മലയ എന്ന മലേഷ്യ- ഭാഗം 2
കെ എൽ സി സി അക്വേറിയം
കുലാലമ്പൂരിന് തൊട്ടടുത്തുള്ള “ജലൻ പിനാങ്ങി ” ലെ അക്വേറിയ സന്ദർശനമായിരുന്നു അടുത്ത ദിവസത്തെ പരിപാടി .
പതിവു പോലെ അറിയിപ്പ് വന്നതിൽ നിന്ന് വ്യത്യസ്തനായ ഒരാളായിരുന്നു ഹോട്ടലിൽ നിന്ന് ഒന്നോ രണ്ടോ കി മീ ദൂരത്തുള്ള അക്വേറിയ കാഴ്ചകളിലേക്ക് ഞങ്ങളെ കൊണ്ടു പോകാൻ എത്തിയത്.
പെട്രോണാസ് ടവ്വേഴ്സിന് സമീപത്തുള്ള “അക്വേറിയ കെ എൽ സി സി (Aquaria KLCC)” 2005 ലാണ് സന്ദർശകർക്കായി തുറന്നു കൊടുത്തത് . രണ്ടു ലെവലുകളിലായി അൺഡർ വാട്ടർ ടണലുകളും കോറൽ റീഫ്കളും സജ്ജീകരിച്ചിരുന്ന സാമാന്യം വലിപ്പമുള്ള ഈ അക്വേറിയത്തിൽ 250 ൽ പരം ഇനങ്ങളിലുള്ള ജീവികളെയാണ് പരിപാലിച്ചിട്ടുള്ളതെന്ന് പറയപ്പെടുന്നു. ഞങ്ങൾ അക്വേറിയ കാഴ്ചകൾ കാണാൻ കയറിയതും ഏതോ ഒരു സ്കൂളിലെ പത്തു വയസ്സിനു താഴെ പ്രായമുള്ള കുറേയധികം ചെറിയ കുട്ടികൾ കലപില കൂട്ടിക്കൊണ്ട് അവിടേയ്ക്ക് പാഞ്ഞെത്തി. അവരുടെ ഉന്തും തള്ളും പേടിച്ചു ഞങ്ങൾ ഒതുങ്ങി നിന്നെങ്കിലും ജലജീവികളെ ഒരു നോക്കു കാണാനും അവയുടെ വിശദ വിവരങ്ങൾ ശേഖരിക്കാനും ഒരു പരിധി വരെ സാധിച്ചില്ലെന്ന് തന്നെ പറയാം . ഏത് വമ്പനെയും നിമിഷ നേരം കൊണ്ട് തിന്നു തീർക്കുന്ന ഭീകരന്മാരായ പിരാന മത്സ്യങ്ങളാണ് ആദ്യം തന്നെ ഞങ്ങളെ സ്വീകരിച്ചത്. വായും തുറന്ന് പിടിച്ച് വരൂ വരൂ എന്ന് പറഞ്ഞു കൊണ്ടെന്ന പോലെ കൂറ്റൻ പിരാനകൾ വലിയ ടാങ്കിലുള്ളിൽ കൊതിയോടെ നീന്തിപ്പാഞ്ഞു പോകുന്ന കാഴ്ച കാണേണ്ടത് തന്നെയാണ് , പോരാത്തതിന് ടാങ്കിനുള്ളിൽ ഒരു മനുഷ്യന്റെ അസ്ഥികൂടം വച്ച് (പ്ലാസ്റ്റിക്ക് ആയിരിക്കാം) സാഹചര്യം കൂടുതൽ ഭയാനകമാക്കാൻ അവിടെയുള്ളവർ ശ്രമിച്ചിരുന്നു. ആർത്തിക്കാരായ പിരാനകളെ വിട്ട് അടുത്ത സ്ഥലത്തേക്ക് ചെന്നപ്പോഴേക്കും കുട്ടിപ്പട്ടാളം അവിടവും കയ്യടക്കിക്കഴിഞ്ഞിരുന്നു . അവരിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി അതി വേഗം നടന്ന് കുറച്ചു ദൂരം മുന്നോട്ട് പോയി ഞണ്ടുകളുടെ കൂട്ടിനരികിലാണ് ചെന്നു നിന്നത്. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ കട്ടി പുറംതോടും ,പിടിച്ചു കയറാൻ നല്ല ഗ്രിപ്പുള്ള വളഞ്ഞ കാലുകളുമുള്ള “കൊക്കോനട്ട് ക്രാബുകൾ” ആയിരുന്നു അവ . ജലോപരിതലത്തിൽ വന്ന് ശ്വസിക്കാൻ കഴിയുന്ന പരിഷ്ക്കരിച്ച ശ്വാസ കോശമാണ് ആ ഞണ്ടുകൾക്ക് ഉള്ളതെന്ന് അവയുടെ കൂടിനു സമീപത്ത് എഴുതി വച്ചിരുന്നു . മുന്നോട്ട് നടന്നപ്പോൾ ഉഗ്ര വിഷമുള്ള “ടൊറാണ്ടുല” എന്ന ചിലന്തി ഭീകരൻ, കീരികളുടെ സാമ്യം തോന്നുന്ന “മീർ കാറ്റ് (meer kat } “ചെമ്മീൻ വർഗ്ഗത്തിലുള്ള കൂറ്റൻ ഷ്റിമ്പുകൾ ,എന്നിവയെയും കണ്ടു . മറ്റൊരു സ്ഥലത്ത് കടലിലും കരയിലും ഒരു പോലെ സഞ്ചരിക്കാൻ കഴിവുള്ള നീർനായയുടെ രൂപ സാദൃശ്യമുള്ള “ഓട്ടർ “എന്ന ജീവിയെക്കൊണ്ട് ജീവനക്കാർ എന്തൊക്കെയോ അഭ്യാസങ്ങൾ കാണിക്കുന്നുണ്ടായിരുന്നു .ഓരോ സർക്കസും കഴിയുമ്പോൾ തീറ്റ സാധനങ്ങൾ കൊടുത്ത് അവയെ പ്രോത്സാഹിപ്പിക്കുന്നത് കണ്ട് കുട്ടികൾ ആർപ്പ് വിളി കൂട്ടി . കടൽക്കുതിര, അപകടകാരിയായ ഈൽ , പരിസ്ഥിതി ഗവേഷകനും ജന്തു സ്നേഹിയുമായിരുന്ന സ്റ്റീവ് ഇർവിൻസിനെ മരണത്തിലേക്കയച്ച നീണ്ടു കൂർത്ത വാലുള്ള ‘സ്റ്റിം ഗ്രേ’ (തെരണ്ടി), സ്റ്റാർ ഫിഷ്, വർണ്ണ മത്സ്യങ്ങൾ എന്നിങ്ങനെ പല തരം ജീവികളെ അവിടെ കാണാൻ കഴിഞ്ഞു . സ്കൂൾ കുട്ടികളുടെ ഇടിയും തൊഴിയും ഏൽക്കാതിരിക്കാനായി ഞങ്ങൾ വീണ്ടും വേഗത്തിൽ നടന്ന് വലിയ ഒരു ടണലിലേക്ക് കയറി. ശീതീകരിച്ച് ഊഷ്മാവ് ക്രമീകരിച്ചിരുന്ന അവിടെ അനന്തമായ അലയാഴിയിൽ സ്വച്ഛന്ദം വിഹരിക്കുന്ന മത്സ്യ സുന്ദരീ സുന്ദരന്മാർ നമ്മുടെ തലയ്ക്ക് മുകളിലൂടെയും വശങ്ങളിലൂടെയും നീന്തിത്തുടിക്കുന്ന കാഴ്ച അതി മനോഹരമായിരുന്നു . ഭീമാകാരന്മാരായ ആമകൾ,ജെല്ലി ഫിഷ്, ചുണ്ട് കൂർത്ത അലിഗേറ്റർ ഫിഷ് (Alligator gar )പോലെയുള്ള വലിയ മത്സ്യങ്ങൾ,സ്രാവുകൾ ,ജെറ്റ് വിമാനം പോലെയുള്ള തെരണ്ടികൾ എന്നിവയെല്ലാം നമ്മുടെ സമീപത്തു കൂടി ഒഴുകി നടക്കുന്നത് കാണാൻ ബഹു രസമായിരുന്നു. ടണൽ നിവാസികൾക്കുള്ള ഭക്ഷണവുമായി ഇടയ്ക്ക് അക്വേറിയം ജീവനക്കാർ മത്സ്യങ്ങളോടൊപ്പം നീന്തുന്നതും കണ്ടു. കടലിലും കരയിലും ജീവിക്കുന്ന പേരറിയുന്നതും അറിയാത്തതുമായ ജീവ ജാലങ്ങളെ കണ്ടതിന്റെ സന്തോഷവുമായി മത്സ്യങ്ങളെ പോലെ എസ്കലേറ്ററുകളിലൂടെ ഞങ്ങൾ പുറത്തേക്ക് നീങ്ങി. അവിടെ ഒരിടത്ത് കുറേ ജീവികളുടെ ഫോസിലുകളും ,തിമിംഗലം ,സ്രാവ് മുതലായവയുടെ അസ്ഥികൂടവുമൊക്കെ ചില്ല് അലമാരകളിൽ പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു.
