മാവേലിക്കരയിലൂടെ
അച്ചൻകോവിലാറിലെ കുഞ്ഞോളങ്ങളുടെ
പരിലാളനയാൽ മരതക കാന്തിയണിഞ്ഞ മനോഹരിയായ മാവേലിക്കര !!! - മഹത്തായ കലാ
സാഹിത്യ, പൈതൃക സംസ്കാരങ്ങളാൽ മലയാളക്കരയെ സമ്പന്നമാക്കുന്ന നാട്. മാഹാബലിക്കരയെന്നും
,ഓണാട്ടുകരയെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന പ്രകൃതി രമണീയമായ ഈ നാട്
മഹാക്ഷേത്രങ്ങളാലും , പുരാതനമായ പള്ളികളാലും, മത സൌഹാർദ്ദത്തിന്റെ മകുടോദാഹരണമായി
പ്രശോഭിക്കുന്നു . അരയാൽ മര മുത്തശ്ശൻമാർ തണൽ വിരിച്ചു നിൽക്കുന്ന വീഥികളാലും രാജപ്രതാപം വിളിച്ചോതുന്ന
കൊട്ടാരക്കെട്ടുകളാലും , ചരിത്രമുറങ്ങുന്ന മന്ദിരങ്ങളാലും പാരമ്പര്യത്തിന്റെ
തിളക്കമേറ്റു വാങ്ങി മദ്ധ്യ തിരുവിതാംകൂറിലെ ഈ കൊച്ചു പട്ടണം ശിരസ്സ് ഉയർത്തി
നിൽക്കുകയാണ് . അങ്ങനെയുള്ള ആ മാവേലിക്കരയുടെ സാംസ്കാരിക പൈതൃക, ചരിത്ര വഴികളിലൂടെ
ഒരു ചെറു പ്രദക്ഷിണമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.
മാവേലിപ്പുഴയെന്ന അച്ചൻ കോവിലാറിൻറെ കര പ്രദേശം എന്നും, കണ്ടിയൂർ
ക്ഷേത്രത്തിൻറെ ഊരാൺമക്കാരിൽ പെട്ട മാവേലി
ഇല്ലത്തിന്റെ ദേശമെന്നും , കേരളക്കര വാണിരുന്ന അസുര രാജാവായിരുന്ന മഹാബലി എന്ന മാവേലിയുടെ
കരയെന്നും, തുടങ്ങി സ്ഥലനാമം ലഭിക്കാനുണ്ടായ പല കാരണങ്ങളും പലരും
പറഞ്ഞു കേൾക്കുന്നു .
മാർത്താണ്ഡ വർമ്മ മഹാരാജാവ്
തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്ത് 1737 ൽ
രാമയ്യൻ , ദളവയായി നിയമിക്കപ്പെടുകയും അദ്ദേഹം
പണ്ടക ശാല കെട്ടി മാവേലിക്കരയിൽ ആസ്ഥാനം ഉറപ്പിക്കുകയും ചെയ്തതോടെ
മാവേലിക്കരയുടെ പേരും പെരുമയും വർദ്ധിച്ചു. അതോടെ മാവേലിക്കര തിരുവിതാംകൂറിന്റെ
വ്യാപാര തലസ്ഥാനമായി ഉയർന്നു . കായംകുളം സൈന്യാധിപനായിരുന്ന അച്യുത വാര്യരെ
രാമയ്യൻ ദളവ കൊലപ്പെടുത്തിയത്തോടെ ആ ദേശത്തിന്റെ ശക്തി ക്ഷയിച്ച് അതു കൂടി വേണാടിൽ
ലയിക്കുകയും, തന്മൂലം ദളവ രാജാവിന്റെ പ്രീതിയ്ക്ക് പാത്രീ ഭവിക്കുകയും ചെയ്തു. ഭരണ
സ്ഥിരതയ്ക്കും രാജ്യ രക്ഷയ്ക്കുമായി രാമയ്യൻ ദളവ മാവേലിക്കരയിൽ ഒരു കോട്ട
നിർമ്മിച്ചുവെങ്കിലും വേലുത്തമ്പി ദളവയുടെ
കാലത്തുണ്ടായ കലാപത്തിന് ശേഷം മെക്കാളെ
പ്രഭു കോട്ട നശിപ്പിച്ചു കളഞ്ഞു. ഈ പ്രദേശം ഇന്നും “കോട്ടയ്ക്കകം” എന്നാണ്
അറിയപ്പെടുന്നത് . ആദ്യ ഭാര്യ മരിച്ചതിന് ശേഷം രാമയ്യൻ ദളവ സംബന്ധം ചെയ്തത് ഇടശ്ശേരി കുടുംബത്തിൽ നിന്നായിരുന്നുവെന്നും
അദ്ദേഹം അന്ത്യ വിശ്രമം കൊള്ളുന്നത് ഇതിന്
സമീപ പ്രദേശത്താണെന്നും
പറയപ്പെടുന്നു . ദളവാ മഠം
അല്ലെങ്കിൽ ദളവാപ്പുറം എന്ന പേരിൽ ഒരു രണ്ടു നിലക്കെട്ടിടം ഇന്നും കോട്ടയ്ക്കകത്ത്
കാണാവുന്നതാണ്.
