ഒരു തിരഞ്ഞെടുപ്പ് കാലം
-നന്ദ-
പഞ്ചായത്തിലെ ത്രിതലവും,മുനിസിപ്പാലിറ്റിയിലെ
ഏകതലവുമായ തിരഞ്ഞെടുപ്പടുത്ത നാളുകള്‍ .വോട്ട് ചോദിക്കലും തോരണങ്ങള്‍ തൂക്കലും
ഒക്കെ ഉഷാറായി നടക്കുന്നുണ്ട്.ചായക്കടകളിലും കവലകളിലും ജയാപജയങ്ങളുടെ സാദ്ധ്യതകളെപ്പറ്റി
ചര്‍ച്ചയും അതിനെ തുടര്‍ന്ന് അടികലശലും നടക്കുന്നുണ്ട്.ഒരു പായിലുറങ്ങി ഒരേ
പാത്രത്തില്‍ ഉണ്ട് കഴിഞ്ഞിരുന്നവരെപ്പോലെ ഓടിവന്ന് ആലിംഗനം ചെയ്ത് വോട്ട്
ചോദിക്കുന്നുണ്ട് പരിചിതരല്ലാത്ത പലരും.! ഈ ആളിനെ അറിയാമല്ലോ ,ഞാന്‍
പ്രത്യേകിച്ചൊന്നും പറയേണ്ടതില്ലല്ലോ ,ഇദ്ദേഹം ആയതു കൊണ്ട് മാത്രമാ ഞാന്‍ കൂടെ
ഇറങ്ങിയത് ...അപ്പൊ ശരി എന്നാലെല്ലാം പറഞ്ഞ പോലെ..’എന്നൊക്കെ കൂടെ
വന്നവരെക്കൊണ്ട് മാത്രം ഉരിയാടിച്ച് ,കേരളത്തില്‍ വന്ന ജപ്പാന്‍ കാരനെപ്പോലെ തല കുനിച്ച് വെറും ചെറു മന്ദസ്മിതം മാത്രം
പൊഴിച്ച് ,വാചാലമായ മൌനം കൊണ്ട് വോട്ട് ചോദിക്കുന്നുണ്ട് വേറെ ഒരാള്‍ .ജയിച്ചു
കഴിഞ്ഞാല്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെല്ലാം കൂടി എഴുതി ഒപ്പും വച്ച് ലെറ്റര്‍
ബോക്സിലിട്ടു പോകുന്നവരുമുണ്ട്.കംപ്യൂട്ടറും ടീ വീ യും കത്തിയും ,
കത്തിരിക്കയുമെല്ലാം ഭാഗ്യ ചിഹ്നമാക്കിയിട്ടുണ്ട് ചിലരൊക്കെ. തങ്ങളുടെ ഭരണ കാലത്ത്
നാടിന് വരാനിരിയ്ക്കുന്ന ശോഭനമായ ഭാവി ഉച്ചൈസ്തരം
പ്രസ്താവിച്ചു കൊണ്ടും മറു പാര്‍ട്ടി വന്നാലുള്ള അപകടങ്ങള്‍ വിളിച്ചു
കൂകിക്കൊണ്ടും സ്ഥാനാര്‍ഥികള്‍ നാടിന്
തലങ്ങും വിലങ്ങുമായി സഞ്ചരിക്കുന്നുണ്ട് ."ഓ..ഓ.....ചെവിതല കേക്കണ്ടാ ഇനി ..ഒരോട്ടും
വരും ,പിന്നെ കെടക്കപ്പൊറുതീം ഇല്ല ..ഏതവന്‍ ജയിച്ചാലെന്താ ,അവനും അവന്‍റെ
വീട്ടുകാര്‍ക്കും കൊള്ളാം , കട്ടുമുടിയ്ക്കാന്‍............ല്ലാത്ത മക്കള് ..."നാണിത്തള്ള
തന്‍റെ അഭിപ്രായം ഉച്ചഭാഷിണിയേക്കാള്‍ ഉച്ചത്തില്‍ വിളിച്ചു കൂകി.കേട്ട്
നിന്നവരാരും തള്ളയെ പിന്താങ്ങുകയോ മുന്‍ താങ്ങുകയോ ചെയ്തില്ല ...അല്ല ചെയ്തിട്ടും
കാര്യമില്ല, തള്ളേടെ റിസീവറ് കുറേക്കാലമായി കേടാണ്,ട്രാന്‍സ് മിഷന്‍ അതിനും കൂടി
ചേര്‍ത്ത് ഉണ്ട് താനും .
‘മൂന്നോട്ടാ ഇപ്രാവിശം,വല്ലോക്കെ
നടക്കും,കൊറേ ഓട്ടു കള്ളമ്മാരൊണ്ടേ! തക്കോം നോക്കി നടക്ക്വാ..നോക്കിക്കോ ഒരുത്തനേം
നാലൈലത്ത് അടുപ്പിക്കത്തില്ല ,..അത് മൂന്ന് തരവാ...’തൂപ്പുകാരി സരസ ചൂല്
ആകാശത്തേക്കുയര്‍ത്തി വെല്ലുവിളിച്ചു .തെരഞ്ഞെടുപ്പ് കാര്യം വന്നപ്പോഴുള്ള സരസയുടെ
‘സ്പ്ളിറ്റ് പേഴ്സണാലിറ്റി’കണ്ട് ഞെട്ടാതിരിക്കാന്‍ കഴിഞ്ഞില്ല."ഇനി ഈ ചൂടൊക്കെ
ഒന്നൊതുങ്ങീട്ടേ ഞാനിങ്ങോട്ടൊള്ളൂ "ചൂല് ചിഹ്നമാക്കിയ സ്ഥാനാര്‍ഥിയെപ്പോലെ സരസ ഈര്‍ക്കില്‍
കൂട്ടം കൈവെള്ളയില്‍ കുത്തിക്കൊണ്ടറിയിച്ചു.