പിരാന
വർണ്ണ മത്സ്യങ്ങൾ(Red line torpedo barb)
കൂറ്റൻ വൃക്ഷങ്ങളുടെ തണൽ പറ്റി അവയുടെ പൊന്തി നിൽക്കുന്ന വേരുകൾ പടവുകളാക്കി കുറേ സമയം നടന്ന് ഒരു ചെറിയ തടാകക്കരയിലെത്തി. വളരെ വിശാലമായ ആ തടാകത്തിന്റെ കരയിൽ ഒരു വശത്ത് വിശ്രമിക്കുന്നതിനായി ചെറിയ കൂടാരങ്ങൾ നിർമ്മിച്ചിട്ടുണ്ടായിരുന്നു. ആ കൂടാരങ്ങളിൽ ഏകാന്തമായിരുന്ന് ഇലകളുടെ മർമ്മര ശബ്ദവും കുളിർ കാറ്റുമേറ്റ് തടാകത്തിലേക്ക് നോക്കിയിരുന്നാൽ ആർക്കും മനസ്സിൽ കവിത വിരിയുമെന്ന് തോന്നി . തടാകത്തിലെ ജലധാരകളിൽ സന്ധ്യാ സമയത്ത് ലൈറ്റ് ഷോ ഉണ്ടാകുമെന്ന് അറിയാൻ കഴിഞ്ഞെങ്കിലും അക്വേറിയ സന്ദർശനത്തിന് സമയ പരിധി ഉണ്ടായിരുന്നതിനാൽ മടങ്ങേണ്ടി വന്നു .
അക്വേറിയത്തിനോട് ചേർന്ന് ഇങ്ങനെയൊരു പാർക്ക് ഉണ്ടെന്നും അവിടെ ലൈറ്റ് ഷോ ഉണ്ടെന്നും ഒന്നും ഞങ്ങളോട് അവിടത്തെ ട്രാവൽ ഏജൻസീയോ അക്വേറിയത്തിൽ കൊണ്ടു വിട്ട കാറുകാരനോ പറഞ്ഞില്ല, ഇക്കാര്യം അവർക്ക് അറിയാത്തതൊന്നും ആയിരിക്കില്ലല്ലോ .കാർ ഡ്രൈവർ അവാർഡ് സിനിമയിലെ നായകനെപ്പോലെ മിണ്ടാതെ കൊണ്ടു വിട്ടിട്ട് പോകുകയാണുണ്ടായത്. ഏതായാലും തിരിച്ചു പോകാൻ സമയമായപ്പോൾ മെസേജ് കൊടുത്തു ,വേറൊരു മിണ്ടാപ്പൂച്ച വന്നു തിരിച്ചു ഹോട്ടൽ പരിസരത്ത് ഇറക്കിയിട്ട് പോയി. ഇത്രയും മാത്രമായിരുന്നു ആ ഒരു ദിവസത്തെ പരിപാടി, വളരെ വിഷമം തോന്നി.
ഉച്ചയൂണ് കഴിഞ്ഞ് മുറിയിൽ കുറച്ചു നേരം വിശ്രമിച്ചിട്ട് ഞങ്ങൾ ഹോട്ടലിലെ നീന്തൽ കുളത്തിൽ മത്സ്യങ്ങളെപ്പോലെ അൽപ്പ സമയം ചിലവഴിച്ചു. നീന്തൽ അറിയാവുന്ന അശ്വിൻ കുറച്ച് സമയം ഞങ്ങളെ നീന്തൽ പരിശീലിപ്പിക്കാൻ ശ്രമിച്ചു . കുറച്ച് നേരം ശ്വാസം പിടിച്ച് വെള്ളത്തിനടിയിൽ കഴിയാനും,കൈകാലുകൾ ചലിപ്പിച്ച് കുറച്ചു ദൂരം ചലിക്കാനുമൊക്കെ പഠിച്ചപ്പോൾ ആവേശം തോന്നി ,അടുത്ത ദിവസം വീണ്ടും ശ്രമിക്കാമെന്ന് വിചാരിച്ചെങ്കിലും പലേ കാരണങ്ങൾ കൊണ്ട് അത് നടന്നില്ല . കുളത്തിൽ നിന്നിറങ്ങി നനഞ്ഞ കാലുമായി നടന്ന ചേട്ടൻ ചെറുതായി ഒന്നു വഴുക്കി വീണതൊഴിച്ചാൽ അന്നത്തെ നീന്തൽ പരിശീലനം നല്ലൊരു അനുഭവമായിരുന്നു. വൈകുന്നേരം തീർത്തൂം ഫ്രീ ആയിരുന്നത് കൊണ്ട് ഏജൻസിയുടെ സഹായമില്ലാതെ ഒരു ടാക്സി (grab)വിളിച്ച് ലിറ്റിൽ ഇൻഡ്യ കാണാൻ പോയി,ഏത് രാജ്യത്ത് ചെന്നാലും നമുക്ക് നമ്മുടെ രാജ്യം ഏറെ പ്രിയപ്പെട്ടതാണല്ലോ !!അതു കൊണ്ട് ലിറ്റിൽ ഇൻഡ്യ കാണാതെ പോരാൻ മനസ്സനുവദിച്ചില്ല . വൈദ്യുത ദീപാലങ്കാര ശോഭയിൽ തിളങ്ങി നിന്നിരുന്ന ലിറ്റിൽ ഇൻഡ്യയിൽ വസ്ത്രശാലകളും ,സ്വർണ്ണക്കടകളും , ഹോട്ടലുകളും,പച്ചക്കറി പലചരക്ക് കടകളും എന്തിന് തട്ടുകടകൾ വരെയും കാണാൻ കഴിഞ്ഞു .തമിഴ് നാട്ടിലെവിടെയോ ചെന്നെത്തിയത് പോലെയാണ് തോന്നിയത്,കാരണം അവിടെ കൂടുതലും തമിഴ് നാട്ടുകാരായിരുന്നു കച്ചവടം ചെയ്തിരുന്നത്.
ലിറ്റിൽ ഇൻഡ്യ
ചെറിയ ഇന്ത്യ”യുടെ പാതകളിൽ കൂടി കുറച്ചു നേരം നടന്നിട്ട് ഒരു തമിഴ് ഹോട്ടലിൽ കയറി അത്താഴം കഴിച്ച് താമസ സ്ഥലത്തേക്ക് മടങ്ങി.
പിറ്റേ ദിവസം ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് വെറും മൂന്നു കി മീറ്ററിൽ താഴെ മാത്രം ദൂരത്തുള്ള “എക്കോ പാർക്കിൽ” പോകുക എന്നതു മാത്രമായിരുന്നു മലേഷ്യൻ ഏജൻസി ഏർപ്പാടാക്കിയിരുന്ന ഒരേയൊരു പരിപാടി,. പതിവു പോലെ പറയാത്ത അറിയാത്ത വാഹനത്തിൽ കയറിയ ഞങ്ങൾക്ക് ഒരാശ്വാസം തോന്നി. ആദ്യ ദിവസം സിറ്റി ടൂറിന് കൊണ്ടു പോയ സസി എന്ന് വിളിക്കുന്ന ശ്രീധരൻ ആയിരുന്നു സാരഥി. എക്കോ പാർക്കിന്റെ പിൻ വശത്താണ് അയാൾ ഞങ്ങളെ കൊണ്ട് ഇറക്കിയത്. പാർക്കിലേക്ക് പ്രവേശിക്കാനുള്ള റ്റിക്കറ്റിന്റെ കാര്യം ചോദിച്ചപ്പോൾ അയാൾക്ക് അതെപ്പറ്റി ഒന്നും അറിയില്ലെന്നായിരുന്നു മറുപടി . എല്ലാ സ്ഥലവും കാണുന്നതിനുള്ള പ്രവേശന റ്റിക്കറ്റ് ഉൾപ്പടെയുള്ള മുഴുവൻ തുകയും നമ്മൾ ഏജൻസിയ്ക്ക് മുൻകൂറായി കൊടുത്തിട്ടുള്ളതാണ് ,അവരുടെ ഉത്തരവാദിത്തമാണ് കൃത്യ സമയത്ത് ഇതൊക്കെ നമ്മൾക്ക് എത്തിച്ചു തരിക എന്നത് . സസി ഉടൻ തന്നെ മലേഷ്യൻ ഏജൻസിയെ വിളിച്ചു . 'ടിക്കറ്റ് അയച്ചു തന്നില്ലായിരുന്നോ... മറന്നു പോയതാ നീ അതങ്ങ് ശരിയാക്കി കൊടുത്തേക്ക് നിനക്ക് പിന്നീട് പണം അയച്ചു തരാമെന്ന' തീർത്തും നിരുത്തരവാദപരമായ അവരുടെ മറുപടി കൂടി കേട്ടപ്പോൾ വല്ലാതെ അരിശം വന്നു.എന്തായാലും സസിയുടെ കയ്യിൽ പണം ഇല്ലാഞ്ഞത് കൊണ്ട് തത്ക്കാലം ഞങ്ങൾ ടിക്കറ്റ് എടുത്താൽ ഏജൻസി തുക അയയ്ക്കുമ്പോൾ അത് തിരികെ തരാമെന്ന് അയാൾ പറഞ്ഞു.
