ്പെടുത്തിയിരിക്കുന്ന ‘മാതംഗാനനം..’ എന്നു തുടങ്ങുന്ന കോട്ടയം കഥകളുടെ വന്ദനശ്ലോകത്തിലൂടെ തമ്പുരാന്‍
മൃദംഗ ശൈലേശ്വരിയായ ദേവിയെ ആണ് സ്തുതിക്കുന്നത്.കഥകളിയിലെ വേഷവിധാനങ്ങള്‍
ചിട്ടപ്പെടുത്തുവാന്‍ ശ്രമിച്ചപ്പോള്‍ സ്ത്രീ വേഷം വേണ്ടവിധം തോന്നാതെ അദ്ദേഹം ധ്യാന
നിരതനായിരിക്കുമ്പോള്‍,ദേവി ക്ഷേത്രക്കുളത്തില്‍ ഇന്ന് നാം കഥകളിയില്‍ കാണുന്ന
സ്ത്രീവേഷത്തില്‍ പ്രത്യക്ഷപ്പെട്ടു കാണിച്ചു കൊടുത്തു എന്നാണ് ചരിത്രം.

(മൃദംഗ ശൈലേശ്വരി ക്ഷേത്രം) കേരള സിംഹം വീര കേരള വര്‍മ്മ പഴശ്ശി രാജ ഉള്‍പ്പടെ പുരളീ രാജാക്കന്മാരുടെ ഈ കുല ദേവതാക്ഷേത്രത്തിന്‍റെ പടിഞ്ഞാറ് ഭാഗത്ത് ഒരു
ഗുഹാ ക്ഷേത്രമുണ്ടായിരുന്നു.ഇന്ന് അത് തകര്‍ന്നടിഞ്ഞു പോയിരിക്കുന്നു. യുദ്ധത്തിന്
പോകുന്നതിനു മുന്‍പ് പുരളി രാജാക്കന്മാര്‍ ഈ ഗുഹാ ക്ഷേത്രത്തില്‍ വന്ന് ദേവിയ്ക്ക്
ബലിതര്‍പ്പണം നടത്തിയിരുന്നുവത്രെ.ആ സമയത്ത് ദേവി പോരില്‍ കലി തുള്ളുന്ന
കാളിയായി,പോര്‍ക്കാളി ആയി എല്ലാവിധ അനുഗ്രഹങ്ങളും നല്‍കിയിരുന്നുവത്രേ.ഈ പോര്‍ക്കാളിയാണ്,
പോര്‍ക്കലിയായും ശ്രീ പോര്‍ക്കലിയായും അറിയപ്പെടുന്ന മിഴാവില്‍ ഭഗവതി.ബാല്യത്തില്‍
അച്ഛനോട് ചോദിക്കാന്‍ ഭയന്ന പോര്‍ക്കലി ഇന്ന് ഇതാ ഇവിടെ ശ്രീപോര്‍ക്കലിയായി എനിക്ക്
പ്രത്യക്ഷയായിരിക്കുന്നു.

(ഗുഹാക്ഷേത്രത്തിലേക്കുള്ള മാര്‍ഗ്ഗം) നാശോന്മുഖമായിരിക്കുന്ന ആ ഗുഹാക്ഷേത്രം പുനര്‍
നിര്‍മ്മിക്കുന്നതിനായി നാട്ടുകാരും,വിശ്വാസികളും
ചേര്‍ന്ന് സത്വര നടപടികള്‍ കൈക്കൊണ്ടിട്ടുള്ളതായി കാണുന്നത് ആശാവഹം തന്നെ. അനുഗ്രഹ ദായിനിയായ വിദ്യാ ദേവതയെ വണങ്ങി
സന്തുഷ്ട ചിത്തരായി ഞങ്ങള്‍ യാത്ര തുടര്‍ന്നു. അവിടെനിന്നും അധികം ദൂരെയല്ലാതെ പുരളിമലയിലെ
തന്നെ ഒരുയര്‍ന്ന പ്രദേശത്ത് ഷൈജു വണ്ടി നിര്‍ത്തി. മുത്തപ്പന്‍റെ നാട്ടിക്കല്ല്
എന്ന ഒരിടമായിരുന്നു അത്.അവിടെ ഒരു വലിയ കല്ല് മാത്രമല്ലാതെ മനുഷ്യരെയാരെയും
കണ്ടില്ല.ആ സ്ഥലത്തിന്‍റെ ഐതീഹ്യമോ, കാര്യങ്ങളോ അറിയാന്‍ പ്രത്യേകിച്ച് വഴിയൊന്നും
കാണാത്തതിനാല്‍ അടുത്ത ലക്ഷ്യസ്ഥാനമായ തിരുനെല്ലിയിലേക്ക് യാത്ര തുടര്‍ന്നു. വലിയ
കുന്നുകളും തേയിലത്തോട്ടങ്ങളും ഒക്കെ പിന്നിട്ട് കാര്‍ അതിവേഗം സഞ്ചരിച്ചു
കൊണ്ടിരുന്നു.തലേദിവസത്തെ അപേക്ഷിച്ച് ഷൈജു എന്ന നമ്മുടെ സാരഥി കുറച്ചുകൂടി
സംസാരിച്ചു തുടങ്ങിയിരുന്നു.സമയം ഏതാണ്ട് ഉച്ചയോടടുക്കുന്നു,എല്ലാവര്‍ക്കും
വിശന്നു തുടങ്ങിയിരിക്കുന്നു. തിരുനെല്ലിയില്‍ കെ ടി ഡി സി യുടെ ഹോട്ടല്‍ ‘താമരിന്ദ്’
താമസത്തിന് ഏര്‍പ്പാടാക്കിയിട്ടുണ്ട്.പക്ഷെ അവിടെ എത്തുമ്പോഴേക്കും ഉച്ചഭക്ഷണ സമയം
കഴിയുമെന്നത് കൊണ്ട് ഇടയ്ക്ക് എവിടെയെങ്കിലും ഭക്ഷണം കഴിക്കാന്‍ പറ്റിയ സ്ഥലമുണ്ടെങ്കില്‍
വണ്ടി നിര്‍ത്തുവാന്‍ ഞങ്ങള്‍ ഷൈജുവിനോട് പറഞ്ഞു. മാനന്തവാടിയില്‍ ഒരു ഇന്ത്യന്‍
കോഫീ ഹൌസില്‍ നിന്ന് വലിയ മെച്ചമൊന്നുമില്ലാത്ത ഭക്ഷണം കഴിച്ച് വാഹനമേറി. തിരുനെല്ലിയില്‍
എത്തുന്നതിനു മുന്‍പ് തൃശ്ശിലേരി ക്ഷേത്ര ദര്‍ശനം നടത്തേണ്ടതാണ്,അങ്ങനെയാണ് അതിന്‍റെ
ഒരു രീതിയെന്ന് പരിചയക്കാര്‍ പറഞ്ഞു തന്നിരുന്നു.പക്ഷെ ഈ ഉച്ച നേരത്ത് ക്ഷേത്രം
