മെഹ്റാൻ
ഗാർഹ് ന്‍റെ വിജയ ഗാഥ -രജപുത്താന ഭാഗം
4
-നന്ദ-
മാർവാറിലെ രാജാവായിരുന്ന രാജാ ജോധാ റാവു സമീപ പ്രദേശങ്ങൾ കൂടി ആക്രമിച്ച് കീഴ്പ്പെടുത്തി ഉണ്ടാക്കിയ നഗരമാണ് ജോധ്പൂർ എന്ന് മുൻപ് പറഞ്ഞിരുന്നല്ലോ. മരുഭൂമിയിലെ കൊടും ചൂടിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയും, മഹാവിഷ്ണുവിന്‍റെയും, മഹാദേവന്‍റെയും നിറം നീലയായതിനാലും, കൊതുകുകളെ അകറ്റി നിർത്താമെന്നതിന്നാലും നഗരത്തിലെ കെട്ടിടങ്ങൾക്കെല്ലാം നീലനിറം നൽകിയെന്നും, അങ്ങനെ ഈ നഗരത്തിന് നീല നഗരമെന്ന് പേരു വന്നെന്നുമാണ് ചരിത്രം. നീല നഗരിയിലേക്കുള്ള സുദീർഘമായ യാത്രയ്ക്കിടെ . വഴിയരികിലെല്ലാം ധാരാളം ഒട്ടകങ്ങളെ കണ്ടത് കൊണ്ടായിരിക്കാം മഹേന്ദ്രയുടെ അന്നത്തെ വിശദീകരണം അവയെ പറ്റി ആയിരുന്നു. ജയ് സാൽ മീർ ഒട്ടകങ്ങൾ ചെറിയ മഞ്ഞ നിറമുള്ളതും ഉയരം കൂടി മെലിഞ്ഞവയും നല്ല വേഗതയുള്ളവയും ആണെങ്കിൽ ബിക്കാനീർ ഒട്ടകങ്ങൾ ഉയരം കുറഞ്ഞ് ബ്രൌൺ നിറമൂള്ളവയും ആണെന്നാണ് പറയുന്നത്. ഉപ്പ് രസമുള്ള ഒട്ടകപ്പാൽ ശരീരത്തിന് ഗുണമുള്ളതുമാണെങ്കിലും 50 -100 ml നു മുകളിൽ കഴിച്ചാൽ ദഹനം പ്രയാസമായിരിക്കുമത്രേ .“മരുഭൂമിയിലെ കപ്പൽ” എന്നറിയപ്പെടുന്ന ഒട്ടകത്തിന്‍റെ സേവനം യാത്രകൾക്ക് മാത്രമല്ല അതിർത്തി പ്രദേശങ്ങളിൽ സന്ദേശങ്ങൾ കൈമാറാനും അനിവാര്യമാണ്. കഥകൾ കേട്ടു കേട്ടിരിക്കുമ്പോൾ ഒരു ഈന്തപ്പഴ ഫാമിന് (Dates Farm)മുന്നിൽ ബസ് നിർത്തി. ഈന്തപ്പനകൾ നിരയൊത്തു നിൽക്കുന്ന വലിയ ഒരു ഫാമായിരുന്നു അത്. കവാടം കടന്നു ചെല്ലുമ്പോൾ ഈന്തപ്പഴങ്ങളും അത് കൊണ്ടുണ്ടാക്കിയ മറ്റ് വിഭവങ്ങളും വിൽക്കുന്ന ഒരു കീയോസ്ക്കിൽ നിന്ന് നാട്ടിലേക്ക് കൊണ്ടു പോകാൻ എല്ലാവരും ഈന്തപ്പഴ പാക്കറ്റുകളും അച്ചാറുകളും വാങ്ങി. വില കുറച്ചു കൂടുതലായി തോന്നിയെങ്കിലും ഫാമിൽ നിന്ന് ലഭിച്ച ഫ്രഷ് സാധനങ്ങളായിരുന്നതിനാൽ എല്ലാവരും സന്തുഷ്ടരായിരുന്നു .
ഈന്തപ്പഴ ഫാം
ഈന്തപ്പഴക്കഥകളും ചർച്ചകളും അവസാനിച്ചപ്പോൾ എല്ലാവരും കൂടി അന്താക്ഷരി തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെട്ടതിനാൽ പിന്നീടുള്ള യാത്രകൾ മടുപ്പുളവാക്കിയില്ല സമയം പോയതറിഞ്ഞുമില്ല. ഉച്ച ഭക്ഷണം കഴിക്കാനായി ഹോട്ടലിനരികിൽ വണ്ടി നിർത്തിയപ്പോഴാണ് വിശപ്പിനെ പറ്റി ഓർത്തത് തന്നെ,അത്രയ്ക്കുണ്ടായിരുന്നു ബാച്ച് തിരിഞ്ഞുള്ള മത്സരത്തിന്‍റെ രസം.
സത്യം പറഞ്ഞാൽ ഞങ്ങളുടെ യാത്രയിലെ ഏറ്റവും മോശപ്പെട്ട ശാപ്പാടും,സർവീസും ലഭിച്ച ഒരു ഭക്ഷണശാലയായിരുന്നു അന്നത്തേത് . വിഭവങ്ങൾ മോശമെന്ന് തന്നെയല്ല, വൃത്തിയുമില്ല. പോരാത്തതിന് ഈച്ചകളുടെ വിളയാട്ടവും കൂടി ആയപ്പോൾ ആർക്കും ഭക്ഷണം ശരിക്ക് ആസ്വദിച്ചു കഴിക്കാൻ കഴിഞ്ഞില്ലെന്ന് തന്നെ പറയാം. അവിടെത്തന്നെ ഒരു പുരുഷനും സ്ത്രീയും കൂടി തനി നാടൻ രീതിയിൽ കനലിൽ ബാജ്റാ റോട്ടി ഉണ്ടാക്കുന്നുണ്ടായിരുന്നു. ചൂടോടെ അത് കഴിച്ച് എല്ലാവരും ഒരു വിധം ആശ്വസിച്ചു.
