2017, ഡിസംബർ 30, ശനിയാഴ്‌ച

പരിധിക്കു പുറത്ത്
                              -നന്ദ-
    ചുണ്ണാമ്പ് കരണ്ടകത്തില്‍ നിന്ന് ചുണ്ണാമ്പ് തൊട്ടു വെറ്റിലയില്‍ തേയ്ക്കുന്നത് പോലെ രാവിലെ മുതല്‍ ഒരു മൊബൈല്‍ ഫോണും ഒരു കഷണം പേപ്പറുമായി അഭ്യാസം തുടങ്ങിയതാണ്‌ കുട്ടന്‍ പിള്ള അമ്മാവന്‍.അത്യാവശ്യമായി ഒരു കാര്യം മരുമകനെ പറഞ്ഞേല്‍പ്പിക്കാനാണ് പുള്ളിക്കാരനീ പെടാപ്പാടൊക്കെ പെടുന്നത്.പക്ഷെ ഈ ‘കുന്ത്രാണ്ടം’ ഒരു വിധത്തിലും മെരുങ്ങുന്ന ലക്ഷണമില്ല.വല്ലച്ചാതീം ഈ പത്തക്ക നമ്പരൊന്നടിച്ചു കിട്ടാന്‍ വേണ്ടി ഭരതനാട്യക്കാരെപ്പോലെ തല പേപ്പറിലേക്കും ഫോണിലേക്കും തിരിച്ചും വെട്ടിച്ചും പിടലിയും കണ്ണും ഒരു പരുവമായെന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ.പലവട്ടം ചാടി പരാജയപ്പെട്ടു ഒടുവിലൊരു ചാട്ടത്തിനു വല കെട്ടിയ എട്ടുകാലിയെ കണ്ടു ബോധോദയമുണ്ടായ രാജാവിന്‍റെ ചരിത്രം പഠിച്ചിട്ടുള്ള അമ്മാവന്‍ തോറ്റ് പിന്മാറാന്‍ ഉദ്ദേശിച്ചിട്ടില്ല.എന്തിനു പറയുന്നു ഏതോ ഒരു ചാട്ടത്തിനു അല്ല ഒരു കുത്തിനു കുത്തിയ നമ്പരിലേക്ക് ഫോണ്‍ വിളി തുടങ്ങി.ലോട്ടറി അടിച്ച ഭാവത്തോടെ അമ്മാവന്‍ തന്‍റെ ചാരു കസാലമേല്‍ കാലും നീട്ടി ഫോണും ചെവിയില്‍ വച്ച് അമര്‍ന്ന്‍ ഒരിരുപ്പങ്ങിരുന്നു..മണി നല്ലവണ്ണം അടിക്കുന്നുണ്ട്.പക്ഷെ മരുമകന്‍ ഫോണെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്ന അമ്മാവനോട് ഒരു സ്ത്രീ ശബ്ദമാണ് പ്രതികരിച്ചത്.’ക്ഷമിക്കണം ഈ  സബ്സ്ക്രൈബര്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല അല്ലെങ്കില്‍ അദ്ദേഹം പരിധിക്കു പുറത്താണ്.’ “ശ്ശെടാ കുറഞ്ഞൊരു നാള് കൊണ്ട് ഇവന് പ്രതികരണ ശേഷീം പോയി പരിധീം ചാടിപ്പോയോ അത് കൊള്ളാമല്ലോ!?.അല്ലെങ്കിലും ഇതൊക്കെ പറയാന്‍ ഇവളാരാ” സ്ത്രീ ശബ്ദം കേട്ടപ്പോള്‍ അമ്മാവന് അല്പം ദേഷ്യം വരാതിരുന്നില്ല.ഏതായാലും ഒന്നു കൂടി വിളിച്ചു നോക്കാം.ഒന്നാം ക്ലാസ്സുകാരന്‍ പകര്‍ത്തെഴുത്തു നടത്തുന്നതു പോലെ അദ്ദേഹം ശ്രമം തുടര്‍ന്നു.
