മലയ എന്ന മലേഷ്യ- ഭാഗം 1
സഞ്ചാരികളുടെ പറുദീസയായ
സിംഗപ്പൂരും മലേഷ്യയുടെ മറ്റൊരു അയൽ
രാജ്യമായ ഇൻഡോനേഷ്യയിലെ ബാലിയും സന്ദർശിച്ചിട്ടുള്ള ഏതൊരാളുടെയും സ്മൃതി പഥത്തിൽ അവിടങ്ങളിലെ ഒളി
മങ്ങാത്ത ഓർമ്മകളായിരിക്കും ഉണ്ടായിരിക്കുക എന്നാണ് അനുഭവത്തിന്റെ വെളിച്ചത്തിൽ
പറയാൻ സാധിക്കുന്നത് . പണ്ടൊരു കാലത്ത്
സാമ്പത്തിക അരക്ഷിതാവസ്ഥയിലായിരുന്ന സിംഗപ്പൂരിനെയാണ് ഒരു മായാലോകം പോലെ
നാമിന്ന് നോക്കിക്കാണുന്നതെന്ന് ഓർക്കണം.
സുനാമിയും അഗ്നി പർവ്വത സ്ഫോടനങ്ങളും പോലെയുള്ള പ്രകൃതി ദൂരന്തങ്ങളാൽ
തകർത്തെറിയപ്പെട്ട ബാലിയാകട്ടെ ഇന്ന് സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമാണെന്ന് അറിയണം . പ്രകൃത്യാ വലിയ സമ്പത്തൊന്നും ലഭിച്ചിരുന്നില്ലെങ്കിലും അതി
നൂതന സാങ്കേതിക വിദ്യകൾ കൊണ്ട് ഒരുക്കിയെടുത്ത കാഴ്ചകളാൽ സഞ്ചാരികളെ മാടി വിളിക്കുകയാണ്
സിംഗപ്പൂരെങ്കിൽ ,പൈതൃകവും ,സംസ്കാരവും ,കലാവിരുതും ,വിനയ ശീലവും കൊണ്ടാണ്
ബാലി നമ്മുടെ മനം കവരുന്നത്. പ്രകൃതി രമണീയവും , കലാ സാംസ്കാരിക പാരമ്പര്യം
കൊണ്ട് സമ്പന്നവും, ആത്മീയ പരിവേഷവുമുള്ളതുമായ ബാലിദ്വീപിലേക്കുള്ള യാത്ര ഞങ്ങളെ വളരെയധികം വിസ്മയിപ്പിച്ചിരുന്നു.
ടൂറിസം മേഖല മെച്ചപ്പെടുത്തുവാനും സഞ്ചാരികളെ
ആകർഷിക്കുന്നതിനുമായി എന്തൊക്കെ
ചെയ്യാമോ അതെല്ലാം ബാലിയിലും സിംഗപ്പൂരിലും ചെയ്തിട്ടുള്ളതായിട്ടാണ് കാണാൻ
കഴിഞ്ഞത്. അതു കൊണ്ട് തന്നെയാണ് ഏറെ പ്രതീക്ഷയോടെ. ചേട്ടനും ഞാനും മകനും
അടങ്ങുന്ന ഞങ്ങളുടെ ചെറിയ കുടുംബം ഓണക്കാല
വിനോദയാത്രയ്ക്കായി മലേഷ്യ തിരഞ്ഞെടുത്തത് .
തായ് ലാൻഡുമായും സിംഗപ്പൂരുമായും അതിർത്തി
പങ്കിടുന്ന തെക്ക് കിഴക്കൻ ഏഷ്യയിലെ ഒരു വലിയ
രാജ്യമാണ് മലേഷ്യ . നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ആ രാജ്യം ഇന്ത്യയിലെ
ചോളരാജവംശത്താൽ ഒരു കാലത്ത് ഭരിക്കപ്പെട്ടിരുന്നു. അക്കാലത്ത് അവിടെ ഹിന്ദു മതം വളരുകയും പിന്നീട് ബുദ്ധമതം
പ്രചരിക്കുകയും അതിന് ശേഷം ഇസ്ലാം മതം
പ്രബലമാകുകയും ചെയ്തു . ഇന്ന് ലോകത്തിലെ തന്നെ ഒരു വലിയ വ്യാവസായിക ശക്തിയായ
മലേഷ്യയിലെ മൂന്നു കോടിയിൽ പരമുള്ള ജനസംഖ്യയിൽ ഭൂരിഭാഗം ആളുകൾ “മലായ്’ ഭാഷ
സംസാരിക്കുമ്പോൾ തമിഴ് വേരുകളുള്ള കുറച്ച് പേർ തമിഴും സംസാരിക്കുന്നുണ്ട് .
മലേഷ്യൻ
യാത്ര തീരുമാനിക്കപ്പെട്ടതോടെ ഞങ്ങളുടെ സുഹൃത്തുക്കൾ നിർദ്ദേശിച്ച “സോമൻസ് ” എന്ന
ട്രാവൽ ഏജൻസിയുമായി കാര്യങ്ങൾ സംസാരിച്ച് ,യാത്രാ ടിക്കറ്റുകളും താമസ സൌകര്യങ്ങളുമെല്ലാം
മകൻ അശ്വിൻ തന്നെ ശരിയാക്കി വച്ചു. മാതാപിതാക്കളുടെ പ്രായവും . ആരോഗ്യവും
കണക്കിലെടുത്ത് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്ന തരത്തിൽ തിക്കിത്തിരക്കി തുടർച്ചയായുള്ള
(Hectic) യാത്രകൾ വേണ്ടെന്നും ,മറിച്ച് വലിയ ബദ്ധപ്പാടില്ലാതെ ആസ്വാദ്യകരവും രസകരവുമായ യാത്രകളാണ്
ആഗ്രഹിക്കുന്നതെന്നും ,തെക്കേ ഇന്ത്യൻ ആഹാരം ലഭിക്കുന്ന സ്ഥലങ്ങളായ ലിറ്റിൽ ഇൻഡ്യ
പോലെയുള്ള ഇടങ്ങൾ താമസത്തിന് ഏർപ്പാട് ചെയ്താൽ കൊള്ളാമെന്നും ട്രാവൽ ഏജൻസിയെ പറഞ്ഞേൽപ്പിച്ചു
. കുലാലമ്പൂർ എയർ പോർട്ടിൽ എത്തുന്ന ഞങ്ങളെ സ്വീകരിച്ചു കൊണ്ടു പോകുന്നതിനും, കാഴ്ചകൾ വിശദീകരിച്ചു തരുന്നതിനും വേണ്ട
എല്ലാ ഏർപ്പാടുകളും മലേഷ്യൻ പാർട്ട്ണർ വഴി ശരിയാക്കിയിട്ടുണ്ടെന്നാണ്
‘സോമൻസ്’ സ്നേഹപൂർവ്വം ഞങ്ങളെ
അറിയിച്ചത് .
