2022, ഏപ്രിൽ 2, ശനിയാഴ്‌ച

A Visit to Isha Foundation

 

ഈശം

                                                                    -നന്ദ -      


    മനുഷ്യ ശേഷികളെ പരിപോഷിപ്പിക്കുവാനും അവന്റെ പരിമിതികളെ മറികടന്ന് അവനില്‍  ഉറങ്ങിക്കിടക്കുന്ന അനന്തമായ സാദ്ധ്യതകളെ കണ്ടെത്തുന്നതിനുമായി ,യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ ഒരു ഗുരുനാഥന്‍ -ഇന്നത്തെ പരിതസ്ഥിതിയില്‍ ലോകത്തിന് തീര്‍ത്തും അവശ്യമായ ഒരു കാര്യം തന്നെയാണ് എന്ന കാര്യത്തില്‍ ചിലര്‍ക്കെങ്കിലും യോജിക്കാന്‍ കഴിയുമെന്ന് കരുതുന്നു.വിവേകാനന്ദ സ്വാമിയെ പ്പോലെ ലോകമറിയുന്ന ചരിത്ര പുരുഷന്മാര്‍ പലരും ഒരു ഉത്തമ ഗുരുവിനെ തേടി അനേക കാലം നടന്നതും ആത്മവിദ്യ സ്വായത്തമാക്കിയ കാര്യങ്ങളും നാമേവര്‍ക്കും അറിവുള്ള കാര്യമാണല്ലോ. ഇന്ന് സകല സൗകര്യങ്ങളും സമ്പത്തും എല്ലാമുണ്ടായിട്ടും ഒന്നിലും സന്തോഷവും സംതൃപ്തിയും ഇല്ലാതെ പിന്നെയും എന്തിനൊക്കെയോ വേണ്ടി പരക്കം പായുകയാണല്ലോ  ലോക ജനത!!!...നാഡീ സമൂഹത്തെ  വലിച്ചു മുറുക്കി പേശികളെ തളര്‍ത്തി മസ്തിഷ്ക്കത്തിന് അവസാനമില്ലാത്ത ആഗ്രഹങ്ങളുടെ ചിന്തകള്‍ കൊടുത്ത് ,ഹൃദയത്തിന് താങ്ങാനാവാത്ത വേദനകള്‍ സമ്മാനിച്ച്  ചികിത്സിച്ചാലും ഭേദമാകാത്ത രോഗങ്ങളും സമ്പാദിച്ച് ,പുണ്യ ജന്മമെന്നു കരുതുന്ന മനുഷ്യ ജന്മം ആസ്വദിക്കാതെയും ,അറിയാതെയും കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് നട്ടം തിരിയുകയാണല്ലോ ഏറിയ പങ്ക്  മനുഷ്യരും.അങ്ങനെയുള്ളവരുടെ  നന്മയ്ക്കായി  ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കാന്‍  ഒരു ഗുരുവിനെ കിട്ടിയാല്‍ അത് ഏറ്റവും സന്തോഷമുള്ള കാര്യമല്ലേ ---അതെ ആ മഹാഗുരുവാണ് “സദ്ഗുരു “

കര്‍ണ്ണാടക സംസ്ഥാനത്തിലെ മൈസൂരില്‍ 1957 സെപ്തംബര്‍ മാസം മൂന്നാം തീയതിയാണ് “സദ്ഗുരു” എന്ന് ,ഇന്ന് ലോകമറിയുന്ന “ജഗ്ഗി വാസുദേവ് “  ജനിച്ചത്. ബാല്യത്തില്‍ തന്നെ യോഗ പഠനം ആരംഭിച്ച അദ്ദേഹം മൈസൂര്‍ യൂണിവേര്‍സിറ്റിയില്‍ നിന്ന് ഇംഗ്ലിഷില്‍ ബിരുദം നേടിയതിനു ശേഷം  ചെറിയ രീതിയില്‍ ഒരു ബിസിനസ്സ് തുടങ്ങിയെങ്കിലും അത് സുഹൃത്തിനെ ഏല്‍പ്പിച്ച്  വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്  ജനജീവിതം പഠിക്കുന്നതിലേക്ക് തിരിയുകയായിരുന്നു .യൌവ്വന കാലത്ത് തന്നെ “യോഗ” പഠിപ്പിക്കുവാന്‍  ആരംഭിച്ച അദ്ദേഹം തന്റെ മോട്ടോര്‍ സൈക്കളില്‍ യാത്ര ചെയ്ത് കര്‍ണാടകയിലും ഹൈദരബാദിലും  സ്ഥിരമായി യോഗ ക്ലാസുകള്‍ നടത്തി വന്നിരുന്നു. പന്ത്രണ്ടാം വയസ്സില്‍ മല്ലാടിഹള്ളി രാഘവേന്ദ്രയില്‍ നിന്ന്  ഹഠയോഗം പഠിച്ച  അദ്ദേഹം 1992-93 കാലഘട്ടത്തിലാണ്  കോയമ്പത്തൂരില്‍ ‘Isha Foundation” സ്ഥാപിക്കുന്നത് .