എക്കോ പാർക്ക്
പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന എത്രയോ വന്യജീവി സങ്കേതങ്ങളും ,നിബിഡ വനങ്ങളാൽ സമ്പന്നവുമായ കേരളത്തിൽ നിന്ന് ചെല്ലുന്ന നമുക്ക് അതിൽ നിന്നും മെച്ചമല്ലെങ്കിലും വേറിട്ട എന്തെങ്കിലുമൊക്കെ കാഴ്ചകൾ കാണാമെന്ന പ്രതീക്ഷയോടെയാണ് എക്കോ പാർക്കിന്റെ പിൻ വാതിലിലെ കൌണ്ടറിൽ നിന്ന് ടിക്കറ്റുമെടുത്ത് കയറിച്ചെന്നത്. കുറേ മരങ്ങൾ കാടു പിടിച്ചു കിടന്ന നിരപ്പല്ലാത്ത സ്ഥലത്തു കൂടി നടന്നെത്തിയത് വളരെ ഉയരത്തിലുള്ള വാച്ച് ടവ്വറിനടുത്തേക്കാണ്. അതിന്റെ കുത്തനെയുള്ള ചെറിയ പടികൾ കയറിച്ചെന്നാൽ ആടുന്ന റോപ് വേയിൽ കൂടി സുഖമായി നടന്ന് കാനന ഭംഗി ആസ്വദിക്കാമെന്നാണ് മനസ്സിലായത് ,എന്തെങ്കിലും ചോദിക്കാമെന്ന് വച്ചാൽ നമ്മെപ്പോലെ അവിടം കാണാൻ വന്ന ചൈനീസ് മുഖ ഛായയുള്ള കുറേ സഞ്ചാരികളെയല്ലാതെ മറ്റാരെയും കാണാനുമില്ലായിരുന്നു . ചെറുപ്പക്കാർ പോലും കയറാൻ മടിക്കുന്ന വാച്ച് ടവ്വർ കയറ്റത്തിന് മുതിരാതെ ഞങ്ങൾ രണ്ടു പേരും കൂടി താഴെക്കൂടി വളഞ്ഞു പുളഞ്ഞു പോകുന്ന വഴിയേ പതുക്കെ നടന്നു. കാടിനെയും മരങ്ങളെയും അതിരറ്റ് സ്നേഹിക്കുന്ന മകൻ വാച്ച് ടവ്വറിന് മുകളിൽ കയറി റോപ്പ് വേയിലൂടെ നടന്നു വനഭംഗി ആസ്വദിക്കാൻ പോയി .കാട് പിടിച്ചു കിടക്കുന്ന ഒരു പ്രദേശം എന്നതിൽ കവിഞ്ഞ് ഒരു ആകർഷണീയതയും ആ എക്കോ പാർക്കിൽ ഞങ്ങൾക്ക് കാണാനായില്ല . ആരുടെയും ശല്യമില്ലാതെ സമയം ചിലവഴിക്കണമെന്നുള്ളവർക്ക് പറ്റിയ സ്ഥലമാണെങ്കിലും , നാലഞ്ചു ദിവസത്തെ വിനോദ യാത്രയ്ക്ക് ചെല്ലുന്ന ഒരു അന്യ നാട്ടുകാരനെ സംബന്ധിച്ച്, വിശേഷിച്ച് മലയാളിയ്ക്ക് കാണേണ്ട ആവശ്യം തീരെ ഇല്ലാത്ത ഒരു സ്ഥലം തന്നെയായിരുന്നു എക്കോ പാർക്ക്. കയറ്റിറക്കങ്ങളിലൂടെയുള്ള വിഷമമേറിയ ഞങ്ങളുടെ നടത്തം ചെന്നെത്തി നിന്നത് എക്കോ പാർക്ക് എന്നറിയപ്പെടുന്ന കാടിന്റെ ശരിയായ പ്രവേശന കവാടത്തിലാണ് . അതിന് അടുത്ത് നിന്നാണ് റോപ് വേ തുടങ്ങുന്നത്, ആദ്യം തന്നെ ഞങ്ങളെ അവിടെ ഇറക്കിയിരുന്നെങ്കിൽ ഒരു പ്രയാസവുമില്ലാതെ റോപ് വേ വഴി മരത്തണലിലൂടെ കുറച്ചു നേരമെങ്കിലും നടക്കാമായിരുന്നു.
എക്കോ പാർക്ക് പ്രവേശന കവാടം
ഏതായാലും മുൻവശത്ത് എത്തിയ സ്ഥിതിയ്ക്ക് റോപ് വേയിൽ കൂടി അൽപ്പം നടക്കാൻ തീരുമാനിച്ചു. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന പല മരങ്ങളും അതിരിട്ടു നിന്ന ഊഞ്ഞാൽ പാലത്തിലൂടെ നടന്നപ്പോൾ നല്ല ഓറഞ്ച് നിറത്തിലുള്ള കുറേ ചിത്രശലഭ സുന്ദരീ സുന്ദരന്മാർ ഞങ്ങൾക്ക് ചുറ്റും പാറിപ്പറന്നിരുന്നത് കൌതുകമുണ്ടാക്കിയ അനുഭവമായിരുന്നു . ആ ഒരു കാര്യമൊഴിച്ചാൽ തീർത്തും നിരാശാ ജനകമായിരുന്ന അന്നത്തെ കാഴ്ചകളിൽ നിന്ന് മടങ്ങിയ ഞങ്ങളെ, സസി ഹോട്ടലിൽ തിരികെ എത്തിച്ചു .
എക്കോ പാർക്കിലെ ചെറിയ വിശ്രമ കേന്ദ്രങ്ങൾ
ശലഭ സുന്ദരൻ/സുന്ദരി
എക്കോ പാർക്കിന് ഉള്ളിലെ കാഴ്ച
മടക്കയാത്രയ്ക്കിടയിൽ സസിയുമായി സംസാരിച്ച് ഏജൻസിയുടെ സഹായമില്ലാതെ അന്ന് വൈകുന്നേരം കുറേ സ്ഥലങ്ങൾ കാണാൻ തീരുമാനിച്ചു . മണിക്കൂറിന് 20 റിങ്കറ്റ് അതായത് ഏകദേശം 400 ഇന്ത്യൻ രൂപ നിരക്കിൽ പറ്റുന്നതെല്ലാം കാണിച്ചു തരാമെന്ന് അയാൾ ഉറപ്പ് തന്നു . നമ്മുടെ ഇരുപത് രൂപയ്ക്ക് തുല്യമായിരുന്നു മലേഷ്യയുടെ കറൻസിയായ റിങ്കറ്റിന്റെ അന്നത്തെ വില.
റിവർ ഓഫ് ലൈഫും ,ഇലൂമിനേഷനും,
വൈകുന്നരം ഞങ്ങൾ സന്തോഷത്തോടെ സസിയ്ക്കൊപ്പം ആദ്യം പോയത് റിവർ ഓഫ് ലൈഫ് (River of Life )കാണുവാനാണ് . ഇൻഡിപെൻഡൻസ് സ്ക്വയറിന് സമീപത്ത് തന്നെയാണ് റിവർ ഓഫ് ലൈഫ്. സേലംഗർ സ്റ്റേറ്റിൽ കൂടി ഒഴുകിപ്പോകുന്ന "ക്ളാങ്" നദിയെയാണ് വൈദ്യുത ദീപങ്ങൾ കൊണ്ട് അലങ്കരിച്ച് റിവർ ഓഫ് ലൈഫ് എന്ന് നാമകരണം ചെയ്ത് ടൂറിസ്റ്റുകൾക്ക് വേണ്ടി അണിയിച്ചൊരുക്കി വച്ചിരിക്കുന്നത്.തിളങ്ങുന്ന ജലധാരകളുടെ അകമ്പടിയോടെ കരയിലുള്ള കെട്ടിടങ്ങളുടെ പ്രതി ബിംബം അണിഞ്ഞൊഴുകുന്ന "ജീവിത നദിയെ" കണ്ടു കൊണ്ട് കുറേ ആളുകൾ നദിക്കരയിൽ നിൽപ്പുണ്ടായിരുന്നു . മന്ദമായൊഴുകുന്ന നദിയെയും അതിൽ പ്രതിഫലിച്ചിട്ടുള്ള ദീപശോഭയും ആസ്വദിച്ച് അൽപ്പ നേരം നടന്നിട്ട് ഞങ്ങൾ അടുത്ത കാഴ്ചയിലേക്ക് പോയി .
