സഞ്ചാരികളുടെ പറുദീസ –മൂന്നാര്‍
-നന്ദ-
നീലാകാശത്തിനു വെള്ളി പൂശി നില്‍ക്കുന്ന കോടമഞ്ഞിനുമ്മ കൊടുക്കാനെന്ന പോലെ മാനത്തേക്ക് എത്തി നോക്കി നില്‍ക്കുന്ന പച്ചക്കുന്നുകള്‍ !!! എങ്ങോട്ട് നോക്കിയാലും മനോഹര ദൃശ്യങ്ങളും ഒപ്പം സുഖകരമായ കാലാവസ്ഥയും ചേര്‍ത്ത് വിരുന്നൊരുക്കി നമ്മെ മാടി വിളിക്കുകയാണ് ഇടുക്കിയുടെ ഹരിത തിലകമായ മൂന്നാര്‍ .ഉയര്‍ന്നു നില്‍ക്കുന്ന തേയിലക്കുന്നുകള്‍ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മൂന്നാര്‍ എന്ന മലയോര സുന്ദരിയുടെ ഹരിതകമ്പളമണിഞ്ഞ മാറിടങ്ങള്‍ പോലെ ശോഭിക്കുമ്പോള്‍ ,കാറ്റില്‍ ഉലയുന്ന പച്ച ചേലയ്ക്ക് കസവ് കരയുടെ അഴകേകുന്ന വഴിത്താരകള്‍.അവയ്ക്കിടയില്‍ രക്ഷകരെ പോലെ തല താഴ്ത്തി നില്‍ക്കുന്ന സില്‍വര്‍ ഓക്ക് മരങ്ങളും,ചെമ്പൂക്കളണിഞ്ഞു കുട ചൂടി നില്‍ക്കുന്ന ഗുല്‍മോഹര്‍ വൃക്ഷങ്ങളും അതേ കുടുംബത്തില്‍പ്പെട്ട ഫ്ലെയിം ഓഫ് ഫോറസ്റ്റ് മരങ്ങളും ദൃശ്യ ചാരുത വര്‍ദ്ധിപ്പിക്കുന്നു.എവിടേയ്ക്ക് നോക്കിയാലും നയനാനന്ദകരമായ കാഴ്ച്ചകള്‍ സമ്മാനിക്കുന്ന ഈ നാടിനെ അറിയാത്തവരായി ആരെങ്കിലും ഈ ഭൂമി മലയാളത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല .വിദ്യാലയങ്ങളുടെ സ്ഥിരം വിനോദയാത്രാ സങ്കേതമായ മൂന്നാറിന്റെ മാദക സൗന്ദര്യം നുകരുവാനായി വിദേശികളും സ്വദേശികളുമായ എത്രയോ എത്രയോ സഞ്ചാരികളാണ് ദിനംപ്രതി ദൂരങ്ങള്‍ താണ്ടി ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍ മഞ്ഞിന്റെ കുളിരണിഞ്ഞു നില്‍ക്കുന്ന കൈരളിയുടെ കാശ്മീര്‍ എന്നു വിശേഷിപ്പിക്കാവുന്ന മൂന്നാര്‍ ഇടുക്കി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.ഒരു കാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്ന മൂന്നാറിന് ആ പേര് വരുവാനുള്ള കാരണം മുതിരപ്പുഴ ,നല്ല തണ്ണി കുണ്ടള, എന്നീ മൂന്ന് നദികളുടെ (ആറുകളുടെ) സംഗമ സ്ഥാനമായത് കൊണ്ടാണെന്ന് കരുതാം.
