2019, ജൂലൈ 23, ചൊവ്വാഴ്ച

മാനസകൈലാസം

ചിത്രം കടപ്പാട് 


മാനസകൈലാസം
                                               -നന്ദ-
മനസ്സ്  ഒരു മനോഹരമായ സരസ്സാണെന്ന് എനിക്ക് തോന്നാറുണ്ട്, ഹൈമവത ഭൂമിയില്‍ വിസ്മയങ്ങളുടെയും ,നിഗൂഢതകളുടെയും ചിന്താ സരണികള്‍ ഒഴുകിയെത്തുന്ന  മാനസ സരോവരം പോലെ.അരവിന്ദങ്ങള്‍ വിടര്‍ന്നു നില്‍ക്കുന്ന  മാനസപ്പൊയ്കയില്‍ നീന്തിത്തുടിക്കുന്ന മോഹങ്ങളായ  കളഹംസങ്ങള്‍,സൂര്യരശ്മിയുടെ ചൂടിലും ശൈത്യ ധാവള്യ കാന്തി തൂകുന്ന ചന്ദ്ര രശ്മികളിലും ഓളം വെട്ടുന്ന മാനസ സരോവരം.അഴക്‌ വഴിയുന്ന ഉപരിതലം പോലെയാണോ അതിന്റെ അഗാധ തലങ്ങള്‍?          
          ഒരിക്കല്‍ ശ്രീ എം കെ രാമചന്ദ്രന്‍ സാറിന്റെ “ഉത്തര്‍ ഖണ്ഡിലൂടെ ,കൈലാസ മാനസ സരോവര്‍ യാത്ര” എന്ന പുസ്തകം വായിക്കാനിടയായി. എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു അനുഭവമായിരുന്നു,വെറും വായന മാത്രമായിരുന്നില്ല എന്നതാണ് സത്യം.ഹിമവല്‍ സാനുക്കളിലെ മഞ്ഞു പാളികളിലൂടെ ,ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ഒറ്റയടിപ്പാതകളിലൂടെ ,അഗാധതയില്‍ അലറിക്കുതിച്ചൊഴുകുന്ന കാളീ നദിയെ  നോക്കാന്‍ ഭയന്ന്  ,മറുവശത്ത് ഉത്തുംഗ ശൃംഗത്തിന്റെ മറവിലൂടെ ഓരോ അടിയും വയ്ക്കുമ്പോള്‍ സഞ്ചാരിയുടെ മിടിയ്ക്കുന്ന ഹൃദയം  സത്യത്തിന്റെ പൊരുളാണ്  തേടുന്നതെന്ന് ഞാന്‍ മനസ്സിലാക്കി. ഓംകാരമാകുന്ന ആത്മ ചൈതന്യം അറിയാന്‍ സ്ഥൂലശരീര ബോധത്തില്‍  നിന്ന് എത്രയോ ഉയരങ്ങളിലേക്ക്  പോകേണ്ടതുണ്ട്,!!! ശിവ പഞ്ചാക്ഷരി മന്ത്ര ബലത്തില്‍ ഓരോ അടിയും ശ്രദ്ധയോടെ ,ഭക്തിയോടെ ,പ്രകൃതിയുടെ കനിവിലാണ് മനുഷ്യന്‍ ജീവിക്കുന്നതെന്ന അറിവോടെ , ശ്വാസനിശ്വാസങ്ങളില്‍ മനസ്സര്‍പ്പിച്ച്   നിര്‍വ്വാണ സ്വരൂപനായ മഹാദേവന്റെ അരികിലേക്ക് ,ഒരു യാത്ര ,അതായത് എന്നിലെ ബോധസ്വരൂപനെ കണ്ടെത്തുവാനുള്ള ഒരു തീര്‍ത്ഥ യാത്ര,എത്ര മഹത്തരമായ ഒന്നാണത്. ഭസ്മാഭിഷിക്തനായ വിഭുവിന്റെ ഉടലില്‍ നിന്ന് അടര്‍ന്നു വീണതു പോലെ കൈലാസ ശിഖരങ്ങളില്‍  മഞ്ഞ്   ഉറഞ്ഞു കിടക്കുന്ന കാഴ്ച എത്ര മനോഹരമാണ് .