റിവർ ഓഫ് ലൈഫ്
മലേഷ്യയിലെ പ്രധാന ഗോപുരങ്ങളായ പെട്രോണാസും ,കെ എൽ ടവ്വറും ,ആകാശത്തേക്ക് വിരൽ ചൂണ്ടി നിൽക്കുന്ന ഇൻഡിപെൻഡൻസ് ടവ്വറും തുടങ്ങി എല്ലാ കെട്ടിടങ്ങളും സന്ധ്യ സമയത്ത് വൈദ്യുത ദീപങ്ങൾ കൊണ്ട് അലങ്കരിക്കുക പതിവാണ് ,അത് കാണാൻ ആയിരക്കണക്കിന് ജനങ്ങൾ തടിച്ചു കൂടുകയും ചെയ്യാറുണ്ട് . വൈദ്യുത ദീപ പ്രഭയിൽ വെള്ളി നിറത്തിൽ പെട്രോണാസ് ഇരട്ട സഹോദരങ്ങളെ പോലെ ചിരി തൂകി നിന്നപ്പോൾ ,നിറഭേദങ്ങൾ പ്രതിഫലിപ്പിച്ചു കൊണ്ട് ഒരു താഴികക്കുടം പോലെ വാനിലുയർന്നു നിന്ന ടെലി കമ്മ്യൂണിക്കേഷൻ ടവ്വർ കണ്ടപ്പോൾ സന്ദർശകരുടെ മുഖത്തും ആ നിറങ്ങൾ മിന്നി മറഞ്ഞതു പോലെ തോന്നി . എന്തു കൊണ്ടോ അന്നത്തെ ദിവസം ഇൻഡിപെൻഡൻസ് സ്ക്വയർ എന്ന “ഡറ്റാരൻ മെർഡെക്കാ” ടവ്വറിൽ ഇലൂമിനേഷൻ ഉണ്ടായിരുന്നില്ല.
സന്ധ്യ സമയത്ത് വൈദ്യുത ദീപ പ്രഭയിൽ വെള്ളി നിറത്തിൽ പെട്രോണാസ്
സന്ധ്യ സമയത്ത് നിറഭേദങ്ങൾ പ്രതിഫലിപ്പിച്ചു കൊണ്ട് കെ എൽ ടവ്വർ
അടുത്തതായി ക്ളാങ് നദിയ്ക്ക് കുറുകെ നിർമ്മിച്ചിട്ടുള്ള “സലോമാ” പാലത്തിനരികിലേക്കാണ് സസി ഞങ്ങളെ കൊണ്ടു പോയത് . വിവിധ വർണ്ണങ്ങളിലുള്ള വൈദ്യുത ദീപങ്ങൾ കൊണ്ട് അലങ്കരിച്ച സലോമാ പാലം കണ്ടപ്പോൾ നീണ്ടു നിവർന്നു കിടക്കുന്ന ഒരു മത്സ്യ കന്യകയെപ്പോലെയാണ് എനിക്ക് തോന്നിയത് .
സലോമാ പാലം
കാൽനടക്കാർക്കും,സൈക്കിൾ യാത്രക്കാർക്കും മാത്രം സഞ്ചരിക്കാവുന്ന ആ പാലം ജന നിബിഡമായിരുന്നു. ബാൻഡ് മേളവും ,ഉപകരണ സംഗീതവും, ഫോട്ടോ ഷൂട്ടും എല്ലാം കൂടി ശബ്ദാനമായമായിരുന്ന സലോമാ പാലം ഒരു പ്രത്യേക ഊർജ്ജമാണ് നൽകിയത് . നിമിഷ നേരം കൊണ്ട് നിറഭേദങ്ങൾ മിന്നിത്തെളിയുന്ന സലോമയുടെ സൌന്ദര്യം ആവോളം ആസ്വദിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷം തോന്നി .
ചൈന ഠൌൺ കാണണമെന്ന് ഒരാഗ്രഹം പറഞ്ഞപ്പോൾ സസി സസന്തോഷം അതിനരികിലുള്ള ഒരു ചൈനീസ് ക്ഷേത്രത്തിന് മുന്നിൽ കൊണ്ട് വണ്ടി നിർത്തി . ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നെങ്കിലും അതിനടുത്ത് തന്നെ ഉണ്ടായിരുന്ന മഹാ മാരിയമ്മൻ ക്ഷേത്ര ദർശനം തീരെ പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യമായിരുന്നു.
മഹാ മാരിയമ്മൻ ക്ഷേത്രം
പൂമാലകളാൽ അലംകൃതയായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ അമ്മ എഴുന്നള്ളുന്ന ഭക്തി നിർഭരമായ കാഴ്ച സന്തോഷത്തിലുപരി അനുഗ്രഹ ദായകമായി തോന്നി . സമയം രാത്രി ഒൻപത് മണി കഴിഞ്ഞിരുന്നെങ്കിലും സസി യാതൊരു ധൃതിയും കാണിച്ചില്ല . ക്ഷേത്ര ദർശനം കഴിഞ്ഞ് ചൈനീസ് ഠൌൺ ഏരിയായിലേക്ക് കയറിച്ചെന്നപ്പോൾ കടകളെല്ലാം അടച്ചു പൂട്ടാൻ തുടങ്ങിയിരുന്നു, തുറന്നിരുന്ന ഒന്നു രണ്ടു കടകളിൽ തുച്ഛമായ ഗുണ നിലവാരമുള്ള സാധനങ്ങൾ മെച്ചമായ വിലയ്ക്ക് കച്ചവടക്കാർ എടുത്തു കാണിച്ചു തന്നപ്പോൾ കൂടുതൽ സമയം അവിടെ ചിലവഴിക്കുന്നതിൽ കാര്യമില്ലെന്ന് മനസ്സിലാക്കി ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു . ഇത്രയും കാഴ്ചകൾ വളരെ നല്ല മനസ്സോടെ കൊണ്ടു പോയി കാണിച്ചു തന്ന സസിയ്ക്ക് അയാൾ ആവശ്യപ്പെട്ടതിലും അൽപ്പം കൂടുതൽ തുക കൊടുത്ത് നന്ദി പറഞ്ഞു യാത്രയാക്കി .
(സന്ധ്യാ സമയത്തെ നഗരക്കാഴ്ചകൾ കാണുവാനായി സസിയെ ബുക്ക് ചെയ്യുന്നതിന് മുൻപ് സിറ്റി ടൂർ ബസുകൾ കിട്ടുമോ എന്ന് താമസിക്കുന്ന ഹോട്ടലിൽ അന്വേഷിച്ചിരുന്നെങ്കിലും ഒരാഴ്ച മുൻപ് ബുക്ക് ചെയ്തെങ്കിലെ കിട്ടുകയുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്. പകൽ സമയത്ത് മതിയെങ്കിൽ അടുത്ത ദിവസത്തേക്ക് ശരിയാക്കാമെന്നാണ് ഹോട്ടലിൽ ഉണ്ടായിരുന്ന ട്രാവൽ ഡെസ്ക്കിൽ നിന്നറിയിച്ചത് ) എപ്പോഴും പോകുന്ന സ്ഥലമൊന്നും അല്ലല്ലോ അവിടമൊക്കെ .അതു കൊണ്ടു തന്നെയാണ് എന്തും വരട്ടെ എന്ന് കരുതി സസിയെ ബുക്ക് ചെയ്ത് എല്ലാം പോയി കണ്ടത് .
പുതിയതായി ഒരു സ്ഥലത്തെത്തുന്ന യാത്രികന് അവിടെ എന്തൊക്കെ കാണാൻ ഉണ്ടെന്നും കുറഞ്ഞ സമയത്തിൽ ഏതൊക്കെയാണ് പോയിക്കണ്ട് ആസ്വദിക്കാൻ പറ്റുക എന്നൊന്നും ധാരണ ഉണ്ടായിരിക്കില്ലല്ലോ. . പുതിയ പുതിയ കാഴ്ചകൾ കാണുന്നതിനായി എത്രയോ ദൂരത്ത് നിന്നും വളരെ പണം ചിലവാക്കി വന്നെത്തുന്ന സന്ദർശകരെ പ്രധാനപ്പെട്ട പല കാര്യങ്ങളും കാണിക്കാതെ പണം പിടുങ്ങുന്നത് തികച്ചും അപലപനീയം തന്നെയാണെന്ന് പറയാതെ വയ്യ !! വൈകുന്നേരങ്ങളിലെ അതി മനോഹരങ്ങളായ വൈദ്യുത ദീപാലങ്കാര കാഴ്ചകളാണ് ആദ്യ ദിവസം ഞങ്ങളെ ഉച്ച വെയിലിൽ റോഡിൽ കൊണ്ടു നിർത്തി കാണിച്ചു എന്ന് വരുത്തിത്തീർത്തത്. സമയവും സന്ദർഭവും അറിഞ്ഞ് പ്ലാൻ ചെയ്ത് ഗസ്റ്റിനെ പരമാവധി പ്രീതിപ്പെടുത്തുന്നതല്ലേ പ്രൊഫഷണലിസം ? ഏതായാലും ഞങ്ങളുടെ സന്ദർഭോചിതമായ തീരുമാനം കൊണ്ട് വൈകിയാണെങ്കിലും കുറെയൊക്കെ കാണാൻ സാധിച്ചു.