തേയിലത്തോട്ടങ്ങള്‍ക്കിടയിലെ ഫ്ലെയിം ഓഫ് ഫോറസ്റ്റ് വൃക്ഷങ്ങള്‍
ഒരു സുപ്രഭാതത്തില്‍ മൂന്നാര്‍ സുന്ദരിയെ കാണാന്‍ ഞങ്ങളും കൂട്ടുകാരൊപ്പം യാത്ര തിരിച്ചു. പാലായിലുള്ള “തമസാ” എന്ന റെസ്റ്റോറന്‍റില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷം പാലാ ബൈപാസ് വഴി യാത്ര തുടരുമ്പോള്‍ കപ്പലണ്ടി കൊറിച്ച് ഊര്‍ജ്ജ സംഭരണം നടത്തിക്കൊണ്ടിരുന്ന എന്റെ ബാല്യകാല സുഹൃത്ത് വഴിവക്കില്‍ നിന്നിരുന്ന ചെടികളെ പറ്റി വാചാലയായി.സുവോളജി വിഭാഗം തലൈവി ആയിരുന്ന കൂട്ടുകാരി ഇടയ്ക്ക് കാര്‍ നിര്‍ത്തി ചില വഴിയോര സസ്യങ്ങള്‍ ഒടിച്ചെടുക്കാന്‍ ഉത്സാഹം കാട്ടി,ഞാനും മോശമായിരുന്നില്ല ഇക്കാര്യത്തില്‍ . വണ്ടി ഓടിക്കുന്നതില്‍ ദത്ത ശ്രദ്ധനായിരുന്ന കൂട്ടുകാരിയുടെ ഭര്‍ത്താവ് ഞങ്ങളുടെ ആവശ്യങ്ങള്‍ക്ക് എതിരു നില്‍ക്കാതെ വാഹനം നിര്‍ത്തി തരാന്‍ സന്മനസ്സ് കാട്ടി.കെമിസ്ട്രി വിഭാഗം തലവനായിരുന്ന അദ്ദേഹത്തോട് എപ്പോഴും വണ്ടി നിര്‍ത്താന്‍ പറഞ്ഞാല്‍ ആ നല്ല ദമ്പതിമാര്‍ തമ്മിലുള്ള “കെമിസ്ട്രി” എന്താകും എന്നായിരുന്നു എന്റെ ആശങ്ക.
നേര്യമംഗലം കഴിഞ്ഞ് അടിമാലി എത്തുന്നതിനു മുന്‍പായി റോഡിനു വലത്ത് വശത്തായി മനോഹരമായ ഒരു വെള്ളച്ചാട്ടമുണ്ട് .ആ കാഴ്ച കാണാന്‍ എത്തിയ ആളുകളും അവരുടെ വാഹനങ്ങളും, സഞ്ചാരികളെ ഉന്നം വച്ച് കൊണ്ടുള്ള ചെറുകിട കച്ചവടക്കാരും ഒക്കെ കൂടി അവിടെ ഒരുവിധം നല്ല തിരക്കുണ്ടായിരുന്നു. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നേരിട്ട് കാണുന്നതിലുപരി മൊബൈല്‍ ക്യാമറയിലൂടെ കാണുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതിലുമാണ് എല്ലാവര്‍ക്കും കൂടുതല്‍ താത്പര്യം എന്ന് തോന്നി.സഞ്ചാരികളുടെ കയ്യില്‍ നിന്ന് എന്തെങ്കിലും കിട്ടുമെന്ന് കരുതിയോ അതോ ഇനി എന്തെങ്കിലും തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടോ എന്തോ ഒരു കൂട്ടം വാനരന്മാര്‍ അവിടെ കലപില കൂട്ടി നടക്കുന്നുണ്ടായിരുന്നു.
മാടുപ്പെട്ടി ഡാം
1953 ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മാട്ടുപ്പെട്ടി ഡാമിന് 237.75 മീറ്റര്‍ നീളവും 85.34 മീറ്റര്‍ പൊക്കവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത് .പള്ളിവാസല്‍ ,മാടുപ്പെട്ടി എന്നീ പവ്വര്‍ ഹൌസുകളിലേക്കാണ് ഇതിലെ ജലം എത്തിച്ച് കറണ്ട് ഉത്പാദിപ്പിക്കുന്നത്. കുന്നുകളും മരങ്ങളും അതിരിട്ടു നില്‍ക്കുന്ന ഡാമില്‍ ബോട്ടിംഗ് മുതലായ വിനോദോപാധികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .അതിനടുത്തു തന്നെ ഒരു എക്കോ പോയിന്റ് ഉണ്ട്,അവിടെ നിന്ന് കൂക്കി വിളിച്ചാല്‍ അത് ദൂരെയുള്ള മലകളില്‍ തട്ടി പ്രതിധ്വനിക്കുന്നത് കേള്‍ക്കാമായിരുന്നു.