2024 സെപ്റ്റമ്പർ മാസം ഒൻപതാം തീയതി
വെളുപ്പിന് പന്ത്രണ്ട് മണി കഴിഞ്ഞായിരുന്നു ഞങ്ങൾക്ക് പോകേണ്ട മലേഷ്യൻ എയർ ലൈൻസ്
വിമാനം തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത്. അതു കൊണ്ട് തലേ ദിവസം വൈകുന്നേരം തന്നെ വീട്ടിൽ നിന്നിറങ്ങിയ ഞങ്ങൾക്ക് വഴിയിലെ ഓണത്തിരക്ക് കാരണം വലിയ മാനസിക പിരിമുറുക്കമാണ് അനുഭവപ്പെട്ടത് . വെറും
രണ്ടര മണിക്കൂർ മാത്രം മതിയായിരുന്ന ആ യാത്രയ്ക്ക് വഴിയിൽ കിടന്നു കിടന്ന് ആഹാരം
പോലും കഴിക്കാനാകാതെ നാലു മണിക്കൂർ കൊണ്ട് ശ്വാസം പിടിച്ചാണ് ചെക്കിൻ സമയത്തിന് മുൻപ് എയർ
പോർട്ടിൽ എത്താനായത് .
വിമാനത്താവളത്തിലെ സ്ഥിരം പരിശോധനകൾക്ക് ശേഷം ചിറക് വിരിച്ചു കൊക്ക് പിളർന്ന് കൊണ്ടെന്ന പോലെ റൺവേയിൽ കിടന്നിരുന്ന ഭീമാകാരനായ മലേഷ്യൻ പതംഗത്തിന്റെ ഉദരത്തിലേക്ക് പ്രവേശിച്ച ഞങ്ങളെയും കൊണ്ട് അത് അധികം വൈകാതെ തന്നെ മലേഷ്യ ലക്ഷ്യമാക്കി പറന്നു പൊങ്ങി. ഏകദേശം നാലു മണിക്കൂറായിരുന്നു മലേഷ്യയുടെ തലസ്ഥാന നഗരമായ കുലാലമ്പൂരിലേക്കുള്ള പറക്കൽ സമയം. ഭാരതത്തേക്കാൾ രണ്ടര മണിക്കൂർ മുൻപേ ഓടുന്ന മലേഷ്യൻ മണ്ണിലേക്ക് ഏതാണ്ട് രാവിലെ ആറേമുക്കാലോടെ ആ വിമാനപ്പക്ഷി ഞങ്ങളെയും കൊണ്ട് പറന്നിറങ്ങി. വിമാനത്താവളത്തിലെ ചോദ്യോത്തര പംക്തികൾ കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ പലരുടെയും പേരെഴുതിയ ബോർഡുകളുമായി കാത്തു നിന്നിരുന്ന അപരിചിതരിൽ ആരെങ്കിലും ഞങ്ങളുടെ പേരെഴുതിയ ബോർഡും കയ്യിലേന്തി നിൽക്കുന്നുണ്ടോ എന്ന് നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം . ഞങ്ങളെ സ്വീകരിക്കാനെത്തിയ ആളിനെ തേടി ഒന്നു രണ്ടു ലെവലുകളിലെ ആറേഴ് എക്സിറ്റുകൾ കയറിയിറങ്ങി ഞങ്ങളുടെ ലെവൽ തെറ്റിയെന്ന് പറഞ്ഞാൽ മതിയല്ലോ . അവസാനം സ്വീകരിക്കാൻ എത്തുമെന്ന് വാഗ്ദാനം നൽകിയിരുന്ന അജ്ഞാതൻറെ വിവരങ്ങൾ വാട്സാപ് എന്ന രക്ഷകനിലൂടെ സോമൻസ് ഞങ്ങൾക്ക് കൈമാറിയത് കൊണ്ട് ഒരു വിധത്തിൽ ആ മാന്യ ദേഹത്തെ കണ്ടെത്താനായി.
‘ബുക്കിത് ബിൻതാങ് ‘ എന്ന സ്ഥലത്ത്
താമസത്തിനായി ഏർപ്പാടാക്കിയിരുന്ന “സ്വിസ് ഗാർഡൻ” ഹോട്ടലിലേക്ക് എയർപ്പോർട്ടിൽ
നിന്ന് ഏകദേശം അറുപത് കിലോ മീറ്ററോളം ദൂരം സഞ്ചരിക്കേണ്ടതുണ്ടായിരുന്നു. ഉദയ സൂര്യ
രശ്മികൾ ചെരിഞ്ഞിറങ്ങി വന്നു കൊണ്ടിരുന്ന വൃത്തിയുളള രാജപാതയിലൂടെ ഹോട്ടൽ
ലക്ഷ്യമാക്കി ,മിണ്ടാപ്പൂച്ചയായ ഡ്രൈവർ അതി ശീഘ്രം വാഹനം അടിച്ചു പായിച്ചു . ഗതാഗത
കുരുക്ക് ഉള്ളയിടങ്ങളിൽ മാത്രം ബോർഡുകൾ വായിക്കാൻ കഴിഞ്ഞെങ്കിലും ഒന്നും
മനസ്സിലാകാതെയുള്ള ആ യാത്ര തീർത്തൂം വിരസവും ,തുടക്കത്തിൽ തന്നെ “കല്ല് കടിച്ചത്
“പോലെയും ആയി തോന്നി. ഇടയ്ക്കിടെ “Kurangkan Laju” {കുരങ്കൻ ലാജു } എന്ന
ബോർഡുകൾ കണ്ടെങ്കിലും അതെന്താണെന്ന് മനസ്സിലായില്ല, ആരോടും ചോദിക്കാൻ ഇല്ലാത്തത്
കൊണ്ട് ഗൂഗിളിൽ തപ്പി നോക്കി . “സ്പീഡ് കുറയ്ക്കുക” എന്നാണ് അതു കൊണ്ട്
ഉദ്ദേശിക്കുന്നതെന്ന് ഗൂഗിൾ അമ്മച്ചി പറഞ്ഞു
തന്നു. ഏതായാലും ഒൻപത് മണി ആയതോടെ മലേഷ്യയുടെ
സ്വകാര്യ അഹങ്കാരങ്ങളായ “പെട്രോണാസ് ട്വിൻ ടവ്വേഴ്സ് “ “കെ എൽ ടവർ’ എന്നിങ്ങനെയുള്ള ഉയരക്കാരായ കെട്ടിടങ്ങൾ നീല വിഹായസ്സിലേക്ക് തലയെടുപ്പോടെ നിന്നിരുന്ന
കുലാലമ്പൂർ നഗര പരിസരത്തെത്തി .