തുറക്കുകയില്ല,ഇനി തുറക്കുന്നത് വരെ അവിടെ കാത്തിരിക്കാം എന്ന് കരുതുന്നത്
ബുദ്ധിയുമല്ല.കാരണം തിരുനെല്ലി വനാന്തരങ്ങളിലൂടെയുള്ള വഴിയില്‍ അപ്പോഴേക്കും
വന്യമൃഗങ്ങള്‍ സ്വൈര വിഹാരം നടത്തി
തുടങ്ങും.അതുകൊണ്ട് തിരിച്ചു വരുമ്പോള്‍ തൃശ്ശിലേരിയില്‍ ദര്‍ശനം നടത്തുന്നതാണ്
നല്ലതെന്ന് തീരുമാനിച്ചു.ഏകദേശം രണ്ടര മണിയോടെ ഞങ്ങള്‍ സ്വച്ഛന്ദ സുന്ദരമായ തിരുനെല്ലി
‘താമരിന്ദ്’ ഹോട്ടലിന് മുന്നിലെത്തി. യാത്രക്കിടെ ധാരാളം പുള്ളി മാനുകളേയും വാനരന്മാരെയും
ഒക്കെ കാണുവാന്‍ സാധിച്ചു.അപൂര്‍വ ഇനം സസ്യജാലങ്ങളുടെ കലവറയായ ഇവിടെ ആദിവാസി
സ്ത്രീകളും പുരുഷന്മാരും ഭയലേശമെന്യേ ഔഷധ സസ്യങ്ങള്‍ ശേഖരിക്കുന്നത്
കാണാമായിരുന്നു.നല്ല ഉയരമുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലിന്‍റെ പരിസരം
മനോഹരമായിരുന്നു. താഴ്വരകളും അവരുമായി സല്ലപിക്കുവാനെത്തിയ മൂടല്‍ മഞ്ഞും, മഞ്ഞിന്‍
മേലാപ്പണിഞ്ഞ പച്ചക്കുന്നുകളും,അവയ്ക്കിടെ വെള്ളിയരഞ്ഞാണം പോലെയുള്ള നീര്‍ച്ചാലുകളും,വിവിധ
നിറങ്ങളിലുള്ള പൂക്കുടകള്‍ ചൂടി നില്‍ക്കുന്ന തരുക്കളും,പക്ഷികളുടെ കളകൂജനങ്ങളും
എല്ലാം കൂടി നമ്മെ ശാന്തിയുടെ സ്വര്‍ഗ്ഗ ലോകത്ത് എത്തിച്ച പ്രതീതി. വാഹനങ്ങളുടെ
ഇരമ്പലുകളോ,ഉച്ചഭാഷിണിയുടെ ശബ്ദഘോഷങ്ങളോ, ഒന്നുമില്ലാതെ മസ്തിഷ്ക്കത്തെയും
മനസ്സിനെയും അതിന്‍റെ സ്വാഭാവിക അവസ്ഥയില്‍ സമാധാനമായി ശാന്തമായി സന്തോഷമായി വയ്ക്കാന്‍
പറ്റിയൊരിടം.
(ഹോട്ടല്‍ താമരിന്ദ്)
വാഹനത്തില്‍ നിന്നിറങ്ങിയ ഞങ്ങളെ അവിടത്തെ ജീവനക്കാര്‍ വളരെ നന്നായി സ്വീകരിച്ചു.നാലഞ്ചു
ചുണക്കുട്ടന്‍മാരും,രണ്ടു സ്ത്രീകളും ഉള്‍പ്പടെ വളരെ കുറച്ചുപേര്‍ മാത്രമാണ് അവിടെ
ജോലി ചെയ്തിരുന്നത്. സ്ഥലത്തിന്‍റെ പ്രത്യേകതകളും ക്ഷേത്ര ദര്‍ശന സമയവും തുടങ്ങി
പല കാര്യങ്ങളും കുറച്ചു സമയം കൊണ്ട് അവര്‍ ഞങ്ങള്‍ക്ക് വിശദീകരിച്ചു തന്നു.ക്ഷേത്ര
ദര്‍ശനത്തിനു മുന്‍പ് കുറച്ചു വിശ്രമിക്കുവാന്‍ സമയമുണ്ട്.
വിശ്രമം,കുളി എല്ലാം കഴിഞ്ഞ് ഞങ്ങള്‍ ക്ഷേത്രത്തിലേക്ക് പോകുവാന്‍ തയ്യാറായി
വന്നു.അപ്പോഴേക്കും ഹോട്ടലിലെ കുട്ടികള്‍ ചായയും പലഹാരങ്ങളുമായി എത്തി.ഷൈജുവും
ഒരുറക്കമൊക്കെ കഴിഞ്ഞ് ഉന്മേഷവാനായി വന്നു.ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും രാത്രിയില്‍
ഭക്ഷണം എന്താണ് വേണ്ടതെന്ന് അവര്‍ ഞങ്ങളോട് ചോദിച്ചു.ആവശ്യം അനുസരിച്ച് മാത്രമേ
അവര്‍ ആഹാരം ഉണ്ടാക്കുകയുള്ളൂ,അതായത് പഴയ ഭക്ഷണം കഴിക്കേണ്ട നിര്‍ഭാഗ്യമില്ലെന്ന്
സാരം.ചപ്പാത്തിയും വെജ് കറിയും ഓര്‍ഡര്‍ കൊടുത്ത് ഞങ്ങള്‍ ക്ഷേത്രത്തിലേക്ക്
തിരിച്ചു.
തിരുനെല്ലി
ക്ഷേത്രം –പാപനാശിനി
തെക്കന്‍ കാശി ,ദക്ഷിണ ഗയ എന്നൊക്കെയുള്ള പേരില്‍ അറിയപ്പെടുന്ന ഒരു വിഷ്ണു ക്ഷേത്രമാണ്
തിരുനെല്ലി ക്ഷേത്രം.ബ്രഹ്മാവ് ധ്യാന നിരതനായിരിക്കുമ്പോള്‍ മഹാവിഷ്ണു ഒരു
നെല്ലിമര ചുവട്ടില്‍ ഈ സ്ഥലത്ത് പ്രത്യക്ഷപ്പെടുകയും ശ്രീ പരമേശ്വര സാന്നിദ്ധ്യം
അനുഭവിക്കുകയും ചെയ്തുവത്രേ.അങ്ങനെ ബ്രഹ്മാവിനാല്‍ പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹമാണ് തിരുനെല്ലി ക്ഷേത്രത്തിലേത്.