മലേഷ്യൻ ഏജൻസിക്കാരുടെ യാത്രാ കാര്യക്രമം അനുസരിച്ച് “പുത്രജയ” എന്ന സ്ഥലം കാണിക്കുക എന്നതായിരുന്നു.പിറ്റേ ദിവസത്തെ പരിപാടി. യാത്രയുടെ വിശദ വിവരങ്ങൾ പല തവണ ചോദിച്ചിരുന്നുവെങ്കിലും കാര്യങ്ങൾ വ്യക്തമാക്കാൻ അവർ കൂട്ടാക്കിയില്ല. വലിയ രീതിയിലുള്ള കാഴ്ചകളൊന്നും പുത്ര ജയയിൽ ഇല്ലെങ്കിൽ സ്വന്ത നിലയിൽ കുറച്ചകലെയുള്ള കാമറൂൺ ഐലൻഡ് കാണാൻ പോയാലോ എന്ന് ഞങ്ങൾ ആലോചിച്ചിരുന്നു . പക്ഷേ മലേഷ്യൻ ഏജൻസി എല്ലാക്കാര്യത്തിലും മൌനം പാലിച്ചു ,ആരാണ് എപ്പോഴാണ് അവിടേയ്ക്ക് കൊണ്ടു പോകുന്നതെന്നുൾപ്പടെയുള്ള ഞങ്ങളുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ യാതൊരു മറുപടിയും ലഭിച്ചില്ല .
മലേഷ്യയിൽ വന്നിറങ്ങിയ ആദ്യ ദിവസം എയർ പോർട്ടിൽ നിന്നും ഹോട്ടലിലേക്കുള്ള യാത്രാ സമയത്ത് “പുത്രജയ” എന്ന സ്ഥലനാമ ഫലകങ്ങൾ കണ്ടിരുന്നു . എന്തായാലും അങ്ങോട്ടുള്ള യാത്രയ്ക്ക് മുൻപ് നെറ്റിൽ പരതി അത്യാവശ്യം ചില സ്ഥലങ്ങൾ ഞങ്ങൾ നോക്കി വച്ചിരുന്നു . പത്തര മണിയ്ക്കായിരുന്നു പിക്കപ്പ് സമയം പറഞ്ഞിരുന്നത് ,കൃത്യ സമയം പാലിക്കണമെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നതിനാൽ ഞങ്ങൾ ആ സമയത്ത് ഹോട്ടൽ ലോബിയിലെത്തി കാത്തിരുന്നു . കിലുക്കം സിനിമയിൽ പറയുന്നത് പോലെ "ജോതിയും വന്നില്ല തീയും വന്നില്ല" ,പത്തര വരെ ഡ്രൈവറും ഇല്ല കാറും വന്നില്ല വീണ്ടും ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഉടൻ വരുമെന്ന് അറിയിപ്പ് കിട്ടി. 10.45 ആയപ്പോൾ അഖിലൻ എന്നൊരാൾ കാറുമായി വന്നു . യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ വാഹനത്തിലിരിക്കുന്ന ഒരു ഫോട്ടോ എടുത്ത് അയാൾ മലേഷ്യൻ ഏജൻസിക്ക് അയച്ചു കൊടുത്തു, അയാളുടെ കുറ്റമല്ല ഞങ്ങൾ താമസിച്ചതിനാലാണ് യാത്ര വൈകിയതെന്ന് വരുത്തിത്തീർക്കുക എന്നതായിരുന്നു ഉദ്ദേശമെന്നാണ് തോന്നിയത് . മൂന്ന് മണിക്കൂറായിരുന്നു പുത്ര ജയ ടൂറിന് അനുവദിക്കപ്പെട്ടിരുന്ന സമയം .
പുത്രജയ
കുലാലമ്പൂർ വിമാനത്താവളത്തിനും നഗരത്തിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന "പുത്രജയ" മലേഷ്യയിലെ ഒരു പ്രധാന നഗരവും,ഭരണ സിരാ കേന്ദ്രവുമാണ് . സെലൻ ഗോർ സംസ്ഥാനത്തിലെ സെപോങ്ങ് ജില്ലയിൽ ബ്രിട്ടീഷുകാരാൽ സ്ഥാപിക്കപ്പെട്ട ആദ്യകാല ആസൂത്രിത നഗരമാണിത്. മലേഷ്യൻ ഗവൺമെന്റിന്റെ എക്സിക്യൂട്ടീവ് ,ജുഡീഷ്യൽ ബ്രാഞ്ചുകൾ ഇവിടേയ്ക്ക് മാറ്റപ്പെട്ടതോടെ നഗരത്തിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു .
വളരെ സാഹസികമായും,അലക്ഷ്യമായും വാഹനമോടിച്ച ഡ്രൈവർ പതിവ് പോലെ മിണ്ടാപ്പൂച്ച തന്നെയായിരുന്നു. പ്രോഗ്രാം ചെയ്യപ്പെട്ട ഒരു റോബോട്ടിനെ പോലെ അയാൾ പുത്രജയയിലെ ഓഫീസ് കെട്ടിടങ്ങളുടെ സമീപത്തേക്കാണ് കാർ അടിച്ചു പായിക്കുന്നതെന്ന് ഞങ്ങൾക്ക് മനസ്സിലായി . ഏതായാലും ആ ഓഫീസ് കെട്ടിടങ്ങളിലേക്കൊന്നും പ്രവേശിക്കാൻ ആകില്ലെന്നറിയാം ..അപ്പോൾ പിന്നെ ഉച്ചവെയിലിൽ അവയുടെ മുന്നിൽ ചെന്നു നിന്ന് കുറച്ച് ഫോട്ടോ എടുക്കാം എന്നല്ലാതെ ഒരു മെച്ചവും ഇല്ലെന്നുള്ളത് കൊണ്ട് ഞങ്ങൾ നെറ്റിൽ നിന്നും തിരഞ്ഞു കണ്ടു പിടിച്ച ഫ്ലെമിൻഗോ പാർക്ക് കാണണമെന്ന് ആവശ്യപ്പെട്ടു . അത് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും പക്ഷികളുടെ വിഹാര കേന്ദ്രമായ ചെളിക്കണ്ടത്തിനടുത്തുള്ള റോഡിൽ അയാൾ വണ്ടി നിർത്തിത്തന്നു .
ഉറക്കം തൂങ്ങി നിൽക്കുന്ന ഫ്ലെമിൻഗോകൾ
അവിടെ ഇളം വെയിലിൽ ഉറക്കം തൂങ്ങി നിന്ന മൂന്നു നാല് ഫ്ലെമിൻഗോകളെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. കൂടുതൽ സമയം അവിടെ ചിലവഴിച്ചാൽ ഇനി വരാനിരിക്കുന്ന എന്തെങ്കിലും കാഴ്ചകൾ കാണാൻ പറ്റിയില്ലെങ്കിലോ എന്ന് കരുതി ഞങ്ങൾ പെട്ടെന്ന് തന്നെ കാറിൽ കയറി . ആരോടൊ ദേഷ്യം തീർക്കുന്നത് പോലെ അഖിലൻ അവിടെ നിന്നും കാർ നല്ല വേഗതയിൽ ഇരപ്പിച്ചു പറത്തുകയായിരുന്നു. വശങ്ങളിലുള്ള കാഴ്ചകളോ ബോർഡുകളോ കണ്ടു മനസ്സിലാക്കനോ ഫോട്ടോയെടുക്കാനോ ഒന്നും സാധിച്ചില്ല ,അയാളൊട്ട് ഒന്നും പറഞ്ഞു തന്നുമില്ല. ഒടുവിൽ ഒരു തടാകത്തിന് കുറുകേയുള്ള പാലത്തിലൂടെ വലിയ മകുടങ്ങളുള്ള ഒരു പള്ളിയുടെ സമീപത്ത് വാഹനം നിർത്തിയിട്ട് അകലെയുള്ള ഒരു വലിയ മന്ദിരത്തിലേക്ക് വിരൽ ചൂണ്ടി അതാണ് പ്രധാന മന്ത്രിയുടെ ഓഫീസെന്നും ബാക്കിയുള്ള കെട്ടിടങ്ങൾ അതിനോടനുബന്ധിച്ചുള്ള ഓഫീസുകളാണെന്നും അവിടേക്കൊന്നും പ്രവേശിക്കാൻ സാധിക്കില്ലെന്നും അറിയിച്ചു. എന്നാൽ മസജിദിൽ കയറാമെന്ന് കരുതി ഞങ്ങൾ അവിടേയ്ക്ക് ചെന്നപ്പോൾ പ്രാർത്ഥന സമയമായത് കൊണ്ട് പ്രവേശനം സാദ്ധ്യമല്ലെന്നും 11 മണിയ്ക്ക് മുൻപായിരുന്നെങ്കിൽ കയറാമായിരുന്നെന്നും പള്ളിയുടെ അധികാരികൾ പറഞ്ഞു .