മഹാരാജാവിന്റെ ഏറ്റവും വിശ്വസ്തനായ മന്ത്രിയായിരുന്ന ദളവയുടെ അവസാന നാളുകളിലായിരുന്നു ഡച്ചുകാരുടെ ഇങ്ങോട്ടുള്ള കടന്നു കയറ്റം. കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് തേടി വന്ന ലന്തക്കാർ (ഡച്ചുകാർ ) നാട്ടു രാജ്യങ്ങളെ തമ്മിലടിപ്പിച്ച് അധികാരം പിടിച്ചെടുക്കാൻ ശ്രമിച്ചുവെങ്കിലും അത് വിജയിച്ചില്ല. 1753 ലെ ഉടമ്പടി പ്രകാരം അവർ തിരുവിതാംകൂറിനെ ആക്രമിക്കുകയില്ലെന്നും, കുരുമുളകിന് പകരമായി യുദ്ധ സാമഗ്രികൾ നൽകാമെന്നും, രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയില്ലെന്നും, ശത്രുക്കളെ സഹായിക്കുകയില്ലെന്നും കരാർ ഒപ്പ് വച്ചു . ഈ ഉടമ്പടി ഒപ്പിട്ടത് മാവേലിക്കരയിൽ വച്ചായിരുന്നതിനാൽ ഇതിന്റെ ഓർമ്മയ്ക്കായി ഇതേ വർഷം തന്നെ പീഠത്തിൽ തോക്ക് പിടിച്ചു നിൽക്കുന്ന ഡച്ച് പടയാളികളുടെ പ്രതിമകളുള്ള ഒരു സ്തംഭ വിളക്ക് (കമ്പ വിളക്ക്) ഡച്ചുകാർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സംഭാവനയായി നൽകി . അത് ഇന്നും ക്ഷേത്രത്തിന് മുന്നിൽ കാണാവുന്നതാണ് .
വിളക്കിന്റെ നാലു മൂലയ്ക്കും ഡച്ച് പടയാളികൾ തോക്കുമായി നിൽക്കുന്നത് കാണാം
തോക്കുമായി നിൽക്കുന്ന ഡച്ച് പടയാളി
ഇനി മാവേലിക്കരയ്ക്ക് ,
രാജകുടുംബവുമായുള്ള ബന്ധവും , രാജവംശ പരമ്പര ഇവിടെ വന്നു ചേരുവാനുണ്ടായ
സാഹചര്യമെന്തെന്നും ചുരുക്കി പറയാം . ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കോലത്ത് നാട്ടിൽ (മലബാർ) നിന്ന് കോവിലകക്കാരിൽ
ഒരു വിഭാഗം ആൾക്കാർ അവിടെ നിന്ന് പലായനം ചെയ്ത് അഭയാർത്ഥികളായി മാവേലിക്കരയിൽ എത്തി അഭയം തേടിയിരുന്നു . അവരിൽ
നിന്ന് പല കാലങ്ങളിലായി അനേകം
തമ്പുരാട്ടിമാരെ തിരുവിതാംകൂർ രാജവംശത്തിലേക്ക് ദത്തെടുത്തിട്ടുണ്ട് . അങ്ങനെ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത്
മാവേലിക്കര നിന്നും ദത്തെടുത്തിരുന്ന രണ്ടു തമ്പുരാട്ടിമാരിൽ മൂത്ത തമ്പുരാട്ടി
ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന് പ്രായ പൂർത്തി ആകുന്നത് വരെ റീജന്റ് റാണി (രാജ
പ്രതിനിധി ) ആയി നാട് ഭരിക്കുകയുണ്ടായി . ഇളയ തമ്പുരാട്ടി നമുക്കേവർക്കും
പരിചിതയായ അശ്വതി തിരുനാൾ ഗൌരി ലക്ഷ്മീ
ഭായി തമ്പുരാട്ടിയുടെ അമ്മൂമ്മയാണ് . രാജ കുടുംബാംഗങ്ങൾ താമസിച്ചിരുന്ന അനേകം
കൊട്ടാരങ്ങൾ പഴമയുടെ പ്രതീകങ്ങളായി ഇന്നും മാവേലിക്കരയിൽ നിലകൊള്ളുന്നുണ്ട് , അതിൽ
ഏറ്റവും പഴക്കമുള്ള കൊട്ടാരം തെക്കേ
കൊട്ടാരമാണെന്നാണ് അറിയുന്നത് . മണ്ണൂർ
മഠം കൊട്ടാരം, വലിയ കൊട്ടാരം ,പുത്തൻ കൊട്ടാരം,
വട്ടപ്പറമ്പ് കൊട്ടാരം എന്നിവയാണ്
പ്രമുഖങ്ങളായ മറ്റ്
കൊട്ടാരങ്ങൾ . രാജ പരമ്പരയിലുള്ള അനേകം
കുടുംബങ്ങൾ ഇന്നും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ സമീപത്തായി
കഴിഞ്ഞു വരുന്നുണ്ട് .
