തിരുച്ചെന്തൂരില്‍ നിന്ന് വേലായുധ
സ്വാമിയുടെ ദര്‍ശന പുണ്യം നേടിയ ഞങ്ങള്‍ അടുത്ത ദിവസം പ്രഭാതത്തിൽ ആറു മണി കഴിഞ്ഞ്
തീരദേശ പാതയിലൂടെ തിരുവട്ടാര്‍ ആദികേശവ
പെരുമാളിനെ കാണുവാനായി യാത്ര തിരിച്ചു. കാറ്റാടിപ്പാടങ്ങള്‍
നിറഞ്ഞ കൂടംകുളം പിന്നിട്ട് മയിലാടി വഴി തക്കലയെത്തിയപ്പോൾ പാതയോരത്ത് ധാരാളമായി
മയിലുകളെ കാണാൻ കഴിഞ്ഞു. ഈ പ്രദേശത്ത് ഇങ്ങനെ സ്ഥിരമായി മയിലുകൾ പീലി
വിരിച്ച് ആടി നിന്നതാകാം സ്ഥലനാമ ഉത്പ്പത്തിയ്ക്ക്
കാരണമെന്ന് ഞങ്ങൾ ഊഹിച്ചു.
കന്യാകുമാരിയ്ക്കടുത്തുള്ള പൂക്കളുടെ കേന്ദ്രമായ തോവാള എന്ന ഗ്രാമം
സന്ദര്‍ശിക്കണമെന്ന് ഒരു ആഗ്രഹം മനസ്സില്‍
ഉണ്ടായിരുന്നെങ്കിലും ,പത്തു മണിയ്ക്ക് തിരുവട്ടാര്‍ ക്ഷേത്രം അടയ്ക്കും എന്ന് ഗൂഗിള്‍
ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനാല്‍ പൂക്കളെ ഉപേക്ഷിച്ച്
നേരെ തിരുവട്ടാറിലേക്ക് പോയി . തക്കലയിലെ അഴകിയ മണ്ഡപം എന്ന സ്ഥലത്ത് ചെന്നിട്ട് വലത്തോട്ട് തിരിഞ്ഞ് അഞ്ചര കിലോ മീറ്റര്‍ പോയാല്‍
ആദികേശവ പെരുമാള്‍ അനന്തശയനം ചെയ്യുന്ന മഹാ ക്ഷേത്ര സന്നിധിയിലെത്താം. മാപ്പ് നോക്കിയാണ്
സഞ്ചരിച്ചതെങ്കിലും വഴി തെറ്റി ഒരു സ്കൂളിനടുത്താണ് ചെന്നെത്തിപ്പെട്ടത്.
ഫോണിലേക്ക് തന്നെ മിഴിയൂന്നി വഴി തപ്പിയെടുക്കുന്നതിനിടയിൽ അവിടെക്കണ്ട ഒരാളോട് കഷ്ടപ്പെട്ട് തമിഴില്‍ വഴി ചോദിച്ചപ്പോള്‍ ,നല്ല ശുദ്ധ
മലയാളത്തില്‍ അയാളുടെ കാറിന്‍റെ പിറകേ പോരാന്‍ പറഞ്ഞു . ഏതായാലും അദ്ദേഹത്തെ പിന്തുടര്‍ന്ന് മെയിന്‍ റോഡില്‍ എത്തിയപ്പോള്‍ തിരിയേണ്ട വഴി കാണിച്ചു
തന്ന് ആ നല്ല മനുഷ്യന്‍ കാറോടിച്ചു പോയി.ആ ചെറിയ വഴിയിലൂടെ വളരെ കുറച്ചു ദൂരം യാത്ര
ചെയ്താൽ മതിയായിരുന്നു ക്ഷേത്രത്തിന്‍റെ
പിന്‍വശത്ത് എത്തുവാന്‍ .
രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം പഴക്കമുള്ള ക്ഷേത്രത്തിലെ ഇരുപത്തി രണ്ട് അടി നീളമുള്ള മഹാവിഷ്ണുവിന്‍റെ അനന്തശയനവിഗ്രഹം പതിനാറായിരത്തി എട്ടു സാളഗ്രാമവും
ശര്‍ക്കര പാവും ചേര്‍ത്ത് ‘കടുശര്‍ക്കര യോഗ’മായി
നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ അതില്‍ അഭിഷേകം നടത്തുവാന്‍ സാധിക്കുകയില്ലെന്ന് അവിടെയുള്ളവർ പറഞ്ഞു തന്നു
.അതുകൊണ്ട് അനന്തശയന ശ്രീകോവിലിന് തൊട്ടടുത്തുള്ള ബാലാലയ പ്രതിഷ്ഠയില്‍ കേരളീയ
രീതിയിലുള്ള താന്ത്രിക വിധി പ്രകാരം അമുംതുരുത്തി മഠത്തിലെ പോറ്റിമാരാണ് പൂജ
നടത്തുന്നത് . തിരുവനന്തപുരത്തെ പത്മനാഭസ്വാമി
ക്ഷേത്രത്തിലേത് പോലെ പാദങ്ങള്‍ ,മദ്ധ്യഭാഗം,ശിരസ്സ്
എന്നിങ്ങനെ മൂന്ന് വാതിലുകളില്‍ കൂടിയാണ് പെരുമാളിനെ
ദർശിക്കാൻ സാധിക്കുന്നത് .വൈദ്യുത ദീപങ്ങളില്ലാതെ നെയ് വിളക്കുകളുടെ പ്രകാശത്തില്‍
ലഭിക്കുന്ന സ്വാമി ദര്‍ശനം അവാച്യമായ ഒരനുഭൂതിയാണ് നല്‍കുന്നത്.പണ്ടൊരു നാള്‍
ക്ഷേത്ര പരിസരത്ത് താമസിച്ചിരുന്ന ഒരു
മുസ്ലീം പ്രമാണിയുടെ ഭാര്യയ്ക്ക് എന്തോ
വലിയ അസുഖം പിടിപെട്ടപ്പോള്‍ അദ്ദേഹം ആദി കേശവ പെരുമാൾ ക്ഷേത്രത്തിൽ വന്നു പ്രാര്‍ത്ഥിക്കുകയും
അനന്തരം ,അത്ഭുതകരമായി ആ സ്ത്രീ രോഗവിമുക്തയാകുകയും ചെയ്തുവെന്ന് ഒരു
കഥയുണ്ട്.ഇതിനുള്ള ആദര സൂചകമായി ആ മുസ്ലീം
പ്രമാണി ഇരുപത്തിയൊന്നു ദിവസം ഭഗവാന് സദ്യയോടു കൂടി പൂജ നടത്തി. ഇന്നും ‘തിരുവള്ളാ
പൂജ’ എന്ന പേരില്‍ ആ പൂജ ക്ഷേത്രത്തിൽ നടന്നു വരുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത് .ശ്രീകോവിലിനു
നാലു ചുറ്റുമുള്ള കല്‍ മണ്ഡപങ്ങള്‍ വളരെ
ഗംഭീരങ്ങളാണെന്ന് പറയാതെ തരമില്ല.പ്രധാന ശ്രീകോവിലില്‍ നിന്ന് ഇറങ്ങി നീളന്‍ കല്‍
മണ്ഡപങ്ങളിലൂടെ നടന്നു ചെല്ലുമ്പോൾ തൊട്ടടുത്തു തന്നെ ശ്രീകൃഷ്ണ സ്വാമി സന്നിധി
കൂടി കാണാം.ദര്‍ശനം കഴിഞ്ഞ് കല്‍പ്പടവുകള്‍ ഇറങ്ങി ക്ഷേത്രത്തിന് പുറത്തുള്ള വളരെ ഉയരത്തിലുള്ള മതിലിനു സമീപത്തു കൂടി മുന്നോട്ട്
നടന്നാല്‍ ഒരു നരസിംഹ സ്വാമി ക്ഷേത്രവും കാണാം.
