2018, ജൂൺ 20, ബുധനാഴ്‌ച


അനിമല്‍ ഹസ്ബന്‍ട്രി
-നന്ദ-
   ഏറിയ പങ്കും സാമാന്യം ഭേദപ്പെട്ട സാമ്പത്തിക നിലവാരമുള്ള അയല്‍വാസികളാണ് ഞങ്ങളുടേത്-വിരലിലെണ്ണാവുന്ന ഒന്നോ രണ്ടോ വീട്ടുകാര്‍ മാത്രമാണ് അതില്‍ പെടാതെയുള്ളത്.എന്നാല്‍ അവരാകട്ടെ തങ്ങളാണിവിടത്തെ പ്രമാണിമാര്‍,എന്ന പത്രാസ്സ് കാട്ടി വീമ്പിളക്കി കൊണ്ടാണ് നടക്കുന്നത്.ഞങ്ങളുടെ തൊട്ടയല്‍ വീട്ടുകാര്‍ ഏതാണ്ട് ഈ രീതിയിലുള്ളവരായിരുന്നു. കോഴിക്കൂട് പോലൊരു വീടും അതില്‍ നിറയെ കുത്തി നിറച്ചത് പോലെ ആളുകളും. രാത്രിയില്‍ കൊച്ചു തിണ്ണയില്‍ വരെ പഴം പുഴുങ്ങി അടുക്കിയതു പോലെ ആള്‍ക്കാര്‍ ഉറങ്ങുന്നത് കാണാം, പക്ഷേ മട്ടും ഭാവവും കണ്ടാല്‍ ഇവരെ കഴിഞ്ഞേ ഇന്നാട്ടില്‍ മറ്റാരും ഉള്ളൂ എന്ന് തോന്നിപ്പോകും. എന്നാല്‍ ചിത്രപ്പണികള്‍ ചെയ്ത നാലു മതിലുകള്‍ക്കുള്ളില്‍ തലയെടുത്ത് നില്‍ക്കുന്ന ധനാഢ്യരുടെ മണി മന്ദിരങ്ങളിലാകട്ടെ താമസക്കാര്‍ ആരും തന്നെ ഉണ്ടായിരിക്കില്ല ഇനി അഥവാ ഉണ്ടായാല്‍ തന്നെ ഒരു മുത്തശ്ശനോ മുത്തശ്ശിയോ തുണക്കാരനൊപ്പം കഴിയുന്നുണ്ടായിരിക്കും,അത്ര തന്നെ.മറ്റു കുടുംബാംഗങ്ങള്‍ വിദേശത്തുള്ള ഇന്ദ്ര സഭകളില്‍ എവിടെ എങ്കിലുമായിരിക്കും. വീട്ടിനുള്ളില്‍ കഴിയുന്ന വന്ദ്യ വയോധികരാകട്ടെ കോട്ടമതിലുകള്‍ക്കുള്ളില്‍ വളര്‍ത്തു നായ്ക്കളുമായി കണ്ണുനീര്‍ ചാനലുകളില്‍ കണ്ണും നട്ട്  സ്വസ്ഥമായി കഴിയുന്നവരാണ്. സമയത്തും അസമയത്തും കൊറിച്ചും കഴിച്ചും ചീര്‍ത്തു വീര്‍ത്ത ശരീരവുമായി അവര്‍ സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതിയില്‍  കഴിഞ്ഞു വരുന്നു. അതുകൊണ്ട് തന്നെ മുന്‍ കാലങ്ങളിലെന്ന പോലെ ശക്തമായ അയല്‍ ബന്ധങ്ങളോ സൗഹൃദ സംഭാഷണങ്ങളോ നാട്ടുകാര്‍ തമ്മിലുണ്ടാകുന്നില്ല. നേരിട്ടുള്ള സംഭാഷണങ്ങളും വിശേഷങ്ങള്‍ പങ്കുവയ്ക്കലും ഇല്ലന്നേ ഉള്ളു , സ്വന്തം മട്ടുപ്പാവിലോ ജനാലകളിലോ ഏന്തി വലിഞ്ഞു കയറി ഒളിഞ്ഞും തെളിഞ്ഞും അയല്‍ പക്ക രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ചില വേതാളങ്ങളും, ആരെങ്കിലും നോക്കുന്നു എന്നു കണ്ടാല്‍  തല വലിക്കുന്ന ആമകളും റെസിഡന്‍സ് അസോസിയേഷനില്‍ പെടുന്നവരാണ്.