തിരുവിതാംകൂറിന്‍റെ
ഗരിമ –തമിഴകത്ത്-ഉദയഗിരിക്കോട്ട
-നന്ദ-
അരങ്ങൊഴിഞ്ഞ
രാജഭരണ നാളുകളുടെ സാക്ഷികളായി വേളിമലയും വള്ളീ നദിയും ഇന്നും കാവല്‍ നില്‍ക്കുന്ന പത്മനാഭപുരം
കൊട്ടാരം എന്ന മഹാ മന്ദിരത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്ക് എന്‍റെ ചിന്തകള്‍
പറന്നു പോയി. നൃത്ത സംഗീതാദി കലകളുടെ ചിലമ്പൊലികളും ഈണവും അലയടിച്ചിരുന്ന മണ്ഡപങ്ങളിലും,രാജ കല്‍പ്പനകള്‍ക്കായി
കാതോര്‍ത്തിരുന്ന ഇടനാഴികളിലും,ആയുധങ്ങളുടെ മുട്ടിയുരുമ്മലുകള്‍ കൊണ്ട്
മുഖരിതമായിരുന്ന ഇരുട്ടറകളിലും,പ്രണയ വസന്തങ്ങള്‍ വിടര്‍ന്നു വിലസിയതും,കൊഴിഞ്ഞു
കരിഞ്ഞതുമായ അന്ത:പുരങ്ങളിലും, വിഭവപ്പെരുമയുടെ നറുമണം പേറിയിരുന്ന പാചകശാലകളിലുമൊക്കെയായി
എന്‍റെ മനസ്സ് അലഞ്ഞു നടക്കുമ്പോള്‍ മറ്റുള്ളവര്‍ ചായ കുടിക്കുവാനായി അടുത്തു കണ്ട
കടയിലേക്ക് കയറി. വൃത്തിഹീനമായ ആ പീടികയില്‍ നിന്ന്
എന്തെങ്കിലും ആഹരിക്കാന്‍ രാജതല്‍പ്പത്തില്‍ വിഹരിച്ചിരുന്ന എന്‍റെ മനസ്സ്
അനുവദിച്ചില്ല.
സമയം
നാലു മണി കഴിഞ്ഞിരുന്നു.അധികം അകലത്തല്ലാതെ സ്ഥിതി ചെയ്യുന്ന പുളിയൂര്‍
കുറിച്ചി ഉദയഗിരി കോട്ട കാണുക എന്നതായിരുന്നു അടുത്ത ലക്‌ഷ്യം.
പത്മനാഭപുരം തലസ്ഥാനമാക്കി ഭരിച്ചിരുന്ന
തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സൈനിക ആസ്ഥാനമായിരുന്ന ഉദയഗിരി കോട്ട പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന്
കരുതുന്നു. തൊണ്ണൂറോളം ഏക്കറില്‍ വിസ്തൃതമായി വ്യാപിച്ചു കിടക്കുന്ന ഈ കോട്ട ഒരു കാലത്ത് മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിനാല്‍ പുതുക്കി പണിയപ്പെട്ടിരുന്നെങ്കിലും
ഇന്ന് നാശോന്മുഖമായ ഇവിടം തമിഴ്‌നാട് വനം വകുപ്പ് ഏറ്റെടുത്ത് പരിരക്ഷിക്കുവാന്‍
ശ്രമിച്ചു വരുന്നു.