സ്വിസ് ഗാർഡൻ ഹോട്ടലിൽ എത്തിയ ഞങ്ങൾ
ചെക്കിൻ പരിപാടികൾക്ക് ശേഷം മുറിയിലെത്തി
കുളി കഴിഞ്ഞ് പ്രാതൽ കഴിക്കാൻ റെസ്റ്റോറൻറിലേക്ക് പോയി. ഇംഗ്ലീഷ് ബ്രേക്ക്
ഫാസ്റ്റ് ആയ ബ്രഡ് ,ഓംലെറ്റ് ,ബേക്ക്ഡ് ബീൻസ് ഇവയൊക്കെയായിരുന്നു അവിടെ ഞങ്ങളെ എതിരേറ്റത് . പ്രാതൽ കഴിഞ്ഞ് അൽപ്പ നേരം വിശ്രമിച്ചതിന് ശേഷം ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് സിറ്റി ടൂർ ആയിരുന്നു
മലേഷ്യൻ ടൂറിലെ ആദ്യ പരിപാടി. സിറ്റി
കറങ്ങാൻ വരുന്ന വാഹനത്തിന്റെയും ഡ്രൈവറുടെയും വിവരങ്ങൾ രണ്ട് മണിയ്ക്ക് മുൻപായി തന്നെ
ഫോണിൽ ലഭിച്ചതിനാൽ നിശ്ചിത സമയത്ത് ഞങ്ങൾ ഹോട്ടൽ ലോബിയിലെത്തി തയ്യാറായി നിന്നു.
കുലാലമ്പൂർ സിറ്റി ടൂർ
Istana Negara (ഇസ്താന നെഗര) അതായത് രാജ കൊട്ടാരമായിരുന്നു അന്നത്തെ ആദ്യ സന്ദർശന സ്ഥലം . മലേഷ്യയിലെ പതിനാല് സ്റ്റേറ്റുകളിൽ ഒൻപത് എണ്ണത്തിലാണ് രാജ ഭരണമുള്ളത് . അതും 12 രാജാക്കന്മാർ മാറി മാറിയാണത്രേ ഭരണം നടത്തുന്നത് . ഇപ്പോഴത്തെ ഭരണകർത്താവായ “കിങ് സുൽത്താൻ ഇബ്രാഹിം” താമസിക്കുന്ന പ്രധാന കൊട്ടാരമായ കിങ്സ് പാലസിന്റെ മുന്നിൽ വണ്ടി നിർത്തിയിട്ട് പാലക്കാട് സ്വദേശിയായ ശ്രീധരൻ എന്ന ഗൈഡ് കം സാരഥി ഭരണ വിശേഷങ്ങൾ പറഞ്ഞു തന്നു. സംസ്ക്കാരവും ,മതവും (Culture &Religion ) മാത്രമാണ് രാജാവിന്റെ അധികാര പരിധിയിൽ ഉള്ളതെന്നും ,മറ്റ് കാര്യങ്ങൾ തിരഞ്ഞെടുക്കപ്പെടുന്ന പ്രധാന മന്ത്രിയാണ് നിയന്ത്രിക്കുന്നതെന്നും ,അഞ്ചു വർഷത്തിലൊരിക്കൽ സുൽത്താൻമാർ മാറി മാറി അധികാരത്തിൽ വരുമെന്നും “സസി” എന്ന് വിളിപ്പേരുള്ള ശ്രീധരൻ പറഞ്ഞു തന്നു. ഉച്ച വെയിലിൽ തിളങ്ങി നിന്നിരുന്ന, അനേകം മകുടങ്ങളുള്ള കൊട്ടാരം മനോഹരമായിരുന്നെങ്കിലും സന്ദർശകർക്ക് അകത്തേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. രാജസ്ഥാനിലെ കൊട്ടാരങ്ങൾ സന്ദർശിച്ച സമയത്ത് അവിടെ രാജ കുടുംബങ്ങൾ താമസമുണ്ടായിരുന്നെങ്കിലും അവയുടെ കുറച്ചു ഭാഗങ്ങൾ കാണുവാൻ സന്ദർശകരെ അനുവദിച്ചിരുന്നു .അവിടെ രാജ വംശത്തിന്റെ പൂർവ്വകാല ചരിത്രങ്ങളും,ചിത്രങ്ങളും, ആയുധങ്ങളും മറ്റ് വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നതായി കണ്ടിട്ടുണ്ട് . മലേഷ്യയിലാകട്ടെ രണ്ട് കുതിരപ്പടയാളികൾ കാവൽ നിൽക്കുന്ന അടച്ചിട്ട ഗേറ്റിന് മുന്നിൽ നിന്ന് കൊണ്ട് സുവർണ്ണ മകുടങ്ങളാൽ ശോഭിക്കുന്ന കൊട്ടാരക്കെട്ടിടം കാണുക മാത്രമേ നിവർത്തിയുണ്ടായിരുന്നുള്ളൂ.കുറച്ചു നേരം അവിടെയൊക്കെ ചുറ്റി നടന്നിട്ട് ഉദ്യാന വഴികളിലൂടെ നടന്നു ചെന്നപ്പോൾ ഒരു സൂവനീർ ഷോപ്പ് കണ്ടു . പാലസിന്റെയും , മലേഷ്യയുടെ പ്രതാപക്കാഴ്ചകളായ ടവ്വറുകളുടെയും ചെറിയ മോഡലുകൾ ഉൾപ്പടെയുള്ള കൌതുക വസ്തുക്കൾ അവിടെ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടായിരുന്നു .