മതി... അതുമതി
യോജിക്കാതിരിക്കാന്‍ പറ്റുമോ? തൂപ്പ് കഴിഞ്ഞുള്ള ഓട്ടൊക്കെ മതി എന്ന് പറഞ്ഞാല്‍ ചൂലെടുത്ത് എന്‍റെ
നേരെയെങ്ങാന്‍ പ്രയോഗിച്ചാലോ എന്ന് കരുതി അത്തരമൊരു സാഹസത്തില്‍ നിന്ന് ഞാന്‍ സധൈര്യം പിന്തിരിഞ്ഞു.പഞ്ചായത്ത്
തലത്തില്‍ മൂന്ന് വോട്ടുണ്ടെന്നും അതേതൊക്കെയാണെന്നും ,അതിന്‍റെ പ്രസക്തി
എന്താണെന്നും ഒക്കെയുള്ള വിശദ വിവരങ്ങള്‍ ,പത്ര പാരായണ വിമുഖയായ എന്നെ,നിരക്ഷര
കുക്ഷിയായ സരസയാണ് പറഞ്ഞ് മനസ്സിലാക്കിയത് .ഏതെങ്കിലും സാധനങ്ങള്‍
പൊതിഞ്ഞെടുക്കാനല്ലാതെ പത്രക്കടലാസ് എടുക്കാത്ത ഞാന്‍ ഇനി അഥവാ ഒരു ദിവസം പത്ര
പാരായണത്തിന് മുതിര്‍ന്നാല്‍ തന്നെ മുന്‍ പേജുകളിലെ രാഷ്ട്രീയവും ,അവസാന പേജിലെ
സ്പോര്‍ട്സും നിര്‍ബന്ധമായി അവഗണിച്ച് നേരെ ഉള്‍പ്പേജുകളിലേക്കാവും എത്തി
നോക്കുക.ഏതെങ്കിലും ഒരു തവള ആമയെ വിഴുങ്ങിയെന്നോ , നൂറ്റിപ്പത്തുകാരി മുത്തശ്ശി
ഇരുപത്തി അഞ്ചുകാരനെ , ഇരുപത്തിയാറാമതായി വിവാഹം കഴിച്ചെന്നോ ഒക്കെയുള്ള ‘കോളം
ന്യൂസ്’നോടാണ് എനിക്ക് താത്പര്യം. ഇത്തരക്കാര്‍ക്ക് ത്രിതലവും തെരെഞ്ഞെടുപ്പും ,കുംഭകോണവും,എല്ലാം
ഏകതലത്തിലായില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ..
എന്തെങ്കിലും ആകട്ടെ തിരഞ്ഞെടുക്കുകയോ ,ജയിക്കുകയോ, തോല്‍ക്കുകയോ
എന്താണെങ്കിലും നമുക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരുന്നാല്‍ മതി .മാത്രമല്ല ഇലക്ഷന്‍
പ്രമാണിച്ച് ഒരു ദിവസം അവധിയും കിട്ടും . രാവിലെ തന്നെ തൊട്ടടുത്തുള്ള പോളിംഗ് ബൂത്തിലെ അഞ്ച്
പേരടങ്ങിയ നീളന്‍ ക്യൂവില്‍ നിന്ന് വോട്ട് ചെയ്ത് ,കയ്യില്‍ ഇത്തിരി മഷിയും
പുരട്ടിക്കഴിഞ്ഞാല്‍ തീരും നമ്മുടെ തിരഞ്ഞെടുപ്പ് ജോലി.ബാക്കി സമയം ഉണ്ടുറങ്ങി
കഴിയാം.കുറച്ച് ഒച്ചയും ബഹളവും കയ്യാങ്കളിയും ഒക്കെ ഉണ്ടാകാറുണ്ടെങ്കിലും ,ഇലക്ഷന്‍
കൊണ്ട് വ്യക്തി പരമായി ബുദ്ധിമുട്ടൊന്നും ഇതുവരെ തോന്നിയിരുന്നില്ല."അറിയാത്ത കുഞ്ഞ്
ചൊറിയുമ്പം അറിയും എന്നല്ലേ ,’പഴംചൊല്ല്..അതെ പഴംചൊല്ലില്‍ പതിരില്ലെന്ന് പിറ്റേ
ദിവസം മനസ്സിലായി .
അടുത്ത ദിവസം ഓഫീസില്‍ ചെല്ലുമ്പോഴല്ലേ ..ദാ
വന്നു കിടക്കുന്നു വോട്ട് എണ്ണാനുള്ള ഡ്യൂട്ടി പോസ്റ്റിങ്ങ് ..! ജീവിതത്തില്‍
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കാര്യം ..എന്തെങ്കിലും കാര്യം പറഞ്ഞ് ഒഴിവ് കിഴിവ്
കിട്ടുകയാണ് പതിവ്.പക്ഷെ ഇത്തവണ പണി പാളിപ്പോയി.ജില്ല കലക്ടറുടെ ഓര്‍ഡര്‍ ആണ് ,ഒഴിഞ്ഞു
മാറാന്‍ വഴിയില്ല .മുങ്ങിയാല്‍ അറസ്റ്റ് ചെയ്യും ..അത് വേണ്ടാ... രണ്ടു കയ്യിലും
വളയിടുന്നത് പോലെ വിലങ്ങുമിട്ടു പോകുന്നത് സിനിമയിലാണെങ്കിലും കണ്ടിട്ടുണ്ട്. ശ്ശൊ
അതോര്‍ക്കാന്‍ കൂടി കഴിയുന്നില്ല .പിന്നെ ഒരുപായമുണ്ട് ‘സിക്ക്’ അതിനൊന്നു
ശ്രമിച്ചാലോ ? ഗവണ്മെന്‍റ് ആശുപത്രീല്‍ അഡ്മിറ്റ് ആയാല്‍ ചെലപ്പോ രക്ഷപ്പെടും ,അതും
അന്വേഷിക്കാന്‍ ആള് വരും.’ഒരാളിന്‍റെ ആശ്വസിപ്പിക്കലാണ് .അല്ലെങ്കില്‍ വേണ്ടാ
എന്തിനീ പൊല്ലാപ്പിനൊക്കെ പോകണം ?പോയി നല്ല വെടുപ്പായിട്ട് എണ്ണിക്കൊടുത്തിട്ടിങ്ങു
പോരാം. ദിവസേന ഒന്ന് തൊട്ട് നൂറു വരെ എത്ര പ്രാവശ്യം എണ്ണുന്നതാ. ഇതാകുമ്പോള്‍ അന്‍പത്
വച്ച് കെട്ടാക്കിയാല്‍ മതിയെന്നാണ് അറിവുള്ള ജനം പറയുന്നത് .