എങ്കിലും സാധാരണ ഭവനങ്ങളില്‍ വളര്‍ത്തുന്ന കോഴിക്കൂട്ടങ്ങളും നായക്കുട്ടികളും അതിരുകള്‍ ലംഘിച്ചു തങ്ങളുടെ പൂര്‍വികരെപ്പോലെ അയല്‍ സമ്പര്‍ക്ക പാരമ്പര്യം കാത്തു സൂക്ഷിച്ചു പോന്നു. ഞങ്ങളുടെ തൊട്ടയല്‍ക്കാരനാകട്ടെ അദ്ദേഹത്തിന്‍റെ ഒരു ചെവി മതിലില്‍ സ്റ്റിക്കര്‍ പോലെ പതിപ്പിച്ചിരുന്നയാളാണ്. ഈ വീട്ടിലെ  ദൈനംദിന കാര്യങ്ങള്‍ പോലും കൃത്യമായി ശ്രദ്ധിച്ചിരുന്ന അദ്ദേഹം, കടം വീട്ടുന്നതിലേക്കായി സ്വഭവനം മറ്റൊരാള്‍ക്ക് വിറ്റു.അങ്ങനെ ആ കുടുംബം  അകലേക്ക്‌ പോയത് എന്തു കൊണ്ടും ആശ്വാസമാകുമെന്ന് ഞങ്ങള്‍ സമാധാനിച്ചു.വീട് വിട്ടു പോകുന്നതിനു മുന്‍പ് അദ്ദേഹത്തിന്‍റെ പൊതു പ്രവര്‍ത്തനങ്ങള്‍ മാനിച്ച് ഇവിടത്തെ  നാട്ടുകാര്‍ “ഡി ഡി ടി” എന്നോരോമാനപ്പേരു നല്‍കി ടിയാനെ  ആദരിച്ചിരുന്നു .പുതിയ താമസ സ്ഥലത്തും അദ്ദേഹം തന്‍റെ സ്റ്റിക്കര്‍ പരിപാടിയും പൊതുജന ‘സേവയും’ തുടരുന്നുണ്ടാകുമെന്നും പുതിയ പുതിയ ബഹുമതികള്‍ അദ്ദേഹത്തെ തേടി എത്തുമെന്നും ഞങ്ങള്‍ക്ക് പ്രത്യാശയുണ്ട്.
    ഒരു ശരാശരി കുടുംബത്തിനെ അയല്‍ക്കാര്‍ എത്രയധികം സ്വാധീനിക്കുമെന്ന് തൊട്ടടുത്തുള്ള ഈ ഒരു വീട് കൊണ്ടുതന്നെ ഞങ്ങള്‍ മനസ്സിലാക്കി.
    ഇന്നാകട്ടെ ആ വീട് നമ്മുടെ കഥാ പാത്രങ്ങളായ ഒരു “അണ്ണാക്കനും” കുടുംബവും വാടകക്കെടുത്തു ഒരു ‘പടക്ക നിര്‍മ്മാണ ശാല’ പോലെ നിലനിര്‍ത്തി വരികയാണ്.വളരെ ഉച്ചത്തില്‍ സംസാരിക്കുന്നതിനു ‘അണ്ണാക്ക് വലിച്ചു കീറുക’, എന്ന് നമ്മള്‍ പറയാറുണ്ടല്ലോ,ആ ഒരു സ്വഭാവ വിശേഷം അദ്ദേഹത്തിന് ഉള്ളതു കൊണ്ടും ശരിയായ പേര് അറിയാത്തതു കൊണ്ടും ഇങ്ങനെയൊരു നാമകരണം നടത്തുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും ഇങ്ങനെയൊരു കഴിവില്ലെന്നു മാത്രമല്ല വളര്‍ത്തു നായയായ മാളുവിന്‍റെ ഓരോ കുരയും ഈണത്തിലുള്ള ഒരു പാട്ട് പോലെയാണ് ശ്രോതാക്കള്‍ക്ക് അനുഭവപ്പെടുക.ദിനംപ്രതി എന്നവണ്ണം ആ കുര പുരോഗമിച്ചു അവസരത്തിനൊത്ത് ഭാവസാന്ദ്രമായി കുരയ്ക്കാന്‍ അവള്‍ പ്രാവീണ്യം നേടിയിരിക്കുന്നു. സമീപ വാസികളായ ആരുടെയെങ്കിലും സംഗീത സാധകം ഈ ഉയര്‍ച്ചക്ക് പിന്നിലുണ്ടോ എന്ന് കൂടി നമുക്ക് സംശയിക്കേണ്ടിയിരിക്കുന്നു.