നാഷണൽ മോണുമെൻറ്
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് നാടിന്
സ്വാതന്ത്ര്യം നേടിയെടുക്കുന്നതിന് വേണ്ടി
ജീവൻ ബലിയർപ്പിച്ച യോദ്ധാക്കളുടെ അനുസ്മരണാർത്ഥം
നിർമ്മിച്ചിട്ടുള്ള ഒരു സ്മാരകത്തിനടുത്തേക്കാണ് കൊട്ടാര മുറ്റത്തെ
കാഴ്ചകളിൽ നിന്ന് പോയത് . 1963 ൽ മലേഷ്യൻ
പ്രധാന മന്ത്രിയായിരുന്ന “അബ്ദുൾ റഹ്മാൻ പുത്ര അൽഹാജ്” ആയിരുന്നു നാഷണൽ മോണുമെന്റ് ആയ ഈ സ്മാരകം നിർമ്മിക്കുന്നതിനായി മുൻകൈ
എടുത്തത്. വിജയത്തിന്റെ പ്രതീകങ്ങളായ ഏഴു വെങ്കല പ്രതിമകളും അവയ്ക്ക് മുന്നിൽ
വിശാലമായ ഒരു തടാകവും,ജലധാരകളും ,പൂന്തോട്ടവും, ദേശീയ സ്മാരകവും അടങ്ങുന്നതാണ് മോണുമെന്റ്
. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരുടെ വിശദ വിവരങ്ങൾ എഴുതിയ ഫലകങ്ങൾ അവിടെ സ്ഥാപിച്ചിട്ടുണ്ടായിരുന്നു
. കൂടാതെ എല്ലാ വർഷവും ഫെബ്രുവരി എട്ടാം തീയതി യോദ്ധാക്കളോടുള്ള ആദര സൂചകമായി
പട്ടാളക്കാരുടെ ഒരു പരേഡും അവിടെ നടത്തി
വരാറുണ്ടെന്ന് അറിയാൻ കഴിഞ്ഞു. മോണുമെന്റ് സന്ദർശനത്തിന് ശേഷം അബ്ദുൾ സമദ്
ബിൽഡിങ്ങിനടുത്തുള്ള ഇൻഡിപെൻഡൻസ് സ്ക്വയറിലേക്കാണ് സസി ഞങ്ങളെ കൊണ്ടു പോയത് .
തുറന്ന സ്ഥലം (Field ) എന്നർത്ഥം വരുന്ന “പദങ്ങ്” ആണ് മലേഷ്യൻ സ്വാതന്ത്ര്യ സ്മരണകളുണർത്തുന്ന ഇൻഡിപെൻഡൻസ് സ്ക്വയർ. 1957 ആഗസ്റ്റ് 31 ന് അർദ്ധ രാത്രി സമയത്ത് സുൽത്താൻ അബ്ദുൾ സമദ് കെട്ടിടത്തിന് മുന്നിലുള്ള ഈ സ്ഥലത്ത് ബ്രിട്ടീഷ് പതാക താഴ്ത്തി, മലേഷ്യൻ പതാക ഉയർത്തിയിട്ട് ” ഡറ്റാരൻ മെർഡെക്കാ” എന്ന് പുനർ നാമകരണം ചെയ്തു . എല്ലാ വർഷവും ഈ ദിനത്തിൽ സ്ക്വയറിൽ വലിയ ആഘോഷ പരിപാടികൾ നടക്കുകയും പ്രധാനമന്ത്രി ആകാശത്തേക്ക് കൈ ഉയർത്തി മൂന്നു തവണ “മെർഡെക്ക’ എന്ന് പറയുകയും ചെയ്യുന്ന പതിവുണ്ടെന്നാണ് സസി വിശദീകരിച്ചത് . 2717 അടി ഉയരമുള്ള ബുർജജ് ഖലീഫ കഴിഞ്ഞാൽ മുകളിലേക്ക് കൈ ചൂണ്ടി നിൽക്കുന്ന രീതിയിലുള്ള 2227 പൊക്കക്കാരനായ “മെർഡെക്ക ടവ്വറിനാണ് ‘ ലോകത്തിൽ രണ്ടാം സ്ഥാനമുള്ളതെന്നാണ് ഗൈഡിന്റെ അവകാശ വാദം.
അബ്ദുൾ സമദ് കെട്ടിടം
ഗോൾഫ് ക്ലബ്ബ്
പെട്രോണാസ് ട്വിൻ ടവ്വേഴ്സും കെ എൽ ടവ്വറും :-
കുലാലമ്പൂരിലെ റേസ് ട്രാക്കിന് സമീപമുള്ള
ഏറ്റവും ഉയരം കൂടിയ ഇരട്ടക്കെട്ടിടങ്ങളായ പെട്രോണാസ് ഇരട്ട ഗോപുരങ്ങളുടെ നിർമ്മാണം
1998 ലാണ് പൂർത്തിയായത് . കോൺക്രീറ്റും ഉരുക്കും ഗ്ലാസും കൊണ്ട് ബലിഷ്ഠമായി
നിർമ്മിച്ചിട്ടുള്ള 88 നിലകളുള്ള ഈ ഭീമാകാരികളുടെ ആദ്യ അഞ്ചു നിലകളിൽ ഷോപ്പിങ് മാളുകളും
അതിന് മുകളിൽ ഓഫീസുകളും ആണ് പ്രവർത്തിക്കുന്നത് . മലേഷ്യയുടെ ദേശീയ എണ്ണക്കമ്പനിയായ
“പെട്രോണാസ്’ ആണ് ഇത്തരം ഉയരത്തിലുള്ള കെട്ടിടങ്ങൾ
അവിടെ നിർമ്മിക്കാൻ തീരുമാനിച്ചതെന്ന് പറയപ്പെടുന്നു. സ്വാഭാവികമായും അതു കൊണ്ട്
തന്നെയാകാം അവയ്ക്ക് പെട്രോണാസ് എന്ന് പേരു വന്നതും.ഉച്ച വെയിലിൽ
മിന്നിത്തിളങ്ങുന്ന പെട്രോണാസിനെ റോഡിൽ നിന്ന് ഒരു നോക്ക് കണ്ടിട്ട് കെ എൽ ടവ്വർ
കാണാൻ പോയി .
ഇരട്ടകളിൽ നിന്ന് അധികം അകലെയല്ല മലേഷ്യയിലെ ആറ് നിലകളുള്ള ടെലി കമ്യൂണിക്കേഷൻ ടവ്വർ ആയ “കെ എൽ ടവ്വർ” നില കൊള്ളുന്നത് . മേൽക്കൂര വരെ 1100 അടി ഉയരമുണ്ടെങ്കിലും 1381 അടി വരെ ഉയരം വർദ്ധിപ്പിക്കാവുന്ന ആൻറിനയുണ്ടെന്നുള്ള ഒരു സവിശേഷത കൂടി ഈ ടവ്വറിനുണ്ട്. കെ എൽ ടവ്വറിന്റെ ഉള്ളിലേക്ക് സന്ദർശകർക്ക് ടിക്കറ്റ് എടുത്ത് പ്രവേശിക്കാവുന്നതാണ് . ലിഫ്റ്റു വഴി മുകളിലുള്ള ആദ്യ ലെവലിൽ എത്തിയപ്പോൾ നഗരത്തിന്റെ ഒരു വിഹഗ വീക്ഷണം ലഭിച്ചു ,കൂടാതെ ടവ്വറിന്റെ ചരിത്രവും ലോകത്തിലെ മറ്റ് ഗോപുരങ്ങളുമായുള്ള താരതമ്യ ചിത്രങ്ങളും അവിടെക്കണ്ടു . അടുത്ത ഒരു ലെവലായ സ്കൈ ഡെക്കും റിവോൾവിങ് റെസ്റ്റോറൻറും കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനുള്ള ടിക്കറ്റ് പാക്കേജിൽ ഇല്ല എന്ന് ജീവനക്കാർ അറിയിച്ചതോടെ ഞങ്ങൾ നിരാശരായി താഴേയ്ക്കിറങ്ങി.