കോയമ്പത്തൂരിലെ വെള്ളിയാംഗിരി കുന്നുകളുടെ മടിത്തട്ടിലാണ് “ഈശ ഫൌണ്ടേഷന്‍”. എന്ന സദ്ഗുരുവിന്റെ  ആശ്രമം .യോഗയുടെ അനന്ത സാദ്ധ്യതകള്‍ തുറന്നു കാട്ടുക എന്നതാണ് ഫൌണ്ടേഷന്റെ ലക്ഷ്യം . ശാസ്ത്രീയവും യുക്തിപരവുമായ ജീവിത ദര്‍ശനങ്ങള്‍  ഉള്‍ക്കൊണ്ട് അതിന്റെ സൂക്ഷ്മ തലങ്ങളെ മനസ്സിലാക്കി ആന്തരിക തലത്തില്‍ പ്രവേശിച്ച് ഓരോ വ്യക്തിയും സ്വന്തം സാദ്ധ്യതകള്‍ മനസ്സിലാക്കുവാനുള്ള മാര്‍ഗ്ഗ രേഖകളാണ് ഇവിടെ എത്തുന്ന ആത്മാന്വേഷികളെ സ്വീകരിക്കുന്നത് .ലോകത്ത് ഉടനീളം ഇരുനൂറില്‍ പരം കേന്ദ്രങ്ങളിലായി ഇരുപത് ലക്ഷത്തോളം സന്നദ്ധ സേവകര്‍ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന Isha യോഗ സെന്ററില്‍,”യോഗ” അതിന്റെ ആഴത്തിലും വ്യാപ്തിയിലും പഠിപ്പിക്കുക എന്ന ലക്ഷ്യവുമായി ‘ഇന്നര്‍ എന്ജിനിയറിങ്”  എന്ന ഒരു കോഴ്സ് തന്നെ ഗുരുജി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞാന്‍ ആരാണെന്നും എന്നിലെ പരിമിതികള്‍ എന്താണെന്നും,അവയൊക്കയും മറികടന്ന്  എന്നിലുള്ള സാദ്ധ്യതകള്‍ എന്തെന്ന്  മനസ്സിലാക്കുവാനും ഈ പരിപാടി പ്രയോജനകരമാണെന്ന് അറിയുന്നു .ഉത്കണ്ഠയും , പിരിമുറുക്കവും ,മാനസിക ശാരീരിക സമ്മര്‍ദ്ദവും ഒഴിവാക്കുവാന്‍ യോഗിയും,വാഗ്മിയും വിവേകിയും ദീര്‍ഘദര്‍ശിയും സര്‍വ്വോപരി നര്‍മ്മബോധവുമുള്ള ഒരു ആത്മജ്ഞാനിയുടെ മാര്‍ഗ്ഗ ദര്‍ശനം ലഭിക്കുന്ന അപൂര്‍വ്വ അവസരമാണിത് എന്ന് നാം മനസ്സിലാക്കണം .ശാന്തിയും സമാധാനവും സന്തോഷവും,മാനസിക ശാരീരിക  ആരോഗ്യമവുമുള്ള  സ്വച്ഛന്ദ സുന്ദരമായ ഒരു ലോകമാണ്  സദ്ഗുരു  വിഭാവനം ചെയ്യുന്നത്  എന്നതാണ് പ്രധാനപ്പെട്ട കാര്യം.

റെയില്‍ മാര്‍ഗ്ഗം പോയാല്‍ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഏകദേശം 30 കിലോമീറ്റര്‍ ദൂരമുണ്ട് വെള്ളിയാംഗിരി കുന്നുകള്‍ അതിരിടുന്ന പ്രശാന്ത സുന്ദരമായ ബുലുവാംപട്ടി എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന “ഇഷ”യിലേക്ക് .ടൌണില്‍ നിന്ന്  അര മണിക്കൂര്‍ ഇടവിട്ട്  ഇഷയിലെക്ക് ബസുകള്‍ ലഭ്യമാണ്. അതല്ല റോഡ്‌ മാര്‍ഗ്ഗം സ്വന്തം വാഹനത്തില്‍  പോകുകയാണെങ്കില്‍  തൃശ്ശൂരിനും പാലക്കാടിനും മദ്ധ്യേയുള്ള കതിരാന്‍ തുരംഗം,വഴി കോയമ്പത്തൂരില്‍ ചെന്ന്  ഉക്കടം ,ശീരുവാണി റോഡ്‌ വഴി ഇരുട്ടുകുളത്ത് എത്താം.അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് എട്ടു കിലോമീറ്ററാണ്  ” ഇഷ” യിലേക്കുള്ള ദൂരം .പോകുന്ന വഴിയുടെ വശങ്ങളിലെല്ലാം ഇംഗ്ലിഷില്‍ “Isha” ബോര്‍ഡുകള്‍ കാണാം , അല്ലെങ്കിലും ഇപ്പോള്‍ എല്ലാ വാഹനങ്ങളിലും വഴികാട്ടിയായി “ഗൂഗിള്‍ വലിയമ്മച്ചി “ ഉള്ളത് കൊണ്ട് ലക്ഷ്യ സ്ഥാനത്തെത്തുക അത്ര പ്രയാസമുള്ള കാര്യവുമല്ലല്ലോ!!!