പുത്രജയയിലെ മസജിദ്
പ്രധാന മന്ത്രിയുടെ ഓഫീസ്
ഒന്നും സാധിക്കുന്നില്ലെങ്കിൽ തടാകത്തിൽ ബോട്ടിങ് നടത്താമല്ലോ എന്നൊരു അഭിപ്രായം പറഞ്ഞപ്പോൾ അതൊക്കെ ഒരാഴ്ച മുൻപേ ബുക്ക് ചെയ്താൽ മാത്രമേ നടക്കൂ എന്ന് ആ മൊശടൻ ഡ്രൈവർ മൊഴിഞ്ഞു.എന്നിട്ട് അയാൾ മടക്കയാത്രയ്ക്കൊരുങ്ങി. കയറാൻ പറ്റാത്ത കുറേ കെട്ടിടങ്ങളുടെ മുന്നിൽ ഉച്ച വെയിലത്ത് ചെന്നു നിന്ന് സെൽഫി എടുക്കലാണോ ടൂറിസം? നമ്മൾ ഇത്രയും പണം ചിലവാക്കി വളരെ ദൂരെ നിന്നും ചെല്ലുന്നത് സ്ഥലം കാണാനാണോ നമ്മുടെ ഫോട്ടോ എടുത്ത് പ്രദർശിപ്പിക്കുവാനാണോ??ചെയ്യുന്ന ജോലിയോടും വാങ്ങുന്ന പണത്തിനോടും നീതി പുലർത്താതെ അർപ്പണ മനോഭാവം തീരെ ഇല്ലാതെ കാര്യങ്ങൾ ചെയ്യുന്നതിലുള്ള അപാകതകളാണ് ഇതൊക്കെ .. ആരെയെങ്കിലും കറക്കിയടിച്ച് എന്തെങ്കിലും കാട്ടിക്കൂട്ടി കുറുക്ക് വഴിയിൽ പണമുണ്ടാക്കുക ഇതാണ് ഇപ്പോൾ വളർന്നു വരുന്ന പ്രവണത !!
മൂന്നു മണിക്കൂർ ടൂർ ആയിരുന്നു പുത്ര ജയയിൽ ഞങ്ങൾക്ക് അനുവദിച്ചിരുന്നത്. ഇനിയും സമയം ഉണ്ടല്ലോ അത് കൊണ്ട് മറ്റെന്തെങ്കിലും കാണണമെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രാ സമയം ഉൾപ്പെടെയാണ് ആ സമയമെന്ന് അഖിലൻ വാദിച്ചു, ഒന്നര മണിയ്ക്ക് തിരിച്ചെത്തിയിട്ട് അയാൾക്ക് വേറെ യാത്ര പോകാനുണ്ട് പോൽ . ക്ഷമയുടെ നെല്ലിപ്പലക എന്നൊക്കെ പറയുന്ന അവസ്ഥയിലായിരുന്നു ഞങ്ങൾ . എന്തായാലും ഇത്രയും യാത്ര ചെയ്ത് ഇവിടെ വരെ വന്നു ,ഒന്നും കണ്ടുമില്ല എന്നാൽ പിന്നെ ഒന്നരയ്ക്ക് തിരിച്ചെത്തത്തക്ക വിധം അവിടെയുള്ള ഒരു ബൊട്ടാണിക്കൽ പാർക്ക് കാണാൻ സമയമുണ്ടെന്ന് ഞങ്ങളും വാദിച്ചു, അപ്പോൾ അങ്ങനെയൊരെണ്ണം അയാൾക്ക് അറിയില്ലെന്നായി മറുപടി .അങ്ങോട്ടുള്ള വഴി ഗൂഗിൾ നോക്കി അശ്വിൻ പറഞ്ഞു കൊടുത്തതോടെ ഗത്യന്തരമില്ലാതെ അയാൾ വാഹനം അവിടെ കൊണ്ടു ചെന്ന് സഡൻ ബ്രേക്കിട്ട് നിർത്തി ,പെട്ടെന്ന് വരണമെന്നും കൽപ്പിച്ചു. അയാൾ പോകുന്നെങ്കിൽ പോകട്ടെ വേറെ ഗ്രാബ് വിളിച്ച് തിരിച്ചു പോകാം , പതുക്കെ നടന്ന് എല്ലാം വിശദമായി കണ്ടിട്ടു പോയാൽ മതി എന്ന് ഞങ്ങളും തീരുമാനിച്ചു .
പുത്രജയ ബൊട്ടാണിക്കൽ പാർക്ക്
വളരെ വിശാലവും ശാന്ത സുന്ദരവുമായ ഒരു പ്രദേശമായിരുന്നു ബൊട്ടാണിക്കൽ പാർക്ക് . ഓർക്കിഡ് ചെടികൾ പൂവിട്ടു നിന്നിരുന്ന റിസപ്ഷനിലൂടെ നടന്നെത്തിയത് വൻ മരങ്ങൾ കുട പിടിച്ചു നിന്നിരുന്ന ഒരു തടാകക്കരയിലേക്കാണ് . നീലത്തടാകത്തിലെ കുഞ്ഞോളങ്ങളെ തഴുകിയെത്തിയ മന്ദ മാരുതനേറ്റ് തലയാട്ടി നിന്നിരുന്ന ഉദ്യാന കുസുമങ്ങളെക്കൊണ്ട് അലങ്കരിച്ചത് പോലെ ഒരു പള്ളിയും അവിടെ കാണാൻ കഴിഞ്ഞു . വിശ്രമിക്കുന്നതിനായി മരത്തണലിൽ ഇട്ടിരുന്ന ചാരുബെഞ്ചുകളിൽ പക്ഷികളുടെ കളകൂജനങ്ങളും കേട്ട് കുറച്ചു സമയം വളരെ സ്വസ്ഥമായി ചിലവഴിച്ച ശേഷം മടക്കയാത്രയ്ക്കായി കാറിൽ കയറി . പുത്രജയ എന്ന പേരൊക്കെ കേട്ടപ്പോൾ വലിയ ചരിത്രമുറങ്ങുന്ന സ്ഥലമായിരിക്കും,കുറേ കാര്യങ്ങൾ കാണാനുമുണ്ടാകും എന്നൊക്കെയുള്ള വലിയ പ്രതീക്ഷയുമായാണ് പോയത്,അത് തീർത്തും നിരാശാ ജനകം തന്നെയായിരുന്നു. ഇതൊക്കെ അറിയാൻ വേണ്ടിയായിരുന്നു തലേ ദിവസം യാത്രാ പരിപാടിയുടെ വിശദീകരണം ആവശ്യപ്പെട്ടത് . ഇങ്ങനെ ആണെന്നറിഞ്ഞിരുന്നെങ്കിൽ സ്വന്ത നിലയിൽ മറ്റേതെങ്കിലും സ്ഥലം കാണാൻ പോകാമായിരുന്നു.
ബൊട്ടാണിക്കൽ പാർക്ക് പുത്രജയ
ബൊട്ടാണിക്കൽ പാർക്കിനു മുന്നിലുള്ള ചെറിയ തടാകം
ഇതിനിടയിൽ ഞങ്ങൾക്ക് നേരിട്ട ബുദ്ധിമുട്ടുകളും ,മോശം അനുഭവങ്ങളും കേരളത്തിലെ ഏജൻസിയായ സോമൻ ’സിനെ വാട്സാപ്പിലൂടെ അറിയിച്ചിരുന്നു. അവർ ഞങ്ങളെ വിളിച്ച് മാപ്പ് അപേക്ഷിക്കുകയും എന്തെങ്കിലും പരിഹാരം ചെയ്യാൻ ആഗ്രഹമുണ്ടെന്നും അറിയിച്ചു. ഒന്നും വേണ്ടെന്ന് പറഞ്ഞെങ്കിലും അവർ അവരുടെ മലേഷ്യൻ പങ്കാളിയുമായി ബന്ധപ്പെട്ട് ഗസ്റ്റിനെ സന്തോഷിപ്പിക്കണം എന്ന് പറഞ്ഞതോടെ അവിടെയുള്ളവർ ഒരു ഹോട്ടലിൽ ഞങ്ങൾക്ക് ലഞ്ച് തരാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ ആ ഹോട്ടലിന്റെ റിവ്യൂ നോക്കിയപ്പോൾ തീരെ നിലവാരമില്ലാത്തതാണെന്ന് മനസ്സിലായതിനാൽ സോമൻ ‘സിനോട് ഞങ്ങൾക്ക് ഒന്നും വേണ്ട നിങ്ങൾ നിങ്ങളുടെ മലേഷ്യയിലെ പാർട്ട്ണറെ മാറ്റിയാൽ അത് തന്നെ വലിയ കാര്യമാകുമെന്ന് അറിയിച്ചു ,ഇനി വരുന്നവരെങ്കിലും രക്ഷപ്പെടുമല്ലോ!!. മാത്രമല്ല നാഷണൽ ഡേ ആഘോഷങ്ങൾ നടക്കുന്നതിനാൽ റോഡ് ബ്ലോക്ക് ആകാൻ സാദ്ധ്യതയുള്ളതിനാൽ പിറ്റേ ദിവസത്തെ ഞങ്ങളുടെ മടക്കയാത്രയ്ക്ക് എയർ പോർട്ടിലേക്കുള്ള വാഹനം കുറച്ച് നേരത്തെ അയച്ചു തരണമെന്ന് കൂടി ആവശ്യപ്പെട്ടു.
അടുത്ത ദിവസം മലേഷ്യൻ സമയം രാത്രി 11 മണിയ്ക്കായിരുന്നു ഞങ്ങൾക്ക് നാട്ടിലേക്ക് പോരേണ്ട ഫ്ലൈറ്റ്. ഏജൻസി വക ഒരു പരിപാടിയും ഇല്ലാത്തതിനാലും, അവരുടെ പിടിയിൽ നിന്ന് മോചിതരായതിന്റെ സന്തോഷത്തിലും പൂർണ്ണ സ്വാതന്ത്ര്യത്തോടെ ഉച്ച വരെ, ഉള്ള സമയം കൊണ്ട് കാണാൻ പറ്റുന്ന ഒരു സ്ഥലം അശ്വിൻ നെറ്റിൽ പരതി കണ്ടു പിടിച്ചു .