കെ എൽ ടവ്വറിനു മുകളിൽ നിന്നുള്ള നഗര ദൃശ്യം
അവിടെ വരെ ചെന്നിട്ട് ഇത്ര മനോഹരമായ
കാഴ്ചകൾ കാണാൻ സാധിച്ചില്ലെങ്കിൽ എന്ത്
വിഷമമായിരിക്കും ഉണ്ടാകുക എന്ന് ആലോചിച്ച് നോക്കിയാൽ ആർക്കും മനസ്സിലാകും. ഇങ്ങനെയുള്ള വേറിട്ട കാഴ്ചകൾ കാണാൻ വേണ്ടിയല്ലേ നമ്മൾ പണം ചിലവാക്കി പുതിയ പുതിയ സ്ഥലങ്ങൾ തേടി
പോകുന്നത് . നമുക്ക് അറിയില്ലെങ്കിലും ഏജൻസിയ്ക്ക് ഇതൊക്കെ അറിയാമല്ലോ , പണം
വാങ്ങുമ്പോൾ അതിനുള്ള തുക കൂടി വാങ്ങിയാൽ പുതിയ ഒരനുഭവമല്ലേ സന്ദർശകർക്ക്
ലഭിക്കുന്നത് . ഇത് പോലെ പല കാര്യങ്ങൾ
മലേഷ്യൻ യാത്രയിൽ ഞങ്ങളെ
അസംതൃപ്തരാക്കിയിരുന്നു എന്ന് പറയാതെ വയ്യ .
സിറ്റി ടൂറിന് അനുവദിക്കപ്പെട്ട സമയം
കഴിഞ്ഞതോടെ ഹോട്ടലിലേക്ക് മടങ്ങി.”ഇന്ത്യൻ എമ്പയർ” എന്ന ഒരു ഹോട്ടലിൽ നിന്ന്
അത്താഴം കഴിച്ചിട്ട് മുറിയിൽ ചെന്ന് സിറ്റി ടൂറിലെ പാകപ്പിഴകളെപ്പറ്റിയും അടുത്ത
ദിവസത്തെ പരിപാടിയായ ബാത്തൂ ഗുഹാ ക്ഷേത്ര സന്ദർശനത്തെപ്പറ്റിയും കുറച്ചു സമയം
ചർച്ച ചെയ്തിട്ട് വിശ്രമിച്ചു.
ബാത്തൂ ഗുഹകൾ :-
മലേഷ്യയിലെ സെലംഗാർ പ്രവിശ്യയിലുള്ള ,ഗൊംബാക്ക്
എന്ന സ്ഥലത്ത് ഭീമൻ ചുണ്ണാമ്പ് പാറകളാൽ നാനൂറ് ദശ ലക്ഷം വർഷം മുൻപ് ഉണ്ടായിട്ടുള്ളതാണ് ബാത്തു ഗുഹകൾ. തമിഴ് വംശജനായ
ഒരു ധനികനാണ് ഇവിടെ മുരുക പ്രതിഷ്ഠ നടത്തി ക്ഷേത്രം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു
. ജനുവരി മാസത്തിലെ തൈപ്പൂയം വളരെ പ്രാധാന്യമുള്ള ഒരു ഉത്സവമായി ഇവിടെ ആഘോഷിച്ചു
വരുന്നുണ്ട് .
ഹോട്ടലിൽ നിന്ന് ഇഡ്ഡലിയും സാമ്പാറും പ്രാതലായി കഴിച്ച് മലേഷ്യൻ സഞ്ചാര വ്ളോഗുകളിൽ
പല തവണ കണ്ടിട്ടുള്ള സ്വർണ്ണ വർണ്ണത്തിലുള്ള
വേലായുധ പെരുമാളിനെ കാണാൻ വേണ്ടി
ഞങ്ങൾ റെഡിയായി നിന്നു . ഓരോ ദിവസവും ഓരോ വാഹനവും ഓരോ ഡ്രൈവറും ആണ് ഞങ്ങളെ
കാഴ്ചകളിലേക്ക് കൊണ്ട് പോകാൻ വന്നിരുന്നത് ,അത് ഞങ്ങൾക്ക് അത്ര തൃപ്തികരമായി തോന്നിയിരുന്നില്ല
, പക്ഷേ വാഹനവും ഡ്രൈവറും ഒഴിവുള്ളതനുസരിച്ച്
മാത്രമേ അയയ്ക്കാൻ പറ്റുകയുള്ളൂ എന്നായിരുന്നു
അവിടത്തെ പാർട്ട്ണർ ഏജൻസിയുടെ വിശദീകരണം . അത് മാത്രവുമല്ല യാത്ര തുടങ്ങുന്നതിനു തൊട്ടു മുൻപ് ഫോണിൽ അറിയിപ്പ്
കിട്ടുന്ന വാഹനമോ ഡ്രൈവറോ ആയിരിക്കയില്ല കൊണ്ടു പോകാൻ വരുന്നതെന്നുള്ള കാര്യവും അത്ര ശരിയായി
തോന്നിയില്ല .. പറയാവുന്നതൊക്കെ പറഞ്ഞു നോക്കി ഫലമില്ല .. പിന്നെ എന്തു ചെയ്യാൻ.. സഹിക്കുക അത്ര മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ .. പെട്ടു
പോയില്ലേ ... ബാത്തൂ ഗുഹകളിലേക്ക്
ഞങ്ങളെ കൊണ്ടു പോകാൻ വന്നത് പഞ്ചാബിൽ നിന്നും വർഷങ്ങൾക്ക് മുൻപ് മലേഷ്യയിൽ
കുടിയേറിയ കുടുംബത്തിൽ പെട്ട “റംസെയിൻ”
എന്ന സാമാന്യം ഭേദപ്പെട്ട ഒരാളായിരുന്നു.