    പ്രഭാത കൃത്യങ്ങളായ ദന്ത-ജിഹ്വാ ശുചീകരണത്തിനിടെയാണ് അണ്ണാക്കന്‍ തന്‍റെ അണ്ണാക്ക് ആദ്യമായി “ഓണാക്കുക.’ഈ പ്രക്രിയ നടക്കുമ്പോള്‍ അതിന്‍റെ ശ്രോതാക്കള്‍ക്കും പ്രേക്ഷകര്‍ക്കും തങ്ങള്‍  ബാല്യത്തില്‍ കുടിച്ച അമ്മിഞ്ഞപ്പാല്‍ വരെ കവിട്ടി സ്വന്തം ഉദര ശുചീകരണം നടത്താവുന്നതാണ്. ഇതിനെല്ലാം ദൃക്സാക്ഷിയായി മാളുവെന്ന സുന്ദരി തന്‍റെ വൃത്തിയുള്ള നാക്ക് പുറത്തേക്കു നീട്ടിയിട്ട്‌ ഇരിപ്പുണ്ടാകും. ഇടയ്ക്കു യജമാനന്‍ ഉണ്ടാക്കുന്ന ശബ്ദ കോലാഹലങ്ങളിലുള്ള തന്‍റെ വിയോജിപ്പ് അറിയിക്കുവാനെന്നതു പോലെ ചില മുക്കലുകളും,മൂളലുകളും അവള്‍ പുറപ്പെടുവിക്കുക പതിവാണ്. അലറിക്കൂകി വെളുപ്പിച്ച പല്ലും നാക്കുമായി ടാല്‍കം പൌഡര്‍ പൂശി തന്‍റെ പ്രവര്‍ത്തന മേഖലയിലേക്ക് ഊളിയിടുന്ന അണ്ണാക്കന്‍ പിന്നെ വൈകുന്നേരം,കൂട്ടുകാരൊന്നിച്ചു പാനം ചെയ്ത ‘തീര്‍ത്ഥ സുഗന്ധവു’മായിട്ടാണ് വീട്ടിലെത്തിച്ചേരുക.ദൂരത്തു നിന്ന് തന്നെ മാളുവിന്‍റെ  കുരവ സ്വീകരണമേറ്റു വാങ്ങിക്കൊണ്ട് വരുന്ന അദ്ദേഹം തന്‍റെ ശകടം വഴിയിലുപേക്ഷിച്ച് വീട്ടിനുള്ളിലേക്കിഴയും.”മോളേ മാളൂ അച്ഛന്‍ വന്നെടീ” എന്നും പറഞ്ഞു മിസ്സിസ് എത്തുമ്പോഴേക്കും ചാര്‍ജ് തീര്‍ന്ന മൊബൈല് പോലെ അയാള്‍ നിശ്ചലനായി കിടന്നു കഴിയും.