“ഇഷ” ആശ്രമ കോംപ്ലെക്സിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് പറയാം. വൃക്ഷ രാജന്മാര്‍ കുടപിടിക്കുന്ന വിശാലവും നിശബ്ദ സുന്ദരവുമായ ഒരു ഇടം.മയിലുകളും,കിളികളും അണ്ണാറക്കണ്ണന്മാരും,യഥേഷ്ടം വിഹരിക്കുന്ന ഹരിതാഭമായ ഇലച്ചാര്‍ത്തുകള്‍ക്കടിയില്‍ വിനയത്താല്‍ കൂമ്പി നിന്ന് നമസ്കാരം പറയുന്ന ഇഷയുടെ ചൈതന്യ വാഹികളായ സന്നദ്ധ സേവകര്‍. സിരകളില്‍ ഊര്‍ജ്ജം അലിഞ്ഞിറങ്ങുന്ന കരിംകല്ല് പാകിയ നടവഴികളില്‍ എയര്‍ കണ്ടിഷനില്‍ നിന്നെന്ന പോലെ അരിച്ചിറങ്ങുന്ന പ്രകൃതിയുടെ തണുപ്പ് അനുഭവ വേദ്യമാകുമ്പോള്‍ റേഡിയേഷന്‍ ചൂട് പകരുന്ന ഫോണ്‍ വേണ്ടെന്നു വച്ചേ മതിയാകൂ.മൂന്നു മാസം മുന്‍കൂട്ടി  ”Isha stay” എന്ന സൈറ്റില്‍ കയറി താമസ സൗകര്യം ബുക്ക്‌  ചെയ്‌താല്‍ എ സി,നോണ്‍ എ സി വിഭാഗം കോട്ടേജുകള്‍ കൂടാതെ ഡോര്‍മിറ്ററികളും ലഭിക്കുന്നതാണ്.പാലക്കാട് ബോര്‍ഡര്‍ ആയതുകൊണ്ട് ചൂടിന്റെ ആധിക്യം ഭയന്ന് എ സി മുറി ബുക്ക്‌ ചെയ്ത ഞങ്ങള്‍ക്ക് കോട്ടേജില്‍ എ സി പോയിട്ട് ഫാന്‍ പോലും ഇടേണ്ടി വന്നില്ല എന്നതാണ് സത്യം,അത്രയ്ക്ക് പ്രകൃതിയുമായി ഇണങ്ങി നില്‍ക്കുന്ന ഒരു സ്ഥലമാണിതെന്ന് അനുഭവിച്ചു തന്നെ അറിയേണ്ടതാണ്.സ്വന്തം വാഹനത്തില്‍ ചെല്ലുന്നവര്‍ “ഫോറസ്റ്റ് ഗേറ്റി”ലാണ് ചെല്ലേണ്ടത് ,അവിടെ സുരക്ഷ ജീവനക്കാര്‍ രേഖകള്‍ പരിശോധിച്ച് അകത്തേക്ക് നയിക്കും.അവിടെ വാഹനം പാര്‍ക്ക് ചെയ്തിട്ട്” വെല്‍കം പോയിന്റ്‌ “എന്ന സ്ഥലത്ത് ചെന്ന് ബുക്കിംഗ് രേഖകള്‍ കാണിച്ചു കഴിഞ്ഞാല്‍ കൈത്തണ്ടയില്‍ ഒരു ബാന്‍ഡ് ഇട്ടു തരും.(അവിടെ താമസിക്കുന്ന സമയമത്രയും ആ ബാന്‍ഡ് കയ്യില്‍ ഉണ്ടായിരിക്കണം.) ഇത്രയുമായാല്‍ കോട്ടേജുകളുടെ റിസപ്ഷനിലേക്ക് പോയി മുറിയുടെ താക്കോല്‍ വാങ്ങി ബാഗുകള്‍ അവിടെ വച്ചതിന് ശേഷം വാഹനം പുറത്തുള്ള പാര്‍ക്കിംഗ് ഏരിയയില്‍ കൊണ്ട് പോയി ഇടണം.ലളിതവും എന്നാല്‍ വൃത്തിയുള്ളതുമായ മുറികള്‍ക്ക് പുറത്ത് പാദരക്ഷകള്‍ വയ്ക്കാന്‍ സ്റ്റാന്‍ഡ് ഉണ്ട് .കുടിക്കുവാനായി വിവിധ ഊഷ്മാവിലുള്ള ജലം ലഭിക്കത്തക്ക സംവിധാനം കോട്ടേജ്കളുടെ നടുമുറ്റത്ത് ക്രമീകരിച്ചിട്ടുണ്ട് അവിടെനിന്ന് നമുക്കാവശ്യമുള്ള വെള്ളം മുറിയില്‍ വച്ചിട്ടുള്ള  ചെമ്പ് പാത്രങ്ങളില്‍  ശേഖരിക്കാം.കുളിക്കുന്നതിന് ചൂട് വെള്ളവും സാധനങ്ങള്‍ വയ്ക്കുന്നതിന് സൗകര്യപ്രദമായ ഷെല്‍ഫും ഒരു മേശയും ഒരു കസേരയുമുള്ള മുറിയില്‍ ,ടി വി ഇല്ല.