ഹോട്ടലിൽ നിന്ന് അര മണിക്കൂറിൽ താഴെ യാത്ര ചെയ്താൽ മതിയായിരുന്നു ഗുഹയക്കരികിലെത്താൻ. യാത്രാ മദ്ധ്യേ തന്നെ ആകാശം ഇരുണ്ട്, മഴയുടെ സാദ്ധ്യത കണ്ടു തുടങ്ങി. ഗുഹയ്ക്കരികിലെത്തിയ പ്പോഴേക്കും വലിയ കാറ്റും മഴയുമായി . ഞങ്ങൾ കുടകൾ കരുതിയിരുന്നെങ്കിലും കുട പിടിച്ചാൽ കുടയോടൊപ്പം നമ്മളെയും ചേർത്ത് പറപ്പിച്ചു കൊണ്ടു പോകുന്ന അത്ര വലിയ കൊടും കാറ്റായിരുന്നു . അതൊന്നു ശമിക്കുന്നത് വരെ ഒരു കെട്ടിടത്തിന്റെ സമീപത്ത് നിന്നു. അവിടെ നിന്ന് കൊണ്ട് ചുണ്ണാമ്പ് മലയ്ക്ക് മുന്നിൽ മേഘങ്ങളാൽ ജലാഭിഷിക്തനാകുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മുരുക പ്രതിമ വളരെ ഭംഗിയായി കണ്ടു . കോൺക്രീറ്റും സ്റ്റീലും കൊണ്ട് നിർമ്മിച്ച് സ്വർണ്ണ നിറം പൂശിയ മുരുക പ്രതിമയ്ക്ക് ഏകദേശം 140 അടി ഉയരമുണ്ടെന്നാണ് പറഞ്ഞറിഞ്ഞത് . തങ്കക്കിരീടവും ,തങ്കവേലും ,അലങ്കാരങ്ങളുമായി ഗംഭീരമായി നില കൊണ്ടിരുന്ന ആ പ്രതിമയ്ക്ക് പിന്നിൽ മാനം മുട്ടെ എന്നു പറയാവുന്ന ചുണ്ണാമ്പ് പാറ വള്ളിപ്പടർപ്പുകളാലും നിരവധി വൃക്ഷങ്ങളാലും ഹരിതാഭമായി തല ഉയർത്തി ശോഭിച്ചു നിന്നിരുന്നു . ചുണ്ണാമ്പ് മലയ്ക്കു താഴെ ഒരു ഗണപതി ക്ഷേത്രവും ദേവി,നാഗ,നവഗ്രഹ ക്ഷേത്രങ്ങളും ഉണ്ടായിരുന്നു .. മഴ കുറഞ്ഞപ്പോൾ എല്ലാവരും മുകളിലേക്കുള്ള പടവുകൾ കയറിത്തുടങ്ങി . തീരെ വീതി കുറഞ്ഞതും നനഞ്ഞതുമായ കുത്തനെയുള്ള 272 പടികൾ കയറി ഗുഹയിലെ മുരുക ക്ഷേത്രത്തിലെത്തുക എന്നത് എല്ലാവർക്കും തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു . മുകളിൽ സ്ഥിതി ചെയ്യുന്ന ഗുഹയിൽ രണ്ട് മുരുക ക്ഷേത്രങ്ങളാണ് കാണാൻ കഴിഞ്ഞത്.
ബാത്തൂ ഗുഹയും മുരുക പ്രതിമയും
ബാത്തൂ ഗുഹയ്ക്കുള്ളിലെ മുരുക ക്ഷേത്രം
വളരെ വിശാലമായ ബാത്തൂ ഗുഹയ്ക്കുള്ളിലെ മുരുക പ്രതിഷ്ഠയും അലങ്കാരങ്ങളും തമിഴ് രീതിയിലാണ് കാണപ്പെട്ടത് . ശാന്ത ശീതളമായിരുന്ന ഗുഹയ്ക്കുള്ളിൽ അൽപ്പ നേരം സ്വസ്ഥമായി നിന്ന് പ്രാർത്ഥിച്ച് വഴിപാടുകളും നടത്തിയിട്ട് ഞങ്ങൾ പുറത്തേക്കിറങ്ങി . പടിയിറങ്ങി വരുമ്പോൾ താഴെ നഗരവും ,നഗരത്തെ അനുഗ്രഹിച്ചു വരദ ഹസ്തനായി നിൽക്കുന്ന ഭീമാകാരനായ ദേവ സേനാപതി സുബ്രഹ്മണ്യ സ്വാമിയെയും കാണാൻ കഴിഞ്ഞത് ജന്മ പുണ്യമായി തോന്നി .
മുരുക ക്ഷേത്ര
പരിസരത്ത് നിന്ന് “പഹാങ്” എന്ന സ്ഥലത്തുള്ള ജെന്റിങ് ഹൈ ലാൻഡിലേക്കായിരുന്നു തുടർന്നുള്ള യാത്ര . അവിടേക്കുള്ള യാത്രാ മദ്ധ്യേ മുൻ
ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഞങ്ങളുടെ സാരഥി മലേഷ്യയെ പറ്റി കുറച്ചു
കാര്യങ്ങൾ പറഞ്ഞു തന്നു എന്നത് വലിയ ആശ്വാസമായി .
മലേഷ്യയിൽ ചെന്നപ്പോൾ തോന്നിയ
മറ്റൊരു കാര്യം ഇവിടെ ചേർക്കട്ടെ . ചൈനീസ് ഭാഷയുടെ സ്വാധീനമുള്ളത്
കൊണ്ടായിരിക്കാം അവിടത്തെ സ്ഥലനാമങ്ങൾക്ക് പഹാങ്ങ് , പിനാങ്ങ്, പുചോങ്ങ്,കെപോങ്ങ്, ബിൻതാങ്ങ് എന്നിങ്ങനെ ഒരു താങ്ങുണ്ടായിരുന്നതായി തോന്നി .