പാപനാശിനിക്കരയില്‍ പിതൃ തര്‍പ്പണത്തിനും ,ബലി കര്‍മ്മങ്ങള്‍ക്കുമായി ധാരാളം
ആളുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഇവിടെ എത്താറുണ്ട്. ഇവിടെ ബലികര്‍മ്മം
ചെയ്യുന്നതായാല്‍ സകല പാപങ്ങളില്‍ നിന്നും മുക്തി ലഭിച്ച് പിതൃ പ്രീതി
ലഭിക്കുമെന്നാണ് വിശ്വാസം.വടക്ക് ബ്രഹ്മഗിരി ,കിഴക്ക് ഉദയഗിരി ,തെക്ക് നരിനിരങ്ങി,പടിഞ്ഞാറ്
കരിമല എന്നീ മലകളാല്‍ സംരക്ഷിക്കപ്പെട്ട ഈ കാനന ക്ഷേത്രത്തില്‍ ദര്‍ശനം
നടത്തുന്നത് അപൂര്‍വ്വമായ ഒരു അനുഭൂതിയാണ്
നല്‍കുന്നത്.
ഹോട്ടലില്‍ നിന്ന് ഇറങ്ങുമ്പോള്‍ സമയം അഞ്ചുമണി ആകുന്നതേയുള്ളൂ, പക്ഷെ അന്തരീക്ഷം മേഘാവൃതമാണ് മഴയ്ക്കുള്ള സാദ്ധ്യതയുമുണ്ട്. ഹോട്ടലില്‍നിന്ന്
നടന്നു പോകുവാനുള്ള ദൂരമേയുള്ളൂ ക്ഷേത്രത്തിലേക്ക്.പക്ഷെ മടക്കയാത്ര സന്ധ്യ കഴിയും
എന്നത് കൊണ്ട് കാറില്‍ തന്നെ പോകുന്നതാണ് നല്ലതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഉപദേശിച്ചു, ആനശല്യം വളരെ കൂടുതലാണ് ആ
പ്രദേശങ്ങളില്‍. ചിലപ്പോള്‍ കടുവയും ഒക്കെ ഇറങ്ങാറുണ്ടെന്നു കൂടി പറഞ്ഞതോടെ നടന്നു പോകാനുള്ള ആഗ്രഹം വേരോടെ പിഴുതെറിഞ്ഞു.
പത്തു മിനിട്ട് കൊണ്ട് ക്ഷേത്ര പരിസരത്തെത്തിയെങ്കിലും, കോരിച്ചൊരിയുന്ന
പെരുമഴയില്‍ കാറില്‍ തന്നെ അല്‍പ്പ നേരം ഇരിക്കേണ്ടി വന്നു.മഴ കുറച്ചു കുറഞ്ഞതോടെ
ക്ഷേത്ര പ്രദിക്ഷണത്തിനും, പിറ്റേ ദിവസം ബലി ഇടാന്‍ വേണ്ട സാധന സാമഗ്രികള്‍ ശീട്ടാക്കുന്നതിനുമൊക്കെയായി
പടികള്‍ കയറി ക്ഷേത്ര മുറ്റത്തെത്തി.
(തിരുനെല്ലി വിഷ്ണുക്ഷേത്രം)
വളരെ പുരാതനമായ ഈ മഹാ വിഷ്ണു ക്ഷേത്രത്തിലും ഷര്‍ട്ട്,ബാഗ്,ഫോണ്‍, ഇവയെല്ലാം പുറത്തു വച്ചതിനു ശേഷം
മാത്രമേ അകത്തു പ്രവേശിക്കുവാനാകൂ .അതുകൊണ്ട്
മുറ വച്ച് രണ്ടു പേര്‍ വീതം ദര്‍ശനവും ബാഗ് സൂക്ഷിപ്പും ഡ്യൂട്ടി ഏറ്റെടുത്തു
നടത്തി. ദീപാരാധന തൊഴുതിറങ്ങുമ്പോഴാണറിയുന്നത് ബലി ഇടേണ്ടവര്‍ക്ക് ദീപാരാധന
കഴിഞ്ഞ് പ്രത്യേകമായി ഒരു പ്രാര്‍ത്ഥന ഉണ്ടെന്ന്.മഴ അപ്പോഴും ചെറിയ രീതിയില്‍
ഉണ്ടായിരുന്നു.താമസ്സിയാതെ ക്ഷേത്രത്തിനു മുന്നില്‍ ഒരാള്‍ വന്ന് ബലിയിടുന്നവരെ
വിളിച്ച് ചില കാര്യങ്ങള്‍ ചൊല്ലിക്കുവാന്‍ തുടങ്ങി.അവരുടെ പ്രാര്‍ത്ഥന
കഴിഞ്ഞപ്പോള്‍ അവിടെ കൂടിനിന്ന ഭക്തരില്‍ ഒരാള്‍ പറഞ്ഞു വ്യാഴാഴ്ച ദിവസമായത്
കൊണ്ട് ഇപ്പോള്‍ നാമസങ്കീര്‍ത്തനവും
പ്രദിക്ഷണവും ഉണ്ട്,എല്ലാവരും പങ്കു ചേരണമെന്ന്.ഗോവിന്ദ നാമം ജപിച്ചു കൊണ്ട്
എല്ലാവരും ഒരു മനസ്സോടെ ദേവനെ വണങ്ങി പ്രദിക്ഷണം തുടങ്ങി.പുഷ്പ വൃഷ്ടി പോലെ പുണ്യ
ജലം മഴയായി പൊഴിയുന്നുണ്ടായിരുന്നു.ഒരു വട്ടം കഴിഞ്ഞപ്പോഴേക്കും മഴയുടെ ശക്തി വര്‍ദ്ധിച്ചതിനാല്‍
പിന്നീട് എല്ലാവരും നടയ്ക്ക് മുന്നില്‍ നിന്ന് ജപം തുടരുകയായിരുന്നു.