ആശ്രമ പരിസരത്ത് ഫോട്ടോഗ്രാഫിയും,മൊബൈല്‍ ഫോണ്‍ ഉപയോഗവും പാടില്ല , കാരണം ആത്മാന്വേഷണത്തിന് വരുന്ന ഒരാള്‍ക്ക്‌  ഇവയുടെ ഒന്നും ആവശ്യമില്ല എന്നത് തന്നെ . ആശ്രമത്തില്‍  രണ്ടു നേരം “ഭിക്ഷ “ എന്ന പേരില്‍ സൗജന്യമായി  ആഹാരം ലഭിക്കും,രാവിലെ 9.50 മുതല്‍ 10.35 വരെ രണ്ടു ബാച്ചായി ബ്രഞ്ചും ( breakfast &lunch) വൈകുന്നേരം 6.50 മുതല്‍ 7.35 വരെയുമാണ്‌ സമയം ..ആശ്രമ പരിസരത്ത് കൃഷിചെയ്തെടുക്കുന്ന പച്ചക്കറികള്‍ കൊണ്ട് ഉണ്ടാക്കിയ കറികളും,പഴങ്ങളും, വേവിക്കാത്ത പച്ചക്കറികളും,ധാന്യങ്ങള്‍ കുതിര്‍ത്തതും പച്ചരി ചോറും ഒക്കെ ചേര്‍ന്ന വളരെ സാത്വികമായ സസ്യാഹാരമാണ് അവിടെ ലഭിക്കുന്നത്.നിലത്ത് പായ വിരിച്ചിരുന്നു പ്രാര്‍ത്ഥനയ്ക്ക്  ശേഷം വേണം ഭക്ഷണം കഴിക്കുവാന്‍,കഴിച്ചു കഴിഞ്ഞാല്‍ സ്വന്തം പാത്രം കഴുകി അവിടെ സ്ഥാപിച്ചിരിക്കുന്ന സ്റ്റാന്‍ഡ് കളില്‍  വയ്ക്കേണ്ടതുണ്ട്.ശബ്ദം ഒരു സ്ഥലത്തും പാടില്ല,എല്ലാവരും എല്ലാവരെയും ബഹുമാനിച്ചു കൊണ്ട് ശബ്ദം താഴ്ത്തി അത്യാവശ്യം മാത്രമേ സംസാരിക്കുക പതിവുള്ളൂ.അറിയേണ്ട കാര്യങ്ങള്‍ മിക്കവയും ഒരു പേപ്പറില്‍ എഴുതി പ്രദര്‍ശിപ്പിക്കും അങ്ങനെയാണ് ആശയ വിനിമയം.താമസ സ്ഥലങ്ങള്‍ക്ക് സമീപത്തായി വിശാലമായ ഒരു മൈതാനമുണ്ട് . മൈതാനത്തിന്റെ ഒരരികില്‍ ധാരാളം കൊഴുത്തുരുണ്ട പശുക്കളും ,കിടാങ്ങളുമായി ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്ന  ഒരു ഗോശാല കാണാം.ചെറുമരങ്ങളും, ഫലവൃക്ഷങ്ങളും, അവയിലാകെ പടര്‍ന്നു ഒരു വര്‍ണ്ണ പ്രപഞ്ചം തന്നെ കാഴ്ച വയ്ക്കുന്ന ലതാ ഗൃഹങ്ങളും അതിരിടുന്ന ആ മൈതാനത്ത് കൂടി എത്ര നടന്നാലും മതി വരില്ല.സൂര്യദേവ പ്രണയിനിമാരായ താമരപ്പൂക്കളും, ഇന്ദു കാമിനിമാരായ കുമുദങ്ങളും നിറഞ്ഞു  നില്‍ക്കുന്ന പൊയ്കകള്‍ക്കരികിലൂടെ സുഗന്ധ വാഹിയായ കുളിര്‍ തെന്നലേറ്റ് ഒരു പുലര്‍കാല നടത്തം തരുന്ന മാനസ്സികോല്ലാസം എത്രയെന്നു പറഞ്ഞാല്‍ തീരില്ല .മൈതാനത്തിന്റെ ദൂരെ ഒരറ്റത്ത്  ഒരു ഹെലിപ്പാട് ഉണ്ട്,സദ്ഗുരു ഒരേസമയം ആത്മീയാചാര്യനും ,കോപ്റ്റര്‍ പറത്തുന്ന അള്‍ട്രാ മോഡേണുമാണെന്നുള്ളതിന്റെ തെളിവുകളാണ് ഇതൊക്കെ. ചെത്ത്‌ ബൈക്കില്‍ ചെത്ത് വേഷമിട്ട് കൂളിംഗ് ഗ്ലാസും വച്ച് സ്റ്റയിലില്‍ പാഞ്ഞു പോകും.അല്ലാതെ കാവിയുടുത്ത്‌ സന്യാസം എന്നും പറഞ്ഞ് ആള്‍ക്കാരെ പറ്റിച്ച് ഒരിടത്ത് ചടഞ്ഞുകൂടിയിരിപ്പല്ല--ലോക നന്മയക്കായി കര്‍മ്മ നിരതനായി നിലകൊള്ളുന്ന  വ്യത്യസ്തനായ ഈ  മനുഷ്യന്‍ ചെയ്യുന്നത് .