പിന്നീട് ബി ഡി ഓ സാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ ട്രെയിനിംഗ്
ക്ലാസ്സില്‍ ഈവക കാര്യങ്ങളെല്ലാം –അതായത് അവശ്യം ചെയ്യേണ്ടതും , നന്നായി ശ്രദ്ധിക്കേണ്ടതും
,തീരെ ചെയ്ത് കൂടാത്തതും ആയ എല്ലാ കാര്യങ്ങളും വളരെ വിശദമായി തന്നെ ചര്‍ച്ച
ചെയ്യപ്പെട്ടു.എന്നാല്‍ ഡ്യൂട്ടിക്കാരും,റിസേര്‍വ് എണ്ണല്‍ക്കാരും എല്ലാം
അവരവരുടെ സംശയങ്ങളും ഭയാശങ്കകളും പരസ്പരം പങ്കു വച്ച് പിരിഞ്ഞു . എന്നാലിനി
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വച്ച് കാണാം ..ടാറ്റാ പറഞ്ഞ് എല്ലാപേരും പോയി.
അധികം ദൂരെയല്ലാത്ത ഒരു വലിയ സ്കൂളാണ് എനിക്ക് പോകേണ്ട എണ്ണല്‍
കേന്ദ്രം .ഏഴരവെളുപ്പാന്‍ കാലം വളരെ
വിരളമായി മാത്രം കണ്ടിട്ടുള്ള ഞങ്ങളില്‍ പലരും ,എണ്ണാന്‍ പോകുന്നതിനായി ഇപ്പറഞ്ഞ
വെളുപ്പിന് തന്നെ എഴുന്നേറ്റ് ദിനകൃത്യങ്ങളെല്ലാം നിര്‍വഹിച്ച്, സ്കൂളിലേക്ക്
വച്ച് പിടിച്ചു.അവിടെ എത്തിയപ്പോഴല്ലെ തൃശ്ശൂര്‍ പൂരത്തിന്‍റെ ആള്‍ ബഹളം .പോലീസുകാരും
രാഷ്ട്രീയക്കാരും , എണ്ണല്‍ഡ്യൂട്ടിക്കാരും ,മൈക്കിലൂടെയുള്ള അറിയിപ്പും എല്ലാം
കൂടി പുകില് തന്നെ.ആദ്യമായി ഡ്യൂട്ടിക്ക് വന്നവരുടെ ചങ്കിടിപ്പ് പുറത്ത് കേള്‍ക്കാമെന്ന
നിലയിലായി.’എല്ലാം കൂടി കാണുമ്പോള്‍
പേടിയാകുന്നു,തല കറങ്ങുന്ന പോലെ..’ഒരു കന്നി ഡ്യൂട്ടിക്കാരി തലയ്ക്ക് കൈ വച്ച്
വിലപിച്ചു.’സാരമില്ല ഒരു കല്യാണത്തിന് വന്നിരിക്കുവാ നമ്മളെന്ന് വിചാരിച്ചാല്‍ മതി
‘ആദ്യാവസരക്കാരിയായ ഞാന്‍ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
എണ്ണല്‍ വിദഗ്ദ്ധരെല്ലാം ചെറു കൂട്ടങ്ങളായി
തങ്ങളുടെ ഊഴവും കാത്ത് ഗ്രൗണ്ടില്‍ അങ്ങിങ്ങ് ചുറ്റിപ്പറ്റി നില്‍ക്കുകയാണ് .അതിനിടെ
ഒരൊച്ചയും ബഹളവും.വാക്കേറ്റം മൂത്ത് കൈയേറ്റമാകുമോ എന്നെല്ലാവരും ഭയന്നു. തലേ
ദിവസം കൌണ്ടിംഗ് ഏജെന്‍സ്ന് കൊടുക്കേണ്ടിയിരുന്ന പാസ് ഇന്നീ നേരം വരെ
കൊടുത്തിട്ടില്ല .ഒരിടത്ത് ചെല്ലുമ്പോള്‍ പറയും മറ്റൊരിടത്താണെന്ന്, അങ്ങോട്ടുമിങ്ങോട്ടും
നടന്ന് അവരുടെ ക്ഷമ കെട്ടു.അതിന്‍റെ ബഹിര്‍സ്ഫുരണമാണ് ആ കേട്ടത്.