സമയം വൈകിയിരുന്നില്ലെങ്കിലും ഇരുട്ടിന്‍റെ കട്ടിയും മഴയുടെ ഘനവും
കണക്കിലെടുത്ത് ഞങ്ങള്‍ ഹോട്ടലിലേക്ക് മടങ്ങി.വഴിയില്‍ വാഹനത്തിന്‍റെ വെളിച്ചം
മാത്രമേയുള്ളൂ,കൂരിരുട്ട് .കുറച്ചു ദൂരം മുന്നോട്ട് പോയിക്കഴിഞ്ഞപ്പോള്‍ മുന്‍പില്‍
ഒരു കമ്പി വേലി, ഷൈജു കാര്‍ നിര്‍ത്തി.സ്ഥലം
ഹോട്ടലിനടുത്ത് തന്നെയാണ്.അങ്ങോട്ട് പോകുമ്പോള്‍ ഇങ്ങനെ ഒരു വേലി കണ്ടിരുന്നില്ല.ഇതെന്തു
പണ്ടാരമപ്പാ ....ഞാന്‍ കരുതി. ആന ശല്യം ഉണ്ടാകാതിരിക്കാന്‍ വൈദ്യുതി വേലി
കെട്ടിയിരിക്കുകയാണ്, ഷൈജു പറഞ്ഞു.വേലിയുടെ കുറച്ചകലെയായി ഒരു കെട്ടിടം ഉണ്ട്,ചെറിയ
ഒരു ഹോട്ടലോ മറ്റോ ആണ്.ഹോണ്‍ മുഴക്കി നോക്കി ആരും വരുന്നില്ല. ഇനി കൂടുതല്‍ ശബ്ദം
കേട്ട് മനുഷ്യര്‍ വന്നില്ലെങ്കിലും ആന വന്നാലോ എന്നായി ഭയം.എന്നാല്‍ ഇറങ്ങി ആ വേലി
പതുക്കെ മാറ്റിയാലോ എന്നൊരഭിപ്രായം വന്നു. ‘നന്നായി.... ബലിയിടാന്‍ വന്ന നമുക്ക്
ബലിയിടാന്‍ ഇനി വേറെ ആള്‍ വരേണ്ടി വരും,’മുരളി സര്‍ ഉള്ള കാര്യം തുറന്നു പറഞ്ഞു.ഇനിയിപ്പോള്‍
എന്താ ചെയ്ക ...രക്ഷകനായി ഫോണ്‍ ഉണ്ടല്ലോ..ഉടന്‍ തന്നെ വിളിച്ചു ‘താമരിന്ദ്’
ലേക്ക്.കാര്യം വളരെ നിസ്സാരം ഹോട്ടലിലെ ചെറുപ്പക്കാര്‍ ടോര്‍ച്ച്മായി വന്ന്
പ്രശ്നം പരിഹരിച്ചു തന്നു. ആരോ നേരത്തെ അടച്ചതാണ് വേലി,സാധാരണയായി കുറച്ചു സമയം
കൂടി കഴിഞ്ഞേ അടയ്ക്കുക പതിവുള്ളൂ, എന്ന് അത്താഴം വിളമ്പിയപ്പോള്‍ അവര്‍ ഞങ്ങളോട്
പറഞ്ഞു.വേലിയുള്ളതു കൊണ്ട് വന്യമൃഗ ഭീതിയില്ലാതെ ഭക്ഷണം ,വിശ്രമം ഉറക്കം എല്ലാം വളരെ
ഭംഗിയായി കഴിഞ്ഞു.പിറ്റേ ദിവസം രാവിലെ തന്നെ കുളിയൊക്കെ കഴിഞ്ഞ് നേരെ
ക്ഷേത്രത്തിലേക്ക് പോയി.അവിടെ ചെന്ന് ബലിയിടുന്നതിനുള്ള സാധന സാമഗ്രികള്‍ വാങ്ങി.
നേരെ പാപനാശിനിയിലേക്ക് പോയി.ക്ഷേത്രത്തിന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്തായി
കുത്തനെയുള്ള ഇറക്കം ഇറങ്ങി പത്തിരുപത് നിമിഷങ്ങള്‍ നടക്കണം അവിടെയെത്താന്‍.ഇടയ്ക്കൊരു
സ്ഥലത്ത് നീലാമ്പലുകള്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു തീര്‍ത്ഥക്കുളം കണ്ടു.അവിടെ
ചെറിയ ഒരു പാലത്തില്‍ കൂടി നടന്ന് നടുവിലുള്ള ഒരു ചെറിയ വൃത്തത്തിലെത്തി ആളുകള്‍
പ്രാര്‍ത്ഥിക്കുന്നത് കാണാമായിരുന്നു.കുളത്തിനരികിലൂടെ വീണ്ടും
പാറക്കെട്ടുകളിലൂടെ നടന്ന് ഒരു ഉയര്‍ന്ന പ്രദേശത്ത് എത്തി.അവിടെ കുറച്ചു താഴ്ചയില്‍
സ്ഫടിക സമാനമായ ജലം അരുവിയായി കളകളാരവം ഉണ്ടാക്കികൊണ്ട് കിഴക്ക് ദിക്ക്
ലക്ഷ്യമാക്കി ഒഴുകുന്നുണ്ടായിരുന്നു.ധാരാളം ആളുകള്‍ വരിവരിയായി ചോലയില്‍ ഇറങ്ങി
നിന്ന് കര്‍മ്മിയുടെ നിര്‍ദ്ദേശ പ്രകാരം ബലി തര്‍പ്പണം നടത്തുന്നുണ്ടായിരുന്നു.ചോലയ്ക്കടുത്തുള്ള
ഒരു ചെറിയ ജലാശയത്തില്‍ മുങ്ങി നിവര്‍ന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ബലിയിടല്‍
ആരംഭിച്ചു. ബലി അവശിഷ്ടങ്ങളായ ഉണക്കലരി മുതലായവ ഭക്ഷിക്കുവാന്‍ അടുത്തുള്ള വൃക്ഷങ്ങളിലും പാറക്കെട്ടുകളിലും വാനരപ്പട
നിലയുറപ്പിച്ചിട്ടുണ്ട്.ഇടയ്ക്കൊക്കെ ഒരാള്‍ അവയെ കല്ലെറിഞ്ഞ് ഭയപ്പെടുത്തുകയും
ഓടിയ്ക്കുകയും ചെയ്യുന്നുണ്ട്.എനിയ്ക്കെന്തോ കഷ്ടം തോന്നി,ഒരര്‍ത്ഥത്തില്‍
പറഞ്ഞാല്‍ അവര്‍ നമ്മുടെ പൂര്‍വികരും പിതൃക്കളും അല്ലെന്ന് പറയാനാകുമോ ?