ബാത്തൂ ഗുഹയ്ക്ക് മുന്നിലെ ഭീമാകാരമായ മുരുക
പ്രതിമ
ചുണ്ണാമ്പ് മലയ്ക്ക് താഴെയുള്ള ക്ഷേത്രങ്ങൾ
ബാത്തൂ ഗുഹ
ജെന്റിങ് ഹൈ ലാൻഡ്സ് :-
പേരു സൂചിപ്പിക്കുന്നത് പോലെ ഉയർന്ന
പ്രദേശമായ ജെന്റിങ് ഹൈ ലാൻഡിലേക്കുള്ള ഞങ്ങളുടെ ഒരു മണിക്കൂർ നീണ്ട യാത്ര ഒരു വന
പ്രദേശത്ത് കൂടി ആയിരുന്നു. പാതയുടെ വശങ്ങളിൽ
ഇടതൂർന്ന വനങ്ങളായിരുന്നതിനാൽ യാത്രാ മദ്ധ്യേ ഉച്ച ഭക്ഷണം ലഭിക്കാനുള്ള
സാദ്ധ്യത തീരെ ഇല്ലായിരുന്നു. പുലി,കടുവ മുതലായ മൃഗങ്ങൾ വനങ്ങളിൽ ഉണ്ടെങ്കിലും ആനയുടെ സാന്നിദ്ധ്യം ഇല്ല എന്നാണ് ഡ്രൈവർ ചേട്ടൻ പറഞ്ഞത്. എണ്ണപ്പനയും റബ്ബറും ,പച്ചക്കറിക്കൃഷിയും,
കൂടാതെ സ്വർണ്ണഖനികളും ,സ്റ്റീൽ ഉത്പാദനവും മലേഷ്യയിൽ വ്യാപകമായി ഉണ്ടെന്നാണ് അയാൾ പറഞ്ഞത് . എണ്ണയും
,പ്രകൃതി വാതകവും ഇവിടെ ഖനനം ചെയ്യുന്നുണ്ടെന്നും ,തൊട്ടടുത്തുള്ള “കാമറൂൺ ഐലൻറ്” തേയില, സ്ട്രാ ബെറി, പൂക്കൾ ,പച്ചക്കറിത്തോട്ടങ്ങൾ എന്നിവ കൊണ്ട് സമ്പന്നമാണെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു . കാഴ്ചകൾ കണ്ടു കൊണ്ടുള്ള യാത്രയിൽ ഉയരം കൂടും തോറും തണുപ്പ് കൂടിക്കൂടി വന്നു .
“ടിടിവാങ്സ” പർവ്വതത്തിലെ “ഉലു കലി” എന്ന കൊടുമുടിയിലാണ് റിസോർട്ടുകളും
,കാസിനോകളും ഉള്ള “ജന്റിങ്ങ്” എന്ന ടൂറിസ്റ്റ് കേന്ദ്രം . കൊടുമുടിയുടെ താഴെയുള്ള “അവാന “ കേബിൾ കാർ സ്റ്റേഷനിൽ ഞങ്ങളെ ഇറക്കിയിട്ട് വൈകുന്നേരം
വരെ അവിടെ ചിലവഴിക്കാൻ സമയമുണ്ടെന്ന് അറിയിച്ച് “റംസെയിൻ” പോയി.
“അവാനയിലെ” ചലിച്ചു കൊണ്ടിരുന്ന കേബിൾ കാറിലേക്ക് ഓടിക്കയറി ഉയരങ്ങളിലേക്ക് പോയപ്പോൾ ഇടയ്ക്ക് ഉയർന്നു നിന്നിരുന്ന ചൈനീസ് ശിൽപ്പ ശൈലിയിലുള്ള ഒരു ക്ഷേത്രം കണ്ടെങ്കിലും മടക്ക യാത്രയിൽ അത് വിശദമായി കയറി കാണാമെന്ന് കരുതി ഞങ്ങൾ കുന്നിന്റെ ഉച്ചിയിലേക്കാണ് പോയത്. കൌതുകകരമായിരുന്ന കേബിൾ കാർ യാത്രയ്ക്കിടയിൽ താഴേയ്ക്ക് നോക്കിയപ്പോൾ കാഴ്ചകൾ മനോഹരമെങ്കിലും ഒപ്പം ഭീതി ദായകവുമായിരുന്നു . കൂറ്റൻ വടങ്ങളിൽ തൂങ്ങി താഴേക്കും മുകളിലേക്കും തെന്നിത്തെന്നി പോകുന്ന കൊക്കൂണുകൾ പോലെയുള്ള കേബിൾ കാറുകളുടെ യാത്ര കണ്ടിരിക്കുക രസകരമായിരുന്നു . കുറച്ച് സമയം കൊണ്ട് മുകളിലെത്തിയ ആ ഗൊണ്ടോളകൾ ഞങ്ങളെ സ്റ്റേഷനിൽ ഇറക്കിയിട്ട് നിരാശരായി വട്ടം ചുറ്റി താഴേക്ക് തിരിച്ചു പോയി . കാർ സ്റ്റേഷനിൽ നിന്നും ഞങ്ങൾ സൂവനീർ ഷോപ്പുകളുടെയും ഭക്ഷണ ശാലകളുടെയും ശീതീകരിച്ച ഇടനാഴികളിലൂടെ കുറേ സമയം നടന്നു . അവിടെ ആകർഷകമായി എന്തെങ്കിലും ഉണ്ടോ എന്നു ചോദിച്ചാൽ മുകളിൽ നിന്ന് നോക്കുമ്പോഴുള്ള താഴ്വാരക്കാഴ്ചകൾ മനോഹരമാണ്. അതല്ലാതെ പിന്നെയുണ്ടായിരുന്നത് കേട്ടാൽ ഞെട്ടുന്ന വിലയുള്ള കുറേ ബ്രാൻഡഡ് ഷോപ്പുകളും, ഐസ് ക്രീം, പിസ ഇവ വിൽക്കുന്ന കടകളും,ചൂതാട്ട കേന്ദ്രമായ കാസിനോയുമായിരുന്നു . അതൊക്കെ ഇഷ്ടപ്പെടുന്നവർക്ക് ഈ സ്ഥലം ആകർഷകമായേക്കാം . ഞങ്ങളാകട്ടെ മീൻ വിൽക്കുന്ന മിനി ലോറിക്ക് സമീപത്ത് കൂടി നടക്കുന്ന പൂച്ചയെ പോലെ കടകൾക്ക് മുന്നിലുള്ള മിനുസപ്പെടുത്തിയ വരാന്തകളിലൂടെ തേരാ പാരാ നടന്നു ,ഏതെങ്കിലും കടയിൽ നിന്ന് നമുക്ക് വേണ്ട സാധനങ്ങൾ വില കുറച്ച് കിട്ടാൻ സാദ്ധ്യത ഉണ്ടോയെന്നറിയുകയായിരുന്നു നടപ്പിന്റെ ഉദ്ദേശം. പക്ഷേ ഇങ്ങനെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിശേഷിച്ച് കാസിനോ കൂടി ഉള്ള സ്ഥിതിയ്ക്ക് എല്ലാ സാധനങ്ങൾക്കും പൊള്ളുന്ന വിലയായിരിക്കും എന്നറിയാമായിരുന്നു. പരീക്ഷിക്കുവാനായി