“ലിംഗ ഭൈരവി ദേവി” ക്ഷേത്രവും,”ധ്യാനലിംഗ സന്നിധിയും” നന്ദികേശ്വരനുമാണ്  ആശ്രമത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങള്‍ .പൌര്‍ണ്ണമി, അമാവാസി ,ശിവരാത്രി തുടങ്ങിയ വിശേഷപ്പെട്ട ദിവസങ്ങളില്‍ വളരെക്കാലം പരിശീലനം ലഭിച്ച ഇഷയിലെ ചുണക്കുട്ടന്മാര്‍ ദേവിയെ  പ്രത്യേക രീതിയിലുള്ള ചുവടു വയ്പ്പോടെ ക്ഷേത്ര നടയില്‍ നിന്നും അര്‍ദ്ധ വൃത്താകൃതിയിലുള്ള ധ്യാനലിംഗ കൂടാരം വലം വച്ച്   മുന്‍വശത്തുള്ള വലിയ “നന്ദികേശ്വര ” പ്രതിമയ്ക്ക് അടുത്തേക്ക് എഴുന്നള്ളിച്ചു കൊണ്ടു വരും.പരിശീലനം ലഭിച്ച കലാകാരന്മാരുടെ സംഗീത മേള വാദ്യ അകമ്പടിയോടെ പന്തങ്ങളുടെ പ്രഭയില്‍ പ്രത്യേക ചുവടുകളോടെ ഭക്ത്യാദരപൂര്‍വം പൂര്‍വ്വം എഴുന്നെള്ളിക്കപ്പെടുന്ന ദേവിയെ കുറച്ചു നേരത്തെ ചടങ്ങിനു  ശേഷം തിരിച്ച് ശ്രീകോവിലിലേക്ക് കൊണ്ടു പോകും.ഒരു വൃക്ഷ മുത്തശ്ശന്‍ ഈ കാഴച്ചകള്‍ക്ക് സാക്ഷിയായി നന്ദികേശ്വരന്റെ മുന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട് .ഏറ്റവും പ്രധാനപ്പെട്ടതും ഗംഭീരവുമായ നിര്‍മ്മിതിയായ അര്‍ദ്ധവൃത്താകൃതിയിലുള്ള കരിങ്കല്‍  കൂടാരത്തിലാണ് ധ്യാനലിംഗപ്രതിഷ്ഠയുള്ളത് .നിശബ്ദത തളം കെട്ടി നില്‍ക്കുന്ന ഈ കൂടാരത്തിനുള്ളിലെ അരണ്ട വെളിച്ചത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ശിവലിംഗത്തിന് ചുറ്റും ചെറിയ ഒരു കുളമുണ്ട്.അതില്‍ ഭക്തര്‍ അര്‍പ്പിക്കുന്ന താമരപ്പൂക്കള്‍  ലിംഗ പ്രദക്ഷിണം വച്ച് കൊണ്ടേയിരിക്കും.കൂടാരത്തിനകത്ത്‌ ഏറ്റവും മുകളില്‍ നിന്ന് ജലം കണികയായി നിര്‍വിഘ്നം ശിവലിംഗത്തിന് മുകളില്‍ സദാ വീണു കൊണ്ടേയിരിക്കും ശിവരാത്രി നാളില്‍   മന്ത്രോച്ചാരണത്തോടു സദ്ഗുരു ഈ ബ്രഹത് ശിവലിംഗത്തില്‍ അഭിഷേകം നടത്തുന്ന ദൃശ്യങ്ങള്‍ നമ്മില്‍ പലരും മുന്‍പ് കണ്ടുകാണും.സാധകര്‍ക്ക് ഇവിടെ ജല അഭിഷേകം, ക്ഷീര അഭിഷേകം എന്നിവ  ചെയ്യുവാനവസരമുണ്ട്.ചെമ്പ് കുടങ്ങളില്‍ നിര്‍മ്മലമായ ജലം നിറച്ച് ,ചൈതന്യം തിളങ്ങുന്ന കണ്ണുകളോടെ വിനയാന്വിതരായി സന്നദ്ധ സേവകര്‍ എപ്പോഴും അവിടെ സഹായത്തിനുണ്ടാകും, ചെറിയ ഒരു കോണി കയറി വേണം അഭിഷേകം നടത്തുവാന്‍ . പ്രഭാതത്തില്‍ ആറു മണി മുതല്‍ ഇവിടെ പ്രവേശനം ഉണ്ട്.അഭിഷേക ശേഷം ഇറങ്ങി വരുന്നവരെ  അല്‍പ നേരം കൂടാരത്തിനുള്ളില്‍ സ്വസ്ഥമായി  ഇരിക്കുവാനായി വോളണ്ടിയര്‍മാര്‍ ആനയിക്കും.അങ്ങനെ എത്രയോ സമയം ധ്യാന നിരതരായിരുന്നു കൊണ്ട്  ശാന്തിയുടെ ധവളിമയില്‍  സായൂജ്യം തേടുന്ന സത്യാന്വേഷികളെ അവിടെ ധാരാളം കാണാം .ഹിമാലയ  സാനുക്കളിലെ തണുപ്പ്  അനുഭവ വേദ്യമാകുന്ന ആ കരിങ്കല്‍ കൂടാരത്തിനുള്ളില്‍ കൈലാസേശ്വരനായ,സാക്ഷാല്‍  മംഗള സ്വരൂപനായ ശിവ ദര്‍ശനം സാക്ഷാത്കരിക്കപ്പെടുന്നു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല.എല്ലാ ദിവസവും ഈ സന്നിധിയില്‍ രണ്ടു നേരം അര മണിക്കൂര്‍ വീതം “നാദ ആരാധന “ നടത്തുന്നുണ്ട്.ശുദ്ധവും മധുരവും സുന്ദരവും കര്‍ണ്ണ പുടങ്ങള്‍ക്ക് ഏറ്റവും യോജിച്ചതുമായ  ശബ്ദത്തില്‍  ഒഴുകിയെത്തുന്ന ഈ സംഗീതധാര നാം അറിയാതെ നമ്മുടെ മനസ്സിനെ അലകളില്ലാത്ത ഒരു സരോവരമാക്കി തീര്‍ക്കുന്നു .