ആഹാരത്തിന്‍റെ നിലവാരക്കുറവ് കൊണ്ടോ അസഹനീയമായ ചൂട് കൊണ്ടോ എന്തോ എല്ലാവരും ബസിൽ കയറിയതോടെ ഉറക്കം തുടങ്ങി.
മെഹ്റാൻഗാർ കോട്ട (Mehrangarh Fort)
നീല നഗരിയിലെ 122 മീറ്ററോളം ഉയരം വരുന്ന ഒരു കുന്നിന്‍റെ മുകളിൽ ഏകദേശം 1200 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഒരു വലിയ കോട്ടയാണ് മെഹറാൻ ഗാർഹ് കോട്ട. ജോധ്പൂരിന്‍റെ തിലകക്കുറി പോലെ ശോഭിക്കുന്ന ബൃഹത്തായ ആ കോട്ട ചുറ്റി നടന്നു കാണുക എന്നത് വളരെ ശ്രമകരമായ കാര്യം തന്നെയാണ്. അതുല്യ ശിൽപ്പ ചാതുര്യത്തിന്‍റെ മകുടോദാഹരണവും അതിപുരാതനവുമായ ഈ കോട്ട മെഹ്റാൻ ഗാഡ് എന്ന അറിയപ്പെടുന്നതിന് ഒരു കാരണമുണ്ട് . “മെഹ്റാൻ” എന്നാൽ -സൂര്യൻ എന്നും “ഗാർഹ്” എന്നാൽ കോട്ട എന്നുമാണ് അർത്ഥം , അതായത് സൂര്യന്‍റെ കോട്ട എന്നാണ് ആ പേരു കൊണ്ട് ഉദ്ദേശിക്കുന്നത്. അന്നത്തെ രാജാക്കന്മാർ സൂര്യ വംശ രാജാവായിരുന്ന ശ്രീരാമ സ്വാമിയെ തങ്ങളുടെ പൂർവ്വികനായി സങ്കൽപ്പിച്ചിരുന്നുവെന്നും അതിനാലാണ് കോട്ടയ്ക്ക് ഇങ്ങനെ നാമകരണം ചെയ്തിരിക്കുന്നതെന്നും തുടക്കത്തിൽ പറഞ്ഞിരുന്നുവല്ലോ.അതി സങ്കീർണ്ണമായ കൊത്തുപണികൾ കൊണ്ട് സമ്പന്നമായ കോട്ടയുടെ തലയെടുത്തുള്ള നിൽപ്പ് രജപുത്ര പ്രതാപത്തെ വിളിച്ചറിയിക്കുന്നത് തന്നെയാണ് .
വൈകുന്നേരമായതോടെ കോട്ട കാണാൻ ധാരളമാളുകൾ എത്തിക്കൊണ്ടിരുന്നു. റാമ്പ് പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴിയിലൂടെ കോട്ടയുടെ മുകളിലേക്ക് നടന്നു കയറാം ,അതിനു പ്രായസമുള്ളവർക്ക് ലിഫ്റ്റിൽ കയറിയും മുകളിലെത്താം. ഞങ്ങൾ അവിടെയെത്തിയപ്പോൾ മുൻപ് പറഞ്ഞുറപ്പിച്ചിരുന്നത് പോലെ ഗൈഡ് മഹേന്ദ്രയുടെ ചങ്ങാതി മൊട്ടത്തലയുള്ള രവി എന്നയാൾ കോട്ടയുടെ വിശദീകരണം തരുന്നതിനായി അവിടെയെത്തിയിട്ടുണ്ടായിരുന്നു. കോട്ടയെപ്പറ്റി രവി വിശദീകരിച്ചു തുടങ്ങിയപ്പോഴേക്കും നടന്നു കയറാൻ പ്രയാസമുള്ളവർ ലിഫ്റ്റിനരികിലേക്ക് പോയെങ്കിലും അവിടെ വലിയ തിരക്കായിരുന്നതിനാൽ കുറച്ചു പേർ മടങ്ങി വന്ന് നടപ്പുകാരായ ഞങ്ങളോടൊപ്പം ചേർന്നു.ജയ്പ്പൂർ ബിക്കാനീർ സൈന്യങ്ങൾക്ക് എതിരായി മഹാരാജ മാൻസിങ് നയിച്ച യുദ്ധ വിജയത്തിന്‍റെ സ്മരണയ്ക്കായി ഏഴു വിജയ കവാടങ്ങൾ ഇവിടെ നിർമ്മിച്ചിട്ടുണ്ട്. അന്നത്തെ ആക്രമണ സമയത്ത് ഏറ്റ പീരങ്കിയുണ്ടകളുടെ ആഘാതം രണ്ടാമത്തെ കവാടത്തിൽ ഇപ്പോഴും കാണാവുന്നതാണ് . വിജയത്തിന്‍റെ വീരസ്മരണകൾ വിളിച്ചോതി നിൽക്കുന്ന ഈ കവാടം “ജയ് പോൾ” (Victory gate ) എന്നാണ് അറിയപ്പെടുന്നത് .