എക്കോ
പോയിന്റ്
ജലസംഭരണിയുടെ പരിസരത്തു നിന്ന് പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ 18 കിലോ മീറ്റര്‍ മുകളിലേക്ക് പോയാല്‍ ടോപ് സ്റ്റേഷനില്‍ എത്താം .ഡാമിന്റെ ക്യാച്ച്മെന്റ് ഏര്യയുടെയും ചുറ്റുമുള്ള മലകളുടെയും,വനങ്ങളുടെയും ഒരു വിഹഗ വീക്ഷണം അവിടെ നിന്നാല്‍ ലഭിക്കും.വൈകുന്നേരം നാല് മണി കഴിഞ്ഞാല്‍ പിന്നെ തൂകിപ്പരന്നൊഴുകുന്ന പാല്‍ പോലെ കോട മഞ്ഞു മാത്രമേ കാണാനാകൂ എന്നതിനാല്‍ ഞങ്ങള്‍ അങ്ങോട്ടേക്ക് പോയില്ല.അണക്കെട്ടിനു സമീപമുള്ള നിരത്ത് വക്കുകള്‍ മുഴുവന്‍ കടകളാണ് ,പൈനാപ്പിള്‍,മാങ്ങാ,നെല്ലിക്ക, പാഷന്‍ ഫ്രൂട്ട് തുടങ്ങിയ പഴവര്‍ഗ്ഗങ്ങളും,കരിക്ക് ,വിവിധയിനം ജൂസുകള്‍,കൗതുക വസ്തുക്കള്‍ കളിപ്പാട്ടങ്ങള്‍ ഗൃഹോപകരണങ്ങള്‍ ,തുടങ്ങി ഹോം മെയിഡ് ചോക്കലേറ്റുകള്‍ പോലെയുള്ള വസ്തുക്കള്‍ വരെ ഇവിടെ ലഭ്യമാണ്.സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ സഞ്ചാരികളും അവരുടെ വാഹനങ്ങളും എല്ലാം കൂടി റോഡില്‍ നല്ല തിക്കും തിരക്കുമായിരുന്നു.വളരെ ഞെരുങ്ങി ഞെരുങ്ങിയാണ് സര്‍ തന്റെ xuv കാറുമായി ട്രാഫിക് കുരുക്കില്‍ നിന്ന് പുറത്ത് വന്നത്. തിരികെയുള്ള യാത്രയില്‍ മാട്ടുപ്പെട്ടി ഇന്‍ഡോ സ്വിസ്സ് ഫാമിന്റെ കമാനവും ഗേറ്റും കണ്ടു.വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവിടെപ്പോയി കന്നുകാലി സംരക്ഷണ രീതികള്‍ കാണുകയും അവിടത്തെ ശുദ്ധവും രുചികരവുമായ പാല്‍ കുടിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ അവിടെ സന്ദര്‍ശകരെ അനുവദിക്കുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.കന്നുകാലികളുടെ മേന്മ വര്‍ദ്ധിപ്പിക്കാനും സങ്കരയിനങ്ങളെ വളര്‍ത്തിയെടുക്കാനും അതു വഴി ഗുണനിലവാരമുള്ള പാലും പാല്‍ ഉത്പ്പന്നങ്ങളും വികസിപ്പിച്ചെടുക്കാനും വേണ്ടി സ്വിറ്റ്സര്‍ലന്‍ഡ് ഗവണ്മെന്റും നമ്മളും കൂടി ചേര്‍ന്ന് ഉണ്ടാക്കിയ ഈ സംരംഭം ഇപ്പോള്‍ മില്‍ക്ക് മാര്‍ക്കറ്റിംഗ് ബോര്‍ഡ് ഓഫ് കേരളയുടെ സംരക്ഷണത്തിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. മാടുകളുടെ ഗ്രാമം ആയത് കൊണ്ടായിരിക്കാം ഈ സ്ഥലത്തിന് “മാടുപ്പെട്ടി” എന്ന് പേര് വന്നത്, പിന്നീട് കാലാന്തരത്തില്‍ അത് മാട്ടുപ്പെട്ടി ആയതുമാകാം എന്നു കരുതാം .മടക്കയാത്രയില്‍ മാനത്തേക്ക് സൂചികള്‍ കുത്തി നിര്‍ത്തിയിരിക്കുന്നത് പോലെ റോഡിനിരുവശവും യൂക്കാലിപ്റ്റസ് മരങ്ങളുടെ നിര കാണാമായിരുന്നു.ഒരിടത്ത് എത്തിയപ്പോള്‍ അവിടെ ഒരു ജനക്കൂട്ടം കണ്ടെങ്കിലും കാര്യം മനസ്സിലാകാതെ ഞങ്ങള്‍ യാത്ര തുടര്‍ന്നു.അടുത്ത വളവ് തിരിഞ്ഞപ്പോള്‍ റോഡിനരികെയുള്ള പുല്‍മേട്ടില്‍ കാട്ടാനകളുടെ ഒരു സംഘം മേഞ്ഞുനടക്കുന്ന തീരെ പ്രതീക്ഷിക്കാത്ത ഒരു കാഴ്ച്ച കണ്ടു. രണ്ട് അമ്മമാരും,അവരുടെ വിവിധ പ്രായത്തിലുള്ള നാലു മക്കളുമുണ്ടായിരുന്നു ആനക്കുടുംബത്തിലെ അംഗങ്ങളെ ക്യാമറയിലാക്കാന്‍ സാധിച്ചതിന്റെ സന്തോഷവുമായി യാത്ര തുടര്‍ന്നു .