അതുകൊണ്ടുതന്നെ അവര്‍ക്കത് ഭക്ഷിക്കുവാന്‍ അര്‍ഹതയുമുണ്ടല്ലോ !എന്നാണ് എന്‍റെ
പക്ഷം.അവിടെ ഫോട്ടോഗ്രാഫി നിരോധിച്ചിരുന്ന വിവരം അറിയാതെ ഞങ്ങള്‍ രണ്ടുമൂന്ന്
സ്നാപ്പ് എടുത്തു.അപ്പോഴേക്കും കുരങ്ങന്മാരെ ഓടിച്ചയാള്‍ വന്ന് ഞങ്ങളെയും താക്കീത്
ചെയ്തതോടെ അക്കാര്യത്തിന് ഒരു തീരുമാനമായി. ഏതായാലും കര്‍മ്മങ്ങള്‍ കഴിഞ്ഞ് ഈറന്‍
മാറി കര്‍മ്മിക്ക് ദക്ഷിണയും കൊടുത്ത് ജയയും ,മുരളിസാറും എത്തിയതോടെ ഞങ്ങള്‍
തിരിച്ച് കയറ്റം കയറാന്‍ ആരംഭിച്ചു.ഇടയ്ക്ക് മുളയരിപ്പായസവും ,നെല്ലിയ്ക്കയും
മറ്റു വഴിപാട് സാധനങ്ങളും വില്‍ക്കുന്ന ഒരു കട കണ്ടു, അല്‍പ്പം പായസം വാങ്ങി
കഴിച്ചാലോ എന്ന് കരുതി മുന്നോട്ടു നീങ്ങുമ്പോഴാണ് എന്‍റെ കാലില്‍ ഒരു അട്ട കടിച്ചു
പിടിച്ചിരിക്കുന്നതായി കണ്ടത്.പണിയായി ....ഇനി വയര്‍ നിറഞ്ഞിട്ടെ അത് കടി
വിടുകയുള്ളൂ..അതല്ലേ കഷ്ടം,എന്നില്‍ നിന്ന് ആ പാവം ഇത്രയും പ്രതീക്ഷിച്ചത്
അതിമോഹമായിപ്പോയില്ലേ എന്നാണ് തോന്നിയത്. എന്തായാലും എല്ലാവരും കൂടി അതിന്‍റെ കടി
വിടുവിക്കുവാന്‍ ഉപ്പ്, തീപ്പെട്ടി എന്നിവയൊക്കെ അന്വേഷണമായി.ഒന്നും കിട്ടിയില്ല ...ഒടുവില്‍
അതിനെ ഒരു കടലാസ് കഷണം വച്ച് പിടിച്ചു വലിച്ചെടുത്തു.വലിയ രക്തച്ചൊരിച്ചിലൊന്നും
ഉണ്ടായില്ല,എന്‍റെ കാലിനു ഒരിക്കലും ഉണ്ടാകാനിടയില്ലാത്ത ഒരു ചെറിയ നിറ ഭംഗി
മാത്രം ആ അട്ട പ്രദാനം ചെയ്തു തന്നു,അത്ര മാത്രം.

(പാപനാശിനിയില്‍ നിന്നുള്ള വഴി)
(പാപ നാശിനിയിലെ ബലിയിടീല്‍)
അട്ടയുടെ ദംശനം മുളയരിപ്പായസം കുടിച്ച്
ആഘോഷിച്ചു കൊണ്ട് നേരെ വൈകുണ്ഠ പതിയായ മഹാവിഷ്ണുവിനെ വണങ്ങുവാന്‍
ക്ഷേത്രത്തിലേക്ക് നടന്നു.പുറത്തെ പ്രദിക്ഷണ വഴിയില്‍ ഒരു കരിങ്കല്‍ പാത്തി
സ്ഥാപിച്ചിരുന്നത് തലേ ദിവസം കണ്ടിരുന്നെങ്കിലും,മഴ കാരണം അതെപ്പറ്റി കൂടുതല്‍
അറിയുവാനായില്ല.ആ പാത്തിയോടു ചേര്‍ന്ന് ഒരു ഫലകം വച്ചിട്ടുണ്ട് .അതില്‍ ഇങ്ങനെ
എഴുതിയിരിക്കുന്നു.”ചിറക്കല്‍ രാജാവിന്‍റെ പത്നി വാരിക്കര നായനാര്‍ കുടുംബത്തിലെ
അംഗമായ വാരിക്കരത്തമ്പുരാട്ടി ക്ഷേത്ര ദര്‍ശനത്തിനെത്തുകയും ഭഗവദ് ദര്‍ശനത്തിന്
ശേഷം ദാഹശമനത്തിനായി അല്പം വെള്ളം ചോദിച്ചപ്പോള്‍ പാപനാശിനിയില്‍ നിന്ന് വെള്ളം എത്തിക്കുന്നതിനുള്ള
വിഷമം ശാന്തിക്കാരന്‍ വിശദമായി തമ്പുരാട്ടിയോടു പറയുകയും ചെയ്തു. എന്നാലിനി ക്ഷേത്രത്തിലേക്ക് ശുദ്ധജലം എത്തിച്ചതിനു ശേഷം
മാത്രമേ ജലപാനം ചെയ്യുകയുള്ളൂവെന്ന്
ഭഗവാന്‍റെ മുന്നില്‍ പ്രതിജ്ഞ ചെയ്യുകയും,പരിചാരകരെ വരുത്തി ക്ഷേത്രത്തിലേക്ക്
വെള്ളം എത്തിക്കുന്നതിനുള്ള നടപടിക്ക് കല്‍പന നല്‍കുകയും ചെയ്തു.” ഇന്നും ശുദ്ധജലം
ഒഴുകി വരുന്ന ഈ കരിങ്കല്‍ പാത്തി അന്ന് ഉണ്ടാക്കിയതാണ്. അന്നത്തെയും ഇന്നത്തെയും
ഭരണാധികാരികള്‍ തമ്മിലുള്ള വ്യത്യാസം കാണുക, നിവേദനം വാങ്ങി അപ്പോള്‍ തന്നെ കുപ്പയിലേക്കെറിയുന്നവര്‍
ഇന്ന് നമ്മെ ഭരിക്കുന്ന വലിയവര്‍.... !!!പാത്തിയില്‍ കൂടി വരുന്ന ശുദ്ധജലം കൊണ്ട്
കാലില്‍ വാര്‍ന്നു വന്ന രക്തം കഴുകിയിട്ടാണ്
ഞാന്‍ അകത്ത് ദര്‍ശനം നടത്തിയത്.

(ക്ഷേത്രത്തിലെ കരിങ്കല്‍ പാത്തി) തിരുനെല്ലി ക്ഷേത്രത്തിനെയും
ഇവിടവുമായി ബന്ധപ്പെട്ടു കിടക്കുന്ന തൃശ്ശിലേരി ക്ഷേത്രത്തിനെപ്പറ്റിയും പ്രതിപാദിക്കുന്ന
ഐതീഹ്യങ്ങള്‍ രേഖപ്പെടുത്തിയ മറ്റു ഫലകങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.എല്ലാം
വളരെ വിശദമായി കണ്ട്,പ്രാതല്‍ കഴിക്കുന്നതിനായി ഹോട്ടലിലേക്ക് മടങ്ങി.