അതിമനോഹരമായി രൂപകൽപ്പന ചെയ്തലങ്കരിച്ച അനേകം കൊട്ടാരങ്ങൾ ഈ കോട്ടയിലുണ്ട്. പ്രണയത്തിന്‍റെ അനുഭൂതിയും, മാധുര്യവും വിളിച്ചോതുന്ന രാധാകൃഷ്ണ പെയിന്റിങ്ങുകൾ ഉള്ള മോത്തിമഹൽ (പേൾ പാലസ്), മെഡിറ്റേഷനായി ഉപയോഗിച്ചിരുന്ന ഷീഷ് മഹൽ (മിറർ പാലസ്) അതിമനോഹരമായ ഒരു പുഷ്പം പോലെ അലങ്കരിച്ചു നിർമ്മിച്ചിരിക്കുന്ന ഫൂൽ മഹൽ (ഫ്ലവർ പാലസ് ) എന്നിവ വളരെ ആകർഷണീയമാണ്. രാജകുടുംബാംഗങ്ങളുടെ വിനോദത്തിനായി നിർമ്മിച്ചിട്ടുള്ള ഈ മഹലിൽ 10 കിലോ സ്വർണ്ണമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഗൈഡ് പറഞ്ഞു . പക്ഷേ നിർഭാഗ്യവശാൽ ഇത് പണിഞ്ഞ് കൊണ്ടിരിക്കുമ്പോൾ ശിൽപ്പി മരണപ്പെട്ടതിനാൽ മഹലിന്‍റെ പണി നിർത്താൻ രാജാവ് ഉത്തരവിട്ടു . അതു കൊണ്ട് ഇന്നും അത് അപൂർണ്ണമാണ് .അവിടെ നിന്ന് കുറച്ചു കൂടി മുകളിലേക്ക് പടികൾ കയറി ചെന്നാൽ ആർമി സെക്ഷനും , പിന്നീട് രാജാവിന്‍റെ കിടപ്പറയുമാണ് കാണാൻ കഴിയുക.കിടപ്പറയുടെ ഫ്ലോർ "റഗ് "(പരവതാനി) ആണെന്ന് തോന്നുമെങ്കിലും അത് ഒരു ഇറ്റാലിയൻ പെയിന്റിങ് ആണെന്ന് ഗൈഡ് പറഞ്ഞു തന്നു.പണ്ട് കാലത്ത് പങ്കകൾ ഇല്ലായിരുന്നതിനാൽ മുറിയിൽ കാറ്റ് കിട്ടുന്നതിനായി ചരട് പിടിച്ചു ചലിപ്പിക്കുന്ന തുണി വിശറികൾ ശയന ഗൃഹത്തിനു മുകളിൽ തൂക്കിയിട്ടിരിക്കുന്നത് കാണാമായിരുന്നു . അടുത്തതായി സ്ത്രീകളുടെ സെക് ഷനിലേക്കാണ് കയറിച്ചെന്നത് .വിവിധ ആകൃതിയിലുള്ള മനോഹരമായ നിരവധി പല്ലക്കുകൾ ,വ്യത്യസ്ത കാലങ്ങളിൽ രാജ സന്തതികളെ ആട്ടിയുറക്കിയിരുന്ന തൊട്ടിലുകൾ എന്നിങ്ങനെ കോട്ടയിൽ കാണാൻ കാഴ്ചകൾ അനവധിയാണ്. ഏറ്റവും ഒടുവിലത്തെ തൊട്ടിൽ വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്നതായിരുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് .
കോട്ടയുടെ നടുമുറ്റത്ത് നിന്നുള്ള കാഴ്ച -കിളിവാതിലുകൾ കാണാം
എത്രയോ പേർ നടന്നതും നടക്കാനിരിക്കുന്നതും എത്രയെത്ര സംഭവങ്ങൾക്ക് സാക്ഷിയായതുമായ ശിലകൾ പാകിയൊരുക്കിയ തണുത്ത നടവഴികളിലൂടെ പുറത്തേക്കിറങ്ങുമ്പോൾ സൂര്യൻ പശ്ചിമാബ്ധിയിലേക്ക് താഴുവാനായി ചുവന്നു തുടുത്തു കഴിഞ്ഞിരുന്നു. എന്തൊക്കെയോ കഥകൾ പറയാനുണ്ടെങ്കിലും നിശബ്ദരായ ചുവരുകളുടെ ഓരം ചേർന്ന് വാദ്യ കലാകാരന്മാർ ഇരിപ്പുറപ്പിച്ചിരുന്നു. സന്ദർശകരെ ആകർഷിക്കുവാനും അതു വഴി ജീവിതോപാധി കണ്ടെത്തുന്നതിനുമായി അവർ എന്നും കോട്ടയിലെത്തി തങ്ങൾക്കറിയുന്ന കലാ പരിപാടി അവതരിപ്പിച്ച് ആരെങ്കിലും എന്തെങ്കിലും കൊടുക്കുന്നതും കൊണ്ട് സന്തുഷ്ടരായി പോകുന്നു. ഒരു സ്ഥലത്ത് ഡോലക്ക് പോലെ ഒരു വാദ്യം വായിച്ചു കൊണ്ടിരുന്ന ഒരു കലാകാരന്‍റെ പരിപാടി ആസ്വദിച്ചു നിൽക്കെ ഞങ്ങൾ കേരളത്തിൽ നിന്നാണെന്നറിഞ്ഞയുടൻ “കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളെ” എന്ന ഗാനം അയാൾ വാദ്യത്തിന്‍റെ അകമ്പടിയോടെ ഒന്നരക്കട്ടയ്ക്ക് പാടിയത് എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു . ജീവിക്കാൻ വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ആളുകൾ പഠിക്കുന്നതും ചെയ്യുന്നതും എന്നാലോചിച്ചു കൊണ്ട് മുന്നോട്ട് നടക്കുമ്പോൾ മറ്റൊരാൾ രാവൺഘട്ട വാദ്യത്തിൽ ഏതോ ഒരു ഗസലിന്‍റെ ശീലു വായിച്ച് സന്ദർശകരുടെ ഉള്ളിൽ സായം സന്ധ്യയുടെ കുങ്കുമ ഛായ അലിയിച്ചിറക്കി.