തെക്കേ കൊട്ടാരം
ചരിത്ര പരമായും , സാംസ്കാരിക പരമായും, കലാപരമായും ഉന്നത സ്ഥാനമലങ്കരിക്കുന്ന മാവേലിക്കര, സാഹിത്യം , സംഗീതം, ചിത്രകല, കഥകളി, വിദ്യാഭ്യാസം ,രാഷ്ട്രീയം തുടങ്ങി നാനാ മേഖലകൾക്കും അതി ബൃഹത്തായ സംഭാവനകളാണ് നൽകിയിട്ടുള്ളത്.
വൈയാകരണകാരൻ,നിരൂപകൻ
,കവി,അദ്ധ്യാപകൻ ,വിദ്യാഭ്യാസ പരിഷ്ക്കർത്താവ്
എന്നീ നിലകളിൽ പ്രശസ്തനായ “കേരള
പാണിനി എന്ന അപരനാമധേയത്താൽ അറിയപ്പെടുന്ന എ ആർ രാജ രാജ വർമ്മ മാവേലിക്കരയുടെ
പ്രിയ പുത്രനാണ് . അദ്ദേഹത്തിന്റെ വസതിയാണ് ശാരദ മന്ദിരം .
ശാരദ മന്ദിരം – വസതിയ്ക്ക് മുന്നിൽ കേരളപാണിനിയുടെ പ്രതിമ
രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സ്
കയ്യിൽ ചിത്ര രചനയ്ക്ക് വേണ്ട ബ്രഷും ,പാലറ്റുമായി ഫൈൻ ആർട്സ് കോളേജിലേക്ക് നോക്കി നിൽക്കുന്ന രവി വർമ്മ തമ്പുരാൻറെ ഒരു ശിൽപ്പം, കോളേജിന് എതിർ വശത്തുള്ള ഓഫീസ് കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട് .
രാജാ രവി വർമ്മ
അതു പോലെ പൊതു വിദ്യാഭ്യാസത്തിന്റെ
പ്രാധാന്യം മനസ്സിലാക്കി ദീർഘ ദർശനത്തോടെ മഹാരാജാവ് തിരുവിതാംകൂറിൽ ആദ്യം ആരംഭിച്ച
അഞ്ച് സ്കൂളുകളിൽ ഒന്നാണ് മാവേലിക്കര ഗവ. ബോയ്സ് ഹൈ സ്കൂൾ . വളരെ ഉന്നത നിലവാരം
പുലർത്തിയിരുന്നതും , മാവേലിക്കരയുടെ തിലകക്കുറിയുമായിരുന്നു ഒരിക്കൽ ആ വിദ്യാലയം
. എത്രയോ മഹത് വ്യക്തികളുടെ വിദ്യാഭ്യാസ കാലം അയവിറക്കി നിൽക്കുന്ന സ്കൂൾ ഇന്ന്
തൃപ്തികരമായ നിലവാരത്തിലാണോ എന്ന് സംശയമുണ്ട്. ഹൈ സ്കൂൾ തലം വരെയുള്ള പഠന
സൌകര്യങ്ങൾ ലഭിക്കുന്ന നിരവധി വിദ്യാഭ്യാസ
സ്ഥാപനങ്ങൾ പിന്നീട് ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും , സി എസ് ഐ സഭയുടെ
കീഴിലുള്ള ബിഷപ്പ് മൂർ കോളേജ് മാത്രമാണ്
മാവേലിക്കരയ്ക്ക് സ്വന്തമായിട്ടുള്ള
ഒരേ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം. ഭാരതത്തിലെന്ന പോലെ , വിദേശ നാടുകളിലും ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങൾ
അലങ്കരിക്കുന്ന നിരവധി വ്യക്തികൾ ഈ കലാലയത്തിന്റെ പ്രിയ സന്തതികളാണ്.