തെന്നി നീങ്ങുന്ന ഹിമാനികളും ,വീശിയടിക്കുന്ന ശീതക്കാറ്റും , മുന്നറിയിപ്പില്ലാതെ കോരിച്ചൊരിയുന്ന പേമാരിയും,ഭയപ്പെടുത്തുന്ന ശിലാപാതങ്ങളും ,മണ്ണിടിച്ചിലും ,ചൈനക്കാരുടെ ക്രൂരമായ പെരുമാറ്റവും,സരോവര തീരത്തെ ചതിക്കുഴികളും ,ഒറ്റപ്പെടലുകളും, സര്‍വ്വോപരി ഉറഞ്ഞു പോകുന്ന തണുപ്പും ഒക്കെ, അതി തീവ്രമായ ആത്മാന്വേഷണ വ്യഗ്രതയും,മനസ്സുറപ്പുമില്ലാത്ത തീര്‍ത്ഥാടകനെ പിന്തിരിപ്പിക്കാന്‍ പോന്നവയാണ്.വിനയാന്വിതനായി പ്രകൃതിയുടെ ഭാവവ്യത്യാസങ്ങളില്‍ ചകിതനാകാതെ മന:ശുദ്ധിയോടെ ,തണുത്തുറഞ്ഞ മാനസ സരസ്സില്‍ ശരീര ശുദ്ധി വരുത്തി ഉണ്മ തേടിയുള്ള പ്രയാണം സങ്കല്‍പ്പങ്ങളില്‍ ആണെങ്കില്‍ പോലും ഊര്‍ജ്ജദായകമായി തോന്നുന്നു.
          “പൂര്‍വ്വജന്മ കൃതം സര്‍വം അവശ്യമുപഭുജ്യതെ”മുനിശ്രേഷ്ഠനായ വ്യാസന്‍ ഇങ്ങനെ പറഞ്ഞിട്ടുള്ളതായി രാമചന്ദ്രന്‍ സാറിന്റെ പുസ്തകത്തില്‍ ഞാന്‍ വായിച്ചു.ഈ അടുത്ത കാലത്തായി പല ആശ്രമങ്ങളും ,സമിതികളും , സംഘടനകളും ,ഭക്ത സമൂഹങ്ങളും കൈലാസ യാത്ര പതിവാക്കിയിരിക്കുന്നു. ജൂണ്‍ ജൂലൈ മാസങ്ങള്‍ സന്ദര്‍ശനത്തിന് അനുയോജ്യമെന്ന് അറിയുവാനും കഴിഞ്ഞു.ഞാന്‍ അറിയുന്നവരും അറിയാത്തവരുമായി പലരും കൈലാസ സന്ദര്‍ശനം നടത്തിയിട്ടുള്ളതിന്റെ ഫോട്ടോകളും വീഡിയോകളും കാണുവാന്‍ സാധിച്ചിട്ടുമുണ്ട് .പക്ഷെ ഞങ്ങളുടെ അതായത്  എന്റെയും, ഭര്‍ത്താവിന്റെയും പ്രായവും ആരോഗ്യസ്ഥിതിയും ഇങ്ങനെയൊരു യാത്രയ്ക്ക് തീരെ അനുകൂലമല്ല എന്നറിയാവുന്നതു കൊണ്ട് ആ ആഗ്രഹം മനസ്സോടെ അല്ലെങ്കിലും  ഉപേക്ഷിക്കുകയാണ് .എന്നാലും ചില ദിവസങ്ങളില്‍ കൈലാസ ദര്‍ശനം എന്ന അടങ്ങാത്ത ആഗ്രഹം തോന്നുമ്പോള്‍ ഞാന്‍ ചേട്ടനോട് പറയും , നമുക്കൊന്ന് കൈലാസത്തില്‍ പോകാമെന്നേ.....അപ്പോള്‍  ചേട്ടന്‍ ചിരിച്ചുകൊണ്ട് പറയും ഇപ്പൊ പോണോ ,അതോ  ഉച്ചയൂണ് കഴിഞ്ഞു പോയാലോ ,അല്ലെങ്കില്‍ വേണ്ട  വൈകിട്ട് വെയില്‍ ആറിയിട്ടു പോയാലും  മതിയോ ? ഈ മറുപടിയില്‍ എല്ലാം അടങ്ങുന്നുണ്ടല്ലോ !!!          ഇങ്ങനെയൊക്കെയാണെങ്കിലും ഞാന്‍ മനസ്സുകൊണ്ട് കൈലാസത്തിലും ,മാനസ സരോവരത്തിലും എന്നേ പോയിക്കഴിഞ്ഞിരിക്കുന്നു.രാമചന്ദ്രന്‍ സര്‍ പറഞ്ഞിരിക്കുന്ന ദുര്‍ഘടമായ ഒറ്റയടിപ്പാതകളിലൂടെ,ഹിമാനികളിലൂടെ ,വന്യമായ ഹിമവല്‍ ശൈല സാനുക്കളിലൂടെ ,താഴേക്കുരുണ്ട്‌ വരുന്ന കൂറ്റന്‍ ശിലകള്‍ക്കരികിലൂടെ അലറിയൊഴുകുന്ന നദീ സൈകതങ്ങളിലൂടെ  നടന്നു നടന്ന് എന്റെ പാദങ്ങള്‍ മരവിച്ചു പോയതായി വായനയില്‍  തന്നെ അനുഭവപ്പെട്ടിട്ടുണ്ട്. യമദ്വാറും, അപകടകാരിയായ ഡോള്‍മ പാസും പഞ്ചാക്ഷരിയുടെ ബലത്തില്‍ കയറിയിറങ്ങിയിട്ടുണ്ട്‌.