കോട്ടയ്ക്കുള്ളില്‍ കാണപ്പെട്ട മരം
ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും
തിരുവിതാംകൂറുമായി നടന്ന കുളച്ചല്‍ യുദ്ധത്തില്‍ പരാജയപ്പെട്ട ഡച്ചുകാരുടെ നേവല്‍
കമാണ്ടര്‍ ആയിരുന്ന ഡിലനോയി സായിപ്പ് തടവുകാരനാക്കപ്പെടുകയും തുടര്‍ന്ന് തിരുവിതാംകൂര്‍ ആര്‍മിയുടെ ചീഫ് ആയി നിയമിക്കപ്പെടുകയും ചെയ്തുവെന്ന് ചരിത്രം.ഉദയഗിരി കോട്ടയ്ക്കു ചുറ്റും കരിങ്കല്ല് കൊണ്ട് വലിയ മതില്‍ക്കെട്ടു നിര്‍മ്മിച്ച ഡിലനോയി സായിപ്പിന്‍റെയും, അദ്ദേഹത്തിന്‍റെ ഭാര്യയുടെയും,മകന്‍റെയും ശവ കുടീരവും കോട്ടമതിലിനുള്ളില്‍
ജീര്‍ണ്ണാവസ്ഥയില്‍ നമുക്ക് കാണാവുന്നതാണ്.പത്മനാഭപുരം കൊട്ടാരത്തില്‍
നിന്ന് ഏകദേശം 9 മിനിട്ട് സമയം കൊണ്ട് കോട്ടയ്ക്കടുത്തെത്തിയ ഞങ്ങള്‍ അതിന്‍റെ വാതില്‍
കണ്ടു പിടിക്കാന്‍ നന്നേ പാടു പെട്ടു.വഴികാട്ടിയായ ഗൂഗിള്‍ ലക്ഷ്യസ്ഥാനം എത്തി എന്ന
അറിയിപ്പ് തന്നപ്പോള്‍ കാട് കയറിക്കിടക്കുന്ന വലിയ മതില്‍ക്കെട്ടുകള്‍ ദൃശ്യമായി.
മതിലരികിലൂടെയുള്ള പാതയില്‍ കൂടി കുറെ നേരം സഞ്ചരിച്ചെങ്കിലും ഉയര്‍ന്നു നില്‍ക്കുന്ന
കരിങ്കല്‍ ഭിത്തികളല്ലാതെ അതിനുള്ളിലേക്കുള്ള
പ്രവേശന കവാടം എങ്ങും കാണാന്‍ കഴിഞ്ഞില്ല. പോകേണ്ട വഴി ഇതല്ലേ എന്ന് സംശയമായി,ചോദിക്കാമെന്നു വച്ചാല്‍ ഒരാളെ പോലും കാണാനുമില്ലായിരുന്നു ,വള്ളിപ്പടര്‍പ്പുകളും
പാഴ്മരങ്ങളും നിറഞ്ഞ് കാനന സമാനവും ഭയാനകവുമായ നിശബ്ദതയാണ് അവിടെ കളിയാടിയിരുന്നത്.ഒടുവില്‍ ഭാഗ്യം കൊണ്ട് വൃദ്ധനായ ഒരു കാല്‍നട യാത്രികനെ
കണ്ടു.അദ്ദേഹത്തോട് വഴി ചോദിച്ചപ്പോള്‍
ഇപ്പോള്‍ പോകുന്ന വഴിയെ പോയാല്‍ എത്തുമെന്നാണ് പറഞ്ഞത്.കുണ്ടും കുഴിയും നിറഞ്ഞ വളരെ
മോശമായ പാതയ്ക്കു സമാനമായി ,നീണ്ടു പോകുന്ന കോട്ടമതില്‍ നോക്കിക്കൊണ്ട് കുറെ നേരം അങ്ങനെ യാത്ര