കൃത്യം എട്ടു മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കുമെന്നായിരുന്നു
അറിയിച്ചിരുന്നത്,പക്ഷെ ഒന്‍പത് മണി കഴിഞ്ഞിട്ടും എവിടിരുന്ന്‍ എണ്ണണമെന്നോ ,പ്രവേശന
പാസ് എപ്പോള്‍ കിട്ടുമെന്നോ ഒന്നും ആര്‍ക്കും ഒരൂഹവും ഉണ്ടായിരുന്നില്ല.വെളുപ്പിന്
എഴുന്നേറ്റ് ഒരു കട്ടന്‍സ് മാത്രം തട്ടിയിട്ടാണ് പലരും വന്നിരിക്കുന്നത് .ഡ്യൂട്ടിക്ക്
പോയാല്‍ ഒന്നാന്തരം ശാപ്പാട് കിട്ടുമെന്നായിരുന്നു മുന്‍ പരിചയം ഉള്ളവര്‍ പലരും
പറഞ്ഞത് .പാസ് കിട്ടീല്ലെങ്കിലും,പലഹാരമെങ്കിലും കിട്ടിയാല്‍ മതിയെന്നായി പലര്‍ക്കും.തുടക്കം
താമസ്സിക്കുന്നതിനാല്‍ ഒടുക്കം ഉറക്കമിളപ്പും മറ്റുമായി ട്രാജഡിയാകാനാണ്
സാദ്ധ്യത.ഏതായാലും നീണ്ട കാത്തിരിപ്പിന് ശേഷം ഒന്‍പതര മണിയായപ്പോള്‍ ,പത്താം ക്ലാസ് ഡി .ഡിവിഷനില്‍ ഞങ്ങളില്‍ കുറച്ച് പേര്‍ക്ക് അഡ്മിഷന്‍
കിട്ടി.കൂട്ടുകാരില്‍ പലര്‍ക്കും താഴ്ന്ന ക്ലാസുകളായ എട്ട് .എ യിലും ഒന്‍പത് സി
യിലും ഒക്കെയാണ് പ്രവേശനം കിട്ടിയത്.
കോഴിക്കര പഞ്ചായത്തിലെ മുപ്പത്തി നാല് വാര്‍ഡുകളിലെയും വോട്ടെണ്ണി
തിട്ടപ്പെടുത്തേണ്ട ഭാരിച്ച ജോലിയായിരുന്നു പത്ത് ഡിയില്‍ ഇരിപ്പുറപ്പിച്ച ഞങ്ങള്‍ക്ക്
ലഭിച്ചത്.കോഴിക്കരയുടെ കണ്ണിലുണ്ണിയെ എണ്ണിക്കണ്ടുപിടിക്കാന്‍ ഉത്സുകരായി
പെട്ടിയെത്തുന്നതും കാത്ത് എല്ലാവരും ഇരിപ്പാണ് .എന്നാല്‍ ആ ഇരുപ്പില്‍ ഏജന്‍റുമാരും ഞങ്ങളും തമ്മിലുള്ള അകലം ആദ്യം
തന്നെ പ്രശ്നമായി.’അതേ സാറന്മാരേ,നിങ്ങള്‍ എണ്ണുന്നത് കാണാനാ ഞങ്ങള്‍ എജെന്‍രുമാര് ഇവിടെ ഇരിക്കുന്നത്.ഇത്രേംദൂരത്തു പോയിരുന്നാല്‍
ഞങ്ങള്‍ എങ്ങനെ കാണും,വെള്ളെഴുത്ത് ഉള്ളവരാ മേശ കുറച്ച് അടുപ്പിച്ചിട്ട് എണ്ണാമെങ്കില്‍ എണ്ണാമെങ്കില്‍ എണ്ണിയാല്‍
മതി..’ കൌണ്ടിംഗ് ഏജന്‍റുമാരില്‍ തിളങ്ങി നിന്ന അച്ചായന്‍റെ സ്വരം അല്‍പ്പം ഉയര്‍ന്ന
ശ്രുതിയിലായിരുന്നു.റിട്ടേണിംഗ് ഓഫീസര്‍ തുടങ്ങി എണ്ണലിന്‍റെ നേതൃത്വ നിരയില്‍
ഡയസിലിരുന്നവര്‍ ആരും തന്നെ അച്ചായന്‍റെ ഈ ലളിതമായ ആവശ്യം കേട്ടതായി നടിച്ചില്ല.കന്നിക്കാരായ
ഞങ്ങളില്‍ പലരും ഭീഷണി കേട്ട് മേശ അടുപ്പിക്കുന്നതിനാഞ്ഞെങ്കിലും ഡയസിലുള്ളവരുടെ
പ്രതികരണം കിട്ടാത്തതിനാല്‍ ‘മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീ’ എന്ന മട്ടില്‍
പഴയ പടി ഇരുന്നു.’മേശ നിങ്ങള് മാറ്റുന്നോ ,അതോ ഞങ്ങള് വന്ന് മാറ്റണോ ,ഇപ്പൊ
കിട്ടണം ഉത്തരം.’ രണ്ടു മിനിറ്റ് ഇടവേള തന്നിട്ട് അച്ചായന്‍ ചാടി
എഴുന്നേറ്റു പറഞ്ഞു നാവെടുത്തില്ല ,മേശകള്‍ സയാമീസ് ഇരട്ടകളെപ്പോലെ പറ്റിച്ചേര്‍ന്നു
കിടപ്പായി.