പ്രാണവായുവിന്റെ കനം കുറഞ്ഞ ശൃംഗത്തില്‍ നിന്നു കൊണ്ട് ,പുരുഷനും പ്രകൃതിയും സമ്മേളിക്കുന്ന ഉത്തുംഗ കൈലാസത്തെ നമസ്കരിക്കുമ്പോള്‍, അര്‍ദ്ധനാരീശ്വര സങ്കല്‍പ്പമായ ശിവനും ശക്തിയും നിവര്‍ന്നെഴുന്നെല്‍ക്കാന്‍ കരുത്തു തന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.
          പ്രൈമറി ക്ലാസ്സില്‍ സാമൂഹ്യപാഠം പുസ്തകത്തില്‍ മാനസരോവരവും , കൈലാസവും,മലയാളം പുസ്തകത്തില്‍  ’അസ്ത്യുത്തരസ്യാം ദിശി ദേവതാത്മ ഹിമാലയോ നാമ നഗാധിരാജ “ എന്ന കാളിദാസ മഹാകവിയുടെ പദ്യവും പഠിച്ചിട്ടുണ്ട്.അന്ന് എന്റെ ബാല്യ  മനസ്സില്‍ ,താമരയല്ലികള്‍ കൊത്തി ഉല്ലസ്സിക്കുന്ന അരയന്നങ്ങളുടെ വിഹാരകേന്ദ്രമായ മാനസസരോവരത്തിന്റെ ഒരു ചിത്രം ഭാവനയില്‍ ഉണ്ടായിരുന്നു.ഈയിടെ എന്റെ സുഹൃത്ത്‌ ജയശ്രീ അവിടെ പോയിട്ട് കുറെ ചിത്രങ്ങള്‍ എനിക്ക് അയച്ചു തന്നു.എന്റെ മനസ്സിലുണ്ടായിരുന്ന,എനിക്ക് ചിരപരിചിതമായ മാനസ സരോവര  ദൃശ്യം തന്നെ ആ ചിത്രങ്ങളില്‍ കണ്ടപ്പോള്‍ സന്തോഷവും ഒപ്പം എന്റെ മാനസ നൈര്‍മല്ല്യ സലിലത്തില്‍ ,എനിക്ക് അപ്രാപ്യമായ ആ ദര്‍ശനം ഉള്‍ക്കാഴ്ച്ചയിലൂടെ പാര്‍വതീ പരമേശ്വരന്മാര്‍ നല്‍കി അനുഗ്രഹിച്ചതായും  തോന്നി.
          ദേവതാരു മരങ്ങള്‍ അതിരിടുന്ന ഹിമക്കൊടുമുടികളില്‍ നിന്നും അമൃതവാഹിനികളായി ഭാഗീരഥിയും,അളകനന്ദയും സരയൂനദിയുമൊക്കെ വെള്ളിപ്പാദസരങ്ങള്‍ പോലെ ഒഴുകി വീര്യമാര്‍ജ്ജിച്ചു ഭാരതഭൂമിയെ ഹരിതാഭമാക്കുമ്പോള്‍,അമാനുഷിക ശക്തിസ്രോതസുകളായ മഹര്‍ഷി വര്യന്മാര്‍ തപസ്സിലൂടെ നമ്മുടെ പവിത്രതയും,സംസ്കാരവും കാത്തു സൂക്ഷിക്കുന്നു.പര്‍വ്വത പാര്‍ശ്വങ്ങളില്‍ അന്നപാനാദികളും,നിദ്രയുമുപേക്ഷിച്ച്  എന്തിന്  പ്രാണവായു പോലും നിയന്ത്രിച്ച് ,നഗ്നപാദരായി,ലളിത ജീവിതം നയിക്കുന്ന ആ തപസ്വികളെ ആക്ഷേപിക്കുവാന്‍ ഇവിടെ അനേകരുണ്ട് , കൂടാതെ  അവരുടെ പേര് ചീത്തയാക്കുവാന്‍ കുറെ കഞ്ചാവ് സന്യാസിമാരും!! പക്ഷെ സത്യം ശിവമാണ് –അത് ആനന്ദമാണ് ,സൗന്ദര്യമാണ്,നിര്‍മ്മലമാണ് ആത്യന്തിക വിജയം സത്യത്തിനു മാത്രമായിരിക്കും.