നന്ദികേശ്വരന്‍
ലിംഗഭൈരവി ദേവി  

ധ്യാനലിംഗം
ആമ്പല്‍കുളങ്ങള്‍

ഓംകാര ധ്യാനം,ഉപ് യോഗ ക്രിയ തുടങ്ങിയ ചില സാധനകള്‍  ദേവീ ക്ഷേത്രത്തിനു സമീപമുള്ള സാധന ഹാളില്‍  ഇംഗ്ലിഷിലും ,തമിഴിലുമായി നടത്തി വരുന്നു.സാധന ഹാളില്‍ നിന്ന്  ധ്യാനലിംഗ കൂടാരത്തെ ചുറ്റി വരുമ്പോള്‍  “ചന്ദ്ര കുണ്ഡ്” കാണാം.അവിടെ സ്ത്രീകള്‍ക്ക് വെള്ളത്തില്‍ ഒന്നു മുങ്ങി നിവരാനുള്ള സൗകര്യവും  സ്വകാര്യതയും ഒരുക്കിയിട്ടുണ്ട്  .ഞങ്ങള്‍ പോയ സമയത്ത്  20 രൂപയായിരുന്നു ഇതിനുള്ള ചാര്‍ജ്ജ്. ഇത് പോലെ തന്നെ നന്ദി പ്രതിമയ്ക്ക്  പിന്നിലായി പുരുഷന്മാര്‍ക്കായി ‘സൂര്യകുണ്ഡ് ‘ഉണ്ട് ,അവിടെ വെള്ളത്തിനടിയില്‍ മൂന്ന് ശിവലിംഗം ഉള്ളതായി കണ്ടു .ധ്യാന ലിംഗ സന്നിധിയ്ക്ക്  കുറച്ച് അകലെയായി ഒരു ചെറിയ ഭക്ഷണ ശാലയും ,വസ്ത്ര ശാലയും,കരകൌശല സാധനങ്ങള്‍ വില്‍ക്കുന്ന ഒരു സ്റ്റോറും ഉണ്ട്.ഗ്രാമവാസികള്‍ നെയ്തെടുക്കുന്ന പരുത്തി വസ്ത്രങ്ങളും ഷാളുകളും,ഒക്കെ ഒരിടത്ത് ,മറ്റൊരിടത്ത്,ചന്ദനത്തിരി,സുഗന്ധ ദ്രവ്യങ്ങള്‍,തേന്‍ ,തേയില ..ചെമ്പ് പാത്രങ്ങള്‍ ,തുണി ബാഗുകള്‍ ,ആത്മീയമായ പുസ്തകങ്ങള്‍ ,സദ്ഗുരുവിന്റെ രചനകള്‍ ഇങ്ങനെ അനേകം വസ്തുക്കള്‍ അവിടെ നിന്ന് ലഭിക്കും,വില അല്‍പ്പം കൂടുതലാണെന്ന് മാത്രം .ഉത്പാദകര്‍ക്ക് ജീവനോപാധി ആയതിനാലാകം വില കൂടുന്നത്.