ത്യാൻഹോ ക്ഷേത്രം
ചൈനാക്കാരുടെ കടൽ ദേവതയായ “മസു”വിന്റെ ആറ് നിലകളുള്ള ക്ഷേത്രമാണ് മലേഷ്യയിലെ കുലാലമ്പൂരിൽ സ്ഥിതി ചെയ്യുന്ന ത്യാൻഹോ . 1987 ൽ മലേഷ്യയിലെ ഹൈനാനികൾ നിർമ്മിച്ച തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലുതും അപൂർവ്വ സുന്ദരവുമായ ഈ ക്ഷേത്രത്തിൽ മൂന്നു പ്രതിഷ്ഠകളാണുള്ളത് . ദയയുടെയും കരുണയുടെയും ദേവതമാരും ബോധിസത്വനും ആണ് ഇവ എന്നാണ് ഒരാൾ പറഞ്ഞു തന്നത് . വിവാഹം നടക്കുവാൻ വേണ്ടി ഇവിടെ ആളുകൾ പ്രത്യേക പ്രാർത്ഥനകൾ നടത്താറുണ്ടത്രേ. അങ്ങനെ വിവാഹം നടന്നവരായിരിക്കാം ഒരു നവ വധുവിനെയും വരനെയും അവിടെ കാണാൻ കഴിഞ്ഞു . ബുദ്ധമതം ,കൺഫ്യൂഷനിസം ,താവോയിസം എന്നിവയുടെ സമന്വയമെന്ന് പറയാവുന്ന ഈ ക്ഷേത്രം ചൈനീസ് വാസ്തു വിദ്യയുടെ മകുടോദാഹരണമാണ് . മനോഹരമായ തൂണുകൾ, സങ്കീർണ്ണങ്ങളായ കൊത്തു പണികളാൽ അലങ്കരിച്ച മേൽക്കൂരകൾ എന്നിവയാൽ കണ്ണിന് കൌതുകം തരുന്ന "ത്യാൻ ഹോ" ക്ഷേത്രം കാണാതെ പോന്നിരുന്നെങ്കിൽ വലിയ നഷ്ടമാകുമായിരുന്നു . ഭാഗ്യത്തിന്റെ നിറമെന്ന് പറയപ്പെടുന്ന ചുവപ്പ് നിറത്തിലുള്ള തൂണുകളും,വാതിലുകളും കൊണ്ട് അതി മനോഹരമാണ് ക്ഷേത്രം .
ത്യാൻഹോ ക്ഷേത്രം മറ്റൊരു ദിശയിൽ നിന്നുള്ള ദൃശ്യം
വായ തുറന്നു നിൽക്കുന്ന കൂറ്റൻ വ്യാളികൾ തങ്ങളുടെ നീണ്ട ഉടലും വാലും ചുറ്റി ക്ഷേത്രത്തെ സംരക്ഷിച്ചിരുന്നത് പോലെ തോന്നി. പടിക്കെട്ടുകളിലൂടെ നടന്നു മുകളിലേക്ക് ചെന്നാൽ മേൽക്കൂരയിലുള്ള അതി സങ്കീർണ്ണങ്ങളായ കൊത്തു പണികളുടെ സൌന്ദര്യവും , താഴെ പരന്നു കിടക്കുന്ന ഉദ്യാനക്കാഴ്ചകളും ,ചെറിയ വെള്ളച്ചാട്ടവും എല്ലാം വളരെ ഭംഗിയായി കാണാം . പടികളിറങ്ങി ക്ഷേത്രത്തിന് പിറകിലേക്ക് ചെന്നപ്പോൾ ബുദ്ധ സന്യാസിമാരുടെ രൂപ സാദൃശ്യമുള്ള നിരവധി ശിൽപ്പങ്ങൾ നിരത്തി വച്ചിരിക്കുന്നത് കണ്ടു . കൊടി തോരണങ്ങളാലും , മനോഹരങ്ങളായ തൂക്കു വിളക്കുകളാലും , ശിൽപ്പങ്ങളാലും ,ചിത്രങ്ങളാലും അലംകൃതമായ ആ ആരാധനാലയത്തിന്റെ സൌന്ദര്യം എത്ര വർണ്ണിച്ചാലും അധികമാവില്ല ,അത് കണ്ടു തന്നെ അറിയേണ്ടതാണ്. കൂടാതെ മറ്റ് സ്ഥലങ്ങളിൽ വളരെ കൂടിയ വിലയിൽ പ്രദർശിപ്പിച്ചിരുന്ന പല കൌതുക വസ്തുക്കളും ഈ ക്ഷേത്രത്തിന്റെ താഴത്തെ നിലയിലുള്ള സൂവനീർ ഷോപ്പിൽ നിന്ന് മിതമായ നിരക്കിൽ ലഭിച്ചു എന്നതും എടുത്ത് പറയേണ്ട ഒരു കാര്യം തന്നെയാണ് . ചൈനീസ് രീതിയിലുള്ള പ്രതിമകളും, ബുദ്ധ ഭഗവാന്റെയും ,മറ്റ് ഹൈന്ദവ ദേവതകളുടെയും പൂർണ്ണത തികഞ്ഞ രൂപങ്ങളും, മലേഷ്യൻ ഗോപുരങ്ങളുടെ ചെറിയ മോഡലുകളും എല്ലാം അവിടെ ന്യായമായ വിലയ്ക്ക് ലഭിച്ചപ്പോൾ ഇതറിയാതെ മുൻ ദിവസങ്ങളിൽ വലിയ വിലയ്ക്ക് വാങ്ങിയതോർത്ത് കുറച്ച് പ്രയാസം തോന്നാതിരുന്നില്ല .
ത്യാൻ ഹോ ക്ഷേത്രത്തിന് മുന്നിലുള്ള വിളക്ക്
ക്ഷേത്രത്തിനുള്ളിലെ പ്രതിഷ്ഠകൾ
വ്യാളി
ത്യാൻഹോ ക്ഷേത്രം
ബുദ്ധ സന്യാസിമാരുടെ രൂപ സാദൃശ്യമുള്ള ശിൽപ്പങ്ങൾ
എന്തായാലും വളരെ വൈകിയാണെങ്കിലും ഇങ്ങനെയൊരു ഭാഗ്യം കിട്ടിയതിൽ സന്തുഷ്ടരായി ഞങ്ങൾ പുറത്തിറങ്ങി . വെള്ളി മേഘങ്ങൾ അണിനിരന്ന നീലാകാശത്തിന് താഴെ ഉയർന്നു നിൽക്കുന്ന പഗോടകളുടെയും വളഞ്ഞു ചുറ്റിക്കിടക്കുന്ന വ്യാളികളുടെയും അകമ്പടിയോടെ വർണ്ണക്കാഴ്ച വാരി വിതറി നിന്നിരുന്ന ആ മഹാ സൌധത്തെ ഒന്നു കൂടി തിരിഞ്ഞു നോക്കിക്കൊണ്ട് ഞങ്ങൾ തിരിച്ചു പോകാൻ ഇറങ്ങി.
നെറ്റ് വർക്ക് പ്രശ്നം കാരണം ഗ്രാബ് ബുക്ക് ചെയ്യാൻ പല തവണ ശ്രമിച്ചിട്ടും ലഭിക്കാൻ താമസം നേരിട്ട് വിഷമിച്ചു നിൽക്കുമ്പോൾ പെട്ടെന്ന് തന്നെ മുജീബ് റഹ്മാൻ എന്ന ഒരു മലയാളി, "ദയയുടെ ദേവനായി" ഞങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു . ട്രാവൽ ഏജൻസിയും ,മറ്റ് പല ബിസിനസുകളുമായി മലേഷ്യയിൽ വർഷങ്ങളായി കഴിയുന്ന തൃശൂർ സ്വദേശിയായിരുന്നു അദ്ദേഹം. ഞങ്ങളുടെ എല്ലാ കാര്യങ്ങളും വിശദമായി കേട്ടിട്ട് ഏറ്റവും മോശമായ അനുഭവമാണ് അവിടെ ഉണ്ടായതെന്നും ഇങ്ങനെയൊന്നുമല്ല ഗസ്റ്റിനെ സ്വീകരിക്കേണ്ടതെന്നും ഇനി എപ്പോഴെങ്കിലും വരുന്നുണ്ടെകിൽ വേണ്ടതായ എല്ലാ സഹായങ്ങളും ചെയ്തു തരാമെന്നും അദ്ദേഹം പറഞ്ഞു.കൂടാതെ അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് ഗ്രാബ് ബുക്ക് ചെയതു തന്നെന്നു മാത്രമല്ല തനി കേരളീയ രീതിയിലുള്ള ആഹാരം ലഭിക്കുന്ന “ദാവത് (DAAWAT)”എന്ന നല്ല ഒരു ഹോട്ടലിനെ പറ്റിയും പറഞ്ഞു തന്നു . ഗ്രാബ് എത്തിയതോടെ ആ നല്ല മനുഷ്യന് നന്ദി പറഞ്ഞ് ഫോൺ നമ്പറും വാങ്ങിയിട്ട് ഞങ്ങൾ ‘ദാവത് ഹോട്ടൽ’ ലക്ഷ്യമാക്കി പോയി . ഞങ്ങളുടെ താമസ സ്ഥലത്തിന് തൊട്ടടുത്തായിരുന്നു 'ദാവത്' എന്ന മലയാളി ഹോട്ടൽ . ഒന്നാം ഓണമായിരുന്ന അന്ന് ഇലയിട്ട് നല്ല ഒന്നാന്തരം ഓണ സദ്യയായിരുന്നു അവിടെ നിന്നും ഞങ്ങൾക്ക് ലഭിച്ചത് .