പിറ്റേദിവസം രാവിലെ ഭക്ഷണ ശേഷം രാജമലയിലുള്ള പ്രസിദ്ധമായ ഇരവികുളം നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കുവാനായി യാത്ര തിരിച്ചു.എത്രയോ തവണ തങ്ങളുടെ വിദ്യാര്‍ത്ഥികളുമായും അല്ലാതെയും ഈ സ്ഥലത്ത് വന്നിട്ടുള്ള കൂട്ടുകാര്‍ പാര്‍ക്കില്‍ ടിക്കറ്റ് എടുക്കാന്‍ വലിയ ക്യൂ കാണുമെന്ന് പറഞ്ഞു.അതുകൊണ്ട് ഓണ്‍ ലൈന്‍ ടിക്കറ്റിന് ഒരു ശ്രമം നടത്തി നോക്കിയെങ്കിലും അത് വിജയിച്ചില്ല.
”നീലഗിരി താര്‍” എന്നറിയപ്പെടുന്ന
വരയാടുകള്‍ക്കും,പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന “നീലക്കുറിഞ്ഞികള്‍ക്കും”
പേരു കേട്ട സ്ഥലമാണല്ലോ മൂന്നാര്‍.ഏതാണ്ട് 75മില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ആല്‍പ്സ്
പരവത നിരകളില്‍ ഉണ്ടായിരുന്ന പല ജീവികളും ആ പ്രദേശത്തിന്റെ ഭൂപ്രകൃതിയിലും
കാലാവസ്ഥയിലും ഉണ്ടായ മാറ്റത്തില്‍ അവിടെ നിന്ന് പലായനം ചെയ്ത് കുര്‍ദിസ്ഥാന്‍ ,കാക്കസ്,
തുടങ്ങിയ മലനിരകളിലെത്തിയത്രേ.അതില്‍ വരയാടുകളുടെ പൂര്‍വ്വികരും ഉണ്ടായിരുന്നു. വീണ്ടും തലമുറ തലമുറയായി പാമീര്‍ ,ഹിന്ദുകുഷ് പര്‍വ്വത നിരകളിലെത്തിയ അവര്‍ വരള്‍ച്ചയും,കൊടും
ശൈത്യവും താങ്ങാനാവാതെ ഓടിയെത്തിയത് നമ്മുടെ പശ്ചിമ ഘട്ട മലനിരകളിലേക്കാണെന്നാണ് അവിടെ സ്ഥാപിച്ചിരുന്ന ബോര്‍ഡില്‍ നിന്ന്
വായിച്ചറിഞ്ഞത്.നല്ല തണുപ്പും,മഴയും,കാറ്റും ഏറെ ഇഷ്ട്പ്പെടുന്ന ഈ സാധു ജീവികള്‍ കിഴ്ക്കാം
തൂക്കായ രാജമലയുടെ ചെരിവുകളിലൂടെ ഓടി നടന്നു സ്വൈരമായി വിഹരിക്കുന്നു.ഇവരെ സുരക്ഷിതമായി
പരിപാലിക്കാന്‍ കര്‍ശനമായ നിയമങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സന്ദര്‍ശകരുടെ
വാഹനമോ,ആഹാരസാധനങ്ങളോ ഒന്നും അവിടേക്ക് കടത്തിവിടുകയില്ല . നമ്മുടെ വാഹനം പാര്‍ക്കിനു
പുറത്തുള്ള സ്ഥലത്ത് ഇട്ടതിനു ശേഷം ക്യൂ നിന്ന് ടിക്കറ്റ് എടുത്തുകഴിഞ്ഞാല്‍ വനം
വകുപ്പിന്റെ പ്രത്യേക ബസ്സുകളില്‍ ആടുകളുടെ വിഹാര സ്ഥലത്തിന് അടുത്തുള്ള മലയിലേക്ക് കൊണ്ട് പോകും. ഹെയര്‍പിന്‍
വളവുകളിലൂടെ ബസ് കയറ്റം കയറിപ്പോകുമ്പോള്‍ ചുറ്റുപാടും സൂര്യ