ദോലക് വാദനം
രാവൺഘട്ട വാദനം
വളരെ നേരം കോട്ടയിലൂടെ ചുറ്റി നടന്നും പടികൾ കയറിയും ക്ഷീണിച്ച ഞങ്ങളെ പിന്നീട് ഇഷ്ട വിനോദമായ ഷോപ്പിങ്ങിനായി ഒരു വലിയ വസ്ത്രവ്യാപാര ശാലയിലേക്കാണ് കൊണ്ടു പോയത്. മറ്റെല്ലായിടത്തേയും പോലെ അവിടെയും വസ്ത്രങ്ങൾക്കും ബാഗുകൾക്കും മറ്റ് കൌതുക വസ്തുക്കൾക്കും എല്ലാം വളരെ വിലക്കൂടുതൽ ആയിരുന്നു എങ്കിലും നാട്ടിലേക്ക് മടങ്ങുമ്പോൾ എന്തെങ്കിലുമൊക്കെ കൊണ്ടുപോകേണ്ടത് കൊണ്ട് എല്ലാവരും കുറച്ച് സാധനങ്ങൾ വാങ്ങി . പ്രത്യേകിച്ചൊന്നും വാങ്ങാനില്ലാത്തതു കൊണ്ട് ഞങ്ങൾ റോഡിലൂടെ കുറച്ചു നേരം നടന്ന് ഒരു ഹനുമാൻ സ്വാമി ക്ഷേത്രത്തിനടുത്ത് ചെന്ന് അവിടത്തെ ദീപാരാധന കണ്ടു തിരികെപ്പോന്നു.
മരുത്വാ മലയുമായി നിൽക്കുന്ന ഹനുമാൻ സ്വാമി
അന്നത്തെ താമസത്തിനായി “ലോഡ്സ് ഇൻ” എന്ന ഒരു ഹോട്ടലായിരുന്നു ഏർപ്പാട് ചെയ്തിരുന്നത്. മുൻ ദിവസങ്ങളിലെപ്പോലെ അത്ര വരില്ലെങ്കിലും കുഴപ്പമില്ലാത്ത ഒരു ഹോട്ടലായിരുന്നു അത്. പിറ്റേ ദിവസത്തെ മടക്കയാത്രയുടെ സൌകര്യം കൂടി കണക്കിലെടുത്താണ് എയർപോർട്ടിനടുത്തുള്ള ഈ താമസസ്ഥലം തിരഞ്ഞെടുത്തതെന്ന് തോന്നി. പലരുടെയും മുറികൾ പല ഫ്ലോറുകളിൽ ആയിരുന്നത് കൊണ്ട് എട്ട് മണി കഴിഞ്ഞപ്പോഴേക്കും ഒന്നാം നിലയിൽ ഡിന്നർ കഴിക്കാൻ ചെല്ലാൻ ഫോണിൽ ജൂനോയുടെ മെസ്സേജ് വന്നു. ബട്ടർ നാൻ,പാസ്ത ,ബൂന്ദി റെയ്ത്ത ,ജീര റൈസ്,പപ്പടം,സാലഡ് ,റൈസ് ഖീർ,പനീർ വെജ് കുറുമ,ചിക്കൻ. മട്ടൺ എന്നിങ്ങനെ വിഭവ സമൃദ്ധമായിരുന്നു അത്താഴം. അത്താഴം കഴിഞ്ഞ് യാത്രാ പരിപാടിയെപ്പറ്റിയുള്ള എല്ലാവരുടെയും അഭിപ്രായം പങ്ക് വയ്ക്കുക എന്ന ഉദ്ദേശത്തോടെ ഹോട്ടലിന്‍റെ ബേസ്മെന്റ് ഏരിയായിൽ ടൂർ മാനേജർ ജൂനോയുടെ നേതൃത്വത്തിൽ ഒരു മീറ്റിംഗ് നടത്തി.യാത്ര ഇഷ്ടപ്പെട്ടുവെന്നും, നന്നായി ആസ്വദിച്ചുവെന്നും, തുടർന്നും ഇത്തരം ഒത്തുകൂടലുകളും യാത്രകളും വേണമെന്നും എല്ലാവരും അഭിപ്രായപ്പെട്ടതോടെ ജൂനോയുടെ വകയായി ടീം അംഗങ്ങൾക്കുള്ള സമ്മാനദാനച്ചടങ്ങുകൾ ആരംഭിച്ചു. എല്ലാവരുടെയും മുറി നമ്പർ എഴുതി നറുക്കെടുത്ത് ഒരു ഭാഗ്യ സമ്മാനമായിരുന്നു ആദ്യം. അത് കഴിഞ്ഞ് ഏറ്റവും മൂതിർന്ന ആളിനും ,ഏറ്റവും ചെറിയ കുട്ടിയ്ക്കും പ്രത്യേക സമ്മാനങ്ങൾ,അവസാനം യാത്രയിൽ പങ്കെടുത്ത എല്ലാവർക്കും ഓരോ സമ്മാനപ്പൊതി ഇതൊക്കയായിരുന്നു പരിപാടി . അങ്ങനെ ഞങ്ങൾക്കും സമ്മാനമായി കിട്ടി രാജസ്ഥാൻ മണലാരണ്യങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായ ഒട്ടകങ്ങളുടെ മൂന്നു പ്രതിമകൾ. ഞങ്ങളുടെ സന്തോഷം അറിയിക്കുന്നതോടൊപ്പം ട്രാവൽ ഏജെൻസിക്ക് എല്ലാ വിജയാശംസകളും നേരുന്നു.