തിരിച്ചെത്തിയപ്പോള്‍
ഹോട്ടല്‍ ജോലിക്കാര്‍ നല്ല ഒന്നാന്തരം പൂരിയും കറിയും സന്തോഷത്തോടെ വിളമ്പി
ഞങ്ങളെ അതിശയിപ്പിച്ചു കളഞ്ഞു.ഇതിനിടെ എനിക്ക് അട്ടയുടെ കടിയേറ്റ സ്ഥലത്ത് അല്‍പ്പം നീറ്റല്‍
അനുഭവപ്പെട്ടു തുടങ്ങി.അടുക്കളയില്‍ നിന്ന് കുറച്ച് ഉപ്പിട്ട ചൂടു വെള്ളം വാങ്ങി
കാല്‍ കഴുകിയ ശേഷം,തുളസിയും ഉപ്പും ചേര്‍ത്തു മുറിവായില്‍ വച്ചതോടെ അല്‍പ്പം
ആശ്വാസമായി. പുറപ്പെടുന്നതിനു മുന്‍പ് ഒന്ന് കൂടി കാല്‍ പരിശോധിച്ചപ്പോള്‍,മുറിവില്‍
ഇരുന്ന അട്ടയുടെ കൊമ്പ് ഞാന്‍ വലിച്ചെടുത്തു.പാവം ആ അട്ടയ്ക്ക് ഇനി കൊമ്പ്
മുളച്ചില്ലെങ്കില്‍ ആരെയും കടിയ്ക്കുവാനാകാതെ അത് പട്ടിണി കിടന്ന് ചാകുമല്ലോ എന്നായി
എന്‍റെ ചിന്ത!!
വളരെ മാന്യവും,സ്നേഹംനിറഞ്ഞ പെരുമാറ്റവുമായി,മികച്ച
ഭക്ഷണവും ,താമസ സൗകര്യവും നല്‍കിയ ആ നല്ല ആതിഥേയരോട്
നന്ദി പറഞ്ഞ് പത്തു മണിയോടെ ഞങ്ങള്‍ തൃശ്ശിലേരിയിലേക്ക് തിരിച്ചു.യാത്രാ മദ്ധ്യേ
വഴിയരികില്‍ മാനുകളേയും ,കാട്ടാനകളെയും ഒക്കെ കാണുവാനുള്ള ഭാഗ്യവും ലഭിച്ചു.
തൃശ്ശിലേരി മഹാദേവ ക്ഷേത്രം.
തിരുനെല്ലി
ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു മഹാക്ഷേത്രമാണ് ശ്രീ തൃശ്ശിലേരി മഹാദേവ
ക്ഷേത്രമെന്ന് മുന്‍പ് തന്നെ പ്രസ്താവിച്ചിരുന്നല്ലോ.പാപനാശിനിയില്‍ പിതൃകര്‍മ്മം
ചെയ്യുന്നതിന് മുന്‍പ്, തൃശ്ശിലേരി ക്ഷേത്രത്തില്‍ വിളക്ക് മാല വഴിപാട്
നടത്തണമെന്നാണ് ആചാരം.തലേദിവസം ഈ വഴി വരുമ്പോള്‍ ദര്‍ശന സമയം അല്ലാതിരുന്നത് കൊണ്ട്
വിളക്ക് മാലയ്ക്കുള്ള പണം കര്‍മ്മങ്ങള്‍ക്ക് മുന്‍പായി തിരുനെല്ലിയില്‍ തന്നെ
അടച്ചു ശീട്ടാക്കിയിരുന്നു,അങ്ങനെ ചെയ്താലും മതിയെന്ന് വിശ്വാസം. പാപനാശിനിയില്‍
ചെയ്യുന്ന കര്‍മ്മം തൃശ്ശിലേരി മഹാദേവന്‍റെ പാദങ്ങളിലാണ് പതിയ്ക്കുന്നതെന്നും പറയപ്പെടുന്നു.
(തൃശ്ശിലേരി മഹാദേവക്ഷേത്രം)
റോഡില്‍
നിന്ന് പടിക്കെട്ടുകള്‍ ഇറങ്ങി വേണം ക്ഷേത്ര മതില്‍ക്കകത്ത് എത്തുവാന്‍.അവിടെ ആദ്യം
കണ്ട ഒരു ചെറിയ കൌണ്ടറില്‍ ചെന്ന് ചില വഴിപാടുകള്‍ നടത്തുന്നതിന് ശീട്ടെഴുതിച്ചു. അതുമായി
പ്രധാന ക്ഷേത്രത്തിന് പുറത്ത് പ്രതിഷ്ഠിച്ചിട്ടുള്ള ഉപദേവതകളെ വണങ്ങുന്നതിലേക്കായി
അടയാളപ്പെടുത്തിയിട്ടുള്ള പ്രദിക്ഷണവഴിയിലൂടെ നടന്നു.നടന്നെത്തിയത് പ്രതിബിംബ ദര്‍ശനം
സാദ്ധ്യമാകുന്ന നിര്‍മ്മല ജലമുള്ള ഒരു ചെറിയ കുളത്തിനടുത്തേക്കാണ്. നല്ല സുഖ
ശീതളമായ ആ ജലം സമീപത്തുള്ള ജലദുര്‍ഗ്ഗയുടെ
ശ്രീകോവിലിനരികിലുള്ള ഒരു ചെറിയ ഓവിലൂടെ ഒഴുകി വന്ന് തറയില്‍ പതിക്കുന്നുണ്ട് .സ്ഫടിക സമാനമായ ഈ ജലം കൊണ്ട്
ക്ഷേത്രത്തിലെ പൂജാ പാത്രങ്ങളും മറ്റും വൃത്തിയാക്കുന്നത് കണ്ടു.
ജലദുര്‍ഗ്ഗ :-കുളത്തിന്‍റെ തൊട്ടടുത്തുതന്നെ
ജലത്താല്‍ ചുറ്റപ്പെട്ടാണ് ജല ദുര്‍ഗ്ഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.എല്ലാ കാലാവസ്ഥയിലും
ഇവിടെ ജലനിരപ്പ് ഒരു പോലെ ആയിരിക്കുമത്രേ.പാപ നാശിനിയില്‍ നിന്നും
ഒഴുകിവരുന്നെന്ന് വിശ്വസിക്കുന്ന ഈ ജലം സര്‍വരോഗ സംഹാരിയാണെന്നും പറയപ്പെടുന്നു.
പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട
ജലദുര്‍ഗ്ഗയെ വണങ്ങി മുന്നോട്ട് പോകുമ്പോള്‍ ഗോശാല കൃഷ്ണന്‍ ,ചമ്രം
പടിഞ്ഞിരിക്കുന്ന ശാസ്താവ് , നാഗരാജാവ് ,കന്നിമൂല ഗണപതി എന്നീ ദേവതകളെയും കാണാവുന്നതാണ്.പുറത്തെ
പ്രദിക്ഷണം കഴിഞ്ഞ് അകത്തേയ്ക്ക് പ്രവേശിക്കുവാന്‍ തുടങ്ങുമ്പോള്‍ ‘ഈ വഴി പോകുക’
എന്നൊരാള്‍ വന്ന് ഞങ്ങളോട് പറഞ്ഞു,അവിടെ ഒരു നന്ദികേശ പ്രതിഷ്ഠ ഉണ്ടായിരുന്നു. മുക്കണ്ണന്‍റെ വാഹനമായ നന്ദികേശ്വരനെ വണങ്ങാതെ പോയാല്‍ അത് ദേവന്‍റെ അപ്രീതിയ്ക്ക് ഹേതുവായി
തീരുമത്രേ.