    ആദ്യമായി മൊബൈല്‍ ഫോണ്‍ വാങ്ങിയ ദിവസം മരുമകന്‍ അതിനെപ്പറ്റിയുള്ള ഒരു ചെറു വിവരണം അമ്മാവന് കൊടുത്തിരുന്നു. ലോക്ക് മാറ്റുന്ന കാര്യവും ചാര്‍ജ് ചെയ്യേണ്ട കാര്യവും ഇങ്ങോട്ട് ഫോണ്‍ വന്നാലെങ്ങിനെയെന്നും അങ്ങോട്ട്‌ വിളിക്കേണ്ടതെങ്ങിനെയെന്നും മറ്റുമുള്ള ഒന്നാം പാഠങ്ങള്‍ അമ്മാവന്‍ അന്ന് വളരെ മനസ്സിരുത്തി കേട്ടതാണ്. പക്ഷെ പരീക്ഷാ ഹാളിലിരുന്നു പാഠപുസ്തകത്തിലെ പദ്യ ഭാഗം പൂരിപ്പിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിയെപ്പോലെ ഒന്നും തലയില്‍ വരാതെ അമ്മാവന്‍ കുഴങ്ങിപ്പോയി.മരുമകന്‍ സാറ് പഠിപ്പിച്ചിരുന്ന ഭാഗങ്ങള്‍ ദിവസേന ഫോണെടുത്തു ഉരുവിട്ടുപഠിച്ചിരുന്നെങ്കില്‍ ഇങ്ങനെ വരില്ലായിരുന്നു.അമ്മാവന്‍ താന്‍ പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതിയ കാലം ഓര്‍ത്തു പോയി.അന്നും ഇത് തന്നെയായിരുന്നു പ്രശ്നം.പക്ഷെ അന്നും ഇന്നും ചെറിയ വ്യത്യാസങ്ങള്‍ ഇല്ലാതില്ല.അന്ന് തീരെ ചെറുപ്പം.ഇന്നാണെങ്കില്‍ കണ്ണും കൈയും ഒന്നും പറയുന്നിടത്ത് വരുന്നില്ല.പിന്നെ പാഠപുസ്തകങ്ങളെപ്പോലെ അല്ലല്ലോ മൊബൈല്‍ ഫോണ്‍.ഇത്തിരിപ്പോലുമേ ഉള്ളൂ എങ്കില്‍ പോലും തീ വിലയല്ലേ.അതു കൊണ്ട് പുത്തനോടെ കൊണ്ട് പോയി തന്‍റെ സ്റ്റീല്‍ അലമാരയില്‍ വച്ച് പൂട്ടിയ ഫോണ്‍ ഭാര്യ സരോജം ഓര്‍മ്മിപ്പിച്ചപ്പോഴാണ്ചാര്‍ജ് ചെയ്യുവാന്‍ വേണ്ടിയൊന്നു പുറത്തെടുത്തത്.ഇപ്പോഴൊരാവശ്യം വന്നപ്പോഴാകട്ടെ കുഞ്ഞു വാവയെ കട്ടിലില്‍ വിരിച്ചു കിടത്തുന്നതു പോലെ മേശ മേല്‍ കട്ടിക്കൊരു തുണി വച്ച് അതിനു മുകളില്‍ ഫോണ്‍ വച്ചാണ് ഡയലിംഗ് പരിപാടി നടത്തുന്നത്.വിരലിന്‍റെ വലിപ്പക്കൂടുതല്‍ കൊണ്ടോ വിറയല്‍ കൊണ്ടോ എന്തോ അക്കങ്ങളിലൊന്നില്‍ തൊടുമ്പോള്‍ രണ്ടു മൂന്നും അക്കങ്ങള്‍ ഒന്നിച്ചു ഡയലായിപ്പോകുന്നുണ്ട്.എന്തായാലും ഉച്ച വരെ മരുമകനെ കിട്ടിയതുമില്ല കാര്യം പറഞ്ഞതുമില്ല.ഇടയ്ക്കിടയ്ക്ക് ചെവിക്കു ദീനക്കാരെപ്പോലെ കാതില്‍ കൈയും ഫോണുമായി നടപ്പോട് നടപ്പാണ്. രണ്ടിലൊന്നറിഞ്ഞിട്ടേ കാര്യമുള്ളൂ എന്ന ദൃഡ നിശ്ചയത്തില്‍ ഫോണുമായി പൊരുതി മുന്നേറിക്കൊണ്ടിരുന്ന ഭര്‍ത്താവിനെ ഇടക്കൊന്നു രണ്ടു തവണ ഊണ് കഴിക്കാന്‍ സരോമ്മായി വന്നു വിളിച്ചിരുന്നു.പക്ഷെ കൃത്യ സമയത്ത് ഊണ് കഴിച്ചു പോന്നിരുന്ന ആ മാന്യ ദേഹത്തിനു ഊണിനാസ്ഥ കുറഞ്ഞു ഫോണ്‍  വിളിക്കാന്‍ പറ്റിയില്ലെങ്കില്‍ നിദ്ര നിശയിങ്കല്‍ പോലുമുണ്ടാകില്ലെന്ന  അവസ്ഥയിലാണ്.