ഇനി പെട്ടി എത്തിയാല്‍ മതി .സ്ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന
പെട്ടികള്‍ കൊണ്ട് വരുന്നതിനുള്ള നടപടികള്‍ ഒക്കെ ആയിക്കഴിഞ്ഞെന്നറിയിപ്പ് കിട്ടി.ചോദ്യക്കടലാസ്
പ്രതീക്ഷിച്ചിരിക്കുന്ന വിദ്യാര്‍ഥികളെപ്പോലെ ഞങ്ങള്‍ പത്ത് ഡിയില്‍ ഇരിപ്പാണ്.ഓരോ
പത്തു മിനിറ്റ്നും അറിയിപ്പ് വരുന്നുണ്ട് പെട്ടി ഉടനെ എത്തുമെന്ന്.’കൊറേ
നേരമായല്ലോ എത്തും എത്തും ,ഒടനെ ഒലത്തുമെന്നു പറയാന്‍ തുടങ്ങീട്ട്, ഡയസിലിരിക്കുന്നവര്
കേക്കാനാ പറയുന്നേ.’ അച്ചായന്‍ തൊള്ള തുറക്കാന്‍ തന്നെ തീരുമാനിച്ചിറങ്ങി
പുറപ്പെട്ടിരിക്കുകയാണ്.’ ഡ്യൂട്ടിയ്ക്കെന്നും പറഞ്ഞ് പോയ ചെല മാന്യമ്മാരുണ്ടിവിടെ,അധികം
വന്ന ബാലറ്റ് പേപ്പര്‍ അടിച്ചു മാറ്റി കൊണ്ടുവന്ന് അവന്മാരുടെയൊക്കെ
വേണ്ടപ്പെട്ടവന്മാര്‍ക്ക് കുത്തിയിട്ടോണ്ടിരിക്കുവാണോ?,അല്ലെങ്കില്‍ പിന്നെ
എന്തുവാ ഇത്ര താമസം ?അതോ ഇനി പെട്ടി പൂട്ടി വെച്ചേക്കുന്ന മുറീടെ താക്കോലും
പോക്കറ്റിലിട്ടോണ്ട് പോയവന്‍റെ പാന്‍റും താക്കോലും അവന്‍റെ പെണ്ണുമ്പിള്ള
അലക്കിക്കൊണ്ടിരിക്കുവാണോ ?എന്തെങ്കിലും പറയാനൊണ്ടെങ്കി പറ നിങ്ങള്,’ അച്ചായന്‍റെ ക്ഷമ നശിച്ച മട്ടാണ് .ഏഹെ...ആര്‍ക്കും ഒരനക്കവുമില്ല .റിട്ടേണിംഗ്
ഓഫീസര്‍ അമ്പലത്തിലെ വിഗ്രഹം പോലെ ചലനമില്ലാതെ ഇരിക്കുകയാണ്.ഇതിനിടെ ബി ഡി ഓ യും
മറ്റു ചില ഉദ്യോഗസ്ഥരും അവിടം പ്രശ്ന ബാധിതമെന്ന് അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന്
അവിടെ ഓടിയെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിച്ചു.പക്ഷെ അച്ചായന്‍റെ ചോദ്യ
ശരങ്ങള്‍ക്ക് തോളില്‍ തട്ടി ആശ്വസിപ്പിക്കാനല്ലാതെ ആ പാവം ഉദ്യോഗസ്ഥര്‍ക്ക് മറ്റൊന്നും കഴിഞ്ഞില്ല.
വീണ്ടും സമയം പൊയ്ക്കൊണ്ടേയിരുന്നു. സീരിയലുകള്‍ക്കിടയിലെ കൊമേഴ്സിയല്‍ ബ്രേക്ക്
പോലെ അച്ചായന്‍റെ ബെല്ലും ബ്രേക്കും ഇല്ലാത്ത ശകാരവും തുടര്‍ന്നുകൊണ്ടിരുന്നു.അവസാനം
മണി പതിനൊന്നായപ്പോള്‍ പെട്ടിയെത്തി.പിന്നീട് വളരെ പെട്ടെന്നാണ് കാര്യങ്ങള്‍
നീങ്ങിയത്.വന്ന പെട്ടിയിലെ വോട്ടുകള്‍ ഏറ്റവും വേഗത്തില്‍ തന്നെ എണ്ണി
ഡയസില്‍ ഏല്‍പ്പിച്ചു ചുണക്കുട്ടികളായ എണ്ണല്‍ ഡ്യുട്ടിക്കാര്‍.ഇതിനിടെ അപ്പവും
കറിയും ഉച്ചയൂണ് സമയം അടുപ്പിച്ച് ഞങ്ങള്‍ക്ക് ലഭിച്ചു.ഇനി ഒന്നുഷാറായി
എണ്ണാം,എല്ലാപേരും കാപ്പി കുടി കഴിഞ്ഞ് അടുത്ത പെട്ടി വരുന്നത് കാത്ത്
റെഡിയായിരിക്കുകയാണ്. പക്ഷെ മണിക്കൂര്‍ ഒന്ന് കഴിഞ്ഞിട്ടും അടുത്ത പെട്ടി കണി കാണാന്‍
പോലും പറ്റിയില്ല .അച്ചായന്‍ പല പ്രാവശ്യം ചൊടിച്ചു, മേശപ്പുറത്തിടിച്ച് ബഹളമുണ്ടാക്കി,ബെഞ്ചില്‍
കയറി നിന്ന് ആക്രോശവും തുടങ്ങി.മറ്റുള്ളവരും അച്ചായന് പിന്തുണ പ്രഖ്യാപിച്ച്
ഉദ്യോഗസ്ഥ വൃന്ദത്തിന്‍റെ അഴിമതികളെപ്പറ്റി ഒരു സമൂഹഗാന പരിപാടി തന്നെയങ്ങാരംഭിച്ചു.