കിരണങ്ങളേറ്റ് ചെറു കാറ്റില്‍ ഇളകി നില്‍ക്കുന്ന തേയിലത്തോട്ടങ്ങളുടെ
കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ് കാണാനാകുക.വന്യപുഷ്പ്പങ്ങള്‍
വര്‍ണ്ണ പ്രപഞ്ചം തീര്‍ക്കുന്ന വഴികള്‍ ,സ്വച്ഛമായ പ്രകൃതി,സുഖകരമായ കാറ്റ്,ശാന്തിയേകുന്ന
നിശബ്ദത ...ഇതൊരു സ്വര്‍ഗ്ഗം തന്നെ... പറയാതെ വയ്യ. ബസുകള്‍ പാര്‍ക്ക് ചെയ്യുന്ന
സ്ഥലമെത്തിയപ്പോള്‍ എല്ലാവരും ഇറങ്ങി.അവിടെ കുറച്ച് കടകളും,കുട്ടികള്‍ക്ക് വേണ്ടി ഒരു
പാര്‍ക്കും ഉണ്ടായിരുന്നു.അവിടെ നിന്ന് മുകളിലേക്ക് നടന്ന് കയറണം .ഇടയ്ക്ക്
വിശ്രമിക്കാം വീണ്ടും നമ്മുടെ ആരോഗ്യസ്ഥിതിക്കനുസരിച്ച് മുകളിലേക്ക് മുകളിലേക്ക് കയറിപ്പോകാം.താഴേക്ക്
നോക്കിയാല്‍ താഴ്‌വരയുടെ അഭൗമ സൗന്ദര്യം, മുകളിലേക്ക് നോക്കിയാല്‍ കോടയിറങ്ങി നില്‍ക്കുന്ന മലമുകള്‍ ,അവിടെ
ഭാഗ്യമുണ്ടെങ്കില്‍ വരയാടുകളെ കണ്ടെന്നു വരാം.ഏതായാലും അങ്ങനെയൊരു ഭാഗ്യം ഞങ്ങള്‍ക്ക്
കിട്ടി. മനുഷ്യ സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ തക്കവണ്ണം വേലികെട്ടി അവയെ സംരക്ഷിച്ചിരിക്കുകയാണ്.
വീണ്ടും മുന്നോട്ട് നടക്കുമ്പോള്‍ വനകാളി അമ്മയുടെ ഒരു ചെറിയ ക്ഷേത്രം കണ്ടു.വൃക്ഷ രാജന്മാരും വള്ളിപ്പടര്‍പ്പുകളും മേല്‍ക്കൂര തീര്‍ത്ത ആഡംബരങ്ങളില്ലാത്ത , സ്വസ്ഥമായ പ്രകൃതീ ദേവിയുടെ വാസസ്ഥാനം .മുന്നോട്ട് നടക്കുമ്പോള്‍ സഞ്ചാരികളുടെ ഫോട്ടോ പ്രിയം ലക്ഷ്യമാക്കി മുള കൊണ്ടുള്ള കൊണ്ടുള്ള ആര്‍ച്ചുകളും,ചെറിയ പാലങ്ങളും വള്ളിക്കുടിലുകളും ഒക്കെ തീര്‍ത്തു വച്ചിട്ടുണ്ട്.ഞങ്ങളുടെ സന്ദര്‍ശന വേളയില്‍ മൂന്നാര്‍ ഇടുക്കി പ്രദേശങ്ങളുടെ സ്വകാര്യ അഹങ്കാരമായ നീലക്കുറിഞ്ഞിപ്പൂക്കള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും കുറിഞ്ഞിച്ചെടികളെ ഒരിടത്ത് പ്രത്യേകം നട്ടു വളര്‍ത്തി പരിരക്ഷിച്ചിരിക്കുന്ന ഒരു നെഴ്സറി കാണാന്‍ കഴിഞ്ഞു. പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ നാം ബഹുദൂരം മുന്നോട്ട് പോയതില്‍ ഏറെ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അതൊക്കെ.