    രാവിലെ തൊടങ്ങി ഏതവള്മായിട്ടാ കിന്നാരം.?. കൊച്ചു പുള്ളാരെപ്പോലെ.... ഒരു മൊബൈല്‍ഫോണ്‍ കിട്ടിയപ്പോ പ്രായോം അവശതേം ഒക്കെ മറന്ന പോലാണല്ലോ.പലതവണയായുള്ള തന്‍റെ ക്ഷണം അവഗണിച്ചു ഫോണ്‍ സമ്പര്‍ക്ക പരിപാടി തുടരുന്ന ഭര്‍ത്താവിനോട് അമ്മായിക്ക് എന്തെന്നില്ലാത്ത അരിശമാണ് വന്നത്. അന്നേ ഞാനാ ചെക്കനോട് പറഞ്ഞതാ ഇങ്ങേരെ ഇതൊക്കെ കാണിച്ചാ കന്നിനെ കയം കാണിക്കുന്ന പോലാണെന്ന്....അണ്ണാന്‍ മൂത്ത മരം കേറ്റം മറക്കുവോ.....ബാക്കി മുഴുവനാക്കാന്‍ അനുവദിക്കാതെ അമ്മാവന്‍ അവര്‍ക്ക് നേരെ ചാടി  വീണു. ഇപ്പറഞ്ഞതെല്ലാം സരോമ്മായിയുടെ അച്ഛനപ്പൂപ്പന്മാരുടെ സ്വഭാവമാണെന്നും കുടുംബമടക്കം അറു പെഴകളാ ണെന്നും അബദ്ധം പറ്റിയിട്ടാ ഇങ്ങനെ ഒരെണ്ണത്തിനെ കെട്ടിയെടുത്തോണ്ട് വന്നതെന്നുമൊക്കെ വാളുമായി നിന്ന് തുള്ളുന്ന വെളിച്ചപ്പാടിനെപ്പോലെ ഫോണുമായി നിന്ന് അമ്മാവന്‍  പറയാന്‍ തുടങ്ങി. അരമണിക്കൂര്‍ കൊണ്ട് രണ്ടു പേരും തങ്ങളുടെ പിതാമാതാമഹന്മാരെ ഓര്‍ക്കുകയും അവരുടെ അപദാനങ്ങള്‍ വാഴ്ത്തുകയും ഒപ്പം മറു ഭാഗത്തിന്‍റെ പൂര്‍വികരുടെ പ്രവൃത്തി ദോഷങ്ങള്‍ ഉള്ളതും ഇല്ലാത്തതും എല്ലാം പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു ഒരുഗ്രന്‍ പെര്‍ഫോമന്‍സ് തന്നെ നടത്തി. നോക്കണേ ഇത്തിരിപ്പോലുമില്ലാത്തോരു ഫോണിന്‍റെ കഴിവേ!!!
    അങ്കക്കലിയൊന്നടങ്ങിയപ്പോള്‍ പരിക്ഷീണരായിത്തീര്‍ന്ന ആ ദമ്പതിമാര്‍ മുഖം വീര്‍പ്പിച്ചു കൊണ്ട് അങ്ങുമിങ്ങും മാറിയിരുന്നു ഊണ് കഴിച്ചെന്നു വരുത്തി എഴുന്നേറ്റു പോയി...തന്‍റെ വീറും വാശിയും അരിശവുമൊക്കെ അല്പമൊന്നു കെട്ടടങ്ങിയ അമ്മാവന്‍ ആദ്യ രാത്രിയില്‍ നാണം കുണുങ്ങിയായ  നാട്ടിന്‍ പുറത്തുകാരി നവവധുവിനെ സമീപിക്കുന്ന പുതുമണവാളനെപ്പോലെ ഫോണിനെ സമീപിച്ചു. അനുനയ  ശ്രമങ്ങളാരംഭിച്ചു.ഇത്തവണ ഡയല്‍ ചെയ്തപ്പോള്‍ ഒരു ഇംഗ്ലീഷു കാരിയാണ് സംസാരിച്ചത്. ചെക്ക് ദി നമ്പര്‍ യു  ഹാവ് ഡയല്‍ഡ.’ നീയേതാ കൊച്ചെ...വല്ലോരടെം വീട്ടി കേറി ഫോണെടുക്കാന്‍ നിന്നെയൊക്കെയങ്ങഴിച്ചു വിട്ടേക്കുന്ന തന്തേം തള്ളേം വേണം പറയാന്‍ !.ഹോ ഇവക്കൊന്നും വേറെ ഒരു പണിയുമില്ലിയോ ദൈവമേ.. ആണുങ്ങള് സംസാരിക്കുന്നിടത്താ അവടെയൊക്കെ ഒരു കിന്നാരം. തന്‍റെ ചോദ്യത്തിനുത്തരം കിട്ടാഞ്ഞോ ആംഗലേയ ഭാഷയിലുള്ള അജ്ഞത കൊണ്ടോ ഇത്രയും പറഞ്ഞു അദ്ദേഹം ഫോണിനെ മേശമേലുള്ള തുണിത്തൊട്ടിലില്‍ കിടത്തി.