കലാപം പൊട്ടിപ്പുറപ്പെട്ടതറിഞ്ഞ് വീണ്ടും കേന്ദ്രത്തില്‍ നിന്നാളു വന്നു, കൂടെ പെട്ടിയും.സാധുക്കളെയും, അസാധുക്കളെയും
ഞങ്ങള്‍ വൃത്തിയായി വേര്‍തിരിച്ചെടുത്ത് എണ്ണി ഏല്‍പ്പിച്ചു.അടുത്ത പെട്ടി വലിയ
താമസമില്ലാതെ തന്നെ കിട്ടി.നാല് പെട്ടി എണ്ണിക്കഴിഞ്ഞപ്പോഴേക്കും ഉച്ചയൂണിന് ചെല്ലാന്‍
അറിയിപ്പ് കിട്ടി.ചോറിന് കൂട്ടായി സാമ്പാറിന്‍റെ വര്‍ഗ്ഗത്തില്‍ പെട്ട ഒരു കറിയും, കലഹിച്ചു
നില്‍ക്കുന്ന അമ്മായി അമ്മേം മരുമകളെയും പോലെ കുറേ കാബേജു കഷണങ്ങളും ,തേങ്ങാപീരയും
ചേര്‍ന്ന തോരനും,എന്തോ ഒരു അച്ചാറും ഉണ്ടായിരുന്നു.വളരെ വിഭവ സമൃദ്ധമായ ഊണായത്
കൊണ്ട് പായസമില്ലേ എന്നൊരു വിദ്വാന്‍ ചോദിച്ചു.പക്ഷെ അതിനുത്തരം പറയാനുത്തരവാദികളായി
ആരും അവിടെ ഉണ്ടായിരുന്നില്ല എന്നത് നല്ല കാര്യമായി തോന്നി.ഊണ് കഴിഞ്ഞ് അനുസരണയുള്ള കുട്ടികളായി ഞങ്ങള്‍
അവരവരുടെ ക്ലാസുകളില്‍ സന്നിഹിതരായി.വീണ്ടും പെട്ടി വൈകുന്ന ലക്ഷണമാണ്
കാണുന്നത്.ഇക്കണക്കിന് പോയാല്‍ മുപ്പത്തി നാല് പെട്ടി എപ്പോള്‍ എണ്ണിക്കഴിയും ?ആകെ
എട്ട് പെട്ടിയാണ് ഇതുവരെ എണ്ണിയത്.എണ്ണിയ പെട്ടിയെക്കൊണ്ട് ഇതുവരെ കഴിഞ്ഞ
മണിക്കൂറിനെ ഹരിച്ചിട്ട് ഇനി എണ്ണുവാനുള്ള പെട്ടി കൊണ്ട് ഗുണിച്ചാല്‍ എത്ര മണിയ്ക്ക്
തീരുമെന്നറിയാം,ഒരു കണക്ക് ബിരുദധാരി പറഞ്ഞു.എന്നാ പറ എപ്പോ തീരും ,കണക്കറിയാത്തവരോ
,അല്ലെങ്കില്‍ മസ്തിഷ്കം ദുരുപയോഗപ്പെടുത്താനിഷ്ടം ഇല്ലാത്തവരോ ആയ മറ്റുള്ളവര്‍
പറഞ്ഞു.ഏകദേശം നാളെ രാവിലെ എട്ടു മണി ഒന്‍പത് മണി വരെയാകാം ഇക്കണക്കിന് ,കണക്കന്‍ ഹരിച്ചു ഗുണിച്ച് പറഞ്ഞു.ഈശ്വരാ നാളെയോ ,എല്ലാവരുടെയും ഉള്ളൊന്നു കാളി .കണ്ണ് ചിമ്മാതെ എണ്ണണം, കണ്ണിലെണ്ണയുമൊഴിച്ചാണ് ഏജെന്‍റന്‍മാരുടെ ഇരിപ്പ്.ഈ കണക്കു കൂട്ടലൊന്നു
തിരുത്തിക്കുറിക്കാനായി വലിച്ചു പിടിച്ച റബ്ബര്‍ ബാന്‍റു പോലെ അടുത്ത പെട്ടിയ്ക്കു
വേണ്ടി എല്ലാപേരും വാശിയോടെ കാത്തിരിപ്പ് തുടങ്ങി.അങ്ങനെ അടുത്ത പെട്ടിയുമെത്തി.നാല്
സ്ഥാനാര്‍ഥികള്‍ക്കും ഒരുപോലെ കുത്തി ,അവര്‍ക്ക് കൊടുത്ത വാക്ക് കൃത്യമായി പാലിച്ച് അവരെ അസാധുക്കള്‍ ആക്കിയിട്ടുണ്ട് ചില
മഹാ മനസ്കരായ സാധുക്കള്‍.നാല് പേരും ചെന്ന് വോട്ട് ചോദിച്ചു കാണും . നല്ല മനുഷേനായത്
കൊണ്ട് നാല് പേര്‍ക്കും കുത്തി ,അച്ചായന്‍ വിശദീകരിച്ചു.അടുത്ത വോട്ട് തര്‍ക്കമായി.,തര്‍ക്കം
മൂത്തു,സംശയമുള്ളത് ഡയസില്‍ വിടാം എണ്ണുന്നയാള്‍ പറഞ്ഞു.ഇല്ല പറ്റില്ല ഇവിടെ തീര്‍ക്കണം ‘വോട്ട് ചെയ്ത ആളിന്‍റെ ഉദ്ദേശ ശുദ്ധി കണക്കിലെടുക്കണം ,ഇത് ഒരു സംശയവുമില്ലാത്ത
വോട്ടാ ,ഡൌട്ട് ഫുള്‍ ആക്കേണ്ട ഒരു കാര്യോമില്ല...’അച്ചായന്‍. കാര്യം
മറ്റൊന്നുമല്ല –ഒപ്പിടാനറിയാത്ത ഒരു പാവം വോട്ടര്‍ ഇടത് തള്ളവിരല്‍ പതിച്ച്
ബാലെറ്റ് പേപ്പര്‍ വാങ്ങി , പിടിച്ചത് അച്ചായന്‍റെ സ്വന്തം സ്ഥാനാര്‍ഥിയുടെ
ചിഹ്നത്തിലും.എന്നാല്‍ ആ വോട്ടര്‍ സീല് കുത്തിയോ അതുമില്ല,മഷി പടര്‍ന്ന
വെപ്രാളത്തിന് ഇഷ്ടന്‍ പേപ്പര്‍ മടക്കി പെട്ടിയിലിട്ട് പൊയ്ക്കളഞ്ഞു.ഈ വിരലടയാളം
വോട്ടാക്കി മാറ്റണം അച്ചായന് .കാര്യം നിസ്സാരം ,പക്ഷെ പ്രശ്നം ഗുരുതരം .ഡയസിലുള്ളവര്‍
നിശബ്ദരാണ് ,അതിനതിന് അച്ചായന്‍ കൊണ്ട് കയറുകയാണ്.’ഇവിടോട്ടെണ്ണണ്ടാ ..ഒബ്സെര്‍വര്‍
വരട്ടെ ..അല്ലെങ്കില്‍ കളക്ടര്‍ വരട്ടെ ....’ഡയസില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റ്
വന്നു ബഹളം വയ്ക്കാതിരിക്കാന്‍ അച്ചായനോടാവശ്യപ്പെട്ടു.