അടുത്ത ദിവസം വൈകീട്ട് മൂന്നേ മുക്കാലിനുള്ള വിമാനത്തിൽ മുംബൈ വഴിയാണ് ഞങ്ങൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്നത്. അതിനു മുൻപ് "ഉമൈദ് ഭവൻ" കൊട്ടാരവും, "ജസ്വന്തട" എന്ന ശവകുടീരവും കണ്ടു വരാമെന്ന് തീരുമാനിച്ച് എല്ലാവരും വിശ്രമത്തിനായി പോയി.
ഉമൈദ് ഭവൻ കൊട്ടാരം
ലോകത്തിലെ ഏറ്റവും വലിയതും മനോഹരവുമായ സ്വകാര്യ വസതികളിലൊന്നാണ് ഉമൈദ് ഭവൻ. രാജ തലമുറയിലെ ഇപ്പോഴത്തെ അവകാശി ഗജജ് സിങ്ങിന്‍റെ ഉടമസ്ഥതയിലുള്ള ഈ കൊട്ടാരത്തിന്‍റെ ഒരു ഭാഗം താജ് ഹോട്ടൽ ആണ്. ഒരു ദിവസത്തെ താമസത്തിന് അവിടെ 85000 മുതൽ മൂന്നു ലക്ഷം രൂപ വരെ ആകുമെന്നാണ് ഗൈഡ് പറഞ്ഞത്. 347 മുറികൾ ഉള്ള കൊട്ടാരത്തിന്‍റെ മറ്റൊരു ഭാഗത്ത് രാജകുടുംബം താമസിക്കുന്നു. സന്ദർശകർക്കായി മൂന്നോ നാലോ ഹാളുകൾ മാത്രമാണ് ഇവിടെ തുറന്നു കൊടുത്തിട്ടുള്ളത്. കൊട്ടാരത്തിലെ മ്യൂസിയത്തിലേക്ക് കയറുമ്പോൾ ആദ്യത്തെ ഹാളിൽ ഇപ്പോഴത്തെ രാജാവ് ഗജ് സിങിന്‍റെയും അദ്ദേഹത്തിന്‍റെ മുത്തച്ഛൻ ഉമൈദ് സിങിന്‍റെയും ,കുടുംബാഗങ്ങളുടെയും,കിരീട ധാരണ ചടങ്ങുകളുടെയും ചിത്രങ്ങളാണ് കാണാൻ സാധിക്കുക.
ഉമൈദ് ഭവൻ കൊട്ടാരംകൊട്ടാരത്തിനകത്തെ കാഴ്ചകൾ കണ്ടു കഴിഞ്ഞ് ഒരു വലിയ നടുമുറ്റത്തേക്കാണ് ഇറങ്ങിയെത്തിയത്. നടുമുറ്റത്ത് നിന്ന് പുറത്തേക്കിറങ്ങിയാൽ അധികം അകലെ അല്ലാതെ വിന്‍റെജ് കാറുകളുടെ ഒരു ശേഖരം തന്നെ കാണാം. പ്രൌഢ ഗംഭീരന്മാരായ ആ വാഹന രാജാക്കന്മാരുടെ പ്രതാപം ഒന്നു കാണേണ്ടത് തന്നെയാണ്. ആയ കാലത്ത് തങ്ങൾ ആരായിരുന്നുവെന്ന് പുതിയ തലമുറക്കാർ വേണമെങ്കിൽ ഒന്നു കണ്ടു പൊയ്ക്കൊള്ളൂ എന്നവ പറയുന്നത് പോലെ തോന്നി.
വിന്റേജ് കാറുകൾ
അതിനടുത്തായി കുറേ വസ്ത്ര വ്യാപാര സ്ഥലങ്ങൾ ഉണ്ടായിരുന്നെങ്കിലും അവിടെയുള്ള എല്ലാ സാധനങ്ങൾക്കും കൊട്ടാരത്തിന്‍റെ വലിപ്പവും പ്രതാപവുമനുസരിച്ചുള്ള വില ഈടാക്കിയിരുന്നതിനാൽ ആരും ഒന്നും വാങ്ങാൻ കൂട്ടാക്കിയില്ലെന്നാണ് തോന്നുന്നത്. ഉമൈദ് ഭവനിലെ കാഴ്ചകൾ കണ്ടിട്ട് ഒരു മരത്തണലിൽ വിശ്രമിക്കുമ്പോൾ ഉച്ചയ്ക്ക് മുൻപ് “ജസ്വന്തഡ” എന്ന ശവകുടീരത്തിലേക്ക് പോകാമെന്ന് ഗൈഡ് പറഞ്ഞു.വീണ്ടും ഒരു ശവകുടീരം കൂടി കാണാൻ ആർക്കും താത്പര്യമില്ലായിരുന്നെന്ന് മാത്രമല്ല സ്ട്രീറ്റ് ഷോപ്പിങ് നടത്തണം എന്ന ഒറ്റ അഭിപ്രായത്തിൽ എല്ലാവരും ഉറച്ചു നിന്നതോടെ രണ്ട് ഗൈഡുമാരും കൂടി മാറിനിന്ന് ചർച്ച ആരംഭിച്ചു,കഥയിൽ ഇങ്ങനെയൊരു ട്വിസ്റ്റ് അവർ പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നി. അൽപ്പ സമയത്തെ കൂടിയാലോചനകൾക്ക് ശേഷം ഞങ്ങളെ നിരുത്സാഹപ്പെടുത്താനായി അവർ ചില കാര്യങ്ങൾ പറഞ്ഞു. സ്ട്രീറ്റ് ഷോപ്പിംഗിന് പോകേണ്ട സ്ഥലത്തേക്ക് വളരെ ഇടുങ്ങിയ പാതകളാണ്. അതു കൊണ്ടു തന്നെ ബസ് അവിടെ വരെ പോകുകയില്ല,മാത്രവുമല്ല അവിടെ നിന്നും