    മാളുവാകട്ടെ നവയൌവ്വനവും വന്നു നാള്‍ തോറും വളര്‍ന്നു ശരീര സൗന്ദര്യവും ശാരീര സൗകുമാര്യവും തികഞ്ഞ ഒരു ശ്വാന യുവതിയായി തീര്‍ന്നിരിക്കുകയാണ്.ലോക സുന്ദരികളുടേതു പോലെയുള്ള ഒതുങ്ങിയ അരക്കെട്ടും മാര്‍ജ്ജാര നയനങ്ങളും സമീപ വാസികളായ ശ്വാന തരുണന്മാരെ ചില്ലറയൊന്നുമല്ല അസ്വസ്ഥരാക്കുന്നത്.ആണികള്‍ തറച്ച നാലു മതിലുകള്‍ക്കുള്ളില്‍ തുടലുകളാല്‍ ബന്ധിതയായി ഒരു കൂടാരത്തിനകത്താണ് അവള്‍ കഴിയുന്നത്‌.എങ്കിലും മതിലുകള്‍ക്ക് പുറത്തു സൗരയൂഥത്തിനു ചുറ്റും ഗ്രഹങ്ങളെന്ന പോലെ നിരവധി ശ്വാന യുവാക്കള്‍ വീടിനെ പ്രദക്ഷിണം ചെയ്തു മാളുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം പാര്‍ത്തു നടപ്പാണ്. മാളുവിന്‍റെ കാമുകന്മാരില്‍ ഏറ്റവും സുന്ദരന്‍ ജൂഡോ എന്നൊരു ശ്വാന യുവാവായിരുന്നു.അവനാകട്ടെ ഏതു വന്മതിലും ഒറ്റക്കുതിപ്പിനു ചാടാന്‍ പോന്ന ആരോഗ്യവും ആത്മവിശ്വാസവും ഉള്ളവനായിരുന്നു. എങ്കിലും മാളുവിന്‍റെ കോട്ട ചാടുവാനുള്ള ധൈര്യം എന്തു കൊണ്ടോ തത്കാലം അവനു കിട്ടിയിരുന്നില്ല. സഹ കാമുകന്മാരുടെ കടിയേറ്റിട്ടാണെങ്കിലും തന്‍റെ പ്രിയപ്പെട്ടവളുടെ സമാഗമം കൊതിച്ചു ദിന രാത്രങ്ങള്‍ അവന്‍ ഉണ്ണാതെ ഉറങ്ങാതെ അവളുടെ കോട്ടയ്ക്കു ചുറ്റുമായി ചിലവഴിച്ചു.മാളുവിനും തന്‍റെ സൗന്ദര്യം നാലാളെ കാണിച്ചാല്‍ കൊള്ളാമെന്നുണ്ട്.പക്ഷെ തികഞ്ഞ സുരക്ഷാ വലയത്തില്‍ നിന്നും യജമാന ദൃഷ്ടികളില്‍ പെടാതെ പുറത്തു കടക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ അവള്‍ തക്കം പാര്‍ത്തു കഴിഞ്ഞു പോന്നു.സന്ധ്യാ നേരത്ത് അണ്ണാക്കന്‍ പാമ്പായി വരുമ്പോള്‍ വീട്ടില്‍ കലഹം പതിവാണ്,അങ്ങനെയുള്ള ഏതെങ്കിലും ഒരു ദിവസം  ഗേറ്റടയ്ക്കാന്‍ മറന്നാല്‍ രക്ഷപെടാം, അതാണ്‌ അവളുടെ മനക്കോട്ട. അങ്ങനെ ഒരു ദിവസം അവളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി.ഗേറ്റ് മലര്‍ക്കെ തുറന്നിട്ട്‌ ദമ്പതികള്‍  പോരടിക്കുന്നു.ഇത് തന്നെ തക്കം.അവള്‍ തുടലുകള്‍ പൊട്ടിച്ചു റോഡിലേക്ക് “റാംപി’ ലൂടെ എന്ന പോലെ ദൂരേയ്ക്ക്‌ ഓടി.
    സംഭവം മണത്തറിഞ്ഞു കമിതാക്കള്‍ ഓരോരുത്തരായി സ്ഥലത്തെത്തി.വനിതാ കോളേജിന്‍റെ പരിസരത്തെന്ന പോലെ അനേകം പൂവാലന്മാര്‍ ആ ശ്വാന കുമാരിക്ക് അകമ്പടി സേവിച്ചു മുന്നേറുന്നുണ്ട്.അവളാകട്ടെ ആരെയും ബോധിച്ചില്ലെന്ന മട്ടില്‍ തുടലും വലിച്ചു കൊണ്ട് മുന്നോട്ടോടുകയാണ്.അവള്‍ക്കു പുറകെ ജൂഡോയുടെ നേതൃത്വത്തിലുള്ള ഒരു നിര തന്നെയുണ്ട്‌.ഏതായാലും വഴിനീളെയുള്ള സ്വീകരണങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടു പോയ ആ ശ്വാന ജാഥ എവിടെ എങ്ങിനെ അവസാനിച്ചോ ആവോ ?   