കേരളത്തിൽ ബുദ്ധമതം
പ്രചരിച്ചിരുന്ന കാലത്ത് മാവേലിക്കരയും
അതിന്റെ ഒരു ആസ്ഥാനമായിരുന്നതായി ചരിത്രം പറയുന്നു . ബുദ്ധവിഹാര
കേന്ദ്രമായിരുന്ന കണ്ടിയൂർ പ്രദേശത്ത് മഹാദേവ ക്ഷേത്രം പുനരുദ്ധരിക്കപ്പെട്ടതോടെ ബുദ്ധമതം ക്ഷയിച്ചു തുടങ്ങുകയും കാലാന്തരത്തിൽ
അതിന്റെ തിരുശേഷിപ്പുകൾ പലയിടത്തു നിന്നും കണ്ടെടുത്ത് പരിരക്ഷിച്ചു വരികയും
ചെയ്യുന്നു . ഇന്ന് മാവേലിക്കര ശ്രീകൃഷ്ണ
സ്വാമി ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തായി ബുദ്ധ ജംഗ്ഷനിൽ കാണാവുന്ന ബുദ്ധ വിഗ്രഹം
കണ്ടിയൂർ കുളത്തിൽ നിന്ന് ലഭിച്ചതാണെന്ന്
പറയപ്പെടുന്നു.
എട്ടാം നൂറ്റാണ്ടിലേതെന്ന് പറയപ്പെടുന്നതും
പതിനൊന്നാം നൂറ്റാണ്ടിൽ പുനരുദ്ധരിക്കപ്പെട്ടതുമായ ദക്ഷിണ കാശി എന്ന് വിവക്ഷിക്കപ്പെടുന്ന പുണ്യ
പുരാതന ക്ഷേത്രമാണ് കണ്ടിയൂർ മഹാദേവ ക്ഷേത്രം . പരശുരാമനാൽ പ്രതിഷ്ഠ ചെയ്യപ്പെട്ട
108 ശിവാലയങ്ങളിൽ ഒന്നാണെന്നും ,ഋഷി മാർക്കണ്ഡേയ പിതാവുമായി
ബന്ധപ്പെട്ടതാണെന്നും തുടങ്ങി നിരവധി
ഐതീഹ്യങ്ങൾ ഈ മഹാ ക്ഷേത്രത്തെ പറ്റി പ്രചരിച്ചു കേൾക്കുന്നുണ്ട് . പതിനാലാം
നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിലും , കേരളവർമ്മ വലിയ
കോയിത്തമ്പുരാന്റെ “മയൂര സന്ദേശം” എന്ന സന്ദേശ കാവ്യത്തിലും ഈ ക്ഷേത്രത്തെ
പറ്റി പ്രതിപാദിച്ചിട്ടുള്ളതായി
കാണാം .
ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് മുന്നിലുള്ള ബുദ്ധ പ്രതിമ
മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൻറെ അച്ചൻ കോവിലാറ്റിൻ തീരത്തുള്ള ആറാട്ട് കടവും കൽ മണ്ഡപവും.