വളരെ ശാന്തമായ ക്ഷേത്രാന്തരീക്ഷത്തില്‍,കത്തിച്ച
വിളക്കുകള്‍ നടയില്‍ വച്ച് സമാധാനമായി ഞങ്ങള്‍ മഹാദേവനെ വണങ്ങി. പ്രസാദമായി ഭസ്മം നല്‍കിക്കൊണ്ട് പ്രധാന
പൂജാരിയും, ആദ്ദേഹത്തോടൊപ്പം മറ്റുള്ളവരും ക്ഷേത്ര മാഹാത്മ്യത്തെ കുറിച്ച് ചില
കാര്യങ്ങള്‍ ഞങ്ങളോട് വിവരിച്ചു തന്നു.പുരാതനമായ ഈ ക്ഷേത്രത്തില്‍ സ്വയംഭൂവായ പരമശിവനെയാണ് ആരാധിക്കുന്നത്.ശ്രീകോവിലിനു
പുറത്തുള്ള ഓവിനടുത്തു നിന്ന് ഒരു വലിയ ശില ഉള്ളിലേക്ക് വളര്‍ന്ന് കയറി പോയിരിക്കുന്നത്
അവര്‍ കാണിച്ചു തന്നു.അഭിഷേക സമയത്ത് ഉള്ളിലെ പ്രതിഷ്ഠയുടെ അങ്കിയും ആഭരണങ്ങളും മറ്റും
മാറ്റിക്കഴിഞ്ഞാല്‍ ഈ ശിലയുടെ ബാക്കി ഭാഗം ദര്‍ശിക്കുവാനാകുമെന്ന് അവര്‍ പറഞ്ഞു.പത്ത്
മിനിറ്റു കഴിഞ്ഞാല്‍ അഭിഷേകമാകും,
പോകുവാന്‍ ഇറങ്ങിയ ഞങ്ങള്‍ ധര്‍മ്മ സങ്കടത്തിലായി. എന്ത് വേണമെന്നറിയാതെ നിന്ന ഞങ്ങളോട്,പോകാന്‍ തിരക്കുണ്ടെങ്കില്‍ പോകുകയാണ് നല്ലതെന്ന് പുറത്ത്
വഴി കാണിച്ചു തന്ന വ്യക്തി പറഞ്ഞു.കാരണം പത്തു നിമിഷത്തിനുള്ളില്‍ ഉപദേവതകളുടെ പൂജ
തുടങ്ങുകയെ ഉള്ളു,അത് കഴിഞ്ഞേ അഭിഷേകം ഉണ്ടാകൂ.അതെല്ലാം കഴിയുമ്പോഴേക്കും നന്നായി
വൈകും.എല്ലാം ഇനിയൊരിക്കലാകാം എന്ന് തീരുമാനിച്ചു,പിന്നെ താമസിച്ചില്ല പാല്‍ ചുരം
ഇറങ്ങി ഇരിട്ടി വഴി പറശ്ശിനിക്കടവിലേക്കുള്ള വഴി പറഞ്ഞു തന്ന് ആ നല്ല മനുഷ്യന്‍ ഞങ്ങളെ
യാത്രയാക്കി.
ഗൂഗിള്‍
എന്ന വഴികാട്ടിയുടെ നിര്‍ദ്ദേശാനുസരണം ഞങ്ങളുടെ യാത്ര പുരോഗമിച്ചു
കൊണ്ടിരുന്നു.പാല്‍ ചുരത്തിലെ അപകടകരങ്ങളായ ഒന്‍പത് ഹെയര്‍പിന്‍ വളവുകള്‍ ഇറങ്ങുമ്പോള്‍,ഭാരം
കയറ്റിയ വലിയ ലോറികള്‍ മൂളിയും ഞരങ്ങിയും,കയറ്റം കയറി വരുന്നത് കാണാമായിരുന്നു.കിതപ്പ്
കൂടിയിട്ടെന്ന പോലെ ചില വാഹനങ്ങള്‍ അവിടവിടെ നിര്‍ത്തിയിട്ടിരിക്കുന്നതും
കാണാമായിരുന്നു.മലയിറങ്ങി സമനിരപ്പിലൂടെ ഷൈജു നിശബ്ദനായിരുന്നു കാര്‍ അടുത്ത
ലക്ഷ്യ സ്ഥാനമായ പറശ്ശിനിക്കടവിലേക്ക് പായിച്ചു കൊണ്ടിരുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍,അതായത് വൃശ്ചിക മാസത്തിലെ പ്രധാന
ഉത്സവം വരെ രണ്ടു മണിക്കും അഞ്ചു മണിക്കും ഇടയ്ക്ക് മാത്രമേ
മുത്തപ്പനെ ദര്‍ശിക്കുവാനാകുകയുള്ളൂ എന്ന് ഒരു അറിവ് ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. അതുകൊണ്ട്
വഴിക്ക് ഉച്ചയൂണ് കഴിക്കുവാന്‍ പോലും മിനക്കെടാതെ നേരെ പറശ്ശിനിക്കടവ്
ലക്ഷ്യമാക്കി യാത്ര ചെയ്യുകയായിരുന്നു.അവസാനം രണ്ട് മണിയോടെ ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍
സമാധാനമായി. സമയമുണ്ട്, ഒരു ഹോട്ടലിനടുത്ത് വണ്ടി നിര്‍ത്തി,ഊണ് ലഭിക്കുമോ എന്ന്
അന്വേഷിച്ചു.ഒരു വിവാഹ ചടങ്ങുണ്ടായിരുന്നത് കൊണ്ട് ഊണ് ലഭ്യമല്ല എന്ന് അവിടെ നിന്ന
സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞെങ്കിലും,ഉടന്‍ തന്നെ അയാള്‍ തന്നെ എങ്ങോട്ടോ ഒരു
ഇന്‍റര്‍ കോമില്‍ വിളിച്ചു ചോദിച്ചിട്ട് മുകളില്‍ ചെന്നാല്‍ ഭക്ഷണം കിട്ടുമെന്ന് ഞങ്ങളെ
അറിയിച്ചു.ആശ്വാസമായി ,വിശപ്പ് വളരെ കഠിനമായിരുന്നതിനാല്‍ അവിടെനിന്നും ലഭിച്ച
ഭക്ഷണം വളരെ രുചിയായി ആര്‍ത്തിയോടെ കഴിച്ചു.