കോതയാറില്‍ നിന്നൊഴുകി
വരുന്ന പളുങ്ക് മണി പോലെയുള്ള ജലം പരന്നൊഴുകി അന്‍പതടി ഉയരത്തില്‍ നിന്ന് താഴേക്ക്
വീഴുന്ന കാഴ്ച്ച നയന മനോഹരം എന്നൊന്നും പറഞ്ഞാല്‍ പോരാ....അതിനു പര്യാപ്തമായ വാക്കുകള്‍
എന്‍റെ നിഘണ്ടുവില്‍ ഇല്ലെന്നു തന്നെ പറയാം.പടിക്കെട്ടുകള്‍ ഇറങ്ങിച്ചെല്ലുമ്പോള്‍
ഉദ്യാനഭംഗിയിലുടക്കിയ ദൃഷ്ടികളെ തുഷാര ഹാരമണിയിച്ചു കൊണ്ട് മനുഷ്യ നിര്‍മ്മിതമെന്ന് പറയപ്പെടുന്ന ആ നീളന്‍
വെള്ളച്ചാട്ടം ഞങ്ങളെ തന്നിലേക്ക് ആവാഹിച്ചെടുത്തു കളഞ്ഞു .സ്ത്രീകള്‍ക്കും
പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം സ്നാന ഘട്ടങ്ങളും,വസ്ത്രം മാറുന്നതിനുള്ള
സജ്ജീകരണങ്ങളും അവിടെയുണ്ടായിരുന്നു.ജലത്തിന്‍റെ പതനം അധികം ഉയരത്തില്‍
നിന്നല്ലാത്തത് കൊണ്ട് കുളിക്കുന്നവര്‍ക്ക് ശ്വാസം മുട്ടുകയില്ല എന്നൊരു മേന്മ
കൂടി വെള്ളച്ചാട്ടത്തിനവകാശപ്പെടാം.താഴെ വീണു ചിതറുന്ന ജലം ചെറിയ ചാലുകളായി ഒഴുകി ഒരു
കല്‍ മണ്ഡപത്തിനടുത്തു കൂടി ഹരിതാഭമായ
പ്രദേശത്തേക്ക് പോകുന്ന കാഴ്ച
അതിമനോഹരം തന്നെയായിരുന്നു .സന്ദര്‍ശകരുടെ തിരക്കും കുട്ടികളുടെ ആരവവും പാലൊളി
തൂകുന്ന ജലപാത സൗന്ദര്യവും ആസ്വദിച്ചു കൊണ്ട് അല്‍പ നേരം അവിടെ ചിലവഴിച്ചു.കുളിക്കാന്‍
വേണ്ട സന്നാഹങ്ങള്‍ ഒരുക്കിയാണ് ഞങ്ങള്‍
പോയതെങ്കിലും ഹരിച്ചേട്ടന് വൈകുന്നേരം
തിരിച്ചെത്തേണ്ട കാര്യം ഉണ്ടായിരുന്നതിനാല്‍ ആ ഉദ്യമം പിന്നീടൊരിക്കലേക്ക് മാറ്റി
വച്ച് കൊണ്ട് ഞങ്ങള്‍ മടങ്ങി.
ഏതൊരാഘോഷവും ആഘോഷമാകണമെങ്കില്‍ കൂട്ടായ്മ വേണം ,സന്തോഷം വേണമെങ്കില്‍ മനസ്സില്‍ സ്നേഹം വേണം നന്മ വേണം....ഈ ഓണം ഞങ്ങള്‍ക്കായി സമ്മാനിച്ചത് ഇങ്ങനെയൊരു കൂട്ടായ യാത്രയുടെ ഈണമായിരുന്നു....
13/09/2019