മത സൌഹാർദ്ദത്തിന് പേരു കേട്ട
മാവേലിക്കരയിൽ ക്ഷേത്രങ്ങൾ കൂടാതെ നിരവധി
ക്രിസ്തീയ ആരാധനാലയങ്ങളുമുണ്ട് . ഇതിൽ ഏറ്റവും പുരാതനവും ബ്രിട്ടീഷ് വാസ്തു ശിൽപ്പ
രീതിയിൽ നിർമ്മിച്ചിട്ടുള്ളതുമായ പള്ളിയാണ്
സി എസ് ഐ പള്ളി. വൈദികനായ ജോസഫ്
പീറ്റ് ആണ് മനോഹരമായ ഈ പള്ളി സ്ഥാപിച്ചതെന്ന്
പറയപ്പെടുന്നു. സെൻറ് മേരീസ് കത്തീഡ്രൽ ,സെൻറ്
ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി ഇവയെല്ലാം മാവേലിക്കരയിലെ പുരാതനമായ ക്രൈസ്തവ
ദേവാലയങ്ങളാണ് . പരുമല തിരുമേനിയേയും ,ശ്രീ ശുഭാനന്ദ ഗുരുവിനെപ്പോലെയും ഉള്ള
ആദ്ധ്യാത്മിക നായകന്മാരുടെ
പാദസ്പർശത്താൽ മാവേലിക്കര പരിപാവനമായ നാടായിത്തീർന്നു.
സി എസ് ഐ പള്ളി
സാഹിത്യകാരനായിരുന്ന എൻ പി ചെല്ലപ്പൻ
നായർ ,അദ്ദേഹത്തിന്റെ മകൻ മുൻ ചീഫ് സെക്രട്ടറി ശ്രീ സി പി നായർ ഐ എ എസ് , പ്രശസ്ത ഭിഷഗ്വരൻ ഡോക്ടർ എം എസ് വല്യത്താൻ,
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഐ എൻ എ യിൽ ഉണ്ടായിരുന്ന ഡോക്ടർ പ്രസാദ്, കാർട്ടൂണിസ്റ്റ് അബൂ എബ്രഹാം, നാടക ചലച്ചിത്ര
രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന മാവേലിക്കര പൊന്നമ്മ , നരേന്ദ്ര പ്രസാദ്
എന്നിവരെല്ലാം മാവേലിക്കര
സ്വദേശികളാണെന്ന് അഭിമാനപുരസ്സരം പ്രസ്താവിക്കട്ടെ . നോവലിസ്റ്റ് പാറപ്പുറത്ത് ,
രാഷ്ട്രീയ നേതാവായിരുന്ന സി എം സ്റ്റീഫൻ എന്ന് തുടങ്ങി മാവേലിക്കരയുടെ പേര്
ലോകത്തിന്റെ നിറുകയിലെത്തിച്ച പ്രഗത്ഭരുടെ പേരുകൾ പറഞ്ഞാൽ ഒരു നീണ്ട നിര തന്നെയുണ്ട്. മാവേലിക്കരയിൽ തായ് വേരുകളുള്ള എത്രയോ മഹത്തുക്കൾ ഇനിയും
പരാമർശിക്കപ്പെടേണ്ടതായുണ്ടെന്ന് പറയേണ്ടിയിരിക്കുന്നു.
ആദ്യകാലങ്ങളിൽ മറ്റ്
ദേശങ്ങൾക്ക് ലഭിക്കാതിരുന്ന സൌഭാഗ്യങ്ങളായ സർക്കാരിന്റെ നൂറേക്കർ കൃഷിത്തോട്ടം , ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്
,ജില്ലാ കോടതിയും, ജയിലും , കെ എസ്
ആർ ടി സി റീജിയണൽ വർക്ക് ഷോപ്പ്
എന്നിവയൊക്കെ ഉണ്ടായിട്ടും പിന്നീട് ഈ ദേശത്തിന്റെ വളർച്ചയും വികസനവും മുരടിച്ചു
നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത് .
ക്ഷേത്ര സങ്കേതങ്ങളും ,വിശുദ്ധ
ദേവാലയങ്ങളും ,അഗ്രഹാരങ്ങളും , കോവിലകങ്ങളും, കഥ പറയുന്ന ഈ നാട്ടിൽ എത്രയോ സാധാരണ
കുടുംബങ്ങൾ ഐകമത്യത്തോടെ സുഖമായി കഴിഞ്ഞു വരുന്നു . ഗതകാല പ്രൌഢി വിളംബരം ചെയ്തു
നിൽക്കുന്ന ഈ ചെറിയ ദേശം ഇന്നും വികസനത്തിൻറെ കാര്യത്തിൽ വിളിപ്പാടകലെയാണെന്നതാണ്
വസ്തുത .
പ്രശസ്തരുടെ കയ്യൊപ്പ് പതിഞ്ഞ സംസ്കാര സമ്പന്നമായ മാവേലിക്കര എന്ന ഈ നാട് നാൾക്ക്
നാൾ ഉത്കർഷം പ്രാപിക്കട്ടെ എന്നാശംസിക്കുന്നു !!!!.
ഗീത
12/03/2024