ചെത്തിയും മന്ദാരവും അതിരിട്ടു നില്‍ക്കുന്ന ‘സൂര്യകുണ്ഡ്’ കടന്നു മുന്നോട്ട് നടന്നെത്തുന്നത് മറ്റൊരു ഭക്ഷണ ശാലയിലേക്കാണ്.ഭിക്ഷ ഹാളില്‍ കാപ്പി ചായ ഇവയൊന്നും കിട്ടുകയില്ലല്ലോ, ഇവ ആവശ്യമുള്ളവര്‍ക്ക്  ഇവിടെയോ, മുന്‍പ് പറഞ്ഞ കടയിലോ വില കൊടുത്ത്  ചായയും പലഹാരങ്ങളും വാങ്ങി കഴിക്കാം.പുറത്തെ ഭക്ഷണശാല കടന്നു മുന്നോട്ട് പോകുമ്പോള്‍ “സര്‍പ്പ വാസല്‍” കാണാം.മഹാദേവന്റെ കാവല്‍നാഗം ഫണം ഉയര്‍ത്തി നില്‍ക്കുന്ന ഗംഭീരമായ ആ കവാടത്തില്‍  സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ട്.കവാടത്തിനു മുന്നിലൂടെ നരസിപുരം റോഡ്‌ കടന്നു പോകുന്നു,ആ റോഡ്‌ മുറിച്ചു കടന്നു ചെല്ലുന്ന സ്ഥലത്ത് കാളവണ്ടികളും ,ശിവ വാഹനമായ കാളക്കൂറ്റന്‍മാരും നിരന്നിരിക്കും.വൈകുന്നേരങ്ങളില്‍ ഒരാള്‍ക്ക് 10 രൂപ  കൊടുത്താല്‍ കുറച്ചകലെയുള്ള “ആദിയോഗി “പ്രതിമയ്ക്ക് അടുത്തേക്ക്  കാളവണ്ടിയില്‍  യാത്ര ചെയ്ത് പോകാവുന്നതാണ് .



                                                             സര്‍പ്പവാസല്‍ .
കാളവണ്ടികള്‍ 

വണ്ടിത്താവളത്തിന്റെ ഒരു വശത്ത് ആശ്രമത്തില്‍ താമസത്തിനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലവും മറുവശത്ത് ഭക്ഷണ ശാലകളും, മറ്റ് കടകളും കാണാം.ആദിയോഗിയിലേക്കുള്ള പാതയില്‍ കണ്ണുകള്‍ക്ക് ആനന്ദമായി ഇരുവശങ്ങളിലും ഇഷയുടെ കൃഷി സ്ഥലങ്ങളും ,കാതിനിമ്പമായി സദ്ഗുരുവിന്റെ ശബ്ദത്തില്‍ ചെറിയ സ്പീക്കറുകളിലൂടെ ഒഴുകി വരുന്ന ശിവ സ്തുതിയും കേട്ട്  നടക്കുന്നത്  വലിയ അനുഭവമാണ്.

“യോഗ യോഗ  യോഗേശ്വരായ...ഭൂത  ഭൂത ഭൂതേശ്വരായ...കാല കാല കാലേശ്വരായ

ശിവ ശിവ സര്‍വ്വേശ്വരായ....ശംഭോ ശംഭോ മഹാദേവായ.....”

ആദിയോഗി –


                                                 ആദിയോഗി അര്‍ദ്ധകായ പ്രതിമ



ഇഷ ഫൌണ്ടേഷന്‍ എന്നു പറയുമ്പോള്‍ പലരുടെയും മനസ്സിലെത്തുന്നത് മഹാദേവന്റെ ഭീമാകാരമായ ഒരു അര്‍ദ്ധകായ പ്രതിമയാണ്.  ടി വിയിലും മറ്റും  ഇവിടെ നടക്കുന്ന ശിവരാത്രി ആഘോഷങ്ങള്‍ കണ്ടുള്ള ഒരു ധാരണയുമാണ്‌ ഇതിന്റെ പിന്നിലുള്ളത്, ഇഷയില്‍ ഫോട്ടോഗ്രാഫി അനുവദിച്ചിട്ടുള്ള ഏകസ്ഥലവും ഇത് തന്നെ .വളരെ വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ്  ജാതി, മതങ്ങള്‍ എന്നിവയൊക്കെ ഉണ്ടാകുന്നതിനുമപ്പുറമുള്ള ഒരു കാലത്ത് ‘ആദിയോഗി’ അതായത് സാക്ഷാല്‍ ശ്രീ പരമേശ്വരനാണ് “ യോഗ ശാസ്ത്രം” ഏഴ് സത്യാന്വേഷികളായ  സപ്ത ഋഷികള്‍ മുഖേന  മനുഷ്യരാശിയ്ക്ക്  നല്‍കിയത് എന്നറിയാന്‍ കഴിഞ്ഞു .മോക്ഷത്തിലേക്ക് തുറക്കുന്ന  യോഗ മാര്‍ഗ്ഗങ്ങള്‍ മാനുഷിക  പരിമിതികള്‍ മറികടന്ന്  അനശ്വരവും സദാ പ്രകാശിക്കുന്ന സത്യവസ്തുവിനെ തിരിച്ചറിയുവാനുള്ള വിശാലവും സുതാര്യവും സുഗമവുമായ വാതായനങ്ങളാണ് . ഓരോ വ്യക്തിയും സ്വയം ഉയരുമ്പോള്‍ ഈ പ്രപഞ്ചം തന്നെ ഉയരുകയാണെന്നതാണ്   വാസ്തവം.ഇതിനായി  112 യോഗ മാര്‍ഗ്ഗങ്ങളാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. മഹാദേവനാല്‍ നിയുക്തനെന്ന പോലെ,സപ്ത ഋഷികളാല്‍ നയിക്കപ്പെട്ടവനെന്ന പോലെ ഈ കലിയുഗത്തില്‍ യോഗി വര്യനായ ,ജ്ഞാനോദയം ലഭിച്ച സദ്ഗുരു മനുഷ്യര്‍ക്ക് അവബോധം നല്‍കുന്നതിനായി ആശ്രമവും,സ്റ്റീലില്‍ നിര്‍മ്മിച്ച 112 അടി ഉയരമുള്ള ആദിയോഗി പ്രതിമയും സ്ഥാപിച്ചു.2017 മഹാ ശിവരാത്രി നാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിജിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. മഹാശിവരാത്രി ദിവസം രാത്രി വെളുക്കുവോളം ഇവിടെ സ്വദേശികളും , വിദേശികളുമായ പ്രഗത്ഭ കലാകാരന്മാരും ,കലാകാരിമാരും ഒരുക്കുന്ന കലാപരിപാടികള്‍ അരങ്ങേറുക പതിവാണ്.വിശേഷ ദിവസങ്ങളില്‍ മാത്രം ആദിയോഗിയില്‍ നടന്നിരുന്ന ലേസര്‍ ഷോ ഇപ്പോള്‍ എല്ലാ ദിവസവും നടത്തുന്നതായി അറിയാന്‍ കഴിഞ്ഞു.അനേകായിരം ആളുകള്‍ ജാതിമത ഭേദമെന്യേ ശാന്തി തേടി എത്തുന്ന ഭൂമിയിലെ സ്വര്‍ഗ്ഗമായ “ഇഷയുടെ” സ്ഥാപകന്‍ സദ്ഗുരുവിന്റെ മനസ്സില്‍ ഉടലെടുത്ത മഹത്തായ ചിന്തകള്‍ക്ക് കോടി പ്രണാമം.