ചെയ്തു. ഒരു സ്ഥലത്തെത്തിയപ്പോള്‍ റോഡിന് തീരെ വീതി കുറഞ്ഞതായി കണ്ടു,പാതയോരം
കയ്യേറി താമസിക്കുന്ന കുറേ മനുഷ്യരും അവര്‍ വലിച്ചെറിഞ്ഞ പാഴ്വസ്തുക്കളും കൊണ്ട്
മലിനമാക്കപ്പെട്ട ഒരു ചുറ്റുപാട്. അവിടെക്കണ്ട ഒരാളിനോട് വീണ്ടും കോട്ടവാതില്‍
എവിടെയാണെന്ന് അന്വേഷിച്ചപ്പോള്‍ അയാളും മുന്നിലേക്ക് വിരല്‍ ചൂണ്ടി
പൊയ്ക്കൊള്ളാന്‍ പറഞ്ഞു.തകര്‍ന്ന കോട്ടയാണെന്ന് മുന്‍കൂട്ടി അറിഞ്ഞിരുന്നതിനാല്‍
ഇനി വാതിലുമൊന്നും ഇല്ലായിരിക്കുമോ ,മതില്‍ പൊട്ടിയ സ്ഥലത്തു കൂടി വലിഞ്ഞു
കയറേണ്ടി വരുമോ എന്നൊക്കെ ഞാന്‍ ആലോചിച്ചു പോയി.എന്തിനേറെ പറയുന്നു വലിയ ഒരു
പ്രദിക്ഷണം കഴിഞ്ഞ് കോട്ടയുടെ കവാടത്തിലെത്തിയപ്പോള്‍ സമാധാനമായി.ഉള്ളില്‍ ഒരു
ചെറിയ ടിക്കറ്റ് കൌണ്ടര്‍ ഉണ്ട്.10 രൂപയാണ് പ്രവേശന ഫീസ്.മനസ്സിലുണ്ടായിരുന്ന
ചിത്രത്തിന് വിപരീതമായി അല്‍പ്പം വൃത്തിയായി കുറച്ചു കാര്യങ്ങള്‍ അവിടെ
ചെയ്തിരിക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി.വനംവകുപ്പ് സാരഥ്യം
ഏറ്റെടുത്തിരിക്കുന്നതിനാല്‍ ജൈവ വൈവിധ്യമാണ് അവിടെ കാണാന്‍ കഴിഞ്ഞത് .നാനാജാതി
വൃക്ഷങ്ങളും,ചെടികളും നട്ടുപിടിപ്പിച്ചിരിക്കുന്നതു കൂടാതെ കാലപ്പഴക്കം കൊണ്ട് ആയുസ്
ഒടുങ്ങിയ മരങ്ങളെ എന്തൊക്കെയോ പരിപാടികള്‍ ചെയ്ത് നില നിര്‍ത്തിയിയിരിക്കുന്നതും കണ്ടു .ബോട്ടിംഗ് ഉദ്ദേശിച്ച് ഒരു ചെറിയ തടാകം,കൂടുകളില്‍ വളര്‍ത്തുന്ന മയിലുകള്‍,മാംസഭോജിയായ
വള്‍ച്ചര്‍,കിളികള്‍, ചെറിയ അക്വേറിയം,കുട്ടികള്‍ക്കായുള്ള
ഊഞ്ഞാല്‍,മുളങ്കാടുകള്‍ ഇതെല്ലാം കോട്ടയ്ക്കുള്ളിലെ കാഴ്ചകളായിരുന്നു. രാജഭരണ
കാലത്ത് തോക്കുകളും,ആയുധങ്ങളും നിര്‍മ്മിക്കുവാനുള്ള ലോഹം ഉരുക്കുന്ന ഒരു ആലയുടെ
അവശിഷ്ടങ്ങളും അവിടെ കണ്ടു.