വാങ്ങുന്ന സാധനങ്ങൾ തീരെ നിലവാരം കുറഞ്ഞവയായിരിക്കും. നല്ല തിരക്കുള്ള മാർക്കറ്റിൽ നിന്ന് പെട്ടെന്ന് ഷോപ്പിങ് നടത്തി പോകേണ്ട സമയത്തിനുള്ളിൽ ഹോട്ടലിൽ തിരിച്ചെത്താൻ പ്രയാസമായിരിക്കും എന്നൊക്കെയാണ് അവർ ഒരേ സ്വരത്തിൽ സമൂഹഗാനം പാടിയത് . പക്ഷേ ഞങ്ങളുണ്ടോ വിടുന്നു അതൊന്നും സാരമില്ലെന്നും, ബസിന് പോകാൻ പറ്റുന്ന സ്ഥലം വരെ പോയിട്ട് ബാക്കി നടന്നു പൊയ്ക്കൊള്ളാം അല്ലെങ്കിൽ ഓട്ടോ പോലെയുള്ള ടുക്ടുക് വണ്ടി പിടിക്കാമല്ലോ എന്നൊക്കെ ഞങ്ങളും ഒരേ സ്വരത്തിൽ മറുപടി പറഞ്ഞതോടെ അക്കാര്യം തീരുമാനമായി. ബസ് ഒരു ജയിലിന്‍റെ സമീപം കൊണ്ടിട്ടിട്ട് എല്ലാവരും അവിടെ ഇറങ്ങി, മാർക്കറ്റിലേക്ക് ഒരു കി മീ ദൂരമാണുള്ളത്. നടക്കാനുള്ള ദൂരമേയുള്ളൂ,സമയക്കുറവും വെയിലും കാരണം ടുക് ടുക് വിളിച്ചു. ഒരു വണ്ടിയിൽ 6 പേർക്ക് വരെ യാത്ര ചെയ്യാവുന്ന വാഹനങ്ങളായിരുന്നു അവ. പക്ഷേ നിയമം അനുവദിക്കാത്തതിനാൽ മൂന്നു പേരെയേ കയറ്റുകയുള്ളൂ എന്നും, കിലോ മീറ്ററിന് 150 രൂപ വേണമെന്നുമാണ് ടുക് ടുക് വണ്ടിക്കാരൻ പറഞ്ഞത്, പക്ഷേ ആർക്കും അത് സമ്മതമായിരുന്നില്ല , മാർക്കറ്റ് വരെ കൊണ്ടു പോയി അവിടെ അര മണിക്കൂർ വെയിറ്റ് ചെയ്ത് തിരിച്ചും കൊണ്ടുവന്നാൽ 200 രൂപ കൊടുക്കാമെന്ന ഒത്തു തീർപ്പിൽ സർദാർ മാർക്കറ്റ് ആൻഡ് ക്ലോക്ക് ടവ്വർ എന്ന സ്ഥലത്തേക്ക് യാത്രയായി. വണ്ടി നീങ്ങി ഒന്ന് രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ മറ്റൊരു ടുക് ടുക് വാഹനത്തിൽ എട്ട് പേരിൽ കൂടുതൽ ഞെരുങ്ങി ഇരുന്ന് അടിച്ചു വിട്ടു പോകുന്നതു കണ്ടപ്പോൾ,അതിന് നിയമം ബാധകമല്ലേ എന്ന് ഞങ്ങൾ ഗൈഡിനോട് ചോദിച്ചു. എല്ലാവരും കൂടി ഒത്തു ചേർന്ന് വരുന്ന സന്ദർശകരെ കബളിപ്പിക്കുന്ന ഇത്തരം പ്രവർത്തികൾ ഗൈഡ് ജോലിയുടെ മതിപ്പ് നഷ്ടപ്പെടുത്തുമെന്ന് ചേട്ടൻ തുറന്നടിച്ചു, അത് ശരിയാണെന്ന് അയാളും സമ്മതിച്ചു.
ഗൈഡ് മഹേന്ദ്ര
വളരെ തിരക്കുള്ള ക്ലോക്ക് ടവ്വർ മാർക്കറ്റ് പ്രദേശത്തേക്ക് കയറിച്ചെന്നപ്പോൾ അവിടം വഴി വാണിഭക്കാരുടെയും സാധനങ്ങൾ വാങ്ങാൻ വന്നവരുടെയും ശബ്ദം കൊണ്ട് മുഖരിതമായിരുന്നു. പ്രധാനമായും എല്ലാവർക്കും തുണിത്തരങ്ങൾ വാങ്ങുന്നതിലാണ് കമ്പമെന്നതിനാൽ വാഹനം ഒരു തുണിക്കടയുടെ മുന്നിലാണ് കൊണ്ട് നിർത്തിയത്. മേയാൻ അഴിച്ചു വിട്ട ആട്ടിൻ കൂട്ടത്തെപ്പോലെ എല്ലാവരും ജൌളിക്കടയിലേക്ക് വച്ചു പിടിച്ചു. ഡ്രസ് വാങ്ങാൻ താത്പര്യം ഇല്ലാതിരുന്നതിനാൽ ഞങ്ങൾ രണ്ടു പേരും കൂടി മാർക്കറ്റ് കാഴ്ചകൾ കണ്ട് ഒന്ന് ചുറ്റി നടന്നു വരാൻ തീരുമാനിച്ചു. അര മണിക്കൂറിനകം തിരിച്ചെത്തിയില്ലെങ്കിൽ അറിയാൻ വയ്യാത്ത സ്ഥലത്ത് ഒറ്റപ്പെട്ടു പോകുമെന്നതിനാൽ അധികം ദൂരേയ്ക്കൊന്നും പോകാൻ ധൈര്യമില്ലായിരുന്നു . കണ്ടാൽ കൊതി തോന്നുന്ന പലതരം ഫ്രഷ് പച്ചക്കറികൾ, ബാഗുകൾ,കത്തി