ഒന്നു രണ്ടു ഷോപ്പുകളിൽ കയറി ചെരുപ്പിനും, ബാഗിനും ഒക്കെ വില ചോദിച്ചതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ലെന്ന് പറയാം . ഇതിനിടെ ഒരു സർക്കസ് കൂടാരത്തിനെ അനുസ്മരിപ്പിക്കുന്ന കാസിനോയിൽ ചേട്ടനും അശ്വിനും കൂടി കയറി. ക്യാമറയും, ബാഗുകളും അതിനകത്തേക്ക് പ്രവേശിപ്പിക്കാത്തതിനാൽ ബാഗ് സൂക്ഷിച്ചു കൊണ്ട് ഞാൻ പുറത്തിരുന്നു ....... കാസിനോ ദർശനം തീർത്തും മോശമായിരുന്നതിനാലാകണം രണ്ടു പേരും പെട്ടെന്ന് തന്നെ പുറത്തു വന്നു.ക്യാമറ നിരീക്ഷണത്തിലായിരുന്ന അതിനുള്ളിൽ പ്രായമായ കുറേ ആളുകൾ ചീട്ടു കളി ,മഷീനിൽ കളിക്കാൻ പറ്റുന്ന ഗെയിമുകൾ തുടങ്ങിയുള്ള ചൂതാട്ട വിനോദങ്ങളിൽ ഏർപ്പെട്ടിരുന്നു എന്നതൊഴിച്ചാൽ മറ്റ് പറയത്തക്ക കാര്യങ്ങളൊന്നും ഇല്ലായിരുന്നെന്നാണ് പറഞ്ഞറിഞ്ഞത് . ഉയർന്ന പ്രദേശത്തിന്റെ സ്വാഭാവികമായ തണുപ്പും എ. സി യുടെ തണുപ്പും കൂടിച്ചേർന്ന് അവിടത്തെ തണുപ്പ് സഹിക്കാനാകാത്ത വിധം അധികമായിരുന്നു . അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നതിനാൽ വിശപ്പടക്കാൻ നമുക്ക് രുചിക്കുന്ന രീതിയിലുള്ള ഭക്ഷണം ലഭിക്കുന്ന ഏതെങ്കിലും സ്ഥലം കാണാനുണ്ടോ എന്നന്വേഷിച്ചു ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കുറേ ദൂരം നടന്നു. പല കടകളിലെയും ബോർഡുകളിൽ എഴുതി വച്ചിരുന്ന മെനു എന്താണെന്നു പോലും മനസ്സിലാകാഞ്ഞത് കൊണ്ട് നടന്നു നടന്ന് അവസാനം ഒരു തമിഴ് ഹോട്ടലിൽ കയറിച്ചെന്നു . വലിയ വിലയായിരിക്കുമെന്ന് കരുതി തന്നെയാണ് അവിടെച്ചെന്നത് . വില കൂടിയാൽ ദഹിക്കാൻ പ്രയാസമാകുമെങ്കിലും നമുക്ക് പരിചയമുള്ള എന്തെങ്കിലും കഴിക്കാമല്ലോ എന്നായിരുന്നു ആശ്വാസം . പ്രതീക്ഷയ്ക്ക് വിപരീതമായി നല്ല രുചിയുള്ള മസാല ദോശയും ,പരിപ്പ് വടയും ചായയും ന്യായമായ വിലയിൽ നമ്മുടെ അയൽ നാട്ടുകാരായ തമിഴർ ഞങ്ങൾക്ക് നൽകിയപ്പോൾ വളരെ സന്തോഷം തോന്നി . ഭക്ഷണ ശേഷം ഹൈ ലാൻഡിലുള്ള പാർക്ക് കാണാൻ ശ്രമിച്ചെങ്കിലും അത് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്നതിനാൽ താഴേയ്ക്ക് മടങ്ങാൻ തീരുമാനിച്ചു.
മുകളിലേക്കുള്ള യാത്രാ
സമയത്ത് കാണാൻ ഉദ്ദേശിച്ചിരുന്ന “ചിൻ സ്വീ
‘ എന്ന ബുദ്ധ ക്ഷേത്രം കാണാനായി മദ്ധ്യേ ഉള്ള ഒരു സ്റ്റേഷനിൽ ഇറങ്ങി. മരങ്ങളുടെ
പച്ചപ്പിനിടെ ഉയർന്നു നിന്നിരുന്ന നിറപ്പകിട്ടാർന്ന ആ ക്ഷേത്രം ദൂരെ നിന്ന്
കാണുമ്പോൾ തന്നെ മനോഹരമായിരുന്നു . കേബിൾ കാർ സ്റ്റേഷനിൽ നിന്നിറങ്ങി പടിക്കെട്ടുകളിലൂടെ നടന്നു പോകാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ
അവിടേയ്ക്ക്. സ്റ്റേഷനിൽ നിന്ന് ഇറങ്ങിച്ചെന്ന ഞങ്ങളോട് ചിൻ സ്വീയിലേയ്ക്കുള്ള നടപ്പാത
അടച്ചിരിക്കുകയാണെന്നും കാർ മാർഗ്ഗമേ അങ്ങോട്ട് പോകാൻ സാധിക്കുകയുള്ളൂ,400 രൂപ
കൊടുത്താൽ അങ്ങോട്ട് കൊണ്ടു പോകാമെന്നും അവിടത്തെ ടാക്സി ലോബി പറഞ്ഞതോടെ ആ ഉദ്യമം
ഉപേക്ഷിച്ച് താഴേയ്ക്ക് തിരിച്ചു പോന്നു .
കേബിൾ കാറിൽ നിന്നുമുള്ള താഴ്വാരക്കാഴ്ച
വൈകുന്നേരം താമസ സ്ഥലത്തിനടുത്തുള്ള ചില
മാളുകൾ സന്ദർശിച്ചെങ്കിലും വിലക്കൂടുതൽ കാരണം വെറുതെ കണ്ടു തൃപ്തി വരുത്തിയിട്ട് മടങ്ങിപ്പോന്നു . അന്ന്
രാത്രി ഹോട്ടലിന് സമീപത്തുള്ള ‘സൂപ്പർ സ്റ്റാർ ‘ എന്ന ഹോട്ടലിൽ നിന്ന് പുട്ടും
കടലയും ,ദോശയും ഒക്കെ അത്താഴമായി കഴിച്ച് മുറിയിൽ പോയി വിശ്രമിച്ചു .
വ്യാളികൾ കാവൽ നിൽക്കുന്ന “ത്യാൻഹോ” ക്ഷേത്ര
വിശേഷങ്ങൾ അറിയണ്ടേ ....രണ്ടാം ഭാഗം വായിക്കുക........