 കൈയില്‍ കൊണ്ട് നടന്നു ഒരു വിധം ഉറങ്ങിയ കുഞ്ഞിനെ നിലത്തു കിടത്തിയാലുടനെ ഉണര്‍ന്നു കരയുമ്പോള്‍ എടുത്തു താലോലിക്കുന്ന അമ്മയെപ്പോലെ മേശപ്പുറത്തു വച്ച ഫോണിനെ അമ്മാവന്‍ വീണ്ടും കൈയിലെടുത്തു വിളി തുടങ്ങി.തുടര്‍ന്നുള്ള പല വിളികള്‍ക്കും ഇംഗ്ലീഷിലും മലയാളത്തിലുമായി കാര്‍ന്നോരോട് പല പെണ്‍ പിറന്നവള്‍മാരും മറുപടി പറഞ്ഞു.പക്ഷെ അവസാനത്തെ രണ്ടു വിളികളുടെ മറുപടികള്‍ അദ്ദേഹത്തെ തീര്‍ത്തും തളര്‍ത്തിക്കളഞ്ഞെന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ..
    എടീ സരോജം എടീ എന്തരവളെ ഓടി വാടീ.. എല്ലാം പോയെടീ... മിനിട്ടുകള്‍ക്ക് മുന്‍പ് നടന്ന മാമാങ്കം മറന്നു സര്‍വ നിയന്ത്രണങ്ങളും വിട്ടു പാവം അമ്മാവന്‍ സഹധര്‍മ്മിണിയെ ഉറക്കെ വിളിച്ചു പോയി.ഉച്ചയൂണിന്‍റെ എച്ചില്‍ പാത്രങ്ങള്‍ കഴുകിത്തീര്‍ത്തിട്ടു നടുവു നിവ ര്‍ത്താനിരുന്ന അമ്മായിക്ക് ഈ നീളന്‍ വിളി ഒട്ടും രസിച്ചില്ല. പോരാ ത്തതിനു നേരത്തെ നടന്ന പോരിന്‍റെ തീയും പുകയും ഒട്ടും കെട്ടടങ്ങിയിട്ടില്ലായിരുന്നു താനും.എന്തേലുമാട്ടെ കഴുത്തേല്‍ കുരുക്കിട്ടു പോയില്ലേ.....”മുടീഞ്ഞു പോവാന്‍” എന്നുള്ള തന്‍റെ പതിവ് ശൈലിയില്‍ പ്രാകിക്കൊണ്ട്‌ അവര്‍ വിവരം തിരക്കാന്‍ വന്നു.ഭാര്യയുടെ കടിഞ്ഞൂല്‍ പ്രസവവും കാത്തു ലേബര്‍  റൂമിന് വെളിയില്‍  അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന പുമാനെപ്പോലെ വെപ്രാളം പിടിച്ചു നടക്കുകയാണ് അമ്മാവന്‍. ഓരോ ഇടങ്ങേടും കൊണ്ട് നടന്നേച്ചു കാലു വെന്ത നായയെപ്പോലെ നിലം തൊടത്തുമില്ല മറ്റൊള്ളോരേം തൊടീക്കത്തുമില്ല.അരിശം മുഴുവന്‍ പിറുപിറുത്തു കൊണ്ട് സരോമ്മായി തന്‍റെ സാന്നിധ്യം അറിയിച്ചു.
    കാര്യ കാരണങ്ങളൊന്നുമുരിയാടാതെ വേഗം വേഷം മാറി മകളുടെ പട്ടണത്തിലുള്ള ഫ്ലാറ്റിലേക്ക് പോകാന്‍ ഒരുങ്ങാന്‍ അദ്ദേഹം അവരോടു കല്‍പ്പിച്ചു.