‘ബഹളം വെച്ചാ തനെന്തോ ചെയ്യുവെടോ...ഇനീം ബഹളം ഉണ്ടാക്കും ...ആഹാ ..കളക്ടര്‍
വരട്ടെ,അല്ലെങ്കില്‍ വെടി വയ്ക്കാന്‍ ഓര്‍ഡര്‍ ഇടട്ടെ...എല്ലാരുടേം ഉദ്ദേശം
മനസിലിരിക്കുവേ ഒള്ളൂ...’ ‘എന്താടോ തനിയ്ക്കൊന്നും പറയാനില്ലിയോടോ..തനെന്തുവാടോ
ലെങ്കേല്‍ ഹനുമാനിരിക്കുന്നത് പോലിരിക്കുന്നെ..തന്‍റെ വായിലെന്തുവാടോ ? താന്‍
രാവിലെ മൊതല്‍ ഇവിടെ കളിക്കുന്നതൊക്കെ അറിയാവെടോ ..’ റിട്ടേണിംഗ് ഓഫീസര്‍ക്കാണ് അച്ചായന്‍ ഈ ഹനുമാന്‍
പട്ടം കൊടുത്തത് .എന്നിട്ടും ആ മാന്യ ദേഹം ഇതൊക്കെ മറ്റാരെയോ പറയുന്നതായി
കണക്കാക്കി ആട്ടു കല്ലിനു കാറ്റ് പിടിച്ചത് പോലെ ഇരിപ്പാണ്.അച്ചായന് ഹൈന്ദവ
പുരാണത്തിലുള്ള പാണ്ഡിത്യം എന്നെ അദ്ഭുതപ്പെടുത്തി.അവസാനം ബി ഡി ഓ യും അതിന്
മുകളിലുള്ളവരും മറ്റും എത്തി പ്രശ്നം ഒരു വിധം പരിഹരിച്ചു .ഇങ്ങനെ ഇടയ്ക്കിടെ
തട്ടിയും തടഞ്ഞും വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ് .സന്ധ്യാ നേരമായി.എണ്ണപ്പലഹാരം
കൂട്ടി ചായ കുടിച്ചതും ഈ കുത്തിയിരുപ്പും
എല്ലാം കൂടി പലര്‍ക്കും അവരവരുടെ റിസര്‍വോയറിന്‍റെ കപ്പാസിറ്റിയ്ക്കനുസ്സരിച്ച്
,ഒന്ന് മുതല്‍ മൂന്ന് ആഴ്ച വരെ ഗാര്‍ഹികോപയോഗത്തിന് വേണ്ട ഗ്യാസ് ഉണ്ടാക്കി
കൊടുത്തിരുന്നു.സമയം ഒന്‍പതായി ,അച്ചായന്‍റെ അനക്കമില്ല . എല്ലാവര്‍ക്കും ഉറക്കവും
വരുന്നുണ്ട് ,പലരുടെയും വായ തുറക്കാനും കണ്ണ് അടയാനും തുടങ്ങി .എന്തെങ്കിലും ഒരു കാര്യം ഉണ്ടായി
അച്ചായനെ ഒന്നിളക്കിയാല്‍ മതിയെന്നായി എല്ലാവര്‍ക്കും.അത്താഴമായി പൊറോട്ടയും
കടലയുമാണ് കിട്ടിയത് .അതും കൂടി ആയതോടെ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിനെ വരെ
വെല്ലാന്‍ പോന്ന ഗ്യാസ് ഉത്പാദനവും തുടങ്ങി .അച്ചായനും എന്തൊക്കെയോ വെട്ടി
വിഴുങ്ങുന്നുണ്ട്.ആഹാരം കഴിഞ്ഞുള്ള എണ്ണല്‍ തുടങ്ങുമ്പോള്‍ വലിച്ചു വച്ച റബ്ബര്‍ബാന്‍റ്
പോലിരുന്നവര്‍,ആക്കം കൂടീട്ട് പൊട്ടിയ റബ്ബര്‍ബാന്‍റ് പോലെയായി.
അടുത്ത പെട്ടി വരുന്ന ഇടവേളയില്‍ അച്ചായന്‍ വീണ്ടും ഉഷാറായി ,സ്വയം ഉഷാറായതാണോ
നിദ്രാലസ്യം മാറ്റാന്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞു കുത്തിപ്പൊക്കിയതാണോ ആവോ ?’ഇതില്ലെ
മനുസ്മൃതീല് പറഞ്ഞ പോലാ ‘എന്തുവാ അച്ചായാ ആ സ്മൃതീല് പറഞ്ഞിരിക്കുന്നെ ?