    

    മാളുവുമായുള്ള ആദ്യ സമാഗമം കഴിഞ്ഞ് നിരന്തര സാധകം കൊണ്ട് ജൂഡോ അണ്ണാക്കന്‍റെ വീടിന്‍റെ കോട്ടമതിലുകള്‍ നിഷ്പ്രയാസം പല തവണ ചാടിക്കടക്കുന്ന സംഭവത്തിന് ഞങ്ങള്‍ ദൃക്സാക്ഷികളാണ്.അവരുടെ പ്രണയം പൂവണിഞ്ഞതില്‍ സന്തുഷ്ടരായിരുന്നെങ്കിലും അനന്തര ഫലങ്ങള്‍ ആലോചിച്ചപ്പോള്‍ അല്‍പ്പം ഭയവും ഉണ്ടാകാതിരുന്നില്ല.
    ഉറക്കെയുള്ള ആക്രോശങ്ങളും അടിപിടി ഒച്ചയും ഒക്കെ കേട്ടാണ് ഒരു ദിവസം ഞങ്ങള്‍ മാളുവിന്‍റെ വീട്ടിലേയ്ക്കെത്തി നോക്കിയത്.മാളു തന്‍റെ കന്യകാത്വം നഷ്ടപ്പെടുത്തിയിട്ടു വന്നു ബന്ധനസ്ഥയായി കുത്തിയിരിക്കുന്നു.അതിനെ ചൊല്ലിയുള്ള വഴക്കണോ?ഞങ്ങള്‍ ചെവി വട്ടം പിടിച്ചു.മൈക്ക് വിഴുങ്ങിയിട്ടെന്ന പോലെ അണ്ണാക്കന്‍ ‘പെഴയെന്നും’ ‘മൃഗമെന്നും’ ഒക്കെ അലറുന്നുണ്ട്. ചീവിടിന്‍റെ ശബ്ദത്തില്‍ വീട്ടുകാരിയും എന്തൊക്കെയോ റിട്ടേണ്‍ കൊടുക്കുന്നുണ്ട്.മധുര സ്മരണകള്‍ അയവിറക്കി മാളു ഒരു നവ വധുവിനെപ്പോലെ തലയും താഴ്ത്തി കിടക്കുമ്പോള്‍ അണ്ണാക്ക  മിഥുനങ്ങള്‍ അലറി വിളിച്ചു പോരടിച്ചു കൊണ്ടിരുന്നു. കൊല്ലുമെന്നും ചാകുമെന്നുമൊക്കെ പറഞ്ഞു മലയാള ഭാഷയ്ക്ക്‌ പല പുതിയ പദങ്ങളും സംഭാവന ചെയ്തു കൊണ്ട് ആ ചവിട്ടുനാടകം നീണ്ടു പോയി. ഈ മനുഷ്യര്‍ക്കെന്താ നാണമില്ലേ ഇങ്ങനെ അടിയിടാന്‍ ! എന്നാണ് മാളുവിന്‍റെ മുഖ ഭാവം.രാവേറെ ചെന്നപ്പോഴേക്കും ഭരണിപ്പാട്ടും ഗോത്ര നൃത്തവും ഒക്കെ പൊടി പൊടിച്ചു അരങ്ങൊഴിഞ്ഞ ലക്ഷണമാണ് ആ വീട്ടില്‍ .മാളുവിന്‍റെ അനക്കമേയില്ല.