ഏക മകള്‍ ലീലാമണിയെ സ്വന്തം ആങ്ങളയുടെ മകന്‍ രഘുവിനെക്കൊണ്ടാ കല്ല്യാണം കഴിപ്പിച്ചിരിക്കുന്നത്. ചൊവ്വൊള്ളോരു ചെക്കനാ രഘു..നല്ല ജോലിയും.ഇന്നേവരെ അവര് ചക്കരേം അടേം പോലാ ഇരുന്നു കണ്ടിട്ടുള്ളതും.പിന്നിപ്പം എന്ത് പുകിലാണോ ഉണ്ടായതാവോ..? വക്കെണ്ണി നിക്കാതെ വല്ലതും എടുത്തുടുത്തോണ്ട് വെക്കം  എറങ്ങിക്കോണ്ണം ! . ആജ്ഞ നല്‍കി അമ്മാവന്‍ വെടി കൊണ്ട പന്നിയെപ്പോലെ പുറത്തേക്കു പാഞ്ഞു.
    കിട്ടിയ തുകിലും വാരിച്ചുറ്റി വീടടച്ചു ആ വൃദ്ധ ദമ്പതികള്‍ ബസ് പിടിക്കാനായി ആഞ്ഞു നടന്നു. വഴി നീളെ കാര്യങ്ങളുടെ വിശദ വിവരങ്ങളറിയാന്‍ അമ്മായി ശ്രമം നടത്തുന്നുണ്ടായിരുന്നെങ്കിലും സോഡാക്കുപ്പി ചീറ്റുന്നത് പോലെ അമ്മാവന്‍ വളരെ മൃദുവായി പ്രതികരിച്ചതിനാലാകാം അവര്‍ അറിവിന്‌ വേണ്ടിയുള്ള തന്‍റെ ത്വര തല്‍ക്കാലം കുഴിച്ചുമൂടി പിറകെ നടന്നു.
            നട്ടുച്ച നേരത്ത് ഉള്ള വെയിലു കളയാതെ നടന്നും വണ്ടികയറിയും പരിക്ഷീണരായി അവര്‍ ഒരു വിധത്തില്‍ മകളുടെ വസതിയിലെത്തി. ഒരു മുന്നറിയിപ്പുമില്ലാതെ വെയിലേറ്റ് വാടിത്തളര്‍ന്നെത്തിയ അച്ഛനമ്മമാരെക്കണ്ട് ലീലാമണിയും ഒന്നന്ധാളിക്കാതിരുന്നില്ല..മുഖവുര കൂടാതെ തന്നെ  മകളോട് എല്ലാം കെട്ടിപ്പെറുക്കി വീട്ടിലേക്ക് പോന്നോളാന്‍ അമ്മാവന്‍ ആജ്ഞാപിച്ചു..ഭര്‍ത്താവിന്‍റെ അനുമതിയില്ലാ തെവിടേക്കും താനില്ലെന്നും ഇങ്ങനെയൊരു ഭൂകമ്പത്തിനുള്ള കാരണമറിയണമെന്നും ലീലാമണി വാശി പിടിച്ചു.ഇങ്ങേര്‍ക്കേതാണ്ട് ഉച്ചക്കിറുക്കാ.. രാവിലെ മൊതലൊരു ഫോണും കൊണ്ട് നടന്നിട്ട് ഉണ്ട പാത്രം പോലും കഴുകാന്‍ സമ്മതിക്കാതെ എന്നേം വിളിച്ചോണ്ടിറങ്ങി -യതാ .കാര്യം ചോദിച്ചാ കടിക്കാന്‍ വരും തന്‍റെ നിസ്സഹായാവസ്ഥ അമ്മ മകളെ അറിയിച്ചു.കടിക്കാന്‍ വരുന്നു പോലും ഞാനെന്താ പട്ടിയാ കടിക്കാന്‍....!ഒരു കൊച്ചുള്ളതിന്‍റെ നായര് വേറൊരുത്തീടെ കൂടെ പരിധീം ചാടി പൊറത്ത്‌ പോയി പൊറുതീം തൊടങ്ങീന്നു കേട്ടാല്‍പ്പിന്നെ കൈ കൊട്ടിച്ചിരിച്ചോണ്ടിരിക്കണമായിരിക്കും. അമ്മാവന്‍ പൊട്ടിത്തെറിച്ചു. കാര്യമൊന്നും മനസ്സിലാകാതെ നിന്ന ഭാര്യയോടും മകളോടും രഘു പരിധി വിട്ടു പോയ കാര്യവും അവന്‍റെ അമ്മായി അച്ഛനോട് പോലും സംസാരിക്കാന്‍ സമ്മതിക്കാതെ ഒരുത്തി കൂടെ കൂടീട്ടുണ്ടെന്നും വളരെ വ്യസനത്തോടെ അമ്മാവന്‍ അറിയിച്ചു.