പിച്ചാത്തി, പൂട്ടുകൾ അങ്ങിനെ പലതരം നിത്യോപയോഗ സാധനങ്ങളുടെ ഒരു ശ്രേണി തന്നെ അവിടെ കാണാൻ കഴിഞ്ഞു. മിന്നിത്തിളങ്ങുന്ന കടും നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച സ്ത്രീകൾ വെയിലത്തിരുന്നു കച്ചവടം ചെയ്യുന്ന കാഴ്ച കൌതുകകരം തന്നെയായിരുന്നു. ടൂറിസ്റ്റ് ആകർഷണ പ്രദേശങ്ങളിലെ കടകളിലെ പോലെ വലിയ വിലയില്ലായിരുന്നുവെങ്കിലും നല്ല സാധനങ്ങളായിരുന്നു അവിടെയുണ്ടായിരുന്നത് .വീട്ടിലെ ആവശ്യത്തിനായി ഒരു താഴും താക്കോലും കൂടാതെ, ഒരാളിന് കൊടുക്കാൻ ഒരു ബാഗും ,മാത്രം വാങ്ങി ഞങ്ങൾ വാഹനത്തിനരികിൽ തിരിച്ചെത്തി. അര മണിക്കൂർ കഴിഞ്ഞ് എല്ലാവരും ടുക് ടുക്കിലും തുടർന്ന് ബസിലുമായി താമസിച്ചിരുന്ന ഹോട്ടലിൽ തിരിച്ചെത്തി. രാവിലെ ഇറങ്ങും മുൻപ് തന്നെ മിക്കവാറും എല്ലാവരും പെട്ടികൾ പായ്ക്ക് ചെയ്ത് റെഡിയാക്കി ബസിൽ കയറ്റിയിരുന്നു. എന്തെങ്കിലും ആവശ്യം വന്നെങ്കിലോ എന്ന് കരുതി ഒരു മുറിയൊഴികെ മറ്റെല്ലാം ചെക്ക് ഔട്ടും ചെയ്തിരുന്നു.അതു കൊണ്ട് നല്ല രീതിയിൽ സമയം ലാഭിക്കാൻ കഴിഞ്ഞു.ഹോട്ടലിൽ നിന്ന് തന്നെ ഉച്ച ഭക്ഷണം കഴിച്ച് എയർ പോർട്ടിലേക്ക് പോകാൻ തയ്യാറായി എല്ലാവരും ലോഞ്ചിൽ കാത്തിരിപ്പായി. ഒരു മണിയോടെയാണ് ഹോട്ടലിൽ നിന്ന് ഇറങ്ങണം എന്നായിരുന്നു നിർദ്ദേശം .
അസ്വസ്ഥനായി ഫോണും കൊണ്ട് ജൂനോ ലോബിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ടപ്പോൾ എന്തോ പ്രശ്നം ഉള്ളതായി എല്ലാവർക്കും തോന്നി. വിമാനം 15 മിനിറ്റ് ലേറ്റാണെന്ന ജൂനോയുടെ അറിയിപ്പ് കിട്ടിയെങ്കിലും അത് വലുതായി ബാധിക്കില്ലെന്ന് സമാധാനിച്ചു, കാരണം മുംബൈയിൽ നിന്നും നാട്ടിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റിന് രണ്ട് മണിക്കൂർ ലേ ഓവർ ഉണ്ടെന്നതായിരുന്നു . പക്ഷേ സമാധാനത്തിലിരുന്ന എല്ലാവരെയും ഉത്കണ്ഠയുടെ മുൾ മുനയിൽ നിർത്തിക്കൊണ്ട് ജോധ്പൂർ വിമാനം വൈകിക്കൊണ്ടേയിരുന്നു.5 10 നു മുംബെയിൽ എത്തേണ്ടിയിരുന്ന വിമാനം ജോധ്പൂരിൽ നിന്ന് പുറപ്പെട്ടത് തന്നെ അഞ്ചു മണിയോടുപ്പിച്ചായിരുന്നു. ഇതിനിടെ വിമാനം താമസിച്ചത് കൊണ്ട് വരാൻ സാദ്ധ്യതയുള്ള ബുദ്ധിമുട്ടുകൾക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കണമെന്ന് ജൂനോ ഇൻഡിഗോ സ്റ്റാഫിനോട് ആവശ്യപ്പെട്ടു. ഒന്നുകിൽ മുംബൈ വിമാനം ഡിലെ ചെയ്യിക്കുക അല്ലെങ്കിൽ എല്ലാവർക്കും മുംബെയിൽ താമസ സൌകര്യം ഏർപ്പാട് ചെയ്യുക എന്നൊക്കെ ജൂനോ വളരെ ശക്തിയായി ഇൻഡിഗോയോട് ആവശ്യപ്പെട്ടു. ഏതായാലും ശുഭ പ്രതീക്ഷയോടെ മുംബെയിൽ ചെന്നിറങ്ങിയത് മുതൽ കാര്യങ്ങൾ സംഭവ ബഹുലമായിരുന്നു. ക്യാബിൻ ക്രൂ നിർദ്ദേശിച്ചതനുസരിച്ച് വിമാനത്തിൽ നിന്നിറങ്ങാൻ മുൻഗണന ലഭിച്ച ഞങ്ങളെ നാല് കി മീ അകലെയുള്ള ഡൊമസ്റ്റിക് ടെർമിനലിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ ഇൻഡിഗോയുടെ ഒരു സ്റ്റാഫ് എത്തിയിട്ടുണ്ടായിരുന്നു. പിന്നങ്ങോട്ട് മാരത്തോൺ ഓട്ടമായിരുന്നു, ട്രാവലേറ്ററിലൂടെ പോലും ഒളിമ്പിക്സ് താരങ്ങളെ പോലെ ഓടിയ ഞങ്ങളെ ഡൊമസ്റ്റിക്കിലേക്ക് പോകുന്ന ബസിൽ കയറാൻ ചെന്നപ്പോൾ സെക്യൂരിറ്റി സ്റ്റാഫ് തടഞ്ഞു. മുംബെ കൊച്ചി വിമാനത്തിന്‍റെ ബോർഡിങ് തുടങ്ങി കഴിഞ്ഞിരുന്നത് കൊണ്ടാണ് അങ്ങനെ ഒരവസ്ഥ വന്നത്. ഏതായാലും ഇൻഡിഗോ സ്റ്റാഫ് ഇടപെട്ട് അവിടെ നിന്ന് ഒരു വിധം രക്ഷപ്പെട്ടോടി ഡൊമസ്റ്റിക്കിൽ ചെന്നപ്പോൾ അവിടെയും പ്രശ്നം, ഒരാളുടെ ഐ ഡി യിലെ പേരും ടിക്കറ്റിലെ പേരും സ്പെല്ലിങ് വ്യത്യാസം. അതും കുരുക്കഴിച്ചു സെക്യൂരിറ്റി ചെക്കിന് വേണ്ടി ഓടുമ്പോൾ ഞങ്ങളുടെ ബാഗിന്‍റെ സിപ്പ് തുറന്നു കവറിലിട്ടിരുന്ന രണ്ട് മൊബൈലുകൾ, ചാർജറുകൾ എല്ലാം കൂടി താഴെപ്പോയി. പക്ഷേ അതൊന്നും അറിയാതെ ഓടിപ്പോയ ഞങ്ങളെ കുറേ നല്ല മനുഷ്യർ പിന്നിൽ നിന്ന് വിളിച്ചു കാര്യം പറഞ്ഞത് വലിയ അനുഗ്രഹമായി . അടുത്ത കടമ്പ സെക്യൂരിറ്റി ചെക്ക്,അവിടെ എന്നെ കഷ്ടകാലം പിടികൂടി. ബോഡി ചെക്ക് കഴിഞ്ഞ് വളരെ സമയം കഴിഞ്ഞിട്ടും സ്കാൻ ചെയ്യാൻ പോയ ഹാൻഡ് ബാഗും,മൊബൈലുകളും തിരിച്ചു കിട്ടിയില്ല. ധർമ്മസങ്കടത്തിലായ ഞാൻ അറിയാവുന്ന ഹിന്ദിയിലും ഇംഗ്ലീഷിലും ബാഗ് ആവശ്യപ്പെട്ടു നോക്കിയെങ്കിലും അങ്ങനെയൊരു ബാഗ് അവിടില്ലെന്നാണ് സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞത്. മറ്റെല്ലാവരും ഗേറ്റിൽ എത്തിയിട്ടും എത്തിപ്പറ്റാനാകതെ കുടുങ്ങിപ്പോയ എന്നെ ടൂർ മാനേജരും , ഇൻഡിഗോ സ്റ്റാഫും കൂടി വന്നാണ് രക്ഷപ്പെടുത്തിയത്. അല്ലെങ്കിലെ വൈകി പിന്നെ ഇതും കൂടിയായപ്പോൾ വല്ലാത്ത മാനസിക സംഘർഷമായിരുന്നു എല്ലാവർക്കും. മോശം കാലാവസ്ഥ എന്നൊക്കെ പറഞ്ഞ് മുംബൈ -കൊച്ചി വിമാനം വൈകിപ്പിച്ചത് കാരണം ഞങ്ങൾക്ക് അതിൽ കയറിപ്പറ്റാനായി, അപ്പോഴാണ് സത്യത്തിൽ ശ്വാസം നേരെ വീണത്. വളരെ സന്തോഷത്തോടെ സുരക്ഷിതരായി രാത്രി പതിനൊന്നു മണിയോടെ ഞങ്ങൾ കൊച്ചി വിമാനത്താവളത്തിലെത്തി.
ഓരോ യാത്രയിലും ഓരോരോ അനുഭവങ്ങളാണല്ലോ നമുക്ക് പാഠങ്ങളായി തീരുന്നത്. പിന്നീട് ഓർക്കുമ്പോൾ രസകരമായതും പേടിപ്പെടുത്തുന്നതുമായ എത്രയോ അനുഭവങ്ങളാണ് യാത്രകൾ സമ്മാനിക്കുന്നത്, പുതിയ സൌഹൃദങ്ങളും,കാഴ്ചകളും എന്നും മനസ്സിൽ പച്ചപിടിച്ചു നിൽക്കട്ടെയെന്ന് ഈ അവസരത്തിൽ ആശംസിക്കുകയാണ് . ഇങ്ങനെ ഒരവസരം നൽകി അനുഗ്രഹിച്ച സർവശക്തനായ ഈശ്വരനെ വണങ്ങിക്കൊണ്ട് കൂടെ യാത്ര ചെയ്ത എല്ലാവർക്കും ,യാത്രയൊരുക്കിയ പല്ലൻസിനും, മാനേജർ ജൂനോയ്ക്കും, രസകരമായി സ്ഥലങ്ങൾ വിശദീകരിച്ച്, വേണ്ട സൌകര്യങ്ങൾ ചെയ്തു തന്ന ഗൈഡിനും , ബസ് ജീവനക്കാർക്കും തുടങ്ങി യാത്ര നല്ല അനുഭവമാക്കിയ എല്ലാവർക്കും ഒരായിരം നന്ദി പറഞ്ഞു കൊണ്ട് ഈ വിവരണം എല്ലാവർക്കുമായി സമർപ്പിക്കട്ടെ!!!!!
25/11/2023