വരയാടുകളുടെ താഴ്വരയില്‍ നിന്ന് ഞങ്ങള്‍ ഉച്ചഭക്ഷണത്തിനായി മൂന്നാര്‍ ടൌണില്‍ തിരിച്ചെത്തി.”പുരോഹിത്’ എന്നൊരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ട് മറ്റൊന്നും കാണാനില്ലാത്തതിനാല്‍ ചുമ്മാ ഒരു ഡ്രൈവ് പോകാമെന്ന സാറിന്റെ അഭിപ്രായം എല്ലാവര്‍ക്കും നന്നേ ഇഷ്ട്ടപ്പെട്ടു.തമിഴ്‌നാട് സംസ്ഥാനത്തിനടുത്തുള്ള ശര്‍ക്കര ഉത്പാദനത്തിന് പ്രസിദ്ധി കേട്ട മറയൂര്‍ എന്ന ഒരു പ്രദേശത്തേക്കാണ് വണ്ടി തിരിച്ചത്.പൂത്തുലഞ്ഞു നില്‍ക്കുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള വേലിപ്പരത്തിച്ചെടികളുടെ ഗന്ധമുള്ള കാറ്റേറ്റ് കൊണ്ട് ഇരുവശവും തേയില ചെടികള്‍ സ്വാഗതം ചെയ്തു നില്‍ക്കുന്ന സുന്ദരമായ നിരത്തിലൂടെയുള്ള അവിസ്മരണീയമായ യാത്ര . കുറേ ദൂരം യാത്ര ചെയ്യുന്നതിനിടെ ഒരു തെയിലത്തോട്ടത്തില്‍ കയറി പോസ് ചെയ്ത് ഫോട്ടോകള്‍ എടുത്തതിനു ശേഷം മനോഹരമായ ആ പ്രദേശത്ത് നിന്ന് ശര്‍ക്കര വാങ്ങാതെ ഞങ്ങള്‍ തിരികെപ്പോന്നു .
പിറ്റേദിവസം രാവിലെ ഹോട്ടലില്‍ നിന്ന് ചെക്കൌട്ട് ചെയ്ത് മടങ്ങുമ്പോള്‍ വഴിയരികില്‍ നിന്നൊരു സുന്ദരിച്ചെടിയെ ഞാന്‍ വീട്ടിലേക്ക് കൊണ്ടു പോന്നു.അവള്‍ ഇപ്പോള്‍ എന്നോടൊപ്പം സുഖമായിരിക്കുന്നു.മടക്കയാത്രയ്ക്കിടയില്‍ അടിമാലിയിലെ ഒരു ചെറിയ തട്ടുകടയില്‍ കയറി മുളയരിപ്പായസം കുടിച്ചിട്ട് കൂട്ടുകാരി ഒരു പാക്കറ്റ് മുളയരിയും വാങ്ങി വീണ്ടും യാത്ര തുടര്‍ന്നു. അങ്ങോട്ട് പോയപ്പോള്‍ കണ്ട വാലറ വെള്ളച്ചാട്ടവും അതിനടുത്തുള്ള മറ്റൊരു വെള്ളച്ചാട്ടവും കണ്ട് കുറച്ചു ഷോപ്പിങ്ങും ഫോട്ടോയെടുപ്പും ഒക്കെ കഴിഞ്ഞ് നേരെ കോതമംഗലത്തെത്തി. സാറിന്റെ വീട് അവിടെയാണ്,അദ്ദേഹത്തിന് പിറ്റേ ദിവസം ക്ലാസ്സ്മേറ്റ്സ് ഗെറ്റ് ടുഗതര്‍ ഉള്ളതിനാല്‍ ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങളെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ട് വിട്ടതിനു ശേഷം ആ നല്ല കൂട്ടുകാര്‍ തിരിച്ചു പോയി.സന്ധ്യയോടെ ഞങ്ങള്‍ സുഖമായി വീട്ടിലെത്തുകയും ചെയ്തു.
യാത്രകള്‍,തിരിച്ചറിവുകളും അനുഭവപാഠങ്ങളും മാത്രമല്ല സുന്ദരമായ പ്രകൃതിയുടെ കനിവിലാണ് ജീവിക്കുന്നതെന്ന മഹത്വവും ഒത്തുചേരലിന്റെയും ഓര്‍മ്മ പുതുക്കലിന്റെ മധുരവും
കൂടിയാണ് നമുക്ക് നല്‍കുന്നത്.
06/10/2022