ഉറക്കമുണര്‍ന്ന ചിലര്‍ ചോദിച്ചു.’അറിഞ്ഞേ അടങ്ങൂന്നുണ്ടെങ്കി പോയി ആ പൊസ്തകം
വായിച്ചേച്ച് വരിനെടാ ...അല്ലപിന്നെ ,പണ്ട് ആക്കനാട്ടു കരക്കാര് കഥകളി നടത്തിയ
പോലായിപ്പോയല്ലോ കാര്യങ്ങള്.’ അച്ചായന്‍റെ കഥകളിക്കഥ അറിയാനായി എല്ലാവരും തല
നീട്ടി.’രണ്ട് പേര് തിരശ്ശീലേം പിടിച്ചോണ്ട് നിപ്പോണ്ട്,ചെണ്ടേം മദ്ദളോം,ചേങ്ങിലേം
എല്ലാം കൂടിട്ട് കൊട്ടോട് കൊട്ട്....തിരശ്ശീലയ്ക്ക് പൊറകിലൊരുത്തന്‍ ഏതാണ്ടൊരു വേഷോം
ഇട്ടോണ്ട് കെടന്ന് ചാടുന്നുമുണ്ട്,കര്‍ട്ടനെക്കേറി പിടിക്കുന്നുണ്ട് ,താക്കുന്നൊണ്ട്,പൊക്കുന്നുണ്ട്.കര്‍ട്ടന്‍ പിടിക്കുന്നവരുടെ മിടുക്ക് കൊണ്ട് അവന്‍
പൊറത്ത് ചാടുന്നില്ലാ എന്നാ കരക്കാര് കാണികളുടെ വിചാരം. ഇതെന്തോ അപകടം പിടിച്ച
കളിയാണെന്ന് പറഞ്ഞ് കരക്കാര് പന്തോം കത്തിച്ചു പിടിച്ചോണ്ട് വേഷക്കാരനെ ഓടിച്ചു
വിട്ടു .കര്‍ട്ടന്‍ പിടിച്ചവന് എടങ്ങഴി നെല്ല് കൂടുതല് കൊടുത്തൂ കരക്കാര് ,എന്ന്
പറഞ്ഞ പോലായി ഇപ്പൊ ഇവിടെ ‘ അച്ചായന്‍ കഥയ്ക്ക് ബ്രേക്കിട്ടു .ഉള്ളില്‍ നടക്കുന്ന
കളി അറിയാതെ ഇവിടെ വന്നിരുന്ന് എണ്ണുന്ന ഞങ്ങള്‍ക്ക് കാശ് കിട്ടുന്ന കാര്യമാണോ,അതോ
വേറെ വ്യാഖ്യാനിക്കപ്പെടാത്ത എന്തെങ്കിലും കഥകള്‍ ഇതിനു പിന്നിലുണ്ടോ ..ഇത്
വല്ലതുമാണോ കഥകളിക്കഥ കൊണ്ട് അച്ചായന്‍ ഉദ്ദേശിച്ചത് ?!..അറിയണമെങ്കില്‍
അദ്ദേഹത്തോട് തന്നെ ചോദിക്കണം .എത്രയോ എണ്ണലുകളില്‍ പങ്കെടുത്ത് ഗിന്നസ് ബുക്കില്‍
കയറാറായ അച്ചായനോട് കന്നി അങ്കത്തില്‍
പങ്കെടുക്കുന്ന എനിക്ക് സംശയം ചോദിക്കാന്‍ എങ്ങിനെ ധൈര്യം കിട്ടും.?തന്നെയുമല്ല
ഇത് ചോദിച്ചാലുടനെ അടുത്ത കഥ വരും ..അതുകൊണ്ട് ആരും തന്നെ അത് മാന്താന്‍ പോയില്ല .
അര്‍ദ്ധരാത്രി ഭദ്രകാളീ യാമത്തിലും ,അത് കഴിഞ്ഞുള്ള സരസ്വതീ യാമത്തിലും എണ്ണല്‍
തുടര്‍ന്നു കൊണ്ടിരുന്നെങ്കിലും,നാരീമണിമാരില്‍ പലരും ശര്‍ദ്ദില്‍ കൊണ്ട് ബാലറ്റ്
പേപ്പര്‍ നനയ്ക്കും എന്ന നില വന്നപ്പോള്‍ പുറത്തേക്ക് പോകുവാന്‍ അനുവാദം
വാങ്ങി.ഓക്കാനം വന്നാല്‍ ഓടിയ്ക്കോ എന്നല്ലാതെ ഡയസിലുള്ളവരും എന്ത് പറയാന്‍ ? ഓക്കാനത്തിന്‍റെ
രൂപത്തിലാണെങ്കിലും ദൈവം എന്നെയും രക്ഷിച്ചു. ഒന്‍പത് സിയിലും, എട്ട് എ യിലും
അഡ്മിഷന്‍ കിട്ടിയവര്‍ പലരും എണ്ണലില്‍ ഞങ്ങളെ തോല്‍പ്പിച്ച് വിജയിയേയും
പ്രഖ്യാപിച്ച് പുറത്തിറങ്ങിയിരുന്നു.കോഴിക്കര പഞ്ചായത്തില്‍ ആര് ജയിച്ചു എന്ന് പോലും
അറിയുവാന്‍ നില്‍ക്കാതെ
വീട്ടിലേക്കോടുമ്പോള്‍,വിജയികളും , മറ്റെല്ലാവരും കൂടി പത്ത് ഡിയിലേക്ക് പോകുന്നത്
കാണാമായിരുന്നു, ജയാപജയങ്ങളറിയാനോ,അച്ചായന്‍റെ പ്രകടനം നേരില്‍ കാണാനോ അച്ചായന് ‘മാന്‍
ഓഫ് ദി ഡേ ‘ബഹുമതി കൊടുക്കാനോ ..അതോ താരമായ അച്ചായനെ ആദരിക്കാനോ....!!!!