യാത്ര പുറപ്പെടുന്നതിന് മുൻപ് നാട്ടിലെ ഏജൻസിയായ സോമൻസിനോടും പല തവണ പറഞ്ഞിരുന്നതാണ് കേരളീയ ഭക്ഷണം ലഭിക്കുന്ന സ്ഥലം പറഞ്ഞു തരണമെന്ന് ,പക്ഷേ ഈ ഭക്ഷണശാലയെ പറ്റി പറയാഞ്ഞത് അവർക്ക് അറിയാത്തത് കൊണ്ടായിരിക്കും എന്നാണ് കരുതിയത് . തിരിച്ചു വന്ന് കഴിഞ്ഞ് സോമൻസിനോട് ഇക്കാര്യം ചോദിച്ചപ്പോൾ അവർക്ക് അറിയാവുന്ന ഹോട്ടലാണ് ദാവത് എന്നായിരുന്നു ഉത്തരം , ഇതിനൊക്കെ എന്ത് മറുപടിയാണ് പറയേണ്ടത് !?
ഊണ് കഴിഞ്ഞ് സ്വിസ് ഗാർഡൻ ഹോട്ടലിൽ എത്തി അവസാന വട്ട പായ്ക്കിങ് കൂടി നടത്തി നാടും വീടും കാണാനുള്ള ഔത്സുക്യത്തോടെ ഞങ്ങൾ മുറിയിൽ റെഡിയായിരുന്നു. പന്ത്രണ്ട് മണി ആയിരുന്നു ഹോട്ടലിലെ ചെക്ക് ഔട്ട് സമയം. എയർപ്പോർട്ടിലേക്കുള്ള പിക്കപ്പ് ആറുമണി എന്ന് പറഞ്ഞിരുന്നതിനാൽ ഹോട്ടലിൽ ഇരിക്കാനുള്ള സമയം മുന്നേ തന്നെ നീട്ടിയെടുത്തിരുന്നു. നാഷണൽ ഡേ ആഘോഷങ്ങൾ നടന്നിരുന്ന സമയമായത് കൊണ്ട് മണിക്കൂറുകളോളം റോഡ് ബ്ലോക്ക് ആകുമെന്ന് മുന്നറിയിപ്പ് കിട്ടിയിരുന്നതിനാൽ എയർ പോർട്ടിലേക്ക് പോകാൻ നാലു മണിയ്ക്ക് കാർ അയയ്ക്കണമെന്ന് തലേ ദിവസം ഏജൻസിയോട് ആവശ്യപ്പെട്ടിരുന്ന കാര്യം മുൻപ് പറഞ്ഞിരുന്നല്ലോ അപ്പോൾ അവർ കുറേ ബുദ്ധിമുട്ടുകൾ പറഞ്ഞിരുന്നു . എന്നാൽ പിന്നെ സ്വന്തമായി ടാക്സി എടുത്ത് പൊയ്ക്കൊള്ളാമെന്ന് ഞങ്ങൾ പറഞ്ഞെങ്കിലും അവസാനം അവർ സമയത്ത് കാർ അയച്ചു തന്നു .
വളരെ നേരത്തെ തന്നെ ഞങ്ങൾ കുലാലമ്പൂർ എയർപ്പോർട്ടിലെത്തി. സമാധാനമായി അവിടത്തെ കാഴ്ചകളും മറ്റും കണ്ട് സെക്യൂരിറ്റി ചെക്കിൻ ചെയ്ത് കഴിഞ്ഞപ്പോൾ വീണ്ടും ഒരു ബുദ്ധിമുട്ട് ഉണ്ടായി. സാധാരണയായി വിമാനത്തിൽ വെള്ളം കൊണ്ടു പോകാൻ നിയന്ത്രണങ്ങളുള്ളതായി അറിയാം എങ്കിലും 100 മില്ലി വരെ ചിലയിടത്ത് അനുവദിക്കും അല്ലെങ്കിൽ ചെക്കിൻ കഴിഞ്ഞ് കുപ്പിയിൽ വെള്ളം നിറയ്ക്കാനുള്ള സൌകര്യമെങ്കിലും (water dispenser ) ഉണ്ടായിരിക്കും. പക്ഷേ ഈ കുലാലമ്പൂരിൽ മാത്രം ഒരു തുള്ളി വെള്ളം പോലും അനുവദിക്കുകയുമില്ല ,ഡിസ്പെൻസറും ഇല്ല,ഒരു വാഷ് റൂം പോലുമില്ലാത്ത അടച്ചിട്ട ഒരു ചില്ല് കൂട്ടിൽ ബന്ധനസ്ഥരെ പോലെ ഇരിക്കേണ്ടി വന്നു. ബാലി യാത്രാ സമയത്തും ഇതേ എയർപ്പോർട്ടിൽ വച്ച് മറ്റൊരാൾക്ക് വെള്ളം അത്യാവശ്യം വന്നിട്ട് കിട്ടിയില്ലെന്ന് മാത്രമല്ല,വിമാനത്തിൽ കയറിയിട്ട് വെള്ളം ചോദിച്ചപ്പോൾ പണം കൊടുക്കാൻ പറഞ്ഞു, അതും ഡോളർ പോരാ റിങ്കറ്റ് തന്നെ വേണം താനും,എന്തൊക്കെ നിർബന്ധങ്ങളാണെന്ന് നോക്കണേ ! . ഇത്തവണ കഷ്ടകാലത്തിന് ചെക്കിൻ കഴിഞ്ഞാണ് ചേട്ടൻ മുടക്കാൻ പാടില്ലാത്ത ഒരു മരുന്ന് കഴിക്കുന്ന കാര്യം ഓർത്തത് . ഒരു തുള്ളി വെള്ളം ഇല്ല , പിന്നെ കയ്യിലുണ്ടായിരുന്ന ഒരു പലഹാരത്തിൽ പൊതിഞ്ഞ് ഗുളിക വിഴുങ്ങുകയായിരുന്നു. മനുഷ്യത്വ രഹിതമായ ഇങ്ങനെയുള്ള പ്രവർത്തികൾ ചെയ്യുന്നവർക്ക് അതിനുള്ള ശിക്ഷ എവിടെനിന്നെങ്കിലും കിട്ടും ഉറപ്പ് .ഏതായാലും ഇനി ഈ സ്ഥലത്തേക്ക് വരേണ്ടി വരരുതേ ഇന്ന് പ്രാർത്ഥിച്ചുകൊണ്ട് 11 മണിയോടെ മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി.
എല്ലാ യാത്രകളും നമ്മെ ഓരോ കാര്യങ്ങൾ പഠിപ്പിക്കുന്നു. എല്ലായ്പ്പോഴും യാത്രകൾ ആസ്വാദ്യകരവും സുഖമുള്ളതും ആയിക്കൊള്ളണമെന്നില്ലല്ലോ, വിപരീത കാലാവസ്ഥ ,പെട്ടെന്നുണ്ടാകുന്ന രോഗങ്ങൾ, കാണാനെത്തിയ സ്ഥലത്തെ പ്രത്യേക സാഹചര്യങ്ങൾ,പിന്നെ ഇത്തവണ ഞങ്ങൾക്കുണ്ടായതു പോലെയുള്ള അവസ്ഥകൾ എന്നിങ്ങനെ പല കാര്യങ്ങൾ കൊണ്ട് യാത്രാനുഭവങ്ങൾ പ്രതീക്ഷിച്ചത് പോലെ വന്നെന്നിരിക്കില്ല. ഓരോ യാത്രകളിലും ഉണ്ടാകുന്ന അനുഭവങ്ങൾ നമ്മെ പുതിയ പുതിയ പാഠങ്ങളാണ് പഠിപ്പിക്കുന്നത്. അങ്ങനെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ അവയുടെ ഗുണ ദോഷങ്ങൾ ഉൾക്കൊണ്ട് വിശകലനം ചെയ്ത് പുതിയ യാത്രകൾ ചെയ്യാൻ നാം പ്രാപ്തരാകുന്നു. അറിവ് ,ചിന്താ ശക്തി പക്വത, കരുതൽ , എന്നിങ്ങനെ പല ഗുണങ്ങൾ നേടിത്തരുന്ന യാത്രകൾ എന്നും നമുക്ക് പ്രചോദനമാണ്.....
ഗീത 15/09/2024