കോട്ടയ്ക്കുള്ളില്‍ പരിപാലിക്കപ്പെട്ടിരുന്ന മാനുകള്‍
വള്‍ച്ചര്‍
ആയുധങ്ങള്‍ ഉണ്ടാക്കുവാന്‍ ലോഹം ഉരുക്കിയിരുന്ന ആല
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുളിമരം
തുടങ്ങിയ അനേകം വൃക്ഷങ്ങള്‍ കുട പിടിച്ചു നില്‍ക്കുന്ന കോട്ടയ്ക്കകത്തെ വളരെ ചെറിയ
ഒരു ശതമാനം മാത്രമേ നടന്നു കാണുവാന്‍ സാധിച്ചുള്ളൂ,ബാക്കി സ്ഥലം ശാപമോക്ഷം
കാത്ത് കാടു പിടിച്ചു കിടക്കുകയായിരുന്നു.കുട്ടികളെ ആകർഷിക്കത്തക്കവിധം ചിത്ര ശലഭങ്ങളുടെ ശിൽപ്പങ്ങള്‍ അങ്ങിങ്ങ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു. അവിടെ നിന്ന് ഞങ്ങള്‍ ഡിലനോയ് സായ്പ്പിന്‍റെ ശവകുടീരം
കാണുവാന്‍ പോയി.ഏകദേശം ഒരു കിലോമീറ്ററോളം വനസമാനമായ പ്രദേശത്തുകൂടി നടന്നു വേണം
അവിടെയെത്താന്‍.ചുള്ളിക്കമ്പുകളും വിറകും ശേഖരിക്കുന്ന തമിഴ് പെണ്ണുങ്ങളോട് ഞങ്ങള്‍
ആശ്വാസത്തിനായി വഴി ചോദിച്ചു.മെട്രോ ട്രെയിന്‍ പോലെ വലിയ അട്ടകള്‍ ഇഴഞ്ഞു നടന്നിരുന്ന ആ ഒരേയൊരു വഴി ചെന്ന്
അവസാനിക്കുന്നത് ശവകുടീരത്തിലാണെന്ന് അവരിൽ നിന്നറിഞ്ഞു .വന്യ മൃഗങ്ങളുടെ സാന്നിദ്ധ്യം പോലും സംശയിക്കപ്പെടാവുന്ന ആ വന
മദ്ധ്യത്തില്‍ മഹാനായ ഒരു പട്ടാള മേധാവിയുടെ,ടോംബ് മേല്‍ക്കൂര പോയി ഇടിഞ്ഞുപൊളിഞ്ഞ നിലയിൽ കണ്ടപ്പോള്‍ സത്യത്തില്‍ ഹൃദയം തകര്‍ന്നു പോയി.ജീവിച്ചിരുന്നപ്പോള്‍
ആരായാലെന്ത് മരിച്ചാല്‍ മണ്ണിനോട് ചേരുമെന്നത് സത്യം.ഡിലനോയ് യുടെയും ഭാര്യയുടെയും
മകന്‍റെയും ഭൌതിക ശരീരം അടക്കം ചെയ്ത സ്ഥലം കണ്ടു പുറത്തിറങ്ങുമ്പോള്‍, പുറത്ത്
സായിപ്പിന്‍റെ ആനയുടെയും കുതിരയുടെയും ശരീരം അടക്കം ചെയ്ത സ്ഥലമുണ്ടെന്ന് സൈക്കിളില്‍ വിറകുകെട്ടുമായി വന്ന ഒരാള്‍ ഞങ്ങളോട് പറഞ്ഞു.
ഡിലനോയ് യുടെ ടോംബ്
ശ്മശാന മൂകമായ ആ
സ്ഥലത്ത് നിന്ന് തിരികെ നടന്ന് കോട്ട വാതിലിന് സമീപം എത്തിയപ്പോള്‍ അവിടെ കുറെ ഔഷധ
സസ്യങ്ങള്‍ നട്ടു പിടിപ്പിച്ചിരിക്കുന്നത് കണ്ടു.വികസിച്ചു വരുന്ന ആ ഹെര്‍ബല്‍ ഗാര്‍ഡന് സമീപത്തു കൂടി
പുറത്തേക്കിറങ്ങുമ്പോള്‍ വാഹനം പാര്‍ക്ക് ചെയ്തതിന് ഫീസ് ആവശ്യപ്പെട്ടു കൊണ്ട്
ഒരാളെത്തി. പ്രകൃതിയെ നോവിക്കാതെ അവളുടെ മാദക സൌന്ദര്യം നില നിര്‍ത്തിക്കൊണ്ട് ഒരു
നല്ല വിനോദ സഞ്ചാര കേന്ദ്രം അതി വിദൂരത്തല്ലാതെ ഇവിടെ ഉണ്ടാകട്ടെ എന്ന് ആശംസിച്ചു
കൊണ്ട് അടുത്ത ലക്ഷ്യമായ കുമാരകോവില്‍ കാണുവാനായി യാത്ര ആരംഭിച്ചു .