അപ്പോഴല്ലേ ലീലാമണിക്ക് കാര്യം പിടി കിട്ടിയത്....അവള്‍ തലകുത്തി ചിരിച്ചു മറിഞ്ഞു പോയി.ഭര്‍ത്താവ് കൈവിട്ടു പോയാല്‍ ചിരിക്കുന്ന ഭാര്യയെ കണ്ടു അന്തം വിട്ടു നില്‍പ്പാണ് പാവം അമ്മാവന്‍.അപ്പോഴേക്കും ലീലാമണിയുടെ രക്ഷക്കെന്ന വണ്ണം രഘുവും സ്ഥലത്തെത്തി.സംഗതികളെല്ലാം പറഞ്ഞറിഞ്ഞു കഴിഞ്ഞ പ്പോഴല്ലേ ..ദാ എല്ലാവരുടെയും വായ പരിധിക്കപ്പുറം തുറന്നു പോയിരിക്കുന്നു.



ഗീത

2017, ഡിസംബർ 22, വെള്ളിയാഴ്‌ച

വിരഹം






വിരഹം



   

അറിയാതൊരളിയായിന്നകതാരിലെത്തിയി-
ട്ടതിലോലമനുരാഗ കുസുമം വിടര്‍ത്തിയി-
ട്ടനുദിനമനുനയ ഭാഷണം കൊണ്ടെന്നെ
അനുരാഗ വിവശയായ് മാറ്റിയില്ലേ?
അതിഗൂഡമൊരുനാളെന്നധരങ്ങള്‍ ചേര്‍ത്തു വച്ച-
നുരാഗ മുദ്രകള്‍ ചാര്‍ത്തിയില്ലേ ?
ഇടതൂര്‍ന്ന മുടിയിഴകള്‍ ഇഴപിരിച്ചംഗുലി
ചടുലമായ് ചിത്രം രചിച്ചതില്ലേ ?
ആനന്ദനിര്‍വൃതിയിലാമാറിലണയുമ്പോ-
ളടിമുടി കോരിത്തരിച്ചതില്ലേ!
തളിരിടും ലതപോലെ തനുവാകെ നിന്‍റെയാ
പരിലാളനത്തില്‍ പൂത്തുലഞ്ഞു !
കാലമങ്ങൊഴുകവേയകലം കവിയുമോ ?
കാണാത്തതെന്താണെന്നാരാഞ്ഞുവോ?
പൂവിട്ട മോഹങ്ങള്‍ എല്ലാം കരിഞ്ഞു പോയ്‌
വേര്‍പാടു തന്‍റെയാ കദനാഗ്നിയില്‍.
എന്തിനീ പാഴ്മുളം തണ്ടിനെയെന്‍റെ കണ്ണാ
ചുണ്ടില്‍ കുഴലാക്കി ചേര്‍ത്തു വച്ചു?
കമ്പികള്‍ പൊട്ടിത്തകര്‍ന്നൊരീ വീണയെ-
യിമ്പമായ് ശ്രുതിമീട്ടി,യെന്തിനായി ?
പൂഴിയിലാഴ്ന്നൊരീ പാഴ് ശിലയെന്തിനു
ചാരു മനോഹര ശില്‍പമാക്കി?
ആശതന്‍ വിത്തുകള്‍ പാകി മുളപ്പിച്ചി-
ട്ടാരോരുമറിയാതെ പോയിതെങ്ങോ ?
നീയണയുന്നൊരു നാളെണ്ണി നില്‍പ്പൂ ഞാന്‍
അണയാത്ത  മിഴിയുമായെത്ര കാലം!
വന്നീടുമെന്നെന്‍റെയുള്ളം നിനയ്ക്കിലും
വന്നാലുമാകില്ലയന്നെന്നപോലെ !
അകലെയങ്ങാകിലും അരികിലുണ്ടെങ്കിലും
അകതാരില്‍ നിന്നെന്‍റെയാശംസകള്‍!

                                           -നന്ദ –