പറശ്ശിനിക്കടവ് മുത്തപ്പന്‍
കണ്ണൂര്‍
ജില്ലയില്‍ വളപട്ടണം നദീ തീരത്ത് സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍
ക്ഷേത്രം. നായ്ക്കള്‍ യഥേഷ്ടം
വിഹരിക്കുന്ന ഇവിടെ ധാരാളം ആളുകള്‍ ആഗ്രഹ
സഫലീകരണത്തിനായി എത്തുന്നുണ്ട്. ഞങ്ങള്‍ എത്തിയ ദിവസം വെള്ളാട്ടം എന്ന ചടങ്ങ്
നടക്കുന്ന ദിവസമായിരുന്നു. പ്രത്യേക രീതിയിലുള്ള കിരീടവും , തെയ്യത്തിനെ ഓര്‍മ്മിപ്പിക്കുന്ന വേഷവിധാനങ്ങളുമായി ഒരാള്‍ ഭക്തര്‍ക്ക് ദര്‍ശനം കൊടുക്കുന്നുണ്ടായിരുന്നു. പാരമ്പര്യമായി
അവകാശം ലഭിച്ച ആളുകളാണ് ഇവര്‍.വെള്ളാട്ടം ചടങ്ങിന് ചെറിയ മുത്തപ്പനും, രണ്ടു മാസങ്ങള്‍ക്കകം നടക്കുന്ന ‘തിരുവപ്പന’ എന്ന പ്രധാന ചടങ്ങിന് വലിയ മുത്തപ്പനുമാണ് തെയ്യം
വേഷധാരിയായി വരുന്നത്. ഇവര്‍ ഭക്തരെ ഓരോരുത്തരെയായി അനുഗ്രഹിക്കുകയും അവരുടെ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും
വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും
ചെയ്യും.ദര്‍ശനം കഴിഞ്ഞവര്‍ അദ്ദേഹത്തിനു ദക്ഷിണ കൊടുത്തു വണങ്ങി പുറത്തേക്കു
പോകുന്ന വഴി അവിടെ ചുറ്റിത്തിരിയുന്ന
നായ്ക്കള്‍ക്ക് ബിസ്ക്കറ്റും മറ്റും നല്‍കുന്നതു കാണാമായിരുന്നു.എന്‍റെ അടുത്ത്
വന്ന ഒരു വെളുത്ത നായയ്ക്ക് ഒരു ചോക്ലേറ്റ് ബിസ്കറ്റ് നല്‍കിയെങ്കിലും അദ്ദേഹം
അത് കഴിക്കാന്‍ കൂട്ടാക്കിയില്ല,വിശപ്പില്ലാത്തത് കൊണ്ടോ,ചോക്ലേറ്റ് ഇഷ്ടപ്പെടാത്തത്
കൊണ്ടോ ,അറിയില്ല.കാര്യ പരിപാടികള്‍ അവസാനിപ്പിച്ച് പുറത്തേക്കിറങ്ങുമ്പോള്‍ ഒരു
വശത്ത് കറുത്ത നിറത്തിലുള്ള വലിയ ഒരു നായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് കണ്ടു. മറുവശത്ത്
ഒരു വലിയ ഹാളില്‍ പയര്‍ പുഴുക്ക് പ്രസാദം കഴിക്കുന്ന ആളുകളെയും,തുടര്‍ന്ന്‍ കൗതുക
വസ്തുക്കളും വഴിപാടു സാധനങ്ങളും വില്‍ക്കുന്ന കടകളുടെ നിരയും,ലോഡ്ജുകളും ഒക്കെ
കാണാം.കടകള്‍ക്ക് സമീപത്തുള്ള ചെറിയ ഇടുങ്ങിയ വഴിയിലൂടെ അല്‍പ്പ ദൂരം നടന്നു കാറില്‍ കയറി തിരികെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള
ഹോട്ടല്‍ ലക്ഷ്യമാക്കി വീണ്ടും യാത്ര തുടര്‍ന്നു.വഴിയില്‍ ഒരു ചെറിയ കാപ്പികുടിയും
കഴിഞ്ഞ് ഏകദേശം അഞ്ചരമണിയോടെ ഞങ്ങള്‍ ഹോട്ടല്‍ ഗ്രീന്‍ പാര്‍ക്കില്‍ എത്തിച്ചേര്‍ന്നു.
ഞങ്ങള്‍ക്ക് നാട്ടിലേക്ക് തിരിക്കേണ്ട ട്രെയിന്‍ ഒന്‍പതു
മണിക്കാണെങ്കിലും,സുഹൃത്തുക്കള്‍ ഒരു
ദിവസം കൂടി ഹോട്ടലില്‍ തങ്ങിയിട്ട് പിറ്റേ
ദിവസം രാവിലെയുള്ള തീവണ്ടിക്കു മാത്രമേ പുറപ്പെടുകയുള്ളു.(യാത്രയ്ക്ക് മുന്‍പ്)
ടിക്കറ്റ് റിസര്‍വ് ചെയ്തപ്പോള്‍ പറ്റിയ ഒരു പിഴവാണ് ഇങ്ങനെ ഉണ്ടാകാന്‍
കാരണം.ഏതായാലും അതുകൊണ്ട് ട്രെയിന്‍ സമയമാകുന്നതു വരെ അവരുടെ മുറിയില്‍ വിശ്രമിക്കുവാനും,ഹോട്ടലിന് എതിര്‍ വശത്തുള്ള റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രത്തിലെ വെള്ളാട്ടം
ചടങ്ങുകള്‍ കാണുവാനും സാധിച്ചു. ദീപ,മേളങ്ങളുടെ അകമ്പടിയോടെ തെയ്യം വേഷ ധാരിയായ മുത്തപ്പന്‍ വെള്ളാട്ടം
ചടങ്ങുകള്‍ പൊടിപൊടിക്കുന്നത് ഞങ്ങള്‍ മുറിയിലിരുന്ന് നന്നായി ആസ്വദിച്ചു.
ദൃശ്യങ്ങളുടെ
ഘോഷയാത്രയില്‍ നിന്ന് തത്കാലം വിരമിച്ചു കൊണ്ട് ഹോട്ടലിലെ അത്താഴം കഴിച്ച് നേരെ തൊട്ടടുത്തുള്ള
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു.ജയയും മുരളി സാറും ഒപ്പം അവിടെ വരെ
വന്ന് ഞങ്ങളെ യാത്രയാക്കി.ഭക്തിയുടെ വിശുദ്ധിയും കാഴ്ചകളുടെ മനോഹാരിതയും ,അനുഭവങ്ങളുടെ
പാഠങ്ങളും,എല്ലാമെല്ലാം പ്രദാനം ചെയ്ത ഈ യാത്ര അവിസ്മരണീയമാക്കിയ പ്രിയ കൂട്ടുകാരെ...
നേരുന്നു ...നിങ്ങള്‍ക്കെന്നും നന്മകള്‍ !!!
ഗീത എ
19/11/2017