    പിറ്റേ ദിവസം ,കിഴക്കന്‍ ചക്രവാളത്തില്‍ സൂര്യദേവന്‍ തന്‍റെ പൊന്‍ കിരണങ്ങളുമായി പ്രജകളെ  കാണാനെത്തി.ഞങ്ങള്‍ ഭയപ്പാടോടെയാണ് അന്ന് അയല്‍ വീട്ടിലേക്കു നോക്കിയത് വീട്ടുകാരിയെ കഴുത്തു ഞെരിച്ചു കൊല്ലുന്ന അണ്ണാക്കന്‍റെ ഭീകര രൂപ മായിരുന്നു ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞങ്ങളുടെ മനസ്സില്‍.എന്തായിരിക്കാം അവിടെ നടന്നിട്ടുണ്ടായിരിക്കുക? ആകാംക്ഷയോടെ  ഞങ്ങള്‍ നോക്കി. കിടപ്പുമുറിയുടെ ജനാലകള്‍ തുറന്നിട്ടില്ല.കോഴികള്‍ വലയിട്ട വേലികള്‍ക്കുള്ളില്‍ ഉറക്കം തൂങ്ങുന്നു.അകലങ്ങളില്‍ മിഴിയൂന്നി മാളു തുടലുകളില്‍ കുരുങ്ങി കിടക്കുന്നു.ദൈവമേ ഇനി എന്തൊക്കെ പോല്ലാപ്പുകളാണോ ഉണ്ടാകുക ?! കൊലപാതകം അന്വേഷിക്കാന്‍ വരുന്ന പോലീസുകാര്‍ സാക്ഷി വിസ്താരത്തിന് വിളിക്കാന്‍ സാദ്ധ്യതയുള്ള അയല്‍ക്കാരായ ഞങ്ങളുടെ കാര്യം ആലോചിച്ചു  ഞെട്ടിപ്പോയി.ഇങ്ങനെ ഓരോ ദുരിതങ്ങള്‍ അടുത്തു വന്നു താമസിച്ചാല്‍ ഒരു ഗുണവുമില്ലെന്നു മാത്രമല്ല മഹാ ശല്യവുമാകും,അനുഭവിക്കാനുള്ളത് അനുഭവിച്ചല്ലേ പറ്റൂ,എങ്ങോട്ട് ഓടിപ്പോകും,വരുന്നത് പോലെ വരട്ടെ എന്ന് സ്വയം സമാധാനിച്ചു കൊണ്ട് ഞങ്ങള്‍  വീട്ടിനുള്ളിലേക്ക് കയറാന്‍ തീരുമാനിച്ചു.എന്തോ ഒരു ചെറിയ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ഇംഗ്ലീഷ് സിനിമയിലെന്ന പോലെ ‘അണ്ണാ അണ്ണാ...’ എന്നു വിളിച്ചു കൊണ്ട് അണ്ണാക്കന്‍റെ പിന്നാലെ മിസ്സിസ് അണ്ണാക്കന്‍ കൊഞ്ചിക്കൊഞ്ചി ആടിയുലഞ്ഞ് നടന്നു പോകുന്നതു കണ്ടു.ഹോ തത്കാലം സാക്ഷി വിസ്താരത്തില്‍ നിന്ന് രക്ഷപെട്ട  ഞങ്ങള്‍ ആശ്വാസത്തിന്‍റെ നെടുവീര്‍പ്പിടുമ്പോള്‍ മാളു തന്‍റെ ഉദരത്തില്‍ വളരുന്ന കുഞ്ഞുങ്ങളെയോര്‍ത്തു കോട്ടുവായിടുന്നു. ഇനിയിപ്പോള്‍ അവളുടെ കാമുകന്മാര്‍ ഈ വഴി വരുമോ ആവോ? പ്രസവ കാലവും ഈറ്റു നോവും കുഞ്ഞുങ്ങളെ വളര്‍ത്തലും എല്ലാം ഒറ്റയ്ക്ക് നടത്തിയെടുക്കണം.അത് കഴിയുമ്പോള്‍ വീണ്ടും വരും മതിലു ചാട്ടക്കാര്‍!
വിധി എന്നല്ലാതെ എന്ത് പറയാന്‍? തന്‍റെ യജമാനത്തിക്കാണോ തനിക്കാണോ അനിമല്‍ ഹസ്ബന്‍ഡ്രി? മാളു തന്‍റെ വെള്ളമൊലിക്കുന്ന ചുവന്ന നാക്കും പുറത്തേക്കിട്ടു ഒരു ചോദ്യ ചിഹ്നം പോലെ കുത്തിയിരുന്നു.