ഗ്രാമീണ ഉന്നമനം ,പാരിസ്ഥിതിക സംരക്ഷണം ,വിദ്യാഭ്യാസ പരിഷ്കരണം ,വനവത്ക്കരണം,പ്രകൃതി പരിപാലനം ,ഇങ്ങനെ സ്നേഹത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ട്   മനുഷ്യാവബോധം വളര്‍ത്തുന്ന ആത്മീയാചാര്യന്‍ ജഗ്ഗി വാസുദേവ്  എന്ന സദ്‌ഗുരുവിനെ  2017ല്‍ പത്മാവിഭൂഷണ്‍ നല്‍കി രാഷ്ട്രം ആദരിച്ചു.കൂടാതെ ഇന്ദിരാഗാന്ധി പര്യാവരണ്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സംസ്കൃതം,ഇംഗ്ലിഷ് ,കര്‍ണ്ണാടക സംഗീതം,ഭരതനാട്യം യോഗ എന്നിവ പഠിപ്പിക്കുന്ന “ഇഷ സംസ്കൃതി” എന്ന ഇവിടത്തെ  വിദ്യാഭ്യാസ സ്ഥാപനത്തിലൂടെ കുട്ടികളെ സര്‍വ്വകലാശാലകള്‍ക്ക്  വേണ്ടിയല്ല സര്‍വ്വ പ്രപഞ്ചത്തിനും വേണ്ടിയാണ് തയ്യാറാക്കുന്നതെന്ന് സദ്ഗുരു വ്യക്തമാക്കുന്നു.(Not for a University, but for the whole Universe)

അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി വിജയകുമാരി വര്‍ഷങ്ങള്‍ക്കു മുമ്പ്  മഹാസമാധി പദം പ്രാപിച്ചു. .ഏകമകള്‍ ഭരതനാട്യ നര്‍ത്തകിയും അവരുടെ ഭര്‍ത്താവ് പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ സന്ദീപ്‌ നാരായണനുമാണ്.

ഇപ്പോള്‍ മണ്ണ് സംരക്ഷണതിനായി  ‘save soil”നടത്തുന്ന 100 ദിവസത്തെ ബൈക്ക് യാത്ര പരിപൂര്‍ണ്ണ ഫലം കാണട്ടെ എന്ന് നമുക്ക്  ആശംസിക്കാം ,ഒപ്പം അതിനു വേണ്ടി എല്ലാവര്‍ക്കും ഒരു മനസ്സോടെ പ്രയത്നിക്കാം.

തലപ്പാവ് ധരിച്ച് ,ഊര്‍ജ്ജസ്വലതയും   നിശ്ചയദാര്‍ഢ്യവും സ്നേഹവും  തിളങ്ങുന്ന കണ്ണുകളും ശക്തമായ വാക്കുകളുമായി ഫലിതം പറഞ്ഞ് കുലുങ്ങി ചിരിക്കുന്ന ആ ചെറിയ വലിയ മനുഷ്യന്റെ മാനസ സരോവരത്തില്‍ മനുഷ്യ സ്നേഹത്തിന്റെ ,ലോകനന്മയുടെ എത്രയോ എത്രയോ താമരപ്പൂക്കള്‍ വിടരുവാനിരിക്കുന്നു .....



പ്രണാമം ഗുരുജി

18/03/2022 &19/03/2022