          മനുഷ്യമനസ്സ് എന്താണെന്ന് അല്ലെങ്കില്‍ എങ്ങനെയാണെന്ന്  പറയാനും,അറിയാനും വളരെ വിഷമമാണ്. അതുകൊണ്ടാണ് അതിനെ ഒരു സരോവരത്തോട്‌ തന്നെ  ഞാന്‍ ആദ്യം ഉപമിച്ചതും .ശ്രീ എം കെ  രാമചന്ദ്രന്‍സാറിന്റെ പുസ്തകത്തില്‍  മാനസ സരോവരതീരത്ത് ധാരാളം ചതിക്കുഴികളുണ്ടെന്നും ,ആഴം കുറഞ്ഞ തീരപ്രദേശങ്ങളില്‍ അലകള്‍ ഞൊറിയിടുമ്പോള്‍ ,ഉളിലേക്കുള്ളിലേക്ക് ചെറിയ ഓളങ്ങള്‍ മാത്രമേ ദൃശ്യമാകൂ എന്നും  പറഞ്ഞിരിക്കുന്നു. ചില ദിവസങ്ങളില്‍ അവിടെ  അശരീരികളും, പൊട്ടിച്ചിരികളും, ആര്‍പ്പുവിളികളും, സംഭാഷണങ്ങളും മറ്റും ആട്ടിടയന്മാര്‍ കേള്‍ക്കാറുണ്ടെന്നും, അര്‍ദ്ധരാത്രിയില്‍ ഇരുണ്ട തടാകപ്പരപ്പിനു മുകളില്‍  അഭൌമ പ്രകാശവും അത്ഭുത പ്രതിഭാസവുമായ ബ്രഹ്മത്തിന്റെ ദിവ്യ വെളിച്ചം (Divine Light of Brahma) നിഴലിച്ചു കിടക്കുന്നത് സാക്ഷ്യപ്പെടുത്തിയ തീര്‍ത്ഥാടകരും ഉണ്ടെന്ന് അദ്ദേഹം എഴുതിയിരിക്കുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍ നായ്ക്കള്‍ ഓരിയിടാറുണ്ടെന്നും,ആടുകളും, യാക്കുകളും അസ്വസ്ഥകള്‍ പ്രകടിപ്പിക്കാറുണ്ടെന്നും ഞാന്‍ വായിച്ചറിഞ്ഞു. ജീവിതയാത്രയില്‍ ഒരോരുത്തരെ കാണുമ്പോള്‍ ,പലരുടെ അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ ,വളരെ നല്ലവരെന്ന് കരുതിയിരുന്ന പലരുടെയും പൊയ്മുഖങ്ങള്‍ പല അവസരങ്ങളിലും കൊഴിഞ്ഞു വീഴുന്നത് കാണുമ്പോള്‍ ഇങ്ങനെ യദൃച്ഛയാ ഒരു സാമ്യം തോന്നി.എന്തിനോടെങ്കിലും ഒരു ആഗ്രഹം തോന്നിയാല്‍ ശാന്തമായിരുന്ന മനസ്സ്  പിന്നെ അത്  ഇതു വിധേനയും നേടാന്‍ പരിശ്രമിക്കുന്നു.ആശയുടെ വെളിച്ചം നിഴലിക്കുന്ന മനസ്സില്‍ തിരകള്‍ പെരുക്കുന്നു,പിന്നെ ചതിയോ,വഞ്ചനയോ ഏതു പ്രകാരവും അത് സ്വായത്തമാക്കാന്‍ ശ്രമിക്കുന്നു,പരാജയപ്പെടുമ്പോള്‍ അട്ടഹസിക്കുന്നു, ആക്രോശിക്കുന്നു,അടിയിലൂടെ ചരടുകള്‍ വലിക്കുന്നു ,ബുദ്ധിയും ഓര്‍മ്മയും നഷ്ടപ്പെട്ട്  ജീവിതത്തിന്റെ ചുഴികളില്‍ പെട്ട് നട്ടം തിരിയുന്നു.രക്ഷിക്കൂ എന്ന് നിലവിളിക്കുമ്പോള്‍ രക്ഷനായി ചെന്നാല്‍ അയാളും ചുഴിയില്‍ പെട്ട് മുങ്ങി താഴും .ഭഗവദ്ഗീതയിലെ രണ്ടാം അദ്ധ്യായത്തില്‍ 62,63 ശ്ലോകങ്ങളില്‍ ഇത്  ഭഗവാന്‍ അര്‍ജ്ജുനനോട് പറയുന്നുണ്ട്.
”ധ്യായതോ വിഷയാന്‍ പുംസ: സംഗ സ്തേഷുപജായതെ
സംഗാത് സംജായാതേ കാമ: കാമാത് ക്രോധോഭി ജായതേ.  (62)
ക്രോധാദ് ഭവതി സമ്മോഹ: സമ്മോഹാത് സ്മൃതി വിഭ്രമ :
സ്മൃതി ഭ്രംശാദ് ബുദ്ധിനാശോ ബുദ്ധിനാശാത് പ്രണശ്യതി.        (63)

       ഏതായാലും വലിയ ചതിക്കുഴികളിലൊന്നും വീഴാതെ ഇത്ര നാള്‍ ജീവിച്ചു,ആശ 

നശിച്ചാല്‍ ദു:ഖം അപ്രത്യക്ഷമാകും എന്ന ശ്രീ ബുദ്ധന്റെ ദര്‍ശനം ഞാന്‍ ശിരസ്സാ 

വഹിക്കുന്നു.  പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നതിനാല്‍ എന്റെ കൈലാസ ദര്‍ശനം 

ഉള്‍പ്പെടെയുള്ള ചില ഉല്‍ക്കടങ്ങളായ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഞാന്‍ 

വീണ്ടും ജനിക്കേണ്ടി വരും എന്നാണ് തോന്നുന്നത് .അതു കൊണ്ടാണ്  ആരംഭത്തില്‍ വ്യാസമുനിയുടെ വാക്യം ഉദ്ധരിച്ചത്.
ആശ്രയിക്കുന്നവരെ സഹായിച്ചും ,വിശ്വസിച്ചു ചവിട്ടുന്ന പാദങ്ങളെ ഉറപ്പിച്ചു നിര്‍ത്താന്‍ കെല്‍പ്പുള്ള അടിത്തറയോടെയും,സ്നേഹത്തിന്റെ നളിനകാന്തിയെഴും മാനസ്സപ്പൊയ്കയില്‍ സമസ്ത ലോക സൗഖ്യം എന്ന ആശാ ഹംസങ്ങള്‍ നീന്തിതുടിക്കട്ടെ.അങ്ങ് ദൂരെ പദ്മ ദളങ്ങള്‍ പോലെ നില്‍ക്കുന്ന ഹിമക്കൊടുമുടികള്‍ക്ക്  നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൈലാസ ധാവള്യവും, ഔന്നത്യവും,അര്‍ദ്ധനാരീശ്വരന്റെ അനുഗ്രഹങ്ങളും  കൈലാസികള്‍ക്കും ,ലോകവാസികള്‍ക്കാകെയും ലഭിക്കട്ടെ!!!


22/07/2017